തുരുമ്പിച്ച ആണി

“നീതിമാന്മാർ എന്നെ പ്രഹരിക്കയോ നല്ലവർ എന്നെ ശാസിക്കയോ ചെയ്‌തുകൊള്ളട്ടെ. എന്നാൽ, ദുഷ്ട‌ൻ തന്റെ അഭിഷേകതൈലം എ​ന്റെ ശിരസ്സിൽ ഒഴിക്കാതിരിക്കട്ടെ.’’ (ബൈബിൾ) ‘‘പിതാവായ ദൈവമേ... എന്തുകൊണ്ട് ഈ ദൗത്യം നീ എന്നെ ഏൽപിച്ചു...’’* ആ നേരം മേഘങ്ങൾക്ക് കനംവെച്ചു. നക്ഷത്ര വെളിച്ചത്തെ അതി​ന്റെ ഇരുട്ടറയിൽ അടക്കിപ്പിടിച്ചു. പെട്ടെന്ന് ആകാശപാളികളെ നെടുകെപ്പിളർന്ന് ഒരു മിന്നൽപ്പിണർ ഇറങ്ങിവന്നു. അതിന്റെ ഗർജനനാദം ഭൂമിയെ വിറപ്പിച്ചു. യൂദാ മുകളിലേക്ക് നോക്കി. അവിടെയെങ്ങും ഒരു കുഞ്ഞുനക്ഷത്രംപോലും മിന്നുന്നില്ല. വെളിച്ചത്തിന്റെ ഉറവിടമെല്ലാം അടഞ്ഞുകിടന്നു. മനസ്സുപോലെ... ഹാ... എന്നൊരു ദീർഘനിശ്വാസത്തോടെ അയാൾ...

“നീതിമാന്മാർ എന്നെ പ്രഹരിക്കയോ നല്ലവർ എന്നെ ശാസിക്കയോ ചെയ്‌തുകൊള്ളട്ടെ. എന്നാൽ, ദുഷ്ട‌ൻ തന്റെ അഭിഷേകതൈലം എ​ന്റെ ശിരസ്സിൽ ഒഴിക്കാതിരിക്കട്ടെ.’’ (ബൈബിൾ)

‘‘പിതാവായ ദൈവമേ... എന്തുകൊണ്ട് ഈ ദൗത്യം നീ എന്നെ ഏൽപിച്ചു...’’* ആ നേരം മേഘങ്ങൾക്ക് കനംവെച്ചു. നക്ഷത്ര വെളിച്ചത്തെ അതി​ന്റെ ഇരുട്ടറയിൽ അടക്കിപ്പിടിച്ചു. പെട്ടെന്ന് ആകാശപാളികളെ നെടുകെപ്പിളർന്ന് ഒരു മിന്നൽപ്പിണർ ഇറങ്ങിവന്നു. അതിന്റെ ഗർജനനാദം ഭൂമിയെ വിറപ്പിച്ചു. യൂദാ മുകളിലേക്ക് നോക്കി. അവിടെയെങ്ങും ഒരു കുഞ്ഞുനക്ഷത്രംപോലും മിന്നുന്നില്ല. വെളിച്ചത്തിന്റെ ഉറവിടമെല്ലാം അടഞ്ഞുകിടന്നു. മനസ്സുപോലെ...

ഹാ... എന്നൊരു ദീർഘനിശ്വാസത്തോടെ അയാൾ ആളുകളൊന്നും ഏറെക്കാലമായി കടന്നുചെല്ലാത്ത പഴയ ശ്മശാനത്തിന്റെ കൽക്കെട്ടിൽ ചാരിയിരുന്നു. അനേക കാതങ്ങൾക്കകലെനിന്നും പുറപ്പെട്ടു വരുന്ന കാറ്റ് തന്നെ തഴുകും എന്ന് ആശ്വസിക്കേണ്ടതില്ല. ഇനി പാപികളുടെ പറുദീസയും പാപത്തറയും എന്റെ ഇരിപ്പിടമായല്ലോയെന്ന തുരുമ്പിച്ച ആണികൾ മേലാസകലം പേറേണ്ടിവരുന്നല്ലോ!

തന്നോട് തന്നെ പുലമ്പിക്കൊണ്ടും ശകാരിച്ചുകൊണ്ടും വീണ്ടും വീണ്ടും പിന്നാലെയും ചുറ്റിലുമായി നോക്കിയും ഭീതിയുടെ ഉൾച്ചുഴികളിൽപെട്ട് അയാൾ ആകുലനായി. പെട്ടെന്ന് ദാവീദി​ന്റെ കീർത്തനത്തിലെ അവസാന വരികൾ അറപ്പു തോന്നിപ്പിക്കുന്ന ഉദ്യാനത്തിലെ നാറുന്ന പൂക്കളെപ്പോലെ അയാളുടെയുള്ളിൽ ചീഞ്ഞളിഞ്ഞു. ‘‘പാപികളോ വലിച്ചെറിയപ്പെടുന്ന മുള്ളുകൾപോലെയാണ്. അവയെ കൈകൊണ്ട് എടുക്കാവതല്ലല്ലോ. ഇരുമ്പുവടിയോ കുന്തത്തി​ന്റെ പിടിയോ കൊണ്ടാണല്ലോ മനുഷ്യൻ മുള്ളിനെ തൊടുക. കിടക്കുന്നിടത്ത് അവയെ ചുട്ടെരിക്കയും ചെയ്യുന്നു’’.*

ഇരുന്നിടത്തുനിന്നും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് നിലത്ത് വിരിച്ച കീറത്തുണിയിൽ അമർത്തി ചവിട്ടി. എന്നിട്ടും മതിവരാതെ അതിനെ കാലുകൊണ്ടൊന്ന് തട്ടി. പിന്നെ അത് എടുത്തു കുടഞ്ഞ് വീണ്ടും നിലത്ത് വിരിച്ചു. ആകാശ മേലാപ്പിലൂടെ പറന്ന പരുന്തിന്റെ നിഴൽ നോക്കി ചുരുണ്ടു. മെലിഞ്ഞുണങ്ങിയ കുരിശുപോലെ അത് അലിഞ്ഞകന്നു. പിന്നെ തല നിലത്തിട്ടടിച്ച് അലറി. പെട്ടെന്ന് ഉദിച്ച ബോധംപോലെ ഒച്ച ആവുന്നതും താഴ്ത്തി എന്നാൽ തന്നോടെന്നപോലെ പറഞ്ഞു, “ഞാൻ എന്റെ അഭയമായ ശക്തിദുർഗത്തിന്റെ അടിക്കല്ലാണല്ലോ ഇളക്കിമാറ്റിയത്.’’* ഭൂമി നൂറുവട്ടം കറങ്ങിയാടുന്നതായും അസ്‌തിവാരങ്ങൾ ഇളകിയാടി ത​ന്റെ മേൽ പതിക്കുന്നതായും പർവതങ്ങളെല്ലാം ഉരുകി ഒഴുകുന്നതായും അയാൾക്ക് തോന്നി.

പുൽപ്പരപ്പിലൂടെ തളിർക്കാറ്റായി ഓടിനടന്ന കാലം. ആനന്ദത്തിന്റെ ദിനങ്ങൾ. ഇരുളകലാത്ത തണുത്ത പുലർകാലത്ത് ആട്ടിൻപറ്റങ്ങളോടൊപ്പം ഉണർന്ന് അവയോടൊപ്പം കളിച്ച് ഉറങ്ങിയ നാളുകൾ. ഒരിക്കൽ യോസാക്കിനും യാദാക്കുമൊപ്പം കാണാമറയത്ത് കളിച്ച് ചിരിച്ച് മറന്നിരിപ്പായിരുന്നു. അപ്പോഴാണ് ആട്ടിൻപറ്റങ്ങളിലൊന്നി​ന്റെ കാലൊടിഞ്ഞത് ഞങ്ങൾ കണ്ടത്. ആട്ടിൻകൂട്ടം അടുത്തെത്തുമ്പോൾ പെട്ടെന്ന് നാലുപാടുനിന്നും ചെന്നായ്ക്കളെപ്പോലെ അലറി അതിന് നടുവിലേക്ക് വീണു. ആരോഗ്യവാന്മാരായ ആടുകൾ ഉച്ചത്തിൽ കരഞ്ഞ് ഓടിപ്പോയി.

കാലൊടിഞ്ഞ കുഞ്ഞാടുമാത്രം ദീനമായി വിലപിച്ച് മുടന്തി മുടന്തി ഒറ്റയായി. അതിനെയെടുത്ത് ആവുന്നത്ര മേലേക്കുയർത്തി താഴെയിട്ടു. അതി​ന്റെ കരച്ചിൽ ഉയരുമ്പോൾ ഞങ്ങൾ ഉച്ചത്തിലുച്ചത്തിൽ മേ... മേ... എന്ന പൊട്ടിച്ചിരികളോടെ ആനന്ദിച്ചു. ഇത്തവണ എനിക്കാണിതിനെ കോർത്തെടുക്കാനായത്. അതിനെ പൊക്കിയെടുത്ത് താഴെയിടാൻ ഓങ്ങിയപ്പോൾ കൂട്ടുകാരെല്ലാം അയ്യോ എന്ന് ഒച്ചവെച്ച് ഓടിപ്പോയി. ഞാനോ ഒറ്റപ്പെട്ടു.

കൈയിൽ കിട്ടിയ ചുള്ളിക്കമ്പുമായി അമ്മ ഓടിവരുന്നു. ‘‘ടാ... വിടെടാ അതിനെ, വെക്കടാ അവിടെ’’ എന്ന വാക്കുകൾ വീഴുന്നതിന് മുമ്പെ അമ്മ എന്നെ പൊതിരെ തല്ലി. വലിച്ചിഴച്ച് ദീപക്കൂടിന് അരികെ കൊണ്ടുവന്ന് ഏത്തമിടീച്ചു. ഏങ്ങലടികൾക്കിടയിൽ തിരുകാൻ സങ്കീർത്തനത്തി​ന്റെ ജപമാലകൾ അമ്മ ചൊല്ലിത്തന്നു. ‘‘എന്റെ ഹൃദയം തിന്മയിലേക്ക് ചായ്ക്കരുത്. അപരാധം പ്രവർത്തിക്കുന്ന ആളുകളുമൊത്ത് ദുഷ്കർമങ്ങളിൽ വ്യാപൃതരാകാതെയും അവരുടെ വിശിഷ്‌ട ഭോജ്യങ്ങൾ ഭക്ഷിക്കാതെയും ഇരിക്കാൻ എനിക്ക് ഇടവരുത്തേണമേ.’’ പിന്നെയും എന്തൊക്കെയോ ശാസനകൾ. ഏറ്റുപറച്ചിലുകൾ. കരഞ്ഞുറങ്ങിയ എനിക്കുമേൽ ഉറങ്ങാതിരുന്ന അമ്മയുടെ കണ്ണുനീർ തിളച്ചുമറിഞ്ഞ് വീണു പൊള്ളി. ആ വിശുദ്ധ തീർഥവും എന്റെ പാപങ്ങളെ തഴുകിയില്ലല്ലോ. ഹാ... എന്ന് ഓർമകളിൽനിന്നും കുതറി അയാൾ വീണ്ടും വിലപിച്ചു.

ഒലീവ് ചില്ലകൾക്കിടയിൽ തിരുകിയ മുൾപ്പടർപ്പുപോലെ ദുഷിച്ച ചിന്തകളും പരനിന്ദയും കാപട്യവും അടർത്തിമാറ്റിയാലും എടുത്ത് കളഞ്ഞാലും വീണ്ടും വീണ്ടും തളിർത്തു. നീലാകാശവിതാനംപോലെയോ നനുനനുത്ത് തെളിഞ്ഞ ജലപാളിപോലെയോ മനസ്സ് തെളിഞ്ഞില്ല. കണ്ണാടിയിൽ കറുത്ത മഷിപോലെ അത് ഇരുണ്ടുതന്നെ കിടന്നു. ഇത്രയും കാലം ജീവിച്ചതി​ന്റെ ബാക്കിപത്രം ഇതൊക്കെയാണല്ലോ! ഇത് മാത്രമാണല്ലോ എന്ന തിരിച്ചറിവ് ഇപ്പോൾ ആദ്യമായി അയാളെ വന്ന് തൊട്ടു.

അപരിചിതത്വത്തി​ന്റെ യാതൊരു കൂസലുമില്ലാതെ ആ കൈകൾ അവ​ന്റെ തലയിലൂടെ തണുത്ത കാറ്റ് പോലെ തഴുകി. ‘‘എന്താണ് പേര്?’’

പുച്ഛത്തിന്റെ കയ്‌പുരസമുള്ള തുപ്പൽകൊണ്ട് മറുപടി പറയാനാണ് തോന്നിയത്. ആ തണുത്ത വിരലുകൾ ആത്മാവി​ന്റെ ആഴത്തിലുള്ള മുറിവുകളിലൂടെയാണ് തലോടുന്നതെന്ന് തോന്നി. ദീനവിലാപങ്ങളുടെ അറിയാവേദനകളുടെ തായ്‌വേരുകളെ പിഴുതെടുക്കുന്നതായി തോന്നി.

‘‘പറയൂ എന്താണ് പേര്?’’

ഇളയ ആട്ടിൻകുട്ടിയെപ്പോലെ അരുമയോടെ മുഖമുയർത്തി. കാരുണ്യത്തിന്റെ ഉറവ ആ കണ്ണുകളിൽനിന്നും കിനിയുന്നതായി തോന്നി. ആകാശനീലിമയിൽനിന്നും പുറപ്പെട്ട ആ പ്രവാഹധാരയിൽ അകപ്പെട്ട അയാൾക്ക് പിടിച്ചുനിൽക്കാനായില്ല.

‘‘യൂദാസ് സ്‌കറിയോത്ത: കെറിയോത്തിലെ ശീമയോ​ന്റെ ഇളയ സന്താനം.’’

പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. ആ കൈകൾ വിലക്കി.

‘‘ഞാൻ നിന്നെ അറിയുന്നു. എന്നോടൊപ്പം ചേരുക.’’ പിന്നെയൊന്നും പറയാനായില്ല. പുഴയുടെ ഒഴുക്കിനെതിരെ തരിമണ്ണിന് എന്തുചെയ്യാനാവും.

‘‘എല്ലാ മനുഷ്യരും കാഴ്‌ചയില്ലാത്തവരാണെന്ന് അറിയുവിൻ. ശരിയായ കാഴ്ചയില്ലാത്ത നിങ്ങളെങ്ങനെ സ്വസഹോദര​ന്റെ കണ്ണുകളിലെ കരടെടുത്ത് മാറ്റും?’’*

പട്ടണങ്ങളിലും ഗ്രാമത്തെരുവുകളിലും ഞങ്ങൾ പന്ത്രണ്ടുപേർ ആ പ്രജാപതിയോടൊപ്പം അലഞ്ഞു. മൂന്നു വർഷംകൊണ്ട് മുപ്പത് വർഷത്തെ അടുപ്പം.

‘‘നിങ്ങളിൽ പന്ത്രണ്ട് പേരെയാണ് ഞാൻ തിരഞ്ഞെടുത്തത്. എന്നാൽ നിങ്ങളിൽ ഒരുവൻ പിശാചാണ്.’’ ഒരുനാൾ സംഭാഷണങ്ങൾക്കിടയിൽ വിശുദ്ധൻ ഞങ്ങളോട് പറഞ്ഞു. അത് ഞാൻ ആവരുതേ ആവരുതേ എന്ന് എനിക്ക് തന്നെ ഏറെ അപരിചിതനായ എന്നോട് ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.

വലിച്ചെറിഞ്ഞ നാണയത്തുട്ടുപോലെ കറുത്ത മേഘങ്ങൾക്കിടയിൽ സൂര്യൻ ചിതറി. ഇരുട്ടിന്റെ പുകച്ചുരുളുകൾ വ്യാപിക്കുംവരെ ഉള്ളിൽ ഉലഞ്ഞ് കിതക്കുന്ന ദുരയുടെ ചെന്നായ്ക്കളെ പിടിച്ചുവെച്ചു. പിശാചു തിന്ന തലയുമായും കയ്പു നിറഞ്ഞ വിദ്വേഷവുമായും വിഷമയമായ സ്‌പർധയുമായും ഫെറോദയേസും പരീശൻമാരും അന്നാസും കയാഫസും അവതരിച്ചതെന്തിനെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഈ ഞാൻ യൂദാ സ്‌കറിയോത്ത...

ജീവനാഥന്റെ അരികിൽ മറ്റു പന്ത്രണ്ട് സഹയാത്രികർക്കൊപ്പം ഉറങ്ങാൻ കിടന്നതാണ്. ഭയത്തിന്റെ കാട്ടുകടന്നലുകൾ ഉള്ളകം നിറയെ മുട്ടയിട്ട് പെരുകി. സൻഹെട്രിം സംഘം ഗുരുനാഥനെ വളഞ്ഞിട്ട് വധിക്കാനായി ഗൂഢാലോചന നടത്തുന്നതറിഞ്ഞിട്ടാണോ? നാഥൻ ത​ന്റെ ഭാവിയെ പ്രവചിച്ചതറിഞ്ഞിട്ടാണോ?

കേവലം മൂന്ന് വർഷംകൊണ്ടാണ് നാഥ​ന്റെ ഉറ്റ സ്നേഹിതനായത്. സകലവും ഉപേക്ഷിച്ചും സൽകർമങ്ങൾ ചെയ്‌തും സാരോപദേശം നടത്തിയും ഗ്രാമങ്ങൾതോറും ആ പാദങ്ങളെ പിന്തുടർന്നു. മറ്റാർക്കും മനസ്സിലുദിക്കാത്ത ഒരു ഉറപ്പി​ന്റെ വിചാരധാരയിലാണ് ആ യാത്രകളെല്ലാം. നാഥൻ ഒരുക്കുന്ന സാമ്രാജ്യം. അതിരില്ലാത്ത സമ്പത്ത്. രാജകീയമായ ആർഭാടങ്ങൾ, പ്രതാപം, ആകാശം മറയ്ക്കുന്ന കൊട്ടാരക്കെട്ടുകൾ, ശിരസ്സു നമിച്ചു നിൽക്കുന്ന പ്രജാകീടങ്ങൾ –അതിനെല്ലാം മീതെ അധികാരത്തി​ന്റെ...

ഒന്നും അല്ല, അങ്ങനെയൊന്നുമല്ല; വിചാരിച്ചതു പോലെയും സ്വപ്നം കണ്ടതുപോലെയുമല്ല കാര്യങ്ങൾ. അനിശ്ചിതത്വത്തി​ന്റെ പകലുകളിലൂടെ അലഞ്ഞ് മതിയായി. കേറി കിടക്കാനിടമില്ലാതെ അപ്പവും പാനവും നിശ്ചയമില്ലാതെ സാധാരണക്കാരെ ഒപ്പം ചേർത്ത് നടക്കുന്ന ഈ നാഥനൊപ്പം ഇനി എന്തിനെന്ന് അന്തഃകരണം അലമുറയിട്ടുകൊണ്ടിരുന്നു.

മൊഴിപ്പടർപ്പുകളിൽനിന്നടർന്ന ജപമാലമുത്തുകൾപോലെ ആകാശത്ത് താരങ്ങൾ മിന്നിമറിഞ്ഞു. ചുട്ടെടുത്ത കല്ലെടുത്ത് നെഞ്ചിൽ വെച്ചതുപോലെ. നാഥനെ വധിച്ചാൽ സെൻഹെട്രിം സംഘം അടങ്ങുമോ? ജീവിതമേ... ജീവിതമേ... എ​ന്റെ പ്രാണ​ന്റെ നിലവിളി. ഒടുവിൽ അവർ നാഥനൊപ്പം നടന്നവരെയും തേടിവരില്ലേ? പച്ചജീവനിൽ അടിച്ചു കയറ്റുന്ന കൂർത്ത ആണികൾ കൊണ്ട് ജീവനെടുക്കില്ലേ?പിടയുന്ന പ്രാണന്റെ ചോര...

വള്ളികൾ കെട്ടുപിണഞ്ഞു... ഇതിൽനിന്നും കുതറി ഓടണം. എന്നിട്ട് ജീവിതത്തെ ആർത്തിയോടെ പുണരണം. ഇത്രനാളും അനുഭവിക്കാത്തതെല്ലാം വാശിയോടെ തേടണം. നേടണം. അതിനുള്ള ഒട്ടേറെ വഴികളിലൂടെ മനസ്സ് ഓടിക്കിതച്ചുകൊണ്ടിരുന്നു. പക്ഷേ, പുരോഹിതസംഘം നീട്ടിയ മുപ്പത് വെള്ളിക്കാശ് കേവലം ഒരടിമപ്പണം. എണ്ണിനോക്കുകപോലും ചെയ്യാതെ ആത്മാവ് ചോർന്ന നിഴലുപോലെ ഇറങ്ങിനടന്നു. നിനക്കാ നിഷ്കളങ്കരക്തത്തെ ഒറ്റിക്കൊടുക്കണമായിരുന്നോ? അനേകശതം കാഹളമെടുത്ത് ഉൾക്കാതുകളിൽ ഒച്ചയെടുത്തുകൊണ്ടിരുന്നു.

നൈരാശ്യത്തിന്റെയും വൈരാഗ്യത്തിന്റെയും ഭയത്തി​ന്റെയും കാട്ടിൽനിന്നും സ്വയംരക്ഷയുടെ സാത്താൻ ഉടലാകെ നിറഞ്ഞതായി തോന്നി.

എനിക്കിഷ്ട‌മായില്ല... വിലകൂടിയ സുഗന്ധതൈലമെടുത്ത് ശീമോന്റെ മാളികയിൽവെച്ച് മഗ്ദ‌ലനക്കാരി മറിയം ആ പാദങ്ങളിൽ പൂശുന്നതു കണ്ട് എനിക്കിഷ്ടമായില്ല... കൈസറിയാ ഫിലിപ്പിയിൽനിന്ന് മറുരൂപമലയുടെ താഴ്‌വാരത്തിൽനിന്ന് മലകയറാൻ കൂടെ ചേർത്തത് താൻ ഒഴികെ മൂന്നുപേരെ. എനിക്കിഷ്‌ടമായില്ല...യായീറോസി​ന്റെ അരുമ മകളെ സുഖപ്പെടുത്താൻ പുറപ്പെട്ടപ്പോഴും കൂടെ അവരെ മാത്രം ചേർത്തു. അവരോ... അവരോ... ഗലീലയിലെ കടലിലെ മീൻപിടിത്തക്കാർ.

 

വായിൽ നിറഞ്ഞ കയ്പുരസം നീട്ടിത്തുപ്പി ശ്വാസം വിട്ടു. താനോ? നെഞ്ചുവിരിഞ്ഞ് കൈ നെഞ്ചിൽ അടിച്ച് ഉച്ചത്തിൽ പറഞ്ഞു: യൂദാസ്‌ കറിയോത്ത...

ജ്വലിച്ചുനിന്ന പ്രകാശഗോളം ആയിരം കരിക്കഷണങ്ങളായി ചിതറിപ്പോയി. ആകാശം ആഴത്തിന്റെ ആഴത്തിൽ ഇരുണ്ടു. മേഘങ്ങളിൽ ഞെരിഞ്ഞ് ഒരു മഴത്തുള്ളി ഉയരത്തിൽനിന്നും താഴേക്ക് പതിച്ചു. കണ്ണിൽ മുള്ളുകൊണ്ടെന്നപോലെ അയാൾ അപ്പോൾ പതറി. തുരുമ്പിച്ച ആണികൾ തുളഞ്ഞ് ഉടലൊന്നാകെ വിറച്ചു. ലോഹത്തിനുമേൽ ലോഹം ഉരയുന്ന നീറ്റൽ കാതിൽ നിറഞ്ഞു. ആണിയിൽ കൂടം അടിക്കുന്ന മുഴക്കം.

തല കീഴെ പാറക്കെട്ടുകളിലേക്ക് പതിക്കുന്നത് മാത്രം അയാൾക്ക് ഓർമ. ദേഹമാകെ പടർന്നൊഴുകിയ നിണം ഇറ്റുവീണപോലെ ആകാശം ചുവന്നു. നിറംകെട്ട് കറുത്തിരുണ്ട പാതാളത്തിലെ സൂര്യനു മേലെ ചോരവരകൾ വലിഞ്ഞുമുറുകിയ ഒരു പൂവ് വിടർന്നു.

(ചിത്രീകരണം: ദയാനന്ദൻ)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT