കടമ്മനിട്ട

കോന്നിക്കു പോകാൻ വണ്ടി നോക്കിനിന്നിട്ട് കിട്ടിയില്ല. പതിനൊന്നരക്കുള്ള ‘ജവാൻ’ ഇന്നില്ലെന്നു തോന്നുന്നു. പന്ത്രണ്ടേകാലിന് ‘കർഷകൻ’ വരാതിരിക്കില്ല. ജവാനു വല്ല കാഷ്വാലിറ്റിയും പറ്റിയോ എന്തോ? കർഷകൻ പണ്ടേയുള്ള ബസാണ്. ഞാൻ കോളജിൽ പോയിവന്നത് കർഷകനിലായിരുന്നു. കർഷകനിൽ അക്കാലത്ത് കൺസഷൻ കിട്ടുന്നതിൽ തർക്കമില്ലായിരുന്നു. ജവാൻകാരാണേൽ ഇച്ചിരെ മസ്സിലു പിടിച്ചിട്ടേ പിള്ളാരെ കയറ്റുമായിരുന്നുള്ളൂ.ബസിൽ കേറാനൊന്നും ആളില്ല. എല്ലാവർക്കും ഒന്നുകിൽ ആൾട്ടോ അല്ലേൽ ബൈക്ക്. ദാ, കൊറച്ചുമുമ്പ് കൊല്ലപ്പണിക്കാരൻ ഗോപാലൻ മേശിരി ബൈക്കിനു പിന്നിലിരുന്ന് ഉറങ്ങിപ്പോകുന്നത് കണ്ടായിരുന്നു....

കോന്നിക്കു പോകാൻ വണ്ടി നോക്കിനിന്നിട്ട് കിട്ടിയില്ല. പതിനൊന്നരക്കുള്ള ‘ജവാൻ’ ഇന്നില്ലെന്നു തോന്നുന്നു. പന്ത്രണ്ടേകാലിന് ‘കർഷകൻ’ വരാതിരിക്കില്ല. ജവാനു വല്ല കാഷ്വാലിറ്റിയും പറ്റിയോ എന്തോ? കർഷകൻ പണ്ടേയുള്ള ബസാണ്. ഞാൻ കോളജിൽ പോയിവന്നത് കർഷകനിലായിരുന്നു. കർഷകനിൽ അക്കാലത്ത് കൺസഷൻ കിട്ടുന്നതിൽ തർക്കമില്ലായിരുന്നു. ജവാൻകാരാണേൽ ഇച്ചിരെ മസ്സിലു പിടിച്ചിട്ടേ പിള്ളാരെ കയറ്റുമായിരുന്നുള്ളൂ.

ബസിൽ കേറാനൊന്നും ആളില്ല. എല്ലാവർക്കും ഒന്നുകിൽ ആൾട്ടോ അല്ലേൽ ബൈക്ക്. ദാ, കൊറച്ചുമുമ്പ് കൊല്ലപ്പണിക്കാരൻ ഗോപാലൻ മേശിരി ബൈക്കിനു പിന്നിലിരുന്ന് ഉറങ്ങിപ്പോകുന്നത് കണ്ടായിരുന്നു. ഓടിച്ചിരുന്നത് മോനോ മോളോ? എന്റെ ചെറുപ്പത്തിൽ തോന്ന്യാമലേന്ന് ഇങ്ങോട്ടു സ്​ഥലം മാറിവന്ന മൃഗ ഡോക്ടർക്കേ ഒരു ബൈക്ക് ഉണ്ടായിരുന്നുള്ളൂ. ആഴ്ചയിൽ രണ്ടുദിവസം വന്നുപോകും. വീട്ടുമൃഗങ്ങൾ കുറഞ്ഞതുകൊണ്ട് മൃഗാശുപത്രി പൂട്ടി.

കാട്ടുമൃഗങ്ങൾ കൂടിയിട്ടുണ്ടല്ലോ. ഇപ്പം ദാ, എെന്റ മൂത്തപെങ്ങൾ കുഞ്ഞുമോളെ കെട്ടിച്ച വടശ്ശേരിക്കരയിൽ പുലിയും കുഞ്ഞും മേഞ്ഞുനടക്കുന്നു. പരുമല പള്ളിക്ക് പോകാനാണെന്നു തോന്നുന്നു ഒരമ്മയും മകളും വന്ന് ബസ്​സ്റ്റോപ്പിൽ നിൽക്കുന്നു. കണ്ടാലറിയാം പരുമലയിലോട്ടാന്ന്; നേർച്ച കാണും. അവധി തീരുംമുമ്പ് ഞാനും പോകുന്നുണ്ട്. ദീനാമ്മ ഡെലിവറിക്കാശുപത്രിയിൽ കിടന്നപ്പോൾ ഞാൻ ദോഹയിലിരുന്നോണ്ട് പരുമലയിൽ നേർന്നതിന് നേർച്ചയിടാൻ പറ്റിയിട്ടില്ല. ആ കൊച്ചിപ്പം എട്ടാം ക്ലാസിലായി.

കടമ്മനിട്ടക്കാർ എന്നെ അപരിചിതനായിട്ടാണ് കാണുന്നതെന്നു തോന്നുന്നു. എനിക്കാണേൽ ഏറക്കുറെ എല്ലാരെയും അറിയാം. കിഴക്കേലെ പാപ്പച്ചായനല്ലിയോ ദാ, തെക്കോട്ട് കൈക്കോടാലിയുമായി  പോകുന്നു. ആ കടത്തിണ്ണയിലിരുന്ന് വീരവാദം പറയുന്നത് അങ്ങേലെ മൂപ്പീന്നല്ലിയോ? ചത്തില്ലിയോ? ഞാൻ ദോഹേൽ പോയെന്നു കരുതി എല്ലാവരും ഓർമയിൽനിന്നു പോകണമെന്നില്ലല്ലോ.

ബസ് പിന്നേം താമസിക്കുന്നു. പക്ഷേ, കർഷകൻ ചതിക്കില്ല... നല്ല വെയിൽ. പറമ്പും ഇടവഴിയുമൊക്കെ വെയിലേറ്റ് മയങ്ങിക്കിടക്കുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാട്ടുംപാടി ജയിച്ചുവന്ന പഞ്ചായത്തുമെമ്പർ ബൈക്കിൽ രണ്ടുതവണ കറങ്ങി തിരിച്ചുപോയി. പരുമലക്കു കാത്തുനിൽക്കുന്നവരോടയാൾ ചിരിച്ചു. ദന്നെ കണ്ടിട്ട് അറിഞ്ഞ മട്ടില്ല. അറിഞ്ഞു കാണത്തില്ല.

പാർട്ടി പിരിവിന് നോട്ടീസും കൊടിയുമായി വന്ന ഏഴെട്ടെണ്ണം വീടുവീടാന്തരം പൂർത്തിയാക്കിയിട്ട് ദാ, കടകടാന്തരം കയറി ഇറങ്ങുന്നു. മെമ്പറെപ്പോലെ പിരിവുകാരും എന്നെ തിരിച്ചറിയാതിരുന്നാൽ മതിയായിരുന്നു. തിരിച്ചറിയിക്കാതിരുന്നാൽ പരുമലയിൽ പോകുമ്പോൾ ഒരു കവർ മെഴുകുതിരി അഡീഷനലായി കത്തിച്ചേക്കാമേ. അതിനിടക്ക് പത്തുപതിനെട്ടു മൂട് റബർ തൈകളുമായി രണ്ടുപേർ അതിവേഗം ഓടിക്കിതച്ചുവന്നു. കർഷകനിലായിരിക്കും പ്രതീക്ഷ. റബർ തൈ ഇറക്കിവച്ച് ഏറ്റവും മുന്നിൽ കിതച്ചുവന്ന തലേക്കെട്ടുകാരൻ എന്നോടു തിരക്കി.

- കർഷകൻ, വെച്ചൂച്ചിറ ടച്ച് ചെയ്യുമോ സാറേ? ഇല്ലെന്നു പറഞ്ഞു. അതെങ്ങനാ? അത് ജവാന്റെ റൂട്ടല്ലിയോ? വെച്ചൂച്ചിറ, തണ്ണിത്തോട്, തേക്കുതോട്, കടമാൻകുളം വഴി പ്ലാച്ചേരിയിലേക്ക് ജവാൻ ഓട്ടം തുടങ്ങിയിട്ട് കൊല്ലം എത്ര കഴിഞ്ഞു? എെന്റ ചെറുപ്പംതൊട്ടേ കാണുന്നതാ. എവന്മാർ വരത്തനാരിക്കും. റബർ തൈ മേടിക്കാൻ വേണ്ടി കടമ്മനിട്ടക്ക് വരാത്തവരാരിക്കും. കർഷകൻ പരുമല ടച്ച് ചെയ്യുമോയെന്ന് ആ അമ്മയും മകളും ചോദിച്ചേക്കുമോ എന്ന് ഞാൻ വിചാരപ്പെട്ടു. കർഷകൻ പരുമല പള്ളി വഴിയാകണമെന്നില്ല. പണ്ട് അങ്ങനായിരുന്നു. പള്ളി വളർന്നപ്പം വഴി പിളർന്നു.

ഇല്ല; ആ അമ്മയും മകൾക്കും റൂട്ട് നല്ല നിശ്ചയമുണ്ട്. നല്ല ബോധ്യമുണ്ട്. മകൾ മൊബൈലിൽ കുത്തിക്കളിക്കുന്നു. അമ്മ അതു കണ്ടില്ലെന്നുവയ്ക്കുന്നു. മക്കളുടെ ആഹ്ലാദമല്ലേ അമ്മനപ്പന്മാരുടെ സായൂജ്യം. അപ്പനമ്മമാരുടെ എന്നു പറയുന്നതിനെക്കാൾ അമ്മനപ്പന്മാരുടെ എന്നാക്കണമെന്നു തോന്നിയിട്ടുണ്ട്. അമ്മയല്ലേ ഏതു കുഞ്ഞിനെയും ആദ്യം കാണുന്നത്. പിന്നല്ലേ അപ്പൻ. അപ്പാ, മാപ്പ.

ആ പാട്ടപ്പിരിവുമായി കടകയറി ഇറങ്ങുന്നവർ അമ്മക്കും മകൾക്കുമടുത്തുവന്നു നിന്നിട്ട് എന്തോ ആലോചിച്ചു. പിരിവുതരാൻ പാങ്ങുള്ളവരാണോ എന്നു നിരീക്ഷിച്ചതാവാം. എങ്ങനെ നിരീക്ഷിക്കും? ആ പെങ്കൊച്ചിന്റെ മുഖം ശരിക്കും കണ്ടിട്ടു വേണ്ടേ? ഫോണിൽ പതിഞ്ഞ മുഖം ആർക്ക് പറിച്ചെടുക്കാൻ പറ്റും? പിരിവുകാർ പിന്തിരിഞ്ഞു. ഫോണെടുത്ത് ഓണാക്കി മുഖം കുനിച്ചാലോ? വേണ്ടിവന്നില്ല. ദേ, അവർ റബർതൈക്കാരെ കടുംവെട്ട് വെട്ടുന്നു.

അതിനിടക്ക് ഒരു പരസ്യവാഹനം വന്ന് വേഗത കുറച്ചിട്ട് പാട്ട് ഉച്ചത്തിലാക്കി: ‘‘നദികളിൽ സുന്ദരി യമുന...’’ നല്ല പാട്ട്, പക്ഷേ നിന്നു. പാട്ട് വലിച്ചിട്ട് യമുന ടെക്സ്റ്റൈൽസിന്റെ പരസ്യം കേൾപ്പിച്ചു: ആനന്ദപ്പള്ളിയിൽ ഇനി ആനന്ദം; യമുന ടെക്സ്റ്റൈൽസ്​. എന്റെ കൂടെ പ്രീഡിഗ്രിക്കു ചേർന്ന ഒരു റാന്നിക്കാരിയുടെ പേര് യമുന എന്നായിരുന്നു. നഴ്സിങ്ങിന് ജബൽപൂരിൽ പോയെന്നു കേട്ടു. പിന്നെ എങ്ങോട്ട് ഒഴുകിപ്പോയോ എന്തോ? ക്ലാസിലെ സുന്ദരിയായിരുന്നു. ആനന്ദപ്പള്ളിയിൽ ആനന്ദത്തിന് യമുന കഴിഞ്ഞാൽ വേറെയും വഴിയുണ്ടെന്ന് പരസ്യം. അത് മരമടിമഹോത്സവം. വീറുറ്റ കാളകളെ വരുതിയിലാക്കി ചേറിലൂടെ ഓടിച്ച് ഒന്നാമതെത്തണം. ആനന്ദപ്പള്ളിയിൽനിന്ന് അര കിലോമീറ്ററേ ഉള്ളൂ എന്റെ അമ്മാച്ചന്റെ വീട്ടിലേക്ക്. അടുത്തെങ്ങും പോയിട്ടില്ല. ഇനി പോകുകയുമില്ല. കുടുംബവഴക്കാ കാര്യം.

പഞ്ചായത്തുമെമ്പർ പിന്നെയും ബൈക്കിൽ കറങ്ങുന്നുണ്ട്. ബസ്​സ്റ്റോപ്പിനു മുന്നിലൂടെ രണ്ടുവട്ടം വട്ടമിട്ടിട്ട് മെമ്പർ ബൈക്ക് നിർത്തി. എന്നിട്ട് കുനിഞ്ഞ് താഴെ കിടക്കുന്ന ഒരു ഫ്ലക്സ്​ ബോർഡുയർത്തി നേരെയാക്കി. ചുവപ്പും വെളുപ്പും നിറങ്ങളിൽ ഇങ്ങനെ വായിക്കാം: കടമ്മനിട്ട-മണ്ണാരക്കുളഞ്ഞി റോഡ് നവീകരണത്തിന് ഒരു ലക്ഷം രൂപ വകയിരുത്തിച്ച മെമ്പർക്ക് നാടിന്റെ അനുമോദനം. മെമ്പർ ഫോട്ടോയിൽ ചിരിച്ചു; ചിരിക്കുന്ന ആളല്ല. ഫ്ലക്സ്​ നേരെയാക്കിയശേഷം മെമ്പർ പോയി. ഈ സമയം രണ്ട് നായ്ക്കൾ കിതച്ചുംകൊണ്ട് ഓടിവന്ന് വെയിറ്റിങ് ഷെഡിൽ കയറിനിന്നു. ഒന്നിന്റെ വാൽ താഴെ പറ്റിക്കിടന്നു. പരുമല പള്ളിക്കുപോകാൻ നിന്ന അമ്മയും മകളും ഭയന്നുമാറി. അമ്മ മകളെ ചേർത്തുപിടിച്ചു. നായ്ക്കൾ പരവേശത്തോടെ അവരെ നോക്കി.

പെ​ട്ടെന്നൊരു ബസ് വന്നു. ആരും ഇറങ്ങാനില്ല. കയറാനുള്ളവരുണ്ടെന്നു കരുതി നിർത്തിയതാണ്. ഒരു നായ ബസിനെ നോക്കി കുരച്ചു; രണ്ടാമത്തേത് കണ്ടക്ടറെ നോക്കി വാലാട്ടി. പരുമലക്കുള്ള ബസായിരുന്നില്ല. അമ്മയും മകളും കണ്ടക്ടറോട് വഴിതിരക്കി.- ഇരവിപേരൂർ വരെപോകാം; പിന്നെ മാറിയാ മതി. അമ്മയും മകളും സമ്മതിച്ചു. ബസ് പോയി. ഒരു നായ ബസിനുപിന്നാലെ കുറച്ചുനേരം കുരച്ചുകൊണ്ടോടിയിട്ട് തിരികെ വന്നുനിന്നു. രണ്ടാമത്തേത് സ്​നേഹം മൂത്ത് ആദ്യത്തേതിനെ കടിച്ചു; കടിപിടിയായി.

കോന്നിക്കുള്ള ബസ് എപ്പോഴെത്തുമോ എന്തോ? ഒരെത്തുംപിടിയുമില്ല. റബർതൈക്കാർ ക്ഷീണിച്ച് വെയിറ്റിങ് ഷെഡിൽ കുത്തിയിരിക്കുന്നു. വെയിറ്റിങ് ഷെഡിൽ കയറി ഇരുന്നാലെന്തെന്ന് ഞാനും ഓർത്തു. വെയിൽ കൂടിയിട്ടുണ്ട്. കച്ചവടക്കാർ മയക്കത്തിലാണ്. ഇവിടൊക്കെ കച്ചവടം ചെയ്തിട്ട് എന്നാ കിട്ടാനാ?

പരിചയക്കാരാരെങ്കിലും വന്നാൽ ബസ് കാത്തു വെയിലുംകൊണ്ട് നിൽക്കുന്നതു കണ്ടിട്ട് ‘‘അയ്യോ ഇതാരാ നിങ്ങളെപ്പോലുള്ളവർ എന്നാത്തിനാ ബസിൽ പോകാൻ നിക്കുന്നെ?’’ എന്നെങ്ങാനും ചോദിച്ചാലോ? ചോദിച്ചാലെന്താ? എന്റെ സൗകര്യം. ഇ​േത്രമൊക്കെ സൗകര്യം ഉണ്ടാകുന്നേനുമുമ്പ് ഇതേപോലെ ബസിൽ തന്നെയായിരുന്നല്ലോ. പിന്നെന്താ? വേണ്ടാത്ത ചിന്തയായിരുന്നു. ആരും വന്നില്ല. ഇനി കോന്നിക്കുള്ള ബസ് ഇല്ലാതിരിക്കുമോ? കോന്നി, റാന്നി, പത്തനംതിട്ട..?

പണ്ട് എന്തുംവേണ്ടി ബസായിരുന്നു! കർഷകൻ കൂടാതെ ദൈവകൃപ, അയ്യപ്പൻ, അശ്വതി... അങ്ങനെ എത്രയെത്ര കോന്നി ബസുകൾ. ദോഹയിൽ പോകാൻ ഒരുങ്ങുന്ന കാലത്തും ഈ ബസുകൾ ഉണ്ടായിരുന്നു. സമയം വൈകുന്നു. കോന്നീൽ ചെന്നിട്ട് അരുവാപ്പുലത്ത് പോകാനുള്ളതാ, അമ്മവീട് അവിടെയാ. നാടെല്ലാം വളരുന്നു; പക്ഷേ കടമ്മനിട്ടക്കുമാത്രം എന്നതാ പറ്റിയെ?

ബസിനു പിന്നാലെ ഓടിയ നായ തിരികെ വന്നു. കൂടെയുള്ളതിനെ കാണുന്നില്ല. ഒടക്കി പിരിഞ്ഞോ? നായ്ക്കൾ ഒന്നിക്കുന്നു; ദൈവം വേർതിരിക്കുന്നു. അരുവാപ്പുലത്ത് ചെന്നിട്ടുവേണം ഉണ്ണാൻ. വെറുതെ ഹോട്ടലിൽ കൊടുക്കുന്നതെന്തിനാ? വൈകിയാലും വീട്ടിലെ ഊണാ ഊണ്. എല്ലാം കഴിഞ്ഞ് ഇച്ചിരെ പച്ചമോരും കുടിച്ച് ഏമ്പക്കോം വിട്ട് ഒരു പൂവമ്പഴോംകൂടി തിന്നാൽ എന്താ രസം? അമ്മവീട്ടിലിപ്പോൾ അമ്മയുടെ അനുജത്തി മാത്രമേ ഉള്ളൂ. ബാക്കിയെല്ലാവരും പോയി. അമ്മയുടെ അനുജത്തിക്ക് മക്കളില്ല. ഭർത്താവും പോയി. ഒരേക്കർ വസ്​തു സ്വന്തമായുണ്ട്. അത്, മൂത്ത ചേട്ടത്തിയുടെ മകനല്ലാതെ മറ്റാർക്കാ? അവർക്കിച്ചിരെ ബേക്കറി സാധനംകൂടി വാങ്ങിപ്പോയാലോ? അമ്മയുടെ അനുജത്തി അതൊന്നും ഇഷ്ടപ്പെടുന്നില്ല. കൂടുതൽ പ്രകടിപ്പിച്ചാൽ കുത്തിപ്പറയും:-എടാ കൊച്ചേ, വസ്​തു നെനക്കുതന്നെയാ; ഇനി അതിനുവേണ്ടി ഒന്നും കാട്ടിക്കൂട്ടണ്ട...

കഴിഞ്ഞതവണ ദോഹേന്നുവന്നപ്പം ഒരു കവർ നിറയെ ഈത്തപ്പഴോം ആൽമണ്ടും കൊണ്ടുകൊടുത്താരുന്നു. അതും മേടിച്ചുവച്ചിട്ടാ അവര് കളിയാക്കിയെ. ഇത്തവണ ഒന്നും പറ്റിയില്ല. സെന്റ് ജോർജീന്ന് ഒരു കിലോ കേക്കു വാങ്ങിച്ചേക്കാം. ൈപ്രസ്​ ടാഗ് പൊട്ടിച്ചുകളയാൻ പ്രത്യേകം ശ്രദ്ധിക്കണം. ടാക്സി പിടിച്ചാരുന്നേൽ അരുവാപ്പുലത്തു ചെന്ന് ഊണും കഴിഞ്ഞ് ഉറക്കം തുടങ്ങാമായിരുന്നു. അതിനു രൂപ എണ്ണിക്കൊടുക്കണം. കർഷകനിലാന്നേൽ പന്ത്രണ്ടു രൂപ അമ്പതു പൈസ. ഇനി കണ്ടക്ടറുടെ കയ്യിൽനിന്നും ബാക്കി മേടിക്കാൻ മറന്നൂന്ന് കരുത്. എന്നാലും മൊത്തം ഇരുപത് രൂപ ചെലവ്. ടാക്സിക്കാരുന്നേലോ. കുറഞ്ഞത് ആയിരത്തി അഞ്ഞൂറ്; വെയിറ്റിങ് ചാർജ് ഉൾപ്പെടെ; ദീനാമ്മയും പിള്ളാരും കളിയാക്കും:-ഇേത്രം വല്യ ഒരു പിശുക്കൻ ഈ കടമ്മനിട്ട പ്രദേശത്ത് കാണത്തില്ല.

അതിന്റെ പ്രയോജനമല്ലിയോ കൊച്ചേ, തൃപ്പൂണിത്തുറ ഭാഗത്ത് വാടകക്കു കൊടുക്കാൻ ഒരു ഫ്ലാറ്റ് ഒണ്ടായെ. എന്നെപ്പോലെ സാധാരണ ജോലിക്കാരായ എത്ര ദോഹക്കാർക്കിതുപറ്റും? പാറലോഡുമായി ലോറികൾ പാഞ്ഞുപോകുന്നു. വെറുതെ എണ്ണാൻ തോന്നി. പന്ത്രണ്ടു കഴിഞ്ഞപ്പോൾ തെറ്റിപ്പോയി. എണ്ണാമെങ്കിൽ എണ്ണിക്കോ. ഒരു ലോട്ടറി സൈക്കിൾ ചെറിയ ശബ്ദത്തിൽ വലിയ വാഗ്ദാനം പറഞ്ഞുവന്ന് അടുത്ത ചായക്കടക്കു മുന്നിൽ നിന്നു. സൈക്കിളുകാരൻ ചായക്കടയിൽ കയറി; ലോട്ടറി സൈക്കിൾ ഭാഗ്യം പ്രവചിച്ചുകൊണ്ട് തന്നേ ശബ്ദിച്ചു. ആരായിരിക്കും ഭാഗ്യവാൻ. പലവട്ടം ടിക്കറ്റെടുത്തിട്ടുണ്ട്. കളിപ്പീരായിരിക്കുമോ? മൺസൂൺ ബംപർ മുന്നൂറ് രൂപ. വേണ്ട. അരുവാപ്പുലത്ത് മുപ്പതുവട്ടം പോയി വരാൻ ഇേത്രംമതി.

‘കർഷകൻ’ ചതിച്ച മട്ടാണ്. കർഷകരെ ചതിക്കുന്ന നാട്ടിൽ തിരിച്ചും വേണ്ടായോ? ഷെഡിൽ കയറിനിന്നു. വേണമെങ്കിൽ ഒരു ചായ കുടിക്കാം. വേണ്ട. കർഷകനു കൊടുക്കാൻ കൃത്യം കാശ് എടുത്തു കയ്യിൽ വച്ചിട്ടുണ്ട്. ബാക്കി ബാഗിലാണ്. വെറുതെ എന്തിനു ബാഗ് തുറക്കണം. ചായ വേണ്ട. ചൂടു കൂടി. അന്യന്റെ പറമ്പിലെ മരങ്ങൾകൊണ്ട് വഴിയാത്രക്കാർക്കെന്തു കാര്യം? അതുങ്ങൾ സ്വന്തം പുരയിടത്തിലേക്കുമാത്രം തണൽവിരിച്ചു നിൽക്കുകയാണ്. കണ്ടോ മരത്തിനുമുണ്ട് പക്ഷഭേദം.

ഷെഡിലേക്ക് ഒരു ധർമക്കാരൻ കയറിവന്നു. മുഖം കൊടുത്തില്ല. സാരമില്ല. അയാൾ എന്നെയല്ല നോക്കുന്നത്. ഭാണ്ഡത്തിൽനിന്ന് ഒരു മൊബൈൽ ഫോൺ എടുത്ത് ഞെക്കുന്നു. പിന്നെ തുറന്നുനോക്കുന്നു. വെയിലുകൊണ്ട് കരുവാളിച്ചെങ്കിലും നല്ല ഉശിരുണ്ട്. തൊഴിലിൽ സ്വയംപര്യാപ്തത നേടിയ ധർമക്കാർ ആയിരിക്കും. ഞാൻ മൊബൈൽ ഉണ്ടോ എന്നുറപ്പാക്കി. ധർമക്കാരൻ ജോലികഴിഞ്ഞ് എവിടെനിന്നോ വന്നതാണ്. അയാളുടെ ഒരു കാലിലേ ചെരുപ്പുള്ളൂ. ഒരു ചെരുപ്പിനുള്ള ആസ്​തിയേ കാണൂ.- സാറേ, കോന്നിക്കെപ്പഴാ ബസ്?

അയാൾ തിരക്കി. ഞാൻ കാര്യം പറഞ്ഞു. രണ്ടു മണിക്കൂറായി നിൽക്കുന്നു. കർഷകനെ പ്രതീക്ഷിക്കേണ്ട. ജവാൻ ആ വഴിക്കു പോകാറുമില്ല. കേൾക്കേണ്ട താമസം. അയാൾ പുറത്തിറങ്ങിനിന്നു. ദൂരെനിന്നും മുടന്തി മുടന്തി വന്ന ഒരോട്ടോറിക്ഷക്കു കൈ കാണിച്ച് കയറിപ്പോയി. അയാൾക്ക് അരുവാപ്പുലംവരെയാകില്ല പോകേണ്ടത്.

തളരുന്നതായി തോന്നുന്നു. സാരമില്ല. പ്രതീക്ഷിക്കുന്നവർ തോൽക്കില്ല. ഇന്നത്തെ പ്രതീക്ഷ; നാളത്തെ വിജയം. വീണ്ടും രണ്ടുമൂന്നു നായ്ക്കൾ റോഡരികിൽ ഒത്തുകൂടി. ഒരു കടക്കാരൻ ഇറങ്ങിവന്ന് ആട്ടി. പട്ടി കേട്ടില്ല. മറ്റൊരാൾ ഇറങ്ങിവന്ന് കല്ലെടുത്തു. മൂന്നും മുങ്ങി. കടമ്മനിട്ട വെയിലിൽ പഴുത്ത് കിടന്നു. പടിഞ്ഞാറുള്ള ദേവീക്ഷേത്രത്തിൽനിന്ന് കുട്ടികൾ ചേർന്നു പാടുന്ന ഭക്തിഗാനം കേൾക്കുന്നുണ്ട്.

‘‘അമ്മേ ദേവീ, മഹാമായേ...’’

എനിക്കെല്ലാവരോടും മതിപ്പാണ്. സ്വന്തം സമുദായത്തോടും പ്രശ്നമൊന്നുമില്ല. പിരിവ് ഇച്ചിരെ കൂടുതലാ. കഴിഞ്ഞിടെ ഇടവകപ്പള്ളി പൊളിച്ചുപണിയാൻ അഞ്ചുലക്ഷം പിരിവു ചോദിച്ചു. മുന്നൂറുകൊല്ലം പഴക്കമുള്ള പള്ളിയാണ്. സൗകര്യം തീരെ പോരെന്ന്. അമ്പതിനായിരം ഒപ്പിക്കാമെന്നേറ്റു. പറ്റത്തില്ലെന്ന്. ഒന്നരലക്ഷം കൊടുത്തു. അന്നുതൊട്ടേ എനിക്ക് കലിപ്പുണ്ട്. മറ്റുള്ളവർക്കാന്നേൽ ഉത്സവത്തിനോ നേർച്ചക്കോ വല്ലോം കൊടുത്താൽ മതി. ഇത് പള്ളി മൂടോടെ പൊളിക്കുന്നതിനു പണം. പുതിയത് കെട്ടിപ്പൊക്കുന്നതിന് വേറെ കാശ്. ചുമ്മാതല്ല, കർത്താവ് കുരിശിൽ കെടന്ന് നിലവിളിച്ചത്. ഈ പിരിവുകാരെ അന്നേ വിഭാവനം ചെയ്തുകാണും. പ്രവാചകന്മാർ വരുംകാലത്തെ ദർശിക്കുന്നവരാണല്ലോ.

‘‘അമ്മേ, മഹാമായേ...’’

എവിടെനിന്നാണെന്നറിഞ്ഞില്ല, തൊട്ടുമുന്നിൽ ഒരു കാർ വന്നുനിന്നു. ടാക്സിയാണെന്നു തോന്നുന്നു. പിൻസീറ്റിലിരുന്ന രണ്ടുപേർ ഇറങ്ങി വെയിറ്റിങ് ഷെഡിൽ നിൽക്കുന്ന എന്നെ നോക്കി വെറുതെ ചിരിച്ചു. നേരത്തേ കണ്ടിട്ടേയില്ല. പിന്നെങ്ങനെ ചിരിക്കും? തലനരച്ച ഒരു ജുബ്ബാക്കാരനും താടിയും മുടിയും നീട്ടിയ മറ്റൊരു ഖദർധാരിയും ൈഡ്രവറും മുൻസീറ്റിൽ വേറൊരാളും. കണ്ടിട്ട് കടമ്മനിട്ടക്കാരല്ല. അവർ അടുത്തേക്കുവന്നു. ദോഹയിലോ മറ്റോ ജോലിയുള്ള..?

- കടമ്മനിട്ടയുടെ വീടറിയാമോ?

ഖദർധാരി താടിയുഴിഞ്ഞ് തിരക്കി.

കോന്നിക്കാണെങ്കിൽ ഒരു ലിഫ്റ്റടിക്കാമല്ലോ എന്നു വിചാരിച്ച് ഞാനും ചിരിച്ചു. പക്ഷേ അവർ ചോദിച്ചത്..?

- ഞങ്ങൾ തിരുവനന്തപുരത്തുനിന്നാ...

അപ്പോൾ ശരിക്കും അവർ കോന്നി വഴിയായിരിക്കും തിരിച്ചുപോകുന്നത്; സംശയിക്കാനില്ല.

- കടമ്മിട്ട ഇതുതന്നെയാ...

ഞാൻ പറഞ്ഞു. അവർക്ക് തൃപ്തിപോരാ.

അവർക്കറിയേണ്ടത് വീടാണ്.

ഒരു സ്​ഥലത്തിന് സ്വന്തമായി വീടുണ്ടാകുമോ?

ദോഹേൽ ചെന്നിട്ട് ദോഹേടെ വീടെവിടാന്നു ചോദിച്ചാൽ എന്തായിരിക്കും മറുപടി.

അവർക്ക് ധൃതിയുണ്ട്. എന്നെ ഇഷ്​ടമായില്ല. ഒരാൾക്ക് പരിഹാസച്ചിരി. - തിരിച്ച് കോന്നി വഴിയാന്നോ? വിളിച്ചുചോദിച്ചത് അവർ കേട്ടില്ലെന്ന് വച്ചു. അവർ കാറിൽ ചാരിനിന്ന് സിഗരറ്റ് കത്തിച്ചു. നേരത്തേ ചുറ്റിപ്പറ്റി നിന്ന നായ്ക്കൂട്ടം അവരെ മണത്തുനോക്കുന്നു. അവർ നായ്ക്കളെ ഒന്നും ചെയ്തില്ല. നായ്ക്കൾക്കിവരെ പരിചയമുണ്ടോ? പെട്ടെന്നാണ് കർഷകൻ ഇരപ്പിച്ചുകൊണ്ടുവന്നത്. പച്ചനിറമുള്ള കർഷകൻ നിന്നു കിതച്ചു. ഞാൻ ചാടിക്കേറും മുമ്പേ ആ റബർതൈയുമായി വന്നവർ കയറിപ്പറ്റിയിരുന്നു. ഏറ്റവും പിന്നിലത്തെ സീറ്റിനടിയിൽ റബർതൈകൾ നീക്കിവച്ചു. കണ്ടക്ടർ അനിഷ്​ടം പറഞ്ഞു.-ഈ പൊരിവെയിലത്ത് മോളിലിട്ടാൽ കരിയത്തേ ഒള്ള്...റബർതൈയുമായി വന്നവരിലൊരാൾ വിഷമം പറഞ്ഞു. കണ്ടക്ടറുടെ മനസ്സ് മാറി. കർഷകൻ ഇരമ്പി.

തിരിഞ്ഞുനോക്കിയപ്പോൾ എന്നെ നോക്കി ആ കാറും ചാരി നിൽക്കുന്ന തിരുവനന്തപുരത്തുകാർ എന്തോ കളിയാക്കി പറയുന്നതുപോലെ; പറയട്ടെ. കോന്നിക്കുള്ള ബസ് കിട്ടിയല്ലോ. അവർ എന്നെത്തന്നെയാണ് ചൂണ്ടിപ്പറയുന്നത്. പറയട്ടെ. അല്ലെങ്കിൽതന്നെ എന്താ ഇത്രക്ക് പറയാൻ?

തിരക്ക് കുറവ്. സൈഡ് സീറ്റിൽ ഇരിക്കാൻ കിട്ടി. കമുകും വാഴയും റബറും ഐക്യപ്പെടുന്ന പ്രദേശങ്ങൾ വഴി കർഷകൻ മുരണ്ടു. ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. ബസിനുള്ളിൽ എന്നെ അറിയുന്ന ആരുമില്ല. എനിക്കും ആരെയും പരിചയമില്ല. അല്ലെങ്കിലും ഞാനിങ്ങനെയൊക്കെ തന്നെയാണ്. എനിക്കാവശ്യം തോന്നാത്ത ഒന്നും എന്റെ പരിഗണനാ വിഷയമല്ല; എന്റെ ചിന്തയുടെ ഉമ്മറത്തേക്ക് അതൊന്നും കടന്നുവരികയുമില്ല.

കഴിഞ്ഞദിവസം ഞാൻ വീട്ടുമുറ്റത്ത് തേങ്ങ പൊതിച്ചോണ്ടിരിക്കുവായിരുന്നു. ദീനാമ്മ അടുക്കളേൽ മീൻകൂട്ടാൻ വയ്ക്കുന്നു. പിള്ളാര് ഉറക്കെ വായിച്ചുപഠിക്കുന്നു. മുറ്റത്തിനപ്പുറത്ത് നെറ്റ് കെട്ടിയ മതിലിനുമപ്പുറത്തെ പ്ലാവിൻചുവട്ടിൽ ഒരു പശുക്കുട്ടി കയർ കുരുങ്ങി വെപ്രാളപ്പെടുന്നതു കാണാമായിരുന്നു. എന്തുപറ്റു

മോ എന്തോ? തേങ്ങായായില്ലിയോ മനുഷ്യാ എന്ന് ദീനാമ്മ ദേഷ്യപ്പെട്ടന്വേഷിക്കുന്നുണ്ടായിരുന്നു. സ്വന്തം കയറിൽ ആ പശുക്കുട്ടി മരണവെപ്രാളം കാണിക്കുന്നത് ഒന്നുരണ്ട് വട്ടം ശ്രദ്ധയിൽപ്പെട്ടു. വല്ലവരുടെയും പറമ്പ്; ആരുടെയോ പശുക്കുട്ടി. മരണവെപ്രാളം ഉൾപ്പെടെ ഒന്നിന്റെയും അഗാധതലങ്ങൾ തിരയാൻ പറ്റിയ മാനസികാവസ്​ഥയിലായിരുന്നില്ല ഞാൻ. ഉണക്ക തേങ്ങയാണെങ്കിൽ പൊളിഞ്ഞുവരുന്നുമില്ല. എന്തിനെയും അതിന്റെ കേവലമായ അവസ്​ഥയിൽ വിലയിരുത്താനും കണ്ടെത്താനുമാണ് ഞാൻ ശ്രമിക്കാറുള്ളത്. സ്വന്തം നാളികേരമാണോ അന്യന്റെ പറമ്പിലെ മറ്റൊരന്യന്റെ പശുക്കുട്ടിയാണോ പരമപ്രധാനം എന്ന ചോദ്യമുയർന്നപ്പോഴൊക്കെ സ്വന്തം നാളികേരത്തിന്റെ ചിരട്ട കൃത്യമായ അളവിൽ പൊട്ടിച്ചെടുക്കാനാണ് ഞാൻ ശ്രമിച്ചത്. അതൊരു പേട്ടുതേങ്ങയായിരുന്നില്ല. എലിമൂത്രംപോലെ കുറച്ചു വെള്ളം; വാട്ടവെള്ളം; കുടിക്കാൻ തോന്നിയില്ല. ദീനാമ്മ തേങ്ങ ചുരണ്ടാൻ തുടങ്ങി.

 

തൊണ്ട് ആരും കാണാതെ അങ്ങേ പറമ്പിലേക്കിട്ടപ്പോൾ ആ പശുക്കുട്ടി അവിടെ കുരുങ്ങി നിൽപില്ല. വായുംപിളർന്ന് കണ്ണുംതുറിച്ച്, കാലുംപൊക്കി അത് കിടക്കുന്നുണ്ടായിരുന്നു. ആ പശുക്കുട്ടി ചത്തു. ഞാനത് ദീനാമ്മയോടുപോലും പറഞ്ഞില്ല. മീൻകൂട്ടാന്റെ രുചി കുറയാതിരിക്കട്ടെ. ഓരോന്നോർത്തിരുന്ന് കോന്നി എത്തിയത് അറിഞ്ഞില്ല. ഇനി അരുവാപ്പുലത്തേക്ക് മാറിക്കേറണം. നല്ല വിശപ്പുണ്ടെങ്കിലും കടയിൽ കയറാൻ തോന്നിയില്ല.

വീടിനടുത്തുവരെ ചെന്നിട്ട് വെറുതെ കടയിൽ കയറി കാശ് കളയണോ? അരുവാപ്പുലത്തേക്കുള്ള ബസ് കാത്തുനിന്നു. കുറെ നിൽക്കേണ്ടിവരുമോ എന്തോ? വെയിൽ മങ്ങിയതുകൊണ്ട് പ്രശ്നമില്ല. തൊട്ടപ്പുറത്ത് കടമ്മനിട്ടക്ക് മറ്റൊരു കർഷകൻ സ്റ്റാർട്ടായി കിടക്കുന്നു. രണ്ടു കർഷകനും സമാന്തരമായി അടുത്തടുത്ത് പരിഭവം പറഞ്ഞു കിടന്നു. കടമ്മനിട്ടക്കുള്ള കർഷകനിൽ ആൾ തീരെ കുറവ്. ബസ് ജീവനക്കാർ ആളെ വിളിച്ചു കയറ്റാൻ നോക്കുന്നുണ്ട്. എനിക്കെന്തു കാര്യം? എനിക്ക് അരുവാപ്പുലത്തേക്ക് പോയാൽ മതിയല്ലോ. ആവശ്യമുള്ള കാര്യങ്ങളെപ്പറ്റിയേ കൂടുതൽ ആലോചിക്കേണ്ടതുള്ളൂ. കടമ്മനിട്ട...കടമ്മനിട്ട...ആവശ്യം തോന്നാത്തതൊന്നും എന്നെ ബാധിക്കുകയില്ല.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT