കെയുടെ വീട്ടിലെ ഒരു രാത്രി

കുറ്റ്സിയുടെ മൈക്കിൾ കെയുടെ ജീവിതവും കാലവും വായിക്കുന്നതിനും മുമ്പ്, അല്ലെങ്കിൽ, ഗ്രിഗർ സംസയും കാഫ്കയും കോട്ടയും എല്ലാം എ​ന്റെ വായനയെ വന്നുപൊതിയുന്നതിനും ഒക്കെ വളരെമുമ്പ് എന്നോ ഒരിക്കലാണ് ഞാൻ മിസ്റ്റർ കെയെ പരിചയപ്പെടുന്നത്. പോകാൻ മറ്റൊരിടം ഇല്ലാതിരുന്ന ആ നാളുകളിൽ ഞാൻ നേരംവെളുത്താൽ വീടിനു പിന്നിലെ മലയിൽനിന്നും താഴേക്കു ചാടിയിറങ്ങിയ വെള്ളക്കുത്തിൽ കുളിച്ച് ഉറക്കം മരിച്ചുകിടന്ന എ​ന്റെ കണ്ണുകളിലെ രാത്രിയെ അപ്പാടെ മായ്ച്ചുകളഞ്ഞ് ആദ്യ ബസിന് കയറി അടുത്തുള്ള ചെറിയ പട്ടണത്തിലേക്ക് പോകുമായിരുന്നു. കോടമഞ്ഞി​ന്റെ ഒരു വനത്തിലൂടെയാണ് ബസ് മെല്ലെ പോവുക. െഡ്രെവർ ഡാഷ്ബോർഡിലെ...

കുറ്റ്സിയുടെ മൈക്കിൾ കെയുടെ ജീവിതവും കാലവും വായിക്കുന്നതിനും മുമ്പ്, അല്ലെങ്കിൽ, ഗ്രിഗർ സംസയും കാഫ്കയും കോട്ടയും എല്ലാം എ​ന്റെ വായനയെ വന്നുപൊതിയുന്നതിനും ഒക്കെ വളരെമുമ്പ് എന്നോ ഒരിക്കലാണ് ഞാൻ മിസ്റ്റർ കെയെ പരിചയപ്പെടുന്നത്.

പോകാൻ മറ്റൊരിടം ഇല്ലാതിരുന്ന ആ നാളുകളിൽ ഞാൻ നേരംവെളുത്താൽ വീടിനു പിന്നിലെ മലയിൽനിന്നും താഴേക്കു ചാടിയിറങ്ങിയ വെള്ളക്കുത്തിൽ കുളിച്ച് ഉറക്കം മരിച്ചുകിടന്ന എ​ന്റെ കണ്ണുകളിലെ രാത്രിയെ അപ്പാടെ മായ്ച്ചുകളഞ്ഞ് ആദ്യ ബസിന് കയറി അടുത്തുള്ള ചെറിയ പട്ടണത്തിലേക്ക് പോകുമായിരുന്നു. കോടമഞ്ഞി​ന്റെ ഒരു വനത്തിലൂടെയാണ് ബസ് മെല്ലെ പോവുക.

െഡ്രെവർ ഡാഷ്ബോർഡിലെ ഒരു ഫോട്ടോക്കു മുന്നിൽ കത്തിച്ചുവെച്ച ചന്ദനത്തിരിയുടെ പുകഗന്ധം പ്രാണായാമം ചെയ്യപ്പെട്ട ആത്മാക്കളെപ്പോലെ വണ്ടിക്കുള്ളിൽ ഓടിനടന്നു. രാധാസ്​ സോപ്പി​ന്റെയും കുട്ടിക്കൂറയുടെയും മണമുള്ള ആളുകൾ വിടർത്തിവെച്ച പത്രത്താളുകളിൽ നോക്കിയിരിക്കും. കാറ്റത്ത് പത്രക്കടലാസ്​ ഇടക്ക് ചുളുങ്ങിക്കൂടും. പുലർച്ചക്കാറ്റ് അടിക്കുമ്പോൾ ഒന്നു കുളിർന്നുകേറും ദേഹം. ആ യാത്രകൾ എത്രയോ വർഷങ്ങൾ ഞാൻ തുടർന്നു.

നഗരത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കെട്ടിടത്തിൽ അക്കാലത്ത് ഒരു ലൈബ്രറി പ്രവർത്തിച്ചിരുന്നു. തടിപ്പാളികൾ നിരത്തിയ ഉയരമുള്ള മച്ച് ആ കെട്ടിടത്തിൽ എപ്പോഴും ഒരു തണുപ്പ് നിലനിർത്തി. മേച്ചിലോടുകൾ ചിലതൊക്കെ പൊട്ടിപ്പോയിരുന്നു. അതി​ന്റെ ഓട്ടകളിലൂടെ മഴക്കാലത്ത് ലൈബ്രറിയിലേക്ക് പുളിരസമുള്ള വെള്ളം ഒലിച്ചിറങ്ങി. വേനലിൽ വെയിലി​ന്റെ ദീർഘവൃത്തങ്ങൾ പൊട്ടിപ്പൊളിഞ്ഞ തറയിൽ നിരന്നു. അവയുടെ മാറിവരുന്ന സ്​ഥാനം നോക്കി ഞങ്ങൾ സമയം പോകുന്നതും സന്ധ്യയാകുന്നതുമറിഞ്ഞു. രാജഭരണകാലത്തെ ഒരു ദർബാർ ഹാളായിരുന്നു അതെന്ന് ആരോ പറഞ്ഞു കേട്ടു. അത് സത്യമാണെന്നു തോന്നിപ്പിക്കുന്ന വലിയ രണ്ടു വൈദ്യുതി പങ്കകൾ ആ മച്ചിന് കീഴെ ഒരു ഞരക്കത്തോടെ പതുക്കെ കറങ്ങിക്കൊണ്ടിരുന്നു. അത്രയും വലിയ കാറ്റുപങ്കകൾ ഞാൻ മറ്റൊരിടത്തും കണ്ടിട്ടില്ലായിരുന്നു.

രണ്ടു വലിയ മുറികളുണ്ടായിരുന്നു ആ കെട്ടിടത്തിന്. ഒന്നിൽ നിരവധി അലമാരകളിൽ സൂക്ഷിച്ചുവെച്ച ആയിരക്കണക്കിന് വരുന്ന പുസ്​തകങ്ങൾ. അപൂർവമായ പല പുസ്​തകങ്ങളും ആ അലമാരകളിൽ അടങ്ങിയിരുന്നു. പുരാതനമായ ചില ഗ്രന്ഥങ്ങൾ വർഷങ്ങളോളം ആരും തൊടാത്തതിനാൽ കനം തൂങ്ങിയ വായു പുതച്ച് മരിച്ചതുപോലെ അവക്കുള്ളിൽ ഇരുന്നു. പുസ്​തകങ്ങൾ എടുക്കുമ്പോൾ അവക്കിടയിൽനിന്നും മഞ്ഞക്കൊളവികളും ഈറൻകുത്തനും മറ്റേതൊക്കെയോ പ്രാണികളും പറന്നുപോയി. മറ്റൊന്ന് വിശാലമായ വായനാമുറി ആയിരുന്നു.

വായനാമുറിയുടെ നടുക്കു കിടന്ന അസാധാരണ വലുപ്പമുള്ള തടിമേശകളിൽ ആനുകാലികങ്ങളും പത്രങ്ങളും എല്ലാം നിരന്നുകിടന്നു. കാറ്റിൽ പറന്നുപോകാതിരിക്കാനായി പത്രങ്ങളുടെ മേലേ ചില ചെറിയ ക്യുബിക്കൽ തടിക്കട്ടകൾ ആരോ എടുത്തുവെച്ചിരുന്നു. ഒരുപാട് വർഷങ്ങൾ ഉപയോഗിച്ചതിനാൽ അവയുടെ മൂലകൾ ഉരുണ്ടതും മെഴുക്കുപിടിച്ചതുമായിരുന്നു. മേശക്കരികിലെ നെടുനീളൻ ബെഞ്ചിലിരുന്നാണ് ആളുകൾ വായിക്കുക. ചിലർ ജനാലയുടെ വീതിയുള്ള പടിയിൽ കാലു നീട്ടി ഇരുന്നും വായനയുടെ മരുഭൂമികളെയും വനദുർഗങ്ങളെയും മുറിച്ചുകടന്നു. ലൈബ്രറി കെട്ടിടത്തി​ന്റെ ഫംഗസ്​ മണമുള്ള വായു ശ്വസിക്കാതെ എന്നെപ്പോലെ ചിലർക്ക് അന്നു ജീവിക്കാൻതന്നെ പറ്റില്ലായിരുന്നു. ചെന്നുചേരുവാൻ ഞങ്ങൾക്കുള്ള ഏക താവളമായിരുന്നു അത്.

നഗരത്തി​ന്റെ ഏറ്റവും ഒറ്റപ്പെട്ട ഒരു മൂലയിലായിരുന്നു ലൈബ്രറി. അവിടെ ലൈബ്രറി കൂടാതെ ഒരു പഴയ ചായക്കടയും സിഗരറ്റും ബീഡിയുമൊക്കെ വിൽക്കുന്ന ഒരു പെട്ടിക്കടയുമായിരുന്നു ആകെ ഉണ്ടായിരുന്നത്. ലൈബ്രറിയുടെ കാവൽക്കാരൻ പെൻഷൻ പറ്റാറായ ഒരു ചേട്ടൻ ആയിരുന്നു. പുള്ളിക്ക് പുസ്​തകങ്ങൾ എന്നുവെച്ചാൽ ജീവനായിരുന്നു. അതേ ലൈബ്രറിയിൽ അയാൾ മുപ്പതോളം വർഷങ്ങളായി ജോലിനോക്കുകയായിരുന്നു. എന്നിട്ടും പുസ്​തകങ്ങൾ വായിക്കുന്ന ശീലം അയാൾക്കില്ലായിരുന്നു. എന്നാൽ, പുസ്​തകങ്ങളുടെ മണമായിരുന്നു അയാൾ ജീവിതകാലം മുഴുവൻ ശ്വസിച്ചത്.

പുസ്​തകങ്ങളെ പൊടി തട്ടിയും തുടച്ചും അലമാരകൾ വൃത്തിയാക്കിയും മുറിയും വരാന്തയും അടിച്ചുവാരിയും എല്ലാം അയാൾ നേരംകൊന്നു. ജോലിയൊന്നും ഇല്ലാത്തപ്പോൾ ഇറയത്ത് കുന്തിച്ചിരുന്ന് അയാൾ കട്ടൻ ബീഡി വലിച്ചു പുകയൂതി. ഒരിക്കൽ അയാളെ എന്തോ കാര്യത്തിന് ശിക്ഷ നൽകി അടുത്തുള്ള പാർക്കിലെ കാവൽക്കാരനായി അധികൃതർ സ്​ഥലം മാറ്റി. ആ ദിവസങ്ങളിൽ അയാളനുഭവിച്ച ആശയക്കുഴപ്പവും അങ്കലാപ്പും ഞാൻ നേരിൽ കണ്ടു. വൈകിട്ട് പാർക്കിലെ ജോലികഴിഞ്ഞ് അയാൾ ലൈബ്രറിയിലേക്ക് ഓടിക്കിതച്ച് വരും. ഒരു വെപ്രാളത്തോടെ മേശപ്പുറത്ത് ചിതറിക്കിടന്ന പുസ്​തകങ്ങളെ എടുത്ത് അടുക്കിപ്പെറുക്കിവെച്ച് അയാൾ അവിടൊക്കെ ഒരു പാവം എലിയെപ്പോലെ ഓടിനടന്നു. എനിക്ക് അത് കണ്ടപ്പോൾ വലിയ വിഷമം തോന്നി. ഒടുവിൽ ഞങ്ങൾ വായനക്കാർ എല്ലാവരുംകൂടി ആവശ്യപ്പെട്ട് അയാളെ ലൈബ്രറിയിലേക്കു തന്നെ തിരികെ എത്തിച്ചു. അതി​ന്റെ നന്ദി അയാൾക്ക് എന്നുമുണ്ടായിരുന്നു.

മിസ്റ്റർ കെയെ ഞാൻ ആദ്യമായി കണ്ടത് ഈ ലൈബ്രറിയിൽവെച്ചായിരുന്നു. ഏറ്റവും കനംകുറഞ്ഞ വെള്ള ഖദർ മുണ്ടും ഷർട്ടും ഇട്ട് കൈയിൽ രണ്ടോ മൂന്നോ പുസ്​തകങ്ങളുമായി കെ ലൈബ്രറിയുടെ വായനാമുറിയിൽ മിക്കവാറും ദിവസങ്ങളിൽ വന്നിരിക്കുകയും ചില മാസികകൾ ഓടിച്ചു വായിക്കുകയുംചെയ്തു. എപ്പോഴും എന്തോ പരതി നടക്കുംപോലെ ആയിരുന്നു അയാളുടെ വായന.

ഒരു പുസ്​തകത്തിലും അയാൾ തൃപ്തനാവാത്ത പോലെയായിരുന്നു ആ ഭാവം. ഇടക്ക് ലൈബ്രറിമുറിയിൽ പോയി പുസ്​തകങ്ങൾ മാറ്റിയെടുക്കുകയും പെട്ടെന്നു ഇറങ്ങിപ്പോവുകയും ചെയ്യും. അയാൾ ആരോടും ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും ലൈബ്രറിയിൽ എല്ലാവരും അവനവ​ന്റെ മൗനത്തെ ശ്രദ്ധയോടെ പൊതിഞ്ഞുപിടിച്ചു. പരസ്​പരം എന്തെങ്കിലും സംസാരിക്കാൻ അവർക്ക് തീരെ താൽപര്യമില്ലായിരുന്നു.

എന്നിട്ടും ഒരുദിവസം ഞാൻ കെയെ പരിചയപ്പെട്ടു. കെ ഒരു സർക്കാർ ഉദ്യോഗസ്​ഥനായിരുന്നു. അടുത്തുതന്നെയുള്ള ഒരു ഓഫീസിൽ അയാൾ ക്ലാർക്ക് ആയി ജോലി നോക്കിയിരുന്നു. നിയതമായ ഒരു സമയക്രമം കെയുടെ ജോലിക്ക് പക്ഷേ, ഉണ്ടായിരുന്നില്ല. പൊതുമരാമത്തു വകുപ്പി​ന്റെ ഒരു പ്രധാന വിഭാഗമായിരുന്നു അത്. ത​ന്റെ ജോലികൾ തീരുന്നമുറക്ക് കെ പുറത്തിറങ്ങിപ്പോരും.

ലൈബ്രറി തുറന്നുകിടക്കുന്ന സമയമാണെങ്കിൽ ആളെ അവിടെതന്നെ കാണാം. കഞ്ഞിപ്പശ മുക്കി ചിരട്ടപ്പെട്ടിക്ക് തേച്ചു വടിവാക്കിയ വെള്ള ഖദർ മുണ്ടും ഷർട്ടുമായിരുന്നു കെയുടെ പതിവ് വേഷം. കൈയിൽ എപ്പോഴും ചില പുസ്​തകങ്ങളോ മാസികകളോ ഉണ്ടാകും. പ്രമുഖ പ്രസാധകരുടെ എല്ലാംതന്നെ ബുക്ക് ക്ലബിൽ കെ അംഗമായിരുന്നു. ആയതിനാൽ ഒരുപാട് പുസ്​തകങ്ങൾ അയാൾക്ക് ഓരോ വർഷവും ഏറെ ലാഭത്തിനു കിട്ടിയിരുന്നു. ഇതെല്ലാം പരിചയപ്പെട്ട ആദ്യ ദിവസങ്ങളിൽ കെ അവിചാരിതമായി എന്നോട് പറഞ്ഞതാണ്.

ഒരു മഴക്കാലമായിരുന്നു അത്. പൊരിഞ്ഞ മഴ കാരണം ലൈബ്രറിയിലെ കറന്റ് പോയിരുന്നു. ഇരുട്ട് വായനമുറിയിൽ വിടർത്തിയിട്ട നനഞ്ഞ ഒരു പുസ്​തകംപോലെ വൃത്തിഹീനമായി. മെഴുതിരി കത്തിച്ചുവെക്കാനുള്ള വാച്ചറുടെ ശ്രമം ഓരോ തവണയും കാറ്റ് ഊതിക്കെടുത്തി. അങ്ങനെ മഴ ഞങ്ങളെ മുറിയിൽനിന്നും പുറത്ത് ചാടിച്ചു. അന്ന്, ആ മഴദിവസം ആകെ മൂന്നോ നാലോ പേരേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളൊഴികെയുള്ളവർ കുടനിവർത്തി ഇറങ്ങി നടന്നുമറഞ്ഞു. കുട ഉണ്ടെങ്കിലും പോകാനിടമില്ലാത്തവരെ പോലെ ഞങ്ങൾ വരാന്തയിലെ പഴയ തടിത്തൂണ് ചാരി റോഡിലേക്ക് നോക്കി തണുത്തു നിന്നു. ആ മഴയിലാണ് ഞാൻ കെയെ പരിചയപ്പെടുന്നത്.

ഞാൻ എഴുതിത്തുടങ്ങിയ നാളുകളായിരുന്നു അത്. ചില പ്രമുഖ മാസികകളിൽ എ​ന്റെ രചനകൾ വന്നുതുടങ്ങിയിരുന്നു. അക്കാലത്ത് അതത്ര എളുപ്പമായിരുന്നില്ല. കെ അത് കേട്ടപ്പോൾ കണ്ണുകൾ കൂടുതൽ തുറന്നു. അൽപംകൂടി അടുത്തുനിന്നായി പിന്നെ ഞങ്ങളുടെ സംസാരം.

നഗരത്തി​ന്റെ അതിർത്തിയിലുള്ള ഒരു പഴയ വീട്ടിൽ അയാൾ ഒറ്റക്കായിരുന്നു താമസം. ഞങ്ങൾ പരിചയപ്പെടുമ്പോൾ അയാൾക്ക് നാൽപതിലേറെ പ്രായമുണ്ടായിരുന്നു. വളരെ മെലിഞ്ഞ ദേഹം. ശരാശരി ഉയരം. വല്ലപ്പോഴും മാത്രം ട്രിം ചെയ്ത താടി. തലയെ പൊതിഞ്ഞുനിന്ന കട്ടിയുള്ള ചുരുളൻ മുടി. തലമുടി അവിടവിടെ നരച്ചിരുന്നു. കെ കൂടിയ പവറുള്ള കണ്ണട വെച്ചിരുന്നു. വായിച്ചു വായിച്ച് അയാളുടെ കണ്ണുകൾ കേടായിക്കാണുമെന്നു ഞാൻ കരുതി. എ​ന്റെയും പ്രശ്നം അതുതന്നെയായിരുന്നു.

കെ അധികം സംസാരിച്ചില്ല. എന്നാൽ പറയുന്നതെല്ലാം താൻ വായിച്ച പുസ്​തകങ്ങളെപ്പറ്റി മാത്രം. ലോകത്ത് മറ്റൊന്നിലും അയാൾക്ക് താൽപര്യമില്ലായിരുന്നു. കെ ഒരു സിഗരറ്റ് എനിക്ക് നീട്ടി. തീപ്പെട്ടി എടുത്ത് ഞങ്ങൾ സിഗരറ്റ് കത്തിച്ച് മഴയിലേക്ക് പുകയൂതി.

എനിക്ക് ഏറ്റവും ഇഷ്ടം ഇപ്പോൾ മാർകേസിനെ വായിക്കാനാണ്. പക്ഷേ വിവർത്തനം അല്ല. ഇംഗ്ലീഷ് എങ്കിലും വായിക്കണം... അല്ലാതെ ആ വാക്കുകളുടെ ചോരയോട്ടം നമുക്ക് കിട്ടില്ല. പക്ഷേ, ദസ്​തയേവ്സ്​കിക്ക് മുന്നിൽ ഇവരൊന്നും ഒന്നുമല്ല കേട്ടോ... അതുപറഞ്ഞ് കെ ചെറുതായി ചിരിച്ചു. ഉം. ഞാൻ മൂളി.

മലയാളത്തിൽ എം. മുകുന്ദനെ മാത്രമേ കെ വായിക്കാൻ താൽപര്യപ്പെട്ടുള്ളൂ. മേതിലിനെ മുമ്പ് വായിച്ചിരുന്നു എന്നും പറഞ്ഞു. വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു കെയുടെ സംസാരം. നിശ്ശബ്ദതയുടെ വീടുകൾ ആ മൃദുവായ വാക്കുകൾക്കിടയിൽ ഇടക്കിടെ കെ പണിതുകൊണ്ടിരുന്നു. ഞങ്ങൾക്കിടയിൽ കൂടുതലും സംസാരിച്ചത് മൗനമായിരുന്നു എന്നിപ്പോൾ തോന്നുന്നു. സിഗരറ്റു കനലി​ന്റെ ചെറിയ ചൂടിൽ ഏതോ ഓർമയിൽ കെയോടൊപ്പം ഞാൻ നിന്നു. കെയുടെ വിരലുകൾ മെലിഞ്ഞു നീണ്ടവയായിരുന്നു. അവക്കിടയിൽ ഒരു സൗമ്യസൂര്യനെപ്പോലെ സിഗരറ്റ് ഇരുന്നു മെല്ലെ എരിഞ്ഞു.

ഞങ്ങൾ അങ്ങനെ ലൈബ്രറിയിൽവെച്ച് കാണുക പതിവായി മാറി. രാവിലെ ബസിൽ കയറുമ്പോൾതന്നെ ഇന്നു കെയെ കാണണമെന്ന് ഞാൻ മനസ്സിൽ കരുതാൻ തുടങ്ങി. കെയും അങ്ങനെ കരുതുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നെങ്കിലും ഒരിക്കൽ കെയെ കാണാൻ പറ്റാതെ വന്നാൽ, പ്രതീക്ഷിച്ചുവന്ന ഏതോ ഒരു പുസ്​തകം വായിക്കാൻ പറ്റാത്തതുപോലെ ഒരു വിമ്മിട്ടം എന്നെ പിടികൂടാൻ തുടങ്ങി. പൊതുവേ നഗരത്തിൽ എനിക്ക് സുഹൃത്തുക്കൾ കുറവായിരുന്നു. നിറയെ പരിചയക്കാരുണ്ട്, എങ്കിലും.

പുഴയോരത്തായിരുന്നു ഞങ്ങളുടെ ചെറിയ പട്ടണം. പലപ്പോഴും വൈകുന്നേരങ്ങളിൽ പുഴയോരത്തെ പോക്കുവെയിൽ ഞാനും കെയും ഒരുമിച്ച് പങ്കിട്ടെടുത്തു. മണലി​ന്റെ നേർത്ത ചൂടിൽ ഇരുന്ന് കെ മാർക്സി​ന്റെ മൂലധനത്തെപ്പറ്റിയും സോവിയറ്റ് യൂനിയനെപ്പറ്റിയും ഗോർകിയുടെ അമ്മയെപ്പറ്റിയും ഒക്കെ ഏറ്റവും പതുക്കെ സംസാരിച്ചു. എനിക്ക് കമ്യൂണിസം ചില കാരണങ്ങളാൽ അക്കാലത്ത് മടുത്തുതുടങ്ങിയിരുന്നു. ഞാനത് കെയോട് പറയാൻ പോയില്ല. പക്ഷേ, മനുഷ്യ​ന്റെ വിഷാദഭരിതമായ ജീവിതം തുടരുകതന്നെ ചെയ്യുമെന്ന് കെയും ഇടക്ക് എപ്പോഴോ പറഞ്ഞു.

അങ്ങനെ കെ എ​ന്റെ സുഹൃത്തായി മാറിയത് അതിവേഗമായിരുന്നു. ഇടക്ക് കെയെ കാണാതെ വന്ന ചില രാവിലെകളിൽ ഞാൻ കെയുടെ ഓഫീസിൽ അന്വേഷിച്ചു ചെന്നു. അവിടെ മിക്കവാറും കെ ഉണ്ടാവില്ല. അയാൾ എപ്പോൾ വരുമെന്നോ എപ്പോൾ പോകുമെന്നോ കൃത്യമായ ഒരു സമയമില്ലെന്ന് ഓഫിസിലെ പ്യൂൺ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ തിരികെ ഇറങ്ങി തുരുമ്പുപടർന്ന ഗേറ്റ് വരെ എത്തുമ്പോളായിരിക്കും കെ ഒരു ചെറിയ തുണിസഞ്ചിയും തൂക്കി നടന്നുവരുക. അന്നു പിന്നെ കെ അവധിയെടുക്കും. എന്നോടൊപ്പം ടൗണിൽ വെറുതെ കറങ്ങിനടക്കും. പഠനം കഴിഞ്ഞുള്ള തെണ്ടിനടപ്പുകാലമായിരുന്നു അതെനിക്ക്. എങ്ങനെയെങ്കിലും വീട് വിട്ടിറങ്ങുക. ഇടക്കുമാത്രം ചില പാരലൽ കോളേജുകളിൽ ക്ലാസ് എടുക്കുക, ഭക്ഷണത്തിനുള്ള വക കണ്ടെത്തുക, ജോലിക്കായുള്ള അപേക്ഷകളയക്കുക, ഒട്ടും തയാറെടുക്കാതെ ചില മത്സരപരീക്ഷകൾ എഴുതി വെറുതെ ഫലം കാത്തിരിക്കുക ഇതെല്ലാമായിരുന്നു അന്നത്തെ എ​ന്റെ ജീവിതം.

കെ പറഞ്ഞു, സർക്കാർ ജോലി എന്തിനാണ്? അടിമപ്പണി ആണ്. പറ്റുമെങ്കിൽ സ്വന്തം വഴി തേടുക. ഉം. ഞാൻ മൂളി. അങ്ങനെയിരിക്കെ ദീർഘമായ ഒരു വേനലിനു പിന്നാലെ മറ്റൊരു മഴക്കാലം വന്നു. മുമ്പില്ലാത്ത വണ്ണം കനംകൊണ്ട മഴകൾ ഭൂമിയെ പൊതിഞ്ഞുപിടിച്ചു. ലൈബ്രറി ചോർന്നൊലിച്ച ആ ദിവസങ്ങളിലൊന്നിൽ നനഞ്ഞ വരാന്തയിൽ ഞങ്ങൾ വെറുതെ നിന്നു.

ആ നിൽപ് നീണ്ടുപോയപ്പോൾ കെ കുട നിവർത്തി ഇറങ്ങാനൊരുങ്ങി.

ഇനിയിന്ന് ബസ്​ കിട്ടുവോ?

എ​ന്റെ ഗ്രാമത്തിലേക്ക് മഴക്കാലമായാൽ പലപ്പോഴും ബസുകൾ ട്രിപ്പ് മുടക്കും. ആള് കുറവായതിനാൽ അവർക്ക് ഓട്ടം നഷ്ടമായിരുന്നു. ഞാൻ മഴയിലേക്ക് കൈ നീട്ടി. കെ തുടർന്നു: വണ്ടി കിട്ടീല്ലേൽ ഇന്ന് എ​ന്റെ വീട്ടിൽ കൂടാം. വർത്താനം പറഞ്ഞിരിക്കാം നമുക്ക്. ചില പുതിയ പുസ്​തകങ്ങളുണ്ട്. വൈകുന്നേരം അതിവേഗം ഇരുളാൻ തുടങ്ങി. ഞാൻ പറഞ്ഞു. നോക്കട്ടെ, ബസ്​ കിട്ടിയില്ലേൽ വരാം.

കെ വീട്ടിലേക്കുള്ള വഴി പറഞ്ഞുതന്നു. ടൗണിൽനിന്നും രണ്ടോ മൂന്നോ കിലോമീറ്റർ അകലെയാണ് കെയുടെ വീട്. ഓട്ടോ പിടിച്ചു ചെന്നിട്ട് അൽപം നടക്കണം. എനിക്ക് അറിയാവുന്ന വഴി അല്ല അത്.എന്നാലും ചെന്നുപറ്റാം. കെ പോയി.

ഞാൻ ലൈബ്രറി വരാന്തയിൽ തണുത്ത് നിന്നു. വാച്ചർ തന്ന ഒരു ദിനേശ് ബീഡി കത്തിച്ച് പുകയൂതി. സന്ധ്യയോടെ മഴ നിന്നു. പക്ഷേ, അന്നു ഗ്രാമത്തിലേക്കുള്ള എ​ന്റെ ലാസ്റ്റ് ബസ്​ ഉണ്ടായിരുന്നില്ല. വീട്ടിൽ ഒരു ദിവസം ചെന്നില്ലേലും കുഴപ്പമില്ല. ഇടക്കു ഞാൻ പട്ടണത്തിൽ നിൽക്കാറുണ്ട് പല കാര്യങ്ങൾക്കായി. ഏതായാലും അന്നു കെയുടെ വീട്ടിൽ കൂടാൻതന്നെ ഞാൻ തീരുമാനിച്ചു. കെയുടെ പുസ്​തകങ്ങൾ ഒക്കെ ഒന്നു കാണാം. വീട്ടിൽ കെ തനിച്ചാ​െണന്ന് കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതെന്നെ കൂടുതൽ പ്രലോഭിപ്പിച്ചു.

ഞാൻ ഒരു ഓട്ടോറിക്ഷ പിടിച്ച് കെ പറഞ്ഞ ചെറിയ കവലയിൽ ഇറങ്ങി. ഇരുട്ട് വീണു തുടങ്ങുന്നു. നല്ല തണുപ്പ്. വഴിയിൽ മണ്ണും മണലും കുത്തി ഒഴുകിയ ചാലുകൾ. നിറയെ പഴുത്തിലകൾ അവിടെ ഒട്ടിക്കിടക്കുന്നു. നടക്കും തോറും വഴി ചെറുതായി വന്നു. ഒരാൾക്ക് കഷ്ടിച്ച് നടക്കാവുന്ന വീതിയേ ഇപ്പോൾ അതിനുള്ളൂ. തപ്പിത്തടഞ്ഞ് ഒരുവിധം ഞാൻ കെയുടെ ഗേറ്റ് കണ്ടുപിടിച്ചു. ഗേറ്റ് എന്നു പറഞ്ഞാൽ വാരിക്കോലുകൾകൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ വാതിലാണ്. അതിൽനിന്നും കെയുടെ വീടിനെയും പറമ്പിനെയും ചുറ്റി ഇല്ലിമുള്ളുകൾ പിണച്ചുകെട്ടിയ ഒരു നാട്ടുവേലി നീണ്ടുപോയി. ആരും തൊടാത്ത ഒരു വനം ആ പറമ്പിൽ പതുങ്ങിനിന്നു.

ചീവീടുകൾ ചെവി കുത്താൻ പാകത്തിന് ഒച്ചയെടുക്കുന്നു. വേലി കടന്ന് ഞാൻ അകത്തേക്ക് കാലെടുത്തുവെച്ചതും ഞെട്ടിപ്പോയി. കണങ്കാലു വരെ എത്തുന്ന കരിയിലയുടെ ഒരു പുതപ്പിലേക്കായിരുന്നു ഞാൻ ചവിട്ടിയത്. ഞാൻ ഒന്നു നിന്നു. ഇനി വീട് മാറിപ്പോയോ? ആ വഴിയുടെ ജീർണിച്ച ഗന്ധം മൂക്കിലേക്ക് വലിച്ചുകയറ്റി ഞാൻ ചുറ്റും നോക്കി. കൈയിൽ വെളിച്ചം ഒന്നുമില്ല. ഒരു മെഴുതിരി കരുതാമായിരുന്നു. ഞാൻ പതുക്കെ അകലെ കണ്ട ചെറിയ വെളിച്ചത്തിലേക്ക് നോക്കി തപ്പിത്തടഞ്ഞ് നടക്കാൻ തുടങ്ങി. അതുതന്നെയാവും കെയുടെ വീട്. അതോ ഇനി എനിക്ക് വഴിതെറ്റിയോ?

ഒരു മഞ്ഞബൾബ് ഏറ്റവും ദുർബലമായ വെട്ടം പൊഴിച്ചുകൊണ്ട് ആ ഇറയത്ത് തൂങ്ങുന്നുണ്ട്. നനഞ്ഞ കരിയിലയുടെ മെത്തയിലൂടെ ഞാൻ പേടിയോടെ നടന്നു. ഇന്ന്, ഈ സമയത്ത് ഇങ്ങോട്ട് പോരേണ്ടിയിരുന്നില്ല എന്ന് മനസ്സ് ആവർത്തിച്ചു പറഞ്ഞു. ഇനിയിപ്പോ പിന്തിരിയാൻ വയ്യല്ലോ.

ഇടക്കിടെ വഴിവിട്ട് ഇടിഞ്ഞുപൊളിഞ്ഞ വെട്ടുകല്ലി​ന്റെ പടവുകൾ ഉയർന്നുപോയി. അവയിൽ തട്ടി പലവട്ടം ഞാൻ വീഴാനൊരുങ്ങി. ഞാൻ കരിയിലയുടെ കെണിമെത്തയിൽ ചവിട്ടി ഒരു പൊട്ടക്കിണറിനു മേലേ എന്നതുപോലെ പതുക്കെ നീങ്ങി. ഒടുവിൽ കെയുടെ വീടി​ന്റെ മുറ്റത്ത് ഒരു നിശ്വാസത്തോടെ ഞാൻ ചെന്നുപറ്റി.

 

മുറ്റത്ത് ചെറിയ ഒരു വെളിച്ചം പരന്നുകിടക്കുന്നു. അരണ്ട ആ വെട്ടത്തിൽ മുറ്റം നിറയെ തിങ്ങിക്കിടന്ന കരിയിലകളെ ഞാൻ കണ്ടു. വർഷങ്ങളായി അടിച്ചുവാരാത്ത ഇലകൾ അവിടെ കിടന്നു ചീഞ്ഞതി​ന്റെ വനഗന്ധം എനിക്ക് കിട്ടി. മുറ്റമാകെ പുല്ലും കാട്ടുചെടികളും തഴച്ചുവളർന്നു കിടക്കുന്നു. പുരാതനമായ ഒരു വീടായിരുന്നു അത്. തടികൊണ്ടുള്ള വലിയ തൂണുകൾ. വീതി കുറഞ്ഞ നീണ്ട ഇറയം. ഭിത്തികൾ ഇടക്കെല്ലാം പൊട്ടിയടർന്നിരിക്കുന്നു. കഴുക്കോലുകളിൽ ചിലത് ഒടിഞ്ഞു തൂങ്ങുന്നു. വള്ളിപ്പടർപ്പുകൾ വീടി​ന്റെ ഒരു വശത്തുനിന്നും ഓടുകൾ പൊട്ടിയ മേൽപ്പുരയിലേക്ക് ആർത്തുവളർന്നു കയറിപ്പോകുന്നു.

ഞാൻ മുറ്റത്ത് അൽപം ഭയത്തോടെ നിന്നു. ആരെയും കാണുന്നില്ല. ഒന്നു ചുമച്ച് ഞാൻ സാന്നിധ്യമറിയിച്ചു. അപ്പോൾ വീട്ടിനുള്ളിലെ ഇരുട്ടിൽനിന്നും ഒരു മണ്ണെണ്ണവിളക്കുമായി കെ ഇറങ്ങിവന്നു.

അകത്തെ ബൾബ് പോയി. കേറി വരൂ..

എന്നെ പ്രതീക്ഷിച്ചിരുന്നതുപോലെ ആയിരുന്നു കെയുടെ പെരുമാറ്റം.

കെ ഒരു വെളുത്ത ഒറ്റ മുണ്ട് മാത്രമേ അപ്പോൾ ഉടുത്തിരുന്നുള്ളൂ. മടക്കി കുത്താതെ അത് മുട്ടിനു താഴേക്ക് വാരിവലിച്ച് ഉടുത്തിരിക്കുന്നു. മണ്ണെണ്ണവിളക്കി​ന്റെ വെട്ടത്തിൽ കെയുടെ മുഖം പരിചയമില്ലാത്ത മറ്റേതോ ഒരാളുടേതാണെന്നു എനിക്ക് തോന്നി. അത് കെ തന്നെയല്ലേ എന്നു ഞാൻ ഒന്നുകൂടെ നോക്കി.

ഞാൻ ഇറയത്തേക്ക്, കെ ക്കു പിന്നാലെ കയറി. മുറ്റത്തും വഴിക്കുമൊക്കെ കാടാണല്ലോ. എന്താ വൃത്തിയാക്കാത്തത്? കെ തിരിഞ്ഞുനിന്നു.

ഓഹ്, എന്തിനാ. എനിക്കിതാണ് ഇഷ്ടം. വേനലിൽ നല്ല തണുപ്പ് നിക്കും. മഴയിൽ വെള്ളം താങ്ങിനിർത്തുകയും ചെയ്യും. നമ്മളെന്തിനാ അവരുടെ കാര്യത്തിൽ ഇടപെടുന്നത്. മണ്ണ് അതി​ന്റെ ജീവിതം ജീവിക്കട്ടെന്നേ... ഞാൻ ഒന്നു മൂളി.

കെ തുടർന്നു: അമ്മ മരിച്ചിട്ട് ഏഴു വർഷങ്ങൾ ആകുന്നു. അമ്മയാണ് ഈ മുറ്റം അവസാനമായി അടിച്ചുവാരിയത്. ഞാൻ കെയെ നോക്കി. അയാൾ കാടുപിടിച്ച ആ വഴിയിലേക്ക് പാളിനോക്കുന്നു. ആരോ അതിലെ നീങ്ങിയതുപോലെ. അകത്തേക്ക് കയറിയപ്പോൾ ഞാൻ ശരിക്കും അന്ധാളിച്ചു.

പഴയ സാധനങ്ങൾ വാങ്ങുന്ന ഒരു കടയുടെ ആത്മാവ് അവിടെ തങ്ങിനിന്നു. വളരെനാൾ അടച്ചിട്ട ഒരു മുറിയിൽ പെട്ടെന്നു വാതിൽ തുറന്നു കയറിയതുപോലെ. മുറി മുഴുവൻ പുസ്​തകങ്ങൾ നിരന്നുകിടക്കുന്നു. ചെറിയ പലകകളുടെ പൂതലിപ്പിൽ, വെറും തറയിൽ, പാത്രങ്ങളുടെ മുകളിൽ, ചോറുംകലം മൂടിവെച്ച അടപ്പലകയിൽ, അടുപ്പി​ന്റെ തറയിൽ എല്ലാം പുസ്​തകങ്ങൾ കുമിഞ്ഞുകിടന്നു. എല്ലാം വലിയ പുസ്​തകങ്ങളാണ്.

കെ എന്നോട് ഒരു ഇരിപ്പുപലക നീക്കിയിട്ടിട്ട് ഇരിക്കാൻ പറഞ്ഞു. ഞാൻ അതിൽ ഒന്നു സംശയിച്ച്, എങ്കിലും ഇരുന്നു. മറ്റൊരു പലകയിൽ കെയും കുന്തിച്ച് ഇരുന്നു. എന്നിട്ട് ഒരു ബീഡി കത്തിച്ചു. ഒരെണ്ണം എനിക്കും തന്നു. ബീഡിയുടെ കട്ടപ്പുകയിൽ ഇരുന്നുകൊണ്ട് കെ പാസ്റ്റർനാക്കിനെപ്പറ്റി ചിലത് പറഞ്ഞു. സ്വന്തം ദേശത്താൽ ഭ്രഷ്ടരാക്കപ്പെടുന്ന മനുഷ്യരെപ്പറ്റി പറഞ്ഞു. ഡോക്ടർ ഷിവാഗോയെക്കുറിച്ച് പറഞ്ഞു. ഇടക്ക് വിഷയം മാറ്റി ലോർകയുടെ ചില കവിതകൾ താൻ ഒരു നോട്ടുബുക്കിൽ കുറിച്ചെടുത്തത് കാണിച്ചുതന്നു. പലതും എനിക്ക് അപരിചിതമായ കാര്യങ്ങൾ ആയിരുന്നു. പുഷ്കിന്റെ കവിതകൾ പണ്ട് വായിച്ചതും ഓർത്തെടുത്തു.

നീ കാഫ്കയെ വായിച്ചിട്ടില്ലേ?

ഞാൻ കെയെ നോക്കി. ഇല്ല, ഞാൻ പറഞ്ഞു.

മെറ്റമോർഫോസിസ്​ ഞാൻ തരാം...

ഞാൻ തലയാട്ടി.

അൽപനേരത്തെ മൗനത്തിനുശേഷം കെ എണീറ്റ് ആ വലിയ മുറിയോട് ചേർന്നുള്ള ഒരു വാതിൽ തുറന്ന് അകത്തേക്ക് പോയി. ഞാൻ ചില പുസ്​തകങ്ങൾ മറിച്ചുനോക്കി. പലതും ലോക ക്ലാസിക്കുകൾ. ഞാൻ വായിച്ചിട്ടില്ലാത്തവ. പറുദീസാ നഷ്ടം മുതൽ ആനിമൽ ഫാം വരെ. സിൽവിയാ പ്ലാത്ത് മുതൽ ടുട്ടുവോള വരെ.

തിരികെ വന്നപ്പോൾ കെയുടെ കൈയിൽ ഒരു പഴയ വെള്ളമുണ്ട് ഉണ്ടായിരുന്നു. ഒരു ചുട്ടിത്തോർത്തും.

വേഷം മാറ്റ്... എന്നിട്ട് നമുക്കൊന്ന് കുളിക്കാം...

കെ നീട്ടിയ മുണ്ട് ഞാൻ കൈയെത്തിച്ച് പിടിച്ചു. അതി​ന്റെ ഇഴകളിൽനിന്നും അസഹ്യമായ പൂപ്പലി​ന്റെ ഒരു പൊട്ടമണം പൊഴിഞ്ഞു. അമ്മയുള്ള കാലത്ത് അലക്കിവെച്ചതാ. ഇവിടെ ആരും വരാറില്ലല്ലോ.

ഞാൻ മുറിയുടെ ഒരു മൂലയിൽ പോയിനിന്ന് എ​ന്റെ പാന്റ്സ്​ ഊരി മുണ്ടുടുത്തു. വിടർത്തി കുടഞ്ഞപ്പോൾ മുണ്ടി​ന്റെ മടക്കുകളിൽനിന്നും ചില പ്രാണികളും ഒന്നുരണ്ടു കൂറകളും ചാടി ഓടി. എ​ന്റെ വസ്​ത്രം മുറിയുടെ മൂലയിലെ ഭിത്തിയിൽ ഒരു ആണിയിൽ തൂക്കിയിട്ട് ഞാൻ തിരികെവന്നു. നല്ല കുളിര്. തോർത്തുമുണ്ട് മേലേക്ക് ഇട്ടു ചുറ്റിപ്പുതച്ചു. കെ ഒരു മൂലയിലെ അടുക്കിൽനിന്നും ഒരു പുസ്​തകം തപ്പിയെടുത്തു. ലൈഫ് ആൻഡ് റ്റൈം ഓഫ് മൈക്കൾ കെ- ജെ.എം. കുറ്റ്സി.

ആഫ്രിക്കൻ ആണ്. നീ ഇത് വായിച്ചിട്ടുണ്ടോ? ഞാൻ ഇല്ലെന്നു പറഞ്ഞു.

വായിക്കണം. കെ എന്ന ചെറുപ്പക്കാരൻ ത​ന്റെ രോഗം ബാധിച്ച അമ്മയെയുംകൊണ്ട് മൈലുകൾ നടന്ന് അജ്ഞാതമായ ത​ന്റെ ജന്മദേശത്തേക്ക് പോകുന്നതാണ് ഇതി​ന്റെ കഥ. അയാൾ സ്വന്തമായുണ്ടാക്കിയ ഒരു ഉന്തുവണ്ടിയിൽ അമ്മയെ ഇരുത്തി തള്ളിക്കൊണ്ട് പോവുകയായിരുന്നു. ആഫ്രിക്കയിലെ ആഭ്യന്തര കലാപത്തി​ന്റെ നാളുകളായിരുന്നു അത്. തോക്കിൻമുനയിലൂടെയാണ് അവരുടെ യാത്ര. വഴിക്കുവെച്ച് അമ്മ മരിക്കുന്നു... കെ പെട്ടെന്ന് നിശ്ശബ്ദനായി. പിന്നെ കെ എ​ന്റെ നേരെ എണീറ്റുവന്നു. എന്നാ നമുക്ക് കുളത്തിൽ പോയി കുളിക്കാം... വാ...

കെ മണ്ണെണ്ണവിളക്കി​ന്റെ തിരി അൽപം കൂടി നീട്ടി. മുഷിഞ്ഞ മഞ്ഞവെളിച്ചം പുറത്തേക്ക് പരന്നു. മുണ്ട് മാടിക്കുത്തി കെ മുറ്റത്തേക്ക് ഇറങ്ങി. ഞാൻ പിന്നാലെ, നട തെറ്റാതെ പതുക്കെ നടന്നു. ഇതിനിടയിൽ എപ്പോഴോ ഒരു ചാറ്റൽമഴ കൂടി പെയ്തുപോയിരുന്നു. മുറ്റത്തെ കരിയിലകൾ ഞങ്ങൾ ചവിട്ടിയപ്പോൾ ഒച്ചയെടുത്തു. പറമ്പിൽനിന്നുമുയർന്ന ഏതൊക്കെയോ ശബ്ദങ്ങളിൽ അത് ലയിച്ചുചേർന്നു. മുറ്റത്തി​ന്റെ മൂലയിൽനിന്നും കുത്തനെ താഴോട്ട് ഒരു ചെങ്കൽ പടവിറങ്ങി കെ തിരിഞ്ഞുനിന്നു.

എനിക്ക് വെട്ടം കാണിച്ചു. നടകളിൽ കുറ്റിപ്പായൽ കനച്ചു നിൽക്കുന്നു. ഒന്നു തെന്നിയാൽ കാടുപിടിച്ച പറമ്പിലേക്ക് വീഴും. കെ ബീഡി ആഞ്ഞുവലിച്ചു. അതി​ന്റെ കനൽ അയാളുടെ മുഖത്ത് തെളിഞ്ഞുവന്നു. ഇരുട്ടിലേക്ക് ചാരം തട്ടിക്കളഞ്ഞ് കെ മുന്നോട്ട് നടന്നു. കാട് കെ ക്ക് മുന്നിൽ വഴിമാറുംപോലെ, തീരെ മെലിഞ്ഞ ഒരു നടവഴിയെ വരച്ചിട്ടു. ഇടക്ക് കാൽച്ചോട്ടിൽനിന്നും തവളകൾ തെന്നിമാറുന്നു.

വരൂ...

കെ എനിക്കായി ഒന്നു നിന്നു.

വല്ല പാമ്പും കാണുമോ? ഞാൻ ഒരു വിറയലോടെ ചോദിച്ചു.

ഉണ്ട്. നിറയെ ഉണ്ട്. എല്ലാ ഇനങ്ങളും. നല്ല മൂപ്പന്മാരാ... പക്ഷേ, നമ്മളെ ഒന്നും ചെയ്യില്ല. പേടിക്കണ്ട. ഞാൻ ജാഗ്രതയോടെ ചുവടുകൾ അളന്നുവെച്ചു. ആ നടപ്പ് ചെന്നുചെന്ന് പറമ്പി​ന്റെ നടുക്കുള്ള ഒരു കിണറ്റുവക്കത്ത് എത്തിനിന്നു. ആസകലം കാടുമൂടിയ ഒരു കിണർ. ഒരു പൊന്തക്കാടി​ന്റെ വായപോലെ അത് അൽപം തുറന്നുകിടന്നു. ഞാൻ ഒന്നെത്തിനോക്കി. കട്ടപിടിച്ച ഇരുട്ടിൽനിന്നും തവളകളുടെ കരച്ചിൽ കേൾക്കാം. എല്ലാം നാച്ചുറൽ ആയിതന്നെ നിലനിർത്തിയേക്കുവാ... ആളെക്കൂട്ടി ഈ കാടും പള്ളയും എല്ലാം വെട്ടി മാറ്റീട്ട് ആർക്ക് എന്ത് കിട്ടാനാ, അല്ലേ? അതെ എന്നു ഞാൻ മൂളി. വിളക്ക് ഒരു വെട്ടുകല്ലി​ന്റെ പുറത്ത് വെച്ചിട്ട് കെ കുളിക്കാനൊരുങ്ങി.

മുണ്ട് ഉരിഞ്ഞ് അടുത്ത് നിന്ന ഒരു കാപ്പിമരത്തി​ന്റെ കൊമ്പിലേക്ക് ഞാത്തിയിട്ടു. എന്നിട്ട് തോളത്തുനിന്നും തോർത്ത് എടുത്ത് ഉടുത്തു. കെ പാളത്തൊട്ടി കിണറ്റിലേക്ക് ഇട്ട് വെള്ളം കോരി നേരെ തലയിലേക്ക് ഒഴിച്ചു.

അടുത്ത് നിന്ന ചെമ്പരത്തിയുടെ രണ്ടിലകൾ പറിച്ച് തിരുമ്മി തലയിലും ദേഹത്തും തേച്ചു കഴുകാൻ തുടങ്ങി. ഇടക്ക് എന്നോട് പറഞ്ഞു, ഞാൻ സോപ്പ് ഉപയോഗിക്കാറില്ല... മൾട്ടിനാഷനൽ ആനിമൽ ഫാറ്റ് ആണത്... ഹ...ഹ... ഞാനും തോർത്തുടുത്ത് വെള്ളം കോരി ദേഹത്തൊഴിച്ചു. പൊള്ളിപ്പോകുന്ന തണുപ്പ്. ഓഹ്... അറിയാതെ ഞാൻ ഒരൊച്ച കേൾപ്പിച്ചു. കെ ചെറിയ ശബ്ദത്തിൽ ചിരിച്ചു. തണുത്ത വെള്ളത്തിൽ കുളിച്ചാലേ ഫലമുള്ളൂ. ചൂടുവെള്ളം വെറും വേസ്റ്റ് ആണ്... ജീവനില്ലാത്തത്. കെ ഒന്നുരണ്ട് തൊട്ടി വെള്ളം കൂടി ഒഴിച്ച് ഉടുത്തിരുന്ന തോർത്തഴിച്ച് തല തോർത്താൻ തുടങ്ങി. കെയുടെ നഗ്നമായ മെലിഞ്ഞ ദേഹം ഒരു തളിരിലപോലെ എനിക്ക് മുന്നിൽ നേർത്ത വെട്ടത്തിൽ നിന്നു. ഞാനും പതുക്കെ കുളി അവസാനിപ്പിച്ചു. കുളി കഴിഞ്ഞപ്പോൾ, കെ പറഞ്ഞതുപോലെ ഒന്നു ജീവൻ വെച്ചതായി എനിക്കും തോന്നി.

തിരികെ നടക്കുമ്പോൾ കെ പറഞ്ഞു: അച്ഛൻ ഉള്ള കാലത്ത് ഇവിടൊക്കെ കൃഷിയിടങ്ങളായിരുന്നു. നെല്ലും പച്ചക്കറിയും എല്ലാം വിളഞ്ഞ പാടമായിരുന്നു ഇതൊക്കെ. പിന്നീട് നോക്കാൻ ആളില്ലാതായി. ഞാൻ കുറേനാൾ ബോംബെയിലായിരുന്നു. ഒരു മരുന്നു കമ്പനിയിൽ ആയിരുന്നു ജോലി. പഠിച്ചത് മൈേക്രാബയോളജി ആയിരുന്നു. മടുത്തപ്പോൾ അത് വിട്ടു. പിന്നെ കുറച്ചുകാലം ഗവേഷണവുമായി നടന്നു. ലക്ഷദ്വീപിൽ ഞവുണിങ്ങയും കടൽപ്പായലും പെറുക്കിനടന്നു. പക്ഷേ, അത് പൂർത്തിയാക്കിയില്ല.

പിന്നെ എന്നോ ഒരിക്കൽ എഴുതിയിട്ട പരീക്ഷ ജയിച്ചാണ് ഈ ജോലി കിട്ടിയത്. അപ്പോളേക്കും പറമ്പൊക്കെ ഇങ്ങനെ ആയി. വന്നുവന്ന് ഇതാണ് ശരി എന്നും തോന്നി. ഞങ്ങൾ കേറിവന്നപ്പോളേക്കും കറന്റ് പോയിരുന്നു. ഇറയത്ത് ആകെ ഉണ്ടായിരുന്ന നാൽപത് വാട്ട് ബൾബും അതോടെ കാണാതായി. ഇതിവിടെ പതിവാണ്. സത്യത്തിൽ എനിക്ക് കറന്റ് ആവശ്യമില്ല. വായിക്കാൻ ഈ വിളക്കുവെട്ടം തന്നെ തലക്കൽ ചേർത്ത് വെക്കണം. അതാ ശീലം...

വീടിന്റെ ഇറയത്ത് വിളക്ക് കൊണ്ടുവെച്ചിട്ട് കെ അവിടെയുള്ള അരഭിത്തിയിൽ കയറി ഇരുന്നു. തോർത്തെടുത്ത് ഒന്നുകൂടി ദേഹത്തെ വെള്ളം തുടച്ചു. ഞാനും അരികിൽ ഇരുന്നു. മണ്ണെണ്ണവിളക്കി​ന്റെ നാവ് എനിക്കു നേരെ കാറ്റുപിടിച്ച് പലവട്ടം ആഞ്ഞുവന്നു. മാർകേസി​ന്റെ മാജിക്കൽ റിയലിസം കൊള്ളാമല്ലേ. കെ പറമ്പിൽ പതുങ്ങിനിന്ന ഇരുട്ടി​ന്റെ ഭൂതരൂപങ്ങളെ നോക്കി പറഞ്ഞു. നിനക്ക് ഞാൻ ഇന്ന് ഒരു സ്​പെഷ്യൽ ഡിന്നർ തരാം... ഞാൻ തല ഉയർത്തി.

കെ വീണ്ടും വിളക്കുമായി എണീറ്റു. ഇറയത്തി​ന്റെ മൂലയിൽ ഇരുന്ന ഒരു വെട്ടുകത്തി പെട്ടെന്ന് കുനിഞ്ഞെടുത്തു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.

വാ...

ഞാൻ ഒന്നു പരുങ്ങിനിന്നു.

പേടിക്കണ്ട. കൂടെ വാ.

ഞാൻ കെ യുടെ പിന്നാലെ ഇറങ്ങി. മുമ്പ് ഞാൻ വന്നു കയറിയ തകർന്ന പടവുകൾ ഇറങ്ങി കെ നടന്നു. പക്ഷേ, ഇടക്കുവെച്ച് കെ യെ അങ്ങ് കാണാതായി. ഞാൻ ഞെട്ടി നിന്നപ്പോൾ കെ കാട്ടിൽനിന്നും ഒന്നു പാളി വന്ന് എ​ന്റെ കൈ പിടിച്ചു. കെ യുടെ കൈകൾ തണുത്തു മരവിച്ചിരുന്നു. കൊടുംകാട് നിറഞ്ഞ പറമ്പിലേക്കാണ് കെ നടക്കുന്നത്. എനിക്ക് വഴി എവിടെ എന്നുപോലും പിടികിട്ടിയില്ല.

കാട്ടുവള്ളികൾ ചുറ്റിപ്പിടിക്കുന്നു. മരക്കമ്പുകളും ഇലത്തഴപ്പുകളും വകഞ്ഞുമാറ്റിയാണ് കെ നടക്കുന്നത്. അവയിൽനിന്നും മഴവെള്ളം ഞങ്ങളുടെ മുഖത്തേക്ക് ചിതറിവീണുകൊണ്ടിരുന്നു. ഇടയിലൂടെ ഏതൊക്കെയോ ജീവികൾ ഓടിയൊളിക്കുന്നു. ഒരെലി എ​ന്റെ കാലിനു മേലേക്കൂടി ചാടി ഓടി.

പറമ്പി​ന്റെ മൂലയിലെ ഒരു വലിയ മരത്തി​ന്റെ ചോട്ടിലെത്തി കെ നിന്നു. വിളക്കി​ന്റെ നേർത്ത വെട്ടത്തിൽ കെ നിന്ന സ്​ഥലം ഭീമാകാരമായ ഒരു നിഴൽ എ​ന്റെ കാഴ്ചയിൽ നിർമിച്ചു. ഒരുപാട് വർഷം പ്രായമുള്ള ഒരു പ്ലാവ് ആയിരുന്നു അത്. താഴെ വീണുകിടന്ന ചക്കപ്പഴത്തി​ന്റെ അഴുകിയ മണം അവിടെയാകെ പടർന്നുകിടന്നു. ഈച്ചകൾ ആർക്കുന്ന ഒച്ച കേൾക്കാം. നിലത്ത് ഇരുട്ടിൽ തിളങ്ങുന്ന ചക്കക്കുരു കാണാം. കെ ആ വലിയ മരത്തി​ന്റെ ചോട്ടിൽ അൽപനേരം അനക്കമറ്റ് നിന്നു. പിന്നെ വിളക്ക് എ​ന്റെ കൈയിലേക്ക് തന്നു.

വെട്ടം നീട്ടിക്കേ...

ഞാൻ ഞങ്ങളുടെ തലക്കു മേലേക്ക് വിളക്ക് ഉയർത്തിപ്പിടിച്ചു.

മരത്തി​ന്റെ ആളൊപ്പമുള്ള ഉയരത്തിൽ, നന്നായി മൂത്തുപഴുത്ത ഒരു ചക്ക കിടക്കുന്നു. ഒന്നു തട്ടിനോക്കി ഉറപ്പു വരുത്തിയിട്ട്, താഴെ വീഴാതെ ശ്രദ്ധിച്ച് കെ അത് മുറിച്ചെടുത്തു. നല്ല വലുപ്പമുള്ള ചക്ക. കെ ചക്കപ്പഴം ചുമലിൽ കയറ്റിവെച്ച് മുന്നിൽ നടന്നു. ഇടക്ക് വെട്ടം പോരെന്നു തോന്നിയപ്പോൾ ഞാൻ മുമ്പേ കേറി നടന്നു. കെ ക്ക് പക്ഷേ ആ പറമ്പിൽ നടക്കുവാൻ വെട്ടമൊന്നും വേണ്ടിയിരുന്നില്ല. നടകയറി ഞങ്ങൾ മുറ്റത്തെത്തി, കെ ചക്കപ്പഴം ഇറയത്തേക്ക് ഇറക്കിവെച്ചു. ഒന്നാംതരം വരിക്കച്ചക്കയുടെ മണം അവിടെ നിറഞ്ഞു. കെ ചിരിച്ചു.

കുറ്റ്സിക്ക് ഏറ്റവുമിഷ്ടം ചക്കപ്പഴം ആയിരുന്നു, നിനക്കറിയാമോ?

അയാൾ െപ്രാഫസർ ആയിരുന്നില്ലേ?

ഞാൻ ചോദിച്ചു.

അതിനെന്താ..?

പക്ഷേ, മത്തങ്ങ കൃഷിചെയ്ത് വിളവെടുത്ത് കഴിച്ചാണ് അയാളുടെ കെ ഉപേക്ഷിക്കപ്പെട്ട ജന്മനാട്ടിൽ അന്ന് കുറേനാൾ വിശപ്പടക്കി ജീവിച്ചത്. ഞാനും വളർത്തുന്നുണ്ട് കുളത്തിനരികിൽ ചില മത്തൻപടർപ്പുകൾ. വിളവെടുക്കുമ്പോൾ നീയും വരണം.

ഞാൻ ചിരിക്കാൻ ശ്രമിച്ചു.

കെ വാക്കത്തികൊണ്ട് ഒറ്റവെട്ടിന് ചക്ക മുറിച്ചു. അസഹ്യമായ ഗന്ധം.

ഒരു ചേർപ്പ് കണ്ടിച്ച് അടുത്തു കിടന്ന ചകിരിത്തുണ്ട് കൊണ്ട് മുണഞ്ഞീൻ ഒപ്പിയിട്ട് എനിക്ക് നേരെ നീട്ടി. ഞാൻ ഒരു ചുള അടർത്തി തിന്നു. ജീവിതത്തിൽ അന്നേവരെ അത്രയും മധുരമുള്ള ചക്കപ്പഴം കഴിച്ചിട്ടില്ല. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഞാൻ കുറേ ചുളകൾ തിന്നു. കെയും തിരക്കില്ലാതെ ചക്കപ്പഴം കഴിച്ചു. വിളക്കി​ന്റെ കഴുത്ത് തുറന്ന് തിരി പുറത്തെടുത്തിട്ട് കൈയിലേക്ക് അൽപം മണ്ണെണ്ണ ഇറ്റിച്ചു കെ. ഒരു പഴയ തുണികൊണ്ട് കൈ തുടച്ചു. എന്നിട്ട് ഒരു രഹസ്യം പറയുംപോലെ എ​ന്റെ ചെവിയുടെ അരികിലേക്ക് ചുണ്ടുകൾ നീട്ടി കെ പതുക്കെ പറഞ്ഞു, ഈ ചക്കപ്പഴം ഇത്ര രുചിയുള്ളതാവാൻ ഒരു കാരണമുണ്ട്. ഞാൻ ആകാംക്ഷയോടെ തലയുയർത്തി കെ യെ നോക്കി. കെ യുടെ തണുത്ത ശ്വാസം എ​ന്റെ ചെവിയുടെ മടക്കുകളിൽ തട്ടുന്നു.

എ​ന്റെ അമ്മയെ അടക്കിയത് ആ പ്ലാവി​ന്റെ ചോട്ടിലാണ്. നീ ചവിട്ടിനിന്ന അതേ സ്​ഥലത്ത്. അതേ പുൽപ്പടർപ്പുകൾക്ക് കീഴേ... അമ്മയുടെ സ്​നേഹം ആണ് ഇപ്പോൾ നീ രുചിച്ചത്... എന്തുകൊണ്ടാണ് ഈ പറമ്പിലെ കാടുകൾ ഞാൻ തെളിക്കാത്തത് എന്ന് ഇപ്പോൾ നിനക്ക് പിടികിട്ടിയോ മിസ്റ്റർ കുറ്റ്സീ... അതുപറഞ്ഞ് കെ ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി.

അന്നേരം വീശിയ ഒരു ചെറിയ കാറ്റിൽ മണ്ണെണ്ണവിളക്കി​ന്റെ നാളം ആടിയുലഞ്ഞു. പിന്നെ അതും കെട്ടു. എ​ന്റെ കാലുകളിലൂടെ നേർത്ത നനവുള്ള മത്തൻവള്ളികൾ പാമ്പുകളെപ്പോലെ ചുറ്റിക്കയറാൻ തുടങ്ങി. ഞാൻ എ​ന്റെ മരവിച്ചുപോയ ഒച്ചകൊണ്ട് കെ യെ വിളിച്ചു. പക്ഷേ, മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

(ചിത്രീകരണം: സതീഷ്​ ചളിപ്പാടം)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT