ചകോരത്തിന്റെ കരച്ചിൽ കേൾക്കുന്ന ഭാഗത്തേക്ക് അയാൾ കാതുകൂർപ്പിച്ച് നിന്നു. ആ പക്ഷിയുടെ ഗദ്ഗദങ്ങൾക്ക് അവനുമായി വിദൂരബന്ധമുള്ളതുപോലെ അയാൾക്ക് തോന്നി. ഒരു വർഷം മുന്നെ എെന്നന്നേക്കുമായി നിലച്ചുപോയ ശബ്ദം. ഘനീഭവിച്ചുപോയ ഓർമകളിൽ യാതൊന്നിനും മാറ്റമില്ലായിരുന്നു.
മുകളിൽനിന്ന് താഴേക്ക് ഊർന്നിറങ്ങുന്ന ആ ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് തനിക്കാവുന്നത്ര തലയുയർത്തിപ്പിടിച്ച് അയാൾ നോക്കി. ആ പക്ഷി ഇലച്ചാർത്തുകളുടെ ഉൾനിലങ്ങളിൽ മറഞ്ഞിരിക്കുകയാണ്. ഉയർന്നുയർന്നുപോകുന്ന ചിന്താസാന്ദ്രതകൾക്കൊപ്പം ദൃഷ്ടികൾ വൃക്ഷത്തലപ്പുകൾക്കും മീതെ ആകാശത്തോളമെത്തി.
ഒരുപക്ഷേ അവൻ അവിടെയെങ്ങാനുമായിരിക്കുമോ?
മനസ്സ് ആകാശത്തിനും അപ്പുറമുള്ള അനന്തതയിലേക്ക് എത്തിച്ചേർന്നപ്പോൾ അയാൾ കണ്ണുകളടച്ചുകൊണ്ട് ചോദിച്ചു. അവന്റെ അതേ രൂപത്തിലുള്ള അത്രയും ശൂന്യതയിൽ എല്ലാംതന്നെ നിശ്ചലമായി. കണ്ണുകൾ തുറന്നു പിടിച്ചാൽ അത് ഭൂമിയിൽ തന്നെ സദാ പിന്തുടരുന്ന ഒരു നിഴലായി രൂപാന്തരം പ്രാപിക്കുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു.
‘‘എന്തായിങ്ങനെ മുകളിലേക്കു തന്നെ നോക്കിനിൽക്കുന്നത്? രാവിലെ മുതൽക്കേ തുടങ്ങിയതാണല്ലോ...’’
അടുക്കളഭാഗത്തെ ജനലിലൂടെ റോസി ഉറക്കെ വിളിച്ചു ചോദിച്ചു.
ഇന്നലെ ഉറക്കത്തിൽ കണ്ട സ്വപ്നം യാഥാർഥ്യത്തേക്കാൾ യാഥാർഥ്യമായതുകൊണ്ട്, ആ വലുപ്പമേറിയ വൃക്ഷച്ചുവട്ടിൽത്തന്നെ അയാൾക്ക് നങ്കൂരമിടേണ്ടിവന്നു. ആ സ്വപ്നത്തിന്റെ ഘനത്വം രാവിലെ മുതൽക്കേയുള്ള അയാളുടെ തുടർച്ചതന്നെയായിരുന്നു.
സ്വപ്നത്തിൽ അവൻ ജീവനോടെതന്നെയായിരുന്നു. അത് എന്നത്തേയും സന്തോഷമായിരിക്കുന്നതുപോലെ. പക്ഷേ, ഉണർന്നപ്പോൾ എല്ലാംതന്നെ തകിടംമറിഞ്ഞു. ആ സ്വപ്നദൂരം തനിക്ക് താണ്ടുവാൻ കഴിയില്ലായെന്ന വ്യഥയിൽ മനസ്സ് ചൂഴ്ന്നുനിന്നു. ഉറക്കത്തിലെ ശാന്തത നിറഞ്ഞ അന്ധകാരത്തെ പകൽവെളിച്ചത്തിലും തിരഞ്ഞുനടക്കുന്നവനെപ്പോലെ അയാൾ തപ്പിത്തടഞ്ഞു.
‘‘ഇങ്ങോട്ടേക്കൊന്ന് വാ ആൽഫ്രഡ്, ചായ കുടിക്കാം.’’
റോസിയുടെ വിളി പിന്നേയും കടന്നുവന്നു.
സ്വപ്നത്തെ പറ്റിയുള്ള പലതരം ചിന്തകളോടുകൂടിത്തന്നെ മണ്ണിന്റെ തിരശ്ചീന ദർശനത്തിനുവേണ്ടി അയാൾ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച തന്റെ ദൃഷ്ടികൾ താഴേക്ക് പതിപ്പിച്ചു. ഭൂഗർഭത്തിലേക്കിറങ്ങിച്ചെല്ലുന്ന തടിച്ചുരുണ്ട വേരുകളെ നോക്കി എന്തോ ഒരടുപ്പം ഉള്ളതുപോലെ അയാൾ ആ വൃക്ഷത്തിനരികിലേക്ക് ഒന്നുകൂടി തന്നെ ചേർത്തുനിർത്തി.
‘‘റോസി, എനിക്കൊരുപാട് കാര്യങ്ങൾ ചെയ്തു തീർക്കുവാനുണ്ട്.’’
മണ്ണിനടിയിലെ സാന്നിധ്യങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.
പിന്നീട് അടിത്തട്ടിലുള്ള അഗാധങ്ങളിൽ മരണങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന സങ്കൽപത്തിലേക്കെത്തിച്ചേർന്നു. മണ്ണിന് മരണത്തിന്റെ നിറമാണെന്നും.
പക്ഷിയുടെ പ്രത്യേക രീതിയിലുള്ള കരച്ചിൽ അയാളെ വീണ്ടും തലയുയർത്തിപ്പിടിച്ച് നോക്കുവാൻ േപ്രരിപ്പിച്ചു. നെടുകേയും കുറുകേയുമുള്ള ശിഖരശൃംഖലകളിലൊന്ന് യദൃച്ഛാ തീർത്ത കുരിശുരൂപത്തിലേക്ക് മനസ്സ് ഒന്നുടക്കി. ആണ്ടുപ്രാർഥനക്കുവേണ്ടി അവൻ നിത്യശാന്തികൊള്ളുന്ന കുടീരത്തിന് മുന്നിലേക്ക് മരവിപ്പോടെയും അതേസമയം വിറയലോടെയും താനും റോസിയും നടന്നുനീങ്ങിയ ദൃശ്യം ഒരിക്കൽകൂടെ കടന്നുവന്നു. കഴിഞ്ഞമാസമായിരുന്നു അത്.
അവനെപ്പറ്റിയുള്ള ഓർമകളുടെ അങ്ങേയറ്റത്തുനിന്നുകൊണ്ട് സാവകാശം പടവുകളിറങ്ങിവരുന്ന റോസിയെ അയാൾ നടക്കുന്നതിനിടയിൽ തിരിഞ്ഞുനോക്കി. പത്തരമണിയുടെ വെയിൽ പതിപ്പിക്കുന്ന നിഴലോടുകൂടി റോസി തന്റെയടുത്ത് വന്നുനിന്നു. വളരെ നീണ്ട കാലഘട്ടങ്ങളിലെ മരണപ്പെരുക്കങ്ങൾ അടക്കംചെയ്തിരിക്കുന്ന ആഴങ്ങൾക്കിടയിൽ വെറും ഒരുവർഷക്കാലയളവു മാത്രമുള്ള അവന്റെ മരണത്തെ ഉറപ്പിച്ചു നിറുത്തുവാനാവാതെ റോസി നിന്ന് തേങ്ങി.
‘‘നിങ്ങളെന്തിനാണ് അവന് ബൈക്ക് വാങ്ങിക്കൊടുത്തത്?’’
ആ ചോദ്യം റോസി ഇന്നലെയും ആവർത്തിച്ചു. തനിക്കെതിരെയുള്ള കുറ്റപത്രം വായിക്കുന്ന ഭാവത്തിൽ. ഭൂമിയിലേക്കുള്ള വേരുകളും ആകാശത്തിലേക്കുള്ള ശിഖരങ്ങളുമായി നിൽക്കുന്ന വൃക്ഷങ്ങൾക്കിടയിലൂടെയുള്ള അണ്ണാറക്കണ്ണന്റെ തുള്ളിക്കളിക്കുന്ന ചിലക്കൽ പ്രഭാതങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രസരിപ്പേറിയതാണെങ്കിലും തന്റെ മനസ്സ് പണ്ടത്തെപ്പോലെ അതിനൊത്ത് ധൃതിപിടിക്കുവാൻ സന്നദ്ധമാകുന്നില്ലായെന്ന് അയാൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി അത് അങ്ങനെതന്നെയാണ്. നിവർന്നുനിൽക്കുന്ന ശരീരവും അതിനുള്ളിൽ കുനിഞ്ഞുനിൽക്കുന്ന മനസ്സുമായി താൻ മന്ദീഭവിച്ചുനിൽക്കുകയാണ്.
‘‘സമയത്തിന് ആഹാരവും മരുന്നും കഴിച്ചില്ലെങ്കിൽ...’’
റോസി വീണ്ടും അയാളെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചു.
താൻ ഓഫീസിൽ പോകാതെ വീട്ടിൽ വെറുതെയിരുന്ന് ഓരോന്നും ആലോചിച്ചുകൂട്ടുന്നതിൽ റോസിക്ക് വല്ലാത്ത അമർഷമുണ്ടെന്ന കുറ്റബോധത്തോടൊപ്പം, ഉള്ളിൽ മരുഭൂമിപോലെ തടസ്സം സൃഷ്ടിക്കുന്ന വിജനതയുടെ കടമ്പകൾ തനിക്ക് തരണംചെയ്യേണ്ടതുണ്ടെന്ന ചിന്തയും അയാളെ നിന്നിടത്തുതന്നെ ഉറപ്പിച്ചു നിർത്തി.
‘‘ഇന്നും ഓഫീസിൽ പോകുന്നില്ലേ?’’
റോസി ഒരു പരിഭവംപോലെ ചോദിക്കും. കഴിഞ്ഞ കുറെ പ്രഭാതങ്ങളായി താൻ സ്ഥിരം അഭിമുഖീകരിക്കുന്ന ചോദ്യം.
തൊട്ടപ്പുറത്ത് നിൽക്കുന്ന പറങ്കിമാവിൻ ചില്ലയിൽ തൂങ്ങിക്കിടക്കുന്ന കശുവണ്ടിയുടെ ഭ്രൂണരൂപം മനുഷ്യായുസ്സിനെക്കുറിച്ച് അയാളെ ചിന്തിപ്പിക്കുവാൻ പോന്നതായിരുന്നു. അതിനെതുടർന്ന് വേറെ പല ചിന്തകളിലേക്കും മനസ്സ് മുങ്ങിത്താണു.
എൻജിന്റെ യാന്ത്രിക മുരൾച്ച. ഗിയർ മാറ്റുന്നതിന്റെയും ക്ലച്ച് വലിഞ്ഞുമുറുകുന്നതിന്റെയും പൽച്ചക്രങ്ങളുടെയും ലോഹശബ്ദങ്ങൾ. അതിവേഗതയുടെ ഇരമ്പൽ.ഒരൊറ്റ കുതിപ്പ്–
വല്ലാത്തൊരു പോക്കായിരുന്നു അവന്റെ. പിന്നീട് മണ്ണിലലിഞ്ഞുചേർന്ന് അവൻ ഖരമായി. എക്കാലത്തേയും ഓർമയായി.
ജോമോൻ–
അവൻ അത്രമാത്രമായിരുന്നു. ഇരുചക്ര ചിന്തകൾ അതിവേഗതയോടെ പായുമ്പോൾ അയാൾ വളരെ സൂക്ഷിച്ച് സാവകാശം തന്റെ കാലടികൾ മുന്നോട്ടേക്കു െവച്ചു. ശ്രദ്ധയൊന്ന് പാളിയിരുന്നെങ്കിൽ തൊട്ടുമുന്നിലുള്ള എട്ടുകാലിവലയെ താൻ തകർത്തു തരിപ്പണമാക്കിയേനെ! സമനില പാലിച്ചുകൊണ്ട് അയാൾ ആശ്വസിച്ചു. നടപ്പാതക്ക് കുറുകെ അതുണ്ടെന്ന് താൻ അറിഞ്ഞതുപോലുമില്ല. ഇളംകാറ്റിൽപെട്ട് അതിലോലമായ വെള്ളിനൂലിന്മേൽ പ്രഭാതരശ്മികൾ തട്ടി തിളങ്ങിയപ്പോൾ മാത്രമാണ് ദൃഷ്ടിയിൽപെട്ടത്.
തെളിഞ്ഞുവരാൻ തുടങ്ങുന്ന വെയിലിന്റെ ആകാശച്ചില്ലിനിടയിലൂടെ ഒരു വിമാനം നേർത്ത ഇരമ്പലോടെ കടന്നുപോയി. വെള്ളപുതപ്പിച്ചതുപോലുള്ള മേഘരൂപങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. അതിനെ അയാൾക്ക് കൂടുതലായി ശ്രദ്ധിക്കേണ്ടിവന്നു. അതേത്തുടർന്ന് കൂടുതലായി സങ്കടപ്പെടേണ്ടതായും വന്നു. കഴിഞ്ഞുപോയതെല്ലാം സ്വപ്നങ്ങളല്ലായിരുന്നുവെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി. കുതറി രക്ഷപ്പെടുവാൻ ശ്രമിക്കുമ്പോഴെല്ലാം മുറുകിവരുന്ന കുരുക്കുകൾ. ആ തുണിക്കെട്ടിനുള്ളിൽ നിറയെ ജീവനറ്റുപോയ മുറിവുകളായിരുന്നുവെന്ന യാഥാർഥ്യം.
ഓർമകൾ അതുതന്നെ ഉറപ്പിച്ചു പറയുന്നു.എല്ലാംതന്നെ വീണ്ടും കടന്നുവരുന്നുണ്ട്. അന്നത്തെ പകലിന് വളരെ നീളം കൂടുതലായിരുന്നു. ഇരുമ്പും മാംസവും കൂടിച്ചേർന്ന് സൃഷ്ടിച്ചെടുത്ത ടാറിട്ട റോഡിലെ ഭീകരചിത്രം. കട്ടപിടിച്ച രക്തം, ആശുപത്രിയിലെ നിൽപ്, ആംബുലൻസിലെ ഇരിപ്പ്, കൂട്ടക്കരച്ചിലുകൾക്കിടയിൽ ഏങ്ങലടികളോടെയാണ് ഒരുവിധം വീടിന്റെ മുറ്റംവരെയെത്തിയത്. കാണാത്തമട്ടിൽ കേൾക്കാത്ത മട്ടിൽ പിന്നീട് പലതും സംഭവിച്ചു. കുറെ നാളത്തേക്ക് എല്ലാംതന്നെ അനക്കമറ്റു. പകലുകളും രാത്രികളും അതിന്റേതായ ക്രമത്തിൽതന്നെ കടന്നുപോയി.
എത്ര നാളുകൾ കഴിഞ്ഞാലും മറക്കുവാൻ കഴിയാത്ത വിധത്തിൽ. സംഭവശൃംഖലകളുടെ ആന്തരികഘടനക്കുള്ളിൽ രേഖപ്പെടുത്തി െവച്ചിരിക്കുന്നപോലെ. പലതരം കാഴ്ചകൾ, പലവിധ ശബ്ദങ്ങൾ, എല്ലാം ചേർന്ന് ഭദ്രമായി അടച്ചുെവച്ച ഒരു ആൽബംപോലെ. അത് തുറക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ, അർഥവ്യാപ്തികൾ തേടുന്ന ദീർഘനിശ്വാസങ്ങളാൽ അവ ചിലേപ്പാൾ തനിയെ തുറക്കപ്പെടുമെന്ന് അയാൾക്ക് അറിയാമായിരുന്നു.
റോസി വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്. അടുക്കളയിൽനിന്ന് കടന്നുവന്ന ആ വാചകം വളരെ നേർത്തതായിരുന്നു. അയാൾ പിന്തിരിഞ്ഞു നോക്കി. താൻ ഒരുപാട് ദൂരം മുന്നേറിയിരിക്കുന്നു. വൃക്ഷക്കൂട്ടങ്ങൾക്കിടയിലൂടെ അടുക്കളഭാഗം ഇപ്പോൾ വ്യക്തമായി കാണുവാൻ പറ്റാത്ത രീതിയിലായി.
റോസിയും തന്നെപ്പോലെ തന്നെ വളരെ ദുർബലയായിരിക്കുന്നു. അവൻ ഇനിയില്ല എന്നറിഞ്ഞ നിമിഷം മുതൽ തനിക്ക് ജീവിതത്തിൽ ഒരിക്കലും താങ്ങുവാൻ കഴിയാത്ത ഒന്നിനെ അടക്കിപ്പിടിച്ച മാതിരി കിടപ്പുമുറിയിലേക്ക് കരച്ചിലോടെ ഓടിപ്പോയ റോസി. തുടർന്ന് ജീവിതത്തിലുടനീളം ദുഃഖത്തിന്റേതായ രഹസ്യചാലകങ്ങൾ തീർക്കുവാൻ കെൽപുള്ള താഴേക്കിറ്റിറ്റുവീഴുന്ന കണ്ണുനീർ.
നവംബർ –7
ആ ദിവസം സ്വയം വിശദീകരിച്ചുകൊണ്ട് പലതായി വേർതിരിഞ്ഞു. ഉയർത്തിപ്പിടിക്കുവാൻ കഴിയാത്ത മട്ടിൽ തലക്ക് കനംകൂടിവരുന്നതുപോലെ. വേനലിന്റെ അതിശക്തമായ പകൽവെളിച്ചത്തെ നേരിടുവാനാകാതെ താനേ അടഞ്ഞുപോകുന്ന കണ്ണുകൾ.
കഴിഞ്ഞവർഷം എല്ലാത്തിനേയും തകർത്തു തരിപ്പണമാക്കിയ ആ വേഗതയെക്കുറിച്ചോർത്തുകൊണ്ട് അയാൾ ഒന്നുകൂടി അവിടെനിന്ന് വേരൂന്നി. നെടുവീർപ്പെന്നപോലുള്ള ഒരിളംകാറ്റ് അപ്പോൾ ആ വഴി കടന്നുപോയി. ജീവൻ െവച്ചതുപോലുള്ള ചലിക്കുന്ന വൃക്ഷശാഖകൾ അതിന്റെ തുടർച്ചയായി.
അയാൾ കിഴക്കുഭാഗത്തേക്ക് തിരിഞ്ഞ് കാറ്റിന്റെ വഴിയേ നിന്നു. ഏകാന്തത ചൂഴ്ന്നുനിൽക്കുന്ന തന്റെ വീടിനെ ആ നിന്നനിൽപിൽ വ്യതിരിക്തതയോടെ ഒന്ന് നോക്കി.
ഒരു മ്യൂസിയംപോലെ ഭൂതകാലം മാത്രം കുടികൊള്ളുന്ന ഒന്ന്.
‘‘അവൻ വർത്തമാനകാലം മാത്രമല്ല നമ്മളിൽനിന്ന് എടുത്തുമാറ്റിയത്.’’
കഴിഞ്ഞ ദിവസം പ്രാതൽ കഴിച്ചിരിക്കവെ ഒരിടവേളയിൽ റോസി പറഞ്ഞു.
‘‘ഭാവികാലം കൂടിയാണ്.’’
കുറെനാളത്തെ മൗനത്തിനുശേഷം വാചാലതകളിലേർപ്പെട്ടുതുടങ്ങിയ റോസിയുടെ ദിനങ്ങളിലൊന്നായിരുന്നു അന്ന്.
കഴിഞ്ഞുപോയ അത്തരത്തിലുള്ള എല്ലാത്തരം സംഭാഷണങ്ങളും ഓർമകളായി രൂപാന്തരം പ്രാപിച്ചു. ചുവരുകളുടെ നിശ്ശബ്ദ മേഖലയിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾപോലെ. സ്വീകരണമുറിയിലെ ദിവംഗതത്ത്വം ചൂഴ്ന്നുനിൽക്കുന്ന അപ്പച്ചന്റെ പഴക്കമേറിയ ഛായാചിത്രത്തിന്റെ തോളുരുമ്മി മരണത്തിന്റെ യൗവനംപോലെ അവൻ തൂങ്ങിക്കിടക്കുന്നത് കാണുമ്പോഴെല്ലാം ഉടലെടുക്കുന്ന ആകുലതകളിൽപെട്ട് അയാൾ കുഴഞ്ഞുമറിയും. തന്നെ യാതൊന്നും ആശ്വസിപ്പിക്കുന്നില്ലല്ലോയെന്ന് സ്വയം പിറുപിറുക്കും. ജീവിച്ചിരുന്നപ്പോൾ അപ്പച്ചൻ സാധാരണ പറയാറുള്ള ആശ്വാസവാക്കുകളും സ്വർഗവും അവിടത്തെ ജീവിതവും മറ്റും.
വികാരങ്ങളുടെ അമൂർത്തതയും ചിന്തകളുടെ കണിശതകളും മനസ്സിനെ ഒരിക്കലും സ്വസ്ഥമാക്കുവാൻ പോന്നവയല്ലെന്ന് ഉറപ്പിച്ചുകൊണ്ട് അയാൾ ഒരു ചുവടുകൂടെ മുന്നോട്ടേക്കെടുത്തുെവച്ചു. തന്റെ മുന്നിൽ പൂത്തുലഞ്ഞുനിൽക്കുന്ന പ്രഭാതത്തിലെ നനുനനുത്ത കുളിർമകളോട് ഒട്ടുംതന്നെ ഇണങ്ങാത്ത രീതിയിലുള്ള വ്യാകുലചിന്തകളോടുകൂടി വീണ്ടും ഓർമകൾ വന്ന് ചുറ്റിവളഞ്ഞു. ഒരിക്കൽകൂടി അതിനെയെല്ലാം വകഞ്ഞുമാറ്റി മുന്നേറുവാൻ അയാൾ ഒരു വിഫലശ്രമം നടത്തിനോക്കി.
‘‘ഇന്ന് ഡോക്ടറെ കാണേണ്ട ദിവസമാണ്. വേണമെങ്കിൽ മരുന്ന് മാറ്റിവാങ്ങണം.’’
അഴി പാകിയ ജനലിലൂടെ വൃക്ഷങ്ങൾക്കിടയിൽ അകപ്പെട്ടുപോയ ആൽഫ്രഡിനെ കണ്ടെത്തിയ റോസി ദൂരം കണക്കാക്കി നീട്ടി പറഞ്ഞു. തിരിച്ച് നടക്കണമെന്ന ആഗ്രഹത്താൽ ഒന്ന് തിരിഞ്ഞ് നിന്നതാണ്. തൊട്ടാവാടിയുടെ നിലം പതിഞ്ഞ ലജ്ജാശീലത്തെ മറികടന്നുകൊണ്ടുള്ള മുള്ളുകളുടെ രൗദ്രതയിന്മേൽ ചുവടുകൾ കെട്ടുപിണഞ്ഞു.
‘‘സംഭവങ്ങൾക്ക് അതിന്റേതായ അദൃശ്യവ്യതിയാനങ്ങളുണ്ടാകും.’’
പോറലുകൾ സൃഷ്ടിച്ച നീറ്റൽ അയാളെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചു.
വിദൂരതയിലൂടെ കടന്നുപോയ ഒരു ആംബുലൻസിന്റെ ആർത്തനാദം നേർത്തുകേൾക്കുവാൻ തുടങ്ങി. അതിനോടനുബന്ധിച്ചെന്നപോലെ ഏതോ ഒരു പക്ഷി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അയാളുടെ തലക്ക് മുകളിലൂടെ കടന്നുപോയി.
അത്യാസന്ന നിലയിലുള്ള അത്തരം ശബ്ദങ്ങൾക്കുശേഷം, വൃക്ഷങ്ങൾക്കിടയിലെ കുത്തനെ നിൽക്കുന്ന വിടവുകൾക്കിടയിൽ തളംകെട്ടിക്കിടക്കുന്ന നിശ്ശബ്ദതയെ അയാൾ വേർതിരിച്ചുതന്നെ അറിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തോളമായി ഇങ്ങനെയൊക്കെത്തന്നെയാണ്. വല്ലാത്ത ഒരുതരം ശൂന്യവേളകൾ. വീട്ടിൽ, തെരുവിൽ, ഓഫീസിൽ. ആദ്യമൊക്കെ അസ്വസ്ഥതയോടും ഉത്കണ്ഠയോടും അതിനെ അഭിമുഖീകരിച്ചു. പിന്നീട് അവയൊക്കെ ദിനചര്യകൾപോലെ ചിരപരിചിതങ്ങളായി.
ഉദ്ധതയേറിയ ആ വൃക്ഷത്തിന്റെ തണലിൽ അയാൾ തന്റെ നിലയുറപ്പിച്ചു. പക്ഷികൾ വർഷങ്ങളോളം ചേക്കേറി തഴക്കം വന്ന അതിന്റെ ചില്ലകളിലൂടെ ഒന്ന് കണ്ണോടിച്ചു.
പക്ഷികൾ ചിറകുകൾ കുടഞ്ഞ് ആകാശത്തേക്ക് പറന്നുയരുന്നതിൽപരം ചടുലതയേറിയ ദൃശ്യം വേറെന്തുണ്ട്?
തന്റെ വിഷാദാത്മകതയിലേക്ക് തനിയെ കടന്നുവരുന്ന ഇത്തരം പ്രസന്നതകളിൽ, സന്ദിഗ്ധതയോടുകൂടിത്തന്നെ അയാൾ ആത്മഗതംചെയ്തു.
ജനനം മുതൽക്കേയുള്ള വൃക്ഷങ്ങളുടെ നിന്ന നിൽപുകൾക്കിടയിലൂടെ അയാൾ വീണ്ടും തന്റെ സാവകാശങ്ങളിൽ മുഴുകി. മണ്ണാണ് തികഞ്ഞ യാഥാർഥ്യം എന്ന നിലയിൽ ആകാശത്തുനിന്ന് മനസ്സ് താഴേക്കിറങ്ങിവന്നു. ഡിസംബർ ഇലകളിൽനിന്ന് ഇറ്റിറ്റുവീഴുന്ന മഞ്ഞുതുള്ളികളെ അനുഭവിച്ചു. തലക്ക് മുകളിൽ ഉരഗരൂപത്തിൽ വളഞ്ഞുപുളഞ്ഞു പോകുന്ന ശിഖരത്തിന്മേലുള്ള പക്ഷിച്ചുവടുകളുടെ അനക്കങ്ങൾക്ക് കാതോർത്തുകൊണ്ട് മുന്നോട്ടേക്കാഞ്ഞപ്പോൾ കാൽപാദങ്ങൾ ഉറപ്പുള്ള എന്തിലോ ഒന്ന് തട്ടി.
കരിയിലകളാൽ മൂടിയ ഉപേക്ഷിക്കപ്പെട്ട ഇരുമ്പു തലയോട്ടിയെ അയാളുടെ നമ്രശിരസ്സ് കണ്ടെത്തി.
‘‘അവൻ െവക്കുവാൻ മറന്നുപോയ ഭൂമിയിലെ കിരീടം.’’
മകുടംപോലിരിക്കുന്ന അതിനോട് ചേർന്നിരിക്കവെ അയാൾ പിറുപിറുത്തു. പിടയ്ക്കുന്ന ഒരോർമയെ ചൂണ്ടക്കൊളുത്തോടുകൂടി വലിച്ച് പുറത്തേക്കിടപ്പെട്ടതിന്റെ അസ്വസ്ഥതകളോടൊപ്പം അലമാരയുടെ മുകളിൽ പലപ്പോഴും അലക്ഷ്യമായി കാണപ്പെടാറുള്ള അവന്റെ ഹെൽമെറ്റ് എങ്ങനെ ഈ വൃക്ഷച്ചുവട്ടിൽ വന്നുപെട്ടുവെന്ന അമ്പരപ്പും അയാളിൽ ഒരേസമയമുണ്ടായി. മറവു ചെയ്യപ്പെടുവാനൊരുങ്ങുന്ന ഒന്നിനെപ്പോലെ പകുതി ഭാഗവും മണ്ണിനാൽ മൂടപ്പെട്ട അതിന്റെ ഉച്ചിയിന്മേൽ അയാൾ തന്റെ വിരലുകളോടിച്ചു.
‘‘ഇനിയെന്ത്?’’
ഒരു അനുഷ്ഠാനംപോലെ പുല്ല് വകഞ്ഞുമാറ്റി മണ്ണടരുകൾ കൈക്കുടന്നയിലെടുത്ത് ഹെൽമെറ്റിനുമേൽ വാരിയിടുന്നതിനിടയിൽ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു:
‘‘ആ ലോഹം അതിന്റെ ഖനനരൂപത്തിലേക്ക് തന്നെ തിരിച്ച് പൊയ്ക്കൊള്ളട്ടെ.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.