കൃത്യം മൂന്നു മണിക്കുതന്നെ ആംപ്ലിഫയറും റെക്കോഡ് പ്ലേയറും മറ്റു അനുസാരികളും തന്റെ സൈക്കിളില്‍ െവച്ച് സോഡ ഭാര്‍ഗവനും രണ്ട് കോളാമ്പികളും ഒരു ബാറ്ററിയുമായി തന്റെ സൈക്കിളില്‍ സുബ്രനുംമംഗലത്ത് ബാലന്റെ വീട്ടുമുറ്റത്തെത്തി. അവിടെ ഒരു കല്യാണ വീടിന്റെ സന്തോഷവും ആലഭാരവും പ്രസരിപ്പിച്ചുകൊ ണ്ട് മുറ്റത്തെ പന്തല്‍ ഈന്തുമ്പട്ടകൊണ്ട് അലങ്കരിക്കുകയാണ് കുറച്ച് ചെറുപ്പക്കാര്‍. കസേരയും മേശയും വാടകക്ക് കൊടുക്കുന്ന ചെമ്മണ്ണൂര്‍ ഏജന്‍സീസ് ഉടമ യാക്കൂബും സഹായി ദേവസ്സിയും, മേശകളും കസേരകളും പന്തലില്‍ നിരത്തുന്നുണ്ട്. പന്തലിനു പുറത്ത് സൈക്കിള്‍ ഒതുക്കിെവച്ച് സോഡ ഭാര്ഗവന് പന്തലിലേക്കു കയറി.
‘‘അന്റെ പണി തീര്ന്നില്ലടോ..?’’
സോഡയുടെ ചോദ്യത്തിന് യാക്കൂബ് ഒന്ന് കണ്ണിറുക്കി കാണിച്ചതല്ലാതെ കമാന്ന് മിണ്ടിയില്ല. അവര്‍ ദേശത്തെ കല്യാണവേദികളില്‍ സ്ഥിരം കണ്ടുമുട്ടുന്നവരാണെങ്കിലും തമ്മില്‍ വലിയ ഗുലാനല്ല. സുബ്രനോട് ഒരു മേശ പന്തലിന്റെ വടക്കേമൂലയില്‍ ഉമ്മറത്തിണ്ണയോട് ചേര്‍ത്തിടാന്‍ പറഞ്ഞ് അതുവരെ താങ്ങിപ്പിടിച്ച് നിന്നിരുന്ന പാട്ടുപെട്ടി അവന്റെ ചുമലില്‍ െവച്ചുകൊടുത്ത് ഭാര്ഗവന് യാക്കൂബ് പകര്‍ന്ന അവഗണനയില്‍നിന്ന് മുക്തിനേടാന്‍ പന്തലിന് വെളിയിലേക്കിറങ്ങി.
ഇനിയും ഇരുപതുകള്‍ കടന്നിട്ടില്ലാത്ത സുബ്രന് അവരുടെ സംഭാഷണങ്ങളില്‍ നിര്‍ന്നിമേഷനായി പാട്ടുപെട്ടി ഉമ്മറത്തിണ്ണയില്െവച്ച് മേശയിടാന്‍ പോയി. സോഡ ഭാര്ഗവന് സോഡയെന്ന വാല് പേരിന്റെ കൂടെവന്നത് അയാള്‍ മുമ്പ് സോഡാക്കമ്പനിയില് പണിയെടുത്തിരുന്നതുകൊണ്ടാണ്. നാട്ടിലെ ഏസിയില്ലാത്ത സിനിമാ കൊട്ടകയില്‍ വിയര്‍ത്ത് വശംകെടുന്ന കാണികള്‍ ഇടവേളയില്‍ ഇഷ്ടത്തോടെ ദാഹമടക്കാന്‍ വാങ്ങിയിരുന്ന ഏക സോഡയായിരുന്നു ഭാര്ഗവന് പണിയെടുത്തിരുന്ന അത്താണി സോഡ.
ഭാര്ഗവന് കോളാമ്പി കെട്ടാനുള്ള തെങ്ങ് നോക്കി പന്തലിന് ചുറ്റും ഒന്നു നടന്നു. മുറ്റത്തേക്ക് ചാഞ്ഞ് നിന്നിരുന്ന കൂരിത്തെങ്ങിന്റെ ചുവടു പറ്റി ഒരു കാലുപൊക്കി മൂത്രമൊഴിച്ചിരുന്ന ചൊക്കിളി പട്ടി അയാളെ കണ്ട് തന്റെ കൃത്യം ഇടക്കുെവച്ച് നിര്‍ത്തി ഓടിയകന്നു. അതിനിടയില്‍ പറ്റിയ രണ്ട് തെങ്ങുകള്‍ കണ്ടെത്തി അയാള്‍ തിരികെ വന്ന് സുബ്രന് കോളാമ്പി കെട്ടാനുള്ള നിർദേശം കൊടുക്കുകയും പാട്ടുപെട്ടിയെ പാടാന്‍ സജ്ജമാക്കാനും തുടങ്ങി. പുറത്തെവിടെയോ പോയിരുന്ന വീട്ടുടമസ്ഥന് മംഗലത്ത് ബാലന് അപ്പോഴേക്കും കയറിവന്നു.
അയാള്‍ ഭാര്‍ഗവനെ നോക്കി എപ്പോഴെത്തിയെന്ന് ചെറുചിരിയോടെ ചോദിച്ചിട്ട് മറുപടിക്കു കാക്കാതെ കയ്യിലെ തടിച്ചുവീര്‍ത്ത സഞ്ചിയുമായി തിരക്കില്‍ അകത്തു പോയി. നാളെ നടക്കാന്‍ പോകുന്ന തന്റെ മകളുടെ കല്യാണത്തിന്റെ അവസാന ഒരുക്കുകൂട്ടലിലായിരുന്നു അയാള്‍. മംഗലത്ത് ബാലനും ഭാര്യ ലീലക്കും നാല് ആണ്മക്കളും ഒരു പെണ്കിടാവുമാണ്. പെണ്ണ് തങ്കമണി ഏറ്റവും മൂത്തതാണ്. പതിനേഴു വയസ്സുള്ള സുന്ദരിയാണെങ്കിലും ദരിദ്രനായ ബാലന്റെ മകളായതുകൊണ്ട് വലിയ വീട്ടിലെ ചെക്കന്മാരൊന്നും തങ്കമണിയെ പെണ്ണന്വേഷിച്ച് വന്നില്ല.
തങ്കമണിയേക്കാള്‍ പതിനാല് വയസ്സു കൂടുതലുള്ള, മടപ്പണിക്ക് പോകുന്ന സുരേന്ദ്രനെന്ന സുരയാണ് നാളെ അവളുടെ കഴുത്തില്‍ താലി കെട്ടുന്നത്. ഈ കല്യാണം തീരുമാനിച്ചത് മുതല്‍ അവള് വലിയ സങ്കടത്തിലാണ്. ആരോടും പറയാന്‍ ധൈര്യമില്ലാത്ത ഒരിഷ്ടം തങ്കമണി കുറച്ചുകാലമായി കൊണ്ടുനടക്കുന്നുണ്ട്. അയല്‍വീട്ടിലെ സുലൈമാനെന്ന സുലുവിന് അവളെ പ്രാണനാണെങ്കിലും മുസ്ലിമായ അവന് ഹിന്ദുവായ തങ്കമണിയുമൊത്ത് ഒരുമിച്ച് ജീവിച്ചാല്‍ സമുദായങ്ങള്‍ കൊലവിളി നടത്തും. അതറിയാവുന്ന അവര്‍ ഒരു തീരുമാനമെടുക്കാനാവാതെ സംഘര്‍ഷത്തിലാണ്.
കോളാമ്പി കെട്ടാനും മറ്റു ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും പിന്നെയും അരമുക്കാല്‍ മണിക്കൂറെടുത്തു. അപ്പോഴേക്കും യാക്കൂബ് തന്റെ പണി കഴിച്ച് സ്ഥലം വിട്ടിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍ സോഡ ആദ്യത്തെ റെക്കോഡിട്ടു. ‘‘കദളിവാഴ കൈയിലിരുന്നു...’’ ഉദയായുടെ ‘ഉമ്മ’ എന്ന ചിത്രത്തില്‍ ജിക്കി പാടിയ സൂപ്പര്‍ഹിറ്റ് ഗാനം കോളാമ്പികളിലൂടെ ഒഴുകിപ്പരന്ന് കാരക്കാട് ദേശത്തെ വീടുകളില്‍ പലവിധ ജോലികളില്‍ മുഴുകിയിരുന്ന ആണും പെണ്ണും യുവാക്കളും കുട്ടികളുമെല്ലാം വല്ലാത്തൊരു ആനന്ദ നിര്വൃതിയനുഭവിച്ചപ്പോള്, തങ്കമണിക്കത് തന്റെ മരണപ്പാട്ടായി തോന്നി.
അന്നുവരെ അവളുടെ ഇഷ്ടഗാനമായി എപ്പോഴും മൂളിനടന്ന ആ പാട്ടിനെ അന്നാദ്യമായി അവള് വെറുത്തു. കദളിവാഴക്കയ്യിലിരുന്നു പാടുന്ന കാക്ക തന്റെ സന്തോഷത്തിന്റെ കാലനാണെന്ന് അവള് കരുതി. പുരക്കകത്തിരുന്ന് ആരും കാണാതെ അവള് സങ്കടപ്പെട്ടു. എന്നാല്‍ പാട്ട് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാരൊക്കെ മനസ്സില്‍ പറഞ്ഞു ‘‘ഓ...തങ്കമണീരെ കെട്ട് നാള്യാലെ...’’ ആ സ്വഗതം തങ്കമണിയുടെ കല്യാണത്തിന് മാത്രമുള്ളതല്ല. നാട്ടില്‍ ഏതു വീട്ടില്‍ ഒരു കല്യാണം നടന്നാലും അവിടെ തലേന്നാള്‍ ഉച്ചതിരിഞ്ഞാല്‍ പെട്ടിപ്പാട്ട് െവക്കും. അത് രാത്രിയുള്‍പ്പെടെ അന്നു മുഴുവനും പിറ്റേന്ന് നാലാം കല്യാണം കഴിയുംവരെയും പാടും. അതൊരു ഓര്‍മപ്പെടുത്തലാണ്.
അത് കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ നാട്ടുകാര്‍ക്കൊക്കെ എന്തെന്നില്ലാത്ത സന്തോഷവും ഏതോ ഉത്സവത്തില്‍ സ്വയമലിഞ്ഞു ചേരുന്നതുപോലുള്ള ഒരനുഭവവുമാണ്. വധൂഗൃഹത്തില്‍നിന്ന് വരനും വധുവും വരന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ പുതുതായി റിലീസ് ചെയ്ത ‘ജ്വാല’യെന്ന പടത്തിനു വേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്കി ബി. വസന്ത പാടിയ ‘‘വധൂവരന്മാരേ പ്രിയ വധൂവരന്മാരേ... വിവാഹമംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ... ഇതാ...’’ എന്ന പാട്ടുകൊണ്ടനുഗ്രഹിച്ച് ഭാര്ഗവന് അവരെ യാത്രയാക്കും. തങ്ങള്‍ ഓമനിച്ചു വളര്‍ത്തിയ മകള്‍ മറ്റാരാന്റേതാകുകയാണല്ലോ എന്ന അനിവാര്യതയില്‍ മനംനൊന്ത് വധുവിന്റെ മാതാപിതാക്കള്‍ കണ്ണീര്പൊഴിക്കുന്നതിന് ആ പാട്ട് ആക്കംകൂട്ടുന്നത് ഒളികണ്ണിട്ട് കണ്ട് ഭാര്ഗവന് സന്തോഷിക്കും.
പെട്ടിപ്പാട്ട് കേട്ടു തുടങ്ങിയതോടെ ചങ്ങാതിക്കുറിക്കുള്ള ക്ഷണിതാക്കള്‍ ഓരോരുത്തരായി മംഗലത്തേക്ക് വരാന്‍ തുടങ്ങി. കല്യാണത്തിന്റെ കടം തീര്‍ക്കാനുള്ള പണം കിട്ടാനായി സാമ്പത്തികമായി പിന്നാക്കമുള്ള ആളുകള്‍ കല്യാണത്തലേന്ന് ഉച്ചതിരിഞ്ഞാല്‍ ഒരു ചങ്ങാതിക്കുറി െവക്കും. പെട്ടിപ്പാട്ട് ആരംഭിക്കുന്നതോടെ കുറി തുടങ്ങും. പെണ്ണിന്റെ അച്ഛന്റെ ചങ്ങാതിമാരേയും അടുപ്പക്കാരേയും അയല്പക്കക്കാരേയുമാണ് അതിനു ക്ഷണിക്കുക. അവര്‍ പന്തലില്‍ നടക്കുന്ന ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത് തങ്ങളാലാവുന്ന സംഖ്യ സമ്മാനം നല്കി സഹായിക്കും.
സന്ധ്യക്കു മുമ്പ് കുറി അവസാനിക്കും. കുറിയില്‍ പണം െവച്ചവര്‍ പിന്നീട് സ്വന്തം കുറി നടത്തുമ്പോള്‍ അവർ വെച്ച സംഖ്യയെക്കാള്‍ കൂടുതല്‍ തിരിച്ചു സമ്മാനിക്കണം. അതാണ് മര്യാദ. മംഗലത്ത് ബാലനും ചങ്ങാതിക്കുറി െവച്ചിരുന്നു. ഒരാള്‍ക്ക് കുറച്ച് കാശിന് അത്യാവശ്യം വരുമ്പോള്‍ പലിശയില്ലാതെ പണം സ്വരൂപിക്കാവുന്ന ചങ്ങാതിക്കുറി വലിയ ആശ്വാസമാണ്. സന്ധ്യയോടെ കല്യാണവീട്ടില്‍ അയല്‍ക്കാരുടെയും ബന്ധുക്കളുടെയും തിരക്കു തുടങ്ങും. പെണ്ണിന് എന്തെല്ലാം സ്ത്രീധനമായി കൊടുക്കുന്നുവെന്നറിയാനുള്ള വ്യഗ്രത ശമിപ്പിക്കാനും, അവള്‍ക്ക് എന്തെങ്കിലും സമ്മാനമായി നല്കാനുമായി നാട്ടിലെ മതിയായപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളായിരിക്കും കൂടുതല്‍ വരിക. അവര്‍ സമ്മാനങ്ങള്‍ കൊടുത്ത് പെണ്ണിനുള്ള പണ്ടങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും കണ്ട് അവയുടെ ആക്കത്തൂക്കം മനസ്സിലിട്ട് ഗുണിച്ച് സല്‍ക്കാരങ്ങളും സ്വീകരിച്ച് മടങ്ങും.
അവരോടൊപ്പം വരുന്ന ആണുങ്ങള് പെണ്ണുങ്ങളുടെ കണക്കെടുപ്പില്‍ പങ്കുചേരാതെ പന്തലില്‍ മറ്റുള്ളവരുമായി സംസാരിച്ചും സല്‍ക്കാരങ്ങളില്‍ പങ്കുകൊണ്ടും പെണ്ണുങ്ങള് പുറത്തിറങ്ങുംവരെ സമയംപോക്കും. കൂട്ടത്തില്‍ സുലൈമാന്റെ അമ്മായി കദീജയും എത്തിയിരുന്നു. അവര്‍ പെണ്ണിനെ കണ്ട് സമ്മാനം നല്‍കുന്നതോടൊപ്പം തങ്കമണിയെ കെട്ടിപ്പിടിച്ച് ചെവിയിലൊരു സ്വകാര്യം പറഞ്ഞു. തങ്കമണി അതുകേട്ട് ആദ്യമൊന്ന് അന്ധാളിച്ചെങ്കിലും കദീജയുടെ ആത്മവിശാസം പകരുന്ന നിറചിരി അവള്‍ക്ക് കരുത്തു പകര്‍ന്നത് മുഖത്തെ കാര്‍മേഘങ്ങള്‍ നിമിഷനേരംകൊണ്ട് മായുന്നതില്നിന്ന് കദീജക്ക് മനസ്സിലായി. കദീജ ഒന്നും സംഭവിക്കാത്തതുപോലെ ഇറങ്ങിപ്പോയി.
അയല്‍വീടുകളിലെ ആണും പെണ്ണും യുവാക്കളും കല്യാണത്തിന് ഒരു വാരം മുമ്പുമുതലേ പലവിധ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഏറിയ സമയവും അവിടെയുണ്ടാവും. കല്യാണത്തലേന്നാള്‍ സദ്യയൊരുക്കുന്നതും പന്തലിടുന്നതും പന്തല്‍ വിതാനിക്കുന്നതും മംഗളപത്രം അച്ചടിപ്പിക്കുന്നതുമെല്ലാം അവരായിരിക്കും. അന്ന് അത്താഴസദ്യക്ക് നാട്ടുകാരൊക്കെ ഉണ്ടാവും. സദ്യ വിഭവസമൃദ്ധമല്ല. കായത്തോലു മെഴുക്കു പുരട്ടിയും സാമ്പാറും പപ്പടം കാച്ചിയതും വടുകപ്പുളി അച്ചാറും നല്ല കുത്തരിച്ചോറുമാണ് അന്നത്തെ മെനു. അതു കഴിഞ്ഞാല്‍ പ്രദേശത്തെ പാട്ടുകാരുടെ സദിരു തുടങ്ങും. പ്രദേശത്തെ ഏറ്റവും മികച്ച പാട്ടുകാരനും നിമിഷകവിയും കളരിക്കാരനും സഹൃദയനുമായ ആശാന് അബുവാണ് ആസ്ഥാന പാട്ടുകാരന്.
അത്താഴം കഴിഞ്ഞാല്‍ സോഡ ഭാര്ഗവന് പാടാനുള്ള മൈക്കുകള്‍ സജ്ജമാക്കിെവക്കും. അപ്പോഴേക്കും കുറ്റമറ്റ ഒരു ബുള്‍ബുള്‍ വാദകന്കൂടിയായ അബു തന്റെ പ്രിയപ്പെട്ട ബുള്‍ബുളുമായി മൈക്കിനു മുന്നിലെത്തും. ഏത് കല്യാണപ്പന്തലില്‍ ചെന്നാലും അയാള്‍ തന്റെ ബുള്‍ബുളില്‍ ആദ്യമായി നീലക്കുയിലിലെ കായലരികത്ത് വായിക്കും. പാട്ടിനൊപ്പം അതിന്റെ പശ്ചാത്തല സംഗീതംകൂടി അയാള്‍ തന്റെ ബുള്‍ബുളില്‍ അതിസമർഥമായി വായിക്കുമ്പോള്‍ ആരും കേട്ടിരുന്നുപോകും. നാട്ടിലെ നൂറുകണക്കിന് കല്യാണങ്ങള്‍ക്ക് പെട്ടിപ്പാട്ട് പാടിക്കാറുള്ള സോഡ ഭാര്ഗവന് അത്രതന്നെ പന്തലുകളിൽ വെച്ച് ആശാന് അബുവിന്റെ ബുള്‍ബുള്‍ കായലരികത്ത് പാടുന്നത് കേട്ടിട്ടുണ്ട്.
ആദ്യമെല്ലാം ആ വായന കേള്‍ക്കുമ്പോള്‍ തന്റെ ചെറുപ്പത്തിലെ നഷ്ടപ്രണയത്തിന്റെ സ്മരണകളില്‍ അലിഞ്ഞ് അയാള്‍ ഗദ്ഗദകണ്ഠനാകുകയും ചെറിയ തേങ്ങലോടൊപ്പം ആരും കാണാതെ കണ്ണീര് തുടക്കുകയും ചെയ്യുമായിരുന്നു. ഇപ്പോഴിപ്പോള്‍ അയാളാപ്പാട്ട് സംയമനത്തോടെ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അബുവിന്റെ ബുള്‍ബുള്‍ പാടാന്‍ തുടങ്ങുമ്പോള്‍ പരിസരത്ത് വീടുകളിലെ കല്യാണക്കുടിയിലെത്താത്ത പെണ്‍കുട്ടികള്‍ മധുരതരമായ ഒരു നൊമ്പരത്തില്‍ സ്വയമലിഞ്ഞ് തേങ്ങുകയും കണ്ണീര് വാര്‍ക്കുകയും ചെയ്യുന്നുണ്ടാവും. അക്കൂട്ടത്തില്‍ മുരുകദാസന്റെ പെങ്ങള് സൗദാമിനിയെന്ന സൗദയുമുണ്ടെന്ന് അറിയുന്ന അബു നിരവധി വിരഹഗാനങ്ങള്‍ സ്വയമലിഞ്ഞ് പാടിയും ബുള്‍ബുളില്‍ വായിച്ചും ആ രാത്രിയെ പ്രണയിതാക്കളുടെ ഗന്ധര്വരാത്രിയാക്കും.
തങ്കമണിയുടെ കല്യാണപ്പന്തലില്‍ പാടാനെത്തിയ അബു അന്ന് പതിവിന് വിപരീതമായി താന്‍ കെട്ടിയുണ്ടാക്കിയ പാട്ട് പഴയൊരു മുസ്ലിം പാട്ടിന്റെ ഈണത്തില്‍ പാടുകയാണ് ചെയ്തത്. പാട്ട് തുടങ്ങിയപ്പോള്‍ അതില്‍ അസാധാരണമായ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും നിമിഷകവിയായ അയാള്‍ ആ പാട്ട് നവവധു തങ്കമണിക്ക് സമര്‍പ്പിക്കാനായി പാട്ടിലെ വരികള്‍ അനുപല്ലവിമുതല് മാറ്റുകയായിരുന്നു.
നാള്യല്ലെ തങ്കംമണിയുടെ കല്ല്യാണം പൊന്നെ...
തെക്ക്ന്നൊര് ചെക്കന് മാരനായ് വന്നേ...
നാളെ വെളുപ്പിന് മിന്നത് കെട്ടും...
പെണ്ണിന്റെ മോത്തപ്പോ നാണം മൊളക്കും... (നാള്യല്ലെ തങ്കമണിയുടെ)
ഇത്രയും പാടുന്നത് കേട്ടുകൊണ്ട് അബു ഉള്‍പ്പെടെ ഇരുപതോളം കുടിയാന്മാരുടെ ജന്മിയും പത്തമ്പത് ഏക്കറ് ഭൂമിയുടെ ഉടമയുമായ കോലാട്ട് ശങ്കരന് നായര്‍ തന്റെ ചില ശിങ്കിടിമാരോടൊപ്പം പന്തലിലേക്ക് കയറിവന്നു. തന്റെ കുടിയാന്മാരുടെ വീടുകളില്‍ കല്യാണംപോലുള്ള വിശേഷങ്ങളുണ്ടാകുമ്പോള്‍ എന്തെങ്കിലും നക്കാപ്പിച്ച കൊടുത്ത് പേര് സമ്പാദിക്കാന്‍ ജന്മിമാര് വരും. അമ്മാതിരിയുള്ള ഒരു സന്ദര്‍ശനമായിരുന്നു അതും. അയാള്‍ കയറിവന്നപ്പോള്‍ പന്തലിലുള്ള മുതിര്‍ന്നവരൊക്കെ എഴുന്നേറ്റ് അയാളെ വണങ്ങി. എന്നാല്‍, പാടിക്കൊണ്ടിരുന്ന അബു അയാളെ കണ്ടതായി നടിച്ചില്ലെന്നു മാത്രമല്ല അയാളിലെ നിമിഷകവി വീണ്ടും സടകുടഞ്ഞ് എഴുന്നേല്ക്കുകയും പാട്ടിന്റെ തുടര്‍ച്ച താഴെക്കാണും വിധം മാറ്റുകയുംചെയ്തു.
പത്ത് സെന്റ് സ്ഥലം ഞങ്ങക്ക് തരാറായില്ലെ...
മുതലാളിമാരുടെ വഞ്ചന തീരാറായില്ലെ...
മുതലാളിമാര്‍ പാവങ്ങളെ കണ്ടാ...
മീശ പിരിക്കണതെന്തിന് പൊന്നെ...
കണ്ണതരുട്ടണതെന്തിന് കണ്ണേ...
കാറിത്തുപ്പണതെന്തിന് റബ്ബേ... (പത്ത് സെന്റ്...)
കേരളത്തില്‍ ഭൂപരിഷ്കരണ നിയമം പാസാക്കിക്കൊണ്ട്, ഓരോ ഭൂസ്വാമിയും തങ്ങളുടെ കയ്യില്‍ കണക്കില്‍ കവിഞ്ഞ് സൂക്ഷിക്കുന്ന ഭൂമി മിച്ചഭൂമിയായി കണക്കാക്കി, സ്വന്തമായി ഭൂമിയില്ലാത്ത കുടിയാന്മാര്ക്ക് പത്ത് സെന്റ് വീതം സൗജന്യമായി പതിച്ചുനല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും, പല ജന്മിമാരും അതു നടപ്പിലാക്കാന്‍ മടിച്ചുനില്ക്കുന്ന കാലം. തന്റെ ഒരിഞ്ചു സ്ഥലംപോലും ഒരുത്തനും തരില്ലെന്ന്, കോണ്‍ഗ്രസുകാരുമായുള്ള ചങ്ങാത്തത്തിന്റെ ബലത്തില്‍, വാശിപിടിച്ച് നില്ക്കുന്ന കോലാട്ട് ശങ്കരന് നായരുടെ പറമ്പിലെ കുടിയാനായ അബു പത്ത് സെന്റ് തനിക്കുള്‍പ്പെടെ തരാത്തതില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രതികരിച്ചിരുന്ന സമയം. അബു കമ്യൂണിസ്റ്റാണെന്ന് മുതലാളിമാര്‍ നാടാകെ പറഞ്ഞു പരത്തിയിരുന്നതിനാല്‍ അയാള്‍ പലരുടേയും നോട്ടപ്പുള്ളിയായിരുന്നു.
അപ്രതീക്ഷിതമായി തന്റെ ദുഷ്ടനായ ജന്മി പന്തലില്‍ വന്നതും പ്രതികരിക്കാനുള്ള ഏറ്റവും നല്ല അവസരം കൈവന്നതായി കരുതിയ അബു തന്റെ പാട്ടിലൂടെ അതിനു ശ്രമിച്ചു. അയാള്‍ ഇൗണത്തില്‍ പാടിക്കൊണ്ടിരിക്കെ പാട്ടിലെ വരികള്‍ കേട്ട് അരിശം പൂണ്ട ശങ്കരന് നായര്‍ അബുവിന്റെ അരികിലേക്ക് കുതിച്ചെത്തി തനിക്കു പുറം തിരിഞ്ഞിരുന്നു പാടുന്ന അയാളെ ആഞ്ഞൊരു ചവിട്ടു കൊടുത്തു. ചവിട്ടേറ്റ് അബു കമിഴ്ന്ന് നിലംപതിക്കുകയും കയ്യിലെ മൈക്ക് തെറിച്ചുവീഴുകയും ചെയ്തു. അതു കണ്ട് സോഡ ഭാര്ഗവന് മൈക്ക് ഓഫ് ചെയ്തു.
വീണിടത്തുനിന്ന് എഴുന്നേറ്റ അബു എതിരാളിയുമായി ഊറ്റത്തോടെ ഏറ്റുമുട്ടുന്ന ഒരു സിംഹമായി മാറി. അയാള്‍ ശങ്കരന് നായര്‍ക്കു നേരെ കുതിച്ചപ്പോള്‍ ശിങ്കിടികള്‍ ചേര്‍ന്ന് നായര്‍ക്ക് സംരക്ഷണവലയമൊരുക്കിയെങ്കിലും കളരിയഭ്യാസിയായ അബു ശക്തമായി തിരിച്ചടിച്ചു. തുടര്‍ന്നു ശിങ്കിടികളും അബുവും തമ്മില്‍ പൊരിഞ്ഞ അടിപിടി നടന്നു. കല്യാണപ്പന്തലില്‍ ഉണ്ടായിരുന്ന പലരും പുറത്തേക്കോടി. വലിയ വിപത്തുകള്‍ വരുമായിരുന്ന ആ സന്ദര്‍ഭത്തെ ചില ചെറുപ്പക്കാര്‍ ഇടപെട്ടു കുറഞ്ഞ സമയത്തിനകം ശാന്തമാക്കി.
പക്ഷേ ആ അടിയുടെ ശക്തിയും ഊക്കും മനസ്സിലാക്കിയ ശങ്കരന് നായര്‍ എങ്ങനെ നേരിടണമെന്നറിയാതെ അതുവരെ പരുങ്ങി നില്‍പ്പായിരുന്നു. അടുത്ത നിമിഷം ശങ്കരന് നായരേയും പിടിച്ചുവലിച്ചുകൊണ്ട് ശിങ്കിടികള്‍ ചുഴലിബാധിതരെപ്പോലെ പന്തലില്നിന്നിറങ്ങിപ്പോയി. എല്ലാം കണ്ട് അന്ധാളിച്ച് പന്തലിന്റെ ഒരു മൂലയില്‍ പേടിച്ചരണ്ടിരുന്ന ബാലനും ലീലയും മക്കളും ലഹളയെല്ലാം ഒന്ന് തണുത്തപ്പോള്‍ ദീര്‍ഘനിശ്വാസം വിട്ടു. ലഹള കഴിഞ്ഞ് പന്തലില്‍നിന്ന് ആദ്യം അകത്ത് കയറിയത് ബാലന്റെ ഭാര്യ ലീലയായിരുന്നു. അടുത്ത നിമിഷം അവള് പരിഭ്രമത്തോടെ പുറത്തേക്കോടിവന്ന് ഭര്‍ത്താവിനെ ഉറക്കെ വിളിച്ചു.
ആ വിളിയില്‍ എന്തോ അപകടം പതിയിരിക്കുന്നത് ബാലനൊപ്പം പന്തലിലുള്ളവരെല്ലാം തിരിച്ചറിഞ്ഞു. അതോടെ, കാര്യമെന്തെന്നറിയാനുള്ള ആകാംക്ഷ എല്ലാവരിലും മുളച്ചു. അടുത്ത നിമിഷം തങ്കമണിയെ കാണാനില്ലെന്ന ദുരന്തവാര്‍ത്ത ലീല ഉറക്കെ പന്തലില്‍ വിളിച്ചുപറഞ്ഞതോടെ പലരും പുരക്കകത്തേക്ക് ഇരച്ചുകയറി. അകത്തും പുറത്തുമെല്ലാം ഓടിനടന്ന് തിരച്ചിലായി.
പരിസരത്തെ കിണറും കൊക്കരണിയും പാമ്പുങ്കാവും ആള്‍മറകളും തപ്പി. എവിടേയും അവളില്ല. ബാലന് അകത്തുകയറി താന്‍ സ്വരുക്കൂട്ടിെവച്ച പണ്ടവും പണവുമെല്ലാം അവിടെ ഉണ്ടോയെന്ന് നോക്കി. അതെല്ലാം െവച്ചതുപോലെ അവിടെത്തന്നെയുണ്ടായിരുന്നു. ലീല സങ്കടം താങ്ങാനാവാതെ അലമുറയിട്ടു കരഞ്ഞു. അയല്‍ക്കാരി പെണ്ണുങ്ങള് അവളെ സാന്ത്വനിപ്പിക്കാന്‍ പലതും പറഞ്ഞു നോക്കിയെങ്കിലും അവള് സമാധാനപ്പെട്ടില്ല. എന്തുചെയ്യണമെന്നറിയാതെ പന്തലിന്റെ മൂലയില്‍ ബാലനും മക്കളും വിറങ്ങലിച്ചുനിന്നു. അതു കണ്ട് സോഡ ഭാര്ഗവന് മൈക്ക് ഓഫ് ചെയ്തതോടെ അതുവരെ പാട്ടിന്റെ മാധുര്യം പരന്നൊഴുകിയിരുന്ന ആ പരിസരത്ത് പെട്ടെന്ന് കനത്ത നിശ്ശബ്ദത പരന്നു. ചുറ്റുപാടുമുള്ള വീടുകളില്‍ പാട്ടില്‍ ലയിച്ചു കിടന്ന പെണ്കിടാങ്ങള് ആ കനത്ത മൗനത്തെ താങ്ങാനാവാതെ അസ്വസ്ഥരായി.
കുമാര്‍ ബീഡി അക്കാലത്ത് നാട്ടിലെ പേരുകേട്ട ബീഡിയാണ്. ബീഡിവലിക്കാരുടെ ഇഷ്ടതോഴന്‍. നല്ല കടുപ്പവും ഉന്മേഷവും തരുന്ന കുമാര്‍ ബീഡിക്ക് ആരാധകര്‍ ഏറെയാണ്. നാട്ടിലെ വലിയ വിദ്യാഭ്യാസം ലഭിക്കാത്ത പെണ്‍കുട്ടികള്‍ക്ക് ബീഡി തെറുക്കല്‍ വീട്ടിലിരുന്ന് ചെറിയ വരുമാനമുണ്ടാക്കാവുന്ന ഒരു തൊഴിലാണ്. കുമാര്‍ ബീഡിക്കമ്പനിയുടെ ഉടമസ്ഥന് ആശാന് അബു കൊളമ്പില് കമ്പനി നടത്തി പരിചിതനാണ്. പത്തിരുപത് വര്‍ഷം കൊളമ്പില് പണിയെടുത്തുണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിലെത്തി അയാള്‍ സ്വന്തമായി ഒരു ബീഡിക്കമ്പനി തുടങ്ങി. എന്നും ബീഡിയുടെ ചുക്കമിശ്രിതം തയാറാക്കുന്നത് അബുവാണ്. രണ്ടുമൂന്നു തരം പുകയിലകള്‍ ചേര്‍ത്താണ് ചുക്കയുണ്ടാക്കുക.
ആ ചുക്കയുടെ സ്വാദും മണവും കടുപ്പവുമാണ് കുമാര്‍ ബീഡി ഉപഭോക്താക്കള്‍ക്ക് ഇത്ര പ്രിയങ്കരമാകാന്‍ കാരണവും. കുമാര്‍ ബീഡിക്കമ്പനി സ്ഥാപിച്ചപ്പോള്‍ അബു നാട്ടിലെ എല്ലാ വീടുകളിലും ചെന്ന് തന്റെ കമ്പനിയില്‍ ബീഡി തെറുക്കാന് പഠിപ്പിക്കുന്നുണ്ടെന്നും പഠിച്ചവര്‍ക്ക് അവിടെ പണിതരാമെന്നും പറഞ്ഞു. നാട്ടില്‍ പാങ്ങില്ലാതെ പഠിപ്പുമുടങ്ങി വീട്ടില്‍ വെറുതെയിരിക്കുന്ന പെണ്‍കുട്ടികള്‍ ബീഡി തെറുപ്പു പഠിക്കാന്‍ പോകാന്‍ തുടങ്ങിയത് ആ പ്രലോഭനത്തിലാണ്.
അക്കൂട്ടത്തില്‍ പോയതാണ് തങ്കമണിയും. അയല്‍ക്കാരനും സമപ്രായക്കാരനുമായ സുലൈമാനെ ശരിക്കും കാണുന്നതും മിണ്ടുന്നതും കമ്പനിയില്‍ പോകുമ്പോഴും വരുമ്പോഴുമായിരുന്നു. അതൊരു നിത്യപ്പതിവായപ്പോള്‍ അവര്‍ക്ക് പരസ്പരം പിരിയാനാകാത്ത ആഴമേറിയ ഇഷ്ടമായി. കല്യാണത്തലേന്ന് അവള് സുലൈമാനൊപ്പം ഒളിച്ചോടിയത് വയനാട്ടിലുള്ള അവന്റെ കുഞ്ഞുമ്മയുടെ വീട്ടിലേക്കായിരുന്നു. പിറ്റേന്ന് അത് നാട്ടിലാകെ പാട്ടായപ്പോള്‍ മുസല്മാന് തട്ടിക്കൊണ്ടുപോയ മകളെ തിരികെ കൊണ്ടുവരാനും സുലൈമാന്റെ കിടുങ്ങാമണി ഉടയ്ക്കാനും സഹായിക്കാമെന്നേറ്റ് ചില കുറുവടിക്കാര്‍ ബാലനെ തേടി വന്നു. ആരുടെ കൂടെയായാലും തന്റെ മകള്‍ സുഖമായിരുന്നാല്‍ മതിയെന്നു പറഞ്ഞ് അയാള്‍ ആ കൊതിയന്മാരെ തിരിച്ചയച്ചു. ബാലന്റെ ആ തീരുമാനം നാട്ടില്‍ ഉടലെടുക്കുമായിരുന്ന ഒരു വര്‍ഗീയ രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കി.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദാരിദ്ര്യംകൊണ്ട് സ്കൂളില്‍നിന്ന് പഠിപ്പ് നിര്‍ത്തി അകന്ന ബന്ധു കുഞ്ഞോമദിനൊപ്പം കണ്ണൂര്‍ സുഭാഷ് ബീഡിക്കമ്പനിയില്‍ തെറുപ്പ് പഠിക്കാന്‍ പോയതാണ് അബു. തെറുപ്പിനൊപ്പം മെയ്യഭ്യാസവും പാട്ടും വശത്താക്കി. കണ്ണൂരിലെ സന്ധ്യകളില്‍ പണി കഴിഞ്ഞ ഒഴിവുവേളകള്‍ ആനന്ദപ്രദമാക്കാന്‍ തൊഴിലാളികള്‍ തട്ടുമ്പുറങ്ങളില്‍ നടത്തിയിരുന്ന പാട്ടുമേളകളില്‍ സ്ഥിരമായി പങ്കെടുത്ത് പാട്ടിന്റെകൂടെ ബുള്‍ബുള്‍ വാദനവും പഠിച്ചു. അതിനിടയില്‍ ഒരുമനയൂരില്‍നിന്ന് ഉമൈബയെന്ന സുന്ദരിയെ അയാള്‍ക്ക് കെട്ടിച്ച് കൊടുത്താണ് ഉമ്മ മയ്യത്തായത്.
ബാപ്പ അയാള്‍ക്ക് എട്ടുംപൊട്ടും തിരിയുന്നതിനുമുമ്പ് ലാഞ്ചിയില്‍ ദുബായില്‍ പോകാന്‍ ബോംബേക്ക് പോയതാണ്. പിന്നെ നാളിതുവരെ പുള്ളിയെപ്പറ്റി ഒരു വിവരവുമില്ല. സുഭാഷ് ബീഡിക്കമ്പനി നടത്തിയിരുന്ന ഗൗണ്ടര്‍ വാർധക്യസഹജമായ അസ്വസ്ഥതകള്‍മൂലം കമ്പനി കോഴിക്കോട്ടെ വാറുണ്ണി മുതലാളിക്ക് വിറ്റതുമുതല്‍ എന്തുകൊണ്ടെന്നറിയില്ല വാറുണ്ണിയും അബുവും തമ്മില്‍ ഒരു ശീതസമരം ഉടലെടുത്തിരുന്നു. അത് ക്രമേണ മൂര്‍ച്ഛിച്ച് ഒടുക്കം വാറുണ്ണിയുമായി പിണങ്ങി നാട്ടില്‍ തിരിച്ചുവന്ന സമയത്താണ് അയല്ക്കാരന് അച്യുതന് അബുവിനെ കൊളമ്പിലേക്ക് കൊണ്ടുപോയത്.
തന്റെ കമ്പനിയില്‍ പെണ്‍കുട്ടികളെ തെറുപ്പു പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടിലെ മിക്ക പാവങ്ങളുടെ വീടുകളിലേയും കൗമാരക്കാരികളും യുവതികളും കുമാര്‍ ബീഡിയുടെ ഭാഗമായി. കുമാര്‍ ബീഡിക്കമ്പനിയില്‍ തെറുക്കാന് വന്നിരുന്ന ഇരുപതോളം യുവതികളില്‍ ഒരാളായിരുന്നു സൗദാമിനി. ആശാന് അബുവിന്റെ വീടിന്റെ വിളിപ്പാടകലെ പടിഞ്ഞാറ്റുമുറിയാണ് അവളുടെ വീട്. അവളുടെ വീട്ടില്‍ ഏട്ടന് മുരുകദാസനും അവളുമാണ് താമസം. കരിക്കുളം ബസിലെ കിളിയായിരുന്ന മുരുകദാസന്‍ കാഴ്ചയില്‍ വളരെ പരുക്കനാണെങ്കിലും ഒരു പേടിത്തൂറിയാണ്. അച്ഛനുമമ്മയും നേരത്തേ മരിച്ചതിനാല്‍ ദാസനാണ് പെങ്ങളുടെ അച്ഛനും അമ്മയും.
അമ്മ മരിച്ച അന്നു മുതല്‍ കാക്കയും കുവ്വയും റാഞ്ചാതെ പെങ്ങളെ കാത്തുരക്ഷിക്കുകയാണയാള്. കാരക്കാട് സ്കൂളില്‍നിന്ന് ഏഴാം ക്ലാസ് ജയിച്ചതിനുശേഷം അവള്‍ക്ക് ഇഷ്ടമായിരുന്നെങ്കിലും ദാസന് പഠിക്കാന്‍ വിട്ടില്ല. വീട്ടില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് ഹൈസ്കൂളുള്ളത് എന്നതായിരുന്നു അതിനയാള്‍ കണ്ട ന്യായം. ബീഡിക്കമ്പനിയിലേക്ക് വിട്ടതു തന്നെ അയാള്‍ പണിക്കുപോയാല്‍ അവള് തനിച്ചാകുമെന്നതുകൊണ്ടാണ്. വേണ്ടാത്ത ചിന്തകളോ വല്ല വേതാളങ്ങളോ കയറിവന്ന് പെങ്ങളുടെ ജീവിതം നശിക്കാതിരിക്കാന്‍ കമ്പനിയില്‍ പോകുന്നത് നല്ലതാണെന്ന് ദാസനോട് പറഞ്ഞത് അയാളുടെ കൂട്ടുകാരന് അഹമ്മദാണ്. പെങ്ങളുടെ കല്യാണം കഴിയാതെ താന്‍ കല്യാണം കഴിക്കില്ലെന്ന് ശപഥംചെയ്തു കഴിയുന്ന ദാസന് വയസ്സ് ഇരുപത്തിയൊമ്പതായി.
കമ്പനിയില്‍ കാലത്തു മുതല്‍ വൈകുംവരെ ഇരുന്നു ബീഡി ചുരുട്ടാന്‍ വരുന്ന പെണ്‍കൊടികളില്‍ അബുവിന്റെ മനസ്സില്‍ കയറിയത് സൗദാമിനി മാത്രമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള അബു ഒരു എം.ജി.ആര് ആരാധകനാണ്. കൊളമ്പിലുള്ള കാലംമുതല്‍ തുടങ്ങിയതാണ് മക്കള്‍ തിലകത്തോടുള്ള ഇഷ്ടം. എം.ജി.ആറിന്റെ ‘അടിമൈപ്പെണ്’ പതിനാലു തവണയാണ് അബു കണ്ടത്. ഉടവുതട്ടാതെ കാക്കുന്ന അഭ്യാസിയുടെ ശരീരവടിവും പുരട്ചി തലൈവര്‍ എം.ജി.ആറിന്റെ എലിവാലന്‍ മീശയും ചുരുണ്ട മുടിയും വറ്റാത്ത പ്രസരിപ്പും നാല്‍പ്പതിലും അബുവിനെ നായകസ്ഥാനത്തു നിര്‍ത്തി. അയാളുടെ നീലനിറമുള്ള കൃഷ്ണമണികളാണ് ഏറ്റവും ആകര്‍ഷകം.
ആ പ്രദേശത്ത് മറ്റാര്‍ക്കുമില്ലാത്ത ഒരു സവിശേഷതയായിരുന്നു അയാളുടെ കണ്ണുകളിലെ മയില്‍പ്പീലിയുടെ നീലിമ. ഏത് കാര്യവും ആക്ഷേപഹാസ്യരൂപത്തില് പറഞ്ഞു ഫലിപ്പിക്കാനുള്ള അയാളുടെ അസാധാരണമായ മിടുക്കും, എന്തും പൊടിപ്പും തൊങ്ങലുംെവച്ച് അവതരിപ്പിക്കാനുള്ള തന്ത്രവും എല്ലാവരേയും ആകര്‍ഷിച്ചിരുന്നു. താന്‍ പറയുന്ന തമാശകള്‍ക്കിടയില്‍ നിഷ്കളങ്കമായ അയാളുടെ പൊട്ടിച്ചിരികള്‍ മറ്റുള്ളവരിലും ചിരി പടര്‍ത്തും. പല പെണ്ണുങ്ങളും അബുവിനെ മനസ്സിലെ സ്വപ്നനായകനായി പ്രതിഷ്ഠിച്ചിരുന്നു. അവരുടെ ഒഴിവുവേളകളില്‍ അവര്‍ അബുവുമൊത്ത് പ്രണയഗാനങ്ങള്‍ പാടി മരംചുറ്റി നടന്നു.
രാത്രികാലങ്ങളില്‍ ഭര്‍ത്താവുമൊത്ത് ശയിക്കുമ്പോഴും തങ്ങള്‍ രമിക്കുന്നത് അബുവുമൊത്താണെന്നവര് പാഴ് കിനാവു കണ്ടു. കമ്പനിയില്‍ അബുവിന്റെ സാന്നിധ്യം നര്‍മത്തിന്റെ അനേകം നിമിഷങ്ങള്‍ സൃഷ്ടിച്ചിരുന്നതിനാല്‍ പെണ്ണുങ്ങള്‍ക്ക് അയാളോട് കടുത്ത ആരാധനയായിരുന്നുവെങ്കിലും സൗദാമിനി മാത്രമേ അയാളുടെ മനസ്സില്‍ സ്ഥാനംപിടിച്ചുള്ളൂ. സൗദാമിനി കമ്പനിയില്‍ പോകുന്നതും തിരിച്ചുവരുന്നതും മറ്റു പല പെണ്ണുങ്ങളുമൊത്താണെങ്കിലും കമ്പനിയടച്ച് അബുവും അവര്‍ക്കൊപ്പം തന്റെ സൈക്കിളും തള്ളി കൂടും. കിഴക്കുമുറിയിലുള്ള കള്ളക്കടിയന് അബ്ദുള്ളയുടെ പലചരക്ക് കടയില്‍നിന്ന് അരിയും സാധനങ്ങളും വാങ്ങാന്‍ ദിവസവും വരുന്ന സൗദാമിനിക്ക് അബുവിന്റെ വീട് കടക്കണം കടയിലെത്താന്‍. സ്ഥിരമായി അവള് സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന സമയം നോക്കി തമ്മില്‍ കാണാന്‍ അബു കടയിലേക്ക് ഇറങ്ങും.
ഒരുദിവസം അയാള്‍ അന്നാദ്യമായി തന്റെ ഹൃദയത്തുടിപ്പുകള്‍ പ്രണയിനിക്ക് കൈമാറാന്‍ ഒരു പ്രേമക്കത്തെഴുതി കൊടുത്തു. ഉയര്‍ന്ന നെഞ്ചിടിപ്പോടെ അവള് ആ കത്ത് ആരും കാണാതെ വാങ്ങി തന്റെ ബ്ലൗസിനുള്ളില്‍ ഒളിപ്പിച്ചു. ആ നിമിഷം മുതല്‍ അവളുടെ ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങി ആ കത്തിന് ജീവന് െവക്കാന്‍ തുടങ്ങി. അവളത് വീട്ടില്‍ കൊണ്ടുപോയി പരമരഹസ്യമായി വായിച്ചു. അബുവിന്റെ ഹൃദയം തന്നിലേക്ക് പകര്‍ത്തിയ പ്രണയമർമരങ്ങള് സൃഷ്ടിക്കുന്ന സ്വപ്നസന്നിഭമായ ഒരു മാന്ത്രികാവസ്ഥയില് അവള് സ്വയം മറന്നു. പലയാവര്‍ത്തി വായിച്ച ആ കത്ത് അവള് അമ്മയുടെ പഴയ ട്രങ്ക് പെട്ടിയുടെ അടിയില്‍ അതീവ ഗൂഢമായി സൂക്ഷിച്ചുെവച്ചു.
അതിനുശേഷം അബുവിനെ കാണാതെ ഒരുദിവസം പോലും തള്ളിനീക്കാന്‍ അവള്‍ക്ക് പ്രയാസമായി. രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ അബു തന്റെ ബുള്‍ബുളില്‍ ഒത്തിരി പ്രണയഗാനങ്ങള്‍ വായിച്ചു. അയാളുടെ ബുള്‍ബുളിന്റെ തേങ്ങലുകള്‍ പടിഞ്ഞാറ്റുമുറിയിലെ വീടിന്റെ സൂത്രോട്ടകളിലൂടെ സൗദയുടെ ആര്ദ്രഹൃദയത്തെ വന്നു തൊട്ടുകൊണ്ടിരുന്നപ്പോള് എന്തിനെന്നറിയാതെ കിടക്കപ്പായില്‍ അവള് കിടന്ന് തേങ്ങി. പെങ്ങള് കിടന്ന് തേങ്ങുന്നതറിഞ്ഞില്ലെങ്കിലും അവള്‍ക്ക് കാവലാളായി കിടക്കുന്ന മുരുകദാസന്‍ രാത്രികാലങ്ങളില്‍ അബുവിന്റെ ബുള്‍ബുള്‍ കേട്ട് അസ്വസ്ഥനായി ‘‘ഇയാക്ക് പ്രാന്താണ്’’ എന്ന് മനസ്സില്‍ ശപിച്ചു.
ആയിടക്കാണ് എവിടെയോ നിന്ന് ആരോ ഉപേക്ഷിച്ച അവശനായ ഒരു വളര്‍ത്തുനായ അബുവിന്റെ വീട്ടില്‍ വന്നുപെട്ടത്. പാട്ടുകാരനായ അബുവിന് ഒരു ബന്ധു ദുബായില്‍നിന്ന് വന്നപ്പോള്‍ സമ്മാനമായി കൊടുത്ത ഗ്രാമഫോണ്‍ തന്റെ ജീവന്‍പോലെ കരുതി സൂക്ഷിച്ചിരുന്നു അയാള്‍. അതില്‍ റെേക്കാഡിട്ട് അയാളിപ്പോള്‍ സ്ഥിരമായി തന്റെ സന്ധ്യകളെ സംഗീതംകൊണ്ട് നിറക്കാറുണ്ട്. ആ റെക്കോഡുകളിലെല്ലാം പതിപ്പിച്ചിട്ടുള്ള, കോളാമ്പിക്കുഴലിനു മുന്നില്‍ ആകാംക്ഷയോടെ ഇരിക്കുന്ന സുന്ദരനായ നായയെ, ആ ചിത്രം കണ്ടു തുടങ്ങിയ കാലം മുതല്‍ അയാള്‍ മനസ്സില്‍ താലോലിച്ചിരുന്നു. അതുകൊണ്ട് തന്നെ തന്റെ വീട്ടില്‍ വന്നുപെട്ട നായയില്‍ അയാളുടെ മനസ്സ് ഉടക്കി.
അനാഥനായ ആ നായക്ക് ഭക്ഷണം കൊടുത്തപ്പോള്‍ നായ അയാളെ നോക്കി നന്ദിപൂര്‍വം വാലാട്ടിയതോടെ അയാളുടെ മനസ്സലിഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും അത് പോകാതെ അയാളുടെ വീട്ടുമുറ്റത്തുതന്നെ ചുറ്റിപ്പറ്റി നടക്കുന്നതു കണ്ട് അതിനെ വിട്ടുകളയേണ്ടെന്ന് അയാള്‍ക്ക് തോന്നി. നാലുനാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ നായക്ക് ഒരു പേരിടാന്‍ തീരുമാനിച്ചു. തന്റെ മനസ്സില്‍ കാലങ്ങളായി കിടന്നിരുന്നതും ശൂരനായ ഒരു നായക്കിടാന്‍ പറ്റിയ ഏറ്റവും ഉചിതമായതെന്ന് അയാള്‍ കരുതുന്നതുമായ ‘ടൈഗര്‍’ എന്ന പേര് നായയുടെ ചെവിയില്‍ അയാള്‍ ഉറക്കെ പറഞ്ഞു. അബുവിന്റെ പേരിടലിനെ ‘ഹിസ് മാസ്റ്റേഴ്സ് വോയിസ്’ ആയി കണക്കാക്കി നായ നന്ദിപൂർവം വാലാട്ടി അവിടെ പാര്‍പ്പു തുടങ്ങിയെന്നു മാത്രമല്ല അവിടേക്ക് ആരുവന്നാലും കുരച്ചുചാടി യജമാനസ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.
നായ പുതിയ യജമാനനെ സ്നേഹിച്ചും അംഗീകരിച്ചും അഞ്ചാറു മാസം കഴിഞ്ഞ ഒരു വൈകുന്നേരം പതിവുപോലെ തന്റെ ഈവനിങ് വാക്ക് കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ശങ്കരന് നായരെ തുടലഴിഞ്ഞ നായ ഓടിച്ചിട്ടു കടിച്ചു കുടഞ്ഞു. ഗുരുതരമായി കടിയേറ്റ ശങ്കരന് നായരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നാടുമുഴുവന്‍ പുക്കാര്ത്തു. താലൂക്ക് ആശുപത്രിയില്‍ പേപ്പട്ടി വിഷത്തിനുള്ള കുത്തിവെപ്പ് മരുന്ന് ഇല്ലാത്തതിനാല്‍ ടൗണിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. ഏഴുദിവസം തുടര്‍ച്ചയായി പേപ്പട്ടി വിഷത്തിനെതിരെയുള്ള കുത്തിവെപ്പ് എടുക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. സംഭവത്തില്‍ കുപിതരായ ശങ്കരന് നായരുടെ ശിങ്കിടികള്‍ നായയോട് പകരംവീട്ടാന്‍ തീരുമാനിച്ചു.
പേരത്തടി ഉഴിഞ്ഞുണ്ടാക്കിയ മുച്ചാണ് വടികളുമായി അബുവിെന്റ വീട്ടില്‍ അവര്‍ പകരം വീട്ടാന്‍ വന്നപ്പോള്‍ നായയുടെ വേദനാജനകമായ കിടപ്പു കണ്ട് തങ്ങള്‍ക്കുമുമ്പ് മറ്റാരോ പ്രതികാരം ചെയ്തെന്ന് കരുതി അതിനെ തല്ലാന്‍ അറച്ചുനിന്നു. നായ ശങ്കരന് നായരെ കടിച്ചതറിഞ്ഞ് വല്ലാത്തൊരു മാനസികാവസ്ഥയിലായ അബു അന്നുതന്നെ നായക്കു വിഷബാധ ഏല്‍ക്കാതിരിക്കാന്‍ അതിന്റെ ഉടയെടുക്കാന് തീരുമാനിച്ചു. നായയെ മലര്‍ത്തിക്കിടത്തി നാലു കാലുകളും നാലു കുറ്റികളില്‍ ബലത്തില്‍ കെട്ടിയതിനുശേഷം ആളുയരത്തിലുള്ള രണ്ട് മുളങ്കുറ്റികള്‍ ചവണപോലെ കെട്ടി നായത്തല അതില്‍ കുരുക്കി കുറ്റികള്‍ നിലത്തടിച്ചുറപ്പിച്ചു.
അതിനു ശേഷം, മൂര്‍ച്ചയുള്ള ക്ഷൗരക്കത്തികൊണ്ട് അതിന്റെ വൃഷണസഞ്ചി കീറി, അതില്‍നിന്ന് വൃഷണങ്ങള്‍ നീക്കംചെയ്ത് ചില പച്ചമരുന്നുകള്‍ അരച്ച കൂട്ട് പകരം നിക്ഷേപിച്ച്, സൂചിയും നൂലുമുപയോഗിച്ച് തുന്നിച്ചേര്‍ത്തു. അത്രയും നേരം കഠിനവേദന സഹിക്കാതെ നായ ദയനീയമായി ഓലിയിടുകയും ബന്ധനത്തിലിരുന്ന തന്റെ ശരീരം ആവും വിധം ഇളക്കി സ്വതന്ത്രനാവാന്‍ വെപ്രാളപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ആ ശസ്ത്രക്രിയയുടെ വേദനയില്‍ അവശനായി കിടക്കുകയായിരുന്ന ടൈഗറിനെയാണ് തങ്ങള്‍ കാണുന്നതെന്ന് ഗുണ്ടകളിലാരോ പറഞ്ഞപ്പോള്‍ അവര്‍ നിഷ്കരുണം അതിനെ തല്ലിക്കൊന്നു.
മിച്ചഭൂമി കുടിയാന്മാര്ക്ക് പതിച്ചുനല്‍കാത്ത ശങ്കരന് നായരുൾപ്പെടെയുള്ള ജന്മിമാരുടെ വീടുകളിലേക്ക് കുടിയാന്മാരുടെ ഒരു ജാഥ നടത്താന്‍ ബീഡിക്കമ്പനിക്ക് മുടക്കമുള്ള ഞായറാഴ്ച ചില കമ്യൂണിസ്റ്റുകാരുമായി ചേര്‍ന്ന് അബു രഹസ്യമായി തീരുമാനിച്ചിരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട പത്ത് സെന്റ് ഭൂമി ഉടന്‍ കൈവശം തന്ന് അതില്‍ കൂരകെട്ടി സമാധാനത്തോടെ ജീവിക്കാന്‍ ജന്മിമാര് അനുവദിക്കണമെന്നതായിരുന്നു ജാഥയുടെ ആവശ്യം. അതില്‍ അണിചേരാന്‍ മറ്റു കുടിയാന്മാരെ ധൈര്യപ്പെടുത്താനുള്ള രഹസ്യപ്രവര്ത്തനത്തിലായിരുന്നു കുറേ നാളുകളായി അവര്‍.
അതിനായി രാത്രികളില്‍ കമ്യൂണിസ്റ്റ്കാരേയും കൂട്ടി അയാള്‍ കുടിയാന്മാരുടെ വീടുകളില്‍ രഹസ്യമായി ചെന്ന് തങ്ങളുടെ അവകാശത്തെപ്പറ്റി ബോധവാന്മാരാകാനും ഇതൊരു ജീവന്മരണ പോരാട്ടമായി കണക്കാക്കി സമരം നടത്താനും അവരെ പ്രചോദിപ്പിച്ചു. കുടിയാന്മാര് സംഘം ചേരേണ്ടതിന്റെ ആവശ്യകത അവരെ പറഞ്ഞ് മനസ്സിലാക്കി. പ്രദേശത്തുള്ള മുഴുവന്‍ ജന്മിമാരുടെയും കുടിയാന്മാര് അവരുടെ വാക്കുകളില്‍ ആകൃഷ്ടരായി ആ ജാഥയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.
കാലത്ത് പത്തു മണിക്ക് കുടിയാന്മാരായി കഴിയുന്നവരെല്ലാം അബുവിന്റെ വീട്ടുമുറ്റത്ത് ഒറ്റയും തെറ്റയുമായി എത്തിച്ചേര്‍ന്നു. അബു തന്റെ വീട്ടില്‍ തയാറാക്കി െവച്ചിരുന്ന അരിവാളും ചുറ്റികയും അടയാളമിട്ട ഒട്ടനവധി ചുകന്ന കൊടികള്‍ എടുത്ത് വന്നവര്‍ക്കെല്ലാം നല്കി. അരമണിക്കുറിനുള്ളില്‍ അമ്പതിലധികം കുടിയാന്മാര് അവിടെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവര്‍ ഒരു ജാഥയായി അബു ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ ഏറ്റുവിളിച്ച് പല ജന്മിമാരുടെ വീട്ടുപടിക്കലൂടെയും മുന്നോട്ടുപോയി.
ജന്മിമാര്ക്കെതിരെ സിംഹഗർജനംപോലെ മുഴങ്ങുന്ന മുദ്രാവാക്യങ്ങളുമായി ജാഥ അവസാനം ശങ്കരന് നായരുടെ അടഞ്ഞുകിടക്കുന്ന പടിപ്പുരക്കു മുന്നിലെത്തി അവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളി തുടര്‍ന്നു. ജാഥ കണ്ട് ശങ്കരന് നായര്‍ പേടിച്ച് പോലീസിനെ വിളിച്ചു. ഇടിവണ്ടിയുമായി പോലീസ് പാഞ്ഞ് വന്നു. പോലീസിനെ കണ്ട് പേടിച്ച് ഓടിപ്പോയവരൊഴിച്ചുള്ള ഏകദേശം പത്തിരുപത്തഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാത്തതിനാല്‍ എല്ലാവരേയും സ്വന്തം ജാമ്യത്തില്‍ വിട്ടു. സ്ഥിതിഗതികള്‍ അത്ര പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ജന്മികള് അതിന് പ്രതികാരം ചെയ്യാന്‍ സംഘം ചേര്‍ന്നു തീരുമാനിച്ചത് പക്ഷേ പാവം കുടിയാന്മാര് അറിഞ്ഞില്ല.
പിറ്റേന്ന് ബീഡിക്കമ്പനിയില്‍ ഒപ്പം തെറുക്കുന്ന ഉമ്മു കുല്സുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ സൗദാമിനി പോയപ്പോള്‍, അന്ന് പണിയില്ലാതെ വീട്ടിലിരുന്ന മുരുകദാസന്‍ അമ്മയുടെ ട്രങ്കുപെട്ടിയില്‍ നിന്ന് പഴയ ചില രേഖകള്‍ തിരയവെ പെട്ടിയുടെ അടിയില്‍ സൗദ ഭദ്രമായി സൂക്ഷിച്ചിരുന്ന പ്രേമക്കത്തുകള് കണ്ടെടുത്തു. അയാളവ ഓരോന്നായ് വായിച്ച് അരിശംപൂണ്ടെങ്കിലും പ്രശ്നം നിശ്ശബ്ദമായി പരിഹരിക്കാന്‍ തീരുമാനിച്ചു. ഉച്ചതിരിഞ്ഞ് സൗദ തിരിച്ചെത്തിയപ്പോള്‍ അവള്‍ക്ക് ഒരു സംശയവും തോന്നാത്തവിധം വളരെ സാധാരണമട്ടില്‍ അയാള്‍ പെരുമാറി. അയാള്‍ അവളോട് കല്യാണവിശേഷങ്ങള്‍ ചോദിച്ചതിനുശേഷം ഒരു നുണ പറഞ്ഞു.
‘‘മ്മ്ടെ വേലൂര്ത്തമ്മായി ചെക്കനെ പറഞ്ഞച്ചേര്ന്ന്... മ്മളോടാങ്ണ്ട് ചെല്ലാന്‍...’’
‘‘എന്തൂട്ട്നാത്രെ?’’ അവള് അല്പം ആകാംക്ഷയോടെ അയാളെ നോക്കി.
‘‘ആവോ... അയിനെപ്പറ്റ്യൊന്നും ചെക്കന് പറഞ്ഞില്ല...’’ അയാള്‍ അവളുടെ നോട്ടം അവഗണിച്ചുകൊണ്ട് മറുപടി പറഞ്ഞു.
പിറ്റേന്ന് നേരം വെളുക്കാന്‍ തുടങ്ങുന്നതിനു മുമ്പ്തന്നെ ദാസന് സൗദയെയും കൂട്ടി വേലൂര്‍ തന്റെ അമ്മായിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. എപ്പോള്‍ തിരിച്ചുവരുമെന്ന അവളുടെ ചോദ്യത്തിന് ‘‘മ്മക്ക് അന്തിക്ക് മുമ്പെത്താ...’’ എന്നയാള്‍ മറുപടി പറഞ്ഞു. അങ്ങാടിയിലെ ബസ് സ്റ്റോപ്പില്‍നിന്ന് ആദ്യത്തെ ബസില്‍തന്നെ അവര്‍ കയറിപ്പോയി.
അന്ന് സൗദാമിനിയെ കമ്പനിയില്‍ കാണാതായ അബു കൂട്ടുകാരിയോടു വിവരം ആരാഞ്ഞപ്പോഴാണ് അവള് വേലൂര്‍ പോയതറിഞ്ഞത്. തന്നോട് മിണ്ടാതെ അവള് പോയതില്‍ എന്തോ ദുരൂഹതയുണ്ടെന്ന് അയാള്‍ക്ക് തോന്നി. അയാള്‍ക്ക് എന്തെന്നില്ലാത്ത ഒരു പാരവശ്യം അനുഭവപ്പെട്ടു. പണിയെടുക്കാന്‍ വയ്യാത്തവിധം തളര്‍ച്ചയും ക്ഷീണവും തോന്നി. സങ്കടം മൂത്ത് അയാള്‍ ആരോടും പറയാതെ കമ്പനിയില്‍നിന്ന് പുറത്തിറങ്ങി. എന്തു ചെയ്യണമെന്നോ എവിടെ പോകണമെന്നോ അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. അലസനായി അയാള്‍ തന്റെ റാലി സൈക്കിളില്‍ കയറി അലക്ഷ്യമായി കറങ്ങി.
ഒടുക്കം അയാള്‍ ദേശത്തെ പൊതുശ്മശാനത്തിനു മുന്നിലെത്തി. അവിടെ അപ്പോള്‍ അയാള്‍ക്ക് അജ്ഞാതനായ ആരുടേയോ മൃതശരീരം അടക്കം ചെയ്യുകയായിരുന്നു. ശ്മശാനത്തിന്റെ വാതുക്കല് കുറച്ചു നേരം നിന്നതിനുശേഷം എങ്ങോട്ടെന്നില്ലാതെ വീണ്ടും സൈക്കിളില്‍ കയറിയ നേരത്ത് ഒരു ജീപ്പില്‍ അഞ്ചെട്ട് മല്ലന്മാര് പാഞ്ഞു വന്ന് അയാളെ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തില്‍ സൈക്കിളും അയാളും ദൂരേക്ക് തെറിച്ചുവീണു. അപ്പോഴേക്കും ജീപ്പില്‍ നിന്നിറങ്ങിയവര്‍ കയ്യിലിരുന്ന ഇരുമ്പുവടികള്‍കൊണ്ട് അയാളെ തിരിച്ചൊന്നും ചെയ്യാനാകാത്തവിധം ക്രൂരമായി തല്ലിച്ചതച്ചു. അടിയേറ്റ് അയാളുടെ രണ്ടു കാലുകളും ഒടിഞ്ഞു, ചെവിയുടെ ഭാഗത്ത് തലയോട്ടിക്ക് പൊട്ടല്‍ വീണു.
അപ്പോഴേക്കും അയാളുടെ അലര്‍ച്ചകേട്ട് ശവപ്പറമ്പില്‍നിന്ന് ആളുകള്‍ ഓടിവരാന്‍ തുടങ്ങിയപ്പോള്‍ മരണാസന്നനായ അയാളെ അവിടെ ഉപേക്ഷിച്ച് ഗുണ്ടകള്‍ ജീപ്പില്‍ രക്ഷപ്പെട്ടു. തന്നെ ആരാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് അയാള്‍ക്ക് മനസ്സിലായില്ല. തല്ല് സംഘത്തിലെ ആരേയും ഇതിനുമുമ്പ് കണ്ടിട്ടില്ല. ഓടിവന്നവരില്‍ ചിലരാണ് രക്താഭിക്ഷിക്തനായ അയാളെ താങ്ങിയെടുത്ത് ആസ്പത്രിയില്‍ എത്തിച്ചത്.
അപ്പോഴയാള് മരണത്തെക്കുറിച്ച് ചിന്തിച്ചു. ഇനി താന്‍ ജീവിതത്തിലേക്ക് തിരികെയെത്തുമോയെന്നയാള് സംശയിച്ചു. ഒരിക്കല്‍കൂടി തന്റെ സൗദയെ കാണാന്‍ കഴിയില്ലേ. ജീവിതം എത്രയോ നിസ്സാരമാണ് മരണം നിലനില്‍ക്കുന്നിടത്തോളം കാലം. ജീവിതത്തില്‍ നാം ചെയ്തതെല്ലാം മരണം മായ്ച്ചുകളയും വളരെ നിസ്സാരമായി. ജീവിതത്തിന്റെ ക്ഷണികസ്വഭാവം അയാളില്‍ ഒരു ഭീതി നിറച്ചു. ജീവിച്ചു മതിയാകാത്ത തന്നെപ്പോലുള്ളവരെ മരണം ഇടക്ക് വന്ന് റാഞ്ചിക്കൊണ്ട് പോകുന്നത് ക്രൂരവും അനൗചിത്യപരവുമാണ്. പെട്ടെന്ന് അയാള്‍ക്ക് പേടി തോന്നി. തനിക്ക് ജീവിക്കണമെന്ന അതിയായ ആഗ്രഹം അയാളെ വല്ലാതെ ഉലച്ചു. മരണം തന്നെ പിന്തുടരുമോയെന്ന ഭയത്താല്‍ ആഞ്ഞ് ശ്വസിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അബോധത്തിലേക്ക് സ്വയമറിയാതെ കൂപ്പുകുത്തി.
സൗദാമിനിയെ അമ്മായിയുടെ വീട്ടില്‍ നിര്‍ത്തി ദാസന് തനിയെ തിരിച്ചുപോയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടെന്ന് അവള്‍ക്ക് മനസ്സിലായത്. അവള് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ അമ്മായി അവളെ ഉപദേശിച്ചു. അബുവിന്റെ കുറവുകള്‍ എണ്ണിയെണ്ണി പറഞ്ഞ് അവളെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. ‘‘ഓന് അന്യമതക്കാരനാ... പെണ്ണും കുട്ട്യോളുംള്ളോനാ... അന്നേക്കാ കൊറേ മൂത്ത് നരച്ചോനാ... ഒനെന്തൂട്ടാ പണി... നല്ല കുടുംമ്മക്കാരനല്ല... പത്തു കാശിന്റെ വരുമാനണ്ടാ സിരായിട്ട് ... വല്ല ദുബായിക്കാരാനാച്ചാ പിന്നീണ്ട്... യിതത്വൂല്ല... പിന്നെ ഇയ്യ് എന്ത് കണ്ടട്ടുള്ള പൊറപ്പാടാണ്ടേ ഒരുമ്പട്ട @#**@... അന്റെ ഏട്ടന് ദാസണ്ടല്ലൊ... ഓനിങ്ങനെ രാവൂല പകലൂല്ലാണ്ട് കെടന്ന് പോത്ത് പോലെ പണിടുക്കണത് അണക്കു വേണ്ട്യാ... ഓന് പ്പളും കെട്ടാണ്ട് കഴ്യേണതേയ് അന്നെ ഓര്‍ത്തട്ടാ... അന്നെങ്കുടി നല്ല നെല്ലേല് ഒരുത്തന്റെ കയ്യിലേല്‍പ്പിക്കണം... അത് വല്ലതും ഓര്മ്മണ്ടടീ തിരിമുറിഞ്ഞ @#**@ അണക്ക്...’’ അമ്മായിയുടെ ആധ്യാത്മിക പ്രഭാഷണം പിന്നെയും തുടര്‍ന്നെങ്കിലും അതിന് സൗദാമിനിയുടെ കണ്ണീര് ശമിപ്പിക്കാനായില്ല.
തന്നെ കാണാതെ മനസ്സും ശരീരവും തളര്‍ന്ന് ഒരു ഭ്രാന്തനെപ്പോലെ അബു ഉഴറുന്നുണ്ടാവുമെന്ന് അവളൂഹിച്ചു. അവിടെനിന്ന് എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്താന്‍ അവള് തീക്ഷ്ണമായി കൊതിച്ചെങ്കിലും അമ്മായി ഇടംവലം തിരിയാന്‍ വിടാതെ കൂടെ നിന്നു. അന്ന് രാത്രി അവള്‍ക്കുറക്കം വന്നില്ല. തന്നെ ചതിച്ച് നാടുകടത്തി അബുവില്നിന്നുമകറ്റാന് ശ്രമിച്ച സഹോദരനേയും അതിനു കൂട്ടുനിന്ന അമ്മായിയേയും അവള് നിശിതമായി വെറുത്തു. വല്ലാത്ത മാനസിക സംഘര്‍ഷവും സങ്കടവും വിമ്മിട്ടവും അവളെ ഉലച്ചു.
അവള് ശബ്ദമുണ്ടാക്കാതെ കിടക്കപ്പായില്നിന്നുമെഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അവിടെ സ്റ്റൗ കത്തിക്കാനായി വലിയ പ്ലാസ്റ്റിക് വീപ്പയില്‍ കരുതിെവച്ച മണ്ണെണ്ണ അവള് വന്നപ്പോഴേ കണ്ടിരുന്നു. അടുക്കളവാതില്‍ ഒച്ചയില്ലാതെ തുറന്ന് അവള് മണ്ണെണ്ണ വീപ്പയും സ്റ്റൗവിനു മുകളില്‍ ഇരുന്ന തീപ്പെട്ടിയുമെടുത്ത് പുറത്തെ കനത്തു വിറങ്ങലിച്ച ഇരുട്ടിലേക്ക് കടന്നു. മറ്റൊന്നുമാലോചിക്കാതെ അവള് മണ്ണെണ്ണ തലവഴി കുടുകുടാ ഒഴിച്ചു. തീപ്പെട്ടി ഉരച്ചതും തീ ആകെ ആളിപ്പടര്‍ന്നു. ഉന്മത്തനായി വീശുന്ന കാറ്റില്‍ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ അവള് അഗ്നിനൃത്തം ചെയ്തു.
താലൂക്ക് ആശുപത്രിയില്‍നിന്ന് അബുവിനെ നഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതോടെ അയാളുടെ നില ഗുരുതരമാണെന്ന വാര്‍ത്ത ഓരോ വീടിന്റെ അടുക്കളപ്പുറത്തും വറ്റും മീന്മുള്ളും കൊത്തിപ്പെറുക്കാന്‍ വരുന്ന കാക്കകള്‍പോലും നാട്ടിലാകെ പറഞ്ഞു പരത്തി. തന്റെ പ്രതികാരം തീര്‍ക്കാന്‍ ശങ്കരന് നായര്‍ അത്താണിയില്‍നിന്ന് ഗുണ്ടകളെ കൊണ്ട് വന്ന് അയാളെ കൊല്ലിക്കാന്‍ ശ്രമിച്ചതാണെന്ന വാര്‍ത്തയുമായി വന്ന കാറ്റ് നാടാകെ ചുറ്റിപ്പറന്നപ്പോള് അതുയര്‍ത്തിയ ചൂടും പുകയും നാട്ടുകാരുടെ മനസ്സില്‍ നീറിപ്പടര്‍ന്നു. മർദനമേറ്റ അബുവിന്റെ മൊഴിയെടുക്കാന്‍ പോലീസുകാര്‍ ആശുപത്രിയിലെത്തിയെങ്കിലും അബോധത്തിന്റെ ചുഴിയില്‍ വീണുടഞ്ഞ സ്വപ്നങ്ങള്‍ വാരിയെടുക്കാനുള്ള അയാളുടെ ശ്രമത്തില്‍ അവരുടെ ചോദ്യങ്ങള്‍ കേട്ടില്ല.
അവകാശസമരങ്ങള്‍ നടത്തുന്ന പാവങ്ങളുടെ രക്തം കുടിച്ച് ജന്മിമാരുടെ അരിശവും വെറിയും തീര്‍ക്കാനുള്ള ഇത്തരം കുത്സിതാക്രമണങ്ങളെ ശക്തമായി നേരിടുമെന്ന താക്കീതോടെ, കമ്യൂണിസ്റ്റ് യുവജന സംഘടന വഴിയാകെ ചോരക്കൊടിയുടെ ചുകപ്പ് വിതച്ച് പോലീസ് സ്റ്റേഷന് മാര്‍ച്ചും പിക്കറ്റിങ്ങും നടത്തിയതോടെ നാടാകെ ഉണര്‍ന്നു. അബു മരിച്ചാല്‍ അതേ നാണയത്തില്‍ തങ്ങള്‍ തിരിച്ചടിക്കുമെന്ന് ശങ്കരന് നായര്‍ക്ക് മുന്നറിയിപ്പു നല്കി ചിലര്‍ അന്നു രാത്രി നാട്ടില്‍ ചുമരെഴുത്തു നടത്തി.
അതോടെ ചകിതനായ ശങ്കരന് നായര്‍ രാക്കുരാമാനം തന്റെ മരുമകനേയും കൂട്ടി ഒളിവില്‍ പോയി. അബു ഒരാഴ്ചയിലധികമെടുത്തിട്ടും സാധാരണമട്ടിലുള്ള ബോധത്തിലേക്ക് തിരിച്ചെത്താതെ ഏതോ മായികലോകത്ത് ജീവിച്ചു. രണ്ടാഴ്ച കഴിയുമ്പോഴേക്കും വവ്വാല് ചപ്പിയ കശുമാങ്ങപോലെ ഒട്ടിച്ചുങ്ങിയ ഒരു ജീവച്ഛവമായി അയാള്‍. ബോധം കുംഭമാസ നിലാവുപോലെ ഇടക്കൊന്ന് വന്ന് തല കാണിക്കുകയും അടുത്ത നിമിഷം തിരിച്ചു പോകുകയും ചെയ്തു. ബോധം തിരിനീട്ടിയ ഒരപൂർവ നിമിഷത്തില്‍ അയാള്‍ തല പൊക്കി പുറത്തേക്കുള്ള വാതില്‍ക്കലേക്ക് നോക്കി ഒരു പുഞ്ചിരിയോടെ സൗദാമിനി എന്നുറക്കെ വിളിച്ചു. വാതിലിലൂടെ അകത്തേക്ക് അതിക്രമിച്ച് കടന്നുവരുന്ന വെളിച്ചത്തിലേക്ക് നോക്കി ഒരു മണ്ടനെപ്പോലെ കിടന്നു.
അന്നേരം അകത്തേക്ക് ഒഴുകിയെത്തുന്ന വെളിച്ചത്തോടൊപ്പം എണ്ണിയാലൊടുങ്ങാത്ത മാനത്തുകണ്ണികളുടെ വലിയൊരു കൂട്ടം തന്റെ കട്ടിലിന് നേരെ ആഹ്ലാദത്തോടെ വാലിട്ടടിച്ച് പറന്നുവരുന്നത് അയാള്‍ അത്ഭുതത്തോടെ കണ്ടു. അവ പറന്നുവന്ന് തന്റെ കട്ടിലിന് ചുറ്റും പാറി നടക്കവെ അന്തരീക്ഷമാകെ ഭാവസാന്ദ്രമായ ഒരു പ്രണയഗാനം ആരോ ബുള്‍ബുളില്‍ വായിക്കാന്‍ തുടങ്ങി. പൊടുന്നനെ വാതില്ക്കല് തീച്ചുരുള്പോലൊരു മിന്നായം പ്രത്യക്ഷമായി. ആ മിന്നല്ച്ചുഴിയില്നിന്ന് സൗദാമിനി മെല്ലെ വാതിൽ കടന്ന് തനിക്കു നേരെ വരുന്നത് അബു കണ്ടു. അതിരറ്റ സന്തോഷത്താല്‍ അയാള്‍ കട്ടിലില്നിന്നുമെഴുന്നേറ്റ് അവളെ ആഞ്ഞുപുല്കി. നെഞ്ചോട് നെഞ്ചുചേര്‍ത്ത് നിന്ന അനുഭൂതിയുടെ നിമിഷങ്ങളില്‍ അവര്‍ ഇരുവരും മാനത്തു കണ്ണികള്‍ക്കൊപ്പം നൃത്തംചെയ്തു.
നിലക്കാത്ത നൃത്തച്ചുവടുകളോടെ അവള് അയാളുമായി വാതില്‍ കടന്ന് പുറത്തേക്ക് നടന്നപ്പോള്‍ മാനത്തു കണ്ണികള്‍ അവരെ പിന്തുടര്ന്നു. അവസാനത്തെ മാനത്തുകണ്ണിയും മുറിവിട്ടപ്പോള്‍ അതുവരെ മുഖരിതമായിരുന്ന ബുള്‍ബുള്‍ പെട്ടെന്നു നിലച്ചു. അപ്പോള്‍ ഒരു മോര്‍ച്ചറി മുറിയുടെ തണുപ്പും മരവിപ്പും നിശ്ശബ്ദതയും അവിടമാകെ ഘനീഭവിച്ച് കിടന്നു, അയാള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.