ആലീസ് പ്രേതം

നെറ്റിടോര്‍ച്ചിന്‍റെ വെട്ടത്തില്‍ റബര്‍ക്കാടുകള്‍ക്കിടയിലൂടെ, ഈടിപ്പള്ളകളിറങ്ങി, കല്ലുകയ്യാലകള്‍ ചവിട്ടി ഏഴാം കല്ലെത്തിയപ്പോഴാണ് സാബു തോട്ടിന്‍കരയിലിരുന്ന ആലീസ് പ്രേതത്തെ കണ്ടത്. തോട്ടത്തിലെ മഞ്ഞിലും തണുപ്പിലും നേരിയ വെട്ടത്തിലും പ്രേതത്തിന്‍റെ രൂപം വ്യക്തമായില്ലെങ്കിലും. അത് ആലീസ് പ്രേതം തന്നെയാണെന്ന് സാബു ഉറപ്പിച്ചു. തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തെ ചുംബിച്ചുകൊണ്ട് ഒടിഞ്ഞുകിടക്കുന്ന മുളങ്കൂട്ടത്തിന് സമീപമായാണ് കാട്ടുകല്ലില്‍ ആലീസിരുന്നത്. മുട്ടറ്റം വരെക്കിടക്കുന്ന കൊച്ചുപെണ്‍പിള്ളാരിടുന്ന പെറ്റിക്കോട്ടായിരുന്നു പ്രേതത്തിന്‍റെ വേഷം. മഞ്ഞിന്‍റെ പാടകൊണ്ട്...

നെറ്റിടോര്‍ച്ചിന്‍റെ വെട്ടത്തില്‍ റബര്‍ക്കാടുകള്‍ക്കിടയിലൂടെ, ഈടിപ്പള്ളകളിറങ്ങി, കല്ലുകയ്യാലകള്‍ ചവിട്ടി ഏഴാം കല്ലെത്തിയപ്പോഴാണ് സാബു തോട്ടിന്‍കരയിലിരുന്ന ആലീസ് പ്രേതത്തെ കണ്ടത്. തോട്ടത്തിലെ മഞ്ഞിലും തണുപ്പിലും നേരിയ വെട്ടത്തിലും പ്രേതത്തിന്‍റെ രൂപം വ്യക്തമായില്ലെങ്കിലും. അത് ആലീസ് പ്രേതം തന്നെയാണെന്ന് സാബു ഉറപ്പിച്ചു.

തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തെ ചുംബിച്ചുകൊണ്ട് ഒടിഞ്ഞുകിടക്കുന്ന മുളങ്കൂട്ടത്തിന് സമീപമായാണ് കാട്ടുകല്ലില്‍ ആലീസിരുന്നത്. മുട്ടറ്റം വരെക്കിടക്കുന്ന കൊച്ചുപെണ്‍പിള്ളാരിടുന്ന പെറ്റിക്കോട്ടായിരുന്നു പ്രേതത്തിന്‍റെ വേഷം. മഞ്ഞിന്‍റെ പാടകൊണ്ട് പ്രേതം ഉടുപ്പിട്ടിരിക്കുകയാണെന്നാണ് സാബുവിന് ആദ്യം തോന്നിയത്.

ടാപ്പുകത്തിയും നെറ്റിടോര്‍ച്ചുമായി താന്‍ തോട്ടിലേക്ക് മയങ്ങിവീഴുമെന്ന് തോന്നിയെങ്കിലും ആലീസിന് തന്നോടെന്തോ പറയാനുള്ളതുകൊണ്ടാണ് ബോധത്തില്‍ നില്‍ക്കുന്നതെന്ന് അയാള്‍ക്ക് തോന്നി. തെറുപ്പുബീഡി എരിഞ്ഞ് ചൂട് ചുണ്ടില്‍ തട്ടിയത് അറിഞ്ഞപ്പോഴാണ് തനിക്ക് ബോധമുണ്ടെന്ന് സാബുവിന് മനസ്സിലായത്.

സ്വന്തം ഭാര്യ തൂങ്ങിച്ചത്ത് പ്രേതമായി മുന്നില്‍ വരുമെന്ന് ജീവിതത്തിലൊരിക്കലും സാബു പ്രതീക്ഷിച്ചിരുന്നില്ല. ഏഴാം കല്ലിലെ ഒരു റബറിലാണ് അവള്‍ ജീവിതമൊടുക്കിയത്. ആലീസിന്‍റെ പ്രേതത്തെ മുഖാമുഖം നേരിട്ടപ്പോള്‍, റബര്‍പാലിന്‍റെ കറ വീണ നാറിയ കൈലിക്കിടയിലൂടെ മൂത്രം പോയി. തുടയിലെ ചുരുളന്‍ രോമങ്ങള്‍ക്കിടയിലൂടെ മൂത്രച്ചൂട് തൊലിപ്പുറത്ത് തട്ടി.

–ന്താടാ നശിച്ചവനേ നോക്കുന്നത്. ഇത് നിന്‍റെ കെട്ടിയവളുടെ പ്രേതം തന്നാ...

പ്രേതത്തിന്‍റെ ശബ്ദം തന്‍റെ ചെവിക്കകത്ത് ഒരു കുഴലിന്‍റെ അകത്തൂടെ വന്ന് പതിക്കുന്നതുപോലെ അയാള്‍ക്ക് തോന്നി.

–നീയിപ്പോ ആലോചിക്കുന്നത് ഞാനിപ്പോ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തതെന്ന് ആയിരിക്കും അല്ലിയോടാ...

തോട്ടിലെ വെള്ളം പാറപ്പൊത്തുകളില്‍ കിലുങ്ങുന്നപോലെ പ്രേതം ചിരിച്ചു. റബര്‍തോട്ടത്തിലൂടെ ഉപ്പന്‍ പാറിപ്പറന്നു. കാക്കകളുടെ കരച്ചില്‍ ചെവി തുളച്ചു. പടുമരങ്ങളുടെ ചെതുക്കിച്ച ജീവന്‍ വറ്റിയ തടികളില്‍ കാറ്റുരഞ്ഞു. പൊന്തക്കാടുകളില്‍ ചീവീടുകള്‍ കൂട്ടത്തോടെ പിറുപിറുത്തു. മരണവും താനും അഭിമുഖം നില്‍ക്കുന്നതുപോലെ പ്രേതത്തിനു മുന്നില്‍ സാബുനിന്നു.

ആലീസ് പ്രേതം ഉയര്‍ന്നു പറന്ന് വേതാളത്തെപ്പോലെ സാബുവിന്‍റെ ചപ്രത്തലക്കു ചുറ്റും കാലുവിടര്‍ത്തി ഇരുന്നു. ചെറിയ വാഴത്തണ്ടുപോലെ വിളര്‍ത്ത് വിളറിയ കാലുകളില്‍ കയറുകള്‍ ഉരഞ്ഞതിന്‍റെ പാട് ഉന്തിയ കണ്ണുകള്‍ക്കിടയിലൂടെ സാബു കണ്ടു. നരകക്കുഴിയിലെത്തിയപോലെ ഒരു ദുര്‍ഗന്ധം അയാളുടെ മൂക്കുകളെ തുളച്ചുപോയി. പ്രേതത്തിന്‍റെ ഭാരത്തില്‍ ഒന്നിരുന്നുപോയി.

തോളെല്ലുകള്‍ ഒടിയുംപോലെ. ഒട്ടുപാല് പറിച്ചെടുത്ത കൊട്ടയും ടാപ്പിങ് കത്തിയും തോട്ടത്തിലെ കമ്യൂണിസ്റ്റ് പൊന്തക്കുള്ളിലേക്ക് പ്രേതം എടുത്തെറിഞ്ഞു. അഴുകിയ പഴംപോലെയുള്ള പ്രേതത്തിന്‍റെ പൃഷ്ഠത്തില്‍നിന്നുമിറങ്ങിയ പുഴുക്കള്‍ അയാളുടെ താടിക്കിടയിലും മുഖത്തും ഇഴയാന്‍ തുടങ്ങി.

–എണീക്കെടാ കഴുവേറീ...

പ്രേതത്തിന്‍റെ ഒച്ച ചിതറി.

ഈടി കയ്യാലകള്‍ വെട്ടുകാരന്‍ കഷ്ടപ്പെട്ട് കയറി. തോട്ടത്തിലൂടെ വീശിയടിച്ച കാറ്റിന് ഇലകള്‍ പൊട്ടിച്ചിരിച്ചു. പച്ചിലയുടെ പിന്നാമ്പുറത്തെ ചാരനിറങ്ങളാല്‍ ദലങ്ങള്‍ പല്ലിളിക്കുന്നതുപോലെ തോന്നി.

ഏഴാം കല്ല് കയറി മുക്കോട്ടുപാലത്തിന് താഴത്തേക്ക് പോകണ്ടതിന് പകരം മെനക്കേട്മുക്കിലെ പള്ളിയിലേക്ക് പ്രേതം തന്നെ നയിക്കുന്നതായി അയാള്‍ക്ക് തോന്നി. തന്‍റെ നിയന്ത്രണം പൂർണമായും ആലീസിന്‍റെ പ്രേതം ഏറ്റെടുത്തിരിക്കുകയാണ്. തലച്ചോറ് കഞ്ഞിവെള്ളംപോലെ കലങ്ങി പാട കെട്ടിക്കിടക്കുന്നതുപോലെ ആകപ്പാടെ ഒരു അങ്കലാപ്പും പരവേശവും ടാപ്പിങ്ങുകാരനെ ചൂഴ്ന്നു.

മെനക്കേടുമുക്കില്‍ വെറുതെ കുത്തിയിരിക്കാനും ചീട്ടുകളിക്കാനുമല്ലാതെ സാബു പോകാറില്ല. പള്ളിയിലേക്കുള്ള വഴിയില്‍ വിശ്വാസികളുടെ കാലു നടന്ന പാതകള്‍ ദൈവപുത്രന്‍റെ ഗാഗുല്‍ത്താമലയിലേക്ക് കയറിപ്പോകുന്നപോലെ നീണ്ടുകിടന്നു.

സങ്കടങ്ങളുടെ സങ്കീര്‍ത്തനങ്ങള്‍ പെരുമഴയായി പെയ്യുന്ന ഞായറാഴ്ചകളില്‍ തൂങ്ങിച്ചത്ത ആലീസ് ഈ വഴികളിലൂടെ നടന്നിരുന്നതായി പ്രേതത്തിന് തോന്നി. ചത്തവളുടെ പാവത്തമോര്‍ത്തപ്പോള്‍ പ്രേതത്തിന് പൊട്ടിച്ചിരിക്കണമെന്ന് തോന്നി. വെളുത്ത സാരിയും കറുത്ത ബൈബിളും പിടിച്ച് ചെരുപ്പിടാതെ ദുഃഖവെള്ളികളില്‍ ആലീസ് ഈ കുന്നുകള്‍ കയറി.

നന്മനിറഞ്ഞ മറിയമേ...

ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ...

ഉരുളന്‍കല്ലുകളില്‍ കാലുകള്‍ തട്ടി സാബു വീഴാന്‍ പോയി. പ്രേതത്തിന്‍റെ ഭാരം അയാള്‍ക്ക് താങ്ങാവുന്നതിനും കൂടുതലായിരുന്നു. ആലീസിന്‍റെ പ്രാർഥനയും കണ്ണീരുമായിരുന്നു തന്നെ വെറളിപിടിപ്പിച്ചിരുന്നതെന്ന് അയാളോര്‍ത്തു. പാട്ടമ്മച്ചി പറയുന്നപോലെ കരയാന്‍വേണ്ടി മാത്രം പിറന്ന ഒരു പെണ്ണായിരുന്നു അവള്‍.

ഉപേക്ഷിക്കപ്പെട്ടപോലെ കിടന്ന ഇടവക പള്ളിയുടെ ഗേറ്റിലൂടെ കൈതക്കാട്ടില്‍നിന്നും ഇറങ്ങിവന്ന ഒരു മൂര്‍ഖന്‍ പാമ്പ് പ്രേതത്തിന് വഴി തെളിക്കുന്നപോലെ മുന്നെ നടന്നു. രണ്ടു മൂക്കിലേക്കും കിട്ടുന്ന ദ്വാരം വഴി കയറുന്ന പുഴുക്കള്‍ സാബുവിനെ ശ്വാസംമുട്ടിക്കുകയായിരുന്നു.

മുന്നിലിഴയുന്ന പാമ്പിനോട് പ്രേതം എന്തോ സംസാരിക്കുന്നപോലെ തോന്നി. ചാരമിട്ട് മീന്‍ചട്ടി കഴുകി ഒഴിച്ചപോലെ ആകാശം കിടന്നു. ഇരച്ചുകുത്തിവീഴാന്‍ തുടങ്ങുന്ന മഴക്കു മുമ്പെ മരങ്ങള്‍ക്കിടയില്‍ കത്തിച്ചീള് പോലെ വെളിച്ചം തൂവിക്കിടന്നു.

 

തൂങ്ങിച്ചാവുന്നതിനു മുമ്പുള്ള ഞായറാഴ്ചയും ആലീസ് പള്ളിയില്‍ പോയിരുന്നതായി തെമ്മാടിക്കുഴിയിലെ അവളുടെ കുഴിമാടത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ സാബുവോര്‍ത്തു. ഒരാള്‍ കിടക്കുന്നതുപോലെ മണ്ണ് മനുഷ്യരൂപം പൂണ്ട് പടര്‍ന്നുകിടക്കുന്നതിനിടയില്‍ തലയുടെ മട്ടത്തില്‍ മൂര്‍ഖന്‍ ശിവന്‍റെ കഴുത്തിലെന്നപോലെ ഒന്നുചുറ്റിക്കിടന്നു. ബൈബിളും വായിച്ച് കരഞ്ഞ് കരഞ്ഞ് പ്രാർഥിച്ചിരുന്ന പരേതയുടെ കുഴിമാടത്തില്‍ പേരിന് വെച്ചിരുന്ന ഒന്ന് രണ്ട് റീത്ത് കെട്ടഴിഞ്ഞ് ചിതറിക്കിടന്നു.

ഇടവകയിലെ കൊച്ചമ്മമാരുടെ വീട്ടിലെ പണിക്കാരിയായിരുന്നു ആലീസ്. അമേരിക്കന്‍ വീടുകളില്‍നിന്ന് കിട്ടുന്ന കീറിയ സാരിയും ബാക്കിവന്ന കറികളും ഡോളറിന്‍റെ സമ്പന്നതയില്‍നിന്നും കിട്ടുന്ന ഇച്ചിരിക്കാശുംകൊണ്ട് അവള്‍ ഒത്തിരി സ്വപ്നങ്ങള്‍ കണ്ടിരുന്നു.

അവള്‍ തൂങ്ങിച്ചത്തതറിഞ്ഞപ്പോള്‍ ബിയാട്രീസ് കൊച്ചമ്മയും സൂസന്ന അമ്മാമ്മയും ലില്ലിക്കുട്ടിയും അയ്യോടി മനമേ നല്ലൊരു അടുക്കളക്കാരിയെ ഇനി എവിടെ കിട്ടുമെടീ എന്നുപറഞ്ഞ് പാഷന്‍ഫ്രൂട്ട് വള്ളിപ്പടര്‍പ്പിലും കിണറ്റരികത്തും പ്രാർഥനായോഗത്തിലും സങ്കടപ്പെട്ടു. ആലീസിനെ അടക്കിയ തെമ്മാടിക്കുഴിയിലേക്ക് അവരെല്ലാവരും അന്ത്യനാളില്‍ ചാവുകുഴിയിലേക്ക് പ്രാർഥനയോടെ എറിയുന്ന മണ്ണെറിഞ്ഞു.

മര്‍ത്യാ... നീ മണ്ണാകുന്നു...

മണ്ണിലേക്ക് തന്നെ മടങ്ങുന്നു...

വിശുദ്ധ ഏവന്‍ഗേലിയോനില്‍ അങ്ങനെ പറയുന്നു.

പള്ളീലച്ചന്‍റെ ചൊല്ലീണത്തിനെ പിന്തുണക്കാനെന്നവണ്ണം വിശ്വാസികളുടെ വരണ്ട ചുണ്ടുകള്‍ അനുകരിച്ചു. ചാവ് കണ്ട് പലരും ചിരിച്ചത് ആലീസിന്‍റെ ഏറ്റവും അപ്രസക്തമായ ഒരു ജീവിതത്തെയോര്‍ത്തായിരുന്നു.

തെമ്മാടിക്കുഴിയിലെ ആലീസിനെ അടക്കിയ ദിവസം അങ്ങനെയായിരുന്നുവെന്ന് സാബുവിനെ പ്രേതം കാണിച്ചുകൊടുത്തു. അന്ത്യകുർബാന സ്വീകരിച്ച് അന്തസ്സായി മരണപ്പെടാത്ത ഇടവകക്കാരെ കുഴിച്ചിടുന്ന തെമ്മാടിക്കുഴിയില്‍ പകലും ഇരുട്ട് കനത്തുകിടന്നു. കുഴിയെടുക്കുന്നവരല്ലാതെ മറ്റാരും തെമ്മാടിക്കുഴി എന്ന സെമിത്തേരിയിലേക്കിറങ്ങില്ല. അന്ത്യനാളില്‍ പരേതര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രത്യാശ പറയുമ്പോള്‍ തെമ്മാടിക്കുഴിയില്‍ കിടക്കുന്നവരുടെ കാര്യത്തിലുറപ്പില്ല.

രണ്ടു തട്ടായി കിടക്കുന്ന രണ്ടുതുണ്ട് പറമ്പാണ് സെമിത്തേരി. ആലീസിന്‍റെ അടക്കുദിവസം പള്ളിവികാരി നേര്‍മരിപ്പുകാരുടെ ശവപ്പറമ്പില്‍നിന്നാണ് താഴത്തെ കുഴിയിലേക്ക് ആലീസിന്‍റെ നെഞ്ചത്തേക്ക് പ്രാർഥനാമണ്ണ് വാരിയെറിഞ്ഞത്. പാഴ്മരങ്ങള്‍ മൂടിയ തണുപ്പില്‍ ഒരു വട്ടയുടെ ചുവട്ടില്‍ കുടിച്ച് ബോധം കെട്ട് കുഴഞ്ഞുനില്‍ക്കുകയായിരുന്നെന്ന് സാബുവോര്‍ത്തു. ഡെയ്സി മോള് അമ്മച്ചിയെ പൊതിഞ്ഞ് കരഞ്ഞുകിടന്നതൊന്നും ആ ബോധക്കേടില്‍ കണ്ടതായി ഓര്‍ക്കുന്നില്ല.

തെമ്മാടിക്കുഴിയില്‍ മുപ്പത്തിരണ്ട് വര്‍ഷങ്ങളുടെ മനുഷ്യജീവിതത്തിന്‍റെ മുഴുവന്‍ സങ്കടങ്ങളുടെ സ്മാരകംപോലെ ആലീസിന്‍റെ ശവക്കുഴി അനാഥയുടെ വ്യസനത്തോടെ കിടന്നു. മരിച്ചവന്‍റെ നടത്തംപോലെ സാബു വേച്ച് വേച്ച് ആ കുഴിമാടത്തില്‍ അങ്ങുമിങ്ങും നടന്നു. പാഴ്മരങ്ങളെ ഉലച്ചുകൊണ്ട് തോട്ടത്തിലെ കാറ്റ് ചൂളമിട്ടപ്പോള്‍ പ്രേതവും പാമ്പും തമ്മില്‍ സംസാരിക്കുന്നതിനിടയില്‍ ആലീസിന്‍റെ അവസാന നാളുകള്‍ സാബുവിന്‍റെ ഓർമകളിലെത്തി.

ആ സംഭവ പരമ്പരകള്‍ ഓരോന്നായി മുന്നില്‍ വന്നു. കോഴഞ്ചേരിയിലെ ബിവറേജിന് മുന്നില്‍വെച്ച് അടിയുണ്ടാക്കിയതിന് പോലീസ് സ്റ്റേഷനില്‍നിന്നുമിറക്കാന്‍ കുമ്പനാട് നിന്നും ആലീസിന്‍റെ ആങ്ങള ജോസ് പാസ്റ്റര്‍ അളിയന്‍ വന്നത് സാബുവിന് വലിയ കുറച്ചിലായി തോന്നിയിരുന്നു. അന്ന് വൈകിട്ട് പാസ്റ്റര്‍ തലയില്‍ കൈവെച്ച് വലിയ വായെ പ്രാർഥിക്കുകയും ആലീസും ഡെയ്സിമോളും കണ്ണടച്ച് കട്ടകെട്ടിയ വീട്ടില്‍ പ്രാർഥിച്ച് നിന്നതും ഓർമ വന്നു.

–കര്‍ത്താവേ... ഈ സഹോദരനെ കുടിപ്പിശാചില്‍നിന്നും മോചിപ്പിക്കേണമേ... പകല്‍ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയില്‍നിന്നും ദുർമാർഗികളുടെ പാതയില്‍നിന്നും ഈ സഹോദരന് രക്ഷ നല്‍കേണമേ...

അളിയന്‍ പാസ്റ്റര്‍ ആത്മാർഥമായി പ്രാർഥിച്ചു ഇറങ്ങാന്‍ നേരത്ത് പതിവുപോലെ ആലീസിനോട് ഇങ്ങനെ പറഞ്ഞു.

–പെങ്ങളെ... ഞാനെത്ര കാലമായി നിങ്ങളോടു പറയുന്നു സഭയില്‍ ചേരാന്‍... ജ്ഞാനസ്നാനംചെയ്ത് വിശ്വാസിയായാല്‍ അളിയന് നല്ല മാറ്റം വരും. ആ... പിന്നെയെല്ലാം നിങ്ങടെ ഇഷ്ടംപോലെ, ഞാന്‍ പറയാനുള്ളത് പറഞ്ഞു. ആലീസ് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിന്നു. വെള്ള ഉടുപ്പും കറുത്ത പാന്‍റുമിട്ട് സ്കൂട്ടറില്‍ ആങ്ങള പോയതും അവള്‍ ബൈബിളില്‍ അഭയം പ്രാപിച്ചു.

ആലീസിന്‍റെ പാസ്റ്ററാങ്ങളക്ക് സാബുവിനെ ഇഷ്ടമായില്ല. ഈ ബന്ധം നമുക്കു വേണ്ടമ്മച്ചീ. അയാള്‍ അമ്മച്ചിയോട് പറഞ്ഞെങ്കിലും കാന്‍സര്‍തന്നെ പൂർണമായും വിഴുങ്ങും മുമ്പ് കൊച്ചിന്‍റെ കെട്ടുകാണണമെന്ന് അമ്മച്ചി കട്ടായം പറഞ്ഞു. കോഴഞ്ചേരിയിലെയും കുമ്പനാട്ടെയും പുല്ലാട്ടെയും ഐ.പി.സികളിലെ കൂട്ടുകാരായ പാസ്റ്റര്‍മാരോട് ചെറുക്കനെക്കുറിച്ച് ഒന്ന് തിരക്കാന്‍ പാസ്റ്റര്‍ പറഞ്ഞു.

ചീത്തപ്പേരു മാത്രമുണ്ട്. പണിക്കു പോകില്ല. ടാപ്പിങ്ങുകാരനാണ്. കിട്ടുന്നത് കുടിച്ചുതീര്‍ക്കും. പരാതികള്‍ ബൈബിള്‍ വാക്യങ്ങള്‍പോലെ എണ്ണിയാലൊടുങ്ങില്ലെങ്കിലും കല്യാണം നടന്നു. ആങ്ങള മാത്രമേ ​െപന്തക്കോസ്തായിട്ടുള്ളൂ. ആലീസ് പള്ളിയിലാണ് കെട്ടിയത്. എല്ലാം ഓർമ വന്നു. സഭയില്‍ ചേരൂ... പെങ്ങളേ... സഭയില്‍ വാ... നല്ലത് വരും. ആ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി.

പാസ്റ്ററാങ്ങള ഒതുക്കുകല്ലുകളിറങ്ങി കാപ്പിച്ചുവട്ടിലൂടെ നടന്നുപോവുന്നത് അവള്‍ കണ്ടു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ ചുറ്റിപ്പറ്റി നിന്നിട്ടും ഒരു സമാധാനോം കിട്ടാത്തകൊണ്ട് ആലീസ് അയലോക്കത്തെ പാട്ടമ്മച്ചിയുടെ വീട്ടിലേക്ക് കാപ്പിച്ചുവട് വഴി നടന്നുകേറി. കൈതക്കാടിനിടയിലൂടെയുള്ള വഴിയെ കയറുമ്പോ നൈറ്റിയില്‍ കൈതമുള്ള് കുത്തിക്കേറി. മരണംപോലൊരു വിഷാദം മഴക്കോള് പോലെ മലയില്‍ മ്ലാനഭരിതമായ അന്തരീക്ഷം പടര്‍ത്തി.

 

കോഴഞ്ചേരിയിലെ ബിവറേജിന് മുന്നില്‍ തുടങ്ങിയ ഒരു നശിച്ച ദിവസം തന്നെ വെറും ഒരു കൂറയാക്കി മാറ്റിയെന്ന ദണ്ഡം സാബുവില്‍ കോപംപോലെ ജ്വലിച്ചു. ആറന്മുള പോലീസ് സ്റ്റേഷനില്‍ വെച്ചുള്ള പോലീസുകാരുടെ അപമാനവും കൊണകൊണ പറച്ചിലും പെണ്ണുമ്പിള്ളയുടെ പാസ്റ്ററാങ്ങളയുടെ മറുഭാഷ പ്രാർഥനയും എല്ലാംകൊണ്ടും ആരെയും തല്ലിക്കൊല്ലാനുള്ള വാശിയില്‍ പട്ടച്ചാരായമെങ്കിലും കുടിച്ച് ബോധം നശിച്ച് എവിടേലുമൊന്ന് മാഴ്ന്നുകിടന്ന് ഈ ദിവസം കടത്തിവിടണമെന്ന് സാബുവിന് തോന്നി.

കൂട്ടുകാരോടുള്ള പ്രതികാരചിന്ത അയാളില്‍ പമ്പരംപോലെ കറങ്ങി. കട്ടകെട്ടിയ വീട്ടിലെ ചെങ്കല്ലില്‍ ആഞ്ഞിടിച്ചു. ആലീസിന്‍റെയും കൊച്ചിന്‍റെയും പല സാധനങ്ങളും പുറത്തെടുത്തെറിഞ്ഞു.

–ജംബല ബലബല... അവന്‍റെയൊരു മറുഭാഷ.

പാസ്റ്റര്‍ അളിയനെ ഒരു കടുത്ത ചീത്ത വിളിച്ചുകൊണ്ട് മുഷിഞ്ഞു നാറിയ കൈലി വലിച്ചെറിഞ്ഞുകൊണ്ട് ജട്ടിപ്പുറത്ത് വീട്ടിനുള്ളിലൂടെ നടന്നു. മീശ പിരിച്ചു. തലമുടിക്കിടയിലൂടെ കൈവിരലുകള്‍ സഞ്ചരിച്ചു. സ്വന്തം തലയാണല്ലോന്നോര്‍ത്ത് മുടിപിഴുന്നത് നിര്‍ത്തി.

ആന്‍റപ്പനും സുരേഷും നിക്കര്‍ അജിയും മുന്നില്‍ വന്നു നില്‍ക്കുന്നപോലെ തോന്നി. അവന്മാര് ബിവറേജിന് പിന്നിലെ റബര്‍ത്തോട്ടത്തിലെ പാത്തിയിലേക്ക് തള്ളിയിടുകയായിരുന്നു. നിസ്സാര കാര്യത്തിന് തുടങ്ങിയ വഴക്ക്. ആശുപത്രിമുക്കിലുള്ള ലോഡ്ജില്‍നിന്നു തുടങ്ങിയതാണ്.

ഒരു ഫുള്ള് തീര്‍ത്ത് ഷെയറിട്ട് അടുത്തത് വാങ്ങാനിറങ്ങിയതാണ്. അവന്മാര് സെറ്റുകൂടി അടിക്കുകയായിരുന്നു. ആലോചിച്ചുറപ്പിച്ചപോലെ. പാത്തിയില്‍ വീണപ്പോള്‍ കിട്ടിയ കല്ലുമായി പൊങ്ങി. എറിഞ്ഞു. ഒരുത്തന്‍റെ തലക്ക് കിട്ടി. വീണ്ടും വീണ്ടും കല്ലുകള്‍ വാരിയെടുത്ത് ഏറു തുടങ്ങി. അതിലൊരു കല്ല് ബിവറേജ് കൗണ്ടറിനുള്ളിലേക്ക് പോയി. പിന്നീടാണ് വിളിയായതും ബഹളമായതും പോലീസെത്തിയതും.

മൂന്ന് നാല് തവണ കെട്ടിയവളെ വിളിച്ചെങ്കിലും പരിസരത്തെങ്ങും കാണാത്തതുകൊണ്ട് ഉണക്കപ്പരവ വെച്ചിരുന്ന ചട്ടി തവിടുപൊടിയായി. പലതവണ എറിഞ്ഞു ചളുക്കിയ കലം മുറ്റത്ത് കലപിലാന്ന് വീണു. ചുറ്റും വളര്‍ന്നുവരുന്ന ഇരുട്ടില്‍ അയാള്‍ക്ക് സമനില തെറ്റി. പാട്ടമ്മച്ചിയുടെ കട്ടിലിന് സമീപത്തിരുന്ന് കരയുകയായിരുന്നു ആലീസ്. അവളുടെ മുടിയില്‍ തഴുകി പാട്ടമ്മച്ചി അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

കാരുണ്യവാനേ... ഈശായേ... പാട്ടമ്മച്ചി പാടി. പ്രാർഥിച്ചു. കൊച്ചിനെയോര്‍ത്ത് സാബുവിനോട് ക്ഷമിക്കാന്‍ പതിവുപോലെ തന്നോട് അമ്മച്ചി ആവശ്യപ്പെടുമെന്ന് ആലീസിനു തോന്നി. ഈടിപ്പള്ളയില്‍നിന്നൊരു കറുത്ത പൂച്ച തന്നെ നോക്കുന്നതായി അവള്‍ക്കുതോന്നി. എപ്പോഴും ക്രിസ്തീയ ഗാനങ്ങള്‍ പാടിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് അമ്മച്ചിക്ക് പാട്ടമ്മച്ചി എന്ന പേരു വീണത്.

ലോട്ടറി സൈക്കിളും ഉന്തി മല കയറിവരുന്ന ലോട്ടറി ലാലച്ചനെ കാത്തുനില്‍ക്കുകയായിരുന്നു സാബു. ക്രോസ്ബാറിലെ പെട്ടിയില്‍ കിടക്കുന്ന ക്വാര്‍ട്ടര്‍ തനിക്കുള്ളതാണ്. കാശുള്ളപ്പോള്‍ സാബു ദീനക്കാര്‍ക്കുള്ള കാരുണ്യ കാശ് കൊടുത്തുവാങ്ങും. അത് ലാലച്ചനറിയാം, അതുകൊണ്ടുതന്നെ സാബു വിളിച്ചുപറഞ്ഞാല്‍ സാധനം വാങ്ങാതിരിക്കാന്‍ കഴിയില്ല. മല കയറുമ്പോള്‍ അവന്‍ സാധനം വാങ്ങി കരുതും.

–ഒത്തിരി നന്ദിയുണ്ട് ലാലച്ചാ... ഞാനാകെ പെട്ടിരിക്കുവാരുന്നു.

–ഇയാള് എന്തുവാടേ... ബിവറേജിന് മുമ്പിക്കിടന്ന് കാണിച്ചെ... ഇയാക്കിനി അങ്ങോട്ടിറങ്ങാന്‍ പറ്റുമോ...

അതിന് മറുപടി പറയാതെ മദ്യക്കുപ്പിയുമായി തോട്ടത്തിലേക്ക് മറയുന്നതിനിടയില്‍ ലാലച്ചനെ ഉറക്കെ പേരുകൂട്ടി ചീത്ത വിളിക്കാനും സാബു മറന്നില്ല.

–ഇയാക്കെന്തുവാടേ...

ലാലച്ചനും തിരികെ വിളിച്ചുപറഞ്ഞു.

 

ജേക്കബ് ഏബ്രഹാം,ചിത്ര എലിസബത്ത്

പാട്ടമ്മച്ചി അവലോസുണ്ടയും കട്ടന്‍കാപ്പിയും കൊടുത്ത് ആലീസിനെ ഒരുവിധത്തില്‍ സമാധാനിപ്പിച്ച് വീട്ടിലോട്ട് പറഞ്ഞയക്കുന്നതിനിടയില്‍ ഇരുണ്ട മഴ തോട്ടത്തില്‍ പെയ്തുതുടങ്ങി. ഉച്ചക്കത്തെ ഊണിന് വെച്ച ഇറച്ചിക്കറിയില്‍നിന്നൊരു പങ്ക് സ്റ്റീല്‍പാത്രത്തിലാക്കി അവള്‍ക്ക് കൊടുത്തുവിടാനും പാട്ടമ്മച്ചി മറന്നില്ല.

കാറ്റും മഴയും തോട്ടത്തില്‍ ഇരമ്പിനില്‍ക്കുന്നതിനടിയിലൂ​ടെ ഒരു കാലുപോയ കുടയും പിടിച്ച് ആലീസ് വീട്ടിലേക്ക് നടന്നു. ദിവസത്തിന്‍റെ അവസാനത്തെ വെട്ടം ചുറ്റും പാല്‍പ്പാടപോലെ കിടന്നു. തോട്ടത്തിലെ ഇരുട്ടില്‍ ബീഡിക്കണ്ണ് എരിയുന്നത് കണ്ടു.

–എവിടെ പുളുത്താന്‍ പോയിക്കിടക്കുവാരുന്നെടീ...

സാബുവിന്‍റെ നാവ് കെട്ടഴിഞ്ഞു.

–പാട്ടമ്മച്ചിയുടെ...

–ആ മുതുക്കി നിന്‍റെ ആരാടീ...

ആലീസിനെ തൊഴിച്ചു താഴെയിട്ടു. ഇറച്ചിക്കറിയുടെ പാത്രം അവളുടെ കയ്യില്‍നിന്നും വീണ് കല്ലില്‍ തട്ടി രണ്ടായി തുറന്ന് ചുറ്റും ഇറച്ചിക്കറി പടര്‍ന്നു. പോലീസിനോടും കൂട്ടുകാരോടും പാസ്റ്ററിനോടുമുള്ള കോപത്താല്‍ ആലീസ് ഒരു ഇരപോലെ സാബുവിന്‍റെ കാലുകള്‍ക്ക് മുമ്പില്‍ കിടന്നു.

–നായിന്‍റെ മോള്...

ഇരുട്ടില്‍ മഴയത്ത് തോട്ടത്തിലെ കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍ കരച്ചിലും ഞരക്കവുമായി കിടക്കുന്ന ആലീസിനെ തോട്ടത്തിലുപേക്ഷിച്ച് സാബു വീട്ടിലേക്കു പോയി.

തന്‍റെ ലോകം അവസാനിക്കുന്നതുപോലെ ആലീസിന് തോന്നി. മരിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒരു ധൈര്യം അവളുടെ സിരകളെ ആവേശം കൊള്ളിച്ചു. ഒറ്റച്ചാട്ടത്തിന് ഉയര്‍ന്നുപൊങ്ങി. കണ്ണീര്‍ തുടച്ചു. ഒടുക്കത്തെ കരുത്ത് കൈകാലുകളെ ചലിപ്പിച്ചു. ഡെയ്സി കൊച്ചിന്‍റെ മുഖമോ, പാട്ടമ്മച്ചി പകര്‍ന്ന ആശ്വാസവാക്കുകളോ അവളെ തണുപ്പിച്ചില്ല. പാസ്റ്റര്‍ ആങ്ങളയുടെ കുറ്റപ്പെടുത്തുന്ന ഒച്ച ദൂരെ തോട്ടത്തിലൂടെ ഇഴഞ്ഞുവന്ന് ചെവിയില്‍ പതിച്ചു.

വീടിന്‍റെ പിന്നില്‍നിന്നും വിറകുകെട്ടാനെടുക്കുന്ന കയറെടുത്ത് തോട്ടത്തിലെ കല്ലുകയ്യാലകള്‍ കയറിയുമിറങ്ങിയും ഏഴാം കല്ലിലേക്ക് ഓടി. ഇരുട്ട് തന്നെ നിത്യനരകത്തില്‍നിന്നും വിമോചിപ്പിക്കാന്‍ കാത്തുനില്‍ക്കുന്നതുപോലെ തോന്നി.

ആലീസ് പ്രേതം കാണിച്ചുകൊടുത്ത കാഴ്ചകളില്‍ ആ ദിവസത്തെ തന്‍റെ പ്രവൃത്തികള്‍ കണ്ട് സാബു ചത്തവനെപ്പോലെ നിന്നു. വീടിനകത്ത് പാസ്റ്റര്‍ ആങ്ങള നില്‍ക്കുന്നതുപോലെ തോന്നി

–പാപത്തിന്‍റെ ശമ്പളം മരണമത്രെ.

പാസ്റ്റര്‍ ഉറക്കെപ്പറയുന്നതുപോലെ തോന്നി. അവസാനമായി സ്വന്തം വീടു കാണുന്നതുപോലെ സാബു എല്ലാം നോക്കിക്കണ്ടു. തൂങ്ങിച്ചാവാനായി ആലീസ് ഓടിയ വഴിയെ പ്രേതം സാബുവിനെ നയിച്ചു. പ്രേതത്തിന്‍റെ ഒച്ച വലിയ വായെ നിലവിളിക്കുന്നതുപോലെ തോട്ടത്തില്‍ മുഴങ്ങി. പ്രേതത്തെ കണ്ടതു മുതല്‍ തന്‍റെ ശബ്ദം വരണ്ടുപോയെന്നും നാക്കിലൂടെ ഇഴയുന്ന പുഴുക്കള്‍ തൊണ്ടക്കുഴി കാര്‍ന്നുതിന്നുന്നതായും സാബുവിന് തോന്നി. ആലീസ് തൂങ്ങിയ റബറിന് മുന്നല്‍ പ്രേതം നിന്നു.

ഒരായിരം മിന്നാമിന്നികള്‍ റബര്‍മരത്തെ പൊതിഞ്ഞുനിന്ന് പ്രകാശിപ്പിക്കുന്നു. ഇരുട്ടില്‍ മഴയും മഞ്ഞും കാറ്റും കുഴഞ്ഞു കിടന്നു. ആലീസിന്‍റെ പ്രേതം സാബുവിന്‍റെ തലമുടിയില്‍ പിടിച്ച് തൂക്കിയെടുത്തു. കഴുത്തില്‍ കയറ് കുരുക്കി. മൂത്രം ശിര്‍ര്‍ന്ന് വീണു. ഒന്ന് പിടഞ്ഞു. റബ്ബർച്ചില്ലയിളക്കി. ആലീസിന്‍റെ പ്രേതം സാബുവിനെ വിട്ടു പറന്നു. നെറ്റിടോര്‍ച്ചിന്‍റെ വെട്ടം അപ്പോഴും ഏഴാംകല്ലിലെ തോട്ടത്തിലെ കരിയിലകളില്‍ വീണുകിടന്നു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT