പക്ഷിയിനം പുരുഷൻ

ഉറക്കമില്ല. കുറച്ചേറെക്കാലമായി പകലിരവുകൾ ഇഴപിരിച്ചെടുക്കാൻ ശ്രമിക്കയാണ്. വെളിച്ചത്തിന്റെ വരുത്തുപോക്കിൽ നാളുകൾ താളുമറിഞ്ഞുപോകുന്നതറിയുന്നുണ്ടെങ്കിലും രാപ്പകലുകളടുക്കിക്കെട്ടിയ ഒറ്റദിനമെന്ന മിഥ്യയിലേക്കെന്നെ ഉറക്കമില്ലായ്മ തള്ളിയിട്ടിരിക്കുന്നു. വശംകെടുവോളം മദ്യപിച്ചും മതികെടുവോളും ഭോഗിച്ചും ഭക്ഷണമുപേക്ഷിച്ചും പലപ്പോഴായി തളർച്ചയുടെ വേലിയേറ്റം സൃഷ്ടിച്ചെങ്കിലും ഉറക്കംമാത്രം വെട്ടപ്പെടാതെങ്ങോ നിൽക്കുന്നു. മനസ്സിനെന്തോ സാരമായ മാറ്റമുള്ളപോലെ ഇടക്കു തോന്നും. ബാൽക്കണിയിൽ ചെന്നുനിന്ന് ചുരുട്ട് വലിക്കും. അപ്പോൾ മന്ദതക്കൽപം ആശ്വാസം ലഭിക്കും. ചിന്തകളുണരും....

ഉറക്കമില്ല. കുറച്ചേറെക്കാലമായി പകലിരവുകൾ ഇഴപിരിച്ചെടുക്കാൻ ശ്രമിക്കയാണ്. വെളിച്ചത്തിന്റെ വരുത്തുപോക്കിൽ നാളുകൾ താളുമറിഞ്ഞുപോകുന്നതറിയുന്നുണ്ടെങ്കിലും രാപ്പകലുകളടുക്കിക്കെട്ടിയ ഒറ്റദിനമെന്ന മിഥ്യയിലേക്കെന്നെ ഉറക്കമില്ലായ്മ തള്ളിയിട്ടിരിക്കുന്നു. വശംകെടുവോളം മദ്യപിച്ചും മതികെടുവോളും ഭോഗിച്ചും ഭക്ഷണമുപേക്ഷിച്ചും പലപ്പോഴായി തളർച്ചയുടെ വേലിയേറ്റം സൃഷ്ടിച്ചെങ്കിലും ഉറക്കംമാത്രം വെട്ടപ്പെടാതെങ്ങോ നിൽക്കുന്നു.

മനസ്സിനെന്തോ സാരമായ മാറ്റമുള്ളപോലെ ഇടക്കു തോന്നും. ബാൽക്കണിയിൽ ചെന്നുനിന്ന് ചുരുട്ട് വലിക്കും. അപ്പോൾ മന്ദതക്കൽപം ആശ്വാസം ലഭിക്കും. ചിന്തകളുണരും. ഒന്നിൽനിന്നു മറ്റൊന്നിലേക്ക് പിരിഞ്ഞു വികസിക്കും. അത് എഴുത്തിലേക്കു ചെന്നെത്തും. മറവിയിൽ മുങ്ങിയ അക്ഷരങ്ങൾ തിരഞ്ഞുതളരുമ്പോൾ വീണ്ടും ചുരുട്ടിലേക്കു വിരലു നീളും.

ഒരു കാലടിശബ്ദം, സെലസ്റ്റീനയാണ്! അവൾ പോയിരുന്നില്ലേ? പോയവാരം തെരുവിന്റെ മടക്കുകളിലൊന്നിൽനിന്നു കൂടെക്കൂടിയവൾ. വഴിവിളക്കിനു ചുവട്ടിലിരുന്ന്, തണുപ്പിച്ച ബിയർ വിൽക്കുന്നവനിൽനിന്നു കഴിഞ്ഞൊരുമാസക്കാലം കടംപറ്റിയ കള്ളിന്റെ കണക്കുതീർത്തു മടങ്ങാനായൊരുങ്ങവെയാണ് അവളെ ആദ്യമായി കണ്ടത്. ചിരിച്ചു. പേരു പറഞ്ഞു. വിളിക്കാനെളുപ്പത്തിനു സെലറ്റ് എന്നു ചുരുക്കി.

മുഷിഞ്ഞതല്ലെങ്കിലും അയഞ്ഞതും കാറ്റിൽ പാറുന്നതുമായ വേഷവും കോലവും കണ്ടിട്ടാകാം കൂടെപ്പോരുന്നതിനുമുമ്പ് കൈയിലെത്ര പണമുണ്ടെന്നവൾ തിരക്കി. പോക്കറ്റിൽ മിച്ചമുണ്ടായിരുന്ന കാശെടുത്തു മദ്യം വിൽക്കുന്നവനു നേർക്കു നീട്ടി: മൂന്നു കുപ്പി ബിയറിനുള്ളതേ ഇപ്പോഴുള്ളെങ്കിലും വിറ്റുതീർന്ന പുസ്തകങ്ങളുടെ റോയൽറ്റിയിനത്തിൽ ഉടനെയിത്തിരി കാശുകിട്ടുമെന്നു പറഞ്ഞപ്പോൾ അവൾ മറുചോദ്യങ്ങളൊന്നുംതന്നെ തൊടുത്തില്ല.

കാഴ്ചക്കൊരു നീതിമാന്റെ ഭാവമേതുമില്ലാത്തവനായ എന്നിൽനിന്നിത്തരമൊരു വാചകം കേട്ടാൽ അവളുടെ ഗണത്തിൽപ്പെട്ട മറ്റുള്ളവരിൽനിന്നു പ്രതീക്ഷിക്കാവുന്നൊരു പ്രതികരണമായിരുന്നില്ല അത്.

ഐസുകട്ടകൾക്കിടയിൽ പൂഴ്ത്തി​െവച്ചിരുന്നവയിൽനിന്ന് അയാളെടുത്തു നീട്ടിയ ബിയറു കുപ്പികൾ ഓരോന്നായി വാങ്ങി ഹാൻഡ്ബാഗിലേക്കിട്ടുകൊണ്ട് അവൾ ചോദിച്ചു.

‘‘ഓരോന്നു വീതം നമ്മളിരുവരും കുടിച്ചു കഴിയുമ്പോൾ മിച്ചമുള്ള മൂന്നാമത്തെ കുപ്പിക്കുവേണ്ടി നീ വാശിപിടിക്കുമോ?’’

മറുപടി പറയാതെ, ചെറുതായി ചിരിച്ചു.

‘‘വാശി പിടിക്കരുത്. അതു നമുക്ക് ലൗ-സിപ്പ് ചെയ്യാനുള്ളതാണ്.’’

അനുസരിച്ചു. അന്നു രാത്രിയിൽ മൂന്നാമത്തെ ബിയറുകുപ്പിയിൽ തുടങ്ങിയ ലൗ-സിപ്പുകൾ ആറു രാവുകളും അത്രതന്നെ പകലുകളും പിന്നിടുന്നതുവരെ നീണ്ടുനിന്നു. ഈ ദിനരാത്രങ്ങൾക്കിടയിൽ പലപല വഴിമടക്കുകളിലൂടെയും ഇടനിരത്തുകളിലൂടെയും അവളെന്നെ കൈപിടിച്ചുനടത്തി. പകലിരവുകളെന്ന ഭേദമില്ലാതെ, കൊട്ടിത്തഴമ്പുവീണ തുകൽവാദ്യങ്ങളിൽ വിരലുതട്ടിച്ച് താളമിടുവിച്ചു. താളപ്പിഴകൾമാത്രം വരുത്തിയിരുന്ന എനിക്കു താളപ്പൊരുത്തങ്ങളോടെ മേളം കൊഴുപ്പിക്കുന്നവിധം പഠിപ്പിച്ചുതന്നു. മുറ്റിനിന്ന കരിമേഘക്കെട്ടുകൾ വകഞ്ഞുമാറ്റി പൂർണചന്ദ്രബിംബത്തെ കാട്ടിത്തന്നു. തെളിനിലാവു വിതറുമ്പോഴും ഇന്ദുഗോളത്തിനേറ്റ കളങ്കങ്ങളുടെ കാരണങ്ങൾ പറഞ്ഞുതന്നു. ഒരുപാടു കരഞ്ഞു. അതിലേറെ ചിരിച്ചു. ചിരിച്ചതിലുമധികം കിതച്ചു.

നിലത്തു വീണുകിടന്ന വസ്ത്രങ്ങളെടുത്ത് മാറുമറച്ചുകൊണ്ടവൾ ചിരിച്ചു. എനിക്കെന്തുകൊണ്ടോ ചിരിക്കാനായില്ല. വീണ്ടും പുറത്തേക്ക് നോട്ടംതിരിച്ചു. കൈയിലെടുത്ത തുണികൾ കിടക്കയിലേക്കിട്ട്, മുഷിഞ്ഞ കിടക്കവിരികൊണ്ടു മുലക്കച്ച കെട്ടി അരികിലേക്കു വന്നു,

‘‘എന്തേ ചിരിക്കാത്തത്?’’

‘‘ഒന്നുമില്ല.’’

‘‘എന്തെങ്കിലും വിഷമമുണ്ടോ?’’

‘‘ഇല്ലന്നേ.’’

‘‘പിന്നെന്തു പറ്റി?’’

‘‘അറിയില്ല. ഇതൊരു വിഷമമാണോയെന്നൊന്നും എനിക്കറിയില്ല. അല്ലെങ്കിൽ ഈ അവസ്ഥയെ എന്തു പേരിട്ടു വിളിക്കണമെന്ന അറിവില്ലായ്മയുമാകാം. നമ്മൾ ഇനിയുമെന്നായിരിക്കും കാണുകയെന്നോർത്തപ്പോൾ…’’

‘‘ഇനിയും കാണും. ഒരിക്കൽക്കൂടെ. ഇന്നലെ ഉറങ്ങും മുമ്പ്, എന്നെക്കുറിച്ചുള്ളതാണെന്നു പറഞ്ഞ് നീയൊരു കവിത ചൊല്ലിയില്ലേ, എവിടെയെങ്കിലും എന്നെങ്കിലുമൊരിക്കൽ അത് അച്ചടിച്ചുവന്നാൽ അന്ന് ഞാൻ വരും. അതിന്റെയൊരു കോപ്പിയിൽ നിന്റെ കൈയൊപ്പു വാങ്ങാൻ.’’

ഇന്നലെയുടെ ഇരവിൽ ഇവളെയൊന്നു രസം പിടിപ്പിക്കാനായി ചൊല്ലിയ വരികളാണവ. ഇന്നോളം കുത്തിക്കുറിച്ചവയിലെ മോശമൊരെണ്ണം. പടച്ചുവിട്ട എനിക്കുതന്നെ മതിപ്പില്ലാത്തത്. പിന്നെങ്ങനെയാണ് എവിടെയെങ്കിലുമത് മഷിപ്പെട്ടുവരിക. എങ്കിലും അവൾക്കുവേണ്ടി മുഖത്തൊരു ചിരിവരുത്തി.

ഒരിക്കൽക്കൂടി അതു ചൊല്ലിക്കൊടുക്കാമോയെന്നു ചോദിച്ചപ്പോൾ സന്തോഷമേയുണ്ടായിരുന്നുള്ളൂ. എരിയുന്ന ചുരുട്ട് ഒരിക്കൽകൂടി ഊന്നിവലിച്ച് കുറ്റി പുറത്തേക്കെറിഞ്ഞശേഷം കവിത ചൊല്ലി. ഒരിക്കൽക്കൂടെ ഗാഢമായി ചുംബിച്ചു.

കോളിങ് ബെൽ ശബ്ദിക്കുന്നു. പ്രസാധകന്റെ ഓഫീസിൽ ജോലിനോക്കുന്ന എമിലിയോയാണത്, തീർച്ച. മുറി തുറന്നുകിടന്നാലും കോളിങ് ബെല്ലടിക്കാറുള്ളത് അയാൾ മാത്രമാണ്.

എന്നാൽ ഈയിടെ, ഇന്നലെയോ അതിനുമൊരുദിനം മുമ്പോ അയാൾ വന്നിരുന്നില്ലേ? പണം നൽകിയിരുന്നില്ലേ? അതും വാങ്ങിയല്ലേ സെലറ്റ് മടങ്ങിപ്പോയത്? എങ്കിൽ ഈ നിൽക്കുന്നതാര്? തലക്കുള്ളിൽ ഉറക്കക്കേടൊരുക്കിയ ഓളങ്ങൾ പെരുകുന്നു. തിരകളായുരുവപ്പെടുന്നു. ബോധത്തിന്റെ തിട്ടകൾ തകർക്കുന്നു.

പിന്നെയും കോളിങ് ബെല്ലിന്റെ ശബ്ദം.

എമിലിയോ നൽകിയ കവർ വാങ്ങി, അതിലടങ്ങിയ നോട്ടുകളിലൊന്നെടുത്ത് അയാൾക്കുനേരെ നീട്ടി. എനിക്കോ അദ്ദേഹത്തിനോ ഇതിന്റെ യാതൊരാവശ്യമില്ലെങ്കിലും ഇങ്ങനെ നൽകുന്നതിനൊരു കാരണമുണ്ട്.

കുറച്ചുകാലം മുമ്പാണ്, ഈ ഒറ്റമുറി ഗുടുസ്സിലിരുന്നു വേരിറങ്ങിയപ്പോൾ പുറത്തേക്കൊന്നിറങ്ങണമെന്നു തോന്നി. നഗരാതിർത്തിയിലേക്ക്. അവിടെ കെട്ടിടക്കൂട്ടങ്ങളില്ല, ജനത്തിരക്കില്ല, വാഹനങ്ങളുടെ കൂട്ടയോട്ടമില്ല. കുറേ മരങ്ങളും പച്ചിലപ്പൊന്തകളും വലിയൊരു തടാകവും മാത്രം.

പുതുതായവിടേക്ക് ചെന്നെത്തുന്നൊരുവന് ദൂരക്കാഴ്ചയിൽ അങ്ങനെയൊരു തടാകമുള്ളതായി തോന്നുമോയെന്നത് അൽപം സംശയമാണ്. പ്രധാന പാതയിൽനിന്നു തടാകംവരെയുള്ള നാലു നാഴികദൂരത്തിൽ ഇടതൂർന്നുനിൽക്കുന്ന പച്ചപ്പിന്റെ പട്ടക്കുള്ളിലാണ് അലെസ്സാന്ദ്രാ ദദ്ദാരിയോയുടെ കണ്ണുകൾപോലെ നീലിച്ചുകിടക്കുന്ന തടാകം. തടാകത്തിനു നടുവിലായി ഒട്ടേറെ പക്ഷികൾ പാർക്കുന്നൊരു തുരുത്തും.

തടാകക്കരയിൽനിന്നു നോക്കിയാൽ കുറേ മരങ്ങൾ തിങ്ങിനിൽക്കുന്ന ചെറിയൊരിടമായി മാത്രമേ തോന്നുകയുള്ളെങ്കിലും അതൊരു വിസ്മയലോകമാണ്.

അവിടെയുമൊരു വെള്ളക്കെട്ടുണ്ട്. ഇന്ദ്രനീലം ഉരുകിയൊലിച്ചതുപോലുള്ള തെളിവെള്ളക്കെട്ടിന്റെയിറമ്പിൽ വളർച്ച മുരടിച്ചൊരു ഒലിവുമരം ചാഞ്ഞുനിൽക്കുന്നു. അതിനു ചുറ്റുമായി പല വർഗങ്ങളിൽപ്പെട്ട പക്ഷികളും അണ്ണാറക്കണ്ണന്മാരും എലികളും ആമകളും അവരവർക്കാകുംവിധം ഉറക്കെ ചിലച്ചുകൊണ്ട് വട്ടംചുറ്റി പറക്കുന്നു, നടക്കുന്നു, നീന്തിത്തുടിക്കുന്നു. വെള്ളക്കെട്ടിനുള്ളിലെ ചിലയ്ക്കാൻ കഴിവില്ലാത്ത മീനുകളൊക്കെയും ഉയർന്നുചാടി ദേഹംതല്ലിവീണ് ഒച്ചയുണ്ടാക്കുന്നു. ഭൂമിയിലെ സന്തോഷമത്രയും ആ തുരുത്തിന്റെ ചെറുവൃത്തത്തിനുള്ളിലേക്കു ചുരുങ്ങിയതുപോലെ തോന്നി.

അൽപംകൂടെ അരികിലേക്കു ചെന്നപ്പോഴാണ്, ഈ ജന്തുജാലങ്ങളത്രയും വെറുതെ ചുറ്റിത്തിരിയുകയല്ല, മരത്തിനു ചുവട്ടിലിരിക്കുന്ന പ്രായമായൊരു മനുഷ്യനു ചുറ്റുമായി വലംവെക്കുകയാണെന്നു കണ്ടത്. എമിലിയോ! മടിയിൽ കരുതിയിട്ടുള്ള ഇല്ലിക്കൂടക്കുള്ളിൽനിന്നെടുക്കുന്ന റൊട്ടികളോരോന്നായി നുള്ളിക്കീറി ചുറ്റുമുള്ള ജീവപ്രാണികൾക്കു നൽകുകയാണയാൾ.

പ്രസാധനശാലയിലല്ലാതെ പുറത്തൊരിടത്തു​െവച്ച് അയാളെ കാണുന്നത് അന്നാദ്യമായിരുന്നു. അരികിലേക്കു നടന്നുചെന്നാൽ അവിടെ കൂടിനിൽക്കുന്ന തുരുത്തിന്റെ മക്കൾ സഭപിരിഞ്ഞുപോയേക്കുമോ എന്ന ആശങ്കയിൽ അൽപം ദൂരത്തുകൂടെ നടന്ന്, വെള്ളക്കെട്ടിന്റെ മറുവശത്ത് അയാൾക്കഭിമുഖമായി ചെന്നുനിന്നു. വാസ്തവത്തിൽ അപ്പോഴാണ് അതുവരെ കണ്ട കാഴ്ചയുടെ യഥാർഥ പതിപ്പു കണ്ടതിശയിച്ചത്.

നാമെല്ലാം ചെയ്യാറുള്ളതുപോലെ അയാൾ കൂടയിൽനിന്നെടുക്കുന്നത് നുള്ളിക്കീറി നിലത്തേക്കിട്ടുകൊടുക്കുകയല്ല, വളരെ വാത്സല്യത്തോടെ, ജീവികൾക്കോരോന്നിനും റൊട്ടിനുറുക്കുകളോരോന്നായി അയാൾ വായിൽ വെച്ചുകൊടുക്കുകയാണ്!

 

വിശറിവാലൻ കിളികളിൽ ചിലത് എമിലിയോയുടെ തോളിലും തലയിലുമൊക്കെ നിന്നു നൃത്തംവെച്ചുകൊണ്ട്, അയാൾ വെച്ചുനീട്ടുന്ന റൊട്ടിക്കഷ്ണങ്ങൾ സ്വീകരിക്കുമ്പോൾ ചില ചെറുകുരുവികളൊക്കെ അയാളുടെ കൈവെള്ളക്കുള്ളിലിരുന്ന് കൊത്തിപ്പെറുക്കുന്നു. പൊന്തിച്ചാടുന്ന മീനുകൾക്കു നേരെ റൊട്ടിനുറുക്കെറിയുമ്പോൾ അവയുടെ മത്സരമൊന്നു കാണാനുള്ള കാഴ്ചതന്നെയായിരുന്നു. അണ്ണാറക്കണ്ണന്മാരാണ് ഏറ്റവും കേമന്മാർ. അവർ കൂടക്കുള്ളിലേക്ക് ഓടിക്കയറുന്നു.

നുറുക്കുകളുമായി പുറത്തേക്കു പായുന്നു. ശേഖരിച്ച കഷണങ്ങളിൽ കുറച്ച് എലികൾക്കു നൽകുന്നു. ഇനിയഥവാ, ഏതെങ്കിലുമൊരു പക്ഷിക്കോ ജന്തുവിനോ റൊട്ടി കിട്ടാനുള്ളതായി എമിലിയോക്ക് തോന്നുകയാണെങ്കിൽ അവയോരോന്നിനെയും തന്റെ അരികിലേക്കു വരുത്താനായി അയാൾ വിരലിളക്കി ചൂളംവിളിക്കും. ജീവികൾ അനുസരണയുള്ള കിടാങ്ങളാകും. അയാൾക്കരികിലെത്തി റൊട്ടി വാങ്ങിക്കഴിക്കും.

ആഹാരമേകാൻ ഉദാരനും സ്നേഹനിധിയുമായൊരു ഉടയോൻ. യഥേഷ്ടം ഭക്ഷിക്കാനും വിഹരിക്കാനും സ്വതന്ത്രമായ ഒരുതുണ്ടു ഭൂമി. എല്ലാവരും സന്തുഷ്ടർ.

ഒരു ജീവിതകാലമത്രയും ഉഴിഞ്ഞുവെച്ചാലും ഈ ജന്തുസഞ്ചയങ്ങളിൽനിന്ന് എമിലിയോ സമ്പാദിച്ച വിശ്വാസത്തിന്റെ ഒരംശംപോലും എന്നെപ്പോലൊരുവനു നേടിയെടുക്കാനാകില്ല. ഈ തിരിച്ചറിവിനുള്ള ആദരമായാണ്, എഴുത്തിന്റെ പ്രതിഫലമായി ഓരോ തവണയും കിട്ടുന്ന പണത്തിന്റെ ഒരംശം അയാൾക്കു നൽകുന്നത്. വാങ്ങുന്ന പണം അധികം വൈകാതെ റൊട്ടിക്കഷ്ണങ്ങളായി മാറും. ഒരു കുരുവിയോ അണ്ണാനോ ബുൾബുളോ ആമയോ മത്സ്യങ്ങളിലൊന്നോ അതു ഭക്ഷിക്കും. എമിലിയോ സമ്പാദിച്ച വിശ്വാസത്തെ ഞാൻ കടംകൊള്ളും.

പണം നൽകി തിരിഞ്ഞുനോക്കി. സെലറ്റ് ബാൽക്കണിയിൽത്തന്നെ നിൽപാണ്. അരികിലേക്കു ചെന്ന്, കൈയിലെ കവർ നീട്ടി.

പണം എണ്ണിനോക്കിയശേഷം അൽപമൊരു ലാസ്യത്തോടെ പറഞ്ഞു,

‘‘ഇത് തികയില്ലല്ലോ.’’

‘‘കടമായി കണക്കുകൂട്ടിക്കോളൂ.’’

അവൾ അപ്പോഴും ചിരിച്ചു. പണമേകാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന്, ഒരാഴ്ചക്കാലം നിരന്തരമായി വേഴ്ചയിലേർപ്പെട്ടശേഷം കടംപറഞ്ഞൊഴിയുന്ന ഒരുവനായി അവൾ എന്നെ കരുതുമോ എന്ന ജാള്യതയിൽ വിശദീകരണം നൽകാനായൊരു ശ്രമം നടത്തി.

‘‘സെലറ്റ് എന്നെ വിശ്വസിക്കണം…’’

വാക്കുകളെ ഖണ്ഡിച്ചുകൊണ്ട്, എന്റെ ചുണ്ടോടവൾ വിരൽ ചേർത്തു.

‘‘കുറച്ചു മുമ്പേ പറഞ്ഞില്ലേ. എന്നെക്കുറിച്ചു നീയെഴുതിയ കവിത എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലുമൊരു മാഗസിനിൽ വരുമ്പോൾ കൈയൊപ്പിട്ടു വാങ്ങാനായി വീണ്ടും വരുമെന്ന്. ഈ കടവും അന്നു നീ വീട്ടിയാൽമതി. അല്ലെങ്കിൽ ചിലപ്പോൾ നീയെന്നെ മറന്നുപോയെങ്കിലോ.’’

നേരാണ്. അതുപോലെ, നമ്മുടെ ജീവിതത്തിൽനിന്നു പറിച്ചെറിയണമെന്നാഗ്രഹിക്കുന്ന പലരെയും എത്ര വീട്ടിയാലുമൊടുങ്ങാത്ത ചില ബാധ്യതകൾകൊണ്ടു മാത്രം, കടപ്പാടെന്ന നിവൃത്തികേടൊന്നുകൊണ്ടു മാത്രം ഓർത്തുവെക്കേണ്ടതായും വരാറുണ്ട്.

അപ്പോഴും കണ്ണുകളിലേക്ക് നോട്ടത്തിന്റെ നങ്കൂരമിട്ടിരിക്കുകയായിരുന്നു സെലറ്റ്, എന്തോ പറയാനായി തികട്ടിവന്നിട്ടും വാക്കിന്റെ ചെറുകാലുകളെ കൂച്ചുവിലങ്ങിട്ടു പിടിച്ചുകെട്ടിയതുപോലെ. അവളെ എന്നോടടുപ്പിച്ച്, കൈകൾക്കുള്ളിൽ മുഖം ഒതുക്കിപ്പിടിച്ച് ചോദിച്ചു,

‘‘പിരിയുന്നതിനു മുമ്പായി എന്നോടെന്തെങ്കിലും പറയാനുണ്ടോ?’’

‘‘ഇല്ല.’’

‘‘പക്ഷേ തന്റെ കണ്ണുകൾ അങ്ങനെയല്ല പറയുന്നത്. എന്തോ ഒന്നു പറയാനായി അവ വികസിക്കുന്നതെനിക്കു കാണാം.’’

അവളുടെ കണ്ണുകളിൽ കരൾ കൊരുത്തുനിൽക്കെ, കേൾക്കണമെന്നു കൊതിക്കുന്ന വാക്കുകൾതന്നെയാകുമോ അവൾക്കും പറയാനുണ്ടാകുക എന്ന ജിജ്ഞാസയായിരുന്നു എന്റെയുള്ളിൽ.

‘‘മറ്റൊന്നുമല്ല. ഇന്നലെയീ കവിത ചൊല്ലിത്തന്നതിനുശേഷം നീയൊരു കഥ പറഞ്ഞില്ലേ…’’

അങ്ങനെയൊരു കഥ പറഞ്ഞതായി ഓർക്കുന്നില്ല.

‘‘ഇന്നലെയോ?!’’

‘‘എന്തേ മറന്നുപോയോ? ഒരു പക്ഷിയുടെ കഥ. സ്വപ്നങ്ങളുടെ ഇടവേളകളിൽ മാത്രം കൂടുകൂട്ടാനാവശ്യമായ നാരു തേടിപ്പോകുന്നൊരു പക്ഷി. നിദ്രയുടെ ആഴമളക്കാൻ കഴിവുള്ള ഈ പറവ, ഓരോ സ്വപ്നങ്ങൾക്കുമിടയിലെ ഇത്തിരിനേരത്തിനുള്ളിൽ പ്രകാശവർഷങ്ങൾ താണ്ടി അകലെയുള്ള ഏതോ ഒരു നക്ഷത്രത്തിൽനിന്നു ശേഖരിച്ച നാരുമായി മടങ്ങിയെത്തും. ഓരോ പോക്കുവരവിലും ഓരോ നാരുവീതം. ഒടുവിൽ കൂടൊരുങ്ങിക്കഴിയുമ്പോൾ അത് നമ്മുടെ മുന്നിലെത്തും. കാലങ്ങളെടുത്തു നെയ്തുകൂട്ടിയ കൂട് കാട്ടുവാനായി നമ്മളെ അത് കൂട്ടിക്കൊണ്ടുപോകും. ഈ കഥ നീ എഴുതണം.’’

ഓളമടങ്ങിയ പൊയ്‌കയിലേക്കൊരു കല്ലെടുത്തിടുന്നതുപോലെയാണ് അവളിതു പറഞ്ഞത്.

‘‘സെലറ്റ്, ഞാൻ സത്യമാണു പറയുന്നത്. ഇന്നലെയിങ്ങനൊരു കഥ പറഞ്ഞതായി യാതൊരോർമയും എനിക്കില്ല.’’

അവൾ എന്റെ കവിളിലൂടെ കൈയോടിച്ചു.

‘‘സാരമില്ല. ഏതോ ഒരു കടലാസിൽ നീയതു കുത്തിക്കുറിച്ചു​െവച്ചിട്ടുണ്ട്.’’

‘‘എവിടെ?’’

‘‘മേശവലിപ്പിൽ.’’

മേശവലിപ്പുകളിൽ പരതി. അതവിടെയില്ല. ആ കുറിപ്പു കണ്ടുകിട്ടാതെ യാതൊരു സമാധാനവുമുണ്ടാകില്ലെന്ന അവസ്ഥ. മേശപ്പുറത്തും മേശവിരി വലിച്ചുമാറ്റിയും മുറിക്കുള്ളിൽ ആകെയുള്ളൊരു അലമാരക്കുള്ളിലും അതിനുമീതെയും കീഴെയും കട്ടിലിനു ചുവട്ടിലും പുതപ്പുകൾക്കിടയിലും ചവറ്റുകൊട്ടയിലും അങ്ങനെ മുറിക്കകമാകെ തിരഞ്ഞിട്ടും അത് കിട്ടിയില്ല. തിരച്ചിലിന്റെയും പെരുമാറ്റത്തിന്റെയും രീതികളിലേക്ക് അൽപാൽപമായി വന്യത പടരുന്നതു കണ്ടിട്ടാകണം സെലറ്റ് എന്നെ തോളിൽപ്പിടിച്ചു കിടക്കയിലേക്കിരുത്തി.

 

ആ ഇരിപ്പിനിടയിലും വിരലുകൾ തെരുപ്പിടിപ്പിച്ചും കൈനഖങ്ങൾ കടിച്ചുതുപ്പിയും അവൾ പറഞ്ഞ കഥയെക്കുറിച്ചാലോചിച്ചു. പുകവലിക്കണമെന്നു തോന്നി. ദേഹമാകെ വിറക്കുന്നു. മടിയിലേക്കവൾ തല ചായ്ച്ചു കിടത്തി. എങ്ങോട്ടെന്നില്ലാത്ത ആലോചനകൾക്കിടയിലെപ്പോഴോ മയങ്ങി!

മുഖത്തേക്കാരോ മണ്ണുവാരിയെറിയുന്നതുപോലെ തോന്നിയപ്പോഴാണു കണ്ണു തുറന്നത്. തുറന്നുകിടന്ന ജനൽപ്പാളിയിലൂടെ മുറിക്കുള്ളിലേക്ക് പൊടിക്കാറ്റ് വീശുന്നുണ്ട്. പാറിവീണ പൊടിമണ്ണടിഞ്ഞ് കട്ടിൽനിരപ്പിനൊപ്പം എത്തിയിരിക്കുന്നു. മണൽപ്പൊന്തയായി മാറിയ ഈ മുറിക്കുള്ളിലിപ്പോൾ അവളില്ല. മണൽക്കാറ്റ് വീണ്ടും വീശുന്നുണ്ട്. കഴിഞ്ഞ രാത്രിയിലെഴുതിയ കഥയടങ്ങിയ കടലാസുകഷ്ണം മുറിക്കുള്ളിലെ മണൽക്കൂമ്പാരത്തിനടിയിലെവിടെയോ പെട്ടിരിക്കയാണ്. അതൊന്നുകൂടെ തിരയണമെന്നു തോന്നിയെങ്കിലും...

കട്ടിലിൽനിന്നിറങ്ങി. തിളച്ച മണ്ണിലേക്കു മുട്ടോളം പൂന്തിയ കാലുകൾ ആഞ്ഞുവലിച്ച് ബാൽക്കണിയിലേക്കു നടന്നു, ഇഴഞ്ഞു. മണലുരഞ്ഞു പോറിനീറുന്ന കാലുകളോടെ, പുറത്തേക്കു നോക്കിനിന്നു. എവിടെയും കൂനകളായടിഞ്ഞുകിടക്കുന്ന മണലുമാത്രം. നഗരത്തെ പാതിവിഴുങ്ങിയ മണൽപ്പെരുംപാമ്പ്. പൊക്കമുള്ള കെട്ടിടങ്ങൾ പാമ്പിൻപള്ള കീറി പുറത്തേക്കു നീണ്ടുനിൽക്കുന്നു.

എവിടേക്കൊന്നു നോക്കുറപ്പിക്കുമെന്ന ആശങ്ക ഉള്ളിൽക്കിടന്നു വിങ്ങുമ്പോൾ പല കാതം താണ്ടി, ദിഗന്തങ്ങൾ തേടി കുതിക്കുന്നൊരു ചിറകുതളരാപ്പക്ഷിയെപ്പോലെ നോട്ടം പായുകയാണ്. കാഴ്ചക്കിന്നു കാഴ്ചക്കപ്പുറത്തേക്കുപോലും കടന്നുചെല്ലാൻ കഴിയുന്നതായി തോന്നുന്നു. ഒടുവിൽ ചക്രവാളത്തിനുമപ്പുറമുള്ള ഏതോ ഒരു സൂക്ഷ്മബിന്ദുവിൽ കണ്ണുകളുടക്കിയതുപോലെ!

അണുവിലും ചെറുതായൊരു കുറി. അത് പതിയെ വലുതാകുന്നു. വിണ്ണിനേറ്റൊരു കറുത്ത കുത്തിന്റെ രൂപത്തിൽനിന്നു മേഘക്കൂട്ടത്തെ തുളച്ചുപായുന്നൊരു കല്ലിൻചീളായി രൂപാന്തരപ്പെടുന്നു. ഭേദപ്പെടുന്ന രൂപത്തോടൊപ്പം അതിന്റെ വശങ്ങളിലെന്തോ ചലിക്കുന്നതായും ആ ചലനത്തിനൊരു താളമുള്ളതായും അനുഭവപ്പെടുന്നു.

‘‘അത്... അതൊരു പക്ഷിയാണ്.’’ അറിയാതെ പറഞ്ഞുപോയി. ഇത്രയും കാലം ഈ ഭൂമിയിൽ ജീവിച്ചിട്ടും ഇന്നോളം കണ്ടിട്ടില്ലാത്തൊരുതരം പക്ഷി. ഒരു പ്രത്യേകതരം പക്ഷി. അത് ദൂരമത്രയും താണ്ടി മുന്നോട്ടു പറന്നുവരികയാണ്. അതിന്റെ ചിറകടിയുടെ താളത്തിന് അൽപമൊരു വ്യത്യാസമുള്ളതായി തോന്നുന്നു. തുടർച്ചയായ ചിറകടികൾക്കുശേഷം വായുവിലൂടുള്ള തെന്നിനീക്കം. തുടരുന്ന ചിറകടിത്താളത്തിന്റെ തനിയാവർത്തനം.

അതിപ്പോൾ ഏറെ അടുത്തേക്കെത്തിയിരിക്കുന്നു. നിവർത്തിവിടർത്തിയാൽ ഒരു തടാകത്തെ മറയ്ക്കാൻപോന്ന ചിറകുകൾ. തവിട്ടുനിറമാർന്ന തൂവലുകൾക്ക് ഇടത്തരം മേപ്പിൾമരങ്ങളുടെ ശരത്കാല രൂപം. വാലിന് ഒരു നീലത്തിമിംഗിലത്തിന്റെ തോലുരിച്ചു വിരിച്ചിട്ടാലുള്ളത്ര വലുപ്പം. പവൻപോലെ മിന്നുന്ന കണ്ണുകളും കൂർത്തു മിനുസമുള്ള കൊക്കും വെട്ടിത്തിളങ്ങുന്ന നഖങ്ങളുമുള്ള ആ പക്ഷിഭീമനു ചുറ്റുമായി മറ്റനേകം ചെറുകിളികൾ വട്ടമിട്ടു പറക്കുന്നു.

പക്ഷിച്ചലനങ്ങളുടെ അതിശയാവഹമായ ക്രമപരിമാണങ്ങൾ എന്നിൽ തീർത്തത്, ഭ്രമാത്മകമായ പല ചിന്തകളിലേക്കുമുള്ള ഇഴവണ്ണത്താരകളായിരുന്നു. ചെറുകിളികളിലൊന്നുപോലും പറക്കുകയല്ല. അവ ഉന്മാദത്തിന്റെ ഏക കേന്ദ്രവലയങ്ങൾ തീർത്ത്, അടുത്തും അകന്നും വലയങ്ങൾ തമ്മിൽ കൊരുത്തും പിരിഞ്ഞും വായുവിലൂടൊഴുകുകയാണ്. ഈ വലയങ്ങളുടെയത്രയും കേന്ദ്രബിന്ദു, ആ ഭീമൻപറവമേലിരുന്ന് റൊട്ടിക്കഷണങ്ങൾ വാരിവിതറുന്നതൊരു മനുഷ്യനാണ്. എമിലിയോ! വൃത്താകാരം ഭഞ്ജിക്കാതെ തന്നെ അയാൾ വെച്ചുനീട്ടുന്ന റൊട്ടിനുറുക്കുകൾ കൊത്തിയെടുക്കാനായി കിളിക്കൂട്ടം പറന്നടുക്കുന്നു. തീറ്റയെടുത്തകലുന്നു.

ഇടക്കെപ്പൊഴോ അയാൾ എന്നെ നോക്കി. അതിനു പൂരകമായി പക്ഷികളുടെ ഗതിപഥം മെല്ലെ മാറി. എനിക്കരികിലേക്കവ പാറിയടുത്തു. എന്നെ നോക്കി കണ്ണുകൾ തുറിച്ചു. കൂടെപ്പോരുന്നോ എന്നു ചോദിച്ചു.

മറുപടി പറഞ്ഞില്ല. യാതൊരു ഭാവത്തിന്റെയും പകിട്ടില്ലാതെ, കൈയിലിരുന്ന കൂടയിൽനിന്നൊരു കടലാസുതുണ്ടെടുത്ത് എമിലിയോ നീട്ടി. ഇന്നലെ ഞാനെഴുതിയതെന്നു സെലറ്റ് പറഞ്ഞ, പുനരെഴുത്തിനിടകിട്ടാതെപോയൊരു കഥയുടെ നുറുങ്ങ്!

 

‘‘താണു മേയുന്ന ചെമ്മേഘക്കെട്ടുകളുടെയരികുപറ്റി ചിറകടിച്ചെത്തുന്ന പറവയെ കാൺകെ, കാലങ്ങളായി നെയ്തുകൊണ്ടിരുന്ന സ്വൈരസങ്കേതം തയാറായിരിക്കുന്നുവെന്ന് തിരിച്ചറിയും. ഒരു സൂര്യകാലത്തിനറുതി കുറിച്ച് മട്ടുപ്പാവിലേക്കത് ചാഞ്ഞിറങ്ങുമ്പോൾ പോയ കാലത്തിന്റെ ലാഭമൂല്യങ്ങളൊന്നും പങ്കുപറ്റാനില്ലെന്ന വിവേകമുണരും. പിന്നെ വൈകില്ല. ഒരു വാക്കുരിയാടാതെ, ഒരു നൊടി കാത്തുനിൽക്കാതെ പരമാർഥത്തിന്റെ വെൺവെട്ട പ്രവാഹത്തിലെ രേഖകളിലൊന്നായി മാറാൻ നീ തയ്യാറെടുക്കും.’’

കണ്ണുകൾ നിറഞ്ഞു. എമിലിയോ എനിക്കായൊരു റൊട്ടിക്കഷ്ണം നീട്ടി, നിറചിരിയോടെ വാത്സല്യത്തോടെ! പോകാൻ സമയമായിരിക്കുന്നുവെന്ന തിരിച്ചറിവ് ഉള്ളിലുണ്ടെങ്കിൽക്കൂടെ, അതു വാങ്ങുവാനോ കഴിക്കുവാനോ എനിക്കു തോന്നിയില്ല.

കൈകൾക്കുമേൽ മനസ്സിന്റെ ചാട്ടുളിയുടക്കിക്കിടക്കെ, അയാൾ വിരലിളക്കി ചൂളംവിളിച്ചു. ഞാൻ അനുസരണയുള്ളവനായി മാറി. റൊട്ടി വാങ്ങിക്കഴിച്ചു. എനിക്കു ചിറകു മുളച്ചു. ഒരു പക്ഷിയായി രൂപാന്തരപ്പെട്ടു. വലയത്തിനുള്ളിൽ എനിക്കായൊഴിച്ചിടപ്പെട്ട ഇടം തേടി പറന്നു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT