അനുധാവനം

തൊള്ളായിരത്തിയെഴുപത്തഞ്ചിലെ കരിദിനങ്ങളായിരുന്നു ശരിക്കും പുറത്ത് കവാത്തുചെയ്തുപൊയ്ക്കൊണ്ടിരുന്നത്. കാര്യങ്ങൾ അത്തരത്തിലായിട്ടും അക്കൊല്ലം, എനിക്ക് വിചിത്രമായൊരു മോഹംതോന്നി. ആരുമറിയാതെ വീടുവിട്ടുപോകണം! സത്യംപറഞ്ഞാൽ, നാലിൽ പഠിക്കുന്ന കുട്ടികൾ അത്തരത്തിലൊന്നും ചിന്തിക്കാൻ പാടില്ലാത്തതാണ്. നിസ്സാരമായ കുറവുകൾക്ക് വളഞ്ഞവഴിയിലൂടെ സമാധാനമുണ്ടാക്കാമെന്ന തെറ്റിദ്ധാരണയിലാണ് ഒട്ടുമിക്ക കുട്ടികളും അതിനായി ഇറങ്ങിത്തിരിക്കുക. എന്നാൽ, എന്റെ അവസ്ഥ അത്തരത്തിൽപെടില്ല. ഉച്ചയുറക്കത്തിനിടയിൽ ഒച്ച കേൾപ്പിക്കാതെ കടന്നുവന്ന പകൽക്കിനാവുകളിലൊന്നിനെ ചോദ്യംചെയ്യാതെ...

തൊള്ളായിരത്തിയെഴുപത്തഞ്ചിലെ കരിദിനങ്ങളായിരുന്നു ശരിക്കും പുറത്ത് കവാത്തുചെയ്തുപൊയ്ക്കൊണ്ടിരുന്നത്. കാര്യങ്ങൾ അത്തരത്തിലായിട്ടും അക്കൊല്ലം, എനിക്ക് വിചിത്രമായൊരു മോഹംതോന്നി. ആരുമറിയാതെ വീടുവിട്ടുപോകണം! സത്യംപറഞ്ഞാൽ, നാലിൽ പഠിക്കുന്ന കുട്ടികൾ അത്തരത്തിലൊന്നും ചിന്തിക്കാൻ പാടില്ലാത്തതാണ്. നിസ്സാരമായ കുറവുകൾക്ക് വളഞ്ഞവഴിയിലൂടെ സമാധാനമുണ്ടാക്കാമെന്ന തെറ്റിദ്ധാരണയിലാണ് ഒട്ടുമിക്ക കുട്ടികളും അതിനായി ഇറങ്ങിത്തിരിക്കുക. എന്നാൽ, എന്റെ അവസ്ഥ അത്തരത്തിൽപെടില്ല. ഉച്ചയുറക്കത്തിനിടയിൽ ഒച്ച കേൾപ്പിക്കാതെ കടന്നുവന്ന പകൽക്കിനാവുകളിലൊന്നിനെ ചോദ്യംചെയ്യാതെ അനുസരിക്കുകയായിരുന്നു, ഞാൻ.

അച്ഛൻ വീട്ടിൽ ഇല്ലാത്ത നേരം നോക്കിയാണ് സ്വപ്നംപോലും കടന്നുവന്നത്. അശരീരികളായ കിനാക്കൾക്കുപോലും അദ്ദേഹത്തിന്റെ പരിസരത്തേക്കു വരാനാവില്ല, പൊലീസുടുപ്പിൽ വീട്ടിലേക്കെത്തുന്ന സമയങ്ങളിൽ വിശേഷിച്ചും. അതേ മാസം ഭൂമുഖത്തേക്ക് പിറന്നുവീണ അനിയൻകുട്ടിപോലും അദ്ദേഹത്തിന്റെ സാന്നിധ്യം നിലവിളിയിലൂടെയാണ് സാക്ഷാത്കരിക്കുക പതിവ്. കരിപിടിച്ച കാലത്ത് ജനിച്ചുവീണതുകൊണ്ടാവാം, അവൻ കരിവീട്ടിയെ വെല്ലുവിളിക്കുംവിധം കറുത്തിട്ടായിരുന്നു. സൽക്കാരമുറികളെയല്ല, അതതുകാലത്തെ തെരുവുകളെയാണ് രൂപപരമായി മനുഷ്യജനനം ശരിക്കും അനുകരിക്കുകയെന്ന് പലപ്പോഴും എനിക്കൊരു തോന്നലുണ്ടാവാൻ കാരണമായത് അങ്ങനെയാണ്. കാര്യമെന്തായാലും, പൊലീസ്​ ബൂട്ടിന്റെ ശബ്ദം അകത്തേക്കു വന്നാലുടൻ, അധികാരം എന്താണെന്നറിഞ്ഞിട്ടില്ലാത്ത കരിങ്കുട്ടി വാവിട്ടു നിലവിളിക്കും.

‘‘കുഞ്ഞേ, കരയല്ലേ...അത് അച്ഛനല്ലേ...’’

സമാധാനിപ്പിക്കുന്നതുപോലെ പണിക്കാരി നീട്ടിക്കൊഞ്ചും. അവരാണ് വീട്ടിലെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത്, ഞങ്ങൾ കുട്ടികളെയും. അമ്മയുടെ വിരഹത്തിനുശേഷം, അതായിരുന്നു സ്​ഥിതി. അനിയൻകുട്ടിയുടെ വരവിനിടയിലാണ് അമ്മ അങ്ങേലോകത്തേക്ക് പിച്ചവെച്ചുപോയത്. അക്കാര്യമൊന്നും ആരും എന്നെ നേരിട്ട് അറിയിച്ചതല്ല. പക്ഷേ, എങ്ങനെയോ എനിക്ക് അതൊക്കെ അറിയാനായി. എനിക്കറിയാമെന്ന കാര്യം അച്ഛൻ അറിയാനിടയില്ല. സ്വന്തം പരിസരത്ത് മറ്റൊരാൾക്ക് എന്തെങ്കിലുമൊക്കെ അറിയാമെന്ന് ഊഹിക്കുന്നതുപോലും അച്ഛന്റെ രീതികളിൽ ഉൾപ്പെടില്ല. അധികാരികൾ മിക്കവാറും അങ്ങനെയാണല്ലോ.

എന്റെ പലായനമോഹം വെറുമൊരു സ്വപ്നമായതുകൊണ്ടുതന്നെ അച്ഛന്റെ കീഴിൽ പണിയേറ്റുന്ന രഹസ്യപ്പൊലീസുകാർ ചോർത്തിയെടുക്കാനിടയില്ല. എനിക്കാണെങ്കിൽ ഒളിച്ചുകടക്കേണ്ടത് എവിടേക്കാണെന്ന് നല്ല തിട്ടവുമുണ്ട്. അത്തരത്തിലൊക്കെയായിരുന്നു സമാധാനം. സ്വപ്നത്തിൽ കണ്ട അതേ വീട്ടിലേക്കുതന്നെ പോകാനായിരുന്നു ശരിക്കും പദ്ധതി. നാലു തട്ടുകളായി മുകളിലേക്ക് നിവർത്തിവെച്ച ഒറ്റപ്പെട്ടൊരു തൊടിയിലാണ് അത് ഒളിഞ്ഞുപിടിച്ചുനിൽക്കുന്നത്. ഭൂമിയുടെ വടക്കേച്ചെരിവിലായി മകരക്കാറ്റിൽപോലും പതറാതെ എഴുന്നുനിൽക്കുന്ന ഒരു കൊച്ചുവീടാണ്, അത്. രസമെന്താണെന്നുവെച്ചാൽ, അതെവിടെയാണെന്ന് എനിക്കറിയില്ല! എങ്കിലും, കൃത്യമായി യാത്രചെയ്താൽ അവിടെ ചെന്നെത്താനാകുമെന്ന് എങ്ങനെയോ ഞാനങ്ങുറപ്പിച്ചു! ശൈശവത്തിന്റെ കനക്കുറവിന് അത്തരം ചില സവിശേഷ ബലമൊക്കെയുണ്ട്.

സ്വപ്നഭവനത്തിനു ചുറ്റിനുമായി പ്രാവിന്റെ മുട്ടകളെപ്പോലെ തോന്നിച്ച വെള്ളാരംകല്ലുകൾ നീളെ പാവിയിട്ടുണ്ട്, ഞാൻ കണ്ടതാണ്. പക്ഷേ, പ്രാവിന്റെ മുട്ട അന്നോളം ഞാൻ കണ്ടിട്ടുമില്ല! ഞങ്ങളുടെ നരച്ച ടെറസിൽ കിഴ് ക്കാംതൂക്കായി കൂടുകൂട്ടുന്ന ചില ചിട്ടുക്കുരുവികളുടെ കൂടുകളല്ലാതെ മറ്റെന്തെങ്കിലും കാണാനുള്ള ഭാഗ്യംകിട്ടാത്തവനാണ്, ഞാൻ. ഒരു മുട്ടയോളം വലുപ്പംമാത്രമുള്ള അത്തരം കുരുവികൾക്ക് മുട്ടയിടാനൊക്കെ കഴിയുമോ ആവോ. എങ്കിലും, സ്വപ്നത്തിൽ കണ്ട മുട്ടകൾ കോഴിയുടേതുപോലെ മുഴുവൻ വെളുത്തിട്ടാണെന്ന് ഉണർന്നതിനുശേഷം, എന്തുകൊണ്ടോ എനിക്കങ്ങ് സമ്മതിക്കാനായില്ല. അത് ഡാൽമീഷ്യൻ പട്ടിയെപ്പോലെ വെൺമയിൽ കറുപ്പുപുള്ളികളോടെയായിരിക്കും. ഞാനങ്ങു സങ്കൽപിച്ചു.

കറുത്ത ജൂണിലാണ് കാര്യങ്ങളെല്ലാം കീഴ്മേൽമറിഞ്ഞത്. ‘രാജ്യത്തെ സമൂലം കറുപ്പിച്ച വർഷങ്ങൾ’ എന്നു വിശേഷിപ്പിക്കപ്പെട്ട ആ കാലഘട്ടത്തെ ശരിക്കും ഞാൻ തൊലിപ്പുറമെത്തന്നെ തൊട്ടറിഞ്ഞു. ജൂൺ പിറന്നതിനു തൊട്ടുപിന്നിലായി അമ്മ മരിച്ചു, വീട്ടിൽ ഒരു കരിങ്കുട്ടി ജനിക്കുകയുംചെയ്തു. ഒറ്റവാചകത്തിൽ അത് ഇത്രയേയുള്ളൂ. പക്ഷേ, അനുഭവത്തിൽ അതൊട്ടും അങ്ങനെയല്ല. കാര്യങ്ങളെല്ലാം പുനഃക്രമീകരിക്കാൻ കഴിയാത്തവിധത്തിൽ കീഴ്മേൽമറിഞ്ഞത് അതേ തുടർന്നാണ്.

പ്രസവത്തിൽ അമ്മയങ്ങു പോയി. തൊട്ടുപിന്നിൽ പള്ളിക്കൂടം തുറക്കുകയുംചെയ്തു. പഠനമുറികളെ എനിക്ക് ഒട്ടും ഇഷ്​ടമായിരുന്നില്ല. അത് മറികടക്കാൻ അമ്മ കൊഞ്ചലോടെ ആഹാരപാത്രവും രഹസ്യമായി കൊച്ചുകളിപ്പാട്ടങ്ങളും ബാഗിൽ വെച്ചുതരും. അമ്മക്ക് അത്തരം ചില സൂത്രങ്ങളൊക്കെയുണ്ട്. പള്ളിക്കൂടം അൽപമെങ്കിലും സഹിക്കാനായത് അതുകൊണ്ടാണ്. കരിങ്കുട്ടിയെ വയറ്റിൽ ചുമന്നുനടക്കുമ്പോൾപോലും എന്റെ കാര്യങ്ങൾ അമ്മ മറന്നില്ല.

വയറ്റിനകത്തെ കരിങ്കുട്ടിയെ വെളിയിലേക്കിറക്കിവിടുന്ന തക്കത്തിന് അമ്മ തനിക്കകത്തുനിന്ന് സ്വയമങ്ങിറങ്ങിപ്പോയത് അച്ഛനോടുപോലും പറയാതെയാണ​െത്ര. അച്ഛൻ അന്നേരം, കുപ്രസിദ്ധമായൊരു ഉരുട്ടൽ ക്യാമ്പിലായിരുന്നു. കേട്ട കഥയാണ്, ശരിയാണോ എന്നുറപ്പില്ല.

 

ശിക്ഷിക്കാനുള്ള പുതിയ വഴിത്താരകളിലേക്ക് രാജ്യത്തോടൊപ്പം അച്ഛനും പ്രവേശിച്ച കാലമായിരുന്നു, അത്. എത്രയോ മനുഷ്യർ സംശയത്തിന്റെ പേരിലും, ശത്രുക്കളുടെ ഒറ്റലിന്റെയുമൊക്കെ ഭാഗമായി അഗാധമായ അർഥത്തിൽ അടി വാങ്ങി, ചോര തുപ്പി മരിച്ചുപോയി. ഉരുട്ടൽക്യാമ്പിന്റെ ഇരുട്ടുമുറികൾക്കകത്ത് നരകത്തിലേക്കുവീഴാനുള്ള മണിക്കിണറുകൾ ഉണ്ടായിരുന്ന​െത്ര!

‘‘ചോര!’’

അഴിച്ചിട്ട യൂനിഫോം കൈയിലെടുത്ത അമ്മ ഒരുദിവസം, പറയുന്നതു കേട്ടു. അച്ഛൻ മറുപടിയൊന്നും പറഞ്ഞില്ല. അക്കാലം, ഉത്തരമില്ലാത്ത ചോദ്യങ്ങളല്ലാതെ, മതിയായ ഉത്തരങ്ങൾ അദ്ദേഹം ആർക്കുവേണ്ടിയും കരുതിവെക്കാറില്ല. കാണാതായ ഒരു കോളേജ് വിദ്യാർഥിയുടെ പടവുമായിട്ടാണ് പിറ്റേന്നത്തെ പത്രം പുറത്തിറങ്ങിയത്. തലേന്ന്, താൻ കഴുകിക്കളഞ്ഞ ചോരയുമായി അത്തരം വാർത്തകൾക്ക് നേർബന്ധമുണ്ടെന്നു കണ്ടെത്താനുള്ള രാഷ്ട്രീയബോധമൊന്നും അമ്മക്കില്ലെന്ന് ആർക്കാണറിയാത്തത്? വാർത്ത കണ്ടപ്പോൾ പക്ഷേ, ഉണങ്ങാനിട്ട ആ യൂനിഫോം അമ്മ ഒരിക്കൽക്കൂടി പരതിനോക്കുന്നതു കണ്ടു. അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അമ്മയുടെ മുഖം വല്ലാതെയങ്ങ് മ്ലാനമായി. സ്വന്തം നിറവയറിലേക്ക് നെടുവീർപ്പോടെ നോക്കുന്നതും കണ്ടു.

രാത്രിയിലാണ് അമ്മക്ക് പേറ്റുനോവ് തുടങ്ങിയത്. അഗാധമായ ഉറക്കത്തിലായിരുന്നു, ഞാൻ. അതുകൊണ്ട് നോവിന്റെ വിഷമങ്ങളൊന്നും നേരിൽ കാണേണ്ടിവന്നില്ല. ഒന്നുമറിയാതെ ഞാനുറങ്ങുമ്പോൾ ഏതോ ആശുപത്രിയിൽനിന്ന്, ആരോരുമില്ലാത്ത വിദൂരങ്ങളിലേക്ക് ആരേയുമറിയിക്കാതെ നീങ്ങിപ്പോകുകയായിരുന്നു, അമ്മ.

വേലക്കാരിയെന്ന മട്ടിൽ അച്ഛന്റെ പുതിയ റിക്രൂട്ടുകളിലൊരാൾ കടന്നുവന്നു, കൊച്ചൊറോത. അവരായിരുന്നു തുടർന്ന് വീടിന്റെ അധികാരം ആളിയത്. കറുത്തുതടിച്ച ഒരു സ്​ത്രീ. കഥകളിൽ കേട്ടിട്ടുള്ള അച്ഛന്റെ തറവാട്ടിന്റെ കോലായത്തൂണുകളേപ്പോലെയാണ് അവരുടെ വിരലുകൾ. കുത്തനെ വിള്ളൽ വീഴ്ത്തിനിൽക്കുന്ന നഖങ്ങൾ കണ്ടാൽ അനേകാഗ്രങ്ങളുള്ള ഒരായുധംപോലെ തോന്നും. കുത്തിക്കോർത്തെടുക്കാനെന്നവണ്ണം അവ മുന്നോട്ടുനീണ്ടുവരുമ്പോൾ സ്വയമറിയാതെ അനുസരണം പുറത്തുചാടും, നെടുവീർപ്പിന്റെ അകമ്പടിയോടെ. വീടാകെ നിറയാനുള്ള അവരുടെ ബലം ഭയങ്കരമാണ്.

അച്ഛനു മുന്നിൽ നിൽക്കുമ്പോൾമാത്രമാണ് അവർ തെല്ലയഞ്ഞുവരുന്നത്. മറ്റുനേരങ്ങളിലെല്ലാം നുകംപോലുള്ള കണ്ണുകളിലൊന്നിൽ എന്നെയും, മറ്റതിൽ കരിങ്കുട്ടിയെയും അവർ കൊരുത്തിട്ടു. കരിങ്കുട്ടിക്ക് പാലും, എനിക്ക് അരിയാഹാരങ്ങളും ലോഭമില്ലാതെ തരും, അതൊക്കെ ശരി, അമ്മയുടെ കൈകളിൽ കണ്ടിരുന്നതുപോലെ സ്​നേഹത്തിന്റെ പരാഗങ്ങൾ പക്ഷേ, അവരുടെ വിരൽത്തുമ്പിൽ ഒരിക്കലും കാണാൻ കഴിഞ്ഞിരുന്നില്ലെന്നുമാത്രം.

ഒറോതാമ്മയുടെ വിളി കേൾക്കുന്നതോടെ ആരംഭിക്കുന്നതാണ് അക്കാലം എന്റെ ദിവസങ്ങൾ, അവർ നിശ്ചയിക്കുന്ന ഭക്ഷണം അളവുതെറ്റാതെ ശാപ്പിട്ട് ഉറക്കത്തിലേക്കു വീഴുന്നതോടെ അവസാനിക്കുന്നതുമാണ്. പതിവായി പള്ളിക്കൂടത്തിലേക്കുള്ള യാത്ര പൊലീസ്​ ജീപ്പിലായിരുന്നു. ദിനചക്രംപോലും സദാ തിരിയുന്ന അധികാരചക്രത്തിനു മുകളിൽ! അതൊന്നും എനിക്കിഷ്​ടമായില്ല. പിന്നീടാണ് അറിഞ്ഞത്, എനിക്കായിമാത്രം ക്ലാസിനു വെളിയിൽ പൊലീസുകാരിലൊരാൾ മഫ്തിയിൽ നിൽപുണ്ടായിരുന്ന​െത്ര! അയാളൊരു പൊലീസുകാരനാണെന്ന് പള്ളിക്കൂടത്തിൽ ഹെഡ്മാസ്റ്റർക്കൊഴികെ മറ്റാർക്കും അറിയില്ലെന്നാണ് പറയുന്നത്. പുതിയതായി മാറ്റമായിവന്ന പ്യൂൺ എന്ന നിലയിലാണ് പള്ളിക്കൂടത്തിനകത്ത് അയാൾ തെറ്റിദ്ധരിക്കപ്പെട്ടത്.

‘‘സ്കോട്‍ലൻഡ് യാഡിൽ പുള്ളിക്ക് പഠനം ചെരപ്പായിരുന്നില്ല! അവിടെയൊക്കെ എന്നാ െട്രയിനിങ്ങാണെന്നറിയാവോ!’’ ഒരുദിവസം, അച്ഛനെക്കുറിച്ച് കൊച്ചൊറോത പറഞ്ഞു. താനറിയാതെ വെളീവന്നതായിരിക്കണം.

എനിക്ക് യാതൊന്നും മനസ്സിലായില്ല. യഥാർഥത്തിൽ കൊച്ചൊറോതയെന്ന പണിക്കാരിപോലും അച്ഛന്റെയൊരു മറയായിരുന്നു. അതെന്നെ നേരിട്ടറിയിക്കാനെന്നോണം ഒരു സംഭവം ഉണ്ടായി. പള്ളിക്കൂടത്തിൽനിന്ന് വന്നതിനുശേഷം, കുളിമുറിയിൽ വിസ്​തരിച്ചൊരു കുളിയുണ്ട്. പഠിക്കാനുള്ള മടികാരണം അത് പരമാവധി നീട്ടിക്കൊണ്ടുപോകുന്നതാണ് പതിവുശൈലി. വെള്ളംകൊണ്ട് സമയത്തെ വലിച്ചുനീട്ടി ഞാനങ്ങനെ നിൽക്കുമ്പോൾ പെട്ടെന്ന്, ഷവറിലെ വെള്ളം നിലച്ചു. പതകൊണ്ട് മുഖം മറഞ്ഞ കാഴ്ച കണ്ണിലെ നീറ്റൽമാത്രമാണല്ലോ.

‘‘ഒറോതാമ്മാ...’’

സാന്ദർഭികമായ അന്ധതയിൽ ഞാൻ ഉറക്കെ നിലവിളിച്ചു.

മറുപടിക്ക് പകരമായി വാതിൽ തുറക്കുകയാണുണ്ടായത്. ആരോ എന്നെ കൂട്ടിപ്പിടിച്ചു. കൊച്ചൊറോതക്കുള്ളതിനേക്കാൾ പരുക്കൻ കൈകൾ. കുതറാൻ ശ്രമിച്ചങ്കിലും അതൊന്നും നടപടിയായില്ല. ആരോ എന്നെ എടുത്തുയർത്തി. മുറിക്കു പുറത്തേക്ക് ഓടുന്ന ആരുടേയോ കൈകളിലായിരിക്കണം, ഞാൻ. ഉച്ചത്തിൽ നിലവിളിച്ചതെല്ലാം വ്യർഥമായി. രക്ഷിക്കാൻ ആരും ഓടിവന്നില്ല. ഒറോതാമ്മ എവിടെയാണാവോ! പുറത്തേക്കുള്ള ഗെയിറ്റു നോക്കി മുറ്റം വഴി നീങ്ങുകയാണ് ഞാൻ.

അന്നേരമാണ് അത് സംഭവിച്ചത്. ഞാനങ്ങ് താഴെ വീണു. ആരോ ആരെയോ ഓങ്ങിയടിക്കുന്ന ശബ്ദമാണ് അതിനു തൊട്ടുമുമ്പ്, കേട്ടത്. എന്നെ താങ്ങിയിരുന്നയാൾക്ക് അടി വീണിട്ടുണ്ടാകാം. അയാൾ നിലത്തേക്ക് ഇടിഞ്ഞുപൊളിഞ്ഞുവീഴുകയായിരുന്നു. ഒപ്പം ഞാനും. വീണതോടെ ഞാൻ സ്വതന്ത്രനായി. സോപ്പിൻപത വകഞ്ഞുമാറ്റി ഞാൻ മുന്നോട്ടുനോക്കി. ഒരാൾ തറയിൽ കമിഴ്ന്നുകിടക്കുന്നു. അയാളുടെ കഴുത്തിലാണ് ഒറോതാമ്മയുടെ ഇടതുകാൽ.

‘‘മോൻ അകത്തേക്ക് പോ.’’മുറുകിയ ശബ്ദത്തിൽ അവർ ആജ്ഞാപിച്ചു.

ഞാൻ അകത്തേക്ക് വലിഞ്ഞു. പിന്നീട്, നടന്നതെന്താണെന്ന് എനിക്കറിയില്ല. വൈകാതെ പൊലീസ്​ ജീപ്പ് കടന്നുവരുന്ന ശബ്ദമാണ് കേട്ടത്. ആക്രമിയെ അതിൽ കയറ്റിക്കൊണ്ടുപോയെന്ന് ഒറോതാമ്മ പറഞ്ഞു. അതോടെ ഒരു കാര്യം എനിക്ക് ഉറപ്പായി, ഒറോതാമ്മ ശരിക്കും ഒരു പൊലീസാണ്! വിലപിടിച്ച ഇരയെ ചൂണ്ടയിൽ കോർത്ത്, തക്കംപാർത്ത് മീൻപിടിക്കാൻ ധൈര്യമുള്ള അസ്സൽ പൊലീസ്​.

‘‘നക്സലേറ്റുകളുടെ നോട്ടപ്പുള്ളിയായ ഒരോഫീസറുടെ മകനാണ് നീ, അത് മറക്കരുത്. അവൻമാരൊക്കെ എത്ര മോശക്കാരാണെന്ന് നിനക്കറിയാമോ!’’

ഒറോതാമ്മ അറുത്തുമുറിച്ചതുപോലെ പറഞ്ഞു. അത് പറയുമ്പോൾ ആ മുഖത്തു പ്രത്യേകമായ ഒരിനം ദൃഢത കണ്ടതായി ഞാനോർക്കുന്നു. എന്നാൽ, മറ്റൊരു സാഹചര്യത്തിൽ, അതൊന്നുമില്ലാതെ അവരെ കാണാൻ എനിക്കൊരവസരമുണ്ടായി. കാലങ്ങൾക്കുശേഷമായിരുന്നു, അത്. അന്നേരം, ഞാൻ ഇക്കാര്യം അവരെ ഓർമിപ്പിക്കാൻ ശ്രമിച്ചു. അവരുടെ ഓർമകളിൽനിന്ന് അതെല്ലാം തീർത്തും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. അഥവാ, അവർ അങ്ങനെ ഭാവിക്കുകയെങ്കിലുംചെയ്തു.

‘‘നിന്റെ അച്ഛന്റെ നിർദേശത്തിനപ്പുറം മറ്റൊന്നും ഞാൻ നിർവഹിച്ചിട്ടില്ല, മോനേ. അക്കാലം, ഞാനെന്നല്ല, ഡിപ്പാർട്മെന്റ് മൊത്തമായി അദ്ദേഹത്തിന് അടിമപ്പെട്ട അവസ്​ഥയിലായിരുന്നു.’’

കോട്ടയത്തെ തുമരംപാറയിൽ, കുതിച്ചൊഴുകുന്ന തോടിന്റെ കരയിലുള്ള ചെറിയൊരു ഓട്ടുപുരയിൽ, വല്ലാതെയൊന്നും നന്നാകാതെപോയ മകനോടൊപ്പം വല്ലവിധേനയും ജീവിതത്തിന്റെ അവസാനം താണ്ടുകയായിരുന്നു, ഒറോതാമ്മ. വനത്തിൽ ശക്തമായി ഉരുൾപൊട്ടിയാൽ അതിനടുത്തനിമിഷം വീടിനെ തോട് ഉരുട്ടിക്കൊല്ലുമെന്നായിരുന്നു അപ്പോൾ, അവരുടെ വേവലാതി. ‘ഉരുട്ടിക്കൊല്ലുക’യെന്ന വാക്കുപയോഗിച്ചത് സ്വയമറിയാതെയാവാം. കൃതകൃത്യമാവാത്ത ഓർമകളിൽ താനറിയാതെ അകപ്പെടുമ്പോൾ പലപ്പോഴും മനുഷ്യരങ്ങനെയാണ്. സത്യംപറഞ്ഞാൽ എനിക്ക് ചിരിപൊട്ടി. ഭാവിയിൽ, എന്നെപ്പോലുള്ളവർക്ക് വിചിത്രമായ ഇത്തരം ചിരികൾക്ക് അവസരം നൽകി, ചരിത്രം അവരോട് പ്രതികാരം സാധിക്കുകയാവാം!

അതിക്രമിയെ കൈയോടെ പിടികൂടിയതിന്റെ ഇരട്ടിവേഗതയിലാണ് ഒറോതാമ്മ തുടർന്ന്, എനിക്ക് മൂക്കുകയറിട്ടത്. അതോടെ ഒറ്റക്ക് നടക്കാനുള്ള സാഹചര്യം വീട്ടിനകത്തുപോലും അനുവദിക്കപ്പെടാതായി. കരിങ്കുട്ടിയെ നോക്കാൻവേണ്ടിമാത്രം മറ്റൊരു സ്​ത്രീ നിയമിക്കപ്പെട്ടു. ശരിക്കും അതൊരു നഴ്സാണെന്ന് പറയപ്പെടുന്നു. അഥവാ, അവൾ അത് പ്രവർത്തനങ്ങളിലൂടെ സദാ തെളിയിച്ചു. അതെന്തോ ആവട്ടേ, എന്റെ സ്​ഥിതി അനുദിനം വഷളായിത്തീരുകയായിരുന്നു. നല്ലനാളുകളുടെ ഓർമകളെല്ലാം എന്നെ വിട്ടകന്നു. എന്തിന്, അച്ഛനോടും, അമ്മയോടുമൊപ്പം മുമ്പ്, തമിഴ്ദൈവങ്ങൾക്കിടയിൽ നടന്നുപോയതിന്റെ സുഖസ്​മരണകൾപോലും ദൂരത്തെ സ്വന്തമെന്ന മട്ടിൽ അകന്നുനിൽക്കുകയാണുണ്ടായത്.

 

അതോടെ, ആ വീട്ടിൽനിന്ന് രക്ഷപ്പെടണമെന്ന് ഞാനങ്ങു തീരുമാനിച്ചു. അതേതുടർന്നുള്ള ദിവസങ്ങളിലൊന്നിലാണ് സ്വപ്നം കടന്നുവന്ന് വഴിമരുന്നിട്ടത്. പക്ഷേ, വിചാരിക്കുന്നതുപോലെ എളുപ്പമല്ല അതെന്ന് മറ്റാരേക്കാൾ അറിയാവുന്നതും എനിക്കാണല്ലോ. ഒറ്റതുള്ളി വെള്ളം വീഴാത്തതുപോലെ മൊരിഞ്ഞു മൊട്ടയായിക്കിടക്കുന്ന മൈതാനത്തിന്റെ മുന്നിലെ സാമാന്യം വലിയൊരു ക്വാർട്ടേഴ്സാണ് ഞങ്ങളുടേത്. അതിനോടനുബന്ധിച്ചാണ് മറ്റ് കെട്ടിടങ്ങളെങ്കിലും, ഞങ്ങളുടേത് അവയിലേറ്റവും സൗകര്യമുള്ളതാണ്.

കെട്ടിടങ്ങൾക്കെല്ലാം പൊതുവെയുള്ള പ്രമാദമായ കുറവുകളിലൊന്ന് എപ്പോഴും നരച്ചുകിടക്കുന്ന അതിന്റെ ചുമരുകളായിരുന്നു. മുഷിപ്പൻ ആകാശം നിരന്തരം വലിച്ചൂറ്റുന്നതുകൊണ്ടാവണം, തേച്ച ചായങ്ങളത്രയും ചുരുങ്ങിയ കാലംകൊണ്ടുതന്നെ നരച്ചുപോകും. തണലിനെന്നു പറയാൻ ക്വാർട്ടേഴ്സുകൾക്ക് മുന്നിലോ പിന്നിലോ ഒറ്റമരംപോലുമില്ല. വെട്ടുകല്ലിന്റെ പരപരപ്പുമായി വാപിളർന്നുകിടക്കുന്ന പറമ്പുകൾ. വെളിച്ചം കുറഞ്ഞ വെയിൽ വിഷണ്ണമായ ചൂടുമായി സദാ വന്നുപതിക്കുന്ന വേനൽക്കാലങ്ങളായിരുന്നു, അവിടെ.

അതിൽപ്പെട്ട് നിറംകെടുന്ന ഹതാശമായ അവധിദിനങ്ങൾ. അപ്പാർട്മെന്റിലെ കുട്ടികൾക്ക് പുറംലോകം വിലക്കപ്പെടുന്ന കൊടുംവേനലിലെ നട്ടുച്ചകളിൽ ഞാനെന്റെ കൊച്ചുജാലകത്തിനരികിൽ ആകാശവും നോക്കി ചുമ്മാ ഇരിക്കും. സിമന്റ്നിറമുള്ള കാറ്റങ്ങനെ ഊതിവീശിപ്പോകുന്ന ബലമില്ലാത്ത ശബ്ദങ്ങൾ സദാ കേൾക്കാം. ഒരേ ഉയരം പാലിച്ചു പരന്നുകിടക്കുന്ന കൂരകളെ വകഞ്ഞുനീങ്ങുമ്പോൾ പക്ഷേ, ഉഷ്ണവാതത്തിന് ഹുങ്കാരമൊന്നും പുറത്തെടുക്കാനുണ്ടാവില്ല. ഞങ്ങളുടേതുപോലുള്ള ഏതാനും കൊഴുത്ത കെട്ടിടങ്ങളെ ചൂഴ്ന്നുനീങ്ങുമ്പോൾമാത്രമാണ് അതിന് ചെറുതെങ്കിലും വ്യഥിതമായൊരു മൂളക്കം കേൾപ്പിക്കാനായത്.

മഴക്കാലത്ത് അവസാനിക്കുന്ന മൈതാനത്തിലെ സായാഹ്നകേളികൾ, മൺസൂൺ നീങ്ങിപ്പോകുന്നതോടെ താനേ മുളച്ചുവരികയാണ് പതിവ്. കറുത്ത ജൂൺ പിറന്നതോടെ അതിനൊക്കെ ദയനീയാന്ത്യമായി. കുട്ടികൾ അപ്രത്യക്ഷമായ മൈതാനം പരേഡിനും പരിശീലനത്തിനും മാത്രമായി ചുരുങ്ങി. വിഷണ്ണമായ മുഖത്തെഴുത്തുമായി വേഷം കാത്തിരിക്കുന്ന നിസ്സഹായനായ നടനെപ്പോലെയായി കളിഭൂമി.

മധ്യകാല ഗോഥിക് മുഖാവരണങ്ങളെ സ്വന്തം പരാധീനതകളോടെ ദുർബലമായി അനുകരിച്ചുനിൽക്കുന്ന പഴഞ്ചൻകെട്ടിടമായിരുന്നു, ഞങ്ങളുടെ ക്വാർട്ടേഴ്സ്​. വീടാണെന്ന് പറയപ്പെട്ടിരുന്നെങ്കിലും ഒരിക്കലും അതങ്ങനെ തോന്നിച്ചില്ല, അമ്മയുടെ പ്രകാശമുള്ളപ്പോൾപോലും. ഇരുട്ടു വകഞ്ഞ് ആകാശവെളിച്ചങ്ങളുടെ പടവുകളിലേക്ക് അമ്മ കയറിപ്പോയതോടെ ശരിക്കും അതൊരു കാരാഗൃഹവുമായി.

നശിച്ച ജൂൺ കടന്നുവരുന്നതിനുമുമ്പ്, അവസ്​ഥ മറ്റൊന്നായിരുന്നു. പൊട്ടിച്ചിരിക്കുന്ന അച്ഛനെയാണ് അന്നൊക്കെ ഞങ്ങൾ കണ്ടിട്ടുള്ളത്. അമ്മക്കകത്ത് കരിങ്കുട്ടി വളർന്നുതുടങ്ങിയിട്ടില്ലാത്ത കാലം. പലപ്പോഴും ഒരു ഡെപ്യൂട്ടി ഇൻസ്​പെക്ടർ ജനറലിന് തീരെ യോജിക്കാത്തവിധം ഒരു കൗമാരക്കാരനെപ്പോലെയും, അപൂർവമായെങ്കിലും ഒരു കൊച്ചുകുട്ടിയെമാതിരിയുമൊക്കെ പെരുമാറിയ ഭൂതകാലമാണ് അദ്ദേഹത്തിനുള്ളത്. തന്റെ കനത്ത കൂട്ടുപുരികങ്ങളോ രോമക്കാടു പടർന്നുപരന്നു വലുതായ ശരീരമോ ഗുഹക്കകത്തുനിന്നും പൊങ്ങുന്നതുമാതിരിയുള്ള അതിഖരശബ്ദമോ യാതൊന്നും അവിടെ പൊരുത്തക്കേടു തീർത്തില്ല. പലപ്പോഴും അദ്ദേഹം അമ്മയുടെ മടിയിൽ തലവെച്ചുകിടക്കുന്നതുപോലും കണ്ടിട്ടുണ്ട്. കമിഴ്ന്നായിരിക്കും ആ കിടപ്പ്.

‘‘അമ്മയില്ലാതെ വളർന്ന കുട്ടിയാണ് ഞാൻ,’’ അദ്ദേഹം പറയും, ‘‘എന്നെ വളർത്തിയത്, മന്ത്രവാദിനിയേപ്പോലുള്ള ഒരു വല്യമ്മയാണ്. താരാട്ടിനുപകരം പിശാചിനികളുടെ കഥകളാണ് അവർ പറയുക. മലർന്നുകിടന്നാൽ, കഥകളിലെ പറക്കുന്ന പിശാചിനികൾ നെഞ്ചിലെ രക്തം ഊറ്റിക്കുടിക്കുമെന്ന ഭയം വിട്ടുപോകാത്തതുകൊണ്ട് ഇപ്പോഴും, കമിഴ്ന്നുകിടന്നുറങ്ങാനുള്ള ധൈര്യമേ എനിക്കുള്ളൂ.’’

എന്നാൽ, തന്റെ പൂർവികരുടെ വഴിത്താരകളിലെങ്ങും പേടിയുടെ തടസ്സങ്ങളില്ലായിരുന്നുവെന്ന് അദ്ദേഹം അഭിമാനത്തോടെ പറയും. ഭടജനങ്ങളായ പൂർവികർ കാതങ്ങളും കാലങ്ങളും താണ്ടി കടന്നുവന്നത് അങ്ങ്, തെക്കൻ സൈബീരിയയിൽനിന്നാണ​െത്ര! ഹിന്ദുക്കുഷ് പർവതനിരകൾ കുത്തനെ മറികടന്ന്, അവർ വടക്കൻ ഭാരതത്തിലേക്കു പ്രവേശിച്ചു. അതൊരു വെറും വരവായിരുന്നില്ല. സ്വന്തം ഗോത്രചിഹ്നങ്ങൾപോലും അധികാരദണ്ഡായി പ്രവർത്തിക്കുംവിധമായിരുന്നു കാര്യങ്ങൾ. നേരിയ ഭാവനയുടെ ശല്യംപോലുമില്ലാതെ ദൈവം തങ്ങളെ ഭൂമുഖത്തേക്ക് ഇറക്കിവിട്ടതുതന്നെ ഭരിക്കാനുള്ള സൗകര്യത്തിനായിട്ടാണെന്ന് അവർക്കറിയാം.

ആദ്യം നീളെ വേരുകളാഴ്ത്തിയത് ഉത്തരേന്ത്യയിൽത്തന്നെയാണ്. അധികാരം ഇരുവശങ്ങളിലുമുള്ള കടലുകളെ ചെന്നുതൊടാൻ ഏറെയൊന്നും വൈകിയതുമില്ല. തെന്നിന്ത്യയിലേക്ക് കയറിപ്പറ്റാൻ പക്ഷേ, നൂറ്റാണ്ടുകൾതന്നെ വേണ്ടിവന്നു. അറബിക്കടലിനോരംപറ്റി തീരപ്രദേശംവഴിയാണ് അവരിൽ ചിലർ കേരളത്തിലേക്കു കടന്നെത്തിയത്. അതൊരു ഐതിഹാസികമായ വമ്പൻയാത്രയായിരുന്നു. പലരും വഴിയിൽ പലയിടത്തും യാത്ര അവസാനിപ്പിച്ചു. മിച്ചമുള്ളവരുടെ പാത പിന്നെയും നീണ്ടു. ശരിക്കും പറഞ്ഞാൽ മംഗലാപുരം മുതൽ അവരുടെ കുടികിടപ്പുകൾ കാണാം.

അതിൽനിന്ന് കാട്ടിൻചിറയിലേക്ക് ചിതറിയ ഒറ്റപ്പെട്ട ഒരു തായ്വഴിയാണ് അച്ഛന്റെ പൂർവികർ. വംശത്തിന് ഇവിടെ അടിത്തറയിട്ടത് ഒരു മാതമുത്തച്ഛനാണ​േത്ര. കിഴക്കൻമലകളുടെ വിരി അവസാനിച്ചതിനോടുരുമ്മി, കുന്നുകളുടെ മറവിലായി, പുഴമ്പള്ളയോടുചേർന്നുകിടക്കുന്ന കാട്ടിൻചിറയെന്ന സ്​ഥലം കണ്ടെത്തി, കുടുംബത്തെ അങ്ങോട്ട് മാറ്റിപ്പാർപ്പിച്ചത് അദ്ദേഹമാണ്. കുന്നുകളുടെ താഴ്വരയിലായി ചെരിഞ്ഞുനിൽക്കുന്ന പുഴത്തണവും തെറുത്തുകയറ്റി വിജൃംഭിച്ചുനിൽക്കുന്ന കാട്ടിൻചിറയിൽവെച്ച് മുത്തച്ഛൻ തന്റെ വംശത്തെ കൃഷിയിലേക്ക് മാറ്റിപ്പണിതു. വംശത്തിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന യുദ്ധത്തെ അദ്ദേഹം പുഴവെള്ളംകൊണ്ട് തണുപ്പിച്ചു. ക്രമേണ പിൻതലമുറയുടെ ചോരയിൽ യുദ്ധം ശമിച്ചടങ്ങി.

‘‘നമുക്കൊരു ദിവസം മാതമുത്തച്ഛന്റെ കല്ലറ കാണാൻ പോകണം, കേട്ടോ.’’ അദ്ദേഹം മോഹം പറയും. പള്ളിക്കൂടം അടക്കുന്ന പൊരിവേനൽക്കാലത്ത്, പക്ഷേ, ഞങ്ങൾ തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലേക്ക് യാത്രപോകുകയാണ് പതിവ്. അമ്മക്ക് അതാണിഷ്​ടം. കുരവയിട്ടാൽപോലും ചിന്നംവിളി പുറത്തുവരുന്ന തന്നിലെ പൊലീസുകാരനെ യൂനിഫോമിനോടൊപ്പം നാട്ടിൽ അഴിച്ചുവെച്ച അച്ഛൻ അവിടെയൊക്കെ ഭക്തിയോടെ പെരുമാറുന്നതു കാണാം. കുമരനും പുള്ളയാറപ്പനും ശിവപ്പെരുമാനും മുന്നിൽ അദ്ദേഹം സമസ്​തം കുമ്പിടും. എന്തിന് കാവൽദൈവമായ എ​െല്ലെക്കറുപ്പനുപോലും കിട്ടും വന്ദനത്തിന്റെ പങ്ക്.

കറുപ്പച്ചാമിദൈവത്തിന്റെ പണിയാണ് തന്റേതെന്ന് പാതി കളിയായി സൂചിപ്പിക്കും. കേരളത്തിൽനിന്നു പയറ്റിത്തെളിഞ്ഞ ബലവുമായി തമിഴ്നാട്ടിലേക്ക് കുടിയേറിയ ദൈവമാണ​െത്ര എല്ലൈക്കറുപ്പൻ. താനാകട്ടേ, സ്​കോട്ലൻഡിൽ പരിശീലിപ്പിക്കപ്പെട്ട പാഠങ്ങളുമായി കേരളത്തിൽ പയറ്റുന്നു. സ്കോട്‍ലൻഡ് യാഡിൽനിന്ന് പരിശീലനം കഴിഞ്ഞെത്തിയ അപൂർവം ഓഫീസർമാരിൽ ഒരാളായിരുന്നുവല്ലോ, അദ്ദേഹം.

(തുടരും)

(ചിത്രീകരണം: തോലിൽ സുരേഷ്​)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.