ദ്വന്ദ്വം

“എഴുത്തെന്നാൽ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാവണം, ആണ്.” രജനീഷ് എന്ന അമ്പതുകാരൻ മനസ്സിൽ പതിച്ച വാചകം ഒന്നുകൂടെ ഓർത്ത് തന്റെ എഴുത്തും ജോലിയും പങ്കിടുന്ന ലാപ്ടോപ് വെച്ച മേശക്കു മുന്നിലെ കസാലയിലേക്ക് അമർന്നു. ജോലിസംബന്ധമായ മീറ്റിങ്ങിനു മുമ്പ് ഒരു കഥ തുടങ്ങിക്കളയാം എന്നു കരുതിയതാണ്. മനസ്സ് പാകപ്പെടാത്തതിനാൽ അയാൾ ഒന്നും ചെയ്യാനില്ലാത്തവനെപ്പോലെ ഒന്നുകൂടെ കസാലയിലേക്ക് കൂർപ്പിച്ചിരുന്നു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ ജീവിക്കാത്ത നിമിഷങ്ങളാണ്. മരണതുല്യം. ജോലിയും എഴുത്തും മാറ്റിവെച്ച് അയാൾ തൽക്കാലം തന്നിലേക്കിറങ്ങി. വലം കൈപ്പത്തി താടിയെല്ലിനു താങ്ങി, കൈമുട്ട് മേശയിലമർത്തി ഇടക്കിടെ...

“എഴുത്തെന്നാൽ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാവണം, ആണ്.”

രജനീഷ് എന്ന അമ്പതുകാരൻ മനസ്സിൽ പതിച്ച വാചകം ഒന്നുകൂടെ ഓർത്ത് തന്റെ എഴുത്തും ജോലിയും പങ്കിടുന്ന ലാപ്ടോപ് വെച്ച മേശക്കു മുന്നിലെ കസാലയിലേക്ക് അമർന്നു.

ജോലിസംബന്ധമായ മീറ്റിങ്ങിനു മുമ്പ് ഒരു കഥ തുടങ്ങിക്കളയാം എന്നു കരുതിയതാണ്. മനസ്സ് പാകപ്പെടാത്തതിനാൽ അയാൾ ഒന്നും ചെയ്യാനില്ലാത്തവനെപ്പോലെ ഒന്നുകൂടെ കസാലയിലേക്ക് കൂർപ്പിച്ചിരുന്നു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ ജീവിക്കാത്ത നിമിഷങ്ങളാണ്. മരണതുല്യം. ജോലിയും എഴുത്തും മാറ്റിവെച്ച് അയാൾ തൽക്കാലം തന്നിലേക്കിറങ്ങി. വലം കൈപ്പത്തി താടിയെല്ലിനു താങ്ങി, കൈമുട്ട് മേശയിലമർത്തി ഇടക്കിടെ സ്വയം ചോദിക്കാറുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വലിച്ചു പുറത്തിട്ടു.

“ഞാൻ ആരാണ്?’’

“ആ” (ഒരു ചുമല് കുലുക്കലോടെ.)

“അറിയില്ലേ?’’ “ഇല്ല.’’

“ങ്ങ്... ഹേ..?”

“ഇല്ല... അല്ല... അല്ല... അറിയാം.” (കടുത്ത തീർച്ചയില്ലായ്മയിൽ)

“എന്നാ പറ... ഉം... വേഗം.”

“ഞാൻ...”

ഞാനോ, ആരാണ് ഞാൻ? ചോദ്യത്തിന്റെ തീക്ഷ്ണ തയിൽ, ഉത്തരം കിട്ടായ്കയിൽ, അയാളുടെ വയർ ചെറുതായി ഒന്ന് കാളി. അയാൾക്കപ്പോൾ നന്നായി വിശക്കുന്നുണ്ടായിരുന്നു. പെട്ടെന്നയാൾ തന്റെ അന്നത്തെക്കുറിച്ചും അന്നം തരുന്ന ജോലിയെക്കുറിച്ചും ഓർത്തു. തുടർന്ന് ജോലിസംബന്ധമായ കൂടിക്കാഴ്ചയെക്കുറിച്ചും.

കൂടിക്കാഴ്ചക്കിടക്ക് ആവശ്യത്തിന് സമയമുണ്ട്. പെട്ടെന്നൊരു ഷവർ ആവാം, ലളിതമായ രാത്രിയത്താഴവും. താനാരാണെന്നതിൽ തീർപ്പില്ലെങ്കിലും പേരിൽ തർക്കമില്ല. രജനീഷ്. രജനിയും രാജനും എന്ന മാതൃകാദമ്പതികളുടെ മൂത്തപുത്രൻ. കുടുംബ മരച്ചില്ലയിൽ തനിക്കുമുണ്ടൊരിണയും രണ്ട് കുരുന്നുകളും. ലാപ്ടോപ്പിലൂടെയുള്ള വിഡിയോ മുഖാമുഖം നിർണായകമായതിനാൽ രജനീഷ് തിടുക്കത്തിൽ കുളിമുറിയിൽ കയറി വാതിൽ കുറ്റിയിട്ടു.

ഇപ്പോൾ അയാൾക്കു മുന്നിൽ അച്ചടക്കത്തോടെ ചരിക്കുന്ന ഒരു ഉറുമ്പിൻനിരയുണ്ട്. ചെറിയ വെള്ള ടൈലുകളും ഇടക്കിടെ കാട്ടുപൂക്കളും കുറേ കുഞ്ഞു കുരുവികളും അവയെ കൊത്തിക്കീറാൻ പാകത്തിൽ പറന്ന് താഴുന്ന ഒന്നു രണ്ടു പരുന്തുകളും ചേർന്ന ചുമരുകളുള്ള ഒരു കുളിമുറിയിലാണ് അയാളിപ്പോൾ. ഉറക്കെ വാതിൽ കൊട്ടിയടച്ചിട്ടും ഷവർ തുറന്നിട്ടും ഉറുമ്പിൻകൂട്ടം ഞെട്ടുകയോ കൂട്ടംതെറ്റുകയോ ചെയ്‌ത മട്ടില്ല.

ഷവറിലൂടെ വീഴാൻ തുടങ്ങിയ ചെളിനിറമുള്ള വെള്ളത്തെ നിയന്ത്രിച്ച് അയാൾ ഉറുമ്പുകളിലേക്ക് ശ്രദ്ധ മാറ്റി. വേനൽ കടുത്തപ്പോൾ തുടങ്ങിയ നിറമാറ്റവും ചെളിവാടയും കൂടിവരുന്നു. ആദ്യമായാണ് ഉപയോഗിക്കുന്ന വെള്ളത്തിന് ഇത്രയധികം നിറംമാറ്റവും നിയന്ത്രണവും വന്നത്. ഐ.ടി ഹബായ ബംഗളൂരുവിലെ ജനസംഖ്യ അതിസാന്ദ്രമായിക്കൊണ്ടിരിക്കുന്നു.

രാവിലെയും രാത്രിയും ഒരു മണിക്കൂര്‍മാത്രം വിട്ടുകിട്ടുന്ന വെള്ളം. വേർതിരിവുകൾകൊണ്ട് വടംകെട്ടിയ ഗേറ്റഡ് കമ്യൂണിറ്റികളെ അയാൾ വെറുത്തിരുന്നു. അതിനാലാണ് ഞെരുക്കങ്ങളില്ലാത്ത ഈ ചുറ്റുപാടിൽ ഒരു ഫ്ലാറ്റ് വാടകക്ക് ഒപ്പിച്ചെടുത്തത്. കൂറ്റൻ ഗേറ്റുകൾക്ക് മുന്നിലെ നിരത്തിലൂടെ പലപ്പോഴും അയാൾ സൈക്കിൾ ചവിട്ടി ഓഫീസിലേക്ക് പോകാറുണ്ട്. അത്യാവശ്യത്തിനു മാത്രമേ കാറെടുക്കാറുള്ളൂ.

ചുളിഞ്ഞു മുഷിഞ്ഞ കളസത്തിൽ കാലിന് പാകമാവാത്ത ചെരുപ്പുകളും വലിച്ചുനീങ്ങുന്ന തെരുവ് ബാല്യങ്ങൾ വലിയ പാർപ്പിട സമുച്ചയത്തിന്റെ സെക്യൂരിറ്റി കാക്കുന്ന കനത്ത ഗേറ്റിന്റെ വിടവിലൂടെ പലപ്പോഴും ഉള്ളിലേക്ക് പാളിനോക്കുന്നത് അയാൾ കണ്ടിട്ടുണ്ട്. ഗേറ്റിനുള്ളിൽ കളിസ്ഥലത്തെ പുൽത്തകിടിക്ക് ചുറ്റുമുള്ള നിരത്തിലൂടെ സൈക്കിൾ ചവിട്ടി അർമാദിക്കുന്ന കുട്ടികളിൽ ചിലർ ഓട്ടം നിർത്തി പുറത്തെ കുട്ടികളെ നോക്കുമ്പോഴുള്ള അവരുടെ കണ്ണുകളിലെ കിതപ്പ് അയാളുടെ നെഞ്ഞ് കീറും. കുട്ടികൾക്കിടയിൽ അവരുടേതായ വിനിമയങ്ങളാണ്.

അപ്പോഴാവും ഗേറ്റിലെ സെക്യൂരിറ്റി വലിയ വായിലേ ഒച്ചയെടുത്ത് വടി ചുഴറ്റി പുറത്തെ കുട്ടികളെ ഓടിക്കാൻ നോക്കുന്നത്. വാടക ലൈൻമുറിയിൽ കഴിയുന്ന സ്വന്തം കുഞ്ഞുങ്ങളുടെ നെഞ്ഞിന്റെ പിടച്ചിൽ ഒരുനിമിഷം അയാളുടെ കൈ തളർത്തിയിരിക്കുമോ? ധൃതിയിലല്ലെങ്കിൽ സൈക്കിൾ ചവിട്ടി നിർത്തി ഗേറ്റിനുപുറത്തെ ബാലന്റെ മുടിയിഴകളിലൂടെ കയ്യോടിച്ച്‌ കവിളത്തൊന്നു തട്ടി ഒന്നും സംഭവിക്കാത്തതുപോലെ രജനീഷ് യാത്ര തുടരും. അമ്പരന്ന ഒരു ജോടി കണ്ണുകൾ അയാളെ പിന്തുടരുന്നുണ്ടാവും. ഇതു മാത്രമല്ല, മഹാനഗരത്തിന്റെ പല കാഴ്ചകൾക്കും നേരെ ചോര തിളക്കുമ്പോഴൊക്കെ അയാൾ കണ്ണടക്കും.

അപ്പോൾ അയാൾ സ്വയം ശാസിച്ചുകൊണ്ടിരിക്കും. ഇവിടെ ഇത്രയൊക്കെയേ പാങ്ങുള്ളൂ. വേണമെങ്കിൽ കൂടെക്കൂടാം. ഇല്ലെങ്കിൽ ഒഴിഞ്ഞുപോയി തുലക്കാം. കൂടണോ ഒഴിഞ്ഞുപോകണോ എന്നകാര്യം പേർത്തും പേർത്തും ആലോചിച്ചാൽ അയാളുടെ സമനില തെറ്റും. അതുകൊണ്ടുതന്നെ അയാൾ വെള്ളത്തിൽ ചെളി കനക്കുന്നതോർക്കാതെ വരി പോകുന്ന ഉറുമ്പുകളിലേക്ക് ശ്രദ്ധ തിരിച്ചു. കുളിമുറി ടൈലുകളുടെ മൂലക്ക് പൊടിഞ്ഞു ചിതറിയ മാരി ബിസ്കറ്റിന്റെ തരികൾ ചുമന്ന് നീങ്ങുന്ന അവ തെന്നിമാറി മുഖാമുഖം വന്ന്‌ മറ്റുള്ളവയുമായി ആശയവിനിമയം നടത്തി വീണ്ടും വരിചേർന്ന് ശുഷ്കാന്തിയോടെ ജോലി തുടരുന്നു.

ഇത്രയും പൊള്ളിച്ചൊരു വേനൽ തന്റെ ഓർമയിലില്ല. വെയിലിന്റെ പൊരിച്ചിൽ കൂട്ടത്തോടെ പുറത്ത് ചാടിച്ചതാവാം ഇവറ്റകളെ. പെട്ടെന്ന് പുറത്തുനിന്ന് പ്രകൃതിയിലെ നനുത്ത ഇമയനക്കം രജനീഷിനെ തൊട്ടു. പുതുമഴയിലൂടെ വരുന്ന മണ്ണിന്റെ ഗന്ധം എത്ര വലിച്ചെടുത്താലും തീരാത്ത കൊതിയാണ്. എ.സിയുടെ തണുപ്പിനുള്ളിലും അയാളത് മൂക്കിലൂടെ ഉള്ളിൽ നിറച്ചു. പുറത്തെ മഴ എ.സി തണുപ്പിനെയും മുരൾച്ചയെയും പതുക്കെ തല്ലി കെടുത്തുന്നു.

ഈ ഫ്ലാറ്റിൽ മറ്റാരുംതന്നെ മഴയുടെ വരവറിഞ്ഞു കാണില്ല. വായുവിന്റെ പ്രശ്നമുള്ളതുകൊണ്ട് സെറീന നേരത്തെ അത്താഴം കഴിച്ച് എ.സി ഇട്ട് പുതപ്പിനടിയിലാവും. ഉണർന്നിരിക്കുമ്പോൾ അവൾ ചൂടിനെപ്പറ്റി പരാതി പറഞ്ഞുകൊണ്ടിരിക്കും. മക്കൾ രണ്ടുപേരും പ്ലസ് വണ്ണിലും പ്ലസ് ടുവിലും ആകയാൽ പരീക്ഷച്ചൂട് കൂട്ടിനുണ്ട്.

കാത്തിരുന്ന് കാലം തെറ്റിച്ച് വന്ന മഴ പുറത്ത് തോറ്റം പാടുന്നു. പെട്ടെന്നാണ് ഞെരുങ്ങി നീങ്ങുന്ന മേഘങ്ങൾ ഒരു മിന്നലിനെ വെന്റിലേറ്ററിലൂടെ കത്തിച്ചിട്ട് കുളിമുറിയാകെ ജ്വലിപ്പിച്ചത്. വലിയൊരു ഇടിയെ പറിച്ച് ഫ്ലാറ്റിന്റെ മേൽക്കൂരക്ക് മുകളിൽ കൊണ്ടിട്ട് ഞെട്ടിച്ചത്. തലമുടികളും ഉടലും ഉള്ളും വിറക്കുന്നു. മാറത്ത് പിണച്ച കൈകളിലേക്ക് തലതാഴ്ത്തി കണ്ണു പൂട്ടി രജനീഷ് ഏറെനേരം നിന്നു. കണ്ണുകൾ തുറന്ന് ചുറ്റും നോക്കിയപ്പോൾ ഇടിയും മിന്നലും വന്ന് വിറപ്പിച്ച കുളിമുറിയിൽ പതറാതെ സ്വന്തം ജോലി തുടരുന്ന ഉറുമ്പിൻ നിരയിലാണുടക്കിയത്. അവ വിറച്ച മട്ടില്ല.

ജോലിനിർത്തിയിട്ടില്ല. ബിസ്കറ്റ് തരികൾ ഏറക്കുറെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാണണം. മകന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബിസ്കറ്റ്. മണവും സ്വാദുമുള്ള ഏതുതരം ബിസ്‌കറ്റ് കൊടുത്താലും കുഞ്ഞിലേ അവൻ വായടച്ച് കൈകൊണ്ട് തട്ടിമാറ്റും. ബിസ്കറ്റിന്റെ അവസാന ഭാരവും ചുമന്ന് ഉറുമ്പുകൾ കണിശതയോടെ നിരങ്ങിനീങ്ങുകയാണ്. ഇടിയുടെ ആഘാതത്തിൽ കിടുങ്ങിയ അയാളുടെ മനസ്സ് ഈ കാഴ്ചയിൽ പെട്ടെന്ന് കുളിർത്തു.

മഴ. കാത്തു കാത്തിരുന്ന മഴ. ആദ്യം നനുത്ത ആരവത്തോടെ. പിന്നെ മാനത്ത്, ഭൂമിയിൽ അത് കൊഴുക്കാൻ തുടങ്ങുന്നു. നീരുറവയിൽനിന്ന് പൊട്ടി സ്വയം വഴി കണ്ടെത്തുന്ന നീർച്ചാലുപോലെ രജനീഷിന്റെ മനസ്സിൽ വല്ലാത്തൊരാഹ്ലാദം ഉറവപൊട്ടി. ആശയങ്ങളും അക്ഷരങ്ങളും ചാലിട്ടൊഴുകുന്നു. ഈ നിമിഷത്തിൽ, ഇപ്പോൾ അവയെ തടയിട്ട് പിടിച്ചുകെട്ടണം. ഇല്ലെങ്കിൽ എങ്ങോട്ടേക്കെങ്കിലും ചാടിപ്പോയേക്കാം.

രജനീഷ് പെട്ടെന്നൊരു ടവലെടുത്ത് വാരിച്ചുറ്റി ബെഡ്റൂമിന് തൊട്ട് ജോലി സൗകര്യത്തിനുവേണ്ടിയുള്ള കാബിനിലേക്ക് കുതിച്ചു. പേന കയ്യിലെടുത്ത് മേശ മേലുള്ള റൈറ്റിങ് പാഡ് മുന്നിലേക്ക് നീക്കിവെച്ചു. പുതുമഴയിൽ കിട്ടിയ അക്ഷരങ്ങൾ കുനുകുനാ കോറിയിടാൻ തുടങ്ങി. വെട്ടിയും തിരുത്തിയും ലാപ്ടോപ്പിലേക്ക് മാറ്റുന്നത് പിന്നീടാവാം.

 

ഏറെ നാളുകളിലെ വെയിലുരുക്കത്തിനു ശേഷമുള്ള മഴ കൊടുത്ത അക്ഷരങ്ങളാണ്. പെട്ടെന്നാണ് അയാൾ വീഡിയോവിലൂടെയുള്ള മുഖാമുഖത്തെ കുറിച്ചോർത്തതും എഴുത്തുനിർത്തി തിടുക്കത്തിൽ വസ്ത്രങ്ങൾ ധരിച്ച് മുഖാമുഖത്തിനിരുന്നതും. യു.എസിലെയും ഇവിടത്തെയും സമയം ഒത്തു നോക്കിയപ്പോൾ കിറുകൃത്യം.

“നിങ്ങക്ക് മഴ കിട്ടീനാ...”

ലാപ്ടോപ് സ്ക്രീനിൽ തെളിഞ്ഞ മനുഷ്യനു നേരെ ചോദ്യത്തിന്റെ കൂടെ രജനീഷ് സ്വന്തം മനസ്സിലെ ആഹ്ലാദവും കുടഞ്ഞിട്ടു. എതിർവശത്തുള്ള മുഖത്ത് അമ്പരപ്പ് നിറയുന്നത് കണ്ടപ്പോഴാണ് രജനീഷിന് പരിസരബോധം വന്നത്.

“ഐ ആം സോറി സർ. എക്സ്ട്രീമിലി സോറി. വാസ് ഡീപ് ലീ തിങ്കിങ് എബൗട്ട് സംതിങ് എൽസ്.”

“ഇറ്റ്സ് ഓക്കേ രജിനീഷ്.’’

സ്ക്രീനിലെ മനുഷ്യന്റെ മഞ്ഞ കലർന്ന്‌ വെളുത്തു തുടുത്ത മുഖത്തുനിന്ന് തുടർന്ന് വന്ന സ്പാനിഷ് വാക്കുകളുടെ അർഥം മനസ്സിലായില്ല. രജനീഷിന്റെ ഉയരവുമായി ഒപ്പിക്കാനെന്നവണ്ണം അയാൾ തന്റെ കുറിയ ശരീരം നിവർത്തി കസാലയിൽ ഇളകിയിരുന്നു. വയറിന്മേൽ കൈ​െവച്ച് കുലുങ്ങി ചിരിച്ചപ്പോൾ അയാളുടെ ഉള്ളുപറഞ്ഞത് രജനീഷിന്റെ മനസ്സ് കേട്ടു. “പൊട്ടാ, നീ മഴ കണ്ട ആവേശത്തിലല്ലേ ജോലിപോലും മറന്ന് എന്തൊക്കയോ പുലമ്പിയത്. എനിക്കല്ലാതെ പിന്നെ നിന്നെ ആർക്ക് മനസ്സിലാക്കാൻ പറ്റും.

വേണ്ടത്ര സമയം മഴയെ മനസ്സിലിട്ടോളൂ. എന്നിട്ടാവാം ജോലി.” അമേരിക്കയിലേക്ക് കുടിയേറി പാർത്ത ഈ ചിലിക്കാരനുമായി പരിചയപ്പെട്ടിട്ട് 15 കൊല്ലങ്ങളോളമായി. ഔദ്യോഗിക ബന്ധങ്ങൾക്കപ്പുറത്തേക്ക് ഒരാത്മബന്ധം ഇയാളുമായി വളർന്നുകഴിഞ്ഞിരിക്കുന്നു. എഴുതുമ്പോൾ Jose sanchezഉം പറയുമ്പോൾ ഹോസേ സാൻജസുമായ, പ്രാദേശികതകളില്ലാത്ത വലിയ മനസ്സിനുടമയായ ഈ ആഗോളമനുഷ്യൻ രജനീഷിന്റെ മനസ്സിൽ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്. ജോലിയില്ലായ്‌മയിലും ജോലിഭാരത്താലുമുള്ള സമ്മർദങ്ങൾ ഒരുപാടനുഭവിച്ചതാണ് രജനീഷ്. രണ്ടും മനുഷ്യനെ ഭ്രാന്തിൽ കൊണ്ടു ചെന്നെത്തിക്കുന്നവ.

ഏറെക്കാലം പട്ടാളത്തിലായിരുന്നു അച്ഛൻ. നാടിനും പട്ടാളത്തിനുമിടക്ക് പാലം പണിത് അമ്മയും രജനീഷും ജീവിച്ചു. ശരിയെന്നു തോന്നിയ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചാണ് അവരവനെ വളർത്തിയത്. ബാല്യം. അതൊരു കിളിക്കൂടാണ്. കളിക്കൂട്ടാണ്. ചുറ്റുമുള്ളതിലേക്ക് കൊച്ചു കണ്ണുകൾ വിടർത്തി അവൻ ലോകം കാണാൻ തുടങ്ങി. ഏറെ പകപ്പോടെ. ചിലപ്പോൾ ഇത്തിരി ദയയോടെ, സ്നേഹത്തോടെ വെറുപ്പോടെ. ആ കിളിക്കൂടിലേക്കിട്ടുതന്ന അവശ്യസാധനങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു.

ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടം നോക്കാതെ കിട്ടിയ വസ്ത്രങ്ങൾ. അറിവിന്റെ ലോകത്തിലേക്ക് ജിജ്ഞാസയോടെ കണ്ണുകൾ വിടർത്തി തുടങ്ങിയത് അവരവനെത്തിച്ചു കൊടുത്ത പുസ്തകങ്ങളിലൂടെയായിരുന്നു. വളരുന്തോറും ലോകത്തിൽ കണ്ണുകളാഴ്ത്താനും മനസ്സുകൊണ്ടളക്കാനും പഠിച്ച കുട്ടി നിരസിക്കാൻ തുടങ്ങിയത് ചോദിക്കാതെ കിട്ടിയ ഉപദേശങ്ങളെയാണ്.

അറിവുകൾ പണിയായുധങ്ങളാക്കി സ്വയം പണിതെടുക്കാൻ ശ്രമിച്ചപ്പോഴാണ് അവനിൽ ചോദ്യങ്ങൾ വിത്തുകുത്തി തുടങ്ങിയത്. മനസ്സ് വിങ്ങിയപ്പോൾ പുസ്തകങ്ങളെ കൂട്ടുപിടിച്ച്‌ പുറത്തേക്ക് കണ്ണുകൾ കൂടുതൽ വിടർത്തി. പ്രഫഷനൽ കോളേജിലെ ഇളക്കങ്ങൾ മനസ്സുകൊണ്ട് തടുത്ത് സ്വന്തം സ്വത്വത്തിലേക്ക് ചുരുങ്ങി. ഹോസേ സാൻജസുമായുള്ള മുഖാമുഖം തൃപ്തിയോടെ തീർക്കുമ്പോഴേക്കും മഴ എപ്പോഴേ തീർന്നിരുന്നു. ഏകദേശം 10 മിനിറ്റോളം പെയ്തു കാണണം. ദൈവമേ… ഒരര മണിക്കൂറെങ്കിലും പെയ്തിരുന്നെങ്കിൽ… സാധാരണയായി ദൈവത്തെ വിളിക്കാറില്ലാത്ത അയാൾ മനംനൊന്ത് ഉള്ളിൽ യാചിച്ചുപോയി.

പ്രോഡക്ട് ബേസ്ഡ് കമ്പനിയായതുകൊണ്ടുതന്നെ സാഞ്ചസുമായി അടിക്കടി വീഡിയോ കോളുകൾ വേണ്ടിവരുന്നു. അഭിമുഖം കഴിഞ്ഞാലും സുഖവിവരങ്ങൾ പങ്കിടാൻ സാഞ്ചസ് സമയംകണ്ടെത്തുന്നു. കരുതലുള്ള ആ മുഖം പിന്നെയും മനസ്സിൽ തങ്ങിനിൽക്കും. ആധി പിടിച്ച സ്വന്തം മനസ്സിനെ ആശ്വസിപ്പിക്കാൻ അതുതന്നെ ധാരാളം.

അതുപോലെയല്ല യു.കെയിലെ റെഡിങ്ങിലെ തന്റെ തൊഴിൽ പങ്കാളി. തൊലി വെളുപ്പൻ. ശബ്ദം കേട്ടാലറിയാം ഇന്ത്യക്കാരുടെ സമയവ്യവസ്ഥയില്ലായ്മയെ മനസ്സിൽ പുച്ഛമാണെന്ന്. കുറേക്കാലം തലയിൽ കയറി ഭരിച്ചതല്ലേ. കഴിഞ്ഞയാഴ്ചയാണ്. അന്നുമുണ്ടായിരുന്നു സാമാന്യം നല്ല ഇടിയും മിന്നലും. മഴ ഒരു തുള്ളിപോലും പെയ്തില്ല.

രാവിലെ യു.കെയിലെ 7.54ന് മൂപ്പരുമായി ഒരു ഓഡിയോ ചർച്ച നിശ്ചയിച്ചതാണ്. ബാംഗ്ളൂരിൽ അപ്പോൾ സമയം ഉച്ചക്ക് 12.24 കുളിയും മറ്റും തീർത്ത് ഒരുങ്ങിനിന്നു. അപ്പോഴാണ് വയറ്റിൽനിന്ന് തലേന്നത്തെ ഭക്ഷണത്തിന്റെ വളിച്ച ഒരു വിളി വന്നത്. ഡെലിവറി ബോയ് ഭക്ഷണം കൊണ്ടുവന്ന് വെച്ചപ്പഴേ ഒരു അരുതാത്ത മണം മൂക്കിലേക്കടിച്ചതാണ്. രജനീഷിന്റെ ജീവിതത്തിൽ പലപ്പോഴും ഗന്ധങ്ങളാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി കൊടുക്കാറ്. ധൃതിയിൽ ടോയ്‌ലറ്റിൽ കയറിയെങ്കിലും തിരിച്ചുവരാൻ ഒരൽപം വൈകി. ആദ്യമായാണ് ഇവിടെ ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കുന്നത്.

ജലക്ഷാമം അത്ര രൂക്ഷമാണ്. അനുവദിച്ച അളവ് വെള്ളംമാത്രം ഉപയോഗിക്കണമെങ്കിൽ ശൗച്യം ഉപേക്ഷിക്കേണ്ടി വരും. പെട്ടെന്ന് രജനീഷ് ഒരു തമാശ ഓർത്തു. അമ്മ പറഞ്ഞതാണ്. ശൗച്യത്തിന് വെള്ളമുപയോഗിക്കില്ലെന്നറിഞ്ഞപ്പോൾ അന്ന് നാട്ടുകാരിട്ട പേരാണ് സായിപ്പിന്റെ ചന്തിയുര കടലാസെന്ന്. ടോയ് ലറ്റിന്റെ പുറത്തു കടന്ന്‌ വാതിൽ വലിച്ചടച്ചപ്പോൾ അറിയാതെ ഒരു വാക്ക് കൂടെ ആ അമ്പതുകാരൻ അതിനുള്ളിൽ ചേർത്തടച്ചു. ഷിറ്റ്…കണിശക്കാരനായ വെളുപ്പന്റെ അസഹിഷ്ണുത മനസ്സിലോർത്തതാവാം കാരണം. കിടപ്പുമുറിയിൽ കാലെടുത്ത് കുത്തിയതും മൊബൈലിൽനിന്ന് കുളിർജല മർമരമായി കാതിൽ സംഗീതമഴ പെയ്യുന്നു.

റഫീക്ക് അഹമ്മദിന്റെ ‘മഴഗീത’ത്തിലെ അർഥവത്തായ വരികൾ. ‘‘മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ...” കേരളത്തിന്റെ സ്വന്തം മഴയെപ്പറ്റി വെളുപ്പന് എന്തറിയാം.

ചെയ്യുന്ന പ്രവൃത്തി വിലയിരുത്താനായി ദിവസേനയുള്ള സ്റ്റാൻഡ് അപ്പ് മീറ്റിങ്ങാണ്. ഓഡിയോ കോൾ. മിന്നലിന്റെയും ഇടിയുടെയും വെപ്രാളത്തിൽ ആഴ്ചയി ലൊരിക്കലുള്ള വീഡിയോ കാൾ അല്ല എന്ന കാര്യം ഓർത്തില്ല. അരയിൽ ചുറ്റിയ ടർക്കി ടവലോടെ ജോലിയുടെ പുരോഗതി ബോധിപ്പിക്കാവുന്നതേയുള്ളൂ. എന്തോ, രജനീഷിന് ജാള്യം തോന്നി. കൈ നീട്ടി വസ്ത്രങ്ങൾ ഒതുക്കിയ സ്റ്റാൻഡിൽനിന്ന് തോർത്ത് വലിച്ചെടുത്ത് രോമക്കാട് നിറഞ്ഞ കറുത്ത മാറിലേക്ക് വലിച്ചിട്ടു. കയ്യിലെ ഫോൺ ഞെക്കി റഫീക്കിന്റെ മഴയെ തുരത്തി ലാപ്ടോപ്പിനടുത്തേക്ക് നീങ്ങി. വെളുപ്പന്റെ വെളുത്ത മാറിടം മനസ്സിൽ വന്നപ്പോൾ തോർത്ത്‌ ഒന്നുകൂടെ വലിച്ച് ശരിയാക്കിയിട്ടു.

“ഗുഡ് ഈവെനിങ് സർ. രജ്നീഷ് ഹിയർ...”

“ആം സോറീ റജിനീഷ്. യൂ ആർ ലേറ്റ് ബൈ ടെൻ മിനുട്സ്. ഡോണ്ട് റിപ്പീറ്റിറ്റ്.’’

മറുപടിയായി രജനീഷും ധൃതിപ്പെട്ടു.

“ആം സോ സോറി സർ. ഇറ്റ്സ് പെർഫെക്റ്റ്ലി ഓകെ സർ. ഐ ആം റെഡി.”

അന്നത്തെ ഓഡിയോ കോൾ സമയത്ത് ഇടിയും മിന്നലുമായി കൊതിപ്പിച്ചു പോയ മഴയെ രജനീഷിന് പിന്നെ കിട്ടിയത് ഹോസെ സാഞ്ചസുമായുള്ള അഭിമുഖ സമയത്തുള്ള 10 മിനിറ്റ് നേരത്തേക്ക് മാത്രമാണ്.

തളരുന്ന മനസ്സോടെ, വരളുന്ന ശരീരത്തോടെ, സമനില തെറ്റുന്ന ചിന്തകളോടെ തുടർന്നുള്ള ഉറക്കമില്ലാ രാത്രികളിൽ അയാൾ ആലോചിച്ചാലോചിച്ച്‌ കിടന്നു. ഈ മഹാനഗരത്തിൽ പാങ്ങുണ്ടെങ്കിൽ കൂടെക്കൂടാം. ഇല്ലെങ്കിൽ പോയി തുലയാം. എന്താണ് വേണ്ടത്? ഒടുവിൽ അയാളൊരു തീരുമാനത്തിലെത്തി. പോയി നോക്കാം. തുലയാൻ വരട്ടെ.

=====

പുറത്ത് വെട്ടം വീണിട്ടില്ല. പാഞ്ചാലിമുക്കിൽ ബസിറങ്ങിയപ്പോൾ രജനീഷിന് എന്തെന്നില്ലാത്ത ആഹ്ലാദംതോന്നി. ബംഗളൂരുവിലെ പുഴുങ്ങിയ ചൂടിൽനിന്ന് ഇവിടെ കാലെടുത്തു കുത്തിയതും ചൂടിന്റെ പുറന്തോടിൽനിന്ന് ഒരകക്കുളിർ കാലടികളിലൂടെ മേലോട്ടു പുളയുന്നത് അയാളറിഞ്ഞു. ഈ മുക്കിനടുത്തെവിടെയോ ആണ് താൻ അന്വേഷിച്ചുവന്ന സ്ഥലം. സ്റ്റാൻഡിലിറങ്ങിയാൽ അതിരാവിലെ കുറഞ്ഞ ദൂരത്തിന് ഓട്ടോ കിട്ടി എന്നുവരില്ല. അമ്മയുടെ മരണശേഷം നാട്ടിലേക്കുള്ള വരവുകൾ കുറഞ്ഞിരുന്നു. ഓരോ തവണ വരുമ്പോഴുമുള്ള മാറ്റങ്ങൾ രജനീഷിനെ അത്ഭുതപ്പെടുത്താറുണ്ട്.

“ഹലോ കദീശാമുക്കിലൊന്ന് നിർത്ത്വോ? സ്റ്റാൻഡ് എത്തുന്നേന് കുറെ മുമ്പേ. റെയിൽവേ ഗേറ്റ് കടന്ന് കൊറച്ച്‌ ദൂരം പോയാ മതി.”

 

പുതിയ ആളായതിനാലാവാം രജനീഷ് പറയുന്നതു കേട്ട് കണ്ടക്ടർ പയ്യൻ ഡ്രൈവറുടെ അടുത്തുപോയി എന്തോ പറഞ്ഞത് ബസിന്റെ മുരൾച്ചയിൽ കേട്ടില്ല. തർക്കിച്ചുനിന്ന രണ്ടു മുഖങ്ങൾക്കും നേരെ തലതിരിക്കാതെ ഡ്രൈവറുടെ ശബ്ദമുയർന്നു.

“നിർത്തി കൊടുക്കാലോ. അതിപ്പോ കദീശാമുക്കല്ല. പാഞ്ചാലിമുക്കാ മോനെ.”

“ങേ, പാഞ്ചാലിയെപ്പാ ചായ പീട്യ നടത്യേത്?”

രജനീഷ് സ്വയം അതിശയപ്പെട്ടെങ്കിലും മിണ്ടിയില്ല. ബസിറങ്ങി കടുത്ത വേനലിൽ അടയിരിക്കുന്ന പുലർച്ച കുളിരിൽ രജനീഷ് കാലുകൾ വലിച്ചുവെച്ച് നടന്നുതുടങ്ങി. ബാല്യത്തിലെ ഓർമകളേക്കാളേറെ അമ്മയുടെ പറച്ചിലുകളിൽ ഉറച്ചുപോയ കദീശുമ്മയും മക്കളും. തളർവാതം വന്ന് വീണുപോയ ഭർത്താവിനെയും പറക്കമുറ്റാത്ത അഞ്ചു കുട്ടികളെയും പോറ്റാൻ കദീശുമ്മ നടത്തിയ ജീവിതസമരമാണ് കദീശാമുക്കിന്റെ പേരിനു പിന്നിലുള്ളത്.

സ്വയം തട്ടിക്കൂട്ടിയ ഓലച്ചായ്പിൽ തിളക്കുന്ന സമോവറിലെ വെള്ളത്തിൽ അസ്സൽ പൊടിച്ചായയും വീട്ടിൽനിന്ന് അതിരാവിലെ കറന്നെടുത്ത ശുദ്ധമായ ആട്ടിൻപാലും പഞ്ചസാരയും ചേർത്ത് ഏന്തിയെടുക്കുന്ന കദീശുമ്മയുടെ രസികൻ ചായക്ക് പേരെടുക്കാൻ അധികകാലം വേണ്ടിവന്നില്ല. അമ്മമ്മയുടെ വീട്ടിൽനിന്ന് വിളിപ്പാട് അകലെയാണ് കദീശുമ്മയുടെ ഓലക്കുടി. ടാറിട്ട നിരത്തിനക്കരെ. നിരത്തിന്റെ ഇരുഭാഗത്തും പന്തലിച്ചു നിൽക്കുന്ന വലിയ ആൽമരങ്ങൾ വേരുകൾ തൂക്കിയിട്ട് ഭൂമിയെ തലോടുന്നു.

കൊടും വേനലിലും കാൽനടക്കാർക്ക് ആശ്വാസമായി കണ്ണെത്താ ദൂരത്തോളം അവ വീതിയും വൃത്തിയുമുള്ള നിരത്തോരത്ത് വരിനിൽക്കുന്നു. അമ്മമ്മയും കദീശുമ്മയും മക്കളും ആവശ്യങ്ങൾക്കും സൗഹാർദത്തിനും വേണ്ടി എന്നും മുറിച്ചുകടക്കുന്ന നിരത്ത്. മംഗലാപുരം ഭാഗത്തേക്കും തിരിച്ചും ചീറിപ്പായുന്ന വാഹനങ്ങൾ കദീശുമ്മയുടെ ചായക്കട എത്താറാവുമ്പോൾ വേഗം കുറച്ച്‌ കടക്കു മുന്നിൽ ബ്രേക്കടിക്കും. ഉമ്മയുടെ കടും ചായ കൊടുക്കുന്ന പഞ്ചിൽ തണൽമരങ്ങൾക്ക് കീഴെയുള്ള ഓട്ടം അവർ ആസ്വദിച്ച് പതുക്കെയാക്കും. ഇലച്ചാർത്തുകൾ നിരത്തിനു മേലെ കൈകോർത്ത് തണൽ വിരിച്ചിരിക്കും. വാഹനങ്ങൾക്ക് അലമ്പില്ലാതെ ഇരുവശത്തു കൂടെയും അന്യോന്യം കടന്നുപോവാൻ സൗകര്യമുണ്ട്.

“ഭർത്താവ് തളർന്വോയിരുന്നില്ലെങ്ക് ബീടര് ഇനിയും ചുരുങ്ങിയത് ഒരഞ്ചെണ്ണത്തിനെങ്കും പെറ്റേനെ”, അമ്മമ്മ ഇടക്കൊക്കെ ഫലിതം പറയും. ചായക്കടയിലെ തിരക്കൊഴിയുന്ന നേരങ്ങളിൽ ചിലപ്പോൾ കുറച്ച് അരിയോ തേങ്ങയോ മുളകോ കടം വാങ്ങാൻ ഉമ്മ അമ്മമ്മയുടെ അടുത്തെത്താറുണ്ട്. മക്കളെ വളർത്താനുള്ള ഒരു സ്ത്രീയുടെ പങ്കപ്പാട് കണ്ട് അമ്മമ്മ അതൊന്നും തിരിച്ചുവാങ്ങാറില്ല. ഇടക്കിടെ തീരാറായ പഞ്ചസാരയോ ചായപ്പൊടിയോ ഒരു ഗ്ലാസ് ആട്ടിൻപാലോ കടം വാങ്ങാൻ അമ്മമ്മ അമ്മയെയാണ് ഉമ്മയുടെ അടുത്തേക്ക് വിടാറ്.

ചെറുതാണെങ്കിലും കല്ലുകെട്ടി ഓടുപാകിയ വീടായിരുന്നു അമ്മമ്മയുടേത്. ഇതാ ഇവിടെവിടെയോ. കുറച്ച് മുന്നിൽ വലതുഭാഗത്തായി. ഇടതുഭാഗത്താണ് കദീശുമ്മയുടെ ചായക്കടയും പിറകിലെ കുടിയും. അവിടന്ന് ഭൂനിരപ്പ് ചെരിച്ചാണ്‌ തെങ്ങിൻ പറമ്പുകളും ഒറ്റൊറ്റ വീടുകളുമടങ്ങുന്ന മനുഷ്യന്റെ വാസസ്ഥലം പ്രകൃതിയും മനുഷ്യരും ചേർന്ന് പണിതിട്ടത്. ഉമ്മയുടെ മക്കളും അമ്മയുടെ സഹോദരങ്ങളുമടങ്ങുന്ന ബാലജനസഖ്യം നിരത്തു മുറിച്ചുകടന്നും തിരിച്ചും അതിരുകളില്ലാത്ത സ്നേഹവും അതിരുകൾ ഞെരുക്കിയ വിഭവങ്ങളും പങ്കിട്ട് വളർന്നു.

കടലിൽനിന്ന് അധികം ദൂരെയല്ലാത്ത വാസസ്ഥലത്തിലെ ഉപ്പിന്റെ അതിര് നിർണയിച്ചത് കുറുകെയോടുന്ന ഈ താർ നിരത്താണ്. കദീശുമ്മയുടെ പുരയിടത്തിലെ കിണർവെള്ളത്തിന് ഉപ്പിന്റെ ചുവയാണെങ്കിൽ മറുവശത്ത് അമ്മമ്മയുടേത് ഉപ്പില്ലാത്ത തെളിനീരായിരുന്നു. ചായക്കടയിലേക്കുള്ള വെള്ളം എടുത്തിരുന്നത് അമ്മമ്മയുടെ കിണറിൽനിന്നാണ്. കാല് നിലത്തുറക്കാൻ പാകമാവുന്നത് തൊട്ട് ഉമ്മയുടെ ആൺമക്കൾ ഒഴിവുള്ളപ്പോഴൊക്കെ മരപ്പിടി വെച്ച ചതുര ടിന്നിൽ ചുമക്കാവുന്നത്ര വെള്ളം ചുമലിലേറ്റി നിരത്തു മുറിച്ചുകടന്ന് ചായക്കടയിലെത്തിക്കും.

ഉമ്മ മക്കൾക്ക് കൊടുത്ത അധ്വാനത്തിന്റെ ബാലപാഠം. കടയടുക്കുമ്പോൾ വാഹനങ്ങൾ സ്പീഡ് കുറക്കുന്നതിനാലാണ് കുട്ടികൾ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. കദീശുമ്മയുടെ മക്കളാണെന്ന കരുതൽ ഡ്രൈവർമാരും കാട്ടും. കടപ്പുറത്തെ പഞ്ചാരമണലിൽ ഓടിക്കളിച്ച അമ്മയുടെ സഹോദരങ്ങളടക്കമുള്ള ബാലജനസഖ്യത്തിൽ കടലോട് കളിച്ചുകളിച്ച് കദീശുമ്മയുടെ നാല് ആൺമക്കളും കടൽകടന്നു. ഇപ്പോൾ നാട്ടിൽ സൂപ്പർമാർക്കറ്റ് ശൃംഖലയും മറ്റുമായി ജീവിതം കരുപ്പിടിപ്പിച്ച്‌ മുന്നേറുന്നു.

രജനീഷിന്റെ സ്ഥലത്തിനു വേണ്ടിയും ദല്ലാൾ വഴി അമ്മയെ സമീപിച്ചതാണ്. രജനീഷിനുവേണ്ടി വെച്ചതാണെന്ന് പറഞ്ഞ് അമ്മ ഒഴിഞ്ഞു. കുട്ടിക്കാലത്ത് ഒരുപാടിടപഴകിയ വീടിന്റെ ചിത്രവും അമ്മയുടെ കഥകളും മനസ്സിലേക്ക് തിക്കിത്തിരക്കി വന്നപ്പോൾ രജനീഷിന് ആഹ്ലാദംകൊണ്ട് വീർപ്പുമുട്ടി. അയാൾ ബാക്ക്പാക്ക് കയ്യിലെടുത്ത് ആരും കാണുന്നില്ലെന്നുറപ്പു വരുത്തി അൽപമൊന്നുയർത്തിയെറിഞ്ഞ് തിരികെ പിടിച്ച് ഉച്ചത്തിൽ ചിരിച്ച്‌ നടത്തം തുടർന്നു. വീടു പൊളിഞ്ഞാലും കിണറും കണ്ണീരുപോലുള്ള തെളിവെള്ളവും അവിടെത്തന്നെ കാണുമല്ലോ.

പെട്ടെന്നാണ് ചിരിയെ മുക്കിക്കൊന്ന് ഭൂമികുലുക്കുന്നൊരിരമ്പം പിറകിൽനിന്ന് വന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയത്. അത് സൈലൻസർ എടുത്തുമാറ്റിയ ഒരു ബൈക്കാണെന്ന് പെട്ടെന്ന് മനസ്സിലായി. തുടർന്ന് അതുപോലെയുള്ള മൂന്നുനാലെണ്ണം ഒരു ജാഥപോലെ കടന്നുപോയപ്പോൾ അയാൾ നിരത്തിന്റെ ഏതു ഭാഗത്തേക്കാണ് മാറേണ്ടതെന്ന അങ്കലാപ്പിലായി. പെട്ടെന്ന് താനന്വേഷിക്കുന്ന വീടിന്റെ ഓർമ അയാളെ വലതുഭാഗത്തേക്ക് വലിച്ചിട്ടു.

പുലരി വിടർന്നുവരാൻ ഇനിയും നേരമുണ്ട്. കദീശാമുക്കിൽ ഇറങ്ങുമ്പോൾ വൈദ്യുതി നിലച്ചിരുന്നു. മൊബൈലിന്റെ അത്യാവശം വെട്ടത്തിലാണ് ഇതുവരെ നടന്നത്. കടന്നുപോയ ബൈക്കുകളുടെ വെളിച്ചത്തിൽ താനിപ്പോൾ നന്നായി ഉയർന്നുനിൽക്കുന്ന ഒരിടത്തുകൂടെയാണ് മുന്നോട്ടുനടക്കുന്നതെന്നയാൾക്കുറപ്പായി. കദീശാമുക്കിലുള്ള നിരത്തിന് ഇത്രയും ഉയരമോ? ബൈക്കുകൾ തുരുതുരാ വന്നതല്ലാതെ മറ്റൊരു വാഹനവും കടന്നുപോയിട്ടില്ല എന്നത് അയാളെ അത്ഭുതപ്പെടുത്തി. നമ്മുടെ ചെറുപ്പക്കാർക്ക് ഇതെന്തുപറ്റി? ഇത്രയും തിളപ്പോ? സൈലൻസർ ഊരി ബൈക്കോടിക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്?

നടന്നിരുന്ന നിരത്തിന് സമാന്തരമായി മറ്റൊന്ന് ഇതേ പൊക്കത്തിലുണ്ട്. ബൈക്കുകൾ കത്തിച്ചിട്ട വെളിച്ചത്തിൽ ഒരു പാഴ് ച്ചെടിപോലും പരിസരങ്ങളിലില്ലെന്ന് അയാൾക്കുറപ്പായി. ഉയർന്ന നിരത്തിൽനിന്ന് ഓരത്തേക്ക് നീങ്ങി മൊബൈൽ വെളിച്ചം ഞെക്കി നോക്കിയപ്പോൾ പാതാളത്തിൽ നിന്നെത്തിനോക്കുന്നതുപോലെ ചില കെട്ടിടങ്ങളുടെ തലപ്പുകളും അവശിഷ്ടങ്ങളും രജനീഷ് കണ്ടു.

അങ്ങിങ്ങായി ആന ചരിഞ്ഞതുപോലെ റോഡിൽ കിടക്കുന്ന വൻമരങ്ങളുടെ മണ്ണിൽ പുതഞ്ഞ തടിച്ച വേരുകളും. ഇടിച്ചുനിരത്തിയ പീടികകളുടെയും വീടുകളുടെയും പിൻഭാഗത്ത് കാവൽനിൽക്കുന്ന ഒറ്റൊറ്റ തൂണുകളുടെയും കെട്ടിടങ്ങളുടെയും പരിക്കു പറ്റിയ ദൃശ്യങ്ങൾ അയാളിൽ വല്ലാത്ത ഭീതിയും മരവിപ്പും ഉണ്ടാക്കി.

മൊബൈൽ വെളിച്ചം ഞെക്കി ഇരുവശങ്ങളിലേക്കും ഇറങ്ങാൻ യാതൊരു വഴിയും കാണാഞ്ഞപ്പോൾ പെട്ടെന്ന് രജനീഷിന്റെ മനസ്സിൽനിന്നും ശരീരത്തിൽനിന്നും സകല ഊർജവും ഊർന്നിറങ്ങി. ഇതാണോ മഹാനഗരം വിട്ട് താൻ സാന്ത്വനം തേടി കൂടുവെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം? നിരത്തും പരിസരവും കുഴിച്ചിളക്കിയ മൺകൂനകളുടെയും ജില്ലിയുടെയും, കെട്ടിടങ്ങളുടെ മനസ്സും ഉടലും തകർത്ത് നുറുങ്ങിയ കല്ലിന്റെയും സിമന്റിന്റെയും മണമല്ലാതെ മറ്റൊന്നും കിട്ടാനില്ലല്ലോ. മഹാനഗരത്തിൽ അൽപനേരത്തെങ്കിലും കിട്ടിയ മഴയും മണ്ണിന്റെ മണവും ഇവിടെ മഷിയിട്ടു നോക്കിയിട്ടും കാണുന്ന ലക്ഷണമില്ലല്ലോ.

ഇനി താൻ കദീശാമുക്ക് എങ്ങനെ കണ്ടുപിടിക്കും? അമ്മമ്മയുടെ ഇടിയാൻ തുടങ്ങിയ വീടും തെളിനീർ കിണറും എവിടെ എന്നുവെച്ച് തപ്പും? മനസ്സ് കടഞ്ഞപ്പോൾ മഹാനഗരത്തിലേക്ക് തന്നെ തിരിച്ചുപോകാനുള്ള ത്വര അയാളിലുണ്ടായി. മാറിയ ഈ കാഴ്ചകൾ അയാളുടെ തീരുമാനം മാറ്റിമറിച്ചു. മടങ്ങുക. അന്നം തരുന്ന മഹാനഗരത്തിലേക്ക്. എങ്ങനെയെങ്കിലും ബസ് സ്റ്റാൻഡ് വരെ നടന്നെത്താം. ഒരു നല്ല ഹോട്ടൽ കണ്ടുപിടിച്ച്‌ അവിടെ തങ്ങാം. അന്വേഷിച്ചോ പരിചയംവെച്ചോ ഒരു ദല്ലാളെ കണ്ടുപിടിക്കണം. കഴിയുന്നതും വേഗം അമ്മ ഏൽപിച്ച സ്ഥലം വിറ്റ് കാശാക്കണം. ബംഗളൂരിൽതന്നെ ഒരു ഫ്ലാറ്റിന് അഡ്വാൻസ് കൊടുക്കാം.

അയാൾ ബാക്ക്പാക്ക് മുന്നിലേക്കെടുത്ത് കാൽമുട്ടുകളിൽ താങ്ങി തുറന്ന് അമ്മ ഭദ്രമായി കവറിലാക്കി തന്ന ആധാരത്തിന്റെ ലാമിനേറ്റ് ചെയ്ത കടലാസുകൾ അവിടെത്തന്നെയുണ്ടെന്നുറപ്പുവരുത്തി. അവക്കിടയിൽ മറ്റൊരു കവറിലാക്കി അമ്മ വർഷങ്ങൾക്കുമുമ്പേ കൈപ്പടയിൽ എഴുതിയ ഒരു കത്തും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ആ കത്തിന്റെ കാര്യം മറന്നുപോയതാണ്. മൊബൈലിന്റെ വെളിച്ചത്തിൽ കത്ത് അങ്ങിങ്ങ് വായിച്ചപ്പോൾ ഈ വരികൾ തനിക്ക് കുറേക്കാലം ഹൃദിസ്ഥമായിരുന്നല്ലോ എന്നയാൾ ഓർത്തു.

“മോനെ, അമ്മമ്മയുടെ നാട്ടിലുള്ള സ്ഥലവും വീടും എനിക്കുള്ളത് നിന്റെ പേരിലാക്കിയ ആധാരം ഞാനിവിടെ ഭദ്രമായി സൂക്ഷിക്കുന്നു. അത് വൈകാതെ നീ എടുത്തു കൊണ്ടുപോകണം. ബംഗളൂരിനെ വിശ്വസിക്കാൻ പറ്റില്ല. ഇപ്പോ നാടു മുഴുവൻ അവിടെ കൂടിയിരിക്കുകയല്ലേ. ഓരോ വീട്ടിലുമുണ്ടാകും അവിടെ ജോലി ചെയ്യുന്ന ഒരാളെങ്കിലും. അധിക കാലമില്ല, നിങ്ങളെ ആ വലിയ നഗരം, അവിടന്ന് ആട്ടി പുറത്താക്കാൻ. അല്ലെങ്കിൽ ആർത്തിപിടിച്ച് അങ്ങോട്ടേക്കോടുന്നവരെ പറഞ്ഞാമതി. ഇക്കാണുന്ന ആൾക്കാർക്കൊക്കെ ഊറ്റിയെടുക്കാൻ മാത്രം അവിടെ വെള്ളമുണ്ടോ? ശ്വസിക്കാൻ വായുവുണ്ടോ?

നാട്ടിലെ ആൾത്താമസമില്ലാത്ത വീട് ഇപ്പോൾതന്നെ പൊളിയാൻ തുടങ്ങിയിരിക്കും. പക്ഷേ, എന്റമ്മ തന്ന സ്ഥലത്തെ കിണറിലെ കണ്ണീരുപോലെ തെളിഞ്ഞ വെള്ളം, അതാർക്കും എടുത്തുകൊണ്ടുപോകാൻ പറ്റില്ലല്ലോ. വറ്റാത്ത നീരുറവയുള്ള കിണറാണ്. അടുത്തുതന്നെ നീ പോയി നോക്കി വേണ്ടത് ചെയ്യണം. വീടെടുക്കാൻ തൽക്കാലം ഉദ്ദേശ്യമില്ലെങ്കിലും ഒരു ചുറ്റുമതിലെങ്കിലും കെട്ടിവെക്കാമല്ലോ. ഉപേക്ഷ കാട്ടരുത്.” അയാൾ ആകാശത്തേക്ക് നോക്കി. മഴക്കാറുകളില്ല. നക്ഷത്രങ്ങളുണ്ട്. രജനീഷ് നക്ഷത്രങ്ങളെണ്ണി ബസ് സ്റ്റാൻഡ് നോക്കി നടന്നുതുടങ്ങി.

അത്യാവശ്യം മറ്റു വാഹനങ്ങളും ഓടിത്തുടങ്ങിയിട്ടുണ്ട്. നക്ഷത്രങ്ങളും പുലരിത്തുടിപ്പും ചേർന്ന അരണ്ട വെളിച്ചത്തിൽ രജനീഷ് ഒരുറച്ച തീരുമാനത്തോടെ ബസ് സ്റ്റാൻഡ് ലാക്കാക്കി മുന്നിലേക്ക് നടന്നുകൊണ്ട് അകമേ പുലമ്പി.

‘‘വൻമരങ്ങൾ വീഴ്ത്തുമ്പോൾ ഒരു വിത്തെങ്കിലും മണ്ണിൽ കുത്തിയിടാതെ... എന്തു പുരോഗതിയാ… എന്റെ നാടിന്. ഇല്ലമ്മേ… ഒരു മഴയെങ്കിലും ഈ നാട് തന്നിരുന്നെങ്കിൽ… സോറി… അമ്മയുടെ ആഗ്രഹം നടക്കാൻ പോകുന്നില്ലമ്മേ.”

 

പദ്മ,സിസ്​റ്റർ സാ​ന്ദ്ര സോണിയ

അയാൾക്കത് മുഴുമിക്കാൻ കഴിഞ്ഞില്ല. പിന്നിൽ നിന്നു വന്ന സൈലൻസർ മാറ്റിയ ബൈക്കിന്റെ അട്ടഹാസം കേട്ടതുമില്ല. നിരത്തിൽനിന്ന് കഷ്ടി നാലിഞ്ച് പൊങ്ങി അയാൾ വായുവിലൂടെ താഴെ വീണപ്പോൾ ബാക്ക്പാക്ക് മുറുകെപ്പിടിച്ചിരുന്നു. വളരെ പെട്ടെന്നാണത് സംഭവിച്ചത്. മാനം കറുത്തിരുളുന്നു. മേഘങ്ങൾ ധൃതിപിടിച്ച് ഉരുണ്ടു നീങ്ങുന്നു. നക്ഷത്രങ്ങൾ മേഘങ്ങൾക്കിടയിലൊളിക്കുന്നു. മുഖം മുട്ടിച്ച് തെന്നിമാറി നീങ്ങുന്ന ഉറുമ്പിൻനിരപോലെ മേഘങ്ങൾ കൂട്ടിമുട്ടി സ്വന്തം പ്രവൃത്തിയിൽ മുഴുകുന്നു.

മഴ. ആദ്യം തുള്ളികളായി. പിന്നെ കനത്തിൽ. ആകാശം മറച്ച്‌, ഭൂമിയിലേക്ക് തുരുതുരാ പെയ്തിറങ്ങുന്നു. വൈദ്യുതി കൂടുതൽ പ്രകാശത്തോടെ ഉണർന്നിരിക്കുന്നു. മൊബൈൽ വെളിച്ചത്തിന്റെ ആവശ്യമില്ല. ഈ മഴക്ക് വേണ്ടിയാണ് എന്റെ മനസ്സ് ഉഴറിനടന്നത്. ഞങ്ങളുടെ സ്വന്തം മഴ. ഈ സൗന്ദര്യം ബംഗളൂരുകാരുടെ മഴക്ക് കിട്ടില്ല. നിരത്തിൽ വീണു കിടക്കുന്നിടത്തുനിന്ന് രജനീഷ് കണ്ണ് തുറന്നു. താൻ ബോധം മറഞ്ഞു കിടക്കുകയായിരുന്നോ? അതോ ഉറങ്ങുകയോ?

അയാൾ പതുക്കെ കൈകൾ കുത്തി എഴുന്നേറ്റിരുന്നു. കയ്യിൽ കുട കരുതിയത് ഭാഗ്യം. ബാക്ക്പാക്ക് തപ്പി കുടയെടുത്ത് തുറന്ന് എഴുന്നേറ്റു നിന്നു. കൈകൊണ്ട് തപ്പി ആധാരം അവിടെത്തന്നെയുണ്ടെന്നുറപ്പുവരുത്തി. ചരൽക്കല്ല് പോലെ താഴേക്ക് വീഴുന്ന മഴയിൽ കാലുകൾ നീട്ടിവെച്ച് അതിവേഗം നടന്നപ്പോൾ മനസ്സിൽ അമ്മമ്മയുടെ കിണറ്റിലെ കണ്ണീരുപോലെ തെളിഞ്ഞ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഹോസേ സാൻജസ് റെഡിങ്ങിലെ തൊലിവെളുപ്പാ... ഇതാ കണ്ടോളൂ, ഇതാണ് ഞങ്ങളുടെ മഴ. കത്തിലെ അമ്മയുടെ വരികളിൽനിന്നു കിട്ടിയ ഊർജത്തോടെ അയാൾ പെരുമഴയിൽ കാലുകൾ നീട്ടിവെച്ച് നടന്നു. നിറഞ്ഞ വൈദ്യുതിവെളിച്ചത്തിൽ കണ്ടു, മലർന്നടിച്ച് മണ്ണിൽ വീണുകിടക്കുന്ന കൂറ്റൻ വേരുകളിൽനിന്ന് മഴവെള്ളം കഴുകിയെടുത്ത പച്ചനാമ്പുകൾ തലനീട്ടിയിരിക്കുന്നു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT