“ഏൻ സാർ, എന്നെ രൺധിക എന്ന് മുഴുവനായി വിളിക്കാതെ ചുരുക്കി വിളിച്ചൂടെ?’’
ഈ ചോദ്യം വരുമ്പോൾ ആവിപൊന്തുന്ന പുട്ടിനുമീതെ അൽപാൽപമായി മീൻചാർ ഒഴിച്ചുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ സ്റ്റീഫൻ. കരണ്ടി തിരികെ കറിപ്പാത്രത്തിലേക്കിട്ട്, അയാൾ രൺധികക്ക് നേരെ മുഖമുയർത്തി. അതേ നേരംതന്നെ, മൊബൈലിൽ തുറന്നുെവച്ച ദുൈബ ഹിറ്റ് എഫ്.എം ആപ്പിൽനിന്ന് രണ്ട് ആർ.ജെകളുടെ ഉണ്ടാക്കിച്ചിരികൾ മുഴങ്ങി. സ്റ്റീഫന്റെ നോട്ടം തടുക്കാനായി അവനുടൻ കണ്ണുകൾ താഴ്ത്തുകയാണ് ചെയ്തത്. അതാണ് പതിവ്, പിടിക്കപ്പെടും എന്നായാലുള്ള അവസാന രക്ഷപ്പെടൽ ശ്രമം. എന്നിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അവിടെനിന്നുമാറി അടുക്കളയിലേക്ക് നടന്നു.
പുട്ടുതീറ്റ തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പം ഒരുമാത്ര സ്റ്റീഫനുണ്ടായി. ഒരു നേരം പട്ടിണി കിടന്നാൽ അരറാത്തൽ തൂക്കം കുറയുമെന്ന് സദാ പറയുന്ന അമ്മച്ചിയെ അയാൾ ഓർത്തു. അരറാത്തൽ എന്നാൽ എത്ര പവൻ ആയിരിക്കുമെന്ന മനക്കണക്കുകൂട്ടലോടെ സ്റ്റീഫൻ വീണ്ടും പുട്ടിനെ തേങ്ങാപ്പാലിൽക്കിടന്നുവെന്ത മീനിനൊപ്പം കൂട്ടി. കുഴച്ചുരുട്ടാതെ വിരലുകൾ മാത്രമുപയോഗിച്ച് ഭംഗിയായി കഴിക്കാൻ തുടങ്ങി. ഇടക്കിടെ അയാളുടെ കണ്ണുകൾ രണ്‍ധികയെ പരതി. കണ്ടില്ല. അടുക്കളയിൽ സ്റ്റീൽ, സെറാമിക് പാത്രങ്ങളുടെ കൂട്ടിയിടി. അടുത്തത് ഇനിയെന്തെന്ന് സ്റ്റീഫന് നന്നായിട്ടറിയാം.
നേരെ ചൂലെടുക്കും; ദുബൈയിൽ കിട്ടില്ലെന്നും പറഞ്ഞ് അമ്മച്ചി കൊടുത്തയച്ച നല്ല നീളൻ ഈർക്കിൾച്ചൂലാണ്. പിൻഭാഗം തറയിലിട്ട് കുത്തി അവനാദ്യം നിരയൊപ്പിക്കും. സ്വീകരണമുറിയിലേക്കാണ് നേരെ വരിക. കാർപ്പറ്റും ടീവി സ്റ്റാൻഡും സോഫയും എല്ലാം വലിച്ചുമാറ്റിയിട്ട് അടിയോടടിയാണ്. അതുകഴിഞ്ഞാൽ ചക്രമുള്ള വലിയ മഞ്ഞ ബക്കറ്റിലെ വെള്ളത്തിൽ ഡെറ്റോളോഴിച്ച് മോപ്പുമായെത്തും.
തുടയോടുതുടയാണ് പിന്നെയങ്ങോട്ട്. തീൻമേശയിൽനിന്ന് നേരെ നോക്കിയാൽ ‘ദുബൈ ഫ്രെയിം’ കാണുന്ന ചില്ലുവാതിലിന്റെ അലുമിനിയം കട്ടിളക്കിടയിൽ ഒളിച്ചിരിക്കുന്ന പൊടിപടലങ്ങളെവരെ രൺധിക മോചിപ്പിച്ചെടുക്കും. എൺപത്തഞ്ചു കിലോയിലേറെ തൂക്കവും അതിനുതക്ക ഉയരവുമുള്ള തികഞ്ഞ ദ്രാവിഡരൂപി, വലിയ ഉരുളൻ കല്ലുരുട്ടുമ്പോഴല്ല, ഇതുപോലെ മോപ്പുന്തുമ്പോഴാണ് കാണാൻ അഴകെന്ന് സ്റ്റീഫന് എപ്പോഴും തോന്നും.
പേക്ഷ, ഇന്ന് രണ്‍ധിക അടുക്കളയിൽനിന്ന് വെളിയിലേക്ക് വരുന്നേയില്ല. അവസാനമായൊന്നുകൂടി പ്ലേറ്റിൽ വിരലിട്ടുവടിച്ചശേഷം സ്റ്റീഫൻ എണീറ്റു. സാധാരണയായി ഇതുകണ്ടാൽ രൺധികയുടെ വക ഒരു സ്ഥിരം ചോദ്യമുണ്ട്.
“ഇഷ്ടപ്പെട്ടോ? എത്ര മാർക്ക് ഇന്നത്തെ ബ്രേക്ഫാസ്റ്റിന്?”
മേലുംകീഴും നോക്കാതെ സ്റ്റീഫൻ പത്തു മാർക്ക് കൊടുക്കുന്നതാണ്. ഇന്നിപ്പോൾ ആ പതിവും തെറ്റിയിരിക്കുന്നു. വാഷ്ബേസിനരികിൽ പോയി വായ കൊപ്ലിക്കുമ്പോൾ അയാൾ ഇടങ്കണ്ണിട്ട് കണ്ണാടിയിലൂടെ നോക്കി. ഒലീവുപച്ച കുപ്പായത്തിൽ കൈ തുടച്ചുകൊണ്ടുവന്ന രൺധിക മേശപ്പുറത്തുള്ള പാത്രങ്ങളെടുത്ത് സാവകാശം അടുക്കളയിലേക്ക് മടങ്ങുകയാണ്. അയാളൊന്നുകൂടി ആവേശത്തിൽ വാ കൊപ്ലിച്ചു തുപ്പി. മേശപ്പുറത്തുെവച്ച മൊബൈലെടുത്ത് എഫ്.എം ഓഫ് ചെയ്തു. അണിഞ്ഞൊരുങ്ങലാണ് അടുത്തപടി.
ഒരു പുതുനാരിയെ ചമയിക്കുന്ന വൈദഗ്ധ്യത്തോടെ സ്റ്റീഫൻ സ്വന്തത്തെ ഒരുക്കും. ഷർട്ട് ധരിക്കുമ്പോൾ ചുളിവ് വീഴാൻ സമ്മതിക്കില്ല. ഇസ്തിരിയിട്ട പാന്റ് നല്ല വടിപോലെ നിൽക്കണം ദേഹത്തെന്നത് നിർബന്ധമാണ്. പക്ഷേ ഒന്നിൽമാത്രം അയാളുടെ ശാഠ്യങ്ങൾ മിക്കപ്പോഴും വിലപ്പോവാറില്ല –ടൈ കെട്ടലിൽ.
ഇരുപത്തിമൂന്നാം വയസ്സിലെ പുണെ ജോലിക്കാലം മുതൽക്ക് കെട്ടിത്തുടങ്ങിയതാണ് എന്നു പറഞ്ഞിട്ട് കാര്യമില്ല; ചില സമയങ്ങളിൽ സ്റ്റീഫന് ടൈ കെട്ടാൻ കുറേയേറെ സമയം പിടിക്കും. ഒറ്റനിറത്തിലുള്ളതു മുതൽ ചിത്രപ്പണികളുള്ള ടൈകൾ വരെയുണ്ട് ശേഖരത്തിൽ. ബർഗണ്ടിയുടെയും കടൽനീലയുടെയും നിറങ്ങൾ കൂടിക്കലർന്നിട്ടുള്ള ടൈയാണ് കൂട്ടത്തിലേറ്റവും പ്രിയം. ഈ നാൽപത്തിയൊമ്പതാം വയസ്സിലും, ചിലപ്പോഴെല്ലാം ഒരനക്കം അങ്ങോട്ടേക്കോ ഇങ്ങോട്ടേക്കോ തെറ്റി ടൈ കെട്ടലിന്റെ ഭംഗി നശിക്കാറുണ്ട്. ഇന്നും അതുതന്നെ സംഭവിച്ചു. പ്രധാനവാതിലിനരികെ ബാഗ് ഒരു വശത്തേക്ക് മാത്രമിട്ട് അവനുണ്ട്, രൺധിക.
അപ്പാർട്മെന്റിനു വെളിയിലേക്ക് ധൃതിയിലിറങ്ങി സ്റ്റീഫൻ. ഇടതുവശത്തുള്ള ലിഫ്റ്റിനു നേർക്ക് നടന്നു. ലവലേശം ഒച്ചപോലും കേൾപ്പിക്കാതെ, വാതിൽപ്പഴുതിലിട്ട് താക്കോൽ തിരിക്കുകയാണ് രൺധിക. മാസം മൂന്നു കഴിഞ്ഞിട്ടുണ്ട്, കതകടക്കലും തുറക്കലും സ്റ്റീഫൻ നിറുത്തിയിട്ട്. അടുക്കളയിലേക്കുള്ള സാധനങ്ങളും സോപ്പ്, ഷാംപൂ വകകളും വാങ്ങിയിട്ട്. ആകെ ഉറപ്പുവരുത്താറുള്ളത് ചായക്കൊഴിക്കുന്ന പാൽ അൽ മറായിയുടേത് തന്നെയാണോ എന്നതുമാത്രം! ഇപ്പോൾ എല്ലാം സുഗമമായി കറങ്ങുന്നത് രൺധികയെന്ന അച്ചുതണ്ടിലാണ്. ആർക്കും അധീനപ്പെടാൻ വിസമ്മതിക്കുന്ന തനിക്കെങ്ങനെ ഇവ്വിധം മാറാൻ സാധിച്ചുവെന്നോർത്ത് ഇടക്കെല്ലാം സ്റ്റീഫൻ അന്തിക്കാറുണ്ട്.
സഹപ്രവർത്തകർക്കെല്ലാം സ്റ്റീഫനെന്നാൽ ടെററാണ്. എടുത്തുപറയേണ്ട ഒന്നാണ് അയാൾ ജീവനക്കാരുമായി ദിനേന കാണിക്കുന്ന കസർത്ത്. കാലത്തുതന്നെ ജുവലറിക്കു മുൻപിൽ എല്ലാ ജീവനക്കാരെയും നിരയൊപ്പിച്ചു നിർത്തി അവർക്കു മുന്നിലൂടെ ഉപദേശങ്ങളുമായി കവാത്തു നടത്തും സ്റ്റീഫൻ. ശീലത്തിനപ്പുറം അതയാളുടെ ആജ്ഞയെന്നവണ്ണമാണ് ജീവനക്കാർ എടുക്കുന്നത്.
ആണും പെണ്ണുമടങ്ങിയ ഇരുപത്തിയഞ്ചു ഒലീവുപച്ചക്കുപ്പായക്കാർ മാത്രമല്ല, ജുവലറിയുടെ ഏറ്റവും ഉള്ളിലിരുന്ന് വിവിധ ഡിസൈനുകളിൽ പണ്ടമുണ്ടാക്കുന്ന തട്ടാൻമാരും അപ്പോൾ ഹാജരുണ്ടാവണം. ആ നേരത്ത് മറ്റു ജീവനക്കാരുടെ അതേ സ്ഥിതിയാണ് രൺധികക്കും. െവച്ചുവിളമ്പിയെത്രയോ ഊട്ടിയിട്ടുണ്ടല്ലോ എന്ന കണക്കൊന്നും വിലപ്പോവില്ല. ജുവലറിയിലെത്തിയാൽ കളിയാകെമാറും. അവിടെ, സ്റ്റീഫൻ സീനിയർ ഷോറൂം മാനേജറും രൺധിക സെയിൽസ് മാനും മാത്രമാണ്.
ഇന്നു പക്ഷേ, ദുബൈയിലെ പതിനഞ്ചു വർഷ സീനിയർ മാനേജർ പദവിയിലിരിക്കേ ആദ്യമായി, പുലർകാല കൂടിക്കാഴ്ചക്കു ജീവനക്കാരുമൊത്ത് നിൽക്കാതെ സ്റ്റീഫൻ കാബിനുള്ളിലേക്ക് കയറി. എല്ലാവരുടെയും മുഖത്ത് ചോദ്യഭാവം. ആരെയും നോക്കാതെ മോതിരവിഭാഗത്തിലേക്ക് നടന്നു രൺധിക. വെറുതെ അവിടെ തൊട്ടും തലോടിയും നിന്നു; അടച്ചിട്ട, സ്റ്റീഫന്റെ കാബിനു നേർക്ക് ഇടക്കിടെ പാളിനോക്കിക്കൊണ്ട്.
ആദ്യമായി ജോലിക്ക് കയറിയ ദിവസത്തെക്കുറിച്ച് എന്നും ഒരു പ്രാർഥനപോലെ രൺധിക ഓർക്കാറുണ്ട്. സ്റ്റീഫന്റെ അപ്പാർട്മെന്റിന് വെളിയിലേക്ക് നോക്കുമ്പോഴെല്ലാം അവനു കാണാനാവുന്ന ‘ദുബൈ ഫ്രെയിം’ നിലവിൽവന്ന അതേ കൊല്ലമായിരുന്നു അത്. ഒരു പുതുവത്സര ദിനത്തിൽ. അവന്റെ പ്രവാസത്തിന്, അല്ല കുടിയേറിപ്പാർപ്പിന് പ്രായം ആറായി.
ഈ വക ഓർമകളെത്തിയാൽ അതിന്റെ കൂട്ടത്തിൽതന്നെ മാമനായ അമരസിരിയുടെ മുഖവും രൺധികയുടെ ഉള്ളിലേക്ക് തള്ളിക്കേറിയെത്തും. മുന്നിലുള്ള തങ്കത്തിൽനിന്നെല്ലാം കടലിന്റെ ചൂരടിക്കുന്നപോലെ തോന്നും അവന്. നിരത്തിവെച്ച മഞ്ഞലോഹം മത്സ്യത്തെ കണക്ക് കിടന്ന് പിടക്കും. മോതിരങ്ങളിലെ വിലകൂടിയ കല്ലുകൾ കേവലം മത്സ്യക്കണ്ണുകളെപ്പോലെയാവും. ഇടതു കൈപ്പത്തി ഉടനടിയൊന്ന് രൺധിക ഉയർത്തിനോക്കും.
ഒന്ന്, രണ്ട്, മൂന്ന്, നാല് –ഇടതു കൈയിലെ വിരലുകളുടെ എണ്ണം അതോടെ നിൽക്കും. രണ്ടിലും കൂടിയാകെ ഒമ്പതെണ്ണം. ചിന്നവിരലില്ലാതെ മെനകെട്ടുകിടക്കുന്ന കൈപ്പത്തിയിലേക്ക് നോക്കുംതോറും രൺധികക്ക് അരിശം വരും. അമരസിരിയുടെ കൊരവള്ളിക്ക് പിടിച്ചമർത്താൻ തോന്നും. മറ്റാരും കാണിക്കാത്ത വഞ്ചനയാണല്ലോ തന്നോടയാൾ കാണിച്ചതെന്ന് മനസ്സ് നൊടിച്ചുകൊണ്ടേയിരിക്കും. ഒരു കരച്ചിൽ ഉള്ളിൽ തികട്ടും.
ആഭരണങ്ങൾ വാങ്ങാനെത്തുന്നവർക്കു മുന്നിലേക്ക് പലജാതി മോതിരങ്ങൾ കുരുക്കിയിട്ട പരന്ന വെൽവെറ്റ് തട്ട് എടുത്തുവെക്കുമ്പോൾ ആദ്യമെല്ലാം രൺധികക്ക് വലിയ മനഃപ്രയാസമായിരുന്നു. ഇടതുകൈ ഉപയോഗിക്കാതെത്തന്നെ സകലതും ചെയ്യാൻ പരിശ്രമിച്ചു. സി.സി.ടി.വി വഴി ഓരോരുത്തരെയും വീക്ഷിച്ചുകൊണ്ടിരുന്ന സ്റ്റീഫന്റെ ശ്രദ്ധയിൽ ഒരിക്കലിതു പെട്ടു. രൺധികയെ ഉടൻ അയാൾ കാബിനിലേക്ക് വിളിച്ചു. ഭയന്നു ചെന്ന അവനോട് ചോദ്യമൊന്നുമുണ്ടായില്ല; പറച്ചിൽമാത്രം.
‘‘അഞ്ചു വിരലുകളില്ല എന്നതാണ് നിനക്ക് കുറവായിട്ട് തോന്നുന്നത്. ആറു വിരലുകളുള്ള മനുഷ്യൻമാരുമുണ്ടിവിടെ. അവർക്ക് പക്ഷേ അതാണ് കുറവ്.’’ അതും പറഞ്ഞ് സ്റ്റീഫൻ നേരെ ലാപ്ടോപ്പിലേക്ക് തലപൂഴ്ത്തി. നിൽക്കണോ പോവണോ എന്നറിയാതെ അവിടെ തുടർന്ന രൺധികക്ക് അയാൾ പറഞ്ഞതിന്റെ അർഥം ഗ്രഹിക്കാൻ അഞ്ചു നിമിഷമെടുത്തു. പക്ഷേ, കാബിൻ വിട്ട് അവനന്നിറങ്ങിയത് നിറവുള്ള ചിരിയോടെയായിരുന്നു.
“രാവിലെത്തന്നെ നമ്മളെ നിർത്തിപ്പൊരിക്കാതെ ആദ്യമായിട്ടാണ് സ്റ്റീഫൻ സാറ് ഇന്നൊന്ന് ജുവലറി തുറന്നത്. നീ മൂപ്പർക്കുണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണത്തിൽ വല്ല കൂടോത്രോം ചെയ്തോ? സാറിനിതെന്തു പറ്റി?” മാല സെക്ഷനിലെ ലിയാഖത്ത് കമാൽ രൺധികയുടെ തോളിലടിച്ച് അമർത്തിച്ചിരിച്ചു. അവൻ ഒന്നും പറഞ്ഞില്ല. കൈയിലുണ്ടായിരുന്ന മരതകമോതിരം തൽസ്ഥാനത്തു വെക്കുന്നതിൽ മുഴുകുന്നതായി വെറുതെ നടിച്ചു.
എന്തുകൊണ്ടോ, ജാഫ്നയിലെ തന്റെ ഗ്രാമത്തിന്റെ ഉൾപ്പരപ്പിലുള്ള വലിയ കോർക്കുമരം അന്നേരം രൺധികയുടെ ഓർമയിലേക്കു വന്നു. മുതിർന്ന ആണുങ്ങൾ തുലോം കുറവായ ഗ്രാമത്തിന്റെ അടയാളമാണ് ആ വൃക്ഷം. ജോലിയന്വേഷിച്ച് പുറത്തേക്കുപോയ പുരുഷന്മാർ മടങ്ങിയെത്തുക വിരളം. കൊല്ലപ്പണികളും വാർക്കപ്പണികളും ചെറിയ കച്ചവടങ്ങളുംചെയ്തു കുടുംബങ്ങൾ പോറ്റുന്നവരിൽ മിക്കവരും പണ്ടുമുതൽക്കേ സ്ത്രീകളാണ്. രൺധികയുടെ അമ്മയും അക്കൂട്ടത്തിൽപ്പെട്ടതുതന്നെ. ഉറച്ച കറുത്ത ദേഹവും, അതിനൊട്ടും യോജിക്കാത്ത കുയിൽനാദവുമുള്ള ഒരു സ്ത്രീ!
ഗ്രാമം മൊത്തം ഉച്ചമയക്കത്തിൽ നീന്തിത്തുടിക്കുന്ന സമയം. പൊൻവെയിൽ ഗ്രാമത്തെ പുൽകിയ, അല്ലെങ്കിൽ വിഷാദം ഭൂമിയിലേക്ക് ചൂഴ്ന്നിറങ്ങിയ ആ അപരാഹ്നത്തിലാണ് ഏഴ് ആണികൾ ദേഹത്തു തറച്ചനിലയിൽ ഒരു കറുത്ത പ്രാവിനെ കോർക്കുമരച്ചുവട്ടിൽ െവച്ച് അമ്മക്ക് കിട്ടിയത്. അപ്പോൾ മുഴങ്ങിയ ‘കടവുളേ’ എന്ന ആർത്തനാദത്തിൽ പക്ഷേ കുയിലൊച്ച അന്യമായിരുന്നു. ചുറ്റുപാടും കണ്ണീരോടെ നോക്കി. ഒട്ടുമേയധികം ചിന്തിക്കേണ്ടിവന്നില്ല, അങ്ങനൊരു കർമം ചെയ്യാൻ ഗ്രാമത്തിൽ ഒരുത്തൻ മാത്രമേയുള്ളൂ എന്നത് അമ്മക്ക് തീർച്ചയായിരുന്നു –സഹോദരൻ അമരസിരി.
സ്വന്തം ചോരയെ പ്രാകിക്കൊണ്ട്, പ്രാണൻപോകുന്ന പിടച്ചിലോടെ കരിയിലയിൽ പൂണ്ടുകിടന്ന ആ പ്രാണിയിൽനിന്ന്, ഓരോരോ ആണിയും അമ്മ വലിച്ചൂരി. ഏഴു രക്തത്തുളകൾ. പച്ചിലവൈദ്യം പരീക്ഷിക്കാനായി ആ കുരുന്നു ജീവിയെയുമെടുത്ത് വെയിലിലൂടെ ശരം കണക്കെ അമ്മ കുതിച്ചുപാഞ്ഞു.
ഇതൊന്നുമറിയാതെ, അമ്മയുടെ വോയിൽ സാരി പാതിയുടുത്തും, ബാക്കി പുതച്ചും വീട്ടുമുറ്റത്തെ കയറ്റുകട്ടിലിൽ പഠിച്ചപാഠങ്ങൾ ഓർത്തെടുത്തു കിടക്കുകയായിരുന്നു രൺധിക. പൊടുന്നനെ തന്റെ നെഞ്ചിനു കുറുകെ ആരോ അമർത്തിപ്പിടിക്കുന്നമാതിരിയുള്ള വേദന അവനറിഞ്ഞു. വെട്ടിവിയർത്തുകൊണ്ട് ചാടിയെണീറ്റു. വേദന ശമിച്ചപ്പോഴേക്കും, ഏഴു വട്ടം രൺധിക മരണത്തെ മുഖാമുഖം കണ്ടുകഴിഞ്ഞിരുന്നു.
സ്റ്റീഫന് തല വേദനിക്കാൻ തുടങ്ങി. അനാവശ്യ ആകുലതകൾ വന്നാൽ അയാൾക്കാദ്യം പണിതരിക തലയാണ്. പിന്നെ ബുദ്ധി. മൂന്നു മാസങ്ങൾക്കു മുമ്പുവരെ സ്റ്റീഫന്റെ ജീവിതം വേറെ മാതിരിയായിരുന്നു. തെരേസക്കൊത്തുള്ള, കുട്ടികളില്ലാത്ത, നീണ്ട ഇരുപതുവർഷത്തെ ദാമ്പത്യം. അതിൽത്തന്നെ ഒരു പതിറ്റാണ്ടായി ഇരുവരുടെയും വാസം ദുബൈയിൽ. അപ്പനാവാൻ കഴിഞ്ഞില്ലല്ലോ എന്നത് അയാളിലെ തീരാസങ്കടമാണ്.
തെരേസയാണ് ഏറ്റവും അത്ഭുതപ്പെടുത്തിയത്. കുട്ടികൾ ഇല്ലെന്നതിൽ യാതൊരു വിഷാദമോ വ്യസനമോ കാണിച്ചിട്ടില്ലാത്ത തെരേസ, ആരെല്ലാം നിർബന്ധിച്ചിട്ടും ഇന്നേവരെ യാതൊരു വൈദ്യ പരിശോധനക്കും വിധേയയായിട്ടുമില്ല. ‘‘നിങ്ങളെ നോക്കുന്ന ജോലിതന്നെ മതി. കുട്ടികളൊന്നും വേണ്ട. എനിക്കിനി ആ പങ്കപ്പാടൊന്നും വയ്യ’’ –ആദ്യമായി മാറിക്കിടന്ന രാത്രിയിൽ തെരേസ പിറുപിറുത്തു.
സ്റ്റൗവിൽ കിടന്നു തിളക്കുന്ന മട്ടൺകൊർമ തവികൊണ്ടിളക്കുന്ന അതേസമയംതന്നെ മുടിയുടെ ജടയറുക്കുന്നവളാണ് തെരേസ. തീർന്നില്ല, ചായയുടെ മധുരം നോക്കാനായി വായിലേക്ക് വെക്കുന്ന അതേ സ്റ്റീൽ കരണ്ടിയിട്ട് ചായ വീണ്ടുമിളക്കുന്ന, നനഞ്ഞ തോർത്തുമുണ്ടിനുമീതെ കിടന്ന് യാതൊരു കൂസലുമില്ലാതെ ഉച്ചമയക്കം നടത്തുന്നവളുംകൂടിയാണ് തെരേസ. ഭാര്യ, സ്റ്റീഫന് ഒരു അധികബാധ്യത തന്നെയായിരുന്നു
“എന്റെ പൊന്നു തെരേസേ... മീൻചാർ വെക്കുന്ന കലത്തില് ഇറച്ചിയും, ഇറച്ചിച്ചാറ് വെക്കുന്ന കലത്തില് പരിപ്പു കുത്തിക്കാച്ചിയതും വെക്കല്ലേയെന്ന് നിന്നോടെത്ര തവണ പറഞ്ഞിട്ടുണ്ട്...’’ ഓരോ വട്ടവും തീൻമേശയിൽനിന്നെണീക്കുമ്പോൾ അതീവമാന്യമായ സ്വരത്തിൽ അയാൾ പറയും. മറ്റാരോടോ ആണ് പറഞ്ഞതെന്ന മട്ടിൽ, ചെവിതല കൊടുക്കാതെ, സോഫയിലെ മലർന്നുള്ള കിടപ്പുതുടർന്ന്, കാണുന്ന റീലിന്റെ ഒച്ചയൊന്ന് പൊന്തിക്കും തെരേസ.
സ്റ്റീഫന്റെ നോട്ടത്തിൽ, ടൈ കെട്ടലിൽ ആദ്യമായി ഏകാഗ്രത നഷ്ടപ്പെട്ടതിന്റെ പിറകിലെ കാരണം തെരേസയാണ്. മിന്നുകെട്ടിയ പുരുഷനൊപ്പം മരണംവരെ കഴിയണം എന്ന അജണ്ടക്കപ്പുറം തെരേസക്ക് ഒന്നുമേയില്ല. സ്ത്രീകളുടെ ഭാവനയൊന്നുകൊണ്ട് മാത്രമാണ് ദാമ്പത്യം പലപ്പോഴും നിലനിന്നുപോവുന്നത് എന്ന് ഉറച്ചുവിശ്വസിക്കുന്ന സ്റ്റീഫനോ ഉള്ളിലാകെ നിരാശയും.
എന്നിരിക്കിലും, വലിയ തട്ടുകേടൊന്നും കൂടാതെ ഒരു മുറിക്കുള്ളിൽ രണ്ടിടങ്ങളിലായി അവരുടെ ജീവിതം നീങ്ങി. ഒരിക്കലും രണ്ടു സ്ഥലങ്ങളിലായി ജീവിച്ചില്ല, ഉറങ്ങിയില്ല –മൂന്നരമാസങ്ങൾക്കു മുമ്പ് തെരേസയുടെ മമ്മി കുളിമുറിയിൽ കാൽ വഴുക്കിവീഴുന്നതുവരെ. മുട്ടിന് കീഴേയുള്ള രണ്ടെല്ലുകൾ പൊട്ടിയ മമ്മി പറ്റേ കിടപ്പിലായെന്നറിഞ്ഞതും പുന്നാരിച്ചു വഷളാക്കിയ മകൾ മറ്റൊന്നും നോക്കാതെ വിമാനവും പിടിച്ച് കൊച്ചിയിലേക്ക് പറന്നു. കൂടെ, മമ്മിയുടെ കാൽ പരസഹായം കൂടാതെ തറതൊട്ടിട്ടേ ഇനിയൊരു മടക്കമുള്ളൂ എന്ന ശപഥവും!
അങ്ങനെ സ്റ്റീഫൻ ഒറ്റക്കായി. ഒരുതരത്തിൽ പറഞ്ഞാൽ അയാൾക്കത് വലിയൊരു സന്തോഷവും സമാധാനവുംകൂടിയായിരുന്നു. അന്നേ രാവ് ആഘോഷിച്ചത് ഷാംപയിൻ ബോട്ടിൽ പൊട്ടിച്ചല്ല, ക്ലീനിങ് ഏജൻസിയിൽനിന്ന് രണ്ട് ഫിലിപ്പിനോ യുവതികളെ വരുത്തി അപ്പാർട്മെന്റ് മൊത്തം വൃത്തിയാക്കിയിട്ടാണ്. തെരേസയുള്ളപ്പോൾ പറയും, ‘‘ആ, അങ്ങനിപ്പോൾ പുറത്തുനിന്നാരും വരണ്ടെന്ന്, ഉള്ള വെടിപ്പുംവച്ചങ്ങ് കഴിഞ്ഞാൽ മതിയെന്ന്.’’ അധികാരം തിരികെ ലഭിച്ച നാട്ടുരാജാവിനെപ്പോലെ അപ്പാർട്മെന്റിനകത്തുകൂടി ഫിലിപ്പിനോ ദാസികളെയുമായി സ്റ്റീഫൻ ആർമാദിച്ചു.
മൂന്നു മണിക്കൂർ ക്ലീനിങ്ങിന് ഇരുപത്തിയഞ്ചു ദിർഹംസ് അധികം കൊടുത്ത് അവരെ പറഞ്ഞുവിട്ടശേഷം മേശപ്പുറത്തൊരു വാസനാമെഴുകുതിരികൂടി കത്തിച്ചുെവച്ചു. അകവും പുറവും സൗരഭ്യം പടരുന്നത് അയാളറിഞ്ഞു. ആശ്വാസത്തോടെ കണ്ണുകളടച്ച്, ചാരുകസേരയിലിരുന്നു. വല്ലതും കഴിക്കണമല്ലോയെന്നോർത്ത് അടുക്കളയിലേക്ക് കയറിയപ്പോഴാണ് ഒരു വകഭക്ഷണവും രുചിയോടെ പാകംചെയ്യാൻ തനിക്കറിയില്ലെന്ന വസ്തുത സ്റ്റീഫൻ മനസ്സിലാക്കിയത്. നാട്ടുരാജാവിന്റെ ചെങ്കോലും കിരീടവും അതോടെ നിലംപൊത്തി.
ഒതുങ്ങിയ വയറിനും ഇരട്ടത്താടിയില്ലാത്ത മുഖത്തിനുമായി അശ്രാന്തം പരിശ്രമിക്കുന്ന സ്റ്റീഫൻ ആദ്യമേ വെളിയിലെ ഭക്ഷണത്തോട് നോ പറഞ്ഞു. ഇൻസ്റ്റന്റായിട്ട് പാകംചെയ്യാവുന്ന വസ്തുക്കളെയെല്ലാം ഫ്രീസറിൽനിന്ന് പുറത്താക്കി. മൂന്നുനേരവും മുട്ടയുടെ വെള്ള പൊരിച്ചതിനൊപ്പം കഞ്ഞിയും പയറും മാത്രം കഴിച്ചിട്ടാവണം അയാളുടെ മുഖത്തിന്റെ ഒളിമങ്ങാൻ തുടങ്ങി. രാത്രി ഒന്നുറങ്ങിയശേഷം വിശന്നെണീക്കൽ പതിവായി. കണ്ണിനു ചുറ്റും കരിവളയങ്ങൾ ഇടംപിടിച്ചു. വിഡിയോകോളിൽ കാണുമ്പോഴെല്ലാം, തടി ക്ഷീണിച്ചല്ലോയെന്ന് പറഞ്ഞ് തെരേസ മൂക്കൊലിപ്പിച്ചു. തലകുനിച്ചുനിന്ന് എല്ലാം കേട്ടെന്നല്ലാതെ, ഭാര്യയോടു മടങ്ങിവരാൻ സ്റ്റീഫൻ പറഞ്ഞില്ല. അതു നന്നായെന്നു പിന്നീടൊരിക്കൽ അയാൾക്ക് തോന്നുകയുമുണ്ടായി.
കടലോരത്തുള്ള രൺധികയുടെ ഗ്രാമത്തിന് ഉണക്കമീനിന്റെ വാടയാണ്. മുക്കുവന്മാർക്കു വിറ്റൊഴിക്കാനാവാതെപോയ ചീഞ്ഞുതുടങ്ങിയ ചെറുമത്സ്യങ്ങളെ ഗ്രാമത്തിലെ സ്ത്രീകൾ വന്നു കുട്ടയിലാക്കും. അഴുക്കുചാലിലെയോ കടലിലെ തന്നെയോ വെള്ളത്തിൽ മീനുകളെ കഴുകി ഉപ്പു തേച്ചുപിടിപ്പിച്ച് മണലിൽ നിരത്തിയിട്ടാണ് ഉണക്കൽ. രൺധികയുടെ അമ്മ പക്ഷേ, എല്ലാവരെയുംപോലെയല്ല, ശുദ്ധമായ തണുത്ത വെള്ളത്തിൽ കഴുകി പ്ലാസ്റ്റിക് ഷീറ്റിൽ പരത്തിയിട്ടാണ് മത്സ്യമുണക്കാറ്. ജാഫ്ന ചുറ്റിക്കാണാനെത്തുന്ന വിദേശികൾ അമ്മയുടെ ഉണക്കമീനുകളെ പടമാക്കാൻ പ്രത്യേക താൽപര്യം കാണിക്കാറുണ്ട്.
ഗ്രാമത്തിലെ ചിലരെയെല്ലാംപോലെ മീൻപിടിത്തമാണ് മാമനായ അമരസിരിയുടെയും ഏർപ്പാട്. ഈഴത്തിന്റെ മാനം കാക്കാനായി പട്ടാളത്തിൽ ചേരണമെന്ന അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചാണ് അയാൾ ആ പണിക്കിറങ്ങിയത്. പെറ്റിട്ടതേ കടലിനു നടുക്കാണെന്ന ഭാവത്തിൽ ജീവിക്കുന്ന അമരസിരിക്ക്, മീൻ തിളച്ചുപൊന്തുന്ന മിക്ക ഭാഗങ്ങളും കാണാപ്പാഠമാണ്. എൻജിൻ പിടിപ്പിച്ച ചെറിയൊരു ബോട്ടുണ്ട് സ്വന്തമായിട്ട്. അമരസിരി ബോട്ടിറക്കുന്നുണ്ടെന്നറിഞ്ഞാൽ തീരം നിറയെ ആൾക്കാർ കൂടും.
കുനുകുനാ കൂട്ടിയിട്ട വലുതും ചെറുതുമായ മത്സ്യങ്ങളുമായേ അയാൾ മടങ്ങൂവെന്ന് ഗ്രാമത്തിലുള്ളവർക്ക് അത്രക്ക് തീർച്ചയാണ്. എൻജിൻ കുടുകുടാ ഒച്ചയോടെ ഇളകിത്തുടങ്ങിയാൽ ആളുകളത്രയും ആരവം മുഴക്കും. ആശംസകൾ അർപ്പിക്കും. തലയെടുപ്പോടെ, സഹായത്തിനായി രണ്ടോ മൂന്നോ പേരെയും കൂട്ടി ആരും പോകാനറയ്ക്കുന്ന കടലിന്റെ ആഴ്ഭാഗങ്ങളിലേക്ക് അയാൾ എൻജിൻ കുതിപ്പിക്കും.
ഉദ്ദേശിച്ച സ്ഥലമെത്തിയാൽ എൻജിൻ നിർത്തും. നീല ബോട്ട്, ഓളങ്ങളുടെ ഇളകിമറിച്ചിലിൽ ആകാശത്തെ തൊടാനെന്ന മട്ടിൽ ഉയരേക്ക് തുള്ളും. കൗശലക്കാരനായ ഒരു വേട്ടനായുടെ മുഖഭാവമാവും അപ്പോൾ അമരസിരിക്ക്. ചുറ്റും സൂക്ഷ്മതയോടെ നോക്കവേ അയാളുടെ ചെവിപ്പൂടകൾ എഴുന്നുനിൽക്കും. നെഞ്ചിൻപേശികൾ വികസിക്കും. സകലരെയുംപോലെ വലയെറിയലല്ല ആദ്യം ചെയ്യുക. അത് പരമ രഹസ്യമാണ്. ബോട്ടിൽ, അയാൾ സ്വകാര്യമായി പണിത ചെറിയ അറയിൽ ഒരു പ്ലാസ്റ്റിക് ഡപ്പയുണ്ട്. അതിൽ നിറയെ ഡയനാമെറ്റാണ്. ഒന്നെടുത്ത് കൈവെള്ളയിൽ െവച്ച് കത്തിച്ച് അമരസിരി നീട്ടിയെറിയും; വെള്ളത്തിലേക്ക്. കടൽവെള്ളം ഠപ്പേന്ന് പൊട്ടിത്തെറിക്കും.
ജലപ്പൂത്തിരികളുടെ മേളമാണ് പിന്നീട്. അൽപമാത്രകൾക്കകം എല്ലാം ശാന്തം. കൂടെയുള്ളവർ വല തയാറാക്കുമ്പോഴേക്കും മീനുകൾ കൂട്ടത്തോടെ ചാവാൻ തുടങ്ങിക്കാണും. വീശേണ്ട താമസമേയുള്ളൂ, ആയിരക്കണക്കിനു മീനുകൾ ഒറ്റയടിക്കെത്തും, വലക്കകത്ത്. ഇത്രയേറെ മീനുകളെ പിടിക്കാൻതക്ക മന്ത്രമെന്താണ് അമരസിരിയുടെ പക്കലുള്ളതെന്ന് അന്വേഷിച്ചറിയാൻ ഒരിക്കൽ ഒരു സംഘം അയാളെ കടലിലേക്ക് പിന്തുടർന്ന കാര്യം കരക്കാർക്കറിയാം. അവരെ പക്ഷേ പിന്നാരും കണ്ടിട്ടില്ല.
“രൺധികയെ എന്റെ കൂടെ ഒരുവട്ടം അയക്ക് തങ്കച്ചീ, അവനെന്റെ കൂടി പയ്യനല്ലേ. യുദ്ധം ചെയ്യാനൊന്നുമല്ലല്ലോ, നമ്മൾ തലമുറകളായി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ വെറുതെ പഠിച്ചെങ്കിലും വെക്കട്ടെ. കടലിന്റെ ഉൾത്തട്ട് അവൻ കാണട്ടെ...” അമരസിരി തന്റെ സഹോദരിയോട് താണുകേണ് ഒരിക്കൽ അപേക്ഷിച്ചു. ആങ്ങളയുടെ സകല കുരുത്തക്കേടുകളെ പറ്റിയും നന്നായിട്ടറിയാവുന്ന ആ സ്ത്രീ ആദ്യമെല്ലാം ശക്തമായി എതിർത്തു.
എന്തു മായാജാലമാണ് അമരസിരി ചെയ്തതെന്നറിയില്ല, ഏഴു രക്തത്തുളകളെക്കുറിച്ചുപോലും രൺധികയുടെ അമ്മക്ക് മറവി ബാധിച്ചു. ആങ്ങളയുടെ കരച്ചിലും പരിഭവം പറച്ചിലും ഒടുങ്ങാതെയായപ്പോൾ അവരൊന്നയഞ്ഞു. ഒന്നുമില്ലെങ്കിലും സ്വന്തം തടി സൂക്ഷിക്കാൻ അറിയാവുന്ന ഇരുപത്തിമൂന്നുകാരൻ യുവാവാണ് മകൻ എന്നതായിരുന്നു അമ്മയുടെ ഒരേയൊരു ആശ്വാസം. വാഴ്വിനെക്കുറിച്ച് മഹാപ്രത്യാശകളുമായി കഴിഞ്ഞിരുന്ന രൺധിക, മാമനൊപ്പം വെറുതെപോലും പോവില്ലെന്ന് തറപ്പിച്ചു പറഞ്ഞു. പിന്നീട്, അമ്മക്കായി സമ്മതിക്കേണ്ടിവന്നു.
പൊൻവെയിൽ ചാഞ്ഞ മറ്റൊരു അപരാഹ്നം.
അന്നേവരെ ചെന്നെത്തിയിട്ടില്ലാത്ത കടൽഭാഗത്തേക്ക്, കൂട്ടാളികളില്ലാതെ, അമരസിരി രൺധികയെയുമായി ബോട്ടു തിരിച്ചു. ഒറ്റനോട്ടത്തിൽതന്നെ, ചുക്കാൻ തിരിക്കുന്ന ബലിഷ്ഠങ്ങളായ കരങ്ങളോട് അളവറ്റ ആരാധന തോന്നി രൺധികക്ക്. കുത്തനെ പൊങ്ങുന്ന ഓളങ്ങൾക്കൊപ്പിച്ചു ഇടം വലം ചലിക്കുന്ന അയാളുടെ തുടകളിൽ ദൃഷ്ടിയുറച്ചതും അവൻ കണ്ണുകൾ പിൻവലിച്ചു. മാമൻ അതെങ്ങാനും ശ്രദ്ധിച്ചു കാണുമോ എന്ന വേവലാതിയായി പിന്നെ. പോയിപ്പോയി കര കാണാതായി. കടൽച്ചൊരുക്ക് കാരണം രൺധിക നിറുത്താതെ ഛർദിച്ചു. കണ്ണുകൾ ചുമന്നു, മൂക്കൊലിച്ചു. പുറമുഴിഞ്ഞുകൊണ്ട് അമരസിരി സാരമില്ലെന്ന് പറഞ്ഞു. വെള്ളം കുടിപ്പിച്ചു. വരണ്ട കാറ്റിനോട്, കിതപ്പോടെ മല്ലിടേണ്ടിവന്നു രൺധികക്ക്.
മീൻ കൂമ്പാരമുള്ള, പവിഴപ്പുറ്റുകൾ തിങ്ങിനിറഞ്ഞ കടലിടുക്കിലേക്കാണ് അവരെത്തിയത്. ആ കാഴ്ച രൺധികയുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചു. ഇനിയെന്തെന്നറിയാതെ വലയുടെ നേർക്ക് അവൻ തുറിച്ചുനോക്കി. അതു കണ്ട അമരസിരി ചിറി കോട്ടിയൊന്നു ചിരിച്ചു. മരുമകനെ വില്ലാളിവീരനാക്കാൻ എന്നവണ്ണം, പ്ലാസ്റ്റിക് ഡപ്പയിൽനിന്ന് രണ്ടു ഡയനാമെറ്റുകളെടുത്ത് രൺധികയുടെ ഇടംകൈയിൽ െവച്ചുകൊടുത്തു.
തീ കത്തിച്ചിട്ട് നീട്ടിയെറിയ് എന്നുത്തരവിട്ടു അമരസിരി. ഇവ്വിധമാണ് മീൻപിടുത്തമെന്ന് തിരിച്ചറിഞ്ഞ രൺധിക ഭയപ്പാടോടെ ചുറ്റിലും നോക്കി. സർവം ജലം. നിശ്ചയമായും കരയുണ്ട്, പക്ഷേ ദൃഷ്ടിക്കപ്പുറം എത്രയോ അകലെ! അമരസിരിയുടെ കണ്ണുകളിൽ പതിവിലേറെ തിളക്കം. രക്ഷയില്ലെന്ന് മനസ്സിലാക്കിയതിനാൽ രൺധിക എതിർത്തില്ല. അഗ്നിസ്പർശമേറ്റ ഡയനാമെറ്റ് ഇടംകൈക്കുള്ളിൽ കിടന്ന് വിറച്ചു. എറിയാനായി ഒരുമാത്ര രൺധിക വൈകിപ്പോയി. അല്ലെങ്കിൽ അമരസിരി വൈകിപ്പിച്ചു.
ഠോ!
മീനുകളല്ല, രൺധികയുടെ ചിന്നവിരലാണ് ചത്തൊടുങ്ങിയത്.
എട്ടാമതുമൊരു രക്തത്തുള!
രൺധികയല്ലാത്ത മറ്റു ജീവനക്കാരോടൊന്നും സ്റ്റീഫൻ സൗഹാർദപരമായി ഇടപെടാറില്ല. അതിന് പ്രത്യേകമൊരു കാരണവുമുണ്ട്. ജുവലറിയിലെ ജോലി അവന് ലഭിക്കാനുള്ള ഒരേയൊരു ഹേതു സ്റ്റീഫനാണ്. ആ കാര്യം രൺധിക തന്നെ പലകുറി ആവർത്തിച്ചിട്ടുള്ളതിനാൽ സകലർക്കും അറിയാം. പക്ഷേ, ആരോടും പറയാത്ത, എന്നാൽ സ്റ്റീഫന് മാത്രമറിയുന്ന ഒരു കഥയും അതിന്റെ കൂട്ടത്തിലുണ്ട്.
“പണ്ട്, ജാഫ്നയിലെ ആ വ്യാപാരി ഫോൺ ചെയ്തു പറഞ്ഞപ്പോഴേക്കും എന്തിനാണ് എന്നെ ദുബൈയിലേക്ക് കയറ്റിവിടാൻ പറഞ്ഞത്? ജോലി തരാമെന്ന് പറഞ്ഞത്?”
അന്ന്, വിരലിന്റെ കാര്യത്തിൽ യാതൊരു കുറച്ചിലും തോന്നരുതെന്ന് ഉപദേശിച്ചപ്പോൾ രൺധിക ഇത്തരമൊരു ചോദ്യം സ്റ്റീഫനോട് ചോദിച്ചിരുന്നു. അയാളാദ്യമൊന്ന് കുലുങ്ങിച്ചിരിച്ചു. എന്നിട്ട് കസേരയിലേക്ക് മലർന്നിരുന്നു.
“ആ വ്യാപാരി എന്റെ എത്രയോ കാലത്തെ സുഹൃത്താണ്. കോംഗോയിലെ ഒരു ജുവലറി എക്സിബിഷനിൽവച്ചു കണ്ടുമുട്ടിയ പരിചയം. പക്ഷേ, അന്നവൻ വിളിച്ചപ്പോൾ എന്റെ മനസ്സലിഞ്ഞത് നിന്റെ അമ്മയെക്കുറിച്ച് പറഞ്ഞു കേട്ടപ്പോഴാണ്. അതാണ് ഒന്നും നോക്കാതെ ജോലിക്കാര്യം ഞാനേറ്റത്. മകനുവേണ്ടി ഏതറ്റംവരെയും പോവാൻ തയാറായ അമ്മയെ കൈവിടാൻ തോന്നിയില്ല...”
ശരിയാണ്, രൺധിക അന്നേ ദിവസത്തെക്കുറിച്ച് വല്ലപ്പോഴും ഓർക്കാറുണ്ട്. രക്തം ചീറ്റുന്ന ചത്ത വിരലുമായി തന്നെ അമ്മക്കു മുന്നിലേക്കിട്ട്, വിജയിയെ പോലെ അമരസിരി പിന്തിരിഞ്ഞു നടന്നപ്പോൾ, അന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ഉശിരത്തിയായി അമ്മ മാറുകയായിരുന്നു. ഉറച്ച ശബ്ദം അഭിനയിക്കാൻ തുടങ്ങി പിന്നീടങ്ങോട്ട് അമ്മ. കുയിൽനാദം പിന്നാരും തന്നെ കേട്ടില്ല. മകനെയുമായി നഗരത്തിലേക്ക് ഒറ്റപ്പാച്ചിലായിരുന്നു.
ഇക്കഥയെല്ലാം സ്റ്റീഫന് അറിയാമെന്നറിഞ്ഞതു മുതൽ രൺധികക്ക് അയാളുടെ കാര്യത്തിൽ ഒരു പ്രത്യേക കരുതലാരംഭിച്ചു. ക്ലയന്റ് മീറ്റിങ് ഉണ്ടെങ്കിൽ ആരും പറയാതെത്തന്നെ മീറ്റിങ് റൂം ഒരുക്കുക, വെള്ളക്കുപ്പികൾ മേശപ്പുറത്ത് നിരയൊപ്പിച്ചു െവക്കുക എന്നു തുടങ്ങി സ്റ്റീഫന്റെ കാബിന്റെ പ്രത്യേക ക്ലീനിങ്ങുവരെ രൺധിക ഏറ്റെടുത്തു. ഇതിനാലെല്ലാമാണ്, മര്യാദക്ക് ഭക്ഷണമില്ലാതെ ചടച്ചുപോയ സ്റ്റീഫന്റെ മുഖത്തെ കാളിച്ച പെട്ടെന്നുതന്നെ രൺധികക്ക് മനസ്സിലാക്കാനുമായത്.
“ഞാൻ നല്ലതുപോലെ ഭക്ഷണം പാകംചെയ്യും.”
ഒരു പുലരിയിൽ, നേരെ കാബിനിലേക്ക് ചെന്ന് പറയുകയായിരുന്നു. അതിശയത്തോടെ, അതിലുപരി കാര്യമായ ആലോചനയോടെ സ്റ്റീഫൻ കസേരയിൽ ഒന്നു കറങ്ങി. ആ കറക്കത്തിനിടെ കാബിനിത്ര വെടിപ്പോടെ കിടക്കുന്നതിൽ രൺധികക്കുള്ള പങ്കിനെക്കുറിച്ചും ആലോചിക്കാതിരുന്നില്ല. അങ്ങനെയാണ്, വസ്ത്രങ്ങളടങ്ങിയ പഴയൊരു ട്രോളി ബാഗുമായി സ്റ്റാഫ് അക്കൊമഡേഷനിൽനിന്ന് സ്റ്റീഫന്റെ അപ്പാർട്മെന്റിലേക്ക് ചെല്ലുക വഴി തന്റെ കുടിയേറ്റത്തിന്റെ രണ്ടാംഘട്ടം രൺധിക ആരംഭിച്ചത്.
പൊറുതി തുടങ്ങി ഒരാഴ്ചക്കകംതന്നെ സ്റ്റീഫന്റെ മുഖത്ത് മാറ്റങ്ങൾ പ്രകടമായി. ചിട്ടയോടെ, പോഷക സമ്പുഷ്ടമായ വിഭവങ്ങൾ കഴിച്ചതുവഴി സ്വതേ വെളുത്ത മുഖം കൂടുതൽ ചുവന്നു ശോഭിച്ചു. കിടക്കുന്നതിനുമുന്നേ ഒരു ഗ്ലാസ് ചുടുപാൽ കുടിക്കുന്നത് ശീലമാക്കിയതിനാൽ നല്ല ഉറക്കവും കിട്ടി. കൺതടങ്ങളിലെ കരിനിറം മങ്ങിത്തുടങ്ങി. ജിമ്മിൽനിന്ന് മടങ്ങിയെത്തിയാൽ കുടിക്കേണ്ട –തെരേസ ഒരിക്കലും ഉണ്ടാക്കിത്തന്നിട്ടില്ലാത്ത– സ്മൂത്തിപോലും രൺധികയുടെ ശ്രദ്ധയിൽ ഭദ്രമായി. ജീവിതത്തോടുള്ള ആസക്തി കൂടുതൽ കാഠിന്യത്തോടെ അയാളിൽ വേരുറച്ചു.
രണ്ടു മുറികളും രൺധിക സദാ തൂത്തുതുടച്ചുവെച്ചു. ചുമരുകൾ അലങ്കരിക്കാനായി അല്ലറ ചില്ലറ കൗതുകവസ്തുക്കൾ ഓൺലൈനായി വാങ്ങി. മുൻവശത്തെ കതകിനു പുറത്തായി, തുർക്കിക്കാരുടെ ചര്യയനുസരിച്ചുള്ള നീലക്കണ്ണുപോലെ തോന്നിക്കുന്ന മുത്തു തൂക്കിയിട്ടു.
“കണ്ണു തട്ടാതിരിക്കാനാണ്, ഈ വീടിനും അകത്തുള്ള ആൾക്കും...”
കൊറിയർ പാക്കറ്റ് പൊട്ടിച്ചു നീലക്കണ്ണ് പുറത്തേക്കെടുത്തപ്പോൾ മന്ദഹാസത്തോടെ രൺധിക സ്റ്റീഫനെ ഒന്നു നോക്കിയിട്ടുണ്ട്. പൊട്ടിച്ചിരിയോടെ, ടൈ വലിച്ചൂരിക്കൊണ്ട് അയാൾ മുറിയിലേക്ക് പോവുകയാണുണ്ടായത്.
ആഴ്ചകൾക്കകം അപ്പാർട്മെന്റിന്റെ മുഖച്ഛായതന്നെ രൺധിക മാറ്റി. ഇതെല്ലാം വീഡിയോകോളിൽ കാണേ അസൂയമൂത്ത് കൊഞ്ഞനംകുത്തി തെരേസ. അപ്പോഴെല്ലാം രൺധികയെ നോക്കി സ്റ്റീഫൻ മിഴികളടച്ചു. എന്റെ അടുക്കളയിൽ കേറി പെരുമാറാൻ ഒരു ശ്രീലങ്കക്കാരനെ മാത്രമാണല്ലോ നിങ്ങൾക്ക് കിട്ടിയതെന്ന് പറഞ്ഞ് തെരേസ തലക്കിട്ടടിച്ചു. അപ്പറഞ്ഞതു മനസ്സിലായിട്ടോ എന്തോ, രൺധിക തലതാഴ്ത്തിനിന്നു. സ്റ്റീഫൻ കോൾ അവസാനിപ്പിക്കുകയുംചെയ്തു.
എല്ലാം ഭംഗിയായിത്തന്നെ മുന്നോട്ടുപോയി, രണ്ടു ദിവസങ്ങൾക്ക് മുമ്പുവരെ. അന്നേ വൈകുന്നേരവും രാത്രിഭക്ഷണത്തിനെന്തു പാചകംചെയ്യണമെന്ന രൺധികയുടെ ചോദ്യം വാട്സ്ആപ്പിൽ സ്റ്റീഫനിലേക്കെത്തി. മൂക്കു ചൊറിഞ്ഞുകൊണ്ടുള്ള ക്ഷണനേരത്തെ ആലോചനക്കുശേഷം, ആലൂപറാത്ത ആയാലോ എന്ന് കണ്ണിറുക്കിക്കാട്ടിയുള്ള ഇമോജിയുടെ അകമ്പടിയാൽ അയാൾ മറുപടി നൽകി. മിഴികൾ കൂമ്പിയ പുഞ്ചിരി ഇമോജി പകരമെത്തി. എന്നത്തേയുംപോലെ ഇരുവരും ഒന്നിച്ചാണ് ജുവലറിയിൽനിന്ന് പതിവുസമയത്ത് കാറിൽ മടങ്ങിയതും.
“മാഡം എന്നാണ് തിരിച്ചുവരിക?”
പിറകിലെ സീറ്റിൽനിന്ന് സ്വകാര്യം പറയുന്ന കണക്കെ രൺധികയുടെ ശബ്ദം.
“എന്നും വരാം, ഒന്നും പറയാൻ വയ്യ.’’ റിയർവ്യൂ മിററിലൂടെ അവനെ നോക്കി സ്റ്റീഫൻ ചിരിച്ചു. ‘‘പക്ഷേ രൺധികാ, നിന്നോട് ഒരു രഹസ്യം പറയട്ടെ, അവൾ ഇപ്പോഴൊന്നും വരേണ്ട എന്നാണ് എന്റെ ആഗ്രഹം. അവളെക്കാളും കൈയടക്കത്തോടെ വീടിനെയും എന്നെയും നീയിപ്പോൾ നോക്കുന്നുണ്ടല്ലോ!’’
മിററിലൂടെ സ്റ്റീഫൻ കണ്ടു, തലതാഴ്ത്തി കണ്ണുകൾ കൂമ്പി ചിരിക്കുന്ന രൺധികയെ.
രാത്രിയിൽ ചൂടോടെ ആലൂപറാത്ത കഴിച്ചുകൊണ്ടിരിക്കുമ്പോൾ പതിവില്ലാത്ത ഒന്നു സംഭവിച്ചു; രൺധിക, ഒരു കസേര വലിച്ചിട്ട് സ്റ്റീഫന് അരികിലേക്കിരുന്നു! എന്നിട്ട്, ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ കഴിക്കാൻ ആരംഭിച്ചു. ഇതെന്തു മറിമായമെന്നോർത്ത് അത്ഭുതംകൊണ്ടെങ്കിലും, പറാത്തയുടെ രുചിക്കെണിയിൽപ്പെട്ട സ്റ്റീഫൻ, ഒന്നും പറയാനോ ചോദിക്കാനോ പോയില്ല. അത്താഴം കഴിഞ്ഞ് ടി.വിയിൽ വാർത്ത കേട്ടുകൊണ്ടിരുന്ന അയാൾ മറ്റൊരു കാര്യംകൂടി ശ്രദ്ധിച്ചു, തന്റെ മുറിയിലെ കിടക്കവിരി മാറ്റി പുത്തനൊന്ന് വിരിച്ചിരിക്കുന്നു രൺധിക.
പതിവില്ലാതെ ബർണറിലിട്ട് ബഹൂർ പുകച്ചിട്ടുണ്ട്. ഊദിന്റെ മാസ്മരികഗന്ധമെങ്ങും. അയാളൊന്നു മൂക്കുവിടർത്തി വലിച്ചു. പക്ഷേ മറ്റൊന്നാലാണ് സ്റ്റീഫൻ ഞെട്ടിയത്; കട്ടിലിന്റെ അറ്റത്തായി ഇരുന്ന് തന്നെത്തന്നെ നോക്കുന്ന രൺധികയെ കണ്ടിട്ട്. അയാൾക്കുള്ളിലൂടെ ഒരു കുളിരുപാഞ്ഞു. ഒന്നുമേ ഗൗനിച്ചിട്ടില്ലെന്ന ഭാവത്തിൽ ടി.വി സ്ക്രീനിലേക്കുമാത്രം നോക്കി സ്റ്റീഫനിരുന്നു; ഗുഡ് നൈറ്റ് പറഞ്ഞ് രൺധിക മുറിവിട്ടിറങ്ങുന്നതുവരെ. ചൂടുപാലു സേവിച്ചിരുന്നിട്ടു കൂടിയും ആ രാത്രിയിൽ ഉറക്കം സ്റ്റീഫനോട് കനിഞ്ഞില്ല.
ഇന്നലെ രാത്രിയും ഇതെല്ലാം അതേപടി വീണ്ടും സംഭവിച്ചു. സോഫയിൽ വന്ന് ചേർന്നിരിക്കാനുള്ള ശ്രമവും കൂടിയുണ്ടായി. തനിക്കെന്തുകൊണ്ടാണ് രൺധികയോട് എണീറ്റുപോവാൻ പറയാൻ സാധിക്കാത്തത് എന്നോർത്ത് സ്റ്റീഫൻ അസ്വസ്ഥനായി. റിമോട്ട് മെല്ലെ കൈവെള്ളക്കുള്ളിലിട്ട് അടിച്ചു.
“സാറ് പറഞ്ഞത് ശരിയാണ്. ചില ഇല്ലായ്മകൾ ഇപ്പോൾ എനിക്ക് കുറവായിട്ടു തോന്നുന്നില്ല. മറിച്ച്, അനുഗ്രഹമാണെന്ന് തോന്നുന്നുമുണ്ട്.”
ഒന്നും മനസ്സിലാവാത്തപോലെ സ്റ്റീഫൻ രൺധികയെ നോക്കി. തൽക്ഷണം അവൻ എണീറ്റുപോയി. ഒട്ടും സമയം കളഞ്ഞില്ല, അങ്കലാപ്പോടെ ഉറക്കമുറിയിലേക്ക് കയറിയ സ്റ്റീഫൻ, വേഗംതന്നെ ഫോണെടുത്ത് തെരേസയെ വിളിക്കുകയാണുണ്ടായത്.
ഫർസാന,വിനീത് എസ്. പിള്ള
“ഏൻ സാർ, എന്നെ രൺധിക എന്ന് മുഴുവനായി വിളിക്കാതെ ചുരുക്കി വിളിച്ചൂടെ?”
ഇന്നേ ദിവസം നാൽപത്തിയൊമ്പതാം വട്ടവും ആ ചോദ്യം സ്റ്റീഫന്റെയുള്ളിൽ മുഴങ്ങി. എന്നത്തേയും പോലെ കടും കാപ്പിയുമായും ചൂടുവെള്ളവുമായും രൺധിക വന്നിട്ടുണ്ട്. പക്ഷേ അയാൾക്ക് മുഖം കൊടുത്തില്ല. മേശപ്പുറത്ത് ഫ്ലാസ്ക് വെക്കുന്നതു കണ്ടപ്പോൾ, രൺധികക്കില്ലാത്ത ചിന്നവിരൽ ഒരു കുറവ് തന്നെയാണെന്ന് അന്നാദ്യമായിട്ട് സ്റ്റീഫന് തോന്നി. ജോലിസമയം തീരാനായതും അയാൾക്ക് ആധിയായി. വിളിച്ചാൽ ഒന്നുവന്ന് കാണാൻ പറ്റാവുന്നത്ര അകലത്തിൽ ദുബൈയിൽ ഒരു സുഹൃത്തില്ലാതെ പോയതിൽ പലകുറി സ്റ്റീഫൻ സങ്കടപ്പെട്ടു.
കുത്തനെയുള്ള റേറ്റ് ഒന്നും നോക്കിയില്ല, നേരെ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ച് നാളത്തെ ഫ്ലൈറ്റിൽ തന്നെ തെരേസക്കായി ഒരു ടിക്കറ്റെടുത്തു. ടിക്കറ്റ് വാട്സ്ആപ്പിൽ അയച്ചുകൊടുത്തതും തെരേസയിൽനിന്നുണ്ടായത് കുറേ ദേഷ്യ ഇമോജികൾ. നാളെയിതിൽ കയറി എങ്ങാനും വന്നില്ലെങ്കിൽ കാലാകാലം മമ്മിയെ പരിപാലിച്ചുതന്നെയിരിക്കേണ്ടിവരുമെന്ന് അയാൾ മറുപടി കൊടുത്തു. അതോടെ തെരേസയടങ്ങി. പക്ഷേ, ഭയപ്പെടുത്തി കീഴടക്കേണ്ടിവന്നതിന്റെ കുണ്ഠിതം കുറച്ചു സമയത്തേക്കെങ്കിലും സ്റ്റീഫനെ അസ്വസ്ഥപ്പെടുത്തി എന്നതാണ് നേര്.
സമയം ഏഴു മണി. ‘കൂൾഡൗൺ സ്റ്റീഫൻ’ എന്ന് സ്വയം മന്ത്രിച്ചുകൊണ്ട് കാർ കീയുമായി അയാളിറങ്ങി. സാധാരണയായി സെക്യൂരിറ്റി ഗാർഡിന്റെ മുറിയുടെ അരികിലായി കാത്തുനിൽക്കാറുള്ള രൺധികയെ അവിടെ കണ്ടില്ല. ഒരേസമയം സങ്കടവും സമാധാനവും അയാളറിഞ്ഞു. വിളിച്ചുനോക്കാനായി മൊബൈൽ എടുത്തെങ്കിലും ഉടൻ ആ തീരുമാനം ഉപേക്ഷിച്ചു. ഏറ്റവും കുറഞ്ഞ വേഗതയിൽ കാറോടിച്ചു. അപ്പാർട്മെന്റിന്റെ കതക് ചാരിയിട്ടേയുള്ളൂ.
രൺധിക ഉള്ളിലുണ്ട് –അയാൾ ഉറപ്പിച്ചു. തന്റേതല്ലാത്തൊരിടത്തേക്ക് കടന്നുചെല്ലുന്ന പരിഭ്രമത്തോടെ, അകത്തേക്കു കയറി സ്റ്റീഫൻ കതകടച്ചു. അകമാകെ, പുകഞ്ഞ ബഹൂറിന്റെ പരിമളം. ഒരുവേള അതിൽപ്പെട്ട് സ്റ്റീഫൻ ഉന്മത്തനായി. അടുക്കളയിലും സ്വീകരണമുറിയിലും നോക്കി. രൺധികയെ കണ്ടില്ല. മേശപ്പുറത്തു ഭക്ഷണം മൂടിെവച്ചിട്ടുണ്ട്; ഒരു ഗ്ലാസ് പാലും. ബാൽക്കണിയിലും അവനില്ല. വളരെ സാവകാശം കിടപ്പുമുറിയുടെ കതക് സ്റ്റീഫൻ ഉന്തി. അവിടെയുമില്ല. പക്ഷേ, കിടക്കവിരിയിൽ ചുവന്നൊരു ചേല ഭംഗിയിൽ വിരിച്ചുെവച്ചിട്ടിട്ടുണ്ട്; ഒരു പട്ടുചേല. അതിന്മേൽ, നീണ്ട, മെടഞ്ഞിട്ട ഒരു തിരുപ്പൻ. മുല്ലപ്പൂ അണിയിച്ചിട്ടുണ്ട്. വിറയലോടെ സ്റ്റീഫൻ മെല്ലെയതിൽ തൊട്ടു.
രൺധികാ…
ആദ്യമായിട്ട് അത്രയുറക്കെ ആ നാമം സ്റ്റീഫൻ വിളിച്ചു. എങ്ങുനിന്നും ഒരു പ്രതികരണവുമില്ല. ചേലയുടെ മധ്യത്തിലായുള്ള, നാലായി മടക്കിയ ഒരു തുണ്ടു കടലാസ് പെട്ടെന്നാണ് അയാൾ ശ്രദ്ധിച്ചത്. തുറന്നു. ഒരു ചുവന്ന വട്ടപ്പൊട്ട് ഉള്ളിലായി ഒട്ടിച്ചുെവച്ചിരിക്കുന്നു.
അതിനുതാഴെയായി ഇങ്ങനെ എഴുതിയിട്ടുണ്ട്.
–ഇതെെന്റ ഒമ്പതാം രക്തത്തുള!
അകാരണമായ വ്യസനത്താൽ സ്റ്റീഫെന്റ മിഴികൾ നിറഞ്ഞു. നൊടിനേരത്താൽ, രൺധികയെ കണ്ടേതീരൂ എന്നായി അയാളുടെ മനസ്സിൽ.
–ഏൻ സാർ, എന്നെ രൺധിക എന്ന് മുഴുവനായി വിളിക്കാതെ ചുരുക്കി വിളിച്ചൂടെ?
അമ്പതാം തവണയും അതേ ചോദ്യം!
ബഹൂറിന്റെ മാദകഗന്ധത്താൽ വശീകരിക്കപ്പെട്ട സ്റ്റീഫൻ മെല്ലെ കിടക്കയിലേക്കിരുന്നു. ആദ്യമായി,ആ പേര് ചുരുക്കി ഉരുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.