ഏഴുപള്ളി തീർഥാടനത്തിനു നീ വരുന്നോ എന്നു ശോശന്ന മെസേജയച്ചപ്പോൾ എനിക്കത് എന്താ ഏതാ എന്നുപോലും പിടികിട്ടിയില്ല.
‘‘അത് ഇപ്പഴത്തെ ഒരു പരിഷ്കാരമാടീ. പെണ്ണുങ്ങൾടെ, അല്ല നമ്മളെപ്പോലത്തെ വയസ്സായ പെണ്ണുങ്ങൾടെ ടൂറ്! ചെറുപ്പക്കാരത്തികള് കുളു മനാലിയോ കാശ്മീരോ അങ്ങനേതാണ്ടൊക്കെയിടത്ത് പോകും. കാശൊള്ളോര് ജറുസലേമിലും.
നമ്മക്കുണ്ടോ അതിനൊക്കെ പാങ്ങ്? നമ്മളെയൊണ്ടോ അതിനെല്ലാം വിടുന്നു? അപ്പം നമ്മക്കു പറ്റീത് ഇതൊക്കെയാ... കാശും കൊറച്ചുമതി, തള്ളമാര് പോയി പ്രാർഥിച്ചേച്ചു വരട്ടെന്ന് വീട്ടുകാരും വിചാരിക്കും. നമ്മടെ പ്രാർഥനേടേം നേർച്ചക്കാഴ്ചകൾടേം പുണ്യം മൊത്തമായിട്ട് അവർക്കു കിട്ടുമല്ലോ. നീയും വാ...’’
അവൾ വോയിസ് മെസേജയച്ചു. പൂഞ്ഞാറിലേക്കു കെട്ടിച്ച അവളുടെ മോള് റോസക്കുട്ടി കൊടുത്തതായിരുന്നു ആ സ്മാർട്ട്ഫോൺ. നാലഞ്ചുവർഷം പഴേത്, എപ്പഴും തകരാറിലാവുന്നത്, പൊട്ടാനും പൊളിയാനും ഇനിയൊട്ടും ബാക്കിയില്ലാത്തത്. എന്നാലും അമ്മച്ചീ സൂക്ഷിച്ചോണേ, വെല പിടിച്ചതാ, ഉപയോഗിക്കാനറിയാതെ നശിപ്പിക്കല്ലേ എന്നൊക്കെപ്പറഞ്ഞ് ഏതാണ്ടു നിധി തരുന്നപോലാ അവളതു തന്നത് എന്നു ശോശന്ന ചിരിക്കും. എന്തായാലും അങ്ങാടീലേ മൊബൈൽക്കടേൽ കൊടുത്ത് സ്ക്രീനെല്ലാം മാറ്റി പിന്നേം ഏതാണ്ടെല്ലാം ചെയ്ത് ശോശന്നയതിനെ കുട്ടപ്പനാക്കി. വാട്സാപ്പും ഫേസൂക്കും എടുത്തു.
‘‘നമുക്കിതൊന്നും മനസ്സിലാവത്തില്ലെന്ന് പിള്ളേരു പറയും... ആരേലും വേണ്ടപോലെ പറഞ്ഞുതന്നാ മനസ്സിലാക്കാനെന്നാ പാട്? ഇതിനേക്കാളും വല്യതൊക്കെ നമ്മളു പഠിച്ചെടുത്തേക്കുന്നു... പിന്നാ ഈ ചീളുകേസ്... അമ്മാമ്മയ്ക്ക് ഒന്നും മനസ്സിലാവത്തില്ലെന്നു പറയുന്ന ഇവർക്ക് പാളേല് ഒരു തകരോം കുത്തി നിർത്തി അതേല് നിന്നനിൽപിന് രണ്ടു കൊട്ട കൂവ അരയ്ക്കാനറിയാമോ? ഒറ്റയിരുപ്പിനിരുന്ന് വിരലൊന്നു പോറുകപോലും ചെയ്യാതെ ക്വിന്റലുകണക്കിന് കപ്പയരിയാനൊക്കുമോ? അറിയത്തില്ലല്ലോ? നമുക്കതൊക്കെ പുല്ലുപോലാ! പിന്നല്ലേ ഇത്തിരിപ്പോന്ന ഈ കുന്ത്രാണ്ടത്തെ തോണ്ടുന്നത്...’’
അവളുടെ ഓരോ വാചകത്തിന്റെ കൂടെയും ചിരി കിലുങ്ങും. ചിരിയില്ലാതെ ഒന്നും പറഞ്ഞൊപ്പിക്കാൻ അവൾക്കു സാധിക്കില്ല. പണ്ടു സ്കൂളിൽ സാറന്മാര് എഴുന്നേപ്പിച്ചു നിർത്തി ചോദ്യം ചോദിക്കുമ്പോഴും അവളിങ്ങനെ ചിരികലർത്തിയേ ഉത്തരം പറയൂ. ഉത്തരമറിയില്ലെങ്കിലും പറയുന്നതു പൊട്ടത്തെറ്റാണെങ്കിലും ചിരിക്കു പഞ്ഞമുണ്ടാവില്ല. അന്നു ആമ്പിള്ളേരവളെ ചിരിക്കുടുക്ക എന്നു വിളിച്ചിരുന്നു. അതൊക്കെ എത്രകാലം മുമ്പായിരുന്നു! ഇപ്പോഴും അവളുടെയാ ചിരി വറ്റിപ്പോയിട്ടില്ലല്ലോ എന്നോർത്തു ഞാൻ.
താമസിക്കുന്നത് ഒരുപാടകലെയൊന്നുമല്ലാഞ്ഞിട്ടും ഞങ്ങൾ തമ്മിൽ കണ്ടിട്ടു പത്തമ്പതു വർഷങ്ങളായി. ഇപ്പോൾ കൂടെക്കൂടെ സംസാരിക്കാനും മെസേജയക്കാനും പറ്റുന്നതുകൊണ്ട് അക്കാര്യം ഞാനോർക്കാറുപോലുമില്ല.
‘‘എടീ നീയും വാ. പൊലർച്ചേ അഞ്ചുമണിക്ക് പുറപ്പെടും. പടുമലപ്പള്ളി മൊതല് അരൂത്രപ്പള്ളി, മുതലക്കോടം, ഭരണങ്ങാനം, ആർത്തുങ്കൽ, വല്ലാർപാടം...കൊരട്ടി... അങ്ങനെ ഏഴു പള്ളികൾ. നീ നിങ്ങടവിടത്തെ കുരിശുപള്ളീന്ന് കേറിയാ മതി. ഒരുദിവസം മുഴുക്കെ നമുക്ക് കറങ്ങാം... നിനക്കൂടെയുള്ള കാശു ഞാൻ കൊടുക്കുന്നുണ്ടേ...’’
ഞാൻ അമ്പരന്നു. അവളുടെ തീർഥാടനത്തിൽ എനിക്കെന്തു കാര്യം? അല്ലേലും ഒരുദിവസം മുഴുവൻ ഞാനെങ്ങനെ..?
‘‘നീയിപ്പം വിചാരിക്കുന്നതെന്നതാന്നു എനിക്കറിയാം. ഹിന്ദുസ്ത്രീയായ നീയെന്തിനാ കണ്ട പള്ളീലൊക്കെ കേറി നടക്കുന്നേന്നല്ലേ? എന്റേടീ, പള്ളിയിലായാലും അമ്പലത്തിലായാലും ദൈവങ്ങളൊക്കെ ഒന്നു തന്നെയാ! പേരിലും വേഷത്തിലും മാറ്റം കാണും. അല്ലാതെന്നാ! ഞാൻ ഈശോയേന്നു വിളിക്കുന്നു, നീ കൃഷ്ണാന്നും. ഈ വിളി മാത്രേയൊള്ള്. ഈശോയും കൃഷ്ണനുമൊന്നും നമ്മടെ വിളി കേട്ടിട്ടുമില്ല, ഇനിയൊട്ടു കേൾക്കുകേമില്ലെന്നൊള്ളത് വേറെ കാര്യം. നിങ്ങള് ഹിന്ദുസ്ത്രീകള് നാലമ്പല ദർശനോം എട്ടമ്പലം ചുറ്റലും ഒക്കെ നടത്തുന്നില്ലേ? അതു കണ്ടിട്ടാ ഞങ്ങടെ പള്ളീലച്ചന്മാരിങ്ങനത്തെ പദ്ധതിയിട്ടിരിക്കുന്നത്. അവരാരാ മക്കള്! അട്ടേടെ കണ്ണുകണ്ടവരാ... പക്ഷേ നമുക്കിത് തീർഥാടനവൊന്നുമല്ല, ടൂറാ...’’
അവൾ നിർത്താതെ ചിരിച്ചു. കട്ടപ്പനേന്നു തൊടുപുഴക്കു പോകുന്ന ലൈൻബസാണു വികാരിയച്ചൻ ആദ്യം ബുക്കു ചെയ്തത്. അതൊന്നും പോരെന്നും പാട്ടും സിനിമേമൊള്ള ടൂറിസ്റ്റു ബസു തന്നെ വേണമെന്നും ശോശന്നയടക്കമുള്ള സീനിയർ സിറ്റിസൺസ് ആവശ്യപ്പെട്ടു. അങ്ങനെ ബസ് ആയെങ്കിലും ആദ്യം വരുമെന്നു പറഞ്ഞ പെണ്ണുങ്ങൾ പലരും കാലുമാറി. ഒടുവിൽ യാത്ര മുടങ്ങുമെന്നായപ്പോൾ ശോശന്ന തന്നെ കഷ്ടപ്പെട്ടിറങ്ങി കൈയും കാലും പിടിച്ചു പത്തുമുപ്പതാളെ ഒപ്പിച്ചെടുത്തിട്ടുണ്ട്.
‘‘ഇനീം നാലഞ്ചു സീറ്റു ബാക്കിയൊണ്ട്. നീയും വാ. നമ്മളു പണ്ട് എട്ടാംക്ലാസില് കൊച്ചിക്ക് എസ്കർഷനു പോകാൻ കൊതിച്ചിട്ട് വീട്ടീന്നു വിടാത്തതോർമയൊണ്ടോ? വിടാത്തതല്ല, കാശില്ലാഞ്ഞിട്ടാ... അന്നെല്ലാരും പോകുന്നതു നമ്മള് നോക്കിനിന്നു... ഇപ്പമൊരവസരം കിട്ടിയതാ. നിനക്കു പള്ളീക്കേറാൻ പ്രയാസമാണേല് പൊറത്തുനിന്നോ. എനിക്കും പള്ളീക്കേറലൊന്നുമല്ലെടീ പ്രധാനം. ഈ യാത്രയാ! നിന്റെ പേരു ശാന്തമ്മാ ന്നായതു നന്നായി. ഹിന്ദുക്കളിലും ശാന്തമ്മയൊണ്ട്, ക്രിസ്ത്യാനി ശാന്തമ്മയുമൊണ്ട്. ആരു തിരിച്ചറിയാനാ? ഇനീപ്പോ അറിഞ്ഞാലും എന്നാ കൊഴപ്പമുണ്ടാവാനാ...’’
അവൾ നിർത്താതെ മെസേജയച്ചു. അത്രയും തന്നെ ചിരിച്ചു.
‘‘പതിനേഴാംന്തീ രാവിലെ നിങ്ങടവിടത്തെ കുരിശുപള്ളീല്. ഞങ്ങടെ വണ്ടി ആറരക്കവിടെയെത്തുമാരിക്കും. ചെലപ്പം എടേല് ഒരു പള്ളീക്കേറീട്ടേ വരത്തൊള്ളൂ. അതു നെനക്കു മിസ്സാവും. അപ്പോ നിനക്കിത് ആറുപള്ളി തീർഥാടനം... ഞാൻ മെസേജയക്കാം.’’
അവൾ നിർത്തിപ്പോയി. മനോജന്റെ ചില്ലുപൊട്ടിയ ഫോണും പിടിച്ച് ഞാനമ്പരപ്പോടെയിരുന്നു. മൂന്നര വർഷമായി ഇതു മനോജന്റെയല്ല, എന്റെയാണ്. എന്റെ കൈയിൽനിന്നു താഴെവീണാണ് ഇതിന്റെ ചില്ലു പൊട്ടിയത്. എങ്കിലും ഞാനിതിനെ മനോജന്റെ ഫോണെന്നേ ഓർക്കാറും പറയാറുമുള്ളൂ. ഒരുദിവസം അവനെണീറ്റു വന്നു ചോദിക്കുമ്പോൾ തിരിച്ചുകൊടുക്കണം. അതിനു മുന്നേ ഇതിന്റെ ചില്ലൊന്നു മാറ്റിവെക്കണം. അവൻ ആശിച്ചുവാങ്ങിയതും പൊന്നുപോലെ കൊണ്ടുനടന്നതുമാണ്. എനിക്ക് കണ്ണുനിറഞ്ഞു. ശോശന്ന എന്നെക്കൂടി ഈ യാത്രയിൽ കൂട്ടുന്നതെന്തിനാണെന്ന് എനിക്കറിയാം. കുറെക്കാലമായി ഞാൻ വീട്ടിന്നു പുറത്തേക്കിറങ്ങുന്നത് അപൂർവമാണ്. എനിക്ക് മനുഷ്യരെ കാണുന്നതും അവരുടെ സഹതാപം നിറഞ്ഞ വാക്കുകൾ കേൾക്കുന്നതും ചെടിപ്പാണ്. ഇങ്ങനെ ചടഞ്ഞുകൂടിയിരുന്നാൽ പെട്ടന്നു വയസ്സാകുമെടീ, ശരീരം മാത്രമല്ല മനസ്സും എന്നൊക്കെ അവളെന്നെ സ്ഥിരം ഉപദേശിക്കാറുണ്ട്. ‘‘മനസ്സില് നമ്മളിപ്പഴും സെന്റ് അഗസ്റ്റിനിലെ എട്ടാം ക്ലാസുകാരികളല്ലേ? അന്നു നമ്മളെന്തോരം വർത്തമാനം പറയുവാരുന്നു. ക്ലാസിലിരുന്നു മിണ്ടുന്നേനു പൊന്നമ്മ സാറെത്ര നുള്ളിയേക്കുന്നു!’’
അവൾ പറയുമ്പോഴാണ് ഞാനതോർത്തത്. അന്നൊന്നും വർത്തമാനം പറഞ്ഞാലും പറഞ്ഞാലും തീരില്ലായിരുന്നു. മേയ് രണ്ടാം തീയതി പാസായോന്നു നോക്കാൻ വരാമെന്നു പറഞ്ഞാണ് സ്കൂളടച്ച ദിവസം രണ്ടുവഴിക്കു പിരിഞ്ഞത്. പിന്നൊരിക്കലും അങ്ങോട്ടു പോവാൻ കഴിഞ്ഞില്ല. പിറ്റേന്ന് ഓർക്കാപ്പുറത്ത് പെയ്ത വേനൽമഴയ്ക്കൊപ്പം വന്ന മിന്നലിൽ ഉണങ്ങാനിട്ട കുരുമുളകു വാരിക്കൊണ്ടിരുന്ന അച്ഛൻ മരിച്ചു. കുട്ടയുമെടുത്ത് ചായ്പിൽ നിന്നോടി വരുമ്പോഴാണ് അച്ഛൻ തെറിച്ചുവീഴുന്നതു കാണുന്നത്. നിലവിളിച്ചോടിച്ചെല്ലുമ്പോൾ കാതടപ്പിക്കുന്ന ഇടിയൊച്ച. പത്തമ്പതു വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ഇടയ്ക്കിടെയതു കാതിൽ മുഴങ്ങും.
എല്ലാരേം പഠിപ്പിക്കാൻ പറ്റത്തില്ലെന്നും ആമ്പിള്ളേരു മാത്രം സ്കൂളിൽ പോട്ടെന്നും അമ്മ നിശ്ചയിച്ചതോടെ റിസൽട്ടറിയാൻപോലും പോയില്ല. ശോശന്ന വന്നു കാത്തുനിന്നിട്ടുണ്ടാവും. പുതിയ വർഷം തുടങ്ങി കുറെക്കഴിഞ്ഞപ്പോൾ അക്കരെയുള്ള കൊച്ചിന്റെ കയ്യിൽ അവൾ കൊടുത്തയച്ച എഴുത്ത്... നീയെന്താ വരാത്തതെന്നും നീയില്ലാഞ്ഞ് ഒരു രസവുമില്ലെന്നും ആരോടും കൂട്ടുകൂടാൻ തോന്നുന്നില്ലെന്നും വർത്തമാനം പറയാറില്ലെന്നുമൊക്കെ എഴുതിനിറച്ച ഒന്ന്. ഒന്നു വാടീ, എനിക്കു നീയില്ലാണ്ടു സഹിക്കുന്നില്ല കൊച്ചേ എന്നവസാനിപ്പിച്ച എഴുത്ത് വായിക്കുംതോറും കണ്ണീരു വീണു കുതിർന്നു. മറുപടിയെഴുതിയില്ല. എഴുതാൻ ശ്രമിക്കാതെയല്ല, ഇനിയൊരിക്കലും വരില്ലെന്നും ഇനിയൊരുകാലത്തും നമുക്ക് കൂട്ടുകൂടാൻ പറ്റില്ലെന്നും എഴുതിത്തീർക്കാൻ കഴിയാതെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പിന്നെ മൂന്നുവർഷം മുന്നെയാണ് അവളെ കണ്ടെത്തുന്നത്. അതും വിചിത്രമായ രീതിയിൽ. മനോജന് ചികിത്സാ സഹായമഭ്യർഥിച്ച് അവരുടെ നാട്ടിലു പോസ്റ്ററുകളൊട്ടിച്ചിരുന്നു, നോട്ടീസും ബക്കറ്റുപിരിവുമുണ്ടായിരുന്നു. ആ നോട്ടീസിലെ മനോജന്റെ ചിത്രം കണ്ട്, പ്രത്യേകിച്ച് അവന്റെ കണ്ണുകൾ കണ്ട് അവൾക്കു സംശയമായത്രേ. പിന്നെ അക്കൗണ്ട് ഡീറ്റെയിൽസിലെ ശാന്തമ്മയെന്ന പേര്. അവൾ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. അക്കാലത്ത് മനോജന്റെ ഫോണിലേക്ക് ധാരാളം കോളുകൾ വരുമായിരുന്നു, മിക്കതും അവന്റെ അപകടത്തെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഒന്നുമറിയാതെ വിളിക്കുന്നവ. അതെല്ലാം എടുത്ത് അവരോടെല്ലാം അവനെക്കുറിച്ചു പറയുന്നത് എനിക്കു ക്ലേശകരമായിത്തുടങ്ങിയതോടെ ഞാൻ ഫോണെടുക്കുന്നതു പരിമിതപ്പെടുത്തി.
അറിയുന്ന പേരുകൾ കണ്ടാൽ മാത്രം എടുക്കും. മൂന്നുദിവസം പലതവണ വിളി വന്നപ്പോഴാണ് ഞാൻ അവളുടെ കോളെടുത്തത്. പതറിപ്പതറി സംശയത്തോടെ ശാന്തമ്മയല്ലേ, സെന്റ് അഗസ്റ്റിനിൽ പഠിച്ചിട്ടില്ലേ എന്ന ചോദ്യം കേട്ടതും എന്റെ ഹൃദയം പിടച്ചുതുള്ളി. എടീ ശോശന്നേ എന്നു ഞാൻ സംശയലേശമില്ലാതെ വിളിച്ചു. അവൾ അപ്പുറത്ത് വിമ്മിക്കരഞ്ഞുപോയി. ഇത്തിരികഴിഞ്ഞ് വിളിക്കാമെന്നു പറഞ്ഞ് കട്ടു ചെയ്തുപോയിട്ട് പിന്നെ രാത്രിയാണു വിളിച്ചത്.
‘‘ഇത്രേം നേരമെടുത്തു ശാന്തം... കരയാതെ, സൊരമിടറി നിന്നുപോവാതെ നിന്നോടു മിണ്ടാൻ എന്നെത്തന്നെ പഠിപ്പിക്കുവാരുന്നു ഞാൻ... ഇനി പറയ് നിന്റെ വിശേഷങ്ങൾ..?’’
അന്നേരം എനിക്കാണു വാക്കുമുട്ടിയത്. ഞാൻ പൊട്ടിക്കരഞ്ഞു. അവൾ എന്നെ ആശ്വസിപ്പിച്ചു കാണും. എനിക്ക് പറയാനൊരു നല്ല വിശേഷവുമുണ്ടായിരുന്നില്ല. എന്റെ ജീവിതത്തിൽ ആകെയുള്ള ഒരേയൊരു വിശേഷം ഞാൻ പറയാതെ തന്നെ അവൾക്കറിയാമല്ലോ. മനോജന്റെ കണ്ണു കണ്ടപ്പോൾ അവൾക്ക് എന്റെ കണ്ണുകളോർമ വന്നത്രേ!
‘‘എന്തതിശയമാന്നു നോക്കെടീ, ആ നോട്ടീസു കണ്ടിട്ട് എനിക്കേതാണ്ടുപോലെ... എവിടെയോ പരിചയമുള്ള ആളാന്നു തോന്നുകാ... ഞാനതു കൊണ്ടുപോയി ബൈബിളിനാത്തു വെച്ചു, രാത്രി ഒറക്കം വരാണ്ട് തിരിഞ്ഞുംമറിഞ്ഞും കെടക്കുമ്പോ എടക്കിടെ എടുത്തുനോക്കി. പിറ്റേന്ന് ജീസസ് യൂത്തുകാരോട് പോയി ചോദിക്കുമ്പഴാ അവര് പേരും ഫോൺനമ്പരും തന്നേ. അപ്പോഴും എനിക്കൊറപ്പില്ല നീയാണെന്ന്. തുടനാട്ടിൽ കിടന്ന നീയെങ്ങനെ താമരക്കണ്ടത്തെത്താനാണെന്നാ എന്റെ വിചാരം.’’
കല്യാണം കഴിച്ചത് ആങ്ങളയുടെ കൂടെ പണിക്കു വന്ന ഒരാളെയാണെന്നും അങ്ങേരുടെ നാടു കുമളീലായതുകൊണ്ട് ഇവിടെ വന്നുറച്ചതാണെന്നും ഞാൻ പറഞ്ഞു. അവളു ഒമ്പതാംക്ലാസു കഴിഞ്ഞപ്പോഴേക്ക് വീട്ടുകാര് അവിടത്തെയെല്ലാം വിറ്റ് രാജകുമാരിയിലേക്കു പോന്നു. കെട്ടിയത് പട്ടാളക്കാരനായിരുന്നു, അയാളുടെ കൂടെ ബോംബേലൊക്കെ കൊറച്ചു കാലം താമസിച്ചിട്ടുണ്ട്. റിട്ടയറായേപ്പിന്നെ കൃഷീം കാര്യങ്ങളുമായി നാട്ടിൽത്തന്നെയായിരുന്നു... പാമ്പുകടിച്ചിട്ടാ അങ്ങേരു മരിച്ചത്. സന്ധ്യയ്ക്ക് പണീം കഴിഞ്ഞ് പറമ്പീന്നു കേറി ഒന്നു കുളിച്ചേച്ചു വരാമെന്നു പറഞ്ഞ് തോട്ടിലോട്ടിറങ്ങിയതാ. എന്നും നടക്കുന്ന തെളിഞ്ഞ വഴി, കയ്യില് നാലു കട്ടേടെ ടോർച്ചുമൊണ്ട്... കുളികഴിഞ്ഞ് താഴെ കൂട്ടുകാരടെ കൂടെ സെറ്റുകൂടാൻ പോകാറുണ്ട് ചെലപ്പോ. അതുകൊണ്ട് അന്വേഷിച്ചില്ല. പാതിരാക്കു തെരഞ്ഞു ചെല്ലുമ്പോ കരിനീലിച്ച്...
വരുന്ന മീനത്തില് പത്തുകൊല്ലം തെകയും. കൊറച്ച് ഏലോം കാപ്പീം റബ്ബറുവൊക്കെയുണ്ട്, അങ്ങേരടെ പെൻഷനും. ജീവിച്ചു പോകാടീ... നമുക്കതൊക്കെപ്പോരേ? മക്കള് നാലും ഓരോ വഴിക്കായി. മൂത്തവനാണ് കൂടെ. പള്ളീം അതിന്റെ വനിതാവിങ്ങിന്റെ ചുമതലേം ഒക്കെയായിങ്ങനെ പോകുന്നു... ഇതൊക്കെ അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു.
പിന്നെ ഇടക്കിടെ വിളിച്ചു, എപ്പോഴോ വീഡിയോകോൾ വിളിച്ചപ്പോഴൊന്നും ഞാൻ എടുത്തില്ല. സെന്റ് അഗസ്റ്റിനിലെ പഴയ എട്ടാം ക്ലാസുകാരികളാണു നമ്മളെന്നു ഇടക്കിടെ ശോശന്ന പറയുമെങ്കിലും എനിക്ക് അങ്ങനെ ഒരിക്കലും തോന്നാറില്ല. എന്റെ മനസ്സ് ആ പാവാടപ്രായത്തിൽനിന്ന് ഒരുപാടു ദൂരം വളർന്ന് മൂന്നരവർഷം മുന്നത്തെ ഞാൻ വരെയെത്തി അവിടെത്തറഞ്ഞു നിൽക്കുകയാണ്. മുന്നോട്ടുമില്ല, പിന്നോട്ടുമില്ലാത്ത വിധം ഉറഞ്ഞുപോയൊരു നിൽപ്. അതുകൊണ്ടുതന്നെ വിഷാദവും ഉറക്കമില്ലായ്കയും തളംകെട്ടിയ എന്റെ മുഖവും ശരീരവും അവൾ കാണരുത്. വീഡിയോകോളെടുത്താൽ മനോജനെക്കാണണമെന്നും പറയും. അവനെയും പുതുതായി ആരും കാണരുതെന്നു ഞാൻ നിശ്ചയിച്ചു.
വീട്ടിലേക്കൊന്നു വന്നോട്ടെയെന്നു കെഞ്ചി ചോദിച്ചിട്ടും ഞാനനുവദിച്ചില്ല. എന്നാൽ നീയൊന്നിങ്ങു വാ, താമരക്കണ്ടത്തുനിന്ന് നേരിട്ടു ബസ്സൊണ്ടടീ, ഞാൻ പള്ളിമുക്കിൽ കാത്തുനിക്കാം... അവൾ യാചിച്ചു. നോക്കാമെന്നു പറഞ്ഞതല്ലാതെ ഞാനൊരിക്കലും അതിനെപ്പറ്റി ആലോചിച്ചതുപോലുമില്ല. ഫോണിൽ സംസാരിക്കാം, എത്രനേരം വേണമെങ്കിലും. പക്ഷേ നേരിൽ കാണണ്ട. തോറ്റുപോയവൾക്ക് ഒളിച്ചിരിക്കാനേ താൽപര്യമുണ്ടാവൂ എന്നു ശോശന്നക്ക് മനസ്സിലാവുന്നില്ലേ? സഹതാപവും കരുണയും അവളുടെ ഉള്ള അന്തസ്സിനെക്കൂടി ദ്രവിപ്പിക്കും. ആരും എന്നെ കാണണ്ട, അതു ശോശന്നയാണെങ്കിലും.
അന്നു പൈസയൊക്കെ പിരിച്ചു മനോജന്റെ ഓപറേഷൻ നടത്തിയെങ്കിലും അതുകൊണ്ടു വലിയ മാറ്റമൊന്നുമുണ്ടായില്ല. കാത്തിരിക്കാമെന്നാണു ഡോകടർ പറഞ്ഞത്. ‘‘ചിലപ്പോൾ, ഭാഗ്യമുണ്ടെങ്കിൽ, ദൈവാനുഗ്രഹമുണ്ടെങ്കിൽ...’’
പ്രതീക്ഷക്ക് വകയില്ലെന്നു പറയാൻ ഡോക്ടർമാർക്കെത്ര വഴികളാണെന്നു ഓരോ ചെക്കപ്പിനു പോകുമ്പോഴും ഞാൻ അമ്പരന്നു. ഇനി എന്തെങ്കിലും വിശേഷിച്ചുണ്ടായാൽ മാത്രം മനോജനെ കൊണ്ടുവന്നാൽ മതിയെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതുവരെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലത്രേ...
യാത്രയുടെ കാര്യം പറഞ്ഞതിനുശേഷം മിക്ക ദിവസങ്ങളിലും ശോശന്ന വിളിച്ചു, വന്നേ തീരൂ എന്നു നിർബന്ധിച്ചു, ഞാനെങ്ങനെ വരാനാടീ എന്നു നിസ്സഹായയായപ്പോൾ, നിനക്കു മനസ്സുണ്ടോ, മനസ്സൊണ്ടേല് വഴിയൊണ്ട്, അണക്കരേന്ന് നിന്റെ മോളോട് പറഞ്ഞാ ഒരീസം വന്നുനിക്കത്തില്ലേ?അല്ലേല് ഞാമ്പറഞ്ഞ് പെയിൻ ആൻഡ് പാലിയേറ്റീവീന്ന് കന്യാസ്ത്രീകളെ വിടാം... എടീ മെല്ലെ മെല്ലെ നീയീ പുറ്റിൽനിന്നു പുറത്തുവരണം. സംഭവിച്ചത് ഒരിക്കലും സഹിക്കാൻ വയ്യാത്തതാ, പക്ഷേ വന്നു പോയി. ഇത്രേം നീ സഹിച്ചില്ലേ? ഇനീം സഹിക്കേണ്ടി വരും. ജീവിതോംകൊണ്ടിങ്ങനെ ഒളിച്ചിരിക്കാതെ പുറത്തുവാ. സന്തോഷിക്കാനും സമാധാനിക്കാനുമൊക്കെയൊള്ളത് നമ്മള് സ്വയം കണ്ടെത്തണമെടീ.’’
നീയിങ്ങനെ പള്ളീലച്ചന്മാരുപദേശിക്കുന്നപോലെ എന്നെ ഉപദേശിക്കാതെന്നു ഞാനവളെ കളിയാക്കി.
‘‘നീ വരണം, ഇതൊരു തൊടക്കമാവണം, മനോജൻ കിടപ്പിലാവുന്നേനു മുന്നേ നീ കുമളീല് തയ്യൽക്കടേല് പൊയ്ക്കൊണ്ടിരുന്നതല്ലേ? നന്നായി തയ്ക്കാനറിയാവല്ലോ? ഒരു മെഷീൻ വാങ്ങാൻ നെനക്കു പാങ്ങില്ലേല് ഞങ്ങടെ വനിതാ വിങ് വാങ്ങിത്തരും, ചുമ്മാ അവനെ മാത്രം നോക്കിയിരിക്കാതെ നീ തയ്യലു തൊടങ്ങ്. നിനക്ക് തയ്യൽപ്പണിക്കൊള്ള തുണീം ഞാനൊപ്പിച്ചു തരും. താമരക്കണ്ടം എന്റെ നാട്ടീന്ന് ഒത്തിരി ദൂരത്തൊന്നുമല്ല. എന്റേടീ, നീ കേട്ടിട്ടില്ലേ, സഞ്ചരിക്കുന്നത് ഉറുമ്പാണെങ്കിലും 100 യോജന താണ്ടാൻ സാധിക്കും. എന്നാലോ ഗരുഡനാണെങ്കിലും സഞ്ചരിച്ചില്ലെങ്കിൽ ഒരടിപോലും മുന്നോട്ടു നീങ്ങാൻ സാധിക്കത്തില്ല.’’
ഞാനത് ആദ്യം കേൾക്കുകയായിരുന്നു.
‘‘അർത്തശാസ്ത്രമാടീ... അപ്പൻ പണ്ടു പൂസായാ ഞങ്ങളേം വിളിച്ചിരുത്തി ഇങ്ങനോരോ തത്ത്വം പറയുമാരുന്നു. എവിടന്നു പഠിച്ചതാന്നു കർത്താവിനറിയാം’’, അവൾ കിലുകിലെ ചിരിച്ചു.
ഇങ്ങനെ ദിവസങ്ങൾ നീണ്ട വിളികൾക്കും നിർബന്ധങ്ങൾക്കും ശേഷം ഒടുക്കം അവൾക്കൊപ്പം ചെല്ലാമെന്ന് എനിക്കു സമ്മതിക്കേണ്ടിവന്നു. തലേദിവസം എന്തേലും ഒഴികഴിവ് പറയാനുണ്ടാകുമെന്നും എന്റെ യാത്ര നടക്കില്ലെന്നും ഉറപ്പായിരുന്നതുകൊണ്ട് ഞാൻ മായയോടു ഇക്കാര്യം പറയുകപോലും ചെയ്തില്ല. പക്ഷേ തലേന്ന് മായയൊണ്ട് വിളക്കുവെക്കുന്ന നേരത്ത് സഞ്ചീമായിട്ട് വന്നുകേറുന്നു. അമ്മ ധൈര്യമായി പോയിട്ടു വാ എന്ന നിർബന്ധം അവളുടെ വകേം. ശോശന്ന അവളെ വിളിച്ചുപറഞ്ഞതായിരിക്കും. അലമാരേന്ന് കൊള്ളാവുന്നൊരു സാരീം ബ്ലൗസും കണ്ടുപിടിച്ച് തേച്ചു തന്നതും, സൂചീം നൂലുമെടുത്ത് ബ്ലൗസിന്റെ കൈയും ഒടലുമൊക്കെ പാകമാക്കിത്തന്നതും മായയാണ്. അവളു കൊണ്ടുവന്ന അരിപ്പൊടീൽ ശർക്കരപ്പാനീം പാളയങ്കോടനുടച്ചതും കലക്കിവെച്ച് പാതിരാത്രി അലാറം വെച്ചെണീറ്റ് അപ്പം ചുട്ടു ബസ്സേന്നു തിന്നാമെന്നു പറഞ്ഞ് കവറിലാക്കിത്തരികേം ചെയ്തു. ഉണ്ണിയപ്പച്ചട്ടി കാണാത്തതുകൊണ്ട് തവിയിലെടുത്ത് എണ്ണയിലേക്കു കോരിയൊഴിച്ചുണ്ടാക്കിയ പലഹാരം രൂപരഹിതമായിരുന്നു. എന്റെ ജീവിതംപോലെയെന്നു കണ്ണുനിറഞ്ഞു.
ശർക്കരയും അരിമാവും എണ്ണയിൽ വെന്ത സുഖകരമായ മണം വീട്ടിലാകെ പരന്നു. നാലു വർഷം മുന്നത്തെ വിഷുവിനായിരിക്കും അവസാനം ഈ മണം വീട്ടിൽ നിറഞ്ഞത്. അന്നു കണിവെക്കാൻ ഉണ്ണിയപ്പമുണ്ടാക്കിയതും മനോജന്റെ കുഞ്ഞ് ഷർട്ടിന്റേം നിക്കറിന്റേം പോക്കറ്റിൽ അപ്പം കുത്തിക്കയറ്റി നടന്നിരുന്നതും ഞാനോർത്തു. അവനെന്തൊരിഷ്ടമായിരുന്നു. മനോജനും ചെറുപ്പത്തിൽ ഉണ്ണിയപ്പമെന്നു കേട്ടാൽ ചാവും. മനോജൻ കിടപ്പിലായി അഞ്ചാറുമാസമാകുമ്പത്തേനും കൊച്ചിനേംകൊണ്ട് അവളു പോയി. ഇനിയെന്നെങ്കിലും അതിനെയൊന്നു കാണാൻ പറ്റുമോന്നോർക്കുമ്പോൾ നെഞ്ചു കലങ്ങും. പെട്ടന്നെണീറ്റു വാ ചെറുക്കായെന്നു മനോജനോടു കലമ്പും. നിന്റെ എല്ലാം പോയി, ഈ കിടപ്പൊക്കെ അവസാനിപ്പിച്ചു വെക്കമെണീറ്റ് പോയതെല്ലാം തിരിച്ചുപിടിക്ക്... പറഞ്ഞും കരഞ്ഞും മടുക്കുമ്പോൾ അവന്റെ കട്ടിൽ ക്രാസിയിൽ തലയിട്ടടിക്കും...
അപ്പത്തിന്റെ പണി കഴിയുമ്പോൾ പുലരാറായി. അമ്മയിനി ഒറങ്ങണ്ട, കുളിച്ചൊരുങ്ങിക്കോ എന്നു മായ എന്നെ പറഞ്ഞുവിട്ടു. കുളിച്ചു വന്നപ്പോൾ സാരി കുത്തിത്തരാനും മുടി ചീകാനുമൊക്കെ സഹായിച്ചു. കണ്ണെഴുതാനും പൗഡറിടാനും നിർബന്ധിച്ചു. അവൾ നീട്ടിയ കണ്മഷിക്കൂടിനുള്ളിൽനിന്നു മഷി തോണ്ടിയെടുത്തെങ്കിലും ചത്ത മീനിനെപ്പോലുള്ള കണ്ണുകൾ കണ്ണാടിയിൽ കണ്ടപ്പോൾ ഞാനതു തലമുടിയിൽ തേച്ചു, അൽപം പൗഡർ മാത്രം പൂശി. ‘‘നല്ല മിടുക്കത്തിയായിട്ടൊണ്ട്, അമ്മേനെ ഇങ്ങനൊന്നു കണ്ടിട്ട് നാളെത്രയായി...’’ എന്നവൾ കട്ടൻകാപ്പി തന്നു. മനോജനോടു യാത്രപറയാൻ ചെന്നപ്പോ കട്ടിലിനടുത്തുള്ള സ്റ്റൂളിൽവെച്ച കിണ്ണത്തിൽ മൂന്നാലു ഉണ്ണിയപ്പം.
‘‘അവനു വല്യ ഇഷ്ടമല്ലേ അമ്മേ, ഇതിവിടിരിക്കട്ടെ, അതിന്റെ മണമേലും കിട്ടുന്നൊണ്ടെങ്കിലോ’’
എന്നു മായ വിതുമ്പി. അവന്റെ മരവിച്ച കാലുകളിൽ അമർത്തിപ്പിടിച്ചു കരച്ചിൽ വിഴുങ്ങി ഞാൻ.
കുരിശുപള്ളിമുക്കിൽ കുറച്ചുനേരമേ കാത്തുനിൽക്കേണ്ടി വന്നുള്ളൂ, മഴ ചാറുന്നുണ്ടെങ്കിലും ഞാൻ കുട ബാഗിൽ നിന്നെടുത്തില്ല. ബസ് കണ്ണുതുറിപ്പിച്ചുവന്നു അടുത്തു നിർത്തി. എടീ ഞാനാ ശോശന്നയെന്നു ബഹളംവെച്ചുകൊണ്ട് വെളുത്തു തുടുത്ത ഒരുത്തി ചാടിയിറങ്ങി വന്നു കെട്ടിപ്പിടിച്ചു, ആസകലം നോക്കി, കേറി വായെന്നു അകത്തേക്കു കേറ്റി. എന്റെ സ്കൂളിലെ കൂട്ടുകാരിയാ, ശാന്തമ്മയെന്നു എല്ലാർക്കും പരിചയപ്പെടുത്തി. ബസിനകത്ത് പലനിറ വെളിച്ചങ്ങളുടെ പ്രളയമായിരുന്നു.
കാതടപ്പിക്കുന്ന ഒച്ചയിൽ ഏതോ പാട്ടും. അകത്തിരിക്കുന്ന ആരുടെ മുഖവും ഞാൻ കണ്ടില്ല. വെൽകം ശാന്തമ്മാന്നു ആരോ പറഞ്ഞു. ബസ് പെട്ടന്നെടുത്തപ്പോൾ ഞാനാടിയുലഞ്ഞു വീഴാൻ പോയി. ശോശന്ന എന്നെപ്പിടിച്ചു ഒരു സീറ്റിലിരുത്തി. എനിക്കടുത്തിരുന്നു എന്റേടീ എനിക്കിതു വിശ്വസിക്കാൻ മേലല്ലോ കർത്താവേന്നും ഇത്രേം അടുത്തു നീയൊണ്ടായിട്ടു ഇപ്പഴാണല്ലോടീ കാണാൻ പറ്റിയേന്നുമൊക്കെ ഇടതടവില്ലാതെ പുലമ്പി. ഇടക്കാരോ വിളിച്ചപ്പോൾ ഇച്ചിരെ ഡാൻസു ചെയ്യാൻ പോകുവാടീന്ന് എണീറ്റു പോയി. എന്തെല്ലാമോ പലഹാരങ്ങൾ കൈമാറി വന്നു.
പ്രമേഹോം കൊളസ്റ്ററോളുമൊക്കെ ഒണ്ടെന്ന് ഓർമവേണം പെണ്ണുങ്ങളേയെന്നു ആരോ ഉറക്കെ വിളിച്ചുപറഞ്ഞതിന് ഇന്നത്തെ ദിവസം അതെല്ലാം വീട്ടിൽ വെച്ചേച്ചാ വന്നതെന്നു വേറൊരുത്തി ഉശിരോടെ മറുപടി പറഞ്ഞു. രൂപമില്ലാത്ത എന്റെ ഉണ്ണിയപ്പങ്ങൾ പുറത്തെടുക്കാനിടയില്ലെന്ന തോന്നലിൽ ഞാൻ ബാഗ് നെഞ്ചോടമർത്തിപ്പിടിച്ചു. ഇടക്കിടെ ശോശന്ന എന്റടുത്തു വന്നിരിക്കുകയും കൈയിലു മുറുകെ പിടിച്ച് അല്ലേൽ തോളത്തു കൈയിട്ടിരുന്ന് എന്റെ ശാന്തം, എന്നാ അതിശയവാ, നമ്മളു പിന്നേം ഒന്നിച്ചിരിക്കുന്നത്! ചാകുന്നേനു മുന്നേയൊന്ന് കാണാൻ പറ്റുമെന്നു കൂടി ഞാൻ വിചാരിച്ചിട്ടില്ല... എന്നെല്ലാം വാതോരാതെ പറഞ്ഞു. അതിനെടേൽത്തന്നെ അവളെയാരേലും വിളിക്കും. എണീറ്റു പോകും. ശോശന്നേടെ കൂട്ടുകാരത്തിക്ക് പാട്ടും ഡാൻസുവൊന്നുമില്ലേന്ന് ആരോ ചോദിച്ചപ്പോ ഞാൻ ചൂളിപ്പിടിച്ചിരുന്നു. എന്നെയൊന്നിനും വിളിക്കരുത്, ഞാനീ കൂട്ടത്തിൽ ചേരാൻ വന്നവളല്ല, ശോശന്നയുടെ നിർബന്ധം കാരണം മാത്രാണ്... ഞാൻ ഒച്ചയില്ലാതെ നിലവിളിച്ചു. അവളെ വിളിക്കണ്ടാന്ന് ശോശന്ന പറഞ്ഞതുകൊണ്ട് പിന്നൊന്നുമുണ്ടായില്ല. ഉച്ചത്തിൽ പാട്ടു പാടിയും ഡാൻസു ചെയ്തും തമാശകൾ പറഞ്ഞും വായൊഴിയാതെ തീറ്റസാമാനങ്ങൾ കൈമാറിത്തിന്നും ആ പെണ്ണുങ്ങളാഘോഷിക്കുന്നത് ഞാൻ കണ്ടുകൊണ്ടിരുന്നു.
കുറച്ചങ്ങെത്തിയപ്പോൾ എനിക്കും ഉടലു തരിക്കാൻ തുടങ്ങി. സെന്റ് അഗസ്റ്റിനിൽ യേശുവിനെക്കുറിച്ചുള്ള പ്രാർഥനപ്പാട്ടു പാടുന്ന നാലുപേരിലെ ഒരേയൊരു ഹിന്ദു ഞാനായിരുന്നു. ഉച്ചക്ക് ചോറുണ്ടിട്ടു പാത്രം കഴുകാൻ വയൽക്കരയിലെ കുളത്തിലേക്കു പോകുന്ന ദിവസമൊക്കെ ശോശന്ന എന്നെക്കൊണ്ടു പാട്ടു പാടിക്കും. ‘‘കുരുത്തോലപ്പെരുന്നാളിനു പള്ളിയിൽ പോയിവരും കുഞ്ഞാറ്റക്കിളികളേ...’’ പാടുമ്പോൾ അവളുടെ കണ്ണു നനയും. പുതിയ സിനിമാ പാട്ടുകളുള്ള പാട്ടുപുസ്തകം വാങ്ങലായിരുന്നു അന്നത്തെ ഏറ്റവും വലിയ സ്വപ്നം. അയലോക്കത്തെ വീട്ടിൽ റേഡിയോ ഉള്ളതുകൊണ്ട് വടക്കേ എറയത്ത് കാതോർത്തിരുന്നാൽ പാട്ടിന്റെ ഈണവും താളവുമൊക്കെ കഷ്ടിച്ചു പിടികിട്ടും. പക്ഷേ വരികൾ...
എങ്ങനേലും ഒരു പാട്ടുപുസ്തകം വാങ്ങിത്തരുമെന്നും അതിലെ മുഴുവൻ പാട്ടും എനിക്കുമാത്രം പാടിത്തരണമെന്നും ശോശന്ന ആവശ്യപ്പെടുമ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിക്കും. അത്തരം ദിവസങ്ങളിൽ ഉച്ചക്ക് ക്ലാസിലെത്താൻ വൈകുകയും പൊന്നമ്മസാറ് ‘‘വന്നോ സർക്കീട്ടു സാറാമ്മമാര്, എന്റെ ശോശന്നേ നീയോ പഠിക്കത്തില്ല, ഈ ശാന്തമ്മയെക്കൂടി ചീത്തയാക്കല്ലേ’’ എന്നു വഴക്കു പറയുകയും ചെയ്യുമായിരുന്നു. നീ വല്യ പാട്ടുകാരിയാവുമ്പോ എന്നെ മറക്കരുതെന്നു അവൾ കണക്കു ക്ലാസിലിരുന്ന് ബുക്കിൽ എഴുതിക്കാണിക്കും. ഞാൻ ഊറിച്ചിരിച്ചു പോകും. അവസാനം ഒരു പാട്ടു മൂളിയതെന്നാവുമെന്നു ഞാനാലോചിച്ചു. മനോജന്റെ കൊച്ചിന്റെ തൊട്ടിൽക്കാലത്ത്? എന്റെ വെപ്രാളത്തെ ഞാൻ തന്നെയമർത്തിപ്പിടിച്ചു. അരുത്, പാടാനും ഉല്ലസിക്കാനുമൊന്നും അവകാശമില്ലാത്ത നശിച്ച ജന്മമാണെന്റേത്. അതു ചെയ്യുന്നവരെ നോക്കിയിരിക്കാൻ കിട്ടിയ ഈ അവസരംപോലും ആരുടെയൊക്കെയോ ഔദാര്യമാണ്.
ഓരോന്നെല്ലാം തിന്നു വയറുനിറഞ്ഞതുകൊണ്ടിനി കാപ്പി കുടിക്കാൻ നിർത്തണ്ട, ഉച്ചയാകുമ്പോ ബിരിയാണീം ഫ്രൂട് സലാഡും കഴിച്ചാ മതിയെന്നു ഭൂരിപക്ഷം പേരും പറഞ്ഞതുകൊണ്ടും വല്ലാർപാടത്ത് കുർബാന കൂടണമെന്നുള്ളതുകൊണ്ടും നേരെ പള്ളിമുറ്റത്തേക്കാണു ബസ് പോയത്. ശോശന്ന എല്ലാവരെയും പേരു വിളിച്ചിറക്കി, ചില നിർദേശങ്ങളും കൊടുത്തുപള്ളിക്കകത്തു കേറ്റുന്നത് കൗതുകത്തോടെ നോക്കിനിന്നു. എന്തു മിടുക്കിയാണിപ്പഴും ഇവള്, ആ പതിനാലാം വയസ്സിലേതുപോലെത്തന്നെയെന്ന് അസൂയ തോന്നി. സങ്കടപ്പെടാൻ കാരണങ്ങളില്ലാത്തവർക്ക് ജീവിതമെന്നും പുതുമയും പ്രസരിപ്പും നിറഞ്ഞതായിരിക്കും. അവരുടെ മുഖത്തും ചലനങ്ങളിലും യൗവനം തുളുമ്പും.
എനിക്ക് പള്ളിയിൽ കേറണമെന്നുണ്ടായിരുന്നില്ല. എത്രയോ വർഷങ്ങളായി എനിക്കൊരു ദൈവത്തിലും വിശ്വാസവുമില്ല.
പക്ഷേ, വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അതിനകത്തിരിക്കാമെന്നു ഉള്ളിലേക്കു കാലുവെച്ചപ്പോൾ ശോശന്ന കൈപിടിച്ചു വലിച്ചു.
‘‘നീയെന്നാ കുർബാന കൂടാൻ പോണോ? അതിനിവിടം വരെ വരണോ? എല്ലാടത്തും ഒരേ ദൈവമാടീ. ഒന്നിനു ശക്തി കൂടുതൽ, ഒരിടത്തു ചെന്നാൽ പ്രാർഥിക്കുന്നതു നടക്കുംന്നൊക്കെ പറേണത് കൊച്ചുപിള്ളേരെ പറ്റിക്കാൻ കൊള്ളാം. നമുക്കിവിടുന്നു മുങ്ങാം. അവളുമാര് കുമ്പസാരിച്ച്, പ്രാർഥിച്ച്, നേർച്ചയെത്തിക്കലും എല്ലാം കഴിയുമ്പം ഉച്ചയാവും. അന്നേരത്തേനു തിരിച്ചെത്താം. പാട്രീഷ്യ സിസ്റ്ററുകൂടി വരണ്ടതായിരുന്നു, ഇന്നലെ വീണു കാലുളുക്കിയതു കുരുത്തമായി. ഒണ്ടാരുന്നേ ഇതൊന്നും നടക്കുകേല. ഞാനാ ഇപ്പം ലീഡറ്...’’
അവൾ കുസൃതിയോടെ എന്റെ കൈയും പിടിച്ചു വലിച്ചു പുറത്തേക്കോടി. കിട്ടിയ ഓട്ടോയിൽ കേറിയിരുന്നു ദീർഘശ്വാസമെടുത്തു.
‘‘ബീച്ചിൽ പോകാം, നമ്മക്കു കാണാൻ കിട്ടാത്തതു കടലല്ലേ’’ എന്നു പിറുപിറുത്തു.
വണ്ടി കുറെ ഓടിയിട്ടാണു ഞങ്ങൾ കടൽത്തീരത്തെത്തിയത്. മഴ ചാറുന്ന പകലായതുകൊണ്ട് വലിയ തിരക്കൊന്നുമില്ല , നീണ്ടു പരന്ന മണൽത്തിട്ട. ചാരനിറത്തിൽ അടങ്ങിയൊതുങ്ങിക്കിടക്കുന്ന മുഷിഞ്ഞ കടൽ. അവളെന്നെയും കൂട്ടി ഒരു കാറ്റാടി മരച്ചോട്ടിലിരുന്നു.
‘‘ജുഹു ബീച്ചിന്റടുത്തായിരുന്നു പട്ടാളക്കാരുടെ ക്വാർട്ടേഴ്സ്. അവിടെ താമസിക്കാൻ ചെന്നതിന്റെ പിറ്റേന്നാ ആദ്യവായിട്ടു കടലു കാണുന്നേ. കണ്ടു കൊതിതീർന്നില്ല. അങ്ങേരാണേൽ ഒരു പ്രാവശ്യം കണ്ടില്ലേ, ഇനിയവിടെന്നാ കാണാനാ അതേ കടല്, അതേ തിരമാലകള് എന്നും പറഞ്ഞ് പിന്നൊരിക്കലും കൊണ്ടുപോയതുമില്ല. പിന്നെ ഞാനങ്ങേര് അറിയാതെ എടക്കെടക്ക് കടലു കാണാമ്പോകാൻ തൊടങ്ങി. അറിഞ്ഞാൽ വല്യ കച്ചറയാവും... ആട്ടെ, നീ എപ്പഴാ ആദ്യം കടല് കണ്ടേ? കണ്ടപ്പം എന്നെ ഓർത്തോ? ചെമ്മീനിലെ പാട്ടു നീ പാടിയ ദിവസം നമ്മളൊന്നിച്ചു കടലു കാണാൻ പോകാമെന്നു പ്ലാൻ ചെയ്തത് ഓർമയുണ്ടോ? ഞാനെപ്പഴും അതോർക്കും, ഓരോ തവണ കടലു കാണുമ്പഴും.’’
ഇതിനു മുമ്പൊരിക്കലും കടൽ കണ്ടിട്ടില്ലെന്നു പറയാൻ ഞാൻ മടിച്ചു. കണ്ടിരുന്നാലും ആ പഴയ കാര്യം ഞാനോർക്കുമായിരുന്നോ? അറിയില്ല.
‘‘നിന്റെ ബാഗീന്ന് നല്ല മണം വരുന്നൊണ്ട്. പണ്ട് ഓണപ്പൂട്ടലുകഴിഞ്ഞു തൊറക്കുന്ന ദിവസം നീയെനിക്ക് നെയ്യപ്പം കൊണ്ടുത്തരും. നാലഞ്ചുദെവസം പഴേതായതുകൊണ്ട് എണ്ണകാറി, നൂലുപാകി... എന്നാലും എനിക്കതു അമൃതായിരുന്നു.’’
ഞാൻ ബാഗിൽനിന്ന് പ്ലാസ്റ്റിക് കവർ അപ്പാടെയെടുത്ത് അവൾക്കു നീട്ടി. കവർ തുറന്ന് ഇതെന്നാ ഷേപ്പാണെടീന്ന് ചിരിച്ചുകൊണ്ട് അവൾ രണ്ടുമൂന്നെണ്ണം തിന്നു.
എന്നാ രുചിയാണെന്നു സീൽക്കാരമുയർത്തി. ‘‘നീയിത് ബസ്സേന്നെടുക്കാത്തതു നന്നായി. എല്ലാരും കൂടി തിന്നു തീർത്തേനെ... ഇതു മുഴുവൻ എനിക്കു വേണം, ഞാനിതീന്ന് കൊറച്ചെടുത്ത് സൂക്ഷിച്ചുവെക്കും. നാലഞ്ചു ദിവസം പഴകുമ്പോ തിന്നാൻ. എണ്ണകാറിയ ആ പഴയ രുചി...’’
അവളുടെ തോളത്തുതല്ലി ഞാനാർത്തു ചിരിച്ചുപോയി. ചിരിക്കൊടുവിൽ കണ്ണുകൾ നനഞ്ഞു. അവൾ എന്റെ ചുമലിലേക്കു തല ചായ്ച്ചു.
ഇങ്ങനൊരിക്കെ നമ്മളു കാണുമെന്നും ഇതുപോലെ വർത്തമാനം പറഞ്ഞിരിക്കുമെന്നും കൊതിക്കാത്ത ഒരു ദെവസോമൊണ്ടായിട്ടില്ല ജീവിതത്തിലെന്നു മന്ത്രിച്ചു.
ഞാൻ നനഞ്ഞ മണലിലേക്കു കാലു നീട്ടിയിരുന്നപ്പോൾ അവളെന്റെ മടിയിൽ തലവെച്ചു കടലിലേക്കു നോക്കിക്കിടന്നു. എന്റെ കൈകൾ അവളുടെ ചുരുളൻമുടിയിഴകളിലൂടെ ഓടിനടന്നു.
‘‘ജുഹൂല് ഇങ്ങനാരുന്നു, ആണും പെണ്ണും ഇങ്ങനെ കെടക്കും. ആദ്യവൊക്കെ കാണുമ്പോ നാണമാകുവാരുന്നു. പിന്നെ അതെല്ലാം സാധാരണപോലായി. പക്ഷേ ഒരിക്കലും അങ്ങേര്ടെ മടീല് തലവെച്ചു കെടക്കണവെന്ന് എനിക്ക് തോന്നീട്ടില്ല കേട്ടോടീ...’’
അവൾ തലതിരിച്ചു എന്റെ മുഖത്തേക്കു നോക്കിക്കിടന്നു. കുസൃതിയും ഓമനത്തവും തുളുമ്പുന്ന ശോശന്നയുടെയാ പഴയ മുഖം! അവൾ കാണുന്ന എന്റെ മുഖം എങ്ങനെയായിരിക്കും?, അയഞ്ഞു തൂങ്ങുന്ന പേശികളും ചുളിഞ്ഞ തൊലിയുമുള്ള വയസ്സായൊരു സ്ത്രീ! എനിക്കു ലജ്ജയായി. കണ്ണെഴുതാമായിരുന്നെന്നു തോന്നി.
‘‘നെനക്കു വലിയ മാറ്റവൊന്നുമില്ലെടീ. പണ്ടത്തെപ്പോലെ തന്നെ മെലിഞ്ഞിരിക്കുന്നു. ചിരീടേം പല്ലിന്റേം ഭംഗിയൊന്നും പോയിട്ടില്ല. നിന്റെ കണ്ണുകള് ! അതാരുന്നു എനിക്കേറ്റോമിഷ്ടം... ഇപ്പഴും എന്നാ ആകർഷണീയതയാ! ഞാൻ കേറി വണ്ണംവെച്ചു ചക്കുകുറ്റി പോലായി. അങ്ങേര് പോയേപ്പിന്നെയാ കേട്ടോ. അതീപ്പിന്നെയാ ഞാൻ ശരിക്കു ശ്വാസം വിടാനും സന്തോഷിക്കാനും ചിരിക്കാനുവൊക്കെ തൊടങ്ങിയേ! പട്ടാളക്കാരനല്ലേ... എപ്പഴാ വെടിവെക്കുന്നേന്നറിയാവോ! എപ്പഴും പേടിക്കണം.’’
അവൾ ഉറക്കെച്ചിരിച്ചു. എനിക്ക് ലജ്ജകൊണ്ട് ഇരിക്കുന്ന നിലം കുഴിഞ്ഞു താഴുന്നപോലെ തോന്നി. ഞാൻ വിഷമിക്കാതിരിക്കാനാണ് അവളെന്നെ പ്രശംസിക്കുന്നതെന്ന് എനിക്കറിയാം. ഞാൻ കണ്ണാടിനോക്കാറുണ്ടെന്ന് അവളോടു പറയണമെന്നു വിചാരിച്ചു.
‘‘സത്യമാടീ, എപ്പഴും ഒരു തോക്കിൻകൊഴലിനു മുന്നിൽ നിക്കുന്നപോലത്തെ ജീവിതമാരുന്നു. വല്യ അരിശക്കാരൻ! ബോംബേല് താമസിക്കുന്ന കാലത്തൊരിക്കെ രാത്രി കൊച്ച് വീണു തല വാതിലേൽ മുട്ടി ഇച്ചിരെയൊന്നു മൊഴച്ചതിന് അങ്ങേരെന്റെ മുഖത്തടിച്ചു. അരിശം തീരാഞ്ഞ് നെലത്ത് മുട്ടുകുത്തി നിക്കാൻ പറഞ്ഞു. ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാ കൊച്ചു വീണേന്നും പറഞ്ഞ്.
മുട്ടേലുനിന്നു മടുത്തപ്പം ചെറുപ്പത്തിന്റെ തിളപ്പുകൊണ്ടും രാത്രിയായതുകൊണ്ട് ഇങ്ങേരുടേ ദേഷ്യത്തിന് ഇത്രയല്ലേ ആയുസ്സു കാണൂ എന്ന ഉറപ്പുകൊണ്ടും ഞാൻ മുട്ടേ നിന്നിടത്ത് ഒന്നിരുന്നു പോയി. പൊറകീന്ന് ഓർക്കാപ്പുറത്ത് നടുംപുറത്തിന് ബെൽറ്റുകൊണ്ടു കിട്ടിയ അടി. അതുപോലൊന്ന് ഞാൻ ജീവിതത്തിലറിഞ്ഞിട്ടില്ല. മൂന്നു മാസവാ അതിന്റെ പാട് നെടുനീളത്തിൽ നീലിച്ചു കെടന്നത്. കൊറെക്കഴിഞ്ഞ് അങ്ങേര് പുന്നാരമൊക്കെ പറഞ്ഞു വന്നു. അനുസരണക്കേടു കാണിച്ചേനാ അടിച്ചത്, കൊച്ചിന്റെ കാര്യം ശരിക്കു നോക്കിക്കോണം, ഇനിയിങ്ങനെ ഒണ്ടാകരുത്, പറഞ്ഞാ പറഞ്ഞപോലെ കേട്ടോണം ന്നൊക്കെ ഉപദേശോം. പക്ഷേ അതീപ്പിന്നെ അങ്ങേരടുത്തു വരുമ്പോഴൊക്കെ എന്റെ ഉള്ളൊന്നു കാളും. പത്തൊമ്പതാം വയസ്സിലെ ആ അടീടെ ഓർമയിൽ ഉടലു മുഴുവൻ പ്രതിരോധിക്കാൻ തുടങ്ങും... പിന്നേം മൂന്നു പെറ്റു, പക്ഷേങ്കി ഉള്ളിൽ പ്രാകിക്കൊണ്ടല്ലാതെ, ഒരിക്കൽപ്പോലും സന്തോഷത്തോടെ അയാടെ കൂടെ കെടന്നിട്ടില്ല... ചാകുന്നേനു മുന്നേ ഇതൊന്നങ്ങേരോടു പറയണമെന്നൊണ്ടാരുന്നു. പക്ഷേ എന്നെ പറ്റിച്ച് മിണ്ടാതെ പൊയ്ക്കളഞ്ഞു.’’
അവൾ ചിരിച്ചുകൊണ്ടു പല്ലിറുമ്മിയപ്പോൾ ഞാൻ മുഖത്തു തലോടി സാരമില്ല ശോശന്നേയെന്നു സമാധാനിപ്പിച്ചു.
‘‘എന്നാലും മൊത്തത്തിലാലോചിച്ചാ ജീവിതത്തിലു വേണ്ട അത്യാവശ്യം സുഖോം സൗകര്യോം ഞാനനുഭവിച്ചിട്ടൊണ്ട്. ബലമുള്ളവന്റെയടുത്ത് ആശ്രിതഭാവോം എതിരിടാൻ പറ്റുന്നവന്റെയടുത്ത് എതിർപ്പും തുല്യശക്തിയുള്ളവന്റെ അടുത്ത് വിനയവും കാണിച്ചാ കാര്യങ്ങളു നടത്താമെന്നു അപ്പൻ പറയുവാരുന്നു. ഞാനയാക്കടെയടുത്ത് ആശ്രിതഭാവം കാണിച്ചു. കാലു നക്കുന്നപോലെ അഭിനയിച്ചു. കാലു നക്കുന്ന എല്ലാ പട്ടികളും ഉള്ളില് മുറുമുറുത്തോണ്ടാ അതു ചെയ്യുന്നതെന്നു പാവത്തിനറിയത്തില്ലാരുന്നു.’’ അവൾ പൊട്ടിച്ചിരിച്ചു.
പിന്നേം അർഥശാസ്ത്രം, നീ കൊള്ളാമല്ലോന്നു ഞാനവളുടെ ചിരിയിൽ വിരൽ തൊട്ടു. എന്റെ ജീവിതത്തിന് ഒരു ശാസ്ത്രവും കൂട്ടുവന്നില്ലല്ലോന്നു ചുമ്മാ ഓർത്തു.
‘‘നീ പഠിച്ചൊരു സാറാകുമെന്നാരുന്നു ഞാൻ വിചാരിച്ചേ... പൊന്നമ്മസാറെപ്പഴും പറയുവാരുന്നു, ആ ശാന്തമ്മ പഠിത്തം നിർത്തിക്കളഞ്ഞത് കഷ്ടമായെന്ന്. പരീക്ഷയ്ക്കൊക്കെ നിന്റെ കോപ്പിയടിച്ചിട്ടല്ലേ ഞാൻ ജയിച്ചോണ്ടിരുന്നേ! നീ വരാണ്ടായേപ്പിന്നെ എനിക്ക് സ്കൂളിൽ പോകാനേ ഇഷ്ടമില്ലാരുന്നു. എപ്പഴും സങ്കടം വരും. ശാന്തമ്മ പോയേപ്പിന്നെ ശോശന്ന വസന്ത പിടിച്ച കോഴിയെപ്പോലായെന്നു ആമ്പിള്ളേരു കളിയാക്കും. വീട്ടിലിരുന്നാ പണിയെടുത്തു മൊരഞ്ഞുപോകും. അതുകൊണ്ട് ഒരു വർഷം എങ്ങനൊക്കെയോ പോയി. സുഖമായി തോക്കുവേം ചെയ്തു. ആ വല്യവധിക്ക് ഞങ്ങള് സ്ഥലോം വിറ്റ് കൂടും കുടുക്കേമായിട്ട് രാജകുമാരിക്ക് പോന്നു. പിന്നൊണ്ടോ പഠിത്തോം സ്കൂളുവൊക്കെ! പതിന്നേഴില് കെട്ടും കഴിഞ്ഞു.’’
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അച്ഛൻ മരിച്ച വൈകുന്നേരവും, എല്ലാർക്കും ഫീസു കൊടുക്കാൻ എന്റേലെന്തിരിക്കുന്നു? ആങ്കൊച്ചുങ്ങള് പഠിക്കട്ടെ, കെട്ടിച്ചുവിടാനൊള്ള പെണ്ണിനെ പഠിപ്പിച്ചിട്ടെന്തിനാ എന്ന അമ്മയുടെ തീരുമാനവും എത്രയോ വർഷങ്ങൾ നിരന്തരം ഉരുക്കിയിട്ടുണ്ട്. എതിർത്തിട്ടും പ്രതിരോധിച്ചിട്ടും കാര്യമില്ലെന്നറിയുന്നതുകൊണ്ട് അന്നു കുറെ കരഞ്ഞു. പിന്നെ ജീവിതം മുഴുവൻ കരഞ്ഞു.
പഠിച്ചിരുന്നെങ്കിൽ, ടീച്ചറായിരുന്നെങ്കിൽ ഇങ്ങനൊന്നുമാവില്ലായിരുന്നു. പക്ഷേ മനോജൻ... അവന്റെ വിധി ആർക്കു മാറ്റാനാവും? എല്ലാം ഇതുപോലൊക്കെത്തന്നെയായേനെ. ഒന്നും ഒരിക്കലും മാറില്ല. മാറുമായിരുന്നേനെ എന്നു പ്രതീക്ഷിക്കാമെന്നു മാത്രം.
മഴത്തുള്ളികൾക്കു കനംവെച്ചു. അവിടവിടെ കറങ്ങിത്തിരിയുന്ന ആളുകൾ ഓടിവന്നു മേൽക്കൂരകൾക്കു താഴെ കൂടി നിൽക്കുന്നു. നമുക്കു പോകാറായെന്നു ശോശന്ന എഴുന്നേറ്റു, സാരിയിലെ മണൽത്തരികൾ തട്ടിക്കുടഞ്ഞു. അവൾ എന്റെ കാര്യങ്ങളൊന്നും അന്വേഷിക്കാത്തതിനും സഹതപിക്കാത്തതിനും എന്നുമവളോടു നന്ദിയുള്ളവളായിരിക്കുമെന്ന് ഞാൻ ശബ്ദമില്ലാതെ മന്ത്രിച്ചു.
‘‘നമുക്കിവിടുന്ന് ഓട്ടോ കിട്ടത്തില്ലെടീ, കൊറച്ചങ്ങു നടന്നു നോക്കാം. സമയമൊണ്ടല്ലോ... അവളുമാരുടെ പ്രാർഥനേം നേർച്ചേമൊക്കെ കഴിയുമ്പഴേക്കും എത്തിയാ മതി.’’
ശോശന്നയുടെ പൂക്കളുള്ള ചെറിയ കുടയിൽ പാതി നനഞ്ഞും നനയാതെയും ഞങ്ങൾ ചേർന്നു നടന്നു. എന്റെ ബാഗിലുള്ള കുട പുറത്തെടുക്കാൻ എനിക്കു തോന്നിയില്ല.
‘‘ഇപ്പോ നിനക്കു പണ്ടത്തെക്കാലം ഓർമ വരുന്നില്ലേ? പള്ളിപ്പടി കഴിഞ്ഞ് തോടും കടന്ന് മുതിരക്കൽക്കാരുടെ തോട്ടംവരെ നമ്മളിങ്ങനെ ഒരു കുടേൽ നടക്കുമായിരുന്നു. അവിടന്നാണ് നമ്മൾ രണ്ടുവഴിക്ക് പിരിഞ്ഞിരുന്നത്...’’
എങ്ങനെ മറക്കാനാണ്! ചില ദിവസം രണ്ടുപേർക്കും കുടയുണ്ടാവില്ല. വീട്ടിലാകെ ഒരു കുടയൊക്കെയേ കാണൂ. അത് അപ്പനോ ആങ്ങളമാരോ കൊണ്ടുപോയാൽ കുടുങ്ങിപ്പോകും. പാളയും വാഴയിലയും തലക്കു മീതെ പൊക്കിപ്പിടിച്ച് ആ വഴിയൊക്കെ ഒന്നിച്ചോടിയിട്ടുണ്ട്.
‘‘അതു നോക്കെടീ, തേടിയ വള്ളി കാലിൽ ചുറ്റി! നിനക്കിന്നു ഞാനൊരു സാധനം വാങ്ങിത്തരുന്നുണ്ട്.’’ ശോശന്ന ആവേശത്തോടെ കൈ ചൂണ്ടിയിടത്ത് ഞാനൊരു ചെറിയ ചായക്കടയാണു കണ്ടത്. എനിക്കു ദാഹവും വിശപ്പും തോന്നാൻ തുടങ്ങിയിരുന്നു. ഒരു ചായയെങ്കിലും കുടിക്കണമെന്നു തോന്നാൻ തുടങ്ങിയിട്ടു കുറച്ചു നേരമായി.
ചായക്കടക്കകം മൂകമായിരുന്നു. നാലഞ്ചു മേശകളും കസേരകളും മാത്രം. കരിപിടിച്ച സമോവർ. അതിനടുത്ത് തൂങ്ങിപ്പിടിച്ചിരിക്കുന്ന വയസ്സായൊരു മനുഷ്യൻ. ഞങ്ങളെക്കണ്ട് അയാളെണീറ്റു.
‘‘ബോട്ടിക്കറി ഉണ്ടോ? അതും പൊറോട്ടേം രണ്ടു പ്ലേറ്റ്.’’ ഇരിക്കുന്നതിനു മുന്നേ ശോശന്ന പറഞ്ഞു.
‘‘ഉണ്ടോന്നോ? അതല്ലേ ഇവിടത്തെ സ്പെഷ്യല്! ഇവിടെ അന്വേഷിച്ച് ഒത്തിരിപ്പേരു വരും ചേട്ടത്തീ... അത്രേം ഒന്നാന്തരവാ. നിങ്ങള് േവ്ലാഗു കണ്ടേച്ചു വന്നതാരിക്കും അല്ലേ? മൂന്നാലു പേരു വന്നു ചെയ്തിട്ടൊണ്ട്. ഒക്കെ വൈറലാ. അതേപ്പിന്നെ ആളു വരവ് കൂടുതലാ.’’
എന്നിട്ടാണോ ഇങ്ങേരിങ്ങനെ ഈച്ചയാട്ടി ഇരിക്കുന്നതെന്നു ശോശന്ന എനിക്കു മാത്രം കേൾക്കാവുന്ന ഒച്ചയിൽ പിറുപിറുത്തു. എന്നതാ ചേടത്തീ എന്ന് കടക്കാരൻ സംശയത്തോടെ ചോദിച്ചു.
‘‘ഞങ്ങള് േവ്ലാഗും ക്ലോഗും ഒന്നും കണ്ടേച്ചല്ല. കടേടെ മുന്നില് എഴുതിവെച്ചേക്കുന്നത് കണ്ടതുകൊണ്ടു കേറീതാ. നല്ലതാണോ ഒന്നാന്തരവാണോന്നു തിന്നേച്ചു പറയാം. ഇടുക്കിക്കാരി ക്രിസ്ത്യാനിപ്പെണ്ണുങ്ങളെ ബോട്ടിയൊണ്ടാക്കാൻ പഠിപ്പിക്കുന്നത് കൊല്ലക്കുടീൽ സൂചി വിക്കുന്ന പോലാണ് ചേട്ടാ...’’
ശോശന്ന ഉറക്കെച്ചിരിച്ചു. അയാൾ ചമ്മൽ മറച്ചുവെക്കാൻ എന്റെ ബോട്ടി നിങ്ങളൊന്നു തിന്നു നോക്കിയേച്ച് പറ പെങ്ങളേന്നു പിറുപിറുത്ത് അകത്തേക്കു പോയി. പണ്ട് തിങ്കളാഴ്ചകളിലെന്നും ശോശന്ന തലേന്നു വെച്ച ബോട്ടിക്കറിയുടെ വിശേഷം പറയും. പറഞ്ഞുപറഞ്ഞ് കൊതിപ്പിക്കും. വീട്ടിലന്ന് ഇറച്ചി വാങ്ങുകയോ കഴിക്കുകയോ ഇല്ല. ഊത്ത കേറുമ്പഴോ തോടു വറ്റിക്കുമ്പോഴോ ആങ്ങളമാരു വല്ലകാലത്തും മീൻ കൊണ്ടുവന്നാലായി. അതുതന്നെ മുറ്റത്തുവെച്ചേ ഉണ്ടാക്കൂ, അടുക്കളയിൽ കേറ്റാൻ അമ്മ സമ്മതിക്കില്ല. പിന്നെയാണ് ബോട്ടി! ഒരുദിവസം കൊണ്ടുത്തരാമെന്നു പറഞ്ഞാലും തീർന്നുപോയെടീന്ന് എല്ലാ തിങ്കളാഴ്ചയും അവൾ നിസ്സഹായയാവും.
‘‘എന്റെ വീട്ടില് പിള്ളേരും പിറുങ്ങണീമായിട്ട് എത്ര പേരാ! പോത്തെറച്ചി വാങ്ങിച്ചാലൊണ്ടോ തെകയുന്നു. ഇതേതാണ്ടു ചുമ്മാ കിട്ടുന്ന പോലാ... എറച്ചിവെട്ടുകാരന് വല്ലോം നക്കാപിച്ച കൊടുത്താ മതി. വെച്ചൊണ്ടാക്കിയാ എല്ലാർക്കും നെറയെ തിന്നാനൊണ്ട്, ഒടുക്കത്തെ രുചീം... നിനക്കു കൊണ്ടുവരാനിച്ചിരെ മാറ്റിവെക്കണമെന്നു വിചാരിച്ചാലും അത്താഴം കഴിയുമ്പത്തേനും ചട്ടി കാലിയാകും...’’
അതെങ്ങനെയാ ഉണ്ടാക്കുന്നതെന്നു ചോദിച്ചപ്പോഴാണ് പശുവിന്റെ ആമാശയവും കുടലുമൊക്കെയാണു സംഗതിയെന്നു മനസ്സിലായത്. വെട്ടുകാരന്റടുത്ത് നിന്ന് സ്വകാര്യമായിട്ട് വാങ്ങിക്കൊണ്ടുവരണം.
‘‘അതിച്ചിരെ മോശം സംഗതിയാടീ, കൊള്ളാവുന്ന എന്നുവെച്ചാ കുടുമ്മത്തിപ്പിറന്ന ക്രിസ്ത്യാനികളൊന്നും അതു തിന്നത്തില്ലാന്നാ വെപ്പ്. തിന്നുന്നവരെ പണ്ടംതീനീന്നു കളിയാക്കുകേം ചെയ്യും. അതാ ആരുമറിയാതെ വാങ്ങുന്നേ... വല്യ കേമം പറയുന്നവരൊക്കെ കിട്ടിയാ തിന്നും, എന്നിട്ടു തിന്നുകേലാന്നു ഭാവിക്കും, തിന്നുന്നോരെ കളിയാക്കുകേം ചെയ്യും.’’ അവൾ ചിരിച്ചു മറിയും.
ബോട്ടി വാങ്ങിക്കൊണ്ടുവന്നു കഴിഞ്ഞാൽ ഒത്തിരിപ്പണിയുണ്ട്. അവളും അമ്മയുംകൂടി അത് തോട്ടിൽ കൊണ്ടുപോയി ഉള്ളിലെ അറകളീന്ന് ചാണകം മുഴുക്കെ മറിച്ചുകളഞ്ഞ് ഉരച്ചുരച്ച് തോല് വെളുത്തുതെളിയുന്നതുവരെ കഴുകും. പിന്നെ ഉള്ളിലെ പാട ചുരണ്ടിക്കളയണം. അതിച്ചിരെ പ്രയാസമുള്ള പണിയാണ്. അതു കഴിഞ്ഞാൽ എറച്ചി മുറിക്കുന്നപോലെ കഷണങ്ങളായി മുറിച്ച് വെള്ളം മുഴുക്കെ പിഴിഞ്ഞുകളയണം. പിന്നെ മുളകും മല്ലീം പട്ടേം വറുത്തരച്ച് തേങ്ങക്കൊത്തിട്ട് വറ്റിക്കണം. അതിങ്ങനെ രണ്ടുമൂന്നു ദെവസം അനക്കാതെ വെച്ചിട്ട് നെറയെ കറിവേപ്പിലേം കുരുമൊളകുപൊടീം കപ്പലുമൊളകും ചേർത്ത് വെളിച്ചെണ്ണേല് ഉലർത്തിയാലാ ശരിക്കുമൊള്ള രുചി! ഹോ! പക്ഷേ ഞങ്ങടെ വീട്ടില് വെച്ചദിവസം തന്നെ മുഴുവനും തീരും.’’
ആമാശയമെന്നും ചാണകമെന്നുമൊക്കെ കേൾക്കുമ്പോഴത്തെ അറപ്പ് അവളുടെ വർണന കേൾക്കുമ്പോൾ പമ്പ കടക്കും. വായിൽ വെള്ളമൂറും. ഒരിക്കൽ കൊതിയടക്കാനാവാതെ അമ്മയോട്, ഇത്തിരി വാങ്ങാമോന്നു ചോദിച്ചതേയുള്ളൂ, പത്തലെടുത്താണ് അടിച്ചത്. കണ്ട പണ്ടംതീനികളോടു ചങ്ങാത്തംകൂടിയാൽ കാലു തല്ലിയൊടിക്കുമെന്ന ഭീഷണി വേറെയും. സ്കൂളിൽപ്പോക്കു നിൽക്കുന്നതുവരെ എല്ലാ തിങ്കളാഴ്ചകളിലും, അടുത്താഴ്ച കർത്താവാണേ ഞാൻ കൊണ്ടുത്തരാമെടീ എന്നു ശോശന്ന വാഗ്ദാനംചെയ്യുമായിരുന്നു. ഒരിക്കലും അതു നടന്നില്ല. മനോജന്റെ അച്ഛൻ ഇറച്ചിയോ മീനോ കഴിക്കില്ലായിരുന്നു. വീട്ടിൽ വെക്കാനോ കഴിക്കാനോ സമ്മതിക്കുകയുമില്ല.
അയാളോടു ബോട്ടി വാങ്ങണമെന്നോ കഴിക്കണമെന്നോ പറഞ്ഞിരുന്നെങ്കിൽ കൊലപാതകം നടന്നേനെ! അയാൾ പോയതിനുശേഷം മീനുമെറച്ചീമൊക്കെ കഴിക്കണമെന്നു ആലോചിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും വാങ്ങാൻ തോന്നിയതുമില്ല.
‘‘എനിക്ക് വലിയ മനസ്താപമായിരുന്നു, നിന്നെ പറഞ്ഞു കൊതിപ്പിച്ചെങ്കിലും ഇച്ചിരെ കൊണ്ടന്നുതരാൻ ഒരിക്കലും പറ്റാത്തതോർത്ത്... അറുപത്താറിലെ മെയ് ഒന്നാന്തീ വീട്ടില് കറിയൊണ്ടാക്കിയപ്പം ഞാനൊര് എലേല് ആരും കാണാതെ ഇച്ചിരെ പൊതിഞ്ഞെടുത്തു മാറ്റിവെച്ചു. അതുംകൊണ്ടാ പിറ്റേന്നു വന്നത്. ഉച്ച കഴിയുന്നവരെ ഞാൻ നോക്കിനിന്നു. നീ വന്നില്ല. തിരിച്ചു പോകുന്ന വഴി ഞാനത് തോട്ടിലെറിഞ്ഞു കളഞ്ഞു. അന്നത്തെ ദിവസം കരഞ്ഞതുപോലെ ഞാൻ പിന്നൊരിക്കലും കരഞ്ഞു കാണത്തില്ലെടീ’’, ശോശന്നയുടെ സ്വരം ഇടറി.
‘‘എപ്പഴേലും നീയെന്റെ വീട്ടിവന്നാ ഞാൻ ബോട്ടി ഒലർത്തീതാ നിനക്കു സ്പെഷ്യലായിട്ടു തരാൻ ആഗ്രഹിച്ചിരുന്നത്... പക്ഷേ നീയെങ്ങും വരത്തില്ലല്ലോ. ഇന്നെന്റെയാ പഴേ കടം ഞാനങ്ങു വീട്ടുകാ...’’
ശോശന്ന എന്റെ കൈയിലമർത്തിത്തൊട്ടു. കരിപിടിച്ച ചുവരുകളുള്ള ആ ചായക്കടയിലിരുന്നു പുറത്തു ചാഞ്ഞുപെയ്യുന്ന മഴയിലേക്കു നോക്കിയിരിക്കുമ്പോൾ ഞാൻ പെെട്ടന്ന് സെന്റ് അഗസ്റ്റിനിലെ എട്ടാം ക്ലാസുകാരിയായി... എനിക്കു മുന്നിൽ മറ്റെല്ലാം മാഞ്ഞുപോയി. ആവി പൊങ്ങുന്ന പ്ലേറ്റുകളുമായി വരുന്ന ചായക്കടക്കാരനെക്കണ്ടപ്പോൾ എന്റെ രസമുകുളങ്ങൾ തരിച്ചുണർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.