ഓർമകളുടെ വർത്തമാനങ്ങൾ

ഈ അടുത്ത കാലത്ത് തുടങ്ങിയതാണ്. അവിശ്വസനീയവും അയഥാർഥവുമായി തോന്നിയിട്ടുള്ള ചില കാര്യങ്ങളാണ് അയാളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അയാൾക്കിപ്പോൾ എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കുന്നു. രാത്രി ഉറക്കങ്ങളിൽ, അയാൾ തന്റെ പൂർവികരെ അടിക്കടി സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. അച്ഛൻ, അമ്മ, അച്ഛച്ഛൻ, അച്ഛമ്മ എന്നിവരെ. പകൽനേരങ്ങളിൽ അവരെപ്പറ്റിയുള്ള ആലോചനകളിൽ ദീർഘനേരം മുഴുകുന്നു. തന്റെ മനോവ്യാപാരങ്ങളിൽ അവരെ ആനയിക്കുന്നു –മണിക്കൂറുകളോളം. കാലത്തിന്റെ പിറകോട്ട് യാത്രചെയ്ത് ഓർമകളിൽ അലഞ്ഞുനടക്കുന്നു. ചിലപ്പോൾ ആനന്ദിക്കുന്നു. ചിലപ്പോൾ സങ്കടപ്പെടുന്നു. കരയുന്നു. പിറുപിറുക്കുന്നു....

ഈ അടുത്ത കാലത്ത് തുടങ്ങിയതാണ്. അവിശ്വസനീയവും അയഥാർഥവുമായി തോന്നിയിട്ടുള്ള ചില കാര്യങ്ങളാണ് അയാളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അയാൾക്കിപ്പോൾ എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കുന്നു. രാത്രി ഉറക്കങ്ങളിൽ, അയാൾ തന്റെ പൂർവികരെ അടിക്കടി സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു.

അച്ഛൻ, അമ്മ, അച്ഛച്ഛൻ, അച്ഛമ്മ എന്നിവരെ. പകൽനേരങ്ങളിൽ അവരെപ്പറ്റിയുള്ള ആലോചനകളിൽ ദീർഘനേരം മുഴുകുന്നു. തന്റെ മനോവ്യാപാരങ്ങളിൽ അവരെ ആനയിക്കുന്നു –മണിക്കൂറുകളോളം. കാലത്തിന്റെ പിറകോട്ട് യാത്രചെയ്ത് ഓർമകളിൽ അലഞ്ഞുനടക്കുന്നു. ചിലപ്പോൾ ആനന്ദിക്കുന്നു. ചിലപ്പോൾ സങ്കടപ്പെടുന്നു. കരയുന്നു. പിറുപിറുക്കുന്നു. വീട്ടുകാരുടെ സാമീപ്യംപോലും അയാൾ അറിയാതെ പോകുന്നു. അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. കൈകൾകൊണ്ട് ആംഗ്യങ്ങൾ കാണിക്കുന്നു. എന്തോ ചില പ്രശ്നങ്ങളുണ്ടെന്ന് വീട്ടുകാർക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. എന്തുപറ്റി?

അയാൾ തന്റെ ഓർമകളിൽ യാത്രചെയ്യുകയാണ്. അമ്മ വഴിയുള്ള പൂർവികരെപ്പറ്റി, അയാൾക്ക് വലിയ അറിവൊന്നുമില്ല. അതുകൊണ്ടായിരിക്കാം, അമ്മവഴിയുള്ള പൂർവികരെ അയാൾ തന്റെ ഓർമകളിലോ ആലോചനകളിലോ അന്വേഷിച്ച് അലയാഞ്ഞത്.

അയാളുടെ അച്ഛൻ വിവാഹിതനായത് അക്കാലത്തെ മാമൂൽ ചടങ്ങുകളോ നാട്ടുസമ്പ്രദായങ്ങളോ അനുസരിച്ചായിരുന്നില്ല. ഇക്കാര്യങ്ങൾ അയാൾ മനസ്സിലാക്കിയത്, തന്റെ അച്ഛനമ്മമാരിൽനിന്നായിരുന്നില്ല. അയാളുടെ ജീവിതത്തെ ഇക്കാര്യം ഒരുവിധത്തിലും ബാധിച്ചിരുന്നില്ല. അയാൾ തികച്ചും ഉദാസീനൻ. അമ്മയെ, അച്ഛൻ അടിച്ചുമാറ്റിക്കൊണ്ടു വന്നതാണെന്ന വർത്തമാനം നാട്ടിലുണ്ടായിരുന്നു. അയാൾക്ക് തോന്നിയ കാര്യം ഇതാണ്–

മാമൂൽ ചടങ്ങുകളും നാട്ടു സമ്പ്രദായങ്ങളും സാധാരണ നിലയിൽ പാലിക്കുവാനുള്ളതാണ്. എന്നാൽ, അപൂർവമായെങ്കിലും ധിക്കരിക്കപ്പെടാനുള്ളതുമാണ്. ഊറ്റം കാണിക്കുക എന്നതുകൂടിയാണ്. തന്റേടമില്ലാത്ത പൊങ്ങന്മാരെക്കൊണ്ട് ഇതൊന്നും സാധിക്കുകയില്ലല്ലോ!

=======

അച്ഛന്റേത് ഒരു ചെറുകിട കർഷക കുടുംബം. നാമമാത്ര കർഷക കുടുംബത്തിന്റെ പരിസരവും പകിട്ടില്ലായ്മയും അയാൾക്ക് നന്നായിട്ടറിയാം. സ്വന്തം കൃഷിയിടങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് കുടുംബം പുലർത്തുക എന്നത് പ്രയാസമുള്ള കാര്യമാണ്. കൊല്ലം മുഴുവൻ എടുക്കുവാനുള്ള പണികളോ കാലാദായമോ സ്വന്തം പുരയിടത്തിൽനിന്നോ കൃഷിയിടങ്ങളിൽനിന്നോ കിട്ടുകയില്ല. എത്രതന്നെ അരിഷ്ടിച്ച് ജീവിച്ചാലും പട്ടിണി കിടക്കാതെ എങ്ങനെ ജീവിക്കാനാണ്?

കഷ്ടിച്ച് എഴുതാനും വായിക്കാനുമുള്ള പള്ളിക്കൂടം പഠിപ്പ് കഴിഞ്ഞാൽ, പഠനം മതിയാക്കി, കുടുംബത്തിലെ ഉശിരുള്ളവർ, പ്രത്യേകിച്ച് ആണുങ്ങൾ കൃഷിപ്പണിയിലേക്കും മറ്റ് നാട്ടുപണികളിലേക്കും ഇറങ്ങിച്ചെല്ലുന്നു. സ്വന്തം ഗ്രാമത്തിൽ മാത്രമല്ല, അയൽ ഗ്രാമങ്ങളിലേക്കും പോയി പണിയെടുക്കുന്നു.

പുതുമഴ പെയ്താൽ വിത്തിറക്കി. കാലവർഷം തുടങ്ങിയാൽ നാട്ടിപ്പണിക്ക് പോയി. ആണുങ്ങൾ വയലുകൾ തയാറാക്കിക്കൊടുത്തു. ഞാറ് നടുക മിക്കവാറും പെണ്ണുങ്ങൾ. മഴ നനയാതിരിക്കാൻ, ആണുങ്ങൾ തലക്കുട ചൂടി. ഞാറ് നടുന്നത് കുനിഞ്ഞിട്ടായതിനാൽ പെണ്ണുങ്ങൾ പിരിയോല ചൂടി. പിരിയോലയുടെ നീളം അവരുടെ തല മുതൽ പൃഷ്ഠംവരെ എത്തുന്നുണ്ട്. തലക്കുടയും പിരിയോലയും മെടഞ്ഞിരുന്നത് പനയോലകൊണ്ടാണ്. കലയുടെ കൈവേലയും നൈപുണ്യവും ഇഴകളാക്കി ഉപയോഗിച്ച് മോടികൂട്ടിയിരുന്നു.

മണ്ണുമായി ബന്ധപ്പെട്ട ഒരുവിധം പണികളൊക്കെ അവർ ചെയ്തു. പറമ്പുകൾ കിളച്ചു. വയലുകൾ ഉഴുതുമറിച്ചു. തെങ്ങുകൾക്ക് തടമെടുത്ത് വളമിട്ടു. അച്ഛൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ, അയാൾ നല്ലപോലെ ഓർക്കുന്നുണ്ട് –കൈക്കോട്ട്, പടന്ന, മൺവെട്ടി.

അങ്ങനെയാണ്, അയൽ ഗ്രാമത്തിൽ കൃഷിപ്പണിക്ക് പോയപ്പോൾ, അച്ഛൻ അന്നാട്ടിലെ ഒരു യുവതിയുമായി പരിചയത്തിലാകുന്നത്. ഇഷ്ടത്തിലാകുന്നത്. അക്കാലത്തെ ഗ്രാമീണർക്കിടയിലെ പ്രണയരീതികളെപ്പറ്റി കാര്യമായ അറിവൊന്നും അയാൾക്കില്ല. കേട്ടറിവുകളിൽനിന്നുള്ള നുറുങ്ങുകളുണ്ട്. വായനകളിൽനിന്ന് കിട്ടിയ വിവരണങ്ങൾ, യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് പോകുന്നില്ല എന്ന തോന്നലുണ്ട്.

ആവർത്തിച്ച് ആവർത്തിച്ച് ചോദി​ച്ചപ്പോൾ, കുടുംബത്തിലെ ചില മുതിർന്നവരിൽനിന്ന് കിട്ടിയ വിവരങ്ങളുണ്ട്. ഇവയൊക്കെ ചിക​ഞ്ഞെടുത്ത്, ക്രമാനുഗതമായും ഒരുവിധം പൊരുത്തപ്പെടുത്തിയും കോർത്തിണക്കേണ്ടതുണ്ട്. ഓർമകൾതന്നെയാണ്, അയാൾക്ക് ആശ്രയിക്കാനുള്ളത്. പലതരം ഓർമകളിൽനിന്ന്, ചിലത് ചികഞ്ഞെടുക്കുന്നതിൽ ഒരു പ്രത്യേക കൗതുകവും തിടുക്കവും അയാൾ കാണിച്ചു. അക്കാര്യം പറയുന്നതിനു മുമ്പ്–

ഒരു കുറിപ്പ്

അയാൾ എ​ന്ന സർവനാമമുപയോഗിച്ച് പറഞ്ഞുവന്നത്, അരവിന്ദൻ മാഷെപ്പറ്റിയാണ്. ഹൈസ്കൂൾ അധ്യാപകനായി, സർവിസിൽനിന്ന് വിരമിച്ചു. ഇപ്പോൾ പെൻഷനർ. ഭാര്യ സത്യവതി.

