മരത്തലപ്പുകൾക്ക് മുകളിൽ മറ്റൊരു ലോകമുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അങ്ങനെയൊന്നില്ലെന്നും സുഖകരമായ ഒരു ഇരിപ്പിടമെന്നോണം അവിടെയിരുന്ന് കാഴ്ചകൾ കാണാമെന്നും പറഞ്ഞുതന്നത് എളേമ്മയാണ്. അല്ലെങ്കിലും അത്യാവശ്യം ഭാരമുള്ള മനുഷ്യർ അവിടെയെങ്ങനെ ഇരിക്കും എന്നോർത്ത് ഞാൻ വ്യാകുലപ്പെടാറുണ്ട്.
ഞങ്ങളുടെ പഴയ ഓടിട്ട വീട് ഇന്ന് വാർത്തുവെങ്കിലും പറമ്പിലൊരു മൂലക്ക് ചുരുണ്ടുകിടക്കുന്ന തറവാട്ടു വീടിനും ചുറ്റുമുള്ള പ്രകൃതിക്കും മുറ്റത്തിനക്കരെ അതിരിനോട് ചേർന്നുള്ള ഉയരമുള്ള മാവിനും തലപ്പിൽ ഇലകൾകൊണ്ട് നിർമിക്കപ്പെട്ടുവെന്നു തോന്നിയ ആ ഇരിപ്പിടത്തിനും മാറ്റമൊന്നുമില്ല. അവിടെനിന്ന് വടക്കോട്ട് നോക്കിയാൽ ആ കുന്ന് കാണാൻ പറ്റുമെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. ശരിയാണ്, ഇപ്പോഴാ കുന്ന് കാണാം. മെറൂൺ ഫ്രോക്കിട്ട എളേമ്മയും കുട്ടപ്പനും മരത്തിലേക്ക് വലിഞ്ഞുകയറി എന്റൊപ്പമെത്തി. ഞങ്ങളേവരും വടക്ക് കുന്നിൻപുറത്തോട്ട് നോക്കി.
വലിയൊരു കുന്നാണത്. കുന്നെന്ന് പറഞ്ഞാൽ പോരാ. മലയെന്ന് പറഞ്ഞാൽ പലരും അംഗീകരിക്കുകയുമില്ല. അതിന്റെ ഏറ്റവും ഉയരമുള്ളിടത്ത് വലിയൊരു പൂമരമുണ്ട്. ഒരു നെന്മേനിവാക. അത് പൂത്തു പൂത്തില്ല എന്നവസ്ഥയിലുള്ള ഏപ്രിൽ അവസാന വാരം വെയിലിനെ വകവെക്കാതെ കൃഷ്ണേട്ടൻ അങ്ങോട്ടേക്ക് നടക്കുന്നത് കണ്ടു. വെയിലും മഴയും ബാധിക്കാത്ത അപൂർവയിനം മനുഷ്യനാണല്ലോ കൃഷ്ണേട്ടൻ. കുന്നിനെ ചവിട്ടിമെതിച്ചുകൊണ്ട് വേഗത്തിൽ അയാൾ നീങ്ങുമ്പോൾ ഒരു ഒറ്റക്കൊമ്പൻ മലകയറുന്നപോലെ എനിക്കു തോന്നി.
കുന്നിന് താഴത്ത് ചെമ്മട്ടവയൽ കണ്ടു. ഒരുപാട് വർഷങ്ങളായി മഴ കുറവായതിനാലും പുഴയിൽനിന്ന് വെള്ളമെത്താത്തതിനാലും കൈപ്പാട് കൃഷിയുണ്ടായിരുന്ന പാടങ്ങളൊക്കെയും മണ്ണുകട്ടകളും പൊടിക്കാറ്റും പേറിയിരിപ്പാണ്. പനക്കാട് നാടിന്റെ അതിര് ഈ പനക്കാട്ട് കുന്നാണ്. താഴ്വാരത്തുള്ള ചെമ്മട്ടവയലിൽനിന്ന് അൽപം അകലെയായി കിളിവള്ളിയാർ പരന്നൊഴുകുന്നു. തുരുത്തുകളില്ലാത്ത പുഴയിൽ കിഴക്കു നിന്ന് പെരുവെള്ളം വരാറുണ്ടെങ്കിലും പുഴയുടെ തിട്ടയിൽ കുന്നുപോലെ ഉയർന്നുനിന്ന വെണ്മണൽക്കൂനകളും കൈതക്കാടുകളും കരകവിയുന്ന വെള്ളത്തിന് തടയണ കെട്ടി.
രാത്രിയിലും വെളുക്കനെയുള്ള കടവത്തെ മണൽ തിട്ടയിലിരുന്ന് നോക്കിയാൽ അക്കരെയുള്ള കുന്നുകൾക്കിടയിൽ വലിയ ശോഭയോടെ അമ്പിളിവട്ടം കാണാം. ഇക്കരെയെത്തുന്ന അരണ്ട നിലാവിന് ഒരു ഗൂഢസൗന്ദര്യമുണ്ട്. നാലോ അഞ്ചോ പെഗടിച്ച ശേഷം വീട്ടിലെ ഗോവണിപ്പടികളിൽ ശബ്ദമുണ്ടാക്കാതെ ഇറങ്ങി മാവുള്ള പറമ്പിലൂടെ ആടിയുലഞ്ഞ് ഞാൻ കടവത്ത് ചെല്ലും. നേരിയ നിലാവത്ത് എങ്ങുനിന്നോ ബോംബെ രവിയും ഒ.എൻ.വി കുറുപ്പും കൂട്ടുവരും. കടവത്ത് എന്നൊപ്പമിരുന്ന് അവർ പാടും.
നിലാവ് വീണ് തിളങ്ങുന്ന പുഴയിലെ ഓളങ്ങൾ നോക്കി ഞാൻ അങ്ങനെയിരിക്കും. ഒറ്റക്കുറ്റിയിൽ ആരോ കെട്ടിയിട്ട തോണി അങ്ങനെ പതുക്കെ ഇളകുന്നത് കാണാൻ നല്ല ഭംഗിയാണ്. ആ കാഴ്ച കണ്ട് നിലാവൊഴിയുന്നതു വരെ അവിടെ ഇരിക്കാറുണ്ട്. അതിരാവിലെ പുഴയിൽ കുളിക്കാൻ വരുന്നവർ മണലിൽ മലർന്നുകിടന്നുറങ്ങുന്ന എന്നെ കണ്ട് ഭയന്നിട്ടുമുണ്ട്. ചില രാത്രികളിൽ കുന്നിൻ ചെരിവിലെവിടെയോ നിന്ന് വരുന്ന വിലാപം കേട്ട് ഞാൻ തിരികെ വീട്ടിലേക്കോടിയിട്ടുണ്ട്. വീട്ടിൽ ചെന്ന് രണ്ട് പെഗ് കൂടി അടിച്ചാലേ ആ ദിവസങ്ങളിൽ എനിക്ക് ഉറക്കം വരികയുള്ളൂ. മയിലുകളുടെ ശബ്ദവും ഈ കരച്ചിലും ഒരുമിച്ചാണ് കേൾക്കുക. ഊരും പേരും നഷ്ടപ്പെട്ട കുന്നാളൻ കരയുന്നതാണെന്ന് അമ്മ പറയും.
അമ്മ പലപ്പോഴും ഒരു അമ്മൂമ്മയുടെ മട്ടാണ്. പഴങ്കഥകളും അതിലും പഴയ ഓർമകളുമാണ് അമ്മ. ഭക്ഷണം വിളമ്പിത്തരുമ്പോൾ കൊച്ചുകുട്ടികളെ കഥ പറഞ്ഞൂട്ടുന്നതുപോലെ അമ്മ നാട്ടുകഥകളുടെ ഉരുക്കഴിക്കും. അപ്പോൾ മാത്രമാണ് അമ്മ തുടർച്ചയായി സംസാരിച്ചു കാണാറുള്ളത്. പുഴക്കരെ പോകാറുണ്ടെങ്കിലും നാടിന്റെ മറ്റൊരതിരായ കുന്നിൻപുറത്തേക്ക് ഞാൻ പോകാറേയില്ല. പഴമക്കാർ പറഞ്ഞു പേടിപ്പിച്ച കഥകളും എന്റെ കുടുംബചരിത്രവുമായി അതിനുള്ള ബന്ധവുംതന്നെയാണ് കാരണം.
ലോകത്തിന്റെ അതിര് എന്നാണ് ഞങ്ങൾ ചെറുപ്പത്തിൽ പനക്കാട്ട് കുന്നിനെ വിളിച്ചിരുന്നത്. കാരണം, അതിനപ്പുറം നാടില്ല. ഉള്ളത്, ഇടതൂർന്നതല്ലാത്ത കാടുകൾ നിറഞ്ഞ ഒരു വരണ്ട പ്രദേശമാണ്, അത് ചെന്നെത്തുന്നത് കുടകുമലയുടെ താഴ്വാരത്തും. മലദൈവങ്ങളുടെ ആരൂഢമായ അവിടെ ആരും കണ്ടിട്ടില്ലാത്ത ദൈവക്കുടികളുണ്ട്. നാട്ടിൽ ഈയടുത്ത കാലത്ത് ധാരാളമായി കാണപ്പെടുന്ന മയിലുകൾ ആ രണ്ടാം ലോകത്ത് നിന്നാണത്രേ. മയിലുകളുടെ കൂവൽ ആ പ്രദേശത്തിന്റെ അകക്കാഴ്ചകൾക്ക് ആഴം കൂട്ടുന്നപോലെ എനിക്ക് തോന്നി. ഇത്രയും സുന്ദരമായ ജീവി എന്തിനാണ് ഈ വിധം ഭയപ്പെടുത്തുന്ന മട്ടിൽ കരയുന്നത്?
കൃഷ്ണേട്ടൻ എന്തിനാണ് അങ്ങോട്ടേക്ക് പോകുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഇനി അയാൾ വാകമരത്തിന്റെ അടുത്തു ചെന്ന് വെറുതേ മറുതാഴ്വാരത്തേക്ക് നോക്കാറാണോ പതിവ് എന്നറിയില്ല. കൃഷ്ണേട്ടനെ കുറിച്ചുള്ള കഥകൾക്ക് നാട്ടിൽ പഞ്ഞമില്ല, ഞാനും അങ്ങനെ പല കഥകളും മനസ്സിൽ സങ്കൽപിച്ചു. കൃഷ്ണേട്ടൻ എന്നെന്റെ ചങ്ങാതിമാർ വിളിക്കാറുള്ളതുകൊണ്ട് ഞാനും വിളിച്ചു. അങ്ങനെ വിളിക്കുന്നതുകൊണ്ട് അയാൾക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. കൃഷ്ണേട്ടാ എന്ന് ഞാൻ സ്നേഹത്തോടെ വിളിക്കുമ്പോൾ ചുണ്ടുകൾ വിറപ്പിച്ചുകൊണ്ട് അയാൾ പതുക്കെ ചിരിക്കും.
സിംഗപ്പൂരിലെ വലിയ ഒരു കമ്പനിയിൽ ഉയർന്ന ജോലിക്കാരനായിരുന്ന കൃഷ്ണേട്ടന് എങ്ങനെ പ്രാന്ത് വന്നു എന്ന് കൃത്യമായി ആർക്കും അറിയില്ല. പഠിച്ച് പഠിച്ച് വട്ടായി എന്നാണ് അപ്പു പറഞ്ഞത്. കടം കയറിയാണ് സമനില തെറ്റിയത് എന്ന് മറ്റ് ചിലർ. ഇതിനെക്കുറിച്ച് വലിയ ഒരു ചർച്ച തന്നെ എന്റെ പീടികയുടെ മുന്നിൽ നടക്കാറുണ്ട്. പീടികയിലെ സോഡയും കുടിച്ച് എന്നെയും കൃഷ്ണേട്ടനെയും ഒരുപോലെ പ്രാകുന്നവരുണ്ട്. ഞങ്ങൾക്ക് കുടുംബത്തോടെ വട്ടാണെന്ന് പറയും. അതിലൊന്നും എനിക്ക് പരിഭവമുമില്ല. കൃഷ്ണേട്ടനെ ചെറുപ്പം തൊട്ട് കാണാറുള്ളതുകൊണ്ട് അയാളിൽ എന്തോ അസ്വാഭാവികമായി ഉണ്ട് എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
കൃഷ്ണേട്ടൻ കൂടുതലും ആംഗ്യഭാഷയിലാണ് ആശയവിനിമയം നടത്താറുള്ളത്. പഞ്ചായത്ത് ലൈബ്രറിക്ക് പുറത്തിരുന്ന് ഇംഗ്ലീഷ് പത്രം വായിക്കുന്ന അയാളെ പലരും കാണാറുണ്ട്. അയാളുടെ പഴയ സുഹൃത്തുക്കളൊക്കെ ഈ ദുർഗതിയെ പരിതപിച്ച് കടന്നുപോകും. ഞാൻ മാത്രം അന്നേരം അരികിൽ പോയിരിക്കാറുണ്ട്. അന്നേരം, പതുക്കെ തല ചരിച്ച് എന്നെ നോക്കി തിളക്കമുള്ള കണ്ണുകളോടെ ഒന്ന് പുഞ്ചിരിക്കും. എന്നിട്ട് ഇംഗ്ലീഷിലുള്ള വാർത്താ തലക്കെട്ടുകൾ പതിഞ്ഞ സ്വരത്തിൽ എനിക്ക് കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ വായിക്കും. ആദ്യമായി അക്ഷരങ്ങൾ പഠിച്ച കുട്ടിയുടെ ആവേശത്തോടെ നിഷ്കളങ്കമായി ചിരിക്കും. കൃഷ്ണേട്ടനുമായുള്ള ഏറ്റവും നല്ല നിമിഷങ്ങൾ അവിടെയാണ്. വീട്ടിലെത്തിയാൽ അയാൾ മിക്ക സമയവും ഞങ്ങളുടെ തറവാട്ടിലെ ഉമ്മറക്കോലായിൽ വെറുതെ കിടക്കുന്നുണ്ടാവും.
രാത്രി മൂക്കുവോളം കള്ളും കുടിച്ചിരിക്കുന്ന എന്റെ മുറിയുടെ പുറത്തുവന്ന് ചിലപ്പോഴൊക്കെ കൃഷ്ണേട്ടൻ കതക് തട്ടാറുണ്ട്. ഒന്ന് പരുങ്ങിനിന്ന ശേഷം ഇങ്ങനെ കുടിക്കരുത് എന്ന് ആംഗ്യഭാഷയിൽ പറഞ്ഞ് തല ചൊറിഞ്ഞ് പടികൾ ഇറങ്ങിപ്പോകും. മരത്തിന്റെ ഗോവണിപ്പടികളിൽ അയാളുടെ കരുത്തുറ്റ കാൽപാദം ശബ്ദമുണ്ടാക്കി അകലുമ്പോൾ കുപ്പിയെടുത്ത് ജനാലയിൽ കൂടെ വലിച്ചെറിഞ്ഞാലോ എന്നെനിക്ക് തോന്നും. പിന്നെയെനിക്ക് തോന്നും കുപ്പി എറിഞ്ഞുകളഞ്ഞിട്ട് ഞാൻ എന്തുചെയ്യാൻ ആണെന്ന്. പകലോളം ഉറങ്ങാതെ വെറുതെയിരിക്കാൻ ഞാൻ കൃഷ്ണേട്ടൻ അല്ലല്ലോ.
കൃഷ്ണേട്ടൻ പലപ്പോഴും വീട്ടിൽ ഉണ്ടാകാറില്ല. ഒന്നോ രണ്ടോ ദിവസത്തെ നാട്ടുസഞ്ചാരം കഴിഞ്ഞ് വിശപ്പോടെ വീട്ടിൽ കയറി വരുന്ന കണ്ടൻ പൂച്ചയെപ്പോലെ അയാൾ ഓടിവരും. അമ്മ അയാൾക്ക് വയറുനിറയെ ഭക്ഷണം വിളമ്പിക്കൊടുക്കും. വിശപ്പടങ്ങിയ ശേഷം തറവാട്ട് കോലായിൽ ഉച്ചമയക്കത്തിന് കിടക്കും. ഉറങ്ങുമ്പോഴാണ് അയാൾ കൂടുതൽ സംസാരിക്കാറുള്ളത്. നാട്ടിലെ കൊച്ചുകൊച്ചു കള്ളന്മാർ നടത്തുന്ന ബൾബ് മോഷണവും തേങ്ങാമോഷണവും ഒക്കെ കൃഷ്ണേട്ടന്റെ തലയിൽ വീഴാറാണ് പതിവ്.
‘‘അത് പ്രാന്തൻ കൃഷ്ണൻ കൊണ്ടോയതായിരിക്കും...”
പലരും ഇങ്ങനെ അടക്കം പറയുന്നത് ഞാൻ കേൾക്കാറുണ്ട്. ചില അയൽക്കാരൊക്കെ മുറ്റത്ത് വന്ന് ബഹളമുണ്ടാക്കാറുമുണ്ട്. അപ്പോഴും, എതിർത്തൊന്നും പറയാതെ അയാൾ അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കും. കൃഷ്ണേട്ടന്റെ ഒരു പ്രധാന ഹോബി ഈ കുന്ന് കയറ്റം തന്നെയാണ്. ഇടവിട്ട ദിവസങ്ങളിൽ അയാൾ കുന്നുകയറും. കുന്നിന് താഴെ വരണ്ട് കിടക്കുന്ന ചെമ്മട്ടവയലിന്റെ മൂലക്കുള്ള എന്റെ പീടികയിലിരുന്ന് ഞാനാ കാഴ്ച നോക്കിനിൽക്കും. നാറാണത്ത് ഭ്രാന്തനെപ്പോലെ കുന്നിൻ മുകളിലുള്ള പാറക്കല്ലുകളൊക്കെ അയാൾ താഴേക്ക് ഉരുട്ടിവിടുമോ എന്ന് കൂട്ടുകാർ ഭയക്കാറുണ്ട്. ഭ്രാന്തന്മാരെ കുറിച്ചുള്ള മുൻവിധികൾക്ക് വിലക്കില്ലല്ലോ.
“എന്നാ ഇവന്റെ പീടിക ആയിരിക്കും ആദ്യം പൊളിയുക.”
“പിന്നെ ഇവന്റെ ഗ്യാസില്ലാത്ത സോഡ നമ്മളെങ്ങനെ കുടിക്കും...”
അപ്പുവൊഴികെയുള്ള ചങ്ങാതിമാരുടെ പൊട്ടിച്ചിരികൾ ഉയരും. ഞാൻ അവരുടെ തമാശ ആസ്വദിക്കുന്ന മട്ടിൽ കുന്നിൻ മണ്ടയിലോട്ട് നോക്കി പല്ലിളിച്ച് ചിരിക്കും.
സീമന്തിനി പോയശേഷം പനക്കാട് വരണ്ടു എന്ന് അമ്മ പറയാറുണ്ട്. വൈകുന്നേരത്തെ കാറ്റിൽപോലും ഇളംചൂട് പറ്റിനിന്നു. ഇലകളിലും പൂവുകളിലും മണ്ണ് പറ്റി നിന്നു. പനക്കാട് കുന്ന് മൊട്ടപ്പാറ പോലെയായി. ഉയരമുള്ള മരങ്ങളിലല്ലാതെ പനക്കാടിന്റെ മണ്ണിൽ പച്ച കനക്കാതായി. സീമന്തിനിയെ വാങ്ങിയ വെള്ളം കിളിവള്ളിപ്പുഴ തിരിച്ചൊഴുക്കിയില്ല എന്നൊക്കെ അമ്മ പറയും. അമ്മക്കാണ് ശരിക്കും പ്രാന്ത്. അമ്മ അധികമൊന്നും സംസാരിക്കാറില്ല. അച്ഛനുള്ളപ്പോഴും അമ്മ അങ്ങനെയായിരുന്നു. നിന്റമ്മയെ ആദ്യം കണ്ട നാൾ മുതലേ അവൾ ഇങ്ങനെയാണ് എന്ന് അച്ഛൻ പറയാറുണ്ട്. അച്ഛനുള്ള കാലംവരെ ഒരു വരൾച്ചയും എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. അതിനുശേഷം വരണ്ടുതുടങ്ങിയ തൊണ്ട തണുപ്പിക്കാൻ സുരപാനം തുടങ്ങി.
ഒറ്റക്കിരുന്നുള്ള കുടി അപകടകരമാണെന്ന് അപ്പു പറഞ്ഞിരുന്നു. അവന്റെ കൂടെ വല്ലപ്പോഴും ഓണത്തിനും വിഷുവിനും തറവാട്ടിലെ അടുക്കളയിൽ ഒളിച്ചിരുന്ന് ഒന്നോ രണ്ടോ ബിയർ കുടിക്കുംപോലെയല്ല എന്ന് പലവട്ടം പറഞ്ഞു. അവൻ പറഞ്ഞത് ശരിയാണ്, കഴിഞ്ഞ രണ്ട് മാസമായി നാട്ടിലെ ഏത് കുടിയന്മാരോടും ഒപ്പം നിൽക്കുന്ന മാതിരി ഞാൻ മത്സരിച്ച് കുടിക്കുകയാണ്.
പറമ്പിലെ ചായ്പിൽ കുമിഞ്ഞുകൂടുന്ന കുപ്പികൾ കണ്ടിരിക്കാമെങ്കിലും അമ്മ ഒന്നും പറഞ്ഞില്ല. അധികമാവില്ല എന്ന വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാവാം, അല്ലെങ്കിൽ ഒരു പ്രശ്നം വേണ്ട എന്ന് വിചാരിച്ചുമാവാം. എന്തിനാണ് കുടിക്കുന്നത് എന്ന് അപ്പു പലവട്ടം ചോദിച്ചിരുന്നു. കാര്യമായി ഒരു സങ്കടവുമില്ലെങ്കിലും സന്തോഷവുമില്ല എന്ന കാര്യം അവനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലല്ലോ.
രാത്രിയായാൽ തലക്കൊരു തരിപ്പും ബോംബെ രവിയുടെ പാട്ടുകളും ഇല്ലാതെ പറ്റില്ലെന്നായി. കരള് വാടുമെന്ന അവന്റെ പ്രെഡിക്ഷൻ ഫലിച്ചില്ലെങ്കിലും ഇരുട്ടിറങ്ങിയ ശേഷം കടവത്ത് പോയതാണ് പ്രശ്നമായത്. വെള്ളത്തിലിറങ്ങി നിലാവ് കോരിയെടുക്കാൻ തോന്നിയത് അതിലും പ്രശ്നമായി. ഏതോ കല്ലിൽ കാല് വഴുക്കി നിലാവും ഞാനും ഒഴുക്കിൽ താണു. കൃഷ്ണേട്ടന്റെ രോമാവൃതമായ കൈ പുഴപ്പരപ്പിലേക്ക് നീളുന്നതാണ് അവസാനം കണ്ടത്. മുങ്ങിപ്പൊങ്ങിയപ്പോൾ തറവാട്ട് പറമ്പിലെ മാവിൻചോട്ടിൽ വിലങ്ങനെ കിടക്കുകയായിരുന്നു എന്ന് എളേമ്മ പറഞ്ഞു.
എളേമ്മക്ക് വലിയ പ്രായമില്ല. ഏറിപ്പോയാൽ ഒരു എട്ട് വയസ്സ്. എളേമ്മയുടെ കാലുമ്മൽ ഉരസിക്കൊണ്ട് കുട്ടപ്പൻ നിൽപുണ്ടായിരുന്നു. എളേമ്മയെ കണ്ട് പരിചയമില്ലെങ്കിലും അവനെ നന്നായറിയാം. നന്നായറിയാം എന്നല്ല പറയേണ്ടത്, അവൻ എന്റെ സർവസ്വമായിരുന്നു. എവിടെനിന്നോ വഴിതെറ്റി വീട്ടിൽ വന്നപ്പോൾ അവന് ഒന്നരമാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ പാലും ചോറും കഴിച്ച് കുട്ടപ്പനായി അവൻ വളർന്നു. പൂച്ചകളെ വലിയ ഇഷ്ടമല്ലാതിരുന്നിട്ടും എനിക്ക് അവനോട് ഭയങ്കര അടുപ്പംതോന്നി. അച്ഛൻകൂടി പോയശേഷം ഒറ്റക്കായി എന്ന് കരുതിയ എനിക്ക് മിണ്ടാനും പറയാനും ഒരു കൂട്ടായി. എന്റെ റൂമിൽ എന്നെ മുട്ടിയുരുമ്മിയാണ് അവൻ കിടന്നിരുന്നത്.
രണ്ടു മാസം മുമ്പ് പറമ്പിലേക്ക് ഇരച്ചെത്തിയ നായ്ക്കളുടെ അടുത്തേക്ക് ജിജ്ഞാസുവായ അവൻ ഓടി. ഞാൻ ഓടിയെത്തുന്നതിനും മുമ്പേ കളിക്കൂട്ടുകാരെന്നു കരുതിയ കൂട്ടർ അവന്റെ കഴുത്തെല്ലിന് കടിച്ചിരുന്നു. പിന്നീട് അവനെ ഇപ്പോഴാണ് കാണുന്നത്. എന്നെ കണ്ടയുടനെ കുറച്ച് നേരം മുഖത്തേക്ക് ഉറ്റുനോക്കിയശേഷം കാലിന്റെ മുകളിൽ സ്നേഹത്തോടെ മലർന്നുവീണു. അവനെ വാരിപ്പുണർന്നാണ് ഞാൻ എഴുന്നേറ്റത്.
“മിഥൂട്ടാ മനസ്സിലായാ, ഞാൻ നിന്റെ എളേമ്മയാണ്.” മെറൂൺ ഫ്രോക്കണിഞ്ഞ് കണ്ണെഴുതി പൊട്ടുതൊട്ട സീമന്തിനി എളേമ്മ എന്നെ നോക്കി കൊഞ്ചി. അന്നേരം ചുറ്റിലും മഴ പൊടിയുമ്പോലെയും തണുത്ത കാറ്റ് വീശുമ്പോലെയും തോന്നി.
എളേമ്മയുടെ മുഖം ഓമനത്തം തുളുമ്പുന്നതാണെങ്കിലും എന്നോട് വളരെ വാത്സല്യമുണ്ടെന്ന് മനസ്സിലായി. തറവാട്ടിന്റെ മച്ചിൻപുറത്ത് സൂക്ഷിച്ചിരുന്ന കരിമണിമാലയും കണ്മഷിയും ചാന്തും അവർ അണിഞ്ഞിരുന്നു.
കരിമഷി പടർന്ന ഭംഗിയുള്ള ഉണ്ടക്കണ്ണുകൾ മിഴിച്ച് എന്നെ സ്നേഹത്തോടെ നോക്കി. അമ്മക്ക് എന്നെക്കാളും ഇഷ്ടം ഈ അനിയത്തിയോടാണ് എന്നോർത്ത് ഞാൻ അസൂയപ്പെടാറുണ്ടായിരുന്നു. ഏതാണ്ട് അമ്മ ചെറിയ കുട്ടിയായാൽ എങ്ങനെയിരിക്കും അതുപോലുണ്ട്. സെന്റർ ഹാളിൽ വെച്ച ആ ഫോട്ടോയിൽ ഉള്ളത് പോലെയേ അല്ല. അങ്ങനെയാണ് ഞാനും എളേമ്മയും പരിചയമായതും മരത്തലപ്പിലെ കാഴ്ചകളെക്കുറിച്ച് ചോദിക്കുന്നതും. മരത്തിന്റെ മുകളിലെത്താൻ എനിക്ക് വലിയ പ്രയാസം തോന്നിയിരുന്നില്ല. എളേമ്മ പറഞ്ഞുതന്ന പ്രകാരം കൈ ഒന്ന് ഉയർത്തി മരത്തലപ്പിന് നേരെ ചൂണ്ടിയപ്പോഴേക്കും മരംതൊട്ട് ഇലകളിലൂടെ പറന്ന് ഞാൻ മുകളിലെത്തിയിരുന്നു. അവിടെനിന്ന് നോക്കിയപ്പോൾ കൃഷ്ണേട്ടൻ കുന്ന് കയറുന്നത് ചെമ്മട്ടവയലിൽനിന്ന് കാണുന്നതിലും വ്യക്തമായി കാണാൻ പറ്റുന്നുണ്ടായിരുന്നു.
“ഈ ഏട്ടൻ എങ്ങോട്ടാ ഈ കയറിപ്പോകുന്നത്?” എളേമ്മ താടിക്ക് കൈയും കൊടുത്ത് നോക്കിനിന്നു.
കുന്നു കയറാൻ പോകുമ്പോൾ കൃഷ്ണേട്ടൻ അവ്യക്തമായി പറയാറുള്ളത് എനിക്കോർമ വന്നു.
“ഞാൻ എന്റെ അമ്മാമനെ കാണാൻ പോകുന്നു.”
കുന്നിൻമുകളിലേത് അമ്മാമൻ എന്ന് ഞാനോർക്കാറുണ്ട്. സാധാരണ ചിരിച്ച് കാണാത്ത കൃഷ്ണേട്ടന്റെ മുഖത്ത് ഒരു നിഗൂഢമായ ചിരി ഒളിപ്പിച്ചുവെക്കാറുണ്ട് അന്നേരം. ആ ചിരിയിൽ ഞാൻ മറ്റൊരു മുഖം കാണാറുണ്ട്. ഞാൻ കണ്ടിട്ടില്ലാത്ത, എന്നാൽ നാട്ടുകാർ പലരും പറഞ്ഞ് ഭയപ്പെടുത്താറുള്ള ഒരു മുഖം. അതിന്റെ പേര് കുന്നാളൻ എന്നാണ്.
കുന്നാളൻ എപ്പോഴും ഒരു മുഖംമൂടി അണിയാറുണ്ട്. നിറയെ വരകളുള്ള, വശങ്ങളിൽനിന്ന് മുകളിലേക്ക് കൂർത്ത കണ്ണുകളുള്ള ഒരു മുഖംമൂടി. രാത്രികാലങ്ങളിലും ഉച്ചനേരങ്ങളിലും കുന്നിൻ പുറത്തെവിടെയോ നിന്ന് ഒരു വിലാപം കേൾക്കാറുണ്ട്. രാത്രി മൂന്ന് മണിയോടടുക്കുമ്പോൾ അത് കുന്നിറങ്ങി വരും. തൊടിയിലോ പാടത്തോ റോഡിലോ ഒന്നും ഒരു മനുഷ്യൻപോലും ആ സമയത്ത് നിൽക്കാറില്ല. മഴയായാലും മഞ്ഞായാലും ആ വരവുണ്ടാകും.
നാട്ടിൽ കറന്റ് വന്നശേഷം കുന്നാളനെ ആരും നേരിൽ കണ്ടിട്ടില്ല. എങ്കിലും, കൃഷ്ണേട്ടനൊഴികെ മറ്റാരും കുന്ന് കയറിപ്പോകാൻ ഇപ്പോഴും ധൈര്യപ്പെടുന്നില്ല. ഏറെക്കാലമായി ഇല്ലാതിരുന്ന ആ ശബ്ദം വീണ്ടും കേട്ടുതുടങ്ങിയതായി നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. പേക്ഷ, ആ പുതിയ വിലാപത്തിന്റെ ഉത്തരവാദി കുന്നാളൻ അല്ല കൃഷ്ണേട്ടനാണ് എന്നെനിക്ക് തോന്നി. കാരണം, ഈ ശബ്ദം കേൾക്കുന്ന ദിവസമൊക്കെയും കുന്നുംഭാഗത്തേക്ക് അയാൾ നടന്നുപോകുന്നത് എന്റെ പീടികക്ക് മുന്നിലൂടെയാണ്. കാര്യമായി ഒന്നും സംസാരിക്കാറില്ലെങ്കിലും ഞാൻ കൊടുക്കുന്ന സോഡ കുടിച്ച ശേഷമാണ് അയാൾ കുന്ന് കയറാറുള്ളത്.
കൃഷ്ണേട്ടൻ എഴുതി പൂർത്തിയാക്കാതിരുന്ന ഒരു നോവലിലെ കഥാപാത്രം മാത്രമാണ് കുന്നാളൻ, അങ്ങനെയൊരാളില്ല എന്നെന്നോട് പറഞ്ഞത് അപ്പുവാണ്. ഈ കഥകളൊക്കെ അപ്പുവിന് എവിടെനിന്ന് കിട്ടുന്നുവെന്നെനിക്കറിയില്ല. ശരിക്കും അങ്ങനൊരാളില്ലെങ്കിൽ നാട്ടുകാരിൽ പലരും കണ്ടുവെന്ന് പറയുന്നതോ, നാട്ടുകാർക്ക് മൊത്തം മാസ് ഹിസ്റ്റീരിയ ബാധിച്ചതാണോ എന്ന എന്റെ ചോദ്യത്തിന് അവന് അൽപനേരം ഉത്തരമുണ്ടായിരുന്നില്ല.
‘‘ആയിരിക്കും. കറന്റ് വന്ന ശേഷം കുന്നാളനെ കണ്ടതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ല.’’
‘‘എന്നാലും കുന്നിൻമുകളിൽ ജീവിക്കുന്ന സ്വത്വം എങ്ങനെ കൃഷ്ണേട്ടന്റെ അമ്മാമൻ ആയി?’’
എന്റെ ചോദ്യത്തിന് ഉത്തരം തന്നത് പഞ്ചായത്ത് ലൈബ്രറിക്ക് മുന്നിലിരുന്ന് പത്രം വായിച്ചിരുന്ന കൃഷ്ണേട്ടൻ തന്നെയാണ്. പകുതി മാത്രം മനസ്സിലാകുന്ന വർത്തമാനത്തിൽനിന്ന് എനിക്ക് മനസ്സിലായത് ഈ ചോദ്യം മാത്രമാണ്.
‘‘നമ്മളെ കാവിലെ തെയ്യത്തിന്റെ പേരെന്താ?’’
തറവാട് വക കാവിലെ തെയ്യത്തിന് പേര് പറയാറില്ലായിരുന്നു.
അടുത്ത തവണത്തെ കളിയാട്ടത്തിന് ഒരു ഗവേഷകന്റെ ബുദ്ധിയോടെ ഞാൻ കാവിലെത്തി. വൈദ്യുതി വെളിച്ചങ്ങൾ ഒന്നുമില്ലാത്ത കാവിൽ വളരെക്കുറച്ച് ആളുകൾ മാത്രമേ ആ സമയം ഉണ്ടായിരുന്നുള്ളൂ. വലിയ വീക്കുചെണ്ട മുഴക്കിക്കൊണ്ട് പെരുവണ്ണാൻ തോറ്റം പാടുന്നുണ്ടായിരുന്നു. കൽവിളക്കിൽനിന്നുള്ള തീനാളങ്ങൾ ആകാശത്തോളം ഉയരുമ്പോലെ എനിക്ക് തോന്നി. അണിയറത്തോറ്റം ഞാൻ ശ്രദ്ധിച്ചുകേട്ടു. തോറ്റത്തിൽ ദൈവത്തിന്റെ പേര് പറയുന്ന ഭാഗമെത്തിയപ്പോൾ പെരുവണ്ണാൻ ശബ്ദം കേൾപ്പിക്കാതെ ചുണ്ടനക്കുന്നതു കണ്ടു. ‘കുന്നാളൻ’ എന്ന പേര് അതിൽനിന്ന് ഞാൻ വായിച്ചെടുത്തു.
തിരശ്ശീല മാറ്റിക്കൊണ്ട് ഒരു ആക്രോശത്തോടെ കുന്നാളൻ പുറെപ്പട്ടു. അതിന് മറുവിളിയെന്നോളം പതിഞ്ഞ ശബ്ദത്തിലുള്ള ഒരു വിലാപം കുന്നിറങ്ങിവന്നു. വലിയ കണ്ണുകളുള്ള മുഖപ്പാളയും ഓലച്ചമയങ്ങളുമായി ചൂട്ടുവെളിച്ചത്തിന്റെ പ്രഭയിൽ കുന്നാളൻ ചുവടുകൾ വെച്ചു. നടുരാത്രിക്ക് പുറപ്പെടുന്ന തെയ്യമായതിനാൽ ഇങ്ങനെയൊരു മൂർത്തിയെ കെട്ടിയാടാറുണ്ടെന്ന് നാട്ടുകാരിൽ പലർക്കും അറിയില്ലായിരുന്നു. ചെണ്ടക്കാരുടെ പുറകിൽ ഭയപ്പാടോടെ പതുങ്ങിനിന്ന എന്നെ കുന്നാളൻ ചാടിപ്പിടിച്ചു. എന്റെ ഇരുതോളത്തും കൈകൾ വെച്ചുകൊണ്ട് ആ ദൈവം തലചേർത്ത് അനുഗ്രഹിച്ചു. ഭയംകൊണ്ട് എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. മുറുകുന്ന ചെണ്ടയോടൊപ്പം ഞാൻ കുന്നാളന്റെ മെയ്യിലേക്ക് ബോധമറ്റ് വീണു.
തോറ്റത്തിൽനിന്ന് മനസ്സിലായതനുസരിച്ച് ഞങ്ങളുടെ ഒരു കാരണവർതന്നെയായിരുന്നു കുന്നാളൻ. ചന്തുവും കുങ്കിയും മലദൈവത്തിന് വരമിരുന്നുണ്ടായ പൊന്മകന് കണ്ണൻ എന്ന പേര് വിളിച്ചു. കൈയും മെയ്യും തെളിഞ്ഞശേഷം അവൻ എഴുത്തും പൊയ്ത്തും പഠിച്ചു. പട നയിച്ച് നാടും കാടും തന്റെ വരുതിയിലാക്കി. അങ്ങനെ ചെമ്മട്ടവയലിനോരത്ത് ഒരു കോട്ടകെട്ടി കഴിയുന്ന കാലം കുന്നിൻമുകളിലെ ആ വലിയ വാകമരം പൂക്കാനൊരുങ്ങി നിൽക്കുന്ന കാഴ്ച കണ്ടു.
പനക്കാട്ട് കുന്നിൻ മുകളിൽ നെന്മേനി വാക പൂത്ത് നിൽക്കുന്നത് കാണണമെന്ന് അവന് തോന്നി. അങ്ങനെ ഒരു വൈകുന്നേരം കുന്ന് കയറിയ കണ്ണൻ പിന്നെ തിരിച്ചുവന്നില്ല. കുന്നിൻ മുകളിൽ വാക പൂക്കുന്നത് നേരിട്ട് കാണരുത് എന്ന മലദൈവത്തിന്റെ അലിഖിത നിയമം ലംഘിച്ചാണ് കണ്ണൻ പോയത്. ദൈവക്കരുവായ കണ്ണന് ആ കുന്ന് ആളാനുള്ള അധികാരവും ദൈവം കൊടുത്തു. അങ്ങനെ കണ്ണൻ കുന്നാളൻ ആയി. രണ്ടാം ലോകമാളാൻ പോയ കണ്ണനെ മലദൈവം ആണ്ടുവെന്നും മറ്റൊരു തോറ്റത്തിൽ പറയുന്നു. അങ്ങനെ കുന്നാളനോടൊപ്പം മലദൈവവും ഞങ്ങളുടെ കാവിൽ സാന്നിധ്യംകൊണ്ടു.
“ഈ കുന്നാളനെ കാണാനാണോ കൃഷ്ണേട്ടൻ പോകുന്നത്. കൃഷ്ണേട്ടന്റെ മുന്നിൽ അയാൾ നേരിട്ട് വരാറുണ്ടോ?” ഞാൻ എളേമ്മയോട് സംശയം ചോദിച്ചു. അങ്ങനെ ഒരുകാര്യം തനിക്ക് അറിയുകപോലുമില്ലെന്ന മട്ടിൽ എളേമ്മ വടക്കോട്ട് നോക്കിയിരുന്നു.
കൃഷ്ണേട്ടൻ പൂമരത്തിനടുത്തെത്താറായി. കുന്നിൻ മുകളിൽ മറ്റൊരു സൂര്യൻ ഉദിച്ചതുപോലെ വാകപ്പൂക്കൾ പൂത്ത് ചുവന്ന് നിന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. തറവാട്ട് കാവിൽനിന്നും സന്ധ്യവേലക്ക് ചെണ്ട മുട്ടുന്ന ശബ്ദം കേട്ടു. കാവിലെ കൽവിളക്കിന് ചുറ്റും തിരി തെളിയിച്ചതായി കണ്ടു. കാവിന് മുന്നിലെ പടുകൂറ്റൻ ആൽമരം ശാഖകളുലച്ച് ഞങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. തണുത്ത ഒരു അന്തിക്കാറ്റ് ആലിലകളിൽ ഉരുണ്ടുകളിച്ച് ഞങ്ങളുടെ അരികിലുമെത്തി. മരത്തലപ്പിലുള്ള ഒരു ചെറിയ കൊമ്പിന്മേൽ ഊയലാടിക്കൊണ്ട് സീമന്തിനി എളേമ്മ പറഞ്ഞുതുടങ്ങി. കുട്ടപ്പൻ കാത് കൂർപ്പിച്ചിരുന്നു.
“ഞാൻ കിളിവള്ളിപ്പുഴയിൽ ആഴ്ന്നുപോയ ശേഷമാണ് ഏട്ടന് ഭ്രാന്ത് പിടിച്ചത്. അന്നൊരു ദിവസം എനിക്കുള്ള സമ്മാനമായി ഒരു മെറൂൺ ഫ്രോക്കും വാങ്ങി തറവാട്ടിലേക്ക് കയറിവന്ന ഏട്ടൻ, അവിടെങ്ങും എന്നെ തിരഞ്ഞു. അന്ന് നിങ്ങളുടെ ഈ വീടില്ല. ഇവിടം നെല്ലിടുന്ന കളം ആയിരുന്നു. ഇവിടെയും കാവിലും ആൽത്തറക്ക് ചുറ്റുമൊക്കെ ഏട്ടൻ എന്നെ തിരഞ്ഞുനടന്നു. കൂട്ടുകാരോടൊത്ത് ഞാൻ കളിക്കാറുള്ള മാവുള്ള പറമ്പിൽ ഏട്ടൻ എത്തിയപ്പോഴേക്കും ഞാൻ പുഴ കാണാൻ പോയിരുന്നു.
കണ്ണാടിപോലെ തെളിഞ്ഞ വെള്ളമുള്ള കിളിവള്ളിയാറിൽ ഒന്ന് കാല് നനക്കാമെന്ന് കരുതി. ഉയർന്നുനിന്ന പാറക്കഷണത്തിൽ കാലെടുത്ത് വെച്ചപ്പോഴേക്കും ഞാൻ വഴുതിപ്പോയിരുന്നു. കിളിവള്ളിയമ്മ എന്നെ കണ്ട് കൊതിച്ചു. എന്നെ കവർന്ന് അവർ ആഴങ്ങളിലേക്ക് വലിഞ്ഞു. ഏട്ടൻ ഓടിയെത്തിയപ്പോഴേക്കും ഞാൻ രണ്ട് പ്രാവശ്യം മുങ്ങിപ്പൊങ്ങിയിരുന്നു. വെള്ളത്തിലേക്ക് എടുത്തു ചാടിയ ഏട്ടൻ അരികിലെത്തുമ്പോൾ ഞാൻ മൂന്നാമതും മുങ്ങിയിരുന്നു. വിളറി വിറച്ചുകൊണ്ട് ഒരു കൈ അരികിലേക്കു വരുന്നത് വെള്ളത്തിനകത്തു വെച്ച് ഞാൻ കണ്ടുവെങ്കിലും നടുവിരലിനെ ഒന്ന് തൊട്ടുതലോടി ഞാൻ ആഴം തൊട്ടു.”
എളേമ്മ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞുനിർത്തിയപ്പോൾ എന്റെ നെഞ്ചിടിപ്പ് സന്ധ്യവേലയെക്കാളും ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. വല്ലാത്തൊരു ഭയത്തോടെ വടക്കോട്ട് നോക്കിയപ്പോൾ കൃഷ്ണേട്ടൻ പൂവാകക്ക് അടുത്തെത്താറായി. വാകമരച്ചുവട്ടിലെത്തിയപ്പോൾ കൃഷ്ണേട്ടൻ തിരിഞ്ഞുനോക്കി. നിറയെ വരകളുള്ള വശങ്ങളിൽനിന്ന് മുകളിലേക്ക് കൂർത്ത കണ്ണുകളുള്ള ഒരു മുഖം ഞങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഇത്ര ദൂരത്തിരുന്നിട്ടും എനിക്കത് വ്യക്തമായി കാണാമായിരുന്നു. കുന്നിൻചരിവിൽനിന്ന് കേൾക്കാറുള്ള ആ വിലാപം ഉറക്കെ മുഴങ്ങിക്കേട്ടു.
നിമിഷങ്ങൾ പിന്നിടുമ്പോഴേക്കും മുഖംമൂടി ധരിച്ച ആ മുഖം വലുതായി വലുതായി വന്നു. അത് പൊടുന്നനെ ആകാശത്തെയും താഴ്വാരത്തെയും വിഴുങ്ങി എന്റെ അരികിലേക്കു വന്നു. അത് എന്റെ തൊട്ടടുത്തെത്തിയപ്പോൾ ഞാൻ ഞെട്ടി മരത്തലപ്പ് വിട്ട് താഴേക്കു പതിച്ചു. നേരെ പുഴയിലേക്കാണ് വീണത്, അതെന്റെ മാവിൻ ചുവടായിരുന്നില്ല. കിളിവള്ളിപ്പുഴയുടെ ആഴങ്ങളെ തൊട്ട് വീണ്ടും ഉയർന്നുപൊങ്ങാൻ ജീവൻ ശ്രമിച്ചപ്പോൾ രോമാവൃതമായ കൈയും നീട്ടി മാസ്ക് ധരിച്ച ആ രൂപത്തെ വീണ്ടും കണ്ടു. അതീവ ശക്തിയുള്ള ഒരു രാക്ഷസനെപ്പോലെ അയാൾ എന്നെ വലിച്ച് കരയിലിട്ടു. വെണ്മണലിൽ ഞാൻ കുഴിഞ്ഞ് കിടന്നു. അയാൾ എന്റെ നെഞ്ചത്ത് രണ്ടു തവണ അമർത്തി കിളിവള്ളിപ്പുഴ തന്ന വെള്ളം പുറത്തെത്തിച്ചു. പാതിബോധത്തിൽ ഞാൻ അയാളുടെ മുഖം വീണ്ടും കണ്ടു.
“ഇനി കള്ള് കുടിക്കരുത്, നായിന്റമോനെ...” പതിവിന് വിപരീതമായി അയാളുടെ ശബ്ദം ഉറക്കെക്കേട്ടു.
മാസ്ക് ധരിച്ച ആ രൂപം ഇരുട്ടിലേക്ക് നടന്നുമറഞ്ഞപ്പോൾ ദൂരെ മയിലുകളുടെ ശബ്ദം കേട്ടു, എനിക്കത് സംഗീതമായിത്തോന്നി. അന്നേരം, ചിറക് വിരിച്ച് പറന്ന്, മുങ്ങിത്താഴുന്നവരെയൊക്കെ രക്ഷിക്കുന്ന ഒരു മാലാഖയായി ഞാൻ അയാളെ സങ്കൽപിച്ചു. തൊടിയിലും മരത്തലപ്പിലും കുന്നിലും അയാൾ പറന്ന് കളിച്ചു. കുന്നിൻ മുകളിൽ അപ്പോഴും വാക പൂത്ത് കിടപ്പുണ്ടായിരുന്നു, അത് ഇരുട്ടിലും തിളങ്ങിനിന്നു. മുഖംമൂടിയണിഞ്ഞ ഒരു പക്ഷിയെപ്പോലെ അയാൾ അതിനടുത്തേക്ക് പാറിയടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.