14 ഈയാഴ്ചത്തെ വിശിഷ്ട വ്യക്തി
അന്ന് അതിരാവിലെ ഒട്ടും പ്രതീക്ഷിക്കാതെ ടെൻ ഫോർട്ടിയിലെ ശിവകാമി മാമി മകൾ കാവേരിയുമായി കയറിവന്നു. ഏതോ ചില കാര്യങ്ങൾക്കായി നാട്ടിൽ പോയിരുന്നതുകൊണ്ട് കുറെ നാളുകളായി അവരുടെ വിവരങ്ങൾ അറിയാറില്ല. ആ ഫ്ലാറ്റിൽ മകനും മകളും തനിച്ചാണെന്ന് മാത്രം അറിയാം. അവരെത്തന്നെ ലിഫ്റ്റിലോ താഴത്തെ ലോബിയിലോ വെച്ച് വല്ലപ്പോഴും കണ്ടുമുട്ടിയാലായി.
സെറ്റിയിൽ ഇരിക്കുമ്പോൾ മാമി കിതക്കുന്നുണ്ടായിരുന്നു. തിരക്കിട്ടു വന്നതുപോലെ. മുഖത്താണെങ്കിൽ മുമ്പൊന്നും കാണാത്ത തരത്തിലുള്ള സങ്കടം. പോകുമ്പോൾ യാത്രപറയാൻ കഴിയാത്തതിന്റെ വിഷമം പറഞ്ഞുകൊണ്ടാണ് തുടങ്ങിയതെങ്കിലും എന്തൊക്കെയോ അവരെ കാര്യമായി അലട്ടുന്നുണ്ടെന്ന് സൗമിനിക്ക് മനസ്സിലായി.
“മന്ദിച്ചിടുങ്കോ അമ്മാ, അങ്കെ കോവൈയില് കൊഞ്ചം അർജന്റ് വേല ഇരുന്തത്. ഒങ്കളോട് പേശ മുടിയലേ.”
“പറവായില്ലെ മാമി.”
കോവൈയിലെ വിശേഷങ്ങൾക്കുശേഷം മാമി കാര്യത്തിലേക്ക് കടന്നു. കുറെ പ്രാവശ്യം എൻട്രൻസ് പരീക്ഷ എഴുതിയെങ്കിലും മെഡിസിന്റെ കടമ്പ കടക്കാൻ കഴിഞ്ഞിട്ടില്ലത്രെ കാവേരിക്ക്. ഡോക്ടർ ആകാൻ കഴിയാത്തതിന്റെ സങ്കടം ഒരിക്കലും തീരില്ലെങ്കിലും ഇനിയെങ്കിലും ഈ അന്തമില്ലാത്ത പോരാട്ടം നിറുത്തിയേ പറ്റൂ എന്നാണ് മകൻ പറയുന്നത്. മികച്ച എൻജിനീയർ ആയ അയാളുടെ നോട്ടത്തിൽ അവൾക്ക് ചേരുന്നത് ആർക്കിടെക്ചർതന്നെയാണ്. ഡോക്ടർ ആകാൻ പറ്റില്ലെന്ന് ഉറപ്പായതുകൊണ്ട് അണ്ണൻ കാട്ടിയ വഴി പോകുന്നതിൽ വിരോധമില്ല കാവേരിക്കും. പക്ഷേ–
മാമി അവിടെ നിറുത്തി. കാവേരി ആണെങ്കിൽ തെല്ലൊരു നാണത്തോടെ നഖം കടിച്ചു പറിക്കുകയാണ്.
“അത് നല്ല വിഷയമല്ലേ മാമീ, മിടുക്കികളായ പെങ്കുട്ട്യോൾക്ക് ശരിക്കും ചേരുന്നത്.”
“പക്ഷേ ഒരു പ്രോബ്ലം ഇരുക്ക്.”
“എന്തു പ്രോബ്ലം?”
“അന്ത മാത്സ്. അത് അവൾക്ക് മൗണ്ട് എവറസ്റ്റ് താൻ!”
സൗമിനിക്ക് കാര്യം മനസ്സിലായി. കണക്കിന്റെ മാന്ത്രികപ്പൂട്ട് തുറക്കാനുള്ള താക്കോൽ തന്റെ കൈയിൽ മാത്രമേയുള്ളൂ എന്ന പൊട്ടപ്പേര് ടെൻ ഫോർട്ടി ഫ്ലാറ്റിലും എത്തിയിരിക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും ഇത് ഒഴിവാക്കാനാവില്ല. അങ്ങനെ ഒഴിവുള്ള സമയം നോക്കി പറഞ്ഞുകൊടുക്കാമെന്ന വ്യവസ്ഥയിൽ വലിയ ആശ്വാസത്തോടെ അമ്മയും മകളും യാത്രയായി.
പിന്നീടൊരു രാത്രി കണക്കുപെട്ടി തുറക്കുന്ന താക്കോലുമായി സൗമിനി തയാറായിരിക്കുമ്പോൾ സ്റ്റീൽതട്ടുമായി കാവേരി കടന്നുവന്നു. സൗമിനി അന്തംവിട്ടിരിക്കെ അവൾ കാല് തൊട്ട് വന്ദിച്ചു. തട്ടത്തിലെ പഴങ്ങളും മധുരപലഹാരങ്ങളും കണ്ടപ്പോൾ സൗമിനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല.
“ഇതൊക്കെ എന്തിനാ മോളേ. ഇവടെ ഞങ്ങൾ രണ്ടുപേരല്ലേ ഉള്ളൂ. ഞങ്ങൾക്കാണെങ്കിൽ മധുരം കഴിക്കുന്ന പതിവുമില്ല.”
“പറവായില്ലമ്മാ. ഇതെല്ലാം എങ്കളുടെ പഴക്കം. ആരാവത് ഗസ്റ്റ് വന്താ…”
സൗമിനി പിന്നൊന്നും പറയാൻ നിന്നില്ല.
പിറ്റേന്ന് രാവിലെ പൂർണിമയുടെ ഫോൺ വന്നു. അവൾക്ക് സൗമിനിയെ അത്യാവശ്യമായിട്ട് ഒന്നു കാണണം. എപ്പോഴാണ് സൗകര്യം?
“എന്തേ പൂർണിമാ”, സൗമിനി ചോദിച്ചു.
“ഞങ്ങളുടെ പത്രത്തിൽ എന്റെ ഒരു പ്രത്യേക കോളമുണ്ട് –ഈയാഴ്ചത്തെ വിശിഷ്ട വ്യക്തി.’ അതിൽ ഇക്കുറി മാഡത്തിനെ അവതരിപ്പിക്കാമെന്ന് കരുതി. അതിനായി ഒരു ഇന്റർവ്യൂ വേണമായിരുന്നു.”
“ഞാൻ അത്രക്ക് വിശിഷ്ടവ്യക്തിയാണോ, പൂർണിമാ?”
“പിന്നല്ലാതെ? കഴിഞ്ഞ ദിവസത്തെ മാഡത്തിന്റെ അവതരണം കേട്ടപ്പോൾ ഞങ്ങളൊക്കെ നിങ്ങളുടെ ആരാധകരായി മാറി. ആ സ്ഥാപനത്തിന്റെ ഭാവി പരിപാടികളെപ്പറ്റി എന്ത് വ്യക്തമായാണ് അവതരിപ്പിച്ചത്. അത് ശരിക്കുമൊരു റൂട്ട് മാപ്പായിരുന്നു. ഒരു വാചകംപോലും കുറവില്ല, കൂടുതലുമില്ല. ശരിക്കും പ്രഫഷനൽ. പിന്നെ വളരെയേറെ വായനക്കാരുള്ള പംക്തിയാണ് എന്റേത്. സമൂഹത്തിലെ വ്യത്യസ്ത രംഗങ്ങളിൽ സാന്നിധ്യം അറിയിക്കുന്നവരെയാണ് ഞാൻ അവതരിപ്പിക്കാറ്. അതത് ആഴ്ചയിലെ പ്രധാന സംഭവമാണെങ്കിലും അതിനൊരു കാലിക പ്രാധാന്യവുമുണ്ട്.
രാഷ്ട്രീയക്കാരും സാമൂഹികപ്രവർത്തകരും തൊട്ട് കലാകാരന്മാരും കളിക്കാരുംവരെ അതിൽ വരാറുണ്ട്, മാഡത്തിനറിയ്യോ, കഴിഞ്ഞ നാഷനൽ ഗെയിംസിൽ സ്വർണമെഡൽ നേടിയ ചെറുപ്പക്കാരൻ ഇവിടത്തുകാരനാണെന്ന് ജനം അറിഞ്ഞത് എന്റെ കോളത്തിലൂടെയാണ്. ഭാവിയിൽ അന്താരാഷ്ട്രതലത്തിൽതന്നെ രാജ്യത്തിനായി ഒരു മെഡൽ കൊണ്ടുവരാൻ കഴിവുള്ളയാൾ. അയാൾ അധികവും പാട്യാലയിൽ പരിശീലനത്തിലായതുകൊണ്ട് ഇവിടത്തകാരുമായി വലിയ സമ്പർക്കം കാണില്ല.”
“കൊള്ളാം. പിന്നെ ആദ്യം ഈ മാഡം വിളി ഒന്നുനിറുത്തണം. അത് വെള്ളക്കാരൻ കൊണ്ടുവന്നതാ. ഒന്നുകിൽ സൗമിനി, അല്ലെങ്കിൽ നിങ്ങടെ രീതിയനുസരിച്ചു സൗമിനിജി, അത്രയും മതി. അതുമല്ലെങ്കിൽ ഞങ്ങടെ സമ്പ്രദായമനുസരിച്ചു സൗമിനിയേടത്തിയെന്നോ വെറും ഏടത്തിയെന്നോ ആവാം.”
അതവൾക്ക് നന്നെ രസിച്ചുവെന്ന് തോന്നി. ഏറെ പാടുപെട്ട് പലതവണ പറഞ്ഞുനോക്കുന്നുണ്ടായിരുന്നു –ഏടത്തി, ഏടത്തി.
“കൊള്ളാം, അതുമതി. കേൾക്കാനും രസംണ്ട്. സത്യത്തിൽ എനിക്ക് വല്യ ബദ്ധപ്പാടാണ് കുട്ടീ. രാവിലെ തൊട്ട് ക്ലാസുകൾ തുടങ്ങും. കുട്ട്യോള് കൂടിവരണതോണ്ട് വൈകിട്ടും കാണും മിക്കപ്പഴും. ഞായറാഴ്ചയാണെങ്കിൽ കുടുംബത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. എങ്കിലും, അന്നുമാത്രം സൗകര്യമായുള്ള ചില കുട്ടികളും രക്ഷാകർത്താക്കളും വല്ലാതെ നിർബന്ധിക്കുമ്പോൾ ചില വിട്ടുവീഴ്ചകൾ ചെയ്യാറുണ്ടെന്നുമാത്രം. പക്ഷേ, അതൊക്കെ കഴിയുന്നതും ഒഴിവാക്കാൻ നോക്കാറുണ്ട്. പൂർണിമക്ക് സൗകര്യമാണെങ്കിൽ ഒരു ഞായറാഴ്ചയായാലോ?’’
പെട്ടെന്ന് പൂർണിമയിലെ പത്രക്കാരി ഉണർന്നു.
“അയ്യോ ഏടത്തീ, ഇതീ ഞായറാഴ്ചത്തെ വാരാന്ത്യപ്പതിപ്പിൽ വരേണ്ട കോളമാണ്. ഓരോ ആഴ്ചയും ആരാണ് വരാൻ പോകുന്നതെന്ന് അറിയാനായി കാത്തിരിക്കുന്നവരുണ്ട്. അതിൽ വരാനായി ചില വമ്പന്മാർ സ്വാധീനം കൊണ്ടുവരാൻ ശ്രമിച്ചപ്പോഴൊക്കെ വിട്ടുകൊടുത്തിട്ടില്ല ഞാൻ… ഈയാഴ്ചത്തെ പ്രധാന സംഭവം നിങ്ങളുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനം ആയതുകൊണ്ട് അതിന്റെ ചൂട് പോകുന്നതിനുമുമ്പ് കൊടുത്താലേ വേണ്ടത്ര പ്രാധാന്യം കിട്ടൂ.”
“ഓക്കേ. മറ്റന്നാളാവാം. രാവിലത്തെ ക്ലാസ് തൊടങ്ങണതിന് മുമ്പ്, എട്ട് മണിക്കോ മറ്റോ…”
“ആയിക്കോട്ടെ ഏടത്തീ. പൂർണിമ റെഡി.”
“ആട്ടെ, എന്തൊക്കെയാവും താൻ ചോദിക്കുക?”
“എന്തുമാവാം. ഏടത്തിയുടെ കാര്യത്തിൽ വേറൊരു പ്രാധാന്യം കൂടിയുണ്ട്. രാജ്യത്തിന്റെ തെക്കേ അറ്റത്തുനിന്ന് ഇവിടെ വന്നു സാന്നിധ്യം തെളിയിക്കുകയെന്നത് ചെറിയ കാര്യമല്ല. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്ന് അറിയാൻ തീർച്ചയായും താൽപര്യം കാണും ഇവിടത്തെ വായനക്കാർക്ക്.”
സൗമിനി പെട്ടെന്നൊന്ന് ഞെട്ടി. പലരും ചേക്കേറാൻ കൊതിക്കുന്ന മെട്രോ നഗരമല്ല ഇത്. സംസ്ഥാനത്തിന്റെ തലസ്ഥാനം പോലുമല്ല. പിന്നെ എങ്ങനെ? ഇവളെപ്പോലുള്ള ഒരു മിടുക്കത്തി അത്തരം കുരുട്ട് ചോദ്യങ്ങൾ ചോദിക്കാതിരിക്കില്ല. എന്തായാലും അത്തരം കാര്യങ്ങളിൽ വളരെ സൂക്ഷിച്ചു മാത്രമേ സംസാരിക്കൂ. മീഡിയയെ വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ്. നമ്മുടെ വായിൽനിന്ന് അബദ്ധത്തിൽ വല്ലതും വീണുപോയാൽ അതിനെ തങ്ങൾക്ക് വേണ്ടരീതിയിൽ വളച്ചൊടിക്കാനും ആഘോഷിക്കാനും നന്നായറിയാം അവർക്ക്.
“ആയിക്കോട്ടെ. പൂർണിമക്ക് വേണ്ടരീതിയിൽ ഇന്റർവ്യൂ എടുത്തോളൂ. പക്ഷേ, ഒരു പ്രധാനകാര്യം മാത്രം. ഞാൻ പറയുന്നതൊക്കെ റെക്കോഡ് ചെയ്യണംന്ന് നിർബന്ധമാണ്. ഒരുതരത്തിലും മിസ്കോട്ട് ചെയ്യരുത്.”
“തീർച്ചയായും. അങ്ങനെയാരും പൂർണിമയെപ്പറ്റി പറഞ്ഞിട്ടില്ല ഇതേവരെ.”
“ശരി, മറ്റന്നാൾ രാവിലെ എട്ടുമണിയോടെ വന്നോളൂ. ഞാൻ നേരത്തെ റെഡി ആയിരിക്കാം. ഉദ്ദേശം എത്ര സമയം വേണ്ടിവരും?
“മുക്കാൽ മണിക്കൂർ. കൂടിവന്നാൽ ഒരു മണിക്കൂർ.”
സൗമിനി തലയാട്ടിയതുകൊണ്ട് വലിയ ഉത്സാഹത്തിലാണ് അവൾ സ്കൂട്ടറിൽ കയറിപ്പോയത്.
ഇത്തരമൊരു അഭിമുഖം ആദ്യമായതുകൊണ്ട് ചെറിയൊരു പേടിയുണ്ടായിരുന്നു സൗമിനിക്ക്. പക്ഷേ, അവർ പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. വളരെയേറെ സൗഹാർദപരമായ കൂടിക്കാഴ്ചയിൽ പറയാനുള്ളതെല്ലാം വെടിപ്പായി പറയാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു അവർ. പ്രതീക്ഷിച്ചതിലേറെ നന്നായെന്നാണ് പൂർണിമയും പറഞ്ഞത്. പലരുടെയും അഭിമുഖം എടുത്തിട്ടുണ്ടെങ്കിലും ഇത് പലതുകൊണ്ടും വ്യത്യസ്തമായി തോന്നി.
“ഞാൻ നിങ്ങടെ പത്രം കാണാറില്ലല്ലോ. ആകെക്കൂടി രാവിലെ വായിക്കണത് ഒരു നാഷനൽ ഡെയിലി മാത്രം. അതുതന്നെ ഓടിച്ചുവായിക്കാനേ നേരം കിട്ടൂ.”
“സാരമില്ല. ഈ ലക്കം തൊട്ട് എല്ലാ വാരാന്ത്യപ്പതിപ്പുകളുടെയും കോംപ്ലിമെന്ററി കോപ്പികൾ ഇവിടെ എത്തിക്കാൻ ഞാൻ ഏർപ്പാട് ചെയ്യാം. താൽപര്യമുണ്ടെങ്കിൽ എല്ലാം നോക്കുകയും ചെയ്യാം.”
“തീർച്ചയായും വായിക്കാം.”
സൗമിനിയുടെ പല പോസുകളിലുള്ള പടങ്ങളുമെടുത്താണ് അവൾ മടങ്ങിയത്.
ആ ഞായറാഴ്ച രാവിലെ പല്ലുതേച്ചിരിക്കുമ്പോഴേക്കും പത്രമെത്തി. തുറന്നു നോക്കിയപ്പോൾ സൗമിനി അമ്പരന്നുപോയി. ആദ്യമായാണ് ഒരു പത്രത്തിൽ പടം വരുന്നത്. അതും വളരെ വ്യത്യസ്തമായി, കൈ ചൂണ്ടി സംസാരിക്കുന്ന തരത്തിലൊരു ചിത്രം. പ്രസംഗിക്കുന്ന പോസായും കാണാം. അതുപോലെ അഭിമുഖവും വളരെ നന്നായി. പറഞ്ഞതിൽനിന്ന് ഒട്ടും മാറാതെ എല്ലാം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അതിൽ മിടുക്കിയായ ഒരു പത്രപ്രവർത്തകയുടെ കൈവിരുത് കാണാനായി. അവൾ ഊന്നിപ്പറയാൻ ശ്രമിച്ച കാര്യം ദൂരെയൊരു നാട്ടിൽനിന്ന് ഇവിടെ വന്ന് ഇവിടത്തെ സാമൂഹിക കാര്യങ്ങളിൽ ഇടപെട്ടു സാന്നിധ്യം തെളിയിക്കുകയെന്നത് ചെറിയൊരു കാര്യമല്ല.
അതും യാതൊരു അഹംഭാവവുമില്ലാതെ തികച്ചും സൗമ്യമായി തന്നെ. സ്കൂളിൽതന്നെ ഒരിക്കലും ദേഷ്യംവരാത്ത ടീച്ചർ എന്ന നിലയിലാണ് അവർ അറിയപ്പെട്ടിരുന്നത്. അവരുടെ പ്രവർത്തനമേഖലയായ അധ്യാപനത്തിലെ ബദ്ധപ്പാടുകൾക്കിടയിലാണ് ഇതൊക്കെ സാധിക്കുന്നതെന്ന് എടുത്തുപറയാതെ വയ്യ. വലിയ തിരക്കുകളുടെ ഇടയിലാണ് നിങ്ങളുടെ പത്രത്തിനായി കുറച്ചു സമയം കണ്ടെത്താനായത്… ഇംഗ്ലീഷിൽ ഉയർന്ന ബിരുദമുണ്ടായിട്ടും നഗരത്തിലെ ഏറ്റവും മികച്ച കണക്കു ടീച്ചറായ ഈ മഹതിയിൽനിന്ന് ശാന്തിനഗർ ഇനിയും പലതും പ്രതീക്ഷിക്കുന്നു… അങ്ങനെയാണ് ആ അഭിമുഖം അവസാനിപ്പിച്ചിരിക്കുന്നത്.
കുളിയൊക്കെ കഴിഞ്ഞു ക്ലാസുകൾക്കായി തയാറാകുമ്പോഴാണ് പൂർണിമയെ വിളിക്കാൻ മറന്നുപോയ കാര്യം ഓർത്തത്. ആ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങുമ്പോഴേക്കും സുഷമാജിയുടെ വിളിവന്നു.
“ഗംഭീരമായി സൗമിനിജി. കൺഗ്രാറ്റ്സ്.”
“ഇത്ര നേരത്തേ വായിച്ചോ?”
“പിന്നില്ലാതെ? ഞായറാഴ്ചത്തെ ആദ്യത്തെ പരിപാടി അവളുടെ കോളം വായിക്കലാണ്. വായനക്കാരെക്കൊണ്ട് വായിപ്പിക്കാനുള്ള കഴിവുണ്ട് ആ കുട്ടിക്ക്.”
“ഇന്റർവ്യൂ എടുത്ത രീതിയും അസ്സലായി. വേണ്ടതെല്ലാം നമ്മടെ ഉള്ളിൽനിന്ന് തോണ്ടിയെടുക്കാനുള്ള മിടുക്കുണ്ടവൾക്ക്.”
“നമ്മളറിയാതെ, ഒരു പുഞ്ചിരിയോടെ എന്ന് കൂടി പറയൂ…” സുഷമാജി ചിരിച്ചു. “പല പത്രക്കാരെയും കണ്ടിട്ടുണ്ട്. പക്ഷേ ഇവൾ നമ്മളെ എളുപ്പത്തിൽ കൈയിലെടുക്കുന്നു. അതിലെ അവസാനത്തെ വാചകം ശ്രദ്ധിച്ചോ?”
“കൃത്യമായി ഓർമയില്ല.”
“എന്നാൽ എനിക്ക് നല്ല ഓർമയുണ്ട്. നിങ്ങളിൽനിന്ന് ഈ നഗരം ഇനിയും പലതും പ്രതീക്ഷിക്കുന്നുവെന്ന്…”
“അത്രയൊക്കെ പോണോ?”
“ചെയർപേഴ്സന്റെ കസേരയിൽ ഇരിക്കുമ്പോൾ എനിക്കങ്ങനെ പറയാൻ അവകാശമുണ്ട്.”
“പേടിപ്പിക്കല്ലേ… ഇപ്പോഴത്തെ ഭാരംതന്നെ താങ്ങാൻ വയ്യാതായിരിക്കണു. ഇതേവരെ മോളുടെ സപ്പോർട്ട് ഉണ്ടായിരുന്നു. അടുത്തുതന്നെ അവൾ ദൂരെ പോയി പഠിക്കാൻ പോകുമ്പോൾ എങ്ങനെയാണ് ഇപ്പോഴുള്ളതുതന്നെ കൊണ്ടുനടക്കാനാവുകയെന്നന്നെ പിടിയില്ല.”
“എല്ലാം നടന്നുപോകുമെന്നേ… നമ്മള് തമ്മിൽ വലിയ പ്രായവ്യത്യാസമൊന്നും കാണില്ല. ഇപ്പോഴും വലിയൊരു അങ്കത്തിനുള്ള കരുത്തുണ്ട് സൗമിനിജിക്ക്… അതുപോട്ടെ, ഇവിടെ വോട്ടുണ്ടോ?”
“ഇല്ലല്ലോ. കഴിഞ്ഞതവണ പട്ടിക പുതുക്കാൻ വന്നപ്പോൾ ഞാൻ താൽപര്യം കാട്ടിയില്ല.”
“എന്നാൽ ഇനിവേണം. അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. അപ്പോൾ വോട്ടർ പട്ടികയിൽ നിർബന്ധമായും പേര് കൊടുക്കണം. വോട്ട് ചെയ്യലോ, ചെയ്യാതിരിക്കലോ ഒക്കെ അവനവന്റെ ചോയ്സ്. പക്ഷേ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകുകയെന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണ്...”
സൗമിനിക്ക് വെറുതെ മൂളാൻ മാത്രമേ കഴിഞ്ഞുള്ളൂ.
സുഷമയുടെ ആ പറച്ചിലിന് ഒരുപാട് അർഥമുണ്ടെന്ന് പാർവതി പറഞ്ഞപ്പോഴാണ് സൗമിനിയുടെ തല മിന്നിയത്.
“എന്ത് അർഥം?”
“ഒക്കെ കാലം തെളിയിക്കും. ചിലതൊക്കെ സമയത്തിനും കാലത്തിനും വിട്ടുകൊടുക്കണംന്ന് അമ്മതന്നെ പറയാറില്ലേ? കേണൽ പറഞ്ഞതിലും ഒരുപാട് അർഥമില്ലേ?”
പലതും അറിയണമായിരുന്നു പാർവതിക്ക്. പലപ്പോഴും ഉള്ളിന്റെ അടിത്തട്ടിൽനിന്ന് ഊറിവരാറുണ്ടായിരുന്ന ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളും വളരെ പണിപ്പെട്ട് അമർത്തിയിടുകയായിരുന്നു ഇതേവരെ. ഇനി വയ്യ ഈ ഒളിച്ചുകളി. അമ്മയുടെ മനസ്സിന്റെ അശാന്ത യാത്രകളുടെ ഒഴുക്കിന് തടസ്സം വരുത്തിയാൽ വീണ്ടും പഴയ ട്രാക്കിൽ തിരിച്ചെത്തിക്കാൻ പാടായിരിക്കും.
ഏറെക്കാലമായി അടഞ്ഞുകിടന്ന വാതിൽ തെല്ലൊരു ഞരക്കത്തോടെ തള്ളിത്തുറക്കുകയായിരുന്നു സൗമിനി.
‘‘എന്തൊക്കെ പേക്കിനാവുകൾ! ചില ദിവസം രാവിലെ എണീക്കുമ്പോൾ തലയുടെ ഒരുവശം ചതഞ്ഞതുപോലെ. അവിടെ അമർത്തുമ്പോൾ വിങ്ങുന്നു. തലയുടെ വലത്തേ പാതിയിൽ തീയാളുമ്പോൾ അത് കെടുത്താനായി ഇടത്തേ പാതിയിൽനിന്ന് ആരോ വെള്ളമൊഴിക്കുന്നതുപോലെ. വല്ലാത്തൊരു കാലമായിരുന്നു അത്. ഉറങ്ങാൻ കിടക്കാൻതന്നെ മടിയായിരുന്നു. പേടിയായിരുന്നു. അണിയറയിൽ വേണ്ടാത്ത എന്തൊക്കെയോ കാത്തുനിൽക്കുന്നതുപോലെ. അന്നൊക്കെ വരയിട്ട നൂറുപേജിന്റെ നോട്ട്ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിക്കുക പതിവായിരുന്നു. എന്റെ സ്വപ്നങ്ങൾ.
എന്റെ പേടികൾ. എന്റെ സംശയങ്ങൾ. അത് ഡയറിക്കുറിപ്പുകളായിരുന്നില്ല. വെറും അനുഭവങ്ങളാണോ അതോ അതിൽ കവിതയുടെ നുറുങ്ങുകൾ ഉണ്ടായിരുന്നോ എന്നൊന്നും എനിക്കോർമയില്ല. അന്ന് മനസ്സ് പോലും എന്റെ പിടിയിലായിരുന്നില്ലല്ലോ… ഒരു പുസ്തകം കഴിഞ്ഞാൽ വേറൊന്ന്. അങ്ങനെ പല പുസ്തകങ്ങൾ. ഒടുവിൽ ഞാൻ തന്നെ ആരും കാണാതെ അവയൊക്കെ കത്തിച്ചുകളയുകയായിരുന്നു, തെല്ലൊരു മടിയോടെ മുനിഞ്ഞു കത്തുന്ന കടലാസിൽനിന്ന് പിണഞ്ഞു കൂടുന്ന പുകച്ചുരുളുകൾ…
അക്ഷരങ്ങൾ കരിയുന്നതിന്റെ മണം. അങ്ങനെ അവസാനത്തെ അക്ഷരവും എരിഞ്ഞുതീരുമ്പോൾ കൈ കൊട്ടി ചിരിക്കാനുള്ള ആവേശം എങ്ങനെയാണ് അടക്കിനിറുത്തിയതെന്നു എനിക്ക് തന്നെ പിടിയില്ല. അവയിൽ ചിലതെങ്കിലും പിൽക്കാലത്തേക്കായി കാത്തുവെക്കായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ലോകത്തെ മൗലികമായ പല രചനകളും കലാസൃഷ്ടികളും സ്രഷ്ടാവിന്റെ ഉന്മാദാവസ്ഥയിൽ പിറന്നതാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
‘‘എന്റെ പെരുമാറ്റത്തിൽ എന്തോ ചില പന്തികേടുകൾ ആദ്യം കണ്ടറിഞ്ഞത് അമ്മയായിരുന്നു. പതിവുപോലെ ആഹാരം കഴിക്കുന്നില്ല. അടച്ചിട്ടിരിക്കുന്ന മുറിയിൽനിന്ന് നിർബന്ധിച്ചു വിളിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. പ്ലേറ്റിന് മുമ്പിൽ ഏതോക്കെയോ ഓർമകളിൽ സ്വയം നഷ്ടപ്പെട്ടതുപോലെ. വിശപ്പില്ലെന്ന് ആവർത്തിക്കുമ്പോഴും അത് കള്ളമാണെന്ന് തളർന്ന മുഖം പറയുന്നുണ്ടായിരുന്നു.
ചോരത്തുടിപ്പുണ്ടായിരുന്ന മുഖം നാളുകൾ കഴിയുന്തോറും വിളർത്തുവരുകയാണ്. ‘‘ഈ കുട്ടീടെ മുഖത്തെ രക്തപ്രസാദൊക്കെ എവിടെ പോയി ദൈവമേ’’ എന്ന് അമ്മ തലയിൽ കൈവെച്ചു പറയുന്നത് കേട്ടിട്ടുണ്ട്. ചോരയുണ്ടാക്കാനും വിശപ്പ് തോന്നിക്കാനുമായി ചില ടോണിക്കുകളും അരിഷ്ടങ്ങളുമൊക്കെ കഴിപ്പിച്ചെങ്കിലും അതൊന്നും ഏറ്റില്ല. അപ്പോഴാണ് അവരുടെ കൈയിലെ അവസാനത്തെ അടവും പ്രയോഗിച്ചത്.
‘‘അതോടെ അറിയപ്പെടുന്ന ജ്യോത്സ്യന്മാരുടെ വരവായി. ജാതകം നോക്കൽ. കവടി നിരത്തൽ. പരിഹാരത്തിനായി പൂജകൾ. പൂജകൾ. നാട്ടിൻപുറത്തുകാരുടെ അറ്റകൈ … അവരുടെയൊക്കെ മുമ്പിൽ അനുസരണയോടെ ഇരുന്നു കൊടുക്കേണ്ടി വന്നു. അപ്പോഴൊക്കെ എന്നെ വല്ലാതെ അതിശയിപ്പിച്ചിരുന്ന കാര്യം പൊതുവെ വലിയ പുരോഗമനവാദിയായ അമ്മാമൻ ഈ കർമങ്ങളിലൊന്നും ഇടപെടാതെ നിശ്ശബ്ദമായി നോക്കിയിരിക്കുകയായിരുന്നു എന്നതാണ്. മറ്റു വിദ്യകൾ ഫലിക്കാത്തതുകൊണ്ട് ഇതെങ്കിലും നോക്കാമെന്ന നിലയിൽ അദ്ദേഹം വിട്ടുവീഴ്ചകൾ ചെയ്തതാവാം. ശരിക്കും അതൊരു പീഡനകാലമായിരുന്നു അമ്മക്ക്. ആരോട് പറയാൻ? ആര് കേൾക്കാൻ?
‘‘പിന്നീട് കോളേജിലേക്കുള്ള എന്റെ പോക്കുവരവുകളിലും കർശനമായ നിയന്ത്രണം വന്നു. പാവം അച്ചുവേട്ടന്റെ പാട്. കോളേജിൽ ചെന്നാലും പതിവുള്ള കൂട്ടുകാരികളിൽ നിന്നകന്ന് തനിച്ചൊരു മരത്തണലിൽ പോയിരിക്കാനായിരുന്നു എനിക്ക് താൽപര്യം. അൽപം ഏകാന്തത വേണമായിരുന്നു എനിക്ക്. വീട്ടിലിരിക്കുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലാണ്. പുറത്തിറങ്ങുമ്പോഴാണ് അൽപം ശുദ്ധവായു ശ്വസിക്കാൻ പറ്റുക. അപ്പോഴെല്ലാം എന്റെ തോന്നൽ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടേ തീരൂ എന്നായിരുന്നു. എന്റെ മനസ്സ് എന്റെ പിടിയിലല്ലെന്നുള്ള പേടി കൂടിവരുകയായിരുന്നു… ഡിപ്രഷനിലേക്ക് വഴുതി വീഴുന്നതുപോലെ… ആരോടെങ്കിലും ഒന്ന് തുറന്നു സംസാരിക്കാൻ കഴിഞ്ഞെങ്കിൽ?… അപ്പോഴൊക്കെ എന്റെ ഉള്ളിൽ തെളിഞ്ഞിരുന്നത് വിലാസിനിയുടെ പടമായിരുന്നു.
അവൾ ഉണ്ടായിരുന്നെങ്കിൽ അൽപം ആശ്വാസം കിട്ടിയേനെ. പോസ്റ്റ് മാഷ് സ്ഥലം മാറി പോയതിനുശേഷം അവളുമായി ആദ്യമൊക്കെ കത്തിടപാടുണ്ടായിരുന്നെങ്കിലും പതിയെ അതും നിന്നു. അല്ലെങ്കിലും നേരിൽ പറയേണ്ട കാര്യങ്ങൾ കടലാസിൽ പകർത്താൻ പാടാണ്… എന്തായാലും, ഇക്കാര്യം അമ്മയോട് പറയാൻ വയ്യ. അച്ചുവേട്ടനോടോ? അതിനും ധൈര്യമില്ല. അങ്ങനെ ആകെക്കൂടി ഉറക്കം നഷ്ടപ്പെട്ട, ഒരിക്കലും ഒടുങ്ങാത്ത രാത്രികൾ. ആകെക്കൂടി കിട്ടുന്നത് അയഞ്ഞ മയക്കംമാത്രം. അതും ഇടക്കിടെ മുറിയുന്ന മയക്കം.
‘‘അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ഇടത്തേ കാതിൽ വല്ലാത്തൊരു മൂളൽപോലെ. ഏതെങ്കിലും വണ്ട് കേറിക്കൂടിയിരിക്കണം. പഞ്ഞിബഡ് വച്ച് അതിനെ പുറത്തെടുക്കാൻ നോക്കുന്തോറും അത് അകത്തേക്ക് കേറിപ്പോവായിരുന്നു. കുറെ കഴിഞ്ഞു അത് തലച്ചോറ് തുളച്ചു വലത്തേ കാതിലേക്ക് കയറി. ഏറെ പാടുപെട്ട് ഉറക്കത്തിലേക്ക് വഴുതിവീഴണതുവരെ ആ മൂളൽ അവിടെ ഉണ്ടായിരുന്നു. രാവിലെ ഉറങ്ങിയെണീറ്റപ്പോഴേക്കും ആ മുഴക്കം നിന്നിരുന്നു. വണ്ട് എങ്ങനെയെങ്കിലും പുറത്തു കടന്നിരിക്കണം. പക്ഷേ, എന്റെ കാഴ്ച ലേശം മങ്ങിയതുപോലെ. സ്വാഭാവികമായും ഞാൻ വല്ലാതെ പരിഭ്രമിച്ചുപോയി.
തോന്നലാവാം എന്നൊക്കെ അമ്മ സമാധാനിപ്പിക്കാൻ നോക്കിയിട്ടും അതൊന്നും കേൾക്കാൻ ഞാൻ നിന്നില്ല. കണ്ണിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും ഞാൻ തയാറായിരുന്നില്ല. ജീവിതം തുടങ്ങിയിട്ടേയുള്ളൂ. ഇനി എത്രയോ ദൂരം നടക്കാനിരിക്കുന്നു. മാത്രമല്ല, പെട്ടെന്ന് ഞാൻ വിയർക്കാൻ തുടങ്ങിയതോടെ അമ്മയും വല്ലാണ്ടായി. ഭാഗ്യത്തിന് അച്ചുവേട്ടൻ അവിടെ ചുറ്റിപ്പറ്റി നിൽക്കണുണ്ടായിരുന്നു. സാധാരണ ഞങ്ങൾ ബസിലാണ് ടൗണിൽ പോകാറെങ്കിലും അത്തവണ ടാക്സിയിൽ പോയാൽ മതിയെന്ന് അമ്മ നിർബന്ധം പിടിച്ചു. വാസ്തവത്തിൽ എന്നേക്കാൾ ബേജാറായത് അമ്മയായിരുന്നു…
ആശുപത്രിയിൽ കണ്ണുകൾ പരിശോധിച്ച പെൺകുട്ടിയുടെ മുഖത്ത് അത്ഭുതമായിരുന്നു. കാഴ്ചയിൽ ഒരു കുഴപ്പവും കാണുന്നില്ലല്ലോ കുട്ടീ, അവൾ പറഞ്ഞു. പഴയ കണ്ണട കൈയിലുണ്ടോയെന്ന ചോദ്യത്തിനു ഇതേവരെ ഉപയോഗിച്ചിട്ടില്ലെന്ന മട്ടിൽ ഞാൻ തലവെട്ടിച്ചപ്പോൾ അവൾ കൈമലർത്തി. കുട്ടിക്ക് തൃപ്തിയായിട്ടില്ലെങ്കിൽ ഡോക്ടർതന്നെ നോക്കട്ടെ. പുറത്തിരുന്നോളൂ. കണ്ണുകൾ ഡൈലേറ്റ് ചെയ്ത് കുറച്ചുനേരം ഇരിക്കണം. നേഴ്സ് വിളിച്ചോളും...
‘‘കുറെ കഴിഞ്ഞു സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഡോക്ടറുടെ മുഖത്ത് ചിരിയായിരുന്നു. ഞാൻ നോക്കിയിട്ട് ഒന്നും കാണുന്നില്ലല്ലോ മോളേ, അദ്ദേഹം പറഞ്ഞു. കണ്ണടവച്ചു നോക്കിയാലോ എന്ന എന്റെ ചോദ്യം കേട്ടപ്പോൾ ഡോക്ടർ വീണ്ടും ചിരിച്ചു. ‘‘അപ്പോൾ അതാണ് പ്രശ്നം അല്ലേ, ശരിയാക്കിക്കളയാം’’ എന്നുപറഞ്ഞു അടുത്തുള്ള കണ്ണാടിക്കടയിലേക്ക് ഒരു കുറിപ്പും തന്നു. കൂടാതെ, നിത്യവും മൂന്നു പ്രാവശ്യം ഒഴിക്കാനുള്ള തുള്ളിമരുന്നും. കൺമണികൾ ഉണങ്ങാതിരിക്കാനാണത്രെ. അത്ഭുതംതന്നെ, കണ്ണട വച്ചു നോക്കിയപ്പോൾ എല്ലാം ശരിക്ക് കാണാം. പിന്നീടാണു അത് പവർ ഇല്ലാത്ത വേറെ സാധാരണ ചില്ലാണെന്ന് മനസ്സിലായത്. ആവശ്യമില്ലാതെ അത് വയ്ക്കരുതെന്ന് കടക്കാരും പറഞ്ഞു.’’
അൽപം അയവുതോന്നിയ മട്ടിൽ സൗമിനി ചിരിക്കാൻ നോക്കിയെങ്കിലും ആ വിളറിയ ചിരിയിൽ ശരിയായ സൗമിനി ടീച്ചറെ കാണാനായില്ല. പാർവതി നീട്ടിയ വെള്ളക്കുപ്പിയിൽനിന്ന് ഒരിറക്ക് കുടിച്ചിട്ടും ആ മുഖത്തെ പിരിമുറുക്കം മായാതെനിന്നു. എന്തൊക്കെയോ ഓർത്തു നെടുവീർപ്പിട്ടുകൊണ്ട് തുടരുമ്പോൾ സൗമിനിയുടെ ശബ്ദം ഇടറിയിരുന്നു.
‘‘ആ നശിച്ച കാലത്തെക്കുറിച്ച് വീണ്ടും ഓർക്കാൻകൂടി മടിയായിരുന്നു എനിക്ക്. എന്നാലും മോള് പഠിക്കാൻ പോണതിന് മുമ്പന്നെ ചെലതൊക്കെ പറയണംന്ന് തോന്നി. ഫോണിൽ പറയാൻ തൊടങ്ങിയാൽ ഇത്തിരി കഴിയുമ്പൊ അതിനും മടുക്കും. മുമ്പും പലതവണ ഒരുങ്ങിയതാണെങ്കിലും അവസാനം ധൈര്യം കിട്ടിയില്ല. ഇന്നലെ രാത്രി കിടന്നപ്പോൾ ഇനിയും വൈകിക്കരുതെന്ന് ഒരു വെളിപാടുപോലെ തോന്നി. അതോണ്ട് ഇങ്ങനെ…’’
‘‘ശരിയാണ്, നേരിൽ കേൾക്കുന്നതാണ് പാർവതിക്കും ഇഷ്ടം. യന്ത്രങ്ങളെ പണ്ടേ വിശ്വാസമില്ല. ചോരണതറിയില്ല.’’
‘‘അക്കാലത്തു ഞാൻ ഒരുപാട് കുണ്ടാമണ്ടികൾ കാട്ടിയിട്ടുണ്ട്. അറിഞ്ഞും അറിയാതെയും. മനസ്സ് ശരിക്കും എന്റെ പിടിയിൽ അല്ലായിരുന്നു. എനിക്ക് രണ്ടു മനസ്സുകൾ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒരെണ്ണം തള്ളിയതിനെ മറ്റവൻ ചേർത്തുപിടിക്കുന്നു. ഈ സന്ധിയില്ലാ പോരിൽ ഞാൻ തെരഞ്ഞെടുത്തത് ഒരുപക്ഷേ തെറ്റായ വഴികളായിരിക്കാം. അങ്ങനെ എടുത്ത ചില തെറ്റായ തീരുമാനങ്ങളാവാം അമ്മയെ എന്നിൽനിന്ന് അകറ്റിയത്. ഏതമ്മയ്ക്കും ഒരിക്കലും താങ്ങാനാവാത്ത വലിയൊരു പിഴവ്. അതിന്റെ ഗൗരവം എനിക്ക് മനസ്സിലായപ്പോഴേക്കും സംഭവിക്കാവുന്നതൊക്കെ നടന്നു കഴിഞ്ഞിരുന്നു.
നശിച്ച ആ വൈകുന്നേരം... കോരിച്ചൊരിയുന്ന മഴ. മൂടിക്കെട്ടിയ സന്ധ്യ... ഒന്നും ശരിക്ക് ഓർക്കാനാവുന്നില്ല. അതേപ്പറ്റിയൊക്കെ ഉള്ളിൽ പലവുരു എഴുതി മായ്ച്ചു, എത്ര രാത്രികളിലെ ഉറക്കം കളഞ്ഞിട്ടുണ്ട്. എന്നിട്ടും ഇന്നും ചിലതൊക്കെ ഉള്ളിൽ അടിഞ്ഞുകൂടി കിടക്കുന്നു. പിന്നീട് ഞാൻ അവിടം വിട്ടശേഷം നാട്ടാരെ വിശ്വസിപ്പിക്കാനായി പലതും പറഞ്ഞൊഴിയേണ്ടിവന്നു അമ്മക്ക്. അതൊക്കെ ഞാൻ അറിഞ്ഞതന്നെ വളരെ കഴിഞ്ഞ്. അതും അച്ചുവേട്ടനിൽനിന്ന്… പക്ഷേ, അന്നെനിക്ക് വലിയൊരു സമ്പാദ്യം കിട്ടിയെന്ന് പറയാതെ വയ്യ. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. അത് എന്താണെന്ന് മാത്രം മോള് എന്നോട് ചോയ്ക്കരുത്. അതൊരിക്കലും പറയില്ല. ആരോടും പറയില്ല. ആ രഹസ്യം എന്നോടൊപ്പം ഈ മണ്ണിൽ ചേരാനുള്ളതാണ്…’’
വികാരത്തള്ളലിൽ സൗമിനി കിതച്ചു. വെള്ളക്കുപ്പിയിൽ ബാക്കിയിരുന്നത് വലിച്ചുകുടിച്ചു.
‘‘ചായ വേണോ അമ്മക്ക്?’’
‘‘വേണ്ട.’’
ആ വലിയ സമ്പാദ്യം എന്താണെന്ന് തനിക്കറിയാമെന്ന മട്ടിൽ തലയാട്ടുകയായിരുന്നു പാർവതി. തൊണ്ടയിൽ കുറുകിയ കഫം തുപ്പിക്കളഞ്ഞു സൗമിനി തുടർന്നു.
‘‘ഇവിടെയെത്തി ഏതാണ്ട് രണ്ടു മാസങ്ങൾക്ക് ശേഷമാണ് എനിക്ക് അച്ചുവേട്ടന് കത്തെഴുതാൻ തോന്നിയത്. ഉടനെതന്നെ ഇന്ദിരയുടെ വെടിപ്പായ കൈയക്ഷരത്തിൽ മറുപടി വന്നു. നാട്ടിൽ എന്നെപ്പറ്റി ഒരുപാട് കെട്ടുകഥകൾ പരന്നിട്ടു ണ്ടത്രേ. ഞാൻ ആരുടെയോ കൂടെ പാതിരാത്രിയിൽ ഒളിച്ചോടിയത്രെ. അങ്ങനെ പലതും… ആരൊക്കെയോ പറഞ്ഞുണ്ടാക്കിയതിൽ അമ്മയും പിടിച്ചുതൂങ്ങിയതാവാം. അങ്ങനെ അത് അമ്മയുടെ മൗനസമ്മതമായി.
അതിനു ഒരിക്കലും അവരെ കുറ്റം പറയാനാവില്ലെന്ന് എനിക്ക് പിന്നീട് മനസ്സിലായി… അക്കാലത്തു ഞാനും കൊറെ നുണകൾ പറഞ്ഞിട്ടുണ്ട്. ആദ്യം സ്വയം വിശ്വസിപ്പിക്കാൻ. പിന്നെ മറ്റുള്ളോരെ. അവനോനെ വിശ്വസിപ്പിക്കാനാ കൂടുതൽ വെഷമംന്ന് മനസ്സിലായത് അന്നാ. രണ്ടാം മനസ്സ് എന്തൊക്കെ പറഞ്ഞിട്ടും ഏൽക്കണില്ല ഒന്നാം മനസ്സിന്റെ അടുത്ത്. അങ്ങനെയൊരെണ്ണം കൂടി ഉള്ളത് നല്ലതാണെന്നു പിന്നീട് തോന്നി.’’
‘‘എന്നിട്ട്?’’
‘‘മോളോട് പറയാല്ലോ, അമ്മ തനിച്ചാ അവിടന്നിറങ്ങിയത്. എല്ലാരും ഉറങ്ങിയശേഷം ഒരു പത്തു പത്തരക്ക്. സത്യത്തിൽ അതൊരു ഒരുമ്പെട്ട പോക്കായിരുന്നു മോളേ. ഇന്ന് ആലോചിക്കാൻകൂടി വയ്യ. കിടുങ്ങി പോണു. അന്നത്തെ കാലത്ത് വഴിയിലൊന്നും വെളിച്ചമില്ല. സാരികൊണ്ട് തലയും പാതി മുഖവും മറച്ചു വീർത്ത ഒരു ബാഗും തൂക്കിപ്പിടിച്ചു എങ്ങനെയോ ബസ് സ്റ്റാൻഡ് വരെയെത്തി. അവസാനത്തെ ബസ് ഇരപ്പിച്ചു നിന്നിരുന്നു. അതിൽ കയറിക്കൂടിയത് മാത്രം ഓർമയുണ്ട്. അൽപം മയങ്ങിയെന്ന് തോന്നണു. തീവണ്ടിയാപ്പീസ് എത്തിയെന്ന് കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞപ്പഴാ കണ്ണ് തൊറന്നത്. എവിടേക്ക് ടിക്കറ്റ് എടുക്കണംന്ന് ഒരു പിടിയുമില്ലായിരുന്നു.
കറുത്ത ബോർഡിലെ ആദ്യത്തെ വണ്ടി വടക്കോട്ടായിരുന്നു. പിന്നീട് ഭൂമിശാസ്ത്ര ക്ലാസിലെ ഓർമയിൽ ദൂരെയുള്ള ഒരു സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്തു. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ വല്ലാത്തൊരു പിടച്ചിലാണ്. ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിക്ക് എങ്ങനെ അങ്ങനെയൊക്കെ ചെയ്യാൻ ധൈര്യം തോന്നിയെന്ന് ചോയ്ച്ചാൽ സത്യത്തിൽ എനിക്ക് മറുപടിയില്ല. നാട്ടിൽ അത്രക്ക് ശ്വാസം മുട്ടിയിരുന്നുവെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും? അതാണ് ആദ്യമേ പറഞ്ഞ രണ്ടാം മനസ്സിന്റെ കളി…’’
‘‘ശര്യാണ്. പാർവതിക്കാണെങ്കിൽ ഇന്നും ധൈര്യംണ്ടാവില്ല.’’
‘‘പോയ കാലത്തിന്റെ താളുകളിൽ വെട്ടിത്തിരുത്തലുകൾ അനുവദിക്കാത്ത പുസ്തകമാണ് ജീവിതംന്ന് തോന്നാറുണ്ട്… തീവണ്ടിയിൽ കേറിയപ്പഴാണ് ശരിക്കും പേടി കൂടിയത്. പിന്നീട് കമ്പാർട്ട്മെന്റിൽ മൂന്നാല് പെണ്ണുങ്ങളെ കണ്ടപ്പോഴാണ് കൊറച്ചു ധൈര്യം കിട്ടിയത്. അവരോടും പറയാനുണ്ടായിരുന്നു ഓരോരോ നുണകൾ. ഭർത്താവിന്റെ പണിസ്ഥലത്തേക്ക് പോവാണത്രേ. അപ്പോൾ വന്നു അവരുടെ കൊറെ ചോദ്യങ്ങൾ. സ്ലീപ്പർ ബെർത്ത് എടുക്കായിരുന്നല്ലോയെന്ന്. അതിനും വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു. റിസർവേഷൻ കിട്ടിക്കാണില്ല, പാവം എന്നവർ തമ്മിൽ പിറുപിറുക്കുന്നത് കേട്ടു. അന്നെനിക്ക് സ്ലീപ്പർ ബെർത്ത് എന്നുവച്ചാൽ എന്താണെന്ന് പോലും പിടിയില്ലായിരുന്നു.’’
സൗമിനി ഓർത്തോർത്തു ചിരിക്കാൻ തുടങ്ങിയപ്പോൾ പാർവതിയും അതിൽ പങ്കുചേർന്നു.
‘‘അമ്മ പറയാറുള്ളതിൽ കൊറെയൊക്കെ നുണയാണെന്ന് പാർവതിക്ക് അന്നേ തോന്നിയിട്ടുണ്ട്. ചെലതൊക്കെ അമ്മയുടെ മുഖവും പറയാറുണ്ട്. പക്ഷേ ഏതു സത്യം ഏത് നുണ എന്ന അങ്കലാപ്പ് മാത്രം.’’
‘‘സത്യത്തിൽ, എനിക്ക് ഏറ്റവും കൂടുതൽ സങ്കടവും കുറ്റബോധവും തോന്നിയിട്ടുള്ളത് അക്കാര്യത്തിലാണ്. ഒരമ്മ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്. എനിക്ക് ആകെക്കൂടി നീയല്ലേ ഉള്ളൂ. ഗതികേട് കൊണ്ടാണ് മോളേ അന്നങ്ങനെയൊക്കെ പറയാൻ തോന്നിയത്. ചെലപ്പഴൊക്കെ രാവുറക്കത്തിൽ എന്റെ നുണക്കൂമ്പാരമാകെ ഇടിഞ്ഞുപൊളിഞ്ഞു വീഴണത് കാണാറുണ്ട്. അല്ലെങ്കിലും എന്നെങ്കിലുമൊരിക്കൽ അതൊക്കെ സംഭവിച്ചല്ലേ പറ്റൂ. എന്തായാലും, എന്നേക്കാൾ ബുദ്ധീണ്ട് നിനക്ക്. അതുകൊണ്ട് നിനക്ക് അതൊക്കെ അപ്പഴേ മനസ്സിലാക്കാനായി.’’
‘‘പിന്നൊരു കാര്യംകൂടി. ആ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ഛർദി…’’
‘‘അത് സത്യാണ് കുട്ടീ. അതൊരു വല്ല്യ കഥയാണ്. ദൂരെ ഏതോ സ്റ്റേഷനിലേക്ക് എടുത്ത ടിക്കറ്റ്… ഇവടെയെത്തിയപ്പോഴുള്ള ഓക്കാനം… അതൊക്കെ ഒരു നിയോഗമായിരുന്നു, കുട്ടീ. അന്ന് ഇതൊരു ചെറിയ സ്റ്റേഷനായിരുന്നു. ഏതോ ക്രോസിങ്ങിനുവേണ്ടി വണ്ടി പിടിച്ചിട്ടതാവാം. ഇന്ന് നീ കാണുന്ന സൗമിനിയുടെ ശരിയായ ഉദയം അന്നായിരുന്നു... വണ്ടി വിട്ടുപോയതോണ്ട് മുമ്പിൽ കണ്ട വെയ്റ്റിങ് റൂമിൽ നേരം വെളിച്ചാവാൻ കാത്തിരുന്നു.
കൊറെ കഴിഞ്ഞപ്പോ പ്രായമായ ഒരു പോലീസുകാരൻ വന്നു വിവരം അന്വേഷിച്ചു. ഹിന്ദി അറിയായിരുന്നതോണ്ട് രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മതീല്ലോ. അയാളാ പറഞ്ഞത് നേരം നന്നായി വെളിച്ചായിട്ട് പൊറത്തിറങ്ങിയാ മതിയെന്ന്. പിന്നെ നേരം വെളുത്തപ്പോൾ അയാളന്നെ ലാലാജിയുടെ ആതുരാലയത്തിൽ കൊണ്ടാക്കാൻ ഏർപ്പാട് ചെയ്തു. കൊല്ലം ഇത്രയായായിട്ടും ആ നല്ലവനായ പോലീസുകാരന്റെ പേര് ഇപ്പഴും നല്ല ഓർമയുണ്ട്. പ്രീതംകുമാർ..! പിന്നീടുള്ള കഥയൊക്കെ അമ്മ പറഞ്ഞതന്നെ…’’
‘‘അച്ഛന്റെ പേര് പാർവതി ചോദിക്കാൻ പോണില്ല. അമ്മ പറയുകേം വേണ്ട. നീലിമ പറയാറുള്ളതുപോലെ അമ്മയാണ് സത്യം. അച്ഛനെന്ന് പറേണത് ഒരു അഭിപ്രായം മാത്രം.’’
‘‘അങ്ങനൊന്നും ഞാൻ പറയില്ല. നമ്മടെ ജീവിതത്തിൽ ജനയിതാവിന് വല്ല്യ സ്ഥാനംണ്ട്. പക്ഷേ ചെല രഹസ്യങ്ങളൊക്ക രഹസ്യങ്ങളായന്നെ ഇരിക്കണതാ നല്ലത്, എല്ലാർക്കും. എന്നാലും നിന്നോട് പറഞ്ഞ ഇത്രയും കാര്യങ്ങൾ എന്റെ അമ്മയോട് മാത്രം പറയാനാവാത്തതാണ് ഇന്നെന്റെ സങ്കടം. ഒരിക്കലും മാപ്പ് കിട്ടാത്ത കുറ്റം. അതോർത്തു ചെലപ്പൊ ഉള്ളിൽ പലതവണ കുത്തി മുറിവേൽപ്പിച്ചിട്ടുണ്ട്… ഒരമ്മയായപ്പോൾ ഞാനത് കൂടുതൽ അറിയാൻ തുടങ്ങി.’’
‘‘അമ്മ വെഷമിക്കണ്ടാ. അതിന് പരിഹാരമുണ്ടാക്കാൻ പാർവതീം വിലാസിനി ആന്റിയും കൂടി ഒരു പ്ലാൻ ഉണ്ടാക്കീട്ടുണ്ട്.”
‘‘എന്തു പ്ലാൻ?’’
‘‘അതൊക്കെ പിന്നീട് പറയാം. ഇപ്പോൾ അമ്മ പോയി െറസ്റ്റെടുക്കൂ.’’ പാർവതി ചിരിച്ചു.
“എന്തായാലും, ഒരു കാര്യത്തിന് സംശയമില്ല. ഇന്നീ കാണുന്ന സൗമിനി ഉണ്ടാകുന്നത് എന്റെ മോളിൽനിന്നാണ്. നീയില്ലായിരുന്നെങ്കിൽ എനിക്കീ ധൈര്യവും തന്റേടവും ഒന്നും കിട്ടുമായിരുന്നില്ല. ഇപ്പോൾ എന്തിനെപ്പറ്റിയും സംസാരിക്കാൻ ഒരാളുണ്ടല്ലോ. വിലാസിനി പോയശേഷം അങ്ങനെയൊരു കൂട്ട് ഇല്ലാഞ്ഞത് കൊണ്ടാണ് കൊറേ അബദ്ധങ്ങളിലൊക്കെ ചെന്ന് ചാടിയത്. ഇപ്പോൾ എന്തിനും ഏതിനും എന്റെ പുറകിൽ നീയുണ്ടാവുമല്ലോയെന്ന ഉറപ്പുണ്ട്. ചുരുക്കത്തിൽ മോളുടെ വരവോടെ സൗമിനി വേറൊരാളായി മാറി. എന്റെ ഭാഗ്യനക്ഷത്രം.”
അവളെ കെട്ടിപ്പിടിച്ചു കവിളുകളിൽ മാറിമാറി ഉമ്മ വെക്കുമ്പോൾ സൗമിനിയുടെ തൊണ്ടയിടറി, കണ്ണുകൾ നിറഞ്ഞു.
(ചിത്രീകരണം: സതീഷ് ചളിപ്പാടം)
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.