മട്ടന്‍കറി സിദ്ധാന്തം

അടുക്കളത്തട്ടിലെ ഗ്രാനൈറ്റ് സ്ലാബിനുമേല്‍ ചേര്‍ത്തു​െവച്ച മൂന്ന് കുരുമുളക് മണികള്‍. ഇളക്കം നിലക്കുന്നതുവരെ കാത്തുനിന്നില്ല. കറപിടിച്ച കത്തി കിടത്തി​െവച്ചൊന്നമര്‍ത്തി. ഒരെണ്ണം തെറിച്ച് ദൂരെ പോയെങ്കിലും ചതഞ്ഞ രണ്ടെണ്ണം നനഞ്ഞ വിരലില്‍ ഒപ്പിയെടുത്ത് പാതിവെന്ത ബുള്‍സൈയിലേക്ക് ഒന്ന് തെറിപ്പിച്ചു. പാനോടെ എടുത്ത് സെറാമിക് പാത്രത്തിലെ റൊട്ടി കഷ്ണത്തിലേക്ക് ബുള്‍സൈ കമിഴ്ത്തി. ഫോര്‍ക്ക് കൊണ്ടൊന്ന് വരഞ്ഞു. ഒലിച്ചിറങ്ങിയ മഞ്ഞയുടെ അതിരുകള്‍ ചെറിയൊരു തത്രപ്പാടോടെ ഞാന്‍ മിതപ്പെടുത്തി. രുചിയുടെ ഉദ്യമമായി മാത്രം കണ്ടാല്‍ മതി ഓരോ വിശപ്പും എന്നാ സണ്ണി പറയാറ്.യൂട്യൂബ് ചാനലില്‍ സണ്ണി ആദ്യം അപ് ലോഡ്...

അടുക്കളത്തട്ടിലെ ഗ്രാനൈറ്റ് സ്ലാബിനുമേല്‍ ചേര്‍ത്തു​െവച്ച മൂന്ന് കുരുമുളക് മണികള്‍. ഇളക്കം നിലക്കുന്നതുവരെ കാത്തുനിന്നില്ല. കറപിടിച്ച കത്തി കിടത്തി​െവച്ചൊന്നമര്‍ത്തി. ഒരെണ്ണം തെറിച്ച് ദൂരെ പോയെങ്കിലും ചതഞ്ഞ രണ്ടെണ്ണം നനഞ്ഞ വിരലില്‍ ഒപ്പിയെടുത്ത് പാതിവെന്ത ബുള്‍സൈയിലേക്ക് ഒന്ന് തെറിപ്പിച്ചു. പാനോടെ എടുത്ത് സെറാമിക് പാത്രത്തിലെ റൊട്ടി കഷ്ണത്തിലേക്ക് ബുള്‍സൈ കമിഴ്ത്തി. ഫോര്‍ക്ക് കൊണ്ടൊന്ന് വരഞ്ഞു. ഒലിച്ചിറങ്ങിയ മഞ്ഞയുടെ അതിരുകള്‍ ചെറിയൊരു തത്രപ്പാടോടെ ഞാന്‍ മിതപ്പെടുത്തി. രുചിയുടെ ഉദ്യമമായി മാത്രം കണ്ടാല്‍ മതി ഓരോ വിശപ്പും എന്നാ സണ്ണി പറയാറ്.

യൂട്യൂബ് ചാനലില്‍ സണ്ണി ആദ്യം അപ് ലോഡ് ചെയ്ത വീഡിയോവും ഒരു മൊരിഞ്ഞ ബുള്‍സൈയുടേതായിരുന്നു. അന്നത് അമ്പത്തേഴുപേര്‍ കണ്ടു. രണ്ട് പേര്‍ കമന്റിട്ടു. പോയി പണി എടുത്ത് ജീവിക്കെടാ എന്ന് ഷീലാ റോസും കൊതിയാവുന്നു എന്ന് കുഞ്ഞുമോനും. ഒരു നുള്ള് ഉപ്പുപോലെ പോസിറ്റിവിറ്റി വിതറിയ കുഞ്ഞുമോന്‍. ബൈബിള്‍ വചനംപോലെ ആ കമന്റ് സണ്ണി വീണ്ടും വീണ്ടും ഉരുവിട്ടു. ഗീവര്‍ഗീസ് പുണ്യാളന്റെ ചുറ്റുമുള്ള മഞ്ഞവെളിച്ചം കുഞ്ഞുമോന്റെ കമന്റിനു ചുറ്റും വലയം തീര്‍ത്തതായി അവന് തോന്നിക്കാണണം. എന്നാല്‍, ഷീലാ റോസിനെ അവന്‍ വെറുത്തു. അതൊരു ഫേക്ക് ഐഡി ആവാമെന്ന് അനുമാനിച്ചു. സണ്ണിയുടെ ബുദ്ധി പഴക്കം ചെന്നതാണ്. പഴകി വീര്യം കൂടിയ ഒരു ഒറ്റബുദ്ധി.

ഡൊമസ്റ്റിക് ടൂര്‍സ് ഒക്കെ നടത്തി കൊടുക്കാറുള്ള ഗിരീഷേട്ടന്റെ ഹെവന്‍ലി ഹോളിഡേയ്സില്‍ മാസം പന്ത്രണ്ടേ അഞ്ഞൂറിനായിരുന്നു എനിക്ക് ജോലി. ഗിരീഷേട്ടന്‍ ഒാഫീസില്‍ ഇല്ലാത്ത സമയം നോക്കിയാണ് സണ്ണിക്ക് ഞാന്‍ യൂട്യൂബ് വീഡിയോസൊക്കെ അന്ന് എഡിറ്റ്‌ ചെയ്ത് കൊടുത്തത്. ബുള്‍സൈക്ക് ശേഷം മല്ലിയില ബജി, വീട്ടിലൊരു ബര്‍ഗര്‍, കല്യാണ ബിരിയാണി, പെരിപെരി മന്തി അങ്ങനെ രണ്ട് ദിവസത്തില്‍ ഓരോന്ന് വെച്ച് സണ്ണി കൊണ്ടുവരും. എന്നെങ്കിലും ആയിരം പേര്‍ ഒരു വീഡിയോ കണ്ടാല്‍ ഒരു കുപ്പി ബോംബേ സഫയര്‍ ജിന്‍ സണ്ണിയുടെ വക, ഇതായിരുന്നു ഓഫര്‍.

മോള്‍ക്കും മരുമോനും മുസ്സോറിയിലേക്ക് ഒരു ഹണിമൂണ്‍ ട്രിപ്പ്‌ ബുക്ക് ചെയ്യാനായി ആനവിരട്ടിയില്‍നിന്ന് ഉസ്മാന്‍ മാഷ് വിളിച്ച ദിവസം. മാഷുടെ മുപ്പത്തിയൊന്ന് സംശയങ്ങള്‍ക്ക് ഞാന്‍ ക്ഷമയോടെ ഉത്തരം കൊടുത്തു. പക്ഷേ മുപ്പത്തിരണ്ടാമത്തെ സംശയം എന്നെ തെല്ലൊന്ന് അസ്വസ്ഥനാക്കി. മുസ്സോറിയിലെ ഓര്‍ക്കിഡ് യാര്‍ഡ്‌ ഹോട്ടലില്‍ പനീര്‍ മസാല ഉണ്ടാക്കുന്നത് കടുകെണ്ണയിലാവുമോ അതോ വെളിച്ചെണ്ണയിലാവുമോ? അത് കേട്ട് ആദ്യം ഞാന്‍ ഒന്ന് വിയര്‍ത്തു. പിന്നെ കയര്‍ത്തു. അരിശത്തില്‍ ഫോണ്‍ വെച്ച ഉസ്മാന്‍ മാഷ് ഗിരീഷേട്ടനെ വിളിച്ച് അച്ചടിഭാഷയില്‍ എന്നെ മുഖ്യപ്രതിയാക്കി ഒരു കുറ്റപത്രം സമര്‍പ്പിച്ചു.

എന്നെ വെച്ച് മുന്നോട്ട് പോയാല്‍ ബിസിനസിന്റെ അടിക്കല്ല് ഇളകുമെന്നും ഓഫീസിലെ പഴയ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ പൊടിതട്ടി എടുക്കേണ്ടിവരുമെന്നും ഉസ്മാന്‍ മാഷ് പ്രവചിച്ചു. ഐ ആം ഫയേര്‍ഡ്. അതും കവലയിലെ ബേക്കറിയില്‍നിന്ന് കമ്പനിയുടെ പറ്റില്‍ രണ്ടാമത്തെ പഴംപൊരിക്കായി പറഞ്ഞ സമയം. ഞണ്ണാന്‍ മാത്രം കാണിച്ചാല്‍ പോര ഈ ആവേശം എന്ന് ഗിരീഷേട്ടന്‍ ഉറക്കെ മൊഴിഞ്ഞു. അപമാനത്തിന്റെ ആളലില്‍ ചായ ചെറുതായൊന്ന് വിരലിലേക്ക് മറിഞ്ഞ് പൊള്ളി. ഇനി കമ്പനിയുടെ പറ്റില്‍ ആര്‍ക്കും ചായ കൊടുക്കണ്ട എന്നും പറഞ്ഞ് ഗിരീഷേട്ടന്‍ അവിടെന്ന് ഇറങ്ങി. പി.എസ്.സി കോച്ചിങ് കഴിഞ്ഞ് ലൈം ജ്യൂസ് കുടിക്കാന്‍ കയറിയ എല്‍ദോച്ചായന്റെ മോള്‍ റിയയും കൂട്ടുകാരികളും വരെ അത് കേട്ടു കാണണം.

അടക്കിപ്പിടിച്ച ചിരി ചുറ്റും കണ്ടു. തോന്നലാവാം. നഗ്നനാക്കപ്പെട്ട എന്റെ ആത്മാര്‍ഥതയെ പഴംപൊരിയുടെ ഒപ്പം ഒരു ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് അവിടെ ഉപേക്ഷിച്ച് ഞാന്‍ ഓഫീസിലേക്ക് തിരിച്ച് നടന്നു. സോഷ്യല്‍ മീഡിയയില്‍ മാര്‍ക്കറ്റ് ചെയ്ത് ഞാന്‍ ഒപ്പിച്ചെടുത്ത ട്രിപ്പുകള്‍, എന്റെ കര്‍ത്തവ്യബോധം. എന്തിന്, പഴയ മോഡത്തിലെ ഒടിഞ്ഞു തൂങ്ങിയ ആന്റിന ഒട്ടിച്ച് വെക്കാന്‍ ഞാന്‍ വീട്ടില്‍നിന്ന് കൊണ്ടുവന്ന സെല്ലോടാപ്പ് വരെ ആ മേശമേല്‍ കിടപ്പുണ്ടായിരുന്നു.

അന്ന് തന്നെയായിരുന്നു കേരളത്തില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തതും ആയിരം പേര്‍ കണ്ട തന്റെ മീന്‍പൊള്ളിച്ച വീഡിയോയുടെ പേരില്‍ സണ്ണി കുപ്പി വാങ്ങിയതും. രണ്ടാമത്ത പെഗ്ഗോടുകൂടി സണ്ണിയുടെ ഒറ്റബുദ്ധി എനിക്കും പകര്‍ന്ന് കിട്ടി. ഹെവന്‍ലി ട്രാവല്‍സിന്റെ ആഴ്ന്നിറങ്ങിയ തായ് വേര് എന്നില്‍നിന്നും ഞാന്‍ പിഴുതെടുത്തു. തണല്‍ വേണ്ടെന്ന് ​െവച്ച മണ്ണ് ആദ്യമായി വെയിലിന്‍റെ ചൂടറിഞ്ഞ് ത്രസിച്ചു. ചില തണലൊക്കെ യഥാർഥത്തില്‍ വെറും നിഴല്‍ ആയിരിക്കാം. തണലാണെന്ന് തോന്നിപ്പിച്ച് ചവിട്ടിക്കയറിയ നിഴല്‍. അത് മായുമ്പോള്‍ ആകാശം കാണും. മേഘങ്ങള്‍ കാണും. പക്ഷേ പൊടിക്കാറ്റില്‍ നീറിയ കണ്ണ് തുറന്നു പിടിക്കണമെന്നുമാത്രം.

‘‘പിടിക്കാടാ, നമുക്ക് പിടിക്കാം. നീ ഒന്ന് കൂടെ നിന്നാ മതി...’’

രണ്ട് രൂപേടെ പാക്കറ്റ് അച്ചാറ് ഗ്ലാസിന്റെ വക്കില്‍ തേച്ച് പിടിപ്പിച്ച് അതില്‍ നാരങ്ങ പിഴിയുന്ന സണ്ണി എന്റെ ആത്മഗതത്തിന് മറുപടി പറയാന്‍ വഴിയില്ല. പക്ഷേ, ഞാന്‍ കേട്ടു. അവന്റെ ശബ്ദത്തില്‍തന്നെ. തൊടിയില്‍ വലിച്ച് കെട്ടിയ ടാര്‍പായയിലേക്ക് കമിഴ്ന്നടിച്ച് വീണ വെള്ളക്ക എട്ടടി മുന്നോട്ട് ചാടി പച്ചിലയിലൂടെ ഇഴഞ്ഞ് പിറകോട്ടൂന്നി​െവച്ച എന്‍റെ വലതുകൈയില്‍ വന്ന് തൊടേണ്ട താമസം, മനസ്സിലെ പദ്ധതികളെല്ലാം സണ്ണി ഒറ്റശ്വാസത്തില്‍ പറഞ്ഞ് തീര്‍ത്തു.

യൂട്യൂബ് ചാനല്‍ വിപുലീകരണം. വീഡിയോ കാണുന്നവരെ വിശപ്പില്‍നിന്നും ആര്‍ത്തിയുടെ ആഴക്കയത്തിലേക്ക് മുക്കി താഴ്ത്തണം. പായലും പരല്‍മീനുകളും തൊടാത്ത ആഴങ്ങളില്‍ ആര്‍ക്കും പിടികൊടുക്കാതെ നീന്തിത്തുടിക്കുന്ന രുചിയുടെ ചേരുവകള്‍ക്കൊപ്പം അവരുടെ നാവുകളും ശ്വാസം കിട്ടാതെ പിടയണം. ഉമിനീരില്‍ വന്യത പകരുന്ന അരണ്ട വെളിച്ചത്തിലെ ചുഴിയില്‍പെട്ട് അവര്‍ ദുര്‍ബലരാവണം. കൊതി മാറി ആര്‍ത്തി ആവണം എന്ന് ചുരുക്കം. ഒന്നാഞ്ഞു പിടിച്ചാല്‍ വരുമാനം കിട്ടും. രണ്ട് പേര്‍ക്കും പപ്പാതി ഷെയര്‍. പിന്നെ ജോസച്ചായനും കൂടെ കാണും.

‘‘ഏത് ജോസച്ചായന്‍. ടാറ് ജോസോ?’’

‘‘എടാ ചില്ലറ കൊടുത്താ മതി. ജോസച്ചായന്‍ വരും. പിന്നെ പാചകം അറിയുന്ന ഒരാളെങ്കിലും കൂടെ വേണ്ടേ...’’

സണ്ണിയുടെ ഒരു അകന്ന ബന്ധുവാണ് ഈ ടാറ് ജോസ്. നാട്ടിലെ ഒരു തലമുതിര്‍ന്ന ഗുണ്ട. തടുക്കാനാരുമില്ലാതെ വളര്‍ന്ന് പന്തലിച്ച ഒരു വടവൃക്ഷം. ജോസിന്റെ പെരുമയെ വെല്ലാന്‍ തക്കതൊന്നും ഈ മണ്ണില്‍ ഇന്നേവരെ കിളിര്‍ത്തിട്ടില്ല. പള്ളിയിലെ കോഴിനേര്‍ച്ചക്കിടെ ഉണ്ടായ കൂട്ടത്തല്ല്, സെവനാര്‍ട്സിന്റെ ഗാനമേളക്കിടയില്‍ സ്റ്റേജ് കത്തിച്ച കേസ്, റേഞ്ച് ഓഫീസർ ഡെന്നിയുടെ വെട്ടിയെടുത്ത വലതുകൈ മണല്‍ ലോറിയില്‍ ഒളിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടത്തിയ കഥ. അങ്ങനെ ചികഞ്ഞെടുക്കാന്‍ കുറേ ഉണ്ട്. ഭീതിയും രോമാഞ്ചവും നിറച്ച് കല്ല്‌ കെട്ടി ബാല്യത്തിന്റെ അടിത്തട്ടിലേക്ക് താഴ്ത്തിയ ജോസിന്റെ കഥകള്‍.

വെറും ജോസ് ടാറ് ജോസ് ആവുന്നത് ഒരു പഞ്ചായത്ത് ഇലക്ഷന്‍ കാലത്താണ്. അന്ന് പാര്‍ട്ടിക്ക് എതിരെ മത്സരിക്കാന്‍ നിന്ന നന്മമരം ദാസനെ ടാറ് പണി നടക്കുന്ന റോഡിലൂടെ അറുപത് മീറ്റര്‍ വലിച്ചിഴച്ച് സമ്പാദിച്ച പേര്. തൊട്ടടുത്തുള്ള ബിലീവേര്‍സ് ചര്‍ച്ച് ഹയൾ സെക്കന്‍ഡറി സ്കൂളിലെ എട്ടാംതരത്തില്‍ പഠിക്കുന്ന ഞാനടക്കം പ്ലസ്ടു കൊമേഴ്സിലെ സാറ ടീച്ചര്‍ വരെ അന്നാ കാഴ്ച കാണാന്‍ തിങ്ങിക്കൂടിയ ആബാലവൃദ്ധത്തില്‍ ഉണ്ടായിരുന്നു. സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായും അവസാനമായും ഒരാള്‍ കാരണം ഓണപ്പരീക്ഷ അരമണിക്കൂര്‍ വൈകി നടത്തേണ്ടിവന്ന ദിവസം.

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് നടക്കവെ റോഡിലെ ടാറില്‍ പറ്റിപ്പിടിച്ച ചോര പൊടിഞ്ഞ ലിനന്‍ ഷര്‍ട്ടിന്റെ കീറിവലിഞ്ഞ കഷ്ണത്തിന് മീതേക്കൂടി റോഡ്‌ റോളറിന്റെ ആനചക്രം ഉരുണ്ടു കേറുന്നത് ഞാന്‍ കണ്ടു. അടുത്ത ഇടവപ്പാതിയില്‍ ആ റോഡില്‍ കുഴി നിറയുമ്പോള്‍ ചളിയോടൊപ്പം കുതിര്‍ന്ന് നിവര്‍ന്ന് ആ വെള്ളത്തുണി പുറത്തേക്ക് വരുമെന്ന് ഞാന്‍ പ്രത്യാശിച്ചു.

തട്ടിന്‍പുറത്തെ കോണിപ്പടിയില്‍നിന്ന് തെന്നിവീണ് കാലില്‍ കമ്പിയിട്ടതില്‍ പിന്നെ ടാറ് ജോസ് ട്രാക്ക് മാറ്റി. ചൂഴിയാര്‍ ഷാപ്പിലെ പേര് കേട്ട പാചകക്കാരന്‍ ജോസച്ചായനായി മറ്റൊരു മുഖം. പനങ്കള്ള് ചേര്‍ത്ത കുഴിയപ്പവും വെടിയിറച്ചിയും ഇലയില്‍ പൊതിഞ്ഞുകെട്ടി പുകയടുപ്പിലെ ആവിയില്‍ വെച്ച് പൊള്ളിച്ചെടുക്കുന്ന ജോസച്ചായന്റെ ഒരു അഡാര്‍ ഐറ്റം ഉണ്ട്. ഇടയ്ക്ക് കടിക്കാനായി ഒരു വെന്ത പച്ചമുളകും കൂടി ജോസച്ചായന്‍ ആ പൊതിയില്‍ വെക്കും. എരിവ് കണ്ണില്‍ കേറി രൂപാന്തരപ്പെട്ട് ഒഴുകി ചുണ്ട് വരെയെത്തുന്ന കണ്ണീരിന്റെ ഉപ്പും കൂടിച്ചേര്‍ന്നതാണ് ആ വിഭവത്തിന്റെ യഥാർഥ പാകമെന്ന് സണ്ണി ഒരിക്കല്‍ പറഞ്ഞിരുന്നു. ഓര്‍ത്തപ്പോള്‍തന്നെ കുടിച്ച മദ്യത്തിന്റെ കെട്ടിറങ്ങി. ഒരു ലഹരി മറ്റൊന്നിനെ കീഴ്പ്പെടുത്തിയപോലെ.

ജോസച്ചായന്‍ വരണം എന്ന് എനിക്കും തോന്നി. പക്ഷേ അങ്ങേര് ഇപ്പോ എവിടെയാ? ബാക്കി പറഞ്ഞത് സണ്ണിയായിരുന്നു.

എലൈറ്റ് ബാര്‍ ഉടമയുടെ ഒത്താശയോടെ അളിയന്‍ എക്സൈസ് ഓഫീസര്‍ രണ്ടായിരത്തി പതിനഞ്ചില്‍ ചൂഴിയാര്‍ ഷാപ്പിലേക്ക് ഒരു മിന്നല്‍ റെയ്ഡ് നടത്തിയിരുന്നു. ടൈറ്റാനിയം ഡയോക്സൈഡും സാക്രിനും കലക്കിവെച്ച പിന്നാമ്പുറത്തെ കള്ളിന്റെ വീപ്പ പുറംകാല് കൊണ്ട് ചവിട്ടി മറിച്ച് ജോസച്ചായന്‍ അന്ന് ഷാപ്പീന്ന് ഓടി. അവിടെ പണിക്ക് നിന്ന മേഘാലയക്കാരന്‍ ഗഗന്‍ സാഹുവും ഒപ്പം ഓടി. പെരുംജീരകം അരച്ച് തേച്ച് ചാക്കില്‍ പൊതിഞ്ഞുവെച്ച രണ്ടര കിലോ വെരുകിറച്ചിയും അവന്‍ കയ്യില്‍ ഒതുക്കിയിരുന്നു. രണ്ട് പേരും ചൂഴിയാര്‍ പുഴയിലേക്ക് എടുത്തുചാടി.

ഒഴുക്കിനൊപ്പം നീന്തി. ചണച്ചാക്കിന്റെ നൂലിളകിയ വിടവിലൂടെ തൂര്‍ന്ന് നില്‍ക്കുന്ന ഇറച്ചി കൊത്തിവലിക്കാനായി ഒരുകൂട്ടം കല്ലേമുട്ടിയും പുള്ളിവരാലും കൂടെ കൂടി. ഗഗന്‍ സാഹുവിനെ അവ ഇക്കിളി കൂട്ടി. ഗാരോ ഭാഷയില്‍ അവന്‍ മീനുകളെ പുലഭ്യം പറഞ്ഞു. കാടണയുംതോറും പുഴ വശ്യമായി. കുന്നിറങ്ങിയ കൈവഴികള്‍ ഉള്ളില്‍ പല വേഗത്തില്‍ ഒഴുകി. സാഹുവിന്റെ കാലില്‍ വട്ടമിട്ട് പിടിച്ച അടിയൊഴുക്ക് അവനെ ഒരു ഒറ്റക്കൊമ്പനെ പോലെചുഴറ്റിയെടുത്ത് ചൂഴിയാറിന്റെ ഗര്‍ഭപാത്രത്തിലേക്ക് വലിച്ചു. അവന്റെ പേശികള്‍ കോച്ചിപ്പിടിച്ചു. കണ്‍പീലികള്‍ വലിച്ച് മുറുക്കി അലയടിച്ച തെളിവെള്ളത്തിലേക്ക് ജോസച്ചായന്റെ ബലിഷ്ഠമായ കൈകള്‍ ആഴ്ന്നിറങ്ങുന്നത് അവന്‍ കണ്ടു.

ആ കൈത്തണ്ടയിലെ നീണ്ട് നിവര്‍ന്ന രോമങ്ങളില്‍ തട്ടി മുറിവേറ്റ ഒഴുക്ക് ഒന്നയഞ്ഞതുപോലെ അവന് തോന്നി. കുമിളകളായി മേല്‍പ്പോട്ട് ഉയര്‍ന്ന ശ്വാസം വിരലുകളെ നയിച്ചു. ആര്‍ത്തട്ടഹസിച്ച പുഴയില്‍നിന്നും സാഹുവിനെ അവന്റെ കോളറില്‍ പിടിച്ച് കള്ളിമുള്ളും പാറക്കെട്ടും നിറഞ്ഞ ഒരു മലയടിവാരത്തിലേക്ക് ജോസച്ചായന്‍ വലിച്ച് കയറ്റിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. നീല നിറഞ്ഞ ഇരുട്ട്.

കാട്ടുപുല്ലിന്‍ മീതെ കാറ്റിലാടിയിഴഞ്ഞ മൂര്‍ഖന്റെ പൊഴിച്ച പടത്തിലേക്ക് ജോസച്ചായന്‍ കല്ലുരച്ച് തീ പടര്‍ത്തി. കമ്പും ഇലയും കൂട്ടിയിട്ട് കത്തിച്ചു. ഇറച്ചി ചുട്ടെടുത്തു. അവരത് സ്വാദോടെ കഴിച്ചു. കാടിന്റെ വിളിക്കായി കാതോര്‍ത്തു. കാട്ടാനയുടെ മണം പിടിച്ച് സാഹുവിനെയും കൂട്ടി ജോസച്ചായന്‍ മല കയറി.

‘‘എന്നിട്ടോ?’’

“എടാ കാട് അങ്ങ് അറിഞ്ഞ് കൊടുത്തു. പുള്ളി ഇപ്പൊ വല്ല്യ സെറ്റപ്പ് ആയില്ലേ. നീര്‍ക്കടമ്പ്, മാഞ്ചിയം, പൂച്ചക്കടമ്പ്, വെള്ളീട്ടി... എന്തിന്, മുന്തിയ ഇനം വിലായത്ത് ബുദ്ധ വരെ ജോസച്ചായന്‍ കടത്തി. താറിന്റെ ഒരു പുതിയ ഫുള്‍ ഓപ്ഷന്‍ ജീപ്പില്ലേ?’’

“ഓ...”

“ആ, അതൊക്കെ എടുത്തു. പഴയ ടാറല്ല. ഇത് താറ്...”

സണ്ണി ഇതും പറഞ്ഞ് മേലോട്ട് നോക്കി മലര്‍ന്ന് കിടന്നു.

അടുത്ത പുലരി ജോസച്ചായനെ വരവേറ്റു. പൊടി പറത്തുന്ന ജീപ്പുംകൊണ്ട് ജോസച്ചായന്‍ മലയിറങ്ങി. ഒരു റീലിനായി അവന്‍ വെച്ച ഫ്രെയിമിലേക്ക് ജോസച്ചായന്റെ മാസ് എന്‍ട്രി. പഴയ പോലല്ല. നന്നായി തടിച്ചു. ദോശമാവ് പുളിച്ചുപൊങ്ങിയതുപോലെ നേര്‍ത്ത സുഷിരങ്ങള്‍ വീണ തുടുത്ത വെള്ള കവിളുകള്‍. ചുരുട്ട് വലിച്ച് വാടിയ ആ ചാരനിറമുള്ള ചുണ്ടുകള്‍ നരച്ച് ഇടതൂര്‍ന്ന മീശയിലേക്ക് ലയിച്ച് ചേരുന്നതുപോലെ എനിക്ക് തോന്നി.

ജോസച്ചായന്റെ പിറകെ ഗഗന്‍ സാഹുവും ജീപ്പില്‍നിന്ന് ഇറങ്ങി. മെല്ലിച്ച ശരീരം. ചിരിക്കുന്ന മുഖം. ജെല്ല് തേച്ച് മിനുക്കിയ നീളന്‍ മുടി.

സണ്ണിയുടെ പുറത്തൊന്ന് തട്ടി എന്തോ സ്വകാര്യം പറഞ്ഞ ജോസച്ചായന്‍ എന്റെ നേരെ നടന്നു. ഒറ്റയാനെപോലെ തലയാട്ടിക്കൊണ്ട് എന്നെ ഒന്ന് നോക്കി.

“നിന്റെ അപ്പനെ എനിക്ക് അറിയാം. ചോദിച്ചാല്‍ മതി...”

“സെമിത്തേരീ ചെന്ന് ഞാന്‍ ഇനി അപ്പനോട് ചോദിക്കണോ ജോസച്ചായനെ അറിയോ എന്ന്?”

ഒപ്പത്തിനൊപ്പം നിന്ന എന്റെ മറുപടി ജോസച്ചായനെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി. പക്ഷേ, ആസൂത്രിതമായിരുന്നു. ഒരു ബിസിനസ് ആയതിനാല്‍ അര്‍ഹിക്കുന്ന ബഹുമാനംപോലും കൊടുത്ത് ജോസച്ചായനെ തലയില്‍ കേറ്റരുതെന്ന് ഞാനും സണ്ണിയും മുന്നേ തീരുമാനിച്ചിരുന്നു.

“ഓ, മാത്തച്ചന് മിന്നലേറ്റ കാര്യം ഞാനങ്ങ് മറന്നെടാ ഉവ്വേ,”

കടും മഞ്ഞ കവറുള്ള മൊബൈല്‍ ഫോണ്‍ എനിക്ക് പിടിക്കാന്‍ തന്നശേഷം ജോസച്ചായന്‍ തന്റെ കള്ളിമുണ്ട് ഒന്ന് വലിച്ച് കെട്ടി. ഫോണ്‍ കവര്‍ വാങ്ങാന്‍ പോയത് ഗഗന്‍ സാഹു ആവാമെന്ന് അവന്റെ ടീ ഷര്‍ട്ട് നോക്കി ഞാന്‍ അനുമാനിച്ചു. ജീപ്പിന്റെ പിറകില്‍നിന്ന് ഒരു അലൂമിനിയം ബക്കറ്റ് എടുത്തുകൊണ്ടുവന്ന സാഹു അത് സണ്ണിയുടെ മുന്നില്‍ വെച്ചു. അതിനകത്തായി വലയില്‍ കെട്ടിവെച്ച തവിട്ട് നിറമുള്ള രണ്ട് കാട്ടു മുയലുകള്‍.

ഇരുത്തി പുകച്ച മുയലിറച്ചി എന്നായിരുന്നു അന്നത്തെ വീഡിയോയുടെ തലക്കെട്ട്. മുയലിറച്ചി ചുവന്ന മാംസമാണെന്ന എന്റെ തെറ്റിദ്ധാരണ മാറിക്കിട്ടി. കല്യാണ ആല്‍ബത്തിലെ വരനെ പോലെ ജോസച്ചായന്‍ വീഡിയോയില്‍ നിറഞ്ഞാടി. മുയല്‍ സ്വന്തം കാഷ്ഠം തിന്നുന്ന ജീവിയാണെന്ന് ആവേശത്തോടെ പറഞ്ഞശേഷം വെന്ത ഒരു കഷണമെടുത്ത് അയാള്‍ സാഹുവിന്റെ വായിലേക്ക് വെച്ചുകൊടുത്തു.

ഒന്നുരണ്ട് ടെലിഗ്രാം, ഫേസ്ബുക്ക് ഗ്രൂപ്പുകളിലുംകൂടി ഷെയര്‍ ചെയ്തതോടെ മുപ്പതിനായിരത്തോളം പേര്‍ നാലഞ്ച് ദിവസത്തിനുള്ളില്‍ ആ വീഡിയോ കണ്ടു. കേട്ടുകേള്‍വി പോലുമില്ലാത്ത വിഭവങ്ങള്‍ പിന്നീട് ജോസച്ചായന്റെ കൈപുണ്യത്തോടെ അടുപ്പില്‍ പുകഞ്ഞു. സണ്ണി പറയാറുള്ളതുപോലെ സംഭവം കളറായി. നാട്ടില്‍ എല്ലാവരും ഞങ്ങളെ തിരിച്ചറിയാന്‍ തുടങ്ങി. ഗിരീഷേട്ടന്‍ ചോറ് കഴിക്കാറുള്ള സമയം നോക്കി അതേ ഹോട്ടലില്‍ പോയി ഞങ്ങള്‍ കുഴിമന്തി കഴിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം വീഡിയോ കാണുന്നവരുടെ എണ്ണവും കൂടി.

കാവക്കയം തട്ടില്‍നിന്നും ചൂഴിയാറിന്റെ ഓരം പിടിച്ച് കാട് കയറുന്ന ഒരു വഴിയുണ്ട്. അയര്‍ലൻഡിലേക്ക് കുടിയേറിയ എല്ല് ഡോക്ടര്‍ കുര്യാക്കോസിന്റെ അനാഥമായി കിടക്കുന്ന തറവാടാണ് ആ വഴിയിലെ അവസാനത്തെ വീട്. സണ്ണി അത് ചുളുവിലയ്ക്ക് വാടകക്ക് എടുത്തു. ഗേറ്റിന്റെ മുന്‍വശം വരെ ഡോക്ടര്‍ സ്വന്തം ചെലവില്‍ ചെങ്കല്ല് വെട്ടി പാകി വഴി നിരപ്പാക്കിയിട്ടുണ്ട്. അവിടെ വല്ലപ്പോഴും വന്ന് വീട് വൃത്തിയാക്കുന്ന ക്ലിന്റോ ആയിരുന്നു ചാവി കൈമാറാൻ വന്നത്. കാട്ടില്‍ പോയി തേനെടുക്കലും റബര്‍ ടാപ്പിങ്ങുമാണ് തൊഴില്‍. മനുഷ്യരിലേക്ക് അധികനേരം തുറന്ന് പിടിക്കാന്‍ മടിയുള്ള അവന്റെ കണ്ണുകള്‍ ആ വലിയ വീട്ടിനകത്തേക്ക് തന്നെ ഇടക്കിടെ പാഞ്ഞുകയറി ഒളിക്കുന്നതായി എനിക്ക് തോന്നി.

അവനെ കവര്‍ന്നെടുക്കുന്നത് പോലെ ജോസച്ചായന്റെ കൃഷ്ണമണി ഒന്ന് വികസിച്ചു. അവന്റെ താടിയില്‍ ഒന്ന് ചെറുതായി തട്ടി മുഖമുയര്‍ത്തിച്ചു. സ്വൽപം പേടിയോടെ അവന്‍ ചിരിച്ചു.

“നിന്റെ അപ്പനെ എനിക്കറിയാം. ചോദിച്ചാല്‍ മതി...”

ജോസച്ചായന്റെ ഒരു രീതി അതാണെന്ന് എനിക്ക് മനസ്സിലായി. അയാള്‍ അവനെ ചേര്‍ത്ത് പിടിച്ച ശേഷം എന്റെ ബാക്ക്പാക്കിന്റെ സൈഡ് പോക്കറ്റില്‍ ഉണ്ടായിരുന്ന പാതി കുടിച്ച പെപ്സിയുടെ കുപ്പിയെടുത്ത് അവന് കൊടുത്തു. സണ്ണിയുടെ കയ്യിലെ കാനോണിന്റെ എം ഫിഫ്റ്റി ക്യാമറ ക്ലിന്റോയുടെ കണ്ണില്‍ പെട്ടു. ആദ്യമായി അവന്റെ ശബ്ദം ഉയര്‍ന്നു.

“സിനിമാക്കാരാണോ ?”

“അല്ലടാ, യൂട്യൂബില്‍ വീഡിയോ ചെയ്യാനാ...”

അവന്റെ കയ്യിലെ നമ്പര്‍പാഡുള്ള ഫോണ്‍ കണ്ടതിനാലാവാം സണ്ണി ആ വിഷയത്തില്‍നിന്നും തെന്നിമാറി.

“ഡോക്ടര്‍ നിനക്ക് എത്ര തരും?”

“മാസം ഒരു അഞ്ഞൂറ്.”

“ജോസച്ചായാ, ഞാന്‍ പറഞ്ഞില്ലേ ആള് ഒരു എച്ചിയാ...”

അത് കേള്‍ക്കേണ്ട താമസം. ജോസച്ചായന്‍ കീശയില്‍നിന്ന് ഒരു പുത്തന്‍ രണ്ടായിരത്തിന്റെ നോട്ടെടുത്ത് അവന്റെ കയ്യില്‍ പിടിപ്പിച്ചു.

“ടാ മോനേ. റിസര്‍വ് ബാങ്കിന്ന് ഇന്നലെ അടിച്ച് ഇറക്കിയ നോട്ടാ. ഒന്ന് മടക്കിയാ ടപ്പേന്ന് കേള്‍ക്കും.”

നോട്ട് മടക്കാനായി മുതിര്‍ന്ന അവന്‍ അത് തന്റെ പാന്റിന്റെ കീശയിലേക്ക് കുത്തനെ നിവര്‍ത്തി തന്നെ വെച്ചു.

“ഇപ്പൊ പൊക്കോ. ജോസച്ചായന്‍ വിളിക്കും. നീ വന്നാ മതി.”

അവന്‍ ചിരിച്ചു. നാട്ടില്‍ ഇതുവരെ കണ്ട് പരിചിതമല്ലാത്ത ഒരു ചിരി. ഒരുപക്ഷേ കാടിന്റെ ചിരിയാവാം. കുന്നിന്‍ചെരുവിലൂടെ തമ്പേറടിച്ച കാറ്റ് അവന്റെ ചെമ്പന്‍മുടിയിലേക്ക് ഇറങ്ങി വന്ന് ആ ചിരിയില്‍ മയങ്ങി ഞങ്ങളെ ഒന്ന് വലംവെച്ചതായി എനിക്ക് തോന്നി.

ഞരങ്ങിക്കരയുന്ന മരങ്ങളുടെ ഇടയിലായിരുന്നു ആ രാത്രി. ഹാളിന്റെ പടിഞ്ഞാറ് വശത്തെ മുറി. കടയോടെ വെട്ടിയ മരത്തിന്റെ കാതലില്‍ തെളിയുന്നതുപോലെ ചുമരുകളിലായി ഒലിച്ചിറങ്ങിയ ഈര്‍പ്പം വരച്ചിട്ട ചിത്രങ്ങള്‍. വിജാഗിരി ഇളകിക്കിടക്കുന്ന ജനലിന്റെ വിടവിലൂടെ ചൂളമടിക്കുന്ന മഞ്ഞു കാറ്റ്. മുത്തശ്ശിയുടെ മണമുള്ള കിടക്ക. ഓർമകള്‍കൊണ്ട് മൂടുന്ന പുതപ്പ്. ശ്വാസമെടുക്കാന്‍ മുതിരാതെ മരിച്ച ഉറക്കം.

തൊടിയിലെ വെങ്കണയുടെ ചുവട്ടിലായിരുന്നു അടുത്തദിവസം അടുപ്പ് ഒരുക്കിയത്. തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഉപ്പിലയില്‍ പൊതിഞ്ഞു കൊണ്ടുവന്ന പോത്തിന്റെ കുടലും പണ്ടവും കരിമ്പനടിച്ച പഴംതുണിപോലെ ജോസച്ചായന്‍ നിവര്‍ത്തിയിട്ടു. പപ്പടംകുത്തിയില്‍ കുടല്‍ കോര്‍ത്തെടുത്ത് സാഹു നിമിഷനേരംകൊണ്ട് അത് വൃത്തിയാക്കി. ഒരു പത്ത് തവണയെങ്കിലും കഴുകിക്കാണണം. ചെറിയ കഷ്ണങ്ങളായി വെട്ടിയെടുത്ത പോട്ടിയില്‍ രസക്കൂട്ട് തേച്ച് പിടിപ്പിച്ചു. വറുത്തെടുത്ത ഉള്ളി കൈകൊണ്ട് പൊടിച്ച് മേലെ വിതറിയ ശേഷം മസാല പിടിച്ചോ എന്നറിയാന്‍ ജോസച്ചായന്‍ ഒരു കഷ്ണം പച്ചയിറച്ചി എടുത്ത് വായിലേക്കിട്ടു.

എഡിറ്റ്‌ ചെയ്തപ്പോള്‍ ഞാന്‍ കാണിച്ച ശ്രദ്ധക്കുറവായിരുന്നു. പോട്ടി ഫ്രൈയുടെ ഇരുപത്താറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലും ആ ഭാഗം അതുപോലെ തന്നെ വന്നു. പച്ചയിറച്ചി ചവച്ചാസ്വദിച്ച് കഴിക്കുന്ന മനുഷ്യന്‍ പലരിലും അറപ്പുളവാക്കി. കമന്റ് ബോക്സ് കൂട്ട തെറിവിളികൊണ്ട് നിറഞ്ഞു. കുറച്ചു പേര്‍ ന്യായീകരിച്ചു. ആ വീഡിയോ എടുത്ത് പലരും ട്രോളി. എനിക്കും സണ്ണിക്കും ആദ്യത്തെ വൈറല്‍ വൈബ് കിട്ടി. രണ്ട് ദിവസംകൊണ്ട് ഞങ്ങളുടെ വീഡിയോ പത്ത് ലക്ഷത്തോളം പേര്‍ കണ്ടു. സണ്ണിയുടെ കണ്ണ് നിറഞ്ഞു. വൈകിയാണെങ്കിലും ജോസച്ചായനെ തേടി ആരാധകരെത്തി.

ഒരു ലോക്കല്‍ ഹീറോ പരിവേഷം അയാളുടെ കണ്ണുകളില്‍ ജ്വലിച്ചു. ഓരോ കോശത്തെയും ഉന്മേഷഭരിതമാക്കി. രാത്രിയില്‍ മൂക്കറ്റം കുടിച്ചശേഷം അയാള്‍ വീടിന് ചുറ്റും ഒരു ആനയെപോലെ കുലുങ്ങി ഓടി. ഒറ്റമുണ്ട് പാതിവഴിയില്‍ അഴിഞ്ഞ് വീണു. പൂർണ നഗ്നനായി. മുണ്ടും കയ്യില്‍ പറത്തിക്കൊണ്ട് സാഹു പിന്നാലെ ഓടി. ആ നഗ്നത ഒപ്പിയെടുക്കാനായി നിലാവ് ചാഞ്ഞ പൊന്തകളില്‍ കാടിന്റെ അജ്ഞാത നേത്രങ്ങള്‍ തിളങ്ങി.

ഒരുദിവസം ഞങ്ങളെ മുന്നിലിരുത്തി മട്ടന്‍കറി സിദ്ധാന്തം എന്ന പേരില്‍ സണ്ണി ഒരു കേസ് സ്റ്റഡി അവതരിപ്പിച്ചു. രണ്ട് വ്യത്യസ്തരായ ആള്‍ക്കാര്‍ യൂട്യൂബിലേക്കായി മട്ടന്‍കറി ഉണ്ടാക്കുന്ന വീഡിയോ എടുക്കുന്നു. അതില്‍ ആദ്യത്തെയാള്‍ ചേരുവകളില്‍ ശ്രദ്ധിക്കുന്നു. രണ്ടാമത്തെയാള്‍ തന്റെ ആടിനെ കാണിച്ച് തുടങ്ങുന്നു. പുല്ലും വെള്ളവും കൊടുത്ത് ഒാമനിച്ച ആടിനെയാണ് വീഡിയോയില്‍ അയാള്‍ കശാപ്പ് ചെയ്യുന്നത്. വീഡിയോ കാണുന്ന പലരും അതിനെ കൊല്ലണ്ടായിരുന്നു എന്ന് അഭിപ്രായപ്പെടുന്നു. സഹൃദയര്‍ കണ്ണീരൊഴുക്കിയ ശേഷം അത്താഴത്തിന് ഇറച്ചി കഴിച്ചു.

രണ്ടാമത്തയാളുടെ വീഡിയോ കാണുന്നവരുടെ എണ്ണത്തിലെ വർധനവില്‍ ഉടനീളം ആടിന്റെ ആത്മാവ് ഒരു ഇന്ധനമായി വര്‍ത്തിക്കുന്നതായി സണ്ണി ചൂണ്ടിക്കാട്ടി. തിയറി ശരി​െവച്ച ജോസച്ചായന്‍ ആവേശത്തോടെ എഴുന്നേറ്റ് കൈ അടിച്ചു. ഒന്നും മനസ്സിലാവാത്ത സാഹു തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും പറഞ്ഞ് ജയ് വിളിച്ചു. പിന്നീട് അങ്ങോട്ട്‌ ഞങ്ങള്‍ ചെയ്ത വീഡിയോകളില്‍ പറ്റാവുന്നിടത്തൊക്കെ ഈ സിദ്ധാന്തം വലിച്ചിഴക്കപ്പെട്ടു. വരുമാനം മെച്ചപ്പെട്ടു.

 

ദിവസങ്ങള്‍ കഴിയുംതോറും സണ്ണി ജോസച്ചായനുമായി കൂടുതല്‍ അടുത്തു. അവര്‍ കാട് കയറി വിലക്കിയ പലതിനെയും രഹസ്യമായി വേട്ടയാടി. ആട്ടിറച്ചി എന്ന പേരില്‍ ചിലത് മാത്രം വീഡിയോയില്‍ ഉള്‍പ്പെടുത്തി. കെണിവെച്ച് പിടിച്ച മുള്ളന്‍പന്നിയെയും മലമ്പാമ്പിനെയുമൊക്കെ ഞാനും രുചിച്ച് നോക്കിയിട്ടുണ്ട്. ഇടയ്ക്കൊക്കെ നാവ് കുഴഞ്ഞുപോവുന്നതുപോലെ തോന്നും. കുറേ അധികം ജീവികളുടെ തൊലിയും എല്ലുകളും ആ വീടിന് ചുറ്റും അടിഞ്ഞുകൂടി. ജൈവാംശം കൂടിയ മണ്ണില്‍ ജോസച്ചായനും സണ്ണിയും കൊഴുത്തു. കാട് മൊത്തം തിന്ന് തീര്‍ക്കാന്‍ സാധിക്കുന്ന ഒരു മൃഗം മാത്രമേ ഉള്ളൂവെന്നും അത് മനുഷ്യനാണെന്നും അവര്‍ വിശ്വസിച്ചു.

“ജോസച്ചായന്‍ ഇനി എന്താ തിന്നാന്‍ ബാക്കിയുള്ളത്?”

ശവംതീനി ഉറുമ്പുകളെപ്പോലെ പതിയെ അരിച്ചുകയറുന്ന ഒരു ഭ്രമം സണ്ണിയുടെ ആ ചോദ്യത്തില്‍ ഞാന്‍ കണ്ടു.

“ആനയെയും മനുഷ്യനെയും. അതില്‍ ആനയെ എനിക്ക് വേണ്ട.”

“അപ്പോ പുലിയോ?”

ജോസച്ചായന്‍ തന്റെ അരയില്‍ തിരുകിവെച്ച ഒരു ചെറിയ തുകല്‍സഞ്ചി തുറന്ന് അതില്‍നിന്ന് ഒരു പുലിനഖവും നീണ്ട രണ്ട് പല്ലുകളും പുറത്തെടുത്തു.

“ഒറിജിനലാ. ഇത് അരയില്‍ വെച്ചാ എനിക്ക് ഒരു ധൈര്യാ. പുലി മാത്രല്ല, മലമുഴക്കി വേഴാമ്പലിനെ വരെ ഈ ജോസ് തിന്നിട്ടുണ്ട്. അല്ലേടാ സാഹു?”

“ശരിയാ സേട്ടാ...”

സാഹു ആരാധനയോടെ പറഞ്ഞു. അവന്റെ മനസ്സില്‍ ജോസച്ചായന്‍ ദൈവതുല്യനായിരുന്നു. അയാള്‍ പറയുന്നത് നിയമം. അയാള്‍ കുടിച്ചതിന്റെ ബാക്കി വീഞ്ഞ്. അയാളുടെ പിറകെ നടന്നാല്‍ സ്വർഗം. ജോസച്ചായന്റെ ഗ്ലാസിലെ മദ്യത്തില്‍ കിടന്ന് കറങ്ങുന്ന ഐസ് ക്യൂബ് പോലെ സാഹു ആ ലഹരിയിലേക്ക് അലിഞ്ഞുചേര്‍ന്നു.

കാവക്കയംതട്ടിന്‍റെ കിഴക്കുവശത്തെ കോണ്‍വെന്റിനോട്‌ ചേര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുന്ന രണ്ട് ടെലിഫോണ്‍ പോസ്റ്റുകള്‍ പിഴുതെടുക്കാന്‍ ജോസച്ചായന്‍ തീരുമാനിച്ച രാത്രി. പോസ്റ്റിന്റെ താഴത്തെ ഭാരമുള്ള ലോഹസങ്കരം മുറിച്ചും മേല്‍ഭാഗത്തെ കവചം നിവര്‍ത്തിയും വില്‍ക്കുന്നത് ജോസച്ചായന്റെ മറ്റൊരു സ്വയംതൊഴിലായിരുന്നു. കോണ്‍വെന്റിന്റെ പിറകുവശത്തെ മുളംകവാടത്തിന് മുന്നില്‍ കമ്പിപ്പാരയുമായി ജോസച്ചായനെയും സാഹുവിനെയും ക്ലിന്റോയെയും ഇറക്കിവിട്ട ശേഷം സാഹസികതക്ക് മുതിരാതെ ഞാനും സണ്ണിയും വീട്ടിലേക്ക് മടങ്ങി.

മുറ്റത്തായി നനുത്ത് കിടന്ന ആനപ്പിണ്ടം സണ്ണിയായിരുന്നു ആദ്യം കണ്ടത്. അതിന്റെ ഗന്ധം ഞങ്ങളെ വന്ന് മൂടി. വീട് പ്രദക്ഷിണം​െവച്ച് പോയ ആനയുടെ നിഴല്‍ വീണ് നിലാവ് ഇരുണ്ടിരുന്നു. ജോസച്ചായന്‍ ഉണ്ടായിരുന്നെങ്കില്‍ അതിനെ ഗ്രില്‍ ചെയ്തേനേയെന്ന് സണ്ണി വീമ്പിളക്കി. മനുഷ്യര്‍ കാട് കയറുംതോറും കാട് ഇറങ്ങിവരും എന്നതാണ് സത്യം. കറുത്ത മുടിക്കെട്ടുമായി ചുറ്റും ചലിക്കുന്ന കാടിന്റെ ശബ്ദം ഞാന്‍ കേട്ടു. ജനലിനോട്‌ ചേര്‍ത്തുവെച്ച കയര്‍കട്ടില്‍ ഞാന്‍ മറുവശത്തേക്ക് തള്ളിനീക്കി. സ്വപ്നങ്ങളെ പേടിച്ച് കമിഴ്ന്ന് കിടന്നു.

അടുത്തദിവസം ഉച്ചയോടെയാണ് എഴുന്നേറ്റത്. സണ്ണിയെ കണ്ടില്ല. ജോസച്ചായനും സാഹുവും ഹാളില്‍ മൂടിപ്പുതച്ച് കിടപ്പായിരുന്നു. അടുക്കളയില്‍ ചൂട് മാറാത്ത വാട്ട കപ്പയും ഇറച്ചിക്കറിയും. ആര്‍ത്തിയോടെ കഴിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ അടിവയറ്റില്‍ വേദന തുടങ്ങി. നിര്‍ത്താതെ ഛർദിച്ചു. ടൗണില്‍നിന്ന് മടങ്ങിയെത്തിയ സണ്ണിയാണ് എന്നെ മേരി മാതാ ആശുപത്രിയില്‍ എത്തിച്ചത്.

മുഖത്തും കഴുത്തിലുമൊക്കെ ചുവന്ന് പൊങ്ങിത്തുടങ്ങി. ശരീരം ആകെ തളര്‍ന്നു. ഒരാഴ്ച അവിടെ കിടന്നു. എന്താ കഴിച്ചതെന്ന് ഡോക്ടര്‍ ഒരുപാട് തവണ ചോദിച്ചു. ആട്ടിറച്ചി എന്ന് പറഞ്ഞത് ഡോക്ടര്‍ക്ക് അത്ര ദഹിച്ചില്ല. അയാളുടെ മുഖത്തൊരു സന്ദേഹം ഉണർന്നു. അലര്‍ജിയാണെന്നും കഴിച്ചതെല്ലാം ഓര്‍ത്തെടുക്കാനും പറഞ്ഞു.

“സത്യത്തില്‍ അത് എന്തായിരുന്നു?”

ഉച്ചഭക്ഷണവുമായി വന്ന സണ്ണിയോട് ഞാന്‍ രഹസ്യമായി ചോദിച്ചു.

“ഡോക്ടറോട് പറയാന്‍ പറ്റില്ല.”

“അതെന്താ?”

“കോണ്‍വെന്റിലെ ലാബ്രഡോറിനെ കാണാനില്ലെന്ന് പറഞ്ഞ് ഫാദര്‍ പരാതി കൊടുത്തിട്ടുണ്ട്.”

എനിക്ക് ഓക്കാനം വന്നു.

“ആ സാഹുവിന്റെ പണിയാ. അവന്റെ നാട്ടിലൊക്കെ കഴിക്കാറുണ്ട്.”

രണ്ട് ദിവസംകൂടി ഒന്നും കഴിക്കാതെ ഞാന്‍ ഡ്രിപ്പിട്ട് കിടന്നു. ഒരു സഹായത്തിനായി സണ്ണി ക്ലിന്റോയെ അയച്ചു. അവന്‍ പൊതിഞ്ഞ് കൊണ്ടുവന്ന പിടിയും ഇടിയിറച്ചിയും ഡോക്ടര്‍ എന്നെ കഴിക്കാന്‍ സമ്മതിച്ചില്ല. ഞങ്ങള്‍ കാന്റീന്‍ വരെ നടന്നു പോയൽപം കഞ്ഞി കുടിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം ശരീരം ഒന്ന് തണുത്തതായി തോന്നി.

മുറിയിലെ ജനലടക്കുന്നതിനിടെ പച്ചമെഴുപ്പുള്ള സണ്‍ഷെയ്ഡിലേക്ക് പൈപ്പിലൂടെ ഏന്തിവലിഞ്ഞ് കയറിയ എലിയെ കണ്ട് ക്ലിന്റോ അന്ന് ഉറക്കെ നിലവിളിച്ചു. മുറിയിലേക്ക് ഓടി വന്ന സിസ്റ്റര്‍ എലിയുടെ കാര്യം കേട്ട് അവനെ ശകാരിച്ചു.

“സിസ്റ്ററെ എനിക്ക് മ്യൂസോഫോബിയ... അങ്ങനെ എന്തോ വല്ല്യ അസുഖാണെന്നാ പണ്ട് ഒരു ക്യാമ്പിന് വന്ന ഡോക്ടര്‍ പറഞ്ഞത്.”

കുറച്ച് ദൂരേക്ക് മാറിനിന്ന ക്ലിന്റോയുടെ കണ്ണ് നിറഞ്ഞു.

“അത് എന്തുവാ?”

“എലിപ്പേടി.”

“എടാ ചെറുക്കാ, ഇവിടെ കൊറോണ വന്ന് ആള്‍ക്കാര് ചാവാന്‍ കിടക്കാ. ഇങ്ങനെ കിടന്ന് കാറല്ലേ.”

നാല് വയസ്സ് വരെ അവന്റെ മനസ്സിലും എലി ഒരു സാധുജീവി ആയിരുന്നു. പനിച്ച് വിറച്ച് പുതപ്പില്‍ ചുരുണ്ട് കൂടിയ അമ്മ ഏറെ നേരം കഴിഞ്ഞും വിളിക്കാതായപ്പോള്‍ വിശപ്പറിക്കാന്‍ അവന്‍ പുതപ്പ് വലിച്ച് താഴ്ത്തി. ശ്വാസം അനക്കാതെ ദ്രവിച്ച് കിടന്ന പനിച്ചൂട് അന്നവന്റെ മുഖത്തേക്ക് ഒട്ടിച്ചേര്‍ന്നു. നീറി. ആള്‍ക്കാര്‍ കൂടേ, ചുറ്റും അടര്‍ന്ന് വീണ അടക്കം പറച്ചിലുകളിലാണ് എലിപ്പനി എന്നാദ്യം കേട്ടത്. എലി ആയിരുന്നു എല്ലാത്തിനും കാരണം എന്ന് മാത്രം അവന് മനസ്സിലായി. ആ ജീവി അവനെ ഭയപ്പെടുത്തി. മച്ചിന്‍പുറത്തെ പരക്കം പാച്ചിലുകള്‍വരെ അവനെ കീഴ്പ്പെടുത്തി.

“ആ പനിച്ചൂടിന്റെ മണം ഇപ്പോഴും എന്റെ ചുറ്റുമുണ്ട്.”

“എന്ത് മണം?” ഞാന്‍ ചോദിച്ചു.

“നെല്ല് പുഴുങ്ങി വിരിച്ചാലുള്ള ഒരു മണമില്ലേ, അതായിരുന്നു അമ്മയ്ക്ക്.”

ജനലുകള്‍ ഭദ്രമായി വലിച്ചടച്ച് താഴെ പോയി കാപ്പി വാങ്ങി കൊണ്ടു തന്ന ശേഷം അവസാന ബസിന്റെ സമയം നോക്കി ക്ലിന്റോ ഇറങ്ങി.

ഞാന്‍ ഇല്ലാത്ത ദിവസങ്ങളില്‍ സണ്ണി തനിച്ച് തന്നെ വീഡിയോ എഡിറ്റ്‌ ചെയ്തു. എന്റെ ഷെയര്‍ കൃത്യമായി അക്കൗണ്ടില്‍ വന്നു. ഡൊമനിക്കന്‍ ഓക്സ് ടെയില്‍ റെസിപ്പി കണ്ട് പഠിച്ച് അവന്‍ ചെയ്ത പോത്തിന്റെ വാല് കറിയും ബീഫ് ടങ് ടാക്കോയും രണ്ടര മില്യണിലേറെ ആള്‍ക്കാര്‍ കണ്ടു. എന്റെ ആവശ്യം ഇനി അങ്ങോട്ടില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. എങ്കിലും കുറച്ച് നാള്‍ കൂടി ഒപ്പം നില്‍ക്കണം. കോവിഡ് ഒന്ന് കലങ്ങി തെളിയുമ്പോഴേക്കും സ്വന്തമായി ഒരു ടൂറിസ്റ്റ് ഓഫീസ് തുടങ്ങാനുള്ള കാശ് എങ്കിലും കയ്യില്‍ വേണം.

ആശുപത്രിയില്‍ പലരും എന്നെ തിരിച്ചറിഞ്ഞ് സെല്‍ഫി എടുക്കാനായി വന്നു. ചില നഴ്സുമാരും സെക്യൂരിറ്റി ജീവനക്കാരും തൂപ്പ് ജോലിക്കാരും വാതിലിനരികില്‍ വന്ന് എന്നെ ശരിക്കൊന്ന് നോക്കി കടന്നുപോവുന്നത് പതിവായി. ചിലര്‍ വീഡിയോ കാണാറുണ്ടെന്ന് പറഞ്ഞു. ചിലര്‍ ഒരു ചിരിയോടെ മറഞ്ഞു. വാര്‍ഡിലെ ഒരു ജൂനിയര്‍ നഴ്സിന്റെ അഞ്ചാം തരത്തില്‍ പഠിക്കുന്ന കൊച്ച് വന്ന് പുതിയ വീഡിയോകളില്‍ എന്നെ കാണാത്തതിന്റെ പരിഭവം അറിയിച്ചു. അതൊഴിച്ചാല്‍ ആശുപത്രി കിടക്കയിലെ വിരസതയില്‍ ഞാന്‍ പലപ്പോഴും താഴ്ന്നു പോയി.

കവറില്‍ പൊതിഞ്ഞുവെച്ച റൊട്ടിയുടെ ശേഷിപ്പ് തൊണ്ടയെ വരിഞ്ഞ് മുറുക്കി. ഫ്ലാസ്കിലെ ചായക്കും ഇളംറോസ് നിറത്തിലുള്ള നീളന്‍ ഗുളികക്കും പച്ചവിരിക്കും ഡോക്ടറുടെ കൈക്കുമെല്ലാം ഒരേ ഗന്ധം. ജനലിലൂടെ ഒഴുകിയെത്തിയ തിരക്കൊഴിഞ്ഞ നഗര കാഴ്ചകളിലേക്ക് ഞാന്‍ അഭയം തേടി. തെരുവോരത്ത് ചത്തുമലര്‍ന്ന് കിടക്കുന്ന പ്ലാസ്റ്റിക് സഞ്ചികളും കടലാസ് കഷ്ണങ്ങളുംപോലെ എന്റെ ചിന്തകള്‍ ചിതറിക്കിടന്നു. ചരക്കു ലോറികള്‍ വന്നാല്‍ മാത്രം അവക്കൊപ്പം കാറ്റില്‍ ഉയിര്‍ത്തെഴുന്നേറ്റ് പിന്തുടര്‍ന്നു. ചുരം കയറുന്നതിന് മുന്നേ തെന്നിമാറി കാടണയാന്‍ കൊതിച്ചു.

തിരിച്ച് എത്തിയപ്പോള്‍ വീട് വൃത്തിഹീനമായിരുന്നു. വരാന്തയില്‍ കൂട്ടിവെച്ച ബിയര്‍ ബോട്ടിലുകള്‍ക്കിടയില്‍ കിടക്കുന്ന സാഹു. ചുറ്റും ഉറുമ്പരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍. കൂര്‍പ്പിച്ച് വെച്ച നീളംവടികളും ജോസച്ചായന്റെ ഒരു ഷോട്ട്ഗണ്ണും അവിടെ തിണ്ണമേല്‍ ചാരിവെച്ചിരുന്നു. കണ്ട ഉടനെതന്നെ ഞാനാകെ വാടി, ഒരഞ്ച് കിലോ കുറഞ്ഞെന്ന് ജോസച്ചായന്‍ സുമാറടിച്ചു. ബാഗ് അകത്തുെവച്ച് ഒന്ന് മയങ്ങിയശേഷം സന്ധ്യക്ക് ഞാന്‍ അവരുടെ കൂടെയിറങ്ങി.

വീടിന്റെ ഇടതുവശത്തെ പൊന്തക്കരികില്‍കൂടി ഒരു വഴിയുണ്ട്. കഷ്ടിച്ച് ഒരു ഓട്ടോക്ക് പോകാവുന്ന വഴി. കുത്തിയൊലിച്ച് തലതല്ലി വീണ മലവെള്ളം ഇളക്കിയെടുത്ത വിടവിലെ ചരലില്‍ കിടന്ന് ടയറൊന്ന് കറങ്ങുമെന്ന് മാത്രം. അത് അവസാനിക്കുന്നിടത്താണ് ഡോക്ടര്‍ കുര്യാക്കോസിന്റെ പെങ്ങളുടെ പേരിലുള്ള കാട് കയറി കിടക്കുന്ന അഞ്ചരയേക്കര്‍ കൊക്കോ തോട്ടം. വഴിനീളെ പൂത്ത കാട്ടുപിച്ചകത്തിന്റെ ഗന്ധം പിന്‍വാങ്ങുന്നിടത്ത് തുരുമ്പിച്ച ഗേറ്റിന്റെ താഴത്തെ ചട്ടയില്‍ ചവിട്ടിയാട്ടിക്കൊണ്ട് സണ്ണിയും ക്ലിന്റോയും കാത്തുനില്‍പ്പുണ്ടായിരുന്നു.

തോക്കിന്റെ വാറേല്‍ ചുറ്റിപ്പിടിച്ചശേഷം കൂര്‍പ്പിച്ച വടികളില്‍ ഓരോന്ന് സണ്ണിക്കും ക്ലിന്റോക്കും ജോസച്ചായന്‍ കൈമാറി. സാഹു ചുമലിലിട്ട പഴയ ബാഗില്‍നിന്നും ഒരു മടക്ക് കത്തിയെടുത്ത് വിരലില്‍ തൂക്കി പിടിച്ചു.

മലഞ്ചെരുവിലെ പൊന്തകളില്‍നിന്ന് തോട്ടത്തിലേക്ക് ഇറങ്ങിവരാറുള്ള മുള്ളന്‍പന്നികളെ പറ്റി ക്ലിന്റോ പലപ്പോഴും പറഞ്ഞിരുന്നു. പക്ഷേ, ജോസച്ചായനും സണ്ണിക്കും കാത്തിരിക്കാന്‍ ക്ഷമയില്ലായിരുന്നു. ഞങ്ങള്‍ തോട്ടം കടന്ന് ഒരു ഊടുവഴിയിലൂടെ കാട് കയറി. ഈര്‍പ്പം നിറഞ്ഞ മണ്ണും കടുംപച്ച ഇലകളും സന്ധ്യയെ കുടിച്ച് വറ്റിച്ച് ഇരുണ്ട് കാടിന്റെ പത്തായത്തിന് കാവലായി.

“തൊലി കരിച്ചെടുത്ത് കളയാന്‍ ഇത്തിരി പാടാണെങ്കിലും, കിലോക്ക് രണ്ടായിരം വെച്ച് തരാന്‍ വരെ ഈ ജോസിന്റെ കയ്യില്‍ ആളുണ്ട്.”

“ഇറച്ചി വില്‍ക്കാനാണോ നമ്മള്‍ കിടന്ന് ഇത്രേം കഷ്ടപ്പെടുന്നേ?”

“ഇല്ലടാ സണ്ണി... പത്ത് തരാന്ന് പറഞ്ഞാലും ഒരു പന്നിക്കും ഞാന്‍ മുള്ളനെ കൊടുക്കില്ല.”

ജോസച്ചായന്റെ ആവേശം കുന്ന് കേറി. ടോര്‍ച്ചിന്റെ അരണ്ട മഞ്ഞവെളിച്ചത്തിന് എത്തിപ്പിടിക്കാവുന്ന ദൂരത്തേക്ക് ഞങ്ങള്‍ അഞ്ച് പേരും കണ്ണെറിഞ്ഞു. സൂക്ഷ്മമായ്‌ കാതോര്‍ത്തു. അര മൈലോളം കയറ്റം കയറിയപ്പോഴേക്കും എനിക്ക് കിതച്ച് തുടങ്ങി. സണ്ണി എന്റെ കൈ ചേര്‍ത്ത് പിടിച്ചു. തിരിച്ച് നടന്നാലോ എന്ന് തോന്നി തുടങ്ങിയപ്പോഴാണ് മുന്നിലെ കുറ്റിക്കാട്ടില്‍ വൈഡൂര്യംപോലെ രണ്ട് കണ്ണുകള്‍ തെളിഞ്ഞത്.

കേഴമാനാകാം എന്ന് ക്ലിന്റോ ഊഹിച്ചു. പക്ഷേ ജോസച്ചായന്റെ കണ്ണുകള്‍ മാത്രം ആ അനക്കം അളന്ന് പതിഞ്ഞ ശബ്ദത്തില്‍ ഒരു കൂറ്റന്‍ പന്നിയെ മുന്നില്‍ വരച്ചിട്ടു. ജോസച്ചായന്റെ ഉണ്ടക്കണ്ണുകളും ഇരുട്ടില്‍ തിളങ്ങുന്നതുപോലെ എനിക്ക് തോന്നി. കണ്‍പീലികള്‍ മുള്ളുകള്‍പോലെ കൂര്‍ത്തെഴുന്നേറ്റു. അയാള്‍ കൈ ചൂണ്ടി ഞങ്ങളെ ഇരുവശത്തേക്കും മാറ്റിനിര്‍ത്തി. അരികിലെ ഉണങ്ങിയ മരക്കൊമ്പിലേക്ക് ചവിട്ടിയതും ക്ലിന്റോയുടെ കാലില്‍ തൊട്ടുരുമ്മി ഒരു പെരുച്ചാഴി പാഞ്ഞു. എലിയുടെ രൂപം കണ്ട അവന്‍ ഭയന്ന് പിന്നോട്ട് ചാടി. ജോസച്ചായന്റെ ഉന്നം പിഴച്ചു. യുദ്ധം മണത്ത് പരിഭ്രാന്തിയില്‍ കുതിച്ചടുത്ത കാട്ടുപന്നിയെ കണ്ട ഞാന്‍ ഭീതിയില്‍ മലര്‍ന്നടിച്ച് വീണു. ശരവേഗത്തില്‍ എന്നെ കവച്ചുവെച്ച പന്നി ക്ലിന്റോയുടെ വയറില്‍ കുത്തി അവനെ കുടഞ്ഞ്‌ വീഴ്ത്തി.

ഈര്‍ച്ചവാള്‍ പോലെ കൂര്‍ത്ത ഉണങ്ങിയ ഒരു മരക്കൊമ്പില്‍ അവന്റെ ഉടല്‍ വരഞ്ഞ് കീറി. ഉറവപോലെ ചോര വാര്‍ന്ന് മണ്ണിലലിഞ്ഞ മണം കാടിനെ കൊതിപ്പിച്ചു. ഉറക്കമുണര്‍ന്ന പല ശബ്ദങ്ങളും ഞാന്‍ മുഴങ്ങിക്കേട്ടു. ജോസച്ചായന്‍ ആഴത്തില്‍ മുറിഞ്ഞ ഭാഗത്തേക്ക് അവന്റെ ലുങ്കി അഴിച്ച് ചുറ്റിക്കെട്ടി. തല കല്ലില്‍ ഇടിച്ചിട്ടാവാം ക്ലിന്റോയുടെ ബോധം പോയിരുന്നു. ജോസച്ചായന്‍ ഉള്ളംകൈ അവന്റെ ചങ്കില്‍ അല്‍പനേരം ചേര്‍ത്തുവെച്ചു. സണ്ണിയും സാഹുവും അൽപനേരം എന്നെപ്പോലെ സ്തബ്ധരായിരുന്നു.

സണ്ണി ഒരു ചുരുട്ട് കത്തിച്ചു. കാടിലൂടെ കിഴക്കോട്ട് ഇറങ്ങിയാല്‍ എളുപ്പം ചുരത്തില്‍ എത്താമെന്നും വണ്ടികിട്ടുമെന്നും ജോസച്ചായന്‍ പറഞ്ഞു. എഴുന്നേറ്റപ്പോഴാണ് ഇടത് കാലിലെ വേദന ഞാനറിഞ്ഞത്. ഒരടിപോലും നടക്കാന്‍ വയ്യാതെ ഞാന്‍ തളര്‍ന്നു. ക്ലിന്റോയെ അവര്‍ മൂന്നുപേരുംകൂടി എടുത്ത് പൊക്കി.

“ഓടേണ്ടിവരും. വയ്യെങ്കിൽ നീ തിരിച്ച് നടന്നോ. പേടിയുണ്ടോ?”

സാഹുവിന്റെ ബാഗ് തുറന്ന് ജോസച്ചായന്‍ ഒരു ചെറിയ ബാറ്ററി ടോര്‍ച്ച് എനിക്ക് നീട്ടി. ഞാന്‍ നിസ്സഹായനായി തലയാട്ടി. ക്ലിന്റോയെയും താങ്ങിപ്പിടിച്ച് അവര്‍ എന്റെ കണ്‍മുന്നില്‍നിന്നും മറഞ്ഞു.

ഞാന്‍ വേച്ച് വേച്ച് തനിയെ മല ഇറങ്ങി. കാട് ഒരുപാട് മുറികളുള്ള ഒരു വലിയ വീട് പോലെ തോന്നിപ്പിച്ചു. ഏതൊക്കെ മുറികള്‍ ആര്‍ക്കൊക്കെ തുറന്ന് കൊടുക്കണം എന്ന് കാട് തീരുമാനിക്കും. എളുപ്പം തുറക്കപ്പെടുന്ന മുറികളില്‍ ഒഴിഞ്ഞ തീന്‍മേശയും ചുറ്റും അതിഥികളും കാണും. ചിലതില്‍ നിധികളും സര്‍പ്പങ്ങളും. ചീറ്റലുകള്‍ കേട്ട് തിരിഞ്ഞുനോക്കാതെ ഞാന്‍ നടന്നു. ദൂരെ കാണുന്ന ടവറിലെ വെളിച്ചം നോക്കി നടക്കാനായിരുന്നു സണ്ണി പറഞ്ഞത്. മുടിയഴിച്ചിട്ട കാട്ടില്‍ ഇടക്കിടെ ആ വെളിച്ചം എനിക്ക് തിരയേണ്ടി വന്നു. തോട്ടമെത്താന്‍ ഒരു മണിക്കൂറോളമെടുത്തു.

 

വീടെത്തിയ ഉടനെ സണ്ണിയെയും ജോസച്ചായനെയും മാറി മാറി വിളിച്ചു. പരിധിക്ക് പുറത്തായിരുന്നു. ഫോണിലെ ഗൂഗിള്‍ മാപ്പ് എടുത്ത് ഞാന്‍ കാട്ടില്‍ ഏതാണ്ട് തിരഞ്ഞു. ചുരമിറങ്ങുന്ന റോഡ്‌ കിഴക്കോട്ട് കണ്ടില്ല. ജോസച്ചായന് പക്ഷേ തെറ്റാന്‍ വഴിയില്ല. കാട് എത്ര വലിയ വീടാണെങ്കിലും അതിന്റെ ഓടിളക്കി പുറത്ത് ചാടാന്‍ അയാള്‍ പഠിച്ചതാണ്. ആ കണ്ണിലെ തിളക്കവും കാട്ടില്‍നിന്ന് പകര്‍ന്ന് കിട്ടിയതാവാം എന്ന് ഞാന്‍ ആശ്വസിച്ചു.

തൊട്ടടുത്ത ദിവസവും ആരും വിളിച്ചില്ല. വേട്ടക്കു പോയ കാര്യം പോലീസിലറിയിക്കാന്‍ ഞാനും മുതിര്‍ന്നില്ല. വീങ്ങിവീര്‍ത്ത കണങ്കാലില്‍ കുറേ നേരം ചൂട് പിടിച്ചു. വിശപ്പ് തല തിന്നപ്പോള്‍ ഫ്രിഡ്ജില്‍ ബാക്കി കിടന്ന ഏതോ ഇറച്ചിക്കറി ചൂടാക്കി അവലിന്റെ കൂടെ കഴിച്ചു. എന്തെന്നില്ലാതെ അവിരാമം പെയ്ത മഴ എന്നെ മയക്കി കിടത്തി. രാത്രിയിലേക്ക് ഒഴുക്കിവിട്ടു.

ഇന്ന് രാവിലെയാണ് ചൂഴിയാര്‍ സ്റ്റേഷനില്‍നിന്ന് കോണ്‍സ്റ്റബിള്‍ ഗംഗാധരന്‍ വിളിച്ചത്. താലൂക്ക് ആശുപത്രി വരെ ഒന്ന് വരണം. ഇത്രമാത്രം പറഞ്ഞു. അതായിരുന്നു തിരക്ക് പിടിച്ച് ഉണ്ടാക്കിയ ബുള്‍സൈയുടെ പിന്നിലെ കഥ.

ആശുപത്രിക്ക് മുന്നില്‍ എന്നെ കാത്ത് സണ്ണി നില്‍ക്കുന്നുണ്ടായിരുന്നു.

“ക്ലിന്റോ പോയി. ബോഡി തിരിച്ചറിയാന്‍ വിളിപ്പിച്ചതാ...”

എന്റെ കണ്ണില്‍ ഇരുട്ട് കേറി പുകഞ്ഞു.

“വേറെന്ത് ചോദിച്ചാലും അറിയില്ലാന്ന് പറഞ്ഞാ മതി. ഒക്കെ ജോസച്ചായന്‍ ഡീല്‍ ചെയ്തിട്ടുണ്ട്. ആള്‍ക്ക് അറിയാത്ത പോലീസുണ്ടോ...”

മോര്‍ച്ചറിയിലെ ഒരു ജീവനക്കാരനാണ് എന്നെ അകത്തേക്ക് കൊണ്ടുപോയത്. ബാങ്ക് ലോക്കര്‍ തുറക്കുന്നതുപോലെ നമ്പറിട്ട ഒരു ഡ്രോയര്‍ അയാള്‍ മുന്നോട്ട് വലിച്ചു. തണുത്തുറഞ്ഞ് ഒഴുകുന്ന പുക മാഞ്ഞപ്പോള്‍ ദൂരെ നിന്നാ മുഖം കണ്ടു. ഞാന്‍ തലയാട്ടി.

“താഴോട്ടൊന്നും കാണാത്തതാ നല്ലത്. പുലി പിടിച്ചതല്ലേ...”

പുലിയോ? എനിക്ക് ഒന്നും മനസ്സിലായില്ല. ഇടതുകാല്‍ മൊത്തം കടിച്ചെടുത്തെന്നും ഇറച്ചിയില്‍ അമര്‍ന്ന ഒരു പുലിനഖം കിട്ടിയെന്നുമയാള്‍ നിസ്സംഗതയോടെ പറഞ്ഞു നിര്‍ത്തി. മഴയത്ത് തോട്ടത്തില്‍ കിടന്ന ബോഡി കണ്ട് സാഹുവാണത്രേ പോലീസിനെ അറിയിച്ചത്.

മോര്‍ച്ചറിയുടെ അകത്തുനിന്നും ഇറങ്ങിവന്ന ഒരു പരേതനെന്നമട്ടില്‍ വരാന്തയിലെ ചുമരിന് ചാരി വാ സ്വൽപം തുറന്ന് പിടിച്ച് സാഹു ഉറങ്ങുന്നുണ്ടായിരുന്നു. തൊട്ടരികില്‍ തറയില്‍ കിടന്ന ബാഗ് ഞാന്‍ തുറന്നു നോക്കി. അലൂമിനിയം ഫോയിലും മസാല പാത്രവും കുറേ തുണികളും. ജോസച്ചായന്‍ അരയില്‍ മാത്രം ഇറുക്കിവെക്കാറുള്ള തുകല്‍സഞ്ചിയും കൂട്ടത്തില്‍ എന്റെ കൈയില്‍ തടഞ്ഞു.

പുറത്ത് ആഞ്ഞിലിക്ക് കീഴെ ഗംഗാധരന്‍ പോലീസിനൊപ്പം നിന്ന് പുക വലിക്കുന്ന ജോസച്ചായനെ ഞാന്‍ കണ്ടു. ഇന്നലെ മഴ പെയ്യിച്ച കാര്‍മേഘംപോലെ ചുരുട്ടില്‍നിന്നും കുമിഞ്ഞുകൂടിയ ഭാരമേറിയ പുകയിലും അയാളുടെ കണ്ണുകള്‍ വന്യമായി തിളങ്ങി.

(ചിത്രീകരണം: ദയനാന്ദൻ)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT