‘‘ആ ജനാലകൾ ഒരിക്കലും തുറക്കരുത്. അവിടെ റോഡാണ്. എന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാലോ?’’ തുറക്കാനാഗ്രഹിച്ച് ജനാലയുടെ ഭാഗത്ത് ഞാനെത്തിയതേയുള്ളൂ. സാമുവൽ സാറ് വിറക്കാൻ തുടങ്ങി. ഞാൻ തിരികെ കട്ടിലിൽച്ചെന്നിരുന്നു.
കുറച്ചു മണിക്കൂറായി അയാൾ ഒരേ ഇരിപ്പാണ്. എന്നോടുണ്ടാക്കിയ ആദ്യ ശബ്ദവും അതാണ്. ഞാൻ ആ മനുഷ്യനെ വീണ്ടും നോക്കി. കാടുള്ള ഭാഗത്തേക്ക് തുറക്കുന്ന ജനാലയിലൂടെ ആകാശവും കണ്ട്, റേഡിയോ ഗാനങ്ങൾക്ക് തലയാട്ടി താടിയും തടവിയുള്ള ഇരിപ്പ്. ഇതിലും ഭേദം ആ പെണ്ണിന്റെ വീട്ടുകാർ അതങ്ങ് കേസാക്കി എന്നെ ജയിലിലടക്കുന്നതായിരുന്നു.
സ്ഥലംമാറ്റം കിട്ടിയ സ്‌കൂളിലെ ലാബ് അസിസ്റ്റന്റായ ലാസറിനോട് ‘‘ആളൊഴിഞ്ഞ ഭാഗത്ത് ഒരു വാടകവീട് ഒപ്പിച്ചു തരുമോ’’ന്ന് ഞാൻ ചോദിച്ചു. കുട്ടികൾ കയറാത്ത ലാബിൽ അയാൾക്ക് ചില വാറ്റ് പരീക്ഷണങ്ങളുണ്ട്. കന്നാസിലാക്കി വെച്ചിരുന്നത് ഒരു ഗ്ലാസിലൊഴിച്ച് എനിക്കു നീട്ടി. എരിഞ്ഞിറങ്ങിയ സ്പിരിറ്റിനൊപ്പം വൈകല്യമുള്ള അയാളുടെ ഇടതുകൈ എന്റെ തോളിലിട്ട് ആശ്വസിപ്പിച്ചു. എന്നോട് ചിരിച്ചു. വീണ്ടും വീണ്ടും പകർന്നു. മാളം അന്വേഷിക്കേണ്ടിവന്നതിന്റെ കാരണം പാതിബോധത്തിൽ ഞാൻ പറഞ്ഞു. പിന്നെ തലകുനിച്ചിരുന്ന് കരഞ്ഞു. ലാബിന്റെ തട്ടിൽ അയാളൊരു കാർഡ്ബോർഡ് കീറിവിരിച്ചു. എന്നോട് കിടക്കാൻ പറഞ്ഞു.
ഇളംകാറ്റോടെ തിരിയുന്ന ഒരു ഫാൻ എടുത്തുവെച്ചു. തടിയുള്ള ശാസ്ത്രപുസ്തകങ്ങൾ തലയിണ വെച്ചു. സംഭവിച്ചതെല്ലാം ഞാൻ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ആ ഉറക്കവും നോക്കി കാരുണ്യപൂർവം അയാളിരുന്നു. പാതിയുറങ്ങിയ എന്റെ ചെവിയിൽ ‘‘നാലര കഴിഞ്ഞാലും സ്റ്റാഫ്റൂമിൽ കാത്തിരിക്കണ’’മെന്നു പറഞ്ഞിട്ട് ലാബിന്റെ വാതിലും ചാരി അയാളിറങ്ങിപ്പോയി.
സ്റ്റാഫ് റൂമിന്റെ ഒഴിഞ്ഞ കോണിൽ അലമാരയുടെ പിന്നിൽ താടിയും തടവിയിരിക്കുന്ന ഡോക്ടർ സാമുവൽ എന്ന ചരിത്ര അധ്യാപകനെ അപ്പോഴാണ് ആദ്യമായി കണ്ടത്. നീണ്ട താടിയും മീശയും മേശക്ക് കീഴിലേക്ക് ചേർന്നൊഴുകുന്നു. ഓഷോയുടെ ചിത്രമാണ് പുസ്തകത്തിന്റെ കവർ. അയാൾ പുസ്തകത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്ന് തോന്നും.
ഇരുട്ടിന്റെ കുട്ടികളെ ക്ലാസ് മുറികളിൽ നിർബന്ധിച്ചു കയറ്റിയിരുത്തി താഴിട്ടുപൂട്ടുകയാണ് ലാസർ. അടഞ്ഞുകിടക്കാൻ വിസമ്മതിച്ച ജനാലകളെ ഇടിക്കുന്നു. സ്‌കൂളിന് അയാളെ പേടിയാണ്. പൂർണ നിശ്ശബ്ദത. നിലവിളിയോടെ വീഴുന്ന ഷട്ടർ. ഇനി ആരെയും കയറ്റിവിടില്ലെന്ന് ആണയിടുന്ന ഗ്രില്ലുകൾ. സ്‌കൂളിനെ അയാൾ തടവിലിട്ടു.
ലാസറിന്റെ ഓട്ടോയിൽ രണ്ട് വശവും പടുത താഴ്‌ത്തി മറച്ചിരുന്നു. ഒരു പ്രത്യേക താളത്തിൽ ഹോൺ മുഴങ്ങി. ഞാനിരിക്കുന്നത് ശ്രദ്ധിക്കാതെ സാമുവൽ സാർ ഓട്ടോയിലേക്ക് ഓടിക്കയറി. എന്നെ വിളിക്കാനായി വൈകല്യമുള്ള കൈ ലാസർ വീശി. ഞാനും ഓട്ടോയിലേക്ക് നടന്നു. സാമുവൽ സാറിന്റെ കണ്ണിൽ ‘ഇതെങ്ങനെ ശരിയാവു’മെന്ന ചോദ്യം. ലാസർ അയാളോട് കണ്ണടച്ചു കാണിച്ചു.
ബാഗുകൾ കയറ്റിവെക്കുമ്പോൾ ഒരു കൈസഹായമാഗ്രഹിച്ചു. പടുതയിലെ ദ്വാരത്തിലൂടെ അയാൾ പുറത്തേക്ക് നോക്കിയിരിക്കുന്നു. എനിക്കും അയാൾക്കുമിടയിൽ തടിച്ച പുസ്തകത്തിലെ ഓഷോയെപ്പിടിച്ചിരുത്തി. മുന്നിലൂടെ ഇത്തിരി റോഡ് കാണാമെന്നല്ലാതെ യാത്രയുടെ വളവും തിരിവുമൊന്നും വ്യക്തമല്ല. പണ്ടൊരിക്കൽ ഉപേക്ഷിക്കാനായി കവറിനുള്ളിലാക്കിയ പൂച്ചയെ എനിക്കപ്പോൾ മനസ്സിലായി.
വാഹനങ്ങളുടെ ബഹളങ്ങളില്ലാത്ത നിരത്തിലൂടെ കുറേ നേരം പിന്നിട്ടു. വലിയ ചുറ്റുമതിലുള്ള ഇരുനില കെട്ടിടത്തിന്റെ കാട് കയറിയ മുറ്റത്ത് ആ ഓട്ടോ നിന്നു. താഴത്തെ നിലയിലെ തുരുമ്പൻ ഷട്ടറിൽ പുസ്തകശാലയുടെ പേര്. പേരിന്റെ ആദ്യഭാഗങ്ങൾ മാഞ്ഞിട്ടുണ്ട്. സാമുവൽ സാർ തിടുക്കത്തിൽ മുകളിലേക്കുള്ള പടികൾ കയറിപ്പോയി. ഓട്ടോ തിരിച്ച ലാസർ തല പുറത്തേക്കിട്ടു. ‘ഇനിയെന്തെന്ന്’ ചിന്തിക്കുന്ന എന്നോട് ‘മുകളിലേക്ക് നടക്കൂ’ എന്ന് വിരല് ചൂണ്ടി.
പടിയുടെ വശങ്ങൾ പച്ചനിറത്തിലുള്ള പടുതകൊണ്ട് മറച്ചിരിക്കുന്നു. പച്ച കലർന്ന ഇരുട്ട്. ഞാൻ ചുറ്റും നോക്കി, പരിസരത്ത് വീടുകളില്ല. വഴിയും അനാഥമായി കിടക്കുന്നു. മതിലിന്റെ മുകളിൽ കുപ്പിച്ചില്ലുകൾ പാകിയിട്ടുണ്ട്. പറമ്പിൽ സൂര്യനെ തടയാൻ പാങ്ങുള്ള കൂറ്റൻമരങ്ങളുടെ അഹന്ത. പൂത്തുനിൽക്കുന്ന ഒന്നിന്റെ ചുവട്ടിൽ വള്ളികൾ മൂടി, ദ്രവിച്ചുതുടങ്ങിയ ഒരു നീല വാൻ. അതിലും ആ പുസ്തകശാലയുടെ പേരുണ്ട്. നടുഭാഗത്തെ ഡോർ തുറന്നുകിടക്കുന്നു. കീറിത്തുടങ്ങിയ സീറ്റിൽ വായിച്ചു കമഴ്ത്തിെവച്ച ഒരു പുസ്തകം. ഞാൻ മുകളിലേക്കുള്ള പടികൾ കയറി.
പാതി ചാരിയിട്ട വാതിൽ. പതിഞ്ഞ ശബ്ദത്തിൽ മിണ്ടുന്ന റേഡിയോ. അടുക്കിെവച്ച പത്രങ്ങളും ആഴ്ചപ്പതിപ്പുകളും. പാതി വായിച്ച പുസ്തകങ്ങൾ പല ഭാഗങ്ങളിലിരിക്കുന്നു. ചുവരിലേക്ക് മുഖംതിരിച്ചു കിടക്കുന്ന സാമുവൽ സാർ, അയാളെ ചേർന്നുകിടക്കുന്ന ഓഷോ. ഒരേ വലുപ്പമുള്ള മൂന്ന് കട്ടിലുകൾ. ഒന്നിൽ തോർത്തും പഴയ ലുങ്കിയും വിരിച്ചിട്ടിരിക്കുന്നു. തലയിണയും കിടക്കവിരിയുമുള്ള മൂന്നാമൻ എനിക്കൊരുക്കിയതെന്ന് ക്ഷീണം ഓർമിപ്പിച്ചു.
വിരിച്ചിട്ട കട്ടിലിൽ ഞാനിരുന്നു. ബാഗുകൾ മറ്റേ കട്ടിലിൽ വെച്ചു. ഒഴിഞ്ഞുകിടക്കുന്ന രണ്ട് റാക്കുകൾ എന്നെയും ഇനിയും വരാനുള്ള ഒരാളെയും കാത്തിരിക്കുന്നു. മൂന്നാൾക്കുള്ള മുറിയിൽ തന്റെ ന്യായമായ ഭാഗം മാത്രമെടുത്ത് ചുവരു പറ്റിക്കിടക്കുന്ന ആ മനുഷ്യനോട് അത്ഭുതം തോന്നി. ഷൂസ് അഴിച്ചുമാറ്റാൻ തുടങ്ങിയപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അയാൾ ചെരിപ്പുകൾ പുറത്തിട്ടിട്ടില്ല. വെളിച്ചങ്ങളെല്ലാം കെടുത്തിയിരിക്കുന്നു. ഈ മനുഷ്യൻ എന്നെക്കാൾ ആഴത്തിൽ ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്നുണ്ട്.
വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയ, സംസ്ഥാനങ്ങളുടെ അതിരിലെ സ്‌കൂൾ. രണ്ട് മാതൃഭാഷയും മുഖ്യമന്ത്രിമാരുമുള്ള സങ്കരയിനം കുട്ടികളുടെ ആശ്രയം. നല്ല സൗകര്യങ്ങളിലും പാതിപോലും നിറയാത്ത ക്ലാസ് മുറികൾ. അധ്യാപകരിൽ ഭൂരിഭാഗവും താൽക്കാലികമാണ്. വകുപ്പിലെ വികൃതികൾക്കും പ്രതികൾക്കും ദുർഗുണ പരിഹാരശാല. പ്രിൻസിപ്പൽ ടീച്ചറിന് വിഷാദത്തിൽ മുക്കിയെടുത്ത മുഖം. ഉച്ചയോടടുപ്പിച്ച് ലാസറിന്റെ ഒാട്ടോയിൽ അവർ മടങ്ങിപ്പോകുന്നതും കണ്ടു.
ശനി പ്രവൃത്തിദിനമായിരുന്നു. കുട്ടികളൊന്നും വന്നില്ല. മുറിയോടിണങ്ങാൻ ഒരു ഞായറിന്റെ നീണ്ട സമയമുണ്ട്. കട്ടിലിന്റെ പടിയിൽ തലെവച്ച് ആദ്യം ചാരിയിരുന്നു, എന്നിട്ട് കിടന്നു. ഉറക്കത്തിന്റെ രണ്ടാം പിരീഡിലാകാം ലാസറിന്റെ ഓട്ടോ കയറിവരുന്ന ശബ്ദം. ഞാൻ താഴേക്ക് ചെന്നു.
തലയിണ, പായ, പുതപ്പ്, പാൽ, ഓട്‌സ്, ചെരുപ്പ്, ബ്രഷ്, പേസ്റ്റ്, എണ്ണ. പിന്നെ രണ്ട് മൂന്ന് പൊതികൾ. വൈകീട്ട് പുറത്തിറങ്ങി വാങ്ങിക്കാൻ ഞാനാഗ്രഹിച്ചതെല്ലാം അയാൾ എന്റെ മുന്നിൽ നിരത്തിവെച്ചു. ഉള്ളറിയാനും മിടുക്കനാണ്. ഞാൻ പേഴ്‌സ് തുറന്നു. അതങ്ങ് മടക്കിവെക്കാൻ അയാളുടെ ആജ്ഞ.
‘ഇനിയങ്ങനെ പുറത്തിറങ്ങി നടക്കരുത്. കാര്യങ്ങളെല്ലാം ലാസറ് നോക്കിക്കോളാം...’’ അയാൾ തല പുറത്തേക്കിട്ട് ചിരിച്ചു. ഓട്ടോയുടെ മടക്കവും നോക്കി അൽപനേരം നിന്നു. റോഡിലേക്ക് തിരിയുന്ന ഓട്ടോയുടെ ഉള്ളിൽനിന്നും ‘മുകളിലേക്ക് പോകൂ’വെന്ന് മുനയുള്ള വിരലിന്റെ അടുത്ത നിർദേശം.
സാധനങ്ങളെല്ലാം റാക്കിൽ വെച്ചു. ചെറിയ പൊതിയിൽ തോർത്തും മഞ്ഞുകാല തൊപ്പിയും. കട്ടിലിൽ വിരിച്ചിട്ടിരുന്ന അതേ ഡിസൈനുള്ള ലുങ്കിയാണ് ഒരു പൊതിയിൽ. മറ്റൊന്നിൽ നടത്തത്തിനുള്ള ഷൂസ്. അതേ തൊപ്പിയും ഷൂസും സാമുവൽ സാറിന്റെ റാക്കിലുമിരിക്കുന്നു. കുളിമുറിയും കക്കൂസും ഒന്നിച്ചുള്ളത്. പായലും ഇരുട്ടും തണുപ്പും അതിനകത്ത് കൂട്ടംകൂടി നിൽക്കുന്നു. അലക്കുകല്ലിൽ കാല് തട്ടി. തുറന്നുവിട്ട വെള്ളത്തിന്റെ ഉഗ്രൻ തണുപ്പ് വേദനയെ മരവിപ്പിക്കാൻ ശ്രമിച്ചു. മുഖം കഴുകി പുറത്തിറങ്ങി. സാമുവൽ സാറിപ്പോഴും അതേ കിടപ്പുതന്നെ. പാന്റ്സും ഉടുപ്പും അഴിച്ച് അയയിൽ തൂക്കി.
ഉള്ളിലെ ഒരു ഭാഗത്ത് ഗ്യാസിന്റെ അടുപ്പ്. അടച്ചുെവച്ചിരുന്ന പാത്രത്തിൽ ഏതോ പൊടിയിട്ട് തിളപ്പിച്ച വെള്ളം. പാത്രങ്ങൾക്ക് എന്നെ ഇഷ്ടമായില്ല. മെലിഞ്ഞ ഒരുത്തി നിലത്തുവീണു കരഞ്ഞ് സാമുവൽ സാറിനെ ഉണർത്തി. എന്നെയും ചുവരിലെ േക്ലാക്കിലേക്കും നോക്കിയിട്ട് അയാൾ കിടപ്പ് തുടർന്നു. വെള്ളം കുടിക്കുമ്പോൾ ശബ്ദമുണ്ടാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ജാരനെ കെട്ടിപ്പിടിക്കുമ്പോലെ കട്ടിലും എന്നെ സ്വീകരിച്ചു. ഒന്ന് മൂളാൻപോലും മടിക്കുന്ന ഫാൻ. ഈ മുറിക്ക് നിശ്ശബ്ദതയുടെ നിറം.
ചതുരാകൃതിയിലുള്ള കറുത്ത േക്ലാക്കിൽ വർഷം, മാസം, ദിവസം, മണിക്കൂർ, മിനിറ്റ്, സെക്കൻഡ് താപനില. ചുറ്റും നടക്കുന്നതെല്ലാം ചുവന്ന അക്കങ്ങളിൽ എഴുതിക്കാണിക്കുന്നു. സെക്കൻഡുകളുടെ ഓട്ടമത്സരം. താപനിലയിൽ ചെറിയ മാറ്റം വന്നതിന്റെ സൂചന. അക്കങ്ങൾ മാറി വീണു. തിളച്ച ഓർമകളിലേക്ക് ഞാനും ചരിഞ്ഞുകിടന്നു.
വളരെ വേഗത്തിലാണ് അതെല്ലാം സംഭവിച്ചത്. മാന്യതയുടെ മാളത്തിൽ ആരും സുരക്ഷിതരല്ലല്ലോ. പിടിക്കപ്പെടുവോളം എല്ലാവരും നല്ലവരാണ്. ആരാണ് ആദ്യം പിടികൊടുക്കുക എന്ന മത്സരവും നീറ്റലും മാത്രമേ നമുക്കിടയിൽ ബാക്കിയുള്ളൂ. ഉള്ളിലുള്ളതിനെ ഭയക്കുന്ന വെറും മാളങ്ങളാണ് മനുഷ്യർ.
‘വിദ്യാർഥിനിയെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ.’ അടുത്ത ദിവസം മുതൽ ആ പെണ്ണ് സ്‌കൂളിലേക്ക് വരാതായപ്പോൾ, വലിയ വാർത്തയും പൊലീസ് മർദനവുമാണ് ഞാൻ ഭയന്നത്. ഒരു മാസം ഒന്നുമുണ്ടായില്ല. ഞാനും അതെല്ലാം മറന്നുതുടങ്ങിയിരുന്നു. ആ പെണ്ണും അതൊക്കെ ആസ്വദിക്കുന്നുവെന്നാണ് എനിക്കും ചിലപ്പോഴെല്ലാം തോന്നിയത്.
സ്‌കൂളിൽ വരാതായ കുട്ടിയുടെ ഭവനസന്ദർശനം നടത്തിയ സംഘത്തിലും ഞാനുണ്ടായിരുന്നു. ‘‘തീരെ സുഖമില്ല, അവൾ അങ്കിളിന്റെ വീട്ടിലാണ്.’’ കുട്ടിയുടെ തള്ള ഭംഗിയായി അഭിനയിച്ചു. ചായക്കപ്പ് തിരികെ എടുക്കുമ്പോൾ ആ സ്ത്രീ എന്നോട് ‘‘റോയി സാറല്ലേ’’ന്നും ചോദിച്ചു. ഞങ്ങൾക്ക് മുഖംതരാതെ ആ പെണ്ണിന്റെ അച്ഛൻ കുനിഞ്ഞിരിക്കുന്നു. ആ കുടുംബത്തിന് വലിയ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് ചുവരിലിരുന്ന ഖദറിട്ട ചിത്രങ്ങൾ വിളിച്ചുപറയുന്നു.
ആ പെണ്ണ് പതിവായി ഉപയോഗിച്ചിരുന്ന നീലനിറമുള്ള ചെരുപ്പ് പടിയിൽ കണ്ടു. ഞാൻ വീടിന്റെ മുകൾ നിലയിലേക്ക് തിരിഞ്ഞുനോക്കി. ഇരുമ്പൻ ഗ്രില്ലിനുള്ളിൽ ആ കണ്ണുകൾ. ക്ലാസ് ടീച്ചറിനോട് രഹസ്യമായി അക്കാര്യം സൂചിപ്പിച്ചു. പെൺകുട്ടികൾ ഭയക്കാനുള്ള കാര്യങ്ങൾ, പഠിപ്പിക്കുന്ന വിഷയങ്ങളുടെ അഭിരുചിക്കനുസരിച്ച് മടക്കയാത്രയിൽ ഞങ്ങൾ ഊഹിക്കാൻ തുടങ്ങി. ‘‘ആ പെണ്ണു വല്ല പണിയും ഒപ്പിച്ചു കാണും, വീട്ടുകാര് രഹസ്യമായി അങ്ങ് കെട്ടിച്ചുവിട്ടോളും.’’ എന്റെ ഊഹത്തിന് ഭൂരിപക്ഷം തലകുലുക്കി.
ചെരുപ്പിന്റെ തെളിവ് അവതരിപ്പിച്ചപ്പോൾ വീട്ടിനുള്ളിലെ ഒരു മുറിയിൽ ഒളിച്ചിരിക്കുന്ന പെണ്ണിനെ എല്ലാവരും ഉള്ളിൽ കണ്ടിട്ടുണ്ടാകണം. റിസൽട്ടിൽ ഒരു ഫുൾ എ പ്ലസിന്റെ കുറവുണ്ടാകും, ക്ലാസ് ടീച്ചറിൽ മാത്രം ദീർഘനിശ്വാസം.
പതിവ് തൊണ്ണൂറും കഴിഞ്ഞിറങ്ങിയ ബാറിന്റെ ഇരുട്ടിൽെവച്ച് ആ പെണ്ണിന്റെ അച്ഛൻ എന്റെ തോളിൽ കൈയിട്ടു. പെണ്ണിനും അതേ മൂർച്ചയുള്ള കണ്ണുകളാണ്. നെഞ്ചും പൊത്തിപ്പിടിച്ച് ലൈബ്രറിയിൽ നിന്നിറങ്ങിയോടിയപ്പോഴും ഞാനവളുടെ നോട്ടം ശ്രദ്ധിച്ചതാണ്. മൂർച്ചയുള്ള തണുപ്പുമായി ഒരു കത്തി എന്റെ കഴുത്തിനോട് ‘അനങ്ങിപ്പോകരുതെന്ന്’ മുറിക്കാൻ മുട്ടിനിൽക്കുന്നു. പതിഞ്ഞ ശബ്ദത്തിൽ അയാൾ സംസാരിച്ചു.
‘‘ഇത്തിരി പൈസ കൊടുത്ത് തീർക്കാനായിരുന്നു എന്റെ പ്ലാൻ. നിന്റെ പെണ്ണിനെ ഓർത്തിട്ടത് വേണ്ടെന്ന് െവച്ചതാ. അടുത്ത ദിവസം എന്റെ കൊച്ച് സ്കൂളില് വരും പഠിക്കും...’’ കത്തിയുടെ തണുപ്പ് നെഞ്ചിലേക്ക് മാറി. അയാളുടെ ശബ്ദത്തിന് പരുക്കൻ ഭാവം വന്നു.
‘‘സ്ഥലംമാറ്റത്തിന്റെ പേപ്പറ് കിട്ടുംവരെ നീ അവധിക്കുള്ള അപേക്ഷ വച്ചോണം. ബാക്കിയെല്ലാം വഴിക്ക് നടക്കും. നിന്റെ പെണ്ണിനോട് കള്ളം പറഞ്ഞ് ചീയാൻ നിക്കണ്ട. എന്റെ കൊച്ചും അതിന്റെ തള്ളേം നിന്റെ വീട്ടിൽ ചെന്നപ്പോൾ അവളാണ് ഈ നിർദേശം വച്ചത്.’’ കത്തി അടിവയറ്റിലേക്ക് മാറി. ഞാൻ തല കുലുക്കി സമ്മതമറിയിച്ചു. കവിളിൽ ഒരടിപൊട്ടി. ബാറിന്റെ മുന്നിലെ പടിക്കെട്ടിൽ വളരെ നേരമിരുന്നു.
എന്റെ വീട് വിഭജനം നടന്ന രാജ്യമായി. ഞാനും റിനിയും വെറും അയൽരാജ്യങ്ങൾ. അതിരുകളിൽ റിനിയുടെ ജാഗ്രത. എന്നെ തിരക്കിവന്ന സഹപ്രവർത്തകരോട് ‘‘റോയി രാവിലെ പോയതാണ്, എന്നു വരുമെന്നറിയില്ല’’, റിനി പറഞ്ഞ കളവ് പൊളിയാതിരിക്കാൻ ഫ്ലെഷു ചെയ്യാതെ ടോയിലറ്റിലെ ഇരുപ്പ് അരമണിക്കൂറോളം തുടർന്നു. നാലു മുറിയുള്ള വീട്ടിൽ റിനിയെവിടെയാണ്? വീടിന്റെ ഉള്ളിൽ ഇരുട്ട് നിറക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നു.
സ്ഥലംമാറ്റത്തിന്റെ ഉത്തരവ് വാങ്ങിക്കാൻ ചെല്ലുമ്പോൾ കുട്ടികൾ വളഞ്ഞു. അധ്യാപകരിൽ ഒരാൾ വിതുമ്പിപ്പോയി. എനിക്കു പകരമുള്ള താൽക്കാലിക അധ്യാപിക ലൈബ്രറിയുടെ താക്കോലും രജിസ്റ്ററുകളും കൈപ്പറ്റി. ഊഹങ്ങൾ നിർമിക്കുന്ന സ്റ്റാഫ്റൂം ഫാക്ടറി നിശ്ശബ്ദമായി. തികച്ചും അന്യായമായ സ്ഥലംമാറ്റത്തിന്റെ പ്രോബബിലിറ്റികൾ പറയാൻ വാചാലനായ കണക്ക് സാറിനും കഴിഞ്ഞില്ല. കേസ് കൊടുക്കണമെന്ന് പറഞ്ഞ സാറിനോട് ഞാൻ ചിരിച്ചു. കഴുത്തിൽ കത്തിയുടെ തണുപ്പ് ‘എന്നാൽ താൻ കേസ് കൊടുക്കെന്ന്’ ഓർമിപ്പിക്കുന്നു.
യൂനിഫോമിനുള്ളിൽ ആ പെണ്ണെന്നെ ഒളിച്ചുകാണുന്നുണ്ടാകും. വളഞ്ഞുനിൽക്കുന്ന കുട്ടികൾ ആക്രമിക്കുമോ? എന്റെ ഹൃദയമിടിപ്പ് കൂടി. ഒരു പെൺകുട്ടി ഷേക്ക് ഹാൻഡിന് നീട്ടി. തലയിൽ കൈെവച്ചനുഗ്രഹിച്ച് ഒഴിഞ്ഞു. ആ പെണ്ണിന്റെ കൂട്ടുകാരിയാവും. ഞാൻ സ്‌കൂളിനെ ഒന്നൂടെ നോക്കി. ലൈബ്രറി തുറന്നു കിടക്കുന്നു. ഉള്ളിൽ ആ പെണ്ണിന്റെ കണ്ണുണ്ടോ? ‘ഇറങ്ങിപ്പോടാ നായേന്ന്’ ഇളംനീല കെട്ടിടം ഉറക്കെയുറക്കെ വിളിക്കുന്നു.
യാത്രയാക്കാൻ റിനി വന്നു. വണ്ടിയിലേക്ക് ബാഗുകൾ കയറ്റിവെക്കാൻ അവൾ സഹായിച്ചു. ഒറ്റവാക്കും മിണ്ടിയില്ല. മുഖത്ത് നോക്കാൻ എനിക്കും ധൈര്യമില്ല. ആരുടെയോ നിർദേശങ്ങൾ പാലിക്കുന്നതുപോലെയാണ് അവളുടെ പെരുമാറ്റം. ഞാൻ സീറ്റിലിരുന്നു. അവൾ എന്റെ ഫോൺ ചോദിച്ചുവാങ്ങി. വണ്ടി പുറപ്പെടുന്നതുവരെ പ്ലാറ്റ്ഫോമിൽ ഒരേ നിൽപ്. വണ്ടി അനങ്ങി, പ്രതീക്ഷയോടെ ഞാനവളെ ഒന്ന് നോക്കി. ഫോണും നിലത്തെറിഞ്ഞ് പൊട്ടിച്ചിട്ട് തിടുക്കത്തിൽ തിരിഞ്ഞുനടക്കുന്ന രംഗങ്ങളാണ് ഓർമയിൽ ബാക്കിയുള്ളത്. ഞാനും തീവണ്ടിയും ഇരുട്ടുള്ള ഒരു തുരങ്കത്തിലേക്ക് കരച്ചിലോടെ കടക്കുകയായിരുന്നു.
സാമുവൽ സാർ എന്നെ കുലുക്കി വിളിച്ചു. അയാൾ േക്ലാക്കിലേക്ക് വിരൽചൂണ്ടി. ആറുമണി, അമ്പത്തിനാല് മിനിറ്റ്, ഇരുപത് സെക്കൻഡ്. തലക്കുള്ളിൽ തീവണ്ടിയുടെ മുരൾച്ച ബാക്കിയുണ്ട്. നീളൻ കൈയുള്ള ഉടുപ്പ്, മഞ്ഞുകാലത്തൊപ്പി, കട്ടിലിൽ വിരിച്ചിരുന്ന ലുങ്കി, നടക്കാനുള്ള ഷൂസ്. അയാളുടെ വേഷത്തിലേക്ക് ഞാൻ നോക്കിയിരുന്നു. മേശയിലെ പാത്രങ്ങളിൽ വിളമ്പിെവച്ചിട്ടുള്ള ഓട്സിലേക്ക് സാമുവൽ സാർ നടന്നു. വായും മുഖവും കഴുകി മിണ്ടാനുള്ള വിശപ്പുമായി ഞാനും ചെന്നിരുന്നു.
‘‘വേഗം’’ മിണ്ടാനുള്ള എന്റെ കൊതിയെ സാമുവൽ സാർ ഒറ്റവാക്കിൽ വലിച്ചുകുടിച്ചിട്ട് പാത്രം കഴുകാനായി എഴുന്നേറ്റുപോയി. കവറുപാലിന്റെ രുചി തികട്ടിവന്നിട്ടും ഞാനത് കുടിച്ചു. പാത്രം കഴുകിവന്നപ്പോൾ നടക്കാൻ പോകാനുള്ള ഒരുക്കത്തിൽ വാതിലിന്റെ മുന്നിൽ കൈകളും കാലും അനക്കുന്ന സാമുവൽ സാർ. ഒരുങ്ങാൻ ആവശ്യപ്പെടുംപോലെ എന്നെ ഇടക്കിടക്ക് നോക്കുന്നു.
മഞ്ഞുതൊപ്പിെവച്ച എന്റെ മുഖം കാണാൻ ചുവരിലൊരു കണ്ണാടി തിരഞ്ഞു. ഒളിച്ചിരിക്കുന്നതിന്റെ പൂർണത തന്നിൽ നിന്നുപോലും മാറിനിൽക്കുന്നതാണെന്ന് കണ്ണാടിക്ക് തൂങ്ങാനായി മുറിയാത്ത ചുവരുകൾ വാദിക്കുന്നു. സംസ്ഥാനങ്ങളുടെ തർക്കത്തിൽ ഇരുട്ടും തണുപ്പും കുഴികളും ബാക്കിയായ ഒരു റോഡ്. ചെറിയ ടോർച്ചിന്റെ വെട്ടം ഞങ്ങൾക്ക് മുന്നിലുണ്ട്. വെളിച്ചവട്ടത്തിന് സാമുവൽ സാറിന്റെ കൈവീശലിന്റെ താളം. അനുകരിക്കാൻ ഞാനും കൈവീശി, തല ഉയർത്തിപ്പിടിച്ചു.
ഞങ്ങളുടെ യൂനിഫോമും മാർച്ച്പാസ്റ്റും എതിരേ വരുന്ന ഏതൊരാൾക്കും കൗതുകമുണ്ടാക്കും. ആരെങ്കിലും വന്നെങ്കിൽ, ഞങ്ങളെ നോക്കി കളിയാക്കി ചിരിച്ചെങ്കിൽ, ഞാനാഗ്രഹിച്ചു. കന്നടയിൽ പേരെഴുതിയ ഒരു ലോറിയുടെ വരവ്. സാമുവൽ സാർ തലകുനിച്ചു നടക്കുന്നു. ഞാനും തല കുനിച്ചു. അയാൾ ലോറിയെ തിരിഞ്ഞുനോക്കി, ഞാനും നോക്കി.
ഇരുട്ടുള്ള പാലത്തിന്റെ ഒരു വശത്ത് ‘നന്ദി, വീണ്ടും വരിക’, മലയാളത്തിൽ ബോർഡ്. കൈവരിയിൽ ഒട്ടിച്ച കന്നട സിനിമാപോസ്റ്ററിലെ താരങ്ങളെ എനിക്കറിയില്ല. സാമുവൽ സാർ തിരികെ നടക്കാൻ തുടങ്ങി. കൂടെയെത്താൻ ഞാൻ വേഗത്തിൽ നടന്നു. അടുത്തെത്തി, ചിലത് ചോദിക്കാനാഞ്ഞ് മുന്നിലേക്ക് കയറി നിന്നു. ചോദ്യങ്ങളെല്ലാം റദ്ദു ചെയ്യലാണ് ഒളിച്ചിരിപ്പിന്റെ പ്രാഥമിക തത്ത്വമെന്ന് ആ മുഖംകുനിക്കലിൽ വായിക്കാം. അയാളുടെ പിന്നാലെ ഞാനും തലകുനിച്ചു നടന്നു. മരങ്ങൾ പുതച്ച ആ കെട്ടിടം പെട്ടെന്നൊന്നും ആരും തിരിച്ചറിയില്ല. പുതിയ ഗേറ്റും വലിയ പൂട്ടും ലാസറിന്റെ സുരക്ഷയായിരിക്കും. വാനിട്ടിരുന്ന ഭാഗത്ത് രണ്ട് വലിയ കീരികളും ഒരു കുഞ്ഞൻ കീരിയും പാമ്പിനെ ആക്രമിക്കുന്നു. പാമ്പിന് മാളം കണ്ടെത്താനുള്ള തിടുക്കം. കഴിയുന്നില്ല, അത് തോൽവി സമ്മതിച്ചു. വലിയ കീരികൾ കുഞ്ഞൻ കീരിയുടെ വേട്ടയാടൽ ആസ്വദിക്കാനും തുടങ്ങി.
മുറിക്കുള്ളിൽ ബീഡിയുടെ മണം. കട്ടിലിട്ടിരുന്ന ഭാഗത്തെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന സാമുവൽ സാർ. റേഡിയോയുടെ ശബ്ദം അൽപം ഉയർന്നിട്ടുണ്ട്. എന്നോട് ഇനിയെങ്കിലും സംസാരിക്കുമെന്ന പ്രതീക്ഷ അപ്പോഴുമുണ്ടായിരുന്നു. ചുണ്ടിലിരുന്ന ബീഡി തീരുവോളം കട്ടിലിലും അതേ ഇരിപ്പ്. ശവം പുതപ്പിച്ച കണക്കുള്ള ആ കിടപ്പ് എന്നെ വേദനിപ്പിച്ചു. ഒന്നോ രണ്ടോ തവണ അയാൾ അധോവായുവുണ്ടാക്കി, കൂർക്കം വലികളും പിന്നാലെ മരിച്ചകണക്കെ ഉറക്കവും.
ജനാലയുടെ സമീപത്ത് അൽപനേരം നിന്നു. അമ്മക്കീരിയുടെ പുറത്ത് കയറിമറിയുന്ന പിള്ളക്കീരി. എനിക്ക് റിനിയെ ഓർമ വന്നു. മേശപ്പുറത്ത് ഒരു കുഞ്ഞൻ ഫോണുണ്ട്. അതിലവളുടെ നമ്പർ ഡയൽ ചെയ്തു. നിലവിലില്ലെന്ന് മറുപടി. തന്റെ ഫോണും വലിച്ചെറിഞ്ഞുകാണുമോ? ഫോണിൽ വിളിയുടെ ചരിത്രം നോക്കി. 6636ൽ അവസാനിക്കുന്ന ഒരു നമ്പറിലേക്ക് മാത്രം വിളികൾ വരുകയും പോകുകയും ചെയ്തിട്ടുള്ളൂ. ഞാൻ അതിലേക്ക് വെറുതേ വിളിച്ചു.
‘‘റോയി സാറാണാ..?’’ മറുവശത്ത് ലാസറിന്റെ ശബ്ദം. എനിക്ക് മറുപടിയുണ്ടായില്ല.
‘‘നാളെ കാണാം സാറേ, ഹലോ...’’ ഞാൻ വിളി കട്ടാക്കി. ഉറക്കം വന്നില്ല. കീരിയും കുട്ടിയും നിലാവത്ത് സുഖമായി ഉറങ്ങുന്നു. കാടിന്റെ തണുപ്പുള്ള മണം. ചീവീടുകളുടെ താരാട്ട്. കഴുത്തിൽ കത്തിയുടെ തണുപ്പോർമ. കസേരയിലിരുന്ന് ഉറങ്ങിപ്പോയി. ഇടക്ക് ഉണർന്ന് കട്ടിലിൽ വന്നുകിടന്നു. വെളുക്കുവോളം ഉറങ്ങിയിരുന്നില്ല.
നിലത്തിരുന്ന് മരച്ചീനി നുറുക്കുന്ന ലാസറായിരുന്നു കണി. കുക്കറിന്റെ ചീറ്റൽ, ഇറച്ചി വേവുന്ന മണം. ലാസറിന്റെ ചിരിയും മൂളിപ്പാട്ടും. നിറമില്ലാത്ത വാറ്റുകുപ്പിയിൽ സാമുവൽ സാർ. പ്രഭാതത്തിന്റെ മുക്കാൽപ്പങ്കും നഷ്ടമായെന്ന് ക്ലോക്കിന്റെ ചുവന്ന അറിയിപ്പ്. എന്നെയും ക്ലോക്കിലും നോക്കി ലാസറിന്റെ ചിരി.
കുളിമുറിയിൽ ഇരുട്ട് മാറിയിട്ടുണ്ട്. രണ്ടാൾക്കുള്ള ബ്രഷും പേസ്റ്റും. സോപ്പുപൊടിയിൽ മുങ്ങിക്കിടക്കുന്ന എന്റെ തുണികൾ. വെള്ളത്തിനിപ്പോൾ പരിചിതമായ തണുപ്പ്. ക്ലോസെറ്റിന്റെ പുറത്ത് കുറേ നേരമിരുന്നു. ‘‘കഴിക്കാനായീട്ടൊ’’, ലാസറിന്റെ മണിയടി ശബ്ദം. ബ്രെഡിലേക്ക് ഇറച്ചിക്കറിയുടെ ചാറൊഴിച്ച് ഗ്ലാസിലുള്ള വാറ്റും എന്റെ മുന്നിൽ വെച്ചിട്ട് കുളിമുറിയിലേക്ക് കയറിപ്പോയ ലാസർ അതേ വേഗത്തിൽ ഇറങ്ങിവന്നു.
പതയുള്ള കൈകൾ ലുങ്കിയിൽ തുടച്ച് ഇറച്ചിക്കറി ഇളക്കുന്ന അയാളിൽ ‘എങ്ങനെയുണ്ടെന്ന’ ചോദ്യം. ഞാൻ തലകുലുക്കി. അലക്കിയ തുണികളുമായി അയാൾ പുറത്തേക്ക് പോയി. ഒരു ചെറിയ പ്ലേറ്റിൽ ഇറച്ചിക്കറി പകർന്ന് സാമുവൽ സാറിന്റെ മുന്നിൽ വെച്ചിട്ട് കുളിമുറിയിലേക്ക് വീണ്ടും കയറിപ്പോയി. പായലുള്ള തറയും ചുവരുകളും ഉരച്ച് കഴുകുന്ന ശബ്ദം.
എല്ലിനുള്ളിലെ ഭാഗം ഊറിയെടുക്കുന്ന സാമുവൽ സാർ എന്നോട് ചിരിച്ചു. കുളിമുറിയിൽനിന്നും, മുറിയിലേക്ക് ചൂലോട്ടം തുടങ്ങിയ ലാസർ ഇറച്ചിക്കറിയുടെ തീയണച്ചു. എന്റെ കട്ടിലിന്റെ അടിയിലേക്ക് അയാൾ ചൂലുമായി കുനിഞ്ഞു. സാമുവൽ സാറിന്റെ എതിർ കസേരയിൽ ഞാൻ മാറിയിരുന്നു. കപ്പയും ഇറച്ചിക്കറിയും അയാൾ ആർത്തിയോടെ തിന്നുന്നു. ചവറു കോരിയിലെ പൊടി ജനാല വഴി കളഞ്ഞ ലാസർ, വെളുത്ത കന്നാസിലുള്ള വാറ്റ് ഞങ്ങളിരിക്കുന്ന മേശയുടെ നടുവിൽ വെച്ചു.
‘ഒട്ടും പേടിക്കണ്ട ഒർജിനൽ സ്പിരിറ്റാ ഫുൾ ഗ്യാരന്റിയാ...’’ സമ്മതിച്ചെന്ന് ഞാൻ തലകുലുക്കി. ഒഴിഞ്ഞ എന്റെ ഗ്ലാസിൽ ലാസർ വീണ്ടും പകർന്നു. സാമുവൽ സാറിന് കൊതിനിറഞ്ഞ നോട്ടം. എന്റെ ഗ്ലാസിലിരുന്നതും അയാൾ ഒറ്റവലിക്കു കുടിച്ചു. ലാസർ ആ രംഗത്തെ ചിരിയും ഗ്ലാസും നിറച്ചു.
സാമുവൽ സാർ ഛർദിക്കാൻ തുടങ്ങി. ഞാൻ കട്ടിലിലേക്ക് മാറിയിരുന്നു. ചുവരിലും മേശയിലും ജനാല വഴി പുറത്തേക്കും ഛർദിപ്പെയ്ത്ത്. കുളിമുറിയിലേക്ക് സാമുവൽ സാറിനെ തള്ളിക്കയറ്റിയിട്ട് ലാസർ പുറത്ത് കൊളുത്തിട്ടു. ഉള്ളിൽ ഛർദിയുടെ ഓർക്കസ്ട്ര. ശരീരം നിലത്ത് വീഴുന്ന ശബ്ദം. എന്തെങ്കിലും പറ്റിയോ? എഴുന്നേറ്റുനിന്ന എന്നെ ലാസർ തടഞ്ഞു.
കുളിമുറിയിൽനിന്നും പഴയകാല ക്രിസ്തീയ ഗീതങ്ങൾ. പാട്ടുകാരൻ മാർക്കോസിന്റെ അതേ ശബ്ദം. പാട്ടിന് തലയാട്ടി ബക്കറ്റിലേക്ക് ഛർദി കോരിനിറക്കുന്ന ലാസർ. പാട്ടിന് വേഗത കൂടുന്നു. പാതിയിൽ വെച്ച് നിന്നു. അമർത്തിയ കരച്ചിലുകൾ, മാപ്പു പറച്ചിലുകൾ. ശബ്ദം പതിയെ പതിയെ തോരുന്നു. അധോവായു. കൂർക്കം വലികൾ.
മുറിയാകെ ഛർദിയിൽ ഫിനോയില് കലർന്ന മണം. എനിക്ക് കൈ കഴുകാനുള്ള വെള്ളത്തിന്റെ കുപ്പിയുമായി നിൽക്കുന്ന ലാസർ. ജനാലവഴി കൈയും വായും കഴുകി, കുലുക്കുഴിഞ്ഞുതുപ്പി. കീരിക്കുടുംബം വേട്ട അവസാനിപ്പിച്ചു പോയിരിക്കുന്നു. പാമ്പിന്റെ ചതഞ്ഞ തല, വളഞ്ഞ വാലിൽ ഇത്തിരി ജീവൻ ബാക്കിയുണ്ടോ? കാടിനുള്ളിൽ കീരിക്കുഞ്ഞിന്റെ തിളക്കമുള്ള കണ്ണുകൾ?
ഛർദിയിൽ കുഴഞ്ഞ സാമുവൽ സാറിനെ വലിച്ചിഴച്ച് കട്ടിലിലേക്ക് കയറ്റുന്ന ലാസർ. ഉടുപ്പുകൾ അഴിച്ചെടുക്കുന്നു. തോർത്തുകൊണ്ട് ശരീരത്തിലെ ഛർദി തുടച്ചെടുക്കുന്നു. ലുങ്കി അഴിച്ചെടുത്തു. തണുപ്പ് കയറിയ നഗ്നനായ കുട്ടി. തലയുടെ ഭാഗത്തിരുന്ന കമ്പിളിയെടുത്ത് പുതപ്പിച്ചു. ശരീരം വലിച്ചിഴച്ച ഭാഗത്തെ നനവ് ഫിനോയിൽ തളിച്ച് തുടക്കുന്നു. എന്റെ നോട്ടത്തിന് ലാസറിന്റെ ചിരിമാത്രം മറുപടി.
സിഗരറ്റ് കത്തിക്കാനായി ഞാൻ ജനാലയുടെ ഭാഗത്തേക്ക് നീങ്ങി. ബാക്കിയായ ഇറച്ചിയും കപ്പയും ഒരു പാത്രത്തിലാക്കി തിന്നാനൊരുങ്ങുന്ന ലാസർ. സംസാരിക്കാനുണ്ടെന്ന് തലയാട്ടി എന്നെ അരികിലേക്ക് വിളിച്ചു. കൊതിയോടെ ഞാൻ ചെന്നിരുന്നു.
‘‘പതിനൊന്ന് കൊല്ലം മുമ്പ്...’’ ലാസർ പറഞ്ഞുതുടങ്ങിയത് നിർത്തി. അൽപനേരം കണ്ണടച്ചിരുന്നു. ശബ്ദം താഴ്ത്തി. എന്റെ മുഖത്തിനോട് അടുത്തുവന്നു.
‘ആ ലാബിലിരുന്ന്, എനിക്കാരുമില്ല ലാസറേന്ന് ഒറ്റക്കരച്ചിലാ ഈ മനുഷ്യൻ. അന്നുതൊട്ട് ഇന്ന് ഈ നിമിഷം വരെ എന്റെ കൈവെള്ളയിൽ പൊന്നുപോലെ അയാളെ നോക്കിയിട്ടുണ്ട്.’’ ലാസറിന്റെ നിവർത്തിപ്പിടിച്ച കൈ എന്റെ നേർക്കും നോട്ടം കട്ടിലിലെ സാമുവൽ സാറിലേക്കും. കുട്ടിയെപ്പോലെ പുതപ്പിനുള്ളിൽ നുഴഞ്ഞുകയറുന്ന സാമുവൽ സാറിനെ, ഞാൻ ആ ഉള്ളംകൈയിൽ കണ്ടു.
‘‘സാറ് ഒപ്പിച്ച അതേ പണിതന്നെയാണ് സാമുവൽ സാറും...’’ ലാസർ പാതിയിൽ നിർത്തി. മുഖത്ത് ഒരു ചിരി മിന്നിമായുന്നു. ‘‘ഒരേ ഇനങ്ങളെയല്ലേ ഒറ്റ മാളത്തിലാക്കാൻ പറ്റൂ.’’ അയാൾ മൂക്ക് പിഴിഞ്ഞ് ജനാലവഴി പുറത്തേക്കെറിഞ്ഞു. വിരലുകൾ ലുങ്കിയിൽ തുടച്ചു.
‘‘അന്നത് ഭയങ്കര വാർത്തയായി. സാറിനെയെങ്ങാനും കൈയിൽ കിട്ടിയിരുന്നെങ്കിൽ ആ നാട്ടുകാര് കൊന്ന് കൊലവിളിക്കുമായിരുന്നു. ഇനി പേടിക്കണ്ട, ഇവിടെ നിങ്ങളെ ഒരുത്തരും തിരക്കി വരൂല. അതിന് ഈ ലാസറ് ചാവണം.’’ ഒരെല്ല് ജനാലയിലൂടെ അയാൾ പുറത്തേക്കെറിഞ്ഞു.
‘‘സാമുവൽ സാറിന് വാറ്റും പുസ്തകങ്ങളും മതി. ഇതിന്റെ താഴെയുള്ള ആ കടയിൽ എന്തുമാത്രം പുസ്തകങ്ങളാണ് പൊടിപിടിച്ചു കിടക്കുന്നത്. കടം കയറിയപ്പോൾ അതിന്റെ മുതലാളി കെട്ടിത്തൂങ്ങിച്ചത്തു.’’ കപ്പയുടെ നാര് ലാസർ വായിൽനിന്നെടുത്ത് മേശപ്പുറത്ത് വെച്ചു.
‘ഇക്കാലത്ത് സ്വബോധമുള്ള ആരെങ്കിലും പുസ്തകം വിറ്റ് ജീവിക്കാന്ന് കരുതോ? സാമുവൽ സാറിന് കോളടിച്ചൂന്ന് കരുതിയാ മതി, താഴെക്കിടക്കണ വണ്ടിയില് സാറിരുന്ന് വായിക്കണത് കാണണം, ഒരു കല തന്നെയാണ്...’’ ലാസർ പാത്രങ്ങൾ കഴുകാനായി കുളിമുറിയിലേക്ക് നടന്നു.
‘‘ആ പുസ്തകക്കാരന്റെ വീട്ടുകാരത്തിയുടെ കൈയീന്ന് ഒപ്പിച്ചതാ ഈ കെട്ടിടോം ഇരുപത്തിനാല് സെന്റ് സ്ഥലോം. അത് നിങ്ങക്കിപ്പോ ഗുണായില്ലേ?’’ കുളിമുറിയിൽനിന്നുള്ള ലാസറിന്റെ ചിരികൾ മുറിയിലാകെ നിറയുന്നു. എനിക്കെന്തോ ചെറിയ ഭയം തോന്നി.
ലാസർ അലക്കുകല്ലിൽ കുന്തിച്ചിരുന്ന് പാത്രങ്ങൾ കഴുകുന്നു. കഥയുടെ ബാക്കിയറിയാൻ ഞാൻ കഴുത്ത് നീട്ടി. അയാളെന്നോട് ചിരിച്ചു. ‘‘സാമുവൽ സാറിന് ഇനി രണ്ടോ മൂന്നോ കൊല്ലവേയുള്ളൂ. നമ്മള സ്‌കൂളിൽ പിള്ളേരൊക്കെ കുറവാ. ഒരു ടെൻഷനും വേണ്ട. പ്രിൻസിപ്പാൾ തള്ളയ്ക്കും ഒന്നിനും വയ്യ. എല്ലാത്തിനും ഞാൻ വേണം.’’ വഴുതിപ്പോയ പാത്രം കാലു നീട്ടി അടുപ്പിച്ചിട്ട്, പായലിൽ വരകൾ വീണ ചുവരിലേക്ക് നടുനിവർത്താനായി ചാരിയിരുന്നു.
‘‘അവരെ നാട്ടുകാരും വീട്ടുകാരും പണ്ടെന്നോ കളഞ്ഞതാ. തെക്കെങ്ങാണ്ടാണ് വീട്. എന്നും രാവിലെ നിങ്ങളെ സ്‌കൂളില് വിട്ടിട്ട് വേണം അവരെ വിളിക്കാൻ പോവാൻ.’’ കഴുകിയ പാത്രങ്ങളുമായി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഞാനത് കുനിഞ്ഞു വാങ്ങി.
‘‘അവിടെ ഞാൻ പറയുന്നതിന്റെ അപ്പുറം ഒരിഞ്ച് നീങ്ങൂല. സ്‌കൂള് പൂട്ടാനൊക്കെ ആഡറ് വന്നതാ. ഒരു സമരവും വാർത്തയും ഒണ്ടാക്കാൻ എനിക്കെത്ര നേരം വേണം...’’ വലിയ ചിരിയോടെ കപ്പ വേവിച്ച കലം അയാൾ എന്റെ നേർക്ക് നീട്ടി. അടുപ്പിന്റെ ഭാഗത്ത് കമഴ്ത്തിവെച്ചിട്ട് ഞാൻ വീണ്ടും വാതിലിനരികിൽ നിന്നു.
‘‘രണ്ടാ മൂന്നാ കൊല്ലം കഴിഞ്ഞാ സാമുവൽ സാറിന് സ്‌കൂളിലും വരണ്ട. തിന്നും കുടിച്ചും വായിച്ചും ഇവിടെ ഇങ്ങനെ ഇരുന്നാ മതി’’, അയാൾ എന്റെ കൈയും പിടിച്ച് ജനാലയുടെ സമീപത്തേക്ക് നടന്നു. ഇറച്ചിക്കറി വെച്ച പാത്രം അടുപ്പിന്റെ അരികിൽ വെച്ചിട്ട് പുറത്തേക്ക് വിരൽ ചൂണ്ടി. എന്റെ കൈയിൽ പാത്രം കഴുകുന്ന സോപ്പിന്റെ മണവും നനവും. ഞാനത് തുടച്ചു. അയാളെന്നെ രൂക്ഷമായി നോക്കി.
‘‘സാറിന്റെ പേരിലാണ് ആ എട്ടു സെന്റ് ഞാൻ വാങ്ങിയത്.’’ ലാസർ കട്ടിലിലേക്ക് തിരിഞ്ഞുനോക്കി. ‘‘ഈ കിടപ്പിലിദ്ദേഹം ചത്തുപോയാൽ വല്ല മോർച്ചറിയിലും കൊണ്ടുവയ്ക്കാൻ പറ്റോ’’, എന്റെ പോക്കറ്റിലിരുന്ന സിഗരറ്റെടുത്ത് അയാൾ തീ പിടിപ്പിച്ചു. പുകയെടുത്തശേഷം എനിക്ക് നീട്ടി. ഏതോ രഹസ്യം പറയാൻ ചാഞ്ഞുവന്നു.
‘‘സാമുവൽ സാറിന്റെ ശമ്പളം എന്റെ ബാങ്കിലാ വരണത്. സാറും നാളെ കമ്പ്യൂട്ടറിക്കേറി എന്റെ ബാങ്കിലോട്ട് മാറ്റിക്കോ. ഞാൻ നോക്കിക്കോളാം നിങ്ങളെ...’’ എനിക്ക് കിടക്കാനുള്ള കട്ടിലൊരുക്കുന്ന ലാസറിനെ എനിക്ക് പേടിയായി. കട്ടിയുള്ള അതേ കമ്പിളി എനിക്കും അയാൾ കരുതിയിട്ടുണ്ട്.
‘‘വരയാ കുറിയാ ഇവിടിരുന്ന് സാറിനെന്ത് ചെയ്യണമെന്ന് പറഞ്ഞാ മതി.’’ ലാസർ കന്നാസിലുള്ളത് വീണ്ടും പകർന്നുതന്നു. അയാളിതുവരെ ഒറ്റത്തുള്ളി കുടിച്ചിട്ടില്ലെന്ന് അപ്പോഴാണ് ശ്രദ്ധിച്ചത്. കാടിന്റെ അരികിലെ എട്ടു സെന്റിൽ ഞാൻ സാമുവൽ സാറിനുള്ള അടക്ക് കാണുകയായിരുന്നു. പാതിരിയുടെ വേഷത്തിൽ പ്രാർഥന നടത്തുന്ന ലാസർ. അരികിൽനിന്ന് ധൂമക്കുറ്റി പുകക്കുന്ന ഞാൻ. എന്റെ മൂക്ക് കുന്തിരിക്കത്തിന്റെ മണത്തിന് തുറന്നു. നെയ്യിൽ എന്തോ വേകുന്ന മണം.
"ഇന്നിനി നടക്കാനൊന്നും പോവണ്ട. ഈ ഫോണില് ഇത്രയും കാലം എന്റെ നമ്പറിലേ വിളിച്ചിട്ടുള്ളൂ.’’ ഏത്തൻ നുറുക്ക് നെയ്യിൽ പൊരിച്ചെടുക്കുന്ന ലാസറിന്റെ ഭാഷക്ക് ജയിലറുടെ സ്വരം. ഞാൻ കട്ടിലിൽ തലചാരി ഇരുന്നു. കുടിവെള്ളവും നുറുക്കും അയാൾ മേശയിൽ വെച്ചു. കഴിക്കണമെന്ന് എന്റെ തോളിൽ തട്ടി ചിരിയോടെ ഓർമിപ്പിച്ചു.
ഛർദി പറ്റിയ ഉടുപ്പും ലുങ്കിയുമായി കുളിമുറിയിലേക്ക് കയറിയ ലാസറിന്റെ അലക്കും കുളിയും. എന്റെ മുന്നിലെ ഒഴിയാത്ത ഗ്ലാസിലേക്ക് ചോദ്യമുള്ള നോട്ടവുമായി ലാസർ ഇറങ്ങിവന്നു. ലുങ്കിയും ഉടുപ്പും കട്ടിലിന്റെ പടിയിൽ വിരിച്ചിട്ടു. പുതിയ മുണ്ടും ഉടുപ്പും ധരിച്ചു. ചുവരിലേക്ക് നോക്കി തലമുടി ചീകിയൊതുക്കി. മീശ ചീകാനായി ചുവരിനോട് അടുത്ത് ചെന്നു.
ഫോണിൽ ഞാൻ വിളിച്ച റിനിയുടെ നമ്പർ ഡിലീറ്റാക്കിയിട്ട് അയാളത് മേശപ്പുറത്ത് വെച്ചു. ഞാൻ ഉറക്കം നടിച്ചുകിടന്നു. സാമുവൽ സാറിന്റെ കാലിലേക്ക് ലാസർ കമ്പിളിപ്പുതപ്പ് നീക്കിയിട്ടു. ഞങ്ങളുടെ രണ്ടിന്റെയും നെറ്റിയിൽ കുരിശുവരച്ചു. അൽപനേരം നടുവിലെ കട്ടിലിൽ ചാരിയിരുന്നു. പോക്കറ്റ് ഡയറിയിൽ എന്തൊക്കെയോ കുറിച്ചുവെച്ചു.
‘‘നാളെ എട്ടരയ്ക്ക് ഒരുങ്ങിനിക്കണം’’, സാമുവൽ സാറിന്റെ നേർക്കാണ് അയാളത് പറഞ്ഞത്. ഞാൻ ഉറങ്ങിയിട്ടില്ലെന്ന് അയാൾക്കറിയാം. ഞാനിനിയെന്താണ് ചെയ്യാൻ പോകുന്നതെന്നും അയാൾക്കറിയാം. ലാസറിന് മാളത്തിലെ രഹസ്യങ്ങളെല്ലാമറിയാം. ‘‘ഇനിയും കൂടുതൽ അറിയാതിരിക്കുന്നതാ നല്ലത്...’’ എന്റെ ചെവിയോട് ചേർന്നുനിന്ന ലാസറത് പൂർത്തിയാക്കിയില്ല.
വാതിലടയുന്ന ശബ്ദം. താഴിട്ട് പൂട്ടുന്ന ശബ്ദം. ഒാട്ടോ തിരിക്കുന്ന ശബ്ദം. പുറത്തേക്കിറങ്ങിപ്പോകുന്നതിന്റെ ശബ്ദം. ഗേറ്റ് വലിച്ചടക്കുന്നതും താഴിട്ട് പൂട്ടുന്നതിന്റെയും ശബ്ദം. പിന്നാലെ പൂർണ നിശ്ശബ്ദത. ഞാനെന്റെ താടി തടവിനോക്കി. കുറ്റിരോമങ്ങൾക്ക് കാടായി വളരാനുള്ള തിടുക്കം. തടിയൻ പുസ്തകത്തിലെ ഓഷോ എന്റെ നേർക്ക് ചിരിക്കുന്നു. സാമുവൽ സാറിനൊപ്പം ലാസറിന്റെ കട്ടിയുള്ള കമ്പിളിക്കുള്ളിൽ മരിച്ചതുപോലെ ഉറങ്ങാൻ ഞാനും തയാറായി.
(ചിത്രീകരണം: സലിം റഹ്മാൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.