ചുമരിൽ ഒറ്റക്കുതിപ്പിനോങ്ങുന്ന പല്ലിയേയും വീർപ്പടക്കി രക്ഷോപായം തിരയുന്ന പാറ്റയേയും ഒരു ഫ്രീസ് ഷോട്ടിലെന്നപോലെ കാണാം. ലോകം മുഴുവൻ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച്... ഘടികാരത്തിന്റെ ടിക് ടിക് മാത്രം (അതോ ഹൃദയത്തിന്റെയോ?)
പൊടുന്നനെ കറണ്ടുപോയി...
ഇരുട്ടിന്റെ നിബിഡവനം.
ഞൊടിയിടകൊണ്ട് വെളിച്ചം തിരിച്ചുവന്നു.
ചുമരിൽ പക്ഷേ, പല്ലിയുമില്ല, പാറ്റയുമില്ല.
എന്ത് സംഭവിച്ചിരിക്കാം?
ഇനി ആരോട് ചോദിക്കും.
അതറിയാതെങ്ങനെ ഇനി ശാന്തമായുറങ്ങും.
******
“ഈയിടെ ഒന്നും എഴുതാറില്ലേ?’’
ചോദ്യത്തിന് മുന്നിൽ കവി വിഷണ്ണനായി.
വലതുകൈ താനറിയാതെ ചന്തിയിലേക്ക് പോയി.
ഹോ... ആ വരട്ട് ചൊറി തനിയെ സുഖപ്പെട്ടിരിക്കുന്നു. എത്രകാലം കൂടെയുണ്ടായിരുന്നതാണ്!
കവിതയുടെ നിർഗള പ്രവാഹമായിരുന്നു...
വരട്ട് ചൊറിയൊന്ന് മാന്തി, നഖംകൊണ്ട് പോറി,
പൊറ്റയൊന്നടർത്തി...
വിദ്യുത്പ്രവാഹം പോലെയാണപ്പോൾ കവിത ഉറവകൊണ്ടിരുന്നത്.
തലച്ചോറിൽനിന്നും ഹൃദയത്തിലേക്കും ഓരോ രോമകൂപത്തിലേക്കും കവിതയുടെ കുത്തൊഴുക്ക്...
അത് തനിയെ സുഖപ്പെട്ടിരിക്കുന്നു. കൊലച്ചതിയായിപ്പോയി.
ഇനി ഈ ചന്തിയിൽ വരട്ട് ചൊറിയില്ല.
അതൊക്കെ പുറത്ത് പറയാൻ കൊള്ളാമോ. അതുകൊണ്ട് കവി ദാർശനികനായി.
“മൗനമാണ് എന്റെ ഏറ്റവും നല്ല കവിത’’
******
പോർബന്തറിൽ ജനിച്ചു.
മോഹൻദാസ് എന്ന് പേര്. പിന്നീട് മഹാത്മഗാന്ധി എന്ന് വിളിക്കപ്പെട്ടു.
ഗോദ്സെയുടെ വെടിയേറ്റ് മരിച്ചു.
മരിക്കുമ്പോൾ ഹേ റാം എന്നുച്ചരിച്ചു.
അത് ശരിയല്ല, അങ്ങനെയുച്ചരിച്ചിട്ടില്ല.
ഉച്ചരിച്ചു.
ഇല്ല.
ഉച്ചരിച്ചു.
ഇല്ല
ഉ
ഇ
അധ്യക്ഷൻ ഇടപെട്ടു. സമയം കഴിഞ്ഞുപോയി,
ഇനി അടുത്താഴ്ച ചർച്ച തുടരും.
ജയ്ഹിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.