ഒന്നായ നിന്നെ

1. തുണി അലക്കിയ തുണികളോരോന്നും തേച്ചു വെടിപ്പാക്കി മടക്കുമ്പോൾ തേപ്പുകാരൻ പലതും ഓർമിക്കും. സാരി തേക്കുമ്പോൾ അത് ഉടുക്കുന്നവളെ. ഷർട്ടോ മുണ്ടോ തേക്കുമ്പോൾ ഏറ്റവും അടുത്ത ചിലരെ. അധികമാരും ഉണ്ടാവില്ല. പിന്നെപ്പിന്നെ തേപ്പിനെത്തുന്ന തുണികളുടെ ഭൂതവർത്തമാനങ്ങൾ തേപ്പുകാരന് മനഃപാഠമായി.തേപ്പുപെട്ടി ആഞ്ഞുവീശി കനലാളിച്ചു തുണികൾ വെടിപ്പാക്കുന്ന പതിവുകളിലങ്ങനെയിരിക്കെ, വെള്ളിയാഴ്ചകളിലെത്തുന്ന ആ വൃദ്ധൻ രണ്ടാഴ്ചക്കു ശേഷം ഇന്നലെ ആഴ്ച തെറ്റാതെ വന്നു. ഒരു സഞ്ചി നിറയെ തുണിയുമായി. അത് ഏൽപിച്ച് ‘‘ധൃതിയില്ല...’’ എന്നുപറഞ്ഞ് വൃദ്ധൻ വേഗം പുറത്തിറങ്ങി. അയാളെ കാലങ്ങളായി അറിയാവുന്ന തേപ്പുകാരൻ ...

1. തുണി

അലക്കിയ തുണികളോരോന്നും തേച്ചു വെടിപ്പാക്കി മടക്കുമ്പോൾ തേപ്പുകാരൻ പലതും ഓർമിക്കും. സാരി തേക്കുമ്പോൾ അത് ഉടുക്കുന്നവളെ. ഷർട്ടോ മുണ്ടോ തേക്കുമ്പോൾ ഏറ്റവും അടുത്ത ചിലരെ. അധികമാരും ഉണ്ടാവില്ല. പിന്നെപ്പിന്നെ തേപ്പിനെത്തുന്ന തുണികളുടെ ഭൂതവർത്തമാനങ്ങൾ തേപ്പുകാരന് മനഃപാഠമായി.

തേപ്പുപെട്ടി ആഞ്ഞുവീശി കനലാളിച്ചു തുണികൾ വെടിപ്പാക്കുന്ന പതിവുകളിലങ്ങനെയിരിക്കെ, വെള്ളിയാഴ്ചകളിലെത്തുന്ന ആ വൃദ്ധൻ രണ്ടാഴ്ചക്കു ശേഷം ഇന്നലെ ആഴ്ച തെറ്റാതെ വന്നു.

ഒരു സഞ്ചി നിറയെ തുണിയുമായി. അത് ഏൽപിച്ച്

‘‘ധൃതിയില്ല...’’ എന്നുപറഞ്ഞ് വൃദ്ധൻ വേഗം പുറത്തിറങ്ങി.

അയാളെ കാലങ്ങളായി അറിയാവുന്ന തേപ്പുകാരൻ ഇത്തവണ കൂടുതലുണ്ടല്ലോ എന്ന ആത്മഗതത്തോടെ പതിവുപോലെ തുണികൾ പുറത്തെടുത്ത് എഴുതാൻ തുടങ്ങി.

റാമല്ല തോബ് -8

കെഫിയ -7

ഇസാർ -4

തേപ്പുകാരൻ സഞ്ചി വീണ്ടും കുടഞ്ഞുനോക്കി. കൊമ്പാസോ സെർ വാലോ ജല്ലാ യേഹോ ഫസ്താനോ ഒന്നും കണ്ടില്ല. കൂടുതൽ ചിന്തിക്കുന്ന ആളാവാത്തതുകൊണ്ട് പകുതിയിലായിരുന്ന ജോലിയിലേക്ക് അയാൾ കടന്നു. അതു തുടരുന്നതിനിടെ ഓർമയിൽ എന്തോ തട്ടിയപ്പോൾ തേപ്പ് നിർത്തി തുണികൾക്കിടയിൽ കിടന്നിരുന്ന ഒരു പരസ്യ ബോർഡ് പുറത്തെടുത്തു. നിറയെ അലങ്കാര തുന്നലുള്ള മുഖാവൃതചിത്രമാണ് അതിലെ പരസ്യമോഡൽ.

അൽപം പഴക്കമുള്ളത്. തേപ്പുകാരൻ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു വലിയ കടലാസെടുത്ത് അതിലെ സ്റ്റിക്കർ നഖത്തിനറ്റംകൊണ്ട് അടർത്തിക്കളഞ്ഞ് ബോർഡിലൊട്ടിച്ചു. കടക്ക് മുന്നിലുള്ള വെളുത്ത ചുമരിൽ ചാരിനിർത്തി, ദൂരേക്ക് മാറിനിന്നു തേപ്പുകാരൻ ബോർഡിലേക്ക് നോക്കി. ആകാശത്തെവിടെയോ വലിയ ശബ്ദത്തിന്റെ പ്രതിധ്വനി മുഴങ്ങി. മുൻ ദിവസങ്ങളിലേതുപോലെ മുകളിലേക്ക് നോക്കി, പിന്നെ മുന്നിലെ ബോർഡിൽ, ഫസ്താൻ ധരിച്ച ഒരു പെൺകുട്ടി ചിരിയോടെ അയാളെ നോക്കിനിന്നു.

2. പുഴ

നിർത്താതെ പെയ്ത മഴക്കുശേഷം കലങ്ങിക്കുതിച്ച് കരതൊടാനായുന്ന പുഴയിൽനിന്ന് ലഭിച്ച അവശേഷങ്ങളിൽ ഇത്തവണ ജീവനറ്റ ഒരു മനുഷ്യശരീരമുണ്ടായിരുന്നു. ആറ്റിലേക്ക് ചാടിയ സ്ത്രീയെ അന്വേഷിച്ചിറങ്ങിയ പൊലീസും ഉറ്റവരും തങ്ങളുടെ ജോലി അവസാനിച്ചല്ലോ എന്ന ആശ്വാസത്തോടെ അതിനും നാലു ദിവസത്തെ പഴക്കമുള്ളയാളെയാണ് കണ്ടെത്തിയത്. ഇല്ലിക്കൊമ്പിൽ കുപ്പായം കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അത്. അന്വേഷണ പരിധിയിൽ ഒരു മിസിങ് കേസുള്ളതും വിവാഹമോതിരം വിരലുകളിൽനിന്ന് അഴുകിയടരാതെ കിടന്നതും പൊലീസിന് എല്ലാം എളുപ്പമാക്കി.

മോർച്ചറിയിൽനിന്നേറ്റുവാങ്ങിയ, ഇരു കൈകൊണ്ട് താങ്ങിയെടുക്കാവുന്ന ഭാരം മാത്രമുള്ള മരിപ്പ് നീല താർപ്പായകൊണ്ടുള്ള പന്തലിനുള്ളിലെ ചെറിയ ബെഞ്ചിലേക്ക് ഇറക്കിവെച്ചു. മകൾ വീടിനകത്ത് തൂങ്ങിയവസാനിച്ച ദിവസം അപ്രത്യക്ഷനായ അച്ഛൻ മകൾക്ക് ഉയർത്തിയ പന്തലിലേക്ക് ഒടുക്കം മടങ്ങിയെത്തി.

മാംസവും രാസവസ്തുക്കളും ചേർന്ന ഗന്ധം അവിടമാകെ നിറഞ്ഞു. ഭാര്യയും നാട്ടുകാരും ബന്ധുക്കളും മൂക്കുപൊത്തി. തിരിച്ചുവരില്ലെന്ന് പ്രതീക്ഷിച്ചതുകൊണ്ടാവാം ചടങ്ങുകൾ അസാധാരണ ധൃതിയിൽ അവസാനിപ്പിച്ചു.

കൂട്ടിരിക്കാൻ വന്ന ബന്ധുക്കൾ മൂന്നാം ദിനം മുതൽ സ്വന്തം തിരക്കുകളിലേക്ക് മടങ്ങിയപ്പോൾ മകളും ഭർത്താവും ഉപയോഗിച്ചിരുന്നവയെല്ലാം ഓരോന്നായി സ്ഥാനംമാറ്റി ആ വീട്ടിൽ അവരുടെ എല്ലാമായിരുന്ന സ്ത്രീ ഓർമകൾകൊണ്ട് കറുപ്പും മറവികൊണ്ട് വെളുപ്പും കളങ്ങൾ തീർത്ത് കളിയാരംഭിച്ചു. മകൾക്കൊപ്പം അച്ഛൻ ഒരുവശത്തുമിരുന്നു. ഓർമയിലേക്കും മറവിയിലേക്കും സമയത്തിന്റെ സ്ഥാനം മാറ്റിമാറ്റി എല്ലായിടങ്ങളും അവരുള്ളതുപോലെ എല്ലാം നിലനിർത്തി. വസ്ത്രങ്ങൾ ദിവസവും കഴുകി അയയിലിട്ടു. അച്ഛനും മകൾക്കുമിഷ്ടമുള്ള അടുക്കളമണങ്ങൾ ഇടക്കിടെ ആ വീട്ടിൽനിന്നും പൊന്തിവന്നു.

അന്ന് രാത്രി അടഞ്ഞവാതിൽ തുറക്കാതെ ആറ്റിലേക്ക് ചാടിയവൾ അവരുടെ ചതുരംഗക്കളത്തിലേക്ക് കേറിവന്നു. അവർക്ക് അപരിചിതയായിരുന്നില്ല അവൾ. ആ രാത്രി ഒടുങ്ങുന്നവരെ കളിച്ചു. ഇപ്പോൾ മഴ പെയ്യുകയല്ല ഇടിഞ്ഞുവീഴുകയാണ്. കുഴഞ്ഞ മണ്ണിന്റെ മണമോടെ പുഴ കരകേറി. പിറ്റേന്ന് പരസ്പരം അപരിചിതരായ പുതിയ കുറേ മനുഷ്യർ മുറ്റമാകെ നിറഞ്ഞു. വേഷംകൊണ്ട് ആരും ആരെയും അറിഞ്ഞില്ല. പുതിയ താമസക്കാരെ കാണുമ്പോഴെന്നപോലെ വീട് പുതിയ ഖബറുപോലെ ജീവനോടെ ഞെളിഞ്ഞുനിന്നു. കടപുഴകിയ മഴ അതിനു മുകളിലേക്ക് ഇടിഞ്ഞ് അടർന്നുവീണു.


Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT