പ്രെസ്റ്റര്‍ ജോണ്‍

ഗേറ്റ് തുറന്നപ്പോഴേ കണ്ടു. പോര്‍ച്ചില്‍ വെളുത്ത നിറമുള്ള ഒരു കാര്‍. എനിക്ക് നിര്‍ത്തിയിടാന്‍ ഇടമില്ലാതെ അതങ്ങനെ നിറഞ്ഞുനില്‍ക്കുകയാണ്. ഞാന്‍ ഓര്‍മയില്‍ പരതിനോക്കി. എന്റെ പരിചയത്തിലോ ബന്ധത്തിലോ അങ്ങനെ ഒരു വാഹനമില്ല. ഇനി ഒരുപക്ഷേ, ആരെങ്കിലും പുതിയതായി വാങ്ങിയതായിരിക്കുമോ? അതിനും വഴി കാണുന്നുണ്ട്. പക്ഷേ, ആരും മുന്‍കൂട്ടി അറിയിക്കാതെ വരുന്ന പതിവില്ലെന്ന് ഞാനോര്‍ത്തു. കുട ചുരുക്കി ഞാന്‍ കാറിലേക്ക് തന്നെ കയറി. എന്റെ വണ്ടി തല്‍ക്കാലം മുറ്റത്തുതന്നെ നിര്‍ത്തിയിടാം. ഏതാനും മിനിറ്റുകള്‍മാത്രം മഴകൊള്ളുന്ന പ്രശ്‌നമേയുള്ളൂ. ഭക്ഷണം കഴിച്ച് ഉടനെത്തന്നെ മടങ്ങാനുള്ളതാണ്. വീടിനടുത്തേക്ക്...

ഗേറ്റ് തുറന്നപ്പോഴേ കണ്ടു. പോര്‍ച്ചില്‍ വെളുത്ത നിറമുള്ള ഒരു കാര്‍. എനിക്ക് നിര്‍ത്തിയിടാന്‍ ഇടമില്ലാതെ അതങ്ങനെ നിറഞ്ഞുനില്‍ക്കുകയാണ്. ഞാന്‍ ഓര്‍മയില്‍ പരതിനോക്കി. എന്റെ പരിചയത്തിലോ ബന്ധത്തിലോ അങ്ങനെ ഒരു വാഹനമില്ല. ഇനി ഒരുപക്ഷേ, ആരെങ്കിലും പുതിയതായി വാങ്ങിയതായിരിക്കുമോ? അതിനും വഴി കാണുന്നുണ്ട്. പക്ഷേ, ആരും മുന്‍കൂട്ടി അറിയിക്കാതെ വരുന്ന പതിവില്ലെന്ന് ഞാനോര്‍ത്തു.

കുട ചുരുക്കി ഞാന്‍ കാറിലേക്ക് തന്നെ കയറി. എന്റെ വണ്ടി തല്‍ക്കാലം മുറ്റത്തുതന്നെ നിര്‍ത്തിയിടാം. ഏതാനും മിനിറ്റുകള്‍മാത്രം മഴകൊള്ളുന്ന പ്രശ്‌നമേയുള്ളൂ. ഭക്ഷണം കഴിച്ച് ഉടനെത്തന്നെ മടങ്ങാനുള്ളതാണ്. വീടിനടുത്തേക്ക് സ്ഥലംമാറ്റം കിട്ടിയതില്‍ പിന്നെ ഞാന്‍ പുറത്തുനിന്ന് കാര്യമായൊന്നും കഴിക്കാറില്ല. ഓഫീസ് ടൈമിനു പതിനഞ്ചു മിനിറ്റു മുമ്പ് മാത്രമേ ഇറങ്ങേണ്ടതുള്ളൂ. നടന്നുപോയാല്‍ തന്നെ അരമണിക്കൂര്‍ ദൂരം. എന്റെ ഈ സൗകര്യത്തെപ്രതി ശഹന അസൂയാലുവാകാറുണ്ട്. രണ്ടു മണിക്കൂര്‍ ബസില്‍ യാത്രചെയ്താല്‍ മാത്രമേ അവള്‍ക്ക് ജോലിസ്ഥലത്ത് എത്താനാകൂ.

യാത്രാസമയം കുറവായതുകൊണ്ടു തന്നെ വീടുമായുള്ള പണികളെല്ലാം ഇപ്പോള്‍ എന്റെ ചുമലിലാണ്. വിശേഷിച്ചും അടുക്കളക്കാര്യങ്ങൾ. കറിക്കരിയുക, അരിയിടുക, മുറ്റമടിക്കുക... ഇതെല്ലാം ഞാന്‍ വളരെ വിനയത്തോടെ ചെയ്തുപോരുന്നു.എന്റെ കാര്‍ മുറ്റത്തേക്കു തന്നെ കയറ്റിനിര്‍ത്തി. മഴയുള്ളതുകൊണ്ടു മാത്രമാണ് ഇന്ന് കാറെടുക്കേണ്ടി വന്നത്. പൊതുവേ, ബൈക്കിലാണ് ഓഫീസിലേക്കുള്ള യാത്രയെല്ലാം.

വീട്ടിനുള്ളില്‍ പുറമെക്കാരാരും ഉള്ള ലക്ഷണം കണ്ടില്ല. ചവിട്ടുപടിക്കു താഴെ ചെരിപ്പുകള്‍ കാണാനില്ല. മുന്നിലെ വാതില്‍ അടഞ്ഞുതന്നെ കിടക്കുന്നു. മാളു ഉള്ളിലുണ്ടാവുമെങ്കിലും അങ്ങനെയൊരാള്‍ അവിടെയുണ്ടെന്നു തന്നെ തോന്നിക്കില്ല.

ചിലപ്പോള്‍... മനസ്സിനുള്ളില്‍ ചില അരുതാത്ത വിചാരങ്ങള്‍ ചൂളമടിച്ചു. പത്രങ്ങളിലും ഗ്രൂപ്പുകളിലും അങ്ങനെയുള്ള വാര്‍ത്തകള്‍ ഇടക്കിടെ കാണാറുള്ളതാണ്. പ്ലസ്ടു കാലം കഴിഞ്ഞിരിക്കുന്ന മകള്‍, തനിച്ചാവുന്ന നേരങ്ങളില്‍ ഫോണിന്റെ സ്‌ക്രീനിലൂടെ കാറോടിച്ചു വരുന്ന ഒരാള്‍...

പക്ഷേ, മറുനിമിഷം തന്നെ എനിക്കതില്‍ ഖേദം തോന്നുകയുംചെയ്തു. എന്നെയോ ശഹനയുടെ നിയന്ത്രണ രേഖകളെയോ മറികടക്കുന്ന വിധത്തില്‍ മാളുവിനൊരു സ്വകാര്യതയുമില്ല... കോളിങ് ബെല്ലിന്റെ സ്വിച്ചില്‍ വിരല്‍ ​െവച്ചതേ മാളു വാതില്‍ തുറന്നു. അവളുടെ മുഖത്ത് യാതൊരു അമ്പരപ്പും കണ്ടില്ല. എന്തെങ്കിലും ഒളിപ്പിക്കാന്‍ ഉണ്ടെങ്കില്‍ അത് മുഖപേശികളില്‍ തെളിയേണ്ടതല്ലേ?

‘‘ഞാനൊരു നോവല്‍ വായിച്ചിരിക്കുകയായിരുന്നു...’’ മാളു കൈയില്‍ പിടിച്ച പുസ്തകം ഉയര്‍ത്തിക്കാട്ടി. ഞാന്‍ അതിന്റെ പേരു വായിക്കാനൊന്നും തുനിഞ്ഞില്ല.

‘‘നന്നായി... വെറുതെ ഫോണും നോക്കി കണ്ണ് കേടുവരുത്തേണ്ടല്ലോ...’’ ഞാന്‍ പ്രോത്സാഹിപ്പിക്കുന്ന മട്ടില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങിലൂടെ മാളു ഏതാനും പുസ്തകങ്ങള്‍ വരുത്തിച്ചത്. വെറുതെ പുറത്തിറങ്ങി നടക്കാനൊന്നും താല്‍പര്യമുള്ള ആളല്ല അവള്‍. പുതിയ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഇനിയും സമയമെടുക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

‘‘ഈ വണ്ടി ആരാണ് ഇവിടെ വച്ചിട്ട് പോയത്?’’ ലിവിങ് റൂമിലേക്ക് കയറും മുമ്പേ ഞാന്‍ മാളുവിനോട് ചോദിച്ചു.

 

‘‘വണ്ടിയോ?’’ അവള്‍ അപ്പോള്‍ മാത്രമാണ് അത് ശ്രദ്ധിച്ചതെന്ന് എനിക്ക് മനസ്സിലായി.

‘‘ഇത്രയും പരുത്തൊരു സാധനം ഇവിടെ നിര്‍ത്തിപ്പോയിട്ടും നീയറിഞ്ഞില്ലേ?’’

‘‘ഇല്ല... ശബ്ദം കുറഞ്ഞ ഇനമായിരിക്കും... പുത്തന്‍ മോഡലല്ലേ?’’

‘‘എന്നാലും...’’

‘‘അബ്ബയെന്തിനാണ് ഇത്ര ടെന്‍ഷനടിക്കുന്നത്... സി.സി.ടി.വി ചെക്ക് ചെയ്താല്‍ പോരേ?...’’

‘‘ഇന്നലെയല്ലേ ടെക്‌നീഷ്യന്‍ ക്യാമറയുമെടുത്ത് പോയത്... പുതിയതുമായി ഇന്ന് വൈകീട്ടേ എത്തൂ...’’

എനിക്ക് ഞരമ്പുകള്‍ തിളയ്ക്കുന്നതായി തോന്നി. ഇതൊരു തരത്തില്‍ ധിക്കാരമല്ലേ? അടച്ചിട്ട ഗേറ്റ് തുറന്ന് വീട്ടുകാരോട് പറയാതെ വാഹനം പോര്‍ച്ചില്‍ കയറ്റി​െവക്കുക... വാഹനത്തിന് എന്തെങ്കിലും ക്ഷതമേല്‍പ്പിക്കുകയാണ് വേണ്ടത്. ഞാന്‍ മുറ്റത്തേക്കു തന്നെയിറങ്ങി. വീടിനു ചുറ്റും തിരഞ്ഞു. മതിലിനരികില്‍, മരങ്ങള്‍ക്കിടയില്‍, വള്ളികള്‍ക്കിടയില്‍... എവിടെയും ഒരു ഇരുകാല്‍മൃഗത്തിന്റെ നിഴലുപോലും തെളിഞ്ഞില്ല.

കാറിന്റെ പടമെടുത്ത് ശബ്ദവും ചേര്‍ത്ത് ഞാന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഗ്രൂപ്പിലിട്ടു. ആര്‍ക്കെങ്കിലും ഈ വാഹനവുമായി ബന്ധമുണ്ടായിരിക്കുമോ? കാത്തുനില്‍ക്കാന്‍ അധികം സമയമില്ല. ഓഫീസിലേക്കു തന്നെ മടങ്ങാനുള്ളതാണ്. വീട്ടിലേക്കു കയറി കൈകാലുകള്‍ കഴുകി. ഭക്ഷണമേശക്കരികില്‍ ഇരുന്നു. ചോറ്റുരുളകള്‍ വിഴുങ്ങുമ്പോഴും എന്റെ കണ്ണുകള്‍ ഫോണിലായിരുന്നു. റെസിഡന്റുകാരുടെ ഗ്രൂപ്പില്‍ ആരെങ്കിലും ഞാനിട്ട പടത്തിന് പ്രതികരിക്കുന്നുണ്ടോ?

കൂട്ടായ്മയിലെ പകുതിയിലേറെ പേര്‍ എന്റെ ചിത്രവും ശബ്ദവും കണ്ടിട്ടുണ്ട്. പക്ഷേ, ഒരനക്കംപോലും ഒരു കോണില്‍നിന്നുമുണ്ടായില്ല. ഉള്ളില്‍ ഭീതിയുടെ മേഘങ്ങള്‍ ചലിച്ചു. ഒരുപക്ഷേ, മോഷ്ടിച്ച വാഹനമാകുമോ? അതല്ലെങ്കില്‍ കൊല്ലാനോ തട്ടിക്കൊണ്ടു പോകാനോ ഉപയോഗിച്ചത്? പോലീസിന്റെ ശ്രദ്ധയില്‍പെടാതിരിക്കാന്‍ ഇവിടെ ഉപേക്ഷിച്ചതാവണം...

എന്റെ തൊണ്ടയില്‍ വറ്റുകള്‍ തടഞ്ഞു.

‘‘നമുക്ക് പോലീസില്‍ അറിയിച്ചാലെന്താ?’’

മാളു വളരെ ലളിതമായി ചോദിച്ചു. വറ്റുകള്‍ക്കിടയിലൂടെ അലസമായി നീങ്ങുന്ന അവളുടെ വിരലുകള്‍ നോക്കി ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. എരിവ് അല്‍പം കൂടിയാല്‍ അവള്‍ക്ക് ഭക്ഷണം താഴോട്ടിറങ്ങില്ല.

‘‘കുറച്ചുനേരംകൂടി കാത്തിരുന്ന് അറിയിക്കുന്നതായിരിക്കും ഉചിതം...’’ അങ്ങനെ പറയുമ്പോഴും ഒരു കടവാതിലിന്റെ ചിറകടിശബ്ദം എനിക്ക് കേള്‍ക്കാനായി. ഞാന്‍ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വാഷ്‌ബേസിനരികിലേക്ക് നടന്നു.

ഓഫീസില്‍ തിരികെ എത്താനുള്ള സമയം വൈകിയിരിക്കുന്നു. പക്ഷേ, മാളുവിനെ തനിച്ചാക്കി എങ്ങനെ പോവും? ക്രിമിനലുകള്‍ എവിടെയോ ഒളിച്ചിരിക്കുന്നുണ്ട്. അവര്‍ വന്ന വാഹനമാണ് അത്...

ഓഫീസിലേക്ക് അര അവധിയുടെ കാര്യം ഞാന്‍ വിളിച്ചുപറഞ്ഞു.

വീട്ടിനുള്ളില്‍ അങ്ങനെ ഇരിക്കാനും ഭയം തോന്നി. രണ്ടോ മൂന്നോ വണ്ടികള്‍ പാര്‍ക്കു ചെയ്യാനുള്ള സ്ഥലം റോഡരികില്‍ തന്നെയുണ്ട്. എന്നിട്ടും ഇവിടെത്തന്നെ കയറ്റി​െവച്ചതാണ് മനസ്സിലാകാത്തത്.

പരിചയവലയത്തില്‍ ഒരു പോലീസുകാരനുണ്ട്. അവനെ വിളിച്ചുനോക്കിയാലോ എന്നൊരു വിചാരമുണ്ടായി. സ്‌റ്റേഷനില്‍ അറിയിക്കുന്നതിനും മുമ്പ് അതാണ് നല്ലത്...

‘‘അതൊക്കെ ഒരു കേസാണോ? നോ പാര്‍ക്കിങ് ബോര്‍ഡ് വയ്ക്കാത്തത് കൊണ്ടല്ലേ...’’ പോലീസുമട്ടില്‍ തന്നെ അവനെന്റെ സംശയത്തെ പുച്ഛിച്ചു തള്ളി.

ഞാന്‍ സിറ്റൗട്ടില്‍തന്നെ ഇരുന്നു. വസ്ത്രം മാറ്റാന്‍പോലും തോന്നിയില്ല. മൂത്രശങ്ക കലശലായിട്ടും എനിക്ക് ടോയ്‌ലറ്റില്‍ പോകാന്‍ മനസ്സുവന്നില്ല. പോലീസുകാരനെ വിളിച്ചത് അബദ്ധമായോ? അവന്‍ മിക്കവാറും കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറിയേക്കും. അതിസാമര്‍ഥ്യമെന്ന് പിന്നീട് അവര്‍ക്ക് വ്യാഖ്യാനിക്കാന്‍ അതുമതി. കാണാതായ വാഹനം കണ്ടെത്തിയതിന്റെ പേരില്‍ എന്തെല്ലാം പുലിവാലുകള്‍ പിടിക്കേണ്ടി വരും?

സമയം നീങ്ങുകയാണ്. വെയില്‍ മങ്ങിത്തുടങ്ങി. പോര്‍ച്ചിലെ വാഹനത്തിന്റെ അടുത്തേക്ക് ആരും വന്നില്ല. ഇനി വരികയുമില്ലെന്ന് എനിക്ക് തോന്നി. ഗ്രൂപ്പിലിട്ട പടത്തിന് ഒരു പ്രതികരണവും ഇതുവരെ ഉണ്ടായില്ല. തൊണ്ണൂറ് ശതമാനത്തിലധികം ആളുകളും കാറിന്റെ പടം കണ്ടു കഴിഞ്ഞിരിക്കുന്നു. മൂത്രശങ്ക വീണ്ടും വര്‍ധിച്ചു. സിറ്റൗട്ടിലേക്കുള്ള വാതില്‍ ഭദ്രമായി അടച്ചു. പാന്റൂരി കൈലിമുണ്ടിന്റെ അനായാസതയിലേക്ക് കയറി. ധൃതിപിടിച്ച് ബാത്ത്‌റൂമിലേക്ക് നടന്നു. ഏറെനേരം പിടിച്ചു​െവച്ചതുകൊണ്ട് രണ്ടിനും ഒരു വകയായി.

എല്ലാം കഴിഞ്ഞ് ഞാന്‍ വീണ്ടും പുറത്തേക്കുള്ള വാതിലിനു നേരെ നടന്നു. വാതില്‍ തുറന്നു​െവച്ചിരിക്കുന്നു. മാളുവിന്റെ പണിയായിരിക്കണം. വാതില്‍ തുറക്കരുതെന്ന് അവളോട് പറഞ്ഞിരുന്നതാണ്.

കനത്ത കാലുകളുമായി സിറ്റൗട്ടിലേക്ക് ഇറങ്ങിച്ചെന്നു. മാളുവുണ്ട് രണ്ട് കിളവന്‍മാരുമായി സംസാരിക്കുന്നു. എനിക്ക് ദേഷ്യം വന്നു. എന്ത് ധൈര്യത്തിലാണ് ഇവരുമായി ഇങ്ങനെ കിന്നാരം പറയുന്നത്? പത്രങ്ങളിലും വാട്‌സ്ആപ്പിലുമെല്ലാം ഓരോന്ന് കാണുന്നതല്ലേ? കുറ്റകൃത്യങ്ങള്‍ക്ക് പ്രായം ഒരു തടസ്സമല്ല...

‘‘അബ്ബാ ഇത് പെറോ ഡി കോവില്‍ ഹോ. മറ്റേയാള്‍ അല്‍ഫോണ്‍സോ ഡി പൈവ... ഇവരുടേതാണ് വാഹനം...’’

‘‘നിങ്ങള്‍ ആരാണ്? എവിടെ നിന്നാണ് വരുന്നത്? ആരോട് ചോദിച്ചിട്ടാണ് ഇവിടെ വാഹനം കയറ്റിവച്ചത്?’’ എന്റെ തലയില്‍ രക്തം തിളച്ചു. പക്ഷേ, ഇരമ്പിവന്ന കോപം എങ്ങനെയോ തടയപ്പെട്ടു.

 

‘‘ഞങ്ങള്‍ പ്രെസ്റ്റര്‍ ജോണ്‍ എന്ന രാജാവിനെ തേടിയിറങ്ങിയതാണ്...’’ അവരില്‍ കൂടുതല്‍ പ്രായം തോന്നിക്കുന്ന ആള്‍ പറഞ്ഞു. അയാളുടെ താടി ചടച്ച് നീണ്ടിരുന്നു.

‘‘ഓഹോ... എന്നിട്ട് കണ്ടോ?’’

‘‘രാജാക്കന്‍മാരുടെയും തമ്പുരാക്കന്‍മാരുടെയുമെല്ലാം കാലം കഴിഞ്ഞുപോയെന്നാണ് ആളുകള്‍ പറയുന്നത്.’’

‘‘ആളുകള്‍ക്ക് അങ്ങനെ എന്തൊക്കെയാണ് പറഞ്ഞുകൂടാന്‍ പറ്റാത്തത്...’’ മാളു അതിനിടയില്‍ കയറി ഗോളടിച്ചു. വൃദ്ധന്‍മാര്‍ തമ്മില്‍ തമ്മില്‍ നോക്കുന്നത് കണ്ടു. അതിനുശേഷം അവര്‍ പരസ്പരം തോളില്‍ കൈ​െവച്ചു.

‘‘ഉടുപ്പുകള്‍ മാറിവരുന്നു എന്നേയുള്ളൂ... അധികാരം എന്നും ചക്രവര്‍ത്തിമാരുടെ രൂപത്തിലാണ്...’’ മാളുവിന്റെ വായ കൂടുതല്‍ വിടരുകയാണ്. ഞാന്‍ അല്‍പം ദേഷ്യത്തോടെ അവളെ നോക്കി. അവള്‍ എന്നെ ഗൗനിച്ചതേയില്ല.

വയസ്സന്‍മാര്‍ പരസ്പരം മാന്തിത്തുടങ്ങി. മാന്തി മാന്തി മുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. ആരും വേദന അറിയുന്നില്ലെന്ന് തോന്നിച്ചു. അവരത് ആസ്വദിക്കുകയാണ്. രക്തം താഴേക്ക് ഒലിക്കുന്നുണ്ട്. നിലത്തേക്കിറ്റിയ ചോര ഒരു ഭൂപടമായി മാറുകയാണ്... ഞാന്‍ പിടിച്ചുമാറ്റാന്‍ പോയില്ല. ആ ദൃശ്യത്തിന്റെ ചാരുതയില്‍ എനിക്കും ഹരം കയറി. പോര്‍ച്ചിലെ വാഹനത്തിന് പൊടുന്നനെ ജീവന്‍ ​െവച്ചു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.