നടന്നുതീര്‍ത്ത വഴികളുടെ നെടുവീര്‍പ്പുകള്‍ക്ക് കാതോര്‍ക്കാതെ സോക്രട്ടീസ് മല കയറി. നീണ്ട യാത്രയുടെ വിയര്‍പ്പും പൊടിയുമടിഞ്ഞ ഉത്തരീയം മുകളിലേക്കുള്ള ആദ്യ കാല്‍വെപ്പില്‍തന്നെ അയാളില്‍നിന്നും അഴിഞ്ഞുവീഴാന്‍ തുടങ്ങിയിരുന്നു. അതിനു കണ്ണുകൊടുക്കാതെ മലയുടെ ഉയരങ്ങളില്നിന്നും ഇറങ്ങിവരുന്ന നീര്‍ച്ചാലിന്റെ ഓരംചേര്‍ന്ന് സോക്രട്ടീസ് ആഞ്ഞുനടന്നു.
നിമിഷങ്ങള്‍ക്ക് മുന്നേ ഇരുട്ടുറങ്ങി കിടക്കുന്ന ഈ താഴ്വാരത്തെത്തിയപ്പോള്‍ ദീര്‍ഘദൂരം പടക്കുതിരയെപ്പോലെ ചലിച്ച കാലുകളുടെ വേഗം കുറഞ്ഞില്ലാതാവുന്നതായി അയാള്‍ക്ക് തോന്നുകയായിരുന്നു. മലമുകളിലെ ഊരില്‍ അപ്പോഴും അണഞ്ഞിട്ടില്ലാത്ത പന്തങ്ങളുടെ വെളിച്ചം കണ്ടപ്പോള്‍ സോക്രട്ടീസ് തന്റെ ഉള്‍വിളിയുടെ പൊരുളറിഞ്ഞു. മുമ്പെങ്ങോ ചെയ്തുപോയ വലിയ തെറ്റിനു പരിഹാരമെന്നോണം അപ്പോഴേക്കും തനിക്കെത്തിച്ചേരേണ്ട ഇടത്തുനിന്നും ഒരു നീര്ച്ചാലൊഴുകിവന്ന് അയാളുടെ കാലടികളെ നനക്കാന്‍ തുടങ്ങി. അതിന്റെ വിറങ്ങലിച്ച തണുപ്പില്‍ തത്ത്വചിന്തകളുടെ ഭാരമൊഴിഞ്ഞ് സോക്രട്ടീസ് ശൂന്യനായി.
399 BC
ഫിലൊപാപ്പോ കുന്നിന്റെ ചരിവില്‍ പാറ തുരന്നുണ്ടാക്കിയ കാരാഗൃഹത്തില്‍ സോക്രട്ടീസ് ഉറക്കമുണര്‍ന്നു. രാത്രിയുടെ ഒരു പകുതി കടന്നുപോയിരിക്കുന്നു. ഇരുമ്പഴികള്‍ക്കപ്പുറം കാവല്ഭടന്മാരുടെ കുന്തമുനകളില്‍ ചത്തുകിടക്കുന്ന നിലാവ്. അതിനുമപ്പുറം രാത്രിയുടെ ആലസ്യത്തില്‍ അമര്‍ന്നുകിടക്കുന്ന ഏഥന്‍സിലെ തെരുവുകള്‍. സോക്രട്ടീസിന് ദുഃഖം തോന്നി. ഏഥന്‍സിലെ തന്റെ അവസാനത്തെ നിമിഷങ്ങളായിരിക്കും ഇത്. നാളെ പുലര്‍ന്നുകഴിഞ്ഞാല്‍ വിചാരണ ആരംഭിക്കും. അവര്‍ തനിക്കെതിരെ ആരോപിച്ച കുറ്റങ്ങളൊന്നുംതന്നെ നിഷേധിക്കാന്‍ കഴിയുന്നതല്ല. അവയെല്ലാം താന്‍ തികഞ്ഞ ബോധത്തോടെ ചെയ്തവതന്നെയാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെ ആയാലും ഭയം കൂടാതെ സ്വീകരിക്കാനും കഴിയും. എന്നിട്ടും എന്തില്‍നിന്നാണ് താന്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്?
വിള്ളലുകള്‍ വീണ കരിങ്കല്‍ത്തറയില്‍ സോക്രട്ടീസ് എഴുന്നേറ്റ് നിന്നു. തനിക്കുള്ളിലെ ഭീരുവിനോട് അയാള്‍ക്ക് അറപ്പ് തോന്നി. എഴുപതോളം വര്‍ഷങ്ങള്‍ നീണ്ട ജീവിതത്തില്‍നിന്നും താനുള്ക്കൊണ്ടതൊക്കെ വെറുതെ ആവുകയാണോ? നൈമിഷികമായ പ്രാണനുവേണ്ടി തന്റെ ആശയങ്ങളെ ഒന്നാകെ ബലികൊടുക്കുകയാണോ? ചിന്തകള്‍ നരപ്പിച്ചുകളഞ്ഞ താടിരോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചുകൊണ്ട് സോക്രട്ടീസ് ആലോചിച്ചു. കീറിത്തുടങ്ങിയ, ദുര്‍ബലമായ തിരശ്ശീലയില്‍ പ്രതിഫലിക്കുന്ന നിഴല്കൂത്തുപോലെ വരുംവരായ്കകള്‍ അയാള്‍ക്ക് മുന്നില്‍ ഇളകിയാടി.
മരണത്തെ മുന്നില്‍ക്കണ്ട് ഭയന്നോടിയ ഒരു കപട തത്ത്വചിന്തകനായി ചരിത്രത്തിന്റെ ഇരുണ്ട കോണുകളില്‍ താന്‍ ശയിക്കും. മഹാനായ സോക്രട്ടീസിന്റെ വാക്കുകള്‍ കേട്ട് ആവേശത്തോടെ കൈയുയര്‍ത്തിയ ശിഷ്യന്മാര് വരാനിരിക്കുന്ന ദിവസങ്ങളില്‍ സംശയത്തിന്റെ കണ്ണുകളിലൂടെ മാത്രം തന്നെ തിരിഞ്ഞുനോക്കും. തൊണ്ടക്കുഴിയില്‍നിന്നും പുറത്തുവരുന്ന വാക്കുകള്‍ക്ക് ശബ്ദമില്ലാതാവും. അതാരും കേള്‍ക്കാതാവും. പിന്നീടൊരുനാള്‍ ഇന്ന് താന്‍ എന്തില്‍നിന്നും ഒളിച്ചോടുന്നുവോ അതതിന്റെ സര്‍വാംഗങ്ങളും ഉപയോഗിച്ച് തന്നെ വരിഞ്ഞുമുറുക്കും. സോക്രട്ടീസ് കേവലം ഒരു പേര് മാത്രമായി അവശേഷിക്കും. പതിയെ അതും മാഞ്ഞുപോകും. കാരാഗൃഹത്തില്‍നിന്നും രക്ഷപ്പെടാനെടുത്ത തന്റെ തീരുമാനത്തെ പഴിച്ചുകൊണ്ട് നാലു ചുമരുകള്‍ക്കിടയില്‍ സോക്രട്ടീസ് അങ്ങോട്ടുമിങ്ങോട്ടും നടന്നു.
‘നല്ല മനസ്സിന് നന്ദി സഹോദരങ്ങളെ, എങ്കിലും വേണ്ട, എന്റെ മരണത്തെ ഞാന്‍ മിത്രത്തെ എന്നപോല്‍ സ്വീകരിക്കും’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ കഴിയാതെ പോയല്ലോ! പകരം രക്ഷപ്പെടാന്‍ അവസരമുണ്ടെന്ന് പറഞ്ഞവരുടെ കണ്ണുകളിലേക്ക് തറപ്പിച്ച് നോക്കാന്‍ കഴിയാതെ തന്റെ തല താഴ്ന്ന് മാത്രമിരുന്നു. അവര്‍ക്കുള്ള സമ്മതമായിരുന്നു ആ നിശ്ശബ്ദത.
കരിങ്കല്‍ ഭിത്തിയുടെ മരവിച്ച തണുപ്പിലേക്ക് അയാള്‍ ചുട്ടുപൊള്ളുന്ന തല ചേര്‍ത്തുവെച്ചു. അതിന്റെ ആശ്വാസം അവസാനിക്കും മുമ്പ് പെട്ടെന്ന് ഇരുമ്പുസാക്ഷ തുറക്കപ്പെടുന്ന ശബ്ദം കേട്ട് സോക്രട്ടീസ് തിരിഞ്ഞുനോക്കി. സമയമായിരിക്കുന്നു. തുറക്കപ്പെട്ട ഇരുമ്പഴികള്‍ക്ക് പുറത്ത് വലിഞ്ഞുമുറുകിയ മുഖവുമായി ക്രിട്ടൊ. അയാള്‍ക്ക് പിറകില്‍ ഊരിപ്പിടിച്ച വാളുമായി സെനൊഫണ്.
ചലനമറ്റുനിന്ന സോക്രട്ടീസിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് ക്രിട്ടൊ പുറത്തേക്ക് നടന്നു. തലയില്ലാതെ വീണുകിടക്കുന്ന കാവല്ഭടന്മാരെ നോക്കാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. തടവറയില്‍നിന്നും അല്പമകലെ ഇലകള്‍ പൊഴിഞ്ഞുപോയ ഒരു മരത്തിന് കീഴെ അവര്‍ നിന്നു. അതിന്റെ കറുത്ത ശിഖരങ്ങള്‍ മന്ത്രവാദിനിയുടെ നീണ്ട വിരലുകള്‍പോലെ ആകാശത്തിന് നേര്‍ക്ക് തറച്ചുനില്ക്കുന്നുണ്ടായിരുന്നു. ഒരു ജന്മം മുഴുവന്‍ നീണ്ടുനിന്ന സൗഹൃദത്തിന് വിരാമമിടുന്നവണ്ണം ക്രിട്ടൊ സോക്രട്ടീസിനെ മുറുക്കെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും ഫിലൊപാപ്പോ കുന്നുകയറി ഒരു വെള്ളക്കുതിര അവര്‍ക്കടുത്തേക്കെത്തി. കുതിരയെ ഓടിച്ചുവന്ന യുവാവിനെ കണ്ടപ്പോള്‍ സോക്രട്ടീസിന്റെ തല വീണ്ടും താഴ്ന്നുപോയി.
‘‘പ്രിയപ്പെട്ട പ്ലേറ്റോ... എന്റെ തീരുമാനത്തില്‍ എനിക്കു സംശയങ്ങളുണ്ട്... ക്ഷമിക്കുക.’’
കുതിരപ്പുറത്ത് കയറി താഴെ തന്നെ മാത്രം നോക്കിനില്ക്കുന്ന യുവാവിനോട് അയാള്‍ പറഞ്ഞു.
“അങ്ങയുടെ തീരുമാനങ്ങളെ വിശകലനം ചെയ്യാന്‍ ഞാനാളല്ല ഗുരോ”, പ്ലേറ്റോയുടെ ശബ്ദമിടറി.
സോക്രട്ടീസിനെയും പേറി വെള്ളക്കുതിര കുന്നിറങ്ങി. മരുഭൂമികള്‍ താണ്ടി, സാഗരങ്ങളും സമതലങ്ങളും പിന്നിട്ട്, മലകളും താഴ്വാരങ്ങളും കടന്ന് അത് മുന്നോട്ട് മുന്നോട്ട് പാഞ്ഞു.
* * *
കോവിലിലെ ഒഴിഞ്ഞുകിടക്കുന്ന വിഗ്രഹത്തറയിലേക്ക് മൂപ്പന് കണ്ണുമിഴിച്ച് നോക്കി. ഉള്ളിലെ കാഴ്ചയില്‍ കൈകാലുകള്‍ക്ക് ശക്തി നഷ്ടപ്പെടുന്നപോലെ തോന്നി മൂപ്പന്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. തലമുറകളായി ഊരിനെ പരിപാലിച്ചുപോരുന്ന മലദേവതയെ കാണാതായിരിക്കുന്നു. ലോകാവസാനത്തിന്റെ നിമിഷങ്ങളിലെ അനിശ്ചിതത്വത്തോടെ മൂപ്പന് കൽപ്പടവുകളില് തളര്‍ന്നിരുന്നു.
സൂര്യനുയരും മുമ്പേ ദേവതക്ക് തുളസിമാല ചാര്‍ത്താന്‍ ചെന്ന തൊണ്ടയ്യനാണ് ആദ്യം കണ്ടത്. ഓർമവെച്ച കാലം മുതലേ മുടക്കമൊന്നും കൂടാതെ തൊണ്ടയ്യന് ചെയ്തുപോരുന്ന കാര്യമാണത്. കാടു വിറപ്പിച്ചുകൊണ്ട് ഓടിവന്ന തൊണ്ടയ്യന് കരച്ചിലിനിടെ ഏങ്ങലടിച്ച് പറഞ്ഞത് വിശ്വസിക്കാന്‍ മൂപ്പന് കഴിഞ്ഞില്ല. പിറന്ന കുഞ്ഞിന് ചിറകു മുളച്ചു എന്നു പറഞ്ഞാല്‍പോലും ഒരുപക്ഷേ വിശ്വസിച്ചേക്കും. എന്നാലും ഇത്! രാവിലെ തന്നെ മയക്കില തിന്ന് തൊണ്ടയ്യന്റെ വെളിപാട് പോയതാണെന്നാണ് മൂപ്പന് കരുതിയത്. പറഞ്ഞുകേട്ടത് പതിരു മാത്രമാണെന്ന് സ്വയം കണ്ട് ബോധ്യപ്പെടാനായി മൂപ്പന് തൊണ്ടയ്യനു മുന്നേ കോവിലിലേക്ക് നടന്നു.
ഓർമയിലോ കഥകളിലോ പേച്ചുകളിലോ ഇങ്ങനെയൊരു സംഭവം ഇതിന് മുമ്പ് ഊരിലാരും കേട്ടിട്ടേയില്ല. വിവരമറിഞ്ഞ് വന്നവര്‍ ഓരോരുത്തരായി തളര്‍ന്നിരിക്കുന്ന മൂപ്പനു ചുറ്റും വൃത്തത്തില്‍ നിലകൊണ്ടു. കാടിന്റെ പലജാതി ശബ്ദങ്ങള്‍ക്കിടയിലും ആ വൃത്തത്തിനുള്ളില്‍ നിശ്ശബ്ദത ഉറഞ്ഞുനിന്നു.
വന്യമായ ആ മൗനത്തിലേക്കാണ് ദൂരെനിന്നും ഒരലര്‍ച്ച വന്നുവീണത്. അതിനെ പിന്തുടര്ന്ന് പോയവര്‍ ഊരിലെ നൂറ്റാണ്ടുകളോളം പഴക്കമുള്ള വിശുദ്ധമരത്തിന്റെ പാമ്പന്‍ വേരുകള്ക്കിടയില്നിന്ന് മുകളിലേക്ക് നോക്കി. ആകാശത്തേക്ക് പടര്‍ന്നുകയറിയ ശിഖരങ്ങളിലൊന്നില്നിന്നും താഴേക്ക് ഞാത്തിയിട്ട കാട്ടുവള്ളിയുടെ അറ്റത്ത് കഴുത്തില്‍ കുരുക്കിട്ടെന്നവണ്ണം മലദേവത കിടന്നാടുന്നു. അതിനു താഴെ വേരുകള്‍ക്കിടയില്‍ ഊരിലെ ഓരോ ജീവിയും അനുസരിക്കേണ്ട ശാസനകള്‍ അടങ്ങിയ താളിയോലകള്‍ ചിതറിക്കിടക്കുന്നു. കാഴ്ച കണ്ടവരില്‍ പ്രായമായ ചിലര്‍ ബോധം മറഞ്ഞ് നിലംപറ്റി. ചിലര്‍ കണ്ണുപൊത്തി തിരിഞ്ഞോടി. വാവിട്ടു കരഞ്ഞു. അവര്‍ക്കിടയില്‍ എന്തുചെയ്യണമെന്നറിയാതെ ഗോത്രപ്പഴമകള്‍ കോറിയിട്ട ഊന്നുവടിയിലേക്ക് ശരീരത്തിന്റെ ഭാരമൊന്നാകെ ഇറക്കിവെച്ച് മൂപ്പന് ശിലപോലെ നിന്നു.
‘‘എല്ലാ കുഴപ്പങ്ങളും ആരംഭിച്ചത് അയാള്‍ വന്ന ശേഷമാണ്.’’ തൊണ്ടയ്യന് ഓര്‍ത്തു. തൊണ്ടയ്യനെ കേട്ടപ്പോള്‍ മൂപ്പനും അതില്‍ കഴമ്പുണ്ടെന്നു തോന്നി.
കുറച്ചു ദിവസങ്ങള്‍ മുമ്പ് ഒരു രാത്രിയിലാണ് മുണ്ഡനംചെയ്ത ശിരസ്സും നരച്ച താടിരോമങ്ങളുമായി ഒരു വൃദ്ധന് മല കയറിവന്നത്. ഊരിലേക്ക് കടക്കുമ്പോള്‍ അയാള്‍ പൂര്‍ണ നഗ്നനായിരുന്നു. ഇരുട്ടിനെക്കാള്‍ ഇരുണ്ട ആ രാത്രിയിലും അയാളുടെ കണ്ണുകള്‍ നിലാവു വീണുകിടക്കുന്ന കാട്ടാറുപോലെ തിളങ്ങിയിരുന്നത്രെ. ഊരിലെ ചെറുപ്പക്കാര്‍ പെെട്ടന്നുതന്നെ അയാളില്‍ ആകൃഷ്ടരായി. പലപ്പോഴും അവര്‍ക്ക് നടുവില്‍ നിന്നുകൊണ്ട് കൈകളുയര്‍ത്തി അയാള്‍ പലതും പറഞ്ഞുകൊണ്ടിരുന്നു.
അവര്‍ അയാളെ സോക്രട്ടീസ് എന്നു വിളിച്ചു. പലരും ഊരിലെ മൂപ്പനായ തന്നെ അവഗണിക്കാന്‍ തുടങ്ങിയതും അയാളുടെ പേര് ആവര്ത്തിച്ചുരിയാടിയിരുന്നതും മൂപ്പന് ഓര്‍ത്തു. അതൊന്നുംതന്നെ അയാളെ പിടിച്ചുകെട്ടേണ്ട ഒരു കാരണമായി അന്ന് തോന്നിയിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അതേറെ വൈകിപ്പോയിരിക്കുന്നു. പ്രായത്തിന്റെ അവശതകള്‍ മറന്ന് ഊന്നുവടിയില്‍ മുറുക്കെ പിടിച്ച് മൂപ്പന് എഴുന്നേറ്റു. സോക്രട്ടീസിനെ ജീവനോടെ പിടിച്ചുകെട്ടാന്‍ ആഹ്വാനംചെയ്തുകൊണ്ട് അന്ന് വൈകീട്ട് ഊരില്‍ പെരുമ്പറ മുഴങ്ങി. അതിന്റെ ഭീകരമായ താളത്തില്‍ കാട്ടുമരങ്ങളില്‍ ചേക്കേറിയിരുന്ന കിളികള്‍ ചിലച്ചുകൊണ്ട് പറന്നകന്നു.
* * *
ഇലപ്പടര്‍പ്പും ഇരുട്ടും വകഞ്ഞുമാറ്റി ഊരില്‍നിന്നും ചിലര്‍ സോക്രട്ടീസിനെ തിരഞ്ഞ് കാടുകയറി. രണ്ടു ദിവസത്തോളം കാടലഞ്ഞിട്ടും ആര്‍ക്കും അയാളെ കണ്ടുകെട്ടാനായില്ല.നിരാശയോടെ തനിക്കു മുന്നില്‍ കൈമലര്‍ത്തിയ തിരച്ചില്‍ സംഘത്തെ കണ്ടപ്പോള്‍ മൂപ്പന് കരുതിയത് സോക്രട്ടീസ് അവിടം വിട്ടുപോയെന്നാണ്. വരാനിരിക്കുന്ന ദുര്‍വിധിയെ കുറിച്ചറിഞ്ഞപ്പോള്‍ അയാള്‍ ഭയന്നുപോയിരിക്കണം.
മലദേവതയുടെ കഴുത്തില്‍ കുരുക്കിട്ട നിഷേധിയുടെ കൈകളും പിന്നെ തലയും അറുത്തുമാറ്റണം എന്നായിരുന്നു കൽപന. മൂപ്പന്റെ ഓര്‍മയില്‍ ഊരില്‍ ഇത് രണ്ടാമത്തെ വധശിക്ഷയാണ്. കോവിലില്‍ വിശ്വാസികളിലൊരാള്‍ ദേവതക്കര്പ്പിച്ച കാട്ടുപഴങ്ങളും തെളിനീരും കട്ടുകഴിച്ച് അവിടമാകെ വിസര്‍ജിച്ച് നാറ്റിച്ച കുട്ടിക്കുരങ്ങായിരുന്നു ആദ്യ പ്രതി. മൂപ്പനന്ന് കുഞ്ഞാണ്. വിശുദ്ധമരത്തിനു മുന്നില്‍ സ്ഥാപിച്ച ബലിപീഠം അന്നതിന്റെ ചോര വീണ് ചുവന്നത് മൂപ്പനിന്നും ഓര്‍ക്കുന്നു. തന്നെ അവഹേളിച്ചവനെ കാലപുരിക്കയച്ചതില് പ്രീതിപ്പെട്ട ദേവത അന്നത്തെ മൂപ്പനെ അനുഗ്രഹിച്ചുവെന്നും മരണശേഷം നിത്യതയിലേക്കുള്ള പാത കാണിച്ചുകൊടുത്തുവെന്നും ഊരിലെല്ലാവരും വിശ്വസിക്കുന്നു. തനിക്കു മുന്നില്‍ തുറക്കപ്പെടാനിരിക്കുന്ന അനശ്വരതയുടെ വാതിലിനപ്പുറത്തേക്ക് മൂപ്പന് കണ്ണുമിഴിച്ചു.
‘‘അയാള്‍ രക്ഷപ്പെട്ടുകൂടാ...’’
പിറ്റേന്നു മുതല്‍ കൂടുതല്‍ ആളുകള്‍ സോക്രട്ടീസിനെ തിരഞ്ഞിറങ്ങി. ഗുഹാന്തരങ്ങളിലും മരപ്പൊത്തുകളിലും കാട്ടരുവിയുടെ ഓരത്തെ പാറക്കൂട്ടങ്ങള്‍ക്കിടയിലും പാതിരാത്രിയിലും കൈപ്പന്തങ്ങള്‍ എരിഞ്ഞുകൊണ്ടിരുന്നു. അയാളുടെ ശിഷ്യന്മാരെന്ന് തോന്നിക്കുന്ന ചില യുവാക്കളെ ചോദ്യംചെയ്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. സോക്രട്ടീസ് ഒളിച്ചോടിയതല്ലെന്നും തീര്‍ച്ചയായും തിരിച്ചുവരുമെന്നും അതിലൊരാള്‍ തറപ്പിച്ച് പറഞ്ഞു. തനിക്ക് സംഭവിക്കാന്‍ പോകുന്നതിനെ കുറിച്ച് അയാള്ക്കറിയാമത്രെ. അതിനൊന്നിന് വേണ്ടി മാത്രമാണ് അയാള്‍ മല കയറി ഈ ഊരിലേക്കെത്തിയത്.
മീശ മുളച്ചുതടങ്ങിയ ആ പയ്യന് പറഞ്ഞത് മൂപ്പന് പൂർണമായും മനസ്സിലായില്ലെങ്കിലും അത് സത്യമാണെന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ബോധ്യപ്പെട്ടു. കാലം തെറ്റിപ്പെയ്ത ഒരു മഴയുടെ അവസാനം നനഞ്ഞ മണ്ണില്‍ ചവിട്ടിക്കൊണ്ട് സോക്രട്ടീസ് ഊരിലേക്ക് പ്രവേശിച്ചു. വെളുത്ത വൃത്തിയുള്ള ഉത്തരീയം അയാളുടെ മുഖത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നുണ്ടായിരുന്നു. നനഞ്ഞ പച്ചിലകളില്നിന്നും ഇറ്റുവീഴുന്ന വെള്ളത്തുള്ളികള്‍ താടിരോമങ്ങള്‍ക്കിടയില്‍ തൂങ്ങിയാടി. ചുറ്റും കൂടിയ ആളുകള്‍ക്കിടയിലൂടെ ബലിപീഠത്തിലേക്ക് പതിയെ നടന്നുനീങ്ങുമ്പോള്‍ അയാള്‍ മുകളിലേക്കു നോക്കി. ആകാശത്തില്‍ ഉരുണ്ടുകൂടിയ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ സോക്രട്ടീസ് അപ്പോള്‍ തന്റെ വെള്ളക്കുതിരയെ കണ്ടു.
* * *
മണൽക്കൂനയിലേക്ക് തല ചായ്ച്ച് കിടക്കുന്ന വെള്ളക്കുതിരയുടെ കുഞ്ചിരോമങ്ങളിലൂടെ സോക്രട്ടീസ് വിരലോടിച്ചു. അതിന്റെ ശരീരമൊട്ടാകെ പടര്‍ന്നുകിടക്കുന്ന മരണത്തിന്റെ തണുപ്പ് കൈകളിലറിഞ്ഞപ്പോള് അയാളുടെ മേലാകെ കോരിത്തരിപ്പുണ്ടായി. ഒടുവില്‍ ഈ ലോകത്ത് താന്‍ പൂർണമായും ഒറ്റക്കാവാന്‍ പോവുകയാണ്. ആരുമില്ലാത്തവനേയും കാത്ത് കടന്നുചെല്ലാനിരിക്കുന്ന വഴികളിലെവിടെയെങ്കിലും മരണമിരിപ്പുണ്ടാവും. മരണം ഉപേക്ഷിച്ച് കളഞ്ഞവനെ കാത്തിരിക്കുന്നത് എന്താണ്?
കോപ്പയില്‍ അവശേഷിച്ചിരുന്ന അവസാന തുള്ളി വെള്ളം കുതിരയുടെ പാതി മലര്‍ന്ന വായിലേക്ക് അയാള്‍ പകര്‍ന്നുകൊടുത്തു. അപ്പോള്‍ ആയാസത്തോടെ തുറക്കപ്പെട്ട അതിന്റെ കണ്ണുകളുടെ ആഴങ്ങള്‍ തങ്ങളിരുവരും കടന്നുവന്ന ദൂരത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ തോന്നി സോക്രട്ടീസിന്. കാതങ്ങളും കാലങ്ങളും നീണ്ട യാത്രയായിരുന്നു അത്. വന്‍നഗരങ്ങളും പട്ടണങ്ങളും ദേശാതിർത്തികളും കടന്നുപോയ ആ പ്രയാണത്തില്‍ സോക്രട്ടീസ് പറഞ്ഞത് കുതിരയും കുതിര പറഞ്ഞത് സോക്രട്ടീസും മാത്രം കേട്ടുകൊണ്ടിരുന്നു. അയാള്‍ ഭയന്നപോലെ മറ്റാരും അയാളെ ചെവിെക്കാണ്ടില്ല. അവരുടെ വഴികളില്‍ ഋതുക്കള്‍ മാറിക്കൊണ്ടിരുന്നു. മഴയും മഞ്ഞും വേനലും വസന്തവും വരുകയും കടന്നുപോവുകയും വീണ്ടും വരുകയും ചെയ്തു. കാലം പോകേ വെള്ളക്കുതിരയിലേക്ക് വാർധക്യം അരിച്ചുകയറുന്നത് സോക്രട്ടീസ് അറിഞ്ഞു. അതിന്റെ ശരീരത്തിന് ബലവും കാലുകള്‍ക്ക് വേഗവും കുറഞ്ഞുവന്നു. വെളുത്ത രോമങ്ങള്‍ കൂടുതല്‍ നരച്ചു.
മരണത്തില്‍നിന്നും ഒളിച്ചോടിയ സോക്രട്ടീസിന് ജീവിതം മടുത്തുതുടങ്ങിയിരുന്നു. കാരാഗൃഹത്തില്‍നിന്നും രക്ഷപ്പെട്ട രാത്രി മുതലുള്ള യാത്രയില്‍ അയാള്‍ക്ക് പിന്നാലെ ആ മടുപ്പും കൂടി. ഭൂമിയിലെ തന്റെ അവസാന പങ്കാളിക്കൊപ്പം ഈ യാത്ര അവസാനിപ്പിക്കാമെന്ന് സോക്രട്ടീസ് കരുതി. പക്ഷേ, മരണമയാളെ തീണ്ടിയില്ല. ജീവിതമവസാനിപ്പിക്കാന്‍ തിരഞ്ഞെടുത്ത വഴികളോരോന്നും പരാജയത്തില്‍ കൂപ്പുകുത്തുന്നത് സോക്രട്ടീസ് നിരാശയോടെ നോക്കിനിന്നു. ഒരിക്കല്‍ ഉപേക്ഷിച്ച മരണം പിന്നീടൊരിക്കലും പ്രാപിക്കാനാവാത്ത അത്രയും അകലങ്ങളിലേക്ക് നീണ്ടുപോയിരുന്നു.
വെള്ളക്കുതിരയുടെ കണ്ണുകള്‍ സാവധാനം അടഞ്ഞുതുടങ്ങി. വേദനയോടെയുള്ള അതിന്റെ അവസാന ശ്വാസത്തിന്റെ ഊക്കില്‍ മണല്‍ത്തരികള്‍ കാറ്റിലെന്നപോലെ പറന്നു. ചലനമറ്റ കുതിരയുടെ പള്ളയിലേക്ക് സോക്രട്ടീസ് തല വെച്ചു. ചത്ത ശരീരത്തിന്റെ നിശ്ചലതയില്‍ അയാള്‍ ഗാഢമായുറങ്ങി. ആ ഉറക്കത്തിന്റെ സ്വപ്നങ്ങളിലെപ്പോഴോ മലമുകളിലെ ഊരില്‍ ഹെംലൊക്ക് എന്ന വിഷസസ്യം മണ്ണില്‍നിന്നും മുളച്ചുപൊന്തുന്നത് സോക്രട്ടീസ് കണ്ടു. നാവുകളില്‍ അതിന്റെ രുചിയറിഞ്ഞു. പ്രപഞ്ചരഹസ്യമറിഞ്ഞവനെപ്പോലെ സോക്രട്ടീസ് ഞെട്ടിയെഴുന്നേറ്റു. അപ്പോഴേക്കും താന്‍ തല ചായ്ച്ച് കിടന്ന വെള്ളക്കുതിര അസ്ഥിപഞ്ജരമായിത്തീര്ന്നിരുന്നു. തിരിഞ്ഞുനോക്കാതെ അയാള്‍ മുന്നോട്ടേക്ക് നടന്നു.
* * *
തനിക്കു മുന്നില്‍ എന്താണ് നടക്കുന്നതെന്ന് തിട്ടപ്പെടുത്താനാവാതെ മൂപ്പന് കുഴങ്ങി. വിശുദ്ധമരത്തിനു ചുറ്റും കൂടിയ ഊരിലെ സകല ആളുകളുടെയും മുഖങ്ങള്‍ അത്ഭുതത്താല് വികസിച്ചിരുന്നു. കാട്ടുമരങ്ങളെ ഉലച്ചുകൊണ്ട് പെെട്ടന്നു വീശിയ കാറ്റില്‍ ബലിപീഠത്തെ അലങ്കരിച്ച വിളക്കുകള്‍ ഓരോന്നായി അണഞ്ഞുതുടങ്ങി. അറവുപീഠത്തിലേക്ക് താഴ്ത്തിവെച്ചിരുന്ന തന്റെ തലയുയര്‍ത്തി, കൈകാലുകളെ കെട്ടിയ വള്ളിക്കുടുക്കില്നിന്നും സ്വതന്ത്രനായി എഴുന്നേറ്റുനിന്ന സോക്രട്ടീസിനെ കണ്ടപ്പോള്‍ ആളുകളെല്ലാം ഒരുപടി പിറകോട്ടു മാറി. വിശുദ്ധമരത്തിന്റെ വേരുകള്‍ക്ക് മുകളില്‍ അയാള്‍ ശാന്തനായിരുന്നു.
അൽപം മുമ്പ്, സോക്രട്ടീസ് ഊരില്‍ പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്ത കേട്ട നിമിഷംതന്നെ അയാളെ പിടിച്ചുകെട്ടാനുള്ള ഉത്തരവിടുകയായിരുന്നു മൂപ്പന്. ഒട്ടും വൈകിക്കേണ്ടതില്ല. എത്രയും പെെട്ടന്ന് ആ നിഷേധിയുടെ രക്തമൊഴുക്കി ദേവതയെ പ്രീതിപ്പെടുത്താനായി മൂപ്പന് ആവേശംകൊണ്ടു. വലിയൊരു ഏറ്റുമുട്ടല്‍ മുന്നില്‍ക്കണ്ട് ആയുധങ്ങളുമായി എത്തിയ മൂപ്പന്റെ ശിങ്കിടികള്‍ക്ക് മുന്നിലേക്ക് സോക്രട്ടീസ് പക്ഷേ, നിര്‍മമനായി രണ്ടു കൈകളും നീട്ടിക്കൊടുത്തു. ഇത്രയും നിസ്സാരമായി അയാളെ കീഴടക്കാമെന്ന് ആരും കരുതിയതേയല്ല. ബന്ധിതനായ സോക്രട്ടീസിനെ രണ്ടുപേര്‍ ചേര്‍ന്ന് ബലിപീഠത്തിലേക്ക് കാട്ടുവള്ളികളാല്‍ വലിച്ചുകൊണ്ടുപോയി.
വിശുദ്ധമരത്തിനു മുന്നില്‍ സ്ഥാപിച്ച ബലിപീഠത്തിനു ചുറ്റും ഊരിലെ ആളുകളെല്ലാം കൂടിയിരുന്നു. തന്റെ അവസാന യാത്രക്ക് സാക്ഷിയാവാന്‍ എത്തിയവരെ സോക്രട്ടീസ് കരുണയോടെ നോക്കി. അവര്‍ക്കിടയിലൂടെ ഊന്നുവടിയുടെ താങ്ങില്ലാതെ നടന്നുവന്ന മൂപ്പന് സോക്രട്ടീസിന്റെ കഴുത്തില്‍ പിടിച്ച് ബലിപീഠത്തിലേക്ക് തല കയറ്റിവെച്ചു. ഓരോ വിളക്കുകളായി തെളിയാന്‍ തുടങ്ങി. വിചിത്രമായ ഭാഷയില്‍ മന്ത്രങ്ങള്‍ മുഴങ്ങി. മണികള്‍ കിലുങ്ങി. സോക്രട്ടീസിന്റെ തല തന്റെ കൈയാല്‍തന്നെ വെട്ടിവീഴ്ത്തണമെന്ന് മൂപ്പന് നിര്‍ബന്ധമായിരുന്നു. ദൈവങ്ങളെയും ശാസനകളെയും നിന്ദിക്കുന്നവന്റെ വിധിയിത്.
ശിങ്കിടികളിലൊരാള്‍ കൊണ്ടുവന്ന പൂജിച്ച അറവുവാള്‍ കൈയിലേന്തി, മുകളിലേക്ക് തലയുയര്‍ത്തി മലദേവതയെ വണങ്ങി മൂപ്പന് സോക്രട്ടീസിന്റെ കഴുത്ത് ഉന്നംെവച്ച് ആഞ്ഞുവെട്ടാനോങ്ങി. എന്നാല്‍, മുകളിലേക്കുയര്‍ത്തിയ വാളേന്തിയ കൈകള്‍ താഴ്ത്താന്‍ മൂപ്പന് കഴിഞ്ഞില്ല. ഒരടവ് പിറകോട്ടുമാറി വീണ്ടും ശ്രമിച്ചെങ്കിലും മുകളില്‍നിന്നും ആരോ പിടിച്ചുവെച്ചപോലെ മൂപ്പന്റെ കൈകള്‍ ഉയര്‍ത്തിയ നിലയില്‍ ഉറച്ചുപോയി. ചലനമറ്റ കൈകളില്‍നിന്നും അറവുവാള്‍ ഊരി നിലത്തുവീണു. ഭൂമി കറങ്ങുന്നതുപോലെ മൂപ്പന് പരവേശമുണ്ടായി. നെറ്റിത്തടങ്ങളില്നിന്നും വിയർപ്പൊഴുകി. വിയര്പ്പുകണങ്ങളെ ഉലച്ചുകൊണ്ട് കാറ്റു വീശി...
ബന്ധനങ്ങളില്‍നിന്നും മോചിതനായ സോക്രട്ടീസ് തന്റെ ജീവിതം പൂർണമാകുന്നതറിഞ്ഞു. പിറകോട്ടു മാടിയിട്ട ഉത്തരീയത്തിന്റെ തുമ്പുകെട്ടഴിച്ച് അതിനുള്ളില്നിന്നും ഹെംലൊക്ക് എന്ന വിഷസസ്യം അയാള്‍ പുറത്തെടുത്തു. ഓരോരുത്തര്‍ക്കും മരിക്കാന്‍ ഓരോ വഴികളുണ്ട്. അവരവരുടേത് മാത്രമായ വഴികള്‍. ഇതായിരുന്നു തന്റെ വഴി. ഒരിക്കല്‍ വേര്‍പിരിഞ്ഞുപോയ വഴി. വിശുദ്ധമരത്തിന്റെ വേരുകള്‍ക്ക് മുകളില്‍ ഉരച്ച് ഹെംലൊക്കിന്റെ വിഷച്ചാര് സോക്രട്ടീസ് വായിലേക്കൊഴിച്ചു. തന്നെ നോക്കിനില്‍ക്കുന്നവരുടെ കണ്ണുകളിലേക്ക് അയാള്‍ അവസാനമായി ഒന്നുകൂടി നോക്കി. ദൂരെ മേഘങ്ങളുടെ അലകള്ക്കിടയില്നിന്നും തന്നെ കൊണ്ടുപോകാനിറങ്ങിവരുന്ന വെള്ളക്കുതിരയുടെ കുളമ്പടികള്‍ക്ക് കാതോര്‍ത്തുകൊണ്ട് സോക്രട്ടീസ് കണ്ണുകളടച്ചു.
===============
*ഹെംലൊക്ക്: BC 399ല്‍ ആതന്‍സിലെ ഭരണകൂടം സോക്രട്ടീസിന്റെ വധശിക്ഷ നടപ്പാക്കിയത് ഹെംലൊക്ക് എന്ന വിഷസസ്യത്തിെൻറ ചാറ് കുടിപ്പിച്ചായിരുന്നു. യുവാക്കളെ വഴിതെറ്റിക്കുന്നു, ദൈവങ്ങളെയും ദൈവികവസ്തുക്കളെയും പരിഹസിക്കുന്നു എന്നിവയായിരുന്നു സോക്രട്ടീസിനെതിരെയുള്ള കുറ്റങ്ങള്‍. ജയിലിൽനിന്ന് രക്ഷപ്പെടാനുള്ള അവസരങ്ങൾ നിഷേധിച്ച് മരണം സ്വയം വരിക്കുകയായിരുന്നു സോക്രട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.