‘‘…ഒറ്റനോട്ടത്തിൽ ഏതൊരു കണ്ടൽക്കാടും വെള്ളപ്പരപ്പിലെ പച്ചയടിച്ച മതിൽക്കെട്ടാണ്. കരുത്തൻ തിരമാലകളുടെ ശക്തിയൂറ്റി വെറും വെള്ളമാക്കി തിരിച്ചയക്കുന്ന കാവൽക്കോട്ട. പുറമെ ശാന്തമെങ്കിലും അകമേ എത്ര അശാന്തം. ആ ലോകത്തേക്കുള്ള ഓരോ യാത്രയും രഹസ്യാന്വേഷകന്റെ ഉൾക്കിതപ്പോടെയാണ് തുടങ്ങുന്നത്…’’ ഇഗ്നേഷ്യസ് കോരയുടെ ഡയറിയിലെ അവസാനത്തെ വരികളാണ്.
ഭർത്താവിന്റെ ബാഗിൽനിന്ന് കിട്ടിയ മിക്കവയും മറിയ തൊട്ടുനോക്കി പോലുമില്ല. അക്കൂട്ടത്തിൽ എഴുതിത്തീർന്ന പല ബുക്കുകളുമുണ്ടായിരുന്നു. എഴുതിത്തീരാത്ത ഒരു ഡയറിയും. അതുമാത്രം അവൾ കയ്യിലെടുത്തു. അവസാനം എഴുതിനിർത്തിയ പേജിന്റെ ചൂടും ശ്വാസവും അപ്പോഴും വിട്ടുപോയിരുന്നില്ല. വായിച്ചു തുടങ്ങിയപ്പോൾതന്നെ അവൾക്കു ബോധ്യമായി, ഓരോ തരം നടപ്പുകൾ വേണം, ഓരോ പേജും വായിച്ചെടുക്കാൻ…
അതിവിരസമായ ഒരുദിവസം, സ്വയം പാകംചെയ്ത ഭക്ഷണത്തിനു മുമ്പിൽ വിശപ്പുകാത്തിരിക്കുമ്പോഴാണ്, മറിയക്ക് പോൾ ആന്റണിയുടെ ഫോൺ വന്നത്. അധികമൊന്നും പ്രചാരമില്ലാത്ത ഒരു പബ്ലിഷിങ് കമ്പനിയുടെ ഭാഗമെന്ന് പരിചയപ്പെടുത്തിയ ശേഷം അയാൾ പറഞ്ഞു.
‘‘കണ്ടൽക്കാടിനെപ്പറ്റി ഇഗ്നേഷ്യസ് സാറ് മാസികകളിൽ എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്. അദ്ദേഹം പോയി ഇത്രകാലം കഴിഞ്ഞിട്ടും, ആ ഓർമ നിലനിർത്താനായി ഒന്നും നടന്നിട്ടില്ല. ഒരു നല്ല ലേഖനംപോലും എങ്ങും വന്നിട്ടില്ല.”
അയാൾ പറയുന്നത് ശരിയാണല്ലോ എന്നു മറിയക്കും തോന്നി.
‘‘...സാറിനെപ്പറ്റി ഒരു പുസ്തകം വന്നാൽ...’’
മറിയ അയാളെ അഭിനന്ദിച്ചെങ്കിലും, തൊട്ടടുത്ത വാചകം അവളെ ഞെട്ടിച്ചു.
‘‘ആ പുസ്തകം മേഡം തന്നെയെഴുതണം.’’
ആദ്യം പറഞ്ഞൊഴിയാൻ നോക്കി. അതിനു മരുന്നെന്നപോലെ അയാൾ തുടങ്ങി.
‘‘സാറിന്റെ ഓർമദിവസം മേഡം എഴുതിയ കുറിപ്പ് വായിച്ചിട്ടു കൂടിയാണ് ഞാനിതു പറയുന്നത്.’’
ആ സംഭാഷണം മറിയയെ വീഴ്ത്തി.
കണ്ടൽക്കാടുകളെക്കുറിച്ചുള്ള പല പുസ്തകങ്ങളും വാങ്ങി വായിച്ചെങ്കിലും എങ്ങുമെത്തിയില്ല. ഒടുവിൽ ഗൂഗിൾ കാണിച്ചുകൊടുത്ത ഒരു പുസ്തകം, ആമസോൺ അവളുടെ കയ്യിലെത്തിച്ചു. ആ പുസ്തകവായന തീർന്നതോടെ ചതുപ്പിന്റെ കിളുകിളുപ്പിൽ താണ്, ഓരുവെള്ളത്തിൽ കുതിർന്ന് അവൾ മുങ്ങിനിവർന്നു. അപ്പോൾ കയ്യിൽ പറ്റിയിരുന്ന പച്ചില അവളോടു പറഞ്ഞു.
* ‘‘ഞാൻ ഒരു പ് രാന്തൻ കണ്ടലാണ്.’’
അതിനു ശേഷമുള്ള ബസ് യാത്രകളിൽ, വലിയ പാലങ്ങൾ കടന്നുപോകുമ്പോൾ, ചതുപ്പുകളിൽ പടർന്നു കിടക്കുന്ന കണ്ടലുകൾ ശരിക്കു കാണാൻ അവൾ എത്തിനോക്കുമായിരുന്നു. ഇലയുടെ ആകൃതി വലുപ്പങ്ങളാൽ വേറിട്ടുനിൽക്കുന്ന ഓരോരോ ഇനങ്ങൾ കാണുമ്പോൾ ഒരിക്കലെങ്കിലും അതൊക്കെ തൊട്ടുതലോടി നടക്കണം എന്നവൾക്കു തോന്നും. വായനയുടെ ഏതോ ഘട്ടത്തിൽ എഴുതാൻ തുടങ്ങി. തുടക്കം കിട്ടാനായിരുന്നു പാട്. എഴുതി കുറച്ചായപ്പോൾ, എന്തൊക്കെയെഴുതണം.... എന്തൊക്കെയെഴുതേണ്ട... എന്ന തീരുമാനത്തിലെത്താനാവാതെ അവൾ ശരിക്കും വിഷമിച്ചു. അതും ഏറ്റവും നന്നായി അറിയുന്ന ആളെക്കുറിച്ചാകുമ്പോൾ...
ഓരോ അധ്യായവും എഴുതിത്തീരുന്നമുറക്ക് പോൾ ആന്റണിക്ക് അവൾ അയച്ചുകൊടുത്തുകൊണ്ടിരുന്നു. അയാളുടെ പിന്തുണകൂടിയായപ്പോൾ അവളൊരു തീരുമാനമെടുത്തു. അവസാന അധ്യായം, ആ സംഭവം നടന്ന സ്ഥലത്തുെവച്ചുതന്നെ എഴുതണമെന്ന്. നാഷനൽ ഹൈവേ വിട്ട് കണ്ടൽക്കാടിന്റെ പേരിൽ അറിയപ്പെടുന്ന ആ ഗ്രാമത്തിലേക്ക് കാർ തിരിഞ്ഞപ്പോൾ മറിയ ഡയറി അടച്ചുെവച്ചു.
2
ചതുപ്പിനോടു ചേർന്ന തിട്ടയിലാണ് കതിർവേലന്റെ വീട്. മരഗതത്തെ മംഗലംചെയ്തു കൊണ്ടുവരുമ്പോൾ തിട്ടയിൽ ആകെ ഏഴു വീടുകളുണ്ടായിരുന്നു. കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്ത നാട്ടിൽനിന്നുള്ള വരവായിരുന്നു മരഗതത്തിന്റേത്. അതുകൊണ്ടുതന്നെ പരന്നു വിളഞ്ഞു കിടന്ന വെള്ളം, കാറ്റിന്റെ കമ്പിൽ കുത്തിച്ചാടുന്നത് അവളെ ഭയപ്പെടുത്തി. അധികം വൈകാതെ അയൽപക്കങ്ങൾ ഓരോന്നായി ഒഴിഞ്ഞുപോയി. ഒടുവിൽ തിട്ടയിൽ കതിർവേലന്റെ വീടു മാത്രമായി. കായലിന്റെ ശരീരത്ത് കാറ്റു വരച്ച രൂപം കണ്ടു പേടിച്ച് വിറക്കുന്ന ഭാര്യയെ നോക്കി കതിർവേലൻ പറയും.
‘‘ഇത് കാവൽക്കോട്ടൈ... ഭയപ്പെടവേണ്ട.’’
എത്ര വലിയ പേമാരിയും രാത്രി പഴുത്തു വെളുക്കുന്ന നേരത്തിനകം കായലുമായി സന്ധിചെയ്യാറുണ്ട്. വെട്ടം വീണ് കണ്ടൽക്കാടും കായൽപ്പരപ്പും കണ്ണുതിരുമ്മി എഴുന്നേറ്റുവരുമ്പോൾ മരഗതം വിചാരിക്കും. തലേന്നത്തെ പുകിലൊക്കെ എവിടെപ്പോയോ എന്തോ...
എന്നും വെളുപ്പിനെ തൊട്ടുമുമ്പിലെ കണ്ടൽവേലി കടന്ന് കതിർവേലൻ മീൻപിടിക്കാൻ പോവും. ഒരിക്കൽ നാലഞ്ചു പേർ അടങ്ങുന്ന ഒരു സംഘം ആ കണ്ടൽ ഗ്രാമത്തിലെത്തിയപ്പോൾ, ബോട്ടുജെട്ടിയിലെ പെരിയവർ മരുതനായകമാണ് അവർക്ക് തുണ പോകാമോ എന്ന് കതിർവേലനോടു ചോദിച്ചത്. ആ സംഘത്തിലെ താൽക്കാലിക ജോലിക്കാരൻ ആയിരുന്നു ഇഗ്നേഷ്യസ്. അന്ന് ചതുപ്പ് വിട്ട് ഉറച്ച മണ്ണുള്ള ഒരു തട്ടിൽ ടെന്റ് അടിച്ചാണ് അവർ തങ്ങിയത്. വേലിയേറ്റവും വേലിയിറക്കവും കടലും കരയും കണ്ടലും തമ്മിലുള്ള രഹസ്യബന്ധമായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. അതിനായി അവർ വേലിയേറ്റത്തിലും വേലിയിറക്കത്തിലും പ്രത്യേകം പ്രത്യേകം കുപ്പികളിൽ വെള്ളം ശേഖരിച്ചു. പിന്നെയും തീരാത്ത പലതരം അന്വേഷണങ്ങൾ.... രാത്രിയെന്നോ പകലെന്നോ നോക്കാതെ ആ കാട്ടിനിടയിൽ അവർ ചുറ്റിത്തിരിഞ്ഞു.
അതിനുശേഷം വർഷങ്ങളോളം ആരും അങ്ങോട്ട് എത്തിനോക്കിയതേയില്ല. ഒരിക്കൽ മീൻപിടിത്തം കഴിഞ്ഞു വന്ന കതിർവേലൻ ചതുപ്പിനോട് ചേർന്നു കെട്ടിയ ഒരു ടെന്റ് കണ്ടു. അതിനടുത്ത് ഒരാളെയും. അടുത്ത ദിവസങ്ങളിലും രാവിലെ മീൻപിടിക്കാൻ പോയപ്പോഴോ, വൈകീട്ട് തിരികെ വന്നപ്പോഴോ എപ്പോഴൊക്കെയോ അയാളെ കണ്ടു. പിന്നെ രണ്ടുദിവസം അയാളെ കണ്ടതേയില്ല. ഒരു രാത്രി മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോൾ, കതിർവേലൻ ടെന്റിനടുത്തെത്തി വെറുതെ അകത്തേക്ക് എത്തിനോക്കി. ഇരുട്ടത്ത് ഒരു ഞരക്കം മാത്രം. ടെന്റിൽ ചുട്ടുപൊള്ളുന്ന പനിയിൽ കുളിച്ചു കിടന്ന ആ മനുഷ്യനെ കോരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചത് കതിർവേലനും മരഗതവും ചേർന്നാണ്. ഇഗ്നേഷ്യസുമായി അന്നു തുടങ്ങിയ അടുപ്പമാണ്.
പിന്നീടുള്ള ഓരോ വരവിലും ടൗണിൽ മുറിയെടുത്ത് പെട്ടിെവച്ച ശേഷം, ലാപ്ടോപ് ബാഗിൽ അത്യാവശ്യം സാധനങ്ങളുമായി ഇഗ്നേഷ്യസ് കതിർവേലന്റെ വീട്ടിലെത്തും. കണ്ടലിനിടയിൽ അലഞ്ഞുതിരിയാനും വേലിയേറ്റവും വേലിയിറക്കവും കണ്ടറിയാനും പറ്റിയ ഒരു സ്ഥലമായിരുന്നു, വെള്ളത്തോടു ചേർന്ന കതിർവേലന്റെ വീട്. അപ്പനും മോനും മാറിമാറി അയാൾക്കു കൂട്ട് പോയി. ക്ഷീണിച്ചു വരുമ്പോൾ അയാളുടെ രുചിക്കൊത്ത തീൻപണ്ടങ്ങൾ മരഗതം നിരത്തിെവച്ചു.
ഇഗ്നേഷ്യസിന്റെ ഭാര്യ മറിയ ആദ്യമായി തങ്ങളെക്കാണാൻ വരുന്നുണ്ടെന്ന് അറിഞ്ഞതു മുതൽ മരഗതം അവരെ കാത്തിരിക്കുകയായിരുന്നു. പുറംകടലിൽ മാഞ്ഞുപോയ കതിർവേലൻപോലും ഇടക്കിടെ കരയോളം വന്നെത്തിനോക്കി. അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തി.
3
കാർ നിന്നയുടൻ ഏതാണ്ട് നാൽപത്തിയഞ്ച് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ ഓടിയിറങ്ങി വന്നു. അതായിരിക്കണം കതിർവേലന്റെ ഭാര്യ മരഗതം. വർക്കത്തുള്ള ആ മുഖം കണ്ടയുടൻ മറിയ ഉറപ്പിച്ചു. ആ കുടുസ്സ് വീട്ടിലെ കൊച്ചൊരു മുറിയിലേക്ക് അവളെ മരഗതം നയിച്ചു.
1 ‘‘അയ്യാ വന്താ ഇങ്കെ താൻ പടുപ്പാർ.’’
എന്നിട്ട് മരഗതം മകനെ ഉറക്കെ വിളിച്ചു. എവിടന്നോ ഓടിക്കിതച്ച് ഇരുപതോ ഇരുപത്തിരണ്ടോ വയസ്സു തോന്നിക്കുന്ന ഒരു ചെക്കൻ ഓടിവന്നു. അവന്റെ പേര് പുകഴൻ എന്നാണെന്നും, പത്തു തോറ്റശേഷം മീൻപിടിത്തമാണ് പ്രധാന പണിയെന്നും മരഗതത്തിന്റെ സംസാരത്തിൽനിന്ന് അവൾ മനസ്സിലാക്കി. മറിയയെ നോക്കി അവൻ ഒന്നു ചിരിച്ചു. സൂക്ഷിച്ചുനോക്കിയാൽ അവന്റെ മുഖത്ത് കട്ടികുറഞ്ഞ മീശയും താടിയും കാണാം. ഷേവറോ ബ്ലേഡോ ഒരിക്കൽപോലും തൊട്ടുനോക്കിയിട്ടില്ലാത്ത അവന്റെ മുഖം മറിയ അപ്പോഴാണ് അടുത്ത് കണ്ടത്. മരഗതം കൊണ്ടുവന്ന കാപ്പി അവൾ രുചിയോടെ കുടിച്ചു. പക്ഷേ അതുകൊണ്ടു സൽക്കാരം തീർന്നില്ല. തൊട്ടുപിറകെ വന്നു, പൊങ്കൽ. വിശേഷപ്പെട്ട രൂപമുള്ള ഓട്ടുപാത്രത്തിൽ. ഇതുപോലൊരു വീട്ടിൽ അങ്ങനെയൊരു പാത്രം… മറിയയുടെ അത്ഭുതം മരഗതം തണുപ്പിച്ചു.
2 ‘‘കടശ്ശി വരവിൽ അയ്യാ വാങ്കിയത് താൻ.’’
പുകഴനെ അടുത്തേക്കു വിളിച്ച് മറിയ പതുക്കെപ്പറഞ്ഞു.
3 ‘‘അന്ത എടം എനക്ക് പാക്കണം.’’
അവൻ തലയാട്ടി.
അവന്റെ പറച്ചിലിൽ ആ സംഭവത്തിനു വീണ്ടും ജീവൻ െവച്ചു. മരഗതം ഒച്ച കേൾപ്പിക്കാതെ കരഞ്ഞു. പക്ഷേ, ആഗ്രഹിച്ചെങ്കിലും മറിയക്കു കരയാൻ പറ്റിയില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ ദുഃസ്വാദാണ് ഒഴുകിപ്പോകാത്ത സങ്കടങ്ങൾക്കും.
മാർച്ച് പതിന്നാലിന് പതിവുപോലെ ഇഗ്നേഷ്യസിന് കൂട്ടുപോയതായിരുന്നു കതിർവേലൻ. പുകഴനും അൽപം മാറി കണ്ടൽകൂട്ടത്തിനിടയിൽതന്നെ മീൻപിടിച്ചുനിൽപുണ്ടായിരുന്നു. കാറ്റും കോളുമൊന്നുമില്ല. തെളിഞ്ഞ പകൽ. പെട്ടെന്നാണ് നിന്ന നിൽപിൽ ഇഗ്നേഷ്യസിന്റെ മുഖം കോടിയതും, പാലത്തിന്റെ കൈവരി പൊട്ടി വെള്ളത്തിലേക്കു ചരിഞ്ഞതും. ഉപ്പു കുഴഞ്ഞ പശമണ്ണിൽനിന്ന് ഇഗ്നേഷ്യസിനെ വലിച്ചു കേറ്റാൻ കതിർവേലൻ ആവുന്നതും നോക്കി. എന്തു പറയാൻ. ആ എൺപത്തിയാറു കിലോ ഭാരം ചളിയിൽ താണുപോകുന്നത് ഒന്നു താമസിപ്പിക്കാൻ പറ്റി എന്നുമാത്രം. ഒച്ചയും വിളിയും കേട്ട് പുകഴൻ ഓടിവന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
അതിൽപിന്നെ കതിർവേലൻ വാ തുറന്ന് മിണ്ടിയിട്ടില്ല. ഒരിക്കൽ മരഗതം നിർബന്ധിച്ചപ്പോൾ തന്റെ നിന്നുപോയ മിണ്ടാട്ടം മാറ്റിവെച്ച് കൂട്ടുകാർക്കൊപ്പം അയാൾ പുറംകടലിലേക്ക് പോയി. പിന്നീട് ഒരിക്കലും തിരിച്ചുവന്നില്ല. പുകഴൻ പറഞ്ഞു തീർന്നിട്ടും കുറേനേരം കൂടി അവൾ അതേയിരിപ്പിരുന്നു. ഉണർത്തിയത് വാട്ട്സാപ്പ് കോൾ. ലക്സംബർഗിൽനിന്ന് റീനമോളാണ്. പക്ഷേ എടുത്തപ്പോഴേക്കും കട്ടായി.
മരഗതം പറഞ്ഞുകൊണ്ടിരുന്നതൊന്നും മറിയ കേട്ടില്ല. ആ പറച്ചിൽ എവിടെയോ തട്ടി ഒന്നു നിന്നപ്പോൾ, വേഗം അവൾ പുറത്തിറങ്ങി. വൈകിട്ട് നാലുമണിക്ക് ബോട്ട് സർവീസ് കൗണ്ടറിനു മുമ്പിൽ എത്താൻ പുകഴനോട് പറഞ്ഞുറപ്പിച്ച് അവൾ കാറിൽ കയറി. ഹോട്ടലിലെത്തിയതും റീനമോളെ വിളിച്ചു. റിങ് ഉണ്ടെങ്കിലും എടുക്കുന്നില്ല. ഉച്ചഭക്ഷണത്തിനുശേഷം വീണ്ടും ശ്രമിച്ചു. തെറ്റി വിളിച്ചതാണ് എന്ന റീനയുടെ അറിയിപ്പ് വന്നതോടെ, ഭൂമിയിലെ എല്ലാ ഭാരങ്ങളും വിട്ടൊഴിഞ്ഞെന്ന് അവൾക്കു ബോധ്യമായി.
4
മറിയയെ കൂടെക്കൂട്ടുമ്പോൾ ഇഗ്നേഷ്യസിന് സ്ഥിര ജോലിയുണ്ടായിരുന്നില്ല. പിന്നീടാണ് ഗവേഷണ സഹായിയായി യൂനിവേഴ്സിറ്റിയിൽ സ്ഥിരപ്പെടുന്നത്. അപ്പോഴൊക്കെ മറിയ കൊച്ചൊരു പ്രൈവറ്റ് സ്കൂളിൽ മലയാളം ടീച്ചർ ആയിരുന്നു. ശമ്പളവും അധ്വാനവുമായി യാതൊരു ചേർച്ചയുമില്ലെങ്കിലും, നന്നായി ഉറക്കം കിട്ടിയ കാലമായിരുന്നു അത്.
റീനമോൾ വന്നതോടെ അതുവരെയുണ്ടായിരുന്ന എല്ലാത്തിന്റെയും ഒഴുക്ക് സാവധാനം മുറിഞ്ഞു. കമിഴ്ന്നു വീഴാനും ഇരിക്കാനും നിൽക്കാനും റീന ഒരുപാടു വൈകി. ക്രച്ചസിൽ താങ്ങി നടക്കാൻ പരുവപ്പെട്ടതും സമയമെടുത്താണ്. അതിനുവേണ്ടി ജോലി കളഞ്ഞ് തന്റെ മുഴുവൻ സമയവും മറിയ തുറന്നുെവച്ചു. ഇഗ്നേഷ്യസിന്റെ കുതിപ്പുകളേയും ആദ്യമൊക്കെ അത് തളർത്തിക്കളഞ്ഞു. പക്ഷേ വേഗംതന്നെ അതിൽനിന്നയാൾ പുറത്തുകടന്നു. നിരന്തരമായ ശ്രമങ്ങളാൽ കണ്ടൽ പഠനത്തിൽ ഇഗ്നേഷ്യസിന്റെ പേര് തെളിഞ്ഞു വന്നുകൊണ്ടിരുന്നു. സെമിനാറുകളിൽ അയാൾ സ്ഥിരം ക്ഷണിതാവായി. തങ്ങൾ പെരിയോർക്കുവേണ്ടി എന്തോ പണി ചെയ്യുന്നു എന്ന് മാത്രമേ കതിർവേലൻ അതേപ്പറ്റി അറിഞ്ഞുള്ളൂ. ആ മനുഷ്യർക്ക് നൽകിയ തുച്ഛമായ പലതിനും പകരമായി അവർ അയാൾക്കു വേണ്ടി നിർലോഭം പണിയെടുത്തു.
ഇഗ്‌നേഷ്യസ് പോയശേഷം ഒരിക്കൽ റീനമോൾ പറഞ്ഞു.
‘‘എല്ലാം മമ്മ എടുത്തോളൂ. എന്നിട്ട് സ്വന്തം ഇഷ്ടപ്രകാരം ജീവിക്ക്.’’
‘‘അതെന്ത് സ്വന്തം ഇഷ്ടം..?’’
‘‘ഒറ്റയായിട്ടോ... ഇരട്ടയായിട്ടോ... എങ്ങനെ വേണേലും... ഒരു കാര്യം പറയാം. എന്റെ പിന്നാലെ വരരുത്…’’
മറിയയുടെ നാക്ക് പിടിവിട്ടുപോയി. ആ വാക്കുതർക്കം രണ്ടുപേരെയും ഏറെക്കാലത്തേക്ക് നിശ്ശബ്ദരാക്കി. അങ്ങോട്ടു മുൻകൈയെടുത്തു വിളിച്ചെങ്കിലും റീന ഒരിക്കലും മറുവശത്ത് വന്നില്ല. വീട്ടിൽനിന്ന് തിരിക്കുന്നതിനു മുമ്പ് റീനമോൾക്ക് മെസേജ് അയച്ചിരുന്നു. അപ്പ പോയ സ്ഥലം നേരിട്ട് കാണാൻ പോവുകയാണ്. പക്ഷേ എന്നത്തേയുംപോലെ അതിനും അവളുടെ മറുപടിയൊന്നും വന്നില്ല.
മറിയ കിടക്കയിൽ എഴുന്നേറ്റിരുന്നു. നാലുമണിക്ക് ബോട്ട് സർവീസ് കൗണ്ടറിനു മുമ്പിൽ എത്തണം. അതിനു മുമ്പായി ചെയ്യേണ്ട ഒന്നുണ്ട്. അവസാനത്തെ അധ്യായം. അത് പലതവണ മുമ്പിൽ കണ്ടതും സ്വയം അഭിനയിച്ചതുമാണ്. ഒരുപക്ഷേ എഴുതാൻ തീരുമാനിച്ചപ്പോൾ ആദ്യം തെളിഞ്ഞുവന്നതും അതുതന്നെ. കതിർവേലന്റെ വീട്ടിലെത്തി മരഗതത്തെ കണ്ടതോടെ അതിനു കൂടുതൽ തെളിച്ചം വന്നു. അവൾ എഴുതിത്തുടങ്ങി.
‘‘… കണ്ടൽക്കാടുകളെപ്പോലെ ചില മനുഷ്യരുണ്ട്. സ്വയം ചെളിയിൽ താണുനിന്ന്, തലപ്പൊക്കമുള്ള തിരകളെ തടുത്ത് ചുറ്റുമുള്ളവയെ സംരക്ഷിക്കുന്നവ...’’
എഴുതിത്തീർന്നതു ചെത്തി മിനുക്കിയശേഷം പോൾ ആന്റണിക്ക് നേരെ അയച്ചുകൊടുത്തു. കൂട്ടത്തിൽ, പുസ്തകത്തിന്റെ റോയൽറ്റി മരഗതത്തിനാണെന്ന കരാർ ഓർമിപ്പിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ, നീരൂറ്റപ്പെട്ട പ്രാണി, വലയിൽനിന്ന് വീണുപോകുന്നതുപോലെ അവൾ കിടക്കയിലേക്കു ചാഞ്ഞു.
വൈകുന്നേരം നാലുമണിയോടെ ബോട്ട് സർവീസിനുള്ള ടിക്കറ്റ് കൗണ്ടറിനടുത്ത് മറിയ എത്തി. പുകഴൻ അവിടെ കാത്തുനിന്നിരുന്നു. ഇഗ്നേഷ്യസിന്റെ പേര് പറഞ്ഞതോടെ ഡ്രൈവറുടെ മുഖത്തെ ചിരി മാഞ്ഞു. തന്റെ ബോട്ടിൽ കയറുമ്പോഴൊക്കെ ഇഗ്നേഷ്യസ് ഇരിക്കുമായിരുന്ന ഏറ്റവും മുമ്പിലെ കൊച്ചു പടി അയാൾ മറിയക്ക് കാണിച്ചുകൊടുത്തു.
ബോട്ടിൽ കയറാൻ പുകഴൻ അവളെ സഹായിച്ചു. വെള്ളം അവൾക്ക് വലിയ പേടിയാണ്. കാലെടുത്തു െവച്ചപ്പോൾ തുടങ്ങിയ ആടിയുലച്ചിലിൽ അവൾ വല്ലാതെ ഭയന്നുപോയി. പെട്ടെന്ന് തന്നെ തൊട്ടടുത്ത കുറുകെയുള്ള തട്ടിൽ അവൾ ഇരുന്നു. എന്നാലത് ആട്ടത്തിന് കൂടുതൽ ആക്കം കൊടുത്തതേയുള്ളൂ.
ബോട്ട് ഓടിത്തുടങ്ങിയപ്പോൾ പല പൊക്കത്തിലുള്ള എടുപ്പുകൾ പ്രകാശിപ്പിച്ച് കണ്ടൽപ്പച്ച തെളിഞ്ഞുവന്നു. ഒരുവശം കടലാണ്. വിശാലമായ ജലപ്പരപ്പു കടന്ന് ബോട്ട് സാവധാനം ചെറിയൊരു ചാലിലേക്കിറങ്ങി. മുമ്പിൽ… ഉപ്പുവെള്ളത്തിൽ ഉലഞ്ഞും മുങ്ങിത്താണും ജീവിക്കുന്ന പച്ചയുടെ കടൽ. ഇലകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് നീണ്ടുവരുന്ന കമ്പുകളും, മുറിച്ചുമാറ്റിയ വള്ളികളും മറിയ കൈപൊക്കി പതുക്കെ തൊട്ടു. നനവുപറ്റിയ ശരീരംപോലെ അവ തണുത്തിരിക്കുന്നു. ചെറിയ മരങ്ങൾ, കുറ്റിച്ചെടികൾ, വള്ളികൾപോലെ പൊതിഞ്ഞുനിൽക്കുന്ന അവയുടെ വേരുകൾ… ചുവട്ടിൽ ഉപ്പ് രുചിയുള്ള ചതുപ്പാണ്. ചവിട്ടിയാൽ താണു പോകും.
അപ്പോഴേക്കും ബോട്ട്, ഇടുങ്ങിവരുന്ന ചാലു കടന്ന് വള്ളികളും ഇലകളുംകൊണ്ടു പൊതിഞ്ഞ ഒരു ഗുഹാദ്വാരത്തിലേക്ക് കടന്നു. തൊട്ടുമുമ്പിൽ കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പറ്റുന്ന ഒരു തടിപ്പാലം കാണാനായി. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഡ്രൈവർ പറഞ്ഞിരുന്നു. എങ്കിലും അത് ഇത്രത്തോളം മാരകമായിരിക്കുമെന്ന് അറിഞ്ഞില്ല.
4 ‘‘ഇപ്പോത് ഉയർ അലൈ. റൊമ്പ ആഴമിറ്ക്ക്.’’
ഡ്രൈവർ ഓർമിപ്പിച്ചു. അതു കേട്ടതും അവൾക്കു സന്തോഷം തോന്നി.
‘‘ആഴം വേണം...’’ അവൾ പിറുപിറുത്തു.
‘‘എന്നമ്മാ...’’ മടങ്ങിപ്പോകുന്നതിനുമുമ്പ് ഡ്രൈവർ വിളിച്ചു ചോദിച്ചെങ്കിലും അവൾ മിണ്ടിയില്ല.
പുകഴൻ അവളെ കൈപിടിച്ച് പാലത്തിലേക്ക് കയറ്റി.
5 ‘‘ഭയപ്പെട വേണ്ടാ... പാത്തു നടന്താൽ പോതും.’’
കുറുകെയുള്ള പല തടിപ്പലകകൾക്കും ആട്ടമുണ്ട്. എങ്കിലും ഇരുവശത്തുമുള്ള കമ്പിൽ പതുക്കെത്താങ്ങി ഓരോ കാലടിയും മുമ്പോട്ട് വക്കാം. പലക ഇളകിപ്പോയ ഭാഗങ്ങളിൽ കാലു നീട്ടി വലിച്ചുവെക്കണം.
6 ‘‘ദാ... ഇന്തയിടം താൻ…’’
പുകഴൻ ചൂണ്ടിക്കാണിച്ചു. അവിടെ പലകക്ക് നല്ല ബലം ഉണ്ടായിരുന്നു. ഒരുപക്ഷേ ആ സംഭവത്തിനു ശേഷം അവിടം കൂടുതൽ ബലപ്പെടുത്തിയതാകാം. എന്നാൽ ഏതാനും മീറ്ററുകൾക്കപ്പുറം പാളികൾ ഇളകിപ്പോയിട്ടുണ്ട്. പാലത്തിന്റെ ആ ഭാഗം മുഴുവൻ കാറ്റും പേമാരിയും ചവച്ചു തുപ്പിയതാണ്.
7 ‘‘ഭയപ്പെട വേണ്ട...’’
ഭയമോ…? ആർക്ക്…? അവൾ അവളോടുതന്നെ തർക്കിച്ചു. ഇതാണ് ആ സമയം. തന്റെ കയ്യിൽ ഇരുന്ന പേഴ്സ് അവൾ പുകഴനെ ഏൽപിച്ചു. അതിൽ മൂന്ന് ഡെബിറ്റ് കാർഡുകളും ഒരു ക്രെഡിറ്റ് കാർഡും ഉണ്ട്. ഓരോന്നിന്റെയും പിൻനമ്പർ അതതു കൂടുകളിൽ എഴുതിവെച്ചിട്ടുമുണ്ട്. ശേഷം ഒന്നും ആലോചിക്കാതെ, തൊട്ടു മുമ്പിലുള്ള, ഏറ്റവും ഇളകിയ പലകയുടെ നെഞ്ചിലേക്ക് അവൾ ആദ്യത്തെ കാൽവെച്ചു. പ്രതീക്ഷിച്ചതുപോലെ, പെട്ടെന്നിളകിയ പലകക്കിടയിലെ വിടവിലൂടെ അവൾ താഴേക്ക് നൂണ്ടുപോയി. വെള്ളം മൂക്കിൽ കയറിത്തുടങ്ങിയപ്പോഴേ തല പറിഞ്ഞു പോകുന്ന വേദന അവളെ പൊതിഞ്ഞു. തലമുടിയിൽ താങ്ങിയാണ് അവളുടെ ഭാരത്തെ വെള്ളത്തിനു മുകളിലേക്ക് പുകഴൻ വലിച്ചെടുത്തത്.
നനഞ്ഞൊട്ടിയ ആ ദേഹം അവൻ കോരിയെടുത്ത് പാലത്തിൽ കിടത്തി. കുടിച്ച കുറെ ഉപ്പുവെള്ളം അവൾ ഛർദിച്ചു. ഭയന്നുപോയെങ്കിലും പെട്ടെന്നു തന്നെ, ചെറുപ്പത്തിൽ പഠിച്ച പ്രാഥമിക ചികിത്സ ഓർത്തെടുത്ത്, അവളുടെ തുറന്ന വായിലേക്ക് അവൻ ആഞ്ഞ് ഊതിത്തുടങ്ങി. അൽപനേരംകൊണ്ട് അവൾ ശ്വാസം വീണ്ടെടുത്തെങ്കിലും… അതൊരു ദീർഘചുംബനമാകാൻ അധികനേരമെടുത്തില്ല. നനഞ്ഞ ഉടുപ്പ് അഴിഞ്ഞു മാറിയതോടെ, ഇരുണ്ട കൈപ്പത്തികൾ അവളെ അമർത്തി ചൂടുപിടിപ്പിക്കാൻ തുടങ്ങി. അതോടെ മറിയ പതുക്കെ ഉണർന്നു. തന്റെ ദേഹം തിളച്ചുമറിയുന്നപോലെ അവൾക്കു പൊള്ളി.
മുറിഞ്ഞ ശരീരത്തിൽ ഉപ്പു പുരണ്ടാലുള്ള നീറ്റലും പുകച്ചിലും ഒരുപാട് കഴിഞ്ഞാണ് കരിഞ്ഞുതുടങ്ങിയത്. അതിനോടകം പച്ചിലയുടെ തീച്ചൂളയിൽ വീണ ഒരു മൺപാത്രമായി അവൾ പാകപ്പെട്ടു. ഓളപ്പരപ്പിൽ മുങ്ങിയും പൊങ്ങിയും മദിച്ച ഒരു ചെറുമീനിനെ കൈവെള്ളയിൽ കോരിയെടുക്കാൻ അവൾ കുനിഞ്ഞു. ഒന്ന് തെന്നിയെങ്കിലും കണ്ടൽ വേരുപോലെ ഒരു കൈ അവളെ വീഴാതെ താങ്ങി. കൈവരിയൊടിഞ്ഞ പാലം, കൂടുതൽ ഇരുണ്ട കാട്ടിലേക്കു മറയാൻ വെമ്പുന്ന ഭാഗത്ത്, പുകഴന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് മറിയ കാത്തുനിന്നു. ബോട്ടിന്റെ ശബ്ദം ദൂരെ കേൾക്കുന്നുണ്ട്.
=============
കുറിപ്പുകൾ:
* ‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന കല്ലേൻ പൊക്കുടന്റെ ആത്മകഥയിലെ പ്രസ്താവം.
1 ‘‘സർ വന്നാൽ ഇവിടെയാണ് കിടപ്പ്.’’
2 ‘‘അവസാനത്തെ വരവിൽ സർ വാങ്ങിയതാണ്.’’
3 ‘‘ആ സ്ഥലം എനിക്ക് കാണണം.’’
4 ‘‘വേലിയേറ്റമാണ്. നല്ല ആഴം കാണും.’’
5 ‘‘പേടിക്കേണ്ട. നോക്കിനടന്നാൽ മതി.’’
6 ‘‘ദാ... ഇതാണ് ആ സ്ഥലം.’’
7 ‘‘പേടിക്കേണ്ട.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.