ദിനേശൻ പൂഞ്ചിറയുടെ കഥാപ്രസംഗവും അനുബന്ധ പ്രശ്നങ്ങളും

പുഴയോരം ചേർന്ന് ഓളം ചവിട്ടി, നിക്കണോ പോണോ എന്ന് ശങ്കിക്കുന്ന ശവംപോലെയാണ് കഴിഞ്ഞ രണ്ടു ദിവസവും അജയൻ ഗേറ്റിൽ വന്ന് നിന്നത്. ആരോ തഞ്ചത്തിൽ തള്ളിവിട്ട മാതിരി പിന്നെയങ്ങ് നടന്നുപോവുകയും ചെയ്തു. ഓരോ തവണയും പായലും പൂപ്പലും പിടിച്ച് മറവിയിലാണ്ടുപോയ വീട്ടുപേരിൽ മിഴിച്ചുനോക്കി. പിന്നെ കരിയിലയടിഞ്ഞ നടപ്പാതയുടെ അറ്റത്ത് ഏതു നിമിഷവും ഒരു വലിയ നിലവിളിയോടെ വീണമർന്ന് പോകാമെന്ന മട്ടിൽ നിൽക്കുന്ന മാളികവീട്ടിലേക്ക് നോട്ടം തിരിച്ചു. നേത്രത്തിന് ഒരുവക ആനന്ദവും ഉണ്ടാക്കാത്ത നേത്രാനന്ദൻ മാഷ് അവിടെയുണ്ട് എന്ന് ഓർക്കുമ്പോൾത്തന്നെ അജയന്റെ ശരീരം വലിഞ്ഞുമുറുകി. കരിഞ്ഞ ഒരു കൊള്ളിപോലെ ക്ലാസ് മുറിയിൽ നെട്ടനെ...

പുഴയോരം ചേർന്ന് ഓളം ചവിട്ടി, നിക്കണോ പോണോ എന്ന് ശങ്കിക്കുന്ന ശവംപോലെയാണ് കഴിഞ്ഞ രണ്ടു ദിവസവും അജയൻ ഗേറ്റിൽ വന്ന് നിന്നത്. ആരോ തഞ്ചത്തിൽ തള്ളിവിട്ട മാതിരി പിന്നെയങ്ങ് നടന്നുപോവുകയും ചെയ്തു. ഓരോ തവണയും പായലും പൂപ്പലും പിടിച്ച് മറവിയിലാണ്ടുപോയ വീട്ടുപേരിൽ മിഴിച്ചുനോക്കി. പിന്നെ കരിയിലയടിഞ്ഞ നടപ്പാതയുടെ അറ്റത്ത് ഏതു നിമിഷവും ഒരു വലിയ നിലവിളിയോടെ വീണമർന്ന് പോകാമെന്ന മട്ടിൽ നിൽക്കുന്ന മാളികവീട്ടിലേക്ക് നോട്ടം തിരിച്ചു. നേത്രത്തിന് ഒരുവക ആനന്ദവും ഉണ്ടാക്കാത്ത നേത്രാനന്ദൻ മാഷ് അവിടെയുണ്ട് എന്ന് ഓർക്കുമ്പോൾത്തന്നെ അജയന്റെ ശരീരം വലിഞ്ഞുമുറുകി.

കരിഞ്ഞ ഒരു കൊള്ളിപോലെ ക്ലാസ് മുറിയിൽ നെട്ടനെ നിന്നാണ് മാഷ് ക്ലാസെടുക്കുക. ഇടുങ്ങിയ കണ്ണുകളിൽ എന്തിനെന്നില്ലാതെ ഒരമർഷം പതുങ്ങിക്കിടന്നു. ഏത് നിമിഷവും അത് തങ്ങളുടെ നേർക്ക് കുതിച്ചുചാടുമെന്ന് കുട്ടികൾ ഭയന്നു. മാഷിന്റെ ചോദ്യത്തിന് മുന്നിൽപ്പെടുന്ന ഏത് കുട്ടിയും കെണിയിൽപ്പെട്ട എലിയെപ്പോലെ ഒരു നിമിഷം നടുങ്ങിനിൽക്കും. പിന്നെ മനസ്സ് അങ്ങോട്ടുമിങ്ങോട്ടും പതറിപ്പായും. ആ പാച്ചിലിനിടയിൽ പഠിച്ചതൊക്കെയും മറന്നുപോവും. ചന്തിക്ക് ചൂരൽ വന്ന് വീഴുമ്പോൾ വായ് പിളർന്ന് കണ്ണ് തുറിച്ച് കരച്ചിലടക്കി നിൽക്കുന്ന കുട്ടി ഒരു ദുരിതക്കാഴ്ചയായി മാറും. ഒരിക്കൽ മാത്രം അജയന്റെ ഉള്ളിൽ ഭയത്തിന് മീതെ വെറുപ്പ് പത്തിവിരിച്ചു. മലയാളം ഉപപാഠപുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ മാഷിന് കാലിടറി.

ആ സംഭവം ഈ അധ്യായത്തിലല്ല മാഷേ എന്ന് അജയൻ ചൂണ്ടുവിരലുയർത്തി. മാഷ് ഒരു മാത്ര സ്തംഭിച്ചു നിന്നു. പിന്നെ? എന്നൊരു ചോദ്യം ഇരക്കു മേലമർന്നു. അത് രണ്ടധ്യായം കഴിഞ്ഞിട്ടാണെന്ന് അജയൻ വിക്കി. അപ്പോൾ വരാനിരിക്കുന്നത് നിനക്ക് മുൻകൂട്ടി കാണാൻ പറ്റും, അല്ലേടാ? എന്ന് മാഷ് ചൂരൽ തഴുകി വഴക്കമുള്ളതാക്കി. അത് നോക്കി അജയൻ നിശ്ശബ്ദനായി. നിനക്ക് പറ്റിയില്ലെങ്കിൽ നിന്റെ തള്ള ബീഡിക്കുഞ്ഞമ്മുവിന് പറ്റുമായിരിക്കും എന്ന് മാഷ് ബീഡി വലിക്കാഞ്ഞിട്ടും കറുത്തുപോയ ചുണ്ട് കോട്ടി. ഒള്ളത് പ​േറമ്പം തള്ളക്ക് പറഞ്ഞാലെങ്ങനാ? എന്ന് ഒരു ചോദ്യം ഓർക്കാപ്പുറത്ത് അജയന്റെ വായിൽനിന്ന് ഊർന്നുവീണു. ക്ലാസ് വീർപ്പടക്കിയിരുന്നു. പക്ഷേ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എറങ്ങിപ്പോടാ ക്ലാസീന്ന്! എന്നൊരു കൽപനയാണ് നേത്രാനന്ദൻ മാഷിന്റെ പല്ലുകൾക്കിടയിൽ ഞെരുങ്ങി പുറത്തുവന്നത്.

തെറ്റു പറ്റി എന്ന ജാള്യംകൊണ്ടോ കവലയിൽ പല വ്യഞ്ജനക്കട നടത്തുന്ന കുഞ്ഞമ്മു മുന്നിൽനിന്ന് ബീഡി വലിച്ച് പുകമാത്രമല്ല മാഷ് ടെ പത്രാസ്സും ഊതിപ്പറത്തുമെന്നതുകൊണ്ടോ എന്തോ നേത്രാനന്ദൻ മാഷ് തൽക്കാലം ആയുധം വെച്ച് കീഴടങ്ങി. ഒരാഴ്ച ക്ലാസിന്റെ വാതിൽക്കൽ കുറ്റിയടിച്ചതുപോലെ നിന്ന അജയനോട് കൂട്ടുകാരിൽ പലരും പറഞ്ഞു, പത്താം ക്ലാസ് പരീക്ഷക്കിനി രണ്ടു മാസമല്ലേയുള്ളൂ? മാഷെ ചെന്ന് കണ്ട് അനുവാദം വാങ്ങി ക്ലാസ്സില് കേറാൻ നോക്ക്. മനസ്സില്ലാമനസ്സോടെ അജയൻ സ്റ്റാഫ് റൂമിൽ ചെന്നു.

പോടാ! പോ! നിന്നെയൊക്കെ ക്ലാസിലിരുത്തിയാപ്പിന്നെ ഞാൻ നിനക്ക് ശിഷ്യപ്പെടേണ്ടിവരും! എന്ന് മാഷ് ആട്ടിവിട്ടു. അജയന് വാശി മൂത്തു. ഉറക്കമിളച്ചിരുന്ന് പഠിച്ച് അജയൻ പത്താം ക്ലാസ് പാസായി. മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് അജയന് തന്നെയായിരുന്നു. മാഷ് അതും അവഗണിച്ചപ്പോൾ നല്ലൊരു ജോലി നേടി മാഷിന്റെ മുന്നിൽ തലയുയർത്തി നിൽക്കുമെന്ന് അജയൻ നെഞ്ച് പെരുപ്പിച്ചു.

ഏകജാലകം തുറന്ന് പഠിപ്പ് തുടർന്ന അജയന് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അജയന്റെ അമ്മയുടെ കഥ കള്ള് ഷാപ്പിലിരുന്ന് കഥാപ്രസംഗമായി അവതരിപ്പിച്ചത് പ്രാണസഖി തങ്കമണിയുടെ ഭർത്താവായ ദിനേശൻ പൂഞ്ചിറയാണ്. അതാ അങ്ങോട്ട് നോക്കൂ! കവലയിലെ പലവ്യഞ്ജനക്കടയുടെ പിന്നിൽ ഒട്ടിച്ച് വെച്ചൊരു കൊച്ച് വീട് കാണുന്നില്ലേ? എന്ന ആമുഖത്തോടെയാണ് ദിനേശൻ പൂഞ്ചിറ കുഞ്ഞമ്മുവിന്റെ കഥ തുടങ്ങിയത്. കാതരയല്ലവൾ, കാമിനിയല്ലവൾ എന്ന് ഒരു ചപ്ലാങ്കട്ടപ്പാട്ട് ഇടക്കിടെ കള്ളിൽ മുക്കിപ്പിഴിഞ്ഞു. തങ്കമണിയുടെ ഭർത്താവാണ് കാഥികൻ എന്ന ഒരൊറ്റക്കാരണത്താൽ ചുറ്റുമിരുന്ന ജനം കേട്ടതൊക്കെയും അങ്ങനെത്തന്നെ ആഞ്ഞ് ശ്വസിച്ച് ഉള്ളിലേക്കെടുത്തു.

വേലപ്പൻ നായരുടെ ശ്വാസത്തിൽ സദാ കുമിയുന്ന ബീഡിനാറ്റം കൊണ്ടാണ് ഭാര്യ ചന്ദ്രിക അത്തറ് വിൽപനക്കാരൻ അബ്ദുല്ലയുടെ കൂടെ ഓടിപ്പോയത്. അപ്പോൾ അമ്മുവിന് ഒരു വയസ്സേയുള്ളൂ. കു​േഞ്ഞ! അമ്മൂ! എന്ന് അച്ഛൻ നിരന്തരം വിളിക്കുന്നത് കേട്ട് അവൾ രണ്ട് പേരുകളും സ്നേഹംകൊണ്ട് വിളക്കിച്ചേർത്തു. മുലകുടി മുട്ടിപ്പോയതുകൊണ്ടാവും കുഞ്ഞമ്മുവിന് ആ പ്രായത്തിലുള്ള മറ്റ് കുട്ടികളുടെയത്രയും വളർച്ചയുണ്ടായില്ല. അതുകൊണ്ട് വേലപ്പൻ നായർ വൈകിയാണ് മകളെ സ്കൂളിൽ ചേർത്തത്. കുഞ്ഞമ്മുവിന് പഠിക്കാനൊന്നും തീരെ താൽപര്യമുണ്ടായിരുന്നില്ല. ഏതെങ്കിലുമൊരു ബെഞ്ചിന്റെ അറ്റത്തിരുന്ന് കുഞ്ഞമ്മു വലിയ കണ്ണുകളെ ക്ലാസ് മുറിയിലാകെ മേയാൻ വിട്ടു.

കുഞ്ഞമ്മു വീട്ടിലെത്തിയാൽ അച്ഛൻ അവിടവിടെയായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റികൾ പെറുക്കിയെടുത്ത് തീപ്പറ്റിക്കും. ഒന്ന് രണ്ട് പുകയെടുക്കുമ്പോഴേക്കും ചുട്ട് പൊള്ളാൻ തുടങ്ങുന്ന ചൂണ്ട് വിരലും നടുവിരലും കൂട്ടി ബീഡിക്കുറ്റി എറ്റിത്തെറിപ്പിക്കും. വേലപ്പൻ നായർ ഇത് കാണാറുണ്ടെങ്കിലും മകളെ ശാസിക്കാറുണ്ടായിരുന്നില്ല. തന്നെയുമല്ല, ഗൂഢമായ ഒരാനന്ദം തോന്നുകയും ചെയ്തു. ഞാൻ അച്ഛന്റെ മോളാണെന്ന് കുഞ്ഞമ്മു പറയാതെ പറയുന്നതായി വേലപ്പൻ നായർ കരുതിയിട്ടുണ്ടാവണം.

പത്താം ക്ലാസിൽ തോറ്റപ്പോൾ കുഞ്ഞമ്മു പഠിപ്പ് നിർത്തി. ദിവസവും ഉച്ചകഴിഞ്ഞ് കുറച്ച് സമയം പലവ്യഞ്ജനക്കടയിൽ അച്ഛനെ സഹായിക്കാൻ തുടങ്ങിയതോടെ ബീഡി പാക്കറ്റ് പൊട്ടിച്ച് മുഴുവൻ ബീഡി യഥേഷ്ടം വലിക്കാമെന്നായി. അപ്പോൾമാത്രം വേലപ്പൻ നായർ മകൾക്ക് ഒരു ഉപദേശം കൊടുത്തു.

‘‘കുഞ്ഞമ്മൂ! നീ ബീഡി വലിക്കണേല് അച്ഛന് എതിർപ്പൊന്നൂല്ല!

പക്ഷേങ്കീ കടേല് വച്ച് വേണ്ടാട്ടോ! ആളുകളെക്കൊണ്ട് വെറുതെ ഓരോന്ന് പറയിക്കാൻ നിക്കണ്ട!’’

കുഞ്ഞമ്മുവിന് ദിവസവും ഓരോ കെട്ട് ബീഡി വേണമെന്നായപ്പോൾ വേലപ്പൻ നായർക്ക് ചെറുതല്ലാത്തൊരു അമ്പരപ്പ് തോന്നി. കല്യാണം കഴിച്ച് വിട്ടാൽ ബീഡിക്കാര്യത്തിൽ ഭർത്താവിന് എന്തെങ്കിലുമൊരു നിയന്ത്രണമുണ്ടാക്കാൻ കഴിഞ്ഞെങ്കിലോ എന്നൊരാലോചന പിന്നാലെ നടക്കാൻ തുടങ്ങി. അങ്ങനെയാണ് കുഞ്ഞമ്മുവിനെ കല്യാണം കഴിച്ചയച്ചത്. വരൻ ഒരു പൊലീസുകാരനായിരുന്നു. അയാളുടെ വീട്ടിലേക്ക് പുറപ്പെടാൻ നേരം കുഞ്ഞമ്മു നാലുകെട്ട് ബീഡിയെടുത്ത് പെട്ടിയിൽ വെക്കുന്നത് കണ്ട് തങ്കമണി വിലക്കി.

“എന്റെ കുഞ്ഞമ്മു, നീയാ ബീഡിക്കെട്ടൊക്കെ ഇവടത്തന്നെ വച്ചേയ്ക്ക്. നാലിന്റെയന്ന് വന്നിട്ട് വലിക്കാല്ലോ!’’

കുഞ്ഞമ്മു നിസ്സഹായതയോടെ തലകുടഞ്ഞു.

‘‘ബീഡീല്യാണ്ട് നാല് ദിവസോന്നും കഴിച്ച് കൂട്ടാൻ എനിക്ക് പറ്റൂല്ല തങ്കമണീ! ഇത്രേം നേരം തന്നെ പിടിച്ച് നിൽക്കാൻ ഞാനെത്ര കഷ്ടപ്പെട്ടൂന്നറിയോ നിനക്ക്?’’

തങ്കമണി കുറേനേരം കുഞ്ഞമ്മുവിനെ മിഴിച്ച് നോക്കി. പിന്നെ പറഞ്ഞു.

‘‘അതെന്തായാലും ഈ ദിവസം ബീഡി തൊടൂല്ലാന്ന് എന്റെ നെറുന്തലേ തൊട്ട് സത്യം ചെയ്യ്!’’

കുറേനേരം ചിന്തിച്ച് നിന്ന് കുഞ്ഞമ്മു സത്യം ചെയ്തു.

 

കിടക്കയിൽ അടുത്ത് കിട്ടിയ കുഞ്ഞമ്മുവിനെ ഏതോ കേസിലെ പ്രതിയെപ്പോലെയാണ് പൊലീസുകാരൻ കൈകാര്യംചെയ്തത്. ആ പങ്കപ്പാടിൽ സത്യംചെയ്ത കാര്യമൊക്കെ കുഞ്ഞമ്മു മറന്നുപോയി. അയാളുടെ ഭാരം ഒന്നൊഴിഞ്ഞ് കിട്ടിയിട്ട് വേണം ഒരു ബീഡിവലിക്കാനെന്ന് കുഞ്ഞമ്മുവിന്റെ ചുണ്ടുകൾ തരിച്ചു. അയാൾ കുഞ്ഞമ്മുവിൽനിന്ന് ഇറങ്ങിപ്പോയപ്പോൾ തടവുചാടിയ ജയിൽപ്പുള്ളിയുടെ സന്തോഷത്തോടെ കുഞ്ഞമ്മു പാഞ്ഞുചെന്ന് പെട്ടിതുറന്നു. ഒരു ബീഡിയെടുത്ത് ചുണ്ടിൽ വെച്ച് തീപ്പറ്റിച്ചു. ബീഡി, മണം ചുരത്തിയപ്പോൾ പൊലീസുകാരൻ പിടഞ്ഞെഴുന്നേറ്റു. സ്വന്തം ഈടുവെപ്പിൽനിന്ന് ഒരു മുഴുത്ത തെറിവാക്ക് നാവുകൊണ്ട് തുഴഞ്ഞു പിടിച്ച് ആഞ്ഞ് തുപ്പി. എന്നിട്ടും കൂസലില്ലാതെ കുഞ്ഞമ്മു ബീഡിവലി തുടരുന്നതു കണ്ട് അയാൾ അലറി.

‘‘ബീഡി വലിച്ചോണ്ട് എന്റെ കൂടെ പൊറുക്കാന്ന് നീ വിചാരിക്കണ്ട! ഇത് ഇവിടെ നിർത്തിക്കോ! ഇല്ലേൽ ഇപ്പോ ഇവിടന്ന് എറങ്ങിക്കോണം!’’

കുഞ്ഞമ്മു മുറിയിൽനിന്ന് തിണ്ണയിലേക്കിറങ്ങിയിരുന്ന് ബീഡി വലിച്ച് തീർത്തു. ഭർത്താവ് വാതിൽ കൊട്ടിയടച്ചതൊന്നും കുഞ്ഞമ്മുവിനെ ബാധിച്ചില്ല. ഏറെനേരം കുഞ്ഞമ്മു മുറ്റത്ത് തുളുമ്പി വീണ നിലാവിലേക്ക് കണ്ണ് ചിമ്മാതെ നോക്കിയിരുന്നു.

പിന്നെ തിണ്ണയിൽത്തന്നെ കിടന്നുറങ്ങി.

നേരം വെളുത്തപ്പോൾ പെട്ടിയെടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങി. മടക്കം പക്ഷേ ഒറ്റക്കായിരുന്നില്ലെന്ന് കുഞ്ഞമ്മു അറിഞ്ഞത് ഒരുമാസം കഴിഞ്ഞപ്പോഴാണ്.

വേലപ്പൻ നായർ കുഞ്ഞമ്മുവിനോട് ഒന്നും ചോദിച്ചില്ല. കുഞ്ഞമ്മു ഒന്നും പറഞ്ഞുമില്ല എന്ന് പാതി വലിച്ച ബീഡി കുത്തിക്കെടുത്തുന്നതുപോലെ ദിനേശൻ പൂഞ്ചിറ കഥയവസാനിപ്പിച്ചു. ഷാപ്പിൽനിന്ന് ദിനേശൻ പൂഞ്ചിറക്കൊപ്പം കഥയും പുറത്തേക്കിറങ്ങി. ദിനേശൻ പൂഞ്ചിറ ഭാര്യവീട്ടിലേക്ക് പോയി. കഥ നാട് നീളെ സഞ്ചരിക്കാനും തുടങ്ങി. അതിൽപ്പിന്നെ വേലപ്പൻ നായരെ കാണുമ്പോൾ ആണുങ്ങൾ മീശയുഴിഞ്ഞും പെണ്ണുങ്ങൾ വായ് പൊത്തിയും ചിരിയമർത്തി. അതിന്റെ പൊരുള് തിരിഞ്ഞ് കിട്ടിയ നിമിഷം നായരുടെ ഹൃദയം സ്തംഭിച്ചു. അങ്ങനെയാണ് ഈ ഭൂമിയിൽ അമ്മയും മകനും ഒറ്റപ്പെട്ട് പോയത്. അമ്മയെ ബീഡിമണത്തോടൊപ്പം സ്നേഹിച്ച അജയൻ പിന്നെ നേത്രാനന്ദൻ മാഷോട് മറ്റെന്താണ് ചോദിക്കുക?

അജയന്റെ ബിരുദപഠനം കഴിഞ്ഞപ്പോഴാണ് കുഞ്ഞമ്മു ഒരു ആശ പുറത്തെടുത്തത്.

“നിന്റെ തന്ത വെറുമൊരു പൊലീസുകാരനാര്ന്ന്. നീയ് അതുക്കും മേലെ ഒരു സർക്കിൾ ഇൻസ്പെക്ടറാവണം.’’

അമ്മയുടെ ആശ സാധിച്ച് കൊടുത്തിട്ടും സ്വന്തം ആശ ഇഴഞ്ഞ് നീങ്ങുന്നതും കട്ടിത്തോടിനുള്ളിലേക്ക് വലിയുന്നതും അജയനെ ക്ഷുഭിതനാക്കി. മൂന്നാംവട്ടം യൂനിഫോമിലാണ് അജയൻ പുറപ്പെട്ടത്. പുത്തൻ ബൈക്കിൽ കുതിക്കുമ്പോൾ കാക്കിക്കകത്ത് നെഞ്ച് വിരിഞ്ഞ് വരുന്നുണ്ടെന്ന് അജയന് തീർച്ചപ്പെട്ടു. തുരുമ്പിച്ച ഗേറ്റ് ബൈക്കുകൊണ്ട് തന്നെ തള്ളിത്തുറന്ന് മുറ്റത്തെത്തി ഒന്ന് ഇരപ്പിച്ച് ഓഫാക്കി. ഒച്ചകേട്ട് പ്രായം ചെന്ന ഒരു സ്ത്രീ ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു. എപ്പോൾ വേണമെങ്കിലും മാഞ്ഞ് പോയേക്കാവുന്നത്ര നേർത്ത് പൊക്കം കുറഞ്ഞ സ്ത്രീ അജയന്റെ നേർക്ക് അമ്പരപ്പോടെ നോക്കി.

 

എന്താ? എന്താ? എന്ന് പരിഭ്രമിക്കുന്നത് കണ്ട് അജയൻ സൗമ്യമായി ചിരിച്ചു.

“മാഷിന്റെ ഒരു ശിഷ്യനാ! ഒന്ന് കാണണമല്ലോ!’’

സ്ത്രീ വിഷണ്ണയായി.

“അപ്പോ കുട്ടീടെ ചന്ത്യേന്നും തൊലി കൊറേ

പോയിട്ടൊണ്ടാവും!’’

അപമാനം ചുവപ്പിച്ച മുഖം അജയൻ ഒരു പൊട്ടിച്ചിരിയിൽ പൂഴ്ത്തി. അത് ശ്രദ്ധിക്കാതെ സ്ത്രീ തുടർന്നു.

‘‘ഞാനെപ്പഴും പറയാറൊണ്ടാര്ന്ന്. കുട്ടികളല്ലേ? ഇങ്ങനെ തല്ലരുത്. പ്രാക്ക് കിട്ടുംന്ന്. പ്രാക്ക് കിട്ടീട്ടൊണ്ടെന്ന് തന്നെയാ തോന്നണേ. ഞങ്ങക്ക് കുട്ടികളില്ലല്ലോ!’’

സ്ത്രീയുടെ തളർന്ന കണ്ണുകൾക്ക് താഴെ വറ്റിപ്പോയ രണ്ട് ചാലുകൾ കണ്ട് അജയന് പൊള്ളി. വാ! എന്ന് ക്ഷണിച്ച സ്ത്രീയുടെ പിന്നാലെ അജയൻ അകത്തേക്ക് കടന്നു. എവിടന്നോ അടർന്ന് വീണ കരിമ്പാറപോലെ സെറ്റിയിലമർന്നിരുന്ന് വലിയൊരു ടി.വിയുടെ സ്ക്രീനിലേക്ക് തുറിച്ചു നോക്കുന്ന നേത്രാനന്ദൻ മാഷിനെ കണ്ട് അജയൻ പരുങ്ങി നിന്നു. അപ്പോൾ സ്ത്രീ പറഞ്ഞു.

‘‘വെളുക്കുമ്പത്തൊട്ട് കറക്കുമ്പ വരെ ടീവീടെ മുന്നില് ഈ ഇരിപ്പ് തന്നെയാ മോനേ! ഒന്നും ഓർ​േമല്യാണ്ടായിട്ട് കാലം കൊറെയായി. എന്നേം തിരിച്ചറിയൂല്ല!’’

പൊടുന്നനെ അജയന്റെ ജീവിതം ശൂന്യമായി.

(ചിത്രീകരണം: രാജേഷ്​ ചിറപ്പാട്​)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT