ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ

അയാൾക്കിതിനെ കുറിച്ച് നിരവധി പ്രകാരഭേദങ്ങൾ സ്വന്തമായിട്ടുണ്ടായിരുന്നു. ഈ സ്ത്രീ ദൈവത്താൽ ശപിക്കപ്പെട്ട ഒരു ഭൂമികയിൽനിന്നാണ് വരുന്നത്. തിന്മയുടെ വംശപരമ്പരയിൽനിന്നാണവൾ കടന്നുവന്നിരുന്നത്. രോഗാതുരരായ ദരിദ്രവാസികളോട് അവൾ യാതൊരുവിധ അനുകമ്പയും കാട്ടിയിരുന്നില്ല. ഇതുകൊണ്ട് നമ്മുടെ കർത്താവ് അവരുടെ ഗ്രാമത്തെ മുഴുവനുമായി ഭീകരമായ പരമ്പരാഗതമായ വൈരൂപ്യത്താൽ ശിക്ഷിച്ച​ു.അല്ലെങ്കിൽ... വീഴ്ച സംഭവിച്ച സ്ത്രീയുടെ കുട്ടികളുടെ നി​േയാഗമായിത് രൂപാന്തരപ്പെടുകയായിരുന്നു. ഇവിടെയതിന്റെ അനന്തര ഫലമായി സിഫിലിസ് രോഗത്തിന്റെ കനികളെ നിങ്ങൾക്ക് കാണാൻ കഴിയും. അഞ്ചാം തലമുറക്കുമേൽ അവിശുദ്ധിയുടെ കണങ്ങൾ...

അയാൾക്കിതിനെ കുറിച്ച് നിരവധി പ്രകാരഭേദങ്ങൾ സ്വന്തമായിട്ടുണ്ടായിരുന്നു. ഈ സ്ത്രീ ദൈവത്താൽ ശപിക്കപ്പെട്ട ഒരു ഭൂമികയിൽനിന്നാണ് വരുന്നത്. തിന്മയുടെ വംശപരമ്പരയിൽനിന്നാണവൾ കടന്നുവന്നിരുന്നത്. രോഗാതുരരായ ദരിദ്രവാസികളോട് അവൾ യാതൊരുവിധ അനുകമ്പയും കാട്ടിയിരുന്നില്ല. ഇതുകൊണ്ട് നമ്മുടെ കർത്താവ് അവരുടെ ഗ്രാമത്തെ മുഴുവനുമായി ഭീകരമായ പരമ്പരാഗതമായ വൈരൂപ്യത്താൽ ശിക്ഷിച്ച​ു.

അല്ലെങ്കിൽ... വീഴ്ച സംഭവിച്ച സ്ത്രീയുടെ കുട്ടികളുടെ നി​േയാഗമായിത് രൂപാന്തരപ്പെടുകയായിരുന്നു. ഇവിടെയതിന്റെ അനന്തര ഫലമായി സിഫിലിസ് രോഗത്തിന്റെ കനികളെ നിങ്ങൾക്ക് കാണാൻ കഴിയും. അഞ്ചാം തലമുറക്കുമേൽ അവിശുദ്ധിയുടെ കണങ്ങൾ കൊണ്ടവരെ ശിക്ഷിക്കാൻ തയാറാകുന്ന നിയോഗമായിട്ടേയിതിനെ കാണാൻ കഴിയൂ.

അയാൾക്കൊരിക്കലും കുറ്റബോധം തോന്നിയില്ല. ഇവയിലേതെങ്കിലുമൊന്ന് സത്യമായി ഭവിക്കാൻ നല്ല സാധ്യതയുമുണ്ട്. എന്റെ മാതാപിതാക്കൾ ആരായിരുന്നു എന്നെനിക്കറിഞ്ഞുകൂടാ... ഏറ്റവും വിരൂപയായ സ്ത്രീ അയാളോട് പറഞ്ഞു. ഞാനെപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. ഒരു സർക്കസ് കൂടാരത്തിനുള്ളിൽ കണ്ടെത്തിയ ഒരു കുട്ടിയായിരുന്നു ഞാൻ. അതിനുമുമ്പ് എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് ആർക്കുമൊന്നുമറിഞ്ഞുകൂടായിരുന്നു. അവരുടെ ഒരുമിച്ചുള്ള ആദ്യത്തെ സീസൺ ഏതാണ്ട് അവസാനിക്കുവാൻ തുടങ്ങിയപ്പോൾ സർക്കസ് വാർഷിക വിശ്രമവേളക്കായി വിയന്നയിലേക്കുള്ള വിരസമായ യാത്രയിലായിരുന്നു.

ആ സമയത്താണ് അയാൾ അവളോട് വിവാഹാഭ്യർഥന നടത്തിയത്. അവൾ നാണംകൊണ്ട് തരിക്കുകയും വിറകൊള്ളുകയും ചെയ്തു. പിന്നീടവൾ ശാന്തതയോടെ പറഞ്ഞു, ‘‘അങ്ങനെ​യാവട്ടെ.’’ അവളുടെ ശിരസ്സ് അയാളുടെ കൈയോട് ചേർത്തുവെച്ചുകൊണ്ടവൾ നിന്നു. അവളുടെ ഗന്ധം അപ്പോൾ ശരിക്കും അയാൾക്കുൾക്കൊള്ളാൻ കഴിഞ്ഞു. അത് മൃദുലവും സോപ്പ് പുരണ്ടതുമായിരുന്നു.

ആ നിമിഷത്തെ അയാൾ അനുഭവിക്കുകയായിരുന്നു. പിന്നീട് പിറകോട്ട് ചാഞ്ഞ്​ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചുള്ള പദ്ധതികൾ അവളോട് പറഞ്ഞുതുടങ്ങി. അവർക്ക് സന്ദർശിക്കേണ്ടതായുള്ള സ്ഥലങ്ങളുടെ പട്ടികയും അതിലുണ്ടായിരുന്നു. അയാൾ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ അവൾ കണ്ണുകൾ അയാളിൽ തന്നെയുറപ്പിച്ചുവെച്ചു. പക്ഷേ, അപ്പോൾ അവ ദുഃഖിതവും നിശ്ശബ്ദവുമായിരുന്നു. ശരിക്കും അതിന്റെ അവസാന ഭാഗത്ത് അവൾ അയാളുടെ കരം ഗ്രഹിച്ചുകൊണ്ട് സൂചിപ്പിച്ചു. ഇതിന് വിരുദ്ധമായ ഒന്നാണവൾ ഇഷ്ടപ്പെടുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും അറിയപ്പെടാത്ത ​ഗ്രാമപ്രദേശത്ത് ഒരുമിച്ചുള്ള താമസം അതാണവൾക്ക് പ്രിയങ്കരമായിരുന്നത്.

അവിടെനിന്ന് എങ്ങോട്ടെങ്കിലും പോകാനോ ആരെയെങ്കിലും കാണാനോ ഒരിക്കലും അവൾ ആഗ്രഹിച്ചില്ല. അവൾ ഭക്ഷണം പാചകം ചെയ്യുകയും അവർക്ക് കുട്ടികളുണ്ടാവുകയും ഒരുദ്യാനം സൃഷ്ടിച്ചെടുക്കുകയും വേണം. ‘നിനക്കൊരിക്കലും അങ്ങനെയൊന്നുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല. അയാൾ വെറുപ്പോടെ തിരിച്ചടിച്ചു. നീ വളർന്നത് സർക്കസ് കൂടാരത്തിനുള്ളിലാണ്. നീയെങ്ങനെയായിരിക്കണം നിലനിൽക്കേണ്ടതെന്നുള്ളതായിരിക്കും നിനക്ക് പ്രധാനമായും ആവശ്യമായി വരുന്നത്. ജനങ്ങളുടെ മിഴികൾ പതിയാതെ നിനക്ക് മരിക്കേണ്ടതായിവരും.’’ അവളിതിന് മറുപടി ഒന്നും പറഞ്ഞില്ല.

ഒരു ചെറിയ ദേവാലയത്തിൽ ക്രിസ്മസ് കാലത്ത് അവർ വിവാഹിതരായി. വിവാഹത്തിന് കാർമികത്വം വഹിച്ച വൈദികൻ മിക്കവാറും ബോധം നശിച്ച അവസ്ഥയിലായി. വചനങ്ങൾ ചൊല്ലുന്നതിനിടയിൽ അയാളുടെ ശബ്ദം വിറകൊണ്ടിരുന്നു. സർക്കസിൽനിന്നുള്ള മനുഷ്യരാണ് അതിഥികളായിട്ടവിടെയുണ്ടായിരുന്നത്. തനിക്ക് കുടുംബാംഗങ്ങളായി ആരും തന്നെയില്ലെന്നയാൾ അവളോട് പറഞ്ഞിരുന്നു. അവളെപ്പോലെ തന്നെ അയാളും ഈ ലോകത്ത് ഒറ്റക്കായിരുന്നു. അവർ അവരുടെ ഇരിപ്പിടങ്ങളിൽ മയങ്ങിക്കഴിയുമ്പോൾ, എല്ലാ കുപ്പികളും ശൂന്യമായി കഴിഞ്ഞപ്പോൾ അവർക്ക് കിടക്കാനായി പോകാനുള്ള സമയവും ആയിക്കഴിഞ്ഞിരുന്നു (അപ്പോൾ അവർ പോലും അയാളുടെ കുപ്പായ കൈകളിൽ ലഹരിയിൽ ചേർത്ത് പിടിച്ചിരുന്നു).

എല്ലാവരോടും അവിടെത്തന്നെ തുടരാനും കൂടുതൽ വൈൻ അവിടേക്കെത്തിക്കാനും ആവശ്യപ്പെട്ടു. അയാൾ പരമാവധി ശ്രമിച്ചുവെങ്കിലും ഉന്മത്തനായ ഒരവസ്ഥയിലേക്ക് അയാൾക്കെത്തിച്ചേരാൻ കഴിഞ്ഞില്ല. അതിനുവേണ്ടി കഠിനശ്രമം നടത്തിയെങ്കിലും അതിന് വലിയ പ്രയോജനമൊന്നുമുണ്ടായില്ല. അയാൾക്കുള്ളിലുണ്ടായിരുന്ന എന്തോ കൂടുതൽ ജാഗ്രത കൈവരിക്കുകയും ചെയ്തിരുന്നു. ഒരു ചരടിലെന്നതുപോലെ അത് കൂടുതൽ സമ്മർദത്തിലമരുകയായിരുന്നു. അയാൾക്ക് തന്റെ ചുമലുകൾക്കയവ് വരുത്താനോ കാലുകൾ കുറുകെയെടുത്തു വെക്കാനോ കഴിഞ്ഞില്ല.

പക്ഷേ, അവിടെ നേരെ നിവർന്നിരിക്കാൻ അയാൾക്ക് സാധിച്ചു. അയാളുടെ കവിളുകൾ വിളറുകയും മിഴികൾ മിന്നിത്തിളങ്ങുകയും ചെയ്തുകൊണ്ടിരുന്നു. നമുക്കിവിടെ നിന്നുപോകാം. എന്റെ പ്രിയേ... അവൾ അയാളുടെ ചെവിയിൽ പൊറുപൊറുത്തു. പക്ഷേ, അയാൾ മേശയുടെ അഗ്രത്തിലേക്ക് ഒന്നുകൂടി അമർന്നുചേർന്നിരുന്നു. അദൃശ്യമായ മുള്ളാണികൾ കൊണ്ടതിനോട് കൂട്ടിച്ചേർത്തതുപോലെ തോന്നി..

കൂടുതൽ നിരീക്ഷണ കുതുകികളായ അതിഥികൾ നഗ്നയായി അവളോടൊപ്പം ചേർന്ന് കഴിയുന്നതിലുള്ള അയാളുടെ ഭയം തിരിച്ചറിയാനുള്ള സാധ്യതകളുമുണ്ടായിരുന്നു. അതായത് കടമപ്രകാരമുള്ള വൈവാഹികാനന്തര ബന്ധത്തോടുള്ള അയാളുടെ ഭയത്തെയാണിവിടെ സൂചിപ്പിക്കുന്നത്. ഇവിടെയും അതുതന്നെയായിരുന്നോ കാര്യം?

‘‘എന്റെ മുഖത്തിൽ സ്പർശിക്കൂ’’, ഇരുട്ടിൽ കഴിയുമ്പോൾ അവൾ അയാളോട് ആവശ്യപ്പെട്ടു.

പക്ഷേ, അയാളത് ചെയ്യാൻ തയാറായില്ല. അയാൾ സ്വയം കൈകളിലൂന്നി അവൾക്ക് മീതെയായി നിന്നു. അങ്ങനെയാകുമ്പോൾ ആകെക്കൂടി അയാൾക്ക് കാണാൻ കഴിയുന്നത് അവളുടെ കറുത്ത നിഴൽരൂപം മാത്രമായിരുന്നു. മുറിയിൽ ബാക്കിയുള്ളിടത്തെ ഇരുട്ടിനെക്കാൾ കുറച്ചുകൂടി തീവ്രത കുറഞ്ഞ ഒന്ന്.

വ്യക്തമായ അരികുകളില്ലാത്ത ഒരു മങ്ങിയ തുടക്കമെന്നേ അതിനെ കുറിച്ച് പറയാൻ കഴിയൂ. പിന്നീടയാൾ അയാളുടെ കണ്ണുകൾ അടച്ചുകൊണ്ട് –അവൾക്കതിനെ കാണാൻ കഴിഞ്ഞില്ല– മറ്റ് ഏതെങ്കിലും സ്ത്രീയെപ്പോലെ അവളെ വാരിയെടുത്തു. അപ്പോൾ അയാളുടെ തലയിൽ പതിവുപോലെ ഒരൊറ്റ ചിന്തപോലുമുണ്ടായിരുന്നില്ല. അവർ അടുത്ത സീസൺ അവരുടേതായ രീതിയിൽ തുടങ്ങി. അവളുടെ ചില ഫോട്ടോഗ്രാഫുകൾ അയാളുടെ കൈയിലുണ്ടായിരുന്നത് ലോകമെമ്പാടും വിതരണം ചെയ്തു. ടെലിഗ്രാഫ് മാർഗമാണ് കരാറുകൾ അയാളിലേക്കെത്തിച്ചേർന്നത്.

അവർക്ക് ധാരാളം പ്രത്യക്ഷപ്പെടലുകൾ ലഭിച്ചു. ഫസ്റ്റ് ക്ലാസിലാണ് ഇതിനുവേണ്ടി അവർ യാത്ര ചെയ്തിരുന്നത്. ഭാരിച്ച ഒരു ചാരനിറത്തിലുള്ള ശിരോവസ്ത്രമാണവൾ ധരിച്ചിരുന്നത്. അതിന്റെ പിന്നിൽനിന്നും റോമും വെനിസും ചാംപ്സ് എലീസസും അവൾ കണ്ടു. അയാൾ അവൾക്കുവേണ്ടി നിരവധി വസ്ത്രങ്ങൾ വാങ്ങിച്ചു. പിന്നീട് അയാൾ സ്വയം തന്നെയാണ് അവളുടെ അടിക്കുപ്പായം ചേർത്തുവെച്ച് അലങ്കരിച്ചത്. അതുകൊണ്ടവർ യൂറോപ്പിലെ തിരക്കേറിയ നഗരവീഥികളിലൂടെ നടക്കുമ്പോൾ ശരിക്കുമൊരു മികച്ച ദമ്പതിമാരെപ്പോലെയേ തോന്നുമായിരുന്നുള്ളൂ.

പക്ഷേ, അപ്പോഴും അവരുടെ നല്ല സമയങ്ങളിൽ ഇടക്കിടെ അയാൾക്ക് അവിടെനിന്നും രക്ഷപ്പെടേണ്ടതായും വന്നിരുന്നു. അയാൾ ശരിക്കും അങ്ങനെയുള്ള മനുഷ്യനായിരുന്നു, ഒരു അനശ്വരമായ പലായനമോ ഒഴിഞ്ഞുമാറലോ ആയിരുന്നു അത്. ഒരുതരം പരിഭ്രാന്തി പെട്ടെന്നയാളിൽ ഉയർന്നുവരും.. സഹിക്കാനാവാത്ത ഒരുതരം ആകാംക്ഷയുടെ ആക്രമണം പോലെയാണത് വന്നത്. അയാൾ വിയർക്കാനും ശ്വാസം മുട്ടാനും തുടങ്ങിയിരുന്നു. അതുകൊണ്ട് ഒരുകെട്ട് നോട്ടുമെടുത്ത്​, തൊപ്പിയുമെടുത്ത് ഗോവണിപ്പടിയിലൂടെ താഴേക്കിറങ്ങി. പെ​ട്ടെന്നുതന്നെ അയാൾ തെറ്റ്​ വരുത്താതെ തുറമുഖത്തിന് സമീപത്തുള്ള ഒരു ജലാശയത്തിലേക്ക് വീണു. അവിടെ അയാൾ വിശ്രമിക്കുകയും അയാളുടെ മുഖം ഉദാസീനമായ ഭാവം കൈവരിക്കുകയും അയാളുടെ മുടിയിഴകൾ എഴുന്നുനിൽക്കുകയും ചെയ്തു. അതോടെ അവക്ക് താഴെയുണ്ടായിരുന്ന കഷണ്ടിയുടെ തലങ്ങൾ എല്ലാവർക്കും കാണാവുന്ന രീതിയിൽ പുറത്തേക്ക് വന്നു.

നിർദോഷപരമായും ആഹ്ലാദപരമായും അയാൾ ഇരുന്നു മദ്യപിക്കുമായിരുന്നു; അതോടെ സ്വയമയാൾ അലസമായി ചുറ്റിത്തിരിയാനും തുടങ്ങി. ഏതെങ്കിലും നിർബന്ധക്കാരിയായ വേശ്യ അയാളെ പൂർണമായും കീഴടക്കുന്നതുവരെ ഇത് തുടർന്നു. ആദ്യമായി ഏറ്റവും വിരൂപയായ സ്ത്രീ അയാളുടെ ഈ സ്വഭാവത്തിനായി അയാളെ ശകാരിച്ചു. പെട്ടെന്ന് അയാൾ അവളുടെ വയറ്റിൽ മുഷ്ടി ചുരുട്ടിയിടിച്ചു. എന്തുകൊ​ണ്ടെന്നാൽ അപ്പോഴും അവളുടെ മുഖത്ത് സ്പർശിക്കാനയാൾക്ക് ഭയമായിരുന്നു. പിന്നീടൊരിക്കലും അയാൾ സിഫിലിസ് രോഗത്തെ കുറിച്ച കഥകൾ പറഞ്ഞില്ല. അല്ലെങ്കിൽ അവരുടെ പതിവുകാര്യങ്ങൾക്കിടയിൽ കാട്ടുപന്നിയുടെ കഥയും പറഞ്ഞില്ല.

വിയന്നയിലെ മെഡിസിൻ പ്രഫസറിൽ നിന്നുള്ള ഒരു കത്ത് അയാൾക്ക് ലഭിച്ചു. ആയിടക്ക് അയാൾക്ക് തന്റെ ഭാര്യയെ ശാസ്ത്രീയപരമായ ഉൾക്കാഴ്ചകളിലൂടെ അവതരിപ്പിക്കാനുള്ള താൽപര്യവുമുണ്ടായി. മഹതികളെ മാന്യരെ... ഇവിടെ നമുക്കൊരു പ്രകൃതിയിലെ അപൂർവ രൂപം മുന്നിലുണ്ട്. ഒരു ആന്തരിക പരിപ്രവർത്തനത്തെ തുടർന്നുണ്ടായ പരിണാമത്തിൽ സംഭവിച്ച ഒരു തെറ്റ്. അതെ, ശരിക്കുമുള്ള വിട്ടുപോയ ഒരു കണ്ണി, ഇത്തരത്തിലുള്ള ഒരപൂർവ മാതൃക തന്നെയാണിത്. ഇത് ഞാൻ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈയിടത്തിൽ വളരെ ചെറിയ ഒരു കൊള്ളിമീൻ വന്നുപതിക്കുന്നതിന് തുല്യമായ അവസ്ഥയാണ്.

തീർച്ചയായും യൂനിവേഴ്സിറ്റി പ്രഫസറെ ഇടക്ക് സന്ദർശിക്കുന്ന ഒരു പതിവ്​ അവർക്കുണ്ടായിരുന്നു. യൂനിവേഴ്സിറ്റിയിൽവെച്ച് ഒരുമിച്ചുള്ള ഒരു ഫോട്ടോക്ക് വേണ്ടി അവർ നിന്നുകൊടുക്കാറുമുണ്ടായിരുന്നു. അവൾ ഇരിക്കുകയും അയാൾ അവൾക്ക് പിന്നിൽ നിൽക്കുന്നതുപോലെയുമുള്ള ഒരു രീതിയിലാണത് എടുത്തിരുന്നത്. അപ്പോൾ അയാളുടെ കൈ അവളുടെ ചുമലിൽ അമർന്നിരിക്കും. ഒരിക്കൽ, പ്രഫസർ അയാളുമായിട്ടൊരു സംവാദത്തിലേർപ്പെട്ടു. ഈയൊരു പരിണാമം പാരമ്പര്യമുള്ളതായ ഒന്നാണെന്ന് ഞാനത്ഭുതപ്പെടുകയാണ്? അയാൾ പറഞ്ഞു. കുട്ടികളുണ്ടാകുന്നതിനെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അതിനുവേണ്ടി നിങ്ങൾ പരിശ്രമിച്ചിട്ടുണ്ടോ? നിങ്ങളുടെ ഭാര്യക്കോ നിങ്ങൾക്കോ ഇതിൽ അറപ്പുതോന്നിയിട്ടുണ്ടോ?

അതിനുശേഷം അത്രക്കൊന്നും വൈകാതെ ഒരുപക്ഷേ, നിലയും വിലയും കളയാതെ കരുതലോടെയുള്ള കൈമാറ്റമായി ​ചേർച്ചയില്ലാതെ ഒരുദിവസം താൻ ഗർഭിണിയാണെന്നവൾ അയാളോട് പറഞ്ഞു. അപ്പോൾ മുതൽ തന്നെ അയാൾ വിഭജിക്കപ്പെട്ട ഒരു മനുഷ്യനായി തീർന്നിരുന്നു. അവളെപ്പോലെ തന്നെയുള്ള ഒരു കുഞ്ഞിനെയാണയാൾ ആഗ്രഹിച്ചിരുന്നത്. അങ്ങനെയാകുമ്പോൾ അവർക്ക് കൂടുതൽ കരാറുകൾ ലഭിക്കും. എന്തിന് കൂടുതൽ ക്ഷണങ്ങൾക്കും വഴിയൊരുക്കും. ആവശ്യമായി വരുകയാണെങ്കിൽ ഒരു നീണ്ട മികച്ച ജീവിത സാഹചര്യം അയാൾക്ക് ഉറപ്പാവും ഇതിനിടയിൽ അയാളുടെ ഭാര്യ മരിക്കുകയാണെങ്കിൽ പോലും പ്രശ്നങ്ങളുണ്ടാകാൻ പോകുന്നില്ല.

ഒരുപക്ഷേ, അയാൾ ഏറെ പ്രശസ്തനാവുകയും ചെയ്യും. പക്ഷേ, അപ്പോൾ വളരെ പെട്ടെന്നുതന്നെ കുട്ടി തീർച്ചയായും ഒരു ഭീകരജീവിയായിരിക്കുമെന്ന ചിന്ത അയാളിലുണ്ടായി. അങ്ങനെയാണെങ്കിൽ അവളുടെ വയറിനുള്ളിൽ നിന്നതിനെ കീറി പുറത്തെടുത്ത് അവളുടെയുള്ളിലെ വിഷം അതിലേക്ക് പകരാതിരിക്കാൻ അയാൾ തയാറാകും. അവളുടെ രക്തത്തിലെ പോരായ്മകളിൽ നിന്നതിനെ രക്ഷിച്ചില്ലെങ്കിൽ അവളുടെ ജീവിതംപോലെ അതിന്റെയും ജീവിതം ശപിക്കപ്പെട്ടുപോകുമെന്നയാൾ ഭയപ്പെട്ടു. അവളുടെ വയറിനുള്ളിലുള്ള ആൺകുഞ്ഞ് താൻ തന്നെയാണെന്നുള്ള ആശങ്കകൾ സ്വപ്നങ്ങൾപോലെ അയാളിലേക്ക് വന്നുനിറഞ്ഞു. അതിനുള്ളിൽ അവൻ തടവിലാക്കപ്പെട്ടിരിക്കുകയാണ്.

ഇതുപോലെയുള്ള ഒരു സ്ത്രീയാൽ സ്നേഹിക്കപ്പെട്ടുപോകുമെന്ന ഭയവും അവനുണ്ടായിരിക്കും. അവൾ തന്റെയുള്ളിൽ അവനെ പരിമിതപ്പെടുത്തുന്നതുവഴി അവൾ സാവധാനം അവന്റെ മുഖത്തിൽതന്നെ മാറ്റം വരുത്തുകയും ചെയ്യും. അല്ലെങ്കിൽ താനൊരു കാട്ടുപന്നിയായി വനത്തിൽ കഴിയുകയാണെന്ന ഒരു സ്വപ്നവും അവനിൽ നിറഞ്ഞുനിൽക്കും. നിഷ്കളങ്കയായ ഒരു പെൺകുട്ടിയെ അതുവഴി അവൻ ദുഷിപ്പിക്കുകയുമായിരിക്കും. വിയർത്തുകുളിച്ചുകൊണ്ടവൻ ഉണരുകയും ഗർഭഛിദ്രത്തിനായവളോട് പ്രാർഥിക്കുകയും ചെയ്യും.

അവളുടെ വയറ് കാണികൾക്ക് കൂടുതൽ ധൈര്യം പകർന്നുകൊടുത്തു. അതോടെ അവളുടെ പൈശാചികമായ വൈരൂപ്യത്തോട് ക്ഷമിക്കാനുള്ള വഴി അവർക്ക് ലളിതമാക്കിക്കൊടുത്തു. അവരവളോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അതിനുള്ള മറുപടി ലജ്ജയോടെ അത്രക്കൊന്ന് ബോധ്യപ്പെടുത്താനാവാത്ത രീതിയിൽ കൊടുക്കാനും ഒരു പരിധിവരെ അവൾക്ക് കഴിഞ്ഞു. അവരുടെ ഏറ്റവും അടുത്തുള്ള പെരുമാറ്റംകൊണ്ട് അവൾക്ക് പിറക്കാൻ പോകുന്ന കുട്ടി ആണാണോ അതോ പെണ്ണാണോയെന്നതിന് വാതുവെക്കലിലേക്കുള്ള അവസരവും സൃഷ്ടിച്ചു.

അവളിതെല്ലാം ഒരു ആട്ടിൻകുട്ടിയെപ്പോലെ ശാന്തതയോടെയാണ് ഏറ്റെടുത്തത്. വൈകുന്നേരങ്ങളിൽ അവൾ ശിശുവിനുള്ള വസ്ത്രങ്ങൾ തുന്നിയിരുന്നു. ‘‘നിങ്ങൾക്കറിയാമോ’’, അവൾ പറയുമായിരുന്നു, ഒരു നിമിഷം നിർത്തി വിദൂരതയിലുള്ള ഒരു ബിന്ദുവിലേക്ക് കണ്ണുകൾ തറപ്പിച്ചുകൊണ്ടവൾ തുടർന്നു.

‘‘ജനങ്ങൾ വല്ലാതെ ഉറപ്പില്ലാത്തവരാണ്, വല്ലാതെ ഒറ്റക്കുമാണവർ. എനിക്കവരെ കുറിച്ച് ദുഃഖം തോന്നുന്നു. അവരെന്റെ മുന്നിലിരിക്കുമ്പോൾ എന്റെ നേർക്ക് തുറിച്ചുനോക്കുമ്പോൾ മറ്റൊന്നിനും എന്നെക്കൊണ്ട് കഴിയുമായിരുന്നില്ല.

ഇത് കണ്ടാൽ അവർ വല്ലാതെ ശൂന്യതക്കുള്ളിലാണെന്നേ തോന്നൂ. എന്തിനെയോ വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നതുപോലെ. എന്തുകൊണ്ടോ സ്വയം അവർ നിറക്കുന്നതുപോലെ തോന്നുമായിരുന്നു. ചിലപ്പോൾ അവർ എന്നെ അസൂയയോടെയാണ് നിരീക്ഷിക്കുന്നതെന്ന് തോന്നും. ഞാനെന്തെങ്കിലുമൊക്കെയെങ്കിലും ആണെന്നുള്ള ഒരു ബോധം അവരിലുണ്ടെന്നത് അനുഭവം.

പ്രത്യേകിച്ച് എന്തെങ്കിലും സ്വന്തമായിട്ടുള്ള ഒരു ഭാവംപോലും അവർക്കുണ്ടായിരുന്നില്ല. അവരുടേതായ എന്തെങ്കിലും പ്രത്യേകതയാണിവിടെ അവർക്ക് സ്വന്തമായിട്ടില്ലാതെ പോകുന്നത്.’’ അവളിത് പറഞ്ഞപ്പോൾ അയാളാകെ ചൂളിപ്പോയി. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ഒരു മൃഗത്തെപ്പോലെ രാത്രിയിൽ അവളൊരു കുഞ്ഞിന് ജന്മം നൽകി. മിഡ് വൈഫ് പൊക്കിൾക്കൊടി മുറിക്കുവാൻ മാത്രമേ വന്നിരുന്നുള്ളൂ.

ഇതിനെച്ചൊല്ലി കഥകളൊന്നും നേരത്തെ പ്രചരിപ്പിക്കാതിരിക്കുവാൻ വേണ്ടി അയാളവൾക്ക് ഒരു കെട്ട് നോട്ടുകൾ കൊടുത്തു. അയാളുടെ ഹൃദയം വളരെ വേഗത്തിൽ സ്പന്ദിക്കാൻ തുടങ്ങിയിരുന്നു. പെട്ടെന്നുതന്നെ വിളക്കുകളെല്ലാം അയാൾ തെളിയിച്ചു. അതുവഴി കാര്യങ്ങളുടെ അടുത്ത ഒരു പരിശോധനയാണയാൾ ആഗ്രഹിച്ചത്. കുഞ്ഞിന്റെ രൂപം ഭീകരമായ ഒന്നായിരുന്നു. മാതാവിനെക്കാൾ കൂടുതൽ മോശമായ ഒരു രൂപം. മനംപിരട്ടൽ ഒഴിവാക്കാൻ അയാൾക്ക് തന്റെ മിഴികൾ അടക്കേണ്ടതായിവന്നു. കുറെ കഴിഞ്ഞതിനുശേഷം മാത്രമാണ് അയാൾക്ക് സ്വയം തൃപ്തികരമായ ഒരവസ്ഥയിലേക്ക് വരാൻ കഴിഞ്ഞത്. പുതിയതായി ജനിച്ച കുട്ടി ഒരു പെൺകുഞ്ഞായിരുന്നു. അവളുടെ മാതാവ് ഇത് മുൻകൂട്ടി ദർശിച്ചിരുന്നു.

അതുകൊണ്ട് പിന്നീട് സംഭവിച്ചതിങ്ങനെയായിരുന്നു. അയാൾ ആ ഇരുണ്ട നഗരത്തിലേക്കു പോയി; അത് വിയന്നയായിരുന്നു. അല്ലെങ്കിൽ ബർലിനുമാകാം. സാന്ദ്രത കുറഞ്ഞ നനുവാർന്ന മഞ്ഞുതുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാളുടെ പാദരക്ഷകൾ പാവുകല്ലുകൾക്കുമീതെ ദയ പിടിച്ചുപറ്റുന്ന രീതിയിൽ ഇഴയുകയായിരുന്നു. ഉള്ളിൽ വീണ്ടും താൻ വിഭജിക്കപ്പെട്ടതായി അയാൾക്ക് തോന്നി –സന്തോഷത്തോടെയും അതേസമയം, നിരാശവാനായും ഉള്ള അവസ്ഥ.

അയാൾ മദ്യം കഴിച്ചെങ്കിലും നിയന്ത്രണം കൈവിടാതെ സൂക്ഷിച്ചു. അയാൾ ദിവാസ്വപ്നം കാണുകയും അതേസമയം, ഭയപ്പെടുകയും ചെയ്തു. നിരവധി ദിവസങ്ങൾക്കുശേഷം മടങ്ങിവന്നപ്പോൾ അയാൾക്ക് അവരുടെ സഞ്ചാരപദ്ധതിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനുവേണ്ട സഹായകരമായ പ്രവർത്തനം നടത്തിക്കഴിയുകയും ചെയ്തിരുന്നു. അയാൾ പ്രഫസർക്ക് കത്തെഴുതുകയും ഒരു ഫോട്ടോഗ്രാഫറുടെ സാന്നിധ്യത്തിനുവേണ്ടി അറിയിക്കുകയും ചെയ്തു. ഫോട്ടോഗ്രാഫർ പിന്നീട് വിറക്കുന്ന കൈകളോടെ ഫ്ലാഷ് ലൈറ്റുകളുടെ പ്രകാശധോരണിയിൽ രണ്ടുപേരുടെയും പൈശാചികമായ വൈരൂപ്യം ഒപ്പിയെടുത്തു.

തണുപ്പുകാലം അവസാനിച്ചയുടനെ ഫോർസിത്തിയ പുഷ്പങ്ങൾ വിരിഞ്ഞുകഴിഞ്ഞയുടനെ, മഹാനഗരങ്ങളിലെ കല്ലുപാകിയ തെരുവുകൾ ഉണങ്ങിക്കഴിഞ്ഞയുടനെ, അയാൾ ചിന്തയിൽ മുഴുകി. പീറ്റേഴ്സ്ബർഗ്, ബുക്കാറസ്റ്റ്, പ്രാഗ്, വാർസൊ... വീണ്ടും ദൂരേക്ക് ദൂരേക്ക് യാത്രകൾ... ന്യൂയോർക്കിലേക്ക്... ബ്യൂണസ് അയേർസിലേക്കും നീണ്ടുപോകണം. ഒരു അതിബൃഹത്തായ ആകാശനീലിമയുടെ യാത്രപോലെ ഭൂമിക്ക് മുകളിൽ അതിന്റെ സാന്നിധ്യം കുറിച്ചുവെച്ചു. ഭാര്യയുടെയും കുഞ്ഞിന്റെയും വൈരൂപ്യത്താൽ ഈ ലോകം മുഴുവനും വശീകരിക്കപ്പെടുകയും ചെയ്യും. എന്തിന് അവർക്ക് മുന്നിൽ മുട്ടുകുത്തിനിൽക്കേണ്ടിവരുന്ന ഒരു അപൂർവ സാഹചര്യമാണവിടെയുണ്ടായിരുന്നത്.

ഏതാണ്ട് അതേ നിമിഷത്തിൽ തന്നെ അയാൾ എ​െന്നന്നേക്കും ആദ്യമായി അവളുടെ മുഖത്ത് ചുംബിച്ചു. അത് ഇല്ല, ഒരിക്കലുമത് അധരങ്ങളിലായിരുന്നില്ല. മറിച്ച് അവളുടെ പുരികത്തിലാണത് സ്പർശനം നേടിയത്. മിക്കവാറും മാനുഷികമായ ഒരവസ്ഥയിലെ പോലെ തിളക്കമാർന്ന മിഴികളോടെ അവൾ അയാളെ നോക്കി. പിന്നീട് ആ ചോദ്യം തിരിച്ചുവന്നു –അയാൾക്ക് അവളോട് ഒരിക്കലും ചോദിക്കാൻ കഴിയാത്ത ഒന്ന്. ആരാണ് നിങ്ങൾ? ആരാണ് നിങ്ങൾ? ആരാണ് നിങ്ങൾ?

അയാൾ സ്വയം ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നു. മറ്റുള്ളവരുടെ ചോദ്യങ്ങൾകൂടി കൂടി കലർന്നപ്പോൾ അയാൾക്ക് തിരിച്ചറിയാൻ കഴിയാതെ വന്നു. എന്തിന്, ഷേവ് ചെയ്തുകൊണ്ടിരുന്നപ്പോൾ കണ്ണാടിയിൽ സ്വന്തം പ്രതിബിംബം പോലും അയാൾക്ക് തിരിച്ചറിയുവാൻ കഴിയാതെ വന്നു. അത് ശരിക്കും അയാൾ ഒരു രഹസ്യം കണ്ടെത്തിയതുപോലെയുണ്ടായിരുന്നു –അതെ എല്ലാവരും കപടവേഷം ധരിച്ചതുപോലെയുണ്ടായിരുന്നു, മനുഷ്യരുടെ മുഖങ്ങൾ വെറും മുഖം മൂടിയെപ്പോലെ തോന്നി... ജീവിതം മുഴുവനുമായി ഒരു വലിയ വെനീഷ്യൻ ഗോളംപോലെ അനുഭവപ്പെടുകയും ചെയ്തു.

ചിലപ്പോൾ അയാൾ മദ്യോന്മത്തനായി ഭ്രമാത്മകതയിലേക്ക് വഴുതിവീണു. എന്തെന്നാൽ അയാൾ ഒരിക്കലും ഇമ്മാതിരി അസംബന്ധ കാര്യങ്ങളിലേക്ക് ആത്മനിയന്ത്രണമുള്ളപ്പോൾ ചെന്നുപെടാറില്ല. അയാൾ തന്റെ മുഖംമൂടികൾ അഴിച്ചുമാറ്റുകയായിരുന്നു. മൃദുലമായ രീതിയിൽ പശവെച്ചൊട്ടിച്ച പേപ്പർ കീറുമ്പോളുണ്ടാകുന്ന പടപട ശബ്ദം കൊണ്ട്... എന്തൊക്കെയാണിതിനുള്ളിൽനിന്നും വെളിപ്പെടുത്തിക്കൊണ്ടിരുന്നത്? അയാൾക്കൊന്നുമറിഞ്ഞുകൂടായിരുന്നു. അയാൾക്ക് കൂടുതലൊന്നും സഹിക്കാനാവാത്ത അവസ്ഥയും വന്നുചേർന്നു. അവൾക്കും കുട്ടിക്കുമൊപ്പം ഭവനത്തിൽ കഴിഞ്ഞുകൂടാനാവാത്ത പരിതാപകരമായ അവസ്ഥ.

ഇങ്ങനെപോയാൽ അവളുടെ മുഖത്തുനിന്നും ആ വൈരൂപ്യമായ അവസ്ഥയെ ചുരണ്ടിക്കളയുവാനുള്ള ഒരു പ്രചോദനത്തിലേക്ക് താനെത്തിച്ചേരുമോ എന്ന് ഭയപ്പെടുകയും ചെയ്തു. മറച്ചുവെക്കപ്പെട്ട മുടിയിഴകളുടെ അഗ്രഭാഗത്തെ തിരഞ്ഞുകൊണ്ട് അയാളുടെ വിരലുകൾ അതിനിടയിൽ കൂടി പരതി നടക്കുമായിരുന്നു. അതോടൊപ്പം ചരടുകൾക്കായും പശയുടെ പാളികൾക്കായും അയാൾ തിരഞ്ഞുകൊണ്ടിരുന്നു.

അതുകൊണ്ട് കുറച്ചു മദ്യം കഴിക്കുവാനായിട്ടയാൾ പെട്ടെന്ന് പുറത്തേക്ക് വരുമായിരുന്നു. പിന്നീട് അടുത്ത പരിപാടി എന്തായിരിക്കണമെന്നതിനെ കുറിച്ചയാൾ ആലോചിക്കുകയും ചെയ്യും. പ്രദർശനങ്ങൾക്കുവേണ്ടിയുള്ള പോസ്റ്ററുകളും പുതിയ ടെലിഗ്രാമുകൾ തയാറാക്കലുമൊക്കെ ഇതിനുള്ളിൽപെടുമായിരുന്നു.

പക്ഷേ, വസന്തത്തിന്റെ ആരംഭത്തിൽ സ്പാനിഷ് ഫ്ലൂവിന്റെ ഭയാനകമായ ആക്രമണമുണ്ടായി. അതോടെ മാതാവും കുഞ്ഞും രോഗബാധിതരായി. ഭാരിച്ച നിശ്വാസമുയർത്തിക്കൊണ്ട് പനി ബാധിച്ച് അവർ ചേർന്നുകിടന്നു. ഇടക്കിടെ ചകിതമായ ഏതോ ഒരവസ്ഥക്കുള്ളിൽനിന്നുകൊണ്ട് അവൾ കുട്ടിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് വിഭ്രാന്തിയോടെ അതിന് മുലപ്പാൽ കൊടുക്കുവാൻ ശ്രമിച്ചു. പക്ഷേ, അപ്പോളതിന് മുലപ്പാൽ വലിച്ചുകുടിക്കുവാനുള്ള കഴിവില്ലാതായെന്നും അത് മരിക്കുകയാണെന്നും അവൾക്ക് തിരിച്ചറിയാനാവാതെ വന്നു. അവസാനം കുട്ടി മരിച്ചു കഴിഞ്ഞപ്പോൾ അയാൾ അതിനെ പൊക്കിയെടുത്ത് കിടക്കയുടെ അഗ്രഭാഗത്ത് കിടത്തിയതിന് ശേഷം ഒരു സിഗരറ്റ് കത്തിച്ചു.

 

ആ രാത്രി വിരൂപയായ സ്ത്രീ ചെറിയതോതിൽ ബോധം വീണ്ടെടുത്തു. പക്ഷേ, അത് പൊട്ടിക്കരയുവാനും നിരാശയോടെ ആവലാതിപ്പെടുവാനും മാത്രമായിരുന്നു. അതയാൾക്ക് സഹിക്കാവുന്നതിലുമപ്പുറത്തായിരുന്നു –അത് രാത്രിയുടെ ശബ്ദമായിരുന്നു, ഇരുട്ടിന്റെ നിസ്വനമായിരുന്നു, അതും ഏറ്റവുമിരുണ്ട ഗർത്തത്തിനുള്ളിൽനിന്നു പുറത്തേക്ക് വന്നവയായിരുന്നു.

അയാൾ തന്റെ ചെവികൾ ആവരണംചെയ്തു. അവസാനം അയാൾ തന്റെ തൊപ്പിയും കവർന്നെടുത്തുകൊണ്ട് ഓടുകയായിരുന്നു. പക്ഷേ, അയാൾ അധിക ദൂരത്തേക്കൊന്നും പോയില്ല. പ്രഭാതമാകുന്നതുവരെ തന്റെ അപ്പാർട്​െമന്റിന്റെ ജാലകഛായയിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അങ്ങനെ ഇതുവഴി അവളെ മരണത്തിൽ അഭയം കണ്ടെത്തുവാൻ അയാൾ സഹായിക്കുകയും കൂടിയായിരുന്നു. എല്ലാം അയാൾ പ്രതീക്ഷിച്ചിരുന്നതിലും വേഗത്തിൽ സംഭവിക്കുകയും ചെയ്തു. അവളുടെ കിടപ്പുമുറിയിൽ അയാൾ സ്വയം അടച്ചുകിടന്നുകൊണ്ട് രണ്ടു ശരീരങ്ങളെയും ശ്രദ്ധിച്ചു. പെട്ടെന്നവർക്ക് ഭാരക്കൂടുതലുള്ളതായി തോന്നി. സാങ്കൽപികമല്ലാത്തതും അസഹ്യമായതുമായി അവ അനുഭവപ്പെടുകയും ചെയ്തു.

അവർക്ക് താഴെ കിടക്കവിരി എത്രമാത്രം കീഴോട്ടിരുന്നുവെന്ന കാര്യത്തിലും അയാൾക്കത്ഭുതം തോന്നി. എന്താണിപ്പോൾ ചെയ്യേണ്ടതെന്നതിനെ കുറിച്ച് അയാൾക്ക് ഒരു ആശയവുമില്ലായിരുന്നു. അതുകൊണ്ടയാൾ കുപ്പിയിൽനിന്നും നേരിട്ട് മദ്യം കഴിച്ചുകൊണ്ട് പ്രഫസറോട് മാത്രം പറഞ്ഞ് പ്രഭാതരശ്മികൾ മെത്തയിൽ കിടന്നിരുന്ന രൂപങ്ങളെ രൂപാന്തരപ്പെടുത്തുന്നതും നിരീക്ഷിച്ച്​ അവിടെയിരുന്നു. അവരെ രക്ഷിക്കൂ... പ്രഫസർ അവരുടെ പോസ്റ്റുമോർട്ടം ചെയ്യാനെത്തിച്ചേർന്നപ്പോൾ അയാൾ ന്യായവാദം നടത്തി. നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചുവോ? അവർ ഇനിയൊരിക്കലും ജീവിക്കാൻ പോകുന്നില്ല. മനുഷ്യൻ തുളച്ചുകയറുന്ന രീതിയിൽ പറഞ്ഞു.

അതിനുശേഷം പ്രഫസർ ഒരു തുണ്ട് കടലാസ് അയാളുടെ കൈയിൽ കൊടുത്തു. വിധുരൻ തന്റെ വലത്ത് കൈകൊണ്ട് അതിൽ ഒപ്പിട്ടശേഷം ഇടതുകൈകൊണ്ട് പണം സ്വീകരിച്ചു. പക്ഷേ, അതേ ദിവസം തന്നെ, തുറമുഖത്തിലേക്ക് അപ്രത്യക്ഷനാകും മുമ്പ് അയാൾ ശരീരങ്ങളെ യൂനിവേഴ്സിറ്റി ക്ലിനിക്കിലേക്ക് വണ്ടിയിൽ കൊണ്ടുപോകുന്നതിൽ പ്രഫസറെ സഹായിച്ചു. അവിടെ വളരെ വേഗത്തിൽ അവയെ രഹസ്യമായി സ്റ്റഫ് ചെയ്തു.

നീണ്ട വർഷക്കാലത്തേക്ക് മിക്കവാറും 20 വർഷക്കാലം അവ കെട്ടിടത്തിന്റെ തണുത്തുറഞ്ഞ അടിഭാഗത്ത് നിന്നു. പിന്നീട് അനുകൂലമായ സാഹചര്യമുണ്ടായപ്പോൾ അവ പ്രധാന ശേഖരണയിടത്തേക്ക് ഒത്തുചേരാൻ പോയി. അവിടെ ജൂതരുടെയും സ്ലാവോണിക് തലയോട്ടികളുടെ കൂട്ടവും ഇരുതലകളുള്ള കുഞ്ഞുങ്ങളും ഓരോ സാധ്യമായ വർഗത്തിന്റെയും വർണത്തിന്റെയും പ്രതീകങ്ങളായി ഇണങ്ങിച്ചേർന്ന ഇരട്ടകളുമുണ്ടായിരുന്നു.

മൊഴിമാറ്റം: വൈക്കം മുരളി

(അവസാനിച്ചു)


Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT