വേട്ടയുടെ ദിനം അടുത്തപ്പോള്‍ ഗുരു അവരോടായി പറഞ്ഞു; ‘‘അപഹരിക്കപ്പെടുന്ന നിധിയുടെ മൂന്നിലൊന്ന് നിങ്ങള്‍ക്ക് മൂവര്ക്കുമായിരിക്കും. അത് മൂന്നായി ഭാഗിക്കുക.’’ ആദ്യത്തെ ഊഴം ഗൗതമനായിരുന്നു. ആദിത്യനെയും ദ്രുപദിെനയും തനിച്ചാക്കി ഗുരു അവനുമായി നടക്കാനിറങ്ങി. ‘‘എതിര്‍സംഘത്തിന്റെ കണ്ണുവെട്ടിച്ച് ആദിത്യനെയും ദ്രുപദിനെയും കോട്ടയില്‍ എത്തിക്കുകയാണ് നിന്റെ ചുമതല. ഇരുവരും തിരികെയെത്തുവോളം ജാഗ്രതയോടെയിരിക്കുക.’’‘‘ഉദ്യമത്തില്‍ ആരുടെയെങ്കിലും...
വേട്ടയുടെ ദിനം അടുത്തപ്പോള്‍ ഗുരു അവരോടായി പറഞ്ഞു; ‘‘അപഹരിക്കപ്പെടുന്ന നിധിയുടെ മൂന്നിലൊന്ന് നിങ്ങള്‍ക്ക് മൂവര്ക്കുമായിരിക്കും. അത് മൂന്നായി ഭാഗിക്കുക.’’ ആദ്യത്തെ ഊഴം ഗൗതമനായിരുന്നു. ആദിത്യനെയും ദ്രുപദിെനയും തനിച്ചാക്കി ഗുരു അവനുമായി നടക്കാനിറങ്ങി. ‘‘എതിര്‍സംഘത്തിന്റെ കണ്ണുവെട്ടിച്ച് ആദിത്യനെയും ദ്രുപദിനെയും കോട്ടയില്‍ എത്തിക്കുകയാണ് നിന്റെ ചുമതല. ഇരുവരും തിരികെയെത്തുവോളം ജാഗ്രതയോടെയിരിക്കുക.’’
‘‘ഉദ്യമത്തില്‍ ആരുടെയെങ്കിലും ജീവന് അപഹരിക്കപ്പെട്ടാല്‍?..’’
ഗുരു അവന്റെ മുഖത്തേക്ക് നിർന്നിമേഷനായി നോക്കി, പിന്നെ സാവധാനം മന്ത്രിച്ചു: ‘‘മൂന്നിലൊന്നു ഭാഗത്തിന്റെ ഉടമകള്‍ അവശേഷിക്കുന്ന രണ്ടുപേരാകും.’’
പിന്നീട് ആദിത്യന്റെ ഊഴമായിരുന്നു. അവന് ഗുരുവിനോട് ചോദിച്ചു; ‘‘കോട്ടക്കു ചുറ്റും ആയുധധാരികളുണ്ടാകാം, ഞാനും ദ്രുപദും കൊല്ലപ്പെട്ടാല്‍ നിധിയുടെ സിംഹഭാഗവും ഗൗതമിന് സ്വന്തമാകില്ലേ?’’
ഒരു നിമിഷത്തെ ആലോചനക്കുശേഷം ശബ്ദം താഴ്ത്തി ഗുരു പറഞ്ഞു: ‘‘നിങ്ങള്‍ ജീവനോടെ പുറത്തെത്തിയെന്നിരിക്കട്ടെ, ഗൗതമിനെ ശത്രുക്കള്‍ വധിച്ചാല്‍!’’ ആദിത്യന് പറയാതിരിക്കാനായില്ല. ‘‘എങ്കില്‍ ഗൗതമിന് വേണ്ടി നീക്കിവെച്ചതിന്റെ പകുതി എനിക്കും ദ്രുപദിനും ഭാഗിക്കേണ്ടി വരും.’’
അവസാന ഊഴം ദ്രുപദിനായിരുന്നു. ഗുരു അവനോടായി പറഞ്ഞു. ‘‘മുന്നിലും പിന്നിലും ശത്രുക്കളുണ്ടാകാം.’’
‘‘ഒറ്റുണ്ടായാല്‍...’’
‘‘അവസരം കൊടുക്കുന്നതിന് മുന്നേ ആയുധം പ്രയോഗിച്ചിരിക്കണം.’’
* * *
മുരണ്ടുകൊണ്ട് ജീപ്പ് ചെങ്കുത്തായ ചുരമിറങ്ങാന്‍ തുടങ്ങിയപ്പോഴും കഠാര തുളഞ്ഞുകയറിയ തോള്‍ഭാഗത്തെ മുറിവിനെക്കുറിച്ച് ദ്രുപദ് ചിന്തിച്ചതേയില്ല. അമര്‍ത്തിപ്പിടിച്ച മാംസപേശികളില്നിന്ന് ചുടുരക്തം അൽപാൽപമായി അപ്പോഴും ഇറ്റുന്നുണ്ടായിരുന്നു. വളവ് തിരിയുന്നതിനിടെ ഗട്ടറില്‍ വീണ് ജീപ്പ് കുലുങ്ങിയപ്പോള്‍ മാംസം മുറിയുന്ന വേദനക്കിടയിലും ആദിത്യനെക്കുറിച്ച് ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ദ്രുപദ്.
‘‘ചതിയുടെ ഇരുള്‍മുഖം വെളിച്ചത്ത് ചങ്ങാതിയാകുമെന്ന് ഗുരു പറഞ്ഞത് നിനക്കോർമയുണ്ടോ’’ –വെളിച്ചം പൊഴിച്ച് ഞരങ്ങിക്കയറിവരുന്ന ലോറികള്‍ക്ക് വഴി കൊടുത്തുകൊണ്ട് സ്റ്റിയറിങ് തിരിക്കുന്നതിനിടെ ഗൗതം പറഞ്ഞ ആത്മഗതത്തിന് മറുപടിയെന്നോണം ദ്രുപദ് മൂളുകമാത്രം ചെയ്തു. ഹൃദയത്തില്‍ ആഴ്ന്നിറങ്ങേ മൂര്‍ച്ചയേറിയ ആയുധം ലക്ഷ്യംമാറി തോളില്‍ മുറിവേൽപിച്ച നിമിഷാർധം മതിയായിരുന്നു ദ്രുപദിന് വെട്ടിത്തിരിഞ്ഞ് ആദിത്യന്റെ മാറ് പിളര്‍ക്കാന്‍. ക്രുദ്ധസര്പ്പത്തേപ്പോലെ അവന് ചീറ്റിയെങ്കിലും കത്തി തുളഞ്ഞിറങ്ങിയ മാറിടം പൊത്തിപ്പിടിച്ച് പൊഴിഞ്ഞ പാമ്പിന്പടംപോലെ അവന് മണ്ണിലേക്ക് കമഴ്ന്നുവീണു. അവന്റെ കോടിയ വായില്‍നിന്നും അപ്പോള്‍ ഉതിര്‍ന്ന അവ്യക്തമായ വാക്കുകള്‍ക്ക് ദ്രുപദ് മാത്രമായിരുന്നു സാക്ഷി.
സെന്‍ട്രല്‍ ജയിലില്‍നിന്നും പത്തു ദിവസത്തെ പരോളിലിറങ്ങിയ സമയത്തായിരുന്നു ഗുരുവിന്റെ ഓപറേഷന്. വെളിച്ചത്ത് ഗുരു ഉണ്ടായിരിക്കുകയില്ല. ഇരുളില്‍ ഗുരുവിന് വേണ്ടി കളിക്കുന്നത് ദ്രുപദും ആദിത്യനും ഗൗതവുമായിരിക്കും. കുത്തനെയുള്ള കയറ്റിറക്കങ്ങളും അഗാധമായ കൊക്കകളുമുള്ള ചുരം കയറിയെത്തിയാല്‍ കാണുന്ന തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലായാണ് സേട്ടുവിന്റെ ഒളിയിടം. അവിടെയൊളിപ്പിച്ചിട്ടുള്ള നിധി കൊണ്ടുവരണം. എതിര്‍ക്കുന്നവര്‍ ആരായാലും മുറിവേല്ക്കപ്പെടണം. ഇതായിരുന്നു ഗുരുവിന്റെ പദ്ധതി.
കഴിഞ്ഞതവണ എയര്‍പോര്‍ട്ടിന് വെളിയിലെത്തിച്ച സ്വര്‍ണം വടക്കുനിന്ന് എത്തിയവന്മാര് ‘പൊട്ടിച്ച്’ പോയതിന്റെ ക്ഷീണം മറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇക്കുറി ഒരു കളി മുമ്പേ കളിക്കാന്‍ ഗുരു കരുക്കള്‍ എറിഞ്ഞത്. ‘‘കൊണംകെട്ടവന്മാരെ കൂടെക്കൂട്ടിയാല്‍ വടക്കന്മാര് ആസനത്തില്‍ ആപ്പടിച്ച് പോകു’’മെന്ന ഗുരുവിന്റെ പരിഹാസം ക്വട്ടേഷന്‍ പണിയില്‍ കഴിവ് തെളിയിച്ച ആ മൂന്നു ചെറുപ്പക്കാരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. കസ്റ്റംസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് വെളിയിലെത്തിച്ച സ്വര്‍ണം സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെയായിരുന്നുവല്ലോ പൊട്ടിച്ച് കൊണ്ടുപോയത്.
അപ്രതീക്ഷിതമായി വട്ടംവെച്ച ബൊലേറോയില്നിന്നായിരുന്നു അവന്മാര് പാഞ്ഞിറങ്ങിയത്. ഡാഷ് ബോര്ഡിനിടയില്നിന്ന് ആദിത്യന് വടിവാള്‍ എടുക്കാന്‍ തുനിയുന്നതിന് മുമ്പേ ഗൗതമിന്റെ കണ്ഠത്തില് കത്തിവെച്ച് അടയാളം കാണിച്ചിരുന്നു. കൈവിട്ടുകൊടുക്കുകയേ രക്ഷയുണ്ടായിരുന്നുള്ളൂ. പോകുംവഴി ഒന്നുകൂടി ചെയ്തു, പിറകിലൂടെ വന്ന ഒരു കഴുവേറി വണ്ടിയുടെ കാറ്റും അഴിച്ചുവിട്ടു. ദ്രുപദ് പറയുന്നത് ജയിലഴിക്കുള്ളിലിരുന്ന് കേള്‍ക്കുകയായിരുന്നു ഗുരു.
ഗുരുവും സേട്ടുവും സ്വര്‍ണത്തിന് എസ്കോര്‍ട്ട് പോകുന്ന കളിയില്‍ ഏര്‍പ്പെടുന്ന കാലത്താണ് മൂവരും അവരുടെ സംഘത്തില്‍ എത്തുന്നത്. മണലാരണ്യം നിറഞ്ഞ നാട്ടില്‍നിന്ന് പറയാന്കൊള്ളില്ലാത്ത സ്ഥലത്ത് തിരുകിയും ഒളിപ്പിച്ചും കൊണ്ടുവരുന്ന സ്വര്‍ണം ചില സുരക്ഷിത താവളങ്ങളില്‍ എത്തിക്കുകയെന്നതാണ് അവര്‍ക്ക് കിട്ടിയ ജോലി. ഇരുമെയ്യും ഒരു മനസ്സുമായി ചില കേന്ദ്രങ്ങളിലിരുന്ന് ഗുരുവും സേട്ടുവും പദ്ധതി മെനയും. ഫിനിഷായാല് ക്വട്ടേഷന്‍ കളിയേക്കാള്‍ നല്ലൊരു തുക കിട്ടുമെന്നതാണ് മെച്ചം. ചാവുകളിയില്‍ ചില തന്ത്രങ്ങളും കോഡ് ഭാഷകളുമെല്ലാമുണ്ട്.
അങ്ങനെയാണ് സ്വര്‍ണത്തിന് നിധിയെന്ന് പേരുവീണത്. ചില പുതിയ പിള്ളേരും ഫീല്‍ഡില്‍ ഇറങ്ങിയിട്ടുെണ്ടന്ന് സേട്ടു പറഞ്ഞതിന്റെ പിറ്റേന്നാണ് അപ്രതീക്ഷിതമായി വന്ന വണ്ടിച്ചെക്ക് കേസിന്റെ വാറന്റില്‍ ഗുരുവിന് പിടിവീണത്. ഇടിവണ്ടിയില്‍ കയറി ജയിലിലേക്ക് പോകുംവഴി ഞാനിങ്ങ് വേഗം വരുമെന്ന് പറഞ്ഞ് പോയ ഗുരു പിന്നെ പുറത്തിറങ്ങിയത് നാലുമാസം കഴിഞ്ഞുള്ള പത്തുദിവസത്തെ പരോളിനാണ്. അതിനിടയിലായിരുന്നു ‘പൊട്ടിക്കല്‍’ അരങ്ങേറിയത്. ഗുരു പോയതോടെ സേട്ടു സ്വന്തമായി എസ്കോര്‍ട്ട് പണിതുടങ്ങിയ കഥ ആദിത്യന് പറയുമ്പോഴാണ് ഇരുവരും അറിയുന്നത്.
‘‘വരത്തന്മാരെ ഇറക്കിയുള്ള കളിയാണ്, ഗുരുവുണ്ടായിരുന്നെങ്കില് അവന്റെ അണ്ണാക്കില്‍ അമിട്ട് വെച്ച് പൊട്ടിക്കാമായിരുന്നു’’വെന്ന ദ്രുപദിന്റെ ധാര്‍മികരോഷത്തിന് കുറച്ചുകൂടി കാത്തിരിക്കാമെന്നായിരുന്നു ഗൗതമിന്റെ മറുപടി. പക്ഷേ, നിഴല്‍പോലെ സേട്ടുവിന്റെ നീക്കങ്ങള്‍ മനസ്സിലാക്കണമെന്ന ആദിത്യന്റെ ആശയത്തോട് ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.
പതിവിൽ കവിഞ്ഞ ശബ്ദത്തോടെ ബിയറിന്റെ അടപ്പ് തെറിപ്പിച്ചുകൊണ്ട് ഗൗതമാണ് ആ സമസ്യ പുറത്തേക്കിട്ടത്. ‘‘ഗുരുവും സേട്ടുവും കളിയില്‍ നമ്മുടെ പങ്ക് എന്താണ്?’’ ‘‘പങ്കുപറ്റല്‍’’ –അര നിമിഷത്തിന്റെ ആലോചനക്കുപോലും ഇടംവേണ്ടാത്ത ആദിത്യന്റെ മറുപടിയില്‍ തൃപ്തനായ ദ്രുപദ് തന്റെ ഗ്ലാസ് അവന്റെ ബോട്ടിലില്‍ ശക്തിയായി മുട്ടിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആരുടെ ചേരിയില്‍ എന്ന ചോദ്യത്തിന് ഗുരുവിനൊപ്പം എന്ന ഉത്തരത്തിലെത്തിയ ശേഷം ഒരുദിവസത്തെ ഇടവേള നല്കി ദ്രുപദും ആദിത്യനും ഗൗതവും അവരവരുടെ ഒളിയിടങ്ങളിലേക്ക് പിരിയുകയായിരുന്നു.
‘‘ഗൗതം നിനക്കറിയുമോ, ഗുരുവിനെ സുന്ദരമായി വിഡ്ഢിയാക്കുകയായിരുന്നു അയാള്‍.’’
‘‘ദ്രുപദ്, വിഡ്ഢിയാക്കപ്പെട്ടത് ഞാനോ അതോ നീയോ.’’
‘‘ഞാന്‍’’ എന്ന് പറയാന്‍ തുനിഞ്ഞുവെങ്കിലും മുഴുവിപ്പിക്കാതെ അവന് വിഴുങ്ങി.
‘‘അല്ലെങ്കില്‍ ഇടിഞ്ഞുപൊളിഞ്ഞ ആ ക്വാര്‍ട്ടേഴ്സില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്ന തെറ്റായ വിവരം എങ്ങനെ കിട്ടി?’’
‘‘ഒറ്റായിരിക്കാം.’’
ഗൗതമില്നിന്ന് ആ വാക്കുകള്‍ ഉതിരവെ, ബാക്ക് സീറ്റില്‍ ചരിഞ്ഞു കിടന്നുകൊണ്ട് ബെല്‍റ്റിനുള്ളില്‍ തിരുകിവെച്ചിരുന്ന ആയുധത്തിന്റെ ഭദ്രത ഒരിക്കല്‍കൂടി ഉറപ്പിക്കുകയായിരുന്നു ദ്രുപദ്. ചുരത്തിന്റെ പാമ്പുവളവുകളില്കൂടി ജീപ്പ് നിരങ്ങിയിറങ്ങവേ ആഴമേറിയ മൗനത്തിലായിരുന്നു അവരിരുവരും. ഒരുവേള നനുത്ത സ്പര്‍ശം ചെവിക്ക് പിറകിലായി അനുഭവപ്പെടുമ്പോള്‍ അസ്വാഭാവികമായൊന്നും ഗൗതമിന് തോന്നിയില്ല. പെെട്ടന്നതൊരു മൂര്‍ച്ചയേറിയ കഠാരയാണെന്ന് മനസ്സിലാക്കാന്‍ അവന് പിന്നീട് അരനിമിഷംപോലും ആവശ്യമായി വന്നില്ല.
‘‘പങ്കുപറ്റലിന് നീയും ആദിത്യനും എത്ര മേടിക്കും’’ -ഇക്കുറി കണ്ഠനാളത്തിന് കുറുകേ ആയുധമമര്ത്തിയായിരുന്നു ദ്രുപദിന്റെ ചോദ്യം.
‘‘സേട്ടുവിനോട് നീ വാങ്ങിയതിനേക്കാള്‍ അധികമായി.’’ ഒരുനിമിഷം പകച്ചുപോയെങ്കിലും ദ്രുതഗതിയില്‍ ആയുധത്തിന്റെ സ്ഥാനം ഒരിക്കല്‍കൂടി ഉറപ്പിക്കാന്‍ അവന് മറന്നില്ല. ഡ്രൈവിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും തെല്ലിട മാറി സംഭവിക്കാവുന്ന ആക്രമണത്തിന് വഴിമരുന്നിടാന്‍ ഗൗതവും ഒരുങ്ങുകയായിരുന്നു.
‘‘പൊട്ടിക്കല്‍ നാടകം നിന്റെ അറിവോടെയാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവിധം ഗുരു വിഡ്ഢിയാണെന്ന് നീ കരുതിയോ’’ –കഠാരയുടെ നനുത്ത സ്പര്‍ശം വേദനയായി പരിണമിക്കവേ, ദ്രുപദിന്റെ ആത്മവീര്യത്തെ തകര്‍ക്കാന്‍ അവന് ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞു. ‘ഒറ്റുണ്ടായാല്‍’ –വേട്ടക്കിറങ്ങും മുമ്പേ ഗുരുവിന്റെ വാക്കുകളെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു ദ്രുപദ്. വളവില്‍ അല്പം വേഗതകൂട്ടി ജീപ്പ് വീശിയെടുക്കവേ, താന്‍ പ്രയോഗിച്ച ഒറ്റിന്റെ മറ്റൊരു രീതിശാസ്ത്രം തനിക്ക് നേരെ നീളുമെന്ന ചിന്തയാല്‍ ഗൗതമിന് അവസരം കിട്ടുന്നതിനുമുമ്പേ അവന് ആയുധം പ്രയോഗിച്ചുകഴിഞ്ഞിരുന്നു.
ഞരക്കത്തോടെ സീറ്റിലേക്ക് കൂപ്പുകുത്തി ഗൗതം വീഴവേ പിറകില്‍നിന്നും ഏന്തിവലിഞ്ഞുകൊണ്ട് ജീപ്പിനെ നിയന്ത്രിക്കാന്‍ അവന് ശ്രമിച്ചു. അതൊരു പാഴ്ശ്രമമാണെന്ന് അവന് അറിയാമെങ്കില്കൂടി... വളവ് തിരിയവേ, തന്റെ തോള്‍ഭാഗത്ത് മരവിപ്പ് കൂടിവരുന്നതായി അവന് അറിഞ്ഞു. ചെങ്കുത്തായ കൊക്കയിലേക്ക് ദ്രുപദിനെയും വഹിച്ചുകൊണ്ട് ജീപ്പ് വന്യമായ വേഗത്തില്‍ ആണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.