അനുധാവനം

അക്കാലം, എനിക്കൊരു നായക്കുട്ടിയും കൂട്ടിനുണ്ടായിരുന്നു. കളിക്കൂട്ടിനായി അച്ഛൻതന്നെ വാങ്ങിത്തന്നതാണ് അവനെ. ‘‘സ്​കോട്ടിഷ് ടെറിയറാണ്, ആ നിലക്ക് ഒരു ഇംഗ്ലീഷ് പേരുതന്നെ വേണ്ടിവരുമല്ലോ.’’നിർദേശമെന്നനിലയിൽ അദ്ദേഹം ആകെ പറഞ്ഞത് അതാണ്. ഞാൻ സമ്മതിച്ചതുമില്ല. ഞാനവനെ രാമു എന്ന് വിളിച്ചു. വേറെ വഴിയില്ലാത്തതിനാൽ അദ്ദേഹവും ടെറിയറെ അങ്ങനെത്തന്നെ വിളിക്കാൻ തുടങ്ങി. അവനോടും എന്നോടും കൂട്ടുചേരാൻ അച്ഛന് യാതൊരു ബുദ്ധിമുട്ടുമില്ല. യജമാനഭക്തനായ ആ നായാട്ടുനായ സഹജബലത്തിനപ്പുറം, പട്ടുപോലെ മൃദുവായത് പക്ഷേ, അമ്മയുടെ പരിചരണംകൊണ്ടാണെന്ന് ഞാൻ പറയും. അൽപകാലംകൊണ്ട് നിഷ്കളങ്കനായ ഒരു വള്ളുവനാടൻ...

അക്കാലം, എനിക്കൊരു നായക്കുട്ടിയും കൂട്ടിനുണ്ടായിരുന്നു. കളിക്കൂട്ടിനായി അച്ഛൻതന്നെ വാങ്ങിത്തന്നതാണ് അവനെ. ‘‘സ്​കോട്ടിഷ് ടെറിയറാണ്, ആ നിലക്ക് ഒരു ഇംഗ്ലീഷ് പേരുതന്നെ വേണ്ടിവരുമല്ലോ.’’

നിർദേശമെന്നനിലയിൽ അദ്ദേഹം ആകെ പറഞ്ഞത് അതാണ്. ഞാൻ സമ്മതിച്ചതുമില്ല. ഞാനവനെ രാമു എന്ന് വിളിച്ചു. വേറെ വഴിയില്ലാത്തതിനാൽ അദ്ദേഹവും ടെറിയറെ അങ്ങനെത്തന്നെ വിളിക്കാൻ തുടങ്ങി. അവനോടും എന്നോടും കൂട്ടുചേരാൻ അച്ഛന് യാതൊരു ബുദ്ധിമുട്ടുമില്ല. യജമാനഭക്തനായ ആ നായാട്ടുനായ സഹജബലത്തിനപ്പുറം, പട്ടുപോലെ മൃദുവായത് പക്ഷേ, അമ്മയുടെ പരിചരണംകൊണ്ടാണെന്ന് ഞാൻ പറയും. അൽപകാലംകൊണ്ട് നിഷ്കളങ്കനായ ഒരു വള്ളുവനാടൻ കാരണവരെപ്പോലെ ശാന്തനായിത്തീർന്നു നായ. അതല്ലെങ്കിലും അമ്മയുടെ പരിസരത്ത് ആർക്കും മുളച്ച മുള്ളുകളുമേന്തി നിലനിൽക്കാനാവില്ല. സുഖകരമായിരുന്നു അക്കാലത്തെ ജീവിതമെന്നുതന്നെ പറയണം.

നശിച്ച ജൂൺ കടന്നുവന്നതോടെ എല്ലാം തകിടംമറിഞ്ഞു. അച്ഛന്റെ പകലുകൾക്ക് കുത്തനെ നീളംവെച്ചു. രാത്രി വൈകുവോളം അച്ഛനെയും കാത്ത് കൺമിഴിച്ചിരിക്കേണ്ടിവന്നു, അമ്മക്ക്. ആദ്യഘട്ടത്തിൽ കൂട്ടിന് ഞാനുമുണ്ടാകും. കരിങ്കുട്ടിയെയും വയറ്റിൽചുമന്ന്, ക്ഷീണഭാവത്തോടെ അച്ഛനായി കാത്തിരിക്കുന്ന അമ്മയെ അനുധാവനം ചെയ്യലായിരുന്നു, എന്റെ രീതി. അത്തരം സന്ദർഭങ്ങളിൽ അമ്മ നല്ല നല്ല കഥകൾ പറഞ്ഞുതരും. വയറ്റിനകത്തിരിക്കുന്ന കരിങ്കുട്ടിക്കുകൂടി കേൾക്കാൻവേണ്ടി മസൃണമായ ശബ്ദത്തോടെയാണ് അമ്മ കഥപറയുക.

അമർന്ന ശബ്ദങ്ങൾ അകത്തെ കുട്ടിയെ പരിക്കേൽപിക്കുമെന്ന വേവലാതി തീർച്ചയായും അതിനു പിന്നിലുണ്ട്. മരങ്ങളില്ലാത്ത പരിസരങ്ങളെ പച്ചയണിയിക്കുന്ന കഥകളായിരുന്നു, അതെല്ലാം. സ്​കോട്ടിഷ് നായാട്ടുനായ വള്ളുവനാടൻ കാരണവരായതിനുപിന്നിൽ അമ്മയുടെ അത്തരം കഥകൾക്കും അതിന്റേതായ സ്​ഥാനമുണ്ടെന്നു സമ്മതിച്ചേ പറ്റൂ.

അച്ഛന്റെ വലിഞ്ഞുനീളുന്ന ഔദ്യോഗിക പകലുകൾ ക്രമേണ ഇരുട്ടിലേക്കു നീണ്ടുവലിഞ്ഞ്, തൊട്ടടുത്ത പകലിനെ തൊടാനാരംഭിച്ചു. അതോടെ അമ്മ എന്നെ ഉറക്കത്തിലേക്ക് ഒഴിവാക്കാൻ തുടങ്ങി. ടെറിയറെ കെട്ടിപ്പിടിച്ച് ഞാൻ ഉറങ്ങും. രാമു പക്ഷേ, ഉറങ്ങില്ല. ഒരു നായക്ക് അങ്ങനെ ഉറങ്ങാനൊക്കുമോ? യജമാനൻ തിരിച്ചുവന്നാൽ അവന് പലതരം ഉത്തരവാദിത്തങ്ങളാണല്ലോ. അച്ഛന്റെ കൈകളിൽ പുതിയ തഴമ്പുകൾ പ്രത്യക്ഷപ്പെട്ടത്, അക്കാലത്താണ്.

‘‘അയ്യോ, എന്താണിത്!’’

അമ്മ പരിഭ്രമിച്ചു.

‘‘അവൻമാരെയൊക്കെ ഇടിച്ചൊതുക്കേണ്ടതുണ്ട്.’’

അങ്ങനെ ഒരൊറ്റ വാചകംമാത്രമാണ് അച്ഛൻ പറഞ്ഞത്. അത് അച്ഛന്റെ ശബ്ദമല്ലായിരുന്നു!

നിശാനിയമം കർക്കശമായി പ്രഖ്യാപിക്കപ്പെട്ടത് അക്കാലത്താണ്. അതോടെ ആർക്കും സംഘംചേർന്നുനിന്ന് സൊള്ളാൻ കഴിയില്ലെന്ന നിലയായി. കടകളത്രയും വൈകുന്നേരംതന്നെ അടയാനാരംഭിച്ചെന്ന് പണിക്കാരികൾ പറയുന്നതു കേട്ടു. അവരിലൊരാളുടെ മകനെ അതിനിടയിൽ കാണാതെയുമായി. അച്ഛനു മുന്നിൽ വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതൊന്നും അനുവദിച്ചില്ല. ഇടിമുറികളിലേക്കുവേണ്ടി സമാഹരിക്കപ്പെട്ട മാരകബലം അദ്ദേഹത്തിന് കിടപ്പുമുറിയിലും കൈവിടാനാവാത്ത സ്​ഥിതിയായെന്ന് അമ്മയുടെ കവിളുകളിലെ പാടുകൾ പറയാതെ പറഞ്ഞു.

സ്​കോട്ടിഷ് ടെറിയറിലും മാറ്റങ്ങൾ കാണാൻ തുടങ്ങിയത് ആയിടക്കാണ്. പറമ്പിലേക്ക് അവനുമായി ചങ്ങാത്തത്തിലുള്ള ഗോപു എന്ന് ഞാൻ വിളിക്കുന്ന നാടൻനായ പതിവുപോലെ കടന്നുവന്നപ്പോൾ പെട്ടെന്നൊരു ദിവസം, അവൻ അപരിചിതമായി മുരണ്ടു. ഗോപു വല്ലാതെ ഭയന്നിട്ടുണ്ടാകണം, അവൻ ഒരടി പിന്നോട്ടുവെച്ചു. അടുത്തക്ഷണം കണ്ടത്, അതിനുനേരെ നിർദാക്ഷിണ്യം പാഞ്ഞുപോകുന്ന ടെറിയറെയാണ്. ഗോപു ജീവനും തൂക്കിപ്പിടിച്ച് പ്രാണഭയത്തോടെ ഓടുന്നതു കണ്ടപ്പോൾ ശരിക്കും എനിക്ക് കരച്ചിൽ വന്നു. ഞാൻ വിളിച്ചാൽ വിളിപ്പുറത്തുള്ളവനാണ് ആ പാവം.

അതിനുശേഷം, മിക്കവാറും അച്ഛനോടൊത്ത് കഴിയാനാണ് ടെറിയർ ഇഷ്​ടപ്പെട്ടത്. അമ്മ മരിച്ചതിനു പിറ്റേന്നുതന്നെ അവൻ ശരിക്കുമൊരു നായാട്ടുനായയായി. അന്ന്, അച്ഛനെ കൊണ്ടുപോകാനായി ഓഫീസിൽനിന്ന് ജീപ്പ് വന്നപ്പോൾ, അച്ഛൻ ആവശ്യപ്പെടാതെത്തന്നെ അവൻ അതിൽ കയറിയിരുന്നു.

‘‘രാമൂ, നിനക്കെന്തു പറ്റി?’’

അച്ഛൻ ചെറുചിരിയോടെ ചോദിച്ചു. അവനൊന്നും പറഞ്ഞില്ല. ‘രാമൂ’ എന്ന വിളി ഇഷ്​ടപ്പെടാത്ത മട്ടിൽ മുരണ്ടു.

‘‘ഹിറ്റ്​ലർ, ഇവിടെ വാ.’’

പൊടുന്നനെയാണ് അച്ഛൻ അവനെ അങ്ങനെ വിളിച്ചത്. മാമോദീസ മുങ്ങിക്കിട്ടിയവനെപ്പോലെ നായ തെല്ലിട ചിണുങ്ങിനിന്നു. അടുത്തനിമിഷം, അവൻ തീർത്തും ഹിറ്റ്​ലറായി. രാമുവിൽനിന്ന് വേർപെട്ടതോടെ ഞാനുമായിട്ടുള്ള ബാന്ധവമെല്ലാം സ്വമേധയാ അവസാനിപ്പിക്കുകയും ചെയ്തു.

അന്നുമുതൽ, നിലക്കാത്ത പെരുമഴയിലൂടെ പതുങ്ങിവന്നുദിക്കുന്ന പ്രഭാതങ്ങളിലെല്ലാം അവനായിരിക്കും ഔദ്യോഗികവാഹനത്തിൽ ആദ്യം കയറുന്നത്. വാഹനത്തിനകം കൃത്യമായി പരിശോധിച്ച് അച്ഛന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്ന പണി അവനോളം നന്നായി ചെയ്യാൻ കഴിവുള്ള ഓഫീസർമാരെ എവിടെ തപ്പിയാലും കിട്ടില്ല. ഡിപ്പാർട്മെന്റിനകത്ത് പുല്ലിനകത്തെ പാമ്പിനെപ്പോലെ സമാധാനവാദികളായ അനേകം ചാരൻമാരുണ്ടായിരുന്ന കാലമായിരുന്നു.

‘‘സമാധാനംകൊണ്ട് കഴുത്തറക്കുന്ന ചാരൻമാർ, അതിനായി നമ്മെ നോക്കി കടന്നുവരുന്നതും കണ്ട് ചുമ്മാ മിഴിച്ചിരിക്കുന്നതിൽപരം ആത്മഹത്യാപരമായി മറ്റെന്തുണ്ട്!’’

ഒരു ദിവസം, അച്ഛൻ പറഞ്ഞു. കുട്ടിയായ എന്നോട് അത്തരമൊരു വിശദീകരണം നടത്തിയത് വിചിത്രംതന്നെ. നിശ്ചയമായും അത് മറ്റാർക്കോവേണ്ടിയുള്ള മറുപടിയാവാം. അധികാരികൾ പലപ്പോഴും അങ്ങനെയാണ്. ക്വാർട്ടേഴ്സിലെ കൊടുംവിജനതയിലിരുന്നുകൊണ്ട് അദ്ദേഹം സ്വന്തം നായയോട് താനൊരിക്കലും പുറത്തുപറയാത്ത രഹസ്യങ്ങൾ അനേകവിശദീകരണങ്ങളിലൂടെ തുടരെ വെളിവാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്നേരം, േശ്രാതാവായ ടെറിയർ വാൽ ലാത്തിപോലെയാക്കി പൊസിഷനിലാവും.

ക്വാർട്ടേഴ്സിന് ഊഴമിട്ട് കാവൽനിൽക്കുന്ന പൊലീസുകാർപോലും കേൾക്കാതിരിക്കാൻ മന്ത്രിക്കുന്നതുപോലെ പിറുപിറുക്കുന്നതാണ് അദ്ദേഹത്തിന്റെയൊരു രീതി. ജീവിയെന്നനിലയിൽ തന്റെ വർഗത്തിലുള്ള ഒരാളോടുപോലും ബന്ധപ്പെടാൻ കഴിയാത്തവിധം സ്വയം പരിവർത്തനം സാധിക്കുകയായിരിക്കാം, അദ്ദേഹം. യാതൊരു ഉളുപ്പുമില്ലാത്ത ഒരുത്തനുമാത്രമേ അത്തരം അസംബന്ധങ്ങൾക്ക് ധൈര്യമുണ്ടാകൂ! ശരിക്കും മോശം ചുറ്റുപാടുകളിലൂടെയാണ് അക്കാലം, അച്ഛൻ കടന്നുപൊയ്ക്കൊണ്ടിരുന്നത്, മറ്റൊരർഥത്തിൽ ആശയറ്റ ഞാനും.

ഇത്തരം ചുറ്റുപാടിൽനിന്നു പുറത്തുകടക്കണമെന്ന് അമ്മയില്ലാക്കുട്ടിക്ക് മോഹം തോന്നിയെങ്കിൽ, ആർക്കെങ്കിലും അവനെ കുറ്റപ്പെടുത്താൻ കഴിയുമോ? എനിക്കെന്നല്ല, മുതിർന്ന ഒരാൾക്കുപോലും രക്ഷപ്പെടാൻ കഴിയുംവിധമായിരുന്നില്ല പക്ഷേ, കാര്യങ്ങളുടെ കിടപ്പ്. പരിശ്രമം രാത്രിയാണെന്നു കരുതുക, തടസ്സങ്ങൾ പലതാണ്. ഉറക്കമില്ലാത്ത സ്​കോട്ടിഷ് ടെറിയർ, മറ്റുചില ബലങ്ങളുടെ ഭാഗമായിട്ടാണെങ്കിൽപ്പോലും അതേ നിലയിൽ തുടരുന്ന അച്ഛൻ, കൊച്ചൊറോത, കൂടാതെ പടിയിൽ തോക്കുമായി കാവൽനിൽക്കുന്ന പൊലീസുകാരൻ. തമ്മിൽ ഭേദം, പകലാണ്. അപ്പോൾ അച്ഛനും ടെറിയറും സ്​ഥലത്തുണ്ടാകില്ലല്ലോ. പക്ഷേ, ബാക്കിയെല്ലാം അതേപടി അവിടെയുണ്ട്. പോരാത്തതിന് നിർദയമായ സൂര്യവെളിച്ചവും. ഇനി, പള്ളിക്കൂടത്തിൽനിന്ന് പുറത്തുചാടാമെന്നുവെച്ചാൽ, അവിടെയുമുണ്ടല്ലോ രഹസ്യ​പ്പൊലീസിന്റെ കാവൽ.

ജൂണിൽ തുടങ്ങിയ ദുരിതം മാർച്ച് വരെ വലിച്ചുനീട്ടാൻ എന്നിട്ടും, ഞാൻ നിർബന്ധിതനായി. പള്ളിക്കൂടം അടച്ചപ്പോഴാണ്, പദ്ധതികൾ ആസൂത്രണം ചെയ്യാൻ ശരിക്കും മുഴുനീള പകലുകൾ മലർക്കെ തുറന്നുകിട്ടിയത്. മേടുകൾക്ക് തീവെക്കുന്ന പണികളിലായ കൊടുംവെയിലിന്റെ വിതാനങ്ങൾക്കിടയിൽപോലും ഒളിക്കാനുള്ള ഒരിടംതേടി നടന്നുവെന്നുപറഞ്ഞാൽ മനസ്സിലാക്കാമല്ലോ, എന്റെ വ്യഗ്രതയുടെ നീളം.

അങ്ങനെ ഒടുവിൽ, ഒട്ടൊക്കെ യോജിച്ച ഒരു സന്ദർഭം വന്നുപെടുകതന്നെചെയ്തു. ഒരർഥത്തിൽ ഇത്തരത്തിൽ ഒരു ജീവിതകഥ പറയാൻ എനിക്കവസരം കിട്ടിയതും അതുകൊണ്ടാണ്. കൊടുംചൂട് കൊച്ചൊറോതയുടെ വയറ്റിൽ നടത്തിയെടുത്ത ക്രമക്കേടാണ് കാണപ്പെട്ട ഭാഗ്യമായി മുൻനടന്ന്, വഴി തുറന്നത്. വേദനയോടെ കുലുങ്ങിയും, കലങ്ങിയും, നുരഞ്ഞും പലവട്ടം ഒറോതക്ക് വയറിളകി. ചീറിക്കരയുന്ന കരിങ്കുട്ടിയെ തൊട്ടിലിൽ വിട്ടുംവെച്ച് നഴ്സിന് അവളെ ശുശ്രൂഷിക്കേണ്ടിവന്നു. മരുന്നു വാങ്ങാനായി കാവലാളായ പൊലീസുകാരൻ മരുന്നുകട നോക്കി നീങ്ങിപ്പോയ അവസരം പ്രയോജനപ്പെടുത്തി ഞാനങ്ങ് പുറത്തുകടന്ന്, ടൗണിന്റെ എതിർവശം ലക്ഷ്യമാക്കി വെച്ചുപിടിക്കുകയും ചെയ്തു.

ആദ്യത്തെ ഏതാനും ചുവടുകളെടുത്തപ്പോൾ മറ്റൊന്നു സംഭവിച്ചു. ഇടവഴിയിൽനിന്ന് ഇറങ്ങിവന്ന ഗോപു എന്ന നായ എനിക്കൊപ്പം കൂടി.

‘‘നീ വീട്ടിലേക്ക് പൊക്കോ, ഗോപൂ. ഞാൻ വിദൂരങ്ങളിലേക്ക് ഓടിപ്പോകുന്നു.’’

പിൻതിരിപ്പിക്കാൻ വേണ്ടി ഞാൻ അങ്ങനെയെന്തോ പറഞ്ഞു. അതനുസരിക്കാൻ അവൻ കൂട്ടാക്കിയില്ല. സത്യത്തിൽ അവൻ തിരിച്ചുപോയേക്കുമോ എന്ന് അതേസമയം വല്ലാത്തൊരു വിഷമവും അനുഭവപ്പെട്ടു. ഒറ്റക്കാകുമ്പോൾ നായ്ത്തുണപോലെ മഹത്തരമായി മറ്റൊന്നുമില്ലെന്ന് തീരെ ചെറിയ യാത്രയെ മുൻനിർത്തി ഞാൻ പ്രഖ്യാപിക്കും. അതിനായി അമേരിക്കയിലെ വടക്കൻ ദിക്കിലേക്ക് സ്വർണവേട്ടക്കായി യാത്രചെയ്യേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം.

ആദ്യഘട്ടത്തിൽ, വളവുപുളവുകളോടെ അകലംപിടിക്കുന്ന പാടങ്ങളെ വകഞ്ഞെടുത്ത് കറുത്ത നിരത്ത് മുന്നോട്ടു പാഞ്ഞുപോകുന്നതും നോക്കി ഞാനും ഗോപുവും മിഴിച്ചുനിന്നു.

‘‘അങ്ങോട്ടു നീങ്ങാം, അല്ലേ?’’ ഗോപുവിനോട് ആരാഞ്ഞു.

അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമുണ്ട്. മുമ്പൊരിക്കൽ, സ്വന്തം ജന്മഗ്രാമത്തിലേക്ക് യാത്രപോകാനായി അതേ ദിശയിലേക്കാണ് അച്ഛൻ പൊങ്ങച്ചത്തോടെ വാഹനം പായിച്ചത്. അന്ന്, ഞാൻ തീരെ ചെറിയൊരു കുട്ടിയായിരുന്നു. മങ്ങിയ ഓർമകൾ മാത്രമേ അതേക്കുറിച്ചുള്ളൂ. എങ്കിലും, അങ്ങോട്ട് നീങ്ങാനായിരുന്നു മനസ്സ് പറഞ്ഞത്. നിർണായകമായ സന്ദർഭങ്ങളിൽ അകപ്പെടുമ്പോൾ അത്തരത്തിലൊക്കെയാണല്ലോ മനുഷ്യരുടെ തീരുമാനങ്ങൾ.

അതൊരു സാഹസികയാത്രയാണെന്നുതന്നെ പറയാം. ഒരു കൊച്ചുകുട്ടിയും, അവന്റെ നായ്ക്കുട്ടിയും ചേർന്നു നടത്തിയ അത്തരം ഐതിഹാസിക യാത്രകൾ ചരിത്രത്തിൽ അധികമൊന്നും കാണില്ല. പുതിയവഴികൾ സൃഷ്​ടിക്കുന്ന ദൈവത്തിന്റെ കമ്പളംപോലെ മുന്നോട്ടുവിരിച്ചിട്ട നിരത്തിലൂടെ ഞങ്ങൾ നടന്നു. നായ്ക്കൾക്ക് മറ്റെന്തിനേക്കാൾ പ്രധാനം അവരുടെ അതിർത്തിയാണ്. അത് പിന്നിട്ടതോടെ ആദ്യമൊക്കെ ഗോപു അസ്വസ്​ഥനും ഭീതിദനുമായെന്ന് സമ്മതിക്കണം. വഴികളിൽ മറ്റു നായ്ക്കളെയൊന്നും കാണാതായതോടെ പക്ഷേ, അവൻ ശാന്തനായിത്തുടങ്ങി. പ്രകൃതിയുമായിട്ടല്ല, സ്വന്തം വർഗത്തിലെ മറ്റ് നായ്ക്കളുമായിട്ടാണ് നായ്ക്കൾക്ക് അതിർത്തിയെന്ന് എനിക്ക് തോന്നി.

വശങ്ങളിൽ വർധിച്ച വളർച്ച സാധിച്ചെടുത്ത മരങ്ങൾക്കു താഴെ, നീളെ നീങ്ങുമ്പോൾ വഴി തണൽത്തടങ്ങളുമായി ഞങ്ങളെ ശരിക്കും വശീകരിച്ചു. വിസ്​തരിച്ച് വളർന്നുപരന്ന പാടങ്ങൾ ഇരുവശങ്ങളിലും മൂന്നാംവിളവുമായി വിരിഞ്ഞുകിടക്കുന്നുണ്ട്. സർവത്ര നെല്ലിൻതണ്ടിന്റെ മണം. കുറെക്കഴിഞ്ഞപ്പോൾ, പാടവരമ്പുകളിലേക്കിറങ്ങിയാലോ എന്ന് ഗോപുവിനോട് ചോദിച്ചു. അതുതന്നെയായിരുന്നു അവനും ഇഷ്​ടമെന്നു തോന്നി, ആദ്യം അങ്ങോട്ടിറങ്ങിയത് അവനാണ്. അതിരറ്റപാടങ്ങളെ വകഞ്ഞ് ഞങ്ങൾ അങ്ങനെ നീങ്ങി.

ക്രമേണയെന്നോണം, വെയിൽ ഉച്ചിയിലൂടെ മുതുകിനോടുരുമ്മി, കഴുത്തുവഴി ഊർന്നിറങ്ങി, കിഴക്കോട്ടേക്കു വീണു. വിശക്കുമ്പോൾ പല പറമ്പുകളിൽനിന്ന് കശുമാങ്ങ തിന്നുകൊണ്ട് ഞങ്ങൾ നടന്നു. ഗോപുവിന് തൊടികളിൽനിന്ന് മറ്റെന്തൊക്കെയോ കിട്ടിക്കൊണ്ടിരുന്നു, അങ്ങനെയാണ് എന്റെയൊരു ഊഹം. അനുനിമിഷം അവൻ ഊർജസ്വലനായി മാറുന്നത് മറ്റെന്തുകൊണ്ടാണ്!

തുരുതുരാ സംസാരിച്ചുകൊണ്ട് പാടപ്പരപ്പ് മറികടന്ന് ഞങ്ങൾ മലഞ്ചെരിവിലെത്തി. വെയിലിനുനേരെ മുഴച്ചുനിൽക്കുന്ന കരിങ്കറുപ്പിന്റെ പരുക്കൻ പ്രതലവുമായി കുന്ന് ചെരിഞ്ഞുനിൽക്കുകയാണ്. അതങ്ങനെ താഴെ ഒഴുകിപ്പോകുന്ന പാടങ്ങളെ നോക്കി മിണ്ടാതെ കിടന്നു. കിഴക്കൻകാറ്റിനെ വിറപ്പിച്ചുകൊണ്ട് അതിന്റെ വശങ്ങളിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ക്ഷൗരം ചെയ്യാത്ത കരിമ്പനകൾ. മണ്ണിലാകട്ടേ, എമ്പാടും പടുമുളകളുടെ ആർഭാടം. മനുഷ്യരുടെ കാലുകൾ കടന്നുവരാത്ത ഇടുങ്ങിയ വിശാലത.

‘‘ഇത് ഏതാണ് സ്​ഥലമെന്ന് നിനക്ക് മനസ്സിലായോടാ?’’, ഗോപുവിനോട് ചോദിച്ചു. മറുപടിയും ഞാൻതന്നെ പറഞ്ഞു, ‘‘കാട്ടിൻചിറ.’’

അച്ഛന്റെ ബാല്യകാലഗ്രാമത്തിന് അതാണ് പേരെന്ന് എനിക്കറിയാം. അത് ഈ സ്​ഥലംതന്നെയാണോ എന്നൊന്നും തീർച്ചയില്ല. അതങ്ങനെത്തന്നെയെന്ന് ഏകപക്ഷീയമായി ഞാനങ്ങ് ഉറപ്പിക്കുകയായിരുന്നു. എന്തായാലും ഇത്രയും ചന്തമുള്ളൊരു സ്​ഥലത്തായിരിക്കണം അച്ഛൻ ജനിച്ചിരിക്കുക. നശിച്ച ജൂൺമാസത്തിനുമുമ്പ്, അതിന്റെ എല്ലാ സൗന്ദര്യവും അദ്ദേഹത്തിൽ വിളങ്ങിനിന്നിരുന്നു. പലതും ഓർത്ത് ഞാൻ ഗോപുവിനോട് തുരാതുരാ സംസാരിച്ചു. വീടുകളുടെ ചുറ്റുപാടുകളെ മറികടക്കുമ്പോൾമാത്രമാണ് അൽപമെങ്കിലും ഞങ്ങൾ നിശ്ശബ്ദരായത്.

മറ്റാരെങ്കിലും കാണുന്നത് ഞങ്ങൾ ഇഷ്​ടപ്പെട്ടില്ല. കുന്നിനോരം പറ്റി ഏതാനും പനയോലപ്പുരകൾ ഞങ്ങൾ കണ്ടു. ചിലതിൽനിന്ന് പുകയുയരുന്നുണ്ട്. അകത്ത് സ്​ത്രീകളുടെ ശബ്ദം. കുട്ടികൾ കരയുന്നു. മിണ്ടരുതെന്ന് ഞാൻ ഗോപുവിനുനേരെ ആംഗ്യം കാണിച്ചു. അവൻ ഇറുക്കെ വാ പൂട്ടി. കുന്നിന്റെ മറവുപറ്റി അവരുടെ കാഴ്ചയെ ഞങ്ങൾ നിരന്തരം വെട്ടിച്ചു.

ഞങ്ങൾ മറുപുറത്തെത്തി. അത് ചെരിഞ്ഞുകിടന്നത് നദിയോട് ഓരംപറ്റിയാണ്. അവിടെ വീടുകളൊന്നുമില്ല. സ്വന്തം പച്ചപ്പുൽച്ചെരിവിനെ പുഴയിലേക്ക് ഓടിക്കളിക്കാനിറക്കിവിട്ട്, കുന്നങ്ങനെ കിഴക്കോട്ട് നീങ്ങിപ്പോകുകയാണ്. ഒരർഥത്തിൽ അത് കിഴക്കുനിന്ന് തെക്കുപിടിച്ച്, പടിഞ്ഞാട്ടേക്ക് നീണ്ടുകിടക്കുകയാണ്. ഞങ്ങൾ അതിനെ സമീപിച്ചത് അപ്രദക്ഷിണമായിട്ടാണ്. കിഴക്കോട്ട് നീങ്ങുന്നതോടെ കുന്ന് ശരിക്കും മലയായി വളരുകയായി. പിന്നെയും മുന്നോട്ടുനീങ്ങുമ്പോൾ, മനുഷ്യന്റെ താരകൾക്ക് അവസാനംകണ്ടു. അതിനപ്പുറം കിഴക്കൻകാറ്റിന്റെ പൂർണമായ നടവട്ടംമാത്രം.

ക്രമേണ നരച്ച ഇരുട്ടു വീഴാനാരംഭിച്ചു. മുറ്റത്തുനിന്ന് അത് അകതാരിലേക്ക് അടിവെച്ചുകയറി. അതോടെ പകൽനേരത്ത് ചന്തത്തോടെ കണ്ട ഉച്ചിമലകളത്രയും നരച്ച മാനംനോക്കി കൂർത്തുനിൽക്കുന്ന കുന്തമെന്നോണം മുന്നിൽവന്ന് പേടിപ്പിക്കാൻ തുടങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ. ഇലയടർന്നുപോയ ചില്ലകളുമായി മുകളിലേക്കു പല്ലിളിക്കുന്ന ലക്ഷണംകെട്ട മരങ്ങൾ. കറുത്ത പല്ലുകൾപോലെ തറയിലെമ്പാടും അവയുടെ േപ്രതനിഴലുകൾ.

യജമാനവേഷത്തിൽ തുടരുന്ന എന്നെ ചുറ്റിനും കൂടിയിരിക്കുന്നതെല്ലാം ചേർന്ന് വെറുമൊരു വനാന്തരത്തിലെ കുട്ടിയാക്കി മാറ്റി. ഗോപുവിന്റെ സ്​ഥിതി പക്ഷേ, മറിച്ചായിരുന്നു. അതിർത്തി മറികടന്നതോടെ, പതുങ്ങിക്കിടന്ന ധൈര്യം അവനിൽനിന്ന് പരിപൂർണമായി പുറത്തുചാടുകയാണുണ്ടായത്. ഇരുട്ടുവീണതോടെ ശരീരമൊന്ന് കുടഞ്ഞ്, മൂക്കു ചീറ്റി, ഗോപു ശരിക്കും ഉഷാറായി. ആ ഒഴിഞ്ഞ കെട്ടിടം കണ്ടെത്തിയത് അവനാണ്. മലഞ്ചെരിവിൽ, മരക്കൂടിനിടയിൽ അതങ്ങനെ പതുങ്ങിനിൽക്കുകയായിരുന്നു. എങ്ങനെയാണ് അവനത് കണ്ടെത്താനായത്! ദൂരെനിന്ന് മണം കിട്ടിയിരിക്കാം. അപൂർവം ചിലപ്പോഴാണെങ്കിൽപോലും, ഇങ്ങനെ ചരിത്രം മണത്തുപിടിക്കാൻ നായ്ക്കൾക്കാവും.

ആ വീട് ശരിക്കും ഭയങ്കരംതന്നെയായിരുന്നു. അതീതകാലത്തെ പാറക്കല്ലുകൾകൊണ്ട് പടുത്തുയർത്തിയ പരുക്കൻ കോട്ടയെന്നോണം അതെന്നെ സ്വന്തം പരിപൂർണതയിൽ വിഭ്രമിപ്പിച്ചു. അകത്തേക്കുള്ള വാതിലുകളും, ജാലകങ്ങളുമെല്ലാം കൊട്ടിയടക്കപ്പെട്ട നിലയിലായിരുന്ന അതിന്റെ നീണ്ട കോലായ മാത്രമാണ് ആർക്കെന്നില്ലാതെ തുറന്നുകിടന്നത്. നീണ്ടൊരു ചാരുപടിയും അവിടെയുണ്ട്. എന്തായാലും ഇരിപ്പിടമെന്ന മട്ടിൽ ആർക്കും അത് ഉപയോഗിക്കാനാവില്ല. അത്ഭുതംതന്നെ, വാതിലുകളിലെങ്ങും ഒരിറ്റു ചിതലുകളില്ല! അതീതകാലമരങ്ങളിൽ പണിത ഉരുപ്പടികളായിരിക്കാം. ചുമരുകളിൽ ദിനോസറിന്റെ കുട്ടികളെപ്പോലെ തോന്നിച്ച പ്രാചീനമായ ഗൗളികൾ. മാറാലയിൽ ഊഞ്ഞാലാടുന്ന തടിയൻ വർണച്ചിലന്തികൾ. പേടിച്ചുകിട്ടിയവന്റെ സങ്കൽപങ്ങളല്ലേ, തീർച്ചയായും അതിന് ഇത്തരത്തിലൊക്കെ പ്രവർത്തിക്കാം.

നീണ്ട മുറ്റമായിരുന്നു വീടിന്. വളഞ്ഞുപിടിച്ചുനിൽക്കുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ അതങ്ങനെ പുഴച്ചെരിവിലേക്ക് ഇഴഞ്ഞുപോകുന്നതു കാണാം. അതിനിടയിൽ ഒരു കൊക്കരണി. നീണ്ട കുളം ഇടിഞ്ഞുതൂർന്ന് അത് അവ്വിധം മാറിപ്പോയതാകാനും മതി. ‘‘ഗോപൂ, പേടിയാകുന്നു.’’ ഞാൻ എല്ലാ ലജ്ജയും വെടിഞ്ഞ് സമ്മതിച്ചു.

കാര്യമെന്തായാലും, അവിടെനിന്നും രക്ഷപ്പെടാനുള്ളതായിരുന്നില്ല, എനിക്ക് ജീവിതം. അഥവാ, നിങ്ങൾക്കുള്ള ഈ കഥ. ഏതു വിധേനയും അവിടെത്തന്നെ പിടിച്ചുനിൽക്കണമെന്ന് ഞാനങ്ങു തീരുമാനിച്ചു. ആ രാത്രിയും തുടർന്നുള്ള പല രാത്രികളിലും ഗോപു ഉറങ്ങാതെ എനിക്ക് കാവലിരുന്നു. പകൽ അവൻ എന്നോടൊത്ത് തൊടിയിലും, മലയുടെ വിജനതയിലും അലയാൻ കൂട്ടിനുവന്നു. മരങ്ങളിൽനിന്ന് അതുവരെ കണ്ടിട്ടില്ലാത്ത പല കായ്കളും ഞാൻ പറിച്ചുതിന്നു. അവനാകട്ടെ, പുഴയിൽനിന്ന് മീൻപിടിച്ചു, മണ്ണിനടിയിൽനിന്ന് കിഴങ്ങുകൾ മാന്തിയെടുത്തു. സത്യം പറഞ്ഞാൽ, അവൻ എന്തൊക്കെയാണ് വയറ്റിലാക്കിയിരുന്നതെന്ന് ഞാൻ ശ്രദ്ധിച്ചില്ല.

മിക്കവാറും സമയങ്ങളിലും അതിനും മാത്രം മനസ്സംയമനം സമാഹരിക്കാനൊന്നും കഴിഞ്ഞിരുന്നില്ല. കാര്യമെന്തായാലും, വിചാരിച്ചതിലേറെ മിടുക്കനാണ് ഗോപു എന്നുറപ്പായി. അവന് നന്നായി നീന്താനറിയാം, അങ്ങനെ ചെയ്തുകൊണ്ട് മീൻ പിടിക്കാനറിയാം. അൽപം ഇംഗ്ലീഷ് അറിയാമെന്നതു മാറ്റിനിർത്തിയാൽ ഞാൻ വട്ടപ്പൂജ്യം. ഗോപുവിനു മുന്നിൽ തരംതാഴുന്നതിൽ പക്ഷേ, ഒട്ടും വിഷമം തോന്നിയില്ല. സുഖം തോന്നുകയും ചെയ്തു. സ്വന്തം വീട്ടിനു പുറത്ത് പലപ്പോഴും മനുഷ്യനല്ല, അവന്റെ നായതന്നെയാണ്, യജമാനൻ.

കിട്ടുന്ന മീൻ ഗോപു ഒറ്റക്ക് തിന്നും. മാന്തിയെടുക്കുന്ന കിഴങ്ങുകൾ ഞാനുമായി പങ്കിടും. പറ്റാവുന്ന മരങ്ങളിൽ വലിഞ്ഞുകയറാനും, കിട്ടാവുന്ന പഴങ്ങൾ പറിച്ചെടുക്കാനും ഞാൻ സ്വയമറിയാതെ പഠിച്ചു. നീന്താൻ കഴിഞ്ഞില്ലെങ്കിലും കൊക്കരണിയിൽ കുളിക്കാമെന്നായി. ഉടുവസ്​ത്രങ്ങൾ ഉണങ്ങാനിട്ട് അതിന്റെ കരയിൽ നന്നായി കുന്തിച്ചിരിക്കാനും ശീലമായി. ഏതാനും ദിവസങ്ങൾ അങ്ങനെ കഴിഞ്ഞിട്ടുണ്ടാകാം. ഭക്ഷണം കുറവാകുന്ന അവസരങ്ങളിൽ കുന്നിനപ്പുറം പോയി ഏതാനും ചില വീട്ടുകാരുടെയെങ്കിലും സഹായം തേടാമെന്ന് പക്ഷേ, തോന്നിയതേയില്ല.

അടഞ്ഞുകിടക്കുന്ന ആ വീട്ടിന്റെ കോലായയിൽ ഞങ്ങൾ തങ്ങുന്ന കാര്യം അവർ അറിയാതിരിക്കുന്നതാണ് നല്ലത്. ഡി.ഐ.ജിയുടെ മകനായതുകൊണ്ട് ഒളിമറവിന് അത്രയെങ്കിലും ബലം ആവശ്യമാണെന്ന് ഉറപ്പാണല്ലോ. കാര്യങ്ങൾ അതേ രീതിയിൽ നീങ്ങിപ്പോയാൽ ഒറ്റ മനുഷ്യനും ഞങ്ങളുടെ താവളം കണ്ടെത്താനിടയില്ല. പക്ഷേ, അടുത്ത ദിവസങ്ങളിലൊന്നിൽ കാര്യങ്ങളാകെ ഒറ്റയടിക്കങ്ങു മാറിമറിഞ്ഞു.

ഗോപുവിന്റെ കുര കേട്ടാണ് ആ ദിവസം ഞാൻ ഉണരുന്നത്. ദൂരെ, ഞങ്ങൾ കടന്നുവന്ന കുന്നിൻചെരിവിലേക്കു നോക്കിയാണ് അവൻ കുരച്ചത്. ഞാൻ നോക്കുമ്പോൾ എന്നോളം പ്രായമുള്ള ഒരു ആൺകുട്ടിയുണ്ട് ഞങ്ങൾക്കരികിലേക്ക് നടന്നുവരുന്നു. വള്ളികളുള്ള ഒരു കാക്കിട്രൗസറായിരുന്നു അവന്റെ വേഷം. ഉരുക്കുപോലുള്ള കരിങ്കറുപ്പൻ ശരീരം. നെറ്റിയിലേക്ക് വീണുകിടക്കുന്ന ഇളം തലമുടിയിഴകൾ. അവനെ അനുധാവനംചെയ്തുകൊണ്ട് അതാ, സ്​കോട്ടിഷ് ടെറിയർ! ഞാൻ രാമുവെന്ന് മുമ്പ് വിളിച്ചിരുന്ന അച്ഛന്റെ സാക്ഷാൽ ഹിറ്റ്​ലർ! പടിഞ്ഞാട്ടേക്ക് ചെരിഞ്ഞുനിൽക്കുന്ന ഇളവെയിലിന്റെ മുന്താണിയിൽ ചവിട്ടിക്കൊണ്ടാണ് ഇരുവരുടെയും വരവ്. പൊലീസിനോടൊപ്പമാണ് ഹിറ്റ്​ലർ വരുന്നതെങ്കിൽ കാര്യങ്ങൾ വളരെയെളുപ്പം മനസ്സിലാക്കാമായിരുന്നു.

അപരിചിതനായ ഒരു കുട്ടിയോടൊത്ത് അവനെ കണ്ടപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിലായി. എന്നെ മണത്തുപിടിക്കാൻ പയ്യന് സഹായി ടെറിയറാണെന്നതിൽ തർക്കമില്ല. പയ്യനെ പറഞ്ഞുവിട്ടത് ആരാണെന്നുമാത്രമേ അറിയാൻ ബാക്കിയുള്ളൂ. അച്ഛന്റെ കൈകൾക്ക് വല്ലാത്ത നീളമാണെന്ന് അറിയാവുന്നതുകൊണ്ട് പിടിക്കപ്പെട്ടെന്ന് നൂറുശതമാനം ഉറപ്പായി.

കടന്നുവരുന്നത് ഹിറ്റ്​ലറാണെന്ന് മനസ്സിലായതോടെ ഗോപു ഏതാനും അടികൾ പിന്നോട്ടുനീങ്ങി. പാവം, പേടിച്ചിട്ടുണ്ടാകും. യജമാനൻ ഞാനായതുകൊണ്ടും, വരുന്നത് എന്നെപ്പോലുള്ള ഒരു കുട്ടിയായതുകൊണ്ടും രണ്ടടി മുന്നോട്ടുനീങ്ങാനുള്ള ബലം എന്റെ ഭാഗത്തുനിന്നാണുണ്ടായത്. മുഖത്തേക്ക് വീഴുന്ന കോലൻമുടി തുടരെ മേലോട്ടു വകഞ്ഞുകയറ്റിക്കൊണ്ട് ആ കുട്ടി അരികിലെത്തി. അത്ഭുതംതന്നെ, എന്നെ കണ്ടതോടെ ടെറിയർ വാലാട്ടാൻ തുടങ്ങി! അടുത്തതായി അവൻ ഗോപുവിനോട് കുശലം പറയാനും മൂക്കുനീട്ടി. വൈകാതെ അവർ തമ്മിൽ പഴയതുപോലെ അടുപ്പത്തിലാകുന്നതു കണ്ടപ്പോൾ തെല്ലൊന്നുമായിരുന്നില്ല ആശ്ചര്യം. ഹിറ്റ്​ലർ പഴയ രാമുവായിരിക്കുന്നു!

അതിനിടയിൽ പുറമെക്കാരനായ കുട്ടിയെ അഭിമുഖീകരിക്കാൻ ഞാനങ്ങ് മറന്നു. അവൻ ക്ഷമയോടെ കാത്തുനിന്നു.

‘‘രാജൂ.’’

തുടക്കത്തിലെ തിരക്കൊഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ അവൻ എന്നെ പേരെടുത്തു വിളിച്ചു.

‘‘നിനക്കെങ്ങനെ എന്റെ പേരറിയാം!’’

അവന്റെ പേരു ചോദിക്കുന്നതിനു പകരമായി ആശ്ചര്യമാണ് ചോദ്യമായി പുറത്തുവന്നത്. അതിനും അവൻ പുഞ്ചിരിച്ചു.

‘‘നീ എന്തെങ്കിലും കഴിച്ചോ?’’

വെറുംകൈയോടെ കടന്നുവന്ന അവൻ ചോദിച്ചു. മതിയാംവിധം ഭക്ഷണം കഴിച്ചിട്ടില്ലെന്ന ഭാവം എന്റെ മുഖത്തുനിന്ന് അവൻ വായിച്ചിരിക്കാം.

‘‘നമുക്ക് തേങ്ങ പറിക്കാം?’’

അവൻ ചോദിച്ചു. എന്നല്ല, അടുത്തുനിൽക്കുന്ന തെങ്ങിലേക്ക് തളപ്പില്ലാതെ കയറുകയും ചെയ്തു. ഒരു കുല ഇളനീരിട്ട് അവൻ തിരിച്ചിറങ്ങി. ചിരപരിചിതനെപ്പോലെയായിരുന്നു അവിടെ അവന്റെ നടവട്ടം. കീശയിൽനിന്ന് മൂർച്ചയുള്ള കത്തികൊണ്ടാണ് അവൻ കുല അറുത്തതെന്ന് ഞാൻ ശ്രദ്ധിച്ചു. താഴെയിറങ്ങിയതും അതുകൊണ്ട് അവൻ ഇളനീർ ചെത്തിത്തന്നു. നായ്ക്കൾ പറമ്പ് ഓടിയോടി രണ്ടാക്കുന്നതിനിടയിൽ ഞങ്ങൾ ഇളനീരു കുടിച്ചു. ഇതളുപോലെ മൃദുവായ കാമ്പ് തിന്നു. താൻ ആരാണെന്ന് അവൻ പറഞ്ഞില്ല. അതറിഞ്ഞില്ലെങ്കിലും അവനുമായി അറിയാതെ ഒരടുപ്പമങ്ങു മുളപൊട്ടി.

‘‘നിനക്ക് നീന്തലറിയില്ലല്ലോ? വാ, ഞാൻ പഠിപ്പിച്ചുതരാം.’’

വയറു നിറഞ്ഞപ്പോൾ അവൻ ക്ഷണിച്ചു. എനിക്ക് നീന്തലറിയില്ലെന്ന് മുഖഭാവത്തിൽനിന്ന് ഊഹിച്ചതാണെന്ന് ഞാൻ വിശ്വസിക്കില്ല. തമ്മിൽ കാണുമ്പോൾ ആദ്യം അതങ്ങു പഠിപ്പിക്കാമെന്ന് നേരത്തേ നിശ്ചയിച്ചതുപോലെ. ഞങ്ങൾ പുഴയിലേക്കു നടന്നു. നായ്ക്കൾ നേരത്തേതന്നെ അവിടെയെത്തിയതായി ഞാൻ കണ്ടു. ഒരു നായ മറ്റൊരു നായയെ മെരുക്കുമ്പോൾ, ഒരു കുട്ടി മറ്റൊരു കുട്ടിയെ മെരുക്കുകയാണോ? അവൻ അവിടേക്ക് കടന്നുവന്നത് എന്തിനായിട്ടാവും? ആദ്യമൊക്കെ അതായിരുന്നു കണ്ണിൽ കരടുപെട്ടതുപോലുള്ള നിരന്തരചിന്ത. ക്രമേണ അത്തരത്തിൽ ആലോചിക്കാൻ കഴിയാതെയായി.

മുകളിൽ പാറിനടക്കുന്ന വസ്​തുക്കളെ ഓളങ്ങൾ അതിന്റെ ഇളക്കങ്ങളിലൂടെ വിഴുങ്ങുന്നതുപോലെ അശുഭചിന്തകളെ സമയം അങ്ങോട്ട് മായ്ച്ചുകളഞ്ഞു. കുട്ടികളുടെ കാലം ആ അർഥത്തിൽ ഇളകുന്ന ഓളങ്ങളെപ്പോലെയെങ്കിലും ഹ്രസ്വസുന്ദരമാണ്. വാക്കുപാലിച്ചുകൊണ്ട് അര മണിക്കൂറിനകം അവൻ എന്നെ നീന്തൽ പഠിപ്പിച്ചു.

‘‘തെങ്ങിൽ കയറാൻ പിന്നീട് പഠിപ്പിച്ചുതരാം കേട്ടോ, രാജൂ.’’ അവൻ കണ്ണിറുക്കി ചിരിച്ചു.

അന്നേരം, തള്ളിക്കയറിവന്ന തിക്കുമുട്ടലിൽ ഞാൻ പേരെന്താണെന്നു ചോദിച്ചു.

‘‘ജയരാമൻ.’’ അവൻ പറഞ്ഞു.

അച്ഛന്റെ പേര്!

‘‘കവിൾപ്പാറ കണ്ടിട്ടുണ്ടോ?’’

തുടർന്ന് അവൻ ചോദിച്ചു. ഇല്ലെന്ന് ഞാൻ തലയിളക്കി. ‘‘കാട്ടിൻചിറയിൽ നിനക്ക് യാതൊന്നും അറിയില്ലല്ലോ, അല്ലേ?’’

അതോടെ രണ്ടു കാര്യങ്ങൾ ഒറ്റയടിക്ക് മനസ്സിലായി. വന്നെത്തിയ സ്​ഥലം ഞാൻ വിചാരിച്ചതുപോലെ അച്ഛന്റെ നാടായ കാട്ടിൻചിറതന്നെയാണ്. ജയരാമനെന്ന കുട്ടിക്ക് ഇവിടെയെല്ലാം നന്നായിട്ടറിയാം. അവൻ എന്നെ മലഞ്ചെരിവിലൂടെ കിഴക്കോട്ട് നടത്തി. ഗോപുവും രാമുവും ഞങ്ങളെ അനുധാവനംചെയ്തു. കരിങ്കൽക്കഷണങ്ങൾക്കു മുകളിലൂടെയുള്ള യാത്ര ശരീരത്തിന് വലിയ സുഖമൊന്നുമല്ല. എന്നാൽ, ചിതറിക്കിടക്കുന്ന അവക്കിടയിൽനിന്ന് സൂക്ഷിച്ചുനോക്കിയാൽ വെള്ളാരംകല്ലുകളും കിട്ടും. അവയിലൊന്ന് കൈവെള്ളയിൽ വെച്ചാട്ടേ, അതിലേക്കു നോക്കിയാട്ടേ, പൊടുന്നനെ, യാത്ര ആനന്ദകരമാകും.

അത് വായിലിട്ട് വെയിലു താണ്ടിയാൽ വെള്ളം ദാഹിക്കുകയുമില്ല. വിചാരിക്കുന്നതുപോലെ വെള്ളാരംകല്ലിലുള്ളത് വെറും വെളുപ്പുനിറം മാത്രമല്ല. ചുരുണ്ടിരിക്കുന്ന മഹാകാലത്തിന്റെ നാനാവിധ വർണരാശികളെ ഗർഭത്തിൽ ചുമക്കുന്ന അമ്മയാണത്. മുഖത്തേക്കു സൂക്ഷിച്ചുനോക്കിയാട്ടെ, ശരിക്കും അതു കാണാം. മുറിഞ്ഞതും മഴയിൽ തേഞ്ഞതുമായ കരിങ്കല്ലുകളുടെ മേലാപ്പിൽപ്പോലും കാലച്ചുഴികളുടെ മുദ്രകളുണ്ട്. യാത്രക്കിടയിൽ, വിരിഞ്ഞു പന്തലിട്ട പാലമരത്തിനടുത്ത് ജയരാമൻ നിന്നു.

‘‘മാതമുത്തച്ഛന്റെ കുഴിമാടമാണ്.’’  അവൻ പറഞ്ഞു. അതെന്നെ ആശ്ചര്യപ്പെടുത്തി. ആ പേര് അച്ഛനിൽനിന്നല്ലേ ഞാൻ കേട്ടിട്ടുള്ളത്? അതൊക്കെ അവനെങ്ങനെ അറിയുന്നു! പാലച്ചുവട്ടിൽ, അവൻ ചൂണ്ടിക്കാണിച്ച സ്​ഥലത്ത് ഏതാനും കൽക്കഷണങ്ങളുടെ കൂമ്പാരം കണ്ടു. രാമു അവനോടും ഗോപു എന്നോടും ചേർന്നുനിന്നു. പൊടുന്നനെ അവരും നിശ്ശബ്ദരായി. മനുഷ്യൻ തന്റെ വിശ്വസ്​തത മാനവചരിത്രത്തോടു കാണിക്കുന്നെങ്കിൽ, നായ്ക്കൾക്കും ഉണ്ടാകാം, യജമാനവിശ്വസ്​തതയുടെ മങ്ങിയ ഓർമകൾ. മനുഷ്യന്റെ കല്ലറകൾ അവരെ അതോർമിപ്പിക്കുന്നുമുണ്ടാകും.

അമ്മയോടൊത്തു ജീവിച്ച തെളിവെളിച്ചത്തിന്റെ നാളുകളിൽ, അച്ഛൻ തന്റെ പ്രപിതാമഹനായ മാതമുത്തച്ഛനെക്കുറിച്ച് പറയുന്നതു കേട്ടിട്ടുണ്ട്. കാര്യം അങ്ങനെയാണെങ്കിൽ, അച്ഛന്റെ മുതുമുത്തച്ഛനെ എന്നോളം പോന്ന ഈ കൊച്ചുപയ്യൻ എങ്ങനെ അറിയാനാണ്! ഓർത്തപ്പോൾ പേടി തോന്നി. ഒരു കുട്ടിയായതുകൊണ്ടുതന്നെ, കളിനിനവു കയറിവന്ന തൊട്ടടുത്ത നിമിഷംതന്നെ അതങ്ങ് അപ്രത്യക്ഷമായെന്നു മാത്രം. ഇരുട്ടു വീഴുന്നതിനുമുമ്പ്, അവൻ തന്റെ വീട്ടിലേക്കു മടങ്ങിപ്പോകാൻ വട്ടംകൂട്ടുമെന്ന് എനിക്കൊരു തോന്നലുണ്ടായിരിക്കാം, അത്തരത്തിലൊന്നും ചിന്തിച്ചില്ലെങ്കിലും. രാമു കൂടെയുള്ളതിന്റെ ബലത്തിലാവാം ഒരുവേള, ഞാൻ ജയരാമനെ അനുവദിച്ചതു തന്നെ. പക്ഷേ, രാത്രിയായതോടെ പേടിയിലേക്കുതന്നെ ഞാൻ മടങ്ങിയെത്തി.

‘‘നിനക്ക് വീട്ടിൽ പോകണ്ടേ?’’ ഞാൻ ജയരാമനോട് ചോദിച്ചു.

‘‘വേണ്ട.’’ ഒറ്റവാക്കിൽ അവൻ പറഞ്ഞു.

‘‘അതെന്താ?’’ ഞാൻ വിട്ടില്ല.

‘‘ഞാനും വീടു വിട്ടിറങ്ങിയതാണ്.’’

അവൻ വെളിപ്പെടുത്തി. അത്രത്തോളം വിശ്വസിക്കാൻ പ്രയാസമില്ല. വീടുവിട്ടിറങ്ങുന്ന ഒരു കുട്ടിക്കൊപ്പം പൊലീസ് ഉദ്യോഗസ്​ഥന്റെ വിശ്വസ്​തനായ നായ ഇറങ്ങിവരുകയെന്നത് തികച്ചും വിചിത്രമല്ലേ? ഒരുവേള, എന്നെ പി​ടി​കൂ​ടാ​ൻ​വേ​ണ്ടി അ​ച്ഛ​ൻ പ​റ​ഞ്ഞ​യ​ച്ച ചാ​ര​നാ​യി​രി​ക്കു​മോ ജ​യ​രാ​മ​ൻ? ന​ക്സ​ലേ​റ്റു​ക​ളെ പി​ടി​കൂ​ടാ​ൻ​വേ​ണ്ടി സ്​​കോ​ട്‍ല​ൻ​ഡ് യാ​ഡി​ൽ​നി​ന്ന് പ​ല​ത​രം വി​ദ്യ​ക​ൾ പ​ഠി​ച്ചെ​ടു​ത്ത ആ​ളാ​ണ​ല്ലോ, അ​ദ്ദേ​ഹം.

അ​നു​ധാ​വ​ന​ത്തി​നാ​യി സ്വ​ന്തം നാ​യ​യെ​ത്ത​ന്നെ അ​വ​നു വി​ട്ടു​കൊ​ടു​ത്ത​താ​ണെ​ങ്കി​ലോ? അ​ച്ഛ​ന്റെ ക​മാ​ൻ​ഡി​ല്ലാ​തെ നാ​യ മ​റ്റാ​രെ​യും അ​നു​ധാ​വ​നം ചെ​യ്യി​ല്ല, അ​ക്കാ​ര്യം ഉ​റ​പ്പ്. അ​ച്ഛ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഹി​റ്റ്​​ല​റു​ടെ മേ​ല​ങ്കി​യെ​ല്ലാം അ​ഴി​ച്ചു​വെ​ച്ച് സി​വി​ലി​യ​നാ​യി, പ​ഴ​യ രാ​മു​വാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണോ അ​വ​ൻ? പോ​ക​പ്പോ​കെ പേ​ടി വ​ല്ലാ​തെ​യ​ങ്ങു പെ​രു​കി. അ​തോ​ടെ, ഉ​റ​പ്പോ​ടെ സം​ശ​യി​ച്ച കാ​ര്യ​ങ്ങ​ളെ​ല്ലാം ജ​യ​രാ​മ​ന​റി​യാ​തെ സൂ​ക്ഷി​ക്കാ​ൻ മാ​ത്ര​മു​ള്ള ര​ഹ​സ്യ​ത്തി​ന്റെ ഒ​രി​നം നി​സ്സ​ഹാ​യ​ത​യും ക​യ​റി​വ​ന്നു. വെ​റു​മൊ​രു കു​ട്ടി​യി​ൽ​നി​ന്ന് ഞാ​ൻ മെ​ല്ലെ മുതിർന്നുതുടങ്ങുകയാണ്.

താരകങ്ങൾ നീളെ നിറഞ്ഞ അമാവാസിരാവ് മുറത്തിൽ വിരിച്ചിട്ട അരിപോലെ മുകളിൽ വന്നുവിരിഞ്ഞു. ഉത്സാഹം അവസാനിക്കാത്ത ഉള്ളവുമായി കൽക്കെട്ടിടത്തിന്റെ വരാന്തയിൽ ഞങ്ങൾ കിടന്നു. ഗോപുവിന്റെ വയറിനോട് ചേർന്നായിരുന്നു ഞാൻ കിടന്നത്. അമ്മയുള്ളപ്പോൾ അവന്റെ സ്​ഥാനത്ത് അവരായിരിക്കും. ജയരാമനും ഗോപുവിനോടു ചേർന്നുകിടന്നു. ഞാൻ മലർന്നാണ് കിടക്കുക പതിവ്. അവൻ കമിഴ്ന്നാണ് കിടന്നത്. അവനോടുരുമ്മി രാമുവും കൂടി.

‘‘ഞാനൊരു അമ്മയില്ലാത്ത കുട്ടിയാണ്. മലർന്നുകിടക്കാൻ എനിക്ക് ധൈര്യമില്ല.’’

അവൻ പറഞ്ഞു. സ്വയമറിയാതെ ഞാനൊന്നു കിടുങ്ങി. അച്ഛനാണല്ലോ അങ്ങനെയൊക്കെ പറയുക പതിവ്. ഇളകുന്ന ഓളം മടക്കുകളിലെ തങ്ങിനിൽപ്പുകളെ അതിന്റെ ഇളക്കങ്ങളിൽ ഓർക്കാപ്പുറത്ത് ഒന്നാക്കുന്നതുപോലെ അതെന്നെ പേടിയുമായി ഇടവിട്ട് കൂട്ടിമുട്ടിച്ചുകൊണ്ടേയിരുന്നു.

എപ്പോഴോ ഞങ്ങൾ ഉറങ്ങി. ആരോ ഞെക്കിപ്പിടിച്ചതുപോലെ ആഴത്തിലേക്ക് തലതൂക്കിയുള്ള ഉറക്കം. അതിനിടയിൽ മറ്റൊരു സംഭവമുണ്ടായി. ആരോ ഒരു നീണ്ടകഥ എന്നോടു പറയുന്നു. അത് അമ്മയല്ല, ഉറപ്പ്. തെക്കൻ സൈബീരിയയിൽനിന്ന് വംശപരമ്പര വരിയിട്ടു കടന്നുവന്നതിന്റെ കഥകളായിരുന്നു അതത്രയും. എന്തായാലും, ഉറക്കത്തിൽ അതെന്നെ നിരന്തരം അനുധാവനംചെയ്തിരുന്നു, സംശയമില്ല. പിറ്റേന്ന്, അതേ നിനവുമായിട്ടാണ് ഉണർന്നത്. ഒരുവേള, ചരിത്രകഥകൾ ജയരാമൻ എന്നോട് പറഞ്ഞിട്ടുണ്ടാകണം! അത് അവന് പകൽനേരത്ത് പറയാമായിരുന്നല്ലോ. ഉറക്കത്തിനിടയിൽ പറഞ്ഞത് എന്തിനായിട്ടാവും? പറയുന്നതാരാണെന്ന് കേൾക്കുന്നവൻ അറിയാതിരിക്കാനാവാം.

പാതിരാത്രിയിലെപ്പോഴോ കാരണമറിയാതെ ഉണർന്നപ്പോൾ, ജയരാമനുണ്ട്, ഉണർന്നിരിക്കുന്നു. അവന്റെ നോട്ടം മേലാപ്പുകളില്ലാത്ത കോലായയിൽനിന്ന്, മുകളിലേക്കായിരുന്നു. അവിടെ, പരിപൂർണത്തിന്റെ ഉദാഹരണം പോലെ ആകാശം താഴേക്കു തല തൂക്കി കമിഴ്ന്നുകിടക്കുന്നുണ്ട്. അവ്യക്തതയിൽ രൂപം ഒളിച്ചുവെച്ച് അതിൽ മേടംരാശി തെളിഞ്ഞുനിന്നു.

‘‘മാതമുത്തച്ഛൻ അഴക്കുഴക്ക് (പഴയ അളവുകൾ) വെളിച്ചെണ്ണ വാങ്ങാൻ ഇന്ദ്രനെക്കാണാൻ പോകുന്നതിന്റെ ചിത്രമാണ്, കണ്ടില്ലേ?’’

ഏതോ നക്ഷത്രക്കൂട്ടത്തെ ചൂണ്ടിക്കാണിച്ച് ജയരാമൻ ചോദിച്ചു. രൂപാരൂപങ്ങളുടെ നക്ഷത്രഖനിയിൽനിന്ന് വേറിട്ടെന്തെങ്കിലും കാണാൻ എനിക്കായില്ല. ഞാൻ വീണ്ടും ഉറങ്ങി. അവൻ ഉറങ്ങിയിട്ടുണ്ടാവില്ല. പിറ്റേന്ന് പക്ഷേ, അതിന്റെ ചടവുകളൊന്നും പ്രത്യക്ഷപ്പെടാത്ത മുഖകമലവുമായി അവൻ എനിക്കു മുന്നിൽ തെളിഞ്ഞു.

‘‘നിനക്ക് സൂര്യനെ തൊടണോ?’’

അവൻ ചോദിച്ചു.

മലഞ്ചെരിവിലൂടെ ഞങ്ങൾ കുന്നുകയറി, കുറ്റിക്കാടും താണ്ടി. ചാരേ നീങ്ങുമ്പോൾ, അടയിരിക്കുന്ന മടിച്ചികളായ പക്ഷികൾ മരപ്പൊത്തുകളിൽനിന്ന് തല പുറത്തിട്ട് ചിരിച്ചു.

തോലൻപാറയിൽ കയറ്റിനിർത്തി, അവൻ എന്നോട് സൂര്യനെ തൊടാൻ പറഞ്ഞു. ഒരു കുന്നിന്റെ ഉച്ചിയിൽനിന്ന് തൊട്ടടുത്തെന്ന് ഒറ്റനോട്ടത്തിൽ തോന്നിച്ച മറ്റൊരു മലനിറുകിലേക്ക് ജ്വലിച്ചു കയറിവരുന്ന സൂര്യബിംബത്തെ എളുപ്പത്തിൽ തൊടാൻ കഴിയും! ഒട്ടും ചൂടു തോന്നില്ല!

അന്നേവരെ അറിയാൻ കഴിഞ്ഞിട്ടില്ലാത്ത പലതുമാണ് അവൻ എനിക്കായി അവിടെ മുൻവെച്ചത്. കൽക്കെട്ടിടത്തെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തൊടിയെ ഞങ്ങൾ ചുഴിവട്ടത്തിലോടിയോടി വെടിപ്പാക്കി. അവിടെ മരങ്ങളുടെ വിത്തുകൾ പാവി. കൊക്കരണിയിലിറങ്ങി, ഇലത്തുന്നിൽ അവനുണ്ടാക്കിയെടുത്ത പാളപ്പാത്രങ്ങളിൽ വെള്ളമെടുത്ത് നനച്ചു. വിത്തുകൾ നാമ്പെടുക്കുന്നതുകണ്ട് വിടർന്നു. അവ മരമാകുന്നതിന് ക്ഷമയോടെ കാത്തിരിക്കുന്നതിൽ സുഖിച്ചു. വെയിലിൽ വിയർത്തും തണുപ്പിൽ കിളുന്നും ഞങ്ങളങ്ങനെ കഴിഞ്ഞു...

ദിവസങ്ങൾ പലതു കടന്നുപോയിട്ടുണ്ടാകാം, ആരാണ് അതൊക്കെ ശ്രദ്ധിക്കുന്നത്! പിന്നിട്ട കാലവും, വിട്ടുപോന്ന വീടുമെല്ലാം സുഖസ്​മരണകളിൽപ്പോലും കടന്നുവരാതായി. നടന്നുകഴിഞ്ഞതത്രയും സ്വപ്നമെന്നു പിന്നീട്, തോന്നുകയാണെങ്കിൽ തെറ്റില്ല. ഇത് നടക്കുമ്പോൾതന്നെ തികഞ്ഞ സ്വപ്നമായിട്ടാണ് അനുഭവപ്പെട്ടത്.

‘‘നിനക്ക് വീട്ടിലേക്ക് തിരിച്ചുപോകേണ്ടേ?’’

എന്നിട്ടും, അങ്ങനെയൊരു ചോദ്യം ഞാനാണ് മുൻവെച്ചത്. പറയാൻ കൂട്ടാക്കാത്ത മറുപടികൊണ്ട് ചോദ്യത്തെ അവൻ നിസ്സാരമായി വെട്ടിച്ചു. താൻ ചോദിക്കാനിരിക്കുന്ന ഒന്നിലേക്ക് അപ്പുറത്തെയാൾ പ്രവേശിച്ചതു കണ്ടിട്ടാവാം, അതിനിടയിൽ അവനൊന്ന് പുഞ്ചിരിക്കുന്നതും കണ്ടു. ‘‘നിനക്കോ’’ എന്നായി അവൻ.

‘‘അയ്യോ, അച്ഛനുള്ളപ്പോൾ തിരിച്ച് അവിടേയ്ക്കോ!’’ ഞാൻ ഞെട്ടി.

പുളിയിലകൾ വീണുചീർത്ത ചിറയ്ക്കരികിൽ തവളക്കുട്ടികളേയും നോക്കിനിൽപ്പായിരുന്നു അന്നേരം, ഞങ്ങൾ. രാമുവും ഗോപുവും അതിന്റെ പരിസരങ്ങളിൽ മൂക്കുചീറ്റിയും, മുരണ്ടും നടക്കുന്നുണ്ട്.

‘‘അപ്പോൾ നിനക്ക് അച്ഛനെ വേണ്ടാതായോ?’’

ജയരാമൻ ചോദിച്ചു.

‘‘അച്ഛന് എന്നെയാണ് വേണ്ടതായത്,’’ ഞാൻ പറഞ്ഞു, ‘‘ആർക്കറിയാം, അച്ഛനുപോലും അച്ഛനെ വേണ്ടാതായിട്ടുണ്ടാവും. ജൂൺ മാസം മുതൽ അദ്ദേഹം സ്വന്തം കുപ്പായം ഊരി മറ്റൊന്നിലേക്ക് കയറി, ജയരാമാ.’’

എനിക്കങ്ങ് സങ്കടം വന്നു. അവൻ എന്നെ പൂണ്ടടക്കം പിടിച്ചു. പണ്ട്, അച്ഛനാണ് എന്നെ അങ്ങനെ സമാധാനിപ്പിക്കുക!

‘‘നിനക്കൊരു കഥ കേൾക്കണോ?’’  ജയരാമൻ ചോദിച്ചു. അങ്ങനെയാണ് അവനാ കഥ പറഞ്ഞത്. അന്നേരം, അച്ഛന്റെ ശബ്ദമായിരുന്നു അവന്! നിന്റെ അമ്മ പ്രസവത്തിനുശേഷം വിശ്രമിക്കുമ്പോൾ പൊടുന്നനെ, എന്നെ കാണണമെന്ന് പറഞ്ഞു. മുന്നിലെത്തിയപ്പോൾ അവൾ എന്റെ കൈകളിൽ കൂട്ടിപ്പിടിച്ചു.

‘‘കുറച്ചുനേരം ഇവിടെത്തന്നെ നിൽക്കൂ. എനിക്ക് ഇത്തിരി തിരക്കുണ്ട്.’’

അതെനിക്ക് വിചിത്രമെന്നു തോന്നി.

‘‘നീ എങ്ങോട്ടെങ്കിലും യാത്രപോകുവാണോ?’’

ഞാൻ ചോദിച്ചു. അതിന് മറുപടിയുണ്ടായില്ല. പകരം വന്നത് നിർദേശമായിരുന്നു. ഒരിക്കലും ഉയരാത്ത പതിവുശബ്ദത്തിലായിരുന്നെങ്കിലും, അത് എന്നെ വല്ലാതെ വന്നുതൊട്ടു.

‘‘നിത്യവും രാവിലെ ഒരുനേരമെങ്കിലും നമ്മുടെ മൂത്ത കുട്ടിയുടെ മുഖമൊന്ന് കാണണേ.’’

സമ്മതമറിയിച്ചതിന് തൊട്ടുപിന്നിലായി ഞാൻ ക്യാമ്പിലേക്ക് മടങ്ങി. അതിനു പിന്നിലായി നിന്റെ അമ്മയുടെ ബോധം മങ്ങിയ​െത്ര. പിന്നീടെപ്പോഴോ, അവസാനത്തെ വാതിൽ തുറന്ന്, നിറവെളിച്ചത്തിലേക്ക് ആരോ അവൾക്ക് കൈപിടിച്ചിരിക്കണം. ഏറെക്കഴിഞ്ഞാണ് അതൊക്കെ ഞാനറിഞ്ഞത്. തിരിച്ചെത്തുമ്പോൾ അവൾ അനക്കമറ്റു കിടക്കുന്നു. തണുപ്പും മൗനവും താലത്തിലേന്തിയ നിശ്ചലാവതാരമെന്നപോൽ.

അവൾ പറഞ്ഞത് ഞാനൊരിക്കലും അനുസരിച്ചില്ല. യൂനിഫോം ധരിച്ചതിനുശേഷം, നിന്റെ മുഖത്തേക്കു നോക്കിയാൽ അവിടെ ഞാൻ നിന്റെ പ്രായത്തിലുള്ള എന്നെ കണ്ടുമുട്ടുമെന്ന് അവൾക്കറിയാം. അതാണവളുടെ സൂത്രം. നിന്നെയും എന്നെയും ഇത്തിരിക്കുഞ്ഞൻമാരുടെ രൂപത്തിൽ കാണാനാണ് മരണശേഷവും അവൾ ആഗ്രഹിച്ചത്. പക്ഷേ, എനിക്ക് എങ്ങനെയാണ് അത്തരം കണ്ണുകെട്ടിക്കളിക്ക് നിന്നുകൊടുക്കാൻ സാധിക്കുക? രാജ്യചരിത്രം മറ്റൊരു രൂപത്തിലാണ് എന്നെ നിരന്തരം ആവശ്യപ്പെട്ടത്.

മുന്നിൽ വന്നുനിൽക്കുന്നത് അച്ഛൻതന്നെയാണെന്നൊരു ആന്തലിൽ ഞാൻ പൊട്ടിത്തെറിച്ചു.

 

‘‘രാമുവിനെയും നിങ്ങൾ മനഃപൂർവം മാറ്റിയെടുത്തു.’’

അതിനുശേഷമാണ്, ആ മുഖത്തേക്ക് ഞാൻ നോക്കുന്നത്. അത് വെറും കുട്ടിയായ ജയരാമൻതന്നെ. പക്ഷേ, അവൻ തുടർന്ന് പറഞ്ഞതെല്ലാം അച്ഛന്റെ സ്വരത്തിൽതന്നെ! ‘‘കൈവശമുള്ളത് വരുതിയിൽ നിൽക്കുമ്പോൾ പ്രശ്നമില്ല. അത് കാണാതാകുന്നതോടെ കളിയങ്ങു മാറും... നീക്കുപോക്കില്ലാത്ത അനർഥങ്ങളെ തുടർച്ചയായി അനുധാവനം ചെയ്യുന്നതിന്റെ നേർപേരാണ് മകനേ, അധികാരം.’’

നെടുവീർപ്പാൽ അകലംപിടിച്ചുകൊണ്ട് ജയരാമൻ ഏറ്റുപറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. സ്വന്തം പ്രായത്തിനു നിരക്കാത്തതാണല്ലോ ജയരാമനും പറയുന്നതെന്ന സമാധാനം മാത്രമേയുള്ളൂ. ഞാൻ അതിൽ പിടിച്ചുനിന്നു.

‘‘വിടരുന്ന ഓരോ പ്രഭാതത്തിലും നിന്റെ മുഖം കണ്ടതിനുശേഷം മാത്രമേ ഇനി, ഞാൻ യൂനിഫോമിനകത്തേക്ക് കയറുകയുള്ളൂ.’’ വാക്കുതരുന്നതുപോലെയാണ് ജയരാമൻ പറഞ്ഞത്.

കാര്യമെന്തായാലും, ജയരാമന്റെ കൈപിടിച്ച് ഞാൻ വീട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. കാട്ടിൻചിറയുടെ അതിർത്തി പിന്നിട്ടപ്പോഴാണ് അത് സംഭവിച്ചത്, ജയരാമൻ ഒരു മുഴുമനുഷ്യനിലേക്ക് ഒറ്റയടിക്കങ്ങ് വലുതായി. അത് അച്ഛനായിരുന്നു! പരിഭ്രമിക്കാതിരിക്കാൻ അദ്ദേഹം എന്റെ കുട്ടിത്തലയിൽ തലോടി. പട്ടുപോലുള്ള കൈകൾ അച്ഛന് തിരിച്ചുകിട്ടിയിരിക്കുന്നു.

‘‘കാട്ടിൻചിറ എന്നത് എന്നേ സംബന്ധിച്ചിടത്തോളം നിന്റെ മുഖംതന്നെയാണ്, അത് അമ്മയ്ക്കറിയില്ല. പക്ഷേ, സ്വയം അറിയാതെയും എങ്ങനെ

യോ നീ അത് അറിഞ്ഞു. അതെന്തോ ആകട്ടേ, മരിച്ചുപോയവരെ വഞ്ചിച്ചതിനുള്ള പ്രായശ്ചിത്തം നീളെ പ്രവർത്തിക്കാവുന്നിടംവരെയെങ്കിലും ഞാൻ എന്നേ ഇണക്കിയെടുത്തുകഴിഞ്ഞു, മകനേ.’’ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇവിടെ ഞാനെന്റെ അച്ഛന്റെ ഓർമകൾ അവസാനിപ്പിക്കട്ടേ. ചരിത്രം മറ്റൊരർഥത്തിലാണ് അദ്ദേഹത്തെ നിങ്ങൾക്കു മുന്നിൽ എടുത്തുകാണിച്ചിട്ടുള്ളതെന്ന് എനിക്കറിയാം. കാട്ടിൻചിറയിലെ വീട്ടുവളപ്പിൽതന്നെയായിരുന്നു അച്ഛന് ചിത ഒരുക്കിയത്. മാതമുത്തച്ഛന്റെ കല്ലറക്കരികെ. ഒരർഥത്തിൽ, ചരിത്രസൃഷ്​ടിയുടെ പൊങ്ങച്ചങ്ങളൊന്നും കടന്നുകയറാത്ത ഒരിടത്ത്. ചരിത്രം വരച്ചെടുത്ത പാപത്തിന്റെ രൂപമെല്ലാം മണ്ണിൽ അഴിച്ചുവെച്ച്, ശാന്തരൂപിയായി അദ്ദേഹം കിടന്നു. ഭൂമിയിലെ ശ്വാസമൊഴിവാക്കിക്കൊണ്ട്. തുറന്ന ആകാശം നോക്കി വിജനതയിൽ ഇപ്പോഴും, ആ സാങ്കൽപിക കുഴിമാടം മലർന്നുകിടക്കുകതന്നെയാണ്. അറ്റമില്ലാത്ത മനുഷ്യനിര അവസാനമില്ലാതെ കാർക്കിച്ചുതുപ്പുന്നതുപോലെ മഞ്ഞും മഴയും കാറ്റും പൊടിയുമെല്ലാം അവിടെ അച്ഛനോട് സദാ പെരുമാറുന്നു.

അച്ഛനിലൂടെ ലോകത്തേക്കിറങ്ങിയ കറുത്ത ജൂണിന്റെ കരിങ്കുട്ടിയാണെങ്കിൽ ഇന്ന്, ഉന്നതസ്​ഥാനീയനായ കർക്കശ​പ്പൊലീസാണ്. അധികാരത്തിന്റെ ഇച്ഛകളിൽനിന്ന് ചോരപൊടിച്ച ബലത്തോടെ പണ്ട്, പണിതിട്ട അതേ മടക്കപ്പാതയിലൂടെ കരിങ്കുട്ടി തിരികെ അധികാരം നോക്കി പ്രയാണമാരംഭിച്ചത് കല്ലറയിലെ അച്ഛാ, നിങ്ങൾ കാണുന്നുണ്ടോ? അമ്മ ഉദ്ദേശിച്ച രൂപത്തിൽ കുഞ്ഞനായി തുടരുന്നത് ഇപ്പോഴും, ഞാൻ മാത്രമാണ്. അതുകൊണ്ടാവാം, തുടലുകളൊന്നുപോലും കഴുത്തിലണിയാതെ തുടരാൻ എനിക്ക് സാധിക്കുന്നുണ്ട്, സമ്പൂർണ പരാജിതൻ എന്നാണ് മനുഷ്യർ എന്നെ വിശേഷിപ്പിക്കുന്നതെങ്കിലും. കാട്ടിൻചിറയിലേക്കായി കടന്നുവരുന്നവർക്ക് വഴിക്കണ്ണുമായി സദാ ഞാനുണ്ടാകും, ഇത്തിരിക്കുഞ്ഞനായ ഞാൻ.

(അവസാനിച്ചു)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT