ക്രിസ്മസ് തലേന്ന് ജനിച്ചവരുടെ മൃതശരീരങ്ങൾ ഒരിക്കലും മണ്ണിൽ ലയിച്ചു ചേരുകയില്ല, കാലാന്ത്യത്തോളം അവ സംരക്ഷിക്കപ്പെടുകതന്നെ ചെയ്യും, സാർഡീനിയക്കാരുടെ പരമ്പരാഗത വിശ്വാസമാണത്. മകളുടെ ഭാവിവരനുമായുള്ള സംസാരത്തിനിടെ, സമ്പന്ന കർഷകൻ ദിദിനു ഫ്രാവുവാണ് ഇക്കാര്യം എടുത്തിട്ടത്.
‘‘എന്തിനുവേണ്ടി? മരിച്ചുകഴിഞ്ഞാൽ നമ്മുടെ ശരീരംകൊണ്ടെന്തു പ്രയോജനം?’’ -ദിദിനു അമ്മാവൻ പറഞ്ഞത് പ്രെദു ടാസ്കക്കു ഒട്ടും ദഹിച്ചില്ല.
‘‘അതോ’’, കർഷകൻ മറുപടി പറഞ്ഞു, ‘‘ചാരമായി അലിഞ്ഞുതീരാത്തത് തന്നെ ഒരുതരത്തിൽ ദൈവാനുഗ്രഹമല്ലേ? നാം അന്ത്യവിധി നാളിൽ എത്തിനിൽക്കെ നമ്മുടെ ശരീരങ്ങൾ സുരക്ഷിതമായി കാണുന്നത് സന്തോഷകരമല്ലേ?’’
‘‘ഹോ, അത് അത്രയും വലിയ കാര്യമാണോ?’’ -പ്രെദു ഒത്തിരി സന്ദേഹത്തോടെ ചോദിച്ചു.
‘‘ശരിക്കും മരുമകനെ’’, കർഷകൻ ഉറക്കെ പറഞ്ഞു, ‘‘അത് വളരെ നല്ല കാര്യമാണ്. ഈ രാവിൽ നാമതേക്കുറിച്ച് പാടിയാലോ?’’ സ്വപിതാവിനെയും പിതാമഹനെയുംപോലെ ദിദിനു അമ്മാവനും ജന്മനാ ഒരു കവിയാണ്. നിമിഷകവനത്തിനുള്ള ഏത് അവസരവും അയാൾ സന്തോഷപൂർവം ഏറ്റെടുക്കും; തനിക്കു ചുറ്റുമുള്ള കവികൾ തന്നേക്കാൾ സാമർഥ്യം കുറഞ്ഞവരായിരിക്കുമ്പോൾ പ്രത്യേകിച്ചും.
‘‘ഓ... ഈ ചർച്ച അത്ര സുഖമില്ല കെട്ടോ’’, പ്രാണപ്രിയൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധ്യത്താൽ പരമാവധി സുന്ദരിയായി ചമഞ്ഞുകൊണ്ട് മരിയ ഫ്രാൻസിസ്ക പ്രതികരിച്ചു.
‘‘മിണ്ടാതെ പോയിക്കിടന്നോ നീ’’, അപ്പൻ അവളോട് വഴക്കിട്ടു.
കാര്യം ഒരു കവിയൊക്കെയാണെങ്കിലും സ്വന്തം കുടുംബത്തിൽ, പ്രത്യേകിച്ച് പെൺമക്കളുമായി ഇടപെടുമ്പോൾ ദിദിനു കാടനും നിഷ്ഠുരനുമൊക്കെയായി മാറും. കുടുംബം അയാളെ അനുസരിച്ചു, അല്ല ശരിക്കും പേടിക്കുകതന്നെയായിരുന്നു.
അപ്പൻ വീട്ടിലുള്ളപ്പോൾ പ്രിയപ്പെട്ട പ്രദുവിന്റെ സമീപത്ത് ഒന്നിരിക്കാൻപോലും മരിയ ഫ്രാൻസിസ്ക ധൈര്യപ്പെടില്ല. വിവാഹനിശ്ചയം കഴിഞ്ഞ ഇണകൾക്കിടയിലെ നാട്ടുനടപ്പനുസരിച്ച്, ഭാവിവരനെ ആകർഷിച്ചുനിർത്താൻ എന്നതുപോലെയുള്ള ഒരകലം അവൾ പ്രെദുവുമായി പാലിച്ചു. എന്നാൽ അതേസമയം, പൂക്കൾ തുന്നിയ ചുവന്ന പതുപതുത്ത കഞ്ചുകമണിഞ്ഞ സ്വശരീരത്തിന്റെ സുന്ദര ചലനങ്ങളാലും വൈഡൂര്യശോഭകലർന്ന, ബദാം ബീജാകൃതിയിലുള്ള നയനങ്ങളുടെ ചലനദീപ്തികൊണ്ടും അവനെ നിരന്തരം കീഴ്പ്പെടുത്തിക്കൊണ്ടുമിരുന്നു.
ആ ക്രിസ്മസ് തലേന്ന് തെളിച്ചമില്ലാത്ത ദിവസമായിരുന്നു. വെയിൽ കുറവാണെങ്കിലും വിദൂര മരുഭൂമികളുടെ ഇളംചൂടും കടലിന്റെ നീരാവിഗന്ധവും വഹിച്ചെത്തിയ കിഴക്കൻ കാറ്റ് ദിവസത്തിന് സൗമ്യതയേറ്റി.
ഗിരിനിരകളിലോ, ഹേമന്തത്തിലെ തണുത്ത പുൽനാമ്പുകൾ ഹരിതാഭമാക്കിയ ചരിവുകളിലോ കാലമെത്തും മുമ്പേ പുഷ്പിച്ചിളകുന്ന ബദാം മരങ്ങളുള്ള താഴ്വരകളിലോ കാറ്റിലേക്ക് വലിച്ചെറിയപ്പെട്ട മഞ്ഞിന്റെ വെളുത്ത ദലങ്ങൾ അദൃശ്യജ്വാലകളോടുകൂടിയ വലിയൊരു അഗ്നികുണ്ഠത്തെ സൃഷ്ടിച്ചതായിരിക്കാം ആ ചൂടിന് കാരണം. മലമുകളിൽനിന്നും തുടങ്ങി ആകാശത്തോളം മേൽക്കൂര കെട്ടിയ മേഘങ്ങളുടെ സ്ഥിരസാന്നിധ്യം കാണാത്ത തീയുടെ പുകപടലങ്ങളായും തോന്നിപ്പിച്ചു.
തിരുനാൾ ആഘോഷത്തിന്റെ മണിനാദം നാട്ടിലെങ്ങും നിറഞ്ഞു. മധ്യധരണ്യാഴിയുടെ കിഴക്കു ഭാഗത്തുനിന്നും പതിവില്ലാതെ വീശിയ കാറ്റേറ്റ് ജനം തിരുപ്പിറവി ആഘോഷിക്കുവാൻ തെരുവുകളിലും വീടുകളിലും കൂട്ടംകൂടി. കുഞ്ഞാടുകളെയും മുഴുവനായി പൊരിച്ചെടുത്ത പന്നിക്കുഞ്ഞുങ്ങളെയും മധുരപലഹാരങ്ങളും കേക്കുകളും ഉണങ്ങിയ ഫലങ്ങളും ഇറച്ചിയും കുടുംബങ്ങൾ പരസ്പരം സമ്മാനിച്ചു. ഇടയന്മാർ അവരുടെ കന്നുകാലികളുടെ ആദ്യത്തെ പാൽ ജന്മിമാർക്ക് കൊണ്ടുപോയിക്കൊടുത്തു. കാലികൾക്ക് ദോഷമേതും വരാതിരിക്കാനായി, യജമാനപത്നിമാർ പാൽപ്പാത്രം സസൂക്ഷ്മം ഒഴിവാക്കി അതിൽ പച്ചക്കറികളും മറ്റും നിറച്ച് തിരികെ നൽകി.
ഒരു പന്നിവളർത്തുകാരനായ പ്രെദു ടാസ്ക അയാളുടെ ഏറ്റവും നല്ല പന്നിക്കുഞ്ഞിനെ കൊന്ന് അതിന്റെ മേൽ ചോര പുരട്ടി, ഉള്ളിൽ വെള്ളയാമ്പൽ അരിഞ്ഞു നിറച്ച് ഭാവി വധുവിന് സമ്മാനമായി കൊടുത്തയച്ചു. അവളാകട്ടെ, ഒരു ഹണി കേക്കും ബദാം കുരുക്കളും അതേ കൊട്ടയിൽ തിരികെ കൊടുത്തുവിട്ടു. കൊണ്ടു വന്ന സ്ത്രീക്ക് അഞ്ചു ലിറയുടെ ഒരു വെള്ളിനാണയവും നൽകി.
വൈകുന്നേരം ആ ചെറുപ്പക്കാരൻ ഫ്രാവുവിന്റെ വീട്ടിലെത്തി ഭാവിവധുവിന് ഹസ്തദാനം നൽകി. ആഹ്ലാദകിരണങ്ങൾ സ്ഫുരിച്ച് അവളുടെ മുഖം അരുണാഭമായി. പ്രണയപീഡകൊണ്ട് തപിക്കപ്പെട്ട സ്വന്തം കരം അവളവന്റെ പിടിയിൽനിന്നും പിൻവലിക്കവേ, അതിനുള്ളിൽ ഒരു സ്വർണനാണയം കാണുമാറായി. അടുത്ത നിമിഷം, പ്രെദു തന്ന സുന്ദരസമ്മാനം മറ്റുള്ളവരെ കാണിക്കാനെന്നോണം തിടുക്കപ്പെട്ട് അവൾ പോയി.
പുറത്ത് ആഹ്ലാദപൂർവം മണി മുഴങ്ങി. ഉന്മേഷരഹിതമായിരുന്ന ആ സന്ധ്യയിൽ കിഴക്കൻ കാറ്റ് ലോഹശബ്ദം നിറച്ചു.മധ്യകാലഘട്ടത്തിലേതു പോലുള്ള പകിട്ടാർന്ന ദേശീയ വസ്ത്രമാണ് പ്രെദു ധരിച്ചിരുന്നത്. മനോഹരമായ ചിത്രത്തുന്നലുകളുള്ള ഇറക്കം കുറഞ്ഞ കമ്പിളിക്കോട്ട്, അതിനടിയിൽ നീലവെൽവെറ്റ് കുപ്പായം, അലങ്കാരപ്പണികളുള്ള തുകൽ ബെൽറ്റ്, കസവു പൊതിഞ്ഞ സ്വർണവർണക്കുടുക്കുകൾ, നീളമേറിയ തലമുടി ഒലിവെണ്ണ പുരട്ടി ചെവികളെ മറയ്ക്കുമാറ് കോതിയൊതുക്കി വെച്ചിരിക്കുന്നു. അതിനിടെ അൽപം വീഞ്ഞും എനിസെറ്റും കഴിച്ചിരുന്നതിനാൽ അവന്റെ കറുത്ത കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. കറുത്ത താടിരോമങ്ങൾക്ക് മധ്യേ ചെഞ്ചുണ്ടുകൾ പ്രകാശിച്ചു. ഒരു നാട്ടുദൈവത്തെ പോലെ സുന്ദരനും അരോഗദൃഢഗാത്രനുമായിരുന്നു അവൻ.
‘ബോയനാസ് ടാർഡസ്’ കത്തിക്കൊണ്ടിരുന്ന നെരിപ്പോടിനു സമീപം, ഭാര്യാപിതാവിനോടു ചേർന്ന് ഇരിക്കുന്നതിനു മുന്നോടിയായി പ്രെദു മധ്യാഹ്ന ആശംസകൾ അറിയിച്ചു.
‘‘ദൈവം താങ്കൾക്ക് ഇനിയുമൊരു നൂറു ക്രിസ്മസുകൾ നൽകുമാറാകട്ടെ... സുഖംതന്നെയല്ലേ?’’
‘‘നഖങ്ങൾ കൊഴിഞ്ഞുപോയ വയസ്സൻ കഴുകന്റെ ഒരു ജന്മം.’’പരുക്കനും വൃദ്ധനുമായ കർഷകൻ പ്രതികരിച്ചു. അനന്തരം അയാൾ പ്രസിദ്ധമായ ആ വരികൾ പാടി.
‘‘മനുഷ്യന് വയസ്സാകുമ്പോൾ അവൻ ഒന്നിനും കൊള്ളരുതാത്തവനായിത്തീരുന്നു.’’
അങ്ങനെ പറഞ്ഞുതുടങ്ങിയാണവർ ക്രിസ്മസ് തലേന്ന് ജനിച്ചവരെക്കുറിച്ചുള്ള പഴയ വിശ്വാസത്തിൽ ചെന്നെത്തിയത്.
‘‘നമുക്ക് കുർബാനയ്ക്കു പോകാം’’,
ദിദിനുവമ്മാവൻ പറഞ്ഞു,
‘‘തിരിച്ചുവന്നിട്ട് നമുക്ക് കുശാലായി അത്താഴം കഴിക്കാം... അതു കഴിഞ്ഞു പാട്ടു പാടാം.’’
‘‘താങ്കൾക്ക് വേണമെങ്കിൽ നമുക്ക് അതിനുമുമ്പേ തന്നെ പാടാം’’,
പ്രെദു പറഞ്ഞത് ഇഷ്ടമായില്ലെന്ന മട്ടിൽ നെരിപ്പോടിന്റെ കല്ലുകളിൽ വടികൊണ്ടടിച്ച് ദിദിനു അമ്മാവൻ തുടർന്നു,
‘‘ഇപ്പോൾ വേണ്ട, ഈ വിശുദ്ധരാവിനെ നമ്മൾ ബഹുമാനിക്കണം. മാതാവ് തിരുപ്പിറവിയ്ക്കായി വേദനയനുഭവിക്കുമ്പോൾ നാം മാംസാഹാരം കഴിക്കരുത്. പാടുകയുമരുത്. ഓ... ശുഭ സായന്തനം, മത്തിയ പൊർത്തോലു... വന്നിരുന്നാലും... ഇനിയുമാരൊക്കെ വരുമെന്ന് പറയൂ. മരിയ ഫ്രാൻസിസ്ക, ഇവർക്ക് നന്നായി കുടിക്കാൻ കൊടുക്കുക... ഈ കുഞ്ഞാട്ടിൻകുട്ടികൾക്ക് കുടിക്കാനെന്തെങ്കിലും കൊണ്ടുവരുക.’’
ചെറുപ്പക്കാരി ഭാവിവരനെ സൽക്കരിച്ചു. മാണിക്യം കണക്കെ തിളങ്ങുന്ന ചഷകം നൽകുവാനായി അവൾ കുനിഞ്ഞപ്പോൾ ആ പുഞ്ചിരിയാലും നോട്ടത്താലും അയാൾ മദോന്മത്തനായി. അതിനിടെ കടന്നുവന്നയാൾ ഇനിയും വരാനുള്ളവരെക്കുറിച്ച് വിവരം നൽകി.
അടുക്കളയുടെ മധ്യത്തിലുള്ള അടുപ്പിനരികെ സ്ത്രീകൾ അത്താഴമൊരുക്കുന്നതിൽ വ്യാപൃതരായി. നാല് അടുപ്പുകല്ലുകളിലൊന്നിനപ്പുറം വെറും നിലത്ത് പുരുഷന്മാർ ഇരിക്കുന്നുണ്ടായിരുന്നു. മറ്റൊന്നിനപ്പുറം സ്ത്രീകൾ പാചകം ചെയ്യുകയും. പ്രെദു സമ്മാനമായി കൊടുത്തയച്ച പന്നിയിൽ പാതി ഒരു നീളമുള്ള കമ്പിയിൽ കുത്തി അവർ പൊരിക്കുന്നുണ്ടായിരുന്നു. അടുക്കളയിലെങ്ങും ഭക്ഷണത്തിന്റെ കൊതിയേറ്റുന്ന ഗന്ധം നിറഞ്ഞു.
വൃദ്ധരായ രണ്ടു ബന്ധുക്കൾകൂടി അങ്ങോട്ടുവന്നു. കുടുംബസ്വത്തു വിഭജിച്ചു പോകാനിഷ്ടമില്ലാത്തതുകൊണ്ട് വിവാഹമേ വേണ്ടെന്നുവെച്ച സഹോദരന്മാർ! വലിയ വെള്ളത്താടികൾക്ക് മീതെ ചുരുണ്ടുകിടക്കുന്ന നീളമേറിയ തലമുടിയുമായി അവർ രണ്ടു പ്രജാപതിമാരെ അനുസ്മരിപ്പിച്ചു. അനന്തരം, അരളിമരത്തിന്റെ തടികൊണ്ടുള്ള നേർത്ത ദണ്ഡുകൊണ്ട് കൽച്ചുമരുകളിൽ തപ്പിത്തടഞ്ഞുകൊണ്ട് ഒരന്ധയുവാവും വന്നെത്തി. വൃദ്ധ സഹോദരന്മാരിൽ ഒരാൾ മരിയ ഫ്രാൻസിസ്കയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അവളെ ഭാവിവരനു നേരെ തള്ളിക്കൊണ്ട് പറഞ്ഞു,
‘‘എന്തുപറ്റി നിങ്ങൾക്ക്? എന്റെ ഹൃദയത്തിന്റെ കുഞ്ഞാടുകളെ, എന്താണു നിങ്ങൾ സ്വർഗത്തിലെ നക്ഷത്രങ്ങളെപ്പോലെ പരസ്പരം അകന്നുനിൽക്കുന്നത്. കൈകൾ കോർക്കുക നിങ്ങൾ, ആലിംഗനങ്ങളിൽ അലിയുക.’’
യുവമിഥുനങ്ങൾ കാമനകളെരിയുന്ന കണ്ണുകളോടെ പരസ്പരം നോക്കി, അപ്പോൾ ദിദിനുവമ്മാവന്റെ ശബ്ദം ഇടിവെട്ടുപോലെ മുഴങ്ങി.
‘‘എടാ വയസ്സൻ മുട്ടനാടെ, അവരെ സമാധാനമായി വിടൂ. അവർക്ക് നിന്റെ ഉപദേശം വേണ്ട.’’
‘‘അതറിയാമെനിക്ക്, അവർക്ക് നിന്റെയും ഉപദേശം വേണ്ട. സ്വന്തം കാര്യം നോക്കാനുള്ള മാർഗം അവർതന്നെത്താൻ കണ്ടെത്തിക്കൊള്ളും.’’
‘‘അങ്ങനെയെങ്ങാനും നടന്നാൽ...’’ കർഷകൻ ഭീഷണിപ്പെടുത്തി.
‘‘വണ്ടുകളെ ഓടിക്കുന്നതുപോലെ ആ പയ്യനെ ഞാനോടിക്കും. ഒഴിക്കൂ മരിയ ഫ്രാൻസിസ്ക...’’
പറഞ്ഞത് ഇഷ്ടപ്പെടാത്തതുപോലെ ചെറുപ്പക്കാരി വൃദ്ധന്റെ കൈകളിൽനിന്ന് വിടുതൽ നേടി.
കമ്പിളിത്തൊപ്പി നേരെയാക്കിക്കൊണ്ട് ചെറുചിരിയോടെ പ്രെദു പറഞ്ഞു,
‘‘അതായത് നമ്മളാരും ഭക്ഷണം കഴിക്കില്ല, പാട്ടുപാടില്ല, മറ്റൊന്നും ചെയ്യില്ല. പക്ഷേ, കുടിക്കാം അല്ലേ...’’
‘‘നിങ്ങൾക്ക് ഇഷ്ടംപോലെ ചെയ്യാം... കാരണം ദൈവം മഹത്ത്വമുള്ളവനാണ്’’, പ്രതിശ്രുത വരന് പിറകിലിരുന്ന് അന്ധൻ പിറുപിറുത്തു.
‘‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്ത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.’’
അതുകൊണ്ടവർ അത്രമേൽ നന്നായി മദ്യപിച്ചു.പ്രെദു മാത്രം ചഷകത്തിന്റെ ഇറമ്പിൽ ചുണ്ടുകൾ നനച്ചെന്നു വരുത്തി. പുറത്ത് പള്ളിമണികൾ മുഴങ്ങിയിരുന്നു. ആഹ്ലാദത്തിന്റെ ഗീതങ്ങളും ഗദ്ഗദങ്ങളും വഹിച്ചുകൊണ്ട് കാറ്റ് വന്നെത്തി. സമയം പതിനൊന്നായപ്പോൾ എല്ലാവരുമെഴുന്നേറ്റ് പാതിരാക്കുർബാന കൂടാൻ പോയി. വീട്ടിൽ വലിയ മുത്തശ്ശി മാത്രം ശേഷിച്ചു. മരിച്ചവർ അവരുടെ ഉറ്റവരെ കാണാൻ ക്രിസ്മസ് തലേരാത്രിയിൽ വന്നെത്തുമെന്ന് വൃദ്ധ ചെറുപ്പത്തിലേ കേട്ടു മനസ്സിലാക്കിയിരുന്നു.
മരിച്ചവർക്കുവേണ്ടി തളികയിൽ ഭക്ഷണവും മൺകൂജയിൽ വീഞ്ഞും കരുതിവെക്കുന്ന പതിവ് അവർ അന്നും മറന്നില്ല. എല്ലാവരും പോയിക്കഴിഞ്ഞ് തനിച്ചായപ്പോൾ വൃദ്ധ എഴുന്നേറ്റ് ഭക്ഷണവും വീഞ്ഞുമെടുത്ത്, മുറ്റത്ത് നിന്ന് മുകൾനിലയിലെ മുറിയിലേക്ക് കയറിപ്പോവാനുള്ള ഗോവണിമേൽ കൊണ്ടുചെന്നുവെച്ചു.വൃദ്ധയുടെ പരിപാടി കൃത്യമായി അറിയാവുന്ന ദരിദ്രനായ ഒരു അയൽവാസി, അപ്രകാരം കളപ്പുരയുടെ ചുറ്റുമതിൽ കയറി വന്ന് തളികയും കൂജയും കാലിയാക്കി.
കുർബാന കഴിഞ്ഞ് തിരിച്ചു വന്നയുടൻ വൃദ്ധരും യുവാക്കളും എന്നുവേണ്ട എല്ലാവരും അത്താഴത്തിനായി ഒത്തുചേർന്നു. നിലത്ത് വലിയ ചാക്കുകളിൽ കമ്പിളി നിറച്ച് നിരത്തി, അവ വീട്ടിൽ നെയ്തെടുത്ത ചണത്തുണികൊണ്ട് മൂടിയിരുന്നു. മഞ്ഞയും ചുവപ്പും മൺപാത്രങ്ങളിൽ, സ്ത്രീകൾ തയാറാക്കിയ മാക്രോണി നിറഞ്ഞ് ആവി പരത്തിക്കൊണ്ടിരുന്നു. നന്നായി പാചകംചെയ്ത പന്നിയെ മരത്തിന്റെ വെട്ടുപലകയിൽ കിടത്തി പ്രെദു അതിവിദഗ്ധമായി കഷണങ്ങളാക്കി... നിലത്ത് വിരിച്ചിട്ട ചാക്കുകൾക്കും പായകൾക്കും മീതെ എല്ലാവരും ഇരുന്നു... മദ്യം മൊത്തിക്കുടിച്ചുകൊണ്ടിരുന്ന അതിഥികളുടെ മുഖത്ത്, ചുവന്ന വെളിച്ചം പതിപ്പിച്ചുകൊണ്ട് നെരിപ്പോടിൽ തീ കത്തിപ്പടർന്ന് രംഗം ഏതോ ഇതിഹാസ കഥയെ ഓർമിപ്പിച്ചു.
ഭക്ഷണം കഴിഞ്ഞാൽ സ്ത്രീകൾ ഉറങ്ങാൻ പോവണമെന്ന് ദിദിനുവമ്മാവന് നിർബന്ധമാണ്. പുരുഷന്മാർമാത്രം നെരിപ്പോടിനരികെ ഇരുന്നും കിടന്നും പാടാൻ തുടങ്ങി. എല്ലാവരുടെയും മുഖങ്ങൾ ചുവന്നിരുന്നു. തളർന്ന കണ്ണുകൾമാത്രം തിളങ്ങിനിന്നു. വൃദ്ധ കർഷകൻ ഒരു വാദപ്രതിവാദത്തിന് മുതിർന്നു. അയാൾ ഓപറെയിലെന്നതുപോലെ പാടി.
‘‘അതുകൊണ്ട് മരുമകനേ പറയുക, എന്താണ് ഉത്തമം, വിലയേതുമില്ലാത്ത വെറും ഏഴു കഴഞ്ച് മണ്ണായി നാം ഒടുങ്ങണോ അന്ത്യവിധി ദിവസം അവനവന്റെ ശരീരം ഇതുപോലെ ഇരിക്കുന്നത് കാണണോ?’’ പ്രെദു സ്വന്തം തൊപ്പി ശരിയാക്കിയതിനുശേഷം പ്രതികരിച്ചു,
‘‘വിഷയം അതീവ ഗൗരവമുള്ളതു തന്നെ.’’ അയാൾ തുടർന്ന് ഇങ്ങനെ പാടി: ‘‘നമുക്ക് വേറെ എന്തെല്ലാം കാര്യങ്ങളുണ്ട് ചിന്തിക്കാൻ... പ്രണയത്തെ വാഴ്ത്തിപ്പാടിക്കൂടെ, ആനന്ദത്തെ ആഘോഷമാക്കിക്കൂടെ, വീനസിനെപ്പോലെയുള്ള സുന്ദരിമാരെക്കുറിച്ച് പാടിക്കൂടെ, അതുപോലെ മനോഹരവും സന്തോഷപ്രദവുമായ എന്തെല്ലാം കാര്യങ്ങൾ...’’
വൃദ്ധ ഗ്രാമീണനൊഴികെ എല്ലാവരും ആ ഗീതം കേട്ട് കൈയടിച്ചു. വൃദ്ധ കവിക്ക് അതൊട്ടും രസിച്ചില്ല. ‘‘ഗഹനമായ വിഷയങ്ങൾ കൈകാര്യംചെയ്യാൻ കഴിവില്ലാത്തതുകൊണ്ടാണ് എതിരാളി ഉത്തരം നൽകാത്തതെന്ന്’’ -അയാൾ കവിതയിൽ തന്നെ മറുപടി പറഞ്ഞു.
അപ്പോൾ പ്രെദു ഒരിക്കൽക്കൂടി തൊപ്പി ശരിയാക്കിക്കൊണ്ട് സാർഡിനിയൻ മട്ടിൽ പറഞ്ഞു: ‘‘ശരി... താങ്കൾക്ക് നിർബന്ധമാണെങ്കിൽ ഞാൻ മറുപടി തരാം. ഈ തർക്കം എനിക്കത്ര രസകരമായി തോന്നുന്നില്ല, കാരണം അത് ദുഃഖദായകമാണ്. പിറവിയുടെയും ആനന്ദത്തിന്റെയും ഈ രാവിൽ മരണത്തെക്കുറിച്ച് ചിന്തിക്കുവാൻ ഞാനുദ്ദേശിക്കുന്നില്ല. എന്നാൽ, താങ്കൾ ചോദിച്ച സ്ഥിതിക്ക് പറയട്ടെ. മരണശേഷം ശരീരം ഭദ്രമായി ഇരിക്കുന്നുവെന്നോ, അല്ല ജീർണിച്ചുപോകുന്നുവെന്നോ ഉള്ളത് എന്നെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമുള്ള കാര്യമല്ല. മരണാനന്തരം നമ്മൾ എന്താണ്? ഒന്നുമല്ല. ജീവിച്ചിരിക്കുമ്പോൾ ശരീരം ആരോഗ്യവും ചുറുചുറുക്കുമുള്ളതാവണം, അങ്ങനെയാണെങ്കിൽ നമുക്ക് ജോലിചെയ്യാം, ആഹ്ലാദിക്കാം... അതിലപ്പുറം യാതൊന്നുമില്ല.’’
കർഷകൻ ഒട്ടും വിട്ടുകൊടുത്തില്ല. പ്രെദുവാകട്ടെ, ജീവിതത്തിന്റെ സുഖങ്ങളെയും സന്തോഷങ്ങളെയും കൂട്ടുപിടിച്ച് അയാളോട് തർക്കിച്ചുകൊണ്ടിരുന്നു. വൃദ്ധ സഹോദരന്മാർ അതിനെ അനുകൂലിച്ച് കൈയടിച്ചു. എന്തിന്, അന്ധൻപോലും പ്രെദുവിനെ അനുകൂലിക്കുന്നതായി തോന്നി. കർഷകൻ ദേഷ്യം പിടിക്കുന്നതായി ഭാവിച്ചെങ്കിലും മരുമകൻ നല്ലൊരു കവിയാണെന്ന് സ്വയം തെളിയിച്ചതിൽ ഉള്ളാലെ അയാൾ സംതൃപ്തനായിരുന്നു. കുടുംബത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ തുടർച്ചയാണ് അത് മുമ്പോട്ടുവെക്കുന്നത്.
ഐഹികസുഖത്തിന്റെ വ്യർഥതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നെങ്കിലും മദ്യപാന വിഷയത്തിൽ ദെദിനുവമ്മാവൻ തരിമ്പും പിറകോട്ടു പോയില്ല, മറ്റുള്ളവരെ കുടിക്കാൻ പ്രേരിപ്പിക്കുന്നതിലും! പുലർച്ചെ മൂന്നായതോടെ സകലരും കുടിച്ച് മത്തായിരുന്നു. രണ്ടുപേരൊഴികെ, ഭീകര മദ്യപാനിയായ അന്ധനും അൽപമാത്രം കഴിച്ച പ്രെദുവും. അവർ സ്വന്തം സുബോധത്തിന്റെ കാവൽക്കാരായി നിലകൊണ്ടു.
പാട്ടിന്റെ ലഹരിയിലായിരുന്നു പ്രെദു. നേരമേറെ ചെന്നപ്പോൾ, മരിയ ഫ്രാൻസിസ്ക മുമ്പ് നൽകിയിരുന്ന വാഗ്ദാനത്തെക്കുറിച്ച് ഓർത്ത് അവൻ ആനന്ദതുന്ദിലനായി. പാട്ടുകാരുടെ സ്വരം പതിയെപ്പതിയെ നേർത്തുവന്നു. വൃദ്ധന്റെ സ്വരമിടറാൻ തുടങ്ങി. ചെറുപ്പക്കാരൻ ഉറക്കം നടിച്ചു. ഒടുവിൽ എല്ലാവരും ഉറക്കമായി. അന്ധൻ സ്വന്തം ചൂരൽവടിയുടെ പരുക്കൻ കൈപ്പിടിയെ പതുക്കെ കരണ്ടുതിന്നുകൊണ്ടിരുന്നു. പൊടുന്നനെ നടുമുറ്റത്ത് പൂവൻകോഴി കൂവി. പ്രെദു കണ്ണുതുറന്ന് കുരുടനെ സൂക്ഷിച്ചുനോക്കി.
‘‘അയാളെന്നെ കാണില്ല.’’ അവനുറപ്പിച്ചു. പിന്നെ അതീവ ജാഗ്രതയോടെ എഴുന്നേറ്റ് നടുമുറ്റത്തേക്ക് ചെന്നു.പുറമെയുള്ള ഗോവണി വഴി ഒച്ചയുണ്ടാക്കാതെ ഇറങ്ങിവന്ന് മരിയ ഫ്രാൻസിസ്ക അവന്റെ കൈകളിലേക്ക് ചാഞ്ഞു. ആരോ അവിടെനിന്നുമിറങ്ങി പുറത്തു പോയ കാര്യം അന്ധന് മനസ്സിലായിരുന്നു. പോയത് പ്രെദുവാണെന്നും ഊഹിച്ചു. അയാൾ അനങ്ങിയില്ല, ഇപ്രകാരം മന്ത്രിച്ചു:
‘‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്ത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.’’ ആകാശത്ത്, സുതാര്യ മേഘങ്ങളുടെ മറവിലൂടെ ചന്ദ്രൻ ഓടിക്കൊണ്ടിരിക്കെ, രജതാഭമായ ആ രാത്രിയിൽ കടലിന്റെ ചൂരും മരുഭൂമിയുടെ ചൂടും കിഴക്കൻ കാറ്റ് ആവാഹിച്ചു കൊണ്ടുവന്നു.
(മൊഴിമാറ്റം: ഉണ്ണികൃഷ്ണൻ പൂൽക്കൽ)
==========
ഗ്രാസ്യ ദിലെദ
1926ലെ നൊബേൽ പുരസ്കാരം നേടിയ ഇറ്റാലിയൻ എഴുത്തുകാരി. 1871 സെപ്റ്റംബർ 27ന് സാർഡീനിയയിലെ ന്യൂറോയിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽ വിവാഹിതയായി റോമിലേക്ക് മാറിയെങ്കിലും ജന്മദേശവുമായുള്ള ബന്ധം ശക്തമായി തുടർന്നു. നാമമാത്ര ഔപചാരിക വിദ്യാഭ്യാസം ലഭിച്ച ഗ്രാസ്യ പതിമൂന്നാം വയസ്സിൽ ആദ്യ കഥ പ്രസിദ്ധീകരിച്ചു. 1892ൽ അച്ചടിച്ച ‘The Flower of Sardinia’ ആണ് ആദ്യത്തെ നോവൽ.
ചരിത്രപരമായി വേരുകളുള്ള പഴയ ചടങ്ങുകളും കുടുംബാംഗങ്ങൾക്ക് ഉണ്ടായ ദുരന്തങ്ങളും ദിലെദയെ ബാല്യം മുതൽക്കേ ഒരു വിധി വിശ്വാസിയാക്കിത്തീർത്തു. നാടോടിക്കഥകളുടെ വൈകാരികാവിഷ്കരണവും മനുഷ്യന്റെ പ്രാകൃത ചോദനകളിൽ പ്രലോഭനവും പാപവും സൃഷ്ടിക്കുന്ന ദുരന്തവും രചനകളിലൂടെ കൊണ്ടുവന്നു. സാർഡീനിയയുടെ ഭൂപ്രകൃതി ദിലെദയുടെ രചനകളിലെ നിത്യരൂപകമായിരുന്നു. ‘The Old Man of the Mountain’ (1900), ‘After the Divorce’ (1902), ‘Elias Portolu’ (1903), ‘Cenere’ (1904), ‘The Mother’ (1920) എന്നിവയാണ് പ്രധാന കൃതികൾ. നാൽപതിൽപരം നോവലുകൾ എഴുതിയിട്ടുണ്ട്. 1937ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘Cosima’ ആത്മകഥാപരമായ നോവലാണ്. 1936 ആഗസ്റ്റ് 15ന് റോമിൽവെച്ചു മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.