അപ്പിസുനിയെ കാൺമാനില്ല

മുത്തുവിന് എന്നും ആധി മാത്രമേ സജി കൊടുത്തിട്ടുള്ളൂ. സുനി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, ഒരു പെരുമഴക്കാലത്ത് ന്യൂമോണിയ മൂര്‍ച്ഛിച്ച് ശ്വാസം വലിച്ചെടുക്കാനാകാതെ, പിളര്‍ന്ന വായ അടയ്ക്കാനാകാതെ അമ്മ മരിച്ചത്. അതിന് മുമ്പു തന്നെ സജി പഠിപ്പ് നിര്‍ത്തിയിരുന്നു. പതിനെട്ട് വയസ്സ് തികയും മുമ്പ് കഞ്ചാവ് കടത്തിയതിന് അമരവിള ചെക്ക് പോസ്റ്റില്‍ വെച്ച് സജിയെ എക്‌സൈസ് പിടിച്ചു. അന്ന് കരമടച്ച രസീതുമായി മുത്തു പോയി ജാമ്യം നിന്നാണ് കോടതിയില്‍നിന്ന് ഇറക്കിയത്. പക്ഷേ, അതോടെ അവന്റെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു. അരയില്‍ അറ്റം വളഞ്ഞ കത്തി കൊണ്ടു നടക്കുന്നതിനാല്‍, കൈലാഞ്ചി സജിയെന്ന് വട്ടപ്പേര് വീണു. അജിത്...

മുത്തുവിന് എന്നും ആധി മാത്രമേ സജി കൊടുത്തിട്ടുള്ളൂ. സുനി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, ഒരു പെരുമഴക്കാലത്ത് ന്യൂമോണിയ മൂര്‍ച്ഛിച്ച് ശ്വാസം വലിച്ചെടുക്കാനാകാതെ, പിളര്‍ന്ന വായ അടയ്ക്കാനാകാതെ അമ്മ മരിച്ചത്. അതിന് മുമ്പു തന്നെ സജി പഠിപ്പ് നിര്‍ത്തിയിരുന്നു. പതിനെട്ട് വയസ്സ് തികയും മുമ്പ് കഞ്ചാവ് കടത്തിയതിന് അമരവിള ചെക്ക് പോസ്റ്റില്‍ വെച്ച് സജിയെ എക്‌സൈസ് പിടിച്ചു. അന്ന് കരമടച്ച രസീതുമായി മുത്തു പോയി ജാമ്യം നിന്നാണ് കോടതിയില്‍നിന്ന് ഇറക്കിയത്. പക്ഷേ, അതോടെ അവന്റെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു. അരയില്‍ അറ്റം വളഞ്ഞ കത്തി കൊണ്ടു നടക്കുന്നതിനാല്‍, കൈലാഞ്ചി സജിയെന്ന് വട്ടപ്പേര് വീണു.

അജിത് ബി. നായരടക്കം രാഷ്ട്രീയക്കാര്‍ക്കുപോലും സജിയെ പേടിയായി. പക്ഷേ, ഇടക്കിടക്ക് ഗുണ്ടുകാട് കോളനിയില്‍ പോയി തല്ലുണ്ടാക്കിയത് പൊലീസ് കേസ് ആയില്ലെങ്കിലും, തീരാക്കുടിപ്പകയുടെ തുടക്കമായി. മാംസം അറത്തെടുക്കുന്ന വായ്ത്തല ഏത് നിമിഷവും പിൻകഴുത്തിൽ ആഞ്ഞുവീഴുമെന്ന ഉള്ളിടുപ്പോടെയാണ്, ഇരു‌സംഘങ്ങളും പിന്നെ നടന്നത്. കുറേ കാലം സജി കൊച്ചിയിലെ പുല്ലേപ്പടിയില്‍ പോയി താമസിച്ചു. ഒടുവില്‍ ചാക്കയ്ക്കപ്പുറം ഏലയിലിട്ട് ഒരുത്തനെ ഇറച്ചിക്ക് അരിയുംപോലെ വെട്ടിയതിന് സജി ജയിലിലായി. വര്‍ഷങ്ങളായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

അച്ഛനെ കാണാതായി ഒരാഴ്ച കഴിഞ്ഞാണ് സജി ആദ്യമായി പരോള്‍ എടുത്ത് വീട്ടില്‍ വന്നത്. പതിനാല് ദിവസവും സജി വീട്ടില്‍തന്നെ ഉണ്ടായിരുന്നു. എങ്കിലും അധിക സംസാരത്തിന് ഇടം കൊടുക്കാതെ സുനി വഴുതിമാറി നടന്നു. അച്ഛനെ കാണാതായതിനെക്കുറിച്ച് ഓരോന്ന് എടുത്ത് ചോദിക്കുമ്പോഴും സുനി ഒറ്റവാക്ക് ഉത്തരങ്ങളിലേക്ക് ഒതുങ്ങി. കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ എല്ലാവരും പരസ്പരം അപരിചിതരായി പോകുമോ എന്ന് അയാള്‍ ഭയന്നു.

ഇത്ര ദിവസം അടുപ്പിച്ച് ചേട്ടനടുത്ത് നില്‍ക്കാന്‍ കഴിയുന്നത് സുനിക്ക് ആദ്യാനുഭവമായിരുന്നു. 30ാം വയസ്സില്‍ ഒരു മുതിര്‍ന്ന ജ്യേഷ്ഠന്‍ പിറന്നുവീണ പോലെ. പിരിച്ചുവെച്ച മീശക്കോ വടുക്കളുള്ള മുഖത്തിനോ ഒരു കോട്ടവും ഇല്ലെങ്കിലും സജി ആരെയോ ഭയപ്പെടുന്നുണ്ടെന്ന് സുനിക്ക് മനസ്സിലായി. ഗുണ്ടുകാട് ടീംസ്, ടൂള്‍സുമായി അവിടെയെല്ലാം കറങ്ങി നടക്കുന്നുണ്ടായിരുന്നു. ചിറക്കുളം കോളനിയിലേക്ക് ഇരച്ചുകയറാന്‍ കഴിയാത്തതുകൊണ്ട്, അവര്‍ പല മുടുക്കുകളിലും രാവെളുക്കുവോളം കാത്തുനിന്നു. സജിയാകട്ടെ ജയിലില്‍നിന്ന് കടന്നുകൂടിയ ഭയത്തിലേക്ക് സ്വയം ചുരുണ്ടുകൂടി.

കത്തിത്തുളയിലൂടെ പുറത്ത് ചാടാതിരിക്കാന്‍ സജിയുടെ മുഖത്തു നിന്ന് രക്തം ഉള്‍വലിഞ്ഞുനിന്നു. ചേട്ടന് ഒന്നും സംഭവിക്കല്ലേ എന്ന് തൈക്കാട് മഹാദേവനോട് നെഞ്ചുരുകി പ്രാർഥിച്ചതും സുനിക്കു തന്നെ അത്ഭുതമുണ്ടാക്കിയ ആദ്യ അനുഭവമായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും അജിത സജിയോട് കൂസലില്ലാതെ പെരുമാറി. ഈ പതിനാല് ദിവസവും ജോലിക്കു പോകുന്ന വീടുകളുടെ എണ്ണം കുറച്ച്, കൂടുതല്‍ സമയവും വീട്ടില്‍ ചെലവിട്ടു. കൊച്ചിയിലെ താമസത്തിനിടെ സജി ശീലിച്ച കൊടംപുളി ഇട്ടുവെച്ച മീന്‍കറി, ആ ദിവസങ്ങളില്‍ വീട്ടിലെ സ്ഥിരം വിഭവമായി.

ആദ്യമായി കണ്ട ദിവസം തന്നെ അജിതയില്‍ സുനി ശ്രദ്ധിച്ചത് ഈ കൂസലില്ലായ്മയാണ്. കക്കൂസില്‍നിന്ന് സ്വീവേജ് ലൈനിലേയ്ക്കുള്ള ഓവിലെ ബ്ലോക്ക് മാറ്റാനാണ്, നാടകം എഴുത്തുകാരൻ കുന്നുകുഴി ഫ്രാന്‍സിസിന്റെ വീട്ടില്‍ സുനി പോയത്. ആ സമയത്ത് വീട്ടുപണിക്കായി അജിത അവിടെ ഉണ്ടായിരുന്നു. പോളിസ്റ്റര്‍ സാരിയുടെ മുന്‍തുമ്പ് ഇടുപ്പിലേക്ക് തിരുകിക്കയറ്റി തിടുക്കപ്പെട്ട് അജിത ഓടിനടന്നു. റേത്ത അഴിഞ്ഞ അടിപ്പാവാടയുടെ അറ്റം താഴേയ്ക്ക് തൂങ്ങിക്കിടന്നു.

ഗേറ്റിന് താഴെക്കൂടിയുള്ള ചാലില്‍ അടവുണ്ടായി, കക്കൂസ് വെള്ളം മുറ്റത്ത് പരന്നിരുന്നു. ഇങ്ങനെ ചാലടഞ്ഞാല്‍ ചത്ത പൂച്ച ചീഞ്ഞ നാറ്റമായിരിക്കും. വീടുകളിലെ പണി കിട്ടുന്നതിന്റെ ഉത്സാഹത്തോടെയാണ് സുനി അവിടെ ചെന്നത്. കോണ്‍ട്രാക്ടറുടെ കൈയില്‍നിന്ന് കിട്ടുന്നതിന്റെ ഇരട്ടി വീടുകളില്‍നിന്ന് കിട്ടും. കുന്നുകുഴി ഫ്രാന്‍സിസിന്റെ വീട്ടില്‍ എത്തുമ്പോള്‍ നാറ്റം പ്രദേശമാകെ പരന്നിരുന്നു. താടിയിലും ദേഹത്തുമെല്ലാം നരകയറിയ രോമങ്ങള്‍ തിങ്ങിനില്‍ക്കുന്ന ഫ്രാന്‍സിസ്, തോര്‍ത്ത് കൊണ്ട് മൂക്ക് പൊത്തി നിന്നു. പക്ഷേ, ഉഗ്രനാറ്റത്തെപോലും വകവെക്കാതെ അജിത പണികളില്‍ തിടുക്കപ്പെട്ടു. അവളുടെ മൂക്കിന്റെ വലത് വശത്ത് ഓമനിക്കാന്‍ തോന്നുംവിധം എടുപ്പുള്ള ഒരു കറുത്ത മറുകുണ്ടായിരുന്നു.

തറയോട് ഇളക്കി ചാലിനുള്ളില്‍ അടഞ്ഞിരുന്ന മണ്ണും സിഗരറ്റ് കുറ്റികളും വെട്ടി നീക്കുമ്പോള്‍ ഓരോ കൈസഹായങ്ങളുമായി അജിത അടുത്തുതന്നെ നിന്നു. ചാലിലെ സ്വര്‍ണത്തിളക്കമുള്ള തീട്ടത്തരി വെള്ളമൊഴിച്ച് വൃത്തിയാക്കുമ്പോഴും ജോയിന്റില്‍ ഉണക്കച്ചാണകംപോലെ ഉറച്ച മലം നമ്മാട്ടിക്കു വെട്ടി എടുക്കുമ്പോഴും അജിത അറച്ചില്ല. കക്കൂസില്‍ വീണ്ടും വീണ്ടും വെള്ളം ഒഴിച്ച് ചാലിലെ ഒഴുക്ക് ശരിയായെന്ന് ഉറപ്പാക്കിയതും അവള്‍തന്നെയാണ്.

അന്ന് പണികഴിഞ്ഞപ്പോള്‍ അടുക്കളയിലെ ഡെസ്‌ക്കില്‍ ഇഡലിയും സാമ്പാറും വിളമ്പിവെച്ച് അജിത സുനിയെ വിളിച്ചിരുത്തി. തീട്ടപ്പണി കഴിഞ്ഞിട്ട് അങ്ങനെയൊരു വിളി ജീവിതത്തില്‍ ആദ്യമായിരുന്നു. അതുകൊണ്ട് വയറിന് മുമ്പ് മനസ്സാണ് നിറഞ്ഞത്. അടുക്കളയില്‍ ഇരുന്ന് കഴിക്കുന്നതിനിടെ കുന്നുകുഴി ഫ്രാന്‍സിസ് എഴുത്തുകാർ മാത്രം എടുത്തണിയുന്ന കൃത്രിമ വിഷാദത്തോടെ അവര്‍ക്ക് മുന്നില്‍ അല്‍പനേരം വന്ന് നിന്നു. കഥാപാത്ര സാധ്യതയുണ്ടോ എന്ന് സുനിയിലേക്ക് തുരന്ന് നോക്കിയിട്ട് തിരികെ പോയി. സര്‍വ ദുരന്തങ്ങളുടെയും ഉടയോന്‍ എന്നപോലെ മുഖം വളച്ചുവെച്ച ഫ്രാന്‍സിസിനെ കണ്ടപ്പോള്‍, അര്‍ശസ് രോഗിയെപ്പോലെ സുനിക്ക് തോന്നി. തടിച്ച മേല്‍ച്ചുണ്ടുള്ളവര്‍ പെണ്ണുങ്ങളെ കൊന്ന് തിന്നുമെന്ന് ജോണി പറഞ്ഞത്, എന്തുകൊണ്ടോ സുനി അപ്പോള്‍ ഓര്‍ത്തു.

പിന്നീട് രണ്ടോ മൂന്നോ വട്ടം മാത്രമേ അജിതയെ കണ്ടുള്ളൂ. പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലുള്ള പൂക്കടയില്‍ വെച്ച് മുല്ലപ്പൂ മണത്ത് നോക്കിയതിന് ശകാരിച്ച കടക്കാരനോട് വഴക്കിടുന്നതിനിടെയാണ് ആദ്യം കണ്ടത്. അന്ന് കുറച്ചുനേരം സംസാരിച്ച്, വയലിന്‍ ഹോട്ടലില്‍ കയറി ചായയും കുടിച്ചാണ് പിരിഞ്ഞത്. സംസാരിച്ചതെല്ലാം അജിതയായിരുന്നു. തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ത്രാണി സുനിക്ക് ഉണ്ടായിരുന്നില്ല. പിന്നെ കണ്ടത് കിഴക്കേ കോട്ടയിലെ നിര്‍ത്തിയിട്ടിരിക്കുന്ന ബസില്‍ വെച്ചും. വിവാഹമോചനം കഴിഞ്ഞ് ഒറ്റക്ക് താമസിക്കുന്ന കോളേജ് ലെക്ചററുടെ വീട്ടില്‍ പണിക്കു പോകുമ്പോഴാണത്.

എന്നാല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കൈനറ്റിക് ഹോണ്ട സ്‌കൂട്ടറില്‍ സുനിയെ തിരക്കി ഫ്രാന്‍സിസ് വന്നു. ശ്രീവരാഹം ക്ഷേത്രത്തിലെ സംഗീതപരിപാടി കഴിഞ്ഞിറങ്ങിയ ജോണിക്കൊപ്പം പടിഞ്ഞാറേ കോട്ടയിലെ മണികണ്ഠന്റെ കടയില്‍ ചായ കുടിക്കുമ്പോഴാണ് അയാള്‍ വന്നത്. ദീപുവിനെ വിളിച്ച് സ്ഥലം ചോദിച്ച് തപ്പിയിറങ്ങിയതായിരുന്നു ഫ്രാന്‍സിസ്. കണ്ടപ്പോൾ തന്നെ തടിച്ച ചുണ്ടുകള്‍ക്കൊപ്പം നരച്ച താടിരോമങ്ങളും വലിച്ചുനീട്ടി ഫ്രാന്‍സിസ് ചിരിച്ചു. പക്ഷേ, വിഷാദം വിറ്റ് ജീവിക്കുന്ന അല്‍പന്റെ ഭാവം അയാളുടെ മുഖത്ത് മായാതെ നിന്നു. ജോണിക്കും സുനിക്കും എതിര്‍വശത്തേക്ക് ഒതുക്കത്തിലിരുന്ന് അയാള്‍ സംസാരിച്ചതും നാടകഭാഷയിലാണ്.

‘‘ആരോരുമില്ലാതെ ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്ന പെണ്‍കുട്ടിയാണ് അജിത. അവൾക്കൊരു ജീവിതക്കൂട്ട് വേണമെന്ന അന്വേഷണത്തിലാണ്, സുനിയെന്ന അധ്വാനിയെ ശ്രദ്ധയില്‍പെട്ടത്. ഞാന്‍ അജിതയോട് സംസാരിച്ചു. അജിതയ്ക്കും താങ്കളോട് ഒരു സവിശേഷ താൽപര്യമുണ്ട്. ഇതൊരു ജീവിത ഉടമ്പടിയായി മാറ്റിക്കൂടെ എന്നാണ് എന്റെ ചിന്ത. അജിതയ്ക്ക് സമ്മതമാണ്. താങ്കളുടെ സമ്മതം അറിയാനാണ് ഞാന്‍ വന്നത്.’’'

‘‘ആലോചിക്കണം.’’ സുനിക്ക് വേണ്ടി ജോണിയാണ് സംസാരിച്ചത്. ‘‘ഇവന്റെ വീട്ടില്‍ അച്ഛനുണ്ട്. വേണ്ടപ്പെട്ടവരുണ്ട്. അവരോട് ആലോചിച്ചിട്ടേ പറയാനാകൂ.’’

‘‘മതി. ആലോചിച്ചിട്ട് മതി. അജിതയെ കെട്ടിപ്പൂട്ടി ഇടാത്ത, വ്യക്തിസ്വാതന്ത്ര്യങ്ങളെ മാനിക്കുന്ന ഒരാളെയാണ് ഞാന്‍ സുനില്‍കുമാറില്‍ കാണുന്നത്. മറുപടി വൈകാതെ തന്നാല്‍ ഉചിതമായേനെ.’’

സുനി മിണ്ടാതെ ഇരുന്നതേയുള്ളൂ. ജോണിയും കൂടുതലൊന്നും വിശദീകരിച്ചില്ല. മണികണ്ഠന്റെ ഭാര്യയിട്ട ചായയും കുടിച്ചാണ് ഫ്രാന്‍സിസ് പിരിഞ്ഞത്. ഇറങ്ങിയപ്പോള്‍തന്നെ ജോണി പറഞ്ഞു: ‘‘എന്തരടേയ്. എഴുത്തുകാരന്മാരുടെ ഫ്രോഡ് മൂഞ്ചിയാണല്ലോ ഇയാക്ക്. ഇയാള് തന്നെ എഴുതിയ രാജാപാര്‍ട്ടിയിലെ നായകനെപ്പോലാണല്ലോ ഇയാള് ജീവിക്കുന്നേ.’’ അജിതയുമായുള്ള വിവാഹത്തിന് അച്ഛന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. ജോണിക്കൊപ്പം ജയിലില്‍ പോയാണ്, സജിയെ കണ്ട് കാര്യങ്ങള്‍ അറിയിച്ചത്. സുബ്ബയ്യയും സമ്മതിച്ചു. പ​േക്ഷ, കല്യാണ ചടങ്ങിൽ പങ്കെടുക്കില്ല എന്നുമാത്രം സുബ്ബയ്യ പറഞ്ഞു. അതുകൊണ്ട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വെച്ചാണ് ചെറിയ ചടങ്ങായി കല്യാണം നടത്തിയത്.

തന്നെ തേടിയും ഒരു പെണ്ണ് വന്നെന്ന അത്ഭുതവും ആദരവുമായിരുന്നു അജിതയോട് സുനിക്ക്. സ്ത്രീകളോട് ഇഴുകിയ വഴക്കമില്ലാത്തതിന്റെ അങ്കലാപ്പുമൂലം, അടിമയെപ്പോലെ അയാള്‍ അജിതയോട് പെരുമാറി. അജിതയും പുതുക്കക്കാരിയുടെ ഉത്സാഹത്തോടെ ഒച്ചവെച്ച് വീടിനെ ഉണര്‍ത്തി. ഭാര്യവേഷത്തില്‍ നിറഞ്ഞാടി. കിടക്കയിലെ നിരന്തര പരാജയങ്ങളില്‍പോലും സുനിയെ ആശ്വസിപ്പിച്ചു. തുടങ്ങാൻ ഒരുമ്പിടുമ്പോഴേക്കും പൊട്ടിയൊലിച്ച് ചൊക്കി പോകുന്നതായിരുന്നു സുനിയുടെ ആണത്തം. പത്ത് വട്ടം തികച്ച് കുതിക്കും മുമ്പ് ചോര്‍ന്ന് പോകുന്ന അടിയുറപ്പില്ലായ്മ. അന്ന് കുതിപ്പിന്റെ താളം പറഞ്ഞു കൊടുത്തതും കോണ്ടത്തിന്റെ ചുരുളഴിക്കാന്‍ പഠിപ്പിച്ചതുമെല്ലാം അജിതയാണ്.

ടെറസ്സില്‍ വെച്ചുള്ള മദ്യപാനത്തിനിടെ ജോണി പറഞ്ഞ സൂചനകള്‍ വെച്ച്, കുറച്ച് ദിവസം അജിതയെ പിന്തുടര്‍ന്നപ്പോള്‍ തന്നെ സുനിക്ക് വഴിമാറ്റങ്ങള്‍ മനസ്സിലായി. താന്‍ ഒരു മറ മാത്രമായിരുന്നു എന്ന് സുനി തിരിച്ചറിഞ്ഞു. അജിത പറഞ്ഞ ചെറിയ കള്ളങ്ങള്‍ കുന്നുകുഴി ഫ്രാന്‍സിസിന്റെ വീട്ടിലേക്ക് നേരത്തേ പോകാനോ അവിടെനിന്ന് വൈകി വരാനോ മാത്രമായിരുന്നു. അജിതയുടെ വൃത്തിപ്പേടി, ഫ്രാന്‍സിസിന് മാത്രമായി തന്നെ ഒരുക്കി നിര്‍ത്തലായിരുന്നു. ഫ്രാന്‍സിസിന് മുകളിലുള്ള അവളുടെ അധ്വാനം, ജനാല അടയ്ക്കാനുള്ള ജാഗ്രതപോലുമില്ലാത്ത നിത്യവൃത്തിയായിരുന്നു. കട്ടിലില്‍ അല്‍പം ചാരി സങ്കടമുഖത്തോടെ അയാള്‍ കിടന്നതേയുള്ളൂ.

ആ സങ്കടം ഉരച്ച് തീര്‍ക്കാനെന്നവണ്ണം അയാളുടെ അരയ്ക്കുമേല്‍ കാല്‍മുട്ടിലിരുന്ന് ഒരേ താളത്തില്‍ അജിത ആടി. അവളുടെ മൂക്കിന് വലതുവശത്തുള്ള മറുകിനെ ആസക്തിയോടെ അയാള്‍ ഞെരുടി. . ഫ്രാന്‍സിസിന്റെ രോമങ്ങള്‍ നിറഞ്ഞ നഗ്നശരീരം കണ്ടപ്പോള്‍, സുനിയുടെ ദേഹമാകെ ഉറുത്തി. മണിക്കൂർ നീണ്ട കുതറലിനിടെ പലവട്ടം അജിത ഏതോ ബാധയാല്‍ മോഹാലസ്യപ്പെടുന്നത് സുനി കണ്ടു. ഫ്രാൻസിസിന്റെ അടിവയറ്റില്‍നിന്ന് പൊന്തിവന്ന ഒരു നീണ്ട ഞരക്കത്തിന് ഒടുവില്‍, അയാളുടെ ശരീരത്തിലേക്ക് അജിത കുഴഞ്ഞ് വീണു. തൊട്ടാലുടന്‍ പൊട്ടി ഒലിക്കുന്ന അടിനാഭിയിലെ ഒറ്റവിരലിനെ പിടിച്ചു ഞെരിച്ചുകൊണ്ടാണ്, സുനി ആ വീട്ടില്‍നിന്ന് ഇറങ്ങിനടന്നത്.

അന്ന് വൈകിട്ട് പതിവ് പോലെ അജിത വന്ന് കയറിയപ്പോഴും ഒന്നും ചോദിക്കാന്‍ സുനിക്ക് നാവ് പൊന്തിയില്ല. പ​േക്ഷ, തീട്ടം കോരിയാല്‍ അറയ്ക്കാത്ത സുനിക്ക്, അവള്‍ അരികിലൂടെ നടന്നു പോകുമ്പോഴെല്ലാം അറച്ചു. അജിതയുടെ അകല്‍ച്ചയെക്കാള്‍ സുനിയെ തകര്‍ത്തുകളഞ്ഞത്, എന്നെന്നും കൂട്ടും കരുത്തുമായിരുന്ന ജോണിയുടെ മരണമാണ്. അമ്പലമുക്കിലുള്ള ഒരു വീട്ടിലെ പണി കഴിഞ്ഞ് രാവിലെ തിരിച്ച് വരുമ്പോഴാണ് ദീപു വിളിക്കുന്നത്. തലേന്ന് രാത്രി എപ്പോഴോ ടെറസിന് മുകളില്‍നിന്ന് ജോണി താഴെ വീണു. തല പൊട്ടി ചോരയൊലിച്ച് അവിടെ കിടന്നു. വെളുക്കുവോളം. ആരും കണ്ടില്ല. രാവിലെ ആയപ്പോഴേയ്ക്കും ചോരയെല്ലാം വാര്‍ന്ന് പോയിരുന്നു. ഒരു തുള്ളി ജീവന്‍പോലും ബാക്കിയുണ്ടായില്ല. രാവിലെ തന്നെ പൊലീസെത്തി പോസ്റ്റുമോര്‍ട്ടം നടത്തി. തലേന്ന് രാത്രിയില്‍ ജോണി ഒരുപാട് കുടിച്ചിരുന്നു. അങ്ങനെ നിലതെറ്റി വീണതാണെന്ന് പറഞ്ഞ്, പൊലീസ് മൃതദേഹം കൈമാറി.

ഈ രാത്രിയിലും ജോണി സുനിയെ വിളിച്ചിരുന്നു. ‘‘മച്ചമ്പീ, നീ വീട്ടിലേക്ക് പൊയ്യോ? ഇല്ലേ രാത്രി ടെറസേ കൂടാടാ. സെലിബ്രേഷന്‍ ഫുള്ളൊണ്ട്. നമക്ക് പാട്ടൊക്കെ പാടി, രാത്രി കളറാക്കാം. നല്ല ന്‌ലാവുള്ള രാത്രിയാണ്. ഇളം മൂത്രച്ചൂടുള്ള ന്‌ലാവ്.’’ ജോണി അത് പറഞ്ഞ് പൊട്ടിച്ചിരിച്ചു. പക്ഷേ, സുനി പോയില്ല. സെലിബ്രേഷന്‍ റം കുടിച്ച് ബോധം കെടുന്നതിനേക്കാൾ, സുബോധത്താല്‍ സ്വയം എരിയണമെന്ന് സുനി കൊതിച്ചു.

ഫ്ലാറ്റിലേക്ക് സുനി ചെന്നപ്പോള്‍ തന്നെ ചുറ്റും കുരിശടയാളമുള്ള കറുത്ത പെട്ടിയിലേക്ക് ജോണിയെ മാറ്റിയിരുന്നു. പൊട്ടിച്ചതഞ്ഞ തലയുടെ വലതുവശം തുന്നികെട്ടിയിരിക്കുന്നത്, ചുറ്റിവെച്ച വെള്ളത്തുണിയുടെ ഇടയിലൂടെ അയാള്‍ കണ്ടു. കുസൃതി ഒപ്പിച്ചതിന്റെ ചിരി താടിരോമങ്ങള്‍ക്കിടയിലും ചുണ്ടില്‍ തങ്ങി നിന്നു. കയ്യില്‍ കുരിശ് തിരുകി ശോശപ്പ പുതച്ച് കിടക്കുന്ന ജോണിയെ കണ്ടപ്പോള്‍, പൊന്നുമ്മച്ചമ്പീ എഴുന്നേറ്റ് വാടാ എന്ന് കാറണമെന്നു തോന്നി. ചുണ്ട് കോടി ഒരു അലമുറ തൊണ്ടയില്‍നിന്ന് മുകളിലേക്ക് ഏന്തി വന്നു. ശബ്ദം ആരും കേള്‍ക്കാതിരിക്കാന്‍ സുനി ഉടന്‍ വായ പൊത്തി. പകരം അയാളുടെ കണ്ണീര് മാത്രം ആര്‍ത്തലച്ചു.

ജോണിയുടെ ട്രൂപ്പിലുള്ളവര്‍ വിലാപയാത്രക്കുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി. വികാരിയച്ചന് വേറൊരു കല്യാണ ചടങ്ങുള്ളതുകൊണ്ട്, സംസ്‌കാര ശുശ്രൂഷ വേഗം പൂര്‍ത്തിയാക്കേണ്ടിയിരുന്നു. എല്ലാവരും അന്ത്യചുംബനം നല്‍കി മൃതദേഹം പള്ളിയിലേക്ക് എടുക്കാന്‍ വികാരിയച്ചന്‍ തിരക്ക് കൂട്ടി. ഇടുങ്ങിയ മുറിയിലെ തിരക്കിലേയ്ക്ക് ചെന്ന് സുനി അവസാനമായി ജോണിയുടെ നെറ്റിയില്‍ ഉമ്മവെച്ചു. ചുണ്ടില്‍ അവന്റെ തണുപ്പ്. സുനിയുടെ വായില്‍നിന്ന് കൊഴുത്തൊരു തേങ്ങല്‍ പുറത്തേക്ക് തൂകി.

 

ജോണിയുടെ ചേട്ടത്തി എല്ലാ കാര്യത്തിലും എന്നപോലെ ഒച്ചയുണ്ടാക്കി കരഞ്ഞു. അത് രാജാജി നഗറിലാകെ കണ്ണീരിന്റെ കോലാഹലമായി. ജാക്‌സണ്‍ ക്ലബിലുള്ളവരും ഗാനമേള ഗ്രൂപ്പുകാരും പൊട്ടി അടര്‍ന്ന ഒരു ഗിറ്റാറിനെ എന്നപോലെ ജോണിയുടെ മൃതദേഹത്തെ നോക്കി കരഞ്ഞു. അവന്‍ എല്ലാവര്‍ക്കും എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് ആ നിലവിളികളിലൂടെ സുനി പരതി. എന്നാല്‍ അയാള്‍ അത്ഭുതപ്പെട്ടത്, ചേട്ടത്തിയേക്കാള്‍ ആഴത്തില്‍ കരയുന്ന ജ്യോതിയെ കണ്ടാണ്. ഒന്നും പുലമ്പാതിരിക്കാന്‍ ജ്യോതി വായ പൊത്തിപ്പിടിച്ചിരിക്കുന്നു. ശ്വാസമെടുക്കുമ്പോള്‍ മാത്രം ജീവന്‍ പറിഞ്ഞുപോകുംപോലെ ഒരു ഏങ്ങല്‍ പുറത്തേക്കു വന്നു. ഒരു കൈ നെഞ്ചിന്റെ വലത് ഭാഗത്ത് ഇറുക്കി പിടിച്ചിരുന്നു.

പോത്തീസ് ടെക്സ്റ്റയില്‍സിലെ സെയില്‍സ് ഗേള്‍സിന്റെ യൂനിഫോമായ മഞ്ഞ സാരിയില്‍ തന്നെയാണ് അവള്‍ വന്നതും. ജോണി അവള്‍ക്ക് ആരായിരുന്നുവെന്ന് സുനി മിന്നായംപോലെ ആലോചിച്ചു. പരസ്പരം കാണുമ്പോൾ വെറുതെ കലപില കൂട്ടി വഴക്കുണ്ടാക്കും എന്നതിനപ്പുറം ഒന്നും ശ്രദ്ധിച്ചിരുന്നില്ല. കോളനിയില്‍ ഉള്ളവരുടെ പതിവ് സ്‌നേഹപ്രകടനം പോലെ മാത്രം. പക്ഷേ, കഴിഞ്ഞ ആഴ്ച ജോണി പറഞ്ഞത് പെട്ടെന്ന് ഓര്‍മയിലേക്ക് വന്നു. എങ്ങനെയും കുറച്ച് കാശുണ്ടാക്കി ജ്യോതിക്ക് കൊടുക്കണമെന്നും അവളുടെ വലത്തെ മുലയില്‍ കാന്‍സര്‍ ആണെന്നും പറഞ്ഞ് ജോണി പതിവില്ലാതെ അസ്വസ്ഥനായി. ഇനിയിപ്പോള്‍ താന്‍ ചത്താല്‍ ഇന്‍ഷുറന്‍സ് നോമിനിയായി അവളെ വെച്ചിട്ടാണേലുമെന്ന്, അയാള്‍ പുലമ്പല്‍പോലെ പറഞ്ഞ് പാതിയില്‍ നിര്‍ത്തി. അന്നും കൂടുതലൊന്നും സുനി ആലോചിച്ചിരുന്നില്ല.

ഈ മരണനിമിഷത്തില്‍ അപരിചിതമായ രഹസ്യമാണ് ജോണി എന്ന് സുനിക്ക് തോന്നി. അടുത്തിരുന്നപ്പോഴും അറിയപ്പെടാതെ പോയ അത്ഭുതം. മരണംകൊണ്ട് ജോണി ജീവിതത്തെ ജയിച്ചിരിക്കുന്നു. സുനി അന്‍പോടെ വിങ്ങി. ജ്യോതിക്കും കൂടിയായി അയാള്‍ ശബ്ദമുണ്ടാക്കി കരഞ്ഞു. പെട്ടി പള്ളിയിലേക്ക് എടുത്ത് എല്ലാവരും ഇറങ്ങിയപ്പോഴും സുനി ഒപ്പം പോയില്ല. അയാള്‍ സ്റ്റെപ്പ് വഴി ടെറസിന് മുകളിലേക്ക് കയറി, അവിടെ കൂനിക്കൂട്ടി ഇരുന്നു. നട്ടുച്ചയുടെ തിളച്ച വെയിലുണ്ടായിരുന്നു. ഉയിരിന്റെ അകക്കാമ്പില്‍നിന്ന് വരെ വിയര്‍പ്പ് ഇറ്റിറങ്ങി. ആ പകലും രാത്രിയും സുനി ആരുമറിയാതെ ടെറസില്‍തന്നെ ഇരുന്നു. എതിര്‍വശത്ത് ആരെയും പ്രതീക്ഷിക്കാതെ. ഒരു തുള്ളി റംപോലും കുടിക്കാതെ സുനി കുഴഞ്ഞാടി വീണു.

ജോണി മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഒരു പാതിരാത്രി സുനിയുടെ അച്ഛനെ കാണാതാകുന്നത്. അന്ന് രാവിലെ മുതല്‍ മുത്തു പതിവിലും ഏറെ കുടിച്ചിരുന്നു. പെന്‍ഷന്‍ കാശ് എടുത്തുകൊണ്ടു പോയി, സെക്ര​േട്ടറിയറ്റിന് മുന്നിലെ കണ്‍സ്യൂമര്‍ ഫെഡില്‍നിന്ന് ജവാന്‍ ഫുള്‍ ബോട്ടില്‍ വാങ്ങി. ഉണക്കച്ചെമ്മീന്‍ ചമ്മന്തിമാത്രം കൂട്ടി രാവിലെ മുതല്‍ കുടി തുടങ്ങിയതാണ്. സുനി രാത്രി വീട്ടില്‍ വരുമ്പോള്‍ മുന്‍വാതിലിന്റെ കട്ടിളക്കെട്ടില്‍ അകത്തിവെച്ച കാലുകള്‍ക്ക് ഇടയിലേക്ക് കൈകള്‍ തളര്‍ത്തിയിട്ട് തല കുമ്പിട്ട് ഇരിക്കുകയായിരുന്നു മുത്തു. ടി.വി വെച്ച തടിമേശക്കടിയില്‍ ജവാന്റെ ഒഴിഞ്ഞ കുപ്പി മറിഞ്ഞ് കിടന്നു. വേഷം മാറി കുളിച്ച് വന്നപ്പോഴും അതേ ഇരിപ്പ് തന്നെ, കുറച്ച് കഴിഞ്ഞ് കൊച്ചാപ്പി എന്ന് മുത്തു നീട്ടിവിളിച്ചു. സ്‌കൂള്‍ കാലത്തിനുശേഷം സുനിയെ അച്ഛന്‍ അങ്ങനെ വിളിച്ചതേയില്ല. അമ്മയുടെ മരണശേഷം അച്ഛനെ ഇങ്ങനെ കുടിച്ച് കണ്ടിട്ടുമില്ല.

സുനി ചെന്നപ്പോഴും ഒന്നും മിണ്ടാതെ അച്ഛന്‍ വേച്ചുവേച്ചു നടന്ന് റോഡിലേക്കിറങ്ങി. എന്തിനെന്ന് ചോദിക്കാതെ സുനി പിന്നാലെ ചെന്നു. ചിറക്കുളത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരത്തിനു ചുവട്ടിലെ വട്ടക്കെട്ടില്‍ മുത്തു ഇരുന്നു. കൈക്കുഴ ആട്ടിയുള്ള ആംഗ്യത്തിലൂടെ സുനിയേയും അടുത്ത് പിടിച്ചിരുത്തി.

‘‘മോനേ, അപ്പീ...’’ ഏപ്പുകള്‍ ഉന്തിയ കിഴവന്‍ വിരലുകള്‍കൊണ്ട് സുനിയുടെ കവിളില്‍ മുത്തു തലോടി. കാലങ്ങൾക്ക് ശേഷവും വറ്റാത്ത, കൈത്തലത്തിലെ തഴമ്പ് മുഖത്തുരസി. ‘‘തഴമ്പ്, അല്ലേടാ. നിന്നെയൊക്കെ വളര്‍ത്തി വലുതാക്കാന്‍ അച്ഛന്‍ കഷ്ടപ്പെട്ടതിന്റെയാ. എനിക്ക് തന്നെ രണ്ട് കാലേലൊന്ന് നിക്കാനും. കണ്ടവന്റെയൊക്കെ ആട്ടും തുപ്പും കേട്ട് ജീവിതത്തിന്റെ വായ്ത്തല തേഞ്ഞു. എന്തര് കേട്ടാലും മിണ്ടാതെ ചപ്പ് വാരി പോണം. അങ്ങനാ അച്ഛനൊക്കെ വളന്നെ. ഇപ്പം എന്റെ അപ്പി വളന്ന് മുട്ടനായി. നെനക്കൊരു കൊച്ചാവാറായി. ഇനിയേലും നീയറിയണം. ന്റെ മോനാണേലും നീ എന്റെ ചോര അല്ലെടാ. നീ ഒരു കൈക്കൂലിപ്പുള്ളയാ.’’

കുഴഞ്ഞ നാവ്‌കൊണ്ട് അച്ഛന്‍ പുലമ്പുന്നതെന്തെന്ന് മനസ്സിലാകാതെ സുനി കുതറി നീങ്ങിയിരുന്നു.

‘‘ഇരുന്ന് പെടെയ്‌ക്കേണ്ട. ഭവാനിക്ക് കോർപറേഷനിലെ സ്വീപ്പര്‍ പണി സ്ഥിരമാക്കി കിട്ടാന്‍ സൂപ്രണ്ടിന് കെടന്ന് കൊടുത്തപ്പം ഒണ്ടായതാ നീ. കെടന്ന് കൊടുത്തൂന്ന് പറയാനൊക്കത്തില്ല. പണി സാധനം വെയ്ക്കുന്ന സ്റ്റോര്‍റൂമിലെ കുട്ടയ്ക്ക് മുകളിലോട്ട് ചരിഞ്ഞ് കൊടുത്തപ്പം. ഒരു കൊല്ലംകാരന്‍ സൂപ്രണ്ടാ. പേറാവൂന്ന് വിചാരിച്ചതല്ല. ആയിപ്പോയി. അങ്ങനെ പണിക്കരായിട്ട് ജീവിക്കണ്ട നീ, അരുന്ധതിയാറായിട്ട് വളന്നു.’’'

കേള്‍ക്കുന്നതൊന്നും വിശ്വസിക്കാനാകാത്തതിന്റെ അമ്പരപ്പ് സുനിയുടെ കൺകുഴികളില്‍നിന്ന് തുറിച്ചുവന്നു. രാവിലെ മുതല്‍ കുടിച്ച് അച്ഛന് ബോധക്കേട് ഉണ്ടായതാകണേ എന്ന് അയാള്‍ ആഗ്രഹിച്ചു.

‘‘അച്ഛന്‍ നുണ പറയുവാന്ന് വിചാരിക്കണ്ട‌. അല്ലേലും സ്വന്തം പെണ്ണ് പെഴച്ചെന്ന് ആരേലും പൊളി പറയുമോടാ. ഭവാനി തന്നാ സമ്മതിച്ചെ. ഭവാനിയോട് പിന്നൊന്നും അച്ഛന്‍ ചോദിക്കാന്‍ പോയില്ല. സൂപ്രണ്ടിനോടും ചോദിക്കാന്‍ പോയില്ല. ല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടും പോയീമില്ല. നിന്നെ പെറ്റ് പിറ്റേമാസം തന്നെ ജോലി സ്ഥിരമാക്കി ഓഡറായി. സൂപ്രണ്ട് കച്ചേരിന്ന് മാറി പോകുമ്പോള്‍ അച്ഛനെ വന്ന് കണ്ടായിരുന്നു. നിന്റെ പേരില്‍ കുറച്ച് കാശ് തരട്ടെ എന്ന്.

ഞാനെന്ത് പറഞ്ഞ് വാങ്ങൂടാ. ന്റെ ഭാര്യ ചെയ്‌തേന് കൂലിയായിട്ടോ? അതോ നിന്നെ വളര്‍ത്തിയതിന് ശമ്പളമായിട്ടോ. അച്ഛന്‍ അഞ്ച് പൈസ വാങ്ങിയില്ല. ഇനി ഇങ്ങോട്ട് തിരക്കിപ്പിടിച്ച് വരല്ലെന്ന് മാത്രം പറഞ്ഞ് വിട്ട്. ഞാന്‍ ഇതൊന്നും ആരോടും പറഞ്ഞിട്ടുമില്ല, കേട്ടിട്ടുമില്ല, കാണിച്ചിട്ടുമില്ല. നിന്നോടുമതെ. മോനല്ലേലും നീ എന്റെ മോനല്ലേടാ..?’’ ചോദ്യരൂപത്തില്‍ വിരൽ വളച്ച് സുനിയുടെ കവിളില്‍ ഒരിക്കല്‍കൂടി മുത്തു തൊട്ടു. അച്ഛന്റെ ചോദ്യത്തിന് മറുപടിയൊന്നും സുനി പറഞ്ഞില്ല.

‘‘ആ...’’ സ്‌നേഹത്തിന്റെ ഉറപ്പോടെ മുത്തു എഴുന്നേറ്റു. താഴെ ആലിന്‍കവലയിലേക്ക് നടന്നു.

സുനി തിരിച്ച് മുകളിലേക്കും നടന്നു. മദ്യപിച്ചിട്ടില്ലെങ്കിലും സുനിയുടെ കാലുകളും വേച്ചു. സ്റ്റാച്യൂ ജങ്ഷനിലേക്ക് തിരിയും മുമ്പ് അയാൾ ഒരുവട്ടം നിന്ന് തിരിഞ്ഞുനോക്കി. എന്തോ ഉറപ്പിച്ചെന്നപോലെ അച്ഛന്‍ നടന്നകലുന്നു. കനമുള്ള ഇരുട്ടിലേക്ക് അച്ഛന്‍ അലിയുന്നു.അതായിരുന്നു ദിവസങ്ങളോളം അന്വേഷിച്ചിട്ടും സൂചനകളില്ലാത്ത മുത്തുവിന്റെ കാണാതാകല്‍. ആ രാത്രി നടന്ന് സുനി തൈക്കാട് വന്നപ്പോള്‍ ശിവക്ഷേത്രത്തിന് മുന്നില്‍ സുബ്ബയ്യ ഇരിപ്പുണ്ടായിരുന്നു. സുനിയെ കാത്ത്. സുനിയുടെ തൊണ്ടയില്‍നിന്ന് ഒരു എട്ടു വയസ്സുകാരന്റെ വിളി ആവർത്തിച്ചു. ‘‘അയ്യാ...’’

കോവിലിന്റെ നടയില്‍ സുബ്ബയ്യ ഇരുന്നതിന്റെ തൊട്ടുതാഴത്തെ പടിയില്‍ സുനിയെ പിടിച്ചിരുത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം സുനിയുടെ തലമുടിയില്‍ ഒരിക്കല്‍കൂടി സുബ്ബയ്യ വിരലോടിച്ചു. എന്നിട്ട്, തെരുവിലെ ഇലക്ട്രിക് ബള്‍ബ് ചൂണ്ടി സുനിയോട് ചോദിച്ചു, ‘‘എന്താ അത്?’’

‘‘ബള്‍ബ്.’’ ഒരു കുട്ടിയെ പോലെ സുനി മറുപടി പറഞ്ഞു.

‘‘ബള്‍ബിലെന്താ?’’

‘‘വെട്ടം.’’

‘‘ആ ബള്‍ബിനെ നോക്കി തന്നെ കണ്ണടച്ചാല്‍ എന്താ ഉണ്ടാവുക?’’

‘‘ഇരുട്ട്.’’

‘‘നീ കണ്ണടച്ചാലും വെളിച്ചം അവിടുണ്ട്. കണ്ണടച്ചത് നീയാണ്. ബൾബല്ല. ഇരുട്ട് നിന്റേതാണ്. അതില്‍ വെളിച്ചത്തിന് പങ്കില്ല. മനസ്സിലായോ?’’

‘‘ഉം’’, സുനി തലയാട്ടി. പക്ഷേ, സുനിക്ക് ഒന്നും മനസ്സിലായിരുന്നില്ല.

‘‘ഈ ഇരുട്ടിനും വെളിച്ചത്തിനും അപ്പുറം നീ ഇപ്പോള്‍ മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്. ഈ ബള്‍ബിലേക്കുള്ള വെളിച്ചത്തിന്റെ പിന്‍വഴികളെ കുറിച്ച് ചിന്തിക്കൂ. ഈ ബള്‍ബ്, വൈദ്യുതി, ട്രാന്‍സ്‌ഫോമര്‍, സബ്‌സ്റ്റേഷന്‍, കൂറ്റന്‍ ലൈനുകള്‍, പവര്‍ഹൗസ്, ടര്‍ബൈനുകള്‍, പെന്‍സ്റ്റോക്ക്, ഡാം, പുഴ, അരുവി, നീർച്ചാൽ... അതിന്റെ എല്ലാം ഏറ്റവും അറ്റത്തുള്ളത് കിഴക്കന്‍മലയിലെ മണ്ണടരില്‍നിന്ന് ഇറ്റിയ ഒരു തുള്ളി വെള്ളമാണ്. വെട്ടത്തില്‍ വെള്ളമുണ്ട്. ആ ഒരു തുള്ളി വെള്ളത്തെ മനസ്സില്‍ നിറച്ചിട്ട് മോന്‍ പോയി കിടന്നോളൂ. അപ്പോള്‍ ഒരു കാടുപോലെ പ്രശാന്തമായി ഉറങ്ങാന്‍ പറ്റും.’’ സുബ്ബയ്യ സുനിയുടെ തോളില്‍ തട്ടി. സുനി എഴുന്നേറ്റ് വീട്ടിലേക്ക് തിടുക്കമില്ലാതെ നടന്നു. അച്ഛന്‍ ഇല്ലാത്ത വീട്ടില്‍ എത്തി. അതറിയാതെ അന്ന് രാത്രി അയാള്‍ ഉറങ്ങി.

 

അച്ഛനെ കാണാതായ രാത്രിയുടെ ആവര്‍ത്തനഛായ, സുനിയെ കാണാതായ രാത്രിക്കുമുണ്ടായിരുന്നു. അരിസ്റ്റോ ജങ്ഷനിലെ പണികഴിഞ്ഞ് തിരികെ എത്തുമ്പോഴും പാതകത്തിന് ചുവട്ടില്‍ ചുരുണ്ട് നിലത്ത് തന്നെ ഇരിക്കുകയാണ് അജിത. മടക്കിയ കാലുകൾ, കൈകള്‍കൊണ്ട് ചുറ്റിപ്പിടിച്ച് തല ഭിത്തിയിലേക്ക് അമര്‍ത്തി അജിത കണ്ണടച്ചിരുന്നു. മൂക്കിന് വലത് വശത്തെ മറുക് എഴുന്ന് വിറക്കുന്നതായി തോന്നി. പക്ഷേ, അടുപ്പിച്ച് വെച്ച കാലുകൾക്കിടയിലൂടെ കട്ടച്ചോര അവളുടെ നൈറ്റിയും കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. കറുത്ത രക്തം പരക്കുന്നത് കണ്ട് സുനി ഓടി അടുത്ത് ചെന്ന് മുട്ടില്‍ കുത്തി ഇരുന്നു.

‘‘ദേ, ചോരയൊഴുകണ്. എഴുന്നേല്‍ക്ക്.’’ സുനി അജിതയെ പിടിക്കാന്‍ കൈ നിവര്‍ത്തി.

അവള്‍ പെട്ടെന്ന് തോള്‍ വെട്ടിച്ചു. ‘‘എന്നെ തൊടെണ്ട ’’, അജിതയുടെ ശബ്ദം കനത്തു.

‘‘ന്നാ ഇത്തിരി തുണി എടുത്ത് തുടയ്ക്കട്ടെ...’’

‘‘വേണ്ടാന്ന് പറഞ്ഞില്ലേ.’’ അജിത ദേഷ്യംകൊണ്ട് ചീറി. ചുവടു പിഴച്ചാല്‍ ചൊടിക്കുക എന്നതാണ് അവളുടെ പഴക്കം.

സുനി അപേക്ഷിച്ചു: ‘‘പറയുന്നെ കേക്ക്. ആശുപത്രീ പാം. ആട്ടോ പിടിക്കാം.’’

‘‘ഞാനാശുപത്രീന്നാ വരുന്നെ. ഇനിയെങ്ങോട്ടും പോണ്ട.’’

‘‘ഏത് ആശുപത്രീന്ന്?’’

‘‘ഞാ ഗോവിന്ദന്‍സില്‍ പോയി ഡോക്ടറെ കണ്ടതാ.’’

‘‘ഗോവിന്ദന്‍സോ?’’ ചോദ്യത്തിനൊപ്പം സുനിയുടെ മുഖവും മുന്നിലേക്ക് കൂര്‍ത്ത് വന്നു. അയാള്‍ നിലത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റു.

ജി.എച്ച് ജങ്ഷനിലെ ഗോവിന്ദന്‍സ് ഹോസ്പിറ്റല്‍ സുനിക്കറിയാം. പ്രസവ ചികിത്സക്കാണ് ഭൂരിപക്ഷം പേരും അവിടെ വരിക. ചേട്ടത്തിക്ക് ഗോവിന്ദന്‍സില്‍ ട്രീറ്റ്‌മെന്റ് ഉണ്ടെന്ന് ജോണി ഇടക്കിടെ പറയാറുള്ളത് സുനി പെട്ടെന്ന് ഓര്‍ത്തു.

സുനി മുന്‍മുറിയിലേക്ക് വന്ന് വാതിലില്‍ രണ്ട് കൈയും പിടിച്ച് പുറത്തേക്ക് ആഞ്ഞ് നിന്നു. ജീവന്‍ വാര്‍ന്നൊഴുകുന്നതിന്റെ വഴുക്കല്‍ തന്റെ ഉള്ളംകാലില്‍ പുരളുന്നതായി തോന്നി. എന്തിനെന്നില്ലാതെ അച്ഛനെക്കുറിച്ച് പെട്ടെന്ന് ഓര്‍ത്തു. ഇരുട്ടിനെ നോക്കി സുനി പറഞ്ഞു. ‘‘കളയണ്ടാരുന്നു. അയാളുടേതാണേലും ഒരു കുരുന്നിനെ കിട്ടിയാ മതിയാരുന്നു. അങ്ങനേ ഞാനാഗ്രഹിക്കൂ...’’

കാൽപാദങ്ങളില്‍ അദൃശ്യമായി പുരണ്ടതിനെ നിലത്ത് അമര്‍ത്തി തേച്ച് സുനി വീട് വിട്ടിറങ്ങി. അയാള്‍ രാത്രിയിലേക്ക് നടന്നു. ഈ രാത്രിയാണ് അച്ഛന്‍ നടന്നിറങ്ങിയ വഴികളിലൂടെ സുനിയും അപ്രത്യക്ഷനായത്.

മണ്ണില്‍ ഒരു കാലടിപ്പാടുപോലും ശേഷിപ്പിക്കാതെയാണ് സുനി അപ്രത്യക്ഷനായതെങ്കിലും, അണുപ്രായമായ അകക്കണ്ണിനാല്‍ ഒരാള്‍ ഇതെല്ലാം അറിഞ്ഞു. ചുടലനാഥന് മുന്നില്‍ ധ്യാനിച്ചിരുന്ന സുബ്ബയ്യ. ഇരുളിലെ കാലടികള്‍ സുബ്ബയ്യ കണ്ടു. ഉയിരിന്റെ ഉച്ചാരണങ്ങള്‍ സുബ്ബയ്യ മാത്രം കേട്ടു.

സുനി നടന്ന് മുട്ടത്തറ എത്തിയപ്പോള്‍ പാതിരാത്രി പിന്നിട്ടിരുന്നു. വഴിവിളക്കിന്റെ സൗമനസ്യംപോലുമില്ലാത്ത ഇരുണ്ട വഴി. ആകാശവും ഭൂമിയും ഇഴപിരിഞ്ഞ് കരിനീലിച്ച് കിടന്നു. പലവട്ടം ഈ വഴി വന്നതിന്റെ ഉള്‍വെളിച്ചത്തില്‍ കാലിന്റെ പെരുവിരല്‍കൊണ്ട് സുനി റോഡില്‍ പരതി നടന്നു. ഏറെ നേരത്തെ ഇഴച്ചിലിനൊടുവില്‍ റോഡിന്റെ ഇടത് വശത്ത് ഒരു മാന്‍ഹോൾ വൃത്തത്തില്‍ കാല്‍ തടഞ്ഞു. പരിചിത ഇരുട്ടിലെ അല്‍പവെളിച്ചംകൊണ്ട് റോഡ് വക്കില്‍ കിടന്ന ഒരു കമ്പി കഷണവും കണ്ടു.

മുട്ടത്തറ ഭാഗത്തെ സ്വീവേജ് ലൈനിന്റെ പ്രത്യേകത അയാള്‍ക്കറിയാം. അഞ്ച് മീറ്റര്‍വരെ ആഴം ഉണ്ടാകും. നഗരത്തിന്റെ അടിത്തട്ടിലുള്ള മലിന ജലപാതയുടെ ശൃംഖലയിലെ ഏറ്റവും ആഴമേറിയ ഭാഗം. മാന്‍ഹോളിന് മുകളിലെ വൃത്തപാളി, കമ്പികൊണ്ട് അരിക് കുത്തിയിളക്കി അല്‍പം നീക്കിവെച്ചു. വൃത്തവളപ്പില്‍ കൈയൂന്നി ആള്‍നൂഴിയിലേക്ക് സുനി ഞെരുങ്ങി ഇറങ്ങി.

കെട്ടവെള്ളം അരയോളം ഉയരത്തില്‍ ചീഞ്ഞൊഴുകുന്നു. ഒഴുക്കില്‍ കാലടികള്‍ പറിഞ്ഞു. അയാള്‍ കൈ ഉയര്‍ത്തി, മുകളില്‍ വെച്ച വൃത്തപാളി നിരക്കി ആള്‍നൂഴി അടച്ചു. അപ്പോൾ മുന്നിലും പിന്നിലും ഇരുളിന്റെ നീളന്‍ഗുഹ മാത്രം. എവിടെയെങ്കിലും പിടിക്കാന്‍ കൊഴുത്ത കറുപ്പില്‍ കൈകള്‍ ചുഴറ്റി. പക്ഷേ അടിതെറ്റുമെന്ന് തോന്നിയപ്പോള്‍ അയാള്‍ നിലയുറപ്പിച്ച് അല്‍പം മുന്നോട്ട് നടന്നു.

എല്ലാം വേഗം മാറിമറിയാന്‍ തുടങ്ങി. വെള്ളത്തിന്റെ തണുപ്പ് കാലിലേക്ക് കയറി. മലിനജലത്തിന്റേതല്ലാത്ത, തെളിനീരിന്റെ തണുപ്പ്. മൂക്കില്‍ ചീഞ്ഞതിന്റേതല്ലാത്ത പച്ചപ്പിന്റെ ഗന്ധം. ഒഴുക്കിന് ഓടയുടേതല്ലാത്ത നീർച്ചാലിന്റെ ഞൊറി. ശ്വാസത്തില്‍ അടവുകളുടേതല്ലാത്ത, തുറവിന്റെ ശാന്തത. സുനിയുടെ ഉള്ളടങ്ങി, ഇന്ദ്രിയങ്ങള്‍ തെളിഞ്ഞു. അയാള്‍ ആ ഗുഹയുടെ അങ്ങേ തലക്കലേക്ക് കാണാതായതിനെ ലക്ഷ്യമിട്ട്, സർവശക്തിയുമെടുത്ത് തൊണ്ട പൊട്ടുംവിധം ഉച്ചത്തില്‍ വിളിച്ചു: ‘‘അച്ഛാ...’’ ആ വിളി ജലം ഏറ്റുവാങ്ങി.

 മുന്നില്‍, ഏറെ അകലെ അല്ലാതെ ഒഴുകുന്ന പാർവതിപുത്തനാറിലെ ഓളങ്ങളില്‍ ആ വിളി പ്രതിധ്വനിച്ചു. പിന്നില്‍ തിരുവല്ലത്തെ ബലിത്തറകളെ തൊട്ടൊഴുകുന്ന കരമനയാറ്റില്‍ അത് അടിയലയായി. കാതങ്ങള്‍ക്കകലെ കിഴക്കന്‍ മലയുടെ ഉച്ചിയില്‍, കരിങ്കല്‍കെട്ടുകള്‍ക്ക് ഇടയിലെ മണ്ണിന്റെ തുളയാഴങ്ങളില്‍നിന്ന് ഒരു തുള്ളി വെള്ളം ഇറ്റി.ആ തുള്ളി സുബ്ബയ്യയുടെ കവിളിലൂടെ ഒഴുകി.

(അവസാനിച്ചു)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT