ഒരു ഉത്തര കൊറിയൻ കിമിയൻ

ദൂരെനിന്നും കുട്ടിമാമന്റെ തലവെട്ടം കണ്ടതും ഇറയത്തിരുന്ന് സ്റ്റോൺ പേപ്പർ സിസർകട്ട് കളിക്കുകയായിരുന്ന കുട്ടികൾ കളിയവസാനിപ്പിച്ച് മുറിയിൽ കയറി കതകടച്ചു. വാഷിങ് മെഷീനിൽനിന്നും തുണികൾ എടുക്കുകയായിരുന്ന കല്ലു, “ഇന്ന് നേരത്തെ വന്നല്ലോ” എന്നു പിറുപിറുത്തുകൊണ്ട് തുണികളും വാരി മുകളിലേക്കോടി. ഞാൻ മാത്രം രക്ഷപ്പെടാൻ പഴുതുകളില്ലാതെ ഇറയത്ത് കുടുങ്ങി. എന്റെ തലയിലൂടെ ഓടുന്നതെന്തെന്നറിയാതെ കുട്ടിമാമൻ നിറഞ്ഞ പുഞ്ചിരിയോടെ ഇറയത്തേക്ക് കയറിവന്നു. ഒരു വല്ലായ്മ തോന്നി. ഇങ്ങനെ എല്ലാവരും ഓടിയൊളിക്കാനും അകറ്റിനിർത്താനും പാകത്തിനുള്ള ഒരാളല്ല കുട്ടിമാമൻ. മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ് പല...

ദൂരെനിന്നും കുട്ടിമാമന്റെ തലവെട്ടം കണ്ടതും ഇറയത്തിരുന്ന് സ്റ്റോൺ പേപ്പർ സിസർകട്ട് കളിക്കുകയായിരുന്ന കുട്ടികൾ കളിയവസാനിപ്പിച്ച് മുറിയിൽ കയറി കതകടച്ചു. വാഷിങ് മെഷീനിൽനിന്നും തുണികൾ എടുക്കുകയായിരുന്ന കല്ലു, “ഇന്ന് നേരത്തെ വന്നല്ലോ” എന്നു പിറുപിറുത്തുകൊണ്ട് തുണികളും വാരി മുകളിലേക്കോടി. ഞാൻ മാത്രം രക്ഷപ്പെടാൻ പഴുതുകളില്ലാതെ ഇറയത്ത് കുടുങ്ങി. എന്റെ തലയിലൂടെ ഓടുന്നതെന്തെന്നറിയാതെ കുട്ടിമാമൻ നിറഞ്ഞ പുഞ്ചിരിയോടെ ഇറയത്തേക്ക് കയറിവന്നു. ഒരു വല്ലായ്മ തോന്നി. ഇങ്ങനെ എല്ലാവരും ഓടിയൊളിക്കാനും അകറ്റിനിർത്താനും പാകത്തിനുള്ള ഒരാളല്ല കുട്ടിമാമൻ.

മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ് പല നാടുകളിൽ പ്രത്യേകിച്ച്, ചൈനയിൽ വലിയ നിലയിൽ ജോലിചെയ്ത, ഒരുപാട് അനുഭവസമ്പത്തുള്ള മനുഷ്യനാണ്! കൂടാതെ, ഇവിടെ ഞാനല്ലാതെ അദ്ദേഹത്തിന് മറ്റു ബന്ധുക്കളോ സൗഹൃദങ്ങളോ ഇല്ല. എട്ടുവർഷം മുമ്പ് ചൈനയിൽനിന്നും മടങ്ങിയപ്പോൾ തൃശൂരോ കോഴിക്കോടോ ജീവിക്കാൻ ആഗ്രഹിച്ച മനുഷ്യനെ ഇവിടേക്ക് വരാൻ നിർബന്ധിച്ചതും അടുത്തുതന്നെ ഒരു അപ്പാർട്മെന്റ് ഏർപ്പാടാക്കി കൊടുത്തതും ഞാനാണ്. രണ്ടു വർഷം മുമ്പ് ഇന്ദുവമ്മായി അപകടത്തിൽപ്പെട്ട് മരിച്ചതിനു ശേഷമാണ് ഇങ്ങനെ. അതിനുമുമ്പ് വളരെ അപൂർവമായി മാത്രമേ ഇങ്ങോട്ട് വരുമായിരുന്നുള്ളൂ.

വളരെക്കുറച്ചേ സംസാരിച്ചിരുന്നുള്ളൂ. എന്റെ കുട്ടിക്കാലത്ത് കക്ഷി വീട്ടിൽ വരുമ്പോൾ എന്തെങ്കിലുമൊന്നു മിണ്ടിക്കേൾക്കാൻ കൊതിച്ചുകൊണ്ട് അമ്മയുടെ സാരിത്തുമ്പിന്റെ സുതാര്യതയിലൂടെ നോക്കിനിന്നിട്ടുണ്ട്. എന്നാലിപ്പോൾ രാവിലെ ഉണരുമ്പോൾ മുതൽ ഉറങ്ങുന്നതുവരെ അടുത്തുള്ള വീടുകളിൽ വലിഞ്ഞുകയറിച്ചെന്ന് നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് എല്ലാവരും ചേർന്ന് പബ്ലിക് നൂയിസൻസ് എന്ന ഇരട്ടപ്പേരും കൊടുത്തിട്ടുണ്ട്.

ആഴ്ചയിൽ അഞ്ചുദിവസം അയൽക്കാർക്കാണ് മാമനെക്കൊണ്ട് ദുരിതമെങ്കിൽ ഒഴിവുദിവസങ്ങളിൽ എനിക്കാണ് പണികിട്ടുക. വെള്ളിയാഴ്ച സന്ധ്യക്ക് വന്നാൽ തിങ്കളാഴ്ച രാവിലെയേ പോകൂ. അതിന്റെ പേരിലുള്ള കല്ലുവിന്റെയും കുട്ടികളുടെയും വഴക്ക് അടുത്ത വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും. എവിടേക്കെങ്കിലും യാത്രപോകാമെന്നുവെച്ചാൽ പുള്ളിയും കൂടെ വരും. അത് അതിലും ദുരിതമാകും. അമ്മയോട് പരാതിപ്പെടുമ്പോഴൊക്കെ,

“ശേഖരൻ ഉള്ളോണ്ടാ അച്ഛനില്ലാത്ത നിങ്ങളെ ഇത്രേമൊക്കെ എത്തിക്കാൻ പറ്റിയത്. നിനക്കത് അമ്മാവൻ മാത്രല്ല, അച്ഛനും കൂടിയാണെന്ന് ഓർമവേണം” എന്ന് പറയും.

“ഏട്ടൻ അച്ഛനെ ശ്രദ്ധിക്കണം. എന്റടുത്തേക്ക് കൊണ്ടുവരാൻ എനിക്ക് നൂറു സമ്മതാണ്. പക്ഷേ, അച്ഛൻ വരില്ലല്ലോ. ഞാനെന്താ ചെയ്യാ? വയസ്സായിരുന്നെങ്കിൽ വല്ല കെയർഹോമിലും വിടാമായിരുന്നു. ഇതിപ്പോ അതും പറ്റില്ലല്ലോ,” ദക്ഷിണ കൊറിയയിലുള്ള, കുട്ടിമാമന്റെ ഒരേയൊരു മകൾ സായങ് സങ്കടം പറയും. അവളാണെങ്കിൽ പുള്ളിയെ എന്നും വിളിക്കാറുണ്ട്. പക്ഷേ, കാര്യമില്ല. ജോലിക്കിടയിലെ ഒഴിവുനേരത്ത് എന്തെങ്കിലുമൊന്ന് മിണ്ടാനായി വാട്സ്ആപ്പിൽ ഓടിയെത്തുമ്പോൾ മാമനെ കിട്ടില്ല. ആ നേരത്ത് ആരുടെയെങ്കിലും ചെവി കടിച്ചിരിക്കുകയാവും. അല്ലെങ്കിൽ അവളോട്‌ കഥ തുടങ്ങും.അവളപ്പോൾത്തന്നെ സംസാരം നിർത്തി അടുത്തപണിക്ക് പോവുകയും ചെയ്യും.

“ഹാ… നല്ല മൊരിഞ്ഞ സുഖിയന്റെ വാസന! ഇവിടെ ഉണ്ടാക്കിയതാ? ഈ വാസനയുണ്ടല്ലോ കണ്ണാ...,” കുട്ടിമാമൻ പൂച്ചയെപ്പോലെ മൂക്കു വിടർത്തിക്കൊണ്ട് അടുക്കളയിലേക്കു നടന്നു. അപ്പോൾത്തന്നെ ഇന്ന് പറയാൻ പോകുന്ന കഥ എന്തിനെക്കുറിച്ചാകുമെന്ന് ഞാനൂഹിച്ചു. ഇപ്പോൾ ഇതാണവസ്ഥ. എന്തുകണ്ടാലും കേട്ടാലും അതിനെ ചുറ്റിപ്പറ്റി ഒരു കഥ പറയുക. അനുഭവമെന്നാണ് പുള്ളി പറയാറുള്ളതെങ്കിലും അതെല്ലാം കെട്ടുകഥകളായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. കഴിഞ്ഞ രാത്രിയിൽ ഇതേച്ചൊല്ലി ഞാനും കല്ലുവും തമ്മിൽ ഒരു തർക്കം നടന്നു.

“പുള്ളിയൊരു മഹാബോറനാണെങ്കിലും പറയണതൊക്കെ അനുഭവകഥകളാണെന്നാണ് എനിക്ക് തോന്നീട്ടുള്ളത്,” അവൾ പറഞ്ഞു.

“ഓ, എവിടുന്ന്,” ഞാൻ വിയോജിച്ചു.

“നിങ്ങളതിന് പുള്ളി പറഞ്ഞ എന്തെങ്കിലും മുഴുവൻ കേട്ടിട്ടുണ്ടോ?” അവൾക്ക് ദേഷ്യം വന്നു. അപ്പോഴാണ് ഞാൻ അതേക്കുറിച്ച് ചിന്തിച്ചത്. ഒരിക്കൽ ആരെങ്കിലും ഒരു വാക്ക് മിണ്ടുന്നത് കേൾക്കാൻ കൊതിച്ചുനിന്നിരുന്ന കുട്ടിയിൽനിന്നും ഒരു വാക്കുപോലും ശ്രദ്ധിച്ചു കേൾക്കാൻ മനസ്സുവെക്കാത്ത മുതിർന്ന മനുഷ്യനിലേക്കുള്ള ദൂരം.

“നോക്കൂ, കുട്ടിമാമന്റെ അനുഭവങ്ങൾ കേൾക്കണോർക്ക് എവിടെയൊക്കെയോ കണക്ട് ചെയ്യാൻ പറ്റണുണ്ട്. അതല്ലേ പബ്ലിക് നൂയിസൻസ് എന്നു പറയുമ്പോഴും വീണ്ടും ചെവി കൊടുക്കുന്നത്,” കല്ലു ഇഷ്ടക്കേടിനിടയിലും മാമനെ ന്യായീകരിച്ചു. ഞാൻ പിന്നെ തർക്കിക്കാൻ നിന്നില്ല.

 

അടുക്കളയിൽ ഞാനും കുട്ടിമാമനും കുപ്പിത്തളികയിലെ മൊരിഞ്ഞ സുഖിയനും മാത്രമായി. കുട്ടിമാമൻ പാത്രത്തിൽനിന്നും സ്വർണ മഞ്ഞനിറമുള്ള ഒരു സുഖിയനെടുത്ത് ആഴത്തിൽ കടിച്ച് അകത്തെ ചക്കരയിൽ കുഴഞ്ഞ പയർ പതിയെ അകത്താക്കിക്കൊണ്ട് കഥ തുടങ്ങി:

“ഈ സുഖിയൻ കാണുമ്പോ എനിക്കോർമ വരുന്നത് ഈ കൊച്ചു കേരളത്തിലും ഉത്തര കൊറിയേലുമായി നടന്നൊരു സംഭവമാണ്. ഉണ്ണി കേൾക്കണം,” കുട്ടിമാമൻ ആമുഖം പറഞ്ഞുകൊണ്ട് എന്നെ നോക്കി. ഞാൻ പതിവുപോലെ, “ആ പറ,” എന്ന മട്ടിൽ ഇരുന്നുകൊടുത്തു.

“ഞാനന്ന് ഉത്തര കൊറിയയിലാണ് ജോലിനോക്കുന്നത്. അന്തർവാഹിനിയിൽനിന്നും വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈലിന്റെ യന്ത്രഭാഗങ്ങളുടെ പണികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ചൈനയിൽനിന്നുള്ള ഞങ്ങൾ അഞ്ചംഗ സംഘം. ചേ യോങ് എന്നു പേരുള്ള അതിസുന്ദരിയായ ഒരു ഉത്തര കൊറിയൻ യുവതിയായിരുന്നു ഞങ്ങളുടെ ഹെഡ്. രാജ്യത്തിന്റെ ആഭ്യന്തരാവശ്യങ്ങൾക്കു വേണ്ടി ക്ഷണിക്കപ്പെട്ടതായതുകൊണ്ടും ചൈനയുടെ വിശ്വസ്തർ എന്ന പരിവേഷമുള്ളതുകൊണ്ടും ചേ യോങ് സൗഹാർദപരമായാണ് ഞങ്ങളോട് ഇടപെട്ടിരുന്നത്. എന്നോട് പ്രത്യേകിച്ചൊരു സ്നേഹമുണ്ടായിരുന്നു. ഞാനതിൽ അഭിമാനിക്കുകയും ചെയ്തു.

കാരണം, ചേ യോങ് ചില്ലറക്കാരിയല്ല. എൻജിനീയർ എന്നതിലുപരി പ്രതിരോധ സേനയിലും സർക്കാറിലും ഉയർന്ന പിടിപാടുള്ളവളും ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമാണ്. അവളുടെ ഏറ്റവും ഇളയസഹോദരൻ കിമ്മിന്റെ നേരിട്ട് മേൽനോട്ടത്തിലുള്ള ലബോറട്ടറിയിലാണ് ജോലിനോക്കുന്നത്. രണ്ടാമത്തെയാൾ സൈബർ വിദഗ്ധനാണ്. ഒരു സഹോദരി കിമ്മിന്റെ പ്രിയ ഷെഫുകളിൽ ഒരുവളാണ്.ഇത്രയുമൊക്കെ പിടിപാടുണ്ടെങ്കിലും അതിന്റെ യാതൊരു ജാടയും ചേ യോങ്ങിനില്ലായിരുന്നു.

എനിക്കൊപ്പം പ്യോങ് യോങ്ങിലൂടെ നടക്കാനും ഒക്രിയു-ഗ്വാൻ റെസ്റ്റാറന്റിൽനിന്നും കോൾഡ് നൂഡിൽസ് കഴിക്കാനും ഫുട്ബോൾ മത്സരങ്ങൾ കാണാനുമൊക്കെ അവളും കൂടെവരുമായിരുന്നു. അവളുടെ *ഓപ്പ ഒരു കർഷകനാണ്. രസികനും ഫുട്ബോൾ പ്രേമിയുമായ അയാൾക്കൊപ്പം ഒഴിവുദിവസങ്ങളിൽ അവൾ എന്നെ കാണാൻ ഡിപ്ലോമാറ്റിക് വില്ലേജിൽ വരുമായിരുന്നു. ചില ദിവസങ്ങളിൽ അവർ ഞങ്ങൾക്കൊപ്പം വൈകുവോളം ഫുട്ബോൾ കളിക്കുകയും പ്രേതഭൂമിപോലുള്ള ആ വില്ലേജിൽ ഉറങ്ങുകയും ചെയ്തിട്ടുണ്ട്.

സ്‌കൂളും ആശുപത്രിയുമടക്കം എല്ലാവിധ സൗകര്യങ്ങളുമുള്ള, എന്നാൽ താമസക്കാർ ആരുമില്ലാത്ത ഒരിടമാണ് ഡിപ്ലോമാറ്റിക് വില്ലേജ്. മറ്റു രാജ്യങ്ങളിൽനിന്ന് ഔദ്യോഗിക സന്ദർശനത്തിനായി ആരെങ്കിലും വരുമ്പോൾ അവരുടെ കണ്ണിൽ പൊടിയിടാനായി മാത്രം അവിടെ ആളുകളെ കൊണ്ടുവന്നു പാർപ്പിക്കും.

സന്ദർശകർ പോയിക്കഴിയുമ്പോൾ ഗ്രാമം ഒഴിയും. അവശേഷിക്കുക ഏതെങ്കിലും മൂലയിലായി കെട്ടിടങ്ങൾ സംരക്ഷിക്കുന്ന ഒന്നുരണ്ടു തൊഴിലാളികളും ഞങ്ങളെപ്പോലെ ചൈനയിൽനിന്നും എത്താറുള്ള എൻജിനീയർമാരും മാത്രമാണ്. അവിടത്തെ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിന് അൽപമെങ്കിലും അയവ് വരുന്നത് ചേ യോങ്ങും ഓപ്പയും വന്നുനിൽക്കുമ്പോഴായിരുന്നു. അങ്ങനെ വളരെ സ്നേഹമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുമ്പോഴാണ് ഗണപതിപൂജയിൽ കരടി വന്നു ചാടിയപോലെ സുഖിയൻ രവിയുടെ വരവ്.

മിസൈലിന്റെ യന്ത്രഭാഗങ്ങളുടെ പണികൾ പൂർത്തിയായിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് പ്യോങ് യോങ്ങിൽ വെച്ചു നടന്ന കിം ജോങ് ഉന്നിന്റെ ജന്മദിനാഘോഷങ്ങൾക്ക് *ഡി.പി.ആർ.കെ ഞങ്ങളെയും ക്ഷണിക്കുന്നത്. എന്റെ കൂടെയുള്ളവർക്ക് വലിയ സന്തോഷമായി. ഡിപ്ലോമാറ്റിക് വില്ലേജിലെ രാത്രികളിൽ അവർ ആ സന്തോഷം പങ്കുവെച്ചു.

“തനിക്കെന്താ ഒരു സന്തോഷവുമില്ലാത്തത്?”, എന്റെ തണുപ്പൻമട്ടു കണ്ട് അവർ ചോദിച്ചു.

“എന്തിനാ സന്തോഷിക്കുന്നത്? ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ അതിന്റെ നടുക്കഷണം തന്നെ തിന്നണ്ടേ എന്നുവെച്ചു കാണാമെന്നു മാത്രം,” ഞാൻ പറഞ്ഞു. എന്നാൽ, മറ്റുള്ളവർക്ക് കിം വലിയൊരു സംഭവമാണെന്ന വിചാരമായിരുന്നു.

‘‘സ്വന്തം രാജ്യത്തെ ഇതുപോലെ നിഗൂഢമാക്കി വെക്കാനും അമേരിക്കയെ പോലും വിറപ്പിക്കാനുമുള്ള ആർജവം മറ്റാർക്കുണ്ട്?’’, അവർ ചോദിച്ചു.

എനിക്ക് ചിരിവന്നു. ചേ യോങ്ങിന്റെ ഹൃദയം കവരാൻ വേണ്ടി അവർ മൂന്നുപേരും മദ്യപ്പാർട്ടികളിൽ *സോജു അടിച്ചു ഫിറ്റാകുമ്പോൾ ജോ ബൈഡനെ പരിഹസിച്ചുകൊണ്ടുള്ള മിമിക്രികൾ അവതരിപ്പിക്കുന്നതും എന്നും രാവിലെ കേൾക്കാറുള്ള ‘‘വേർ ആർ യു ഡിയർ ജനറൽ...’’ കാണാതെ പഠിച്ച് ഈണത്തിൽ പാടിക്കേൾപ്പിക്കുന്നതും കിം ഇൽ സങ് സ്‌ക്വയറിൽ നടക്കുന്ന രാത്രിപരേഡുകൾ ഉൾപ്പുളകത്തോടെ കണ്ടുനിൽക്കുന്നതുമൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരുദിവസം ഞങ്ങളുടെ യന്ത്രനിർമാണങ്ങളുടെ പുരോഗതിയെക്കുറിച്ചറിയാൻ വന്ന ഹൈ ഒഫീഷ്യലുകളിൽ ചിലരുമായി നടന്ന ചർച്ചക്കിടെ ബിറ്റ്കോയിനും സതോഷി നകമോട്ടോയുടെ ദേശീയതയും ഒരു വിഷയമായി വന്നപ്പോൾ,

‘‘സതോഷി നകമോട്ടോ ഒരു ഉത്തര കൊറിയക്കാരനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത്രയും വലിയ ജീനിയസ് ഇവിടെയല്ലാതെ ലോകത്ത് വേറെവിടെ ഉണ്ടാകാനാണ്?’’ എന്നുവരെ അവർ പറഞ്ഞുകളഞ്ഞു. അങ്ങനെയാണ് ജന്മദിന പാർട്ടിക്ക് ചെല്ലുമ്പോൾ കിമ്മിനൊപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള അവസരം അവർക്കു കിട്ടിയത്. അവരുടെ ആവേശം കണ്ട്,

‘‘നിങ്ങൾക്കെന്താ സുപ്രീം ലീഡറിനെ കാണാൻ ആഗ്രഹമില്ലാത്തത് ?’’ എന്ന്

ചേ യോങ് എന്നോട് ചോദിച്ചു. അപ്പോൾ, മൂരാച്ചികളായ ഏകാധിപതികളെ എനിക്കിഷ്ടമല്ല എന്ന സത്യം തുറന്നുപറയാൻ ഭയന്ന്,

‘‘ഒരുപാട് ആരാധിക്കുന്നവരെ ദൂരെനിന്നു കാണാനാണിഷ്ടം’’, എന്നു പറഞ്ഞ് ഒഴിയുകയാണുണ്ടായത്. ചേ യോങ് അത് വിശ്വസിച്ചമട്ടിൽ ഒന്നു പുഞ്ചിരിച്ചെങ്കിലും ഞാൻ പെട്ടെന്നുതന്നെ അവളിൽനിന്നും നോട്ടം മാറ്റി കയ്യിലെ നട്ടും ബോൾട്ടുമെല്ലാം യന്ത്രഭാഗങ്ങളിലേക്ക് തിരുകിക്കയറ്റി. ചേ യോങ്ങിന് പരഹൃദയജ്ഞാനമുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്റെയുള്ളിലെ വികാരമറിഞ്ഞ്,

‘‘എന്തിനാണ് പുച്ഛം?’’, എന്നോ മറ്റോ ചോദിച്ചാലോ? അങ്ങനെ ചോദിച്ചാൽ, ‘‘എഴുപതു വർഷക്കാലമായി യാതൊരു അട്ടിമറിയ്ക്കും ശ്രമിക്കാതെയിങ്ങനെ ഓച്ചാനിച്ചു ജീവിക്കുന്നവരോട് പുച്ഛമല്ലാതെ മറ്റെന്ത് തോന്നാനാണ്?’’ എന്നു പറയാൻ പറ്റില്ലല്ലോ.

പ്യോങ് യോങ്ങിന്റെ ഹൃദയഭാഗത്തുള്ള ആഡംബര ബംഗ്ലാവിലായിരുന്നു കിമ്മിന്റെ പിറന്നാളാഘോഷങ്ങൾ. അതിഗംഭീരമായി അലങ്കരിച്ച വേദിയിൽ കാമുകിമാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം കിം ഇരുന്നു. പുള്ളിയെ അങ്ങനെ നോക്കിയിരുന്നപ്പോൾ അമ്മയെ ഓർമ വന്നു. ഞാൻ ഇവിടേക്ക് വരാനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ,

‘‘അവൻ *ഉസലേമണിയുടെ നാട്ടിലിക്ക് പോകാനിരിക്ക്യാണ്.’’ എന്നാണത്രെ അമ്മ ബന്ധുക്കളോടൊക്കെ പറഞ്ഞത്. നാവിൽ കിം ജോങ് ഉൻ എന്ന പേര് വഴങ്ങാത്തതുകൊണ്ടും ഉസലേമണിയോട് രൂപസാദൃശ്യം തോന്നിയതുകൊണ്ടുമാവും അമ്മയങ്ങനെ പറഞ്ഞത്. അതെന്തുതന്നെയായാലും നേരിൽ കണ്ടപ്പോൾ അമ്മയിട്ട പേര് അന്വർഥമായി തോന്നി. സ്യൂട്ടും കോട്ടുമിട്ട ഉസലേമണിതന്നെ!

തകൃതിയായി പിറന്നാളാഘോഷങ്ങൾ നടന്നു. ഇടക്ക് എന്റെ കൂടെയുള്ളവർ കിമ്മിന് താൽപര്യമില്ലാത്ത കുറേ ലോകനേതാക്കന്മാരെ ഹാസ്യാത്മകമായി അനുകരിച്ചു. ആ പ്രകടനങ്ങൾ കണ്ട് മനോഹരമായ മദ്യഗ്ലാസും കൈയിൽ പിടിച്ച് കിം കുലുങ്ങിക്കുലുങ്ങി ചിരിച്ചു. ആ ചിരി കണ്ട് ചേ യോങ് ഓടിവന്ന് സന്തോഷത്തോടെ,

“നിങ്ങളുടെ കൂട്ടുകാർ തകർത്തുവാരുന്നത് കണ്ടോ? ഞങ്ങളുടെ സുപ്രീം ലീഡറിന്റെ ചിരി എങ്ങനെയുണ്ട്?’’, എന്നു ചോദിച്ചു.

‘‘എന്തു പറയാൻ! ആയിരം സൂര്യചന്ദ്രന്മാർ ഒന്നിച്ചുദിച്ചത് പോലെയുണ്ട്. എന്താണീ സൗന്ദര്യത്തിന്റെ രഹസ്യം?’’

അവളുടെ മുഖത്തേക്ക് നോക്കാതെ ഒന്നു പുകഴ്ത്തി. അതുകേട്ട് അവളുടെ മുഖം കൂടുതൽ വിടർന്നിരിക്കണം. പുകഴ്ത്തൽ ഉത്തര കൊറിയക്കാരുടെ ബലഹീനതയാണല്ലോ.

‘‘സൗന്ദര്യ രഹസ്യമോ? അതുപറയില്ല,” അവൾ കൊഞ്ചി.

‘‘പറയൂ, പ്ലീസ്…’’ ഞാൻ ചിരിയൊതുക്കാൻ പാടുപെട്ടു.

‘‘കിമിയനും സോജുവും,’’ അവൾ പറഞ്ഞു.

‘‘കിമിയൻ? അതെന്താണ്?’’ ആ നേരംവരെ അങ്ങനെയൊരു ഭക്ഷണസാധനത്തെക്കുറിച്ച് ഞാനവിടെ കേട്ടിട്ടുണ്ടായിരുന്നില്ല.

‘‘അത് സുപ്രീം ലീഡറിന്റെ വീട്ടിൽമാത്രം ഉണ്ടാക്കുന്ന പലഹാരമാണ്. അദ്ദേഹത്തിന്റെ ഫേവറിറ്റ്. മറ്റെങ്ങും അതുണ്ടാക്കരുതെന്ന് നിയമമുണ്ട്,’’ അവൾ അഭിമാനത്തോടെ പറഞ്ഞു. പേരുപോലെ, വസ്ത്രംപോലെ, ട്രെയിൻപോലെ, കിം കുടുംബത്തിനു മാത്രം കഴിക്കാവുന്ന പലഹാരവും ഉണ്ടെന്നു കേട്ടപ്പോൾ അതെന്താണെന്നറിയാനുള്ള കൗതുകം കൂടി.

‘‘ഒരിക്കൽ സുപ്രീം ലീഡറിന് തീരെ വിശപ്പില്ലാതായി. കൂടെ ക്ഷീണവും തളർച്ചയും ആന്ത്രവായുവും. പാവം! രോഗം മൂർച്ഛിച്ചതോടെ ദേഷ്യംകൂടി. എല്ലാവരും അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് എന്റെ സഹോദരി ഒരു പാചകമത്സരം നടത്തി അതിൽനിന്നും അദ്ദേഹത്തിന് ഇഷ്ടമുള്ള കിമിയൻ കണ്ടെത്തുന്നത്. ഇവിടെ തടവിലായിരുന്ന ഒരു ഇന്ത്യക്കാരനാണ് അതുണ്ടാക്കിയത്. ചെറുപയറും ചക്കരയും ചേർത്തുണ്ടാക്കിയ കിമിയൻ കഴിച്ചുതുടങ്ങിയതോടെ അദ്ദേഹം പൂർവാധികം ആരോഗ്യവാനും സുന്ദരനുമായി. അയാളെ തടവിൽനിന്നും മോചിപ്പിച്ച് സുപ്രീം ലീഡറിന്റെ വീട്ടിലെ പാചകക്കാരനാക്കുകയും ചെയ്തു’’, അവൾ എന്നോട് ചേർന്നുനിന്നുകൊണ്ട് ഒരു രഹസ്യംപോലെ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി.

“ഇന്ത്യക്കാരൻ?”

“ഉം.”

‘‘അയാളെ എനിക്കൊന്നു കാണിച്ചുതരാമോ?’’, ഞാൻ ചോദിച്ചു. അവൾ സമ്മതിച്ചു.

ഭക്ഷണം കഴിച്ച് ഇറങ്ങാൻനേരത്താണ് ചേ യോങ് പാചകക്കാരനെ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത്.

‘‘ഇതാണ് കക്ഷി. ഇപ്പോഴെന്റെ ചേച്ചിയുടെ ഭർത്താവും കൂടിയാണ്’’, അവൾ പറഞ്ഞു. ഞാൻ അത്ഭുതത്തോടെ ആ രൂപത്തെ നോക്കി. എനിക്ക് പെട്ടെന്ന് ആളെ പിടികിട്ടി.

“ഡാ, നീ സുഖിയൻ രവിയല്ലേ?”, ഞാൻ ചോദിച്ചു. അവൻ പിടിതരാതെ നിന്നു.

‘‘എന്നെ ഓർമയില്ലേ? ഒന്നുമുതൽ ആറുവരെ ഒപ്പം പഠിച്ച ശേഖരൻ?’’, ഞാൻ കള്ളച്ചിരിയോടെ വീണ്ടും ചോദിച്ചു. അവന്റെ മുഖം മങ്ങി. അതു കണക്കാക്കാതെ വേഗം ചെന്ന് കെട്ടിപ്പിടിച്ചു.

‘‘നീയങ്ങനെ അച്ഛനെക്കാൾ നന്നായി സുഖിയൻ ഉണ്ടാക്കാൻ പഠിച്ചല്ലേ? ഒടുവിൽ പറ്റിയിടത്തുതന്നെ വന്നുപെട്ടല്ലോ.’’ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് ഞാൻ പറഞ്ഞു. എന്റെ സംസാരവും പ്രവൃത്തിയുമൊന്നും അവനു തീരെ ഇഷ്ടമായില്ല. എന്നെ തള്ളിമാറ്റി തുറിച്ചൊന്നു നോക്കിയിട്ട് വേഗം പൊയ്ക്കളഞ്ഞു. പുറകെ ചേ യോങ്ങും. ആ രാത്രി മുഴുവൻ എനിക്ക് സുഖിയൻ രവിയുടെ ചിന്തതന്നെയായിരുന്നു. ആ ഓർമകളിലൂടെ കടന്നുപോയതും ചെറുപ്പത്തിൽ അനുഭവിച്ച പേടികൾ പെരുവിരലിൽനിന്നും മുകളിലേക്ക് പച്ചയോന്ത്‌ കണക്കെ പാഞ്ഞുകയറി.

മഹാചട്ടമ്പിയും വഴക്കാളിയുമായിരുന്നു രവി. സ്‌കൂളിനോട് ചേർന്നായിരുന്നു അവന്റെ അച്ഛന്റെ ചായക്കട. കൊമ്പൻ മീശയും പരുഷഭാവങ്ങളുമുള്ള, ഉറക്കെ സംസാരിക്കുന്ന അയാളെ കുട്ടികൾക്കെല്ലാം പേടിയായിരുന്നു. ആ പേടി മുതലാക്കി പലവിധ പീഡനമുറകൾ രവി നടത്തിയിരുന്നു. അതിലൊന്ന് ദിവസവും ക്ലാസിലെ ആൺകുട്ടികളിൽ ഒരാൾവീതം അച്ഛന്റെ ചായക്കടയിൽനിന്നും അവന് സുഖിയൻ വാങ്ങിക്കൊടുക്കണമെന്നുള്ളതായിരുന്നു. കൊടുക്കാഞ്ഞാൽ ഇടികിട്ടുമെന്നു മാത്രമല്ല, ക്ലാസിൽ ഒറ്റപ്പെടുത്തുകയും ചെയ്യും.

വല്ലാത്തൊരവസ്ഥയാണത്! ശരീരത്തിന്റെ വേദനയെക്കാൾ കഠിനമായിരുന്നു ഒറ്റപ്പെടുത്തുമ്പോഴുള്ള മനോവേദന! അതുകൊണ്ട് ക്ലാസിലെ ആൺകുട്ടികൾ ആറുപേരും അവന് മുടങ്ങാതെ സുഖിയൻ വാങ്ങിക്കൊടുത്തു. എന്റെ കാര്യം കഷ്ടമായിരുന്നു. സുഖിയനുള്ള കാശ് തരപ്പെടുത്താൻ പ്രയാസപ്പെട്ടു. രവിയുടെ ഭീഷണിയെപ്പറ്റി വീട്ടിലോ ടീച്ചർമാരോടോ തുറന്നുപറയാനുള്ള ധൈര്യവുമുണ്ടായിരുന്നില്ല. അമ്മയോട് കാശു ചോദിക്കാമെന്നുവെച്ചാൽ

‘‘എന്തിനാടാ എന്നും കാശ്?’’, എന്നും ചോദിച്ച് കണ്ണുരുട്ടും. വാശിപിടിച്ചാൽ പുളിവാറുകൊണ്ട് അടിക്കും. അടിയെത്ര വേണമെങ്കിലും കൊള്ളാം. പക്ഷേ ഒറ്റപ്പെടൽ അന്നുമിന്നും താങ്ങാനാവില്ല. അതുകൊണ്ട് മുത്തശ്ശിയുടെ ചെല്ലപ്പെട്ടിയിൽനിന്ന് മോഷ്ടിക്കുകയും പിടിക്കപ്പെടുകയും പതിവായി. അന്നെല്ലാം ‘‘എനിക്ക് പഠിക്കണ്ട, സ്കൂളീപ്പോണില്ല’’, എന്നുപറഞ്ഞ് കരയാത്ത ഒരുദിവസംപോലും ഇല്ലായിരുന്നു. ഭയം പാമ്പിനെപ്പോലെ വളഞ്ഞുമുറുക്കി വിഷം ചീറ്റിക്കൊണ്ടിരുന്നു. നെഞ്ചുവേദനയും വലിവും സ്ഥിരമായി. നീണ്ട അഞ്ചുകൊല്ലം അങ്ങനെ കടന്നുപോയി. ആറാം കൊല്ലം അവസാനം സുഖിയനുള്ള കാശുകൊണ്ടുപോകാത്തതിന് രവി എന്റെ തുടയിൽ പെൻസിലുകൊണ്ട് ആഞ്ഞുകുത്തി. വേദന സഹിക്കാൻ വയ്യാതെ ഞാൻ ബോധംകെട്ടു വീണു.

‘‘എന്താ പറ്റ്യേ?’’, ടീച്ചർ ഓടിവന്നു. രവി എല്ലാവരേയും തുറിച്ചുനോക്കി. അതോടെ വാ തുറന്നവരെല്ലാം നിശ്ശബ്ദരായി. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ദുലേഖ എന്ന കുട്ടി എഴുന്നേറ്റുനിന്ന് വർഷങ്ങളായി തുടരുന്ന രവിയുടെ പീഡനകഥകൾ മുഴുവനും ക്ലാസ് ടീച്ചറോട് പറഞ്ഞു. സംഗതികളെല്ലാം കേട്ട് ടീച്ചർ സ്തബ്ധയായി നിന്നു. ആ നേരത്ത് രണ്ടാം ക്ലാസു മുതലുള്ള ആകെ പ്രവൃത്തിദിവസങ്ങളെ അവൻ തിന്നുതീർത്ത സുഖിയന്റെ വിലകൊണ്ട് അവർ ഗുണിക്കുകയായിരുന്നു.

പിറ്റേന്നുതന്നെ ടീച്ചർ രക്ഷാകർത്താക്കളെ വിളിച്ചുകൂട്ടി കാര്യങ്ങളവതരിപ്പിച്ചു.

‘‘നിനക്ക് നിന്റെ ചായക്കടേന്ന് വേണ്ടത് തിന്നാലോ? പിന്നെന്തിനാ ഇങ്ങനെ ചെയ്തേ?’’, ടീച്ചർ രവിയോട്‌ ചോദിച്ചു.

‘‘ഞാൻ ചെയ്തിട്ടില്ല ടീച്ചറേ,’’ അവൻ കുറ്റം സമ്മതിക്കാതെ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു.

‘‘അവനങ്ങനെ ചെയ്യില്ല്യ. ചെയ്തിട്ട്ണ്ടെങ്കിൽ അത് ടീച്ചർടെ കഴിവുകേടല്ലേ? ഇത്രേം വർഷായിട്ട് നിങ്ങളറിഞ്ഞിട്ടില്ലെന്ന് വെച്ചാൽ?’’, അവന്റെ അച്ഛൻ വാദിച്ചു. ടീച്ചർക്ക്‌ ദേഷ്യം കയറി.

‘‘സത്യം പറയടാ...’’, അവർ ചൂരൽ വീശി. എന്നാലതു കൊള്ളും മുമ്പ്,

‘‘കൊതിയായിട്ടാ ടീച്ചറേ. അച്ഛൻ തരില്ല്യ. ഒരിക്കെ എടുത്തപ്പോ കയ്യില് ചട്ടുകം വെച്ച് പൊള്ളിച്ചു. അതാ,’’ എന്നു പറഞ്ഞ് രവി ഒഴിഞ്ഞുമാറി.

‘‘ആഹാ അപ്പോ അതാ കാര്യം. എരപ്പൻ തന്ത!,’’ മറ്റു കുട്ടികളുടെ രക്ഷാകർത്താക്കൾ അയാളെ നോക്കി പല്ലുഞെരിച്ചു. അതോടെ ബഹളമായി. വാക്കേറ്റവും കൈയേറ്റവും... ഒടുവിൽ രവിയുടെ അച്ഛൻ കസേരകൊണ്ട് ടീച്ചറിന്റെയും മറ്റു ചിലരുടെയും തലയടിച്ചു പൊട്ടിച്ചതോടെ അതവസാനിച്ചു. അയാളെ അപ്പോൾത്തന്നെ പൊലീസ് കൊണ്ടുപോയി.

ടീച്ചറുടെ തലയിൽ പതിനാറു തുന്നലുണ്ടായിരുന്നു. രവിയെ സ്കൂളിൽനിന്നും പുറത്താക്കിയെങ്കിലും അമ്മ പിന്നെ ആ സ്‌കൂളിലേക്ക് എന്നെ വിട്ടില്ല. പരീക്ഷ എഴുതാൻമാത്രം പോയി. ഞാനും രവിയും പിന്നൊരിക്കലും മിണ്ടിയിട്ടുമില്ല. സുഖിയൻ എന്നു കേൾക്കുന്നതേ വെറുപ്പായി. അച്ഛമ്മ മരിച്ചതോടെ ഞങ്ങൾ അമ്മയുടെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. കുറേക്കാലം കഴിഞ്ഞപ്പോൾ എന്റെ ഉള്ളിൽനിന്ന് അവനോടും അവന്റെ അച്ഛനോടുമുള്ള ദേഷ്യമൊക്കെ പോയി. അതിനിടെ എപ്പോഴോ അവന്റെ അച്ഛൻ ആത്മഹത്യ ചെയ്തെന്നറിഞ്ഞു. അതറിഞ്ഞപ്പോൾ അമ്മക്ക് വിഷമമായി: “പാവം! ആ സുഖിയൻ കുട്ടി ഇപ്പോ എന്തുചെയ്യുകയാണോ ആവോ?’’

പിന്നെയും കുറേനാൾ കഴിഞ്ഞപ്പോൾ കൂട്ടുകാരാരോ പറഞ്ഞാണ് രവി ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് മലേഷ്യയിൽ ജോലിനോക്കുന്നതും ഇന്ദുലേഖയെ വിവാഹം ചെയ്തതുമെല്ലാം അറിയുന്നത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ അവനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും പറഞ്ഞ് ഇന്ദുലേഖ നാട്ടിലെത്തി. പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം... കുട്ടിമാമൻ ഒരു നെടുവീർപ്പോടെ അൽപനേരം നിശ്ശബ്ദനായി. പിന്നെ തുടർന്നു: “രവി എങ്ങനെയാണ് ഉത്തര കൊറിയയിൽ എത്തിയതെന്നറിയാൻ എനിക്കു കൗതുകം തോന്നി. അവനെ ഒന്നുകൂടി കാണണമെന്നും സംസാരിക്കണമെന്നും ഉറപ്പിച്ചു. ചേ യോങ്ങിനോട്‌ പറഞ്ഞാൽ വളരെ എളുപ്പം സാധിക്കുമല്ലോ എന്ന ചിന്തയായിരുന്നു. എന്നാൽ, കിമ്മിന്റെ പിറന്നാൾപ്പിറ്റേന്ന് മുതൽ ചേ യോങ്‌ വലിയ ജാടക്കാരിയായി.

‘‘എന്തുപറ്റി ഒരു മൗനം? രവിയെ ഒന്നു കാണാൻ പറ്റുമോ?’’, ഞാൻ ചോദിച്ചു. അത് അവൾക്കിഷ്ടപ്പെട്ടില്ല. ‘‘നാവടക്കൂ പണിയെടുക്കൂ’’, എന്ന് പറഞ്ഞ് പോയി. എനിക്കത് നാണക്കേടായി. മുമ്പ് ഞങ്ങൾ രണ്ടുപേരും കണ്ണുകൾകൊണ്ടും ആംഗ്യങ്ങൾകൊണ്ടും ഉപകരണങ്ങൾകൊണ്ടും ജോലിയുമായി ബന്ധമില്ലാത്ത പലതും സംസാരിച്ചിരുന്നതും ഒരു ഇന്ത്യക്കാരന്റെ കൂടെക്കൂടി തന്റെ സകല അച്ചടക്കവും നഷ്ടമാകുന്നുവെന്നുള്ള ആവലാതിയിൽ തന്റെ ഈർക്കിൽ ചുണ്ടുകൾ അവൾ കുസൃതിയോടെ കൂർപ്പിക്കാറുള്ളതും വേദനയോടെ ഓർത്തു. പിന്നീടുള്ള ദിവസങ്ങളിലും ചേ യോങ് അതുതന്നെ ആവർത്തിച്ചു. ഓപ്പയും എന്നെ പൂർണമായും മറന്ന മട്ടായി.

ദിവസങ്ങൾ വേഗം കടന്നുപൊയ്ക്കൊണ്ടിരുന്നു. തിരികെ പോകാൻ രണ്ടു ദിവസം മാത്രമുള്ളപ്പോൾ ഡി.പി.ആർ.കെ ഞങ്ങൾക്ക് മദ്യവും മദിരാക്ഷിയുമടക്കം ഗംഭീരവിരുന്നൊരുക്കി. വിരുന്നിന് ഞാൻ പോയില്ല. എനിക്ക് ഓപ്പയെ ഒന്നു കാണണമായിരുന്നു. അതിനുവേണ്ടി ആദ്യമായി ഉത്തര കൊറിയൻ ഗ്രാമഹൃദയത്തിലൂടെ നടന്നു. പോകും വഴികളിലൊന്നും മനുഷ്യവാസമുള്ളതിന്റെ ലക്ഷണങ്ങളില്ലായിരുന്നു. വിശാലമായ നെൽപ്പാടങ്ങൾ, ചെറുചെറു നീരൊഴുക്കുകൾ, കുഞ്ഞിക്കിളികൾ, വെട്ടുകിളികളോളം പോന്ന തുമ്പികൾ, പൊണ്ണൻ കൊക്കുകൾ, അണ്ണാറക്കണ്ണന്മാർ. പെട്ടെന്ന് കേരളത്തിലെത്തിപ്പെട്ടതുപോലെ തോന്നി.

കതിരിട്ടുനിൽക്കുന്ന നെൽപ്പാടങ്ങൾക്കിടയിലൂടെ കിലോമീറ്ററുകൾ നടന്ന് ഏക്കറുകളോളം വിസ്തൃതിയിൽ കിടക്കുന്ന പച്ചക്കറിത്തോട്ടത്തിലെത്തി. അവിടേക്കു കടന്നതും അസഹനീയമാം വിധം ദുർഗന്ധം തുടങ്ങി. സഹിക്കവയ്യാതെ ഞാൻ വായും മൂക്കും പൊത്തിപ്പിടിച്ചു നിൽക്കുമ്പോഴുണ്ട് തോട്ടത്തിന് നടുവിലെ മോട്ടോർപ്പുരയിൽനിന്നും ഓപ്പ ഇറങ്ങിവരുന്നു.

‘‘എന്താണിങ്ങനെ ദുർഗന്ധം?’’, ഞാൻ ചോദിച്ചു.

 

‘‘മനുഷ്യവിസർജ്യമാണ് വളമായുപയോഗിക്കുന്നത്.’’ ഓപ്പ പറഞ്ഞു. എനിക്ക് ഛർദിക്കാൻ വന്നു. ഞാൻ തിരിഞ്ഞു നടന്നു. പുറകെ ഓപ്പയും വന്നു. ഞങ്ങൾ പാടം കടന്ന് ഒരു കുന്നിൻചരുവിൽ വന്നിരുന്നു. ഞങ്ങളുടെ മൗനത്തിനു മുകളിലൂടെ നരച്ച നിറമുള്ള പൊന്തൻ കാക്കകൾ പറന്നുകൊണ്ടിരുന്നു.

‘‘നാളെകഴിഞ്ഞ് ഞാൻ പോകും. എന്നോടുള്ള അകൽച്ചയുടെ കാരണം പറയണം?’’, ഒടുവിൽ ഞാൻ മൗനം ഭേദിച്ചു. ഓപ്പ ഒന്നും മിണ്ടിയില്ല. കുറച്ചു നേരത്തെ നിശ്ശബ്ദതക്കുശേഷം ഞാൻ കൈകൊടുത്ത് തിരികെ നടന്നു.

പിറ്റേന്നു മുഴുവൻ ചേ യോങ്ങോ ഓപ്പയോ വരുമെന്ന് കരുതി കാത്തിരുന്നു. പക്ഷേ വന്നില്ല. എന്തു വിഷമാണോ സുഖിയൻ രവി കുത്തിവെച്ചിട്ടുണ്ടാകുക എന്നോർത്ത് സങ്കടം തോന്നി. യാത്രയയക്കാൻ വന്നവരിലും അവരെ തിരഞ്ഞു. കണ്ടില്ല. ഇറങ്ങാൻ നേരം ഒരാൾ വന്ന് ഒരു കത്ത് തന്നു. സുഖിയൻ രവിയുടെയാണ്. ഞാനത് പൊട്ടിച്ചു വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു:

‘‘ചേ യോങ്ങിനും ഓപ്പയ്ക്കും മുമ്പിൽ പഴയ സംഭവങ്ങളെ ഞാൻ നൈസായിട്ടൊന്ന് വളച്ചൊടിച്ചു. ഇതിൽ നീ വില്ലനും ഞാൻ നായകനുമായി. നിന്റച്ഛന്റെ അടികൊണ്ട് എന്റമ്മ കോമയിലായെന്നും ആ വേദനയിൽ എന്റച്ഛൻ തൂങ്ങിമരിച്ചെന്നും കൂടി പറഞ്ഞു. നീ പിണങ്ങണ്ട. കിമ്മിന് സുഖിയനും ഉണ്ടാക്കിക്കൊടുത്ത് ഒരു സുന്ദരിക്കുട്ടിയേയും കെട്ടിയുള്ള ഇവിടത്തെ സുഖജീവിതം തുടരാൻവേണ്ടി നല്ലവനായ ഉണ്ണി കളിച്ചതാണ്. പക്ഷേ, ഞാനിത്രയൊക്കെ പറഞ്ഞിട്ടും ഇപ്പോഴും ചേ യോങ്ങും ഓപ്പയും മുഴുവൻ വിശ്വസിച്ച മട്ടില്ല.

സാരമില്ല നിന്നെ കൂടുതൽ വികൃതനാക്കി അവതരിപ്പിച്ചോളാം. പിന്നെ നിന്റെ പഴയ കാമുകിയില്ലേ ഇന്ദുലേഖ, നിന്നോടുള്ള ചൊരുക്കിന് അവളെ കെട്ടി മലേഷ്യയിലിട്ടിട്ട് പതിനഞ്ചു വർഷമായി. ഇപ്പോ എന്താണോ അവസ്ഥ? അവൾക്കങ്ങനെതന്നെ വേണം. ഞാനിവിടേക്ക് ടൂറു വന്നതും ചെറിയൊരു തെറ്റിദ്ധാരണയിൽ ജയിലിലായതും ഗ്രേറ്റ്‌ നോർത്ത് കൊറിയൻ കിച്ചണിൽ കിമിയൻ ഉണ്ടാക്കാൻ കയറിയതും ഒരു ഭൂലോക സുന്ദരിയെ കെട്ടിയതുമെല്ലാം എന്നെങ്കിലും അവളെ കാണുകയാണെങ്കിൽ നീ പറയണം. അയ്യയ്യോ! നിന്നെപ്പോലൊരു ലോക്കലിന് കത്തെഴുതി കളയാനുള്ള നേരമില്ല. എനിക്ക് കിമിയനുണ്ടാക്കാൻ സമയമായി. ബൈ ബൈ.”

എഴുത്തിലുടനീളം എന്നോടും ഇന്ദുലേഖയോടുമുള്ള അവന്റെ പരിഹാസം തിളക്കുന്നത് കാണാമായിരുന്നു. പത്തു നാൽപ്പത്തഞ്ചു വയസ്സായിട്ടും പഴയ കുശുമ്പിനും വക്രബുദ്ധിക്കും ഒരു കുറവുമില്ലല്ലോ എന്നോർത്തപ്പോൾ സഹതാപവും ദേഷ്യവും തോന്നി. എന്നാൽ, ഉത്തര കൊറിയയിലെ എക്കാലത്തെയും ഒത്തൊരുമയുടെ ചരിത്രം മാറ്റിമറിക്കാനും അട്ടിമറി ഉണ്ടാക്കാനും കെൽപ്പുള്ള ഒരു സൈക്കോസുഖിയനാണല്ലോ കിമിയൻ ഉണ്ടാക്കിക്കൊടുക്കുന്നത് എന്നോർത്തപ്പോൾ ദേഷ്യമത്രയും ചിരിയിലേക്ക് മാറി. അതിനൊരു മറുപടി എഴുതി അയാളെ ഏൽപിച്ച് ടാക്സിയിൽ കയറി. കിമ്മിന്റെയും അപ്പനപ്പൂപ്പന്മാരുടെയും ചിത്രങ്ങൾ പതിച്ച ചാരനിറ കെട്ടിടങ്ങളെ പുറകിലാക്കിക്കൊണ്ട് വളരെ വേഗം വിമാനത്താവളത്തിലേക്ക് ടാക്സി പാഞ്ഞപ്പോൾ അവനെയോർത്ത് കുറേ ചിരിച്ചു.”

കുട്ടിമാമൻ പറഞ്ഞു നിർത്തി.

“എന്തായിരുന്നു ആ മറുപടിയിൽ?”, അത്രയും നേരം ശ്രദ്ധാപൂർവം കേട്ടിരുന്ന ഞാൻ ആകാംക്ഷയോടെ ചോദിച്ചു. കുട്ടിമാമൻ സുഖിയന്റെ അവശേഷിക്കുന്ന കഷണം കൂടി വായിലേക്കിട്ട് ആസ്വദിച്ചിറക്കിക്കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു. പിന്നെ പറഞ്ഞു.

“എടാ മണ്ടാ, പൊട്ടക്കൊണാപ്പാ, നീ എന്തുതന്നെയായീന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. ഈ നരച്ച അതിർത്തിക്കപ്പുറം സ്വപ്നം കാണാൻ ഇനി നിന്നെക്കൊണ്ടാവുമോ? പിന്നെ നീ ഉപേക്ഷിച്ച ഇന്ദുലേഖ ഇപ്പോഴെന്റെ ഭാര്യയാണ്. എനിക്കൊപ്പം ചൈനയിൽ സുഖമായി കഴിയുന്നു. ഞങ്ങൾക്കൊരു മോളുമുണ്ട്. തിരികെ അവിടെ എത്തിയാൽ ഇത്രയും നാൾ ഇവിടെ അനുഭവിച്ച ശ്വാസംമുട്ടലിൽനിന്നും രക്ഷപ്പെടാൻ വേണ്ടി അവരെയും കൂട്ടി ഞാൻ വലിയൊരു യാത്രപോകും. യാത്രക്കിടെ വല്ല മൃഗശാലയിലോ മറ്റോ കയറേണ്ടി വന്നാൽ നിന്നെ ഓർമിക്കും.

ഇതാണ് ഞാൻ എഴുതിയത്’’, കുട്ടിമാമൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. ഇത്തരം സുഖിയൻ രവിമാർ കാരണം തകർക്കപ്പെടുന്ന സൗഹൃദങ്ങൾക്കുവേണ്ടി ആ കഥ സമർപ്പിച്ചുകൊണ്ട് അദ്ദേഹം നിർത്തിയപ്പോൾ പതിവുപോലെ, “ഇതൊക്കെ സത്യം തന്നെയാണോ?” എന്നു ചോദിക്കാൻ തോന്നിയില്ല. ഞാൻ കുട്ടിമാമനെത്തന്നെ നോക്കിയിരുന്നു. കിമ്മിനെപ്പറ്റിയുള്ള കഥകൾ എവിടെ നിന്നാണ് വരുന്നത്? അതിനു പുറകിൽ പലതരം താൽപര്യങ്ങളുണ്ടാകില്ലേ? പുകമറക്കുള്ളിൽ എന്താണ് സംഭവിക്കുന്നത്? ഇങ്ങനെ ചോദ്യങ്ങൾ പലതുണ്ടായിരുന്നു മനസ്സിൽ. ചോദിച്ചില്ല.ഒരുതരത്തിൽ പറഞ്ഞാൽ കുട്ടിമാമനും നാളുകളായി ഞങ്ങൾക്ക് പുകമറയുള്ള മിത്താണല്ലോ.

===========

* ഓപ്പ -മുതിർന്ന സഹോദരൻ

* സോജു -ഒരു ഉത്തര കൊറിയൻ മദ്യം

* ഡി.പി.ആർ.കെ -ഡെമോക്രാറ്റിക് പീപ്ൾസ് റിപ്പബ്ലിക് ഓഫ് കൊറിയ

* ഉസലേമണി -പഴയകാല തമിഴ് ഹാസ്യനടൻ

(ചിത്രീകരണം: കന്നി എം)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT