വസന്തത്തെ വരവേൽക്കാനാകാതെ പോയ ഒറ്റക്കിളിച്ചിലക്കലുകൾ

1. പിറവം റോഡ് റെയിൽവേ പ്ലാറ്റ്ഫോമിൽ ഉയർത്തിവെച്ചിരുന്ന ടി.വിയിൽ മഹേന്ദ്ര സിങ് ധോണി നുവാൻ കുലശേഖരയെ സിക്സറിന് തൂക്കിയ നേരത്താണ് കളി കണ്ടുനിന്ന അയ്യപ്പൻകുട്ടിയെ തിരക്കി ബേബി അങ്ങോട്ടോടി വന്നത്. യാത്രക്കാരും റെയിൽവേ ജോലിക്കാരുമടങ്ങിയ കാണികളുടെ ഒച്ചയിടലുകളിൽനിന്ന്, സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ നിഴലിലേക്ക് അയ്യപ്പൻകുട്ടിയെ ബേബി വലിച്ചുമാറ്റി. അണച്ചുനിന്ന അയാളുടെ മുഖത്തെ വിയർപ്പുതുള്ളികൾ പ്ലാറ്റ്ഫോമിലെ ട്യൂബ് വെട്ടത്തിൽ തിളങ്ങി.തിരുവനന്തപുരത്ത് ജോലിക്കാരനായ ജയന്തൻ നമ്പൂതിരിപ്പാടിന് മലബാർ എക്സ്പ്രസിൽ നാടൻ കുത്തരി പാഴ്സൽ അയച്ചുകഴിഞ്ഞ് പ്ലാറ്റ്ഫോമിൽ ക്രിക്കറ്റ്...

1. പിറവം റോഡ്

റെയിൽവേ പ്ലാറ്റ്ഫോമിൽ ഉയർത്തിവെച്ചിരുന്ന ടി.വിയിൽ മഹേന്ദ്ര സിങ് ധോണി നുവാൻ കുലശേഖരയെ സിക്സറിന് തൂക്കിയ നേരത്താണ് കളി കണ്ടുനിന്ന അയ്യപ്പൻകുട്ടിയെ തിരക്കി ബേബി അങ്ങോട്ടോടി വന്നത്.  യാത്രക്കാരും റെയിൽവേ ജോലിക്കാരുമടങ്ങിയ കാണികളുടെ ഒച്ചയിടലുകളിൽനിന്ന്, സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ നിഴലിലേക്ക് അയ്യപ്പൻകുട്ടിയെ ബേബി വലിച്ചുമാറ്റി. അണച്ചുനിന്ന അയാളുടെ മുഖത്തെ വിയർപ്പുതുള്ളികൾ പ്ലാറ്റ്ഫോമിലെ ട്യൂബ് വെട്ടത്തിൽ തിളങ്ങി.

തിരുവനന്തപുരത്ത് ജോലിക്കാരനായ ജയന്തൻ നമ്പൂതിരിപ്പാടിന് മലബാർ എക്സ്പ്രസിൽ നാടൻ കുത്തരി പാഴ്സൽ അയച്ചുകഴിഞ്ഞ് പ്ലാറ്റ്ഫോമിൽ ക്രിക്കറ്റ് കളി കാണുകയായിരുന്നു അയ്യപ്പൻകുട്ടി.

‘‘എന്നതാടാ കാര്യം. നീ ആളെ പേടിപ്പിക്കാതെ വിഷയം പറ.’’ ഇന്ത്യ രണ്ടാം തവണ ലോകകപ്പ് ജയിച്ച സന്തോഷം മുടങ്ങിയതിലുള്ള ഈർഷ്യയടക്കി അയ്യപ്പൻകുട്ടി ചോദിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് തിരക്കിട്ട് പോരുമ്പോൾ മൊബൈലെടുക്കാൻ മറന്ന നിമിഷത്തെ അയാൾ ശപിച്ചു.

ബേബി കാര്യങ്ങൾ വിസ്തരിക്കാൻ തുടങ്ങി. അയ്യപ്പൻകുട്ടിയുടെ മകൻ മഹിയെ അന്വേഷിച്ച് ചിലർ വീട്ടിൽ വന്നപ്പോൾ അവനവിടെയില്ല. മഹിയുടെ അമ്മ തങ്കമ്മ അവരെ തഞ്ചത്തിൽ സ്വീകരിച്ചിരുത്തി ബേബിയെ റെയിൽവേ സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടതാണ്.

‘‘നീ കാര്യം തെളിച്ചു പറ. ചെറുക്കൻ വല്ല വശപെശകുമൊണ്ടാക്കിയോ?’’ അയ്യപ്പൻകുട്ടി ചോദിച്ചത് കേട്ട് ബേബി കൈമലർത്തി.

‘‘ചേട്ടൻ വേഗം വാ. കളീടെ കാര്യമാ അവര് പറയുന്നെ.’’

റോഡ് പുറമ്പോക്കിൽ കുടിൽ കെട്ടി താമസിച്ചിരുന്ന നായാടികളെ പുനരധിവസിപ്പിക്കാൻ പഞ്ചായത്തുകാർ പണിതുകൊടുത്ത കോളനി വീട്ടിൽ താമസം തുടങ്ങിയ ബേബി നേരത്തേ പാട്ട പെറുക്കലും തെങ്ങുകയറ്റവും എലിപിടിത്തവുമായി നടന്നയാളാണ്. പുതിയ ആവാസവ്യവസ്ഥയിലേക്ക് മാറിയതോടെ അയ്യപ്പൻകുട്ടിയുടെ സഹായിയായി കൂടി.

സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങാൻ നേരം അവരെ കണ്ട ചാക്കോ സാർ ചിരിച്ചുകൊണ്ട് അടുത്തേക്കുവന്നു. തിരുവനന്തപുരത്തുനിന്നും വഞ്ചിനാട് എക്സ്പ്രസിന് വരാനുള്ള മകനെ കാത്തുനിൽക്കുകയായിരുന്നു ചാക്കോ പുത്തൂക്കാരൻ.

‘‘എടാ, നീയവിടെ നിൽ.’’

ചാക്കോ സാറിന്റെ പിൻവിളി കേട്ട് അയ്യപ്പൻകുട്ടി നിന്നു.

‘‘ഇന്ന് നല്ല ദിവസമാ. ഇന്ത്യയ്ക്ക് വേൾഡ് കപ്പ് കിട്ടിയ ദിവസം തന്നെ നിന്റെ മോന് ഐ.പി.എല്ലിലോട്ട് വിളിവന്നല്ലോ.’’

ഐ.പി.എൽ എന്തെന്നറിയാതെ അയ്യപ്പൻകുട്ടിയും ബേബിയും അമ്പരന്നു നിന്നു. ഐ.പി.എൽ കാര്യം ചാക്കോസാറിന്റെ മകൻ സൂരജ് പുത്തൂക്കാരൻ മൊബൈലിൽ വിളിച്ചുപറഞ്ഞതാണ്. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന പലരും ആദരവോടെ അയ്യപ്പൻകുട്ടിയെ നോക്കി.

‘‘നിന്റെ വീട്ടിലോട്ടു വന്നവർ മോന്റെ പരിചയക്കാരാ. അവർക്ക് പ്രാക്ടീസിന് പന്തെറിഞ്ഞു കൊടുക്കാൻ ഒരാള് വേണമെന്ന് പറഞ്ഞപ്പോ സൂരജാ റെക്കമെന്റ് ചെയ്തത്. നോക്കീം കണ്ടും നിന്നാ അവന് രക്ഷപ്പെടാം.’’ ചാക്കോ സാർ ചുറ്റുമുള്ളവരെ നോക്കി.

‘‘ഒന്നുമല്ലേലും നാട്ടുകാരല്ലേന്നേ. ഒരു സഹായമാവട്ടേന്ന് അവനും വിചാരിച്ചു. എന്തായാലും നീ വീട്ടിലോട്ട് ചെല്ല്...’’

അവർ പുറത്തേക്കിറങ്ങി. ലോകകപ്പ് ജയിച്ച ആവേശത്തിൽ ധോണിക്കും ഗംഭീറിനും ജയ് വിളിച്ച് ആരവവും പടക്കം പൊട്ടിക്കലുമായി ഒരു സംഘം കുട്ടികൾ അവരെ കടന്നുപോയി. സന്തോഷത്തോടെ ബൈക്കിന്റെ പിന്നിലിരിക്കുമ്പോൾ മകന് പേരിട്ട ഓർമകളിലേക്ക് അയ്യപ്പൻകുട്ടിയുടെ മനസ്സ് കൂപ്പുകുത്തി.

2

ക്രിക്കറ്റ് ലോകകപ്പാണ് മഹിയുടെ പേരിടീലിന് നിമിത്തമായത്. 1983ൽ ലോർഡ്സിലെ ഗാലറിയിൽ മൂന്നാം വട്ടം ചാമ്പ്യൻമാരാവാൻ വന്ന വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് കപിൽ ദേവ് പ്രുഡൻഷ്യൽ കപ്പുയർത്തുമ്പോൾ ഇന്ത്യയുടെ മിന്നും താരം മൊഹിന്ദർ അമർനാഥായിരുന്നു. വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർമാരെപ്പോലെ പേടിപ്പിക്കുന്ന വേഗതയില്ലാതെ ഉളുക്കിയേറിൽ എതിരാളിയുടെ കുറ്റി പറിക്കുന്ന അമർനാഥിന്റെ മിലിട്ടറി മീഡിയം പേസ് അയ്യപ്പൻകുട്ടിക്ക് നന്നായി ബോധിച്ചു.

തിരുവനന്തപുരത്ത് കെൽട്രോണിൽ ജോലിയായിരുന്ന നമ്പൂതിരിപ്പാടിനൊപ്പം ഡയനോര കമ്പനിയുടെ പന്ത്രണ്ടിഞ്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിയിൽ തിങ്ങിനിറഞ്ഞ ക്വാർട്ടേഴ്സ് മുറിയിലെ സിമന്റുനിലത്ത് കുന്തക്കാലിൽ പാടുപെട്ടിരുന്നാണ് അയ്യപ്പൻകുട്ടി ഫൈനൽ മത്സരം കണ്ടത്.

നമ്പൂതിരിപ്പാടിന്റെ വീടുപണിയുടെ സഹായത്തിനായി തിരുവനന്തപുരത്തിന് പോയതായിരുന്നു അയാൾ. തിരുവനന്തപുരത്തുമാത്രം കിട്ടിയിരുന്ന മൈക്രോവേവ് ലിങ്ക് വഴി കളി കണ്ടെന്ന് പറഞ്ഞിട്ട് നാട്ടിലൊരാളും വിശ്വസിച്ചില്ല. ക്രിക്കറ്റുകളി എന്തെന്നുതന്നെ പലർക്കും അറിയില്ലായിരുന്നു. റേഡിയോയിൽ കമന്ററി കേട്ടവർപോലും തീരെയില്ല. ഏറെ വൈകിയ ജൂൺമാസ രാത്രിയിൽ മൊഹിന്ദറിന്റെ ബൗളിങ് മികവിൽ അവസാന വിക്കറ്റും പിഴുത് ലോർഡ്സിൽ കപിൽ ദേവ് കപ്പുയർത്തിയപ്പോൾ ഇതൊന്നുമറിയാതെ കറന്റു പോയ കറുത്ത രാത്രിയിൽ ഇരുട്ടും മഴയും പുതച്ചുറങ്ങുകയായിരുന്നു നാട്ടിൻപുറങ്ങളേറെയും.

കളി കൃത്യമായി മനസ്സിലായില്ലെങ്കിലും ജനിക്കാൻ പോകുന്ന മകന് മൊഹിന്ദറിന്റെ പേരിടണമെന്ന് അയ്യപ്പൻകുട്ടി തീരുമാനമെടുത്തത് അന്നാണ്. അഡ്മിഷൻ സമയത്ത് സ്കൂളിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന ചാക്കോ സാർ തിരുത്തി. പേര് മഹീന്ദ്രൻ എന്നു മതി. അമറും നാഥുമൊന്നും വേണ്ട. വാൽ വേണ്ടത് ഹനുമാൻ സ്വാമിക്കും, ജയന്തൻ നമ്പൂതിരിക്കും രാമൻ നായർക്കുമൊക്കെ. നായാടിക്കും പെലേനുമെന്തോന്നു വാല് !

കപിൽദേവ് കപ്പുയർത്തിയ നാളിനുശേഷം നാടു മുഴുവൻ ക്രിക്കറ്റു കളിയായി. റബറിന്റെ ഒട്ടുപാൽ ചുറ്റിയ പന്തും കവിളൻ മടൽ ബാറ്റുമായി മനക്കപ്പറമ്പിലും കുട്ടികൾ ക്രിക്കറ്റു കളി തുടങ്ങി. കൊയ്ത്തു കഴിഞ്ഞ പാടത്തേക്ക് കളി മാറിയപ്പോൾ പിരിവിട്ട് വാങ്ങുന്ന കോർക്ക് ബോളിലേക്കും, ബ്രാൻഡഡ് ബോളിലേക്കും ടെന്നീസ് ബോളിലേക്കും വഴി മാറി. ചെത്തിയൊരുക്കിയ ചെളിപ്പാടങ്ങളിൽ ലോക്കൽ ടൂർണമെന്റുകൾ വന്നു. മനക്കൽ പണിക്കു പോകുമ്പോൾ തങ്കക്കൊപ്പം പോകാറുള്ള മഹി മനക്കപ്പറമ്പിൽ മറ്റുള്ളവരോടൊപ്പം ക്രിക്കറ്റ് കളിച്ചു തുടങ്ങി.

മകൻ കളിക്കാൻ തരക്കേടില്ല എന്ന് അയ്യപ്പൻകുട്ടിക്ക് തോന്നിയത് പിന്നെയും കുറച്ചുകാലം കഴിഞ്ഞാണ്. പണി കഴിഞ്ഞു ഷാപ്പിൽനിന്നും പനംകള്ളും കുടിച്ച് പാടവരമ്പത്തൂടെ ബാലൻസ് ചെയ്തു വരുമ്പോൾ പിന്നാലെ വന്ന ബേബി പാടത്ത് പിള്ളേര് ക്രിക്കറ്റ് കളിക്കുന്നത് കണ്ടു വിരൽചൂണ്ടി. ‘‘നോക്ക് ചേട്ടായി.’’

മഹി വിക്കറ്റ് വീഴ്ത്തിയതിന്റെ കോലാഹലം വന്നു കാതിലലച്ച നേരം അയ്യപ്പൻകുട്ടി പാടത്തേക്ക് ശ്രദ്ധിച്ചു. മഹി ഓടിവന്നെറിയുന്ന പന്തിനൊക്കെ നല്ല സ്പീഡുണ്ട്. എതിരായി ഒരുത്തൻ കയ്യിലൊരു നയമ്പുമായി നിൽപുണ്ട്.

പാടവരമ്പത്ത് തോർത്ത് വിരിച്ച് അയ്യപ്പൻകുട്ടിയും ബേബിയും കളികാണാനിരുന്നു. മഹി ഓടിവന്നെറിയുന്ന പന്തുകളൊന്നും എതിരുനിൽക്കുന്നവന്റെ ബാറ്റിൽ കൊള്ളുന്നില്ല. വെറുതെ ബാറ്റു വീശുന്നതുമാത്രം മിച്ചം.

‘‘ചെറുക്കന് ഉന്നമില്ല.’’ പരിഭവം പറഞ്ഞ ബേബി ഉടൻതന്നെ അത് തിരുത്തി, ‘‘ഉന്നമുണ്ടായിട്ടും കാര്യമൊന്നുമില്ല. മറ്റവൻ നയമ്പുമായിട്ടല്ലേ നിൽക്കുന്നത്?’’

കുറ്റിയിൽ കൊള്ളിക്കണമെങ്കിൽ നേരെ എറിയണം. ഒരുമാതിരി ആളെ ഊശിയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. ഒറ്റ ഏറുപോലും നേരെ ചെല്ലുന്നില്ല. പഴയ കുട്ടിയും കോലും ഇതിലും മെച്ചമെന്ന് പിറുപിറുത്ത് രണ്ടുപേരും പൊടി തട്ടിയെഴുന്നേറ്റ് സ്ഥലം വിട്ടു. രാത്രി വൈകി വീട്ടിലെത്തിയ മഹി പറഞ്ഞ മറുപടി അയ്യപ്പൻ കുട്ടിക്ക് മനസ്സിലായില്ല.

‘‘ഓഫായി നടക്കുന്ന അച്ഛന് ഔട്ട് സൈഡ് ദ ഓഫ് സ്റ്റംപിന്റെ കാര്യം അറിയാമോ? ഈ നാട്ടീന്ന് നിന്ന് ആദ്യം വേൾഡ് കപ്പ് ക്രിക്കറ്റ് ടി.വിയിൽ കണ്ട ആളാണ് പോലും.’’

എന്തായാലും അവനെ അന്വേഷിച്ച് കോളനിയിൽ പല പണക്കാര് പിള്ളേര് സെറ്റും വന്നു തുടങ്ങി. എങ്ങാണ്ടൊക്കെ ടൂർണമെന്റുകളുണ്ട്. കളിയുള്ള ദിവസങ്ങളിൽ കുറച്ചു കാശും ബിരിയാണിയും കിട്ടും. മകൻ ഇടക്കൊരു ചെറുത് പിടിപ്പിക്കുന്നുണ്ടോ എന്ന സംശയം അയ്യപ്പൻകുട്ടി പുറത്തുകാട്ടിയില്ല. കൊച്ചനല്ലേ? ഇച്ചിരി സുഖിക്കട്ടെയെന്ന് അയ്യപ്പൻകുട്ടിയും കരുതി.

 

3

ബേബിയുടെ ബൈക്കിൽ അയ്യപ്പൻകുട്ടി വീടിന്റെ മുറ്റത്തു ചെന്നിറങ്ങിയപ്പോൾ അവിടെ പൂരത്തിന്റെ ആളുണ്ട്. കാത്തിരുന്നു മടുത്തു തങ്ക ദേഷ്യപ്പെട്ടു. ‘‘എവിടെപ്പോയി കെടക്കുവാരുന്ന്? അവര് വന്നേച്ചും മെച്ച് പോയി. ചെറുക്കനേംകൊണ്ട് നാളെ ഉച്ചയ്ക്ക് മിന്നം എർണാകൊളത്തെ ഓട്ടലിലോട്ട് ചെല്ലാൻ പറഞ്ഞു.’’

തങ്ക ഹോട്ടലിലെ വിസിറ്റിങ് കാർഡെടുത്തു നീട്ടി. പിറ്റേന്ന് എറണാകുളത്തെ ഹോട്ടലിലേക്ക് പോയ മഹിക്കൊപ്പം അയ്യപ്പൻകുട്ടിയും ചാക്കോ സാറുമുണ്ടായിരുന്നു. മഹാരാജാസിൽ പഠിച്ച ചാക്കോ സാറിന് കൊച്ചി നഗരം നല്ല നിശ്ചയമാണ്. സ്റ്റാർ ഹോട്ടലിലെ ലോഞ്ചിൽ ഐ.പി.എൽ ഫ്രാഞ്ചൈസിയുടെ ഏജന്റിനെ കാത്തിരിക്കുമ്പോൾ മേശപ്പുറത്ത് കിടന്ന സ്പോർട്സ് മാഗസിനിലെ സചിന്റെ കവർ നോക്കിയിരുന്ന മഹിയെ തനിച്ചാക്കി മറ്റു രണ്ടുപേരും ബാറിലേക്ക് നടന്നു.

ബാറിലെ നീലവെളിച്ചത്തിൽ ചാക്കോ സാറിന് മുഖം കൊടുക്കാതെ ഒരു നില്‍പ്പനടിക്കാമെന്നാണ് അയ്യപ്പൻകുട്ടി വിചാരിച്ചത്. ഒന്നിച്ചു പഠിച്ചവരാണെങ്കിലും അവർ ഒന്നിച്ചിരുന്ന് ഇന്നുവരെ ആഹാരം കഴിച്ചിട്ടില്ല.

ഒപ്പമിരുന്ന് ഒരു ഫുള്ളും പൊട്ടിച്ച് വച്ച് മദ്യപാനം തുടങ്ങിയ ചാക്കോ സാർ എന്തോ ആലോചിച്ചു കൂട്ടുകയായിരുന്നു.

‘‘നന്നായിട്ട് കളിച്ചാ ചെറുക്കന് രൂവാ കിട്ടും. ഇരുപതു ലക്ഷമൊണ്ട്.’’

തുകയുടെ വലിപ്പം അയ്യപ്പൻകുട്ടിയിൽ യാതൊരു ചലനവുമുണ്ടാക്കിയില്ല. വെയ്റ്റർ മേശപ്പുറത്ത് കൊണ്ടുവച്ച സെലിബ്രേഷൻ ബ്രാൻഡ്കുപ്പിയിലായിരുന്നു അയാളുടെ കണ്ണ്.

ആദ്യ റൗണ്ട് പിടിപ്പീരിനുശേഷം ചാക്കോ സാർ ചുറ്റും നോക്കി. ബാറിലെ നീല​െവട്ടത്തിൽ ആരും ശ്രദ്ധിക്കുന്നില്ല. മുന്നിലെ പ്ലേറ്റിൽ പൊട്ടിച്ചിട്ട കശുവണ്ടി പരിപ്പ് കൊറിച്ചുകൊണ്ട് സാർ എഴുന്നേറ്റു.

‘‘ഞാനൊന്ന് ബാത്റൂമിൽ പോയിട്ട് വരാം. നീയിവിടെയിരുന്ന് ഇരുമ്പനടിക്ക്.’’

സാറ് നേരെ പോയത് ഐ.പി.എൽ പ്രതിനിധികൾ താമസിക്കുന്ന സ്യൂട്ടിലേക്കായിരുന്നു. അരമണിക്കൂറിനുശേഷം തിരികെ എത്തുമ്പോൾ സാറിന്റെ കണ്ണുകൾ മേശപ്പുറത്ത് കാലിയായി കിടന്ന മദ്യക്കുപ്പിയുടെ തുറന്ന വായപോലെ നിർജീവമായിരുന്നു. ആനന്ദങ്ങളുടെ അവസാന തുള്ളി വരെ വറ്റിപ്പോയ സാറിന്റെ മുഖത്തെ ആഹ്ലാദങ്ങളെല്ലാം മറഞ്ഞിരുന്നു. മഹിക്കൊപ്പം മകൻ സൂരജിനെ കൂടി ഐ.പി.എൽ ടീമിലെടുപ്പിക്കാൻ സാർ ഒറ്റക്ക് നടത്തിയ സ്റ്റിങ് ഓപറേഷൻ പരാജയപ്പെട്ടതിന്റെ മങ്ങലായിരുന്നു അത്.

 

4

പണികഴിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് വന്ന അയ്യപ്പൻകുട്ടി കണ്ടത് വീടിന്റെ മുന്നിൽ കാത്തുനിൽക്കുന്ന ചാക്കോ സാറിനെയാണ്. തങ്ക ഭവ്യതയോടെ വീടിന്റെ മുൻവാതിലിനു പിന്നിൽ മറഞ്ഞുനിൽപുണ്ട്. ഉമ്മറത്ത് പൊടി തുടച്ചിട്ട കസേരയിൽ ഇരിക്കാതെ വീടിന്റെ മുറ്റത്തുനിന്ന് സംസാരിക്കുകയായിരുന്നു ചാക്കോ സാർ.

ചാക്കോ സാർ ക്ലാസുകളിലെ സ്ഥിരം പകരക്കാരനാണ്.

അവധിയിലാകുന്ന ഏതെങ്കിലും അധ്യാപകന് പകരമായി ക്ലാസിലേക്ക് വരുന്ന ചാക്കോ സാറിന്റെ വരവ് ഒരൊന്നൊന്നര വരവാണ്. വായ നിറച്ചുള്ള മുറുക്കാൻ വരാന്തക്കപ്പുറത്തുള്ള മുറ്റത്തേക്ക് അർധവൃത്താകൃതിയിൽ നീട്ടിത്തുപ്പിയാണ് സഭാപ്രവേശം. ക്ലാസിൽ വന്നാൽ പിള്ളേരെല്ലാം സാറിനെ പ്രതീക്ഷയോടെ നോക്കും.

‘‘എണീരിനെടാ.’’

സാറിന്റെ കല്ലേപ്പിളർക്കുന്ന ഒച്ചകേട്ട് കുട്ടികൾ ചാടിയെഴുന്നേൽക്കും. എല്ലാവരെയും ഒരുവട്ടം സൂക്ഷിച്ചു നോക്കിയശേഷം സാർ മുന്നിലിരിക്കുന്ന അശുജന്മങ്ങളിൽനിന്നും അന്നത്തെ ഹതഭാഗ്യനെ കണ്ടെത്തി അവന്റെ നേരെ വിരൽചൂണ്ടും.

‘‘നീയിവിടെ നിൽ.’’

പുറത്തേക്കിറങ്ങാൻ തയാറായി നിൽക്കുന്ന മറ്റ് കുട്ടികളെ നോക്കി വായിലെ മുറുക്കാൻ തുപ്പൽ തെറിപ്പിച്ച് സാർ അലറും. ‘‘പോയി കളിക്കിനെടാ.’’

കുട്ടികൾ കൂട്ടമായി കൂവിക്കൊണ്ട് മൈതാനത്തേക്കോടുമ്പോൾ ക്ലാസിൽ അവശേഷിക്കുന്ന ശിഷ്യനെ നാലുകാലിൽ കുനിച്ചുനിർത്തി അവന്റെ പുറത്ത് മുറുക്കാൻ ചെല്ലം വച്ച് മൂരി നിവർന്നു വെറ്റിലയിൽ ചുണ്ണാമ്പു തേക്കുന്ന തിരക്കിലായിരിക്കും ചാക്കോ സാർ.

മലയാളം മാഷോ സാമൂഹ്യപാഠം മാഷോ ഇല്ലെങ്കിൽ പകരം ചാർജ് സ്ഥിരമായി ലഭിക്കുന്ന ചാക്കോ സാർ ആ പിരീഡുകളിൽ ഒരാളെയും കളിക്കാൻ വിടില്ല. സാറിന് അറിയാം എന്ന് സാറു തന്നെ സ്വയം കരുതുന്ന ഈ രണ്ടു വിഷയങ്ങളും പഠിപ്പിക്കലാണ് പിന്നെയുള്ള പണി. സാറിന്റെ ഹിസ്റ്ററി ക്ലാസാണ് പ്രസിദ്ധം. ഏതു ക്ലാസിലായാലും നിശ്ചയമായും ധവള ഹൂണൻമാരെക്കുറിച്ച് പഠിപ്പിക്കും. മധ്യേഷ്യയിൽനിന്നും വന്ന ധവളങ്ങൾ ഗുപ്ത രാജാക്കൻമാരെ തോൽപിച്ചോടിച്ചെന്ന് കേൾക്കുമ്പോൾ മനക്കലെ ഗുപ്തൻ നമ്പൂതിരിപ്പാടിനെയാണ് അയ്യപ്പൻ കുട്ടിക്ക് ഓർമ വരുക. ജീവനുംകൊണ്ട് ഈ നാട്ടിലേക്കെങ്ങാനും ഓടിപ്പോന്നവരാവും പാവങ്ങൾ.

അയ്യപ്പൻകുട്ടി നേരത്തേ പഠിത്തം നിർത്തി മനക്കലെ പാടത്തും പറമ്പിലും പണിക്കു പോവുമായിരുന്നു. അമ്മ തിരുവാണ്ടയും കെട്ടിയോൻ ചോതിയും മരിക്കും മുമ്പ് മനക്കലെയും പുത്തൂക്കാരൻ വീട്ടിലെയും സ്ഥിരം പണിക്കാരായിരുന്നു.

കോര സാറിന്റെ മകൻ ജേക്കബ് പുത്തൂക്കാരൻ എന്ന ചാക്കോ സാർ കമ്യൂണിറ്റി കം മാനേജ്മെന്റ് ​േക്വാട്ടയിൽ അപ്പന്റെ ഒഴിവിൽ പി.ടി മാഷായി. ഇപ്പോൾ മഹിയും സാറിന്റെ മകൻ സൂരജ് ജേക്കബ് പുത്തൂക്കാരനും ഒരേ കോളജിലാണ് പഠിക്കുന്നത്.

‘‘സാറിരി.’’

ഉമ്മറത്തുനിന്നും പ്ലാസ്റ്റിക് കസേര പൊടിതട്ടി മുറ്റത്തേക്ക് മാറ്റിയിട്ട് അയ്യപ്പൻകുട്ടി ക്ഷണിച്ചെങ്കിലും സാറ് ഗൗരവത്തിൽ മാവിൻ ചോട്ടിൽ തന്നെ നിന്നതേയുള്ളൂ. പഴയ വീടു പൊളിച്ചുകളഞ്ഞ് പഞ്ചായത്തിൽനിന്നും കിട്ടിയ പണവും, തങ്ക തൊഴിലുറപ്പിനു പോയി കിട്ടിയ കാശും അത്യാവശ്യം കടോം വെലേം വാങ്ങിയതും കൂടി നിർമിച്ച വീട് അത്ര മോശമൊന്നുമല്ല.

സാർ മാവിൻചോട്ടിൽ മാറിനിന്നുകൊണ്ട് വീടിനെ ആകെയൊന്ന് നോക്കി. വീട് പണിയാൻ ഇടക്ക് സാറും പലവട്ടം സഹായിച്ചിട്ടുണ്ട്. കടമായിട്ടാണെന്ന് മാത്രം. പണി ചെയ്ത് കുറേശ്ശ കിട്ടിയാൽ മതിയെന്ന വ്യവസ്ഥയിലാണ് കടം കൊടുക്കാറ്.

പുത്തൂക്കാരന്മാർ പണ്ടും പലപ്പോഴും സഹായിച്ചിട്ടുണ്ട്. രണ്ടു തേങ്ങ, നാല് മൂട് കപ്പ, ഓലമടൽ, പഴയ ഷർട്ട് എന്നിങ്ങനെ പലതും.

ഉമ്മറത്ത് ഇ.എം.എസിന്റെയും അംബേദ്കറുടെയും ചിത്രത്തിനൊപ്പം അയ്യൻകാളിയുടെ തലയിൽകെട്ടും മേൽമീശയുമുള്ള ഉള്ള പടം കണ്ട് തന്റെ അപ്പനപ്പൂപ്പൻമാരെ ഉപദ്രവിച്ച സർ സി.പിയുടെ ഓർമയിൽ ചാക്കോ സാർ ചോദിച്ചു:

‘‘ഇതാരാടാ, ദിവാനോ?’’

‘‘അല്ല നാനാരെ, അദ് അയ്യങ്കാളി.’’

ഒന്നും മനസ്സിലായില്ല പുത്തൂക്കാരന്. ഭദ്രകാളിയെന്നേ നാനാര് കേട്ടിട്ടുള്ളൂ. അസുരൻമാരുടെ തലയൊക്കെ കരിക്കു വെട്ടി കുടിക്കുംപോലെ ചുമ്മാ സിമ്പിളായിട്ട് വെട്ടി ചോര കുടിക്കുന്ന താഴത്തെക്കോട്ടിലെ നായന്മാരുടെ കാവിലമ്മ. സാർ തലകുടഞ്ഞു. ആളെ മനസ്സിലാവാത്തത് സാറിന്റെ കുറ്റമല്ല. സാർ പഠിച്ചിരുന്ന കാലത്ത് അയ്യൻകാളിയെ കുറിച്ച് പാഠപുസ്തകങ്ങളിലൊന്നും പഠിക്കാനുണ്ടായിരുന്നില്ല. സാറിന്റെ അപ്പന്റെ കാലത്താണേൽ ശ്രീനാരായണഗുരുവും സിലബസിന് പുറത്തായിരുന്നു.

ഭിത്തിയിൽ തൂങ്ങിക്കിടന്ന് ശങ്കരാചാര്യരിൽനിന്നും അയ്യൻകാളിയിലേക്കുള്ള ദൂരത്തിനിടെ എവിടെയോ പെട്ടുപോയ സഖാവ് ഇ.എം.എസ് കണ്ണിറുക്കി കാണിക്കുംപോലെ തല ഒരൽപം ചെരിച്ചുപിടിച്ച് സാറിനെ നോക്കി ചിരിച്ചു. കമ്യൂണിസ്റ്റുകാരെ പണ്ടേ കണ്ടുകൂടാത്ത സാർ മുഖംതിരിച്ചു.

‘‘ങ്ങാ, എന്തായാലും ആളെക്കണ്ടാ ഒരു കുടുമ്മത്തിപ്പെറന്നവന്റെ ലക്ഷണമൊണ്ട്.’’

ഇ.എമ്മിനെ വിട്ട് മാഷ് അയ്യൻകാളിയുടെ തലേക്കെട്ടിൽ നോക്കി.

സാറിന്റെ കണ്ണുകൾ ഭിത്തിയിലെ ബാബാസാഹബിന്റെ ചിത്രത്തിൽ ഉടക്കിനിന്നു. ചുവട്ടിൽ ജയ് ഭീം എന്നെഴുതി​െവച്ചിരിക്കുന്നത് എന്തിനെന്ന് സാറിന് പിടികിട്ടിയില്ല.

വന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന് അയ്യപ്പൻകുട്ടി സംശയിക്കുന്നതിനിടയിൽ സാർ ചോദിച്ചു.

‘‘നിന്റെ ചെറുക്കൻ ഇപ്പം എന്നാത്തിനാ പഠിക്കുന്നേ?’’

അയ്യപ്പൻകുട്ടി ചാക്കോ നാനാരെ അമ്പരന്ന് നോക്കി. സത്യം പറഞ്ഞാൽ അവനെന്നാത്തിനാ പഠിക്കുന്നതെന്നും എന്നതാ പഠിക്കുന്നതെന്നും അയ്യപ്പൻകുട്ടിക്കറിയാൻമേല.

രാവിലെ പണിക്കിറങ്ങി വൈകുന്നേരം ക്ഷീണിച്ചുവന്ന് അന്തിക്കള്ളും മോന്തി ബോധം കെട്ടുറങ്ങുന്ന അയാൾക്ക് ഇതൊക്കെ അന്വേഷിക്കാൻ എവിടെ നേരം?

‘‘എന്നാത്തിനായാലും കൊള്ളാം. ഇത്തവണേം അവൻ കേരളാ യൂത്ത് ടീമിലൊണ്ട്. നിന്റെ ചെറുക്കന്റെ ഏറ് സൂപ്പറാണെന്നാ സൂരജ് മോൻ വിളിച്ചുപറഞ്ഞത്.’’

ബേബിക്കൊപ്പം പണി കഴിഞ്ഞു വന്നപ്പോൾ പാടത്തു​െവച്ച് മഹി പ​െന്തറിഞ്ഞ കാഴ്ച അയ്യപ്പൻകുട്ടി ഓർത്തെടുത്തു.

‘‘ഇക്കാര്യം പറയാനായിട്ട് സാറ് ഈ കോളനീലോട്ട്...’’

അയ്യപ്പൻകുട്ടിക്ക് അമ്പരപ്പായിരുന്നു. ഒന്നിച്ചു പഠിച്ചവരാണെങ്കിലും അധ്യാപകനായതിൽ പിന്നെ ചാക്കോ സാറേ എന്നാണ് വിളിക്കാറ്. ഒരേ ക്ലാസിൽ ആയിരിക്കുമ്പോൾ സ്പോർട്സ് മത്സരങ്ങൾക്ക് സമ്മാനങ്ങൾ കൂടുതലും കിട്ടിയിരുന്നത് അയ്യപ്പൻകുട്ടിക്കാണ്. വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുത്തിക്കെടുത്തി മുറി സിഗരറ്റ് ചെവിയിൽ തിരുകി സാർ പറഞ്ഞു, ‘‘നീ നാളെ വീട്ടിലോട്ടു വാ. ഇച്ചിരി കാര്യവൊണ്ട്.’’ മുൻവാതിലിന് പിന്നിൽ നിന്ന തങ്കയെ നോക്കി സാർ ചിരിച്ചു. ‘‘എന്തുവാ കാര്യവെന്ന് ഇപ്പം പറയാനൊക്കത്തില്ല. എവനങ്ങ് വീട്ടിലോട്ട് വരട്ട്.’’

റോഡിലേക്കിറങ്ങിയ ചാക്കോ സാറിനെ കണ്ട് ബാറിൽനിന്നും പൂക്കുറ്റിപ്പരുവമായി ആ വഴി വന്ന പഴയ ശിഷ്യൻ സുധീഷ് നാരായണൻ ഞെട്ടി ഒരൊറ്റ തിരിച്ചിലിൽ വഴിയുടെ വീതിയളന്ന് തിരിച്ചുപോയി.

6

പിറ്റേന്ന് രാവിലെ അയ്യപ്പൻകുട്ടി പണിക്ക് പോവാതെ ജീവനുള്ള രണ്ട് ജർമൻ ഷെപ്പേഡ് നായ്ക്കളും, ജീവനില്ലാത്ത രണ്ട് സിംഹപ്രതിമകളും കാവൽ നിൽക്കുന്ന പുത്തൂക്കാരൻ വീട്ടിലേക്കെത്തി.

‘‘കേറി വാ.’’

 

രമേശൻ മുല്ലശ്ശേരി,എ.വി. ഷെറിൻ

കൂറ്റൻ ഗേറ്റിനപ്പുറത്തെ ചാരുകസേരയിൽ മലർന്നുകിടന്ന് അഞ്ഞൂറാൻ ശൈലിയിൽ ചാക്കോ സാർ വിളിച്ചെങ്കിലും അയ്യപ്പൻകുട്ടി പരുങ്ങിനിന്നതേയുള്ളൂ. ഒപ്പം ചെന്ന് ഉമ്മറത്തിരിക്കാൻ മടി. മുമ്പൊരിക്കലും സാർ അയാളെ അകത്തേക്കു വിളിച്ചിട്ടില്ല. പതിവില്ലാതെ കാട്ടുന്ന അടുപ്പത്തിൽ അങ്കലാപ്പിലായ അയാൾ തോർത്തുകൊണ്ട് പൊടി തട്ടിക്കളഞ്ഞ് ഉമ്മറത്തിന്റെ ഇളംതിണ്ണയിലിരുന്നു.

അപ്പൻ കോരസാർ സ്കൂളിൽ പഠിപ്പിക്കുന്ന അതേ നാട്യങ്ങളോടെയാണ് ചാക്കോ സാർ കാര്യം പറഞ്ഞു തുടങ്ങിയത്. മുന്നിലിരിക്കുന്നത് സ്കൂൾ കുട്ടികളാണ് എന്ന മട്ടിൽ ഉച്ചത്തിലാണ് സംസാരം.

‘‘കാര്യമെന്താന്നുവച്ചാ നിന്റെ ചെറുക്കനും സൂരജും ഇത്തവണ ടീമിലൊണ്ട്. എന്നാലും മൂപ്പിളമകൊണ്ട് ഒരിച്ചിരി മുമ്പിലൊള്ളത് സൂരജാ.’’

ആയിക്കോട്ടെ, അതിനെന്താ കുഴപ്പം എന്ന് അയ്യപ്പൻകുട്ടി തലയാട്ടി. ചാക്കോ സാർ എഴുന്നേറ്റ് അകത്തുപോയി രണ്ടു കുപ്പി മിലിട്ടറി റമ്മുമായി തിരികെ വന്നു.

‘‘കുഞ്ഞവറാനളിയൻ ഇന്നാളി വന്നപ്പം ഇവിടെ വച്ചേച്ച് പോയതാ. നീ കൊണ്ടുപൊക്കോ. എനിക്കിപ്പോ പട്ടാളമൊന്നും പിടിക്കത്തില്ല. നെനക്ക് എന്നായാലും രണ്ടണ്ണമടിക്കാനൊള്ള ഊപ്തിയൊക്കെയൊണ്ട്.’’

പൊതി നീട്ടിക്കൊണ്ട് സാർ പറഞ്ഞു.

‘‘സ്പോർട്സ് ക്വാട്ടായിൽ ജോലിക്ക് കേറാൻ സൂരജ് ശ്രമിക്കുന്നൊണ്ട്. അവൻ കഴിഞ്ഞതവണ വൈസ് ക്യാപ്റ്റനുമായിരുന്നു. പിന്നെ...’’

സംസാരം നിർത്തി വിജനമായ റോഡിലേക്ക് നോട്ടം മാറ്റി സാർ തുടർന്നു.

‘‘ഇത്തവണ അവൻ ക്യാപ്റ്റനായാൽ ജോലികിട്ടാൻ കൊറച്ചെളുപ്പമാ.’’

പറഞ്ഞുവരുന്ന കാര്യമെന്തെന്നറിയാതെ അയ്യപ്പൻകുട്ടി കേട്ടിരുന്നു.

‘‘ഏതായാലും രണ്ടുപേരും ടീമിലൊണ്ടാവും. എന്നാലും നിന്റെ മോൻ ഐ.പി.എല്ലിലൊണ്ടായതുകൊണ്ട് അവനാ ഇച്ചിരി വരിശം കൂടുതൽ.’’

മുറ്റത്തേക്കിറങ്ങിയ ചാക്കോ സാർ അയ്യപ്പൻകുട്ടിയുടെ മുഖത്തേക്കു നോക്കാതെ പുറത്തേക്കു നീട്ടിത്തുപ്പി.

‘‘നിന്റെ മോനാന്നേല് അത്ര പടിത്തമൊന്നുമില്ലല്ലോ. പിന്നെ നിങ്ങള് സംവരണക്കാരുമല്ലേ? വല്യ പഠിത്തമൊന്നുമില്ലേലും നല്ല ജോലിയൊക്കെ കിട്ടത്തില്ലേ. നീ ചെറുക്കനോടൊന്ന്..?’’

തലയാട്ടിക്കൊണ്ട് യാത്രപറഞ്ഞ് പുറത്തേക്കിറങ്ങാൻ തുടങ്ങിയ അയ്യപ്പൻകുട്ടി ഒരുനിമിഷം നിന്നു. അടുക്കളപ്പുറത്തു നിന്നും അന്നേരം അങ്ങോട്ടുവന്ന പണിക്കാരത്തി മറിയ ഒരു വാഴയിലപ്പൊതി അയാളുടെ നേരെ നീട്ടി.

‘‘ഇച്ചിരെ കോഴിയിറച്ചിയാ.’’

ഗേറ്റുവരെ അയാളുടെ ഒപ്പം ചെന്നു ചാക്കോ സാർ.

‘‘അവനല്ലേലും നല്ലത് ഐ.പിയെല്ലാ. ഇപ്പത്തന്നെ ഇരുപതു ലക്ഷമൊത്തില്ലേ?’’

‘‘ഞാൻ അവനോടൊന്ന്...’’

ഏറെ ശ്രമപ്പെട്ട് അയ്യപ്പൻകുട്ടി പറഞ്ഞ വാക്കുകൾ കേട്ട് പുത്തൂക്കാരൻ മൊബൈലെടുത്തു.

‘‘നീ നടന്നു പോവണ്ടെടാ. ഞാൻ ബെന്നീന്റെ ഓട്ടോ വിളിക്കാം.’’

ചാക്കോ സാർ നമ്പർ ഡയൽ ചെയ്യുന്നതിനിടെ അയ്യപ്പൻകുട്ടി മുന്നോട്ടു നടന്നു. തിരിഞ്ഞുനിന്ന ചാക്കോ സാർ മറിയയോട് സ്വകാര്യം പറഞ്ഞു. അതൊരു ജാതി അധിക്ഷേപമായിരുന്നു.

5

പാടം കഴിഞ്ഞ് വീട്ടുപറമ്പിലേക്കുള്ള കുത്തുകല്ലു കയറുമ്പോൾ ഓടിവന്ന് മുന്നിൽ വാലാട്ടി നിന്ന പാണ്ടൻ നായയെ കണ്ട് അയ്യപ്പൻകുട്ടി നിന്നു. പാടത്തിനരികിലെ നടവരമ്പ് മൂടിക്കിടന്ന കൈതക്കാട്ടിലേക്ക് അയാൾ ഉന്നംപിടിച്ചെറിഞ്ഞ പട്ടാള റമ്മിന്റെ കുപ്പി ജസ് പ്രീത് ബുംറയുടെ കാൽപാദം തകർക്കുന്ന യോർക്കറിന്റെ കൃത്യതയോടെ കരിങ്കല്ലിൽ പതിച്ച് ചില്ലു പൊട്ടുന്ന ശബ്ദത്തിൽ ചിതറിവീണു. ഒപ്പം വലിച്ചെറിഞ്ഞ കോഴിയിറച്ചിയുടെ മണം പിടിച്ച നായ അങ്ങോട്ടോടി.

കൈതക്കാട്ടിലൊളിഞ്ഞു കിടന്ന പാറക്കെട്ടിൽ തട്ടി നാട്ടുതോടിന്റെ കൈവഴിയിലേക്ക് ഒലിച്ചിറങ്ങിയ റമ്മിന്റെ അവശിഷ്ടങ്ങൾ നായ നക്കിക്കുടിക്കുമ്പോൾ അയ്യപ്പൻകുട്ടി ഷാപ്പിൽ തനിക്കായി കാത്തിരിക്കുന്ന ഇളംകള്ളിന്റെ ഓർമയിൽ പാദം വലിച്ച് മുന്നോട്ടു നടന്നു.ചിലതൊക്കെ വലിച്ചെറിയണം ഏറെ ദൂരത്തേക്ക്. അല്ലെങ്കിൽ ജീവിതം നായ നക്കും.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.