ബസിറങ്ങിയപ്പോഴാണ് ഒരു ഞൊടിയിൽ ദേഹം തളരുന്നപോലെ അയാൾക്ക് തോന്നിയത്. കണ്ണടയിൽ നനവു പടർന്നപോലെ, കാഴ്ച പൊടുന്നനെ മൂടിപ്പോയി. അവസാനത്തെ ചവിട്ടുപടി വരെ എല്ലാം സുവ്യക്തമായിരുന്നു. മണ്ണിലേക്ക് കാലെടുത്തുവെക്കാൻ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. ഊന്നുവടിയിൽ ഇരു കൈകളും താങ്ങി, വീഴാതിരിക്കാൻ ശ്രദ്ധിച്ച് അയാൾ ഒരുമാത്ര അവിടെത്തന്നെ നിന്നു. ബസിന്റെ വാതിലടക്കുമ്പോൾ അത് ദേഹത്ത് വന്നിടിക്കുമോ എന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്; തന്റെ കണ്ണട, അപ്പോൾ ബസിൽ കയറിയ സ്ത്രീകളിലൊരാളുടെ മുടിയിൽ കുരുങ്ങിയിരിക്കുന്നു!
കയറ്റിറക്കങ്ങളുടെ തിക്കിത്തിരക്കിനിടയിൽ അറിയാതെ സംഭവിച്ചതാണ്. ആ സ്ത്രീ ചവിട്ടുപടികൾ കയറി ബസിനുള്ളിലെ ആൾക്കൂട്ടത്തിൽ അകപ്പെടുന്നത് കണ്ടപ്പോൾ, വാതിലടക്കുകയായിരുന്ന ‘കിളി’യുടെ ശ്രദ്ധയാകർഷിക്കാനായി അയാൾ കൈവീശിക്കാണിച്ചു. എന്തോ വിളിച്ചു പറയാനൊരുമ്പെട്ടെങ്കിലും, ശബ്ദം പൊങ്ങാൻ കുറച്ച് താമസിക്കുകയും അപ്പോഴേക്കും ബസ് വിട്ടുപോവുകയും ചെയ്തു. ആ ആവേഗത്തിൽ ഒന്നുലഞ്ഞെങ്കിലും ഊന്നുവടിയുടെ താങ്ങിൽ അയാൾക്ക് വീഴാതെ നിൽക്കാൻ സാധിച്ചു. എന്തുചെയ്യണമെന്നറിയാതെ ചുറ്റിലും ഇടറി നോക്കി അയാൾ അവിടെത്തന്നെ നിൽപായി.
അപ്പോൾ അതുവഴി വന്ന ഒരു റിക്ഷാവണ്ടി അയാൾക്കരികിലായി നിർത്തി ‘‘പോരുന്നോ?’’ എന്നു ചോദിച്ചു. ഒന്നുമാലോചിക്കാതെ, അതിൽ കയറി അയാൾ ബസിനു പിറകെ വിടാൻ നിർദേശം നൽകി. മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റോപ്പിൽവെച്ച് റിക്ഷാ ബസുമായി കണ്ടുമുട്ടുകയും അയാൾ അവിടെയിറങ്ങി ഒരുവിധത്തിൽ ബസിൽ കയറിപ്പറ്റുകയും ചെയ്തു.
ബസിനുള്ളിലെ തിരക്കുവകഞ്ഞ്, അയാൾ ആ സ്ത്രീയെ തിരഞ്ഞ് മുന്നിലേക്ക് നടക്കാൻ തുടങ്ങി. ബസിനു മുൻവശത്ത്, സ്ത്രീകൾ നിൽക്കുന്നതിനു തൊട്ടുപുറകിൽ നിൽക്കുകയായിരുന്ന ചില കോളേജു പയ്യന്മാർ അയാളുടെ വരവ് ശ്രദ്ധിച്ച്, മനപ്പൂർവം അയാൾക്ക് തടസ്സം നിന്നു. അതിൽ ചിലർ ‘‘മുന്നിലെത്താൻ അപ്പാപ്പന്റെയൊരു തിടുക്കം കണ്ടോ!’’, ‘‘മനസ്സിപ്പോഴും മണിയറയിലാ ഇല്യോ!’’ എന്നിങ്ങനെ പരിഹസിക്കുകയും, കൂട്ടത്തിൽ മൊട കൂടിയ ഒരുവൻ അയാളുടെ എളിയിൽ ഇക്കിളിയിടുകയും ചെയ്തു! അപ്പോൾ കണ്ടക്ടർ അങ്ങോട്ട് വന്ന്, മുതിർന്ന പൗരന്മാർക്കായുള്ള സീറ്റിലിരിക്കുകയായിരുന്ന ഒരു വിദ്യാർഥിയെ എഴുന്നേൽപിച്ച്, അയാളെ അവിടെയിരുത്തി.
മുണ്ടിന്റെ കോന്തല വിടർത്തി പണമെടുത്ത്, അയാൾ ടൗണിലേക്ക് ഒരു ടിക്കറ്റെടുത്തു. മുടിയിലുടക്കിയ കണ്ണടയെക്കുറിച്ച് സംസാരിക്കാനൊരുങ്ങിയെങ്കിലും വാക്കുകൾ കിട്ടിയില്ല. സീറ്റിലിരുന്ന് മുന്നിലേക്ക് നോക്കിയപ്പോൾ, സ്ത്രീകളെ ആരെയും വ്യക്തമായി കാണാൻ സാധിച്ചില്ല. ആ സ്ത്രീയുടെ വേഷം ചുരിദാറാണ് എന്ന് ഓർമയിൽ വന്നു, എന്നാൽ അതിന്റെ നിറത്തെക്കുറിച്ച് ധാരണയുണ്ടായില്ല. പെട്ടെന്ന് എന്തോ ഓർമിച്ചിട്ടെന്നപോലെ അയാൾ ഒന്ന് ഞെട്ടി, കൈയിലുണ്ടായിരുന്ന നേർത്ത തുണിസഞ്ചി വിടർത്തി, അതിനകത്തെ കടലാസു ചുരുളുകൾ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി.
അയാൾക്ക് ഒരൽപം ആശ്വാസംതോന്നി. ഒരാവശ്യത്തിനായി, തലേന്ന് ജില്ലാ ആസ്ഥാനം വരെ ഒന്ന് പോയി മടങ്ങിവരുകയായിരുന്നു അയാൾ. അവിടെ ബസു കയറാൻ നിൽക്കുമ്പോഴാണ് ത്രേസ്യേടെ പ്രഷറിനുള്ള മരുന്ന് കുറച്ചുദിവസം മുമ്പ് തീർന്നുപോയ കാര്യം ഓർമയിൽ വന്നത്. ഇനം മാറിയാണെങ്കിലും, അയാളുടെ ഗുളികയിൽനിന്നും ഒാരോ തുണ്ട് പൊട്ടിച്ചെടുത്താണ്, ത്രേസ്യ ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്നത്. മരുന്നു വാങ്ങാനായി ബസ് സ്റ്റാൻഡിലെ കടയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ കണ്ണിൽ ഇരുട്ടുകയറിയത് ഓർമയുണ്ട്. സന്ധ്യയായിരുന്നു അപ്പോൾ.
പിന്നെ, ജില്ലാശുപത്രിയിൽവെച്ചാണ് കണ്ണ് തുറക്കുന്നത്. വീണുകിടക്കുകയായിരുന്ന അയാളെ ചുമട്ടുതൊഴിലാളികളോ മറ്റോ ഒരു റിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നുവത്രേ. നല്ലകാലം, കൈയിലുണ്ടായിരുന്ന സഞ്ചിയും അവർക്കുതന്നെ കിട്ടിയത്! അയാളുടെ ഇടതുകൈ ഞരമ്പിലൂടെ, രാത്രി മുഴുക്കെ ഡ്രിപ് കയറ്റിക്കൊണ്ടിരുന്നു. ക്ഷീണം കാരണം അയാൾ പെട്ടെന്ന് ഉറങ്ങിപ്പോയി. നേരം വെളുത്തതും, ആരും കാണാതെ ആരോടും മിണ്ടാതെ ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോരുകയാണ് ചെയ്തത്. വീട്ടിൽ ത്രേസ്യ തനിച്ചേയുള്ളൂ. തന്നെ കാണാഞ്ഞ് അവൾ വല്ലാതെ പരിഭ്രമിച്ചിരിക്കുമെന്നും, തന്നെ തിരക്കിവിടാൻ അവിടെ ആരുമില്ലെന്നും ഓർത്തപ്പോൾ അയാൾക്ക് അങ്ങനെ ചെയ്യാനാണ് തോന്നിയത്. രാവിലെ ഡ്യൂട്ടി മാറുന്നതിന്റെ വെപ്രാളത്തിൽ നഴ്സുമാരാരും അയാളെ ശ്രദ്ധിച്ചിരുന്നതുമില്ല.
ഏതൊക്കെയോ വെറി വിഷയങ്ങളിലൂടെ പടർന്നുകയറി ഉച്ചത്തിൽ ചിരിക്കുന്ന കോളജ് പയ്യന്മാരുടെ ബഹളം ചെവിയിൽ മുഴങ്ങിയപ്പോൾ, തന്നെക്കുറിച്ച് വീണ്ടും എന്തൊക്കെയോ പറഞ്ഞ് പരിഹസിക്കുകയാണെന്ന് തോന്നി, അയാൾക്ക് സ്വന്തം മകനെയും അവൻ ചിരിക്കുമ്പോൾ മുൻവരിയിലെ പല്ലുകൾക്കിടയിൽ തെളിയാറുള്ള വിടവും ഓർമയിൽ വന്നു. ഇവരുടെ പ്രായമായിരുന്നു അവനും, രൂപവും ഏതാണ്ടൊക്കെ ഇതുപോലെത്തന്നെ, ഇത്തരം കൂട്ടുകെട്ടിൽപെട്ടാണ് അവൻ...
–മക്കളേ, നിങ്ങൾ സൂക്ഷിച്ചുകൊൾക! മരുപ്പറമ്പാണ്, ഉത്സവപ്പറമ്പല്ല ജീവിതം!..
അയാൾ കൈയിലെ തുണിസഞ്ചി ഒന്നുകൂടി വിടർത്തി നോക്കി എന്തിനോ വ്യക്തത വരുത്തി. പട്ടണമെത്തുന്നതിനു മുമ്പുതന്നെ അയാൾ എഴുന്നേറ്റ്, പയ്യന്മാരെ ഭയന്നാവണം പിൻവാതിലിനരികിൽ ചെന്നുനിന്നു. എന്നിട്ട്, ബസ് നിർത്തിയ ഉടനെ പുറത്തിറങ്ങി മുൻവാതിലിനടുത്തെത്തി ബസിറങ്ങുന്ന സ്ത്രീകളെയാകെ ഒന്ന് ശ്രദ്ധിച്ചു. വൃദ്ധകളും കുട്ടികളുമുണ്ട്. യുവതികളിൽ മൂന്നുനാലു പേർ ശിരോവസ്ത്രമണിഞ്ഞവരാണ്. അല്ലാത്തവരിലാവട്ടെ, മുടിയിൽ കണ്ണടയുള്ള ആരെയും കണ്ടതുമില്ല.
മുൻവാതിലിലൂടെ ബസിറങ്ങിയ കോളജ് പയ്യന്മാർ അയാളുടെ നിൽപു കണ്ട്, വീണ്ടും അയാൾക്കടുത്തെത്തി ‘‘അപ്പാപ്പനാളു കൊള്ളാല്ലോ!’’, ‘‘വായിൽ വെള്ളമൂറുന്നത് കണ്ടില്ലേ?’’ എന്നെല്ലാം പറയാൻ തുടങ്ങി. അയാൾ വടിയും കുത്തി, വേഗത്തിൽ, എങ്ങോട്ടെന്നില്ലാതെ അവിടെനിന്ന് നടന്നുപോയി. പുറകിൽ ഒരു കൂവൽ കേട്ടു. വലിയ ശബ്ദത്തിൽ പൊട്ടിച്ചിരിയും ബഹളവും. നടപ്പു തുടർന്നപ്പോഴും കൂവൽ അയാളെ പിന്തുടർന്നു.
വാതോരാതെ സംസാരിച്ചുകൊണ്ട് മുന്നിൽ നടക്കുകയായിരുന്ന രണ്ടു സ്ത്രീകൾ, പയ്യന്മാരുടെ ബഹളംകേട്ട് തിരിഞ്ഞ്, അയാളെ അവജ്ഞയോടെ നോക്കി. ആ നോട്ടം പക്ഷേ, അയാളുടെ ശ്രദ്ധയിൽപെട്ടതേയില്ല. ഓരോ ചുവട് മുന്നോട്ടുവെക്കുമ്പോഴും, വേദന പുറപ്പെടുവിക്കുന്ന കാലുകളെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അയാൾ.
കുറച്ചുദൂരം ചെന്നപ്പോൾ, സ്ത്രീകളിലൊരാളുടെ പുറകുവശം കണ്ട്, ആ സ്ത്രീയാണോ എന്നൊരു സംശയം തോന്നി. സ്ത്രീകൾ നടന്ന് ചുറ്റുമതിലിനകത്തുള്ള ഒരു കെട്ടിടത്തിലേക്ക് കയറിയപ്പോൾ, അയാളും പുറകെ ചെന്നു. സ്ത്രീകൾ ഒരു ഓഫീസിനുള്ളിലേക്ക് കയറിപ്പോയി. അവിടെ സ്ഥാപിച്ചിരുന്ന പഴക്കമുള്ള പലകയിൽനിന്ന് അതൊരു സർക്കാരാപ്പീസാണെന്ന് അയാൾക്ക് മനസ്സിലായി. സ്ത്രീകൾ ബാഗിനകത്തുനിന്ന് ചോറ്റുപാത്രമെടുത്ത് അലമാരയിൽ വെക്കുന്നതും, രസച്ചരടു മുറിയാതെ അവിടെത്തന്നെ നിന്ന് പിന്നെയും എന്തൊക്കെയോ വിശേഷങ്ങൾ കൈമാറുന്നതും, ഒടുവിൽ മടുപ്പോടെ തങ്ങളുടെ മേശകൾക്ക് പിന്നിൽ ചെന്നിരുന്ന് മൊബൈൽ ഫോണെടുത്ത് തോണ്ടുന്നതുമൊക്കെ ജനാലയിലൂടെ നോക്കി അയാൾ പുറത്ത് കാത്തുനിന്നു.
‘‘എന്നതാ അപ്പാപ്പാ കാലത്തുതന്നെ?’’ ആ ഓഫീസിലെ ശിപായിയാണെന്നു തോന്നുന്നു, റോഡിൽനിന്ന് കയറിവരുന്ന വഴി അയാളോട് ചോദിച്ചു.
‘‘കണ്ണട’’, ഏതോ ഓർമയിൽനിന്നെന്നോണം അയാൾ ഉത്തരം നൽകി, പക്ഷേ തുടർന്നു പറയാൻ സാധിച്ചില്ല.
‘‘നല്ല കഥ! ഇത് കണ്ണട കൊടുക്കുന്ന ആപ്പീസല്ല,’’ ശിപായിയുടെ പരിഹാസസ്വരം ഉച്ചത്തിലായി, ‘‘അപ്പാപ്പൻ വല്ല മുനിസിപ്പാലിറ്റീലോ, ആശൂത്രീലോ മറ്റോ ചെന്നാട്ടെ...’’ അയാളെ ചുഴിഞ്ഞൊന്നു നോക്കി, ശിപായി ധൃതിയിൽ അകത്തുചെന്ന് സ്ത്രീകളോട് എന്തോ പറയുന്നതും അവരെല്ലാം പൊട്ടിച്ചിരിക്കുന്നതും കേട്ടു.
അയാൾ പതിയെ പുറത്തേക്ക് നടന്നു. ചിരിയുടെ മുഴക്കം ചെവിയിൽ മുരളുന്നപോലെ. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ താൻ നിസ്സഹായനായതായി അയാൾക്ക് തോന്നി. എന്തുകൊണ്ടോ, പട്ടണത്തിലെ പുഴക്കടവിൽ ചീർത്തുപൊങ്ങിയ ഒരു ജഡത്തിന്റെ അഴുകിയ മുഖത്തുണ്ടായിരുന്ന ദ്വാരത്തിലൂടെ പുറത്തേക്ക് വമിച്ച ചെറുഞണ്ടുകളെ ഓർമ വന്ന്, അയാൾ ശബ്ദമില്ലാതെ കരഞ്ഞു: മോനേ, ജോണിക്കുട്ടീ...
ഗേറ്റിനടുത്തെത്താറായതും ചുവടിടറി, ഉന്തിനിന്നിരുന്ന ഒരു കരിങ്കല്ലിൽ കാല് തട്ടി, അയാൾക്ക് നിലതെറ്റി. നിയന്ത്രണമില്ലാതെ രണ്ടുമൂന്നു ചുവട് മുന്നോട്ടു വീഴാനാഞ്ഞ്, എങ്ങനെയോ മതിലിൽ പിടിത്തം കിട്ടി. വീണില്ല. പക്ഷേ, കൈ നുറുങ്ങിയപോലെ വേദന തോന്നി. തലയിൽ ഇരുട്ട് കയറിയെങ്കിലും, എങ്ങനെയൊക്കെയോ മതിലിൽ പിടിച്ച് ഒന്ന് കൺതെളിയുവോളം അവിടെത്തന്നെ നിന്നു. ശ്വാസത്തിൽ എക്കിൾ കുടുങ്ങിയപോലെ അയാൾ നിന്നു കിതച്ചു. ആരൊക്കെയോ ഗേറ്റു കടന്ന് കെട്ടിടത്തിനു നേരെ നടക്കുന്നുണ്ടായിരുന്നു. ആരും അയാളെ ശ്രദ്ധിച്ചതേയില്ല. ചികിത്സ മുഴുമിപ്പിക്കാതെ ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോരാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു.
ശ്വാസം നേരെ വീണു തുടങ്ങിയപ്പോൾ, അയാൾ നിലത്ത് ചിതറിവീണിരുന്ന കടലാസ് ചുരുളുകളും മറ്റും പെറുക്കിയെടുത്ത് വീണ്ടും തന്റെ സഞ്ചിയിലിട്ടു. ഓർമക്കുറവ് പറ്റിയപോലെ എന്തോ ശങ്കയിൽ അൽപനേരംകൂടി അവിടെത്തന്നെ നിന്നശേഷം, അയാൾ ആ ആപ്പീസിലേക്കുതന്നെ തിരിച്ച് നടന്നു. വേദനിച്ചു വിറക്കുന്ന കൈയിൽ തടവിക്കൊണ്ട് വീണ്ടും വരാന്തയിൽ ചെന്ന് നിൽപായി.
എന്തൊക്കെയോ ആവശ്യങ്ങൾക്കായി എത്തിയ ഒന്നുരണ്ടു പേർ ആ സ്ത്രീയുടെ മേശക്ക് മുന്നിൽ ഭവ്യതയോടെ നിൽക്കുന്നതായി കണ്ട് അയാളവരെ അനുകമ്പയോടെ നോക്കി. സ്ത്രീകൾ രണ്ടുപേരും ചേർന്നാണ് ആഗതരെ നേരിടുന്നത്. ജില്ലാപ്പീസിൽ തന്നോട് സംസാരിച്ച ഓഫീസറുടെ മയമില്ലാത്ത സമീപനത്തിലേക്കുള്ള സ്ത്രീകളുടെ അനായാസമായ ഭാവപ്പകർച്ച, ഈയിടെ പള്ളിപ്പെരുന്നാളിന് കളിച്ച ചവിട്ടുനാടകത്തിലെ ദൃശ്യങ്ങളുടെ തനിയാവർത്തനംപോലെ തോന്നിപ്പിച്ചു.
സ്ത്രീകൾ അവരുമായി എന്തോ തർക്കത്തിലേർപ്പെടുന്നപോലെ അയാൾക്ക് തോന്നി. ഏതെങ്കിലുമൊക്കെ വകുപ്പുകളിൽനിന്നുള്ള സാക്ഷ്യപത്രങ്ങൾ ആവശ്യപ്പെടുകയായിരിക്കും. ഒരാവർത്തികൂടി എന്തോ പറയാൻ ശ്രമം നടത്തിയ ഒരാളെ ഇപ്പോൾ ശിപായിയാണ് നേരിടുന്നത്. വിട്ടുവീഴ്ചയില്ലാത്ത മട്ടിൽ കയർത്തുകൊണ്ട്, അവരെ പുറത്തേക്ക് വിരൽചൂണ്ടിയിറക്കുന്നത് കണ്ടപ്പോൾ അയാൾക്ക് അറപ്പാണ് തോന്നിയത്; ജില്ലാപ്പീസിൽ തനിക്കുണ്ടായ അതേ അനുഭവം!
ഒരൊറ്റ നിമിഷത്തേക്ക്, താൻ ഏതു ലോകത്തിലാണ് നിൽക്കുന്നതെന്നറിയാത്ത ഒരാന്തൽ ഉള്ളിൽ തുളുമ്പി, ബോധം ചിതറുന്നപോലെ തോന്നി, ചാരിനിന്നിരുന്ന ചുമരിലൂടെ ഊർന്ന് അയാൾ വെറും നിലത്ത് കുത്തിയിരുന്നു. ബലൂൺ വലിപ്പത്തിൽ ചുറ്റും പരക്കുന്ന സോപ്പു കുമിളകൾക്കിടയിലാണ് താൻ നിൽക്കുന്നതെന്നും, അവയിൽ പൊട്ടാൻ നിൽക്കുന്ന ഒരു കുമിളക്ക് തലേന്ന് ജില്ലാപ്പീസിൽ കണ്ട ഒരു മുഖച്ഛായയാണെന്നും അയാൾക്ക് തോന്നി. കുമിളകൾ വാ തുറന്നപ്പോൾ ഒരു ഗുഹയിലൂടെയെന്നവണ്ണം അവ്യക്തമായി ശബ്ദം മുഴങ്ങി:
‘‘ഇത് ഫണ്ട് മാറണ കേസാ, കാർന്നോരേ! നിങ്ങൾ സർട്ടിഫിക്കറ്റ് കൊണ്ട് വരൂ! മകനെ പൊലീസു കൊണ്ടുപോയതാന്ന് പത്രക്കാരു പറയുന്നു, ആൾക്കൂട്ടം ആക്രമിച്ചതാണെന്ന് പൊലീസും! അതേലൊരു ക്ലാരിറ്റി കിട്ടാതെ ഞാനെങ്ങനെ നോട്ടെഴുതും?’’
ആകുലനായി, ഈയൊരു ചോദ്യത്തിന്റെ ഉത്തരം തേടി കഴിഞ്ഞ നാല് വർഷങ്ങളായി നടന്നു തീർത്ത മരുദൂരങ്ങളുടെ ഉഷ്ണം, ഇപ്പോൾ വിയർപ്പായി പൊടിഞ്ഞ് ഒരു മഴയിലെന്നപോലെ അയാൾ നനഞ്ഞു കുതിർന്നു. കൈ വേദനിക്കുന്നയിടത്ത് വീക്കം വന്നിരിക്കുന്നു. എല്ലിന് പൊട്ടലുണ്ടോ, ആവോ? വേദന, കടന്നൽക്കുത്തുപോലെ അസഹ്യമായി...
പുറത്തിറങ്ങിയ ശിപായി അയാൾ അവിടെത്തന്നെ തിരിച്ചെത്തിയത് കണ്ട്, വീണ്ടും അവിടേക്കു വന്ന് ശബ്ദമുയർത്തി:
‘‘അപ്പാപ്പന് പിന്നേം സ്ഥലം മാറി! നേരത്തെ കേറിയേടത്തു തന്നെയാ ഇപ്പോഴും എത്തിയത്. വെളിയിലിറങ്ങി തെക്കോട്ടു നടന്നാൽ മതി, ചെന്നാട്ടെ...’’ പിന്നെ ആത്മഗതംപോലെ ഇങ്ങനെയും, ‘‘തലയ്ക്ക് നല്ല വെളിവില്ലേൽ എന്താ ചെയ്ക!’’
എന്നിട്ടും അയാൾ പോകാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ട് അടുത്തേക്ക് ചെന്ന് അയാളെ എഴുന്നേൽപിച്ച്, വടിയിൽ പിടിച്ച് പതിയെ മുന്നോട്ടു തള്ളിക്കൊണ്ട് ശിപായി വീണ്ടും പറഞ്ഞു:
‘‘കാലത്തേ മനുഷേനെ മെനക്കെടുത്താതെ, ചെന്നാട്ടെ അപ്പാപ്പാ...’’
ഇത്തവണ അയാൾ അവിടെനിന്ന് തെല്ലും മാറാനൊരുമ്പെട്ടില്ല. ജനാലയിലൂടെ നേരത്തേ കണ്ട സ്ത്രീയുടെ നേരെ അയാൾ കൈചൂണ്ടി കാണിച്ചു. ഇപ്പോൾ അയാൾക്ക് ശബ്ദം കിട്ടി:
‘‘അവരെ കാണാനാ വന്നെ...’’
ആ ഭാവപ്പകർച്ച കണ്ടതോടെ അമ്പരന്നിട്ടാവണം, ശിപായി വേഗം ആ സ്ത്രീക്കടുത്തു ചെന്ന് ഒരു രഹസ്യം വെളിപ്പെടുത്തുമ്പോലെ ഇങ്ങനെ പറഞ്ഞു:
‘‘കാണണമെന്ന് ശഠിച്ച് പൊറത്തൊരു കെളവൻ നിപ്പൊണ്ട്, തലയ്ക്ക് നല്ല വെളിവില്ലെന്നാ തോന്നുന്നെ! ഇങ്ങോട്ട് വിളിച്ചാൽ മെനക്കേടാവും, അങ്ങോട്ട് ചെന്ന് എന്തേലും പറഞ്ഞാ അങ്ങ് പൊക്കോളും! ഇല്ലേൽ വരാന്തേക്കെടന്ന് അയ്യാക്ക് വല്ലോം പറ്റിയാ ഇവിടെ സോഷ്യൽമീഡിയ കേറിമേയും!’’
നിർബന്ധത്തിനു വഴങ്ങി, മടിച്ചു മടിച്ച് ആ സ്ത്രീ വരാന്തയിലേക്ക് നടക്കുമ്പോൾ, ഒരു തമാശ ആസ്വദിക്കാനെന്ന മട്ടിൽ കൂട്ടുകാരിയും കൂടെക്കൂടി:
‘‘എന്നതാ അപ്പാപ്പാ?’’
‘‘നിങ്ങടെ മുടിയേക്കെടന്ന എന്റെ കണ്ണടയെന്ത്യേ?’’
ആ സ്ത്രീക്ക് ഒന്നും മനസ്സിലായില്ല. വാതിലിൽ ചാരിനിന്നുകൊണ്ട് രംഗം വീക്ഷിക്കുകയായിരുന്ന ശിപായിയുടെ മുഖത്തേക്ക് സ്ത്രീകൾ പാളിനോക്കി. ആളെ വേഗം ഒഴിവാക്കിവിട്ടോളാൻ ശിപായി അവരോട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
അയാൾ വീണ്ടും പറഞ്ഞു: ‘‘ബസ്സേക്കേറിയപ്പോ മുടിയേക്കുടുങ്ങിയതാ, കണ്ണട...’’
അവളുടെ കൂട്ടുകാരിക്ക് പെട്ടെന്ന് എന്തോ ഓർമ വന്നു: ‘‘ബസ്സിൽ വീണുകിടന്ന ഒരു കണ്ണട കണ്ടക്ടർ പൊക്കിക്കാണിച്ചിരുന്നല്ലോ! ആരോ ചവിട്ടിയെന്ന് തോന്നുന്നു, അതുടഞ്ഞു പോയി. അപ്പാപ്പന്റെയാണോ അത്?’’
ഇപ്പോൾ ആ സ്ത്രീക്കും അത് ഓർമയിൽ വന്നു: ‘‘ഓ! അതോ! കഷ്ടമായിപ്പോയി, കണ്ടക്ടർ അത് പുറത്തേക്ക് എറിഞ്ഞു കളഞ്ഞല്ലോ!’’
‘‘പോട്ടെ മോളേ, സാരമില്ല!’’ അയാളുടെ കണ്ഠമിടറി, ‘‘എന്റേത് കാണാതായേപ്പിന്നെ ത്രേസ്യേടെ കണ്ണടയെടുത്താ പൊറത്തോട്ടെറങ്ങുന്നേ, അതാ ഇത്രേം ദൂരം തെരഞ്ഞു വന്നേ...’’
കണ്ണിൽ നനവ് പടർന്ന് കാഴ്ച പിന്നെയും മങ്ങി, വടിയും കുത്തിപ്പിടിച്ച്, ഇടറിയിടറി ആ വൃദ്ധൻ നടന്നകന്നപ്പോൾ, അയാളുടെ കൈയിലുണ്ടായിരുന്ന കീറിയ തുണിസഞ്ചി വീണുപോയത് ആരും കണ്ടില്ല.
വരണ്ട ചിരിയോടെ പരസ്പരം നോക്കി, സ്ത്രീകൾ തിരിഞ്ഞ് ശിപായിക്കരികിൽനിന്ന് മാറി കാന്റീനിന്റെ ഭാഗത്തേക്ക് നടന്നു. നിലത്തു വീണുകിടക്കുകയായിരുന്ന അയാളുടെ മുഷിഞ്ഞു കീറിയ തുണിസഞ്ചി, അതുവഴി വന്ന ഒരാൾ അറപ്പോടെ കാലുകൊണ്ട് തോണ്ടിയെറിഞ്ഞു. എന്നിട്ട് സർക്കാറാപ്പീസുകളുടെ വൃത്തിയില്ലാത്ത അവസ്ഥയെ പ്രാകിക്കൊണ്ട്, അതിലേക്ക് കാറിത്തുപ്പി. സർക്കാർ കാന്റീനിൽ ചായ പറഞ്ഞ്, സ്ത്രീകൾ ആളൊഴിഞ്ഞ ഒരു മൂലയിൽ ചെന്നിരുന്നു.
അയാളുടെ തുണിസഞ്ചി, വഴിയരികിലെ കുറ്റിച്ചെടികളുടെ മുകളിലാണ് ചെന്ന് വീണത്. അതിൽനിന്ന് ഒരു കടലാസു പൊതിയും ഏതൊക്കെയോ രേഖകളും ഊർന്ന് നിലത്ത് മണ്ണിൽ വീണു. ചായ വിളമ്പുന്നതിനുള്ള കാത്തിരിപ്പിനിടയിൽ, പരസ്പരം നോക്കി കണ്ണിറുക്കിക്കൊണ്ട് സ്ത്രീകളിലൊരാൾ അടുത്തയാളോട് അടക്കംപറഞ്ഞു: ‘‘ഇല്ലേൽ കാണാരുന്നു, പ്യൂൺ പുഷ്പനാ തൊട്ടടുത്ത്! കണ്ണട മുടിയേക്കുടുക്കിയെന്നും പറഞ്ഞ്, ഇപ്പോ ഓഫീസ് മുഴുക്കെ നിനക്ക് നല്ലൊരു വട്ടപ്പേരിട്ടേനേ!’’
ഇപ്പോൾ ആ സ്ത്രീക്കും തെല്ല് ആശ്വാസമായി. തെന്നിമാറിയ മേൽമുണ്ടിനിടയിലൂടെ അയാളുടെ മേൽക്കുപ്പായമിടാത്ത ദേഹത്ത് തെളിഞ്ഞു കണ്ട വാരിയെല്ലുകളെ ഓർമിച്ച് അവൾ പറഞ്ഞു: ‘‘അതാ പിള്ളാർ കൂവിയോടിച്ച വട്ടനല്ലേ, അയാള് ബഹളം വല്ലോം വെച്ചാൽ ‘ലൈവു’കാരു വന്ന് സീനാക്കുവോന്ന് പേടിച്ചാ ഞാൻ...’’
‘‘അതല്ലേ നന്നായേ! ദോണ്ടിരിക്ക്ണ് ആ യൂട്യൂബറ്, കുട്ടിക്കാനൻ! നീ അങ്ങോട്ടു നോക്കല്ലേ, അവൻ വെറുതേ നമ്മളെ ശ്രദ്ധിക്കും!’’
കൂട്ടുകാരി വിലക്കിയെങ്കിലും, അടക്കാനാവാതെ അവൾ തല ചെരിച്ച് അങ്ങോട്ടുതന്നെ നോക്കി. ഭക്ഷണത്തിലാണ് കുട്ടിക്കാനന്റെ ശ്രദ്ധയെന്നു കണ്ട്, അവളിൽനിന്ന് ആശ്വാസത്തിന്റെ ഒരു നിശ്വാസമുതിർന്നു. വഴിയരികിൽനിന്ന് ആരോ മൂക്കു ചീറ്റി തുടച്ചെറിഞ്ഞത് തെറിച്ചെത്തിയപ്പോൾ, കാട്ടുചെടികൾക്കിടയിൽ നിലത്തുവീണ് കാഴ്ചയിൽനിന്നു മറഞ്ഞ കടലാസു പൊതിയിൽ കിടന്ന്, അയാളുടെ ത്രേസ്യക്ക് ആകെയുണ്ടായിരുന്ന കെട്ടുതാലി പണയംവെച്ചു കിട്ടിയ നോട്ടുകൾ വിങ്ങി. തിരിച്ച് സീറ്റിലെത്തിയ ഉടനെ അവൾ ബാഗിന്റെ സിപ്പ് തുറന്ന്, പ്രായാധിക്യംകൊണ്ട് അയാളെപ്പോലെ കാലുകൾ വളഞ്ഞുപോയിരുന്ന ആ കണ്ണടയെടുത്ത് ഒന്നു നോക്കി. ‘സ്വച്ഛ് ഭാരത് അഭിയാ’ന്റെ പരസ്യത്തിൽ കണ്ട് പരിചിതമായ പോലെയുള്ള ഒരു വട്ടക്കണ്ണട!
തന്റെ ആവശ്യം നടന്നാൽ വിവിധ ആപ്പീസുകളിൽ പാരിതോഷികം കൊടുക്കാൻ അയാൾ കരുതിവെച്ചിരുന്ന, മണ്ണിൽ വീണു കിടന്ന കടലാസു പൊതിയിലെ നോട്ടുകളിലും കാഴ്ചകിട്ടാതെ വിലങ്ങി, അതേ വട്ടക്കണ്ണട! പെട്ടെന്ന് പിന്നിൽനിന്ന് ശിപായി തന്നെ വിളിക്കുന്നത് കേട്ട് അവളൊന്നു ഞെട്ടി. കൈയിലിരുന്ന് വിറച്ച കണ്ണട അവൾ പെട്ടെന്ന് ബാഗിലേക്കിട്ടു. അപ്പോഴേക്കും പുഷ്പൻ തൊട്ടു മുന്നിലെത്തിയിരുന്നു:
‘‘ഓ! ആ കെളവന്റെയൊരു കാര്യം! അയാക്കിനി ഒരു കണ്ണടേം കൂടെ കിട്ടിയാലുണ്ടല്ലോ, ദാ ആ തലയ്ക്കുമ്പൊറത്തെ ഫോട്ടോ അച്ചട്ടാ!’’
അവൾ പെട്ടെന്ന് തലയുയർത്തി ഓഫീസറുടെ മേശക്കു പിന്നിലെ ചുമരിൽ പ്രൗഢിയോടെ തൂക്കിയിട്ടിരുന്ന മഹാത്മാവിന്റെ ഫോട്ടോയിലേക്ക് ഒന്നു നോക്കി. ശിപായി പറഞ്ഞത് ശരിവെച്ച മട്ടിൽ, കൂട്ടുകാരിയും അവളെ നോക്കി ഒന്ന് തലയിളക്കി. അയാളുടെ മെലിഞ്ഞു നീണ്ട കഷണ്ടിത്തല അവളുടെ മനസ്സിലും ഒന്നു മിന്നി. എന്തോ ആവശ്യത്തിന് ശിപായി പുറത്തിറങ്ങിയ ഉടനെ അവൾ ബാഗിനുള്ളിൽ കൈയിട്ട് ആ കണ്ണട തപ്പിയെടുത്ത്, ഒരു ചത്ത പാറ്റയെ കൈയിലെടുത്ത അറപ്പോടെ, അതിലേക്ക് ഒട്ടും നോട്ടം കൊടുക്കാതെ, പുറകുവശത്തെ ജനവാതിലിലൂടെ ധൃതിയിൽ പുറത്തേക്കെറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.