കരുവന്നൂര്‍ പുഴയിലൂടെ മീനുകള്‍ പുളഞ്ഞുപാഞ്ഞു. പുഴയുടെ കരക്ക് ഒരു അപ്പനും മോളും ഏകാന്തരാവിന്റെ ആത്മാവിലേക്ക് ഉറ്റുനോക്കിയിരുന്നു. കറുത്തിരുണ്ട് കട്ടപിടിച്ചൊരു മൈതാനമായി പരന്നുകിടന്ന ആകാശസീമയിലേക്കു നോക്കി അന്തിച്ച് മകള്‍ അപ്പനോട് ചോദിച്ചു: “അപ്പാ എന്താണപ്പാ മ്മ്ളിങ്ങനെയീ ഫുട്ബോളില്‍ കുരുങ്ങിപ്പോയത്?”
മരുന്നു കഴിച്ചതിന്റെ ക്ഷീണത്തില്‍, അവളുടെ മടിയിലൊരു പന്തായി ചുരുണ്ടുകൂടി മയങ്ങിക്കിടക്കുകയായിരുന്നു അപ്പന്. ചോദ്യം കേട്ടപാതി അപ്പനില്‍ പെട്ടെന്നൊരു ഉണർവുണ്ടായി. മയക്കം വിട്ടെഴുന്നേറ്റ് ഏതോ ഭൂതകാല സീമയിലേക്ക് പരക്കംപാഞ്ഞുചെന്ന് നെടുവീര്‍പ്പിട്ട് ‘വാമോസ് അര്‍ജന്റീന’ എന്നു വിളിക്കുന്ന അതേ ആവേശത്തോടെ, മരിച്ച ഓർമകളെ വീണ്ടെടുത്ത് അപ്പന് പറഞ്ഞു: “പട്ടിണിപ്പാവങ്ങടെ മോഹച്ചെങ്കൊടിയാടീ ഫുട്ബോള്‍. ഒരാശ്വാസത്തിനതെങ്കിലും വേണ്ടേ?”
അപ്പനെ നാട്ടുകാര്‍ കരി ബാലന് എന്നുവിളിച്ചു; അപ്പന് മോളെ ഷൈലജേ എന്നും. അവര്‍ കരുവന്നൂര്‍ പുഴയുടെ ഓരത്തൊരു ഓലമേഞ്ഞ വീട്ടില്‍ പാര്‍ത്തു. അപ്പന്റെ മനസ്സാകെ ആയകാലത്ത് സെന്റ് ആന്റണീസ് പള്ളി മൈതാനത്തപ്പടി നിറഞ്ഞാടിയ പന്തുകളിയുടെ ലഹരി നിറഞ്ഞുനിന്നു. കണിമംഗലം ഹീറോസും വാസ്കോ ചേര്‍പ്പും തമ്മിലായിരുന്നു മത്സരം. കരുവന്നൂര്ക്കാരനാണെങ്കിലും വാസ്കോക്കു വേണ്ടിയാണ് കരി ബാലന് കളിക്കാനിറങ്ങിയത്. ചന്തക്കടുത്തുള്ള ആന്റണിയും പൂച്ചിന്നിപ്പാടത്തെ ശ്രീനിയുമായുള്ള അടുപ്പം. അതാണ് ചന്തയില്‍ ചുമടെടുക്കുന്ന കരിയെ വാസ്കോ ടീമിലെത്തിച്ചത്.
എന്നാലത് എല്ലാര്‍ക്കുമൊന്നും അത്ര പിടിച്ചില്ല. പെരുമ്പിള്ളിശ്ശേരിയില്നിന്നുള്ള ശർമ വാസ്കോക്ക് വേണ്ടിയാണ് കളിക്കുന്നതെങ്കിലും കരിയുമായി ഒരിക്കലും ഒത്തുപോയില്ല. അവര്‍ തമ്മില്‍ കറുപ്പും വെളുപ്പും തമ്മില്‍ ചേരാത്ത പോലൊരകലം വിഷസര്‍പ്പമായി വളഞ്ഞുപുളഞ്ഞു കിടന്നു.
മിഡ്ഫീല്ഡില്നിന്നും ശ്രീനി ചിപ്പ് ചെയ്ത് അടിച്ചിട്ടു കൊടുത്ത പന്ത് കരിയുടെ ഇടനെഞ്ചിലൂടൊരു പ്രണയബാണമായി തഞ്ചത്തില്‍ തട്ടിത്തട്ടി ഉയരുമ്പോള്‍ പെനാല്‍റ്റി ബോക്സിനുള്ളിലൊരു മാന്ത്രിക സ്പര്ശത്തിനായൊരുങ്ങി ശർമ കാത്തുനില്‍പ്പുണ്ടായിരുന്നു. ഒന്നു പാസ് ചെയ്തുകൊടുത്താല്‍ മതി. ങേഹേ, കരിയതു ചെയ്തില്ല.
കരിക്ക് മറഡോണയുടത്ര പൊക്കമേയുള്ളൂ. വായുവിലൊന്ന് ഉയര്‍ന്നുചാടി, ഉപ്പുംചാക്കു പോലത്തെ നെഞ്ചില്‍ പന്തെടുത്ത്, തിരിഞ്ഞുചാടി സിസര്‍കട്ട് അടിക്കാനായിരുന്നു ഉദ്ദേശ്യം. കരിയുടെ വലം കക്ഷത്തിനിടയിലൂടപ്പോള് എതിര് ടീമിലെ ലാസറിന്റെ കാല് ചാട്ടുളിപോലെ നീണ്ടുവന്നു. അതു മണത്തറിഞ്ഞോ എന്തോ കരിയൊന്ന് വായുവില്‍ പുളഞ്ഞു. പന്ത് രണ്ടുപേരുടെയും ദേഹത്ത് തട്ടി പെനാല്‍റ്റി ബോക്സിനുള്ളിലേക്കു വീണുയര്‍ന്നു പൊന്തി.
ഗോളിയായിരുന്ന വെട്ടിരുമ്പ് ബഷീര്‍ പാഞ്ഞുവരുമ്പോഴേക്കും, ലാസറിനെയും വെട്ടിച്ച് വായുവിലൊരു കാട്ടുപൂച്ചയായി കരി കുതിച്ചുയര്‍ന്നു. പൊക്കക്കുറവ് കവച്ചുവെക്കാനായി കൈയൊന്ന് ദൈവത്തിലേക്കെന്നോണം ഉയര്‍ത്തിയതും, പന്ത് അതിലൊന്ന് റഫറി കാണാതെ മുത്തമിട്ട്, ഗോളിയുടെ തലക്കു മീതെക്കൂടി ഗോള്‍വര കടന്ന് വലയിലൊരാരവമായി ആര്ത്തലച്ചുവീണു.
പള്ളിമൈതാനത്ത് മറഡോണ ഇറങ്ങിയതുപോലെയെന്നാണ് അന്നാ കളി കണ്ട ചേര്പ്പുകാരൊക്കെ പറയുക. അതിനു ശേഷമാണ് കരിക്കട്ടക്കരി പോലെ കറുകറുത്ത കരി ബാലന് മറഡോണ എന്ന പേരു വീണത്. ദൈവത്തിന്റെ കൈയൊരു ഗോളായി അവതരിച്ച പള്ളിമൈതാനത്തെ ആകാശത്തന്ന് അതുവരെയും കാണാത്തത്ര നക്ഷത്രങ്ങള്‍ തേജസ്സോടെ മിന്നിക്കത്തി.
അമ്പു പെരുന്നാളിനു മുന്നത്തെ ആ ടൂര്‍ണമെന്റോടെ മറഡോണച്ചുണയോടെ കരി ബാലന് കളിക്കുന്ന വാസ്കോ ചേര്‍പ്പ് ജില്ലയിലാകെ കൊടുങ്കാറ്റ് വിതക്കുന്ന ക്ലബായി മാറി. നെഞ്ചൂക്കിന്റെ കരുത്തും കുരുത്തംകെട്ട അടവുതന്ത്രങ്ങളുമായി കരി ബാലന് മുന്നില്‍ അണിനിരന്നതോടെ ആന്റണിയും ശ്രീനിയും ശർമയും കുണ്ടാട്ടിയിലെ ലാലുമുള്ള വാസ്കോയെ ആര്‍ക്കും പിടിച്ചുകെട്ടാന്‍ പറ്റാതായി. ജില്ലയില്‍ നയന്‍സ് കളിക്കണ മികച്ച ടീമായി വാസ്കോ.
കണിമംഗലത്ത് നടന്ന ടൂര്‍ണമെന്റില്‍ വടൂക്കരയുമായുള്ള സെമി ഫൈനലിന്റെ തലേന്ന് വൈകീട്ട് ചന്തയിലെ ചുമട്ടുജോലിയും കഴിഞ്ഞ്, കാലും മുഖവും കക്ഷവും വെള്ളംകൊണ്ട് കഴുകി വൃത്തിയാക്കി അര്‍പ്പിത ബാറിലൊന്ന് കയറിയിരുന്ന് മിനുങ്ങിയെണീറ്റേയുള്ളൂ കരി. ബാറിന്റെ തിരിവില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പൊന്നനങ്ങി. അതിനടുത്തായി ഇരുട്ടില്‍ ബൈക്കില്‍ വന്നിറങ്ങിയ നാലുപേര്‍ പതുങ്ങി. ബാറില്‍നിന്നിറങ്ങി സഖാവ് കൊച്ചനിയന് സ്മാരക രക്തസാക്ഷിമന്ദിരത്തിന്റെ അടുത്തുകൂടെ മിനുങ്ങിയാടി നടന്നുവന്ന കരിയെ വടിവാളേന്തിയ നാല്‍വര്‍ സംഘം വളഞ്ഞു. പെരിഞ്ചേരിക്കാരന്‍ ധർമന്റെ ക്വട്ടേഷന്‍ ടീം.
ആദ്യ അടിതന്നെ മുട്ടുകാലിനായിരുന്നു. അരപ്പൊക്കം ഉയര്‍ന്നു ചാടിമറിഞ്ഞു രക്ഷപ്പെടാന്‍ നോക്കിയെങ്കിലും തലക്കടിച്ച ലഹരിയില്‍ അടിതെറ്റി വീണു. മുട്ടിനുതന്നെയാണ് അടുത്ത അടിയും വെട്ടും വീണത്. ചുറ്റും കൂടിനിന്ന്, മൂര്‍ഖന്‍ പാമ്പിനെ തല്ലിക്കൊല്ലുംപോലെ അവര്‍ കരിയുടെ മുട്ടിനിട്ട് വെട്ടി.
രാത്രികാലത്ത് തൊഴില്‍ ചെയ്യാനായി റോഡിലിറങ്ങി നിന്ന ലൈംഗികത്തൊഴിലാളികളാണ് രക്തം വാര്‍ന്നുകിടന്ന കരിയെ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിച്ചത്. തന്റെ കഴുത്തില്‍ കിടന്ന സ്വർണമാലയും സൂക്ഷിച്ചുവെച്ച സ്വർണവും വിറ്റിട്ടാണ് കരിയുടെ ചികിത്സക്കുള്ള പണം പാറു കണ്ടെത്തിയത്. അവള്‍ക്ക് അയാളും അയാളിലുണ്ടായ മോള് ഷൈലജയും മാത്രമേ സ്വന്തക്കാരായുണ്ടായിരുന്നുള്ളൂ.
ചുമടെടുക്കുന്ന കരിക്കൊപ്പം ഇറങ്ങിത്തിരിക്കുമ്പോള്‍ വെറുമൊരു പതിനേഴുകാരി പെണ്ണായിരുന്നു പാറു. കറുകറുത്ത് സുന്ദരനായ കരിയില്‍ അവള് അനുരക്തയായി. കരുവന്നൂര്‍ പുഴയുടെ അപ്പുറത്തും ഇപ്പുറത്തുമായാണ് അവര്‍ താമസിച്ചിരുന്നത്. പുഴ ഒരു അതിരായിരുന്നു. അതിനപ്പുറവും ഇപ്പുറവുമുള്ളവര്‍ തമ്മില്‍ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. എന്താ കാര്യമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. കാലാകാലങ്ങളായി അതാണ് ശീലം.
വീട്ടുകാർ എതിര്‍ത്തപ്പോള്‍, ഒരു ദിവസം അമ്പലത്തിലേക്കെന്നും പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി അയാള്‍ക്കൊപ്പം അവള് പോന്നു. ഒരമ്പലത്തിലും പോയി താലികെട്ടാതെ, ഒരു കല്യാണ സര്‍ട്ടിഫിക്കറ്റിന്റെയും പിന്‍ബലമില്ലാതെ അവര്‍ ഒരുമിച്ച് ജീവിച്ചു. കരി കിടപ്പിലായപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍ അവളെ വന്നൊന്ന് തോണ്ടി നോക്കി: “ഇനിയവനെ എന്തിനു കൊള്ളാം? അവനെ വിട്ടുപോന്നേക്ക്..!” ഉപദേശിക്കാന്‍ വന്നവരെ പാറു ആട്ടിവിട്ടു. വാസ്കോക്കാര് പിരിവിട്ട് ഇരുപത്തയ്യായിരം രൂപ കൊണ്ടുക്കൊടുത്തു. ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തശേഷം, വീട്ടിലെ കിടക്കയില്‍ കാറ്റുപോയൊരു തോല്പ്പന്തായി കരി കിടന്നു. ആന്റണിയും ശ്രീനിയും അടുത്തു ചെന്നിരുന്നപ്പോള്‍ അവരുടെ കൈ പിടിച്ച് കരി ചോദിച്ചു: “മ്മ്ല്ന്ന് കളി ജെയ്ച്ചാ?” ആന്റണിയുടെ കണ്ണുനിറഞ്ഞു തുളുമ്പി. അയാളുടെ തോളില്‍ കൈ താങ്ങി ശ്രീനി നിന്നു വിതുമ്പി.
കരിയുടെ ചികിത്സക്കായി കടം വാങ്ങി പാറു മുടിഞ്ഞു. വീട്ടുപണിയും കരിയുടെ ശുശ്രൂഷയും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റാതായി. സ്കൂളില്‍ പോകും വരെ ഷൈലജ അപ്പനൊപ്പമിരുന്നു. അവള് സ്കൂളില്‍ പോയാല്‍പ്പിന്നെ അയാളെ നോക്കാനാരുമില്ല. പണിക്ക് പോവുന്നത് നിര്‍ത്തി കരിയെ നോക്കി പാറു വീട്ടിലിരുന്നു. അരി വാങ്ങാന്‍ പണമില്ലാതായപ്പോള്‍ ഗതികെട്ട് സെക്സ് വര്‍ക്കിനു പോയിത്തുടങ്ങി. അതോടെ, അവള് നാട്ടില്‍ ‘വെടിപ്പാറു’ എന്നറിയപ്പെടാന്‍ തുടങ്ങി. മറഡോണ എന്ന് അഭിമാനത്തോടെ കരിയെ വിളിച്ചവരുടെ ചുണ്ടില്‍പ്പോലും വെടിപ്പാറു എന്ന പേരായി പിന്നെ പാട്ട്. നാട്ടിലെ ആണുങ്ങള്‍ക്ക് വെടി പറഞ്ഞു രസിക്കാനൊരു വകയായി.
അതിനെല്ലാം മുമ്പ്, മറഡോണയായി കരി കത്തിനിന്ന കാലത്തൊരു ക്രിസ്മസ് രാത്രിയിലാണ് ഷൈലജ പിറന്നുവീണത്. കാല്‍പ്പന്ത് കിലുങ്ങുന്ന അപ്പന്റെ നെഞ്ചിന്‍കൂടില്‍ കിടന്നു കെട്ടിമറിഞ്ഞാണവള് വളര്‍ന്നുവലുതായത്. അപ്പനൊപ്പമാണ് അവള് ആദ്യമായി പന്ത് തട്ടിക്കളിച്ചത്. വെട്ടുകിട്ടി അപ്പന് കിടപ്പിലായിട്ടും അവള് പന്തുകളി വിട്ടില്ല. വള്ളിനിക്കറുമിട്ട് ആമ്പിള്ളേരോടൊപ്പം പന്തുകളിച്ചു നടന്ന അവളെ പാറു ശാസിച്ചു: “അകത്തോട്ട് കയറി വല്ല നാമോം ജപിച്ചിരിക്കെടീ സന്ധ്യക്ക്... തന്തയെപ്പോലെ പന്തും കളിച്ച് നടക്കാണ്ട്...”
ഷൈലജ അതൊന്നും കൂട്ടാക്കിയില്ല. അപ്പനെപ്പോലെ അവളും പന്തുകളിയിലേക്ക് മുന്നുംപിന്നും നോക്കാതെ കൂപ്പുകുത്തി വീണു. ആണഹന്തകളെ കൂസാതെ മൈതാനങ്ങളില്‍ നിറഞ്ഞു; ഗോള്വലകള് കുലുക്കി. കുണ്ടാട്ടിയില് നടന്ന ഓള് കേരള ഫുട്ബോള്‍ ടൂര്ണമെന്റിനിടയിലെ പെണ്ണുങ്ങളുടെ പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ മറഡോണയെപ്പോലെ ഡിഫന്‍ഡര്‍മാരെയെല്ലാം വെട്ടിച്ച് തുരുതുരാ ഗോളടിച്ചതോടെ അവള്‍ക്കും മറഡോണയെന്ന വിളിപ്പേര് വീണു.
“അപ്പനെപ്പോലെ മോളുമൊര് മറഡോണന്നെ!”
നാട്ടാര് തല കുലുക്കി സമ്മതിച്ചു. നോട്ടുമാലകള്‍ കൊണ്ടുമൂടി അവരവളെ വീര്‍പ്പുമുട്ടിച്ചു. നാട്ടിലിത്തിരി സല്‍പ്പേരും ഗമയുമൊക്കെ അവള്‍ക്ക് വന്നുചേര്‍ന്നു. എന്നിട്ടും പഠിക്കുന്ന സ്കൂളിലെ ടീച്ചര്‍മാര്‍ക്ക് അവളെയങ്ങട് അത്രക്ക് പിടിച്ചില്ല. എത്ര നന്നായി പഠിച്ചിട്ടും അവരവളെ ക്ലാസിലെഴുന്നേല്പ്പിച്ച് നിര്‍ത്തി, കുടുംബത്തിന്റെ അവസ്ഥ പറഞ്ഞ് കുത്തിനോവിച്ചുകൊണ്ടിരുന്നു. അതിന്റെ വാശിക്കെന്നോണം കുത്തിയിരുന്ന് നന്നായി പഠിച്ചാണ് അവള് എല്ലാ ക്ലാസിലും ഒന്നാമതായത്.
ഒമ്പതില്‍ പഠിക്കുമ്പോള്‍ 600ല്‍ 575 മാര്‍ക്കാണ് അവള്‍ക്ക് കിട്ടിയത്. ക്ലാസില്‍ ഒന്നാം സ്ഥാനം. എന്നാല്‍, സമ്മാനം കൊടുക്കുന്ന ദിവസം, ഷൈലജയുടെ പേര് വിളിച്ചപ്പോള്‍ അവളെ മാത്രം കണ്ടില്ല. ഒപ്പം പഠിച്ചിരുന്ന ബോണ്ട ഷാജിയാണ്, പാടത്ത് ഫുട്ബോള്‍ കളിച്ചുനിന്ന അവളെ സൈക്കിളിലിരുത്തി സമ്മാനവേദിയിലെത്തിച്ചത്.
ഒരു മഷിപ്പേനയും സ്വാമി വിവേകാനന്ദനെ കുറിച്ചൊരു പുസ്തകവുമായിരുന്നു സമ്മാനം. ചുമലില്‍ തട്ടി അഭിനന്ദിച്ചപ്പോള്‍ സ്ഥലം എം.എല്‍.എ രാഘവന് മാസ്റ്റര്‍ അവളോട് പറഞ്ഞു: “പഠിച്ച് മിടുക്കിയാവണം. നമുക്കുള്ള സമ്മാനങ്ങള്‍ കണക്ക് പറഞ്ഞു വാങ്ങണം. എന്തേ സമ്മാനം വാങ്ങാനെത്താഞ്ഞേ?” അവളൊന്നും പറയാതെ ഫിലോമിന ടീച്ചറുടെ മുഖത്തേക്കൊന്ന് നോക്കി. കുശുമ്പുകൊണ്ട് തല മൂടി അവളുടെ നോട്ടത്തില്‍ നിന്നുമൊളിച്ച് ടീച്ചര്‍ നിന്നു.
ലോകകപ്പ് വന്നപ്പോള്‍ വാസ്കോക്കാര് പിരിവിട്ട് നാട്ടിലെ ലൈബ്രറി മുറ്റത്ത് ടെലിവിഷന്‍ സെറ്റ് ഒരുക്കി. ജനാധിപത്യം പുലരുന്ന മധുരമനോഹര വിഹായസ്സാണ് കാല്‍പ്പന്തുകളി. കക്ഷിരാഷ്ട്രീയ ഭേദമന്യെ നാട്ടുകാര്‍ ലോകകപ്പ് ഫുട്ബോള്‍ കണ്ടു. പാടത്തെ ചേറിലും കുണ്ടാട്ടിയിലും പള്ളിപ്പറമ്പിലും വിജയിച്ചു കപ്പെടുത്ത് വന്ന പോലത്തെ ആവേശത്തില്‍, റോട്ടിലപ്പടി മാലപ്പടക്കം പൊട്ടിച്ച് അര്ജന്റീനക്കും ബ്രസീലിനും വേണ്ടി പിള്ളേരാര്ത്തു: “ന്റെ കളി, മ്മ്ടെ കളി, പന്തുകളി സിന്ദാബാദ്!” അപ്പോഴേക്കും ആരോ ഒരു പാട്ടുണ്ടാക്കി. വേറൊരുത്തനത് ഈണത്തില്‍ പാടി.
“ആരാന്റപ്പന് കോരപ്പന്
ആരാകിലെന്ത് വീരപ്പന്
തട്ട് പന്ത് മുട്ട് പന്ത്
തട്ടിത്തട്ടി വേള്‍ഡ് കപ്പ്
ഹിയ്യോ ഹയ്യോ ഹയ്യയ്യോ
ഹിപ്പപ് ഹുറെയ്, ഹിപ്പപ് ഹുറെയ്!”
കാല്‍പ്പന്തുകളിയില്‍ കേമിയായി, മറഡോണയായി നാടുചുറ്റാന്‍ പോയിത്തുടങ്ങിയതിനു ശേഷം, സെക്സ് വര്‍ക്ക് നിര്‍ത്തി പണിക്ക് പോകാന്‍ ഷൈലജ അമ്മയെ ഉപദേശിച്ചു. അവള് പറഞ്ഞത് അമ്മയുടെ ഉള്ളില്‍ത്തട്ടി. അമ്മക്ക് നൊന്തു. അമ്മയെന്ന വേഷം അഴിച്ചുവെച്ച് പാറുവായി കരഞ്ഞു.
“പണിക്കാണ്ടീ ആദ്യൊക്കെ പോയത്. പണി കിട്ടാനും കൂടെക്കിടക്കണംന്നായി... ദാ ആ കെടക്കണ മനുഷ്യന്റെ പേരും പറഞ്ഞ് സഹായിക്കാന്‍ വന്നോരോടൊപ്പവും കിടക്കേണ്ടിവന്നു. എന്നാ പിന്നെ അതന്നെ തൊഴിലാക്കാന്ന് വെച്ചു... നിന്നെ പോറ്റിവളര്ത്തണ്ടേ...”അവള് അമ്മയെ പൂണ്ടടക്കംപിടിച്ചു. നെഞ്ചിലൊരു ഉരുകുന്ന കാല്പ്പന്തായി അമ്മ അവളിലേക്കുരുണ്ടുകൂടിച്ചേര്ന്നു.
പന്തുകളിച്ച് നാലു കാശുണ്ടാക്കാനുറച്ചെങ്കിലും നാട്ടില്‍ പെണ്ണുങ്ങള്‍ക്കായി മത്സരങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ടും കല്‍പ്പിച്ചാണ്, അപ്പന്റൊപ്പം കളിച്ചിരുന്ന ലാലേട്ടനൊപ്പം വേഷം മാറി ആണുങ്ങളുടെ സെവന്‍സ് ഫുട്ബോളില്‍ മാറ്റുരക്കാനായി അവള് മലപ്പുറത്തേക്ക് സഞ്ചരിക്കുന്നത്. “നെഞ്ചില്‍ തോര്‍ത്ത് നല്ലോണം ചുറ്റിക്കെട്ടിക്കോ,” ലാലേട്ടന് ഉപദേശിച്ചു. അവളത് അനുസരിച്ചു.
തല മൊട്ടയടിച്ച്, പത്താം നമ്പര്‍ ജേഴ്സിയുമണിഞ്ഞ് ഷൈജനെന്ന പേരിലവള്‍ സെവന്‍സില്‍ അരങ്ങേറി. ആദ്യ മത്സരത്തില്‍തന്നെ അവളെ മലപ്പുറം ഏറ്റെടുത്തു. പെനാല്‍റ്റി ബോക്സിന്റെ വലത്തേമൂലയില്നിന്നും ഇടംകാലുകൊണ്ട് അവള് തൊടുത്ത അടി തിരിഞ്ഞ് വാഴപ്പഴംപോലെ വളഞ്ഞ് ഗോള്‍ വലയത്തിനുള്ളില്‍ പതിച്ചപ്പോള്‍ നോട്ടുമാലകള്‍ പൊട്ടിച്ചെറിഞ്ഞ് പുരുഷാരം ആര്‍ത്തു.
മൈതാനത്ത് ഏതാണിനൊപ്പവും കട്ടക്കു നിന്നു കളിക്കാന്‍ പോന്ന ഒത്ത പെണ്ണായിരുന്നു അവള്. ഒരിക്കല്‍ പൊന്നാനി ഹീറോസിനു വേണ്ടി കളിക്കാനിറങ്ങിയപ്പോഴാണ് അവളെ എതിര്‍ടീമുകാര്‍ ശരിക്കും വളഞ്ഞിട്ടത്. ആഫ്രിക്കന്‍ താരങ്ങളും മലപ്പുറത്തെ മൊഞ്ചന്മാരും ചേര്‍ന്ന് അവളെ ഇടംവലം തിരിയാന്‍ കൂട്ടാക്കാതെ പൂട്ടി.
പന്തു കിട്ടിയപ്പോള്‍ ഇരുകാലിലും കോര്‍ത്ത് തലക്ക് മുകളിലൂടെ മറിച്ചിട്ട്, വലംകാലു കൊണ്ടൊന്ന് വെട്ടിച്ച്, പിന്നെ ശരീരംകൊണ്ടൊന്ന് വട്ടം തിരിഞ്ഞ്, ഇടംകാലിന്റെ മടമ്പുകൊണ്ടൊന്ന് തട്ടി, ആറ്റിലെ ചുഴി പോലൊന്ന് കറങ്ങിക്കറങ്ങി അവളാ ആണ്കൂട്ടത്തിനിടയിലൂടെ പന്തുമായി വെട്ടിച്ചു കയറി, മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന മെസ്സി മുഹമ്മദിന് എത്തിച്ചുകൊടുത്തു. ഇടംകാലില്‍ പന്തെടുത്ത് വലം കാലുകൊണ്ട് ലക്ഷ്യം കണ്ടാര്ത്തുവിളിക്കുമ്പോള് കൂട്ടത്തില്‍നിന്നും മാറിനിന്നു കൈയടിച്ച മറഡോണയിലേക്ക് അത്ഭുതം കൂറിക്കൊണ്ടയാള് നോക്കി. മഞ്ചേരീലെ മൈതാനത്ത് വെച്ചാണ് ക്ലബ് മാനേജര്‍ അഹ്മദിന്റെ വയനാട്ടില്‍നിന്നുള്ള സുഹൃത്ത് എബിയെ അവള് കണ്ടുമുട്ടിയത്. കറുത്തുനീണ്ട കണ്പീലികളും നെഞ്ചിലാകെ മൈലാഞ്ചിക്കാടും വളര്‍ന്നുനില്‍ക്കുന്നൊരു മൊഞ്ചന്‍.
നെഞ്ചത്തെ തോര്‍ത്ത് വലിച്ചുമുറുക്കി കെട്ടി, പൊന്തക്കാടിനുള്ളില്‍ നൂഴ്ന്നു കയറിയിരുന്ന് മൂത്രമൊഴിക്കുകയായിരുന്നു അവള്. പൊന്തക്കാടിനപ്പുറത്തുനിന്ന് സിനിമാപ്പാട്ടും മൂളി മൂത്രമൊഴിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു അയാള്‍. ശബ്ദം കേട്ട് പാമ്പെങ്ങാനുമായിരിക്കുമോ എന്നു പേടിച്ചാണ് രണ്ടാളും പൊന്ത പൊക്കി നോക്കിയത്. ഇരുവരുടെയും കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടിയപ്പോള്‍ മാനത്തല്ല അവരുടെ ഇടനെഞ്ചിലാണ് ഇടിവെട്ടിയത്. ആദ്യനോട്ടത്തില്‍തന്നെ അവളുടെ ഖല്‍ബിലൂടെ ദുല്‍ഖര്‍ സല്മാന് ബുള്ളറ്റോടിച്ചു പോയി. അയാളുടെ കണ്ണവളുടെ കരളും പിളര്‍ന്ന് അഴിഞ്ഞ തോര്ത്തിനുള്ളിലെ മുലപ്പടര്പ്പില് തെന്നിവീണു.
അതിനുശേഷം, മലപ്പുറത്തേക്കും തിരിച്ച് തൃശ്ശൂര്ക്കും എത്രയെത്ര പ്രണയരഥയാത്രകള് നടന്നു. എത്രയെത്ര വ്രണിതകാമുകഹൃദയങ്ങളതില് തകര്‍ന്നുവീണു.
ഫോണിലൊരു പ്രണയക്കലമ്പലായി ഷൈലജ കാമുകനെ വിളിച്ചു: “എബിക്കുട്ടാ...”
എബി വിളികേട്ടു: “മറഡോണേ...”
“പോ അവ്ട്ന്ന്...”
അവള്‍ക്ക് നാണമായി.
“പ്രേമത്തിന് കണ്ണും മൂക്കുമില്ലാന്ന് പറേണ്ത് നേരാണാ? ഇജ്ജ് പറ...,” എബി കൊഞ്ചി.
“എന്തൂട്ട് തേങ്ങേടെ മൂട്ണ് പറേണ്ത്? പ്രേമം അവലോസുണ്ടയാണാ?”
“അമ്മായമ്മേടെ അവലോസുണ്ടയാ? മൊയന്ത്!”
“മൊയന്ത് നെന്റെ അപ്പന്.”
“അല്ല നിന്റപ്പന് കരി.”
“അല്ല... നിന്റെ...”
“എന്റെ?”
“നിന്റെ പെണ്ണ്!”
“ആര്? മറഡോണയാ?”
രാത്രി അവള് ഉറക്കെയുറക്കെ ചിരിക്കണതു കേട്ട പാറു എണീറ്റ് ചെന്നു.
“പാതിരാത്രിയാണോടീ നെന്റെ കൊഞ്ചലും കൊഴയലും...”
പാറു കലമ്പിയിട്ടും അവരുടെ പാതിരാശൃംഗാരത്തിന് കുറവൊന്നുമുണ്ടായില്ല. പണിയെടുത്ത് വയ്യാണ്ടായി പാടത്ത് ഹൃദയംപൊട്ടി മരിച്ചുവീഴുംവരെ അമ്മയും മോളും തമ്മിലുള്ള കലമ്പല്‍ തുടര്‍ന്നു. അമ്മയില്‍നിന്നും വിട്ടുമാറി പരന്നൊഴുകിയൊരു സാഗരമായി ലോകം മുഴുവന്‍ കീഴടക്കാനാര്ത്തിയാര്ന്ന് അവള് കുതിച്ചു.
പണിയൊഴിഞ്ഞാലും ഇല്ലെങ്കിലും ലീവെടുത്താണെങ്കിലും വാരാന്ത്യത്തിന് ഫാസ്റ്റ് ബസ് പിടിച്ച് ഷൈലജ ടൗണിലെത്തി. വയനാട്ടില്‍നിന്ന് എബിയും തൃശ്ശൂര്‍ക്ക് വണ്ടികയറി. ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാൻഡിന്റെ പിന്നില്‍ കൊക്കാല റോട്ടിലൊരു കൊച്ചു ചായപ്പീടികയുണ്ട്. അവിടത്തെ കാലൊടിയാറായ ബെഞ്ചില്‍ മുട്ടിയുരുമ്മിയിരുന്ന് അവര്‍ ഇഡ്ഡലിയും സാമ്പാറും കഴിച്ചു. കെട്ടിപ്പിടിച്ചുമ്മ വെക്കുംവിധം പരസ്പരം വാരിക്കൊടുത്തു.
വടക്കേ സ്റ്റാൻഡിനടുത്തുള്ള ശക്തന് തമ്പുരാന് മ്യൂസിയത്തിനുള്ളില്‍ പൊടിപിടിച്ചിരിക്കുന്ന രാജാക്കന്മാര്ക്കു മുന്നിലൂടെ കൈയില്‍ കൈകോര്‍ത്ത്, മെയ്യില്‍ മെയ് ചേര്‍ത്ത്, കരളില്‍ കരള്‍ നെയ്ത് അവര്‍ നടന്നു. രാഗത്തിൽ നൂണ്‍ഷോക്ക് കയറി. ഉച്ചപ്പടങ്ങളുടെ രതിച്ചൂടില്‍ ഉരുകിയൊലിച്ചിരുന്ന ആണുങ്ങളെ കൂസാതെ കാഴ്ചകളുടെ ഒരറ്റത്ത് അവര്‍ അവരുടെ ഉടുതുണിക്കിടയിലേക്ക് കൈകള്‍ വലിച്ചെറിഞ്ഞു.സിനിമ കണ്ടിറങ്ങി, എം.ജി റോഡിലുള്ള കുടുംബശ്രീ ചേച്ചിമാരുടെ കാന്റീനിലെ മീന്‍ വറുത്തതും ഊണും വയറുനിറയെ കഴിച്ചു.
കോട്ടപ്പുറം റോഡില്‍നിന്നും അലഞ്ഞുതിരിഞ്ഞ് വട്ടംചുറ്റി ഷൊർണൂര്‍ റോഡിലെത്തി പിന്നെയേതോ കണ്ണില്‍ക്കണ്ട ഇടവഴിയിലൂടൊക്കെ നടന്ന്, റെയിൽവേ പാളത്തിന്റെ വിജനത താണ്ടി പൂങ്കുന്നം വരെ ചുറ്റിവളഞ്ഞ് അവര്‍ പ്രണയിച്ച് നടന്നു.
അടുത്ത വാരാന്ത്യത്തില്‍, രാവിലെ ആറിനുള്ള പാസഞ്ചറില്‍ അവള് കോഴിക്കോട്ടേക്ക് പോയി. വയനാടന്‍ മലയിറങ്ങി ബൈക്കില്‍ ചെത്തി വന്ന് അവളെക്കാത്ത് സ്റ്റേഷനില്‍ എബി നിന്നു. അവനെ കാണുമ്പോള്‍തന്നെ അവള്‍ക്ക് വായില്‍ വെള്ളമൂറി. “മൊഞ്ചന്‍!” അവള് മനസ്സില്‍ പറഞ്ഞു. മനക്കോട്ട കെട്ടി ഉടുതുണിയൂരി അവനെ നഗ്നനാക്കി കാമിച്ചു. റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയുടെ രുചിയാണ് അവനെന്നാണ് അവളവന്റെ കാതില്‍ പറഞ്ഞത്. അതില്‍ സുഖിച്ച് അവനവളുടെ കിനാവിലെല്ലാം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു. വെള്ളവും വളവുമിട്ടു. മണത്തും മുത്തമിട്ടും ആനന്ദിച്ചു.
തോര്‍ത്തുകൊണ്ട് കെട്ടിപ്പൂട്ടിവെക്കാന് പറ്റാത്തവിധം പ്രണയക്കനത്തില് മാറിടം വളര്‍ന്നപ്പോഴാണ് ആണ്‍വേഷം കെട്ടി സെവന്‍സ് കളിക്കാന്‍ പോകുന്നത് നിര്‍ത്തുന്നതിനെപ്പറ്റി അവള് ആലോചിച്ചത്. അതുകേട്ടപ്പോള്‍ എബിക്ക് വിഷമം തോന്നി. നഗ്നയായി ആകാശം നോക്കി മലര്‍ന്നു കിടക്കുന്ന അവളുടെ നെഞ്ചിലമരാനായിരുന്നു അയാള്‍ക്ക് മോഹം. അവളൊരു പെണ്ണായി ഉണര്‍ന്നുകിടക്കുമ്പോള്‍ എന്തിനെന്നറിയാതെ അയാളുടെ ഉള്ളൊന്ന് കാളി. അയാള്‍ക്ക് വല്ലാത്ത വിഷമം വന്നു.
“ഇനി നിന്നെ മറഡോണയായ് ഞാനെപ്പ കാണും?”
“ന്താ നെന്റെ ഉദ്ദേശ്യം? മര്യാദയ്ക്ക് വേറെ പെണ്ണുകെട്ടി ജീവിച്ചൂടെ നെനെക്ക്?”
ഷൈലജ അതു ചോദിച്ചപ്പോള്‍ എബിക്കു നൊന്തു.
“അപ്പോ ജ്ജ് ന്താ കരുത്യേക്ക്ണ്? നിനക്ക് ന്നെ കെട്ടണ്ടേ?”
“പ്രേമിച്ചാ കെട്ടാനിതെന്താ വെള്ളരിക്കാപട്ടണാ?”
“ഇജ്ജ് പറയണതൊന്നും നിക്ക് തിരിയണില്ല!”
“മോനേ എബിക്കുട്ടാ, നെന്റെ സ്വർഗത്തിലെ മാലാഖയാവാന്‍ വേറെയും പെണ്ണുങ്ങളെ കിട്ടും. എന്റെ കിനാവിലെ ഗന്ധർവനാകാനും വേറെയും ചെക്കന്മാര് വരും. പന്തു തട്ടിക്കളിച്ചങ്ങനെ പോണം ജീവിതം...”
“അപ്പ ഈ ജീവിതത്തീ റെഡ് കാര്‍ഡ് കാണിക്കണ റഫറീല്ലേ ബലാലേ?”
എബി കരഞ്ഞപ്പോള്‍ അവള് പൊട്ടിപ്പൊട്ടിച്ചിരിച്ചു.
“കെട്ടിത്തീര്ക്കാനുള്ള പൊട്ടത്തരമല്ല പ്രേമം. നീ വേറെ പോയാലും നീയൊരിക്കലെന്റെ ഖല്ബായിരുന്നെന്ന ഓർമക്കുറിപ്പ് മാത്രാണത്.”
“ന്റെ ബലാലേ... ഇതൊരു പുലിവാലായല്ലാ...”
അവള് തെല്ലഹങ്കാരത്തോടെ പൊട്ടിച്ചിരിക്കുന്നതു കണ്ട എബി ഒരു നിമിഷമൊന്ന് ഗൗരവം പൂണ്ടു.
“നിക്ക് നിക്ക് ... എന്നാ ഇന്നോടൊരു കാര്യം ഞാ പറേട്ടേ...”
“പറ...”
“നീ വിഷമിക്കരുത്...”
“ഇല്ല. പറ...”
“ഇന്റെ അപ്പന് മറഡോണേല്ലേ...”
“ഇണ്ട്. മുട്ടിന് വെട്ടുകിട്ടി കിടപ്പിലാ...”
“ന്നാ ഞാനൊരു സത്യം പറയാ...”
“ന്ത് സത്യം?”
“അത്... അത്...”
“എന്തൂട്ടാണ്ടാ? പറഞ്ഞ് തൊലയ്ക്ക്...”
“അന്ന് നിന്റപ്പനെ കാച്ചാന്‍ ക്വൊട്ടേഷന്‍ ബാങ്ങി വന്നിന ടീമില്‍ ഇന്റെ അപ്പനും ണ്ടാര്ന്ന്...”
“ന്ത്?”
“നിന്റപ്പന് മറഡോണേനെ വെട്ടാന്‍ ക്വൊട്ടേഷന്‍ കൊടുത്തോരിലൊരാള് ഇന്റപ്പന് കുര്യാക്കോസാ ... ഒപ്പം പോയി വെട്ടൂം ചെയ്ത്... ന്ന്ട്ട് നാടുവിട്ടോടി വയനാട്ടില്ക്കി പോയ്... അപ്പന് ചത്തിട്ട് കൊല്ലം കൊറെയായി. ഫുട്ബോള്‍ പ്രാന്തനാര്ന്ന്... മരിക്കാന്‍ കാലത്ത് ഇതുംപറഞ്ഞ് കര്‍ത്താവിനെ വിളിച്ച് കരയ്വാര്ന്ന്...”
പെട്ടെന്നൊന്നും തന്നെ പറയാനവള്‍ക്ക് തോന്നിയില്ല. സാവകാശം ശ്വാസം ഉള്ളിലേക്കാഞ്ഞുവലിച്ചെടുത്തു. എന്നിട്ട് മെല്ലെ പറഞ്ഞു: “നീ പറഞ്ഞത് സത്യാണേ... നീയെന്റെ മടീലിപ്പോ കിടപ്പുണ്ടേ കത്തിരപ്പൂട്ടിട്ട് പൂട്ടി നെന്റെ തൊണ്ടക്കുഴീലെ ശ്വാസം ഞാനെടുത്തേനെ...”
അതിനുശേഷം കുറേനാളെത്തേക്ക് അവര്‍ തമ്മിലൊരിക്കല്പ്പോലും കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. ഫോണിലുണ്ടായിരുന്ന അവന്റെ ഫോട്ടോകളെല്ലാം അവളും, അവളുടെ ഫോട്ടോകളവനും മനസ്സിലിട്ട് എരിച്ചുകളഞ്ഞു. പിന്നെ ഒരു കുലുക്കി സർബത്ത് കുടിച്ച് ഏമ്പക്കം വിടുന്ന ലാഘവത്തോടെ ഉള്ളു നനച്ച് സ്വന്തം ജീവിതത്തിലെ ഊടുവഴികളിലൂടെ എങ്ങോട്ടെന്നില്ലാതെ വെറുക്കനെ നടന്നുപോയി.
ഷൈലജക്കുള്ള മനക്കരുത്ത് എബിക്കുണ്ടായില്ല. അത്രപെട്ടെന്നൊന്നും അവളെ മറക്കാനയാള്ക്കായില്ല. അപ്പന്റെ കല്ലറയില്‍ മുട്ടുകാലില്‍നിന്ന് “അപ്പനെന്ത് അപ്പനാപ്പാ... എന്തിനാ കരി ബാലന്റെ കാല്‍മുട്ട് തല്ലിയൊടിച്ചേ?” എന്നയാള്‍ കരഞ്ഞുവിളിച്ചു.
കല്ലറക്കുള്ളില്‍നിന്നും സിസര്‍ കട്ടടിക്കാനെന്നപോലെ ചാടിമറിഞ്ഞെണീറ്റു വന്ന് കുര്യാക്കോസപ്പന് എബിയെ ഞോണ്ടി: “ഓട്റ ചെക്കാ, പെണ്ണിനെ കിട്ടാണ്ട് കരയുന്നോടാ... എത്ര പെണ്ണിനെ കിട്ടോടാ നിനക്കീ നാട്ടില്‍... ഒപ്പം കെടന്നിട്ടും ഓളോട്ള്ള പൂതി മാറീല്ലേടാ ഇനീം...?”
“ഇല്ലപ്പാ... ഓള് മറഡോണല്ലേ... എത്ര കാലം കഴിഞ്ഞാലും ശരി മറഡോണേനെ മ്മ്ക്ക് മറക്കാന്‍ പറ്റ്വോ?”
അന്നു രാത്രി, ഷൈലജയുടെ കിടപ്പുമുറിയുടെ ജനാലക്കല്‍ ഒരു ചെന്താരകമായി എബി ഉദിച്ചുയര്‍ന്നു. അയാളുടെ കരച്ചിലും പിഴിച്ചിലും കേട്ട് കണ്ണുതുറന്ന അവള്, പറമ്പിനു പുറകിലെ പാടവരമ്പത്തെ നിലാവെളിച്ചത്തിലേക്ക് അയാളെ ആനയിച്ചു കൊണ്ടുപോയി. നിലാവത്ത് അഴിച്ചിട്ട കോഴികളായി അവര്‍ ഇരുവരും പുണര്ന്നുണര്ന്ന് രാവേറുംവരെ വര്‍ത്തമാനം പറഞ്ഞിരുന്നു. അതിനുശേഷം മുതിര്‍ന്നവരുടേതായ വിനോദങ്ങളിലേക്ക് മെല്ലെ ആഴ്ന്നിറങ്ങി.
“ഇന്റപ്പനോട് പൊറുക്കണം മറഡോണേ... പൊ...റു...ക്ക...ണം...,” ആനന്ദിച്ചാറാടി എബി പിറുപിറുത്തപ്പോള്‍ അവള് അയാളെ തന്നിലേക്കണച്ചു പിടിച്ചു.
പള്ളിമൈതാനത്തു നിന്നും അപ്പോള്‍ കര്‍ത്താവിന്റെ വിസിലടിയുയര്ന്നു. പന്തുകളി അവസാനിച്ചിരിക്കുന്നു. ശത്രുക്കളും മിത്രങ്ങളുമില്ലാത്ത കളി. എന്നിട്ടും അതിലെങ്ങനാണോ രക്തപ്പുഴയൊഴുകി ഇഴുകിച്ചേര്ന്നതെന്നറിയില്ല!
എബി പിന്നെ അവളെത്തേടി പലതവണ വരുകയും, അവര്‍ ഒരുമിച്ച് കൊയ്ത്തൊഴിഞ്ഞ കോള്‍പ്പാടത്തേക്ക് രാത്രിസഞ്ചാരം നടത്തുകയും ചെയ്തു. ഇത് പ്രണയമാണോ, അതോ കാമമോ എന്നു സംശയം തോന്നുന്ന നാട്ടുകാരോടും വായനക്കാരോടുമായി മറഡോണ ഇത്തരത്തില്‍ പ്രസ്താവിച്ചു: “ഇത് ഞങ്ങടെ ജീവിതമാണ്!” അതിനപ്പുറം ആര്‍ക്കും ഒന്നും പറയേണ്ടിവന്നില്ല.
എത്ര ദൂരെപ്പോയാലും അവളെന്നും വൈകീട്ട് തിരക്കിട്ട് വീട്ടിലേക്ക് തിരികെ വന്നു. എബിക്കൊപ്പം കോഴിക്കോട് കറങ്ങാന്‍ പോകുന്ന ദിവസങ്ങളില്‍ അയലത്തെ തേവിത്തള്ളയോട് പറഞ്ഞവള്‍ അപ്പനുള്ള ഭക്ഷണമെത്തിച്ചു. സ്വന്തമെന്നപോലെ തന്നെയാണ് തേവിത്തള്ള കരിയെ നോക്കിയത്. നല്ല മാര്‍ക്കോടെ എം.കോം പാസായിട്ടും ഷൈലജക്ക് ഒരിടത്തും ജോലി കിട്ടിയില്ല. “നെനക്ക് ഞാന്‍ ജോലി ശരിയാക്കിത്തരാടീ,” എന്ന് ചുമലില്‍ കൈവെച്ച് അശ്ലീലച്ചുവയോടെ പറഞ്ഞ സഹകരണ ബാങ്കിലെ സെക്രട്ടറിയുടെ കരണത്ത് കൈപ്പത്തി ചിഹ്നത്തിലാണവള് ആഞ്ഞടിച്ചത്. അരിവാള്‍ ചുറ്റിക നക്ഷത്രമായി നിലത്ത് മലര്‍ന്നടിച്ച് ബോധമില്ലാതെ അയാള്‍ വീണുകിടന്നു.
അന്നുമുതലാണ് അവളുടെ ശനിദശ തുടങ്ങിയതെന്നാണ് വനജ കുടുംബശ്രീ യൂനിറ്റിലെ സംസാരം. എന്നിട്ടും അവള്‍ക്ക് ഒരു കുലുക്കവുമില്ലത്രേ.
“അവളൊന്ന് കണ്ണടച്ചാ ബാങ്കിലെ തൂപ്പുജോലി കിട്ടില്ലാര്ന്നോ?”
സരസു പറഞ്ഞതു കേട്ട് സെലീമക്ക് കലി വന്നു.
“വല്യ പഠിത്തത്തിനു പോയ പെണ്ണാണ്. തൂപ്പുജോലിയാണാ അവള്‍ക്ക് കൊടുക്ക്വാ?”
“പിന്നെ കളക്റ്ററുദ്ദ്യോഗം കിട്ട്വേരിക്കും...”
സരസുവിനത് പിടിച്ചില്ല. ഷൈലജയെ ഒന്നു ചൊറിയാന്‍ വിചാരിച്ച് അവള് ചോദിച്ചു: “ഒന്ന് ഒതുങ്ങി നിന്നു കൊടുക്കാര്ന്നില്ലേടീ? സെക്രട്ടീനെ കാണാനും കൊള്ളാലൊ...” കൈയിലിരുന്ന കുപ്പി ഗ്ലാസ് തലക്കു നേരെ വീശി ഷൈലജ കലിതുള്ളി. സെലീമ മാത്രം ഷൈലജക്കൊപ്പം നിന്നു. ഗത്യന്തരമില്ലാതെയാണ് മാധവന് മാഷുടെ സഞ്ജീവനി ട്യൂട്ടോറിയല്‍ കോളജില്‍ ഷൈലജ പഠിപ്പിക്കാന്‍ പോയിത്തുടങ്ങിയത്. അതില്‍നിന്നും കിട്ടുന്നതുകൊണ്ട് വീട് കഴിഞ്ഞുകൂടി.
സെവന്‍സ് ഫുട്ബോളില്‍നിന്നും വിരമിച്ച ശേഷം, ഫുട്ബോള്‍ കളിക്കാന്‍ താൽപര്യമുള്ള പെണ്‍കുട്ടികളെ കണ്ടെത്തി അവര്‍ക്കായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലായി ഷൈലജയുടെ ശ്രദ്ധ. അപ്പോഴേക്കും നാട്ടിലും ടെലിവിഷനിലും പുതിയ ഹീറോസ് പിറന്നുകഴിഞ്ഞിരുന്നു.
“മെസ്സി വന്നാലും മറഡോണ മറഡോണല്യാണ്ടാവോ?”
കരിയുടെ വിശേഷം തിരക്കി പഴയ തലമുറയിലെ തന്തമാര് വല്ലപ്പോഴുമൊക്കെ വന്നുകൊണ്ടിരുന്നു. “ഓര്മ്മേണ്ട്വോ? അന്ന് കുണ്ടാട്ടീല് അടിച്ച സിസര്‍ കട്ട് ഗോള്‍?” അവരിലാരെങ്കിലും മുറുക്കിച്ചുവപ്പിച്ച ചുണ്ടൊന്ന് നനച്ച് ചോദിക്കുമ്പോള്‍ കരി അന്തംവിട്ടിരിക്കും.
കരിയുടെ ഓർമ കുറേശ്ശയായി നശിച്ചുകൊണ്ടിരുന്നു. ശരീരത്തില്നിന്നെന്നപോലെ മനസ്സില്‍നിന്നും ഒരു പന്തൊഴിഞ്ഞു പോയിരിക്കുന്നു. എന്നിട്ടും മുളവടിയില്‍ തൂങ്ങി ഞൊണ്ടി പാടം താണ്ടി പുഴയോരത്ത് പോയി കുത്തിയിരിക്കും. “എന്താണ്ടാ കരീ, കളിക്കാനിറങ്ങണ്ടേ,” എന്നാരേലുമൊക്കെ കളിയായി ചോദിക്കുമ്പോള്‍ ഓർമ നശിച്ച വെറും ശരീരമായി ചിരിക്കാന്പോലുമാവാതെ കരി അവരെ തുറിച്ചുനോക്കി.
നിലാവുള്ള ഒരു രാത്രി, മുറ്റത്തിരിക്കവെ മോളായ മറഡോണ അപ്പനായ മറഡോണയെ കെട്ടിപ്പിടിച്ച് എന്തോ ഓര്‍ത്ത് കരഞ്ഞു. അമ്പിളിമാമനും നക്ഷത്രക്കുഞ്ഞുങ്ങളും മാനത്തെ മൈതാനത്തതു കണ്ട് പന്ത് തട്ടിക്കളിക്കുന്നതു നിര്‍ത്തി അവരെ നോക്കി. അപ്പന്റെ തലയില്‍ തലോടിക്കൊണ്ട് അവള് പറഞ്ഞു: “അപ്പാ എനിക്ക് എബിയെ ഇഷ്ടാ...”
“തന്താരുടെ കുടിപ്പകയ്ക്ക് മക്കളെന്ത് പെഴച്ചൂല്ലേ? നെന്റെ ഇഷ്ടാ അപ്പന്റേം ഇഷ്ടം. നെനക്കും ഒരാണ്‍തുണ വേണ്ടേ?”
അപ്പനതു പറഞ്ഞപ്പോള്‍ പള്ളിമൈതാനത്തിന്റെ ഇടത്തേ മൂലക്കുനിന്നുമൊരു കോര്‍ണര്‍ കിക്കായി പറന്നുവന്ന പന്തിലവര് ഒരുമിച്ച് തല വെക്കാനായി ചാടി. തലക്കു മുകളിലൂടെ പറന്ന പന്തിലാരുടെ ൈകയായിരിക്കും ദൈവത്തിന്റെ കരമായി അനുഗ്രഹം ചൊരിയുകയെന്നോര്ത്ത് കാണികള്‍ കൗതുകം കൂറിയിരുന്നു.
“അപ്പാ ഒരാണിന്റെ തുണയും വേണ്ടെനിക്ക് ജീവിക്കാന്‍. അവനാ തുണ വേണ്ടേത്...,” അപ്പനെ അവള് തിരുത്തി.
“...ന്നാലും എനിക്കവനെ ഇഷ്ടാ...”
അവളുടെ കവിളിണയിലൊരു നാണക്കുമ്പിള് വിരിഞ്ഞു.
“നിന്റമ്മേടെ ചിരിയാ നെനക്ക്...”
അപ്പനിലൊരു പൊതി വേദന കനത്തത് അവളറിഞ്ഞു. ചൊമരുമേല് വെച്ച ഫോട്ടോയിലിരുന്ന് മരിച്ചുപോയ അമ്മയായി പാറു മന്ദഹസിച്ചു.
എബിയുടെ കല്യാണം ഉറപ്പിച്ചതറിഞ്ഞപ്പോള് അവള് ചിരിച്ചതേയുള്ളൂ. രാത്രി ആരും കാണാതെ പുഴയിലിറങ്ങി മുങ്ങിക്കിടന്നു. കണ്ണീരിറങ്ങി പുഴയൊന്നുലഞ്ഞു. അലറിത്തെറിച്ചൊരു പന്തുപോലെ കറങ്ങിയുരുണ്ട് വടിയില്‍ തൂങ്ങി ഞൊണ്ടിക്കൊണ്ട് കരി പാഞ്ഞുവന്നു. “മോളേ...,” അയാള്‍ പുഴയുടെ ആഴങ്ങളിലേക്ക് നീട്ടിവിളിച്ചു. ഓളങ്ങളെ വെട്ടിമാറ്റിക്കൊണ്ട് പൊന്തിത്തെറിച്ചു പുളഞ്ഞുപാഞ്ഞൊരു ബ്രാലായി അവള് ജലസമാധിയില്നിന്നും മടങ്ങിവന്നു. വീടിനു മുന്നിലുള്ള കൊട്ടിലില്‍ കാര്ന്നോന്മാര്ക്ക് വീത് വെച്ചിട്ട് കൊല്ലം കൊറെയായിരുന്നു. ഇപ്രാവശ്യമെങ്കിലും അത് മുടങ്ങാതെ നടത്തണമെന്ന് അവള് ഓര്‍ത്തു. പറ്റുമെങ്കിലൊരു തോറ്റവും കൂടി നടത്തണം.
കാര്ന്നോന്മാര്ക്ക് വീതുവെക്കാനുള്ള കള്ള് വാങ്ങാനായാണവള് ഷാപ്പില് പോയത്. അന്നേരം അവിടൊരു തര്‍ക്കം നടക്കുകയായിരുന്നു. വടക്കേലെ ലോനപ്പന് പറഞ്ഞു: “ഇന്ത്യക്കാര്‍ പന്തു കളിക്കുന്നത് നിര്‍ത്തണം! എന്തൂട്ടാ കാര്യം? വല്ല ക്രിക്കറ്റും കളിച്ചാല്‍ ട്രോഫി കിട്ടും!”
കളരിക്കലെ സത്യന് തിരിച്ചടിച്ചു: “എന്തൂട്ട് തേങ്ങക്ക്? ചത്താലും നമ്മള് പന്തുകളിക്കും.”
“വേള്‍ഡ് കപ്പഡിക്ക്യോ?”
“ചെലപ്പോ അടിച്ചൂന്ന് വരും. ന്താ?”
“അയിന് ഇച്ചിരി പുളിക്കും...”
കള്ളു വാങ്ങാന്‍ ഷാപ്പില് മറഡോണയായി ഷൈലജ വന്നു നിന്ന നിമിഷം. സെന്റ് ആന്റണീസ് പള്ളിമൈതാനത്തും മലപ്പുറത്തെ സെവന്‍സ് മൈതാനത്തും ഒരേ സമയത്താണ് വിസിലടി മുഴങ്ങിയത്. അടിവസ്ത്രം കാണുംവിധം കാലുയര്‍ത്തി ബെഞ്ചില്‍ ചവുട്ടി, വഴി തടഞ്ഞുനിന്നുകൊണ്ട് കൂട്ടാലയ്ക്കലെ മനോജ് മാഷ് അവളോട് ചോദിച്ചു: “നീയാ ചത്തുപോയ വെടിപ്പാറൂന്റെ മോളല്ലേടീ? നെന്റെ കൂടോത്രോം ചുറ്റിക്കള്യൊക്കെ ഞങ്ങക്കറിയാട്രീ...”
കരുവന്നൂര്‍ ലൈബ്രറിയില്നിന്നുമെടുത്ത് വായിച്ച കഥാപുസ്തകങ്ങളില്‍ അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്‍.എസ്. മാധവന്റെ ഹിഗ്വിറ്റ ആയിരുന്നു. വായിച്ച് ചൂടാറും മുമ്പത് തിരിച്ചു കൊടുത്തിട്ടേയുണ്ടായിരുന്നുള്ളൂ.
“കാലെടുക്ക്. ഇല്ലേല് നിന്നെ തല്ലാന്‍ എനിക്കൊരു ഗീവര്ഗീസച്ചന്റേം കൂട്ടുവേണ്ട.”
അവളതു പറഞ്ഞപ്പോള്‍ തന്നെ മാഷൊന്ന് ചൂളി. ഗോള്‍ പോസ്റ്റിലേക്ക് മിഡ്ഫീല്ഡില്നിന്നും ഒറ്റക്കു പന്തുമായി കുതിക്കുന്ന മറഡോണ ചുറ്റിലുമൊരു ദൈവവിളിയായി നിറഞ്ഞു.
“അവള് മറഡോണ്യാട്രാ...,” ഇരുട്ടില്‍ കൂട്ടത്തിലാരോ പുച്ഛിച്ചു ചിരിച്ചു.
പ്രമാണിയായ മനോജ് മാഷിനെ തല്ലിയതു ചോദിക്കാന്‍ കൈയിൽ കിട്ടിയതൊക്കെ എടുത്ത് ഒരുകൂട്ടം ആണുങ്ങള് ഷൈലജയുടെ വീടുതേടി വരുമ്പോള്‍ അവിടെയൊരു മരണക്കളി നടക്കുകയായിരുന്നു. പ്രേതാത്മാക്കളുടെ ലോകവും മരിച്ചുജീവിക്കുന്ന മനുഷ്യരും തമ്മിലൊരു അന്ത്യമില്ലാത്ത പോരാട്ടം. തണുത്തുറഞ്ഞു മരിച്ചുകിടന്ന കരി ബാലന്റെ ശരീരത്തിനു ചുറ്റിലുമായി മരിക്കാത്ത ഓർമകളില്‍ മുങ്ങി, ബ്ലാഡര്‍ പൊട്ടിയൊരു പന്ത് തട്ടിക്കളിച്ചു നിന്നു ഇരുലോകവും.
“ആര്ക്കാണ്ട്രീ ഞങ്ങടെ മനോജ് മാഷെ തല്ലാന്‍ ധൈര്യം?” എന്നാര്‍ത്തു വിളിച്ചുവന്ന ആണ്‍കൂട്ടത്തെ കണ്ടതും മരിച്ചിടത്തുനിന്നും പൊങ്ങിയെഴുന്നേറ്റ്, പള്ളിമൈതാനത്തെന്നോണം വായുവില്‍ കരണംമറിഞ്ഞു ചാടിവന്നു മറഡോണ. അവിടമപ്പോളൊരു വെണ്താരകത്തിളക്കം നിറഞ്ഞു.
ദൈവാത്ഭുതങ്ങളിലൊന്നും വിശ്വസിക്കാതെ കൂട്ടംകൂടി അടക്കം പറഞ്ഞുനിന്ന ആണുങ്ങളുടെയാ കൂട്ടത്തിലേക്ക് ആകാശത്തുനിന്നെങ്ങോ ദൈവത്തിന്റെയൊരു കൈ പറന്നുവന്ന് പതിച്ചു. അതൊരു പെണ്ണിന്റെ കൈയാണെന്ന് തിരിച്ചറിഞ്ഞ് അമ്പരക്കും മുമ്പ് ഷൈലജയുടെ വീടിനു മുന്നിലെ മുറ്റമൊരു വലിയ മൈതാനമായി മാറുകയും അവിടെയൊരു സംഘം പെണ്‍കുട്ടികള്‍ ഫുട്ബോള്‍ കളിച്ചുല്ലസിച്ചു നടക്കുന്നതായും കാണുമാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.