കൊക്കര

മലയിറങ്ങി വന്ന കാണി എന്‍റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നിന്നു. അഗസ്ത്യവനത്തിന് മുകളില്‍ പുതിയ സൂര്യന്‍ പുതിയ ദിവസത്തിലേക്ക് ഉദിച്ചുയര്‍ന്നിട്ട് മലയടിവാരവും വനവും പ്രകാശമാനമാക്കുന്നത് നോക്കിക്കാണുകയായിരുന്നു ഞാന്‍. ആ വിദൂരതയിലേക്കും മനോഹാരിതയിലേക്കും നടന്നുചെല്ലാന്‍ മനസ്സ് കൊതിച്ചു. അഗസ്ത്യ ഹൃദയത്തിലാണ് നില്‍ക്കുന്നത്. കാപ്പുകാട് ആന പരിപാലന സംരക്ഷണ കേന്ദ്രത്തിന്‍റെ ഡോര്‍മെറ്ററിയിലാണ് താമസം. സാംസ്കാരിക വകുപ്പിന്‍റെ ഉദ്യോഗസ്ഥനായി ഗോത്രഭാഷകളെക്കുറിച്ചുള്ള ക്യാമ്പും ഗോത്രഭാഷാ സെമിനാറും നടത്തുക എന്നത് ഓഫീസില്‍നിന്ന് ചുമതലയായി മാറുകയായിരുന്നു. വലിയ സന്തോഷവും അഭിമാനവും തോന്നി....

മലയിറങ്ങി വന്ന കാണി എന്‍റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നിന്നു. അഗസ്ത്യവനത്തിന് മുകളില്‍ പുതിയ സൂര്യന്‍ പുതിയ ദിവസത്തിലേക്ക് ഉദിച്ചുയര്‍ന്നിട്ട് മലയടിവാരവും വനവും പ്രകാശമാനമാക്കുന്നത് നോക്കിക്കാണുകയായിരുന്നു ഞാന്‍. ആ വിദൂരതയിലേക്കും മനോഹാരിതയിലേക്കും നടന്നുചെല്ലാന്‍ മനസ്സ് കൊതിച്ചു. അഗസ്ത്യ ഹൃദയത്തിലാണ് നില്‍ക്കുന്നത്. കാപ്പുകാട് ആന പരിപാലന സംരക്ഷണ കേന്ദ്രത്തിന്‍റെ ഡോര്‍മെറ്ററിയിലാണ് താമസം. സാംസ്കാരിക വകുപ്പിന്‍റെ ഉദ്യോഗസ്ഥനായി ഗോത്രഭാഷകളെക്കുറിച്ചുള്ള ക്യാമ്പും ഗോത്രഭാഷാ സെമിനാറും നടത്തുക എന്നത് ഓഫീസില്‍നിന്ന് ചുമതലയായി മാറുകയായിരുന്നു.

വലിയ സന്തോഷവും അഭിമാനവും തോന്നി. സര്‍ക്കാര്‍ വക ഇന്നോവയില്‍ ക്യാമ്പ്സെന്‍ററിലേക്ക് വരുമ്പോള്‍ ഭാഷകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. സത്യത്തില്‍ എത്ര മലയാളമുണ്ട്. ഭാഷ ആശയവിനിമയത്തിനാണ്. കാണിക്കാരുടെ ഭാഷയില്‍ അവര്‍ എല്ലാ വികാരവും പ്രകടമാക്കുന്നു. ദൈവത്തോട് സംസാരിക്കാന്‍ തങ്ങളുടെ ഭാഷ അവര്‍ ഉപയോഗിക്കുന്നു. ദൈവം എത്രയെത്ര ഭാഷകള്‍ കേള്‍ക്കുന്നു. മനുഷ്യന്‍റെ ആവശ്യങ്ങളാണ്, ആവലാതികളാണ്. മൃഗങ്ങള്‍ക്ക് പ്രാർഥനകളില്ലേ.. ദൈവത്തിന് എത്ര ഭാഷകളറിയാമായിരിക്കും. ദൈവം ഒരു ബഹുഭാഷാ പണ്ഡിതനായിരിക്കണം.

തിരുവനന്തപുരം നഗരത്തില്‍നിന്ന് രാവിലെ പുറപ്പെട്ടതാണ്. നഗരകാഴ്ചകള്‍ വിട്ടതോടെ കണ്ണുകള്‍ തുറന്നുപിടിച്ചു. വനങ്ങളും വനപാതകളും പ്രിയങ്കരമാണ്. ഗോത്രഭാഷ ഗവേഷക ഡോ. സ്വാതിബാല ഉറക്കത്തിലാണ്. പുലര്‍ച്ചെ ഉണര്‍ന്നുകാണണം. ഉറങ്ങട്ടെ, മനസ്സില്‍ കരുതി. അഗസ്ത്യഗിരിശൃംഗങ്ങള്‍ കണ്ടു. വനം വകുപ്പിന്‍റെ സ്പെഷല്‍ പെര്‍മിഷനോടുകൂടി സാഹസികരായ യുവാക്കളും യുവതികളും സംഘങ്ങളായി അഗസ്ത്യമുടി കയറുവാന്‍ പോകുന്നുണ്ട്. അവര്‍ക്കൊപ്പം ചേരണമെന്ന് മനസ്സ് കൊതിച്ചിട്ടുണ്ട്. ഈയിടെയായി ആ പർവതശൃംഗത്തെ എല്ലാ രാത്രിയും സ്വപ്നം കാണുന്നു. നിഗൂഢമായ ആ വനപ്രദേശത്ത് എഴുതാത്ത എത്രയെത്ര കവിതകള്‍ മറഞ്ഞുകിടക്കുന്നു. കാണിവർഗക്കാരായ മനുഷ്യര്‍ അതിവിദൂരതയിലുള്ള ആ വനമേഖലയില്‍, മലകള്‍ക്ക് താഴെയായി ജീവിക്കുന്നുണ്ട്.

ക്യാമ്പ് സെന്‍ററിന്‍റെ മുറ്റത്ത് നിന്നാല്‍ നെയ്യാര്‍ ഒഴുകുന്നത് കാണാം. മരത്തലപ്പുകളില്‍ കാറ്റ് വീശി. വാനരസംഘം ഒരു ചില്ലയില്‍നിന്ന് മറ്റൊരു ചില്ലയിലേക്ക് ചാടിമറയുന്നു. വേനലിന്‍റെ കാഠിന്യം വനത്തിലും പരിസരങ്ങളിലും പ്രകടമാണ്. വഴിയോരത്തെ ചായക്കടയില്‍ ചായക്ക് നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ സുജിത്ത് പറഞ്ഞ കാര്യങ്ങള്‍ ഒരു സിഗരറ്റിന് തീ പറ്റിച്ചുകൊണ്ട് കേട്ടു. ഉറക്കത്തിലായിരുന്ന ഡോ. സ്വാതിബാലയും ചായ കുടിക്കാന്‍ വന്നു.

‘‘സാറേ.. ഈ കാണിക്കാര്‍ക്ക് പണ്ടേക്ക് പണ്ടേ തിരുവിതാംകൂറിലെ മഹാരാജാക്കന്മാര്‍ പതിച്ചുകൊടുത്ത സ്ഥലങ്ങളാണ് പലതും. ഇപ്പോഴും ഓണക്കാലത്ത് കാണിക്കാര് കാഴ്ചവസ്തുക്കളുമായി കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്ക വെക്കാന്‍ പോകുന്ന ആചാരമുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ്.’’

ഇന്നോവക്കകത്തെ ഇത്രയും നേരത്തേ അസ്വസ്ഥമായ ഉറക്കം മാറ്റാനെന്നവണ്ണം സെക്ഷന്‍ ഓഫീസര്‍ കൈകള്‍ കെട്ടി മൂരിനിവര്‍ന്ന്, മൊബൈലെടുത്ത് ആരെയൊക്കെയോ വിളിക്കുന്നു. രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. വനം മന്ത്രിയും സാംസ്കാരിക കാര്യ വകുപ്പ് മന്ത്രിയും ഉണ്ട്. കൃത്യസമയത്ത് തന്നെ ഉദ്ഘാടനത്തിന് രണ്ടു മന്ത്രിമാരെയും എത്തിക്കേണ്ട ചുമതല സെക്ഷന്‍ ഓഫീസര്‍ക്കാണ്. ചായയും പഴംപൊരിയുമെടുത്തുകൊണ്ട് സെക്ഷന്‍ ഓഫീസര്‍ വാച്ചില്‍ നോക്കി തെല്ല് അസ്വസ്ഥനായി വീണ്ടും ഫോണ്‍വിളികള്‍ തുടര്‍ന്നു. ഡോര്‍ പുറത്തേക്ക് തുറന്ന് മനോഹരമായ സാരി വെളിവാക്കി ഗവേഷക ചായ കുടിച്ചുകൊണ്ടു പറഞ്ഞു:

‘‘ശരിക്കും പറഞ്ഞാല്‍ ഗോത്രഭാഷകളിലെ ഗവേഷണം അത്ര എളുപ്പമല്ല. ഉള്‍വനങ്ങളില്‍ ചെന്ന് ഗോത്രഭാഷാ സമൂഹങ്ങളുമായി ചേര്‍ന്ന് റിസര്‍ച്ച് നടത്തുക എന്നുപറഞ്ഞാല്‍ ശരിക്കും കഷ്ടപ്പാടാണ്. പലയിടങ്ങളിലേക്കും വാഹനസൗകര്യമില്ല. പിന്നെ പുറത്തൂന്ന് ചെല്ലുന്ന ഒരാളിനെ ഊരിലുള്ളവര്‍ അത്ര പെട്ടെന്ന് അംഗീകരിക്കില്ല. നമ്മള്‍ ജനുവിനാണെന്ന് അവര്‍ക്ക് തോന്നണം.’’

ഡോ. സ്വാതിബാല ചിരിച്ചുകൊണ്ടുപറഞ്ഞു. സെമിനാറും ഗോത്രഭാഷാ ക്യാമ്പും ഓഡിയോ/ വീഡിയോ ഡോക്യുമെന്‍റ് ചെയ്യാന്‍ ഏജന്‍സിയില്‍നിന്നും വന്ന ഫസല്‍ കടക്കാരനോട് ഒരു മൊന്ത വെള്ളം വാങ്ങി മുഖം കഴുകി കണ്ണാടി തുടച്ചുകൊണ്ട് ഗവേഷകയോട് പറഞ്ഞു.

‘‘മാഡം പറഞ്ഞത് കറക്ടാണ്. ഞാന്‍ വനം വകുപ്പിന്‍റെ ഫോട്ടോഷൂട്ടിന് ഇടമലക്കുടിയില്‍ പോയിരുന്നു. അപ്പോഴാണ് ശരിക്കും ഈ ഗോത്രജനതയുടെ ജീവിതസാഹചര്യങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയത്. എത്ര ബുദ്ധിമുട്ടിലാണെന്നോ അവരുടെ ജീവിതം. ഉള്ളത് പറഞ്ഞാല്‍ നമ്മളൊക്കെ എത്ര സൗകര്യത്തിലാണെന്നോ കഴിയുന്നത്.’’ ഫോണ്‍വിളി മതിയാക്കി സെക്ഷന്‍ ഓഫീസര്‍ ഓടിവന്നു.

‘‘എല്ലാവരും വേഗം കയറ്, മന്ത്രി പുറപ്പെട്ടു. പി.എസ് ഇപ്പോ വിളിച്ചു. അവിടെ ചെന്നിട്ട് ഒരുക്കങ്ങളെല്ലാം നോക്കണം. എനിക്ക് പ്രഷര്‍ ഷൂട്ടപ് ചെയ്തെന്ന് തോന്നുന്നു.’’

മിനറല്‍ വാട്ടര്‍ തുറന്ന് അദ്ദേഹം ഒരു ടാബ് ലെറ്റ് വിഴുങ്ങി. ഇന്നോവയില്‍ അതിവേഗം സഞ്ചരിച്ച് ആനപരിപാലന കേന്ദ്രത്തിലെത്തി. കാപ്പുകാട്, ആ പേര് ഞാന്‍ രണ്ടുമൂന്നാവര്‍ത്തി മനസ്സില്‍ പറഞ്ഞു.

ക്യാമ്പ് സെന്‍ററിന്‍റെ മുറ്റത്ത് പന്തലിട്ടായിരുന്നു പ്രധാനവേദി അലങ്കരിച്ചിരുന്നത്. ട്രൈബല്‍ ഹോസ്റ്റലുകളില്‍നിന്നും വിദ്യാർഥികളുമായി സതീഷ് മാഷ് നേരത്തേ എത്തിയിരുന്നു. ഗോത്രഭാഷയില്‍ ജനിച്ച ഊരുകളില്‍നിന്നുള്ള കുട്ടികള്‍തന്നെയാണ് ഭാവിയില്‍ ഈ ഭാഷകളുടെ സംരക്ഷകര്‍ എന്ന് പ്രസംഗിച്ചുകൊണ്ട് വനം മന്ത്രി, നഞ്ചിയമ്മ പ്രശസ്തമാക്കിയ പാട്ടിലെ വരികള്‍ കൂടെ പാടി. കുട്ടികള്‍ കൈയടിച്ചു. ഊരുകളില്‍ പാടുന്ന പാട്ട് കുട്ടികള്‍ പാടിയപ്പോള്‍ മനസ്സില്‍ കാട് വിരിഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രിയും എത്തിച്ചേര്‍ന്നു.

നഗരത്തിലുള്ള പല ഓഡിറ്റോറിയങ്ങളിലും നടത്തപ്പെടുന്ന സാംസ്കാരിക പരിപാടികള്‍ക്ക് കാഴ്ചക്കാരനായി ഇരുന്നിട്ടുണ്ട്. കുട്ടികള്‍ പാടുന്നത് ഇതിന് മുമ്പും കേട്ടിട്ടുണ്ട്. പക്ഷേ, ഈ പാട്ട്, ഗോത്രഭാഷയിലുള്ള അതിന്‍റെ ഈണം, താളം, വാക്കുകള്‍, ആ ഭാഷയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ നൈസര്‍ഗികമായ ആലാപനം... ലയിച്ചുനിന്നുപോയി. ദൂരെ കാട് ഒന്നാകെ ഇളകുന്നതായി തോന്നി.

 

മന്ത്രിമാര്‍ രണ്ടുപേരും വന്നുപോയപ്പോള്‍, വാഹനവ്യൂഹം ഇരമ്പിപ്പോയപ്പോള്‍ പത്രവാര്‍ത്ത തയാറാക്കുന്നതിന്‍റെ ചുമതലയുള്ള റഫീഖ് വാര്‍ത്ത എഴുതുന്നതിനിടയില്‍ പറഞ്ഞു,

‘‘എന്‍റെ സാറേ... ഞാനീ വാര്‍ത്ത ഏതു ഭാഷയില്‍ എഴുതേണ്ടതെന്നാ ആലോചിക്കുന്നത്. നമ്മുടെ പത്രങ്ങളില്‍ നല്ല കവിതാത്മക വാര്‍ത്തകള്‍ വന്നിട്ട് കുറേക്കാലമായിക്കാണില്ലേ...’’ ആദിവാസി വനവാസി ഗോത്രസമൂഹത്തിന്‍റെ മുഖത്തെ വിഷാദത്തെക്കുറിച്ച് എഴുതണോ..?’’ മന്ത്രിമാരുടെ പ്രസംഗത്തെക്കുറിച്ചോ..?’’ ഊരുമൂപ്പന്‍ സംസാരിച്ചതോ?’’ അതോ സ്വാഗത പ്രസംഗത്തിന്‍റെ സാറ് പറഞ്ഞതോ? നല്ല ഒരു തലക്കെട്ടുംവച്ച് വാര്‍ത്ത സാധാരണ നമ്മുടെ സര്‍ക്കാര്‍ പരിപാടിയില്‍ കാച്ചുന്നതല്ലേ ഇതങ്ങോട്ട് കിട്ടുന്നില്ല’’ റഫീഖ് വാ തുറന്ന് ചിരിച്ചു.

ജേണലിസം ഡിപ്ലോമ പഠിച്ചതിനുശേഷം സര്‍ക്കാര്‍ ജോലി എഴുതിയെടുത്തെങ്കിലും പത്രപ്രവര്‍ത്തനത്തോടാണ് റഫീഖിന് കൂറ്. ഡോ. സ്വാതിബാലയുടെ പ്രഭാഷണത്തിന് കാതോര്‍ത്തുകൊണ്ട് ഇരിക്കുമ്പോഴാണ് ക്യാമ്പ് സെന്‍ററിന്‍റെ മുറ്റത്ത് കൊക്കരയുമായി നില്‍ക്കുന്ന കാണിയെ കണ്ടത്. വിടര്‍ന്നുചിരിച്ചുകൊണ്ട് നില്‍ക്കുന്നു. മലകളിലേക്ക് നോക്കി കാണി കൊക്കര വായിച്ച് ചാറ്റ് പാട്ട് പാടി. ഉരുണ്ട ഒരു ചെറിയ വടിപോലെ തോന്നുന്ന ഒരു ഇരുമ്പ് ദണ്ഡില്‍ മറ്റൊരു ചെറിയ കമ്പികൊണ്ട് മീട്ടുമ്പോള്‍ ലഭിക്കുന്ന സംഗീതത്തിന് വിലാപത്തിന്‍റെ നാദമാണുള്ളത്. ഒപ്പം കാണി പാടുകയും ചെയ്യുന്നുണ്ട്. മനസ്സിലാക്കാന്‍ പറ്റാത്ത കാണിഭാഷയിലെ മന്ത്രങ്ങളാണ് ചാറ്റ് പാട്ടില്‍ ഒളിഞ്ഞിരിക്കുന്നത്. കൊക്കരയുടെ മുരള്‍ച്ചയും താളവും ഏതോ സ്മൃതികളിലേക്ക് തന്നെ കൊണ്ടുപോകുന്നു.

കാണിക്കൊപ്പം വന്ന ചെറുപ്പക്കാരന്‍റെ കൈയിലും കൊക്കരയുണ്ട്. നെല്ലും മലരും ചീന്തിലയില്‍, അതിന് മുമ്പില്‍ തെളിഞ്ഞ് കത്തുന്ന വിളക്ക്. ദൂരെയായി മഹാമൗനത്തിലാണ്ട അഗസ്ത്യവനം. കൊക്കര മീട്ടിയപ്പോള്‍ കാട് കരയുന്നതുപോലെ തോന്നി. ചാറ്റ് പാട്ട് കഴിഞ്ഞ് കാണിയില്‍നിന്നും പലരും അനുഗ്രഹം വാങ്ങുന്നത് കണ്ടപ്പോള്‍ തനിക്കും ആഗ്രഹം തോന്നി. ഒരു മഹാമുനിയെപ്പോലെ മൗനത്തില്‍ വീണുകിടക്കുന്ന അഗസ്ത്യവനവും കാട്ടുമരങ്ങളും സാക്ഷിയാക്കി കാണിഭാഷയിലെ മന്ത്രങ്ങളോടെ കാണി തലയില്‍ കൈ​െവച്ചുകൊണ്ട് അനുഗ്രഹം തന്നു.

കൊക്കരയുയര്‍ത്തിയ ആദിമവിലാപംപോലെ ഹൃദയത്തെ കീറിമുറിക്കുന്ന ആ സംഗീതം കേട്ടപ്പോഴാണ് ആ ഉപകരണം ഒന്നു തൊടാന്‍ തോന്നിയത്. കാണിയുടെ കൈകളില്‍നിന്നും കൊക്കര വാങ്ങി കയ്യില്‍ പിടിച്ചു. പപ്പട കമ്പിയുടെ വലുപ്പമുള്ള ചെറിയ ദണ്ഡുകൊണ്ട് ഒരു ചെറുവടിപോലെ തോന്നുന്ന വലിയ ദണ്ഡില്‍ ഉരച്ച് മീട്ടാന്‍ തുടങ്ങി. കാണി പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ചുറ്റും മലകള്‍ നൃത്തമാടുന്നു. വനപംക്തിയിലൂടെ താന്‍ ഓടിനടക്കുന്നു. പച്ചിലകളുടെ ഗന്ധം മൂക്കില്‍ വിടരുന്നു. മുക്കോത്തിമലയിലെ പോത്തുകള്‍ വിറപിടിച്ച് ഓടുന്നു. കാട്ടുവള്ളികളില്‍ തൂങ്ങിയാടുന്നു. പാറകള്‍ ഉരഞ്ഞ് ആദിതാളം രൂപപ്പെടുന്നു. കാട്ടുമുളന്തലകള്‍ ഇലമുടികള്‍ മണ്ണില്‍ അഴിച്ചാടുന്നു. ആദി പരദേവതകള്‍ നൃത്തം ചവിട്ടുന്നു. നിലവിളികളും അട്ടഹാസങ്ങളും മുഴങ്ങുന്നു.

കൊക്കര മീട്ടുന്നത് നിര്‍ത്തി കാണിയുടെ മുഖത്തേക്ക് നോക്കി. ഒരിക്കലും ഇളകാത്ത വനംപോലെ ഒരു ശാന്തത ആ മുഖത്ത് കാണാം. നിഷ്കളങ്കമായ പുഞ്ചിരിയും. ചുറ്റും കൂടിനില്‍ക്കുന്നവരുടെ മുഖങ്ങളിലേക്ക് നോക്കി. ഏതോ ഒരു കാലത്തിലേക്കെന്നവണ്ണം കുറച്ച് നേരം സഞ്ചരിച്ചുവോ? പുറത്ത് രാത്രി നന്നായി കനത്തു. പകലു മുഴുവന്‍ നടന്ന പ്രഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കാണിയും കൊക്കരയും മാത്രമായി കാതുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വനത്തില്‍ ഒറ്റപ്പെട്ടവരുടെ ദുഃഖംപോലെ കൊക്കര. കരച്ചില്‍പോലുള്ള ഉരയല്‍.

തെല്ലു കുനിഞ്ഞ് ഏതോ പൂർവികസ്മരണകളില്‍ നഷ്ടപ്പെട്ട്, ആദിപരാശക്തികളെ ധ്യാനിച്ച് നെല്ലും മലരും പഴവും നേദിച്ച വിളക്ക് സാക്ഷിയാക്കി അദ്ദേഹം കൊക്കര മീട്ടിയതുപോലെ അനുകരിക്കാനാണ് ശ്രമിച്ചത്. ആദിമജീവിതം കാട്ടില്‍നിന്നു തുടങ്ങിയതിനാല്‍ കാടെത്തുമ്പോള്‍ നാം ഇപ്പോഴും വീട്ടിലെത്തിയപോലുള്ള ഒരു അവസ്ഥയിലെത്തുന്നുണ്ടെന്ന് പറഞ്ഞത് ഡോ. സ്വാതിബാലയാണ്. കൊക്കര കാണിയെ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഫൈസല്‍ പറഞ്ഞു.

‘‘സാറിനിത് എന്ത് പറ്റി... ഒരു ട്രാന്‍സിലെന്നവണ്ണമാണ് ആ വാദ്യോപകരണം മീട്ടിയത്. ആദ്യമായി അതില്‍ തൊടുന്ന ഒരാളെപ്പോലെ തോന്നിയില്ല കേട്ടോ.’’

അവന്‍ ചിരിച്ചു. അത്താഴത്തിനായി എല്ലാവരും ക്യാമ്പ് സെന്‍ററിന്‍റെ ക്യാന്‍റീനിലേക്ക് ഇറങ്ങിയപ്പോള്‍ കാണിയും സംഘവും പോകാന്‍ തിരക്ക് കൂട്ടി. ഊരുവരെ ഓട്ടോ പോകും. പ്രതിഫലം കൈകളിലേല്‍പ്പിച്ചപ്പോള്‍ കൊക്കരയില്‍ വീണ്ടും തൊട്ടു. അത് വീണ്ടും മീട്ടാന്‍ ഒരാഗ്രഹം. ഓട്ടോയുടെ അടുത്തേക്ക് നടക്കുമ്പോള്‍ ഒരാഗ്രഹം തോന്നി. തുറന്നു ചോദിച്ചു.

‘‘ഈ കൊക്കര എനിക്ക് തരാമോ..?’’

നിസ്സഹായനായി കാണി, കുറച്ചുനേരം ഒരു തീരുമാനമെടുക്കാന്‍ കഴിയാത്തപോലെ. ചെറുപ്പക്കാരനാണ് പറഞ്ഞത്. കാണിയുടെ മരുമകനാണ്.

‘‘സാറ് എടുത്തോ സാറേ...’’

അവന്‍ കുറച്ച് മദ്യപിച്ചിരുന്നതായി തോന്നി. അവന്‍ തന്നെ വിലയും പറഞ്ഞു. ആയിരത്തി അഞ്ഞൂറ്. കാണി ഇരുട്ടിലേക്ക് നോക്കിനില്‍ക്കുകയായിരുന്നു. നിഷ്കളങ്കനായ ആ മനുഷ്യന് തന്നെ അഭിമുഖീകരിക്കാന്‍ കഴിയാത്തപോലെ തോന്നി. പേഴ്സില്‍നിന്നും മൂന്നു അഞ്ഞൂറിന്‍റെ നോട്ടുകളെടുത്ത് മരുമകന്‍റെ കയ്യില്‍ കൊടുത്തു. കൊക്കര അയാള്‍തന്നെയാണ് വെച്ചുതന്നത്. ഒടിഞ്ഞുവീണ മരങ്ങള്‍ക്കും ആനത്താരക്കും ഇടയിലെ മണ്‍വഴിയില്‍ നിര്‍ത്തിയിരുന്ന ഓട്ടോയില്‍ കാണിക്കാര്‍ കയറി. ഓട്ടോ മുരണ്ടുകൊണ്ട് ചെറിയൊരു കാട്ടുമൃഗത്തെപ്പോലെ വനപാതയില്‍ അപ്രത്യക്ഷമായി.

അഗസ്ത്യവനത്തിന്‍റെ വെളിമ്പറമ്പുകളിലാണ് കാണിക്കാരുടെ ഊരുകള്‍. മരങ്ങളെ ഉലച്ചുകൊണ്ട് കാറ്റ് വീശി. കൊക്കരയും കയ്യില്‍പിടിച്ചുകൊണ്ട് കുറച്ചുനേരം ഒറ്റക്ക് നിന്നു. വേണ്ടിയിരുന്നില്ല, കൊക്കര സ്വന്തമാക്കേണ്ടിയിരുന്നില്ല, മനസ്സു പറഞ്ഞു. ക്യാന്‍റീനില്‍ ഡിന്നര്‍ കഴിഞ്ഞുവന്നവര്‍ക്ക് ​െഗസ്റ്റ് ഹൗസിലെ മുറി ഏര്‍പ്പാടാക്കി കൊടുത്തിട്ട് അത്താഴം കഴിഞ്ഞുവന്നപ്പോള്‍ ബിയര്‍ കേയ്സും മദ്യക്കുപ്പികളുമായി എല്ലാവരും എസ്.ഒയുടെ മുറിയില്‍ കൂടിയിട്ടുണ്ട്. ചിരിയും പാട്ടും. വീണുകിട്ടിയ അവസരം ആഘോഷിക്കുകയാണ്. വനത്തിന് നടുവില്‍, നദിക്കരികില്‍, ഒറ്റപ്പെട്ട കെട്ടിടക്കൂട്ടങ്ങള്‍, ആനത്താരകള്‍, ബോട്ടിങ് കേന്ദ്രം, സന്ദര്‍ശകര്‍ക്കുള്ള മറ്റു സൗകര്യങ്ങള്‍. കെട്ടിലും മട്ടിലും ആധുനികമായ സൗന്ദര്യമുള്ള ബില്‍ഡിങ്ങുകള്‍.

ബിയറും മദ്യവും മറ്റ് അനുസാരികളുമൊക്കെ ഇവര്‍ ഇതിനിടക്ക് എങ്ങനെ സംഘടിപ്പിച്ചു. ടൗണിലേക്ക് നല്ല ദൂരമുണ്ട്. ഇത്തരം ആഘോഷങ്ങളുടെ നേതാവ് രാജേഷ് സാറ് നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. ബിയർകെയ്സ് പൊട്ടിച്ച് നുരയുന്ന പതയുടെ ലഹരി ക്യാന്‍റീനില്‍നിന്നും സംഘടിപ്പിച്ച ഇറച്ചിക്കൊപ്പം നുണയുന്നുണ്ട്. എല്ലാവരും പരിപാടി വിജയിച്ചതിന്‍റെയും എസ്.ഒ മന്ത്രിമാര്‍ക്ക് സന്തോഷമായതിന്‍റെയും ആശ്വാസത്തിലാണ്.

വനത്തിനുള്ളിലെ ഈ ക്യാമ്പ് സെന്‍ററിലും ​െഗസ്റ്റ്ഹൗസിലും വിദ്യാസമ്പന്നരുടെ വക പ്രാകൃതമായ കൂത്തരങ്ങ് ഒരുങ്ങുന്നു. ഗ്ലാസുകള്‍ ഒരേ നിരയില്‍​വെച്ച് മദ്യമൊഴിക്കുന്നതിനിടയില്‍ ഡ്രൈവര്‍ സുജിത് ഏതോ പഴയ ഹിന്ദി ഗാനങ്ങള്‍ മൂളുന്നുണ്ട്. പഴയ മലയാളം പാട്ടുകള്‍, തമിഴ് പാട്ടുകള്‍ എന്നിവയാണ് അയാള്‍ക്ക് ഹരം. രാത്രിയില്‍ ഓഫീസില്‍നിന്നുള്ള കുറച്ചു പേര്‍ കൂടി വന്നുചേര്‍ന്നിട്ടുണ്ട്. പകല്‍ ഡ്യൂട്ടിയില്ലാത്തവര്‍ ഓഫീസ് ജോലി കഴിഞ്ഞ് ശരിക്കുമൊന്നു ആഘോഷിക്കാനായി ഈ വനമേഖലയില്‍ എത്തിയിരിക്കുകയാണ്. ആണുങ്ങള്‍ക്ക് ആഘോഷങ്ങള്‍, പ്രത്യേകിച്ചും കാട്ടിനുള്ളിലുള്ള ഒത്തുചേരലിന് വലിയ താല്‍പര്യമാണ്.

കളം കളം കൈലിയും സാന്‍റോ ബനിയനുമിട്ട എസ്.ഒ കയ്യില്‍ ഒരു ഗ്ലാസുമായി ടെന്‍ഷന്‍ ഒഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ്.

‘‘എന്‍റെ റഫീഖേ, എന്തായാലും രണ്ട് മന്ത്രിമാരും ഹാപ്പിയായി. പി.എസുമാര്‍ വിളിച്ചിരുന്നു. വല്യ അഭിപ്രായമാണ് പറഞ്ഞത് കേട്ടോ.’’

ഒരു കേസ് ബിയറും മൂന്നു ഫുള്‍ബോട്ടില്‍ വിസ്കിയും ചപലമായ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ തീര്‍ന്നു. ക്യാമ്പ് സെന്‍ററിന്‍റെയും ആന പരിപാലനകേന്ദ്രത്തി​െന്‍റയും നടത്തിപ്പ് വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ്. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ഒഴിഞ്ഞുപോയിരുന്നു. പാതിമയക്കത്തിലെന്നവണ്ണം ജനാലയോട് ചേര്‍ന്നുള്ള കസേരയില്‍ ചാരിക്കിടന്ന് റഫീഖ് ചാടിയെണീറ്റ് പറഞ്ഞു.

‘‘കുറച്ചേ​െറ നേരം നാം വായിട്ടടിച്ചു അല്ലേ... ആയിരക്കണക്കിന് മനുഷ്യര്‍ ആദിവാസികള്‍ ഉൾപ്പെടെ ഈ ലോകത്ത് പട്ടിണി കിടന്ന് മരിക്കുകയാണ്... നമ്മളിവിടെ എന്തുചെയ്യുന്നു, അവര്‍ക്കുവേണ്ട ഭക്ഷണംകൊടുക്കാതെ അവരുടെ ഭാഷയെക്കുറിച്ച് ചര്‍ച്ചചെയ്ത് സമയം കളയുന്നു. സില്ലി ആന്‍ഡ് സ്റ്റുപ്പിഡ് എന്നേ ഞാന്‍ പറയൂ.’’ ഇടറിയ ശബ്ദത്തോടെ റഫീഖ് അത് പറഞ്ഞിട്ട് ഉറക്കത്തിലേക്ക് അല്ല കുടിമയക്കത്തിലേക്ക് വീണെന്ന് തോന്നി. ഇടക്ക് വീണ്ടുമുണര്‍ന്ന് ഗ്ലാസ് നിറക്കുന്നു.

 

​െഗസ്റ്റ്ഹൗസിലെ ചുവര്‍ ക്ലോക്കില്‍ പന്ത്രണ്ട് മണിയിലേക്ക് സൂചികള്‍ കടന്നു. ലോറന്‍സ് അരയില്‍ കൈകുത്തി നില്‍ക്കുകയാണ്. സ്വന്തം കൈയിലിരിക്കുന്ന ഗ്ലാസ് കണ്ടെത്താന്‍ അയാള്‍ വിഷമിക്കുന്നതുപോലെ തോന്നി.

ജയപ്രകാശ് കട്ടിലില്‍നിന്നും ചാടിയെഴുന്നേറ്റ് എന്‍റെ നേരേ തിരിഞ്ഞ് കൊക്കരയെക്കുറിച്ച് ചോദിക്കാന്‍ തുടങ്ങിയതോടെ എല്ലാവരുടെ ശ്രദ്ധയും എന്‍റെ കൈകളിലേക്കായി. ഡ്രൈവര്‍ സുജിത്ത് പഴയ മലയാള സിനിമ പാട്ട് നിര്‍ത്തി.

‘‘ഹൊ, എന്തൊരു കരച്ചില് പോലുള്ള ഒച്ചയാ സാറേ ഇതില്‍നിന്ന് വരുന്നത്...’’

അയാള്‍ ഇറച്ചിക്കഷണം വായിലേക്കിട്ടുകൊണ്ട് പറഞ്ഞു.

ജനലിനോട് ചേര്‍ന്നുനിന്ന് സിഗരറ്റ് വലിക്കുന്ന ഫസല്‍ അഗാധമായ വനത്തില്‍നിന്നും കണ്ണുകള്‍ വലിച്ചെടുത്തു.

‘‘ന്താ സാറേ ഇതിന്‍റെ പേര്..?’’

‘‘കൊക്കര...’’

ഞാന്‍ പറഞ്ഞു.

‘‘ഒന്ന് വായിക്ക് സാറേ...’’

‘‘ഏയ്... വേണ്ട.’’

‘‘അവര് ധൃതിയില്‍ പോയപ്പോള്‍ കൊക്കര എടുക്കാന്‍ മറന്നതാ... പിന്നെ നാളെയും ഡമോസ്ട്രേഷനുണ്ടല്ലോ... ചിലപ്പോ അതായിരിക്കും ഇവിടെ വെച്ചിട്ട് പോയത്...’’

ഞാന്‍ സത്യം മറച്ചുവെച്ചുകൊണ്ട് പറഞ്ഞു. വാങ്ങിയതാണെന്ന് പറഞ്ഞാല്‍ ഈ മദ്യപസംഘം അതെന്നെക്കൊണ്ട് ഇവിടെ​െവച്ച് വായിപ്പിക്കാന്‍ ശ്രമിച്ചേക്കും. അതെനിക്ക് ഇഷ്ടപ്പെടില്ല.

‘‘പിന്നെന്ത് കോപ്പിനാടോ താന്‍ അതും നീട്ടിപ്പിടിച്ച് നടക്കുന്നത്..?’’

എസ്.ഒ അങ്ങനെ ചോദിച്ചപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അയാള്‍ക്ക് വല്ലാത്ത ചൊരുക്കുണ്ട്. ഫയലുകളില്‍ പലപ്പോഴും മനഃപൂർവം ശത്രുത തീര്‍ക്കുന്നത് അറിയാവുന്നതാണ്.

‘‘സാര്‍... അത്... എന്‍റെ റൂമില്‍ സേഫായിട്ട് വെക്കാമെന്നു കരുതി... ഹാളില്‍ നമ്മളില്ലാത്ത സമയത്ത് ആരെങ്കിലും എടുത്തോണ്ട് പോയാലോ...’’ ആ ന്യായീകരണത്തില്‍ സംതൃപ്തനായെന്ന മട്ടില്‍ അയാള്‍ മദ്യഗ്ലാസിനെ പ്രണയിക്കുന്നപോലെ കയ്യിലിട്ട് താലോലിച്ചുകൊണ്ടിരുന്നു.

പാട്ടും ഒച്ചകളും മദ്യത്തിന്‍റെ ലഹരിയില്‍ വിജനമായ ആ വനപ്രദേശത്തെ ഉണര്‍ത്തുന്നമട്ടില്‍ ഉച്ചസ്ഥായിയിലായി. ലോറന്‍സും സുജിത്തും തമ്മില്‍ സിഗരറ്റിന്‍റെ ക്വാളിറ്റിയില്ലായ്മയെക്കുറിച്ച് തര്‍ക്കിക്കുന്നത് കേട്ടു.

‘‘ഗോൾഡ് േഫ്ലക്ക് വലിച്ചാല്‍ വലിച്ചതായി തോന്നുകയില്ല.’’

ലോറന്‍സ് പറഞ്ഞു.

‘‘അത്തരം സിഗരറ്റുകള്‍ ആര്‍ക്ക് വേണം... ഞാന്‍ വില്‍സാണ് വലിക്കുന്നത്. നെഞ്ചില്‍ ചെറിയൊരു ഇടികിട്ടിയതുപോലെ തോന്നും.’’

രണ്ടുപേരും ചര്‍ച്ച തുടര്‍ന്നു.

റഫീഖ് മദ്യം നിറച്ച് നീട്ടിയ ഗ്ലാസ് ഞാന്‍ നിരസിച്ചു. അതാര്‍ക്കും ഇഷ്ടമായില്ലെന്ന് തോന്നി. മദ്യവിരോധിയല്ല. കുടിക്കാറുണ്ട്. അതിഷ്ടപ്പെട്ടവരുടെ സാന്നിധ്യത്തില്‍, ഒന്നോ രണ്ടോ പേരോടൊപ്പം മാത്രം. ഇതിപ്പോള്‍ ഒരാള്‍ക്കൂട്ട പാര്‍ട്ടിയാണ്. ഭിത്തിയോട് ചേര്‍ത്തിട്ടിരിക്കുന്ന സോഫയില്‍ കൊക്കരയും പിടിച്ച് വെറുതെയിരുന്നു. ചുറ്റും കുഴഞ്ഞ ശബ്ദങ്ങളും ചപലമായ വര്‍ത്തമാനങ്ങളും കാളരാഗത്തിലുള്ള പാട്ടുകളും കൂടിക്കുഴഞ്ഞ് ഏതോ നരകത്തില്‍ അറിയാതെ എത്തപ്പെട്ടപോലെ. ഉറക്കം തുലഞ്ഞതുതന്നെ. വെറുപ്പ് തോന്നി. റൂമിന്‍റെ ഭിത്തിയില്‍ മുളങ്കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്ന ഒരു കാട്ടുപോത്തിന്‍റെ ചിത്രം. നല്ല പെര്‍ഫെക്ടാണ്. നേരെ എതിര്‍വശത്തെ ഭിത്തിയില്‍ നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്, കൊക്കരയുമായി ഇരിക്കുന്ന കാണിയുടെ ചിത്രം. ആ പെയിന്‍റിങ്ങിലേക്ക് നോക്കിയിരുന്നുപോയി.

ലോറന്‍സ് വരാന്തയുടെ ഒരു മൂലയില്‍നിന്ന് ലഹരി കയറി വനത്തിലേക്ക് നോക്കി കൂവുന്നത് കണ്ടു. സല്‍ക്കാരത്തിന്‍റെ നേതൃത്വമിപ്പോള്‍ മുരളികൃഷ്ണന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡെപ്യൂട്ടേഷനില്‍ പഞ്ചായത്തില്‍നിന്നും വന്നവനാണ്. വന്നിട്ട് കഷ്ടിച്ച് ഒന്നരമാസമേ ആയിട്ടുള്ളൂ. സഹപ്രവര്‍ത്തകരെ കൈയിലെടുക്കുന്നതിന്‍റെ ഭാഗമായി മയങ്ങിക്കിടക്കുന്നവരെയും ഉത്സാഹിപ്പിച്ച് വിളിച്ചുണര്‍ത്തി അവന്‍ മദ്യം വിളമ്പുന്നുണ്ട്. മഴ പെയ്യുമെന്ന് തോന്നുന്നു. വേനലിന്‍റെ മധ്യത്തില്‍ പഴുത്ത് കിടക്കുകയാണ് ഭൂമിയും ഈ വനപംക്തികളും. വേനല്‍ പൊള്ളിയടര്‍ത്തിയ മരങ്ങളില്‍നിന്ന് കരിഞ്ഞ ഇലകള്‍ നിശ്ശബ്ദം പൊഴിഞ്ഞുവീഴുന്നു. കരിയിലകള്‍ തമ്മിലുരസി ശബ്ദമുണ്ടാക്കുന്നത് കേള്‍ക്കാന്‍ അന്നുമിന്നും ഇഷ്ടമാണ്.

അജയന്‍ കാരണമൊന്നുമില്ലാതെ തലയാട്ടിക്കൊണ്ടിരിക്കുകയാണ്. മദ്യത്തിന്‍റെ ലഹരിയില്‍ അയാള്‍ തന്നോടുതന്നെ സംസാരിക്കുന്നതായി തോന്നി. പിന്നെ മെല്ലെയടുത്ത് വന്ന് ഇഴയുന്ന ശബ്ദത്തില്‍ പറഞ്ഞു.

‘‘സാറേ, എന്‍റെ അമ്മ പട്ടിണി കിടന്നാണ് മരിച്ചത്... എന്‍റെ വീട്ടിലും ദാരിദ്ര്യമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ മുന്‍ജാതിയില്‍ പിറന്നുപോയി. അതെന്‍റെ കുറ്റമാണോ...’’

അത്രയും പറഞ്ഞിട്ട് അയാള്‍ മദ്യബഹളത്തിനടുത്തേക്ക് നടന്നുപോയി. ​െഗസ്റ്റ്റൂമിന്‍റെ വാതില്‍ ചാരി മെല്ലേ കൊക്കരയുമായി സ്വന്തം മുറിയിലേക്ക് നടന്നു. കൊക്കര ഭദ്രമായി മേശയില്‍വെച്ചു. ബെഡില്‍ കിടന്നപ്പോള്‍ മദ്യസല്‍ക്കാരം നടക്കുന്ന മുറിയുടെ ഭിത്തിയില്‍ കണ്ട അതേ ചിത്രങ്ങള്‍, കാട്ടുപോത്തും കൊക്കരയും കാണിയും. ഇരുട്ടില്‍ കൊക്കരയില്‍നിന്ന് തനിയെ കരച്ചില്‍പോലുള്ള നാദം ഉയരുന്നപോലെ. നാളെ കാണി വരുമ്പോള്‍ കൊക്കര തിരികെ ഏല്‍പ്പിക്കണം. പുതപ്പ് മൂടി ജനലിനപ്പുറം ഉറങ്ങുന്ന കാട് നോക്കി ഉറങ്ങാന്‍ കിടന്നു.

(ചിത്രീകരണം: സുനിൽ അശോകപുരം)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT