പകുതി വെന്തുപോയ ശരീരത്തിൽ അവശേഷിക്കുന്ന കവിതയാണ് എനിക്ക് ജയിൽ. അടച്ചുപോയ മുറികൾ. മൂകം തേങ്ങുന്ന മൗനങ്ങൾ. പുറത്തേക്ക് പടരുന്ന പറവകൾ. തളിർത്തും തളർന്നും ഒഴുകിയിട്ടും ഉണങ്ങിത്തീരാത്ത പായൽപ്പടർപ്പുകൾ. ഭ്രാന്തിന്റെയും പകയുടെയും നിസ്സഹായതയുടെയും കുറ്റത്തിന്റെയും നിറപ്പാടുകൾ. ആത്മരോഷത്തിന്റെയും കലഹത്തിന്റെയും അനാവശ്യ കുറിപ്പാടുകൾ. തുരുമ്പെടുത്ത് അടർന്ന വാതിലുകൾ. ഞാനൊരു ചെറിയ തസ്കരനാണ്. കോഴി, താറാവ്, ആട്, വീടിന്റെ മുന്നിലിരിക്കുന്ന പാത്രങ്ങൾ തുടങ്ങി ഒരു ചെറിയ ലിസ്റ്റിൽ ഒതുങ്ങുന്നു എന്റെ മോഷണമുതലുകൾ. എനിക്ക് ജയിൽ ഇടക്കിടക്ക് സന്ദർശിക്കുന്ന സ്വന്തം ഇടംപോലെ ഒന്നാണ്. ഒരുകൂട്ടം പറവകൾ...
പകുതി വെന്തുപോയ ശരീരത്തിൽ അവശേഷിക്കുന്ന കവിതയാണ് എനിക്ക് ജയിൽ. അടച്ചുപോയ മുറികൾ. മൂകം തേങ്ങുന്ന മൗനങ്ങൾ. പുറത്തേക്ക് പടരുന്ന പറവകൾ. തളിർത്തും തളർന്നും ഒഴുകിയിട്ടും ഉണങ്ങിത്തീരാത്ത പായൽപ്പടർപ്പുകൾ. ഭ്രാന്തിന്റെയും പകയുടെയും നിസ്സഹായതയുടെയും കുറ്റത്തിന്റെയും നിറപ്പാടുകൾ. ആത്മരോഷത്തിന്റെയും കലഹത്തിന്റെയും അനാവശ്യ കുറിപ്പാടുകൾ. തുരുമ്പെടുത്ത് അടർന്ന വാതിലുകൾ.
ഞാനൊരു ചെറിയ തസ്കരനാണ്. കോഴി, താറാവ്, ആട്, വീടിന്റെ മുന്നിലിരിക്കുന്ന പാത്രങ്ങൾ തുടങ്ങി ഒരു ചെറിയ ലിസ്റ്റിൽ ഒതുങ്ങുന്നു എന്റെ മോഷണമുതലുകൾ. എനിക്ക് ജയിൽ ഇടക്കിടക്ക് സന്ദർശിക്കുന്ന സ്വന്തം ഇടംപോലെ ഒന്നാണ്.
ഒരുകൂട്ടം പറവകൾ ആകാശത്തിലൂടെ പറന്നകന്നു. നിനക്ക് നാണമില്ലേ ജയിലിൽ കിടക്കാൻ എന്ന കിതപ്പോടെ ഒരു ശുനകൻ ചാടിയോടി പോയി. കാല് മണ്ണിനടിയിലേക്ക് വഴുതിപ്പോവുന്നതുപോലെ തോന്നി. കോഴിയെ മോഷ്ടിച്ച കേസിൽ ജയിലിൽനിന്നിറങ്ങിയതേ യൊള്ളൂ. മോഷ്ടിച്ചത് വേറെവിടെനിന്നുമല്ല, ഞാൻതന്നെ പോറ്റി വളർത്തിയ ഫാമിൽനിന്നും. കൂലിത്തൊഴിലാളി ആയിരുന്നെങ്കിലും അവറ്റയെ ഞാൻ ജീവനു തുല്യം സ്നേഹിച്ചതാണ്. ഇരുട്ടിന്റെ ലാക്കിൽ കരസന്തുലിതമായി ഒരു കോഴി പറവയെ കാലുകൾ ചേർത്തുപിടിച്ച്, നിലാവിന്റെ വെള്ളിമേഘ കണികകൾ മാലകോർത്ത് നെറ്റിയിൽ ചുളിവുവീണ ഒരു രാത്രിയിൽ ഞാൻ പതിയെ പതിയെ നടന്നു. ഇവറ്റകൾക്ക് എന്നോട് തെല്ലും സ്നേഹമോ ആദരവോ ബഹുമാനമോ ഇല്ലെന്ന് ഞാൻ അന്നാണ് മനസ്സിലാക്കിയത്.
ചെണ്ടാ മണ്ടാ തരികിട താളത്തിൽ കോഴി യാതൊരു ഭയവുമില്ലാതെ, ആരോ തിളപ്പിച്ച വെള്ളത്തിൽ മുക്കിയതുപോലെ, ഒരു നശിച്ച ബഹളം തന്നെ. ഉത്തരവാദിത്തബോധമുള്ള ഒരു മനുഷ്യനെ സംശയിക്കാൻ ഈ ബഹളം കാരണമാകുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ! കുറച്ചുകാലമായി ഫാമിൽ ജോലിചെയ്യുന്നതിനാൽ മോഷണ അപരാധക്രൂരതക്ക് ഭംഗം വരുത്തി സുമുഖനായി ഞാൻ ജീവിച്ചുവരുകയാണ്. കൂടാതെ ചില മനുഷ്യർ ഫാമിൽനിന്നും കോഴികളെ ലൈംഗിക ഉപയോഗത്തിനുവേണ്ടി ചോരണം നടത്തിവരുന്നതായി ചില വാർത്ത നാട്ടിൽ നിലനിൽക്കുന്നുണ്ട്. പിടിക്കപ്പെട്ടാൽ ആകെ നാണക്കേടുതന്നെ.
അത് മനസ്സിലാക്കിയിട്ട് എന്നവണ്ണം ഒരു കുറുക്കൻ ഓരിയിടുന്നു. ആരെങ്കിലും എന്റെ മാന്യദേഹത്തെയും കോഴിയുടെ പിടച്ചിലിനെയും പിന്തുടരുന്നുണ്ടാവുമോയെന്ന ചിന്ത എന്നെ വേട്ടയാടുന്നു. ശരീരത്തിന്റെ ഊഷ്മാവൊന്ന് വർധിക്കാൻ ദീർഘശ്വാസം രണ്ടോ മൂന്നോ തവണ വലിച്ചുവിട്ട് ഞാൻ കാലുകൾക്ക് വേഗം പകർന്നു. കാലുകളിൽ മുള്ളുകൾ തളയ്ക്കുന്നു. ആണിരോഗത്തിന്റെ തീരാവ്യഥകളിൽ കല്ലുകൾ ഉടക്കുന്നു. ശരീരഭാഗങ്ങൾ നീറുന്നു. ഒരു നീണ്ട വയലും ചെറിയ കുന്നും മധ്യേന വലുപ്പമുള്ള കുറ്റിക്കാടും കടന്നുവേണം വീട്ടിലെത്താൻ. ആരോഗ്യശ്രീമാനായതുകൊണ്ടുതന്നെ ഞാൻ നടക്കുകയായിരുന്നില്ല; പറക്കുകയായിരുന്നു.
തീവ്രമായ വേദനയിലും നിലാവിന്റെ നീലിച്ച സംഗീതം എന്നെ ഹരം പിടിപ്പിക്കുന്നു. വീട്ടിലെത്തി ഇതൊന്ന് വൃത്തിയാക്കി കറിയാക്കി ഭാര്യക്കും മകൾക്കും ഒപ്പമിരുന്ന് കഴിക്കണം. കാലുകൾ പൊരിയ്ക്കണം.
ദൃഢവിശ്വാസം കൈവിടാതെ അത് ചട്ടിയിൽ കിടന്ന് തിളക്കുന്നു. മുളകിന്റെ മെഴുകലിൽ തേനൂറി എണ്ണയിൽ കിടന്ന് പൊട്ടിത്തെറിക്കുന്നു. ഹാവൂ വീടെത്തിയതും കോഴിയെ വൃത്തിയാക്കിയതും ചട്ടിയിൽ കയറ്റിയതും ആരും അറിഞ്ഞില്ല. ഭാര്യയും മകളും ഉറക്കത്തിലാണ്. എല്ലാം ശരിയായിട്ട് അവരെ വിളിക്കാം. പച്ചയെങ്കിലും തുണയായി മാവിൻവിറക് ചീറിക്കൊണ്ട് കത്തിയമരുന്നു. രണ്ട് വിറകടുപ്പിലായി എന്റെ മോഹം തിളക്കുന്നു. ഒരു അൽപസമയം കറി വേവാൻ കൊടുത്ത് ഞാൻ പുറത്തിറങ്ങി ആകാശത്തിലേക്ക് നോക്കി.
എത്ര സുന്ദരവും മനോഹരവുമായ ആകാശം. ചുറ്റും കാണുന്നതിൽ ചിലത് നിനക്ക് കൂടിയുള്ളതാണ്, നീയെടുത്തോളൂ എന്നുപറഞ്ഞ് കണ്ണടക്കുന്ന നക്ഷത്രങ്ങൾ. ഒരുപക്ഷേ, ഒരു മോഷ്ടാവ് ആയില്ലായിരുന്നെങ്കിൽ ഞാനൊരു കവിയാകുമായിരുന്നു. ‘‘അമ്മേ ദേ അച്ഛൻ’’, മോള് മൂത്രം ഒഴിക്കാൻ എണീറ്റതാണ്. അവള് ഒരു പാത്രം വെള്ളവുമായി പറമ്പിലേക്കിറങ്ങി. അവളെ പിന്തുടർന്ന് ഞാൻ വിശാലമായ പറമ്പിൽനിന്ന് നീട്ടി മൂത്രം ഒഴിച്ചു. അപ്പോഴേക്കും ഭാര്യയും പുറത്തെത്തി. കോഴീന്റെ മണം കിലുക്കം സിനിമയിലെ രേവതിക്ക് മാത്രമല്ല, അവൾക്കും കണ്ടുപിടിക്കാൻ കഴിഞ്ഞു. ബാക്കിയിരുന്ന ചോറും പാത്രവും അവൾ നിരത്തിവെച്ചു.
അരയിൽ സൂക്ഷിച്ചിരുന്ന ഒരു ക്വാർട്ടർ റം വെള്ളത്തിന് കാത്തുനിൽക്കാതെ ഞാൻ ഒറ്റവലിക്ക് കുടിച്ചുതീർത്തു. ചിക്കൻ കാലിൽനിന്നും ആവി പൊങ്ങുന്നു. എല്ലാവരും നിരന്നിരുന്ന് കഴിച്ച് തുടങ്ങി. മോള് ധൃതിയിൽ രണ്ടുമൂന്നു പീസുകൾ അകത്താക്കിക്കഴിഞ്ഞു. ഭാര്യ ഊതി ഊതി സാവധാനമാണ് കഴിക്കുന്നത്. മോളെ പിടിച്ച് ഞാൻ മടിയിലിരുത്തി അവളുടെ തലയിൽ തടവി ഒരു ചിക്കൻകാലിന്റെ തുമ്പിൽ ഞാൻ പിടിച്ചതും പുറത്ത് ഒരു വണ്ടി വന്നുനിൽക്കുന്ന ശബ്ദം കേട്ടു. ‘‘അവനില്ലേ ഭൂലോക ഫ്രോഡ്.’’ എന്റെ എല്ലാ ശ്വാസവും പോയി. പൊലീസാണ്. ഞാൻ ഉരുകി ഉരുകി ഒരു മെഴുകുതിരിയേക്കാൾ മോശം അവസ്ഥയിലായി. സർവലോക തമ്പുരാനെ എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും പിന്നെ അമാന്തിക്കുന്നത് ഞങ്ങൾ അന്തസ്സുള്ള കള്ളന്മാർക്ക് ചേർന്നതല്ല. ഞാൻ പുറത്തിറങ്ങി കൈകൾ നീട്ടി. സബ് ഇൻസ്പെക്ടർ ഷമ്മി തിലകനെ ഓർമിപ്പിക്കുന്നവണ്ണം കൈ ആഞ്ഞുവീശി എന്റെ നടുപ്പുറത്ത് ഒരിടി ഇടിച്ചതേയൊള്ളൂ ഓർമ. മോള് കഴിച്ചുകൊണ്ടിരുന്ന പാത്രം ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് നിലവിളിച്ചു. പലകയിൽ ഇടിക്കുന്നപോലെ ഭാര്യ നെഞ്ചത്ത് ആഞ്ഞിടിച്ചു.
‘‘എന്റെ ദൈവമേ, ഒരു കാല് ആ മനുഷ്യന് കഴിക്കാൻ കഴിഞ്ഞില്ലല്ലോ.’’
ഞാൻ പൊലീസ് വണ്ടിയിൽ കയറുകയായിരുന്നില്ല. വണ്ടി എന്നിൽ കയറുകയായിരുന്നു. വാഹനം ഉരുണ്ടുമറിഞ്ഞ് അകന്നുപോവുമ്പോഴും മകളുടെ ‘‘അച്ഛാ... എന്റെ അച്ഛാ’’ എന്ന ദീനമായ വാക്കുകൾ എന്റെ ചെവിയിൽ തുളച്ചുകയറി.
ക്ഷേത്രത്തിലിരുന്ന ഭഗവതിയുടെ ആഭരണങ്ങൾ മുക്കുപണ്ടമായിത്തീരുന്നതിന്റെ വേദന മുതുകിലും തെളിയാത്ത കേസുകൾ മറ്റവയവങ്ങളിലും നൃത്തം ചവിട്ടി. ഇങ്ങനെ ഇലയിൽ മഞ്ഞുവീണ് തുടങ്ങുന്ന കലണ്ടർ തൊട്ട് പൂക്കൾ എറുമ്പുകളുടെയും വണ്ടുകളുടെയും പിറകെ പോയ കാലങ്ങൾ വരെ ചൂണ്ടിക്കാട്ടിയാണ് എരുമമയക്കം വന്ന ജഡ്ജിയുടെ കാലും കൈയും പിടിച്ചാണ് വക്കീൽ ജാമ്യം തരമാക്കിയത്.
ഒന്ന് ഉണർന്ന് എണീറ്റ് കീഴ്ശ്വാസവും വിട്ട് അയാൾ എന്നെ വിധിച്ചു. വിധിച്ചൂന്ന് പറയുമ്പോൾ കുതറി ഓടുന്ന പേടമാനുകൾക്കു പിന്നാലെ ഒരു പുലി അതിന്റെ സ്വതഃസിദ്ധമായ ശൗര്യത്തോടെ പായുന്നത് ആ രാത്രിയിൽ ഞാൻ സ്വപ്നം കണ്ടു. കള്ളന്മാരുടെയും കഞ്ചാവു വലിക്കാരുടെയും കൊലപാതകികളുടെയും കൂടെയാണ് ഞാൻ ബന്ധനസ്ഥനായിരുന്നത്. പുകവിട്ട് ഉറങ്ങാതെ കിടന്ന നിരവധി രാത്രികൾക്കുശേഷമാണ് നാളെ ജാമ്യം ശരിയാവുമെന്ന് ആളിനെ വിടുവിച്ച് വക്കീൽ അറിയിച്ചത്.
എന്റെ വക്കീൽ ഒരു നല്ല മനുഷ്യനായിരുന്നു. മനുഷ്യർ കൈവിട്ട് കളയുന്ന ഭൂമിയുടെ സൗന്ദര്യം അയാൾക്കറിയാമായിരുന്നു. പൂക്കൾ കൈകോർത്ത് നൃത്തം കളിക്കുന്നത് അയാൾ സ്വപ്നം കാണാറുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ മന്ത്രാക്ഷരങ്ങളുമായി മോഷ്ടിക്കാൻ ഇറങ്ങിയ എന്റെ പക്കൽനിന്നും ഇന്നേവരെ അയാൾ ഫീസായി പണം വാങ്ങിയിട്ടില്ല. ഇതുപോലെ ജാമ്യവുമായി പുറത്തിറങ്ങുന്ന രാത്രികളിൽ ഞങ്ങൾ ഒരുമിച്ച് മദ്യപിക്കും. നമ്മുടെ സാഹിത്യത്തെക്കുറിച്ചും കലകളെക്കുറിച്ചും അയാൾ വാതോരാതെ സംസാരിക്കും. അത്തരം രാത്രികൾ ഊഷ്മളമായിരുന്നു. കൊക്കുകൾ ഒറ്റക്കാലിൽ നിൽക്കുന്നതുപോലെയാണ് ഞാൻ കോടതിയിൽ നിൽക്കുന്നതെന്ന് അയാൾ ഇടക്ക് പറയാറുണ്ട്. ശരിയേത് തെറ്റേത് എന്ന് ഒരു കോടതിക്കും കണ്ടെത്താൻ കഴിയില്ലെന്ന് അയാൾ വിശ്വസിച്ചു.
മലദ്വാരത്തിൽ കയറ്റിവെച്ച് കൊണ്ടുവരുന്ന കഞ്ചാവിന് ജയിലിൽ വലിയ മത്സരമാണ്. മലദ്വാര വിദഗ്ധനായ ഏതോ കുറ്റവാളി പോയിവന്നതിനാൽ ഈ രാത്രിയിൽ വലിക്കാൻ എനിക്കും കഞ്ചാവ് കിട്ടി. നാളെ ജാമ്യം ഉറപ്പുമാണ്. ഞാൻ പുകയുടെ ചുരുളുകൾ ഒട്ടുംതന്നെ പുറത്തുകളയാതെ ശ്വാസകോശത്തിൽ സംഭരിച്ചു. ശ്വാസകോശം അഴുകിയ സ്പോഞ്ചല്ല. അത്, എത്ര പുക വേണേലും സംഭരിച്ചുവെച്ച് താളവേഗത്തോടെ ശിരസ്സിലേക്ക് ലഹരി പായിക്കുന്ന ഒരു പളുങ്കുപാത്രമാണ് എന്റെ ശ്വാസകോശം. അത് തുരുമ്പെടുത്ത സ്പോഞ്ചല്ല. ഇന്ന് ലേശം കൂടുതലാണ് വലിച്ചത്. എല്ലാവരും ഉറക്കമായി.
എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. അതിന് കാരണം, എന്റെ വലതുവശത്ത് കിടക്കുന്ന വെളുത്ത് തടിച്ച മനുഷ്യനാണ്. അയാളോടൊപ്പം എങ്ങനെ കിടന്ന് ഉറങ്ങും? ഭയം എന്നെ വല്ലാതെ വേട്ടയാടി. ചിരിച്ചാൽ ചിരിക്കും. കരഞ്ഞാൽ കരയും. ഭയന്നാൽ ഭയക്കും. അങ്ങനെയാണ് കഞ്ചാവിന്റെ ഒരു കെമിസ്ട്രി. നീണ്ടുനിവർന്ന് കിടക്കുന്ന അവന്റെ ക്രൂരതയാണ് എന്നെ ഭയത്തിൽ മുക്കിയത്. തന്റെ ആത്മാർഥ സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു. അതിനുമുമ്പ് അയാളുടെ ഭാര്യയെ അയാളുടെ മുന്നിൽവെച്ച് ബലാത്സംഗം ചെയ്തു. അവസാനം സ്വർണം മുഴുവൻ മോഷ്ടിച്ച് കടന്നുകളഞ്ഞു. അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിൽനിന്നാണ് അയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജയിലിൽചുറ്റുപാടും ഉണ്ടായിരുന്നവരെല്ലാം അയാളെ കാരണം കൂടാതെ തന്നെ തല്ലിക്കൊണ്ടിരുന്നു.
ഒരു അസാമാന്യ കുറ്റവാളി ദയയുടെ ഒരംശംപോലും തീണ്ടിയിട്ടില്ലാത്ത ഒരു ക്രിമിനൽ നമ്മുടെ അരികിൽ കിടന്നുറങ്ങുമ്പോൾ എങ്ങനെയാണ് നമുക്ക് ഉറങ്ങാൻ കഴിയുക. ഞാൻ ഒരു അപരിചിതൻ. കഞ്ചാവിന്റെ പുക എന്നെ ഭയത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോയി. ഉറങ്ങിപ്പോയാൽ അയാൾ എന്നെ കൊല്ലുമെന്ന് ഞാൻ ഉറപ്പിച്ചുകഴിഞ്ഞു. അതുകൊണ്ട് ഒരു രാത്രി ഉറക്കമിളക്കാൻ ഞാൻ തീരുമാനിച്ചു. പിറ്റേന്ന് ഞാൻ ജയിൽമോചിതനായി.
നേരെ കൺഡോവ്മെന്റ് പൊലീസ് സ്റ്റേഷനിലേക്ക് ഞാൻ നടന്നു. എന്റെ പേഴ്സ്, ഡിപ്രഷന്റെ ഗുളികകൾ, മൊബൈൽഫോൺ എല്ലാം അവിടെയാണ്. നടന്നുനീങ്ങുന്നതിനിടയിൽ സെക്രട്ടേറിയറ്റിന്റെ മുന്നിലെത്തി. അവിടത്തെ തെരുവുചാരി അൽപനേരം ഇരുന്നു. ചുവപ്പുനിറമുള്ള മതിൽ. അനാഥമായ കുറേ മനുഷ്യർ. അങ്ങനെ ഒന്നും നടക്കുന്നുവെന്നുപോലും അറിയാതെ വാഹനങ്ങൾ ചീറിപ്പായുന്നു. നല്ല കാറ്റ്.
തോക്കുചൂണ്ടിയ സുരക്ഷാഭടന്മാർ പിൻഭാഗം മാറി സെക്രട്ടേറിയറ്റിനുള്ളിൽ നിലകൊണ്ടു. അനിയൻ മരിച്ചിട്ട് അന്വേഷണം നടക്കാത്തതിൽ പ്രതിഷേധിച്ചൊരാൾ ശവപ്പെട്ടിയിൽ കിടക്കുന്നു. അപകടം പറ്റിയതിന്റെ ഇൻഷുറൻസ് തുക കിട്ടാത്തതിൽ പ്രതിഷേധിച്ച് ഒരാൾ ആയിരം ദിവസം പിന്നിട്ട സമരത്തിൽ കോമാളിതൊപ്പിയും വെച്ച് കുത്തിയിരിക്കുന്നു. ഒരു തെണ്ടി എവിടെനിന്നോ കിട്ടിയ ആഹാരപ്പൊതിയിൽ അവസാനത്തെ ചോറും തിരയുന്നു. ജയിലിലായിരുന്നു മനസ്സമാധാനം. ജയിലായിരുന്നു സ്വപ്നം കാണാൻ ഭേദം.
ഇവിടത്തെ ചുവര് ചാരിയിരിക്കുന്ന സ്ത്രീയെ ഞാൻ ശ്രദ്ധിച്ചു. അവരുടെ ഭർത്താവ് വികസനപാതയുടെ രക്തസാക്ഷിയാണ്. അതിവേഗപാത എങ്ങോട്ടെന്ന് പറയാതെ നാട്ടിൽ തലങ്ങും വിലങ്ങും ഓടുകയാണ്. മനുഷ്യരുടെ വീടിന്റെ മുന്നിലും കിടപ്പറയുടെ മുന്നിലും എല്ലാം സർവേക്കല്ലുകൾ വീണുകഴിഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന കലഹത്തിൽ ആ സ്ത്രീയുടെ ഭർത്താവ് രാഷ്ട്രീയ കൊലപാതകത്തിന് വിധേയമായി. ഭർത്താവിനെ കൊന്നവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മകളയെും കൂട്ടി അവർ സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തി.
പൊലീസ് അവരുടെ മകളെ ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോയി. ഇന്ന് ആ അമ്മ നിശ്ശബ്ദയാണ്. മാനസികവിഭ്രാന്തിയുടെ വക്കിലുമാണ്. മകളെ കണ്ടിട്ട് വർഷങ്ങളാകുന്നു. അവൾ പകുതി പട്ടിണിയുമായി ആ തറയിൽ, സാരിയിൽ ഉടുവസ്ത്രത്തിൽ ഒക്കെ എനിക്കെന്റെ മകളെ തരൂ എന്ന് കണ്ണീരോടെ തുന്നിച്ചേർക്കുന്നു. ഇനിയും എത്ര ദിവസങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ ഇവരൊക്കെ അനാഥരാണ്. ആരും ശ്രദ്ധിക്കാനില്ലാത്ത കോലങ്ങൾ.
ഇടിവെട്ടിയൊരു മഴപെയ്യാൻ തുടങ്ങി. കുടയില്ലാത്തതിനാൽ ഞാൻ ആ ഇടനാഴിയിലൂടെ നടന്നു. പൊലീസ് തലങ്ങും വിലങ്ങും പായുന്നു. ആ ഭരണസിരാകേന്ദ്രത്തിൽനിന്നും എന്നാണ് രാജാക്കന്മാർക്ക് ഈ തെരുവിന്റെ ഇടനാഴിയിലേക്ക് ഇറങ്ങിവരാൻ കഴിയുക. മഴ കനത്തു. ഞാൻ വേഗം പൊലീസ് സ്റ്റേഷനിലേക്ക് നടന്നു.
(ചിത്രീകരണം: സജീവ് കീഴരിയൂർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.