31 വര്‍ഷവും 23 ദിവസങ്ങളും. ഹരിക്കലിനും ഗുണിക്കലിനും വഴങ്ങാത്ത കണക്ക്. മുറ്റത്ത് താന്‍തന്നെ നട്ടുവളര്‍ത്തിയ മരത്തില്‍ ചാരി പാര്‍വതി നിന്നു. കാഴ്ചയില്‍ ശരിക്കുമൊരു ക്രിസ്മസ് മരം. ചായങ്ങളോടും രൂപങ്ങളോടും താൽപര്യമുള്ള ശ്രീറാമിന് അത് ക്രിസ്തുമരമാണ്. അയഞ്ഞ നീളന്‍ കുപ്പായമണിഞ്ഞ് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തിയ ക്രിസ്തു മരത്തിന്റെ നിഴലില്‍ വെളിപ്പെട്ടു. എല്ലാം അറിയുന്ന വീട് മരത്തിനു പിറകില്‍. വീടിന്റെ നിഴല്‍ ക്രിസ്തുവിന്റെ കൈത്തുമ്പില്‍ ആടുന്ന നക്ഷത്രമായി....
31 വര്‍ഷവും 23 ദിവസങ്ങളും. ഹരിക്കലിനും ഗുണിക്കലിനും വഴങ്ങാത്ത കണക്ക്. മുറ്റത്ത് താന്‍തന്നെ നട്ടുവളര്‍ത്തിയ മരത്തില്‍ ചാരി പാര്‍വതി നിന്നു. കാഴ്ചയില്‍ ശരിക്കുമൊരു ക്രിസ്മസ് മരം. ചായങ്ങളോടും രൂപങ്ങളോടും താൽപര്യമുള്ള ശ്രീറാമിന് അത് ക്രിസ്തുമരമാണ്. അയഞ്ഞ നീളന്‍ കുപ്പായമണിഞ്ഞ് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തിയ ക്രിസ്തു മരത്തിന്റെ നിഴലില്‍ വെളിപ്പെട്ടു.
എല്ലാം അറിയുന്ന വീട് മരത്തിനു പിറകില്‍. വീടിന്റെ നിഴല്‍ ക്രിസ്തുവിന്റെ കൈത്തുമ്പില്‍ ആടുന്ന നക്ഷത്രമായി. ‘‘ഇരുട്ട് നല്ല ചിത്രകാരനാണ്. അത് ജീവിതവും വരയ്ക്കും.’’ പാര്‍വതി തന്നോടുതന്നെ പറഞ്ഞു. പാര്‍വതിക്കു മുന്നില്‍ വീടിനുമേല്‍ മഞ്ഞ അലങ്കാര വിളക്കുകള്‍ വെളിച്ചം കുടഞ്ഞു. അനുമതിയില്ലാതെ ഏതോ പ്രാണനെ പ്രതിഷ്ഠിച്ച കോവിലാണ് വീടെന്ന് പാര്‍വതിക്ക് തോന്നി. പാര്‍വതിക്കു മുന്നില്‍ ഇരുട്ട് രണ്ട് താഴികക്കുടങ്ങളെ വരച്ചുകാട്ടി. ഇറക്കിവിടപ്പെട്ടവര്ക്കായി വാഗ്ദാനം ചെയ്യപ്പെട്ട അദൃശ്യമന്ദിരത്തിന്റെ തലപ്പുകള്‍. അവര്‍ ഇരുട്ടിലേക്കും വെളിച്ചത്തിലേക്കും മാറിമാറി നോക്കി.
മനസ്സ് വായിച്ചിട്ടാവാം മരം പൈതലായൊരു കാറ്റിനെ വെളിച്ചം കെടുത്താന്‍ വീടിനു നേര്‍ക്ക് പറത്തിവിട്ടു. തീയില്‍ പിറക്കാത്ത വെളിച്ചത്തോട് തോറ്റ കാറ്റ് മരത്തിലേക്കുതന്നെ മടങ്ങി. നിഴലില്‍ ക്രിസ്തുവിന്റെ കൈകള്‍ നിസ്സഹായതയിലേക്ക് വിടര്‍ന്നു. കെടുത്തിക്കളയാന്‍ അത് വെളിച്ചമേ ആയിരുന്നില്ലെന്ന് കാറ്റിനോട് പറയണമെന്നുണ്ടായിരുന്നു പാര്‍വതിക്ക്. കാറ്റിന്റെ മറ്റൊരു ചലനത്തില്‍ മരം നിഴല്‍ കൈകളാല്‍ പാര്‍വതിയെ പുണര്‍ന്നു.
31 വര്‍ഷങ്ങള്‍ക്കും 23 ദിവസങ്ങള്ക്കുമുള്ള കൈയടികള്‍ കേള്‍ക്കുന്നുണ്ട്. ഓര്‍മയില്‍ ഒരുപറ നെല്ലില്‍ കതിര്‍കുല കുത്തി നിര്‍ത്തിയൊരു പന്തല്‍. മുല്ലപ്പൂമണം. കുരവ. അരികില്‍ അരവിന്ദന്. അരവിന്ദനുമായുള്ള വിവാഹം ഉറപ്പിക്കുമ്പോള്‍ സപ്ലൈക്കോയിലെ ലോജിസ്റ്റിക് വിഭാഗത്തില്‍ ജൂനിയര്‍ ക്ലര്‍ക്കായിരുന്നു പാര്‍വതി. ബാങ്ക് ജീവനക്കാരനായ അരവിന്ദന് അന്ന് തീരെ മെലിഞ്ഞിട്ടാണ്. അധ്യാപകരും വലിയ വായനക്കാരുമായ അച്ഛനമ്മമാരുടെ ഏകമകളാണ് പാര്‍വതി. അവരിരുവരും ഒരുപോലെ ബംഗാളി സാഹിത്യത്തെ ആരാധിച്ചു. അക്കൂട്ടത്തില്‍ വിഖ്യാതമായൊരു നോവലിലെ ഇഷ്ട കഥാപാത്രത്തിന്റെ പേരാണ് അവര്‍ മകള്‍ക്കു നല്‍കിയത്.
ഭാവി മരുമകന് എഴുത്തും വായനയും ഉള്ളയാളായിരിക്കണം എന്നൊരു ആഗ്രഹം മാത്രമേ അധ്യാപകരുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. നിരന്തരമായ അന്വേഷണം അരവിന്ദനില്‍ ചെന്നെത്തി. സാഹിത്യസംഘങ്ങളില് ചര്‍ച്ചക്കെടുത്തു തുടങ്ങിയ പേരുകൂടിയായിരുന്നു അയാളുടേത്. അരവിന്ദന്റെ കഥകള്‍ അച്ചടിക്കപ്പെട്ട ഒന്നുരണ്ട് വാരികകള്‍ തിരഞ്ഞു കണ്ടുപിടിച്ച് അധ്യാപകര്‍ വായിച്ചു. അവര്‍ക്ക് താൽപര്യം ഇരട്ടിച്ചു. കഥകളിലെ ലളിതസുന്ദരമായ ഭാഷ അവരുടെ തീരുമാനത്തെ ഉരുക്കിവിളക്കി.
അങ്ങനെ കല്യാണം. 31 വര്‍ഷങ്ങള്‍ക്കും 23 ദിവസങ്ങള്‍ക്കും മുമ്പ് ശുഭമുഹൂര്‍ത്തത്തില്‍ വധൂഗൃഹത്തില്‍ എല്ലാവിധ ചടങ്ങുകളോടുംകൂടി അരവിന്ദന് പാര്‍വതിക്ക് പുടവ കൈമാറി. താലികെട്ടി. സിന്ദൂരം ചാര്‍ത്തി. വിവാഹവേഷത്തില്‍ പാര്‍വതി തങ്ങളുടെ ഇഷ്ടകഥാപാത്രത്തിന്റെ നേര്‍പതിപ്പാണെന്ന് അധ്യാപകര്‍ അടക്കംപറഞ്ഞു. ആദ്യരാത്രിയിലാണ് ആദ്യമായി അരവിന്ദനും പാര്‍വതിയും തമ്മില്‍ സംസാരിക്കുന്നത്. അത് ഇപ്രകാരമായിരുന്നു.
അരവിന്ദന്: നിനക്ക് എന്നോട് എന്തും തുറന്നുപറയാം.
പാര്‍വതി: ഉം...
അരവിന്ദന്: മുമ്പ് ആരോടെങ്കിലും സ്നേഹം തോന്നിയിട്ടുണ്ടോ?
പാര്‍വതി: ഇല്ല.
അരവിന്ദന്: അതു കള്ളം.
പാര്‍വതി: സത്യമായും അങ്ങനെ ഉണ്ടായിട്ടില്ല.
അരവിന്ദന്: ഞാനിത് വിശ്വസിക്കണമെന്നാണോ?
പാര്‍വതി: അതെ.
അരവിന്ദന്: അതെന്തുമായിക്കോട്ടെ. എനിക്ക് അതൊരു വിഷയമേയല്ല. നമ്മള് കണ്ടുമുട്ടുന്നതിനു മുമ്പും ദേ ഇപ്പോഴും ഇനിയങ്ങോട്ടും നീ എന്റെ മാത്രമായിരിക്കും. മനസ്സിലായോ... തുടര്‍സംഭാഷണത്തിന് പാര്‍വതിക്ക് അവസരം കൊടുക്കാതെ ലൈറ്റണച്ച് അരവിന്ദന് തന്റെ കാര്യത്തിലേക്ക് ഭംഗിയായി കടന്നു.
പാര്‍വതി ഒന്നരമാസം ഗര്‍ഭിണിയായിരിക്കെയാണ് കല്യാണ ആല്‍ബം വീട്ടിലെത്തുന്നത്. ആല്‍ബം തുറന്ന് അരവിന്ദന് തന്റെ പൗരുഷത്തെ വര്‍ണിക്കാനും പാര്‍വതിയുടെ വിലകുറഞ്ഞ മേക്കപ്പിനെ പരിഹസിക്കാനും തുടങ്ങി. ആല്‍ബം പൊതിഞ്ഞുകൊണ്ടുവന്ന പത്രക്കടലാസിലേക്കും അരവിന്ദന് താലികെട്ടുന്ന വിവാഹചിത്രത്തിലേക്കും പാര്‍വതി മാറിമാറി നോക്കി. നിറം മങ്ങിയ പള്ളിയുടെ കൂറ്റന്‍ മിനാരത്തില്‍ കൊടി പാറിക്കുന്ന ഒരു ചെറുപ്പക്കാരന്. അയാള്‍ക്കു ചുറ്റിനും ആര്‍പ്പുവിളിക്കുന്ന മനുഷ്യര്‍. പാര്‍വതിക്ക് രണ്ടു ചിത്രങ്ങളും ഒന്നാണെന്ന തോന്നലുണ്ടായി. അരവിന്ദന് കാണാതെ അവര്‍ ആ ചിത്രം തന്റെ അലമാരത്തട്ടില്‍ തിരുകിെവച്ചു.
വിവാഹശേഷം അച്ചടിച്ചുവന്ന ചെറുകഥ അരവിന്ദന്റെ തലവര തിരുത്തി. ആ കഥയോടെ സാഹിത്യരംഗത്ത് അയാളുടെ പേര് ഉറപ്പിക്കപ്പെട്ടു. അച്ചടിക്കപ്പെടും മുമ്പ് പാര്‍വതിക്ക് മാത്രമാണ് അയാളത് വായിക്കാന്‍ കൊടുത്തത്. ഒരു രാത്രി ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി ഇപ്പോൾതന്നെ വായിക്കണം എന്ന വാശിയോടെ അയാള്‍ കടലാസ് നീട്ടുകയായിരുന്നു. ഉറക്കച്ചടവില്‍ ഇരുന്നയിരിപ്പില് പാര്‍വതി കഥ വായിച്ചു. ജീവിതത്തില്‍ എന്നപോലെ കഥയിലും ഒന്നുരണ്ടിടങ്ങളില്‍ തിരുത്ത് അവര്‍ ആഗ്രഹിച്ചു. കഥയിലെ കേന്ദ്രകഥാപാത്രമായ സ്ത്രീയുടെ ലൈംഗികതയെപ്പറ്റി സൂചന നല്കുന്ന ഭാഗമായിരുന്നു അത്. പക്ഷേ, പാര്‍വതി തന്റെ നിര്‍ദേശത്തെ പിറക്കാന്‍ അനുവദിച്ചില്ല. വിചാരണക്കൂട്ടില്‍ കയറി നില്ക്കാന് സ്വയം കാരണങ്ങള്‍ മെനയേണ്ടതില്ലെന്ന പാഠം അക്കാലംകൊണ്ട് ജീവിതം പാര്‍വതിയെ പഠിപ്പിച്ചിരുന്നു. നല്ല കഥ... എന്നുമാത്രം പറഞ്ഞ് അവര്‍ കടലാസ് അയാള്‍ക്ക് തിരികെ നല്കി.
അവിടെനിന്നങ്ങോട്ട് അയാളുടെ സകല കഥകളുടെയും ആദ്യ വായനക്കാരി പാര്വതിതന്നെയായിരുന്നു. അച്ചടിച്ചുവന്ന ഒരു കഥക്ക് കിട്ടിയ അഭിനന്ദനങ്ങളില്‍ അയാള്‍ സന്തോഷവാനായിരുന്ന ഒരു നാളില്‍ പാര്‍വതി അക്കാര്യം നേരിട്ടു ചോദിച്ചു. കഥ വായിച്ച് അതേപ്പറ്റി പലതും പറയാന്‍ നിങ്ങള്‍ക്ക് ഒരുപാടുപേരില്ലേ... എന്നിട്ടും നിങ്ങളത് വായിക്കാന്‍ എനിക്കുതന്നെ തരുന്നു. അതെന്താണങ്ങനെ?
അതോ... അരവിന്ദന് ചിരിച്ചു. ആരോടും പറയില്ലെങ്കില്‍ മാത്രം പറയാം. ഒരു രഹസ്യം പറയാനെന്നമട്ടില്‍ അയാള്‍ പാര്‍വതിയുടെ അരികിലേക്കാഞ്ഞു. ഉള്ളത് പറയാം. കാര്യം നിനക്ക് എരിവും പുളിയും കുറവാണെങ്കിലും കഥയുടെ കാര്യത്തില്‍ സംഗതി തിരിച്ചാണ്. നിന്നെ കെട്ടിയശേഷമാണ് കഥയില്‍ ഞാന്‍ ആരെങ്കിലും ആയത്... വേണ്ടാത്തത് കേള്‍ക്കേണ്ടി വരുമ്പോഴുള്ള വിളര്‍ച്ച അപ്പോള്‍ പാര്‍വതിയുടെ കണ്ണില്‍ തെളിഞ്ഞു.
വിശ്വാസിയല്ല താനെന്ന മട്ടിലായിരുന്നു അരവിന്ദന്റെ പെരുമാറ്റമത്രയും. വിശ്വാസത്തിന്റെ പൊള്ളത്തരങ്ങളെപ്പറ്റി അയാള്‍ നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. അതിന്റെ പേരില്‍ ചിലപ്പോഴൊക്കെ ലഭിച്ചുകൊണ്ടിരുന്ന ഭീഷണിക്കത്തുകള്‍ സുഹൃദ് സദസ്സുകളില്‍ ഉറക്കെ വായിച്ച് ഊറ്റംകൊള്ളുന്ന അരവിന്ദനെ പാര്‍വതി കണ്ടിട്ടുണ്ട്. എന്നിട്ടും അമ്മയുടെ സപ്തതിക്ക് അധ്യാത്മ രാമായണത്തിന്റെ പുതിയ പതിപ്പും വാങ്ങി വീട്ടിലേക്ക് അയാള്‍ കയറിവന്നപ്പോള്‍ പാര്‍വതി ചെറുതായി ഞെട്ടി.
അന്നു രാത്രി കിടക്കാൻനേരം പാര്‍വതിയുടെ വീര്‍ത്ത വയറിനുമേല്‍ കൈെവച്ച് അയാള്‍ പറഞ്ഞു: എഴുത്തച്ഛന് ഭാഷാപിതാവാണ്... സമൂഹത്തിന്റെ പിതാവല്ല. അയാള്‍ അപ്പറഞ്ഞതിന്റെ സാരം മനസ്സിലാക്കിയെടുക്കാനുള്ള സാവകാശം വയറ്റിലെ ജീവന് പാര്‍വതിക്ക് നല്‍കിയില്ല. അയാളുടെ അരക്കെട്ടിലെ ഏലസ്സു കെട്ടിയ കറുത്തു നരച്ച പഴഞ്ചന്‍ ചരട് തന്റെ വയറിനു മേല്‍ വലിഞ്ഞുമുറുകുന്നതായും ഉള്ളിലെന്തോ പിടയുന്നതായും പാര്‍വതിക്ക് തോന്നി. അന്നുരാത്രി തന്നെ പ്രസവം. അയാള്‍ ആഗ്രഹിച്ചതുപോലെ ആണ്‍കുട്ടി.
കുട്ടിയുടെ പേരിടീല്‍ അവകാശം എഴുത്തുകാരനായ എനിക്കുതന്നെ എന്ന് പ്രസവമുറിയുടെ വാതില്ക്കല് െവച്ച് അയാള്‍ പ്രഖ്യാപിച്ചിരുന്നു. പ്രസവപ്പിറ്റേന്ന് സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ഏതോ ഉത്തരേന്ത്യന്‍ വേദിയിലേക്ക് പറന്ന അരവിന്ദന് തിരിച്ചെത്തുന്നത് പേരിടീലിന്റെ തലേദിവസമാണ്. അഞ്ചു തിരിയിട്ട നിലവിളക്ക്. തൂശനിലയില്‍ ചെത്തിപ്പൂവും മഞ്ഞളില്‍ ചാലിച്ച ചന്ദനവും അയാള്‍ക്കു മുന്നില്‍ നിരത്തപ്പെട്ടു. അരവിന്ദന് മകന്റെ ചെവിയില്‍ പേരു ചൊല്ലി... ശ്രീറാം. ഇത്തവണ പാര്‍വതി ഞെട്ടിയില്ല. പ്രസവത്തിന്റെ മുറിവ് നൊമ്പരപ്പെടുംവിധം ഒരു ചിരി അവരുടെ ശരീരത്തെ ചലിപ്പിച്ചു. ആ ചിരിയുടെ പരോക്ഷ കമ്പനാഘാതത്താല് അത്തവണ വിളറിയത് അയാളുടെ മുഖമായിരുന്നു.
മകന്റെ വളര്‍ച്ചക്കൊത്ത് അരവിന്ദന്റെ കഥാജീവിതവും ഉയര്‍ന്നു. അയാളുടെ മികച്ച കഥാപാത്രങ്ങളത്രയും സ്ത്രീകളായിരുന്നു. പ്രണയം, ലൈംഗികത, തൊഴില്‍ എന്നിവയിലൊക്കെയും സ്ത്രീ അനുഭവിക്കുന്ന അതൃപ്തികളെ ഒരു പുരുഷന് എങ്ങനെ ഇത്ര കൃത്യമായി വരച്ചുകാട്ടുന്നു എന്ന് പുരോഗമനവാദികള്പോലും അത്ഭുതപ്പെട്ടു. ഗവേഷകരും അധ്യാപകരും ഫെമിനിസ്റ്റുകളും ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ ആരാധനക്ക് അയാള്‍ പ്രാപ്തനായി.
സാഹിത്യകാരന്മാര് പൊതുവെ അലക്ഷ്യജീവിതത്തിന് ഉടമകള്‍ ആയിരിക്കുമെന്ന ധാരണ പാര്‍വതി തിരുത്തിയത് അരവിന്ദനെ അറിഞ്ഞുതുടങ്ങിയതോടെയാണ്. പണം ചിലവാക്കുന്നതില്‍ പാര്‍വതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ അയാളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഒന്നും രണ്ടും ദിവസം മുഖം വീര്‍പ്പിച്ച് അത്താഴവും സഹശയനവും ഉപേക്ഷിക്കുകപോലുമുണ്ടായി. പിണക്കം മാറുന്ന വേളകളില്‍ ഒച്ചതാഴ്ത്തി അയാള്‍ പാര്‍വതിയോട് ഇങ്ങനെയൊക്കെപ്പറയും... എഴുത്ത് നിന്റേതു പോലെ എളുപ്പപ്പണിയല്ല. അതിന് മനസ്സിന് സ്വാസ്ഥ്യം വേണം. നീ വിചാരിച്ചാലേ എനിക്കത് ഉണ്ടാകൂ എന്ന് മനസ്സിലാക്കണം. എന്നെ അലോസരപ്പെടുത്തരുത്. എന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞുനില്ക്കുന്ന ഒരു ഭാര്യയെയാണ് എനിക്ക് വേണ്ടത്. എഴുത്തുകാരികളും മികച്ച ശമ്പളം ഉള്ളവരുമായ ഒരുപാട് സ്ത്രീകളുടെ പ്രണയവും വിവാഹാലോചനകളും വേണ്ടെന്നു െവച്ച് നിന്നെ കെട്ടിയത് വെറുതെയല്ല. എനിക്കൊത്തു നില്ക്കാന് പറ്റുന്നവളാണ് നീയെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. അത് മനസ്സിലാക്കണം.
അരവിന്ദന്റേത് കുറ്റസമ്മതമല്ല തന്റെയുള്ളില്‍ കുറ്റബോധം ഉണ്ടാക്കലാണെന്ന് മനസ്സിലായിട്ടും പാര്‍വതി പ്രതികരിച്ചില്ല. പ്രതികരണം കവലപ്രസംഗത്തിന് മാത്രം യോജിച്ചതാണെന്നും കുടുംബജീവിതത്തിന് അത് ഇണങ്ങില്ലെന്നുമുള്ള തിരിച്ചറിവിലേക്ക് അയാള്‍ അവരെ എത്തിച്ചിരുന്നു.
മുഴുവന്‍സമയ എഴുത്തുകാരനാകാന്‍ വൈകാതെ അരവിന്ദന് ഉദ്യോഗം ഉപേക്ഷിച്ചു. പാര്‍വതി കുടുംബം ചുമന്നു. ആ ആയാസക്കുറവില് അരവിന്ദന് പ്രശസ്തനും പരക്കെ അംഗീകരിക്കപ്പെട്ടവനുമായി. സാഹിത്യവേദികളില്‍ ഒരു പിശുക്കുമില്ലാതെ അയാള്‍ തന്റെ ഭാര്യയുടെ വിനയത്തെയും കലര്‍പ്പില്ലാത്ത സ്നേഹത്തെയും അവര്‍ തനിക്കായി സഹിച്ച പ്രസവം ഉള്‍പ്പെടെയുള്ള ക്ലേശങ്ങളെയും പുകഴ്ത്തി. ഒരു വേദിയില്‍ അയാള്‍ ഇങ്ങനെ പ്രസംഗിച്ചു... പാര്‍വതി... ആണ്‍കണ്ണില്‍ അവളെന്റെ പ്രിയപ്പെട്ട പാചകക്കാരിയും പോറ്റമ്മയും സഹായിയുമാണ്.
എങ്കിലും പ്രിയപ്പെട്ടവളേ, നീയുള്ള ഈ വേദിയില്‍ െവച്ചുതന്നെ ഞാന്‍ പറയട്ടെ... നീ തന്ന പ്രാണനില്‍ പിച്ച െവച്ചുതുടങ്ങുന്ന ഒരു ശിശു മാത്രമാണ് ഞാന്‍. നിന്റെ താങ്ങില്ലാതെ വളരാന്‍ കെൽപില്ലാത്ത അശക്തജന്മം. വേദിയില്‍ കൈയടി. ആ സ്നേഹോദ്ഘോഷണം കേട്ട് കണ്ണുതുടച്ചു പലരും. അയാള്‍ക്ക് പെണ് ആരാധകരേറി. ആ ആരാധന അയാളുടെ വളര്‍ച്ചയുടെ വേഗം കൂട്ടി. അയാളുടെ ഭാര്യ എന്നനിലയില്‍ പുറംലോകം പാര്‍വതിയെ ബഹുമാനിച്ചുതുടങ്ങി. അതിലേറെ സ്ത്രീകളുടെ അസൂയക്കും അവര്‍ പാത്രമായി. തന്റെ ചെറുപ്പം നിലനില്‍ക്കുന്നത് ഭാര്യയുടെ സഹനത്തിലാണെന്ന ഏതോ വേദിയിലെ അയാളുടെ പ്രസംഗം കേട്ടുമടങ്ങിയ ആ രാത്രിയിലാണ് തന്റെ തലയിലെ നരകള്‍ പാര്‍വതി എണ്ണിത്തുടങ്ങുന്നത്.
മുപ്പത്തൊന്നാം വിവാഹവാര്‍ഷികം മകന്റെ കൂട്ടുകാരെയും തന്റെ അടുപ്പക്കാരെയും വിളിച്ചുവരുത്തി ആഘോഷിക്കാനുള്ള തീരുമാനം അയാളുടേതായിരുന്നു. അന്നേരാത്രി ഉടുക്കാനുള്ള സാരി തിരയവേ അലമാരക്കുള്ളില്‍ പണ്ടെന്നോ തിരുകിയ ആ പത്രക്കടലാസ് പാര്‍വതിക്ക് കിട്ടി. മിനാരത്തിനു മുകളില്‍ പാറുന്ന പതാക. പാര്‍വതി അലമാരയുടെ അടച്ച പാളിയിലെ കണ്ണാടിയിലെ തന്റെ രൂപത്തെ നോക്കി. വടിവൊത്തൊരു മിനാരം. നെറുകയില്‍ അതേ നിറത്തില്‍ പതാക, അത് പാറുന്നില്ലെന്നുമാത്രം. പാര്‍വതി അന്നേ ദിവസത്തെ പത്രങ്ങള്‍ നോക്കി. തര്‍ക്കഭൂമിയില്‍ കെട്ടിപ്പൊക്കിയൊരു മന്ദിരത്തിന്റെ അലംകൃതമായ ചിത്രം. സമര്‍പ്പണം എന്ന തലക്കെട്ട്. പാര്‍വതി ഫേസ്ബുക്ക് തുറന്നു. പ്രസ്തുത വിഷയത്തില്‍ പ്രശസ്തരുടെ പ്രതികരണങ്ങളുടെ പ്രളയം. ലൈക്കിലും ഷെയറിലും അരവിന്ദനാണ് മുന്നില്‍. ‘ക്ഷമിക്കുക, കൊടുംചതിക്ക്, ആ തകര്‍ച്ചക്ക്, ഈ ഉയര്‍ച്ചക്ക്...അത്രമാത്രം.’ പാര്‍വതി ലൈക്കുകള്‍ എണ്ണി പുറത്തുകടന്നു.
അന്നു രാത്രിയില്‍ ആഘോഷം ഗംഭീരമായിരുന്നു. അത്താഴത്തിനും സല്ക്കാരത്തിനുമൊടുവില് അരവിന്ദന് വടിവൊത്ത ഭാഷയില്‍ ഭാര്യയെ പുകഴ്ത്തി. വൃദ്ധരായ മരങ്ങളുടെ വിറയലിലേക്ക് നോക്കി പാര്വതിയിരുന്നു. മഞ്ഞുകാലത്തെ കടല്‍പോലെ തൂകിപ്പരന്ന പുകമൂടിയ അവരുടെ നിസ്സംഗതയില്‍ ചോദ്യങ്ങള്‍ പിറന്നു. 31 വര്‍ഷം. 23 ദിവസങ്ങള്‍. സഹനം, പതനം... ആരുടെ ദേവനാണ് ഇയാള്‍...
അയാളുടെ നല്ല വാക്കുകള്‍ക്ക് മറുപടി പറയാനായി ആരൊക്കെയോ പാര്‍വതിയെ മുന്നിലേക്ക് വിളിച്ചു. ‘‘അവള് വരില്ല... വലിയ നാണക്കാരിയാണ്...’’ അയാള്‍ പൊതു ഇടങ്ങളില്‍ മാത്രം പ്രദര്ശിപ്പിക്കാറുള്ള വിടര്‍ന്ന ചിരി പുറത്തെടുത്തു. പാര്‍വതി എഴുന്നേറ്റു. അയാളുടെ ചിരി ചെറുതായി. എല്ലാവരും നിശ്ശബ്ദരായി. പാര്‍വതി സംസാരിച്ചുതുടങ്ങി... ആദ്യമായി ചുംബിക്കുന്ന അതേ രസത്തോടെ...
‘‘അധികാരം എന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയിരിക്കുന്നു. തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഇവിടെയൊരു മഹാരഥനും ഇല്ലെന്നു വന്നിരിക്കുന്നു.’’ വൃത്തിയായി എഴുതിയ ഒരു പ്രസംഗത്തില്‍നിന്ന് വെട്ടിയെടുത്ത വാക്കുകള്‍... ഇത് എവിടെയാണ് കേട്ടതെന്നുള്ള പിറുപിറുക്കലുകള്‍. എന്തായാലും അത് ഭരണാധികാരികള്‍ക്ക് മാത്രമുള്ള താക്കീതല്ല, എഴുത്തിലെ മേലാളന്മാര്ക്കും കുടുംബത്തിലെ സ്വയംപ്രഖ്യാപിത ഉടമസ്ഥന്മാര്ക്കും കൂടിയുള്ളതാണെന്ന് അവിടെ കൂടിയവരില്‍ ചിലരെങ്കിലും തിരിച്ചറിഞ്ഞു. ആഘോഷങ്ങള്‍ അവസാനിച്ചു. പാര്‍വതിക്ക് മുന്നില്‍ ഇരുട്ട് വീണ്ടും താഴികക്കുടങ്ങളെ വരച്ചുകാണിച്ചു. അവര്‍ക്കു പിന്നില്‍ വീട് ആര്‍ക്കോ വേണ്ടി വെളിച്ചംവിതറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.