ഇരുപത് വർഷം മുമ്പ് രുക്മിണിയമ്മ ഉടുത്തമുണ്ടും ഒരു തോൾസഞ്ചിയുമായി വീടുവിട്ട് പോകുമ്പോൾ ഭൈരവകുമാറിന് ഇരുപത്തിയേഴ് വയസ്സ്. അമ്മക്ക് അമ്പത്തിയഞ്ചും. അന്നേക്ക് അവന്റെ വിവാഹം കഴിഞ്ഞ് കഷ്ടി ആറുമാസം. തള്ളക്ക് മാസമുറ നിലച്ചിട്ട് പത്ത് വർഷവും. മൃദുലാദേവിയെന്ന കൊച്ചുള്ളൂർക്കാരിയെ മുത്തിയും നക്കിയും കുടുകുടെ േപ്രമിച്ചുമെല്ലാം അവൻ അന്നേരമൊന്നും മോക്ഷാർഥനായിത്തീർന്നിരുന്നില്ല! കുലസ്ത്രീകളായ എല്ലാ അമ്മാവിയമ്മമാരേയുംപോലെ രുക്മിണിയമ്മയും മൃദുലയെ ഒട്ടും മയമില്ലാതെ ഇടച്ചങ്ങലയും കാരവടിയുമെല്ലാം എടുത്ത് മെരുക്കാനും തുടങ്ങിയിരുന്നു.
അതൊരു മഴക്കാലത്തായിരുന്നു. കെട്ടിപ്പിടിച്ചുറങ്ങാൻ പെണ്ണൊരുത്തിയുണ്ടെങ്കിൽ, തീർന്നുപോകരുതേ, എന്ന് ഏതൊരു പുരുഷനും ആഗ്രഹിച്ചുപോകുന്ന പുലർകാലം. അമ്മ ഏതെങ്കിലും ബന്ധുഭവനങ്ങളിൽ പോയിട്ടുണ്ടാകും, എന്നാണ് ഭൈരവൻ ആദ്യം കരുതിയത്. ‘‘തള്ള പോയിട്ട് വരട്ട്’’ എന്ന് പുതപ്പിനടിയിലേക്ക് ഒരുവട്ടംകൂടി ഊളിയിട്ടുകൊണ്ട് മൃദുലയും പറഞ്ഞു. പിന്നീട് എഴുന്നേറ്റ് അത്യുത്സാഹത്തോടെ മൂന്ന് കറികൾ ഉണ്ടാക്കി. അങ്ങനെയൊക്കെയുള്ള ചില ഏർപ്പാടുകൾ അമ്മക്ക് അച്ഛൻ ജീവിച്ചിരുന്ന കാലത്തേ ഉണ്ട്. ‘‘നാളെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുളിങ്കറിയും നെേത്താലിക്കരിവാട് ചമ്മന്തിയും ഉണ്ടാക്കിത്തരാം, ഇടിച്ചക്ക തോരനും സാമ്പാറും ഉണ്ടാക്കിത്തരാം...’’ എന്നൊക്കെ പറയും. എന്നിട്ട് രായ്ക്കുരാമാനം പുലർച്ചെ സ്ഥലംവിടും. അച്ഛൻ ബെ...ബെ... എന്ന് പറഞ്ഞ് മൂക്കും അരയും ചൊറിഞ്ഞ് നടക്കും.
ഏതു വീട്ടിൽ പോയാലും അമ്മ അവിടെ സ്നേഹംകൊണ്ടൊരു മേൽപ്പാലം പണിയും. പത്തുവെളുപ്പിനേ ഉണർന്ന് മുറ്റമടിക്കും. പശുവിനെ കറക്കും. അടുക്കളയിൽ കയറി കുറുകുറെ പാലൊഴിച്ച് ചായയിടും. നെയ്മീൻ ചൂരയും കൊഞ്ചും ഒക്കെ കുടംപുളിയിട്ടും വറുത്തരച്ചുമൊക്കെ െവച്ച് അർമാദിക്കും. അങ്ങനെ ആ പാലത്തിന്റെ തൂണുകൾ ഓരോന്നോരോന്നായി പണിത് കയറ്റും.
‘‘ഈ തള്ളയെ ഇങ്ങനെ കുറ്റംപറയാൻ ഇവനും ഇവന്റെ പൊണ്ടാട്ടിക്കും എങ്ങനെ പറ്റണ്?’’ ബന്ധുക്കളായ ബന്ധുക്കളൊക്കെ കാലും നീട്ടിയിട്ടിരുന്ന് പേനുകൊല്ലുന്ന ഉച്ചയുറക്കത്തിന്റെ നേരങ്ങളിൽ അളന്നുതട്ടി. മൃദുല വെറുപ്പുകൊണ്ട് പണിയാൻ ശ്രമിച്ച ലെവൽ േക്രാസുകളെല്ലാം അവർക്കു മുന്നിൽ പണ്ടേ പൊളിഞ്ഞുപോയത് അങ്ങനെയാണ്.
‘‘നിങ്ങള് അവന്റെ വീറ്റിലിടി കൊള്ളാതെ ഇവിടെയെങ്ങാനും ഉള്ളതും കുടിച്ചോണ്ട് കെട തള്ളേ...’’ എന്ന് പല ബന്ധുക്കളും അവരെ എരിവുകയറ്റി.
കല്യാണവീടുകളിലും മരണവീടുകളിലുമെല്ലാം അഭ്യുദയകാംക്ഷികൾ ഭൈരവനെ ഇലക്കു മുന്നിലും ചിതക്കു മുന്നിലും വെറുതെ വിട്ടില്ല. പരിപ്പിനും സാമ്പാറിനും ഇടയിലെ ഇത്തിരിനേരത്ത് അച്ചാറ് നുള്ളുംപോലെ ‘‘അമ്മയെക്കുറിച്ച് എന്തെങ്കിലും?’’ എന്ന് മൂളി ചോദിച്ചു. മൂന്ന് പായസത്തിനുശേഷം വീണ്ടും ഒരിക്കൽക്കൂടി ഇഞ്ചിപ്പച്ചടി തോണ്ടുംപോലെ ‘‘കഷ്ട’’മെന്ന് ഇരുത്തിമൂളി.
പുളിശ്ശേരിക്ക് വീണ്ടും ചോറുവാങ്ങി കൈകുടഞ്ഞ് ‘‘വിധി’’യെന്ന് അണ്ണാക്കിലേക്ക് ഉരുട്ടി ഇലമടക്കി. പോരാതെ, ‘‘എവിടെയെങ്കിലും കിടന്ന് ചത്താൽ നിന്റെ അമ്മയ്ക്ക് ഇതൊക്കെ ആര് ചെയ്യും?’’ എന്നൊരു മുട്ടൻ വിറകെടുത്ത് നെഞ്ചിലിട്ടുകൊടുത്തുകൊണ്ട് കൊള്ളിവെക്കുന്നതിനിടയിലും കുടം ഉടയ്ക്കുന്നതിനിടയിലും പിന്നിൽനിന്ന് ഞോണ്ടിവിളിച്ചു. എന്നാലോ, ഉണ്ടായ ഏനക്കേടിനെ ഒരുതരത്തിലും മറികടക്കാൻ ആകുന്നതായിരുന്നില്ല, അവൻ മൃദുലാദേവിയെ തനിത്തങ്കം കൊണ്ട് പൊതിഞ്ഞ് നിരത്തിയ സത്യവിചാരങ്ങൾ. ഇതൊക്കെയായിരുന്നു, ദീർഘകാലം അമ്മ ഇറങ്ങിപ്പോയശേഷം അവൻ നേരിട്ട വലിയ സ്വത്വപ്രതിസന്ധികൾ.
മകനും മരുമോൾക്കും ഒരായുസ്സു മുഴുവനും കോരി വാരി കൊടുത്ത നാണക്കേടിന്റെയും അപമാനത്തിന്റെയും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എഴുപത്തിയഞ്ചുകാരിയായി രുക്മിണിയമ്മ വീട്ടിലേക്ക് മടങ്ങിവന്നിരിക്കുന്നത്. അന്ന് പറഞ്ഞ അതേ വാക്കുകൾതന്നെ വിളമ്പാൻ നാട്ടുകാർക്കും വീട്ടുകാർക്കും ഇനിയും തുമ്പിലയിട്ട് കൊടുക്കരുതെന്ന് മൃദുലാദേവിയോട് ഭൈരവകുമാർ ജാഗ്രതയുള്ളൊരു കലവറ സൂക്ഷിപ്പുകാരനെപ്പോലെ പറഞ്ഞു. ഇരുപത് വർഷംകൊണ്ട് മൃദുലാദേവിയോട് വൈദ്യുതാകർഷണംപോലെ തോന്നിയിരുന്ന സ്നേഹവും കാമക്കറയുള്ള അഭിനിവേശവുമൊക്കെ അവനിൽ വിരസതയുടെ മട്ടിപ്പാടയോളം താഴ്ന്നിരുന്നു. നാല് അബോർഷനും ഹൈപ്പർ തൈറോയ്ഡും പ്രഷറും പ്രമേഹവും പോരാത്തതിന് ഇരട്ടക്കുട്ടികളുമൊക്കെയായി ഇതിനിടയിൽ നാലഞ്ച് പ്രളയങ്ങൾ നിറഞ്ഞാടിയ ജീവിതത്തിൽ മൃദുലാദേവിയുടെ സാന്നിധ്യം ഹൈവോൾട്ടേജിൽ വീഴുന്ന ഷോക്കായാണ് കിടക്കയിൽപോലും അവനിപ്പോൾ തോന്നുന്നത്.
രാവിലെ പാൽ സൊസൈറ്റിയിലെ വെണ്ണപ്പാടപോലെ വഴുക്കുന്ന പ്ലാസ്റ്റിക് കസേരയിലിരുന്ന് കണക്കെഴുതുമ്പോഴാണ്, തോന്നയ്ക്കലിലെ ആർദ്രം ചാരിറ്റബിൾ സെന്ററിൽനിന്നും ഒരാൾ അവനെ തിരക്കിവരുന്നത്. അയാൾ ഭൈരവനെ വിളിച്ചിറക്കി പുറത്തുനിർത്തി കാര്യങ്ങളൊക്കെ പറഞ്ഞു. അന്നേരം അമ്മയെ കാണാതെപോയ നാൾമുതൽ അവൻ കേൾക്കാൻ തുടങ്ങിയ മുഴുവൻ അപമാനങ്ങളും ശാപവചനങ്ങളും തലക്ക് മുകളിൽ വായ്ക്കരിയുമായി നിരന്നു. വിളറിവെളുത്ത ആകാശം ആ ഇരുപതുവർഷത്തേയും ഭാരം ചുരത്തിക്കളയുവാൻ അകിട് കനപ്പിച്ചു.
‘‘ഭൈരവാ, നീ ഞങ്ങളെ വിട്ടിട്ട് പോ... ഞങ്ങൾക്ക് വേറെ കാര്യങ്ങളുണ്ട്...’’ എന്ന് മുക്കറയിട്ട് ധൃതികൂട്ടിക്കൊണ്ടുനിന്ന ചക്രപാണിയോടും കൗസല്യക്കുഞ്ഞമ്മയോടും ഇതാ, വരുന്നെന്ന് അവൻ ദയാപുരസ്സരം കൈകാണിച്ചു. അനാഥാലയത്തിലെ സെയ്ഫുദ്ദീൻ എന്ന മധ്യവയസ്കന് ഒട്ടും തിരക്കില്ലായിരുന്നു. നിസ്കാരത്തഴമ്പുള്ള ജീവിതത്തെ ഒരു നിലാവുപോലെ അവന്റെ മുന്നിലേക്ക് നിവർത്തിയിട്ട അയാൾ, അവന്റെ മഞ്ഞഷർട്ടിന്റെ കോളറിലൂടെ കഴുത്ത് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്ന ഒരു പുളിയുറുമ്പിനെ തട്ടിക്കളഞ്ഞ് ഇങ്ങനെ പറഞ്ഞു:
‘‘ഭൈരവൻ പോയിട്ടുവാ... അവർക്ക് കറവപ്പശുക്കളുടെ കാര്യങ്ങൾ നോക്കാൻ ഉണ്ടാകും. നമ്മളകാര്യം ഒരു വറ്റുംകറവയുടേതല്ലേ?’’ അകിടിൽനിന്നും മുലവിടുവിച്ച് മാറ്റിക്കെട്ടുന്ന ഒരു പശുക്കിടാവിനെപ്പോലെ അവൻ അന്നേരമൊന്ന് നിശ്വസിച്ചു. ആ നിശ്വാസം സെയ്ഫുദ്ദീനെ ചാടിക്കടന്ന് വെറും അഞ്ച് കിലോമീറ്റർ അപ്പുറമുള്ള അനാഥാലയത്തിലെ കുഞ്ഞൻ കട്ടിലിൽ കിടന്ന് മയങ്ങുകയായിരുന്ന രുക്മിണിയമ്മയുടെ പ്ലാവിലപോലെ ചപ്പിയ മുലകളിൽ ചെന്ന് മുട്ടി.
വൈകുന്നേരം നുണകൾ പകുക്കുന്ന കാവിൻകുളങ്ങര ക്ഷേത്രമുറ്റത്തെ പതിവ് ക്യാബിനെറ്റിനൊന്നും അവൻ നിന്നില്ല. പതിനൊന്നാം ക്ലാസുകാരിൽ ഒരാൾ, ‘‘അച്ഛനെന്തമ്മേ, ഇന്ന് നേരത്തേ?’’ എന്ന് ഒരു ലൈവ് ക്ലാസിന്റെ മടുപ്പ് മാറാനെന്നോണം ഞെളിഞ്ഞ് കുത്തിനിന്ന് ചോദിച്ചപ്പോൾ, മെത്ത ഒഴിവാക്കിയ കട്ടിലിൽ മുറിവെണ്ണയിട്ടുകൊണ്ട് ചരിഞ്ഞ് കിടക്കുകയായിരുന്ന മൃദുല നീലയിൽ കറുത്ത അരിപ്പൂക്കളുള്ള നൈറ്റി കീഴ്പ്പോട്ട് വലിച്ചിട്ട് ‘‘അമ്മോ...’’ എന്നൊരു ഞരക്കത്തോടെ എഴുന്നേറ്റിരുന്നു.
കുട്ടികൾ യൂട്യൂബിൽനിന്നും കോരിയെടുത്ത മോദകവും പാലൊഴിക്കാത്ത തണുത്ത ചായയും അയാൾക്ക് കൊടുത്തു. അവൻ മൃദുലയെ ‘‘ടേയ്...’’ എന്ന് തേഞ്ഞുപോയൊരു വഴക്കത്തിൽ ഡൈനിങ് ടേബിളിലേക്ക് വിളിച്ചു. അന്നേരം ഓടിപ്പിടിച്ച് അടുത്ത് വന്നിരിക്കണമെന്നൊന്നും തോന്നാത്തവിധം അവളുടെ സ്നിഗ്ധഞരമ്പുകളെല്ലാം വരണ്ടുപോയിരുന്നു.
പയറുമണികൾ വേകാത്ത മോദകം മൂന്നാമതും കടിച്ച് അവൻ ചായക്കപ്പ് ചുണ്ടിനോട് ചേർത്തപ്പോൾ മൃദുല പതിയെ എഴുന്നേറ്റുവന്നു. അവൾ ഒരു കസേരവലിച്ചിട്ട് അതിലേക്കങ്ങ് ചരിഞ്ഞു.അന്നേരം അവളുടെ കാലിൽനിന്നും ‘ടിക്’ എന്നൊരു ശബ്ദം പൊട്ടി നിലത്ത് വീണു. അവളുടെ നെറ്റിയിൽ രണ്ട് പുതിയ ചുളുവുകൾകൂടി തെളിഞ്ഞതായി അവൻ ശ്രദ്ധിക്കവേ, ഡൈനിങ് ടേബിളിൽ വീണുകിടന്ന നാലഞ്ച് പയറുമണികളിൽനിന്നും രണ്ടെണ്ണം നുള്ളിയെടുത്ത് അവൾ വായിലിട്ടു. തേഞ്ഞും അയഞ്ഞും ഇല്ലാതാകുന്ന മനുഷ്യരുടെ സാന്നിധ്യം ഡൈനിങ് ടേബിളിൽ ഉണ്ടായാലുടൻ മേശവിളുമ്പിലിരുന്ന് തലനീട്ടുന്ന അച്യുതൻ എന്ന പല്ലിയും അപ്പോൾ അവിടെ ഹാജർ രേഖപ്പെടുത്തി. മൃദുല എടുത്തില്ലെങ്കിൽ അവന് കിട്ടേണ്ട പങ്കാണത്.
നിശ്ശബ്ദതകൊണ്ട് വിഷയം കടയുമ്പോൾ, സാധാരണ ഭൈരവനിൽ വന്ന് നിറയാറുള്ള ഗൗരവത്തെ അവൾ തൂകിപ്പോകാത്ത ശ്രദ്ധയോടെ കോരിയെടുത്തു. ‘‘കാര്യങ്ങൾ ചെളിപ്പരുവത്തിലായിരിക്കേണ്...’’ അവൻ വർത്തമാനത്തിന് തെക്കും വടക്കും തൊടാതെ ഒരു വരവരച്ചു. അവൾ ഒരു നെടുമൂച്ചിൽ അയഞ്ഞു. പിന്നെ ഒരു കോട്ടുവായയിൽ മുറുകി.
‘‘...അല്ല ഇത്രയും അടുത്ത് കിടന്നിട്ടും നമ്മൾ..?’’ അവൾ ഇരുപതു വർഷം എന്ന ചരക്കുവണ്ടിയുടെ അടിയിൽ കിടന്ന് ശ്വാസം മുട്ടി. അന്നേരം അവൻ ചോദിച്ചു:
‘‘അതിന് നമ്മള് പേരിന് പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തതല്ലാതെ വേറെയെന്തരെങ്കിലും ചെയ്താ?’’
കടുത്ത നൃശംസതകൾക്ക് കാലത്തിന്റെ ചില നീക്കിയിരിപ്പുകൾ ഉണ്ടെന്ന തീർപ്പോടെ ഭൈരവൻ മൃദുല എടുക്കുന്നതിനു മുമ്പായി രണ്ട് പയറുമണികൾ എടുത്ത് അച്യുതൻ പല്ലിക്ക് ഇട്ടുകൊടുത്തു. താനെന്നും ഏഴകൾക്കൊപ്പം എന്ന് ഉറപ്പിച്ചു. അവൾ ആട്ടിപ്പായിക്കുന്നതിനു പകരം ഇപ്പോൾ ഇറുന്ന് വീഴും എന്ന് തോന്നിച്ച അതിന്റെ കടുകുമണികൾപോലുള്ള കണ്ണുകളിലേക്ക് തുറിച്ചുനോക്കി. അല്ലെങ്കിലും ഇനിയവൾ അതിന് മുതിരില്ലായിരുന്നു. ആ കറുത്ത പല്ലിക്ക് കുട്ടികൾ ഇട്ട പേരാണ് അച്യുതൻ.
ആ പേരിടുമ്പോൾ ഭൈരവൻ മക്കളോട് പറഞ്ഞു;
‘‘ടേയ്, പിള്ളരേ... നിനക്കൊക്കെ അറിയാമോ..? എന്റെ തന്തയുടെ പേരാണ് അച്യുതൻ. കെളവിയില്ലാത്തത് നിന്റെയൊക്കെ നല്ല കാലം! അല്ലെങ്കിൽ പള്ള് വിളിച്ച് കണ്ണ് പൊട്ടിച്ചേനെ!!’’
തന്റെ ഇടം സുരക്ഷിതമാക്കിക്കൊണ്ട് അപവാദങ്ങളുടെ ഒരു ചാക്കുകൂടി തള്ളിമറിക്കുന്ന ഉത്സാഹത്തിൽ മൃദുലയും അന്ന് ഭൈരവനെ പിന്താങ്ങി. കുട്ടികൾ അന്നേരം ഒൺ ടു ത്രീ എന്ന മട്ടിൽ ഒരു കൊറിയോഗ്രഫി ചെയ്ത ചിരി ചിരിച്ചു. പ്രായോഗികമതിയാകുവാൻ മൃദുല ഡൈനിങ് ടേബിളിൽ രണ്ട് കൈയും കുത്തിയിരുന്നു.
‘‘എന്തുചെയ്യാൻ, നാളയോ മറ്റന്നാളോ ചെന്ന് കൂട്ടിക്കൊണ്ട് വരണം. അല്ലാതെ വേറെന്ത്?’’
പല്ലി അന്നേരം പാഞ്ഞുവന്ന് ഒരു പയറുമണി കൊത്തിവിഴുങ്ങി. ഭൈരവൻ അച്യുതന്റെ തൊണ്ടയിലൂടെ അത് താളത്തിൽ ഒഴുകിയിറങ്ങുന്നതും നോക്കിയിരുന്നു.
‘‘അനാഥാലയക്കാർ ഇതൊരു വലിയ വാർത്തയാക്കാനുള്ള ഉത്സാഹത്തിലാണ്. ചാനലുകാരാണെങ്കിൽ പറയേം വേണ്ട. ഞാൻ അയാളോട് എനിക്കൊന്ന് കണ്ട് തീർച്ചപ്പെടുത്തണം എന്ന് പറഞ്ഞിട്ടുണ്ട് ഒപ്പം ഇതൊരു പത്രവാർത്തയാക്കരുതെന്നും...’’
‘‘ദൈവമേ... അത് ഈ പണ്ടാരക്കിളവിയാകാതിരിക്കട്ടെ...’’ മുളക്കാൻ സാധ്യതയുള്ള ദയയുടെ എല്ലാ ചിറകുകളും മൃദുല വാശിയോടെ അരിഞ്ഞിട്ടു. മോദകത്തിൽനിന്നും വീണ ഒടുക്കത്തെ തേങ്ങാപ്പീരും ശർക്കരത്തുള്ളിയും നക്കിയെടുക്കാൻ വന്ന അച്യുതനെ അവൾ അരിശക്കോളിൽ ആട്ടിപ്പായിച്ചു. നാശം! പോ... അവൾ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റ് പോയി.
ഇരുപത് വർഷം മുമ്പ് ഒരു മഴയത്ത് എങ്ങനെ വീട്ടിൽനിന്നും ഇറങ്ങിപ്പോയോ, അതേ ലാഘവത്തോടെ രുക്മിണിയമ്മ വീട്ടിലേക്ക് കയറിവരുന്നത് കണ്ട് മൃദുലയുടെ ഉള്ള് ഒരു തുലാവർഷപ്പെയ്ത്തിലേക്ക് ഒഴുകിവീണു. ഇരുപത് ന്യൂനം ഇരുപത് സമം പൂജ്യം!! അവർക്ക് നഷ്ടപ്പെട്ട ഇരുപത് വർഷം! തനിക്ക് കിട്ടിയ ഇരുപത് വർഷം!! ഇക്കാലത്തിനിടയിൽ നാലുതവണ പുതുക്കിപ്പണിത വീട്ടിലെ ചെറിയ മുറി തിരിച്ചറിയുന്നതിലൊന്നും അവർക്ക് തീരെ ബുദ്ധിമുട്ടുണ്ടായില്ല. ഇറങ്ങിപ്പോകുമ്പോൾ ഇല്ലാതിരുന്ന ഒരു കവറിനുള്ളിൽ രണ്ട് ജോടി തുണികളും മടങ്ങുമ്പോൾ അനാഥാലയക്കാർ നൽകിയ ഒരു ആലിലക്കണ്ണന്റെ െഫ്രയിംചെയ്ത ചിത്രവുമാണ് ഒപ്പമുണ്ടായിരുന്നത്. മുറിക്കുള്ളിലെ ചെറിയ മരപ്പെട്ടിക്കു മുകളിൽ പ്രളയപയോധിയിൽ ഒഴുകുന്ന കണ്ണനെ പ്രതിഷ്ഠിച്ചപ്പോൾ കുട്ടികൾ പരസ്പരം ഒൺ ടു ത്രീ എന്ന് പറഞ്ഞു: ‘‘അച്യുതൻ!’’
നിബിഡവനത്തിന്റെ നിശ്ശബ്ദതയായിരുന്നു, അവരുടെ രണ്ടാം വരവിന്റെ കാതൽ. മൃദുല കരുതിയതുപോലെ പിന്നീടുള്ള ദിവസങ്ങളെയൊന്നും അവർ കാറും കോളുംകൊണ്ട് വീടകം നിറച്ചില്ല. ‘‘അമ്മ എന്തിനാണ് അന്ന് ആ മഴയത്ത് ഞങ്ങളോടൊന്നും പറയാതെ ഇറങ്ങിപ്പോയതെന്ന്’’ പലവട്ടം ഭൈരവൻ ചോദിച്ചെങ്കിലും അവർ ആരുറപ്പുള്ളൊരു മഹാഗണിയായി നിവർന്നുനിന്നു. കഴിയുന്നിടത്തോളം നേരം മഹാമൗനത്തിലുറഞ്ഞു. ഒരിക്കൽ അവർ പരാതിയും പരിഭവങ്ങളുമായി ഓടിനടന്നിരുന്ന ബന്ധുവീടുകളിലെ പലരും ഓർമച്ചീന്തുകളുമായി വന്നു. അവർ രുക്മിണിയമ്മ പണ്ട് മാങ്ങാച്ചമ്മന്തി അരയ്ക്കുന്നതും ഇലയട ഉണ്ടാക്കുന്നതുമെല്ലാം പറഞ്ഞിട്ടും അവർ അതൊക്കെ കരിയിലകളായി കേട്ടിരുന്നു.
‘‘ഒന്നും ചെയ്യണ്ട, അമ്മ ഞങ്ങളോടൊപ്പം ഈ ഡൈനിങ്ടേബിളിലെങ്കിലും വന്നിരിക്ക്’’ എന്ന് ഭൈരവൻ പലവട്ടം പറഞ്ഞിട്ടും അവർ മുറിവിട്ട് ഇറങ്ങിയില്ല.
‘‘ഇത്രയും നാൾ മാറിനിന്നതല്ലേ, ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോകുന്നതാകും നല്ലത്.’’ കഴിഞ്ഞ ഇരുപത് വർഷമായി ലോക്കൽ കമ്മിറ്റിയിൽ തന്നെ പ്രവർത്തിക്കുന്ന വാർഡ്മെംബർ ഏകലവ്യൻ അവനോട് നിർദേശിച്ചു.
‘‘അതിന്റെയൊന്നും ആവശ്യമുള്ളതായി തോന്നുന്നില്ല. നന്നായി ഉറങ്ങുന്നുണ്ട്. ടോയ്ലെറ്റിൽ പോകുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. കുളിക്കുകയും രണ്ട് നേരം കൃഷ്ണവിഗ്രഹത്തിനു മുന്നിൽ പ്രാർഥിക്കുകയും നാരായണീയം അധികം ഒച്ചയുണ്ടാക്കാതെ വായിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.’’ ഭൈരവൻ ലോക്കൽ കമ്മിറ്റിയുടെ നിർദേശം അനുഭാവപൂർവം തിരുത്തി.
‘‘പിന്നെ ഉപദ്രവിക്കണ്ടടാ... ഇനിയിപ്പോൾ നിങ്ങൾക്കൊപ്പം ഇണങ്ങി പഴയമട്ടിൽ ജീവിക്കണമെന്നും ശാഠ്യംപിടിക്കണ്ട... മരിച്ചാൽ കർമം ചെയ്യാൻ ഒരു അസ്ഥികിട്ടുമല്ലോ... എന്ന് വെറുതെ സമാധാനിച്ചാൽ മതി.’’ ഏകലവ്യൻ ഒരുവിധം പാർട്ടിലൈനിൽ കാര്യം പറഞ്ഞൊപ്പിച്ചു.
വീട്ടിനുള്ളിൽ പൊടുന്നനെ വന്നുനിറഞ്ഞ കിണർ ആഴമുള്ള ഓർമകളുടെ നിശ്ശബ്ദതയാണ് മൃദുലതയെ ഭ്രാന്ത് പിടിപ്പിച്ചത്. സാരി മാറുമ്പോഴും കുളിക്കുമ്പോഴും ഒറ്റക്ക് കിടക്കുമ്പോഴുമെല്ലാം അണച്ചണച്ച് പിന്നാലെ വന്നിരുന്ന ആ ജരയുടെ ഒടുക്കത്തെ പിടച്ചിലിലും തൊടികളിൽ വഴുതിവീണ മുഴക്കമുള്ള നിലവിളികൾക്കും മേലെ കുഴിച്ചുമൂടിയ ഇരുപതുവർഷത്തിന്റെ ബലം അയഞ്ഞുപോകുന്നതായി അവൾക്ക് തോന്നി. അല്ലെങ്കിലും കെളവനെ താൻ തള്ളിയിട്ടതാണെന്നാണ് അവര് നാടുനീളെ പറഞ്ഞുനടന്നിരുന്നത്! വീട്ടിനുള്ളിൽ ഒച്ചയെടുത്തും അല്ലാതെയും വർത്തമാനം പറഞ്ഞിരുന്ന അവൾ വാക്കുകളുടെ വഴിയടച്ച് മൗനിയായി. കുട്ടികൾ ഏതുനേരവും മൊബൈൽ ഫോണിനുള്ളിൽ താഴിട്ടിരുന്നു. ഭൈരവൻ മാത്രം പാൽ സൊസൈറ്റിയിൽനിന്നും മടങ്ങിവന്നാൽ നേരെ പഴയൊരു കാൽപ്പെട്ടി തുറക്കുന്ന ഭൂതകാല കൗതുകത്തോടെ അമ്മയുടെ മുറിയിൽ പോകും. അതിൽനിന്നും ഓർമകളുടെ പൊടിഞ്ഞുതുടങ്ങിയ പ്രമാണക്കെട്ടുകൾ പുറത്തെടുക്കും. മാഞ്ഞുപോയ അക്ഷരങ്ങളുടെ നെഞ്ചിൽ ജീവൻ ഊതുംപോലെ ‘‘അമ്മ ഊണു കഴിച്ചോ ചായ കുടിച്ചോ’’ എന്നെല്ലാം ചോദിക്കും. പിടിതരാത്ത ചില വാക്കുകളായി രുക്മിണിയമ്മ അന്നേരം മറവിയുടെ ചെളിക്കുണ്ടുകളിൽ പൂഴ്ന്ന് കിടക്കും.
ചിലപ്പോൾ ഭൈരവനും മൃദുലയും പണ്ട് വീട്ടിൽ ആഘോഷരാവുകൾ ഒരുക്കിയിരുന്ന ഒച്ചയനക്കങ്ങളെ ശ്രമപ്പെട്ട് വിളിച്ചുവരുത്തി. അവർക്കൊപ്പം താളം പിടിക്കാൻ എഫ്.എം സ്റ്റേഷനുകളും ടി.വിയും ഒച്ചത്തിൽ െവച്ചു. ഒരു നൃത്തച്ചുവടിലെന്നോണം പാത്രങ്ങൾ എടുത്ത് നിലത്തിട്ടു. കുട്ടികൾ ഹർഷാരവത്താൽ അമ്മേ... എന്ന് ഉറക്കെ വിളിച്ചു. അയൽപക്കത്തുള്ളവർ അണലിത്തലയുയർത്തി വിഷം ചീറ്റി.
ശല്യമെന്ന് പറയാവുന്ന ഒരു നിശ്ശബ്ദ സാന്നിധ്യത്തിന് പിന്നിലൊളിപ്പിച്ച കത്തിയെക്കാൾ ഭയപ്പെടുത്തുന്ന മൂർച്ചയുണ്ടെന്ന് മൃദുല ഒരുദിവസം ഭൈരവനോട് പറഞ്ഞു. അവൾ ഏത് പുരാരേഖയുടെ ചുരുളാണ് അഴിക്കുന്നതെന്ന് അവന് മനസ്സിലായില്ല! ഡൈനിങ്ടേബിളിൽ വിഷാദം വീഴ്ത്തി ഇരിക്കുകയായിരുന്നു, അവനപ്പോൾ. അച്യുതൻപല്ലി വെള്ളച്ചോറ് തിന്നുവാൻ തലയുയർത്തിപ്പിടിച്ച് വലതുവശത്ത് നിൽക്കുന്നതു കണ്ട് ഭൈരവൻ അരപ്പുപുരളാത്ത മൂന്ന് വറ്റെടുത്ത് അവന് ഇട്ടുകൊടുത്തു. മൂന്നെണ്ണം ഇട്ടുകൊടുത്തെങ്കിലും അവന് ഒന്നിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അത് അവന്റെ കരിനീല കണ്ഠത്തിൽനിന്നും പതിയെ വയറ്റിലേക്ക് താളത്തിൽ ഇറങ്ങിപ്പോകുന്നത് കൗതുകത്തോടെ അവൻ കണ്ടിരുന്നു. പ്രകൃതിയിൽ എല്ലാ ജന്തുക്കൾക്കും വിശപ്പിനൊരേ താളമാണ്, മനുഷ്യനൊഴികെ..! അവനു മാത്രം ഉടലിനുള്ളിൽ ‘‘മതി’’യെന്ന് പറയാത്ത ആർത്തിയുടെ ഒരു കുരയുണ്ട്. അച്യുതന്റെ നിറം അടുത്തയിടെയായി മാറുന്നുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചത് മക്കളിലൊരാളായിരുന്നു.
‘‘ഇവൻ അൽപം വെളുത്ത് തുടുത്തിട്ടില്ലേ, അച്ഛാ?’’
എന്ന് അവരിലൊരാൾ ചോദിച്ചപ്പോൾ ഭൈരവൻ വറുത്ത കൊഴിയാളമീൻ മറിച്ചിട്ട് നുള്ളുന്നത് നിർത്തി അച്യുതനെ ഒന്ന് സൂക്ഷിച്ചുനോക്കി. പതിവുപോലെ മൃദുലക്ക് ആ വർത്തമാനവും രസിച്ചില്ല. ഒരിക്കൽ, തൊട്ടാൽ പൊടിയുമായിരുന്ന മൃദുലയുടെ നനവെല്ലാം വറ്റിവരണ്ടു. വഴക്കങ്ങൾ വഴിയിൽ മുറുകിനിന്നു. ഉപയോഗിക്കാതെ കിടക്കുന്ന കിണർ എത്രയും വേഗം മൂടണമെന്ന് അവൾ ശാഠ്യംപിടിച്ചു. ചുവരുകൾക്കുള്ളിൽപോലും അവൾ ആരെയോ ഭയക്കാൻ തുടങ്ങി. കാതുകളിൽ ഒച്ചകൾ ചിലമ്പി. മഴ പെയ്യുമ്പോൾ മാത്രം രുക്മിണിയമ്മ മുറിയുടെ വലത്തേ ജനാല വളരെ പതിയെ തുറന്നിടും.
അവരുടെ ചലനങ്ങളിൽ വന്ന ശാന്തതയാണ് മൃദുലയെ കൂടുതൽ ഭയപ്പെടുത്തിയത്. പതുങ്ങുന്നവനൊരു കുതിപ്പുണ്ടല്ലോ..! മഴയിലേക്ക് പറന്നുപോകുന്ന അവരെ മൃദുല ഏതോ വിദൂരസ്മൃതികളിലെന്നോണം നോക്കി. അലങ്കോലങ്ങളുടെയും അധികാരപ്രമത്തതയുടെയും പഴയ അധ്യായങ്ങളെ വിറയോടെ ഓർത്തു. എല്ലാം ഒലിച്ചുപോയ പാഴ്നിലത്ത് തികച്ചും അപരിചിതയായൊരാൾക്ക് വെച്ചും വിളമ്പിയും കൊടുക്കുന്നതിലെ ശൂന്യത അവളെ ദിനംപ്രതി കഴുത്ത് ഞെരിച്ചു. കുട്ടികൾ അല്ലെങ്കിൽ ഭൈരവനാണ് രുക്മിണിയമ്മക്ക് ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നത്. അവരാരും ഇല്ലാത്ത സമയങ്ങളിൽ മൃദുല അങ്ങോട്ടേ പോകാറില്ല. രണ്ട് കനത്ത മൗനങ്ങൾ പുറം മുട്ടാതെ തിരിഞ്ഞുനിന്നു.
വല്ലാതെ പേടിച്ചരണ്ട ഒരു രാത്രി മൃദുല വാതിലെല്ലാം തുറന്ന് കിണറ്റിൻകരയിലേക്ക് പാഞ്ഞതോടെയാണ്, ഭൈരവൻ സൊസൈറ്റിയിൽ പോകുമ്പോൾ അവളേയും ഒപ്പം കൂട്ടാൻ തുടങ്ങിയത്. കാലിത്തീറ്റ ചാക്കുകൾക്കിടയിലെ ഇത്തിരിയിടത്ത് അവൾ ഒരു അകിടുവീക്കം വന്ന പശുവിനെപ്പോലെ തൂങ്ങിയിരുന്നു. അതോടെ മാറ്റ് കുറഞ്ഞ ഒരു മ്യൂസിയം പീസുപോലെ രുക്മിണിയമ്മ മാത്രം വീട്ടിലായി. ‘‘തള്ള വീണ്ടും ഇറങ്ങിപ്പോകുമോ?’’ സൊസൈറ്റിയിലേക്ക് പോകുന്ന വഴിയെല്ലാം അവൾ ഭൈരവന്റെ ഉച്ചിയിൽ തീയിട്ടുകൊണ്ടിരുന്നു.
‘‘പോകുന്നെങ്കിൽ പോകട്ടെ.’’
ചോദ്യം ആവർത്തിച്ചപ്പോൾ അവൻ അരിശംകൊണ്ടൊരു കരിന്തേളിനെപ്പോലെ വളഞ്ഞു. മറ്റ് മുറികളെല്ലാം പൂട്ടിയാലും പുറത്തിറങ്ങുവാൻ കഴിയുന്ന ഒരു ചെറിയ വാതിൽ അവരുടെ മുറിയോട് ചേർന്ന് ഉണ്ടായിരുന്നു. പിന്നിലെ ഗോവണിയിലൂടെ അകത്തേക്ക് കയറുകയും ഇറങ്ങുകയും ചെയ്തിരുന്ന കുട്ടികൾ താഴത്തെ നിലയിൽ അങ്ങനെ ഒരാൾ ഉേണ്ടാ, എന്നുപോലും എത്തിനോക്കിയില്ല! എന്നാൽ, മടങ്ങിവന്നാലുടൻ മൃദുല ആദ്യം നോക്കുന്നത് ആ മുറിയിലേക്കാണ്. അന്നേരം കാണാം, നിശ്ചലമായ ഒരു കാലത്തെ അയയിൽ വിരിച്ചിട്ടതുപോലെ കസേരയിൽ ഇരിക്കുകയോ കട്ടിലിൽ കിടക്കുകയോ നാരായണീയം മറിച്ചുനോക്കുകയോ ഒക്കെ ചെയ്യുന്ന രുക്മിണിയമ്മയെ.
ആയിടെ കുട്ടികളിൽ ഒരാളാണ് പറഞ്ഞത്: ‘‘നമ്മുടെ അച്യുതനെ കാണുന്നില്ല!!’’ ഭൈരവനും അവന്റെ കാര്യം മറന്നുപോയിരുന്നു. അവൻ ഡൈനിങ് ടേബിളിന്റെ അടിയിലും ചിലനേരം അവൻ പള്ളിനിദ്രകൊള്ളുന്ന പഴക്കുടക്കുള്ളിലും ജനാലപ്പുറത്തുമെല്ലാം കുട്ടികൾക്കൊപ്പം പരതി. ചിലപ്പോൾ കുട്ടികളേക്കാൾ ചെറുതാകുന്ന ഭൈരവന്റെ പ്രകൃതങ്ങളോട് മൃദുലക്ക് വല്ലാത്ത കലിയാണ്.
‘‘നിങ്ങൾ അവിടെയിരുന്ന് വല്ലതും കഴിക്ക്. ഒരു അച്യുതനും പാർഥനും!!’’ അവൾ കറിക്കത്തി നിലത്തേക്കിട്ടു. ഒരുദിവസം കുട്ടികളിലൊരാൾ അവനോട് പറഞ്ഞു:
‘‘ഇനി നോക്കണ്ട അച്ഛാ, അവനെ അമ്മ തല്ലി കൊന്നിട്ടുണ്ടാകും. നമ്മൾ ഇല്ലാത്ത നേരത്ത്...’’
ഭൈരവൻ ആ സാധ്യത മുന്നിൽ കണ്ടതുകൊണ്ട് ഒന്നും മിണ്ടിയില്ല. പതിവുപോലെ ഭക്ഷണം മേശപ്പുറത്ത് എടുത്തുെവച്ചിട്ടുണ്ടെന്ന് അന്നും ഭൈരവൻ അമ്മയോട് പറഞ്ഞു. അവർ വെറുതെ കൃഷ്ണനേയും പ്രളയത്തേയും നോക്കിയിരുന്നു. കടലിരമ്പം കേട്ടു.
‘‘അവർ ഇന്ന് വീണ്ടും ഇറങ്ങിപ്പോകും.’’ ബൈക്കിന്റെ പിന്നിലിരുന്ന് മൃദുല പൊടുന്നനെ പറഞ്ഞു. വിളപ്പിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുന്നിൽ എത്തിയപ്പോഴായിരുന്നു,അത്. അന്നേരം വണ്ടി വലതുവശത്തേക്ക് ഒതുക്കി അവൻ സഹനത്തിന്റെ അവസാന ഗിയറിൽ ചവിട്ടി ഉറക്കെ ചോദിച്ചു:
‘‘പറ... അതെന്തേ അങ്ങനെ പെട്ടെന്ന് തോന്നാൻ?’’
അൽപനേരം അവൾ ഒന്നും മിണ്ടിയില്ല. പിന്നെ ക്ഷേത്രത്തിലെ കൊടിമരത്തിനു ചുറ്റും വട്ടമിട്ട് കറങ്ങുന്ന ഒരു പരുന്തിനെ നോക്കി.
‘‘ഏയ്... വണ്ടിയെടുക്ക്... അത്രയും സീരിയസ് ആകണ്ട.’’ അവൾ രംഗം മയപ്പെടുത്താൻ ശ്രമിച്ചു.
‘‘നീ പറയ്... ഞാൻ വണ്ടിയൊക്കെയെടുക്കാം.’’
അവൻ വണ്ടി നിലത്തിട്ടതുപോലെ കഴുത്ത് ഞെരിച്ച് ഓഫ് ചെയ്തു.
‘‘ഇതുകൊള്ളാം, ഞാൻ വെറുതെ ഒരു തോന്നൽ പറഞ്ഞെന്നുെവച്ച്...’’
അവൾ വണ്ടിയിൽനിന്ന് ചാടിയിറങ്ങി. റോഡിലേക്ക് വളഞ്ഞുനിൽക്കുന്ന ഒരു എരിക്കിൻചെടിയിൽനിന്നും രണ്ട് പൂ പൊട്ടിച്ചെടുക്കാൻ മുന്നോട്ട് നീങ്ങി. അന്നേരം പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ അച്ഛൻ കിണറ്റിൽ വീണ് മരിച്ച പകൽ പുറത്തെ കുളിമുറിയിൽ കുളിക്കാൻ പോയ മൃദുലയെ അവൻ ഓർത്തു.
മെഡിക്കൽ കോളേജിലേക്ക് രോഗിയേയുംകൊണ്ട് പാഞ്ഞുവന്ന ഒരു ആംബുലൻസിനെ അതിലും വേഗത്തിൽ മറികടക്കുവാൻ ശ്രമിക്കുകയായിരുന്നു ആ ലോറി. ക്ഷേത്രത്തിലെ മണിയൊച്ചയിലേക്ക് ആ നിലവിളി പിരിച്ചെടുക്കാനാകാത്തവിധം തൽക്ഷണം അരഞ്ഞുചേർന്നു. ഡൈനിങ് ടേബിളിന്റെ അടിയിൽനിന്നും ഉയർന്നു വന്ന് അച്യുതൻ അന്നേരം രുക്മിണിയമ്മയോട് പറഞ്ഞു: ‘‘ഇനി കിണറ്റിൻകരയിലേക്കെല്ലാം നിനക്ക് ധൈര്യമായി പോകാം. അവളുടെ കാര്യം ഞാൻ സെറ്റിൽ ചെയ്തുകഴിഞ്ഞു.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.