അൾത്താരയിലെ പല്ലി

ദൈവത്തിന്റെ അനന്തമായ സ്നേഹത്തെക്കുറിച്ചും സ്വർഗരാജ്യത്തെപ്പറ്റിയുമുള്ള ഫാദർ ബെഞ്ചമിൻ തട്ടാര്പടിക്കലച്ചന്റെ സുദീർഘമായ പ്രസംഗം അൾത്താരയിൽ ഈശോയുടെ കുരിശുരൂപത്തിന്റെ വലതുഭാഗത്തിരുന്ന് കേൾക്കുകയായിരുന്ന പല്ലി ദീർഘനാളായുള്ള തന്റെ ആഗ്രഹത്തിൽ ഇനിയൊരു മാറ്റമില്ല എന്നുറച്ചു തീരുമാനിച്ചു. ഇനിയുള്ള ജീവിതം ബെഞ്ചമിനച്ചൻ പറയുന്നതുപോലെ ഈശോക്കു വേണ്ടി മാറ്റിവെക്കണം. പ്രമാണങ്ങൾ എല്ലാം പാലിച്ച് നല്ലൊരു ക്രിസ്ത്യാനിയാകണം. അല്ലാതെ തിന്നുകുടിച്ച് ഓരോ ചുവരിലും അള്ളിപ്പിടിച്ചു കിടക്കുമ്പോൾ ആരെങ്കിലും എന്തേലും ബഡായി പറയുന്നതു കേട്ട് അറിയാതൊന്ന് ചിരിച്ചുപോയാൽ അന്നേരം മാത്രം എല്ലാരും പറയും, കണ്ടോ...

ദൈവത്തിന്റെ അനന്തമായ സ്നേഹത്തെക്കുറിച്ചും സ്വർഗരാജ്യത്തെപ്പറ്റിയുമുള്ള ഫാദർ ബെഞ്ചമിൻ തട്ടാര്പടിക്കലച്ചന്റെ സുദീർഘമായ പ്രസംഗം അൾത്താരയിൽ ഈശോയുടെ കുരിശുരൂപത്തിന്റെ വലതുഭാഗത്തിരുന്ന് കേൾക്കുകയായിരുന്ന പല്ലി ദീർഘനാളായുള്ള തന്റെ ആഗ്രഹത്തിൽ ഇനിയൊരു മാറ്റമില്ല എന്നുറച്ചു തീരുമാനിച്ചു. ഇനിയുള്ള ജീവിതം ബെഞ്ചമിനച്ചൻ പറയുന്നതുപോലെ ഈശോക്കു വേണ്ടി മാറ്റിവെക്കണം. പ്രമാണങ്ങൾ എല്ലാം പാലിച്ച് നല്ലൊരു ക്രിസ്ത്യാനിയാകണം.

അല്ലാതെ തിന്നുകുടിച്ച് ഓരോ ചുവരിലും അള്ളിപ്പിടിച്ചു കിടക്കുമ്പോൾ ആരെങ്കിലും എന്തേലും ബഡായി പറയുന്നതു കേട്ട് അറിയാതൊന്ന് ചിരിച്ചുപോയാൽ അന്നേരം മാത്രം എല്ലാരും പറയും, കണ്ടോ കണ്ടോ പല്ലി ചെലച്ചത്. അല്ലാതെ ആരാണ് ഞങ്ങളെയൊക്കെ ഓർക്കുന്നത്. ഞങ്ങളെ കാണുന്നത് തന്നെ മിക്കവാറും ആളുകൾക്ക് അറപ്പാണ്. അതുകൊണ്ടുതന്നെ ഞങ്ങളെ ഓടിക്കാൻ പലതരം വിദ്യകളാണ് ഓരോരുത്തരും പരീക്ഷിക്കുന്നത്.

ദോ… ആ കാണുന്ന സ്കൂളിലെ ലൈബ്രറിയിലെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങൾക്കിടയിൽ അല്ലലില്ലാതെ കഴിയുന്നതിനിടയിലാണ് പുതുതായി വന്ന ഒരു മാഷ് പുസ്തകങ്ങളൊക്കെ അടുക്കിപ്പെറുക്കി ഞങ്ങളെ ഓടിക്കാൻ മരുന്ന് വെച്ചത്. അങ്ങനെ ഒരു വിദ്യയിൽനിന്ന് രക്ഷപ്പെട്ട് ഒരുദിവസം ഓടിക്കേറിയതാണ് ഈ പള്ളിയിലേക്ക്. അന്നുമുതൽ ഇന്നുവരെ ഒന്നിനും ഒരു കുറവ് ഉണ്ടായിട്ടില്ല എന്നത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. തന്നിൽ വിശ്വസിക്കുന്നവർക്ക് ഒരു കുറവും വരുത്തുകേലന്ന് ബെഞ്ചമിനച്ചൻ കഴിഞ്ഞ ആഴ്ചകൂടി പറഞ്ഞതാണ്. അത് സത്യമാണെന്ന് എനിക്ക് എന്റെ ജീവിതംകൊണ്ടുതന്നെ ബോധ്യപ്പെടുകയും ചെയ്തതാണ്. ഇനിയെന്തായാലും ആത്മീയതയിൽ കൂടുതൽ ശ്രദ്ധിക്കണം പ്രാർഥനകൾ പഠിക്കണം.

ദിവസേന രാവിലെയുള്ള കുർബാന കഴിഞ്ഞാൽ തികഞ്ഞ നിശ്ശബ്ദതയാണ്. ഇടക്ക് അച്ചനുള്ളപ്പോൾ ഇടക്ക് മണിക്കൂറുകൾ ഒറ്റക്ക് പ്രാർഥിച്ചുകൊണ്ടിരിക്കും. അതു കാണുമ്പോൾ ഞാനും അച്ചന്റെ കൂടെ അൾത്താരയുടെ മുകളിലെ കിളിവാതിലിൽ കൂടി അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ ക്രൂശിതരൂപത്തെ നോക്കി കിടക്കും. മനസ്സപ്പോൾ എന്തെന്നില്ലാത്ത ഒരാനന്ദത്തിലായിരിക്കും. ഇടവകയിലെ ജനങ്ങൾക്ക് വേണ്ടിയും ലോകത്തിനു വേണ്ടിയും പ്രത്യേകമായി പ്രാർഥന ആവശ്യപ്പെടുന്നവർക്കുവേണ്ടിയും മണിക്കൂറുകൾ മുട്ടിന്മേൽനിന്ന് ബെഞ്ചമിനച്ചൻ കൈകൾ വിരിച്ചുപിടിച്ച് കരഞ്ഞു പ്രാർഥിക്കുന്നത് കാണുമ്പോൾ അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞൊഴുകും.

ലോകത്തിന്റെ പാപം നീക്കുവാൻ സ്വന്തം ജീവൻ കുരിശിൽ ത്യജിച്ച മനുഷ്യന്റെ ലോകത്തിന് നൽകിയ വലിയ സന്ദേശം കേൾക്കാൻ കഴിയാതെ ആ വീട്ടിൽ വെച്ച് ഞാൻ മരിച്ചുപോയിരുന്നെങ്കിൽ വ്യർഥമായി പോകുമായിരുന്ന എന്റെ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നും. ഏതോ മുജ്ജന്മസുകൃതമാണ് എന്നെ ഇവിടെയെത്തിച്ചത്. ചിന്തകൾക്ക് വിരാമമിട്ട് പല്ലി കുർബാനയിൽ ശ്രദ്ധിച്ചു.

പ്രസംഗം അവസാനിപ്പിച്ച് ഫാദർ ബെഞ്ചമിൻ കുർബാനയുടെ അതീവപ്രധാനമായ കർമങ്ങളിലേക്ക് കടന്നു. ഇടവക ജനങ്ങളുടെ പ്രാർഥനകളോടൊപ്പം മുകളിലേക്കുയർന്ന ധൂപത്തോടൊപ്പം തന്റെ പ്രാർഥനകളും ദൈവസന്നിധിയിലർപ്പിച്ച് പല്ലി ഭക്തിപുരസ്സരം അവസാന ആശീർവാദംവരെ കുരിശുരൂപത്തിലിരുന്നു. പള്ളി പിരിഞ്ഞ് ആളുകൾ അവരവരുടെ തിരക്കുകളിലേക്ക് തിരിഞ്ഞു. ആഴ്ചയിലൊരിക്കൽ കാണുന്നവർ തമ്മിൽ ദേവാലയമുറ്റത്ത് ലോഹ്യം പറഞ്ഞുനിന്നു. ആനവാതിലിന് പുറത്ത് അത്തിമരത്തിന്റെ ചുവട്ടിൽ പടിഞ്ഞാറ്റയിലെ വർക്കി ചേട്ടൻ നേർച്ചകൊടുത്ത പൂവൻകോഴി രക്ഷപ്പെടാനുള്ള അവസാനശ്രമമെന്നോണം ഒന്നുകൂടി കുതറിനോക്കി. രക്ഷയില്ലെന്ന് കണ്ട് വർക്കിച്ചേട്ടനെ കടുപ്പിച്ചൊന്ന് നോക്കി.

ലേലമുണ്ടേ... ലേലമുണ്ടേ... വർക്കിച്ചന്റെ പൂവന്റെ ലേലമുണ്ടേ... ആരും പോകല്ലേ... കൈയിലൊരു ഡയറിയുമായി കൈക്കാരൻ വലിയവീട്ടിൽ കുഞ്ഞൂഞ്ഞ് ആളുകൾക്കിടയിലൂടെ അത്തിമരത്തിനടുത്തേക്ക് ഓടിയെത്തി. വർക്കിച്ചന്റെ പൂവൻകോഴിയെ കാണാൻ ആളുകൾ കൂടി. പല്ലി പടിഞ്ഞാറെ വാതിലിന് പുറത്ത് മാതാവിന്റെ രൂപക്കൂട്ടിലേക്ക് കയറി. മാതാവിന്റെ കൈയിലിരുന്ന ഉണ്ണീശോ പല്ലിയെ നോക്കി പുഞ്ചിരിച്ചു. കുഞ്ഞൂഞ്ഞ് കോഴിയെ കൈയിലെടുത്ത് ലേലം തുടങ്ങി. മൂന്നര കിലോ തൂക്കമുള്ള നല്ല ഒന്നാന്തരം നാടൻ പൂവൻ കോഴി... അറുന്നൂറ്‌ രൂപ. എഴുന്നൂറ് രൂപ...പ്ലാവറ മത്തായി എഴുന്നൂറ്‌ രൂപ... എഴുന്നൂറ്‌ രൂപ...

ലേലം ആയിരം കടന്നപ്പോൾ ആളുകളിൽ ചിലർ കോഴിയെ കൈതൂക്കം നടത്തി നോക്കി. തന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി എന്നുകണ്ട പൂവൻകോഴി അടുത്ത ജന്മത്തിലെങ്കിലും കോഴിയായി ജനിപ്പിക്കരുതേയെന്ന് മാതാവിന്റെ രൂപം നോക്കി പ്രാർഥിച്ചു. തന്നെ കോഴിയായി ജനിപ്പിക്കാഞ്ഞതിൽ നന്ദിയുണ്ടെന്ന് പല്ലി മാതാവിന്റെ ചെവിയിൽ അടക്കംപറഞ്ഞു.

ലേലം ആവേശം മൂത്ത് രണ്ടായിരത്തിനടുത്തെത്തി ആദ്യം എഴുന്നൂറ് രൂപ വിളിച്ചുതുടങ്ങിയ പ്ലാവറ മത്തായിയുടെ കൈയിൽ തന്നെയൊതുങ്ങി. പൈസ എണ്ണിക്കൊടുത്ത് പൂവനെ തൂക്കിയെടുത്തു. മത്തായിച്ചന്റെ കൈയിൽ തലകീഴായി കിടന്ന് ലോകത്തെയും അതിലെ സകല മനുഷ്യരെയും നോക്കി പൂവൻ തെറി പറഞ്ഞു. കോഴിയെ ഭാര്യ ആലീസിനെ ഏൽപ്പിക്കുമ്പോൾ മത്തായി പറഞ്ഞു, പച്ചക്കുരുമുളക് അരച്ച് വെച്ചാൽ മതി. കിണറിന്റെ അടുത്ത് നിൽക്കുന്ന കരീലാഞ്ചി മൂത്ത് കെടുക്കുവാ അതീന്നു രണ്ട് തിരി പറിച്ചോ. ആലീസ് സാരിതുമ്പെടുത്ത് പുതച്ച് കോഴിയെയും തൂക്കി മാതാവിന്റെ രൂപത്തെ നോക്കി കുരിശുവരച്ച് വീട്ടിലേക്ക് നടന്നു. പള്ളിമുറ്റത്ത് പിന്നെയും പലവിധ കോലാഹലം. എല്ലാംകണ്ട് പല്ലി ആശ്ചര്യംകൊണ്ടു.

ഈ ക്രിസ്ത്യാനികളുടെ ജീവിതം അതീവ സുന്ദരംതന്നെ.

പള്ളിക്കകത്തപ്പോൾ വേദപാഠക്ലാസ് ആരംഭിക്കുന്നതിനുള്ള മണി മുഴങ്ങി.

സത്യം...

മാതാവിന്റെ രൂപത്തിൽ നിന്നിറങ്ങി പല്ലി ദേവാലയത്തിനകത്തേക്ക് കയറി.

വേദപാഠം പഠിക്കുന്ന കുട്ടികൾ വരിവരിയായി നിന്ന് പ്രാർഥനാഗാനം ചൊല്ലുന്നത് കണ്ട് ആൺകുട്ടികൾ നിൽക്കുന്ന വരിയുടെ പിറകിലായി ഭിത്തിയിലേക്ക് കയറിയ പല്ലി കുരിശിന്റെ വഴിയിലെ എട്ടാം സ്ഥലത്തെ ഫോട്ടോയിൽ പറ്റിപ്പിടിച്ച് കൈകൂപ്പിനിന്നു. ഈശോ ഓർശ് ലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ തന്നെയും ആ ഗണത്തിൽ ചേർക്കണമേയെന്ന് പല്ലി മനമുരുകി പ്രാർഥിച്ചു. എന്തുമാത്രം നല്ല കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഈശോയെ ജീവിതത്തിൽ പകർത്തിയാലുണ്ടാകുന്ന നന്മകളെക്കുറിച്ച് സിസ്റ്റർ ലൂസിയ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് കേട്ടപ്പോൾ തന്റെ കൂട്ടുകാർക്കൊന്നും ഇത് കേൾക്കാനുള്ള ഭാഗ്യം ഇല്ലാതായി പോയല്ലോ എന്നോർത്ത് പല്ലി നെടുവീർപ്പെട്ടു. അതീവസുന്ദരമായ ഈ ജീവിതം ആസ്വാദ്യകരമാക്കുവാൻ ഒരു ക്രിസ്ത്യാനിയായേ തീരൂ. ആ സ്കൂളുപോലെയല്ല

ശാന്തവും പരിശുദ്ധവുമായ അന്തരീക്ഷം.ദിവസവും പരിശുദ്ധ കുർബാന. വെള്ളിയാഴ്ചത്തെ അമ്മമാരുടെ പ്രാർഥന. ഞായറാഴ്ച ആഘോഷമായ കുർബാനയും വേദപാഠക്ലാസും. അച്ചന് ഓരോ വീട്ടിൽനിന്നും ലഭിക്കുന്ന സ്വാദിഷ്ഠമായ ഭക്ഷണത്തിന്റെ ഒരു പങ്ക്. അതിലെല്ലാമുപരി മരണത്തിന് ശേഷമുള്ള സ്വർഗീയ സന്തോഷം. സുന്ദരമായ തന്റെ ക്രൈസ്തവ ജീവിതം ഓർത്തപ്പോൾ പല്ലിയുടെ കണ്ണുകൾ തിളങ്ങി. സ്കൂളിലെ വെജിറ്റേറിയൻ ഉച്ചഭക്ഷണം കഴിച്ചു കഴിച്ചു ഞാനാകെ കോലം കെട്ടുപോയി. പള്ളിയിലെ തിരക്കൊക്കെ ഒഴിഞ്ഞ മട്ടായി. വേദപാഠ ക്ലാസ് കഴിഞ്ഞ് കുട്ടികളും പോയിക്കഴിഞ്ഞപ്പോൾ കപ്യാർ കുഞ്ഞൂട്ടി വാതിലുകളും ജനലുകളും അടച്ചുപൂട്ടി താക്കോൽ പള്ളിമേടയിലെ സിറ്റ്ഔട്ടിൽ താക്കോൽ തൂക്കിയിടാനായി വെച്ചിരിക്കുന്ന പലകയിലെ ആദ്യത്തെ കൊളുത്തിൽ തൂക്കിയിട്ടു. ഇടത്തോട്ടും വലത്തോട്ടും ഒന്നാടിയ ശേഷം ആ വലിയ താക്കോൽ നിശ്ചലമായി, ഒപ്പം പള്ളിയും പരിസരവും.

ആളുകളൊഴിഞ്ഞ പള്ളിയിലെ അൾത്താരയിലെ നിശ്ശബ്ദതയിൽ പല്ലിയും ക്രൂശിതരൂപവും തനിച്ചായി കുറേ സമയം രൂപത്തിന് മുന്നിൽ ധ്യാനത്തിലിരുന്ന ശേഷം, പ്രാർഥനകൾ പഠിക്കാൻ നമസ്കാര പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്ന മേശയിലേക്ക് കയറി. നല്ല പുസ്തകങ്ങൾക്കൊപ്പം അരിക് കീറിയതും കടലാസ് ഇളകിപ്പോയതുമൊക്കെയുണ്ട്. ദാ ഈ പുറംചട്ട ഇളകിപ്പോയ പുസ്തകം ദേവസിച്ചേട്ടന്റെയാ പ്രാർഥനകൾ ഒക്കെ കാണാപ്പാഠം ആണെങ്കിലും കൈയിൽ ഈ പുസ്തകം എപ്പോഴും കാണും.

ചില പ്രമാണിമാർ കൈകെട്ടി കാഴ്ച കാണാൻ നിൽക്കുന്നതുപോലെ പള്ളിയിൽ നിൽക്കുമ്പോൾ ദേവസി ചേട്ടൻ പുറംചട്ട പോയ ഈ പുസ്തകം നോക്കി പ്രാർഥനകൾ ഉറക്കെ ചൊല്ലും. പ്രാർഥന പുസ്തകം വെച്ചിരിക്കുന്ന മേശക്കരികിൽ വലിയ നിലവിളക്കുണ്ട്. പള്ളിയിൽ വരുന്നോരെല്ലാം അതിലൊരു തുള്ളി വിരലിലെടുത്ത് നെറ്റിയിൽ കുരിശു വരക്കുന്നത് കാണുമ്പോഴൊക്കെ അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതാണ്. പക്ഷേ, മുകളിൽ വരെ കയറുക ദുഷ്കരമാണ്. എണ്ണയൂർന്ന് ആകെ വഴുക്കലാണ്. താഴെ തട്ടിൽ വീണുകിടക്കുന്ന എണ്ണത്തുള്ളികളൊന്നിൽ കൈയൂന്നി നെറ്റിയിൽ വരച്ച് നമസ്കാര പുസ്തകങ്ങളൊന്നിലെ കടലാസുകൾ മറിച്ചുനോക്കി.

വായിച്ചു പഠിക്കുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. വിചാരിച്ചപോലെ അത്ര എളുപ്പമല്ല. സ്കൂളിൽ ആയിരുന്നപ്പോൾ ഏതെങ്കിലും ക്ലാസിൽ പോയി രണ്ടക്ഷരം പഠിക്കാഞ്ഞതിൽ പല്ലിക്ക് വിഷമം തോന്നി. എന്നാലും സാരമില്ല. അതിലും എത്രയോ മഹത്തരമായ ഒരിടത്താണ് താൻ എത്തിച്ചേർന്നത് എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു. തൽക്കാലം ഈ ശ്രമം ഉപേക്ഷിക്കുകതന്നെ. ഇനി കേട്ട് പഠിക്കുന്നതാണ് ഉചിതം. ശ്രമം ഉപേക്ഷിച്ച് അൾത്താരയിലെ കുരിശുരൂപത്തിന് മുകളിൽ നസ്രായനായ ഈശോ യഹൂദരുടെ രാജാവ് എന്നെഴുതിയ ഫലകത്തിലേക്ക് കയറി സ്ഥിരമിരിക്കാറുള്ളിടത്ത് ചുരുണ്ടുകൂടി.

ഇവിടെയിരുന്ന് ഞായറാഴ്ച കുർബാനക്ക് വരുന്ന ഓരോരുത്തരുടെയും മുഖത്തേക്ക് അങ്ങനെ നോക്കിയിരിക്കും. ഓരോരുത്തർക്കും ഓരോ ഭാവമാണ്. കൈക്കാരൻ കുഞ്ഞൂഞ്ഞിന് ഇടക്കിടക്ക് തന്റെ ഡയറിയിൽ എന്തേലും എഴുതിക്കൊണ്ടിരിക്കണം. പള്ളിയിൽ വായിക്കാനുള്ള കണക്കോ അറിയിപ്പുകളോ അങ്ങനെ എന്തേലും ആരിക്കും. വർക്കിച്ചേട്ടൻ ഇടക്കിടക്ക് ആലീസിനെ നോക്കി വയറൊന്ന് തടവും. പള്ളിപിരിഞ്ഞ് വീട്ടിലെത്തുമ്പോൾ അകത്താക്കാൻ വീട്ടിൽ വല്ലതും ഇരിപ്പുണ്ടോടിയെന്ന് ആംഗ്യം കാണിക്കും. ആലീസ് അപ്പോൾ സാരിത്തുമ്പ് തലയിലേക്ക് ഒന്നുകൂടി കേറ്റിയിട്ട് കുർബാനയിൽ ശ്രദ്ധിക്ക് മനുഷ്യാ... എന്ന് പിറുപിറുക്കും.

കൂട്ടകെട്ടിലെ പാപ്പൻ എപ്പോഴും പെണ്ണുങ്ങളുടെ വശത്തേക്ക് നോക്കിയിരിപ്പാണ്. ആരേലും തിരിച്ചൊന്ന് നോക്കിയാൽ അൾത്താരയിലേക്ക് നോക്കി കൈരണ്ടും വിരിച്ചുപിടിച്ച് കർത്താവേ…യെന്ന് ഉറക്കെ വിളിക്കും. ഏറക്കുറെ പുരുഷന്മാരുടെ വശം ആളുകൾ കുറവായതുകൊണ്ട് സമാധാനപരമാണ് എന്നാലും നേരത്തേ എത്തി തങ്ങൾക്കിഷ്ടപ്പെട്ട ഇരിപ്പിടം സ്വന്തമാക്കുന്ന ചേട്ടന്മാരും ഇടയിലുണ്ട്. സ്ത്രീകളുടെ വശം തിങ്ങിനിറഞ്ഞ് ഒരു നിബിഡ വനമാണ്. സ്ഥലംകിട്ടാതെ പലരും വാതിൽപ്പടിയിലും പുറത്ത് സ്റ്റെപ്പിലുമൊക്കെ സ്ഥാനം പിടിക്കും. നേരത്തേ വന്നാലും മേരി ചേടത്തിയും ചിന്നമ്മ ചേച്ചിയും മരുമക്കളുടെ വിശേഷങ്ങളൊക്കെ പറഞ്ഞ് കുർബാന പകുതി ആകുമ്പോഴാണ് കുരിശ് വരച്ച് പള്ളിക്കകത്തേക്ക് തള്ളിക്കയറുന്നതു തന്നെ.

ത്രേസ്യ കൊച്ചേട്ടത്തി കുർബാന സമയം അത്രയും പേർഷ്യേലുള്ള മകന്റെ കൊച്ചിന്റെ പിറകെ ഓട്ടമാണ്. ഒരിടത്തും അടങ്ങിനിക്കാത്ത ഒരു വികൃതി പയ്യൻ. കാര്യം ഇതൊക്കെയാണെങ്കിലും ബെഞ്ചമിനച്ചൻ കുർബാന ഇരുകൈകളിലുമേന്തി പടിഞ്ഞാറോട്ട് തിരിയുമ്പോൾ എല്ലാവരും കൈകൂപ്പി കണ്ണടച്ചു നിൽക്കും. ഒരുമിച്ചു മനസ്താപപ്രകരണം ചൊല്ലി വരിയായി നിന്ന് ഈശോയെ നാവിൽ സ്വീകരിക്കും. അവസാനത്തെ ആശീർവാദം സ്വീകരിച്ച് പള്ളിക്ക് താഴെ ജോസ് ചേട്ടന്റെ ഇറച്ചിക്കടയിൽനിന്ന് പന്നിയോ പോത്തോ മേടിച്ച് വീട്ടിലേക്ക് പോകുന്നതോടുകൂടി ഇടവക ജനങ്ങളുടെ ഞായറാഴ്ച അവസാനിക്കുന്നു. വീണ്ടും പതിവ് രീതികളോടുകൂടെ അടുത്ത ഞായർ ആവാനുള്ള കാത്തിരിപ്പ്. ഓരോന്നാലോചിച്ച് മുകളിലേക്ക് നോക്കി. അൾത്താരയുടെ മച്ചിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങൾ തന്റെ തലക്കു മുകളിൽ പടർത്തിയ വെളിച്ചത്തിൽ ഇനിമുതൽ താനൊരു പുണ്യവാനായി മാറുകയാണ്.

ദിവസങ്ങൾ കഴിയുംതോറും ചിട്ടയിലും മട്ടിലും ഒരു തികഞ്ഞ ക്രിസ്ത്യാനി ആയിരിക്കാൻ പല്ലി ശ്രദ്ധിച്ചു. ഇടദിവസങ്ങളിലെ കുർബാനക്ക് മിക്കവാറും ആളുകൾ കുറവായിരിക്കും. ചിലപ്പോൾ ആരും ഉണ്ടാകില്ല. അങ്ങനെയുള്ള ദിവസങ്ങളിൽ പല്ലി ഭിത്തിയിൽനിന്നിറങ്ങി അൾത്താരക്ക് മുന്നിലായി നിൽക്കും. അറിയാവുന്ന മറുപടി പ്രാർഥനകൾ ഉറക്കെ ചൊല്ലും. ഒടുവിൽ ആശീർവാദം സ്വീകരിച്ച് ആത്മനിർവൃതിയോടെ കുറേ സമയം ധ്യാനത്തിലിരിക്കും. ഒരു ചെറിയ അശ്രദ്ധ കൊണ്ടുപോലും താൻ ആയിരിക്കുന്നയിടം തന്റെ കൈയാൽ അശുദ്ധമാകാതിരിക്കാൻ പല്ലി ശ്രദ്ധചെലുത്തി.

വിശ്വാസത്തിലും പ്രാർഥനയിലും തന്റെ ക്രിസ്തീയജീവിതം മുന്നോട്ട് പോകുന്നതിനിടെ ആദ്യ വെള്ളിയാഴ്ച അമ്മമാരുടെ പ്രാർഥനക്കിടെ ആ വലിയ സത്യം പല്ലി മനസ്സിലാക്കി. വെറുതെ കുർബാന കണ്ട് പ്രാർഥനകൾ ചൊല്ലി ജീവിച്ചാൽ ക്രിസ്ത്യാനിയാകില്ല. അതിന് മാമോദീസ എന്നൊരു കൂദാശ സ്വീകരിക്കണം. മാമോദീസ വെള്ളം തലേൽ വീണ ഇടവക ജനങ്ങൾ അതിനുതകുന്ന ജീവിതം നയിക്കുന്നില്ലെന്ന് ബെഞ്ചമിനച്ചൻ കുറ്റപ്പെടുത്തി. കൂദാശകളിലൂടെ മാത്രമേ ക്രിസ്തീയജീവിതം പൂർണമാകുകയുള്ളൂവെന്നും അച്ചൻ കൂട്ടിച്ചേർത്തു. ദൈവപുത്രനായ ഈശോപോലും മാമോദീസ സ്വീകരിച്ച കാര്യം പല്ലിയെ അത്ഭുതപ്പെടുത്തി. എങ്ങനെയും മാമോദീസ വെള്ളം തലയിൽ വീഴണം. അതാണ് ആദ്യ കടമ്പ.

ആളുകൾ നിൽക്കുന്നിടത്ത് ഏറ്റവും മുന്നിൽ മൂടിവെച്ചിരിക്കുന്ന ഒരു തൊട്ടി കണ്ണിൽപെട്ടിട്ടുണ്ട് എങ്കിലും അതെന്തിനാണ് എന്ന് ഇതുവരെ മനസ്സിലായിട്ടില്ലായിരുന്നു. കൈക്കാരൻ കുഞ്ഞൂഞ്ഞ് ചേട്ടൻ അതിനടുത്തായാണ് എല്ലാ ഞായറാഴ്ചയും നിൽക്കുന്നത്. കണക്ക് എഴുതുന്ന ബുക്കുകളും രസീത്കുറ്റികളുമെല്ലാം ഒരു കെട്ടാക്കി അതിന്റെ മുകളിലാണ് വെക്കുന്നത്. അവിടെ വെച്ചാണ് മാമോദീസ നൽകുന്നത്. അതിലൊഴിക്കുന്ന വെള്ളത്തിൽ പ്രാർഥനകളുടെ അകമ്പടിയോടെ മുങ്ങി നിവർന്നാലേ ക്രിസ്ത്യാനിയാകൂ.

മറ്റൊന്ന് കൂടിയുണ്ട്, ഇടവകയിൽ ഇതുവരെയുള്ള എല്ലാവരും മാമോദീസ സ്വീകരിച്ചവരാണ്. ഇനി മാമോദീസ നടക്കണമെങ്കിൽ ഇടവകയിൽ ഒരു കുഞ്ഞ് ജനിക്കണം. ഞായറാഴ്ച കുർബാനക്ക് ആളുകൾ കൂടുമ്പോൾ പല്ലി സ്ത്രീകളിരിക്കുന്ന വശത്തെ ഭിത്തിയിലിരുന്ന് ആരെങ്കിലും ഗർഭിണിയുണ്ടോയെന്ന് സൂക്ഷ്മമായ നിരീക്ഷണം തുടങ്ങി. ആരെയും കാണാതെ വരുമ്പോൾ നിരാശയോടെ അൾത്താരയിലെ ക്രൂശുരൂപത്തെ നോക്കി കർത്താവെ, ഇടവകയിൽ ഒരു കുഞ്ഞിനെ ജനിപ്പിക്കണമേയെന്ന് പ്രാർഥിച്ചു.

കുർബാനക്ക് കൂടുമ്പോഴും അല്ലാത്തപ്പോഴും മനസ്സിൽ ഒരു പ്രാർഥന മാത്രം, പള്ളിയിൽ മാമോദീസ നടക്കണം. മാസങ്ങൾ നീണ്ട പ്രാർഥനക്കൊടുവിൽ ഒരു ഞായറാഴ്ച ഏറെ കാത്തിരുന്ന ആ നിമിഷം പള്ളിയിൽ നടന്നു. പടിഞ്ഞാറ്റയിലെ വർക്കി ചേട്ടന്റെ മകൻ ബെന്നിയുടെ ഭാര്യ അന്ന കൊച്ചിന് കുർബാനക്കിടെ മനം പിരട്ടി. പൂവനെ കൊടുത്തത് വെറുതെയായി​െല്ലന്ന് കൈക്കാരൻ കുഞ്ഞൂഞ്ഞ് വർക്കിയോട് അടക്കം പറഞ്ഞു.ആന്നെടാ... കുഞ്ഞൂഞ്ഞേ ബല്ല്യ മനോവെഷമത്തിലാരുന്നു എല്ലാരും, കർത്താവ് ഞങ്ങടെ പ്രാർഥന കേട്ടു. എന്റെ പ്രാർഥനേടെ കൂടെ ഫലമാ അന്ന കൊച്ചിന് ഒരു കുഞ്ഞിനെ കൊടുക്കാൻ ഈശോ തീരുമാനിച്ചേ... കുരിശു ചുമക്കുന്ന ഈശോയുടെ ചിത്രത്തിലിരുന്നുകൊണ്ട് പല്ലി ചിലച്ചു.

അതിതീവ്രമായ ആഗ്രഹത്തിന്മേലുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ മാമോദീസ തൊട്ടിയുടെ മൂടി തുറക്കപ്പെട്ടു. ബെന്നിയുടെ കൊച്ചിന്റെ മാമോദീസ വരുന്നയാഴ്ച കുർബാനക്കുശേഷം പള്ളിയിൽ വെച്ചു നടക്കുന്നതായിരിക്കുമെന്ന് വിളിച്ചുപറഞ്ഞതി​െന്റ പിറ്റേ ശനിയാഴ്ച വൈകുന്നേരം സന്ധ്യാ നമസ്കാരത്തിനുശേഷം കപ്യാര് മാമോദീസ തൊട്ടി വൃത്തിയാക്കാനായി തുറക്കുമ്പോൾ ഈശോ മിശിഹ കുരിശു ചുമക്കുന്ന ചിത്രത്തിലിരിക്കുകയായിരുന്നു പല്ലി. കുഞ്ഞൂട്ടി ചേട്ടൻ തൊട്ടി വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി, ശേഷം തൊട്ടിക്ക് നടുവിലെ ഓവ് തുറന്നുവിട്ടു. ക്ഷണനേരംകൊണ്ട് വെള്ളം താഴേക്ക് വലിഞ്ഞു. ഓവ് അടച്ച് മാമോദീസ തൊട്ടിമൂടി പള്ളി പൂട്ടി പുറത്തിറങ്ങി. പല്ലി കുരിശിന്റെ വഴിയിലെ ചിത്രത്തിൽനിന്നിറങ്ങി മാമോദീസ തൊട്ടിയുടെ അടുത്തേക്ക് ചെന്നു.

എന്നാലും ഇതിലെ വെള്ളം എവിടേക്ക് ആയിരിക്കും പോയത്. ജനലിന്റെ മുകളിലുള്ള ചെറിയ വിടവിലൂടെ പള്ളിമുറ്റത്തേക്ക് ഇറങ്ങിനോക്കി. ഇല്ല, എവിടെയും വെള്ളം പടർന്നിട്ടില്ല. തൊട്ടിയിലെ വെള്ളം പോയിരിക്കുന്നത് പള്ളിയുടെ അടിയിലെവിടേക്കോ ആണ്. നാളെ മാമോദീസ നടക്കുമ്പോൾ വേഗം വെള്ളത്തിൽ മുങ്ങിക്കേറണം. അല്ലെങ്കിൽ ഓവ് തുറക്കുമ്പോൾ അതിലകപ്പെട്ടുപോകാനുള്ള സാധ്യതയുണ്ട്. ഞായറാഴ്ച കുർബാനക്കുടനീളം മാമോദീസ സ്വീകരിക്കാനുള്ള മാനസിക ഒരുക്കത്തിൽ കുരിശിന്റെ വഴിയിലെ ആദ്യ ചിത്രത്തിൽ പ്രാർഥനയോടെ ഇരിക്കുമ്പോഴാണ് അൾത്താരയിലെ കെടാവിളക്കിന്റെ വെളിച്ചത്തിലേക്കിറങ്ങിയ ഈയൽ പല്ലിയുടെ മുന്നിൽപെട്ടത്. ഒരു നിമിഷം പല്ലി വീണ്ടും പല്ലിയായി. ഈയലിന്റെ ചിറകുകൾ പല്ലിയുടെ വായിൽനിന്നും അൾത്താരയിലേക്ക് വീണു.

താഴെ വെള്ളവസ്ത്രങ്ങൾ ധരിച്ച് ബെന്നിയും അന്ന കൊച്ചും മാമോദീസ തൊട്ടിയുടെ മുന്നിൽ പ്രാർഥനാപൂർവം നിന്നു. അവർക്ക് മുമ്പിൽ തലതൊട്ടപ്പനും തലതൊട്ടമ്മയും യഥാക്രമം വർക്കിചേട്ടനും ഭാര്യ ചിന്നമ്മയും കുഞ്ഞുമായി നിന്നു. പ്രാർഥനകൾ കുന്തിരിക്കത്തിന്റെ പരിമളധൂപത്തോടൊപ്പം ഉയർന്നു. താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷത്തിന് വേണ്ടി ഈശോ മരണത്തിന് വിധിക്കപ്പെടുന്ന ചിത്രത്തിൽനിന്ന് പല്ലി താഴേക്കിറങ്ങി.

 

മാമോദീസ തൊട്ടിയുടെ മുകളിലേക്ക് പിടിച്ച് കയറുമ്പോൾ ചിന്നമ്മയുടെ കൈയിലിരുന്ന കുഞ്ഞ് കരഞ്ഞു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവി​െന്റയും നാമത്തിൽ കുഞ്ഞു റബേക്കാ മാമോദീസ മുങ്ങുന്നു എന്ന് പറഞ്ഞു ഫാദർ ബെഞ്ചമിൻ കുഞ്ഞിനെ മാമോദീസ തൊട്ടിയിലേക്ക് എടുത്തതും തന്റെ ഏറ്റവും വലിയ ആഗ്രഹത്തിനായി പല്ലി തൊട്ടിയിലെ വെള്ളത്തിലേക്കിറങ്ങിയതും ഒരുമിച്ചാരുന്നു. ഛെ... പല്ലി വീണല്ലോ എന്ന് പറഞ്ഞു ഫാദർ ബെഞ്ചമിൻ ശുശ്രൂഷകനെ നോക്കി. വെള്ളത്തിൽനിന്ന് മുങ്ങിനിവരാൻ കഴിയുന്നതിന് മുമ്പേ ശുശ്രൂഷകൻ തൊട്ടിയുടെ ഓവ് തുറന്നു താഴേക്ക് പിടിച്ചു വലിച്ച ശക്തിയിൽ മാമോദീസ തൊട്ടിയിലെ വിശുദ്ധജലത്തോടൊപ്പം പല്ലി നിത്യതയിലേക്ക് ഒലിച്ചുപോയി.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.