‘‘ടീച്ചറേ, ഒരാള്‍ നമ്മുടെ ജീവിതത്തില്‍നിന്ന് പെട്ടെന്നങ്ങ് ഇറങ്ങിപ്പോകുന്നത് അവര്‍ക്ക് നമ്മളെ വേണ്ടാഞ്ഞിട്ടാണല്ലോ. നമുക്ക് പിടിച്ചുവെക്കാന്‍ പറ്റ്ന്ന കാര്യമൊന്നുമല്ല അത്. ചിലപ്പോള്‍ സ്വയം ആശ്വസിക്കാന്‍, തോറ്റിട്ടൊന്നുമില്ല എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ വിചാരിക്കും അവള് മരിച്ചുപോയിരുന്നെങ്കില്‍ അതായിരുന്നു കുറച്ചുകൂടി നല്ലത് എന്ന്. എന്തായാലും നഷ്ടപ്പെടുകയാണ്. ഓര്മകളിലാകെ കറുത്ത ചായം വാരിത്തേച്ചിട്ട് അവളങ്ങ് ഇറങ്ങിപ്പോയി. കുട്ടിയെപ്പറ്റി ഓര്‍ത്തില്ല. അതു മാത്രമാണ് സങ്കടം.’’
‘‘സാരമില്ലടോ’’, ടീച്ചര്‍ രാജീവന്റെ കൈയില്‍ പതുക്കെ തലോടി: ‘‘അവള് നിന്നെ അര്‍ഹിക്കുന്നില്ല. അവള്‍ക്കതിനുള്ള ഭാഗ്യമില്ല.’’
‘‘എനിക്കു തോന്നുന്നത്...’’, രാജീവന് എന്തോ ഓര്‍ത്തിട്ടെന്നപോലെ പറഞ്ഞു: ‘‘ഒരുപക്ഷേ അവളാഗ്രഹിച്ചതുപോലെ സ്നേഹിക്കാന്‍ എനിക്കു പറ്റിയിട്ടുണ്ടാവില്ല. ആഗ്രഹിക്കുന്നത് കിട്ടുന്നതുവരെ നമ്മള് തിരഞ്ഞുകൊണ്ടിരിക്കുമല്ലോ; നിധിയന്വേഷിച്ചുപോകുന്ന ആല്‍ക്കെമിസ്റ്റിലെ സാന്റിയാഗോയെപ്പോലെ -an endless quest. സ്നേഹമന്വേഷിച്ച്... എനിക്കവളോടു വിരോധമൊന്നുമില്ല.’’
‘‘അവള് തിരിച്ചുവരും രാജീവാ, തീര്‍ച്ചയായും വരും.’’
‘‘വേണ്ട ടീച്ചറേ, അങ്ങനെയൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒട്ടിപ്പുവിട്ട ചേര്‍പ്പുകള്‍ പിന്നെ അത്ര ഭംഗിയായി ചേരില്ല. മാത്രവുമല്ല, അവളില്‍നിന്ന് ഇക്കാര്യത്തില്‍ ഒരു പിന്‍നടത്തം ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല.’’
‘‘അവള് ഒരമ്മ കൂടിയാണല്ലോ... മോളെ ഓര്‍ക്കാതിരിക്കാന്‍ അവള്ക്കാവൂല...’’ ടീച്ചര്‍ പാതിനിര്‍ത്തി.
‘‘മോള്‍ക്കു വേണ്ടിയാ ടീച്ചറേ എന്റെ ജീവിതം. ഞാനിത്രയ്ക്കും കഷ്ടപ്പെടുന്നത് അതിനാ. എന്നിട്ടും ഇനി അവള്‍ക്ക് എന്തെങ്കിലും പോരായ്മ തോന്നുന്നുണ്ടോ എന്നെനിക്കറിയില്ല. അവളുടെ ഉള്ളില്‍ എന്തെങ്കിലും സങ്കടണ്ടോന്നും എനിക്കറിയില്ല. ഞാന്‍ ചോദിച്ചിട്ടില്ല. അമ്മയെപ്പറ്റി അവളൊന്നും എന്നോടും ചോദിക്കാറുമില്ല. ഒരു പത്തുവയസ്സുകാരിയില്നിന്ന് പ്രതീക്ഷിക്കാന്‍ പറ്റാത്ത അത്ര വിവേകത്തിലാണ് അവളുടെ പെരുമാറ്റം. അവളുടെ മുന്നില്‍വെച്ച് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കാറില്ല. പരിഹാരമില്ലാത്ത പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കയല്ലേ നല്ലത്.’’
‘‘അവള് എങ്ങോട്ടാണ് പോയത്? എവിടെ പോയി, ഇപ്പോള്‍ എവിടെയാണെന്നൊന്നും ഞാന്‍ ട്രേസ് ചെയ്തിട്ടില്ല. അവള് അവന്റെ കൂടെ പോയി. പോയി എന്നതു മാത്രമാണ് സത്യം. മരണംപോലൊന്നു സംഭവിച്ചു. അത്രതന്നെ. മരിച്ചവര്‍ എവിടെപ്പോയെന്നു നമ്മള് തിരക്കാറില്ലല്ലോ.’’
‘‘അമ്മ മരിച്ച സമയത്തും അവള് പോയപ്പോഴും ഞാന്‍ ടീച്ചറെ ഓര്‍ത്തിരുന്നു. എന്തിനാണെന്നറിയില്ല, ഞാന്‍ ഓര്‍ത്തിരുന്നു. അതിയായി വിഷമം വരുമ്പോഴും സ്നേഹം കൊതിക്കുമ്പോഴും ഞാന്‍ ടീച്ചറെ ഓര്‍ത്തിരുന്നു. അന്നൊന്നും ടീച്ചര്‍ എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീടാണ് ഇടുക്കിയിലാണ് ടീച്ചറെന്ന് ഞാനറിഞ്ഞത്. ടീച്ചറേ, ഒരാളു മതി, ഫെയ്ക്കല്ല എന്ന് ഉറപ്പുള്ള ഒരാള്‍. അതില്‍പ്പിടിച്ച് നമ്മള് ജീവിക്കും. എന്തോരു സ്നേഹമായിരുന്നു ടീച്ചര്‍ക്ക് എല്ലാവരോടും. സ്നേഹംന്നു പറഞ്ഞാല്‍ മറ്റുള്ളവരെ കരയിക്കുന്ന സ്നേഹം. ടീച്ചറു കോളേജില്‍നിന്നു പോയ അന്ന് മിക്ക പിള്ളേരും വാഷ് റൂമിന്റെ അകത്തുപോയി ആരും കാണാതെ കണ്ണു തുടയ്ക്കണത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനന്ന് വീട്ടില്‍ പോയി വാതിലടച്ചു കുറ്റിയിട്ട് എന്റെ സങ്കടം തീരുവോളം അലറിക്കരഞ്ഞു. പുസ്തകമൊക്കെ കീറി വലിച്ചെറിഞ്ഞു. പെന്നൊക്കെ ചുമരില്‍ കുത്തിയൊടിച്ചു പൊട്ടിച്ചുകളഞ്ഞു. അത്രയ്ക്കായിരുന്നു സങ്കടം.
ക്ലാസ് തീരാറാകുമ്പോഴോ ബോറാകുമ്പോഴോ വല്ലപ്പോഴും ടീച്ചറു പാടാറുണ്ടായിരുന്ന നാലുവരി ഹിന്ദി പാട്ടുകള്‍ -അതു കേള്‍ക്കാന്‍ ഞാനിപ്പോഴും കൊതിക്കാറുണ്ട്.
‘‘ ‘ആജാ തുജ് കോ പുകാരെ മേര പ്യാര്’ ഒക്കെ കേള്‍ക്കുമ്പോള്‍ എന്റെ നെഞ്ച് ഇപ്പോഴും പിടയ്ക്കാറുണ്ട്.’’ ടീച്ചര്‍ നെടുവീര്‍പ്പിട്ടു:
‘‘ഈ ലോകത്തെ മുഴുവനും സ്നേഹംകൊണ്ട് കീഴടക്കാമെന്ന ആത്മവിശ്വാസവുമായി നടന്ന ആ സ്ത്രീയെ എനിക്കിപ്പോ അറിയില്ല രാജീവാ. അവരെ ഞാന്‍ മറന്നുപോയിരിക്കുന്നു. ഇന്നലെ ജീവിച്ചതിന്റെ ബാക്കി ആളായൊന്നുമല്ല ഇന്നു നമ്മള് ജീവിക്കണത്. നമ്മള് ഓരോരോ അവസ്ഥയിലും ഒരൊറ്റയാളല്ല രാജീവാ. വേറെ വേറെ ആള്ക്കാര്. കഴിഞ്ഞകാലത്തിന്റെ വടുകെട്ടിയ കുറച്ചോര്മകളുണ്ടാവും അത്രതന്നെ. അല്ലാതെ ഇന്നലെയുടെ ബാക്കിയൊന്നുമല്ല നമ്മള്. രണ്ടു വര്‍ഷം മുമ്പ് ആ ഗെറ്റ് ടുഗെദറിനു കണ്ടിട്ടില്ലായിരുന്നെങ്കില്‍ നമ്മളൊക്കെ പരസ്പരം അന്വേഷിച്ചു തേടിപ്പിടിക്കയൊന്നുമുണ്ടാകില്ല. ഉറപ്പല്ലേ. ഹൃദയത്തില്‍ ഏറ്റവും വേണമെന്നു തോന്നുന്ന ഒരു കാര്യത്തിനുപോലും ചിലപ്പോള്‍ നമ്മള് ചെറിയൊരു എഫര്ട്ടുപോലുമിടില്ല. നമ്മള് മനുഷ്യര്‍ അങ്ങനെയാണ്.’’
‘‘അങ്ങനെയല്ല ടീച്ചറേ. ടീച്ചറെ കാണുന്നതില്‍നിന്നും എന്നെ തടയുന്ന ഒരു ജാള്യത എന്റെ ഉള്ളിലുണ്ടായിരുന്നു. ഇനിയിപ്പോള്‍ പറയുന്നതിന് വിരോധമൊന്നുമില്ല. നമ്മള്‍ക്കൊക്കെ പ്രായമായില്ലേ...’’
‘‘പ്രായമോ നിനക്കോ? എന്നെ സംബന്ധിച്ചാണെങ്കില്‍ പ്രായമായി എന്നു പറയുന്നതിനെയാണ് ഞാന്‍ ഭയക്കുന്നത്. മറ്റൊന്നുമല്ല. അവനെ ഓര്‍ത്തിട്ടാണ്. മരിക്കുന്നതിനെക്കുറിച്ചോര്ക്കുന്നതുപോലും എനിക്കു പേടിയാണ് രാജീവാ. എന്റെ മകന് ഈ ഭൂമിയില്‍ മറ്റുള്ളോര്‍ക്ക് ഒരു ബാധ്യതയായി മാറുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും അവനെ സഹിക്കാനാവുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. മടുക്കുമ്പോള്‍ ഒരാത്മഹത്യയിലൂടെ എനിക്ക് ഇവിടന്ന് രക്ഷപ്പെടാനൊന്നും ഒക്കില്ല എന്ന് എനിക്കുതന്നെ അറിയാം. പിന്നെ എല്ലാ കൂട്ട ആത്മഹത്യയിലുമുള്ളതുപോലെ I'm going to die. Aren't we? എന്നു ചോദിച്ച് പ്രലോഭിപ്പിച്ച് അവനെ കൂടെ കൂട്ടാനുമാകില്ല. കാരണം അവനൊന്നുമറിയില്ല. ജീവിതവും മരണവും സന്തോഷവും ദുഃഖവും ഒന്നും.
എന്താപ്പം പറയേണ്ടത്? ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഒരിക്കല്‍ ഒരു ബന്ധുവിന്റെ മരണംണ്ടായപ്പോള് അവനെ കൂടെ കൊണ്ടുപോയി വൈകുന്നേരം വരെ നിര്‍ത്തേണ്ട ബുദ്ധിമുട്ടാലോചിച്ച് അവനെ ഒരു ഫ്രന്‍ഡിന്റെ അടുത്താക്കി. തിരിച്ചുവരുമ്പോള്‍ രാത്രിയായിപ്പോയി. വഴിനീളെ കരഞ്ഞ് അവന് ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. എന്നെ കുത്തുകയും മാന്തുകയുമൊക്കെ ചെയ്തു. വഴിയില്‍ വണ്ടി നിര്‍ത്തി കുറച്ച് ചോക്ലേറ്റ്സും ഐസ്ക്രീമുമൊക്കെ വാങ്ങിക്കൊടുത്തപ്പോള്‍ അതു തീരുകയും ചെയ്തു. പിന്നെ വീട്ടിലെത്തി അവനെ കുളിപ്പിക്കാന്‍ ട്രൗസറഴിപ്പിച്ചപ്പോഴാണ് ഞാനത് കണ്ടത്. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അവിടമാകെ ചുവന്ന് വ്രണപ്പെട്ട്...
അന്നു ഞാന്‍ കരഞ്ഞ ഒരു കരച്ചിലുണ്ട് രാജീവാ. കുട്ടികള്‍ മരിച്ചു എന്നു കേട്ട അമ്മമാരു മാത്രമേ ഇങ്ങനെ കരഞ്ഞിട്ടുണ്ടാകൂ. നിസ്സഹായത, വിശ്വാസനഷ്ടം... നമുക്കത് സഹിക്കാനാവൂല. പിന്നെ ഞാനവനെ ഇട്ടേച്ച് എങ്ങോട്ടും പോയിട്ടില്ല. എന്റെ ശരീരത്തിന്റെ ഒരുഭാഗം പോലെ ഞാനവനെ എപ്പൊഴും കൊണ്ടുനടക്കുകയാണ്.
വേറൊന്നുണ്ട് രാജീവാ, മരണത്തിനും എത്രയോ മുമ്പ് മനുഷ്യരുടെ ജീവിതം നിന്നുപോകുന്നുണ്ട്. തീര്‍ന്നുപോകുന്നുണ്ട്. മറ്റുള്ളവരുടെ പെരുമാറ്റങ്ങള്‍കൊണ്ട് അതിനൊരു തീര്‍പ്പ് ഉണ്ടാക്കപ്പെടുന്നുണ്ട്.’’
‘‘ടീച്ചര്‍ക്കു മരിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല. ഇനി മരിക്കാനുള്ള പ്രായമായിട്ടും മരിച്ചില്ലെങ്കില്‍ നിങ്ങളെ ഞാന്‍ കഷ്ടപ്പെടാന്‍ സമ്മതിക്കില്ല. പോരേ.’’
‘‘അപ്പോ നീ എന്തുചെയ്യും ഞങ്ങളെ? കൊല്ലുമോ?’’
‘‘ങ്ഹാ.... കൊല്ലും.’’
ടീച്ചര്‍ ഒരു കൈകൊണ്ട് അയാളെ തന്നിലേക്കടുപ്പിച്ചു: ‘‘ചെയ്താലും ചെയ്തില്ലെങ്കിലും ഒരാള്‍ക്ക് അയാളുടെ സഹജീവിക്കു വാക്കുകള്‍കൊണ്ടു കൊടുക്കാന്‍ പറ്റുന്ന ഒരു കരുതലുണ്ട്, ഒരു ധൈര്യമുണ്ട്. മരിക്കാനല്ല, ജീവിക്കാന്‍. അതാ നീയെനിക്കു തന്നത്.’’
രാജീവന്റെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു:
‘‘ഇത്രയും കാലത്തെ ജീവിതം ടീച്ചര്‍ക്കെന്തു തന്നൂന്ന് എനിക്കറിയില്ല. ഇനി ടീച്ചറൊന്നും പേടിക്കണ്ട. അത്രയേ എനിക്കു പറയാനുള്ളൂ. ഞങ്ങളൊക്കെയുണ്ട്.’’
‘‘ഇനി എനിക്കു പറയാനുള്ള ഒരു സ്വകാര്യം പറയാന്‍ പോകുകയാണ് ട്ടോ. ടീച്ചര്‍ക്കറിയോ എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രേമലേഖനം ഞാന്‍ ആര്ക്കാണെഴുതിയതെന്ന്? ഇന്നാണെങ്കില്‍ ഒരു മെസേജിന്റെ കാര്യേണ്ടായിരുന്നുള്ളൂ. ഇത് പണ്ടാണ്. എന്റെ പത്തൊമ്പതാമത്തെ വയസ്സില്‍. പ്രായത്തിന്റെ അറിവില്ലായ്മ എെന്നാക്കെ പറഞ്ഞ് ടീച്ചര്‍ പൊറുക്കുംന്ന് ഉറപ്പുള്ളതുകൊണ്ടു പറയുകയാ, അത് ടീച്ചര്ക്കുതന്നെയായിരുന്നു. മുറി വൃത്തിയാക്കുമ്പോള്‍ അത് അമ്മയുടെ കൈയില്‍ എങ്ങനെയോ കിട്ടി. ആ ദിവസം ഇപ്പോഴും ഓര്‍ക്കാന്‍ പറ്റില്ല. അത്രയ്ക്ക് ബഹളംണ്ടാക്കി അമ്മ.
മഹാപരാധമെന്നു പറഞ്ഞ് ഒരുപാട് കുറ്റപ്പെടുത്തി. അമ്മയുടെ സമാധാനത്തിനു വേണ്ടി തെറ്റുകാരനെപ്പോലെ മിണ്ടാതെ നിന്നുകൊടുക്കുമ്പോഴും ഞാന്‍ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു: അതെന്റെ മാത്രം ശരിയാണ്. അതെന്റെ മാത്രം സത്യമാണ്. ഇനിയിപ്പോള്‍ ടീച്ചര്‍ എന്നെക്കുറിച്ച് എന്തെങ്കിലും കരുതിയാലും എനിക്ക് വിരോധമൊന്നുമില്ല -അതെന്റെ ഒരേയൊരു പ്രണയമായിരുന്നു.
പക്ഷേ, വേറൊന്നുണ്ട്. പിന്നീടൊരിക്കലും അതുപോലൊന്നെഴുതാനുള്ള ധൈര്യം എനിക്കു കിട്ടിയിട്ടില്ല.
നോക്ക് ടീച്ചറേ, നമുക്ക് ഒരാളോടു തോന്നുന്ന ഇഷ്ടത്തിനും ഒരു ഫോര്‍മാറ്റീവ് പിരീയഡൊക്കെ ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. അത് ഒരു ഏളി ട്വന്റീസിലൊക്കെയാണ് നടക്കുന്നത് എന്നു ഞാന്‍ പറയും. എന്റെ അഭിപ്രായമാണേ. പിന്നീട് അങ്ങനെയൊന്നു സംഭവിക്കുന്നില്ലെന്നല്ല. ഹൃദയത്തിന്റെ ആഴങ്ങളില്‍ തൊടുന്ന ഒന്നു സംഭവിക്കുന്നില്ല. എക്സെപ്ഷന്സുണ്ടാകാം. അത് എല്ലാറ്റിലുമുണ്ടല്ലോ.
ടീച്ചറുടെ കൈയില്‍ ആ കത്തു കിട്ടാതിരുന്നതുകൊണ്ടാണ് എനിക്കു വലിയ പ്രശ്നമില്ലാതെ അന്ന്്, രണ്ടു വര്‍ഷം മുമ്പ് ആ ഗെറ്റ് ടുഗെദറിന് വീണ്ടും ടീച്ചറെ ഫേസ് ചെയ്യാന്‍ പറ്റിയത്.’’
വിഷാദരേഖകള് തെളിഞ്ഞുനിന്നിരുന്ന ടീച്ചറുടെ മുഖത്ത് ഒരു ചെറിയ ചിരി വന്നു തൊട്ടുപോയി.
‘‘ഞാന്‍ കരുതിയത് ടീച്ചര്‍ അന്ധാളിക്കുമെന്നും ആശ്ചര്യപ്പെടുമെന്നുമൊക്കെയാണ്’’, രാജീവന്റെ മുഖത്തും ചിരി പടര്‍ന്നു.
ടീച്ചര്‍ അയാളുടെ ചുമലില്‍ ചെറുതായി തട്ടി: ‘‘അത് ഒരു കടലാസില്‍ എഴുതിത്തന്നാല്‍ മാത്രമേ എനിക്കു മനസ്സിലാവുമായിരുന്നുള്ളൂ എന്ന് നിന്നോടാരാ പറഞ്ഞത്?’’
പെട്ടെന്നൊരു നിമിഷം അയാളുടെയുള്ളില്‍ പോക്കുവെയിലിലെ കടല്ത്തിരകള്പോലൊന്ന് മിന്നിയിളകി.
*****
ടീച്ചറുടെ റിങ്ടോണ്‍ എടുക്കാന്‍ ആളില്ലാതെ രണ്ടു ദിവസമായി പാടിത്തീരുകയാണ്.
‘‘തും ആഗയേ ഹോ നൂര്‍ ആഗയാ ഹെ...’’ എന്ന്.
എത്ര തവണയാണ് വിളിച്ചുകൂട്ടിയതെന്ന് രാജീവന് ഒരൂഹവുമില്ലായിരുന്നു. പിന്നീടെപ്പോഴോ ഫോണെടുത്തപ്പോള്‍ അയാള്‍ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചുവന്നു. എത്ര ദിവസമായി ട്രൈ ചെയ്യുന്നു.
‘‘ടീച്ചറേ, നിങ്ങളിതെവിടെയാണ്? നിങ്ങളെ കാണാതിരിക്കുമ്പോള്‍ എനിക്കെന്തൊരു പേടിയാണെന്ന് നിങ്ങള്‍ക്കറിയോ?’’
‘‘ഞാനും അവനും കുടജാദ്രിയിലൊക്കെ ഒന്നുപോയി. യാത്ര അവന് ഇഷ്ടാണെന്നു തോന്നുന്നു. അവനൊന്ന് ഫ്രഷായി.’’
‘‘ഞാനാകെ പേടിച്ചുപോയി. പറഞ്ഞിട്ടു പോയിക്കൂടെ നിങ്ങള്‍ക്ക്?’’
‘‘യാത്ര എനിക്കും ആശ്വാസമാണ്. കൃത്യമായും തീര്‍ച്ചയായും അനുഭവിക്കാന്‍ ഇടയുള്ള ആപത്തുകളെ കുറച്ചു നേരത്തേക്കെങ്കിലും നമ്മള് മറന്നുപോകുമല്ലോ. പിന്നെ ഞാന്‍ ആത്മഹത്യചെയ്യുമെന്നൊന്നും നീ ഭയപ്പെടേണ്ട. ആര്‍തര്‍ കോസ്ലര്‍ എന്ന എഴുത്തുകാരന് പറഞ്ഞതുപോലെ trying to commit suicide is a gamble. അതിന്റെ അനന്തരഫലം ജയിച്ചവനല്ല, തോറ്റവനാണ് അറിയാന്‍ പോകുന്നത്. അങ്ങനെ ചിന്തിക്കുമ്പോള്‍ നമ്മള് മറ്റ് ആശ്വാസസങ്കേതങ്ങള്‍ തേടിക്കൊണ്ടിരിക്കും.’’
‘‘ആശ്വാസമോ? എന്നെ വിഷമിപ്പിച്ചിട്ടുള്ള ആശ്വാസമൊന്നും അങ്ങനെ നിങ്ങളനുഭവിക്കണ്ട.’’
അറിയാതെയാണ് അയാളതു പറഞ്ഞുപോയത്. പിന്നെ വേണ്ടായിരുന്നുവെന്നു തോന്നി.
പറയാന്‍ എന്തധികാരമാണുള്ളത്? ആരുമല്ല. ഒരധികാരവുമില്ല.
പിന്നീട് കണ്ട് സോറി പറഞ്ഞപ്പോള്‍ അയാളുടെ തലയില്‍ തലോടിക്കൊണ്ട് അവര്‍ പറഞ്ഞു, ‘‘നമ്മളൊരാളെ ഒരുപാട് സ്നേഹിക്കുന്നു, ഡിപെന്‍ഡ് ചെയ്യുന്നു എന്നൊക്കെ പറയുമ്പോള്‍ പേടിക്കേണ്ട കാര്യമാണ്. ഒന്നിനും അതിന്റെ പീക്കിലെത്തിയാല്‍ പിന്നെ മുന്നോട്ടു പോവാന്‍ പറ്റില്ല. പിന്നെ താഴോട്ടിറങ്ങുകയേ വഴിയൊള്ളൂ. വിട്ടുപോവുകയേ വഴിയൊള്ളൂ. അത് അതിന്റെ സ്വാഭാവിക പരിണാമമാണ്. നമ്മളത് ഏക്സെപ്റ്റ് ചെയ്തേ മതിയാകൂ.’’
രാജീവന് മറുത്തൊന്നും പറഞ്ഞില്ല. എന്തിനാണെന്നറിയാതെ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുക മാത്രം ചെയ്തു.
*******
മൂന്നു ദിവസമായി എന്തൊരു പെരുമഴപ്പെയ്ത്താണ്.
രാത്രിയാണോ പകലാണോ എന്നറിയാതെ ഇരുട്ടടച്ചു മഴപെയ്യുകയാണ്.
പുറത്തിറങ്ങാന്‍ പറ്റുന്നില്ല.
മോള്‍ക്ക് ചെറിയൊരു പനിയുമുണ്ട്. ടെന്ഷനിരട്ടിപ്പിക്കാനായി പതിവുപോലെ ടീച്ചറെ ഫോണില്‍ കിട്ടുന്നില്ല. മൂന്നാലു ദിവസായി യാതൊരു വിവരവുമില്ല. ആദ്യത്തെ രണ്ട് ദിവസം റിങ് പോയിരുന്നു. പിന്നെ അതുമില്ല. റിങ്ടോണിലെ പാട്ടിന്റെ മൂന്നാലു വരികള്‍ ബൈഹാര്‍ട്ടായി എന്നല്ലാതെ വേറെ മെച്ചമൊന്നുണ്ടായില്ല. അയാള്‍ വെറുതെ ആ പാട്ടിനെക്കുറിച്ചാലോചിച്ചു. നല്ല ലിറിക്സ്!
‘‘തും ആഗയെ ഹോ നൂര്‍ ആഗയാ ഹൈ...
നഹി തൊ ചരാഗൊ സെ ലവ് ജാ രഹീ ദി...
ജീനെ കി തുംസെ വജെ മില്ഗയി ഹെ...’’
നീ വന്നപ്പോള്‍ വെളിച്ചവും വന്നു.
ഇല്ലെങ്കില്‍ വിളക്കില്‍നിന്ന് വെട്ടം പൊയ്പ്പോകുമായിരുന്നു.
നീയെനിക്ക് ജീവിക്കാനുള്ള ഒരു കാരണം തന്നു...
ഏതാണ്ട് ഇങ്ങനെയൊക്കെ ആയിരിക്കാം ഇതിന്റെ അർഥം. കൊള്ളാം.
ടീപ്പോയില്‍ വെച്ച മൊബൈല്‍ ഉറഞ്ഞുതുള്ളുന്നുണ്ട്. പോയിനോക്കിയപ്പോള്‍ കൂടെ പഠിച്ചിരുന്ന ലത്തീഫാണ്:
‘‘നീ ടി.വിയുടെ മുന്നിലാണോ?’’
‘‘അല്ല.’’
‘‘എങ്കില്‍ വേഗം ടി.വി വെക്ക്.’’
അവന് ഫോണ്വെച്ചുകളഞ്ഞു.
ഇടുക്കിയിലെവിടെയോ മലയിടിച്ചിലുണ്ടായ വാര്‍ത്ത ടി.വിയില്‍ എക്സ്ക്ലുസീവ് ന്യൂസായി പുറത്തുവരുന്നുണ്ട്. രാജീവന് ടി.വിയുടെ തൊട്ടുമുന്നില്‍ പോയി നിന്ന് കണ്ണും കാതും കൂര്‍പ്പിച്ചു.
ഇത്... ഇത്...
അറിയുന്ന സ്ഥലമാണല്ലോ...
അറിയുന്ന... അറിയുന്ന... ഇത്... അതല്ലേ...
അയാള്‍ നിലത്തിരുന്നുപോയി. ഈശ്വരാ നെഞ്ചിലേക്ക് ആരാണ് ഒരു മലയിടിച്ചിട്ടത്?
എവിടെയും ഒരു കുന്നടര്ന്നൊഴുകിപ്പരന്ന കരിങ്കല്ക്കഷണങ്ങള്മാത്രം. എവിടെ..? തൊണ്ടയുടെ അറ്റത്ത് കുടുങ്ങിയ ഒരു കടച്ചില് ഒരു പെരുമഴയായി പെയ്തിരുന്നെങ്കില്‍ എന്നയാള്‍ ആഗ്രഹിച്ചു. ഉള്ളില്‍ ആര്‍ത്തലച്ചുവന്ന ഒരു കരച്ചില് വിഴുങ്ങിക്കൊണ്ട് അയാള്‍ പുറത്തേക്കുള്ള വാതിലിനു നേരെ ഓടി.
പെട്ടെന്ന്... എന്തിലോ തട്ടിയതുപോലെ അയാള്‍ നിന്നുപോയി.
പുറത്തു വരാന്തക്കുമപ്പുറം മരങ്ങള്‍ മുടിയഴിച്ചാടുന്ന, കാറ്റ് ചൂളം കുത്തുന്ന മഴയില്‍ നനഞ്ഞൊട്ടി കൈ കൂപ്പിനിൽക്കുകയാണ് ഒരു പെണ്‍രൂപം. തിരിച്ചറിയലിന്റെ, തകര്‍ച്ചയുടെ, മരവിപ്പിന്റെ ഏകാന്ത നിമിഷങ്ങള്‍ക്കൊടുവില്‍ പെരുമഴയിലേക്ക്, ഒരു കുട പോലുമെടുക്കാതെ ഇറങ്ങിയോടുമ്പോള്‍ അയാള്‍ പിറകോട്ട് വിളിച്ചുപറഞ്ഞു, ‘‘അകത്തേക്കു ചെല്ല്... കുട്ടിക്കു പനിക്കുന്നുണ്ട്...’’
(ചിത്രീകരണം: ആർ. തുഹിൻ റോസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.