===========

ഭർത്താവ് ഈയിടെയായി നീണ്ടുനിൽക്കുന്ന ആലോചനകളിലും പിറുപിറുക്കലുകളിലുമാണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്. അലോസരപ്പെടുത്തേണ്ടെന്ന് കരുതി ഒന്നും ചോദിച്ചില്ല. ഭർത്താവ് അദ്ദേഹത്തിന്റേതായ ലോകത്ത് കഴിഞ്ഞുകൊള്ളട്ടെ. പ്രായമേറിവരുകയാണ്. മക്കളും പേരമക്കളുമൊക്കെയായില്ലേ? ഭർത്താവിൽ കണ്ടുതുടങ്ങിയ മാറ്റം, അവർ ഗൗരവത്തിൽ എടുത്തില്ല. അതിനു മാത്രമുള്ള പ്രശ്നങ്ങളൊന്നും ഈ കുടുംബത്തിൽ ഇപ്പോഴില്ല. അവർ പ്രാർഥിച്ചു. ഈശ്വരാ, നല്ല നല്ല ആലോചനകൾ ആയിരുന്നാൽ മതി. നല്ല നല്ല സ്വപ്നങ്ങളായിരുന്നാൽ മതി.

===========

സ്വപ്നങ്ങൾ ഏത് പ്രായത്തിലും കാണാം. കൊച്ചു കുട്ടികൾവരെ സ്വപ്നങ്ങൾ കാണാറുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കണ്ടുകൊണ്ടിരുന്ന സ്വപ്നങ്ങൾ മിക്കതും ഉണർന്നുകഴിഞ്ഞാൽ, ഓർത്തെടുക്കാൻ പറ്റിയെന്ന് വരില്ല. അരവിന്ദൻ മാഷുടെ കാര്യവും അങ്ങനെതന്നെയാണ്.

ഓർമക​ളെ ചുറ്റിപ്പറ്റിയുള്ള ആലോചനകൾ ഒഴിവാക്കേണ്ടതിന്റെ പ്രത്യേക കാരണങ്ങളൊന്നും അയാൾക്കില്ല. ആലോചനകളിൽനിന്ന് പിന്തിരിയാനും അയാൾ തയാറല്ല. മാത്രവുമല്ല, ഓർമകൾ തന്റെ ഭാവനകൾക്ക് ചിറകുകൾ നൽകുമെന്ന് അയാൾ വിശ്വസിച്ചു. പകൽ സമയങ്ങളിൽ വെറുതെയിരിക്കുമ്പോൾ അയാൾ ഓർമകളുടെ ലോകത്ത് അലഞ്ഞ് നടന്നു. ഓർമകൾ പക്ഷേ തനിച്ച് യാത്ര ചെയ്യാറില്ല. പ്രത്യേകിച്ച് പിറകോട്ടുള്ള യാത്രകൾ –തൊട്ടുരുമ്മി ഭാവനകളുമുണ്ട്. ഭാവനകൾ പലപ്പോഴും ഓർമകളെ മറികടക്കാനും ശ്രമിക്കാറുണ്ട് –ഭാവനകൾക്ക് വേഗം കൂടുതലാണ്!

=========

എങ്ങനെയായിരിക്കും, അച്ഛൻ അയൽ ഗ്രാമങ്ങളിൽ പണിക്ക് പോയപ്പോൾ –പിൽക്കാലത്ത് താനടക്കം അഞ്ച് മക്കളുടെ അമ്മയായ –യുവതിയെ പ്രണയിച്ചത്? നാട്ടുവർത്തമാനമനുസരിച്ച് അടിച്ചുമാറ്റിയത്? സ്ഫുടംചെയ്തെടുത്ത തന്റെ ഓർമകളിൽനിന്ന്, ചില രംഗങ്ങൾ വിളിച്ചുവരുത്തി–

പരസ്പരം പായ്യാരങ്ങളൊന്നും പറഞ്ഞില്ല. ഒന്നും രണ്ടും ഉരിയാടി തുടക്കമിട്ടു. വീണ്ടും വീണ്ടും ഉരിയാടി അടുപ്പം നീണ്ടുനീണ്ടു പോയി. പിന്നെപ്പിന്നെ ഉരിയലുകൾ ഒരുപാടായി. കാത്തിരിക്കാനിനി വയ്യെന്നായി. അച്ഛൻ നേരെയങ്ങ് ചോദിച്ചു–

കുഞ്ഞിപ്പാറൂന്നല്ലേ പേര്? അച്ഛൻ ബാക്കി പറയുന്നതിനു മുമ്പേ, കുഞ്ഞിപ്പാറു ഒരു ചെറുചിരിയുടെ തിരികൊളുത്തി ഉയർത്തിപ്പിടിച്ചു. ഉത്സാഹത്തോടെ പറഞ്ഞു–അതേ, കേളപ്പേട്ടന്റെ പേരെനിക്കറിയാം.

തന്റെ പേര് ചേർത്ത് കുഞ്ഞിപ്പാറു പറഞ്ഞ മറുപടിയിലെ മനസ്സ്, അച്ഛൻ സ്വമനസ്സാ തലോടി. ഇവൾ തനിക്ക് നന്നായി ചേരുമെന്ന് ഉള്ളിലുറപ്പിച്ചു. കുഞ്ഞിപ്പാറുവിന്റെ പേര് അറിയാഞ്ഞിട്ടല്ല ചോദിച്ചത്. തുടക്കം കുറിക്കാനായി എന്തെങ്കിലുമെന്ന് പറഞ്ഞു തുടങ്ങണമല്ലോ എന്ന് കരുതിയതിനാലാണ്.

കുറിപ്പ്: 2

ഇനിയങ്ങോട്ട്, അരവിന്ദൻ മാഷ് തന്റെ ഓർമകളിൽ, അച്ഛൻ എന്ന് ചൊല്ലി ഓർക്കുന്നതിന് പകരം അച്ഛന്റെ പേര് തന്നെ ചേർത്ത് ഓർമകൾ തുടരുന്നതാണ്. ഇനി അവർ കമിതാക്കളാണ്. കമിതാക്കളുടെ പേരുകൾ ചൊല്ലി പറയുന്നതായിരിക്കും ഭംഗി.

==========

കേളപ്പൻ ഉഷാറിലായി. വളച്ചുകെട്ടി പറയുന്ന ശീലമില്ല. ചോദിക്കേണ്ടത് നേരെയങ്ങ് ചോദിക്കും. സ്വഭാവം പരുക്കനായത് കൊണ്ടല്ല. പറയേണ്ടത് പച്ചയ്ക്കങ്ങ് പറയും. ഇങ്ങനെ–

എന്റെ കൂടെ പുരയിൽ വരുന്നോ? ഒന്നായി പൊറുക്കാനും ജീവിക്കാനും. വെടിപ്പും ചിട്ടയുമുണ്ടായാൽ മതി. അടുക്കളയുണ്ട്. തീയുണ്ട്. പുകയുണ്ട്. കരിയുണ്ട്. നമുക്ക് നയിച്ചു ജീവിക്കാം, എന്താ?

കുഞ്ഞിപ്പാറു പറഞ്ഞു –ഉശിരുള്ള കേളപ്പേട്ടന്റെ ഉള്ളും പോരിമയും മതി എനിയ്ക്ക്. പക്ഷേ ഒന്നുണ്ട് കണിശം പറയാൻ. അടിതെറ്റി ആടിയാടി വരാൻ പാടില്ല. കുരുത്തംകെട്ടവരുടെ കൂട്ടു ചേർന്ന് അടിപിടി കുലുമാലുകളുണ്ടാക്കരുത്. ഞാനെപ്പോഴാ ഇറങ്ങിവരേണ്ടതെന്ന്, രണ്ടീസം മുമ്പേ പറഞ്ഞാൽ മതി. ഞാൻ വരും. ഉടുത്ത് വരുന്ന ഉടുപ്പുകളല്ലാതെ ഞാനൊന്നും കൊണ്ടുവരില്ല. എന്റെ കാതുകളിൽ പൊന്നെന്ന് പറയാൻ, പേരിന് മാത്രം. മുള്ളാണി മൊട്ടിന്റെ വലിപ്പമുള്ള പൊന്ന്.

ചെമ്പാണിയിൽ വിളക്കി കാതുകളിൽ തിരുകി കയറ്റിയത്. കഴുത്തിലൊന്നുമില്ല. കറുത്തൊരു ചരടിൽ എന്തോ കുന്ത്രഷ്ടാണം ജപിച്ച് മന്ത്രിച്ച് കെട്ടിയത്. കൈകളിലണിഞ്ഞത് അമ്പലപ്പറമ്പുകളിൽ ഇളനീർ വരവും തിറയാട്ടവും കാണാൻ പോയപ്പോൾ ഏതോ നാടുകളിൽനിന്നെത്തിയ പട്ടാണികളിൽനിന്ന് വാങ്ങിയ ഏതേതോ കിൽപ്പിത്തിരികൾ കൊണ്ടുണ്ടാക്കിയ വളകൾ.കുഞ്ഞിപ്പാറു രണ്ടു കൈകളുമുയർത്തി, കിലുകിലാ കിലുക്കി കാണിച്ചു.

കേളപ്പൻ കുഞ്ഞിപ്പാറുവിന്റെ കാതുകൾ നോക്കി. കഴുത്ത് നോക്കി. കൈകൾ നോക്കി. ചെറുതായൊരു ചിരി പൊഴിച്ചു. കാമിനിയുടെ നേര് പറച്ചിലിൽ ഐക്യപ്പെട്ട്, അയാൾ പറഞ്ഞു–

എനിക്കാവുന്ന കാലത്ത്, കുറേശ്ശ കുറേശ്ശ പൊന്നൊക്കെ ഞാൻ വാങ്ങിത്തരും. എപ്പോളാണെന്ന് ഇപ്പോൾ പറയുന്നില്ല. ആവുന്നകാലത്ത് എന്തായാലും വാങ്ങിത്തരും. എന്താ? അയാൾ മെല്ലെ പറഞ്ഞു. തുടർന്ന്, വീണ്ടും–

കുഞ്ഞിപ്പാറു ഒരിയ്ക്കൽകൂടി വളകളണിഞ്ഞ കൈകളൊന്ന് കിലുക്കിക്കാണിക്ക്. എന്താ പറ്റൂലേ?

കേൾക്കേണ്ട താമസം, കുഞ്ഞിപ്പാറു ഇരു കൈകളുമുയർത്തി കിലുകിലാ കിലുക്കിക്കാണിച്ചു. അമ്പലപ്പറമ്പിലെ തിറയാട്ടങ്ങൾ ഓർമിപ്പിച്ചു. പട്ടാണി വണിക്കുകളുടെ പല നിറങ്ങളിലുമുള്ള ചമയങ്ങളുടെ ഭംഗി ഓർമിപ്പിച്ചു. കുഞ്ഞിപ്പാറുവിന്റെ മുഖത്തൊരു തെളിച്ചം തിളങ്ങിപ്പരന്നു. പതംവന്ന മനസ്സോടെ കുഞ്ഞിപ്പാറു പറഞ്ഞു–

ഒന്നൂടി പറയാനുണ്ട്. എന്റെ പുരയിൽനിന്ന് ആരെങ്കിലും ചോദിക്കാനോ കാനൂല് പറയാനോ കച്ചറ കാട്ടാനോ വന്നാൽ, ഞാനെന്റെ ഇഷ്ടത്തിന്, കേളപ്പേട്ടന്റെ കൂടെ ഇറങ്ങിപ്പോന്നതാണെന്ന് പറയും. അത് ഞാൻ ഊക്കോടെ പറയും. ഏത് അമ്പലത്തിലും പോയി, ഏത് ദേവന്റെ മുമ്പിലും പോയി സത്യം ചെയ്യാനും ഞാനൊരുക്കമാണെന്ന് കൂട്ടിക്കോളിൻ.

കുഞ്ഞിപ്പാറുവിന് തനിമയുണ്ട്. തന്റേടമുണ്ട്. കേളപ്പന് കുഞ്ഞിപ്പാറുവിനെ ശരിക്കും ബോധിച്ചു. ഒന്നുകൂടി അടുത്തുചെന്ന് പതിഞ്ഞ സ്വരത്തിൽ ചിലതൊക്കെ പറഞ്ഞ് ധരിപ്പിച്ചു. പറഞ്ഞതും കേട്ടതും മനസ്സിലുറപ്പിച്ച്, തൽക്കാലം പിരിഞ്ഞു. തിരിഞ്ഞുനോക്കാതെ, കുഞ്ഞിപ്പാറു ഒരു കാര്യം ചെയ്തു. അവൾ ഇരു കൈകളിലെയും വളകൾ കിലുകിലാ കിലുക്കി... കേളപ്പേട്ടൻ കേട്ടു കാണും.

============

പണി മതിയാക്കി കേളപ്പൻ വീട്ടിലേക്ക് വന്നു. കൈക്കോട്ട്, പടന്ന, മൺവെട്ടി മുതലായ പണിയായുധങ്ങൾ നനച്ച്, ചകിരികൊണ്ട് ഉരച്ചു കഴുകി, വൃത്തിയാക്കി. കുളി കഴിഞ്ഞ് മുണ്ടും കുപ്പായവും മാറ്റി.

അമ്മ കിണ്ണത്തിൽ വിളമ്പിയ ചോറിന് മുന്നിൽ ഇരുന്നു. ഇളംചൂടുള്ള ചോറ്. പച്ചത്തേങ്ങ, മഞ്ഞൾ, മുളക്, ജീരകം, പുളി എന്നിവ ചേർത്ത്, അമ്മിക്കല്ലിൽ ചാന്തു പോലെ അരച്ചെടുത്ത കൂട്ടു ചേർത്തുണ്ടാക്കിയ ചെറിയതരം മീനിന്റെ കൂട്ടാൻ.

അഞ്ചാറ് തുള്ളി വെളിച്ചെണ്ണയിൽ വറുത്ത ഉലുവയും കറിവേപ്പിലുംകൊണ്ട് മോടികൂട്ടിയ സ്വാദ്. കൂട്ടാൻ ഒരു കോപ്പയിൽ. വളപ്പിൽനിന്നെടുത്ത പയറും പയറിന്റെ താളും തളിരിലകളും അരിഞ്ഞെടുത്തതിൽ പേരിനൊരു ചുകന്നുള്ളി ചതച്ചിട്ടത് ചേർത്ത് പേരിനൊരഞ്ചാറ് തുള്ളി വെളിച്ചെണ്ണ പുരട്ടി വാട്ടിയെടുത്തത്, ഒരു വാഴയിലക്കീറിൽ വെച്ചതുണ്ട്. അടിക്കാനായി നേർപ്പിച്ച കഞ്ഞിവെള്ളവും.

ചോറ് ഉച്ചക്ക് മാത്രം; രാവിലെയും വൈകുന്നേരവും തേങ്ങ പിരകിയത് ചേർത്തുണ്ടാക്കിയ കഞ്ഞി, അത് കോരി കുടിക്കുവാൻ പ്ലാവില ​കോട്ടി, ഈർക്കിൽ കുത്തി കുമ്പിളാക്കിയത്. ചക്കയുടെ മാസങ്ങളിൽ ഇടിച്ചക്കയിൽനിന്ന് തുടങ്ങി ചക്കപ്പുഴുക്ക്. ഇവയൊന്നുമില്ലാ കാലത്ത് ചീരോ പറങ്കിമുളകിന്റെ എരിവും മണവുമുള്ള തേങ്ങാച്ചമ്മന്തി.

കേളപ്പൻ തിടുക്കത്തിൽ ഭക്ഷണം കഴിച്ചെന്ന് വരുത്തി. ഒരിടത്ത് പോകാനുണ്ട്. അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറയണ്ടേതുണ്ട്. അമാന്തം വേണ്ട.

========

അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു. അവർ മുഖേന കുടുംബത്തിലെ മറ്റുള്ളവരോടും പറഞ്ഞു. അതാണ് നിന്റെ തീരുമാനമെങ്കിൽ അങ്ങനെത്തന്നെ ആയിക്കോട്ടെ. വീട്ടുകാർ യോജിപ്പിലായതോടെ, കേളപ്പന് സമാധാനവുമായി.

പണിക്ക് പോയി കൂലി വാങ്ങി തുടങ്ങിയതു മുതൽ, കേളപ്പൻ ചിട്ടയുള്ള, ചെറിയ ജീവിതം ജീവിച്ചു. വീട്ടിൽ ചെലവിന് കൊടുത്തു. ലേശം ലേശം മിച്ചംവെച്ചു സൂക്ഷിച്ചു. അങ്ങനെ മിച്ചം വെച്ചതിൽനിന്ന്, സുമാർ മനസ്സിലൊരു കണക്കുകൂട്ടി പണമെടുത്തു. ഒരു ശീലക്കിഴിയിലാക്കി ഉക്കത്ത് തിരുകി.

കേളപ്പൻ പോയത് നാലഞ്ച് മൈൽ ദൂരെയുള്ള തുണിക്കടയിലേക്ക്. സ്വന്താവശ്യങ്ങൾക്കുള്ള തുണികൾ വാങ്ങി –അധികവും വാങ്ങി. കുഞ്ഞിപ്പാറുവിനാവശ്യമുള്ള തുണികൾ വാങ്ങി– അധികവും വാങ്ങി. കടയോട് തൊട്ടുതന്നെ പണിയെടുക്കുന്ന തുന്നൽക്കാരനോട് പെട്ടെന്ന് തുന്നിത്തരാൻ ഏർപ്പാടാക്കി. തുന്നൽക്കൂലി മുൻകൂറായി കൊടുക്കാൻ തയാറായപ്പോൾ തുന്നൽക്കാരൻ സ്നേഹത്തോടെ വിലക്കി –മുൻകൂറായി വേണ്ട. ഞാനിത് വേഗം തന്നെ തുന്നിത്തരാം. എന്റെ വാക്ക് വിശ്വസിച്ചോളിൻ. എന്റെ വാക്ക് വാക്കാണ്.

കുഞ്ഞിപ്പാറുവിനോട് പറഞ്ഞുറപ്പിച്ചതിന്റെ അടുത്തതിന്റെ അടുത്ത ദിവസം കേളപ്പൻ കുഞ്ഞിപ്പാറുവി​നെയും കൂട്ടി വീട്ടിലേയ്ക്കു വന്നു. കുടുംബത്തിലെ എല്ലാവരും നല്ല മനസ്സോടെ, സന്തോഷത്തോടെ കുഞ്ഞിപ്പാറുവിനെ സ്വീകരിച്ചു.

കേളപ്പേട്ടന്റെ വീട്ടുകാർക്ക് തന്നെ ബോധിച്ചു എന്ന് മനസ്സിലാക്കിയ കുഞ്ഞിപ്പാറു വീട്ടുകാരുമായി നന്നായി മെരുങ്ങി. പുതിയ പെണ്ണിന്റെ മുഖത്ത് തെളിച്ചമുണ്ട്. ചെറുചിരിയുണ്ട്. കാണാൻ ചെറുതല്ലാത്ത ചേലുണ്ട്. ആദ്യമായി ഈ വീട്ടിലേക്ക് വന്നതിന്റെ ഇറുങ്ങലുകൾ ഒന്നുമില്ല.

===========

കുറിപ്പ്

പെണ്ണിന്റെ വീട്ടുകാരുടെ സമ്മതമില്ല. അറിവിലുമില്ല. നാട്ടുകാരുടെ അനുവാദമില്ല. മാമൂൽ ചടങ്ങുകളോ, നാട്ടുസമ്പ്രദായങ്ങളോ ഒന്നും പാലിച്ചതുമില്ല. ‘‘ഇത്തരം ബന്ധങ്ങൾ അസാധാരണമാണ്. പക്ഷേ, അസ്വീകാര്യമായിരുന്നില്ല’’, അരവിന്ദൻ മാഷ്, തന്റെ അച്ഛനമ്മമാരുടെ ബന്ധത്തെപ്പറ്റി ഓർക്കുമ്പോൾ ഇങ്ങനെയാണ് വിലയിരുത്താറ്.

രണ്ട്

അരവിന്ദൻ മാഷ്, ഓർമകളിലൂടെ യാത്ര തുടരുകതന്നെയാണ്. ഓർമകളിലെ ചില വരികൾ മാഞ്ഞുപോയിട്ടുണ്ട്. അവ വീണ്ടെടുക്കേണ്ടതുണ്ട്. കുട്ടിക്കാലത്ത് തന്റെ പൂർവികരിൽനിന്നു പഠിച്ച കാര്യങ്ങൾ, കാണാക്കാഴ്ചകൾ. കേട്ടറിവുകൾ, നാട്ടറിവുകൾ ചിലതൊക്കെ അവിടെയും ഇവിടെയുമായി ചിതറിക്കിടപ്പുണ്ട്. ഈ യാത്രയിൽ അയാൾക്ക് ഏറെ ഇമ്പമായി അനുഭവപ്പെട്ടത് തന്റെ അച്ഛമ്മയുടെ ചിരിയായിരുന്നു. അച്ഛനെ കണ്ട ഓർമ അയാൾക്കില്ല –നേരത്തേ മരിച്ചുപോയിരുന്നു.

ഈ വീടിരിക്കുന്ന പറമ്പിന്റെ തെക്കുഭാഗത്ത് അച്ഛച്ഛനെ അടക്കംചെയ്ത ഇടം അച്ഛമ്മ അയാൾക്ക് കാണിച്ചുകൊടുത്തിരുന്നു. മരങ്ങളും കുറ്റിച്ചെടികളും ഇടതൂർന്ന് വളർന്നിരുന്നതിനാൽ, ആരുടെയൊക്കെ കുഴിമാടങ്ങൾ പക്ഷേ, അച്ഛമ്മക്ക് ആരുടെ, എവിടെ എന്നൊക്കെ ഏകദേശം അനുമാനിച്ചറിയാം.

ബാലനായ അരവിന്ദൻ മാഷ് അച്ഛമ്മ പറഞ്ഞത്​ കേട്ടു..അപ്പച്ചൻ, ഇവിടെത്തന്നെയുണ്ട്. ഈ മണ്ണിന്റെ അടിത്തട്ടിലെ ഏതോ അംശങ്ങളിൽ അലിഞ്ഞുചേർന്ന് കിടപ്പുണ്ട്. ഇതല്ലാതെ ഞാനെന്ത് പറയാനാണ് മോനേ? അച്ഛമ്മ പക്ഷേ, ചെറുമകനോട് ഒരു രഹസ്യം വെളിപ്പെടുത്തി. അച്ഛമ്മ ഗൗരവത്തിലായി. നീയിത് ആരോടും പറയരുത്. ഒരു നിധിപോലെ ഞാൻ കാത്തുസൂക്ഷിച്ച ഒരു സാധനം താൻ നിനക്ക് കാണിച്ചുതരാം. അത് എന്റെ കുഞ്ഞ്യാകത്തുണ്ട്.

അച്ഛമ്മ അവനെയും കൂട്ടി, കുഞ്ഞ്യാകത്തേക്ക് നടന്നു. പഴയൊരു പത്തായമുള്ള അകം. പേര് കുഞ്ഞ്യാകമെന്നാണെങ്കിലും മുറി തീരെ കുഞ്ഞിയല്ല. പത്തായത്തിൽ നെല്ല് സൂക്ഷിക്കുന്നത് തീരെ കുറവാണ്. അതിൽ കൂടുതലായി ഉള്ളത്, പല വലിപ്പങ്ങളിലുള്ള ചെറിയ ചെറിയ പെട്ടികൾ. പഴയ പിഞ്ഞാണങ്ങൾ, നന്നാക്കാൻ മിനക്കെടാത്ത ഉടപൊളി സാധനങ്ങൾ. പഴന്തുണിക്കെട്ടുകൾ. ഭാണ്ഡങ്ങൾ, അച്ഛമ്മ ഏതൊക്കെയോ പെട്ടികൾ തുറന്നു. അടച്ചു. ഏതൊക്കെയോ തുണികൾകൊണ്ടും പഴയ കമ്പിളിപ്പുതപ്പിന്റെ കഷണങ്ങൾകൊണ്ടും ചുറ്റിപ്പൊതിഞ്ഞ, ഒരു പൊതിക്കെട്ട് പുറത്തെടുത്ത് ആദരവോടെ കെട്ടുകൾ അഴിച്ചു.

അതെന്താണെന്നറിയാൻ അച്ഛമ്മയുടെ ചെറുമകൻ അരവിന്ദന് തിടുക്കമായി. കഷ്ടിച്ച് അരയടിയോളം നീളവും ഒരു മുതിർന്ന ആളുടെ കൈത്തണ്ടിന്റെ അത്രയും വണ്ണവുമുള്ള ഒരു കുഞ്ഞ് ഉരൽ! അതെടുത്ത് അച്ഛമ്മ അരവിന്ദന്റെ കൈയിൽ വെച്ചുകൊടുത്തു. നെല്ല് കുത്താനും അരി ഇടിക്കാനുമുള്ള വലിയ ഉരൽ അവൻ കണ്ടിട്ടുണ്ട്. അമ്മാതിരി ഒരെണ്ണം ഇപ്പോഴും ഈ വീട്ടിലുണ്ട്. പക്ഷേ, ഈ കുഞ്ഞിക്കുഞ്ഞി ഉരൽ അവൻ അത് താ​ലോടി താഴെ നിലത്ത് വെച്ച് ഉരുട്ടിനോക്കി. ഇതെന്തിനുള്ളതാണെന്ന് അവൻ ചോദിച്ചു. അച്ഛമ്മ പറഞ്ഞു.

വെറ്റിലയുടെ ഞരമ്പ് നഖംകൊണ്ട് ചുരണ്ടി, നൂറ് തേച്ച്, അടക്കാ കഷണങ്ങളും കൂട്ടി ഈ കുഞ്ഞുരലിന്റെ മേൽഭാഗത്ത് കാണുന്ന കുഴിയിലിട്ട് ഇടിച്ചെടുക്കാനുള്ളതാണ്. ഈ കുഞ്ഞുരലിന് പറ്റിയ ഒരു കുഞ്ഞ് ഉലക്കയുമുണ്ടായിരുന്നു –അറ്റം ഉരുട്ടി മിനുസപ്പെടുത്തിയ ഇരുമ്പിന്റെ കുഞ്ഞ് ഉരൽ! വീടിനകത്തോ കോലായയിൽ വെച്ചോ ആണ് നിന്റെ അച്ചച്ഛൻ വെറ്റില മുറുക്കുന്നതെങ്കിൽ, തുപ്പാനായി ഒരു കോളാമ്പിയുമുണ്ടായിരുന്നു. കുഞ്ഞുലക്കയും കോളാമ്പിയും എവിടെ എന്ന് അവൻ ചോദിച്ചു. നിന്റെ അച്ഛച്ഛന്റെ മരണശേഷം, സങ്കടം സഹിക്കാനാവാതെ ആരോടും ഒന്നും പറയാതെ, അതൊക്കെ ഈ വീട് വിട്ടിറങ്ങിപ്പോയി.

 

അച്ഛമ്മ ചെറുമകന്റെ കൈ പിടിച്ച് മുറ്റത്തേക്കിറങ്ങി. ഇടവഴിയിലേക്ക് കൈ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: കുഞ്ഞുലക്കയും കോളാമ്പിയും ഇതാ, ഈ കാണുന്ന ഇടവഴിയിലൂടെയാണ് ഇറങ്ങിപ്പോയത്. അരവിന്ദൻ മാഷിന്റെ ഓർമകളിൽ അച്ഛമ്മയുടെ സങ്കടങ്ങൾ തേങ്ങിക്കരഞ്ഞു. അച്ഛമ്മക്ക് ഒന്നും നിസ്സാരമായിരുന്നില്ല. കരച്ചിലുകളുടെ കണ്ണുകൾ അടഞ്ഞുപോയി. വായ് തുറക്കാൻ പറ്റാത്ത വിതുമ്പലുകൾ മയങ്ങിപ്പോയി. മൗനങ്ങളുടെ വാതിലുകൾ മുട്ടിവിളിക്കുക. ഓർമകളുടെ തോളിൽ കൈവെച്ച് ചങ്ങാത്തം കൂടുക.

എന്നും രാവിലെ മറ്റുള്ളവർ ഉണരുന്നതിന് മുമ്പ് അച്ഛമ്മ ഉണർന്നു. പാളക്കൊട്ടയിൽനിന്ന് ഉമിക്കരി എടുത്ത്, ഒരു നുള്ള് ഉപ്പു കലർത്തി, വായിൽ അവശേഷിച്ച ഏതാനും പല്ലുകൾ അച്ഛമ്മ വൃത്തിയാക്കി. ഒരു ചാൺ നീളത്തിലൊരു പച്ചീർക്കിൽ രണ്ടായി ചീന്തി നാവ് വടിച്ചു. വീടിന്റെ നാലു ഭാഗങ്ങളിലുമുള്ള മുറ്റങ്ങൾ അടിച്ചുവാരി. ചാണകവെള്ളം തളിച്ചു. അത് കഴിഞ്ഞ് കുളിച്ച് തുവർത്തി വന്നാൽ നെറ്റിയിലും കഴുത്തിലും ഭസ്മം തേച്ചു.

അച്ഛമ്മ വെറുതെയിരുന്നില്ല. പ്രായം പണിയെടുക്കുന്നതിന് തടസ്സമാവില്ല. പകലുകൾ വിയർക്കുമ്പോൾ അച്ഛമ്മയുടെ ദേഹത്തെ ഭസ്മം കരഞ്ഞുതീർത്തു. എന്തെങ്കിലും പണിയെടുക്കുമ്പോൾ അച്ഛമ്മയുടെ മേൽമുണ്ട് താഴെ വീണുകിടന്നു. ഒട്ടിയുണങ്ങിയ അച്ഛമ്മയുടെ പഴയ മുലകൾ, പഴയ ശീലക്കിഴികൾ മാതിരി ഞാണുകിടന്നാടി. പണ്ടെപ്പോഴോ കോരണ്ടിയണിഞ്ഞ കാതുകളെ അനാഥത്വം വായ് പിളർന്നു കാണിച്ചു.

പ​രേതരുടെ കുഴിമാടങ്ങൾ അടികൊള്ളുന്ന പറമ്പിന്റെ തെക്ക് ഭാഗത്ത് പഴയൊരു പിലാമരം. അതിന്റെ വേരിലൊഴികെ, അടിയിലും ശിഖരങ്ങളിലും നിറയെ കായ്കൾ. പല വലുപ്പങ്ങളിൽ പിലാമരത്തിന്റെ ചോട്ടിലേക്ക് അച്ഛമ്മ ചെറുമകന്റെ കൈവിരലുകൾ വായ്പോടെ പിടിച്ച് കൂനി നടന്നു. അറ്റം വളഞ്ഞ് കൂർത്ത അരിവാളുണ്ട് കൈയിൽ. തായ്ത്തടിയിൽ തൂങ്ങിക്കിടക്കുന്ന വലിയൊരു ചക്ക. അച്ഛമ്മ തൊട്ടുനോക്കി.

വിരലുകൾ മടക്കി ഞൊട്ടിനോക്കി. തടിയോട് തൊട്ട് കിടക്കുന്ന ചക്കയുടെ ഞെട്ടിൽ അരിവാളിന്റെ കൂർത്ത അറ്റംകൊണ്ട് നോവല്ലേ, നോവല്ലേ എന്ന് കേണ്, മെല്ലെയൊന്ന് വരഞ്ഞു. ചക്കമെഴുക് മനസ്സില്ലാ മനസ്സോടെ കിനിഞ്ഞിറങ്ങി. അച്ഛമ്മയെ നോക്കി ചിരി പൊഴിച്ചു. മെഴുക് വിരലുകൾക്കിടയിലാക്കി ഒട്ടിപ്പിടിക്കുന്നത് മനസ്സിലാക്കി. മൂപ്പ് വിലയിരുത്തി. ഒരു പുഞ്ചിരിയുടെ വെള്ളപ്പശിമ അച്ഛമ്മയുടെ മുഖത്ത് കിനിഞ്ഞു. ചെറുമകനെ വാത്സല്യത്തോടെ നോക്കി. അച്ഛമ്മ ഞെട്ടിൽനിന്ന് ചക്ക വെട്ടിയിട്ടു. മൂപ്പെത്തിയ ചക്കയായിരുന്നു അത്. ഉറപ്പ് വരുത്താനായി, അച്ഛമ്മ അരിവാളിന്റെ കൂർത്ത അറ്റംകൊണ്ട് ഒരു ചെറിയ ചെത്ത ചൂഴ്ന്നെടുത്തു. അച്ഛമ്മക്ക് ചക്ക ചോറുതന്നെയായിരുന്നു.

നന്നായി വിളഞ്ഞ ചക്കച്ചുളയുടെ നിറമായിരുന്നു ഈ വാർധക്യത്തിലും അച്ഛമ്മക്ക് –ഒരുപാട് ചുളിവുകൾ അലങ്കോലപ്പെടുത്തിയെങ്കിലും അരവിന്ദൻ മാഷ് ഓർക്കുന്നു.

==========

അരവിന്ദൻ മാഷ് അച്ഛമ്മയെ തന്റെ ഓർമകളുടെ പൂമുഖത്തേക്ക് ആനയിച്ചു. ഒരു പീപ്പെലകമേൽ ഉപവിഷ്ടയാക്കി. അലിവോടെ കൈകൾ കൂപ്പിനിന്നു. ചക്കയും നമ്മുടെ ചോറ് തന്നെയെന്ന് പഠിപ്പിച്ച അച്ഛമ്മ!

അസാധാരണമായ ഒരു കാഴ്ചയായിരുന്നു അയാളുടെ മുന്നിൽ. അച്ഛമ്മയുടെ കൈകൾ രണ്ടും അയാളെ വാരിപ്പുണരാൻ നീണ്ടു വരുന്നു! അയാൾ പിന്നോട്ടു പിന്നോട്ട് പോകുന്തോറും കൈകൾ മുന്നോട്ട് മുന്നോട്ട് നീണ്ടു നീണ്ടു വരുന്നു!

അരവിന്ദൻ മാഷ് അനങ്ങാൻ പറ്റാതെ തറച്ച് നിന്നുപോയി. ഈ മായക്കാഴ്ച ഞാൻ ആരോടാണ് പറയുക. അയാൾ അച്ഛമ്മയുടെ കൈകൾ രണ്ടും ചേർത്തുപിടിച്ച്, കണ്ണുകളടച്ച് ധ്യാനിച്ചു നിന്നു. ഓർമകളുടെ ലോകത്ത് അരവിന്ദൻ മാഷിന് ഇനിയും യാത്രചെയ്യാനുണ്ട്. ഇവിടെ എവിടെയോ അച്ഛനുണ്ട്, അമ്മയും.

=========

അമ്മ അടുക്കളയിൽ ശ്വാസംമുട്ടി കിതച്ചുനിന്നു. ചുമ വരുമ്പോൾ ഇടക്കിടെ മുറ്റത്തേക്കോടി. ശ്വാസകോശത്തിന്റെ ശകലങ്ങൾ തുപ്പിക്കളഞ്ഞു. മണ്ണിട്ട് മൂടി.

=========

ഓർമകളുടെ ആകാശത്ത് അതിരുകൾ അടയാളപ്പെടുത്താൻ കഴിയുകയില്ലെന്ന് അരവിന്ദൻ മാഷിനറിയാം. ആകാശം അപ്പൂപ്പൻതാടിപോലെ നീങ്ങിക്കൊണ്ടിരിക്കും. തൽക്കാലം അച്ഛമ്മയിൽനിന്ന് മാറി അയാൾ അമ്മയെ തേടി നടന്നു.

ഉണ്ട്. കാണുന്നുണ്ട്. എങ്ങനെ കാണാതിരിക്കും. അഞ്ചു മക്കൾക്ക് ജന്മം നൽകിയ അമ്മ. നാലു പെങ്ങന്മാർക്ക് ഒരാങ്ങള –അരവിന്ദൻ.

അടുക്കള ഒരിക്കലും പട്ടിണി കിടക്കരുതെന്ന് അമ്മ ശഠിച്ചു. അതിനായി ചില മുൻകരുതലുകൾ അമ്മ എടുത്തു. അതൊരു പതിവായി, ശീലമായി മാറി. ചോറിനോ കഞ്ഞിക്കോ അരി അളന്നെടുക്കുമ്പോൾ കഴുകാൻ വെള്ളത്തിലിടും മുമ്പെ അളന്നെടുത്ത അരിയിൽനിന്നൊരു കൈപ്പിടി അരിയെടുത്ത് മറ്റൊരു കലത്തിലിട്ടു. കൂലിപ്പണിക്ക് പോകാൻ പറ്റാത്ത കാലത്തോ, മറ്റു പഞ്ഞമാസങ്ങളിലോ അടുക്കള പട്ടിണി കിടക്കാതിരിക്കാനുള്ള കരുതൽ! അങ്ങനെ കുറേശ്ശ കുറേശ്ശയായി കരുതിവെച്ച അരി പല കലങ്ങളിലായി ഇരിപ്പുണ്ടാകും. അമ്മ അടുക്കളയിൽ പെരുമാറുന്ന രീതി, ഉപയോഗിക്കുന്ന അളവ് പാത്രങ്ങൾ– ഇടങ്ങഴി, നാഴി, ഉരി– എല്ലാംതന്നെ അരവിന്ദൻ മാഷ് ഓർമകളിൽനിന്ന് വിളിച്ചുവരുത്തി, കുറിച്ചിട്ടു.

അടുക്കളയിലെ കലത്തിൽ, മോറിയിട്ട അരി വേവുന്നുണ്ട്. ചിരട്ടക്കയിൽ എടുത്ത് വേവുന്ന അരിയിൽനിന്ന് നാലഞ്ച് വറ്റുകളെടുത്ത് ഊതി ഊതി ചൂടാറ്റി. വിരലുകൾക്കിടയിലാക്കി ഞെക്കി നോക്കി. തിടുക്കത്തിൽ അടച്ചൂറ്റി​െയടുത്ത് കലത്തിന്റെ വായ് മൂടി. പതുക്കെ അടുപ്പിൽനിന്ന് താഴെയിറക്കി. വെള്ളമൂറ്റാനായി, വായ്‍വലുപ്പമുള്ള കഞ്ഞിക്കലത്തിന് മുകളിൽ ചരിച്ചു കിടത്തി.

അമ്മക്ക് ചെറിയ കാര്യങ്ങളിൽ വലിയ ശ്രദ്ധയുണ്ടായിരുന്നു. ചോറ് വാർത്തെടുത്ത കഞ്ഞിവെള്ളം ഒരിക്കലും കളഞ്ഞില്ല. അതിൽ പച്ചവെള്ളം ചേർത്ത് നേർപ്പിച്ചു. വീട്ടിലെല്ലാവരും ദാഹമകറ്റാനും കത്തലടക്കാനും ഉപ്പുചേർത്ത കഞ്ഞിവെള്ളം കുടിച്ചു. ബാക്കിയുണ്ടെങ്കിൽ വൈകുന്നേരം പശുവിന് കൊടുക്കാനുള്ള കാടിവെള്ളത്തിലൊഴിച്ചു.

കാടിവെള്ളമൊഴിച്ച പാത്രവുമായി, അമ്മ പശുത്തൊഴുത്തിലേക്ക് പോകുന്നത് അരവിന്ദൻ മാഷ് കണ്ടു. അമ്മ പശുവിനോട് വർത്തമാനം പറഞ്ഞു. അതിന്റെ നെറ്റിയിലും കഴുത്തിലും പുറത്തും ഒരുപാട് നേരം തലോടിനിന്നു. അമ്മക്ക് പശു വീട്ടിലെ മ​െറ്റാരംഗം കൂടിയാണ്.

മകനെ കണ്ടപ്പോൾ അമ്മ ഓടിവന്ന്, അതിരറ്റ സ്നേഹത്തോടെ വാരിപ്പുണർന്നു. പിന്നാലെ അച്ഛനുമുണ്ട്. കട്ടിയുള്ള പരുക്കൻ തുണികൊണ്ട് തുന്നിയ വട്ടക്കഴുത്തുള്ള ജുബ്ബ. ജുബ്ബയുടെ വലതുഭാഗത്ത്, പാതിയിറക്കത്തിൽ തൊട്ടുതാഴെ കീശ. അരവിന്ദൻ അച്ഛന്റെ കീശയിൽ കൈയിട്ട് തപ്പിനോക്കി. ഒരു വിരലിന്റെ മാത്രം വലുപ്പമുള്ള അളുക്ക്് അതിൽ, മൂക്കിൽ വലിക്കുന്ന പട്ടണം മൂക്കുപൊടി.

അരവിന്ദൻ മാഷ്, ജന്മം നൽകിയവർക്ക് മുന്നിൽ വിവശനായി. ബഹുമാനവും സ്നേഹവികാരങ്ങളും നെഞ്ചിൽ നിറഞ്ഞു. പിരിയുന്നതിനു മുമ്പ്, അമ്മ മകനെ ചേർത്തുപിടിച്ച് ഒരു കാര്യം പറഞ്ഞു: രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് നമ്മുടെ വീട്ടിൽ ചെയ്തുവരാറുള്ള ഒരു പതിവുണ്ട്. ഒരു വാൽക്കിണ്ടി നിറയെ വെള്ളമെടുത്ത് ചേതിയിൽ വെക്കും. ഒരു പുൽപ്പായ ചുരുക്കി കോലായയിലും ആരെങ്കിലും കേറിവന്നാൽ അവർക്കൊന്ന് കുലുക്കുഴിയണ്ടേ? ഒരിറക്ക് വെള്ളം കുടിക്കണ്ടേ? കാലും മുഖവും ഒന്ന് കഴുകണ്ടേ? ക്ഷീണമകറ്റാൻ അവർക്കൊന്ന് തലചായ്ക്കണ്ടേ?

അച്ഛനും അമ്മയും അരവിന്ദൻ മാഷുടെ ഓർമകളുടെ മുറ്റത്തുനിന്ന് നടന്നകന്നു. അവരെ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ അയാൾക്കായില്ല. ചാണകവും കരിയും ചേർത്ത് മെഴുകിയ പഴയ വീടിന്റെ കോലായയിൽ അയാളൊരു പുൽപ്പായ നിവർത്തിയിട്ടുകൊടുത്തു. ഇവിടെ കിടന്ന് വിശ്രമിച്ചോളൂ.

അവർ കാത്തിരുന്ന വയൽവരമ്പുകൾ. അവർ കാത്തിരുന്ന പുഴയോരം. അവർ തുഴഞ്ഞെത്തിയ കടവുകൾ, അവർ കടന്നുപോയ കഷ്ടപ്പാടുകൾ, ചെറിയ ചെറിയ നേട്ടങ്ങളിൽ അവർ പങ്കുവെച്ച വലിയ വലിയ സന്തോഷങ്ങൾ...

ഓർമകൾ അപ്പപ്പോൾ കുറിച്ചിടുന്ന ശീലം, അരവിന്ദൻ മാഷ് അടുത്തിടെ തുടങ്ങിയതാണ്. അങ്ങനെ കുത്തിക്കുറിച്ചിട്ട ഓർമകളിൽനിന്നും ചില വരികൾ അയാളെ മടുത്തിട്ടാവാം. ഓടിരക്ഷപ്പെട്ടു. എന്നെ ഉപേക്ഷിച്ചുപോയ ഓർമകളെ ഞാൻ എവിടെപ്പോയാണ് തിരയേണ്ടത്?

മൂന്ന്

ചില ഓർമകൾ എന്നെ തികച്ചും അവഗണിച്ചു. ചില ഓർമകളിൽ നൊമ്പരങ്ങളുണ്ട്. അത് ഞാൻ സഹിച്ചുകൊള്ളാം. ഉറക്കമുള്ള രാത്രികളുടെ ദൈർഘ്യം കുറഞ്ഞുവരുന്നു. ഉറക്കത്തിന്റെ താള-ലയങ്ങൾ തെറ്റിപ്പോകുന്നു. ഈ രാത്രി ഇനി ഉറക്കം വരില്ല. എത്ര നേരമായി ഇങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. ഞാൻ കാരണം, വീട്ടുകാരുടെ ഉറക്കത്തിന് ഭയം വരാൻ പാടില്ല.

അരവിന്ദൻ മാഷ് മെല്ലെ എഴു​ന്നേറ്റു. ലൈറ്റ് ഇടേണ്ടെന്നുവെച്ചു. തലയണക്കരികിൽ കരുതാറുള്ള ചെറിയ ടോർച്ച്​ എടുത്തു. അതിന്റെ ചെറിയ വെളിച്ചത്തിൽ അയാൾ കിടപ്പുമുറിയിൽനിന്ന് കോലായ അകത്തേക്ക് കടന്നു. അവിടെനിന്ന് കോലായയിലേക്ക് കടക്കാനുള്ള വാതിൽ കിരുകിര ഒച്ചയുണ്ടാക്കാതിരിക്കാനായി ഏറെ ശ്രദ്ധിച്ച്, മെല്ലെ മെല്ലെ... തുറന്നു. വീടിനകത്തുള്ള ഇരുട്ട് കൈകൾ നിറയെ കോരിയെടുത്തു. കോലായയിലേക്കിറങ്ങി പുറത്തേക്ക് ഓടിച്ചുവിട്ടു. പുറത്ത് നല്ല നിലാവെളിച്ചം കണ്ട് പടിഞ്ഞാറാകാശത്തുനിന്ന് നിലാവ് ഇനിയും പിന്മാറിയിട്ടില്ല. അയാൾ മുറ്റത്തേക്കിറങ്ങി. രണ്ട് കൈകളിലുമായി നിലാവെളിച്ചം കോരിയെടുത്ത് വീടിനകത്തേക്ക് ഒഴുക്കിവിട്ടു. വാതിൽ ചാരി വെച്ചു. ദീർഘശ്വാസമെടുത്തു. കുറച്ചുനേരം മുറ്റത്തെ നിലാവിൽ കുളിച്ചുനിന്നു. സമാധാനമായി.

ബാക്കി ഉറക്കം കോലായയിൽ വെറും നിലത്ത് കിടന്നുറങ്ങി. വിചിത്രമായ സ്വപ്നങ്ങൾ പലതും കണ്ടു. അരവിന്ദൻ മാഷുടെ ആകാശങ്ങളിൽ ഒരുപാട് ചിറകുകൾ പറക്കുന്നു. ചുണ്ടുകളില്ല. കൊക്കുകളില്ല. ശിരസ്സുകൾപോലുമില്ല. അറ്റുപോയ വെറും ചിറകുകൾ! അവയിലൊരു ചിറക് അയാളുടെ മുറ്റത്ത് ചലനമറ്റ് വീണുകിടന്നു. കിഴക്ക് മുഖമുള്ള വീടാണിത്. വളരെ പഴയ വീട്. വീടിന്റെ മുറ്റം കഴിഞ്ഞാൽ ഇറങ്ങുന്നത് റോഡിലേക്കാണ്. പണ്ട് ഇടവഴിയായിരുന്നു. ഇരുഭാഗങ്ങളിൽനിന്നും സ്ഥലമെടുത്ത് റോഡാക്കി. റോഡിൽനിന്ന് മുറ്റത്തേക്ക് കയറിവരാൻ കെട്ടിയുറപ്പിച്ച പടികളുണ്ട്.

കാലാകാലങ്ങളിലായി പല മാറ്റങ്ങളും അതിലേറെ നവീകരണങ്ങളും ഈ വീടിനുമേൽ നടത്തിയിട്ടുണ്ട് എന്ത് കാര്യം? അരവിന്ദൻ മാഷുടെ വീടിനിപ്പോഴും പഴയ വീടിന്റെ മണം തന്നെയാണ്.

മുറ്റത്തേക്കുള്ള കോണിപ്പടികൾ കയറി, ആരൊക്കെയോ നടന്നുവരുന്ന അനക്കങ്ങൾ കേൾക്കുന്നു. ഉണക്കിലകളിലൂടെ നടന്നുവരുമ്പോഴുള്ള കിരുകിരുക്കങ്ങൾ അയാൾക്ക് നന്നായി തിരിച്ചറിയാം. ഇതാ, അവർ വീട്ടുമുറ്റത്തേക്ക് എത്തിയിരിക്കുന്നു. ഇപ്പോൾ അനക്കങ്ങളും കിരുകിരുക്കങ്ങളും നിലച്ചു. അവർ മുറ്റത്തുനിന്ന് കോലായയിലേക്ക് കയറുമ്പോൾ ചേതിയിൽ വെച്ച വാൽക്കിണ്ടി എടുത്തു. കിണ്ടിയിലെ വെള്ളമെടുത്ത് കുടിച്ച് ദാഹമകറ്റി. വീട്ടുകാരെ വിളിച്ചുണർത്തിയാലോ? പുലർവെളിച്ചം പരക്കാൻ ഇനിയും നേരമുണ്ടെന്ന് അയാൾ ഊഹിച്ചു. സൂര്യനുദിച്ച് വരുന്നതേയുള്ളൂ. പടിഞ്ഞാറാകാശത്ത് നിലാവ് ഇപ്പോഴുമുണ്ട്. അതിനാൽ സമയത്തെക്കുറിച്ചുള്ള കൃത്യത അയാൾക്കില്ല.

കിളികളുടെ ചിലപ്പുകൾ കേട്ടുതുടങ്ങിയിട്ടില്ല. അയൽപക്കങ്ങളിലെ കോഴിക്കൂടുകളിൽനിന്ന് ഒരു പൂവൻകോഴിയെങ്കിലും കൂവിയിട്ടില്ല. പക്ഷേ, ഇതെങ്ങനെ? സമൃദ്ധമായൊരു തൂവെള്ളനിലാവ് എന്റെ വീടിന്റെ ഈ കോലായയിൽ മാത്രം ഇങ്ങനെ തുളുമ്പിനിൽക്കുന്നു. വീടിന് ചുറ്റുമുള്ള തൊടിയിലെ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും തടസ്സങ്ങളെല്ലാം മാറ്റി എന്റെ വീടിന്റെ കോലായയിൽ മാത്രമായി നിലാവ് ഇറങ്ങിനിൽക്കുന്നത് അയാളെ ചകിതനാക്കി. ആരൊക്കെയോ ഇവിടെ വന്നതിന്റെ സൂചനകളുണ്ടെന്ന് അയാൾ നിരൂപിച്ചു. കോലായയിലെ വെറുംനിലത്ത് കിടന്നുറങ്ങിയ അരവിന്ദൻ മാഷ്, ആകാംക്ഷകളിൽനിന്നും വിയർപ്പുകളിൽനിന്നും ഞെട്ടിയുണർന്നു. കോലായയിൽനിന്ന് അകത്തേക്കുള്ള വാതിൽ തുടരെ തുടരെ തട്ടി അയാൾ ഉറക്കെ വിളിച്ചു. നിത്യേ, നിത്യമോളേ...

കുറിപ്പ്

അരവിന്ദൻ/ സത്യവതി ദമ്പതിമാരുടെ മകളുടെ മകളാണ് നിത്യ. ഇപ്പോൾ പത്താംക്ലാസിലെത്തിയിരിക്കുന്നു. പഠനത്തിൽ മാത്രമല്ല, മിടുക്ക്. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും നേരെ ഒരുപാട് ശ്രദ്ധയുണ്ട്. അവരുടെ കാര്യങ്ങളിൽ ശുഷ്കാന്തി കാണിക്കാറുണ്ട്. അച്ഛനമ്മമാരോട് വഴക്കിടാറുണ്ട്. പക്ഷേ, മുത്തച്ഛൻ/ മുത്തശ്ശിമാരോട് അങ്ങനെയൊന്നുമില്ല. വാചാലയാണ്. കുസൃതി ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങൾക്ക് തർക്കുത്തരങ്ങൾ പറയും. കഥാഖ്യാനത്തിൽ ജടിലത ഒഴിവാക്കാനായി നിത്യയുടെ വാചാലതയെപ്പറ്റി വിവരിക്കുന്നില്ല.

വീടിനകത്ത് വെളിച്ചം തെളിഞ്ഞു. നിത്യയെ ഉച്ചത്തിൽ വിളിച്ചത് മറ്റുള്ളവരും കേട്ടുകാണും. പരിഭ്രാന്തി നിറഞ്ഞ വിളിയായിരുന്നു, കണ്ണുകൾ തുടച്ച് നിത്യ കോലായയിലേക്ക് വന്നു. മുത്തച്ഛന്റെ തിടുക്കം മനസ്സിലാക്കി അവൾ ചോദിച്ചു –മുത്തച്ഛാ, എന്താ? എന്താ?

നിത്യ ഉറങ്ങുമ്പോൾ ധരിച്ച ഉടുപ്പിലായിരുന്നു. മുത്തച്ഛൻ പറഞ്ഞു: മോള് പല്ലും മുഖവും കഴുകി രാത്രിയുടുപ്പുമാറ്റി വേഗം വാ – ഒരു കാര്യം പറയാനുണ്ട്. ഒരു കാര്യം കാണിച്ചുതരാനുണ്ട്.

ഇത്ര ധിറുതിയെന്തിന്? മുത്തച്ഛ​െന്റ വാക്കുകളിൽ പരിഭ്രമമുണ്ട്. അവൾ അയാൾ പറഞ്ഞത് അനുസരിച്ചു. ചെറുമകളെയും കാത്ത് അയാൾ കോലായയിലെ ബെഞ്ചിലിരുന്നു. നിത്യ കുളിമുറിയിൽ പോയി പല്ലും മുഖവും വൃത്തിയാക്കി. ധാരാളം വെള്ളമെടുത്ത് മുഖത്തേക്ക് തളിച്ചു തുടച്ചു. ഊൺമേശയിൽനിന്ന് വെള്ളമെടുത്ത് ഗ്ലാസിലാക്കി കുടിച്ചു. രാത്രി ധരിച്ച ഉടുപ്പുകൾ മാറ്റി, വേറെ ഉടുപ്പുകളെടുത്ത് ധരിച്ചു. മുത്തച്ഛന്റെ മിടുക്കി കുട്ടിയായി, അരവിന്ദൻ മാഷ് ഇരുന്ന ബെഞ്ചിനു തൊട്ടടുത്ത് ഇരുന്നു.

മുത്തച്ഛൻ പറഞ്ഞു. നിത്യ കേട്ടു –ഇക്കഴിഞ്ഞ രാത്രിയിലെപ്പോഴോ നമ്മുടെ മുമ്പിലുള്ള റോഡിൽനിന്ന് മുറ്റത്തേക്കുള്ള കോണിപ്പടികൾ കയറിവന്ന സന്ദർശകർ. കോലായയിൽ ചിരിച്ച് തുളുമ്പി നിന്ന നിലാവിന്റെ തൂവെള്ള സമൃദ്ധി! അയാളുടെ ഓർമകളിൽ എഴുതിക്കുറിച്ച് അടിവരയിട്ട പഴയകാല കർഷകരുടെ പണിയായുധങ്ങൾ. അവർ നയിച്ച ജീവിതങ്ങളു​െട എഴുന്നള്ളിപ്പുകൾ... മുത്തച്ഛന്റെ ഓർമകളെ നോവിക്കാതെ നിത്യ സൗമ്യയായി പറഞ്ഞു.

മുത്തച്ഛൻ കണ്ട കാഴ്ചകളൊക്കെ കേട്ട അനക്കങ്ങളും കിരുകിരുക്കങ്ങളുമൊക്കെ സ്വപ്നമായിക്കൂടേ? വെറും തോന്നലുകളായിക്കൂടെ, നമുക്ക് സന്തോഷമേകുന്ന ചില തോന്നലുകൾ സത്യമായി തോന്നിപ്പിക്കും. ഇവിടെ, ഇപ്പോൾ, ഞാൻ ഒന്നുംതന്നെ കാണുന്നില്ല. അവൾ മുറ്റത്തേക്കും തൊടിയിലേക്കും ചൂണ്ടിക്കാണിച്ചു.

അരവിന്ദൻ മാഷ് മൗനത്തിലായി. ചെറുമകൾ പറഞ്ഞതിൽ അയാൾ നീരസമൊന്നും കാണിച്ചില്ല. വെളിച്ചത്തിന്റെ ഇളംനാമ്പുകൾ കാണാൻ കഴിയുന്നുണ്ട്്. നേരം പുലർന്ന് തുടങ്ങിയിരിക്കുന്നു.

നിത്യമോൾ പറഞ്ഞതിലെ യുക്തി. അയാൾ തള്ളിപ്പറഞ്ഞില്ല. അയാൾ ശാന്തനായിരുന്നു. മനസ്സിൽ പറഞ്ഞു –ഞാൻ കണ്ടത് ഞാൻ പറഞ്ഞു. അവൾ കാണാത്തത് അവൾ പറഞ്ഞു. അത്രതന്നെ. അതിനപ്പുറത്തേക്ക് അയാൾ പോയില്ല.

മോള് വാ, അരവിന്ദൻ മാഷ് വാത്സല്യത്തോടെ ചെറുമകളുടെ കൈപിടിച്ച് തൊടിയിലേക്ക് നടന്നു. അവൾക്ക് വിരസത തോന്നാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. തൊടിയിലെ ചെടികളെപ്പറ്റി പറഞ്ഞു. പൂക്കളെപ്പറ്റി പറഞ്ഞു. പൂമ്പാറ്റകളെപ്പറ്റി പറഞ്ഞു. ചെറുതായൊരു ഗൗരവത്തോടെ അയാൾ പറഞ്ഞു. നമുക്ക് ഇഷ്ടമുള്ള ചില കാഴ്ചകൾ ഇഷ്ടമുള്ള ചിലരുടെ സാമീപ്യം കാണാൻ പറ്റും. ശബ്ദം താഴ്ത്തി, മിതത്വത്തോടെ അയാൾ തുടർന്നു. ഇഷ്ടമുള്ള കാഴ്ചകളെയും ഇഷ്ടമുള്ളവരെയും നമ്മുടെ മുന്നിൽ കൊണ്ടുവരാനോ വിളിച്ചുവരുത്താനോ നമുക്ക് സാധിക്കും. ഞാൻ ഒരു ഉപായം പറഞ്ഞുതരാം. ശ്രമിച്ചാൽ സാധിക്കാവുന്നതാണ്. പക്ഷേ, ക്ഷമ വേണം. മനസ്സ് വേണം.

ധ്യാനവും വിശ്വാസവും വേണം. എല്ലാത്തിലുമുപരി നമ്മുടെ അകക്കണ്ണുകൾ തുറന്നുനോക്കണം. നിത്യമോൾക്ക് ഇത് സാധിക്കും. മോളൊരു കാര്യം ചെയ്യുക. ഞാൻ കോലായയിലെ ബെഞ്ചിലിരുന്നുകൊള്ളാം. എന്റെ സാന്നിധ്യം മോള് മറന്നുകളയുക. നിത്യമോളുടെ സങ്കൽപങ്ങളിൽ എന്താണോ കാണാനാഗ്രഹിക്കുന്നത്, അതിനെപ്പറ്റി ആലോചിച്ച് ധ്യാനിച്ച് അകക്കണ്ണുകൾ തുറന്നു നോക്കുക. ആലോചനകൾ സുതാര്യമായിരിക്കണം. മനസ്സ് അചഞ്ചലമായിരിക്കണം. ഇഷ്ടമുള്ള കാഴ്ചകളെന്തും കാണാനുള്ള വിളിച്ചുവരുത്താനുള്ള സ്വാതന്ത്ര്യം മോൾക്കു​െണ്ടന്ന് ഉറപ്പിച്ചാൽ മതി. ഇതിൽ അത്ഭുതങ്ങളൊന്നുമില്ല. ഇതിൽ വലിയ വലിയ കാര്യങ്ങളുമില്ല. ഓർക്കുക. അകക്കണ്ണുകൾക്ക് മാസ്മരികത കാണാനാവും.

അരവിന്ദൻ മാഷ് നിത്യയെ നോക്കി. കുസൃതിയും വാത്സല്യവും നിറഞ്ഞ പുലരിപോലെ മനോഹരമായ ഒരു ചിരി പൊഴിച്ചു. കോലായയിലേക്ക് കയറി ബെഞ്ചിലിരുന്നു. ചെറുമകളെ അവളുടെ ആലോചനകൾക്കും സങ്കൽപങ്ങൾക്കുമായി വിട്ടുകൊടുത്തു. ഞാനൊന്നും കാണുന്നില്ല. ഞാനൊന്നും ശ്രദ്ധിക്കുന്നില്ല– എന്ന ഭാവത്തിൽ ഇരുന്നു.

മുത്തച്ഛ​ന്റെ മനോഹരമായ ചിരി നിത്യയെ ഉന്മേഷവതിയാക്കി. ഈ അടുത്ത കാലത്തൊന്നും മുത്തച്ഛൻ ഇത്ര മനോഹരമായി ചിരി ​പൊഴിച്ചത് അവൾ കണ്ടിട്ടില്ല. ഇതുപോലെ മനോഹരമായ ചിരികൾ ഇനിയുമിനിയും മുത്തച്ഛന്റെ മുഖത്ത് പ്രകാശിക്കണമെന്ന് അവൾ ആശിച്ചു. മുത്തച്ഛൻ സൂചിപ്പിച്ച വലിയ വലിയ കാര്യങ്ങളൊന്നുമില്ലാത്ത കളിയിൽ ഏർപ്പെടാൻ അവൾ തീരുമാനിച്ചു. ഒരുനേരം ഷോക്കായി തന്നെയാണ് അവൾ തുനിയുന്നത്.

 

തൊടിയിൽ വെളിച്ചവും നിഴലുകളും ഇടകലർന്ന ഒരിടം അവൾ കണ്ടെത്തി. വളരെ അച്ചടക്കമുള്ള കുട്ടിയായി അവൾ നേരെനിന്നു. പ്രാർഥനയോടെ ഏകാഗ്രതയോടെ കണ്ണുകളടച്ചു. നിത്യ തന്റെ അകക്കണ്ണുകൾ തുറന്നു. ഉണർത്തി പല പല കാഴ്ചകളെയും അവൾ തന്റെ സങ്കൽപങ്ങളിലേക്ക് ആനയിച്ചു. മെല്ലെ... മെല്ലെ... അവൾ കണ്ണുകൾ തുറന്നു. നിത്യ കാണുന്നുണ്ട്. നിത്യ കാഴ്ചകൾ കണ്ടുകൊണ്ടേയിരിക്കുന്നു. അവളുടെ ശാന്തമായിരുന്ന മുഖത്ത് ആഹ്ലാദം തിരതല്ലി.

ഇതാ, അത്ഭുതകരമായ ഒരു കാഴ്ച. അതിശയവും ആവേശവും അടക്കിവെക്കാനാവാതെ ഉറക്കെ വിളിച്ചു. മുത്തച്ഛാ! ഇതാ, ഇതാ നോക്കൂ. ഒരു മയിൽ! ഒരു മയിൽ ആകാശത്തുനിന്ന് പറന്നു പറന്നു വന്ന് താഴെയിറങ്ങിയിരിക്കുന്നു. ഇതാ, നമ്മുടെ മുറ്റത്ത്, മുത്തച്ഛന്റെ മുന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നു! നമുക്ക് കാഴ്ചയൊരുക്കി മയിൽ അതിന്റെ പീലികൾ വിടർത്തിയിരിക്കുന്നു.

നിത്യയുടെ പ്രസാദാത്മകമായ അതിശയത്തിന് അതിരില്ലായിരുന്നു. അവൾക്ക് സ്വയം വിശ്വസിക്കുവാൻ കഴിയുന്നില്ല. മയിൽ അതിന്റെ പീലികൾ വിടർത്തുന്നു. ചുരുക്കുന്നു. പീലികൾ വേഗം വേഗം ഉയർത്തുന്നു. താഴ്ത്തുന്നു. അപരിമേയമായ സൗന്ദര്യ

ത്തോടെ, ഗാംഭീര്യത്തോടെ! ഇതാ മയിൽ ഈ വീടിന്റെ മുറ്റത്ത് –എന്റെ മുത്തച്ഛന്റെ മുന്നിൽ! നീലയും പച്ചയും കലർന്നുള്ള അതിന്റെ പീലികൾ വിടർത്തുമ്പോൾ പുലർവെളിച്ചത്തിന്റെ ചീളുകൾ ചിറകുകളിൽ പതിയുന്നു. അത് പലപല വർണങ്ങളായി വെട്ടിത്തിളങ്ങി അസാധാരണമായൊരു കാഴ്ചപ്പെരുമയായി മാറിക്കൊണ്ടിരിക്കുന്നു! മയിൽ അതിന്റെ പീലികൾ മാത്രമേ ചലിപ്പിക്കുന്നുള്ളൂ. ആഹാ...

പീലികൾ വിടർത്തിയ മയിലിന്റെ മുന്നിൽ മുത്തച്ഛന്റെ ചെറുമകൾ നിത്യ, സ്വയം ഒരു കാഴ്ചയായി മാറുകയായിരുന്നു. ഞൊറികളും തൊങ്ങലുകളുമുള്ള അവളുടെ മനോഹരമായ ഉടുപ്പിന്റെ ഇരുവശങ്ങളും ഭംഗിയോടെ പിടിച്ച്, അവൾ പീലികളുടെ ചലനങ്ങൾ ചാരുതയോടെ അനുകരിച്ചുകൊണ്ടിരുന്നു. മയിൽപീലികളുയർത്തുമ്പോൾ നിത്യ കൈകളുയർത്തി, പീലികൾ താഴ്ത്തുമ്പോൾ നിത്യ കൈകൾ അവധാനതയോടെ താഴ്ത്തി. ഉടുപ്പിന്റെ ഇരുവശങ്ങളും വിടർത്തുകയും ചുരുക്കുകയുംചെയ്തു. അവളുടെ ഉടുപ്പിന്റെ തൊങ്ങലുകളിൽ തുന്നിപ്പിടിപ്പിച്ച പളുങ്കുമണികളിൽ പുലർവെളിച്ചമേറ്റ് തിളങ്ങിക്കൊണ്ടിരുന്നു. ഇറ്റിറ്റ് വീഴുന്ന തേൻതുള്ളികളുടെ രുചിമാധുര്യമുളവാക്കിക്കൊണ്ടിരുന്നു.

കോലായയിലെ ബെഞ്ചിലും മുറ്റത്തും സ്ഥാനം പിടിച്ച മുത്തച്ഛന്റെയും ചെറുമകളുടെയും പ്രസരിപ്പുകളുടെ ശബ്ദം കേട്ട് നിത്യയുടെ മുത്തശ്ശി സത്യവതി, കോലായയിലേക്ക് വന്നു. ഇതിനു മുമ്പൊരിക്കലും ചെറുമകൾ ആർഭാടങ്ങളോടെ ഉല്ലസിച്ച് ആടുന്നത് അവർ കണ്ടിട്ടില്ലായിരുന്നു –അതും നന്നെ വെളുപ്പാൻകാലത്ത് വീട്ടുമുറ്റത്ത് (ഭർത്താവിനെയും ചെറുമകളെയും മാറിമാറി നോക്കി അവൾ ചോദിച്ചു: എന്തായിത്? ഈ കുട്ടി എന്ത് കോപ്പിരാട്ടിയാണ് ഈ വീട്ടുമുറ്റത്ത് കാട്ടിക്കൂട്ടുന്നത്?)

നിത്യ മയിൽപീലികളുടെ ചലനങ്ങൾ അനുകരിച്ച് ആടുന്നത് നിർത്തി. ധിറുതിപിടിച്ച് ഉടുപ്പുകൾ നേരെയാക്കി. അതിമനോഹരമായൊരു പുലരിയുടെ പ്രസരിപ്പ് മുഖത്ത് പ്രകാശിപ്പിച്ചു. കോലായയിലേക്ക് കയറി അമ്പരപ്പോടെ നിൽക്കുന്ന മുത്ത​ശ്ശിയെ നോക്കി, സംഗീതംപോലെ മൃദുലമായ സ്വരത്തിൽ പറഞ്ഞു:

മുത്തശ്ശീ, ഈ വീട്ടുമുറ്റത്ത് ഒരു മയിൽ അതിന്റെ മനോഹരമായ പീലികൾ വിടർത്തിവന്നിറങ്ങി. ഗമയോടെ നിന്നു. എങ്ങനെ അതിശയം തോന്നാതിരിക്കും? അതിന്റെ പീലികളുടെ ചലനങ്ങൾക്കൊപ്പം ആടാതിരിക്കും? എന്തൊരു ഭംഗിയായിരുന്നു അതിനെന്നോ. ഇതാ, ഇവിടെ നിത്യ മയിലിറങ്ങിനിന്ന മുറ്റത്തേക്ക് ചൂണ്ടിക്കാണിച്ചു. കേട്ടപാടെ മുത്തശ്ശി ക്ഷണനേരംകൊണ്ട് മുറ്റത്തേക്കിറങ്ങി. നിത്യയെ തുറിച്ചുനോക്കി പറഞ്ഞു:

എവിടെ? എവിടെ? ഞാനൊന്നും കാണുന്നില്ലല്ലോ.

പിൻകുറിപ്പ്: നിത്യ അവളുടെ മുഖത്ത് തെളിയുന്ന കുസൃതിച്ചിരി മറച്ചുവെക്കാൻ ശ്രമിച്ചു. മുത്തശ്ശിയെ പിടിച്ച് കോലായക്ക് അഭിമുഖമായി നിർത്തി. നേരമ്പോക്കൊന്നുമല്ലാത്ത, ​ഗൗരവതരമായ ഒരു കാര്യം മുത്തശ്ശിയെ ധരിപ്പിക്കുവാനെന്ന മട്ടിൽ നിത്യ അവളുടെ മുഖത്ത് ഭാവമാറ്റം വരുത്തി. മയിൽപീലി സ്പർശമുള്ള സ്വരത്തിൽ അവൾ പറഞ്ഞു: മുത്തശ്ശി കണ്ണുകളടച്ച് ധ്യാനിച്ച് നിൽക്കുക. ഏകാഗ്രത പാലിക്കുക. അതെ, അതെ അങ്ങനെത്തന്നെ. മുത്തശ്ശിക്ക് ഇഷ്ടമുള്ള സങ്കൽപങ്ങളെ ഭാവനകളെ ഉത്തേജിപ്പിച്ച് മെല്ലെ മെല്ലെ അകക്കണ്ണുകൾ തുറന്നുനോക്കുക. അകക്കണ്ണുകൾ...

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT