ചരിഞ്ഞ റാംപിലൂടെ വേഗത്തിൽ ഇറങ്ങാൻ കഴിയുമായിരുന്നിട്ടും പൂച്ച വളരെ പതുക്കെയാണ് ഇറങ്ങിയത്. സ്കൂട്ടർ സിറ്റൗട്ടിലേക്ക് കയറ്റിവെക്കാൻ സാഷ ഈയിടെ ഉണ്ടാക്കിയ റാംപായിരുന്നു അത്. ഒരുപാട് തർക്കിച്ച ശേഷമാണ് വീട്ടുടമ അത്തരമൊരു റാംപ് നിർമിക്കാൻ സാഷക്ക് അനുമതി നൽകിയത്. നന്നായി വിശന്നിട്ടും മുറ്റത്ത് വന്നിരുന്ന ചെറുകിളിയിലോ പ്രഭാത കാഴ്ചയിലോ അവന് താൽപര്യം തോന്നിയില്ല. തലേന്ന് രാത്രി നടന്ന സംഭവങ്ങളിൽ അവൻ തികച്ചും അസ്വസ്ഥനായിരുന്നു, ഒരു പൂച്ചയുടെ ജീവിതവുമായി അതിനെയൊന്നും കൂട്ടിക്കുഴക്കേണ്ടതില്ലാഞ്ഞിട്ടും. ആർട്ട് ഗാലറിയുടെ വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ട് അവൻ അതിനകത്തേക്ക് നടന്നു. വീട്ടുടമ പഴയ സാധനങ്ങൾ ഇട്ടിരുന്ന മുറി വൃത്തിയാക്കി സാഷ തന്റെ ആർട്ട് ഗാലറിയാക്കി മാറ്റിയെടുത്തതാണ്. അവൻ അതിനകത്തു കയറിയാൽ സാഷ ഒച്ചയിടും.
‘‘പുറത്തു പോ ആൽബർട്ട്, ആ ചായം കലക്കിവെച്ച പാത്രങ്ങൾ തട്ടിമറിക്കാതെ...’’
–ആൽബർട്ട്, അതായിരുന്നു പൂച്ചയുടെ പേര്.
ഇന്നുവരെയും അവനാ പാത്രങ്ങൾ തട്ടിമറിച്ചിട്ടില്ലെങ്കിലും ഏത് നിമിഷവുമത് സംഭവിച്ചേക്കുമെന്ന പോലെയാണ് സാഷ അവനോട് ഒച്ചയിടുക. ആ മുറി നിറയെ സാഷ വരച്ച ചിത്രങ്ങളാണ്. അവ മികച്ചതാണോ അല്ലയോ എന്നതറിയാൻ അവൻ ഇതിനുമുമ്പ് മറ്റാരെങ്കിലും അത്തരത്തിൽ വരച്ച ചിത്രങ്ങൾ കണ്ടിട്ടുമുണ്ടായിരുന്നില്ല. ഇപ്പോൾ തന്നെ വഴക്കുപറയാൻ സാഷ വരില്ല എന്നതറിഞ്ഞിട്ടും സാഷയില്ലാത്ത ആർട്ട് ഗാലറി അവനെ മുഷിപ്പിച്ചു. ചിത്രരചനയിൽ മുഴുകുമ്പോഴുള്ള സാഷയുടെ ആത്മഭാഷണങ്ങളും ചായങ്ങളുടെ ഗന്ധവുമാണ് അവനെ ആ മുറിയിലേക്കാകർഷിച്ചിരുന്നത്. ചായങ്ങൾ തട്ടിമറിക്കാതെ ശ്രദ്ധാപൂർവം നടക്കുന്നതിനിടെ അവന്റെ കണ്ണുകൾ ഒരിടത്ത് ഭദ്രമായി മൂടിപ്പൊതിഞ്ഞുവെച്ച ഒരു ചിത്രത്തെ ചെന്ന് തൊട്ടു. അവൻ മാത്രമായിരുന്നു അതിന്റെ ഒരേയൊരു കാഴ്ചക്കാരൻ. ആ ചിത്രം അവനും സാഷക്കും മാത്രമറിയുന്ന ഒരു വലിയ രഹസ്യമാണ്.
തുറന്നിട്ട വാതിലിലൂടെ ആർട്ട് ഗാലറിക്കുള്ളിൽ വന്നിരുന്ന വെളിച്ചത്തെ വലിയൊരു നിഴൽ തടുത്തപ്പോൾ ആൽബർട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി.–പിന്റോ ആയിരുന്നു അത്.
തന്റെ എക്കാലത്തെയും വെറുക്കപ്പെട്ട പ്രതിയോഗിയെ കണ്ട വിദ്വേഷത്താൽ അവന്റെ ചെവികൾ കൂർത്തു. മുതുകെല്ല് ‘റ’ ആകൃതിയിൽ വളഞ്ഞു. ഓരോ രോമവും പിന്റോയെ വെല്ലുവിളിച്ച് എഴുന്നേറ്റുനിന്നു. ഇത് രണ്ടാം തവണയാണ് സാഷ ഇടയിൽ നിൽക്കാനില്ലാതെ ആൽബർട്ടും പിന്റോയും നേർക്കുനേർ വരുന്നത്. ആദ്യതവണ ഇത്തരമൊരു സന്ദർഭം ഉണ്ടായപ്പോഴും ആൽബർട്ട് ഇതേ നിൽപ്പുതന്നെയാണ് നിന്നത്. അന്ന് പിന്റോ കാലു മടക്കി ആൽബർട്ടിനെ ആഞ്ഞു തൊഴിച്ചു. സാഷ കാര്യമായി പരിചരിച്ചതുകൊണ്ട് മാത്രമാണ് ആൽബർട്ട് മരണത്തെ തൊടാതെ ജീവിതത്തെതന്നെ വീണ്ടും തൊട്ടത്.
ആൽബർട്ട് ആക്രമണോത്സുകതയിൽ വന്യമായി മുരണ്ട് പിന്റോയെ തറഞ്ഞുനോക്കി. എന്നാൽ, ഇത്തവണ പിന്റോ ആൽബർട്ടിനെ ഗൗനിക്കാതെ തലേന്ന് രാത്രി താൻ ആർട്ട് ഗാലറിയിൽ മറന്നുവെച്ച ഗിത്താർ എടുത്ത് ധൃതിയിൽ പുറത്തേക്ക് പോവുകയാണുണ്ടായത്. പതിനെട്ട് വയസ്സ് തികഞ്ഞത് മുതൽ സാഷ തനിച്ചാണ് താമസം. അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കുന്നതും സ്വാതന്ത്ര്യം, സമത്വം എന്നതൊക്കെ സ്വന്തം ജീവിതത്തിൽ ഉറപ്പുവരുത്തുന്നതും സാഷ ഇഷ്ടപ്പെട്ടു, സാഷയുടെ പപ്പക്കും മമ്മക്കും അതൊന്നും അത്ര വലിയ ഇഷ്ടമായിരുന്നില്ലെങ്കിലും!
രണ്ട് തെരുവകൾക്കപ്പുറം സാഷയുടെ മമ്മയും പപ്പയും താമസിക്കുന്നുണ്ട്. ചില സായാഹ്നങ്ങളിൽ സാഷ അവരെ കാണാൻ പോകും. ആൽബർട്ടിനെയും ഒപ്പം കൂട്ടും. ഇതുപോലൊരു യാത്രക്കിടെ തീരെ കുഞ്ഞായിരുന്ന അവനെ തെരുവിൽനിന്ന് കിട്ടിയതാണ് സാഷക്ക്. അവനെ ഒപ്പം കൂട്ടിയശേഷം അവൾ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും അവനോടാണ്. ആദ്യമൊന്നും സാഷ പറയുന്നത് അവന് മനസ്സിലായിരുന്നില്ലെങ്കിലും വളരെ പെട്ടെന്ന് അവർക്കിടയിൽ ഹൃദയഭാഷ രൂപപ്പെട്ടു. തനിക്കൊപ്പമുള്ള യാത്രകൾക്കുവേണ്ടി സാഷ ആൽബർട്ടിന് ഒരു പൂച്ചക്കൂട വാങ്ങി. അവൾ അവനെ അതിൽ പിടിച്ചിരുത്താൻ നോക്കിയപ്പോഴൊക്കെയും അതൊരു വിചിത്ര വസ്തുവായി തോന്നി അവനതിൽനിന്നും കുതറിച്ചാടി. എന്നാൽ, കാലം ക്രമേണ അവനെയാ പൂച്ചക്കൂടയിലേക്ക് മെരുക്കി. ഇപ്പോൾ അതിൽ കയറിയിരുന്ന് സാഷയുടെ താളാത്മക നടത്തത്തിനൊപ്പം യാത്രചെയ്യുന്നത് അവൻ ആസ്വദിക്കാൻ തുടങ്ങി.
സാഷയുടെ മമ്മയുടെ വീട്ടിലേക്കുള്ള യാത്ര ഇഷ്ടമാണെങ്കിലും ആ വീട് അവന് ഇഷ്ടമായിരുന്നില്ല. ആവശ്യത്തിൽ കൂടുതൽ വൃത്തിയുള്ളതും ഒരു പാറ്റയെയോ കൂറയെയോ കാണാൻ പറ്റാത്തതുമായ ഒന്നായിരുന്നു അത്. ഒരു പൂച്ചക്ക് ഒന്നും ചെയ്യാനില്ലാതെ ബോറടിക്കുന്ന വീട്. എന്നാൽ, ഭക്ഷണവേസ്റ്റുകൾ ചിതറിക്കിടക്കുന്ന സാഷയുടെ വീട്ടിൽ അവനും എലികളും തമ്മിൽ നിരന്തരയുദ്ധം ഉണ്ടാവാറുണ്ട്. പിന്റോ ആൽബർട്ടിനെയും എലികളെയും ഒരുപോലെ ശത്രുതയിൽ കണ്ടു. സാഷയും പിന്റോയും തമ്മിലുള്ള സൗഹൃദത്തിന് ഒരു വർഷത്തിന്റെ ആഴമേ ഉള്ളൂവെങ്കിലും, സാഷയുടെ ചിരകാല സുഹൃത്തുക്കൾപോലും കാണിക്കാത്ത അധികാരഭാവം പ്രകടിപ്പിച്ച് പിന്റോ അടുക്കളയിൽ കയറി കെണിവെച്ച് എലികളെ പിടിച്ചു. വെള്ളം നിറച്ച ബക്കറ്റിലേക്ക് എലിക്കെണി താഴ്ത്തി അവയെ മുക്കിക്കൊന്ന് കുഴിച്ചിട്ടു. ഒരൊറ്റ എലിയെപോലും ആൽബർട്ടിന് വേട്ടയാടാൻ വിട്ടുകൊടുക്കില്ലെന്ന വാശി അതിലുണ്ടായിരുന്നു.
പിന്റോയുടെ അയഞ്ഞ പാന്റും ഉയർത്തിക്കെട്ടിയ മുടിയും ആടയാഭരണങ്ങളും പാതി മയങ്ങിയ കണ്ണുകളും ഒന്നുമൊന്നും ആൽബർട്ടിന് ഇഷ്ടമല്ല; പിന്റോയെയും. ആൽബർട്ട് എന്ന ആൺപൂച്ചയെ പിന്റോക്കും ഇഷ്ടമല്ല. ‘‘നീ എന്തിനാണ് ആൺപൂച്ചയെ വളർത്തുന്നത്? പെൺപൂച്ചകളാണ് ഉടമയെ നന്നായി സ്നേഹിക്കുക.’’ പിന്റോ തർക്കിക്കും. ‘‘അതിന് ആരാണവനെ വളർത്തുന്നത്? അവൻ തനിയെ വളരുന്നതല്ലേ?’’ സാഷ ചിരിക്കും. ആ ചിരി മതി ചിലപ്പോൾ പിന്റോക്ക് ദേഷ്യം വരാൻ. ഇവളെന്തിനാണ് പിന്റോയെപ്പോലൊരു സൈക്കോയെ തന്റെ സൗഹൃദവലയത്തിൽ െവച്ചുപൊറുപ്പിക്കുന്നതെന്ന് ആൽബർട്ട് എപ്പോഴും കരുതും. ആണും പെണ്ണുമായി സാഷക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. അവരെല്ലാം അവളുമായി സംസാരിക്കുന്നത് കേൾക്കാൻ ആൽബർട്ടിന് വലിയ ഇഷ്ടമാണ്. എന്നാൽ, പിന്റോ വരുന്നത് കണ്ടാൽ ഭയംകൊണ്ട് അവന്റെ അടിവയർ പിടക്കും. മാസത്തിൽ മൂന്നാല് തവണയെങ്കിലും പിന്റോ വരും. അവൻ എവിടെനിന്ന് വരുന്നു, എങ്ങോട്ടു പോകുന്നു എന്നതൊന്നും അറിഞ്ഞുകൂടെങ്കിലും വന്ന് അരമണിക്കൂർ തികയും മുമ്പ് അവൻ സാഷയുമായി വഴക്കിടും എന്നതുമാത്രം ആൽബർട്ടിന് അറിയാം, അതിനങ്ങനെ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ടെന്നും.
വഴക്കുകളിലെ ശരി തെറ്റുകൾ ചികയാൻ മെനക്കെടാതെ സാഷ അവന്റെ കളിപ്പാവ ചമയുന്നത് ആൽബർട്ടിനെ അത്ഭുതപ്പെടുത്തും. ഇത്തരം അഭിമാനമില്ലാത്ത കീഴടങ്ങലുകൾക്ക് അവളെ പ്രേരിപ്പിക്കുന്നത് അവൾക്ക് പിന്റോയോട് പ്രണയം തോന്നിയിട്ടാവുമോ എന്ന് ആൽബർട്ട് നിരാശയോടെ ചിന്തിക്കും. പ്രണയം സാഷയെ പോലൊരു പെണ്ണിനെ ഇത്രയും ദുർബലയും സ്വയം മതിപ്പില്ലാത്തവളുമാക്കി മാറ്റുമോ എന്ന് ദേഷ്യമടക്കാനാകാതെ അവൻ മുരളും. ആ മുരൾച്ച കേൾക്കുന്ന പിന്റോ പിറുപിറുക്കും.
‘‘നാശം പിടിച്ച പൂച്ച. ഒരു പൂച്ചക്ക് ഒട്ടും ചേരാത്ത പേരാണ് ആൽബർട്ട്. ഇവനെപ്പോലൊരുവന് അത് അശ്ലീലം നിറഞ്ഞ ആർഭാടവും.’’
എന്നാൽ ആ പേര് തനിക്കാണ് ഏറ്റവും യോജിച്ചതെന്ന് ആൽബർട്ടിനറിയാം. സാഷ ഒരു പിറന്നാൾ പാർട്ടി കഴിഞ്ഞുവന്നയന്നാണ് അവനത് മനസ്സിലായത്. സ്കൂട്ടർ റാംപിലൂടെ കയറ്റാനുള്ള സാഷയുടെ പതിവില്ലാത്ത അധ്വാനം കണ്ട് ആൽബർട്ട് സംശയത്തോടെ നോക്കി.
‘‘ഞാനൽപം വോഡ്ക കഴിച്ചിട്ടുണ്ടെന്നത് നേര്, എന്നുെവച്ച് നീ കരുതിയത്രയൊന്നുമില്ല.’’ സാഷ ചമ്മലോടെ സമ്മതിച്ചു. അന്നാണ് ആർട്ട് ഗാലറിയിലൊരിടത്ത് ഭദ്രമായി മൂടിപ്പൊതിഞ്ഞുവെച്ച ആ ചിത്രം സാഷ തുറന്നത്. അതൊരു ഓയിൽ പെയിന്റിങ് ആയിരുന്നു. ചാരുകസേരയിൽ ഇരിക്കുന്ന ഗാംഭീര്യമുള്ള മധ്യവയസ്കന്റെ ഛായാചിത്രം. സാഷ വരച്ച ചിത്രങ്ങളിൽ മികച്ചത് ഇതാണെന്നതിൽ അവന് സംശയമേ ഉണ്ടായിരുന്നില്ല. എപ്പോൾ വേണമെങ്കിലും അയാൾ ആ കസേരയിൽനിന്ന് എഴുന്നേൽക്കുമെന്നപോലെ അതിൽ ജീവൻ ഒളിച്ചുനിന്നു. അതിലേക്ക് നോക്കിനിൽക്കെ സാഷയുടെ കണ്ണുകൾ പ്രഭാതമഞ്ഞിൽ കുതിർന്ന പൂവിതൾപോലെ നനഞ്ഞു. മഞ്ഞുതുള്ളിപോലെ തണുത്തൊരു കണ്ണീർകണം അവന്റെ ദേഹത്തേക്ക് ഇറ്റ് വീണു. അവൾ ഒരു ആശ്രയത്തിനെന്നോളം ആൽബർട്ടിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തുപിടിച്ചു. ഹൃദയമൃദുലതകളിൽ ഒളിഞ്ഞിരിക്കുന്ന എന്തോ ഒന്നിനെ പരതുംപോലെ അവന്റെ വെള്ള പഞ്ഞി രോമങ്ങൾക്കുള്ളിൽ വിരലുകൾകൊണ്ട് പരതി. ഒടുവിൽ, പോയ കാലത്തിന്റെ ഒരു നനുത്ത ഓർമയെ തൊട്ടെടുത്ത് പറഞ്ഞുതുടങ്ങി.
‘‘പപ്പയുടെയും മമ്മയുടെയും വീടിനോട് ചേർന്ന് പണ്ടൊരു ഔട്ട് ഹൗസ് ഉണ്ടായിരുന്നു. ചെറിയൊരു ഓടിട്ട വീട്. മനസ്സിന് പിടിച്ച ആരെങ്കിലും വന്നാൽ മാത്രം പപ്പയത് വാടകക്ക് നൽകും. ഒരിക്കൽ അതിൽ താമസിക്കാൻ വന്നത് ഇയാളും ഭാര്യയുമായിരുന്നു.’’ സാഷ ചിത്രത്തിലേക്ക് ചൂണ്ടി.
ആൽബർട്ട് ഒരു കഥ കേൾക്കാൻ പോകുന്ന രസത്തോടെ ശ്രദ്ധിച്ചു.
‘‘എന്റെ പപ്പ ഏറ്റവും കുറവ് സംഭാഷണങ്ങളിലൂടെ, കൃത്യമായ ദിനചര്യകളിലൂടെ ഒരു ദിവസം തീർത്തെടുക്കുന്നത് എങ്ങനെയെന്ന് ഞങ്ങളെ പരിശീലിപ്പിച്ചിരുന്നു. അത്തരം പരിശീലനത്തിൽ മികവ് പുലർത്തിയ കുറച്ചാളുകൾ ഒരുമിച്ച് താമസിക്കുന്ന വീട് എത്രമാത്രം വരണ്ടതും ദയനീയവും ആയിരിക്കുമെന്നത് നിനക്കറിയാമോ?’’
ആൽബർട്ടിന് അതറിയാമായിരുന്നു. സാഷയുടെ വീട്ടിൽ പോകുമ്പോഴൊക്കെയും അവനാ ശ്വാസംമുട്ടൽ അനുഭവിച്ചിട്ടുണ്ട്. സാഷ ആൽബർട്ടിനെ താഴെ ഇറക്കിവെച്ച് ജാലകങ്ങൾ തുറന്നു. നിലാവ് പുതച്ചുകിടക്കുകയാണ് ഭൂമി. പുഷ്പഗന്ധങ്ങളും നിലാവും അവളിലെ മറ്റൊരുവളെ ഉണർത്തി. വീതിയേറിയ ജനൽപടിയിൽ ചുവര് ചാരിയിരുന്ന് സാഷ ഭൂതകാലത്തിന്റെ വാതിൽ പതിയെ തുറന്നു...
‘‘നിനക്കറിയാമോ ആൽബർട്ട്, ഞങ്ങളുടെ വീട്ടിൽ ഞങ്ങളാരും പരസ്പരം വഴക്കിട്ടിരുന്നില്ല. എന്നാൽ, പരസ്പര സ്നേഹത്തിന്റെ ആർദ്രതകളും ഞങ്ങൾക്കിടയിൽ പങ്കുവെക്കപ്പെട്ടിരുന്നില്ല. വഴക്കുകളും കളിചിരികളും നിറഞ്ഞ എന്റെ കൂട്ടുകാരുടെ വീടുകളെക്കാൾ എന്റെ വീടാണ് സ്നേഹംകൊണ്ട് നിർമിക്കപ്പെട്ടതെന്ന് ഞാൻ വിശ്വസിച്ചു. വീട്ടിനകത്തു നിറഞ്ഞുനിന്ന നിസ്സംഗമായ ശാന്തതയായിരുന്നു ഞാനങ്ങനെ കരുതാൻ കാരണം. ഞങ്ങൾ കൃത്യമായി പാലിച്ച ചിട്ടകളും പപ്പയോട് കാണിച്ചുപോന്ന അനുസരണയുമാണ് സ്നേഹം എന്ന് തെറ്റിദ്ധരിച്ചു. ഒരുകണക്കിന് അതും സ്നേഹംതന്നെയാണ് ആൽബർട്ട്; പക്ഷേ സ്നേഹത്തിന്റെ പല മുഖങ്ങളിൽ ഏറ്റവും വികൃതമായ ഒന്നാണെന്ന് മാത്രം.
പപ്പ സുന്ദരനാണെങ്കിലും തലകുനിച്ചേ നടക്കൂ. മുഖഭാവമാകട്ടെ ജീവിതത്തിന്റെ പലവിധ ആകുലതകൾ നിറഞ്ഞതും. മമ്മയോടുപോലും അത്യാവശ്യത്തിനേ സംസാരിക്കൂ. മമ്മയാവട്ടെ വീട്ടുജോലി ചെയ്യുന്നതിലും ഞങ്ങളെ ദൈവഭയമുള്ളവരാക്കുന്നതിലും മാത്രം ശ്രദ്ധിച്ചു.’’ ആൽബർട്ടിനുള്ളിൽ സാഷയോട് വല്ലാത്തൊരു വാത്സല്യം ചുരന്നു. അവൻ മൃദുവായൊന്ന് കുറുകി.
‘‘അന്നും ഇതുപോലെ ജനൽപടിയിലിരുന്ന് ഞാൻ ആ വീടിനെയും താമസക്കാരെയും നോക്കിയിരിക്കും. വെറുതെയൊരു കൗതുകം..! ഒരു വർഷത്തിൽ കൂടുതൽ എവിടെയും താമസിക്കാൻ പറ്റാത്ത ജോലിയായിരുന്നു അയാൾക്ക്. അതുകൊണ്ടുതന്നെ എന്റെ പ്രായത്തിലുള്ള അവരുടെ മകൻ ഏതോ ബോർഡിങ് സ്കൂളിലും. എനിക്കിന്ന് പതിന്നാല് വയസ്സാണ്. എന്തിനോടും ഏതിനോടും പ്രണയം തോന്നും കാലം. ജീവിതം ഒരിക്കൽ മാത്രമേ അതിന്റെ പ്രണയോദ്യാനം നമുക്കു മുന്നിൽ ഇത്തരത്തിൽ നിഷ്കളങ്കമായി തുറന്നിട്ടുതരൂ.’’
ആൽബർട്ടിന് കഥയുടെ ഒഴുക്ക് എങ്ങോട്ടാണെന്ന് പിടികിട്ടി. രണ്ട് കൗമാരങ്ങളുടെ പ്രണയം കേൾക്കാൻ അവൻ ഉത്സാഹത്തോടെ കാതോർത്തു.
‘‘ഒരു വെറും സാധാരണ വീടിനെ അതിൽ ജീവിക്കുന്ന രണ്ടു പേർ ചേർന്ന് മനോഹരമായ മറ്റൊന്നാക്കി മാറ്റുന്ന പ്രണയത്തിന്റെ രസതന്ത്രം പുതിയ താമസക്കാരിലൂടെ ഞാനാദ്യമായി കാണുകയായിരുന്നു. ഒരാണും പെണ്ണും തമ്മിൽത്തമ്മിലും, പിന്നെ അവരുടെ ജീവിതത്തെയും സ്നേഹിക്കുന്നതെങ്ങനെയാണെന്ന് ആ മധ്യവയസ്കനും ഭാര്യയും കാണിച്ചുതന്നു. അയാളുടെ ഭാര്യ പാട്ടുകൾ മൂളിക്കൊണ്ടായിരുന്നു വീട്ടുജോലികൾ ചെയ്തിരുന്നത്. ശരീരവടിവുകൾ വ്യക്തമാകുംവിധം വസ്ത്രങ്ങൾ ധരിച്ച അവർ അടുത്ത് വരുമ്പോഴൊക്കെയും മനസ്സിനെ ഉന്മത്തമാക്കുന്ന ഗന്ധം അനുഭവപ്പെട്ടു. ചുവരലമാര നിറയെ പുസ്തകങ്ങളും, മുറികളിൽ പൂപ്പാത്രങ്ങളും, ലാവണ്ടർ മണം പ്രസരിക്കുന്ന കിടപ്പുമുറിയുമുള്ള വീട്.
സ്നേഹം പ്രകടിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ജീവിതത്തെ സ്വപ്നമാക്കി ജീവിക്കുന്ന രണ്ടുപേർ. പ്രണയവും പൗരുഷവും കുസൃതിയും ഒരുപോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പുരുഷനെ ഞാനാദ്യം കാണുകയായിരുന്നു. തന്നെ പ്രണയിക്കുന്നുവെന്ന് ഉറപ്പുള്ള പുരുഷനോളം സ്ത്രീയെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുംതന്നെ ഈ ലോകത്തില്ല ആൽബർട്ട്; ആ പ്രണയം അനുഭവിക്കുന്ന സ്ത്രീയെക്കാൾ സുന്ദരമായ മറ്റൊരു കാഴ്ചയും! സമയം കിട്ടുമ്പോഴൊക്കെയും ഞാനാ വീട്ടിൽ പോയി. ആ വീടിനുള്ളിൽ നിറഞ്ഞുനിന്ന സ്നേഹത്തിന്റെ കാന്തശക്തി എന്നെ അതിലേക്ക് ആകർഷിച്ചു എന്നതാവും ശരി. ഒഴിവുദിവസങ്ങളിൽ ഞാനും അയാളുടെ ഭാര്യയും തമ്മിൽ സംസാരിക്കുന്നത് കേട്ട് അയാൾ ചാരുകസേരയിൽ കിടക്കും.
സ്വീകരണമുറിയിൽ അയാളും മകനും ബുള്ളറ്റിൽ യാത്ര ചെയ്യുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിരുന്നു. അയാളും മകനും സുഹൃത്തുക്കളെപ്പോലെയാണെന്നും അവരിരുവരും മാത്രമായി ബുള്ളറ്റിൽ ധാരാളം യാത്രകൾ ചെയ്യാറുണ്ടെന്നും അവർ അഭിമാനം നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു. ഞങ്ങളുടെ സംസാരങ്ങൾക്കിടെ അയാൾ എന്നെ നോക്കുമ്പോഴൊക്കെയും ഞാൻ വൈദ്യുതാഘാതമേറ്റപോലെ വിറച്ചു. എന്നോടുള്ള അയാളുടെ നേർത്ത ചിരികൾ ഇടിമിന്നൽപോലെ ഹൃദയത്തെ പിളർത്തി. അയാളുടെ വിശാലമായ നെറ്റിക്കും കൂർത്ത താടിക്കും ഹൃദയത്തിൽ തുളച്ചുകയറുന്ന കണ്ണുകൾക്കും എന്നെ വിഭ്രാന്തിയിലാക്കുന്ന പൗരുഷ സൗന്ദര്യമുണ്ടായിരുന്നു.’’ ഓർമകളെ കാലത്തിന്റെ ഉള്ളറകളിൽനിന്നും വലിച്ചെടുക്കുന്ന ആയാസത്തിൽ സാഷ ഒരുനിമിഷം നിശബ്ദയായി. പിന്നെ തന്നെ കേട്ടിരിക്കുന്ന ആൽബർട്ടിലേക്ക് തന്നെ തിരിച്ചുവന്നു.
‘‘പതിയെ എനിക്ക് മനസ്സിലായി, എന്നെക്കാൾ മൂന്നിരട്ടിയെങ്കിലും പ്രായക്കൂടുതലുള്ള അയാളെ എന്റെ ഹൃദയം ആഗ്രഹിക്കുന്നുണ്ട് എന്നത്. പ്രണയം അസ്ഥാനത്താണെന്ന് പറഞ്ഞു തരാൻ ശ്രമിക്കുന്ന മനസ്സിനെ പ്രണയത്തിനു മുന്നിൽ പ്രണയമല്ലാതെ മറ്റൊന്നുമില്ല എന്ന് ഞാൻ പരിഹസിച്ചു.
ജോലിക്കിറങ്ങുമ്പോൾ അയാൾ തന്നെ യാത്രയാക്കുന്ന ഭാര്യയെ പരിസരം ഗൗനിക്കാതെ ഗാഢമായി ചുംബിക്കും. ആദ്യ ചുംബനമേറ്റ കാമുകിയെപ്പോലെ അവർ ചുവന്നു തുടുക്കും. പ്രണയമെന്നത് ഞാൻ കരുതിയപോലെ ഒരു പ്രത്യേക പ്രായത്തിന്റെ അനുഭൂതിയല്ലെന്ന് ഞാൻ വിസ്മയത്തോടെയറിഞ്ഞു. മനസ്സുകൊണ്ട് ഗാഢമായി തിരിച്ചു ചുംബിച്ചു ഞാനുമയാൾക്കു യാത്രാമൊഴി നേർന്നു. അയാൾ ബുള്ളറ്റിൽ കയറിപ്പോകുമ്പോൾ എന്റെ സിരകളിൽ അയാളോടുള്ള പ്രണയലഹരി നൃത്തം ചവിട്ടും. അവരുടെ ചുവരലമാരയിൽനിന്ന് ഞാൻ പുസ്തകങ്ങൾ വാങ്ങിയിരുന്നത് വായിക്കാനായിരുന്നില്ല. അത് മടക്കിനൽകാൻ വീണ്ടും അവിടേക്ക് പോകാനായിരുന്നു. അയാളെ കാണാനുള്ള ഒരവസരവും ഞാൻ പാഴാക്കിയില്ല.’’ താനൂഹിച്ച കഥയിൽനിന്നും ഗതിമാറി ഇവളിതെങ്ങോട്ടാണൊഴുകുന്നതെന്ന നെഞ്ചുമുട്ടലിൽ ആൽബർട്ട് നിലത്തുനിന്ന് ഒറ്റച്ചാട്ടത്തിന് ജനൽപടിയിൽ കയറിയിരുന്നു. സാഷയുടെ മുഖം ഇപ്പോൾ അവന് വ്യക്തമായി കാണാം. ഓർമകളിലെ പ്രണയത്തിൽ അത് തീപ്പന്തമായി ജ്വലിക്കുന്നു. അവന് കുശുമ്പു വന്നു. പിന്റോ തന്നോട് കാണിക്കുന്ന വൈരാഗ്യം അവന് ഉൾക്കൊള്ളാനായി. ജനലിനപ്പുറത്ത് ഉതിർന്നുലഞ്ഞ് കിടക്കുകയാണ് നിലാവ്. അത് നോക്കി സാഷ പറഞ്ഞു:
‘‘അക്കാലത്ത് പ്രണയവും നിലാവും എന്നിൽ ജനിപ്പിച്ച മാസ്മരികത പിന്നീടൊരിക്കലും എനിക്കനുഭവിക്കാനായിട്ടില്ല. ഇതുപോലെ നിലാവ് മെല്ലെമെല്ലെ പടികയറി വരുന്ന ഒരു സന്ധ്യക്ക് ഞാനാ വീട്ടിൽ ചെല്ലുമ്പോൾ അയാൾ തനിച്ചായിരുന്നു. ‘സാറ പുറത്തുപോയതാണ്, ഇപ്പോൾ വരും. അപ്പോഴേക്കും മോൾ വേണ്ട പുസ്തകങ്ങൾ നോക്കിക്കോളൂ.’ അയാൾ ചാരുകസേരക്ക് പിന്നിലെ പുസ്തക അലമാര ചൂണ്ടിക്കാണിച്ചു. എനിക്ക് അയാളോട് തോന്നിയ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും പലവിധ സൂചനകൾ ഞാൻ നൽകിയിട്ടും അയാൾ അത് കണ്ടില്ലെന്ന് നടിക്കുന്നത് എന്നെ അരിശംപിടിപ്പിച്ചിരുന്നു. ആ പ്രണയാരിശത്തോടെ പുസ്തകങ്ങൾ തിരയുകയാണെന്ന വ്യാേജന ഞാൻ അയാളെ ആസ്വദിച്ചു. നമുക്ക് നമ്മുടെമേൽ നിയന്ത്രണമില്ലാത്ത ചില നിമിഷങ്ങളും സന്ദർഭങ്ങളും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും ആൽബർട്ട്. ചിലപ്പോൾ നമുക്ക് വിലപ്പെട്ടതും, ചിലപ്പോൾ നമ്മൾ വില നൽകേണ്ടിവരുന്നതുമായ ഒന്ന്... അത് സംഭവിച്ചുപോകുന്നതാണ്. നമ്മളതിൽ തികച്ചും നിസ്സഹായരാണ്. അത്തരമൊരു നിമിഷത്തിൽ ഞാനുമകപ്പെട്ടു. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ആ നിമിഷത്തിൽ ഞാൻ അയാളുടെ മുഖം പിടിച്ചുയർത്തി അമർത്തി ചുംബിച്ചു.
ഉഫ്... എന്റെ പ്രിയപ്പെട്ട പുരുഷന്റെ മണം.’’
ആ ഗന്ധം ഒരിക്കലൂടൊന്ന് ആസ്വദിക്കാനുള്ള കൊതിയോടെ സാഷ എവിടെയോ കുടുങ്ങിക്കിടന്ന അനുഭൂതിയെ തിരിച്ചുപിടിക്കാനെന്നോണം ആഞ്ഞു ശ്വാസം വലിച്ചപ്പോൾ ആൽബർട്ട് ഭയപ്പാടോടെ പിന്റോ അവിടെയെങ്ങുമില്ലെന്ന് വെറുതെ ഒന്ന് ഉറപ്പുവരുത്തി.
അതൊന്നും ശ്രദ്ധിക്കാതെ സാഷ പ്രണയനദിയിലെ ഇലപോലെ ഒഴുകുകയായിരുന്നു.
‘‘അയാൾ എന്നെ കൈനീട്ടി പിടിച്ചുവലിച്ചു അയാളുടെ മടിയിലിരുത്തി. പാറിപ്പറന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കിവെച്ച് തന്ന് മന്ത്രിക്കുന്ന സ്വരത്തിൽ പറഞ്ഞു. ‘എനിക്ക് നിന്നെ മനസ്സിലാവും; നിന്റെ പ്രായത്തെയും. പക്ഷേ, അത് ഞാനല്ല. നീ ക്ഷമയോടെ കാത്തിരിക്കണം.’ ’’
ആൽബർട്ടിന്റെ ഹൃദയം ഒറ്റയടിക്ക് അതുവരെ അവനനുഭവിച്ച അസ്വസ്ഥതയുടെ കാറ്റൊഴിഞ്ഞ് ശാന്തമായി. അതിന്റെ സ്വസ്ഥതയിൽ അവൻ സാഷയെ വീണ്ടും കേട്ടു.
‘‘തീക്കൊള്ളികൊണ്ട് കുത്തേറ്റപോലെ ഞാൻ പിടഞ്ഞകന്നു. അപമാനംകൊണ്ട് മുറിവേറ്റ ഉടൽ ചുട്ടുനീറി. അയാളാവട്ടെ ഒന്നും സംഭവിക്കാത്തപോലെ ചാരുകസേരയിൽനിന്നെഴുന്നേറ്റ് ചുവരലമാരയിൽനിന്നും ഒരു പുസ്തകം എടുത്ത് എനിക്ക് നീട്ടി. ‘ആലീസ് ഇൻ വണ്ടർലാൻഡ്’ പുസ്തകച്ചട്ടയിൽ സർവതിനോടും കൗതുകക്കണ്ണുകളുള്ള ഒരു പെൺകുട്ടി.
സാറ ഗേറ്റ് കടന്നുവരുന്നത് ഞാൻ കണ്ടു. പ്രതികാരമെന്ന് അലറുകയാണ് ഹൃദയം. എനിക്കതിനെ കേൾക്കേണ്ടി വന്നു.’’ പെട്ടെന്ന് സാഷ കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരയാൻ തുടങ്ങി. ‘‘ഞാനത് കേൾക്കാൻ പാടില്ലായിരുന്നു ആൽബർട്ട്; എന്തൊക്കെ പറഞ്ഞാലും ഞാനത് കേൾക്കാൻ പാടില്ലായിരുന്നു.’’ അവൾ എന്താവും ചെയ്തിട്ടുണ്ടാവുക എന്നോർത്ത് ആൽബർട്ടിന്റെ ഹൃദയം നെെഞ്ചല്ലുകൾ തകർക്കുമെന്നപോലെ മിടിക്കാൻ തുടങ്ങി. സാഷയുടെ വേദനയും കുറ്റബോധവും നിറഞ്ഞ സ്വരത്തിന് അവൻ ഭയത്തോടെ കാതോർത്തു.
‘‘നമുക്കിടയിൽ ഭാഷ മൗനമാണെന്ന ഒറ്റ ധൈര്യംകൊണ്ടുമാത്രമാണ് ഞാനിത് നിന്നോട് പറയുന്നത്. സാറ വരുന്നത് ജനലിലൂടെ ഞാൻ കണ്ടു. ഞാൻ ഓടിച്ചെന്ന് അയാളുടെ നെഞ്ചിലേക്ക് വീണു. ചുണ്ടുകൾ എത്തുന്നിടത്തെല്ലാം ഭ്രാന്തമായി ചുംബിച്ചു. ആ അപ്രതീക്ഷിത നീക്കത്തിൽ അയാൾ പതറുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. സാറ വാതിൽ തുറന്ന് അകത്തേക്ക് വന്നു. സാറയെ കണ്ട ഞെട്ടലഭിനയിച്ചു ഞാനകന്നുമാറി. എന്റെ പ്രതികാരം അനുഭവിക്കാനാഗ്രഹിച്ച ആ ക്രൂരസുഖത്തെ മായ്ച്ചിടുന്ന ചിരിയോടെ അവർ നിലത്ത് വീണു കിടന്ന പുസ്തകമെടുത്ത് എനിക്ക് നീട്ടി.’’
ആൽബർട്ടിന്റെ വലിഞ്ഞുമുറുകിയ മുഖം ശ്രദ്ധിക്കാതെ സാഷ അവളിലെ അവളെ കെട്ടഴിച്ചുകൊണ്ടിരുന്നു.
‘‘ഞാൻ വിചാരിച്ചതൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, പിറ്റേന്നും അയാൾ പ്രഭാതവെയിലേറ്റ് വ്യായാമം ചെയ്യുകയും അവർ അയാളോട് സംസാരിച്ചുകൊണ്ട് ചെടികൾ നനക്കുകയുംചെയ്തു. ജനൽപടിയിലിരുന്ന എനിക്ക് നേരെ കൈവീശിക്കാണിച്ച് രണ്ടുപേരും ചിരിയോടെ സുപ്രഭാതം നേർന്നു. ഞാൻ തകർന്നു തരിപ്പണമായിപ്പോയത് അതിലല്ല ആൽബർട്ട്, അന്ന് ജോലിക്കിറങ്ങുമ്പോൾ അയാൾക്ക് പകരം അവരാണ് അയാളെ ചുംബിച്ച് യാത്രയാക്കിയത് എന്ന് കണ്ടപ്പോഴാണ്. അതും, പതിവിലും ദീർഘവും ഗാഢവുമായ ചുംബനം നൽകിക്കൊണ്ട്... നിരാശകൊണ്ടെനിക്ക് തല പൊട്ടിപിളരുന്ന വേദന വന്നു.’’ ആൽബർട്ടിന്റെ മുഖത്ത് ഗൂഢമായ പരിഹാസം നിറഞ്ഞു. കഥ വലിയ പരിക്കില്ലാതെ അവസാനിച്ച സുഖവും. അവൻ കൈയും കാലും വലിച്ചുനീട്ടി മൂരി നിവർത്തി. എന്നാൽ സാഷ പെയ്തുതോർന്നു കഴിഞ്ഞിരുന്നില്ല.
‘‘അന്ന് വൈകിട്ട് ജോലി കഴിഞ്ഞെത്തിയ അയാളെ കാത്ത് അവർ വാതിൽപടിയിലുണ്ടായിരുന്നില്ല. അവർ മറ്റൊരു ലോകത്തേക്ക് നടപ്പുതുടങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയവരുടെ കണ്ണുവെട്ടിച്ച് അയാളും അവർക്കൊപ്പമെത്താൻ ധൃതിവെച്ച് പൊയ്ക്കളഞ്ഞു. താൻ അൽപം വൈകിപ്പോയെന്ന വേവലാതിയോടെ! അവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതുകൊണ്ട് ആ മരണങ്ങൾക്ക് പിന്നിലെ കാരണം അതാണെന്ന് ലോകം വിശ്വസിച്ചു. ഞാനൊഴിച്ച്.
ചിലപ്പോൾ എനിക്ക് തോന്നും, ഞാൻ കാരണം ജീവനൊടുക്കി ഇണയെ വേദനിപ്പിക്കുംവിധം അവർക്കിടയിലെ പ്രണയം അത്ര ചെറുതായിരുന്നില്ല എന്ന്. എന്നാൽ, ശുദ്ധപ്രണയത്തിന് അങ്ങനെയൊരു അപകടസാധ്യതയുണ്ടെന്ന് തോന്നുമ്പോൾ ഞാൻ മാത്രമാണ് ആ മരണങ്ങൾക്ക് കാരണമെന്നും തോന്നും. സത്യത്തിൽ ആ ജീവനുകൾ ഭൂമി ഉപേക്ഷിച്ചു പോയതിൽ എന്റെ പങ്കിനെപ്പറ്റി എനിക്കൊരു ഉറപ്പു കിട്ടുന്നില്ല. ആ നശിച്ച ഓർമകളിൽനിന്നും ഓടിയൊളിക്കുംതോറും ആക്രമണോത്സുകനായ വേട്ടപ്പട്ടിയുടെ കിതപ്പു പോലെ അതെന്നെ പിന്തുടരുകയാണ് ആൽബർട്ട്. ഞാൻ എനിക്ക് നൽകിയ ശിക്ഷ അതിന് മതിയാവാത്തപോലെ.’’ തലകുനിച്ച് തന്നിലേക്ക് ചുരുണ്ട് മടങ്ങി ഏങ്ങലടിക്കുന്ന സാഷയുടെ മുഖം മാന്തിപ്പറിക്കാനുള്ള ത്വരയടക്കാൻ ആൽബർട്ട് പാടുപെട്ടു. പിന്നെ കഴിഞ്ഞുപോയതെല്ലാം ഒരു പതിനാലുകാരിയുടെ പ്രണയചപലതകൾ എഴുതിത്തള്ളി കുറ്റബോധം ആൾരൂപം പൂണ്ട സാഷക്ക് മാപ്പ് കൊടുക്കാൻ അവൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ സാഷ അതിന്റെ മുകളിലേക്ക് വലിയൊരു ഭാരം കൂടെ ദയാരഹിതമായി കയറ്റിവെച്ചു.
‘‘അയാളുടെ പേര് നിനക്കറിയേണ്ടേ? അത് ആൽബർട്ട് എന്നായിരുന്നു.’’
പഴകി പഴുത്ത മുറിവിന്റെ പാതിവേദന പങ്കുവെച്ച സുഖത്തിൽ സാഷ കണ്ണുകൾ അടച്ചു. പിന്നെ തനിക്കുള്ളിലെ സമാധാനത്തിന്റെ തുരുത്തുകളിലേക്ക് നടന്നു. ആൽബർട്ട്, തന്നെ പ്രതിബിംബിച്ചു കാണുംപോലെ ഛായാചിത്രത്തിലെ ആൽബർട്ടിനെ നോക്കി. അവന്റെ അഗാധതകളിൽനിന്ന് ഒരു കരച്ചിൽ പൊന്തിവന്ന് സാഷയുടെ മിഴിയാഴത്തിലേക്ക് ഊളിയിട്ടുമറഞ്ഞു. മറ്റൊന്നും ചെയ്യാനില്ലാതെ! ഭൂതകാലത്തിന്റെ വാതിലുകൾ ചാരി ചിത്രം പഴയതുപോലെ മൂടി പൊതിഞ്ഞു വെക്കുമ്പോൾ സാഷ പറഞ്ഞു.
‘‘സാരമില്ല...’’
അത് തന്നോടാണോ, ആൽബർട്ടിനോടാണോ അതോ അവളോട് തന്നെയാണോ അവൾ പറഞ്ഞതെന്ന് അവനു മനസ്സിലായതുമില്ല. പിന്നീടൊരിക്കലും സാഷ തുറന്നുനോക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത ആ ചിത്രത്തെ ഒന്നൂടെ നോക്കി ആൽബർട്ട് ആർട്ട് ഗാലറിയിൽനിന്ന് പുറത്തിറങ്ങി. അവൻ വീടിനു നേരെ നടന്നു. പാതി തുറന്ന ജനൽവഴി അകത്തേക്ക് നൂണ്ടുകയറി. വീടാകെ അലങ്കോലമാണ്. ഇന്നലെ പിന്റോ വഴക്കിടുക മാത്രമല്ല, ആദ്യമായി സാഷയെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. എന്നത്തേയുംപോലെ ഒരു ചെറിയ കാരണത്തിൽനിന്നായിരുന്നു തുടക്കം. പിന്റോയെ സാഷക്ക് കിട്ടിയത് ഒരു മാനസികാശുപത്രിയിൽനിന്നാണെന്ന് സാഷയുടെ സുഹൃത്തുക്കൾ പറയുന്നത് ഒരു തമാശയാണെന്നാണ് ഇതുവരെ ആൽബർട്ട് കരുതിയിരുന്നത്. എന്നാൽ, അത് ഒരു തമാശയല്ലെന്ന് ഇന്നലത്തെ സംഭവത്തോടെ അവന് വിശ്വസിക്കേണ്ടിവന്നു. ലഹരി നശിപ്പിച്ച പിന്റോയുടെ ജീവിതത്തെക്കുറിച്ച് ഒരിക്കൽ സാഷ സുഹൃത്തുക്കളോട് പറഞ്ഞതും ആൽബർട്ട് ഓർത്തു.
ആൽബർട്ട് സാഷയെ അന്വേഷിച്ച് സ്വീകരണമുറിയിലേക്ക് നടന്നു. അവിടെ സോഫയിൽ സാഷ കിടന്നിരുന്നു. അവളുടെ ഉടലും വീടുപോലെ അലങ്കോലമായിരുന്നു. ദേഹം നിറയെ ചുവന്നതും കരിനീലിച്ചതുമായ പാടുകളുമായി അവൾ സോഫയിൽ വശം ചരിഞ്ഞ് കിടന്നു. കൈത്തണ്ടയിൽ അൽപം മുമ്പ് അവളുണ്ടാക്കിയ മുറിവിൽനിന്ന് ചോര ഇറ്റുചാടിക്കൊണ്ടിരുന്നു. ആൽബർട്ട് പരിഭ്രമത്തോടെ തലങ്ങും വിലങ്ങും ഓടി. അവന്റെ കാലിൽ രക്തം പുരണ്ടു. മുറിവ് ചെറുതാണെന്ന് അവന് മനസ്സിലായി. ഒരു പ്രാണന് പുറത്തിറങ്ങി പോകാൻ പറ്റാത്തത്ര ഇടുങ്ങിയത്. എന്നാൽ, വിളറിയ ശരീരപ്രകൃതമുള്ള അവൾക്ക് അത് തന്നെ അപകടം ചെയ്തേക്കുമെന്ന് അവന് തോന്നി. മുമ്പൊരിക്കൽ സംഭവിച്ചപോലെ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട ഒരു നിമിഷം വീണ്ടുമവളെ വലക്കുള്ളിലാക്കിയെന്ന് ആൽബർട്ടിന് മനസ്സിലായി. ആദ്യത്തേത് അവൾക്ക് വിലപ്പെട്ടതായിരുന്നുവെങ്കിൽ, ഇതിനവൾ ഒരുപക്ഷേ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മാത്രം, ആൽബർട്ട് ജനലിലൂടെ പുറത്തു ചാടി എങ്ങോട്ടെന്നില്ലാതെ നടന്നു.
‘‘നീയെന്താ ഇവിടെ? അതും തനിച്ച്?’’ എന്ന ചോദ്യം കേട്ടാണ് ആൽബർട്ട് തലയുയർത്തിയത്. അത് സാഷയുടെ മമ്മ ആയിരുന്നു. നടന്നുനടന്ന് താൻ ഇവിടെയെത്തിയോ എന്നവൻ അത്ഭുതപ്പെടുന്നതിനിടെ മമ്മ അവനെ വാരിയെടുത്ത് അകത്തേക്ക് നടന്നു. അവന്റെ പാദങ്ങളിലെ രക്തച്ചുവപ്പ് കണ്ട് ശകാരിച്ചു. ‘‘അവൾ വയറുനിറച്ച് തിന്നാൻ തന്നാലും കണ്ടതിനെയൊക്കെ നായാടി പിടിക്കുന്ന സ്വഭാവം നീ മാറ്റില്ല അല്ലേ?’’ അവർ അവന്റെ കാലുകൾ വാഷ്ബേസിനിലേക്ക് നീട്ടിപ്പിടിച്ചു കഴുകി. സാഷയുടെ രക്തം വെള്ളത്തിൽ കുതിർന്ന് അവരുടെ കൈകളിലൂടെ ഒഴുകി ഇറങ്ങിയപ്പോൾ വിധിയുടെ പരിഹാസം നിറഞ്ഞ ഈ രഹസ്യനീക്കത്തെക്കുറിച്ച് മമ്മയോട് സൂചിപ്പിക്കാൻ ആഗ്രഹിച്ച് അവൻ മുരണ്ടു.
‘‘ശ്... ശ്... സാഷയുടെ പപ്പക്ക് ഇത്തരം വൃത്തികെട്ട ശബ്ദങ്ങൾ ഇഷ്ടമല്ല.’’ മമ്മ അവനെ വിലക്കി.
മമ്മ ചുടുപാൽ പാത്രത്തിലൊഴിച്ച് അവന്റെ മുന്നിൽ വെച്ചു.
അതീന്ദ്രിയ ഭാവനകളുടെ കനത്ത മേൽകുപ്പായങ്ങൾ ഊരിയെറിഞ്ഞ് അവൻ അവർ നൽകിയ ചുടുപാൽ കേവലമായ മൃഗചോദനയുടെ ആർത്തിയിൽ നക്കിക്കുടിച്ചു. വയറുനിറഞ്ഞപ്പോൾ അവിടെനിന്ന് ഇറങ്ങിനടന്നു. വഴിയിലൊരിടത്ത് െവച്ച് അവൻ പിന്റോയെ കണ്ടു. അവൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്.
‘‘ഞാൻ ഒന്നും വേണംന്ന് വെച്ച് ചെയ്യുന്നതല്ലെഡാ... ലഹരിയും ചികിത്സയും ഭൂതകാലങ്ങളെ പൂർണമായും മറവിയിലേക്ക് മായ്ച്ചിട്ട ഒരുത്തന്റെ വെപ്രാളം നിനക്കൊന്നും മനസ്സിലാവില്ല. തലച്ചോറിൽ ഒരു ബുള്ളറ്റിന്റെ ശബ്ദം മാത്രമാണ് ബാക്കിയുള്ളത്. പിന്നെ പാട്ടു മൂളുന്ന ഒരു സ്ത്രീയുടെ നിഴലും. അവരാരാണ്, എന്താണ് എന്നൊന്നും എനിക്കറിയുന്നില്ല. പക്ഷേ എന്റെ ആരോ ആണെന്ന് തോന്നും. ഇന്നലെ ജോലിക്കിടെ സാഷ മൂളിപ്പാട്ട് പാടിയപ്പോൾ എന്റെ തലച്ചോറിന് തീ പിടിച്ചതുപോലും ഞാനറിഞ്ഞിട്ടല്ല. പിന്നെ എന്താണവളോട് ഞാൻ ചെയ്തുപോയതെന്നും എനിക്കോർമയില്ല... പക്ഷേ സാഷക്കെന്നോട് ക്ഷമിക്കാനാവും; അവൾ എന്തിനാണ് എന്നോടിത്ര ദയ കാണിക്കുന്നതെന്ന് എനിക്കറിയില്ലെങ്കിലും.’’
കനത്ത സങ്കടത്തിന്റെ കൂറ്റൻ കല്ലിനടിയിൽപെട്ട് ഞെരിഞ്ഞമർന്നപോലെ ആൽബർട്ടിൽനിന്നൊരു ചതഞ്ഞ ശബ്ദം പുറത്ത് വന്നു... ഒച്ച കേട്ട് സംസാരത്തിനിടെ പിന്നിലേക്ക് തിരിഞ്ഞുനോക്കിയ പിന്റോ ആൽബർട്ടിനെ കണ്ട് പല്ല് ഞെരിച്ചു.
‘‘അവളുടെ കള്ളക്കാമുകനല്ലെടാ നീ...’’ എന്നലറി അവൻ ആൽബർട്ടിനെ ആഞ്ഞുതൊഴിച്ചു. റോഡ്സൈഡിലെ ഇരുമ്പ് തൂണിൽ തലയിടിച്ച് ചിന്നിച്ചിതറി ആൽബർട്ട് ദൂരേക്ക് ദൂരേക്ക് പറന്നു.
മേഘക്കൂട്ടങ്ങളിൽ പുതഞ്ഞുപോകുന്ന കാലുകൾ വലിച്ചെടുത്ത് മുന്നോട്ട് നടക്കുമ്പോൾ തനിക്ക് മുന്നേ സാഷ ഇതേ വഴിയിലൂടെ നടന്നുപോയിട്ടുണ്ടാവുമോ, അതോ അലങ്കോലമായ വീടിനെയും തന്നെയും വൃത്തിയാക്കിയെടുത്ത് ഒന്നും സംഭവിക്കാത്ത മട്ടിൽ പിന്റോയേയും കാത്തിരിക്കുകയായിരിക്കുമോ എന്നതിൽ അവനൊരു വ്യക്തത കിട്ടിയില്ല. രണ്ടാമത്തേത് സംഭവിക്കണേ എന്നാണ് അവൻ അതിയായി ആഗ്രഹിച്ചത്. ഇപ്പോഴവന് പിന്റോയെ സ്നേഹിക്കാനാവുന്നുണ്ട്. ഒരുപക്ഷേ സാഷയെക്കാൾ കൂടുതൽ.-ആൽബർട്ട് എന്ന് പേരുള്ള പൂച്ചക്കുമാത്രം സാധ്യമായ ഒന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.