ചുറ്റികമുഴക്കം

തോട്ടക്കാരന്റെ കണ്ണുവെട്ടിച്ച് ബൊഗൻവില്ലയുടെ കൊമ്പുകള്‍ വെട്ടണം. എപ്പോള്‍ ഗെയ്റ്റ് തുറക്കാന്‍ പോയാലും കൊണ്ടുകേറുകയാണ് കൂര്‍ത്ത മുള്ളുകള്‍. ഇങ്ങനെ പോയാല്‍ അധികം വൈകാതെ കാക്കി പാന്റ്സ് അരിപ്പയാവും. തോട്ടക്കാരന്‍ വലിയ പത്രാസുകാരനാണ്. ആഴ്ചയില്‍ രണ്ടുദിവസം വരും. അതിരാവിലെ വന്ന് ചെടികള്‍ കോതിയൊതുക്കി, വളപ്രയോഗം നടത്തി, വെയില്‍ മൂക്കുമ്പോഴേക്കും പോകും. രാത്രി ഡ്യൂട്ടി പൂര്‍ത്തിയാക്കി, സുരേശന് ബാറ്റണ്‍ കൈമാറി കോട്ടുവായോടെ ഷൈജു യാത്ര പറയുന്ന വേളകളിലാണ് തോട്ടക്കാരന്‍ വരിക. ചിരിക്കില്ല, മിണ്ടില്ല, നോക്കുകപോലുമില്ല. സെക്യൂരിറ്റിക്കാരോട് എന്തോ കെറുവുള്ളതുപോലെ. ഇവനിതെന്താണിങ്ങനെ എന്ന്...

തോട്ടക്കാരന്റെ കണ്ണുവെട്ടിച്ച് ബൊഗൻവില്ലയുടെ കൊമ്പുകള്‍ വെട്ടണം. എപ്പോള്‍ ഗെയ്റ്റ് തുറക്കാന്‍ പോയാലും കൊണ്ടുകേറുകയാണ് കൂര്‍ത്ത മുള്ളുകള്‍. ഇങ്ങനെ പോയാല്‍ അധികം വൈകാതെ കാക്കി പാന്റ്സ് അരിപ്പയാവും. തോട്ടക്കാരന്‍ വലിയ പത്രാസുകാരനാണ്. ആഴ്ചയില്‍ രണ്ടുദിവസം വരും. അതിരാവിലെ വന്ന് ചെടികള്‍ കോതിയൊതുക്കി, വളപ്രയോഗം നടത്തി, വെയില്‍ മൂക്കുമ്പോഴേക്കും പോകും. രാത്രി ഡ്യൂട്ടി പൂര്‍ത്തിയാക്കി, സുരേശന് ബാറ്റണ്‍ കൈമാറി കോട്ടുവായോടെ ഷൈജു യാത്ര പറയുന്ന വേളകളിലാണ് തോട്ടക്കാരന്‍ വരിക. ചിരിക്കില്ല, മിണ്ടില്ല, നോക്കുകപോലുമില്ല. സെക്യൂരിറ്റിക്കാരോട് എന്തോ കെറുവുള്ളതുപോലെ. ഇവനിതെന്താണിങ്ങനെ എന്ന് മനസ്സില്‍ വിചാരിച്ച് തോട്ടക്കാരന്‍ തുറന്നിട്ടുപോയ ഗെയ്റ്റ് അടയ്ക്കുകയായിരുന്നു സുരേശന്‍.

‘‘വക്കീലില്ലേ?’’

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ. അവശയാണ്. ദൂരയാത്ര ചെയ്തുവന്നതാകണം. ‘‘ഇല്ല. ഇന്ന് സാര്‍ നേരത്തെയിറങ്ങി.’’ സുരേശന്‍ മറുപടി കൊടുത്തു.

‘‘എവിടെ ചെന്നാല്‍ കാണാന്‍ പറ്റും?’’

‘‘ആരാ? എന്താ?’’ ഉള്ളിത്തൊലിയും മുട്ടത്തോടും കൈയിലേന്തിയ ഗൃഹനാഥ റോസാച്ചെടികള്‍ക്കിടയില്‍നിന്ന് തലയിട്ടു.

‘‘സാറിനെ കാണാന്‍ വന്നതാ...’’ സുരേശന്‍ വിളിച്ചുപറഞ്ഞു.

‘‘രാവിലെ ഒരു ഹിയറിങ് ഉണ്ട്. കോടതിയില്‍ പോകുമെന്ന് പറഞ്ഞിരുന്നു.’’ അവര്‍ പിന്നെയും ചട്ടികള്‍ക്കിടയിലേക്ക്.

കോടതിയില്‍ പതിവില്ലാത്ത തിരക്ക്. തൃശൂര്‍പൂരത്തിന്റെ ചിന്നപതിപ്പ്. രാവിലെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാകാന്‍ വൈകിയപ്പോഴേ വനജക്ക് മനസ്സിലായതാണ് ഇന്നത്തെ ദിവസം ശരിയാകില്ലെന്ന്. ആളുകള്‍ക്ക് ഒരു മര്യാദയുമില്ല. നടുവിലൂടെ ഒരാളെപ്പോലും കടത്തിവിടാതെ വരാന്തകള്‍തോറും നിരന്നുപരന്നങ്ങനെ നില്‍ക്കുകയാണ്. ജനാലക്ക് ചുറ്റുമുള്ള തിരക്ക് കണ്ടാലറിയാം. കോടതിക്കുള്ളില്‍ വാദം മുറുകുന്നുണ്ട്. എത്ര പണിപ്പെട്ട് രാവിലെ വന്ന് അടിച്ചുവാരി തുടച്ചിട്ട നിലമാണ്. മാര്‍ക്കറ്റ് റോഡ് പോലെയായി. ശ്വാസംമുട്ട് കൂടുന്ന പൊടിക്കാലം. പക്ഷേ, തൂപ്പുകാരിക്ക് തൂക്കാതിരിക്കാന്‍ പറ്റുമോ. അതും പോരാഞ്ഞിട്ടാണ് ഈ ആള്‍ക്കൂട്ടം.

‘‘പ്രകാശന്‍ വക്കീല്‍ അകത്തുണ്ടോ?’’

മുന്നില്‍ നില്‍ക്കുന്ന സ്ത്രീയെ വനജക്ക് നല്ല പരിചയം തോന്നി. ഇവിടെ ​െവച്ചു തന്നെയാകണം, മുമ്പ് കണ്ടിട്ടുണ്ട്. ‘‘സാറിനു പകരം ജൂനിയറാണ് ഹാജരായത്. സാര്‍ ഓഫീസിലുണ്ടാകും. നേരെ പോയാല്‍ മേജര്‍ ജനറല്‍ ദേവന്‍ റോഡ് എന്നെഴുതിയ മതില്‍ കാണാം. ആ വഴിയിലൂടെ ചെന്നാല്‍ വലതുവശത്തെ മൂന്നാമത്തെ കെട്ടിടം. തെറ്റിപ്പോകില്ല. മുന്നില്‍തന്നെ വലിയ ബോര്‍ഡുണ്ട്.’’

വക്കീലാപ്പീസുകള്‍ കണ്ടെത്താനെളുപ്പമാണ്. ഒരു കവലയപ്പുറം നിന്നാല്‍ കിട്ടും അവിടത്തെ പരാതിമണം. സിനിമയിലെ നെടുങ്കന്‍ ഡയലോഗുകള്‍ കേട്ട് കുളിരണിഞ്ഞ് ഉടുപ്പണിഞ്ഞവര്‍, നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ആദര്‍ശവാദികള്‍, കറുപ്പിന്റെയും വെളുപ്പിന്റെയും ഗ്ലാമറില്‍ മയങ്ങുന്നവര്‍... അങ്ങനെയങ്ങനെ പലവിധമാണ് വക്കീലന്മാര്‍.

പ്രകാശന്‍ വക്കീലിന് നല്ല പേരാണ്. അച്ഛന്റെ ഓഫീസ് ഏറ്റെടുത്ത കാലം മുതല്‍ അയാള്‍ വളര്‍ത്തിക്കൊണ്ടുവന്ന പേര്. ഇപ്പോള്‍ 8 ജൂനിയര്‍മാരുണ്ട്. അതില്‍ 4 പേര്‍ അടുത്തുതന്നെ സീനിയര്‍ സിറ്റിസണ്‍ഷിപ്പ് നിയമത്തിന്റെ പരിധിയിലെത്തും. പുതുതായി വന്ന രണ്ടു പെണ്‍കുട്ടികളാണ് ഏറ്റവും ചെറുപ്പം. പൂജയും റേച്ചലും. ഒരേ ബസില്‍ സ്‌കൂളിലേക്ക് പൊയ്ക്കൊണ്ടിരുന്നവര്‍. ഒരുമിച്ച് പഠിച്ചവര്‍. ഉറ്റ ചങ്ങാതിമാര്‍.

ചുമരിനോട് ചേര്‍ത്ത് നീക്കിയിട്ട കസേരയില്‍ ചുട്ടുപൊള്ളുന്നു റേച്ചലിന്. ഇന്ന് അവളായിരുന്നു ഹാജരാകേണ്ടിയിരുന്നത്. അവളെ ഏല്‍പ്പിക്കുമ്പോള്‍ കേസ് സാധാരണമായിരുന്നു. ഏതോ ഓണ്‍ലൈന്‍ മീഡിയക്കാര്‍ രാഷ്ട്രീയത്തൊങ്ങല്‍ പിടിപ്പിച്ചപ്പോള്‍ സംഗതി അസാധാരണമായി. അവസാനനിമിഷം സീനിയര്‍ തീരുമാനം മാറ്റി. റേച്ചല്‍ പോവണ്ട. പകരം വിട്ടത് അഭിജിത്തിനെ. അഭി മിടുക്കനാണ്. പക്ഷേ, ഈ കേസ് പഠിക്കാന്‍ കൂടുതല്‍ ഉറക്കം കളഞ്ഞത് റേച്ചലാണ്.

പൂജ ആവുന്നത്ര കൂട്ടുകാരിയെ സമാധാനിപ്പിച്ചു. അവള്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. കേസ് ഗൗരവമുള്ളതാണെങ്കില്‍ വക്കീല്‍ വര്‍ഗസ്‌നേഹം കാട്ടും. പെണ്‍വവ്വാലുകള്‍ക്കില്ലാത്ത എന്തൊക്കെയോ ഗ്രന്ഥികള്‍ ആണ്‍ വവ്വാലുകള്‍ക്കുണ്ടെന്നും ചെമ്മീന്റെ ചാട്ടത്തിനു പരിധിയുണ്ടെന്നും ജീവശാസ്ത്രം പറഞ്ഞു കുലുങ്ങിച്ചിരിക്കും. കൊലകൊമ്പന്‍ കേസുകള്‍ക്ക് വക്കീല്‍ നേരിട്ടുപോകും. ചെറുമീനുകളെ വീതിച്ചുകൊടുക്കും. അവര്‍ സംസാരിക്കുന്നതിനിടെയാണ് സ്ത്രീയുടെ വരവ്. ‘‘പ്രകാശന്‍ വക്കീലുണ്ടോ? കോടതിയിലന്വേഷിച്ചപ്പോള്‍ ഓഫീസിലുണ്ടാകുമെന്ന് പറഞ്ഞു.’’

സാന്ത്വനത്തിന്റെയും പക്വതയുടെയും കൈകൊണ്ട് റേച്ചലിനെ ഒന്ന് തടവിയിട്ട് പൂജ സംഭാഷണം ഏറ്റെടുത്തു. മുന്നില്‍ നില്‍ക്കുന്നത് കോടീശ്വരിയായ കക്ഷി ആണെങ്കിലോ. ‘‘സാര്‍ ഇന്ന് ഓഫീസില്‍ വന്നിട്ടില്ല. ഉച്ചയ്ക്ക് ശേഷം വരും. അത്യാവശ്യം ഉണ്ടെങ്കില്‍ ഞാന്‍ നമ്പര്‍ തരാം.’’

‘‘എനിക്ക് നേരില്‍കാണണം.’’ സ്ത്രീ പറഞ്ഞു.

‘‘അദ്ദേഹം ഡയമണ്ട് ക്ലബിലുണ്ടാകും. അവിടെ ചെന്നാല്‍ കാണാം.’’

രണ്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേനേരം നഗരത്തിന്റെ ഇരുധ്രുവങ്ങളില്‍ പ്രകടനം നടത്തിയതിനാല്‍ വാഹനങ്ങളെല്ലാം റോഡില്‍ കുരുങ്ങിക്കിടക്കുന്നു. പൊലീസ് കാര്യങ്ങള്‍ ഏറ്റെടുത്തതുകൊണ്ട് ഒരു വരിയായി മെല്ലെമെല്ലെ വണ്ടികള്‍ക്ക് പോകാം. ഗെയ്റ്റിന് മുന്നിലെ ഹോണടികള്‍ കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തിപ്പിടിച്ചിരുന്ന റിസപ്ഷനിസ്റ്റ് ഒരു സ്ത്രീ കയറിവരുന്നത് കണ്ടു. മൊബൈല്‍ ഫോണില്‍ തെലുങ്ക് പാട്ടു കേള്‍ക്കുന്ന മാനേജര്‍ ശ്രദ്ധിക്കുന്നതേയില്ല. പേരെഴുതിയ ബാഡ്ജ് ശരിപ്പെടുത്തി അവള്‍ എഴുന്നേറ്റുനിന്നു. ബാഡ്ജ് പുതുക്കണം. സൗമ്യയുടെ എസ് മങ്ങിത്തുടങ്ങിയിട്ടുണ്ട്.

‘‘യെസ് മാഡം?’’

‘‘അഡ്വക്കേറ്റ് പ്രകാശന്‍ സാറിനെ മീറ്റ് ചെയ്യണം.’’

 

സൗമ്യ അവരെ ഉഴിഞ്ഞൊന്നു നോക്കി. പ്രകാശന്‍ വക്കീലിനെ അവള്‍ക്ക് നന്നായറിയാം. പേരും പെരുമയും ഉണ്ടെന്നേ ഉള്ളൂ. മിലിട്ടറി റഡാറിനേക്കാള്‍ സ്‌കാനിങ് കപ്പാസിറ്റി ഉണ്ട് അയാളുടെ കണ്ണിന്. ഡൊണേഷന്‍ കൂടുന്തോറും ക്ലബ് മാനേജ്മെന്റിന്റെ അന്ധതയും കൂടും. അതുകൊണ്ട് ഇടക്കിടെ അയാളെ കാണേണ്ടിവരാറുണ്ട്. വന്ന സ്ത്രീയുടെ ഉദ്ദേശ്യം എന്താണാവോ...

‘‘ഇരിക്കൂ മാഡം. വിസിറ്റര്‍ ഉണ്ടെന്ന് ഞങ്ങള്‍ സാറിനെ അറിയിക്കാം.’’

അകത്തുള്ള ഒരുത്തനെയും ഫോണില്‍ കിട്ടാതെ മാനേജര്‍ നേരിട്ട് അന്വേഷിക്കാന്‍ പോയി. അല്‍പനേരം കഴിഞ്ഞാണ് അയാള്‍ തിരികെ വന്നത്. ‘‘സോറി, മാഡം. അദ്ദേഹം പോയി. ബ്ലോക്ക് ആയതുകൊണ്ട് ബാക്ക് ഗെയിറ്റിലൂടെയാണ് പോയത്. വീട്ടിലേക്കാണെന്ന് തോന്നുന്നു.’’

ഗെയിറ്റ് തുറക്കുന്ന തിരക്കില്‍ നട്ടുച്ച സൂര്യന്‍ കാഴ്ച മറച്ചപ്പോള്‍ സുരേശന് വീണ്ടും കിട്ടി, മുള്‍ച്ചെടിയുടെ ആക്രമണം. വായില്‍ തികട്ടിയ തെറി പുറത്തേക്കുവീഴാതെ അയാള്‍ പിടിച്ചുനിര്‍ത്തി. സാര്‍ അകത്തേക്കു കയറിയിട്ടില്ല. സിറ്റൗട്ടിലിരിക്കുകയാണ്. അതീന്ദ്രിയജ്ഞാനംകൊണ്ട് ആ വരവറിഞ്ഞ് ഭാര്യ ജ്യൂസുമായി വാതില്‍ക്കലുണ്ട്. സാര്‍ വരുന്നതും പോകുന്നതും മാഡം എങ്ങനെയാണാവോ അറിയുന്നത്! സാറിന്റെ ചിട്ടകള്‍ക്കൊപ്പം കറങ്ങുന്ന ചക്രമാണവര്‍. കോടതിയിലെ അന്നത്തെ തന്റെ പ്രകടനം ചുരുക്കം വാക്കുകളില്‍ മാഡത്തിനായി വിവരിച്ചുകൊണ്ട് സാര്‍ ജ്യൂസിറക്കി. ഗെയ്റ്റ് തുറന്ന് രാവിലെ കണ്ട സ്ത്രീ അകത്തേക്ക് വന്നു. ‘‘കൃത്യസമയമാണല്ലോ ചേച്ചി. സാര്‍ ഇപ്പൊ വന്നുകയറിയതേ ഉള്ളൂ.’’ സുരേശന്‍ പരിചയത്തിന്റെ ചിരി ചിരിച്ചു.

‘‘ഇരിക്കൂ.’’ മാഡം അതിഥിക്ക് കസേര നീക്കിയിട്ടു. പക്ഷേ, അവര്‍ ഇരുന്നില്ല. പകരം കൈയിലിരുന്ന കടലാസുകെട്ട് വക്കീലിന് നേരെ നീട്ടി. സൗജന്യ നിയമോപദേശം തേടിവന്ന ദരിദ്രവാസിയാണോ. ചുരിദാറിന്റെ മിനുക്കം കണ്ടാല്‍ പറയില്ല. അതൃപ്തിയോടെയാണ് വക്കീല്‍ അവരുടെ കൈയിലേക്ക് നോക്കിയത്. അത് പരാതിയോ സത്യവാങ്മൂലമോ കരാറോ ആയിരുന്നില്ല. സന്തോഷത്തിന്റെ സൂനാമി വക്കീലിനെ പൊക്കിയടിച്ച് ആകാശത്തെത്തിച്ചു.

പ്രാക്ടീസ് തുടങ്ങിയിട്ട് നാൽപതു വര്‍ഷം ആവാറായി. തോറ്റത് വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രം. കോടതി കയറാതെ തീര്‍പ്പാക്കിയ കേസുകള്‍ എണ്ണിയാല്‍ തീരില്ല. എത്ര കേമനായ വക്കീലിനും സമൂഹത്തില്‍ വില കിട്ടണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങേണ്ട ഗതിയാണ്. അത്രക്ക് മേലനങ്ങാന്‍ വയ്യെന്ന് തോന്നിയപ്പോള്‍ കണ്ടെത്തിയ പോംവഴി. ആഞ്ഞുപിടിച്ച് ഒരു എഴുത്തുകാരനാകുക. സ്‌കൂളില്‍ ഒപ്പം പഠിച്ച ദിവാകരന്‍ ഒരു വാരികയുടെ പത്രാധിപരാണ്. അയാളെ സോപ്പിട്ട് ഒരു കഥ അച്ചടിപ്പിച്ചു. വക്കീലിന്റെ കന്നിക്കഥ അച്ചടിച്ച ഇന്ദ്രരാഗത്തിന്റെ പ്രതിയാണ് സ്ത്രീ ​െവച്ചുനീട്ടിയത്.

വാരിക പുറത്തിറങ്ങി രണ്ടുനാളായി. ഇതുവരെ ആരും അഭിപ്രായം പറയാന്‍ വിളിച്ചിട്ടില്ല. എല്ലാം അസൂയക്കാരാണല്ലോ. വക്കീലിന്റെ നെഞ്ച് വിടര്‍ന്നുയര്‍ന്നു. ഇതാ കണ്മുന്നില്‍ നില്‍ക്കുന്നു, ആദ്യത്തെ ആരാധിക. പേജിന്റെ പല ഭാഗങ്ങളും അവര്‍ ഇളംപച്ച പേനകൊണ്ട് നിറംകൊടുത്തിട്ടുണ്ട്. അവസാന ഭാഗത്തിന് മാത്രം നിറം മഞ്ഞ. ആ ഭാഗം അവരെ അത്രക്ക് സ്പര്‍ശിച്ചുകാണും. സ്ത്രീകഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ട് കഥ എഴുതിയത് തന്നെ ഇതിനാണ്. സ്ത്രീകളാകുമ്പോള്‍ എഴുത്തിന്റെ സാങ്കേതികതയും കനവും നോക്കിപ്പോകില്ല. അവര്‍ക്ക് തൃപ്തിപ്പെടാന്‍ കഥയില്‍ വൈകാരികത ഉണ്ടായാല്‍ മതി.

തകര്‍ത്തോടുന്ന ടി.വി സീരിയലിന്റെ കഴിഞ്ഞ മൂന്നാഴ്ചത്തെ എപ്പിസോഡുകള്‍ ഇരുന്നുകണ്ടിട്ടാണ് വക്കീല്‍ എഴുത്തിലേക്ക് കടന്നത്. മാര്‍ക്കറ്റ് അറിഞ്ഞിട്ടു വേണമല്ലോ സമയം നിക്ഷേപിക്കാന്‍. ആധുനികത കൂടി വരുത്തണം എന്നുള്ളതുകൊണ്ട് അമ്മായിയമ്മ കഥാപാത്രം വേണ്ടെന്നുവെച്ചു. ബാക്കിയുള്ള ചേരുവകള്‍ സീരിയലില്‍നിന്നുതന്നെ സ്വീകരിച്ചു. അൽപം അനുഭവത്തില്‍നിന്നും. എത്രയെത്ര സ്ത്രീ ജീവിതങ്ങള്‍ കോടതിമുറികളില്‍ കണ്ടിട്ടുണ്ട്. അവയില്‍ പലരെയും കൂട്ടിച്ചേര്‍ത്തുവിളക്കി ഒന്നാക്കിയെടുത്തു.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നറിഞ്ഞ് വീടുവിട്ടിറങ്ങുന്ന നായിക. അയാളുടെ മാപ്പുപറച്ചില്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ കോടതി കയറി. കുട്ടികളുടെ ഭാവിയോര്‍ത്ത് തിരികെപ്പോകാന്‍ എല്ലാവരും പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെ. കാന്‍സറിന്റെ പിടിയിലാണ് താനെന്ന് അവള്‍ വൈകിയാണ് അറിയുന്നത്. ഇനി നാളുകള്‍ മാത്രം ബാക്കി. കഴിഞ്ഞുപോയ ജീവിതം കണ്മുന്നില്‍ തെളിഞ്ഞപ്പോള്‍ അവള്‍ക്ക് തോന്നുന്നു, ഭര്‍ത്താവിനോട് താന്‍ കാണിച്ചത് തെറ്റാണ്. അയാള്‍ക്ക് തിരുത്താന്‍ അവസരം നിഷേധിക്കരുതായിരുന്നു. തന്റെ എടുത്തുചാട്ടത്തില്‍ ഖേദിക്കുന്ന നായിക ഭര്‍ത്താവിനടുത്തേക്ക് തിരിച്ചുപോകുന്നു. അവിവേകത്തിന് ക്ഷമ പറയുന്നു. തന്നെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തെങ്കിലും സൗന്ദര്യവും ആരോഗ്യവും ക്ഷയിച്ച ഭാര്യയെ നായകന്‍ സ്വീകരിക്കുന്നു. കുറ്റബോധത്തില്‍നിന്നും മുക്തയായി സമാധാനത്തോടെ അവള്‍ മരിക്കുമെന്ന് ധ്വനിപ്പിച്ചുകൊണ്ടാണ് കഥ അവസാനിക്കുന്നത്.

ആരാധിക മഞ്ഞനിറം കൊടുത്ത നായികയുടെ ഏറ്റുപറച്ചില്‍ ഏറെ പണിപ്പെട്ട് എഴുതിയതാണ്. സീരിയലിന്റെ പരസ്യവാചകങ്ങള്‍ ശ്രദ്ധിക്കുന്ന ശീലം പണ്ടേ ഉണ്ടായിരുന്നെങ്കില്‍ സംഭവം കുറേക്കൂടെ ഭംഗിയാക്കാമായിരുന്നു.

‘‘സ്വയം വാദി ചമഞ്ഞ് അങ്ങയെ ഞാന്‍ പ്രതിയാക്കി. തെളിവുകള്‍ക്കായി കാത്തുനില്‍ക്കാതെ മനസ്സില്‍ ഒരു നീണ്ട കുറ്റപത്രം തയാറാക്കി. വിചാരണ നടത്താതെ, അങ്ങയുടെ വാദം മുഴുവന്‍ കേള്‍ക്കാന്‍പോലും തയാറാകാതെ, ഒന്നും ആലോചിക്കാതെ അനിശ്ചിതമായി എല്ലാം അവധിക്ക് വെച്ചു. പാടില്ലായിരുന്നു. എനിക്ക് തെറ്റിപ്പോയി. ജീവിതക്കോടതി എന്റെ വിധിയെഴുതി. എന്റെ ശിക്ഷ ആരംഭിച്ചിരിക്കുന്നു. തിരിച്ചറിവിന്റെ ചുറ്റിക മുഴക്കം എനിക്കിപ്പോള്‍ കേള്‍ക്കാം.’’

 

‘‘അവസാനമാണോ കൂടുതല്‍ ഇഷ്ടമായത്?’’ ചോദ്യം മുഴുമിക്കും മുന്നേ ഉത്തരത്തിനുള്ള കൊതി അയാളുടെ മനസ്സിലൂറി. സിറ്റൗട്ടിലിരുന്ന വക്കീലിന്റെ കണ്ണട പോര്‍ച്ചിലെ കാറിനടിയിലേക്ക് തെറിച്ചുപോകത്തക്ക ആഘാതത്തില്‍ സ്ത്രീ അയാളുടെ കരണക്കുറ്റിക്കിട്ട് വീക്കി. കണ്മുന്നില്‍ തെളിഞ്ഞ സൗരയൂഥത്തിനിടയില്‍ വക്കീല്‍ ഭൂമി കണ്ടെത്തുന്നതിനിടെ ഭാര്യയുടെ കൈയിലിരുന്ന ഗ്ലാസ് വീണുപൊട്ടി. സുരേശന്‍ കുതിച്ചെത്തി. ഒന്നും സംഭവിച്ചില്ലെന്നമട്ടില്‍ താഴെ വീണുപോയ വിഗ്ഗെടുത്ത് തലയില്‍ ക്ലിപ്പ് ചെയ്തുകൊണ്ട് സ്ത്രീ പറഞ്ഞു –‘‘താനിപ്പോള്‍ കേട്ടതാണ് തിരിച്ചറിവിന്റെ ചുറ്റിക മുഴക്കം.’’

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT