മുക്കടക്കാർക്കും ചേലകേരിക്കാർക്കും ചങ്ങനാശ്ശേരി ചന്തയിലേക്ക് പോകാൻ കോളനിപ്പടിയിലൂടെ ഒരു വഴിയുണ്ടായിരുന്നു. ഡാനാമണ്ണിക്കാരുടേയും വൈരമല മത്തായിയുടേയും അതിരിനിടയിലൂടെ. കുന്നന്താനത്തും മുക്കൂറിലും കറുകച്ചാലിലുമൊക്കെ റബർകാട് വേരുറയ്ക്കുന്നതിന് മുമ്പ് തേങ്ങയും വാഴക്കുലയും കപ്പയുമൊക്കെ കാളവണ്ടിക്കാർ കെട്ടിവരിഞ്ഞ് കൊണ്ടുപോയിരുന്ന വഴിയാണ്. എന്നുമുതൽ അതിലെ സഞ്ചാരം തുടങ്ങിയെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകുന്നവരൊക്കെ പോയി.
പഴയകാലത്തെപ്പറ്റി വള്ളിപുള്ളി തെറ്റാതെ പറയുന്ന ഒരാളുണ്ടായിരുന്നു, വെളുമ്പൻ. പഴയകാലമെന്ന് പറഞ്ഞാൽ 1930കൾ മുതലുള്ള കാര്യങ്ങൾ അയാൾ പലതവണ നാട്ടുകാർക്ക് മുന്നിൽ കുടഞ്ഞിട്ടു. 1947 ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്തിയതും പന്തളത്തെ എം.എൻ സഖാവിനെയും ആലപ്പുഴക്കാരൻ ഭാസ്കരൻ പിള്ളയെ ഇരവേലിക്ക് വിട്ടതുമൊക്കെ അയാൾ ഇടക്കിടെ തട്ടുമായിരുന്നു. ഒരിക്കൽ ബീഡിപ്പുക മുകളിലേക്ക് വട്ടത്തിൽ വിട്ട് താടിക്ക് ഉഴിഞ്ഞ് പറഞ്ഞു. അന്നത്തെ ഭാസ്കരൻപിള്ളയാന്നേ ഇപ്പോഴത്തെ പി.കെ.സി. എത്രതവണ പിഞ്ഞാണത്തിൽ കഞ്ഞി ഒഴിച്ച് കൊടുത്തിട്ടുണ്ടെന്ന് അറിയാമോ? വെളുമ്പന്റെ ചോദ്യവും ഉത്തരവുമൊക്കെ ഒരു പ്രാസത്തിലായിരുന്നു.
അന്ന് ഈ വഴിയെ അല്ലേടാ അവരൊക്കെ പോയത്. തേവൻ മാധവന്റെ കൈ തട്ടിമാറ്റിയിട്ട് കുഞ്ഞൂട്ടിയുടെ മാടക്കടയ്ക്ക് മുന്നിലിരുന്ന് വെളുമ്പൻ കയ്യൂന്നിയത് മൂന്നര പതിറ്റാണ്ട് മുമ്പായിരുന്നു. അയാളുടെ പഴമ്പുരാണങ്ങൾക്ക് ഉത്തേജനം ശ്രീധരൻ പിള്ളയുടെ ചായക്കടയിലെ ബോണ്ടയും ചക്കര കാപ്പിയുമായിരുന്നു.
തിരുവിതാംകൂറിലെ റീജന്റ് റാണിയുടെ കാലത്ത് തഹസിൽദാറായിരുന്ന ചങ്ങനാശ്ശേരി പണിക്കരാണ് വഴിയുടെ ഉപജ്ഞാതാവ്. അത്യാവശ്യ കാര്യങ്ങൾക്കും കിഴക്കൻ മലയിൽനിന്ന് ചരക്ക് നീക്കാനുമായി സമാന്തരപാത. ചങ്ങനാശ്ശേരീന്ന് തുടങ്ങി മാന്താനത്ത് നിന്ന് വലത്ത് കയറി അര ഫർലോങ് കഴിഞ്ഞ് ഒന്നുകൂടി വലത്തോട്ട് തിരിഞ്ഞുപോയാൽ പൂച്ചവാലുങ്കൽ. അവിടെ നിന്ന് വരമ്പ് കയറി പിടിച്ചാൽ അമ്പലത്തിങ്കൽ, മുണ്ടുകണ്ടം വഴി മാമ്മൂട്. കറുകച്ചാൽ-വാഴൂർ റോഡിലൂടെ മുണ്ടക്കയത്തിന് എളുപ്പമാകുമെന്നാണ് തഹസിൽദാർ പറഞ്ഞു പറ്റിച്ചത്. ശരിക്ക് പറഞ്ഞാൽ പണിക്കർക്കും അച്ചിക്കും മഠത്തിൽക്കാവിൽ പോകാനാണ് വഴി വെട്ടിയത്. കാലം കുറെ ഗതിമാറി ഒഴുകിയപ്പോൾ അന്ന് വെട്ടിനീട്ടിയത് അഞ്ചൽവഴിയായി. ഉപയോഗിച്ച് പഴകി സ്വയം മാറിയൊഴിഞ്ഞ പെട്ടി രണ്ടാം വളവിൽവെച്ച കൊണ്ടാകും അങ്ങനെയൊരു പേര് വന്നത്.
ഡാ നീ ആ വഴി ഓർക്കുന്നുണ്ടോ?
മെമ്പർ വാസുവിനൊപ്പം ഗ്രാമസഭയുടെ നോട്ടീസ് കൊടുക്കാൻ പോയപ്പോൾ മണിയാണ് അടയാള ചിഹ്നംപോലെ കമ്യൂണിസ്റ്റ് പച്ചകളും പാഴ് ചെടികളും ഇടതൂർന്ന് കിടന്ന ഒരു ഭാഗം കാട്ടിത്തന്നത്.
കൊറെ കൊല്ലം മനുഷ്യൻ കേറി നിരങ്ങിയ മണ്ണാ. ഇപ്പോ കണ്ടില്ലേ? ചുരുങ്ങി, ചുരുങ്ങി ഓലക്കാല് പോലെയായി. മെമ്പർ ആത്മഗതമെന്നവണ്ണം പറഞ്ഞു. നിർവികാരതയോടെ നിന്ന ആണ്ടവനെ മണി രൂക്ഷമായി നോക്കി.
നിന്നെ സമ്മതിക്കണം. വെളുമ്പൻ വല്യച്ചന്റെ ചെറുമോനായിട്ടും വെറുതെ കണ്ട് നിൽക്കാനൊരു മനസ്സുണ്ടല്ലോ? സ്തുതിക്കണം ചങ്ങാതീ... അവൻ കൈ കൂപ്പി. പറഞ്ഞിട്ട് കാര്യമില്ലല്ലോ. നീ ഇപ്പോ കോളനിക്കാരനല്ലല്ലോ?
ഒന്നു പോ ഇച്ചാച്ചാ...
ഒറ്റ രാത്രികൊണ്ടാണ് അങ്ങേര് തോന്ന്യാസം കാട്ടിയത്. മീശയും വെച്ച് വല്യ കേമന്മാരെന്ന് പറഞ്ഞ് നടക്കുന്ന ഒരുത്തനേലും ചോദിക്കാനുണ്ടായിരുന്നേൽ ഈ പണി കാണിക്കുമോ ആരേലും. മൂപ്പിലാന്മാർ കൂടി കെടപ്പ് ആകും മുമ്പെ പൂർവികര് ചോര നീരാക്കിയ മണ്ണാണ്. കൊറച്ച് നീളത്തിലും ആഴത്തിലും കുഴിയെടുത്താൽ ഒത്തിരി എണ്ണത്തിന്റെ അസ്ഥിക്കഷണങ്ങൾ കിട്ടാതിരിക്കില്ല. മണി ക്ഷോഭംകൊണ്ട് കിതച്ചു. ചാത്തനെയും മറുതയെയും നമ്മുടെ ചില ആളോൾക്ക് അറിയാമായിരുന്നു. ഇന്ന് പ്രയോഗിക്കാൻ അറിയാവുന്ന ആരെങ്കിലുമുണ്ടോ?
ആണ്ടവൻ പോക്കറ്റിൽ കിടന്ന ബീഡി പാക്കറ്റ് പൊട്ടിച്ച് ഒരെണ്ണമെടുത്ത് ചുണ്ടിൽ തിരുകി. അങ്ങനെ വിട്ടുകൊടുക്കാൻ പറ്റുന്നതാണോ ഇച്ചാച്ചാ. ആരെങ്കിലും കേറി ഇനിയാണെങ്കിലും കൊളുത്തണം.
നിങ്ങളൊന്ന് അടങ്ങപ്പാ. കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റീലും ചർച്ചചെയ്തതല്ലേ കാര്യം. പ്രസിഡന്റ് ആശുപത്രീന്ന് ഇറങ്ങിയാലുടൻ അങ്ങേരെ പോയി കാണും. മെമ്പർ തണുപ്പിച്ചു.
ഒരു കോപ്പും നടക്കാൻ പോകുന്നില്ല. റോഡ് വെട്ടാൻ പോണ മെമ്പറും പിള്ളേരും അകത്ത് കെടക്കും. കാണണോ. മത്തായി അങ്ങനെ ചെറിയ പുള്ളിയൊന്നുമല്ല. സഭേലും സർക്കാറിലുമൊക്കെ നല്ല പിടിയാ. ആണ്ടവൻ ഒച്ച താഴ്ത്തി പറഞ്ഞു.
ഈ മുൾക്കാട്ടിലൂടെ എപ്പോഴാണ് അവസാനമായി പോയത്. പതിനഞ്ച് വർഷമെങ്കിലും ആയിക്കാണും. ട്രാൻസ്ഫോമറിന് അപ്പുറം മത്തായി സാറിന്റെ മതിലിനോട് ചേർന്ന് അഞ്ചൽ പെട്ടി. അതിനെ ബലപ്പെടുത്താനൊരു കരിങ്കൽക്കെട്ട്. ഒറ്റ നോട്ടത്തിൽ ശവപേടകം പോലൊരു കെട്ട്. പത്ത് ചുവടുകൂടി വെച്ചാൽ നെടുനീളത്തിൽ അപ്പുറവും ഇപ്പുറവുമായി വലിച്ചുകെട്ടി ബലപ്പെടുത്തിയ മുള്ളുവേലി.
കാൽവണ്ണ പൊട്ടി പുറത്ത് ചാടാൻ വെമ്പിനിൽക്കുന്ന തടിയൻ ഞരമ്പുകൾപോലെയായിരുന്നു തറയിൽ മുഴച്ചു നിൽക്കുന്ന മരവേരുകൾ. നോക്കി നടക്കാത്തതിന് കിട്ടിയ കിഴുക്ക് ഇപ്പോഴും ഓർമയിലുണ്ട്. നിരപ്പായ സ്ഥലത്തെ കൂർത്ത കല്ലുകൾ പരുക്കൻ പാദങ്ങളും വണ്ടിച്ചക്രങ്ങളുടെ പട്ടയുമേറ്റ് പരുവപ്പെട്ടതാണ്. ആഞ്ഞിലിച്ചക്കയുടെ മണമുള്ള ഭൂമിയിലെ തളിരിലകൾപോലും ഉന്മാദിനിയെ പോലെയാണ് ജീവശ്വാസമെടുത്തത്.
എന്തോന്നാടാ ആലോചിച്ചിരിക്കുന്നത്? ആ നാറികളെപ്പറ്റിയാണോ? ഡാനാമണ്ണിൽ ഭാർഗവനും വൈരമല മത്തായിയും പെറ്റ തള്ളയ്ക്ക് വെള്ളം കൊടുക്കാത്ത നാറികൾ. ത് ഫൂ... മണി കാർക്കിച്ച് തുപ്പി.
‘‘കൊഴപ്പം നമ്മുടെയൊക്കെ ആണന്നേ, വേണ്ടപ്പോ വേണ്ടത് ചെയ്യില്ല. എന്നിട്ടിരുന്ന് മോങ്ങും. പണവും പത്രാസുമൊന്നും ഇല്ലാത്തവർക്ക് ഇതൊക്കെ വിധിച്ചിട്ടൊള്ളൂ. ചെലരെ കാണുമ്പോ നമ്മുടെ ആളുകളോള് തന്നെ കുറച്ചെണ്ണം നിക്കറേ മുള്ളും.’’ ആണ്ടവൻ പൂരിപ്പിച്ചു.
പണിക്കർ വഴിയുമായി പൊക്കിൾക്കൊടി ബന്ധമാണ് ആണ്ടവന്. വയറ്റാട്ടി ജാനകിയുടെ രാകി മൂർപ്പിച്ച കത്തിയിലാണ് പറമ്പുമായുള്ള ബീജാവാപത്തിന് അടിവേരിട്ടത്. കുന്നന്താനം സ്കൂളിലും മുണ്ടിയപ്പള്ളി സ്കൂളിലുമൊക്കെ പഠിക്കാൻ പോയപ്പോൾ ഒത്തിരി കയറിയിറങ്ങിയ മണ്ണാണ്. കോളനിയൊഴിഞ്ഞ് 32 കൊല്ലം മുമ്പ് പോകുമ്പോഴും ഇവിടം ഉമിത്തീ പോലെ കിടന്നു. ചുറ്റുവട്ടത്ത് എവിടെയോ കറങ്ങിത്തിരിയുന്നുണ്ട് അച്ഛന്റെ ആത്മാവ്. ഈ പരിസരത്ത് എത്തിയപ്പോഴൊക്കെ ആ ഗന്ധം തിരിച്ചറിയാം. വിയർപ്പ് പൊതിഞ്ഞ മണം. ആണ്ടവന്റെ നെഞ്ചിൻകൂട് ഉയർന്നു പൊങ്ങി.
മുപ്പത്തിയാറ് കൊല്ലം മുമ്പത്തെ ജൂലൈ ആറിലെ രാത്രിയിൽ വെളിക്കിറങ്ങാൻ പോയതാണ് അച്ചാച്ചൻ. പിന്നെ ആരും കണ്ടിട്ടില്ല. ഷാപ്പിലും ചിറയിലുമൊക്കെ പിറ്റേന്ന് ആളുകൾ തെരഞ്ഞു. വൈരമല മത്തായിയുടെ പാറക്കുളത്തിലെ മീനിന് തീറ്റയിടാൻ പോയ വഴിയിൽ വീണോ എന്നും ചിലർക്ക് സംശയം. ചങ്ങനാശ്ശേരീന്നും കുറിച്ചീന്നുമൊക്കെ സംഘടിപ്പിച്ച കിർലോസ്കറിന്റെ എട്ട് മോട്ടോർ ഇട്ടാണ് വെള്ളം വറ്റിച്ചത്.
അന്ന് ഉടുത്ത ചുവപ്പ് പുള്ളിക്കൈലിയല്ലാതെ ഒന്നും കിട്ടിയില്ല. മത്തായി സാറിന്റെ കൂടെ മൂന്ന് തവണയാണ് അമ്മച്ചി തിരുവല്ലാ പോലീസ് സ്റ്റേഷനിൽ പോയത്. ഒരുതവണ എസ്.ഐ വന്ന് മത്തായി സാറിന്റെ വീട്ടിൽനിന്ന് ചായയും ബിസ്കറ്റും കഴിച്ചതല്ലാതെ ഇന്നോളം അച്ചാച്ചൻ പോലീസിന് മിസിങ് കേസാണ്.
എനിക്കിതിലേ ഒന്ന് നടന്നാൽ കൊള്ളാമെന്നുണ്ട്. നിങ്ങള് റോഡേ പൊക്കോ. എവിടെനിന്നോ വീശിയടിച്ച വികാരത്തള്ളലിൽ ആണ്ടവൻ പറഞ്ഞു. അതെന്നാ വർത്തമാനമാടാ. ഞങ്ങളങ്ങ് ശീമേന്ന് വന്നതല്ലേ. മണി അവനെ ഖണ്ഡിച്ചു.
ചേലകേരി ഭാഗത്തിന് താഴെ ഡാനാമണ്ണിൽ പിള്ളേച്ചന്റെ റബർ തോട്ടമാണ്. അതിന്റെ വലത്തേ അതിരിനോട് ചേർന്ന് ഏഴ് വീടുകളുണ്ട്. ഗൾഫിലെ ബിസിനസ് കടം കയറി മുടിഞ്ഞപ്പോൾ ഭാർഗവന്റെ മോൻ ഭാസ്കരൻ വിറ്റ പറമ്പാണ്. ഭാഗ്യത്തിന് സ്ഥലം വാങ്ങാൻ ആളുണ്ടായത് കൊച്ചു പിള്ളേച്ചനെ വലിയ മാനക്കേടിൽനിന്ന് രക്ഷപ്പെടുത്തി. കുട്ടനാട്ടിലെ വെള്ളക്കുഴിയിലെ താമസം മടുത്ത് അൽപം കട്ടികൂടിയ മണ്ണ് വാങ്ങിയത് ഏഴ് കൂട്ടരാണ്. മങ്കൊമ്പുകാരി കുഞ്ഞമ്മയുടെ വീടിന് പിന്നാമ്പുറത്തെ മുള്ളുവേലി ചാടിയാൽ പണിക്കർ വഴിയിലേക്ക് കയറാം.
ഇതെന്താ മെമ്പറേ വേലിചാടുന്നത്. കാടും പടലോം കയറി മൂർഖൻ പെറ്റ് കെടക്കുന്ന പറമ്പല്ലയോ?
ഇച്ചേയി അടുക്കളവശത്ത് കമ്പോ കോലോ വല്ലോം ഉണ്ടോന്ന് നോക്കിയേ... അല്ലേ. വേണ്ട. മുറ്റത്ത് ചാരിവെച്ച മടൽ മണി ഒടിച്ചെടുത്തു. കയ്യിലിരുന്ന നോട്ടീസ് മെമ്പർ വാസു കക്ഷത്തിലേക്ക് കയറ്റി. വേലിക്കല്ലിലേക്ക് ആയാസപ്പെട്ട് കയറുന്നതിനിടെ അയാളുടെ ഡബിൾ മുണ്ടിൽ വേലിമുള്ള് ഉടക്കി.
ഇതൊക്കെ എങ്ങനെ കെടന്നിടമാ ടാ!
നിലത്ത് തല്ലി കാടനക്കി മുന്നെ പോകുന്ന മണിക്ക് ഒപ്പമുള്ള രണ്ടുപേരേക്കാൾ പേടിയുണ്ടായിരുന്നു. ഇവിടെയെങ്ങാണ്ട് ഒരു കല്ലുണ്ടായിരുന്നല്ലോ? ശംഖുമുദ്രയുള്ള ഒരെണ്ണം. അവൻ മടലിട്ട് കുറ്റിക്കാട്ടിൽ പരതി.
അത് നോക്കാനാണോ നീ ഇറങ്ങിയത്. വേഗം നടക്കെടാ –മെമ്പർ കടുപ്പിച്ചു.
ഏറെ നാളായി മനുഷ്യസ്പർശമേൽക്കാത്ത മണ്ണിൽ ഒരടിയിലേറെ ഉയരത്തിലാണ് പുല്ല്. തൊട്ടാവാടി മുള്ളുകളും പനെത്തെകളും കളകളും മത്സരിച്ച് തൊട്ടുരുമ്മിയാണ് നിൽപ്. ആർക്കെങ്കിലും വന്ന് ഇതൊന്ന് തെളിച്ച് കൂടെ ? മെമ്പർ പിറുപിറുത്തു.
നിന്റെ വല്യപ്പച്ഛൻ വെളുമ്പനേയും കൊച്ചപ്പച്ഛൻ നാരായണനേയും പോലീസ് പിടിച്ച കഥ നീ കേട്ടിട്ടുണ്ടോടാ? ചെവിക്കീഴിൽ അൽപം ഉറക്കെയാണ് പറഞ്ഞതെങ്കിലും ആണ്ടവന് ജിജ്ഞാസ തോന്നി.
പുന്നപ്രയിലും വയലാറിലും ചോരകൊണ്ടെഴുതിയ സമരത്തിന്റെ അലയൊലി കുട്ടനാട്ടിലേക്കും പടർന്ന കാലം. ആറ് നീന്തിയും വള്ളത്തിലും പോയി കൊടി പിടിച്ചിട്ട് കുറുവടി സേനക്കാരുടെ അടിയായിരുന്നു പ്രതിഫലം. സർക്കാറും വീണു, എം.എൽ.എമാരും പോയി. കാറ്റ് കണക്കെയായിരുന്നു സമരത്തിന്റെ പോക്ക്. ചെറുതും വലുതുമായ നൂറുകണക്കിന് സമരങ്ങൾ നെടുമുടി മുതൽ വൈക്കം വരെയുള്ള ഭാഗത്തെ പാടത്ത് അരങ്ങേറി. നീണ്ടൂർ പുത്തൻകരിയിൽ ജന്മിമാർ ഏർപ്പെടുത്തിയ ഗുണ്ടകൾ മൂന്ന് പേരെ കുത്തിമലർത്തി. മധ്യതിരുവിതാംകൂറിൽ ഉണങ്ങാത്ത മുറിവ് ചെങ്ങരൂരിൽ ആയിരുന്നു.
ചെങ്ങരൂർ പാടത്ത് കൊയ്ത്തിന് ഇറങ്ങിയാൽ കൂലി കൊടുക്കാൻ പ്രമാണിമാർക്ക് മനസ്സില്ലായിരുന്നു. എട്ടിൽ ഒന്ന് പതവും നാലിൽ ഒന്ന് തീർപ്പുമായിരുന്നു തൊഴിലാളികളുടെ ആവശ്യം. ആലപ്പുഴയിൽനിന്നും തിരുവല്ലായിൽനിന്നും വന്ന നേതാക്കളും ഡോക്ടർ കേശവപിള്ളയും ജോർജ് സഖാവുമൊക്കെ പല തവണ സംസാരിച്ചെങ്കിലും തീരുമാനമുണ്ടായില്ല. കുടികെടപ്പ് കെടന്നവന്മാർ നക്കാപ്പിച്ച വല്ലോം മേടിച്ചോണ്ട് പോണോന്നാണ് പാടശേഖര സെക്രട്ടറിയായിരുന്ന വൈരമല മത്തായിയുടെ കൽപന. 1973 ഫെബ്രുവരി 20. കൊയ്ത്ത് തുടങ്ങുന്ന ദിവസം നോട്ടീസ് കൊടുക്കാൻ പോയതാണ് കുഞ്ഞമ്പായി സഖാവും വി.പി.ആർ സാറും.
‘‘പേപ്പട്ടിയെ പോലെയല്ലേ പുല്ലന്മാർ തല്ലിയത്.’’ വാസു മെമ്പറുടെ കണ്ണിൽനിന്ന് ഇറ്റിവീണ രണ്ട് തുള്ളികൾ ചന്ദനക്കളർ ഷർട്ടിൽ രണ്ട് ഡോട്ട് പോലെ പതിച്ചു.
കൊയ്ത്ത് തുടങ്ങി മൂന്നാം ദിവസമായിരുന്നു സമരം. ഒടിഞ്ഞ ൈകയുമായാണ് കുഞ്ഞമ്പായി സഖാവ് പാടത്തിറങ്ങിയത്. 30-35 പേരുടെ ൈകയിലുണ്ടായിരുന്നു ചെങ്കൊടി. സഖാവ് വിളിച്ച മുദ്രാവാക്യം ആവേശത്തോടെ മുൻനിരയിൽനിന്ന് ഏറ്റുമുഴക്കിയത് വെളുമ്പനാണ്. പെട്ടെന്നാണ് പ്രകടനക്കാർക്കിടയിലേക്ക് ആരൊക്കെയോ നുഴഞ്ഞുകയറിയത്. ലാത്തിയും ഷീൽഡുമായി നിരന്ന പോലീസ്, തൊഴിലാളികളെ അടിച്ചോടിച്ചു. ബഹളത്തിനിടെ ആരോ ജോർജ് സഖാവിനെ വെടിവെച്ചു. ഉണ്ടപ്ലാവിന്റെ ചോട്ടിൽനിന്ന് സഖാവിനെ വെടിവെക്കുന്നത് ആരെന്നു കണ്ട ഒരാളെ ഭൂമുഖത്ത് ഉണ്ടായിരുന്നൊള്ളൂ.
അതാരാ? മണിയുടെ മുഖം വലിഞ്ഞ് മുറുകി.
ഇവന്റെ അച്ഛൻ കുഞ്ഞൂഞ്ഞ്. അല്ലാതാര്. അവൻ എങ്ങോ പോയി മറഞ്ഞതോടെ ആ കേസും തീർന്നു. അല്ലേൽ വൈരമല മത്തായി വയസ്സാൻകാലത്ത് പൂജപ്പൊരേലെ കൊതുകു കടി കുറെ കൊണ്ടേനെ.
സമരം തീർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ കോളനിയിൽ പോലീസ് വന്നു. അന്നൊരു ശനിയാഴ്ചയായിരുന്നു. രാത്രി ഒമ്പതരയോട് അടുത്ത് കാണും. കഞ്ഞീം കുടിച്ച് പലരും കെടന്ന് തുടങ്ങിയപ്പോഴാണ് ശവക്കോട്ടയുടെ താഴെ ഇടിവണ്ടി വന്നുനിന്നത്. കണ്ണിൽ കണ്ടവർക്കെല്ലാം കണക്കിന് കിട്ടി. വെളുമ്പനേയും നാരായണനേയും കുഞ്ഞൂഞ്ഞിനേയും വണ്ടീലോട്ട് എടുത്ത് എറിയുന്നത് ഞാനീ കണ്ണോണ്ട് കണ്ടതാണ്. മെമ്പർ ഇടത് കണ്ണിലേക്ക് വിരൽ ചൂണ്ടി.
അന്ന് ഇതിലെയാ ഓടിയത്. എനിക്കും കിട്ടി കനത്തിലൊരെണ്ണം. മടക്കിക്കുത്തിയ മുണ്ട് പൊക്കി അയാൾ ലാത്തിച്ചൂര് കാണിച്ചു.
കയ്യാലക്കെട്ടിന് അപ്പുറത്താണ് മത്തായിയുടെ വീട്. വൈരമല ബംഗ്ലാവ്. കൊട്ടകയിൽ കളിച്ച പടത്തിൽ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടെങ്കിലും കുന്നന്താനത്തുകാർ ബംഗ്ലാവ് എന്ന വാക്ക് ഉച്ചരിക്കുന്നത് മത്തായിയുടെ പേരിന്റെ കൂടെയാണ്.
വെട്ടുകല്ലിന്മേൽ സിമന്റ് പൂശിയ നീളൻ വരാന്തയിലെ മൊസൈക്ക് തറ ടൈലിന് വഴിമാറിയിട്ടില്ല. മുമ്പ് പലതവണ കണ്ട ചൂരൽ കസേരകൾ പെയിന്റടിച്ച് മിനുക്കി ആരെയോ പ്രതീക്ഷിച്ച് കിടപ്പുണ്ട്. വീടിന് വലിയ മാറ്റങ്ങളില്ല. കന്യാക്കോണിലെ അഞ്ചൽപ്പെട്ടി പ്രതാപിയെപ്പോലെ തല ഉയർത്തി നിൽപ്പുണ്ട്. താഴത്തെ കരിങ്കൽകെട്ടിലേക്ക് എന്തോ ഇഴഞ്ഞ് നീങ്ങുന്ന ശബ്ദം കേട്ടു.
കാൽ അനക്കി നടന്നാൽ മതി. ആണ്ടവൻ മുന്നിലും പിന്നിലുമായി നടക്കുന്നവരോട് പതുക്കെ പറഞ്ഞു.
നാട്ടിൽ പ്രാതലും അത്താഴം കഴിപ്പും വഴിപാടുപോലെ ആയപ്പോൾ മലബാറിലോട്ടും കിഴക്കൻ മലയിലേക്കും കൂടും കുടുക്കയും ഉപേക്ഷിച്ച് പലരും പോയ കാലത്താണ് മത്തായിയുടെ അപ്പൻ വർഗീസ് മാപ്പിള ഹൈറേഞ്ച് കണ്ടിട്ട് വന്നത്. അച്ചായന് വട്ടായോ എന്ന് പടിഞ്ഞാറേതിലെ മറിയപ്പെണ്ണ് ചോദിച്ചതിന്റെ അന്ന് രാത്രിയിൽ വർഗീസ് മാപ്പിളയുടെ കണ്ണീർ മെഴുകുതിരി കാലിലോട്ട് ഒഴുകിയിറങ്ങി.
‘‘കർത്താവായിട്ട് ഒരുവഴി കാണിച്ച് തരാതിരിക്കില്ല. അല്ലേൽ നമ്മളെല്ലാം കിഴക്കൻ മലേൽ കെടന്ന് ചാകത്തില്ലായിരുന്നോ?’’ഏലിക്കുട്ടിയുടെ മാറിടത്തിന്റെ ചൂട് പറ്റിക്കിടന്നതിന്റെ പിറ്റേന്ന് തേങ്ങാക്കച്ചവടക്കാരൻ ഔസേപ്പിന്റെ കൂടെയാണ് വർഗീസ് മാപ്പിള പാറേപ്പള്ളി മാതാവിന് മുത്തുക്കുട കൊടുത്ത് വണങ്ങാൻ പോയത്. അരമനക്ക് തെക്ക് കിഴക്ക് പോകുന്ന വഴിയിലൂടെ പൊന്തൻപുഴ ബസിന് പെർമിറ്റ് കൊടുത്തിട്ടില്ല. കുന്നുംപുറത്തെ ഹനുമാൻ കയറ്റം വലിക്കാനുള്ള ത്രാണിയൊട്ട് ഔസേപ്പച്ചന്റെ കാളകൾക്കില്ലായിരുന്നു.
ഇനി എങ്ങനാ?
താൻ പൈക്കൾക്ക് വെള്ളോം കുടിപ്പിച്ചിട്ട് വിട്ടോ!
കൊക്കോട്ടു ചിറ കയറ്റവും വാശിപ്പള്ളി മുക്കിലെ ഇറക്കവും പിന്നിട്ട വർഗീസ് മാപ്പിള നടപ്പ് നിർത്തിയത് മാന്താനത്താണ്. അണ്ടർവെയറിന്റെ പോക്കറ്റിൽ മഞ്ഞക്കടലാസുകൊണ്ട് പൊതിഞ്ഞ കെട്ടഴിച്ച് കുറച്ചെണ്ണം ചേലകേരി പിള്ളേച്ചന് കൊടുത്തു. തിരുവല്ലായിൽ പോയി ആധാരം ചാർത്തി. പെമ്പിളയെയും പിള്ളാരെയും അടുത്ത ആഴ്ച കൂട്ടിക്കൊണ്ട് വന്നു. മലമ്പാറ പള്ളിയിൽ ഇടവകക്കാരനായി. വന്നതിന്റെ എട്ടാം കൊല്ലം അതിയാനെ പള്ളിപ്പറമ്പിലേക്ക് എടുത്തെങ്കിലും മൂത്തമകൻ മത്തായി ആറ്റ് തേക്ക് പോലങ്ങ് പടർന്ന് പന്തലിച്ചു.
അമേരിക്ക ബഹിരാകാശത്തേക്ക് വിട്ട പേടകങ്ങളിലൊന്ന് ദിശതെറ്റി കേരളതീരത്ത് വീഴുമെന്ന് ഭയന്ന സന്ധ്യയിൽ കോളനിക്കാർ ഒത്തുകൂടിയത് മന്ദിരത്തിലാണ്. കൊട്ടകത്തിലിട്ട് പുഴുങ്ങിയ ചെണ്ടുമുറിയൻ കപ്പക്ക് കൂട്ടാനായി കാന്താരി മുളകും ഉള്ളിയും ചതക്കുന്നതിനിടെയാണ് അച്ചാച്ചനെ മത്തായി സാറിന്റെ വീട്ടിലെ പണിക്കാരാരോ വിളിച്ചോണ്ട് പോയത്. തിരിച്ചു വന്നപ്പോൾ അച്ചാച്ചന്റെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു. മത്തായി സാർ കെട്ടിക്കൊടുത്ത പഴയ ഫോറിൻ വാച്ച് എല്ലാവരെയും ഉയർത്തിക്കാണിച്ചു.
കോളടിച്ചല്ലോ! റേഷൻകടയിൽനിന്ന് മണ്ണെണ്ണ മേടിച്ചോണ്ട് വന്ന കുഞ്ഞന്നാമ്മ പറഞ്ഞത് കേട്ടപ്പോഴാണ് വാച്ച് ഒരു വലിയ സംഭവമാണെന്ന് ആണ്ടവന് തോന്നിയത്.
ഇരുണ്ട് മൂടിക്കിടന്ന ആകാശത്തിൽനിന്ന് മഴ പെയ്തിറങ്ങിയപ്പോൾ അവർ മന്ദിരത്തിന്റെ വരാന്തയിലായിരുന്നു. അവരെന്ന് പറഞ്ഞാൽ ആണ്ടവൻ, മധു, മണി, രാമചന്ദ്രൻ, സുശീലൻ... അങ്ങനെ മുക്കടയിലെ കുഞ്ഞുകുട്ടി പരാധീനം. മംഗലത്തുകാരുടെ പറമ്പിൽ ഇടിവെട്ടിയപ്പോൾ ചിന്നമ്മ കേളു കൊച്ചാട്ടന്റെ മകൾ ശാന്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. മുകളിൽനിന്ന് മിന്നിച്ച ടോർച്ച് വെട്ടംപോലെ കൊള്ളിയാൻ മിന്നുന്നതിനിടെ മൂന്നു നാലുപേർ മഴയത്ത് ഓടുന്നത് കണ്ടു. മന്ദിരത്തിന്റെ വടക്ക് ഭാഗത്ത് ഇടി വെട്ടിയപ്പോൾ കോളനിയിൽ കൂട്ട നിലവിളി ഉയർന്നു.
നിർത്തിനെടാ പട്ടികളെ. പറാൽ വർക്കീടെ അലർച്ച മന്ദിരത്തെ നിശ്ശബ്ദമാക്കി.
കെടന്ന് തൊള്ള കീറാൻ വല്ലോത്തിനേം കാലൻ കൊണ്ടുപോയോ? മഴേം കാറ്റും അടങ്ങുമ്പോൾ ചൂട്ടും വെളക്കും എടുത്തോണ്ട് എല്ലാം പൊക്കോണം. അങ്ങോട്ട് മാറി നിൽക്കെടാ എല്ലാം. പഴയ പത്രത്താൾ നിരത്തി കൈലി മുണ്ടുരിഞ്ഞ് പുതച്ച് അയാൾ കിടന്നു.
പിറ്റേന്ന് സ്കൂളിൽ പോയിട്ട് വന്നപ്പോൾ ദൂരെ നിന്നേ അമ്മച്ചിയുടെ അലർച്ച കേട്ടു. വെളുമ്പൻ വല്യച്ഛൻ ഒന്നും മിണ്ടാതെ മുറ്റത്ത് കുത്തിയിരുന്നു. രാമചന്ദ്രനാണ് അച്ഛാച്ചനെ ഇന്നലെ രാത്രി മുതൽ കാണാനില്ലെന്ന വിവരം പറഞ്ഞത്.
ആണ്ടവാ... എടാ ആണ്ടവാ... നല്ല പരിചയമുള്ള ആരോ വിളിക്കുന്നല്ലോ. ഇനി തോന്നലാണോ? അവൻ സംശയിച്ച് നിന്നു.
എന്താടാ ക്ഷീണിച്ച് പോയോ? മെമ്പർ നോട്ടീസുകെട്ടുകൊണ്ട് പുറത്ത് തോണ്ടി.
മെമ്പറേ, ഈ കോപ്പ് കെട്ടിയിട്ട് കൊല്ലം 26 ആയി. ഇന്നേവരെ ഒരു കമ്പിക്കഷണം മുറിക്കാൻ നമുക്ക് പറ്റീട്ടില്ല. നമ്മളെക്കൊണ്ട് കഴകത്തില്ലെന്ന് നാട്ടുകാര് പറയാതെ നോക്കണം. കൊറച്ച് പിക്കാസും കൈക്കോട്ടും കിട്ടിയാൽ പിള്ളാര് കേറി വെട്ടി നെരത്തിക്കോളും. മത്തായീടെ കള്ള് മോന്താതെ മെമ്പർ ഒപ്പം നിൽക്കുമോ? മണി ചോദിച്ചു.
വാസുവിന്റെ നാക്ക് തരിച്ചു. മണിയേ... നിന്റെ തന്ത ശവക്കോട്ട തങ്കൻ എങ്ങനെയാണ് ചത്തതെന്ന് അറിയാമല്ലോ?
അവൻ ബദ്ധപ്പെട്ട് തലയാട്ടി.
ദാ, ആ മാവിന്റെ കീഴേലാണ് കുത്തുകൊണ്ട് കെടന്നത്. അലർച്ച കേട്ട് ഓടിച്ചെല്ലാനും ഒരിറ്റ് വെള്ളം കൊടുക്കാനും ഞാനേ ഒണ്ടായിരുന്നൊള്ളൂ. കേസിന് പോകാമെന്ന് പറഞ്ഞപ്പോൾ സമ്മതിക്കാഞ്ഞത് നിന്റെ തള്ളയാണ്. അവർക്ക് മത്തായീടെ 2000 ഉലുവ മതിയായിരുന്നു. കൂടുതലൊന്നും പറയുന്നില്ല. അയാൾ ചുമച്ച് തുപ്പി.
വഴി തടസ്സപ്പെടുത്തി തലങ്ങും വിലങ്ങും പോയ വേരിൽ കാല് തട്ടാതിരിക്കാൻ മൂന്നുപേരും കുറെ ബുദ്ധിമുട്ടി. കൊതുക് കടീം കൊണ്ട് കോളനിപ്പടി ജങ്ഷനിൽ എത്തുന്നതുവരെ ആരും ഒന്നും മിണ്ടിയില്ല.
ഠഠഠ
പറാൽ വർക്കിയുടെ വീടിന്റെ മേൽവശം. കറുത്ത് ഇരുണ്ട് പായൽ പറ്റിപ്പിടിച്ച പാറക്കൂട്ടമാണ് ചുറ്റുപാടും. അവന്മാരെ കാണുന്നില്ലല്ലോ. വയറും തടവി കിടന്ന സാംകുട്ടി എഴുന്നേറ്റ് ചമ്രംപടിഞ്ഞിരുന്നു. മടിക്കുത്തിലിരുന്ന ബീഡിയെടുത്ത് പാതി ചുക്ക കളഞ്ഞു. ചുരുട്ടിക്കൂട്ടിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന പൊതിയിൽനിന്ന് 5-6 തരിയെടുത്ത് തിരുകി കയറ്റി. മണി 7.50. സ്കൂളിന്റെ ഗേറ്റിന് താഴെ ഏതോ വണ്ടി വന്നെന്ന് തോന്നുന്നു. അയാൾ എഴുന്നേറ്റ് നോക്കി. ആരൊക്കെയാണ് വരുന്നതെന്ന് അറിയില്ല.
ബദാം ചോട്ടിലെ കുത്തുകല്ല് കയറുന്നതിനിടെ ആണ്ടവൻ നീട്ടിവിളിച്ചു. കൂയി... കൂയി...
വെറുതെ തൊള്ള തൊറന്ന് നാട്ടുകാരെ വിളിച്ച് കൂട്ടാതെടാ. പാറക്കെട്ടിലേക്ക് ഏന്തിവലിഞ്ഞ് കയറുന്നതിനിടെ മണി ശാസിച്ചു.
‘‘ആരുടെ വെല്ല്യേമ്മേ കെട്ടിക്കാൻ പോയതാടാ നിങ്ങള്.’’
എന്റെ അച്ചായാ സാധനം കിട്ടേണ്ടേ? നിങ്ങൾക്ക് ലിക്കറ് വേണ്ട കള്ള് തന്നെ വേണോന്ന് തറപ്പിച്ച് പറഞ്ഞാൽ നമ്മള് എവിടെ ചെന്ന് പൊക്കാനാ. മുണ്ടുകണ്ടത്തിലില്ല. കീഴടി ചെന്നപ്പോൾ ഒരു തുള്ളിയില്ലാതെ തീർന്നു. ലാസ്റ്റ് വെങ്കോട്ടെന്ന് പൊക്കീട്ടുണ്ട്. ഇതങ്ങോട്ട് നോക്കിക്കേ. മണി മൂന്ന് ലിറ്ററിന്റെ വെള്ളക്കന്നാസ് തുറന്ന് സാംകുട്ടിയുടെ മൂക്കിൻ തുമ്പിലേക്ക് അടുപ്പിച്ചു.
നാലുപേരും പാറമുകളിൽ വട്ടത്തിലിരുന്നു. സാംകുട്ടി നിരത്തിയ ഗ്ലാസുകളിലേക്ക് മണി കള്ളൊഴിച്ചു. ഒരിറക്ക് അണ്ണാക്കിലേക്ക് തള്ളിയപ്പോൾ ആണ്ടവന് ചെറിയ കയ്പ് തോന്നി. വീണ്ടും ചുണ്ടോട് അടുപ്പിച്ചപ്പോൾ ഓക്കാനം വന്നു. എന്തോന്നാടാ. വയറ്റിൽ വല്ലതുമൊണ്ടോ? മെമ്പറുടെ ചോദ്യത്തിൽ കുടിയന്മാർ കുലുങ്ങിച്ചിരിച്ചു.
ദാസപ്പന്റെ കടേന്ന് മേടിച്ച ഇറച്ചിക്കറിയിൽനിന്ന് ഒരു ചെറിയ കഷ്ണമെടുത്ത് വായിലേക്കിട്ടു.
ഇതൊരുമാതിരി വണ്ടിക്കാളേടെ എറച്ചിയാണല്ലോടാ. അല്ലെങ്കിൽ നല്ല മൊരുമൊരാന്ന് ഇരുന്നേനേ. ചങ്ങനാശ്ശേരി റാണി ഹോട്ടലിൽ 18 കൊല്ലം പാചകക്കാരൻ ആയിരുന്ന സാംകുട്ടി പറഞ്ഞു.
അതിന് നല്ല എറച്ചി വേണേൽ തെങ്ങണേലോ ഞാലിയാകുഴിയിലോ പോകണം.
അതെന്നാ വർത്തമാനമാ മെമ്പറേ. ജോർജ് വെട്ടുന്ന എറച്ചിക്കെന്നാ കൊഴപ്പം.
അവനിപ്പം അറപ്പല്ല. തടിപ്പീരാണല്ലോ പണി.
സാംകുട്ടി ഗ്ലാസ് താഴെവെച്ച് മെമ്പറെ ചോദ്യഭാവത്തിൽ നോക്കി.
അങ്ങേരാ സ്റ്റേഷനറി കടക്കാരൻ ശിവൻ പിള്ളേടെ മോളേംകൊണ്ട് പോയെന്ന്.
ഒളിച്ചോട്ടമോ? സാംകുട്ടിക്ക് അത്ര വിശ്വാസം വന്നില്ല.
നേരാന്നേ. മെമ്പർ പറഞ്ഞുവെച്ചത് മണി പൂരിപ്പിച്ചു. രാവിലെ മിൽമ ബാലന്റെ കടേല് വന്നവര് പറഞ്ഞതല്ലയോ.
എന്തിന്റെ കേടായിരുന്നു അവൾക്ക്. അല്ല. അവൻ മുരണീന്ന് കെട്ടി രണ്ടു പിള്ളേരുമൊള്ള മൊതലല്ലേ. ടച്ചിങ്ങ്സിൽ തൊട്ടുനക്കിക്കൊണ്ട് ആണ്ടവൻ ചോദിച്ചു.
അവരെവിടെ വേണേൽ പോട്ടെ. ഒരുത്തനും അവടെ പേറ്റെടുക്കാൻ പോകേണ്ട. ഈ നാട്ടിൽ ആർക്കാടാ അത്ര കുത്തിക്കഴപ്പ്. സാംകുട്ടി പറഞ്ഞ് നിർത്തിയപ്പോൾ എല്ലാവരുടേയും നാവിറങ്ങിപ്പോയി.
ഏഹ്... എഹ്... ആണ്ടവൻ കുത്തിയിരുന്ന് വാളുവെച്ചു. നീയെന്താടാ ഒരു ചെറുത് വീശിയപ്പോഴേ വാറായോ. സാംകുട്ടി ഈർഷ്യയോടെ നോക്കി.
ആണ്ടവൻ യുവജന പ്രസ്ഥാനത്തിന്റെ നേതാവായിരിക്കെ സാംകുട്ടി ജോലിചെയ്ത ഹോട്ടലിലെ മദ്യക്കച്ചവടത്തിനെതിരെ സമരം നടത്തിയിരുന്നു. തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയെ തുടർന്നാണ് ഹോട്ടൽ പൂട്ടിച്ചത്. ആ ചൊരുക്ക് ഇപ്പോഴും അയാൾക്കുണ്ട്.
‘‘നെനക്ക് ഗ്രാമസഭയിൽ പ്രസംഗിക്കാനും ഹോട്ടല് പൂട്ടിക്കാനുമൊക്കെ നല്ല ചൊണയാണല്ലോ? ആ മിടുക്കു കള്ളുകുടിക്കാനും കാണിക്കെടാ നാറീ...’’
മണിയും മെമ്പറും അമ്പരന്നു. ചുമ്മാതിരിയെടോ. മെമ്പർ സാംകുട്ടിയുടെ വാ പൊത്താൻ നോക്കി.
ഈ നാറിയാ എന്റെ തൊഴിൽ കളഞ്ഞത് അറിയാമോ മെമ്പറേ. സാംകുട്ടി ചീറി. നീ ആ വൈരമല മത്തായിയുടെ ചോരയല്ലേടാ... നീ അതല്ല. അതിനപ്പുറത്തെ ചെറ്റത്തരം കാണിക്കും.
തന്തയില്ലായ്മ പറയുന്നോടാ നാറി... ചാടിയെഴുന്നേറ്റ ആണ്ടവൻ സാംകുട്ടിയുടെ മുഖമടച്ചൊന്ന് കൊടുത്തു. അടിയുടെ ആക്കത്തിൽ വേച്ചുപോയ അയാൾ പാതിയായ കള്ളും കന്നാസെടുത്ത് വീശി.
നിന്റെ തള്ളേട് പോയി ചോദിക്കെടാ നായേ. അപ്പനാരാന്ന്. സാംകുട്ടി തുള്ളിവിറച്ചു. കാല് മടക്കി ഒരു തൊഴി കൊടുത്തു. അടിനാവി പൊത്തി ആണ്ടവൻ കുനിഞ്ഞിരുന്നു. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി. ഞരമ്പുകൾ വലിഞ്ഞ് മുറുകി. കന്നാസിൽ ബാക്കിയുണ്ടായിരുന്ന കള്ള് ചവിട്ടിത്തെറിപ്പിച്ചു. കൂട്ട പൊരിച്ചിലിനിടെ പൊട്ടിയ റബർ ചെരിപ്പ് താഴേക്ക് വലിച്ചെറിഞ്ഞ് ഇടറിയ കാലുമായി ചെമ്മൺപാത കടന്ന് ടാർ റോഡിലേക്ക് കയറിയപ്പോൾ എവിടെയൊക്കെയോ കാൽപാദങ്ങൾ തട്ടി. തള്ളവിരലിന്റെ അറ്റം നീറിയപ്പോൾ ചെറുവിരൽ ചേർത്ത് വെച്ചു.
അമ്മച്ചിയും ജെസിയും പിള്ളേരും നേരത്തേ കിടന്നു. പാതകത്തിൽ ചോറും പുളിശ്ശേരിയും ഉണക്ക നങ്ക് വറുത്തതും ഭദ്രമായി അടച്ചുവെച്ചിട്ടുണ്ട്. കൈലിമുണ്ട് വലിച്ചെറിഞ്ഞ് അയയിൽ കിടന്ന തോർത്തെടുത്ത് അരയിൽ ചുറ്റി. ഒരു തൊട്ടി വെള്ളം കോരി ഉച്ചിയിലേക്ക് ഒഴിച്ചപ്പോൾ കുളിര് തോന്നി.
രാത്രി പന്ത്രണ്ടാംമണി നേരത്ത് അവനൊരു പൂതി തോന്നി. പണിക്കർ വഴിയിലൂടെ ഒന്നുകൂടി പോകണം. മേശപ്പുറത്തിരുന്ന ടോർച്ചും ഇറയത്ത് മുമ്പ് എപ്പോഴോ പാമ്പിനെ തല്ലാൻ വെച്ച ചൂരലും ധൈര്യത്തിന് എടുത്തു.
കോളനിപ്പടീന്ന് മുക്കടക്ക് നടക്കുമ്പോൾ പകലത്തേതിന്റെ അത്ര ആയാസപ്പെടേണ്ടി വന്നില്ലെങ്കിലും ചെവി തുളച്ച് കയറിയ നരിച്ചീറുകളുടെ ശബ്ദം അവനെ ചകിതനാക്കി. മുന്നോട്ടും പിന്നോട്ടും ടോർച്ചടിച്ചു. വെട്ടം കണ്ടിട്ടാകും പട്ടികൾ കുരക്കുന്നതെന്ന് തോന്നി. പാലമരച്ചുവട് ആയപ്പോൾ വൈരമല ബംഗ്ലാവ് കണ്ടു. മത്തായി സാറിന്റെ മുറിയിലാകും ലൈറ്റെന്ന് ഊഹിച്ചു. കിളവൻ കോട്ടയത്ത് പോയി ഡിറ്റക്ടീവ് പുസ്തകങ്ങൾ വാങ്ങാറുണ്ടെന്ന് കേട്ടിട്ടുണ്ട്. പാതിരാക്ക് വല്ല പുസ്തകവും വായിച്ചിരിക്കുവാകും.
മൂന്നാമത്തെ വളവ് തിരിഞ്ഞ് വൈരമലക്കാരുടെ മതിലിന് അടുത്ത് എത്തിയപ്പോൾ എന്തോ ഒന്ന് കാലിൽ തടഞ്ഞു. ടോർച്ച് മിന്നിച്ചു. അയ്യോ പാമ്പ്. കാല് വലിച്ച് കുടഞ്ഞു. പിന്നെ സ്ഥലകാലബോധം നഷ്ടപ്പെട്ടു. വെപ്രാളത്തിനിടെ ഒരു കരിങ്കൽച്ചീളിൽ കാല് വെച്ചതേ ഓർമയൊള്ളൂ. ആരോ താഴോട്ട് കൊളുത്തിപ്പിടിച്ചു. മുകളിലേക്ക് ഉയർത്താൻ നോക്കിയിട്ടും വലതുകാൽ പൊങ്ങിയില്ല. ശരീരം മുഴുവൻ മരവിച്ചത് പോലെ. ചെളി കലർന്ന മണ്ണാണ് ചുറ്റും. എല്ലുപൊടിയുടെ ഗന്ധം മൂക്കിൽ തട്ടി. ഇടത് കാലിൽ ഊന്നി മുകളിലേക്ക് കയറാൻ നോക്കി. മുന്നിലൊരു ചുവപ്പ് സ്തൂപം. സൂക്ഷിച്ച് നോക്കിയപ്പോൾ അത് അഞ്ചൽ പെട്ടിയാണെന്ന് മനസ്സിലായി. അതിന്റെ പിന്നിലെ ഇരുമ്പ് വളയത്തിൽ കൈയെത്തി പിടിച്ച് മുകളിലേക്ക് ബദ്ധപ്പെട്ട് കയറി.
നിലാവ് വെളിച്ചത്തിൽ ടോർച്ചും ചൂരൽക്കമ്പും തപ്പിപ്പിടിച്ചു. അഞ്ചൽപ്പെട്ടിക്ക് പിന്നിലെ കുഴി കല്ലും മണ്ണും ഇളകി കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. കുഴിയിലേക്ക് വെട്ടമടിച്ചു. വെള്ളപ്പാട് പോലെ കണ്ട ഭാഗത്തെ മണ്ണ് കമ്പിട്ട് കുത്തി ഇളക്കി. അവിടവിടെയായി എല്ലും കഷ്ണങ്ങൾ. അവന്റെ നെഞ്ചിടിച്ചു. കമ്പ് വലിച്ചപ്പോൾ കറുത്ത് ഇരുണ്ട് വള പോലൊരു സാധനം കമ്പിൽ ചുറ്റി.സൂക്ഷിച്ച് നോക്കിയപ്പോൾ നെഞ്ചിടിച്ചു. മൂന്നര പതിറ്റാണ്ട് മുമ്പ് ഇടിവെട്ടിയ രാവിൽ അച്ചാച്ചന്റെ ൈകയിൽ കണ്ട സ്ട്രാപ്. അവൻ തരിച്ചിരുന്നു.
ആരെടാ അവിടെ... ആണ്ടവൻ ഞെട്ടി. അത്ര പരിചയമില്ലാത്ത ശബ്ദം.
ആരാന്നാ ചോദിച്ചത്...
അവൻ മിണ്ടിയില്ല.
നിനക്കെന്നാ നാവില്ലേടാ. ഇറങ്ങെടാ പറമ്പീന്ന്. അയാൾ അലറി.
ഇതെങ്ങനാടോ തന്റെ പറമ്പാകുന്നത്. ഇറങ്ങിയില്ലേൽ എന്നാ ചെയ്യുമെടോ? എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ ആണ്ടവൻ ചോദിച്ചു.
വല്ലതും മോട്ടിക്കാൻ വന്നതാണോടാ നീ... ആക്രോശിച്ചുകൊണ്ട് അയാൾ വാക്കിങ് സ്റ്റിക്ക് ഓങ്ങി. കിളവൻ പിന്നെ എന്തോ പറഞ്ഞെങ്കിലും അവൻ കേട്ടില്ല. ആണ്ടവൻ അയാളുടെ തലമണ്ട നോക്കി കീറി. മൂന്നാമത്തെ അടിക്ക് അയാളുടെ തലയിൽനിന്ന് തെറിച്ച ചോര അവന്റെ നെറ്റിയിലൂടെ ഒലിച്ച് താഴേക്കിറങ്ങി.
വൈരമല മത്തായി. പുല്ലൻ. ആണ്ടവൻ കാർക്കിച്ച് തുപ്പി.
പിറ്റേന്ന് രാവിലെ പതിവില്ലാതെയുള്ള മണിയുടെ ഫോണാണ് ആണ്ടവനെ ഉണർത്തിയത്. വഴി വെട്ടാൻ അമരേന്ന് പിള്ളാര് വരും. ഗണേശന്റെ കടേന്ന് കൈക്കോട്ടും പിക്കാസും റെഡിയാക്കിയേക്ക്.
അതു വേണ്ടെടാ. ഞാൻ വെട്ടി.
മണിക്ക് വിശ്വാസം വന്നില്ല. ഹലോ... ഹലോ... ആണ്ടവൻ ഫോൺ കട്ട് ചെയ്തിട്ട് പുതപ്പെടുത്ത് തലവഴി മൂടി.
(ചിത്രീകരണം: നാസർ ബഷീർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.