വിപിനം

സബ് ജയിലില്‍നിന്ന് മോനായി സഖാവിനെ കോടതിയില്‍ ഹാജരാക്കുന്ന ദിവസം കൂടെയുണ്ടാകണമെന്ന് റൂറല്‍ എസ്.പിയുടെ നിര്‍ദേശം വന്നപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. മോനായി സഖാവുണ്ടാക്കുന്ന പുകില്‍ തുടങ്ങിയിട്ട് മാസങ്ങളായി. കോടതി വളപ്പിലെത്തി പൊലീസ് വാഹനത്തില്‍നിന്നിറങ്ങുമ്പോള്‍ തന്നെ മൂപ്പര്‍ സര്‍ക്കാറിനെതിരായി മുദ്രാവാക്യം മുഴക്കും. ജാമ്യം നല്‍കാന്‍ കോടതി തയാറാണ്. പക്ഷേ, കുറ്റക്കാരനല്ലാത്ത തനിക്ക് ജാമ്യം വേണ്ട എന്നാണ് മൂപ്പരുടെ നിലപാട്. മോനായി സഖാവിനെ കോടതിയില്‍ കൊണ്ടുവരുന്ന ദിവസം മാധ്യമപ്രവര്‍ത്തകരുടെ ഒരുകൂട്ടം തന്നെ കോടതി വളപ്പിലുണ്ടാകും. തൊണ്ണൂറ്റിനാലാണ്...

സബ് ജയിലില്‍നിന്ന് മോനായി സഖാവിനെ കോടതിയില്‍ ഹാജരാക്കുന്ന ദിവസം കൂടെയുണ്ടാകണമെന്ന് റൂറല്‍ എസ്.പിയുടെ നിര്‍ദേശം വന്നപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. മോനായി സഖാവുണ്ടാക്കുന്ന പുകില്‍ തുടങ്ങിയിട്ട് മാസങ്ങളായി. കോടതി വളപ്പിലെത്തി പൊലീസ് വാഹനത്തില്‍നിന്നിറങ്ങുമ്പോള്‍ തന്നെ മൂപ്പര്‍ സര്‍ക്കാറിനെതിരായി മുദ്രാവാക്യം മുഴക്കും. ജാമ്യം നല്‍കാന്‍ കോടതി തയാറാണ്. പക്ഷേ, കുറ്റക്കാരനല്ലാത്ത തനിക്ക് ജാമ്യം വേണ്ട എന്നാണ് മൂപ്പരുടെ നിലപാട്. മോനായി സഖാവിനെ കോടതിയില്‍ കൊണ്ടുവരുന്ന ദിവസം മാധ്യമപ്രവര്‍ത്തകരുടെ ഒരുകൂട്ടം തന്നെ കോടതി വളപ്പിലുണ്ടാകും. തൊണ്ണൂറ്റിനാലാണ് വയസ്സ്. ജാമ്യമെടുക്കാത്തതുകൊണ്ട് സബ് ജയിലില്‍ വാസം രണ്ടുമാസം പിന്നിട്ടു കഴിഞ്ഞു.

‘‘അവടെ മൂപ്പര് ഒച്ചവച്ചാ പിന്നെ മോളീന്ന് വരണ തെറി മുഴുവന്‍ നമുക്കാണ് റഹീം. ഇരിക്കപ്പൊറുതി തരില്ല. അതോർമയുണ്ടാവണം.’’

എസ്.പി വിജയരാഘവന്‍ സാറിന്‍റെ സ്വരത്തില്‍ സൗഹൃദത്തിന്‍റെ നനവ് തീരെയില്ലാത്തൊരു കാലുഷ്യമുണ്ടായിരുന്നു. തൊണ്ണൂറ്റിനാല് വയസ്സുള്ള ഒരു വയസ്സന്‍ തനിക്ക് അമ്പത്തിയഞ്ചാം വയസ്സില്‍ വന്നുചേരേണ്ട ഐ.പി.എസ് ഇല്ലാതാക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.

ഒമ്പതുമണിയോടെ തന്നെ ഞാനെന്‍റെ ടീമിനെ ശരിയാക്കി. വാസ്തവത്തില്‍ എന്‍റെ കുട്ടികളൊക്കെ ഏറെ മിടുക്കന്മാരായിരുന്നു. ഈ ജില്ലയില്‍ ഡിവൈ.എസ്.പിയായി ഞാനെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞു. പറയത്തക്ക കുഴപ്പങ്ങളൊന്നുമില്ല. സി.ഐമാരും എസ്.ഐമാരുമൊക്കെ നാല്‍പതു കടക്കാത്തവരാണ്. എനിക്കാണെങ്കില്‍ പ്രായം അമ്പതു തൊടുന്നു. ഞാന്‍ വീട്ടിലെത്തുമ്പോള്‍ അവള്‍ മൈലാഞ്ചിയും നീലയമരിയും ചേര്‍ത്തരച്ചിട്ട് എന്‍റെ മുടിയും മീശയും കറുപ്പിക്കും.

‘‘നിങ്ങടെ വലതുവശത്തെ മീശമാത്രം എന്താണിങ്ങനെ നരയ്ക്കുന്നത്?’’

അധ്യാപികയായ അവളുടെ സംശയം കേട്ട് എം.എക്ക് പഠിക്കുന്ന മോളും എൻജിനീയറിങ്ങിന് പഠിക്കുന്ന മോനും ചിരിക്കും.

‘‘നമുക്കീ മീശ എടുത്തുകളയാം.’’

ഞാന്‍ പരിഹാരം നിർദേശിച്ചു.

‘‘വേണ്ട വേണ്ട.’’

ഭാര്യ പ്രതിഷേധിച്ചു.

‘‘മീശ വടിച്ചാല് നിങ്ങള്‍ക്ക് ഒരു സ്കൂള്‍കുട്ടീടെ ഛായയാണ്.’’

ഭാര്യ നിരാശ പുതയുന്ന ശബ്ദത്തില്‍ പറഞ്ഞു.

ഓഫീസില്‍നിന്ന് കോടതിയിലേക്കു പോകുമ്പോള്‍ ഡിവൈ.എസ്.പിയുടെ ഔദ്യോഗിക വാഹനത്തിലിരുന്ന് ഒരു മീശ എന്തൊക്കെയാണ് മറച്ചുപിടിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു. ശനിയാഴ്ച സ്കൂളില്ലാത്തതുകൊണ്ട് റോഡില്‍ തിരക്ക് കുറവ്. എനിക്കു മുന്നിലും പിന്നിലുമായി രണ്ടു ജീപ്പുകള്‍. എസ്.ഐമാരും സി.ഐമാരുമുണ്ട്. കോടതിമുറ്റത്ത് രാവിലെ മുതല്‍ക്കേ ഞാന്‍ മഫ്തിയിലും അല്ലാതെയും പൊലീസിനെ വിന്യസിപ്പിച്ചിരുന്നു. മോനായി സഖാവ് ഒരിക്കലും കുഴപ്പമുണ്ടാക്കാന്‍ പാടില്ല. സബ്ജയിലില്‍നിന്ന് മൂപ്പരെ കോടതിയിലേക്ക് കൊണ്ടുവരാന്‍ ഞാനയച്ചത് പരിചയസമ്പന്നനും വിശ്വസ്തനുമായ രാജന്‍ എസ്.ഐയെയാണ്. കൂടെ ചുറുചുറുക്കുള്ള ചെറുപ്പക്കാരായ നാലു പൊലീസുകാര്‍.

ജീപ്പിന്‍റെ മുന്‍സീറ്റിന്‍റെ ചില്ലുജാലകം ഞാന്‍ താഴ്ത്തിയപ്പോള്‍ ഡ്രൈവര്‍ മാത്തപ്പന്‍ എ.സി ഓഫാക്കണോ എന്ന ചോദ്യഭാവത്തില്‍ നോക്കി.

‘‘നല്ല തണുപ്പ്.’’

ഞാന്‍ പറഞ്ഞു.

‘‘മലേടെ മോളീന്ന് നല്ല തണുത്ത കാറ്റാ. അതോണ്ടാ സാറേ’’ , മാത്തപ്പന്‍ പറഞ്ഞു. പിന്നെ എന്നെ നോക്കി വിനയത്തോടെ പുഞ്ചിരിച്ചു.

‘‘നമ്മുടെ മോനായി സഖാവ് വല്ല കുഴപ്പവുമുണ്ടാക്കുമോ മാത്തപ്പാ?’’

എതിരെ വന്ന വാഹനത്തിനായി മാത്തപ്പന്‍ ജീപ്പിന്‍റെ വേഗത കുറച്ചു. അയാളുടെ കണ്ണുകള്‍ മുന്നോട്ടായിരുന്നുവെങ്കിലും കാതുകള്‍ എന്‍റെ ചോദ്യത്തില്‍ തറച്ചതുപോലെയായിരുന്നു. പക്ഷേ, അൽപനേരത്തേക്ക് അയാളൊന്നും മിണ്ടിയില്ല.

തെരുവില്‍ തങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോകുന്ന മൂന്നു പൊലീസ് ജീപ്പുകളിലേക്ക് ആളുകള്‍ കൗതുകത്തോടെ നോക്കി. അവര്‍ പിറകിലൊരു മന്ത്രിവാഹനം പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

‘‘സാറെ, മോനായി സഖാവിന് നല്ല ഭ്രാന്താണ്. വയസ്സു തൊണ്ണൂറ്റിനാലായില്ലേ? അടങ്ങിയൊതുങ്ങി കുടുംബത്തിരുന്നു കൂടെ അയാള്‍ക്ക്? മുമ്പയാള്‍ ഒരു ഫാക്ടറിയില്‍ പണിക്ക് പോയി. അവിടെ തൊഴിലാളികളുടെ അവകാശം പറഞ്ഞു യൂനിയനുണ്ടാക്കി. ആ കമ്പനി പൂട്ടി.’’

വാക്കുകള്‍ വലയില്‍ പിടയുന്നതുപോലെ മാത്തപ്പന്‍ ഒച്ചവെച്ചു.

‘‘അയാള്‍ക്ക് വീടും കുടുംബവുമൊന്നുമില്ല’’, ഞാന്‍ മാത്തപ്പനെ തിരുത്തി.

‘‘അതാണ് കുഴപ്പം. നമുക്ക് കാര്യങ്ങള്‍ തിരിയണതുമാതിരി അയാള്‍ക്ക് തിരിയത്തില്ല.’’

ഞങ്ങളുടെ വാഹനം കുത്തനെയുള്ള വളവു തിരിഞ്ഞപ്പോള്‍ മാത്തപ്പന്‍ ഒരു നിമിഷം നിശ്ശബ്ദനായി.

‘‘സാറെ, കയ്യില് തോക്കുമായി കാടുകയറി സര്‍ക്കാരിനെ യുദ്ധത്തിന് വിളിച്ചാല്‍ എന്നാ ചെയ്യാന്‍ പറ്റും. ഒന്നുമേ കഴിയത്തില്ല. ഒരു യുദ്ധത്തില്‍ ആളുകള്‍ ചാവത്തില്ലേ? അത് സാധാരണമാണ്.’’

ഒരു വര്‍ഷമായി മാത്തപ്പന്‍ എന്‍റെ ഡ്രൈവറാണ്. സാധാരണയായി അയാള്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്. പക്ഷേ, ഇടക്ക് തലയില്‍ തറച്ചുകയറുന്ന വെടിയുണ്ടകളുടെ മൂര്‍ച്ചയോടെ അയാള്‍ വാക്കുകളെ രാകിമിനുക്കുന്നു.

‘‘പക്ഷേ സാറെ, എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. അട്ടപ്പാടീല് രണ്ടുപേരെ പൊലീസ് ഏറ്റുമുട്ടലില്‍ കൊന്നു. അങ്ങനെ എത്രപേരെ കൊന്നിരിക്കുന്നു. അപ്പോഴൊക്കെ പ്രതിഷേധമുണ്ടായിട്ടുണ്ട്. മോനായി സഖാവ് മുഷ്ടിചുരുട്ടി രണ്ട് മുദ്രാവാക്യം വിളിച്ചാ ആ ആചാരമങ്ങ് നടന്നോട്ടെ എന്നു വിചാരിക്കണം.’’

ഞാന്‍ നോക്കുമ്പോള്‍ മാത്തപ്പന്‍റെ കണ്ണുകള്‍ അകലങ്ങളിലാണ്. തിരക്കൊഴിഞ്ഞ റോഡിന്‍റെ വിദൂരതയിലേക്ക് അയാള്‍ കടലിന്‍റെ ചക്രവാളത്തിലേക്കെന്നപോലെ കണ്ണെറിയുന്നു. വാഹനം കടന്നുപോകുന്ന റോഡിന്‍റെ ഇരുവശങ്ങളിലും പാതി നികത്തിയ വിത്തിറക്കാത്ത പാടങ്ങളില്‍ കൊറ്റികള്‍ കൂട്ടത്തോടെ തപസ്സിരിക്കുന്നു.

സബ്ജയിലില്‍നിന്ന് മോനായി സഖാവുമായി കോടതിയിലേക്കു പുറപ്പെട്ടു എന്നറിയിക്കുന്ന എസ്.ഐ രാജന്‍റെ പരുക്കന്‍ ശബ്ദം വയര്‍ലെസിന്‍റെ സ്പീക്കറില്‍ മുരണ്ടു. ഞാന്‍ വാച്ചുനോക്കി. പത്തേ നാല്‍പത്തിയഞ്ചിന് അവര്‍ കോടതിയിലെത്തും.

‘‘സാറെ, മറ്റൊരു സത്യമുണ്ട്. ഏതു യുദ്ധത്തിലും പാലിക്കുന്ന ചില നിയമങ്ങളുണ്ട്. ചര്‍ച്ച നടത്തി കീഴടങ്ങാനായി തയ്യാറായി നില്‍ക്കുമ്പോള്‍ അടുത്തെത്തി ചങ്കിനു വെടിവയ്ക്കണത് ന്യായമല്ല. അത് ഫൗളാണ്.’’

മാത്തപ്പന്‍ എനിക്ക് നേരെ നോക്കിയില്ല. രാജന്‍റെ ജീപ്പെത്തും മുമ്പ് കോടതിയിലെത്താനായി അയാള്‍ ആക്സിലറേറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കാലമര്‍ത്തുന്നത് ഞാന്‍ കണ്ടു.

എന്‍റെ മനസ്സിലെന്തോ ഉണര്‍ന്നു. കീഴുദ്യോഗസ്ഥര്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കുന്നു എന്നൊരു ദുഷ്കീര്‍ത്തി ഡിപ്പാർട്മെന്‍റില്‍ എനിക്കുണ്ട്. ഞാന്‍ മാത്തപ്പനെ സൂക്ഷിച്ചുനോക്കി. പക്ഷേ, അയാളുടെ കണ്ണുകള്‍ എന്തുകൊണ്ടോ എന്നെ അടയാളപ്പെടുത്താന്‍ വിസമ്മതിച്ചു.

 

‘‘മാത്തപ്പാ, നിങ്ങളുദ്ദേശിച്ചത് എനിക്ക് മനസ്സിലായി.’’

എന്‍റെ ശബ്ദം സാമാന്യത്തിലധികം പരുക്കനായിരുന്നു.

‘‘സര്‍, ഞാന്‍ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല.’’

മാത്തപ്പന്‍റെ വാക്കുകള്‍ വിനയം പുതച്ച് കൂടുതല്‍ നിഷ്കളങ്കമായി.

ഞാന്‍ വീണ്ടും മാത്തപ്പനെ നിരീക്ഷിച്ചു. മനുഷ്യരെക്കുറിച്ചുള്ള എന്‍റെ ധാരണകള്‍ക്ക് കാലം വരുത്തിയ മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. മാത്തപ്പന്‍ സംസാരിച്ചു തുടങ്ങിയത് മോനായി സഖാവിനെതിരായാണ്. പക്ഷേ, അയാള്‍ നിര്‍ത്തിയത് സ്വന്തം പോസ്റ്റില്‍ മടക്കാന്‍ കഴിയാത്ത ഒരു ഗോളിനു നിറയൊഴിച്ചിട്ടാണ്. എന്തോ എനിക്ക് അപ്പുണ്ണി സഖാവിനെ ഓർമവന്നു. അത് ഇരുപത്തിയാറ് കൊല്ലം മുമ്പാണ്. സബ് ഇന്‍സ്പെക്ടര്‍ ട്രെയിനിങ്ങിനായി തിരുവനന്തപുരത്തേക്ക് പോകുംമുമ്പ് അപ്പുണ്ണി സഖാവിനെ കാണണമെന്ന് ഉമ്മക്ക് നിര്‍ബന്ധമായിരുന്നു. പതിവുപോലെ വീടിന്‍റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്നു അപ്പുണ്ണി സഖാവ്.

‘‘മോനിന്ന് പോവ്വായി അല്ലേ?’’

പതിവുപോലെ ചിരിച്ചുകൊണ്ട് മൂപ്പര്‍ എഴുന്നേറ്റു. ഉമ്മറത്തെ തിണ്ണയിലിരുന്നു ഞാന്‍ എനിക്കു മുന്നില്‍ നില്‍ക്കുന്ന ചടച്ച മനുഷ്യനെ ഹൃദയത്തിലൂന്നിയ മുഴുവന്‍ സ്നേഹത്തോടെയും ആദരവോടെയും നോക്കി. അവർണനീയമായൊരു വികാരം എന്നെ കീഴടക്കിയിട്ടുണ്ടായിരുന്നു.

അപ്പുണ്ണി സഖാവ് എന്‍റെ തോളില്‍ കൈ​െവച്ചു.

‘‘മോനെ, പോയി മിടുക്കനായി വരൂ.’’

അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ ആഹ്ലാദം ഒരു ചിമ്മിനിവെട്ടമായി. മാലതിയേടത്തി എരുമപ്പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കടുപ്പമുള്ള ചായ കുടിച്ചിറങ്ങിയപ്പോള്‍ ഇടവഴിവരെ അദ്ദേഹം കൂടെവന്നു.

‘‘മോനെ, നമ്മുടെ വാക്കിനും പ്രവൃത്തിക്കും നേരെ നമ്മുടെ ഉള്ളീന്ന് തന്നെ ചോദ്യംണ്ടാവാന്‍ പാടില്ല. അതോർമവേണം.’’

യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.

കരുണയുടെ മിടിപ്പില്‍ അപ്പോള്‍ ആ വാക്കുകള്‍ ഒന്നു വിറച്ചു.

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാനാ വാക്കുകളെ വീണ്ടും വീണ്ടും തൊട്ടു.

ആദ്യം എനിക്ക് മനസ്സിലാകാതെ പോയ ആ വാക്കുകളുടെ പൊരുള്‍ കാലം എനിക്കുവേണ്ടി അരുമയോടെ കരുതിവെച്ചിരുന്നു. പൊലീസ്ജീവിതത്തിന്‍റെ ഭാഗമായി കണ്ടുമുട്ടിയ കുറ്റവാളികള്‍ മുതല്‍ സഹപ്രവര്‍ത്തകര്‍വരെയുള്ള മനുഷ്യര്‍ ഉള്ളിന്‍റെയുള്ളില്‍ നിന്നുയരുന്ന ചോദ്യങ്ങളില്‍ പിടഞ്ഞ് അസ്വാസ്ഥ്യത്തിന്‍റെ കടലിലാഴുന്നത് ഞാനെത്രയോ തവണ അറിഞ്ഞിരിക്കുന്നു. പൊലീസ് രീതിയിലുള്ള ചോദ്യം ചെയ്യലുകളാണ് വിചിത്രമായ അനുഭവങ്ങള്‍ സമ്മാനിച്ചത്. സ്വയം രക്ഷപ്പെടാനായി എന്നോട് വലിയ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നവര്‍ അസന്ദിഗ്ധമായൊരു നിമിഷത്തില്‍ ഉള്ളിലെ തീവ്രമായൊരു തള്ളലില്‍ പിടഞ്ഞ് അല്‍പം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ വിരുദ്ധമായി സ്വയം ഒറ്റുകൊടുക്കുമ്പോള്‍ ഒരുതരം നടുക്കത്തോടെ ഞാന്‍ അപ്പുണ്ണി സഖാവിനെ ഓര്‍ത്തിട്ടുണ്ട്.

ഒരിക്കലും ഒരു കാക്കിധാരിക്ക് ചേരാത്ത നിഗൂഢമായ ചില വിചാരങ്ങളിലേക്ക് ഞാനപ്പോള്‍ വീണുപോകും. ശരിതെറ്റുകളുടെ പൊരുത്തക്കേടുകളെക്കുറിച്ചല്ല അത്. മറിച്ച്, ആത്മാവിനെ തൊട്ടുതാണ്ടിയെത്തുന്ന ഒരേറ്റുപറച്ചിലില്‍ മനുഷ്യര്‍ അനുഭവിക്കുന്ന നിസ്സീമമായ ശാന്തിയാണ് എന്നെ സ്പര്‍ശിക്കുക. മനുഷ്യന്‍ എന്ന വാക്കിന് ഒരു കടലിന്‍റെ നിഗൂഢമായ ആഴമുണ്ടെന്ന ജ്ഞാനത്തില്‍ ഞാനങ്ങനെ എത്രയോ പ്രാവശ്യം വെളിച്ചപ്പെട്ടിരിക്കുന്നു.

എനിക്ക് പിറകില്‍ വയര്‍ലെസ് സെറ്റ് വീണ്ടും മുരണ്ടു. രാജന്‍ എസ്.ഐ മോനായി സഖാവുമായി മജിസ്ട്രേറ്റ് കോടതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയൊരു അഞ്ചു മിനിറ്റിനുള്ളില്‍ ഞങ്ങളുടെ വാഹനം കോടതിയിലെത്തും. ഞങ്ങള്‍ക്കു മുന്നില്‍പോയ സി.ഐയും സംഘവും അവിടെ എത്തിക്കഴിഞ്ഞു. മഫ്തിയിലും യൂനിഫോമിലുമായി അമ്പതോളം പൊലീസുകാര്‍ അവിടെ ജാഗരൂകരായി കാവലുണ്ടെന്ന സി.ഐയുടെ അടുത്ത സന്ദേശവുമെത്തി.

കോടതിയിലെ അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ ഹാളിനോട് ചേര്‍ന്ന മുറിയിലേക്ക് മോനായി സഖാവിനെ കൊണ്ടുപോകാന്‍ ഞാന്‍ നിർദേശിച്ചു. കോടതി ചേരാന്‍ ഇനി പതിനഞ്ചു മിനിറ്റുണ്ട്. അവിടെയെത്തിക്കഴിഞ്ഞാല്‍ മൂപ്പര്‍ക്ക് കസേര നല്‍കണം. ചായ വാങ്ങിക്കൊടുക്കണം. ഒരു കാരണവശാലും അദ്ദേഹത്തെ പ്രകോപിപ്പിക്കാതെ ശ്രദ്ധിക്കണം. ഒരുപക്ഷേ, ഈയൊരു രീതിയില്‍ ‘അദ്ദേഹത്തിന്‍റെ പ്രതിഷേധം’ എന്ന അപകടത്തില്‍നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടേക്കാം.

എന്‍റെ വാഹനം മജിസ്ട്രേറ്റ് കോടതിയുടെ പടി കടക്കുമ്പോള്‍ ജീപ്പിന്‍റെ സ്പീഡോമീറ്ററിലെ സൂചി നൂറിന് മുകളില്‍നിന്നു വിറച്ചുകൊണ്ടിരുന്നു. ഒരു ദൗത്യം വിജയകരമായി താന്‍ പൂര്‍ത്തിയാക്കിയെന്ന ഭാവം മാത്തപ്പന്‍റെ മുഖത്തെ പൊട്ടിപ്പോയ ഒരു പല്ല് ദൃശ്യമാകുന്ന ചിരിയില്‍ പതിഞ്ഞുകിടന്നു.

ഞാന്‍ ചെല്ലുമ്പോള്‍ മുറിയില്‍ മോനായി സഖാവ് ശാന്തനായി പുറത്തേക്ക് നോക്കിയിരിക്കുന്നു. ഞാന്‍ അടുത്തു ചെന്ന് ആ മനുഷ്യനെ വിശദമായൊന്നു നോക്കിക്കണ്ടു. ഡിവൈ.എസ്.പി റാങ്കിലെ ഒരുദ്യോഗസ്ഥന്‍ തന്നെ നിരീക്ഷിക്കുന്നു എന്ന ഭാവമൊന്നും മൂപ്പര്‍ പ്രകടിപ്പിച്ചില്ല. പക്ഷേ, ആ കണ്ണുകളുടെ ഷോർട്ട് റേഞ്ചില്‍ ഞാനുണ്ട് എന്നെനിക്ക് വ്യക്തമായിരുന്നു.

‘‘ഡിവൈ.എസ്.പി അല്ലേ?’’

ആ ചോദ്യം എനിക്ക് അപ്രതീക്ഷിതമായിരുന്നു.

‘‘അതെ.’’

അല്‍പം വിനയത്തോടെ ഞാന്‍ പറഞ്ഞു.

മോനായി സഖാവ് എന്നെ മുമ്പ് കണ്ടിട്ടുണ്ടോ എന്നെനിക്ക് വ്യക്തതയില്ലായിരുന്നു. തൊണ്ണൂറ്റിനാല് വയസ്സായ ഒരു ചടച്ച മനുഷ്യന്‍ തന്‍റെ കൈത്തലത്തിലേക്ക് ഒരു ലോകത്തെ മുഴുവന്‍ മുറുക്കിച്ചേര്‍ത്തിരിക്കുന്നു. ഞാന്‍ മുഖം തിരിച്ചപ്പോള്‍ മുന്നിലുള്ള പൊലീസുകാര്‍ക്കിടയില്‍ ചാനല്‍ കാമറകളുടെ പടയൊരുക്കം കണ്ടു.

‘‘നമ്മള്‍ തമ്മില്‍ മുമ്പ് കണ്ടിട്ടുണ്ട്.’’

ഞാന്‍ വീണ്ടും മോനായി സഖാവിന്‍റെ മൃദുവായ ശബ്ദം കേട്ടു.

എനിക്കോര്‍മ വന്നില്ല. എപ്പോള്‍ എന്ന ചോദ്യം തെളിഞ്ഞ എന്‍റെ കണ്ണുകളിലേക്ക് മോനായി സഖാവ് അനുഭവങ്ങളുടെ തീയുറഞ്ഞ കണ്ണുകള്‍ നീട്ടി.

‘‘രണ്ട് വര്‍ഷം മുമ്പാണ്. ജില്ല ആശുപത്രി മോര്‍ച്ചറിക്കുള്ളില്‍വെച്ച്. വിനീതയുടെയും പ്രഭാകരന്‍റെയും ഡെഡ്ബോഡി പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്നപ്പോള്‍.’’

മോനായി സഖാവ് വികാരരഹിതമായ ഒരു ശബ്ദത്തില്‍ പറഞ്ഞു.

എന്‍റെ ഹൃദയത്തില്‍ ഒരു ശൈത്യക്കാറ്റ് ചിറകുനിവര്‍ത്തി. പ്രക്ഷുബ്ധമായ ഓർമകളില്‍ എന്‍റെ മുഖം വക്രിച്ചു.

‘‘സര്‍ സമയം പതിനൊന്നായി.’’

എസ്.ഐ രാജന്‍ എന്നെ മുഖം കാണിച്ചു. ഞാന്‍ വാച്ചുനോക്കി. കോടതി കൂടിയിരിക്കുന്നു. മിക്കവാറും ആദ്യം കേസ് വിളിക്കുക മോനായി സഖാവിന്‍റേതാകും.

ഞാന്‍ മോനായി സഖാവിനോട് കൂടുതല്‍ ചേര്‍ന്നുനിന്നു.

‘‘കോടതിക്കുള്ളിലേക്ക് പോകുമ്പോള്‍ ദയവായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കരുത്. നിയമം അതനുവദിക്കുന്നില്ല.’’

ഞങ്ങള്‍ക്കു ചുറ്റും നില്‍ക്കുന്ന ഒരു മനുഷ്യനും കേള്‍ക്കാതിരിക്കാനെന്നവണ്ണം ഞാന്‍ ശബ്ദം നന്നേ താഴ്ത്തിയിരുന്നു.

മോനായി സഖാവ് എഴുന്നേറ്റു. ഒമ്പതു ദശകത്തിലേറെ ജീവിച്ചുതീര്‍ത്ത ആ ചടച്ച ശരീരം വിറയാര്‍ന്നിരുന്നു. കണ്ണുകളില്‍ ഏതോ വേദനയുടെ നിഴല്‍ ഇളകി.

‘‘മോനെ, പ്രഭാകരനേയും വിനീതയേയും വെടിവെച്ച് തീര്‍ത്തത് ഏതു നിയമത്തിന്‍റെ പേരിലായിരുന്നു?’’

മോനായി സഖാവിന്‍റെ മുഖം എന്‍റെ ഇടത്തെ കാതിനെ തൊടുന്നതുപോലെ തോന്നി. അദ്ദേഹത്തിന്‍റെ ശ്വാസകോശങ്ങളില്‍ നിന്ന് പുറപ്പെട്ട തീച്ചൂടുള്ള വായു എന്‍റെ ശിരസ്സിനെ പൊള്ളിച്ചു.

എസ്.ഐ രാജന്‍ മോനായി സഖാവിന്‍റെ വലതുകയ്യും സിവില്‍ പൊലീസ് ഓഫീസര്‍ ആന്‍റണി ഇടതുകയ്യും പിടിച്ചു. ഞങ്ങള്‍ക്കു മുന്നിലെ മാധ്യമപ്പട ഇളകി. കാമറകള്‍ പലവട്ടം മിന്നി. മോനായി സഖാവ് നടന്നു തുടങ്ങിയപ്പോള്‍ ഒരാരവത്തോടെ ആള്‍ക്കൂട്ടം മുന്നിലേക്കു കയറി. മുന്നില്‍നിന്നും കാമറകള്‍ പ്രകാശിച്ചുകൊണ്ടിരുന്നു. അടുത്ത ക്ഷണത്തില്‍ ഏതാനും പൊലീസുകാര്‍ മുന്നിലേക്കു കുതിച്ചെത്തി വഴിയുണ്ടാക്കി.

എന്നെ വീണ്ടും പിറകില്‍നിന്ന് ‘മോനെ’ എന്നാരോ വിളിച്ചതുപോലെ. എനിക്ക് അപ്പുണ്ണി സഖാവിനെ ഓർമവന്നു. ഇരുള്‍മാഞ്ഞ് പുലരി തെളിയുന്നതുപോലെ കാലം എന്‍റെ പ്രജ്ഞയില്‍ നിന്നു പതുക്കെ അടര്‍ന്നുവീണു. താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിക്കു മുന്നിലെ വരാന്തയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തതിനുശേഷം സ്ട്രെച്ചറില്‍ ഉപ്പയുടെ മൂടിക്കെട്ടിയ ശരീരം കിടത്തിയിരുന്നു. ഏഴു വയസ്സിന്‍റെ അന്ധാളിപ്പില്‍ ഞാന്‍ കരച്ചില്‍ മറന്നിരുന്നു. അപ്പോള്‍ അപ്പുണ്ണി സഖാവ് എന്‍റെ വിറങ്ങലിച്ച മുഖത്ത് തന്‍റെ ഇരു കൈകളും ചേര്‍ത്തുവെച്ചു. മോര്‍ച്ചറിയുടെ പരിസരത്താകെ പരന്ന അണുനാശിനികളുടെ തീക്ഷ്ണ ഗന്ധം മുറിച്ചുകടന്ന് ഞാന്‍ ആ വിരലുകളിലെ മിഠായി മണമറിഞ്ഞു.

‘‘മോനെ, പേടിക്കരുത്. ഉമ്മയ്ക്കും ആമിനക്കുട്ടിയ്ക്കും നീയെ ഉള്ളൂ.’’ അപ്പുണ്ണി സഖാവിന്‍റെ ശബ്ദം വാക്കുകള്‍ കിട്ടാതെ വിണ്ടുപൊട്ടി.

ഞാന്‍ വീണ്ടും കോടതിവളപ്പിലെ കാഴ്ചകളിലേക്കു വീണു. വലിയ ഒരാരവം. എന്‍റെ കാലുകളിലെ സ്തോഭമകന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ജാഗ്രത എന്‍റെ ശരീരമാസകലം പരന്നു. ഞാന്‍ ഓടിയെത്തുമ്പോള്‍ കോടതിവരാന്തയില്‍ മോനായി സഖാവും എസ്.ഐ രാജനും സിവില്‍ പൊലീസ് ഓഫീസര്‍ ആന്‍റണിയുമുണ്ട്. മോനായി സഖാവ് എന്‍റെ അപേക്ഷ ലംഘിച്ചു കഴിഞ്ഞിരുന്നു. ആന്‍റണിയുടെ ഇടതുകൈ അദ്ദേഹത്തിന്‍റെ കഴുത്തിലും വലതുകൈ വായിലുമാണ്. അലോസരമുണ്ടാക്കുന്ന ഒരു ശബ്ദവും പുറത്തുവരാതിരിക്കാനെന്നവണ്ണം ആന്‍റണിയുടെ വിരലുകള്‍ തൊണ്ണൂറ്റിനാലു വയസ്സുള്ള ഒരു വൃദ്ധന്‍റെ മുഖത്തമര്‍ന്നിരിക്കുന്നു. മോനായി സഖാവിന്‍റെ കനല്‍പൂത്ത മിഴികള്‍ ശാന്തമാണെന്ന് ഞാനറിഞ്ഞു.

എന്‍റെ ശിരസ്സിലാരോ അപ്പോള്‍ തലോടി.

മൃദുലമായ വിരലുകളിലെ അലിവ് ഞാന്‍ വീണ്ടുമറിഞ്ഞു.

‘‘ആന്‍റണി കയ്യെടുക്ക്.’’

എന്‍റെ ശബ്ദം ഒരലര്‍ച്ചപോലെയായിരുന്നു.

എന്‍റെ ഒച്ചയില്‍ കാഴ്ചക്കാര്‍ ചെറുതായി നടുങ്ങുന്നത് ഞാന്‍ കണ്ടു. സിവില്‍ പൊലീസ് ഓഫീസര്‍ ആന്‍റണി മോനായി സഖാവിന്‍റെ മുഖത്തുനിന്ന് ദ്രുതഗതിയില്‍ കൈകള്‍ പിന്‍വലിച്ചു. എന്‍റെ പ്രതികരണം അയാളുടെ മുഖത്തൊരു ജാള്യമുണ്ടാക്കിയിരുന്നു.

ഞാന്‍ മോനായി സഖാവിന്‍റെ വലതു കയ്യില്‍ സ്പര്‍ശിച്ചു. തൊണ്ണൂറ്റിനാലാം വയസ്സിലും ആ കയ്യും വിരലുകളും ദൃഢമായിരുന്നു.

‘‘ദയവായി ഇനി പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കരുത്’’,

ഞാന്‍ പറഞ്ഞു. എന്‍റെ ശബ്ദത്തില്‍ നിസ്സഹായമായ ഒരപേക്ഷയുണ്ടായിരുന്നു. മോനായി സഖാവ് മുഖമുയര്‍ത്തി. ആ കണ്ണുകളില്‍നിന്ന് കാരുണ്യത്തിന്‍റെ ഒരു തിരയടര്‍ന്നുവീഴുന്നത് ഞാന്‍ കണ്ടു.

രാജനും ആന്‍റണിയും കോടതിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അദ്ദേഹം നിശ്ശബ്ദനായിരുന്നു. ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെയും സമീപ പരിസരത്തെയും നിശ്ശബ്ദമാക്കിക്കൊണ്ട് ആ നിമിഷത്തില്‍ കോടതി തുടങ്ങുന്നതിനുള്ള അലാറം മുഴങ്ങി. കോട്ടും തോളില്‍ ഗൗണുമിട്ട വരാന്തയിലെ അഭിഭാഷകര്‍ക്കിടയിലൂടെ എനിക്ക് പരിചിതരായ ചില മാധ്യമപ്രവര്‍ത്തകര്‍ കോടതിമുറിയിലേക്ക് നുഴഞ്ഞുകയറുന്നത് ഞാന്‍ കണ്ടു. പ്രതീക്ഷിച്ചതുപോലെ ആദ്യത്തെ കേസ് വിളിച്ചത് മോനായി സഖാവിന്‍റേതുതന്നെയായിരുന്നു.

‘‘ഇന്ന് ജാമ്യമെടുക്കുന്നുണ്ടോ?’’

ചെറുപ്പക്കാരനായ മജിസ്ട്രേറ്റിന്‍റെ മുഖത്ത് ജിജ്ഞാസയുണ്ടായിരുന്നു.

‘‘ജാമ്യമെടുക്കാന്‍ ഞാന്‍ കുറ്റമൊന്നും ചെയ്തില്ല.’’

മോനായി സഖാവിന്‍റെ ശാന്തമായ ശബ്ദം ഒരു മുഴക്കമായി കോടതിയിലെ നിശ്ശബ്ദതക്ക് മുകളിലൂടെ പുറത്തേക്ക് തെറിച്ചു. മജിസ്ട്രേറ്റിന്‍റെ മുഖത്ത് ഒരസ്വസ്ഥത പ്രകടമായി. തനിക്കു മുന്നിലെ കേസ് ഫയലില്‍ എന്തോ കുറിക്കാനായി അദ്ദേഹം മുഖം താഴ്ത്തുന്നത് എനിക്കു കാണാമായിരുന്നു.

തലേദിവസം രാത്രി പെയ്തുവീണ മഴയില്‍ കുതിര്‍ന്നു കിടക്കുന്ന കോടതിമുറ്റത്ത് നില്‍ക്കുമ്പോള്‍ പിറകില്‍ ആരോ തൊട്ടതുപോലെ എനിക്ക് തോന്നി. തിരിഞ്ഞുനോക്കിയപ്പോള്‍ ആരെയും കണ്ടില്ല. മോനായി സഖാവിനെ തിരിച്ചു ജയിലിലേക്ക് കൊണ്ടുപോകുന്ന കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ ചാനലുകാര്‍ അക്ഷമരായി കാത്തുനില്‍ക്കുന്നു. അപ്പോള്‍ ഏതാണ്ടു ഒന്നരവര്‍ഷം മുമ്പ് കാടിനകത്തെ ഇരുണ്ട പച്ചപ്പില്‍ എനിക്കുനേരെ അവിശ്വസനീയതയോടെ കണ്ണുകള്‍ നട്ട ഒരു സ്ത്രീയെയും പുരുഷനെയും ഓർമവന്നു.

ഈ കോടതിവളപ്പിലേക്ക് കാടിന്‍റെ മണം പരത്തിക്കൊണ്ടു വന്നത് മഴയാണോ?

അറിയില്ല. ചീവീടുകള്‍ മുറുകിയ കമ്പിയുടെ മർമരംപോലെ ഗാനമുതിര്‍ക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. കാറ്റില്‍ ഇലപ്പടര്‍പ്പുകളുടെ മർമരം. പടര്‍ന്ന വൃക്ഷങ്ങളുടെ ഹരിതാഭക്കു മുകളിലെ തുറന്ന ഇത്തിരിവട്ടങ്ങളിലൂടെ അരിച്ചിറങ്ങുന്ന സൂര്യവെട്ടം. പേരറിയാത്ത പക്ഷികളുടെ കരച്ചില്‍.

പ്രഭാകരനും വിനീതയും. പ്രഭാകരന്‍ ഹൈദരാബാദിലെ ഏതോ കോളജില്‍ രാഷ്ട്രമീംമാംസ പഠിപ്പിച്ചിരുന്നു. വിനീത മദ്രാസ് ഹൈകോടതിയില്‍ അഭിഭാഷക. പശ്ചിമഘട്ടത്തിന്‍റെ ചതുപ്പുകളില്‍ ഇരുവരും വിപ്ലവമന്വേഷിക്കുന്നു.

സഹായമാവശ്യപ്പെട്ടെത്തിയത് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശേഖരേട്ടനാണ്. തണ്ടര്‍ബോള്‍ട്ടിന്‍റെ ക്യാമ്പ് ഓഫീസിലിരുന്ന് ശേഖരേട്ടന്‍ വിനീതയുടെയും പ്രഭാകരന്‍റെയും ചരിത്രം എണ്ണിയെണ്ണിപ്പറഞ്ഞു. കീഴടങ്ങാന്‍ അവര്‍ തയാറാണ്. പ്രഭാകരന്‍റെ വിരലിനെ പ്രമേഹം കാര്‍ന്നുതിന്നുന്നു. വിനീതയുടെ രോഗം ആസ്ത്മയാണ്. മരുന്നും ചികിത്സയും ഭക്ഷണവും വേണം.

തീരുമാനമെടുക്കാന്‍ തണ്ടര്‍ബോള്‍ട്ടിലെ വെറും ഒരു സി.ഐ മാത്രമായ എനിക്ക് കഴിയില്ല. എല്ലാം നിശ്ചയിക്കേണ്ടത് സര്‍ക്കാറാണ്. കീഴടങ്ങലും ചികിത്സയും അവര്‍ തീരുമാനിക്കും.

സത്യത്തില്‍ മാവോയിസ്റ്റ് വേട്ടക്കുവേണ്ടി സജ്ജമാക്കിയ തണ്ടര്‍ബോള്‍ട്ട് വിങ്ങില്‍ ഞാന്‍ ചേരുന്നത് കുറച്ച് സ്വാസ്ഥ്യം തേടിയാണ്. എസ്.ഐ ആയി 12 വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു പ്രമോഷന്‍. അപ്പോള്‍ കൂടുതല്‍ തിരക്കായി. ലോ ആൻഡ് ഓര്‍ഡറില്‍നിന്ന് കുറച്ചു കാലത്തേക്ക് മാറണം. ഭാര്യക്കും അതേ അഭിപ്രായമായിരുന്നു. കാട്ടിലൂടെ സഞ്ചരിക്കാനും ക്യാമ്പ് ഓഫീസിലിരുന്ന് പുറത്ത് ചീവീടുകള്‍ കരയുന്ന ഒച്ച കേട്ടുകൊണ്ട് പാതിരാത്രി വരെ വായിക്കാനും ഞാനാഗ്രഹിച്ചു.

പക്ഷേ, ചില കാര്യങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. സംഘം ചേര്‍ന്ന് കാട്ടിലൂടെ അലഞ്ഞ ദിനങ്ങളില്‍ ശിരസ്സില്‍ എന്തൊക്കെയോ പ്രാഗ് സ്മൃതികള്‍ ഉണരുന്നതുപോലെ തോന്നി. ‘വിളമ്പുന്ന കയില്‍ ഒന്നുമറിയുന്നില്ല. മറിച്ച് സൂപ്പിന്‍റെ രുചിയറിയുന്നത് നാവാണ്’ എന്ന ധർമപദത്തിലെ ബുദ്ധവാക്യം ഇടവിട്ട് എന്‍റെ ചിന്തകളെ കാട്ടുവള്ളിപോലെ വഴി തടഞ്ഞു. ന്യായാന്ന്യായങ്ങളെക്കുറിച്ചുള്ള പുതിയ വിചാരങ്ങള്‍ രാത്രി ഏറെ വൈകുംവരെ എന്‍റെ ഉറക്കത്തെയകറ്റി നിര്‍ത്തി. അതുകൊണ്ടുതന്നെ കീഴടങ്ങാനുള്ള തീരുമാനത്തെ അംഗീകരിച്ച് കലക്ടര്‍ ഏൽപിച്ച കാട്ടിലുള്ളവര്‍ക്കുള്ള മരുന്നും വസ്ത്രങ്ങളും ടിന്നിലടച്ച ഭക്ഷണവും ശേഖരേട്ടനെ ഏൽപിക്കുമ്പോള്‍ ഒരു സംതൃപ്തി ഞാനനുഭവിച്ചു.

സാധനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ശേഖരേട്ടന്‍റെ വാർധക്യം നിഴലിട്ട മുഖത്തെ ചുളിവുകള്‍ വിടര്‍ന്നു. പത്രത്തില്‍നിന്നു വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഏതോ വാര്‍ത്തകള്‍ തേടിയിട്ടെന്നവണ്ണം ശേഖരേട്ടന്‍ ഇടവിട്ടു കാടുകടക്കുന്നു. ആഴ്ചയില്‍ ഒരുവട്ടമെങ്കിലും ആദിവാസി കോളനിയിലെത്തിയില്ലെങ്കില്‍ മൂപ്പര്‍ക്ക് ഉറക്കം വരില്ല. കാട്ടിലെ നിഗൂഢസ്ഥലങ്ങള്‍ ആദിവാസികളോളം അറിയുന്ന ഒരാള്‍ ശേഖരേട്ടനാണെന്നാണ് ഡിപ്പാര്‍ട്മെന്‍റിലെ വിവരം.

കാട്ടില്‍നിന്ന് പ്രഭാകരനെയും വിനീതയെയും അറസ്റ്റ് ചെയ്യാനുള്ള ചുമതല എന്നിലാണ് വന്നുചേര്‍ന്നത്. അറസ്റ്റു ചെയ്ത് ജില്ലാ ആശുപത്രിയിലെ ജയില്‍സെല്ലിലേക്ക് അവരെ കൊണ്ടുവരണം. ചികിത്സയായിരുന്നു അവരുടെ മുഖ്യ ആവശ്യങ്ങളിലൊന്ന്.

നാലു വാഹനങ്ങളിലാണ് ഞങ്ങള്‍ കാട്ടിലേക്ക് പോയിരുന്നത്. തണ്ടര്‍ബോള്‍ട്ടിലെ മുപ്പതുപേര്‍. കാട്ടിനുള്ളിലേക്കു കുറച്ച് ദൂരമേ വാഹനങ്ങള്‍ പോകൂ. പിന്നെ രണ്ടു മണിക്കൂറോളം നടക്കണം. എത്തേണ്ട ഇടത്തെക്കുറിച്ച് ശേഖരേട്ടന്‍ കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു. ഒരു മണിക്കൂറിലേറെ നടന്നപ്പോള്‍ കാട് കൂടുതല്‍ ഇരുണ്ടു. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലെ തണുപ്പും പടര്‍പ്പുകളും വന്യമായ ഒരനുഭൂതി സമ്മാനിച്ചുകൊണ്ടിരുന്നു. ചീവീടുകളുടെ കരച്ചില്‍ ഉച്ചത്തിലായി. തലക്കു മുകളിലെ ആകാശം ശുദ്ധമായ പ്രകാശത്തോടെ തുണ്ടുകളായി ഞങ്ങള്‍ക്ക് ദൃശ്യമായി. കാടിന്‍റെ അഗാധതകളില്‍നിന്നെവിടെയോ ഏതോ വന്യജീവിയുടെ കൂക്കുവിളി ഒരു കരച്ചില്‍പോലെ ഞങ്ങളെ ചൂഴ്ന്നു.

ഞങ്ങളെത്തുമ്പോള്‍ കീഴടങ്ങാന്‍ തയാറായി നിലത്തുവിരിച്ച ഒരു പുതപ്പില്‍ സാധനങ്ങള്‍ ഒതുക്കിവെച്ച് അവര്‍ കാത്തുനില്‍ക്കുകയായിരുന്നു. മുന്നില്‍ നടന്ന എനിക്കു നേരെ ഉയര്‍ന്ന അവരുടെ മിഴികളില്‍ ജീവിക്കാനുള്ള മുഴുവന്‍ പ്രത്യാശയും ഒരെണ്ണത്തിരിപോലെ തെളിയുന്നത് കണ്ടു.

എനിക്കു പിറകിലപ്പോള്‍ ബൂട്ടുകളുടെ മുഴക്കം കേട്ടു. ഞാന്‍ പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളുടെ ടീമില്‍ കഴിഞ്ഞ ദിവസം വന്നുചേര്‍ന്ന സിവില്‍ പൊലീസ് ഓഫീസര്‍ ലെനിന്‍റെ തോക്ക് തീതുപ്പുന്നു. പ്രഭാകരന്‍ വീണത് മുന്നോട്ടാണ്. വിനീത പിറകിലോട്ടും. അടുത്ത നിമിഷത്തില്‍ ഒരലര്‍ച്ചയോടെ ലെനിന്‍ മുന്നോട്ടോടി. നിലത്തുവിരിച്ച വിരിപ്പില്‍ ചോരയില്‍ വീണുകിടന്ന രണ്ടുപേരെയും അയാള്‍ ഇരുവശത്തേയ്ക്കുമായി വലിച്ചെറിഞ്ഞു. പിന്നെ പിടഞ്ഞ് എനിക്കു മുന്നിലെത്തി അറ്റന്‍ഷനില്‍ നിന്നു.

‘‘സോറി സര്‍. അങ്ങറിയാതെ വെടിവെച്ചു കൊല്ലാന്‍ മുകളില്‍നിന്ന് നിർദേശമുണ്ടായിരുന്നു.’’ അയാളുടെ ശബ്ദത്തില്‍ കടിച്ചുപിടിച്ച പല്ലുകളുടെ ഘര്‍ഷണം ഞാനനുഭവിച്ചു.

കാട്ടിലേക്കുള്ള യാത്രയില്‍ ജില്ലാ ആശുപത്രിയില്‍നിന്ന് രണ്ടു സ്ട്രെച്ചറെടുത്ത് ലെനിന്‍ ജീപ്പിലിടുമ്പോഴും ഞാന്‍ ഉദ്ദേശ്യമറിഞ്ഞില്ല. തീര്‍ത്തും വിഡ്ഢിയാക്കപ്പെട്ട ഒരാളുടെ ജാള്യതയോടെ ഞാന്‍ ചലനമറ്റ രണ്ടു മനുഷ്യരുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പ്രഭാകരന്റെയും വിനീതയുടെയും കണ്ണുകള്‍ അടഞ്ഞിട്ടില്ല. അവരുടെ കണ്ണുകളുടെ ഇത്തിരി വെട്ടത്തില്‍ ചതിക്കപ്പെടുമ്പോഴുള്ള മനുഷ്യന്‍റെ അവിശ്വസനീയത. എന്‍റെ കാലുകളിലെ സ്തോഭം ഒരു പെരുപ്പിന് വഴിമാറി. കൈകാലുകള്‍ കുഴഞ്ഞു താഴെ വീഴുമോ എന്ന് ഞാന്‍ പേടിച്ചു. ലെനിന്‍റെ തോക്ക് വര്‍ഷിച്ച വെടിയുണ്ടകളുടെ മുഴക്കത്തില്‍ ഇലപ്പടര്‍പ്പുകളില്‍നിന്ന് മാനത്തേക്കുയര്‍ന്ന പക്ഷികളിലൊന്ന് കാഴ്ചയില്‍ പ്രത്യക്ഷമായ ഒരിത്തിരി വെയില്‍വെട്ടത്തില്‍ ഞങ്ങള്‍ക്ക് നേരെ കൊക്കുനീട്ടി പറന്നു. എന്‍റെ ഹൃദയമിടിപ്പുകള്‍ നേരെയാവാന്‍ പിന്നെയും സമയമെടുത്തു.

തിരിച്ചു നടന്നപ്പോള്‍ വിറങ്ങലിച്ചുപോയ സേനാംഗങ്ങള്‍ പിറകില്‍ നിശ്ശബ്ദരായി ചുവടുകള്‍വെച്ചു. അകലെ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്ന് എടുത്തുകൊണ്ടുവന്ന സ്ട്രെച്ചറുകളില്‍ കൊല്ലപ്പെട്ടവരുടെ ദേഹങ്ങള്‍ പൊലീസുകാര്‍ ചുമന്നു. മധ്യാഹ്നസൂര്യന്‍റെ ചൂടില്‍ ഞാന്‍ വിയര്‍ത്തുകുളിച്ചിരുന്നു. നിലത്തു പറ്റിപ്പിടിച്ച പടരന്‍പുല്ലുകളുടെ മുള്ളുകളിലുരഞ്ഞ് എന്‍റെ ബൂട്ടിനു മുകളില്‍ കാലുകള്‍ നീറി. മൊബൈല്‍ റേഞ്ചിന്‍റെ അകത്തേക്ക് പ്രവേശിച്ച നിമിഷത്തില്‍ എന്‍റെ പോക്കറ്റില്‍ ഫോണ്‍ മുരണ്ടു. ഞാന്‍ വാട്സ്ആപ് തുറന്നപ്പോള്‍ ടീമംഗങ്ങളിലാരോ എടുത്തയച്ച ഫോട്ടോയുമായി ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു എന്ന ചാനലിന്‍റെ ന്യൂസ് ബ്രേയ്ക്കിങ്.

അടുത്ത നിമിഷത്തില്‍ ഫോണില്‍ ശേഖരേട്ടന്‍റെ പേരു തെളിഞ്ഞു. ഞാന്‍ സ്ക്രീനില്‍ റിസീവറില്‍ തൊട്ടു.

‘‘ശേഖരേട്ടാ, അവര്‍ അറസ്റ്റിന് വഴങ്ങിയില്ല. ഞങ്ങളെ വെടിവെച്ചപ്പോള്‍ തിരിച്ചു വെടിവെയ്ക്കേണ്ടി വന്നു.’’

എന്‍റെ ശബ്ദം ദൃഢമായിരുന്നു. അശേഷം കുറ്റബോധമില്ലാത്ത ഒരീണത്തില്‍ വികാരരഹിതമായിരുന്നു അത്. പുറകോട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ സിവില്‍ പൊലീസ് ഓഫീസര്‍ ലെനിന്‍റെ ചുണ്ടിന്‍റെ കോണുകളില്‍ ഒരു പുഞ്ചിരി ഒളിച്ചുകളിക്കുന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ അല്‍പംകൂടി കാട്ടുപാതയിലൂടെ മുന്നോട്ടു നടന്നുകൊണ്ടിരിയ്ക്കെ അപ്രതീക്ഷിതമായൊരു നിമിഷത്തില്‍ ജീവിതത്തിലാദ്യമായി നീതിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് എന്‍റെയുള്ളില്‍ ജീവന്‍വെച്ചു. ഒരു കാരുണ്യവുമില്ലാത്ത ഒരാഘാതത്തില്‍ അതെന്‍റെ ശിരസ്സിനെ വലംവെക്കുകയും ഞെരിക്കുകയുംചെയ്തു.

‘‘സര്‍, മോനായി സഖാവിന്‍റെ റിമാൻഡ് നീട്ടി.’’

എന്‍റെ കാതുകളില്‍ മാത്തപ്പന്‍റെ ശബ്ദം. ഒരിക്കലും ഓർമിക്കാനാഗ്രഹിക്കാത്ത ആ ദിനത്തിലെ ഇരുണ്ടുപോയ കാട്ടുപാതകളില്‍നിന്ന് ഒരു വിറയലോടെ ഞാന്‍ തിരിച്ചെത്തി. എന്‍റെ ശരീരത്തില്‍നിന്ന് കാട്ടുവേരുകളുടെ മണം പ്രസരിക്കുന്നുണ്ടോ എന്നു ഞാന്‍ സംശയിച്ചു.

‘‘മൂപ്പരെ പുറത്തേക്കു കൊണ്ടുവരുന്നുണ്ട്.’’

മാത്തപ്പന്‍ വീണ്ടും കോടതിവളപ്പിലെ ശബ്ദങ്ങളിലേക്ക് എന്‍റെ ശ്രദ്ധ ക്ഷണിച്ചു. പത്തോ പന്ത്രണ്ടോ പൊലീസുകാരുടെ അകമ്പടിയില്‍ രണ്ടുപേര്‍ കൈകള്‍ക്കിരുവശവും അപ്പുറവും ഇപ്പുറവും ചേര്‍ത്തുപിടിച്ച്, ഭീകരനായ ഒരു കുറ്റവാളിയെ എന്നോണം മോനായി സഖാവിനെ അവര്‍ മുന്നോട്ടു നടത്തുന്നു. ഒരു പൊലീസുകാരന്‍ അദ്ദേഹത്തെ കൊണ്ടുവന്ന ജീപ്പിന്‍റെ വാതില്‍ തുറന്നുപിടിച്ചിട്ടുണ്ട്.

‘‘പ്രതിയെ എന്‍റെ ജീപ്പില്‍ കയറ്റിയാല്‍ മതി.’’

പൊലീസ് സംഘം അരികിലെത്തിയപ്പോള്‍ ഞാന്‍ നിർദേശിച്ചു.

എന്‍റെ ആജ്ഞയനുസരിക്കുമ്പോള്‍ എസ്.ഐ രാജന്‍ കൗതുകത്തോടെ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്‍റെ വാഹനത്തിന്‍റെ മധ്യഭാഗത്തെ സീറ്റില്‍ രണ്ടു പൊലീസുകാരുടെ നടുവിലായി ഒരു മുനിയെപ്പോലെ ശാന്തനായി മോനായി സഖാവ് ഇരുന്നു.

‘‘സബ്ജയില്‍ വരെ രാജന്‍റെ ജീപ്പ് പിറകിലുണ്ടാവണം. മറ്റു വാഹനങ്ങള്‍ മടങ്ങിപ്പോയിക്കൊള്ളട്ടെ.’’

ഞാന്‍ വീണ്ടും നിർദേശങ്ങള്‍ നല്‍കി.

മാത്തപ്പന്‍ ഞങ്ങളുടെ വാഹനം സ്റ്റാര്‍ട്ടാക്കി. സബ്ജയിലില്‍ മോനായി സഖാവിനെ തിരിച്ചേൽപിക്കാനുള്ള യാത്രയില്‍ മൗനം കോടമഞ്ഞുപോലെ ഞങ്ങള്‍ക്കിടയിലേക്ക് പരന്നു. അല്‍പം കിഴക്കോട്ടു ചാഞ്ഞു തുടങ്ങിയ ഉച്ചവെയിലില്‍ പുതുതായി ടാറിട്ട റോഡുകള്‍ തിളങ്ങി. ഒരു സ്വപ്നംപോലെ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി എന്‍റെ ഓർമയുടെ കോശങ്ങളില്‍ തെളിഞ്ഞു. മോര്‍ച്ചറിയുടെ സിമന്‍റിട്ട തേച്ചുമിനുക്കിയ നിലത്ത് മോനായി സഖാവ് ഇരിക്കുന്നു. അരികെ സ്ട്രെച്ചറില്‍ പ്രഭാകരനും വിനീതയും. അവരുടെ തുറന്ന കണ്ണുകളില്‍ ജീവനുണ്ടെന്നു തോന്നിപ്പിക്കുമാറ് മോര്‍ച്ചറിയിലെ ചുമരിലെ ബള്‍ബുവെട്ടം പ്രതിബിംബിക്കുന്നു.

മോനായി സഖാവ് വിനീതയുടെ ശിരസ്സില്‍ കൈവെച്ച് നെറ്റിയില്‍ തലോടിക്കൊണ്ടേയിരുന്നു. പിന്നെ ശിരസ്സ് കുനിച്ചു വിനീതയുടെ കാതില്‍ എന്തോ പറഞ്ഞു.

ആ കുട്ടിയോട് മോനായി സഖാവ് എന്തായിരിക്കും പറഞ്ഞിരിക്കുക?

പൊറുക്കൂ എന്നാണോ?

പുറത്തെ കാറ്റിന് മോര്‍ച്ചറിയിലെ തണുത്ത ചുമരുകള്‍ക്കുള്ള അണുനാശിനിയുടെ ഗന്ധമുണ്ടോ?

മൂക്ക് വിടര്‍ത്തി ഓർമകളുടെ ഇനിയും വറ്റാത്ത കാട്ടുനദിയിലെ തണുപ്പിലേക്ക് ഞാന്‍ കാലെടുത്തു വെച്ചുകൊണ്ടിരിക്കുമ്പോള്‍ മാത്തപ്പന്‍ സബ്ജയിലിനു മുന്നില്‍ വാഹനം നിര്‍ത്തി.

പൊലീസുകാര്‍ വാഹനത്തിന്‍റെ ഡോര്‍ തുറന്നപ്പോള്‍ മോനായി സഖാവ് ഇറങ്ങി. പിന്നെ ഇനിയും വാഹനത്തില്‍നിന്നിറങ്ങാതെയിരിക്കുന്ന എനിക്കരികിലേക്ക് വന്നു. തുറന്ന ചില്ലിലൂടെ അകത്തേക്ക് കൈനീട്ടി അദ്ദേഹം എന്‍റെ വലതുകൈ കവര്‍ന്നു. ആ കണ്ണുകളുടെ ആഴത്തില്‍ ഒരു വിഷാദത്തിന്‍റെ ഇലയനക്കം കണ്ടു.

 

‘‘മോനെ, ആ കുട്ടികളെ എന്തിനാണ് കൊന്നുകളഞ്ഞത്?’’

ആ ശബ്ദത്തില്‍ തൊണ്ണൂറ്റിനാലു വയസ്സുവരെ ജീവിച്ചുതീര്‍ത്ത ഒരു മനുഷ്യന്‍റെ മുഴുവന്‍ തകര്‍ച്ചകളും തോല്‍വികളും അടിഞ്ഞുകിടന്നിരുന്നു. ഞാന്‍ മുഖമുയര്‍ത്തിയില്ല. സബ്ജയിലിന്‍റെ വാതില്‍ തുറന്നപ്പോള്‍ മോനായി സഖാവ് അകത്തേക്ക് കയറിപ്പോകുന്നത് കാണാതിരിക്കാനായി ഞാന്‍ മുഖം തിരിച്ചു.

നഗരത്തിലെ എന്‍റെ ഓഫീസിലേക്ക് മാത്തപ്പന്‍ വാഹനം തിരിച്ചുവിട്ടു. മോനായി സഖാവിന്‍റെ കൂടെ വന്ന പൊലീസുകാര്‍ ഞങ്ങള്‍ക്ക് പിറകില്‍ വന്ന രാജന്‍റെ ജീപ്പില്‍ മടക്കയാത്ര തുടങ്ങിയിരുന്നു.

വാഹനത്തിന്‍റെ പിന്‍സീറ്റില്‍നിന്ന് അപ്പോള്‍ ആരോ എന്നെ തൊട്ടതുപോലെ. ഞാന്‍ തിരിഞ്ഞുനോക്കി. പിന്‍സീറ്റ് ശൂന്യം. ഞാന്‍ മോനായി സഖാവ് സ്പര്‍ശിച്ച എന്‍റെ വലതുകൈ മണത്തു. വിരലുകള്‍ക്ക് മിഠായിയുടെ മണം.

ആരോ എന്നെ തൊടുന്നുണ്ട്. അപ്പുണ്ണി സഖാവാണോ? നാലാം ക്ലാസിൽവെച്ച് പഠിപ്പുനിര്‍ത്തി ഞാന്‍ ബീരാന്‍ഹാജിയുടെ ഇറച്ചിക്കടയില്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. വലിയ കൊളുത്തുകളില്‍ ഞാത്തിയിട്ട ശിരസ്സറുത്ത പോത്തിന്‍റെ തുടയും നെഞ്ചും കടന്ന് അപ്പുണ്ണി സഖാവ് എനിക്കു മുന്നില്‍ നിന്നു.

‘‘നിന്‍റെ കൈ കഴുക്.’’

ഇറച്ചിക്കടക്ക് പുറത്തെ കരിങ്കല്‍തൊട്ടിയിലെ വെള്ളത്തില്‍ ഞാന്‍ കൈകഴുകി. അപ്പോള്‍ മുറിച്ചുമാറ്റിയ പോത്തിന്‍റെ ശിരസ്സിലെ വലിയ കണ്ണുകള്‍ ദീനതയോടെ എന്നെ നോക്കി.

‘‘നടക്ക്...’’

അപ്പുണ്ണി സഖാവ് എന്‍റെ കൈ പിടിച്ചു നടന്നു. പഠിപ്പു നിര്‍ത്തിയ സ്കൂളിലെ ക്ലാസ് മുറിക്ക് മുന്നില്‍ ഒരു കിതപ്പോടെ എന്‍റെ കൈപിടിച്ച് അപ്പുണ്ണി സഖാവ് നിന്നു.

‘‘ക്ലാസില്‍ കയറിയിരിക്കെടാ.’’

അപ്പുണ്ണി സഖാവ് ആജ്ഞാപിച്ചു. തേങ്ങിക്കരഞ്ഞ എന്‍റെ കണ്ണുകളില്‍നിന്നൊഴുകിയ കണ്ണുനീര്‍ അപ്പുണ്ണി സഖാവ് തുടച്ചു. മിഠായികളുടെ സ്വച്ഛഗന്ധത്തില്‍ അപ്പോള്‍ എന്‍റെ നാസാരന്ധ്രങ്ങള്‍ വിടര്‍ന്നു.

നഗരത്തില്‍ ന്യൂ സ്ട്രീറ്റിലെ കെട്ടിടത്തിന് അഗ്നിബാധയെന്ന വാര്‍ത്തയുടെ ചൂടില്‍ എന്‍റെ വാഹനത്തിലെ വയര്‍ലെസ് സെറ്റ് കൂക്കിവിളിച്ചപ്പോള്‍ ഞാന്‍ ഉണര്‍ന്നു. നിശ്ശബ്ദനായി മുന്നോട്ടുനോക്കി വാഹനമോടിക്കുന്ന മാത്തപ്പന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് റിയര്‍വ്യൂ മിററില്‍ ഞാന്‍ കണ്ടു.

‘‘മാത്തപ്പാ, ചില്ലുകള്‍ തുറന്നിട്. ആകെ മിഠായിയുടെ മണം.’’ എ.സി ഓഫാക്കി വിങ്ങലോടെ ഞാന്‍ മുരണ്ടു. പിന്നെ ഉള്ളില്‍നിന്നലച്ചെത്തുന്ന ചോദ്യങ്ങളെ ചുണ്ടുകള്‍ പൂട്ടി തടഞ്ഞ് ഞാന്‍ പുറത്തെ വായുവിലേക്ക് മൂക്കു വിടര്‍ത്തി.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT