ധൃതരാഷ്ട്രം

കവചം ത്യജിക്കാം ഹൃദയകമലം തുറക്കാം –അഗസ്ത്യഹൃദയം റോഡരികില്‍ അടുക്കിവെച്ച ചെങ്കല്ലുകളെ നോക്കിയപ്പോഴാണ് രഘുരാമന്‍ തന്റെ കണ്ണിന്റെ പ്രശ്‌നം ആദ്യമായി തിരിച്ചറിഞ്ഞത്. ചെങ്കല്ലിനെല്ലാം ചാരനിറം. അട്ടിവെച്ചത് സിമന്റ് കട്ടകളാണോ എന്ന് സംശയിച്ച് തൊട്ടുനോക്കുകപോലും ചെയ്തു അയാള്‍. പകലുറക്കം സമ്മാനിച്ച അവ്യക്തതയോ അല്ലെങ്കില്‍ തോന്നലോ ആവുമെന്നാണ് അയാള്‍ ആദ്യം കരുതിയത്. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അന്നത്തെ പകല്‍ മുഴുവന്‍ രഘുരാമന്‍ ഉറക്കത്തിലായിരുന്നു. ഉണര്‍ന്നപ്പോള്‍ നേരമിരുട്ടുകയും ചെയ്തു.രഘുരാമന്‍ കണ്ണുകള്‍ തിരുമ്മി ചുറ്റും നോക്കി. റോഡും റോഡരികിലെ മരങ്ങളുമെല്ലാം ചാരനിറം. പണ്ട്...

കവചം ത്യജിക്കാം

ഹൃദയകമലം തുറക്കാം –അഗസ്ത്യഹൃദയം

റോഡരികില്‍ അടുക്കിവെച്ച ചെങ്കല്ലുകളെ നോക്കിയപ്പോഴാണ് രഘുരാമന്‍ തന്റെ കണ്ണിന്റെ പ്രശ്‌നം ആദ്യമായി തിരിച്ചറിഞ്ഞത്. ചെങ്കല്ലിനെല്ലാം ചാരനിറം. അട്ടിവെച്ചത് സിമന്റ് കട്ടകളാണോ എന്ന് സംശയിച്ച് തൊട്ടുനോക്കുകപോലും ചെയ്തു അയാള്‍. പകലുറക്കം സമ്മാനിച്ച അവ്യക്തതയോ അല്ലെങ്കില്‍ തോന്നലോ ആവുമെന്നാണ് അയാള്‍ ആദ്യം കരുതിയത്. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അന്നത്തെ പകല്‍ മുഴുവന്‍ രഘുരാമന്‍ ഉറക്കത്തിലായിരുന്നു. ഉണര്‍ന്നപ്പോള്‍ നേരമിരുട്ടുകയും ചെയ്തു.

രഘുരാമന്‍ കണ്ണുകള്‍ തിരുമ്മി ചുറ്റും നോക്കി. റോഡും റോഡരികിലെ മരങ്ങളുമെല്ലാം ചാരനിറം. പണ്ട് വഴിവിളക്കുകളുടെ ചുവട്ടില്‍നിന്നാല്‍ ദേഹവും ദേഹത്തെ വസ്ത്രങ്ങളും ചാരം പൂശിയപോലെ തോന്നിക്കും. ആ ഓര്‍മയില്‍ അയാള്‍ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിലേക്ക് അറിയാതെ നോക്കിപ്പോയി. ചാരനിറത്തിലുള്ള വെളിച്ചമായിരുന്നു അതില്‍ നിന്ന് തൂവിയിരുന്നത്.

വിളക്കുകാലിനടുത്ത് നിന്ന് മാറി രഘുരാമന്‍ ആകാശത്തേക്ക് നോക്കി. ചന്ദ്രനും നക്ഷത്രങ്ങളും ചാരം പൂശിനില്‍ക്കുന്നു. ചാരനിലാവ്. ചാരനിറമുള്ള നാട്ടുവെളിച്ചം. അയാള്‍ അസ്വസ്ഥനായി. തോന്നലാവും എന്ന് സമാധാനിച്ച് രഘുരാമന്‍ പലചരക്കു കടയിലേക്ക് നടന്നു. സാധനങ്ങള്‍ വാങ്ങാന്‍ വന്ന പരിചയക്കാര്‍ ചാരനിറത്തില്‍ അയാളോട് ചിരിച്ചു. ചിരിപോലെ എന്തോ ഒന്ന് അയാള്‍ മടക്കിക്കൊടുത്തു.

രഘുരാമന്‍ ലിസ്റ്റ് കൊടുത്തു. കടക്കാരന്‍ അതു നോക്കി സാധനങ്ങള്‍ എടുക്കാന്‍ തുടങ്ങി. അതിനിടയിലെ കുശലാന്വേഷണങ്ങള്‍ക്ക് രഘുരാമന്‍ എന്തൊക്കെയോ മറുപടി കൊടുത്തു. അയാളുടെ ശ്രദ്ധ മുഴുവന്‍ കടക്കകത്ത് നിറങ്ങള്‍ തിരയുന്നതിലായിരുന്നു. അരി, ഗോതമ്പ്, ബിസ്‌കറ്റ് പാക്കറ്റ്, നാപ്കിന്‍, വാഴക്കുലകള്‍, പലഹാരങ്ങള്‍, ഫോണ്‍ പേ ക്യൂ ആര്‍ കോഡ്... അങ്ങനെ അയാളുടെ നോട്ടമെത്തിയ സ്ഥലങ്ങളെല്ലാം നിറങ്ങളെ സമർഥമായി ഒളിച്ചുപിടിച്ചു. ചാരനിറത്തിന്റെ വിവിധ വകഭേദങ്ങള്‍ മാത്രമേ രഘുരാമന്റെ കണ്ണില്‍ പതിഞ്ഞുള്ളൂ.

“ടൂത്ത്‌പേസ്റ്റ് ഏത് നിറമാണ് വേണ്ടത്?’’ –കടക്കാരന്‍ ചോദിച്ചു.

അയാള്‍ തന്നെ പരിഹസിക്കുകയാണോ എന്ന് രഘുരാമന് തോന്നി.

“ഏതെങ്കിലും” –രഘുരാമന്‍ പറഞ്ഞു. തന്റെ ശബ്ദത്തില്‍ അൽപം കടുപ്പം കൂടിയോ എന്നയാള്‍ക്കുതന്നെ തോന്നി. അയാളതില്‍ ഖേദിക്കുകയുംചെയ്തു. പക്ഷേ, കടക്കാരനത് പ്രശ്‌നമായി തോന്നിയില്ല. ഒരുപക്ഷേ, അയാളിലെ ഭാവമാറ്റം ആ മനുഷ്യന്‍ ശ്രദ്ധിച്ചിട്ട് കൂടിയുണ്ടായില്ല.

“കഴിഞ്ഞതവണ ഏതാണ് കൊണ്ടുപോയത്?” –ടൂത്ത്‌പേസ്റ്റ് നിറം മാറി ഉപയോഗിക്കുന്ന അയാളുടെ രീതി നന്നായറിയാവുന്ന കടക്കാരന്‍ ചോദിച്ചു.

രഘുരാമന്‍ ഓര്‍ത്തുനോക്കി. ഇത്തിരിനേരം മുമ്പാണ് പല്ല് തേച്ചത്. പതിവില്ലാത്ത ഉറക്കം കഴിഞ്ഞ് എഴുന്നേറ്റത് ഒരബദ്ധത്തിലേക്കായിരുന്നു. രാവിലെയാണെന്ന് കരുതി അയാള്‍ നേരെ പോയി പല്ലുതേക്കുകയായിരുന്നു. എന്നിട്ടും പേസ്റ്റിന്റെ നിറം രഘുരാമന് ഓര്‍ത്തെടുക്കാനായില്ല. കടക്കാരന്‍ അയാളുടെ മറുപടിക്കുവേണ്ടി കാത്തുനിന്നു.

“വെള്ളനിറമുള്ളത് എടുത്തോളൂ.”

കടക്കാരന്‍ ടൂത്ത് പേസ്റ്റ് എടുത്ത് സഞ്ചിയിലേക്കിട്ടു. ഒരു രാധാസ് സോപ്പും. രഘുരാമന്റെ ഇഷ്ടനിറത്തിലുള്ള സോപ്പ്. അയാള്‍ സോപ്പിന്റെ പാക്കറ്റ് തുറന്നു. ചാരനിറത്തിലുള്ള സോപ്പുകട്ടയാണ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്. രഘുരാമന്‍ സോപ്പെടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നുരണ്ട് തവണ അയാളത് വെളിച്ചത്തിന് നേര്‍ക്ക് പിടിച്ചു. അതു കണ്ട് കടക്കാരന്‍ സംശയത്തോടെ നോക്കി.

“നിറം മാറിയോന്ന് നോക്കുകയാണ്” –രഘുരാമന്‍ അറിയാതെ പറഞ്ഞുപോയി.

അതുകേട്ട് കടക്കാരന്‍ ഉറക്കെ ചിരിച്ചു.

ആ ചിരി ശ്രദ്ധിക്കാതെ കാശുകൊടുത്ത് രഘുരാമന്‍ സാധനങ്ങളുമായി വീട്ടിലേക്ക് നടന്നു. അയാള്‍ക്ക് സ്വസ്ഥമായി ഒന്ന് ആലോചിക്കണമായിരുന്നു. ഉറപ്പിക്കണമായിരുന്നു.

ചാരനിറത്തിലുള്ള പ്രകാശം തെളിയിച്ചുകൊണ്ട് അയാള്‍ക്കരികിലൂടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. നിറംകെട്ട കാഴ്ചകളെന്ന പത്രവാക്യങ്ങള്‍ അക്ഷരാർഥമാകുന്നതിന്റെ അമ്പരപ്പില്‍നിന്ന് മോചനം നേടാനെന്നപോലെ അയാള്‍ തല കുമ്പിട്ടു നടന്നു. റോഡ്, കാൽപാദം, കരിയിലകള്‍, ചിതറിക്കിടക്കുന്ന മിഠായിക്കവറുകള്‍ എന്നിങ്ങനെയുള്ള ചാരക്കാഴ്ചകളിലൂടെ അയാളുടെ വീട്ടിലേക്കുള്ള ദൂരം അതിദൂരമായി.

വീട്ടിലെത്തിയ ഉടനെ രഘുരാമന്‍ ആദ്യം മുറ്റത്തെ കോളാമ്പിപ്പൂക്കളുടെ അടുത്തേക്ക് ചെന്നു. നാട്ടുവെളിച്ചത്തില്‍പോലും മഞ്ഞ പ്രസരിക്കുന്ന ആ പൂക്കള്‍ അയാളുടെ അവസാനത്തെ പരീക്ഷണമായിരുന്നു. പലചരക്ക് നിറച്ച സഞ്ചിയുമായി അയാളാ പൂക്കള്‍ക്ക് മുന്നില്‍ ഭവ്യതയോടെ നിന്നു. നിറമൊലിച്ചുപോയ പൂക്കള്‍ തന്നെ കളിയാക്കുകയാണോ എന്ന് രഘുരാമന് തോന്നി.

തലകുനിച്ചുകൊണ്ടാണ് അയാള്‍ വീട്ടിലേക്കു കയറിയത്. ഉമ്മറത്തെ കിണ്ടിയിലെ വെള്ളത്തില്‍നിന്ന് കാല്‍ കഴുകുമ്പോള്‍ പതിവ് നിര്‍വൃതിയൊന്നും അയാള്‍ക്ക് അനുഭവപ്പെട്ടില്ല. ഭാര്യ ചാരനിറത്തില്‍ വന്ന് അയാളുടെ കൈയില്‍നിന്ന് സഞ്ചി വാങ്ങി സാധനങ്ങള്‍ പരിശോധിച്ചു.

“ഇത്തവണ പതിവു തെറ്റിച്ചോ?” –ഭാര്യ ചോദിച്ചു.

ചോദ്യചിഹ്നത്തോടെ രഘുരാമന്‍ അവളെ നോക്കി.

അവള്‍ ടൂത്ത് പേസ്റ്റ് ഉയര്‍ത്തി കാണിച്ചു.

“കഴിഞ്ഞതവണ വെള്ളയല്ലേ വാങ്ങിയത്. അങ്ങനെ പതിവില്ലല്ലോ.”

ഒരു ചെറുചിരിയോടെ സാധനങ്ങളുമായി അവള്‍ അകത്തേക്ക് നടന്നു. അപരിചിതമായ ഒരു വീടിനകത്തേക്കെന്നപോലെ പിന്നാലെ അയാളും.

രഘുരാമന്‍ നേരെ മകളുടെ അരികിലേക്ക് ചെന്നു. മകള്‍ എപ്പഴേ ഉറങ്ങിക്കഴിഞ്ഞിരുന്നു. ബെഡില്‍ അവളുടെ സ്‌കെച് ബുക്കും ക്രയോണ്‍സും പതിവുപോലെ ചിതറിക്കിടന്നു. അവള്‍ അന്നു വരച്ച ചിത്രത്തിലേക്ക് നോക്കാന്‍ അയാള്‍ക്ക് താല്‍പര്യം തോന്നിയില്ല. ബുക്ക് മടക്കി അയാള്‍ ക്രയോണ്‍സുകള്‍ പെറുക്കാന്‍ തുടങ്ങി. പന്ത്രണ്ടെണ്ണത്തില്‍ ഒന്നു കാണാനില്ല. ഏതു നിറമായിരിക്കും അതെന്ന് അയാള്‍ക്ക് പിടികിട്ടിയില്ല. ബെഡ്ഡിലും കട്ടിലിനടിയിലും കാണാതായ ക്രയോണ്‍സ് തിരയുന്നതിനിടയില്‍ ഭാര്യ വന്നു. അയാളുടെ കൈയിലെ ക്രയോണുകളെ നോക്കി അവള്‍ പറഞ്ഞു: “ഈ പെണ്ണിന്റെയൊരു കാര്യം. ഒന്നും എടുത്താല്‍ എടുത്ത സ്ഥലത്ത് വെക്കില്ല. എന്നാലോ എന്തെങ്കിലും കാണാതായാല്‍ ലഹളയുണ്ടാക്കുകയുംചെയ്യും.”

അവളതെല്ലാം ഒരു കുഞ്ഞു പെട്ടിയിലേക്കൊതുക്കി.

“ഒന്ന് കാണാനില്ലല്ലോ” –അവള്‍ പറഞ്ഞു.

ബെഡ്ഷീറ്റും പുതപ്പുമൊക്കെ കുടഞ്ഞിട്ടപ്പോള്‍ കാണാതായ ക്രയോണ്‍സ് ഒളിത്താവളത്തില്‍നിന്ന് ഉരുണ്ടുവന്നു.

“ഗ്രേ” –ഭാര്യ പറഞ്ഞു, “അവളധികം ഉപയോഗിക്കാത്ത നിറമാണ്. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. കണ്ടില്ലെങ്കില്‍ പെണ്ണിന് പ്രാന്താകും.”

ഉള്ളിലൊരു വേദനയോടെ രഘുരാമന്‍ അത് അംഗീകരിച്ചു. യാന്ത്രികമായി തലയാട്ടി.

ചോറുണ്ണുമ്പോഴും അയാള്‍ യന്ത്രത്തെപ്പോലെ തന്നെയായിരുന്നു. ഭാര്യയുടെ ചോദ്യങ്ങള്‍ക്ക് മൂളലില്‍ മറുപടിയൊതുക്കി. നിറംകെട്ട ചോറും കറിയും അരുചിയോടെ അയാള്‍ കഴിച്ചെന്നുവരുത്തി. ബെഡ്ഡില്‍ കിടന്നയുടനെ ഗാഢനിദ്രയിലകപ്പെട്ടതായി ഭാര്യയെ അറിയിക്കാന്‍ രഘുരാമന്‍ ആദ്യമായി അഭിനയിച്ചു. ഒരേസമയം എളുപ്പവും പ്രയാസകരവുമായ ഒരേര്‍പ്പാടായിരുന്നു നിദ്രാഭിനയം. ആ നാടകമവസാനിപ്പിച്ച് തന്റെ കണ്ണിന്റെ പ്രശ്‌നം ഭാര്യയോട് പറയാനയാള്‍ പലതവണ ശ്രമിച്ചു. പക്ഷേ, ഒരു രാത്രി, അതിലപ്പുറത്തേക്ക് ആ അസ്വസ്ഥത നീണ്ടുനില്‍ക്കില്ലെന്ന് അയാള്‍ ആശ്വസിച്ചു. സ്വയം നടിച്ച ഉറക്കത്തില്‍നിന്നുണരാന്‍ കൂട്ടാക്കാതെ കണ്ണടച്ച് അയാള്‍ പലതുമോര്‍ക്കാന്‍ ശ്രമിച്ചു. ഓര്‍മകള്‍ വിചിത്രസ്വപ്നങ്ങള്‍പോലെ കൂടിക്കുഴഞ്ഞ് അയാളെ കബളിപ്പിച്ചു. കാലദേശങ്ങള്‍ക്കതീതമായ ഒരവസ്ഥയിലേക്ക് അയാളുടെ രാത്രി പ്രവേശിച്ചു.

ശുഭപ്രതീക്ഷകളോടെയാണ് രഘുരാമന്‍ ഉണര്‍ന്നത്. ആദ്യം കണ്ണില്‍ പതിഞ്ഞത് ചുമരിലെ കലണ്ടര്‍. നിറമില്ലാത്ത കാലത്തിലേക്കാണ് ഉണരുന്നതെന്ന മുന്നറിയിപ്പ് അയാള്‍ നിസ്സംഗതയോടെ ഉള്‍ക്കൊണ്ടു. മുറ്റത്തേക്കിറങ്ങിയപ്പോള്‍ ചാരനിറത്തില്‍ കുളിച്ച പകല്‍ അയാളെ വരവേറ്റു. എന്നും കാണാറുള്ള പക്ഷികളും മരങ്ങളും ആകാശവും അയാള്‍ക്ക് അപരിചിതങ്ങളായി. കണ്ണാടിക്ക് മുന്നില്‍ ചെന്നു നിന്ന് രഘുരാമന്‍ കുറേനേരം കണ്ണുകള്‍ പരിശോധിച്ചു. സ്വയം പരിശോധിച്ചു. അയാള്‍ക്ക് പെ​െട്ടന്ന് ഡോക്ടര്‍ രാഘവനെ കുറിച്ച് ഓര്‍മ വന്നു.

“ഇന്ന് പോകുന്നില്ലേ?” –ഭാര്യയുടെ ഓര്‍മപ്പെടുത്തല്‍ അയാളെ അന്നത്തെ ദിവസത്തിലേക്ക് ചലിപ്പിച്ചു.

കുളി കഴിഞ്ഞ് അയാള്‍ കുറച്ചുനേരം ഇഷ്ടദൈവത്തിന്റെ പടത്തിനു മുന്നില്‍ ചെന്നുനിന്നു. ആയുധങ്ങളേന്തിയ അനേകം കൈകള്‍. അസുരന്റെ ഛേദിച്ച തല. ഇറ്റുവീഴുന്ന ചോര. രഘുരാമന്‍ കുറേനേരം കണ്ണടച്ച് നിന്നു. വര്‍ക്ക് ഷോപ്പിലേക്ക് നടക്കുമ്പോഴാണ് ആ ദൈവചിത്രത്തെ പറ്റി അയാള്‍ വീണ്ടുമോര്‍ത്തത്. താനത് കണ്ടത് വര്‍ണത്തിലാണല്ലോ എന്നൊരു സംശയം. തിരിച്ചു ചെന്ന് പരിശോധിച്ചു നോക്കിയാലോ എന്നയാള്‍ക്ക് തോന്നി. പിന്നെ വേണ്ടെന്നു വെച്ചു.

വര്‍ക്ക് ഷോപ്പ് തുറന്നപ്പോള്‍ പൊതുവേ നിറംമങ്ങിയ ആ അന്തരീക്ഷം കുറച്ചൂടെ ഇരുണ്ട് കാണപ്പെട്ടു. നന്നാക്കാന്‍ കൊണ്ടുവന്ന വാഹനങ്ങള്‍, അയാളുടെ ടൂള്‍സ്, സ്‌പെയര്‍പാര്‍ട്‌സ് എല്ലാം ഒരൊറ്റ നിറത്തില്‍ കൊത്തിയ ശിൽപങ്ങളെപ്പോലെ തോന്നി.

നിർവികാരതയോടെ അങ്ങനെതന്നെ നില്‍ക്കുമ്പോള്‍ അയാളുടെ ഫോണ്‍ ശബ്ദിച്ചു.

മാരുതി നന്നാക്കാന്‍ ഏൽപിച്ച ആളായിരുന്നു. അയാളുടെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് മൂന്ന് മാരുതികളുണ്ടായിരുന്നു.

“ഏത് നിറത്തിലുള്ള മാരുതിയാണ്?” –ചോദിച്ചു കഴിഞ്ഞപ്പോഴാണ് അയാള്‍ക്ക് അബദ്ധം മനസ്സിലായത്. അയാള്‍ ഉടന്‍തന്നെ നമ്പര്‍ ചോദിച്ചു. പെട്ടെന്ന് ശരിയാക്കാമെന്ന് മറുപടിയും കൊടുത്തു. പക്ഷേ, അയാള്‍ക്ക് ടൂള്‍സ് കൈയിലെടുക്കാന്‍ തോന്നിയില്ല. എത്രയും വേഗം ഡോക്ടര്‍ രാഘവനെ പോയി കാണാനാണ് മനസ്സ് പറഞ്ഞത്.

മുമ്പൊരിക്കല്‍ മാത്രമേ അയാള്‍ രാഘവന്‍ ഡോക്ടറുടെ അടുത്ത് ചെന്നിട്ടുള്ളൂ. അതും പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ്. ചെങ്കണ്ണ് വന്ന് ഭേദമായതിനുശേഷം അയാളുടെ കാഴ്ചകള്‍ക്ക് ഒരു മങ്ങല്‍ അനുഭവപ്പെട്ടിരുന്നു. താല്‍ക്കാലികമാകുമെന്ന് കരുതി അന്നത് കാര്യമാക്കിയില്ല. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞിട്ടും കാഴ്ച തെളിഞ്ഞില്ല. കണ്ണില്‍ പാട വന്നു മൂടിയപോലെ. രാഘവന്‍ ഡോക്ടറാണ് അത് ശരിയാക്കി കൊടുത്തത്. മെഡിക്കല്‍ കോളജില്‍നിന്ന് റിട്ടയര്‍ചെയ്ത സീനിയര്‍ ഐ സ്‌പെഷലിസ്റ്റ്. സര്‍ജന്‍.

അന്ന് ആദ്യമായി രാഘവന്‍ ഡോക്ടറെ കണ്ടത് രഘുരാമന് ഇപ്പോഴും ഓര്‍മയുണ്ട്. റിട്ടയര്‍മെന്റിനുശേഷം വീട്ടില്‍ വെച്ചായിരുന്നു ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നത്. ഒരു കുന്നിന്‍മുകളിലായിരുന്നു ആ ഒറ്റപ്പെട്ട വീട്. ചുറ്റും മരങ്ങള്‍, പൂച്ചെടികള്‍. കാഴ്ചയുടെ വില ഓര്‍മിപ്പിക്കുന്ന അന്തരീക്ഷം. രാഘവന്‍ ഡോക്ടറുടെ മുറി പരീക്ഷണശാലപോലെയായിരുന്നു. മേശപ്പുറത്ത് തുറന്നുവെച്ച മരപ്പെട്ടിയിലെ പലതരം ലെന്‍സുകളാണ് രഘുരാമനെ ആദ്യമായി ആകര്‍ഷിച്ചത്.

ഇരുണ്ട മുറിയിലെ ഇത്തിരിവെട്ടത്തെ ആ ലെന്‍സുകള്‍ പലതരത്തില്‍ പ്രതിഫലിപ്പിച്ചു. കൂടാതെ, പലതരം ഉപകരണങ്ങള്‍, ചുമരില്‍ തൂക്കിയിട്ട സ്‌നെല്ലന്‍ ചാര്‍ട്ടുകള്‍... അതിനിടയില്‍ പഴക്കംചെന്ന ഒരു ഉപകരണംപോലെ ഡോക്ടറും. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മാത്രമേ ഉത്തരം പറയാന്‍ പാടുള്ളൂ. അറിയാതെ വല്ലതും വിശദീകരിച്ചു പോയാല്‍ ഞാനത് ചോദിച്ചില്ല, എനിക്കതറിയേണ്ട എന്ന് മുഖത്തടിച്ചപോലെ പറയും. ഡോക്ടറുടെ പെരുമാറ്റം കണ്ടപ്പോള്‍ തന്റെ കാഴ്ച തെളിയിച്ചു തരാന്‍ അയാള്‍ക്കൊരിക്കലും കഴിയില്ലെന്ന തോന്നല്‍ രഘുരാമനുണ്ടായി. പക്ഷേ, മരുന്നു കഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ അത്ഭുതകരമാം വിധം അയാളുടെ കണ്ണുകള്‍ തെളിഞ്ഞു തുടങ്ങി.

ഇത്തവണയും അങ്ങനെയൊരത്ഭുതം പ്രതീക്ഷിച്ചുകൊണ്ടാണ് രഘുരാമന്‍ കുന്നുകയറിയത്. പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് അയാളീ വഴി വരുന്നത്. ജീവിതത്തില്‍ രണ്ടാം തവണ. ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. മുറ്റം നിറയെ പൂക്കളും കരിയിലകളും. രോഗികളാരെങ്കിലും വന്നതിന്റെ ലക്ഷണമായി മുറ്റത്ത് ചെരിപ്പുകളൊന്നും കണ്ടില്ല. Doctor in എന്ന ബോര്‍ഡ് കണ്ടപ്പോള്‍ രഘുരാമന്‍ ഗേറ്റ് തുറന്ന് ഉള്ളിലേക്ക് നടന്നു. സിറ്റൗട്ടും കാത്തിരിപ്പുമുറിയും വിജനം.

അയാള്‍ കുറച്ചുനേരം അവിടെ നിന്നു. ഡോക്ടറുടെ മുറിയില്‍നിന്നും പതിഞ്ഞ സംസാരം കേട്ടു. ആരെയോ പരിശോധിക്കുകയാവും. തീരാന്‍വേണ്ടി അയാള്‍ കാത്തുനിന്നു. അതിത്തിരി നേരം നീണ്ടു. ചുമരിലെ ഘടികാരത്തില്‍ സമയം പത്തുമണി കഴിഞ്ഞ് പത്തു മിനിറ്റ് എന്നു കാണിച്ചു. അയാള്‍ അക്ഷമയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഡോക്ടര്‍ പരിശോധിച്ചുകൊണ്ടേയിരിക്കുകയാണ്. അയാള്‍ വീണ്ടും ക്ലോക്കിലേക്ക് നോക്കി. സമയം അപ്പോഴും പത്തേ പത്ത്. വന്നിട്ട് അരമണിക്കൂറായി. രഘുരാമന്‍ രണ്ടും കൽപിച്ച് വാതിലില്‍ മുട്ടി. അകത്തെ മര്‍മരങ്ങള്‍ നിലച്ചു.

 

കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടറുടെ ശബ്ദം കേട്ടു: “കം. ആരാണെങ്കിലും.”

രഘുരാമന്‍ വാതില്‍ തള്ളി. വിഷാദം കിനിയുന്ന ശബ്ദത്തോടെ വാതില്‍ തുറന്നു. മുമ്പ് വന്ന മുറിയാണതെന്ന് അയാള്‍ക്ക് തോന്നിയതേയില്ല. മുറിയുടെ പ്രേതം. നിറയെ മാറാലകള്‍ തൂങ്ങിക്കിടക്കുന്നു. പല്ലിയുടെ ചിലപ്പ്. രഘുരാമന്റെ ചാരക്കാഴ്ചയില്‍ ആ മുറി കൂടുതല്‍ പ്രേതബാധിതമായി.

മാറാലകള്‍ തീര്‍ത്ത തിരശ്ശീലക്കപ്പുറം ഒരു നിഴല്‍പോലെ ഡോക്ടറുടെ രൂപം കണ്ടു. ആ മുറിയുടെ മാറ്റം അത്ഭുതപ്പെടുത്തിയിരുന്നെങ്കിലും അപ്പോഴത്തെ അവസ്ഥയില്‍ രഘുരാമന്‍ അത് കാര്യമാക്കിയില്ല. മാറാലകള്‍ വകഞ്ഞ് അയാള്‍ ഡോക്ടറുടെ അരികിലെത്തി. ഡോക്ടര്‍ രാഘവന്‍ നടുവൊടിഞ്ഞപോലെ മേശയിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു. ബദ്ധപ്പെട്ട് തല ഉയര്‍ത്തി ഡോക്ടര്‍ ചോദിച്ചു: “എന്താ?”

ഡോക്ടറുടെ താടിയും മുടിയും നരച്ചിട്ടുണ്ടാവുമെന്ന് അയാള്‍ കണക്കുകൂട്ടി. വിന്റേജ് മോഡല്‍ ഫോറോപ്റ്റര്‍ അദ്ദേഹം മുഖത്ത് വെച്ചിട്ടുണ്ടായിരുന്നു. അതിന്റെ ലെന്‍സിലൂടെ ഡോക്ടറുടെ കണ്ണുകള്‍ മുഖത്തിനു ചേരാത്ത വിധം വലുപ്പത്തില്‍ രഘുരാമനെ ഉറ്റുനോക്കി.

രഘുരാമന്‍ കാര്യങ്ങള്‍ പറഞ്ഞു. മുമ്പത്തെ അനുഭവം ഓര്‍മയുള്ളതിനാല്‍ ചോദ്യങ്ങള്‍ക്കു മാത്രം മറുപടി പറയാന്‍ ശ്രമിച്ചു. പക്ഷേ, ഡോക്ടര്‍ കാര്യമായൊന്നും ചോദിച്ചില്ല. നിർവികാരമായ മുഖത്തോടെ അയാളെ കേട്ടിരിക്കുക മാത്രം ചെയ്തു. പിന്നെ ഒരു കടലാസില്‍ എന്തോ കുത്തിക്കുറിക്കാന്‍ തുടങ്ങി. ഡോക്ടര്‍ കുനിയുമ്പോഴും നിവരുമ്പോഴും എന്തൊക്കെയോ ലോഹശബ്ദങ്ങള്‍ കേട്ടു. ഡോക്ടറുടെ കുറിപ്പെഴുത്ത് ഇത്തിരി നീണ്ടു. ഇടക്ക് എഴുത്ത് നിര്‍ത്തി എന്തോ ആലോചിച്ചു. ആ സമയം രഘുരാമന്‍ എഴുത്തിലേക്ക് ഒന്നെത്തിനോക്കി. ഡോക്ടര്‍ അനിഷ്ടത്തോടെ തല ഉയര്‍ത്തി.

“എന്നാ നിങ്ങളെഴുതിക്കോ...” -ഡോക്ടര്‍ കടലാസും പേനയും അയാള്‍ക്ക് നീട്ടി.

“സോറി.”

 

അത് കേള്‍ക്കാത്തപോലെ ഡോക്ടര്‍ വീണ്ടും എഴുതാന്‍ തുടങ്ങി. രഘുരാമന് അത്ഭുതംതോന്നി. ഡോക്ടര്‍ തന്നെ പരിശോധിക്കുന്നുകൂടിയില്ല. കഴിഞ്ഞതവണ അത്ര ഗൗരവപ്പെട്ടതല്ലാതിരുന്നിട്ട് കൂടി ഫോറോപ്റ്റര്‍ ധരിപ്പിച്ച് ലെന്‍സുകള്‍ മാറ്റി മാറ്റി വിശദമായിത്തന്നെ പരിശോധിച്ചിരുന്നു. ഇത്തവണ താന്‍ പറഞ്ഞത് ഡോക്ടര്‍ക്ക് മനസ്സിലായിട്ടില്ലെന്നുണ്ടോ? പക്ഷേ, ചോദിക്കാനാവില്ല. രഘുരാമന്‍ അലസമായി മുറി മുഴുവന്‍ കണ്ണോടിച്ചു. പുസ്തകങ്ങളും ന്യൂസ്‌പേപ്പറുകളും ചിതറിക്കിടക്കുന്നു. ഒരു മൂലയില്‍ യൂറോപ്യന്‍ ടോയ്‌ലറ്റും കണ്ടു. അതു മാത്രമായിരുന്നു അവിടത്തെ പുതുമ.

എഴുതിക്കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കുറിപ്പ് അയാള്‍ക്കു നീട്ടി. രഘുരാമനത് വാങ്ങി വായിക്കാന്‍ ശ്രമിച്ചു. ഫോറോപ്റ്ററിന്റെ ലെന്‍സിലൂടെ തുറിച്ചുനോക്കുന്ന ഡോക്ടറുടെ കണ്ണുകള്‍ കണ്ട് വായന നിര്‍ത്തി അയാളത് പോക്കറ്റിലിട്ടു. പിന്നെ പേഴ്‌സില്‍നിന്ന് 200 രൂപയെടുത്ത് ഡോക്ടര്‍ക്ക് നീട്ടി. അതു വാങ്ങാതെ ഡോക്ടര്‍ നേരത്തേതുപോലെ മേശയിലേക്ക് കുനിഞ്ഞു.

“ഫീസ്.” – രഘുരാമന്‍ സംശയത്തോടെ ഓര്‍മിപ്പിച്ചു.

“ഗെറ്റൗട്ട്” –ഉറക്കത്തില്‍നിന്നെന്നപോലെ ഡോക്ടര്‍ പറഞ്ഞു.

രഘുരാമന്‍ ഇത്തിരിനേരം സംശയിച്ച് അവിടെത്തന്നെ നിന്നു.

“നിങ്ങളില്‍ നിന്നൊക്കെ ഞാനിത്തിരി മര്യാദ ആഗ്രഹിച്ചു. ബട്ട് യു ഓള്‍ ഹാവ് ഡിസപ്പോയിന്റഡ് മീ. നിങ്ങള്‍ക്കൊക്കെ ജാതിയിലും മതത്തിലും യുദ്ധത്തിലുമൊക്കെയാണ് താല്‍പര്യം. എങ്കിലും നല്ല കാഴ്ചകളില്‍ എനിക്കിപ്പഴും പ്രതീക്ഷയുണ്ട്. ബിക്കോസ്…ബിക്കോസ് ഐ ആം ആന്‍ ഒഫ്ത്താല്‍മോളജിസ്റ്റ്.”

ആരോടോ എന്ന പോലെ ഡോക്ടര്‍ രാഘവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. രഘുരാമന് ഒന്നും മനസ്സിലായില്ല.

“ഗെറ്റൗട്ട്” –തളര്‍ന്ന ശബ്ദത്തില്‍ ഡോക്ടര്‍ വീണ്ടും ആജ്ഞാപിച്ചു.

രഘുരാമന്‍ പോകാനായി എഴുന്നേറ്റു.

“ആ പണമെടുത്തിട്ട് പോകൂ. നാശം.”

മേശയില്‍വെച്ച പണമെടുക്കാനായി രഘുരാമന്‍ കുനിഞ്ഞു. അന്നത്തെ പത്രം അപ്പോള്‍ മാത്രമാണ് അയാളുടെ ശ്രദ്ധയില്‍ പതിഞ്ഞത്. പലയിടത്തും ചുവന്ന വൃത്തങ്ങള്‍ വരച്ചിരിക്കുന്നതുകൊണ്ട് മാത്രമാണ് അയാളത് ശ്രദ്ധിച്ചത്. ചുറ്റിനുമുള്ള ചാരക്കൂമ്പാരങ്ങള്‍ക്കിടയില്‍ ആ ചുവപ്പ് വൃത്തങ്ങള്‍ ത്രിമാനദൃശ്യമെന്ന പോലെ അയാളുടെ കൃഷ്ണമണിക്കു മുന്നില്‍ നൃത്തം ചെയ്തു.

മുറ്റത്തെത്തിയപ്പോഴാണ് ഒരു പെണ്‍കുട്ടി ഗേറ്റ് കടന്നു വരുന്നത് കണ്ടത്. അയാളെ കണ്ടപ്പോള്‍ അവള്‍ പരിഭ്രമിച്ചു.

“നിങ്ങളാരാ?”- അവള്‍ ചോദിച്ചു.

“ഞാന്‍ ഡോക്ടറെ കാണാന്‍ വന്നതാ.”

“എന്തിന്?”

അയാള്‍ക്ക് തമാശ തോന്നി.

“എന്തിനാണ് എല്ലാവരും ഡോക്ടറെ കാണാന്‍ വരിക. അതിനു തന്നെ.”

അവള്‍ അമ്പരപ്പോടെ അയാളെത്തന്നെ നോക്കി നിന്നു.

“എന്നിട്ട് കണ്ടോ?” അവള്‍ പരിഹാസത്തോടെ ചോദിച്ചു.

“ഓ കണ്ടു. ഇതാ.” - അയാള്‍ ലിസ്റ്റ് ഉയര്‍ത്തി കാണിച്ചു.

അവള്‍ തലയില്‍ കൈ വെച്ച് പടിയിലിരുന്നു. അയാള്‍ക്കൊന്നും മനസ്സിലായില്ല.

“നിങ്ങളെന്ത് പണിയാ കാണിച്ചത്? ഡോക്ടര്‍ പരിശോധന നിര്‍ത്തിയിട്ട് അഞ്ചെട്ട് വര്‍ഷമായി.”

രഘുരാമന്‍ അത്ഭുതത്തോടെ അവളെ നോക്കി; ഡോക്ടര്‍ ഇന്‍ എന്ന ബോര്‍ഡിലേക്കും.

“അപ്പോള്‍ ഇവിടേക്ക് രോഗികളൊന്നും വരാറില്ലേ?” - അയാള്‍ അതിശയത്തോടെ ചോദിച്ചു.

“കുന്തം. ഡോക്ടര്‍ക്ക് പ്രാന്താ. അതാ ചങ്ങലക്കിട്ടിരിക്കുന്നത്. അടുത്ത് ചെല്ലുന്ന ആരേയും ആക്രമിക്കും. ഭാര്യയും മക്കളുമൊക്കെ ഇട്ടിട്ട് പോയി. ഭാഗ്യം കൊണ്ടാണ് നിങ്ങള്‍ രക്ഷപ്പെട്ടത്.”

അവള്‍ അവിടത്തെ ഹോം നേഴ്‌സ് ആയിരുന്നു. അങ്ങോട്ടാരും കടന്നു ചെല്ലില്ലെന്ന ധൈര്യത്തില്‍ പുറത്തേക്കിറങ്ങിയതായിരുന്നു അവള്‍. പറ്റിപ്പോയ അബദ്ധമോര്‍ത്ത് ആ പെണ്‍കുട്ടിയുടെ മുന്നില്‍ നില്‍ക്കാന്‍ വല്ലാത്ത ലജ്ജ തോന്നി രഘുരാമന്.

“ഇനിയും എന്ത് കുന്തത്തിനാ ഇവിടെ നില്‍ക്കുന്നത്? താനകത്ത് കിടന്ന് ചത്തിരുന്നേല്‍ സമാധാനം പറയേണ്ടത് ഞാനായിരുന്നു. ഓരോന്നിന് വന്നുകേറാന്‍ കണ്ട സമയം.”

ആദ്യത്തെ അമ്പരപ്പില്‍നിന്ന് മുക്തയായപ്പോള്‍ അവളുടെ ദേഷ്യം കത്താന്‍ തുടങ്ങി. ഇനിയും അവിടെ നിന്നാല്‍ അവള്‍ പറയാന്‍ പോകുന്നത് വല്ല തെറി വാക്കുമാകുമെന്ന് അയാള്‍ക്ക് മനസ്സിലായി. ഡോക്ടര്‍ വാങ്ങാന്‍ കൂട്ടാക്കാതിരുന്ന കാശ് അവളുടെ കൈയില്‍ ബലമായി പിടിപ്പിച്ച് അയാള്‍ വേഗം നടന്നു. അവള്‍ പിന്നാലെ വന്ന് ഗേറ്റ് പൂട്ടി.

“ആ മരുന്നൊന്നും വാങ്ങി കഴിക്കരുതേ. ഡോക്ടര്‍ക്ക് പ്രാന്താ. മുട്ടന്‍ പ്രാന്ത്.”

പിന്നില്‍നിന്ന് അവള്‍ ചിരിക്കുന്നത് അയാള്‍ കേട്ടു.

ഡോക്ടര്‍ രാഘവന്‍ കുറിച്ച മരുന്ന് വാങ്ങിക്കുക എന്നതായിരുന്നു അയാളുടെ അന്നത്തെ ബാക്കി ദിവസത്തെ പരിപാടി. ഹോം നേഴ്‌സ് പറഞ്ഞതനുസരിച്ച് അതൊരു പാഴ്‌വേലയാണ്. പക്ഷേ, അപ്പോഴും വിട്ടുപോകാത്തൊരു വിശ്വാസം അയാള്‍ക്ക് ഡോക്ടര്‍ രാഘവനില്‍ ബാക്കി കിടന്നു.

പ്രിസ്‌ക്രിപ്ഷനുമായി രഘുരാമന്‍ ഒന്നു രണ്ട് മെഡിക്കല്‍ ഷോപ്പുകളില്‍ ചെന്നു. അവരാരും അങ്ങനെയൊരു മരുന്നിനെ പറ്റി കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. മിക്കവരും പറഞ്ഞത് പുതിയ മരുന്നാവുമെന്നാണ്. പ്രതീക്ഷയില്‍ അന്വേഷിച്ചാല്‍ കിട്ടാന്‍ സാധ്യതയുണ്ടാവുമെന്ന് അവര്‍ പറഞ്ഞു. പ്രതീക്ഷ മെഡിക്കല്‍ ഷോപ്പിലേക്ക് നടക്കുന്നതിനിടെ ആ അപൂര്‍വ മരുന്നിന്റെ പേര് അയാള്‍ നോക്കി. സാധാരണക്കാര്‍ക്ക് വായിക്കാനാകാനാത്ത വികലമായ കൈയക്ഷരത്തിലായിരുന്നില്ല ഡോക്ടര്‍ രാഘവന്‍ ആ മരുന്നിന്റെ പേരെഴുതിയിരുന്നത്. വ്യക്തമായി, ഉരുട്ടി, അസാധാരണ ഭംഗിയോടെ. രഘുരാമന്‍ ആ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു.

തലച്ചോറിനെ ബാധിക്കുന്ന രോഗത്തിനുള്ള മരുന്നായിരുന്നു അത്. ആ അറിവ് രഘുരാമനെ അസ്വസ്ഥനാക്കി. മരുന്ന് കണ്ടുപിടിച്ചത് അടുത്ത കാലത്താണത്രേ. തന്നെ ബാധിച്ച രോഗത്തിനെ പറ്റി കൂടുതലറിയാന്‍ അയാള്‍ക്ക് കൗതുകംതോന്നി. രോഗവിവരണം മുഴുവന്‍ വായിച്ചപ്പോഴാണ് അയാള്‍ അമ്പരന്നത്. ഒരു യുദ്ധഭൂമിയില്‍ വെച്ചാണ് ആ അസുഖം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

ശരീരമില്ലാത്ത, മനസ്സ് മാത്രമുള്ള ഒരു വൈറസ് പരത്തുന്ന അസുഖമാണത്രേ അത്. അസുഖം ബാധിക്കുന്നവര്‍ അവര്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതെന്തോ അതായിത്തീര്‍ന്നെന്ന് സ്വയം സങ്കൽപിക്കും. ലോകത്തില്‍ മറ്റെന്തിനെക്കാളും ഐസ്‌ക്രീം ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി രോഗം ബാധിച്ചതിനു ശേഷം സ്വയം ഐസ്‌ക്രീമാണെന്ന് കരുതുകയും അലിഞ്ഞു പോകാതിരിക്കാന്‍ ഫ്രിഡ്ജിനുള്ളില്‍ കയറി ഇരിക്കുകയുംചെയ്തു. പെണ്‍കുട്ടിയെ കാണാതെ വീടും പരിസരവും മുഴുവന്‍ തിരഞ്ഞ വീട്ടുകാര്‍ അവസാനം ഫ്രിഡ്ജ് തുറന്നപ്പോള്‍ മരവിച്ച് കിടക്കുന്ന നിലയിലാണ് അവളെ കണ്ടെത്തിയത്.

ദൈവങ്ങള്‍, അവതാരങ്ങള്‍, പുണ്യാളന്‍മാര്‍… മനുഷ്യരുടെ അഭിലാഷങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു. കാണുന്നതെല്ലാം ചാരനിറത്തിലായി തോന്നുന്നതാണ് ആദ്യത്തെ ലക്ഷണം. പിന്നെ സ്മൃതിനാശം. അവസാനം അപരവ്യക്തിത്വം.

രഘുരാമന് അത്ഭുതമായി. താനെന്താവും ആയിത്തീരുക?

പ്രതീക്ഷയിലേക്കുള്ള വഴിനീളെ അയാള്‍ അതുതന്നെ ആലോചിച്ചുകൊണ്ടിരുന്നു. പ്രതീക്ഷ മെഡിക്കല്‍ ഷോപ്പില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അയാള്‍ രാഘവന്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ നീട്ടി. ചെറുപ്പക്കാരായ നാലഞ്ച് ഫാര്‍മസിസ്റ്റുകളില്‍നിന്ന് ഒരു കൈ നീണ്ടു. ഡോക്ടറുടെ കുറിപ്പ് വായിച്ച് ഫാര്‍മസിസ്റ്റ് അയാളെ കൗതുകത്തോടെ നോക്കി. ചങ്ങലയിലായ ഒരു ഡോക്ടറുടെ ഭ്രാന്തന്‍ കുറിപ്പായി കണ്ട് അവര്‍ മരുന്ന് തരാതിരിക്കുമോ എന്നയാള്‍ ഭയന്നു. എന്നാല്‍ അതുണ്ടായില്ല.

“എത്രദിവസത്തേക്ക് എടുക്കണം?” -ഫാര്‍മസിസ്റ്റ് ചോദിച്ചു.

“എത്ര ദിവസത്തേക്കാ എഴുതിയിരിക്കുന്നത്?”

ഫാര്‍മസിസ്റ്റ് കുറിപ്പ് ഒന്നൂടെ നോക്കി. പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു: “ലൈഫ് ടൈം.”

അയാള്‍ ഞെട്ടിപ്പോയി. ആജീവനാന്തം മരുന്ന് കഴിക്കുകയോ?

“തല്‍ക്കാലം ഒരു മാസത്തേക്ക് എടുക്കട്ടെ?” -ഫാര്‍മസിസ്റ്റ് ചോദിച്ചു.

തല കുലുക്കുകയല്ലാതെ അയാള്‍ക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.

“ഈ രോഗം ഒരിക്കലും ഭേദമാവുകയില്ലേ?” –ഡോക്ടറോട് ചോദിക്കേണ്ടിയിരുന്ന ചോദ്യം രഘുരാമന്‍ ഫാര്‍മസിസ്റ്റിനോട് ചോദിച്ചു.

“പ്രതീക്ഷിക്കാം. തല്‍ക്കാലം കുട്ടികള്‍ക്ക് കൊടുക്കാതെ ശ്രദ്ധിച്ചാല്‍ നല്ലത്.”

മരുന്ന് വാങ്ങി കാശ് കൊടുക്കുമ്പോള്‍ ഫാര്‍മസിസ്റ്റ് ഓര്‍മിപ്പിച്ചു: “ദിവസം ഒന്നു വീതം കഴിക്കണം. എപ്പോള്‍ വേണമെങ്കിലും കഴിക്കാം. വെള്ളത്തിന്റെ ആവശ്യമില്ല. വായിലിട്ടാല്‍ തന്നെ അലിഞ്ഞോളും.”മരുന്നുമായി രഘുരാമന്‍ നഗരത്തിലെ ഒഴിഞ്ഞൊരു ഭാഗത്തെ ആല്‍മരച്ചുവട്ടില്‍ ചെന്നിരുന്നു. ചാരനിറത്തില്‍ നഗരം അതിന്റെ അന്നത്തെ അസ്തമയത്തിലേക്ക് കടക്കുകയായിരുന്നു. രഘുരാമന്‍ മരുന്ന് കുപ്പിയെടുത്ത് തുറന്നു. സ്ഫടികംപോലെയുള്ള ഗുളികകളായിരുന്നു അത്. അയാള്‍ ഒന്നെടുത്ത് കൈവെള്ളയില്‍ വെച്ചു. നീലനിറത്തില്‍ അത് രത്‌നംപോലെ തിളങ്ങി. കണ്ണടച്ച് അയാളത് വായിലിട്ടു.

 

അപരിചിതമായൊരു രുചിയോടെ അതലിഞ്ഞു. പെരുവിരലിന്റെ തുമ്പില്‍ അയാള്‍ക്കൊരു തരിപ്പ് അനുഭവപ്പെട്ടു. തണുപ്പും ചൂടുമായ് ആ തരിപ്പ് പതിയെ മുകളിലേക്ക് കയറാന്‍ തുടങ്ങി. നാഡീഞരമ്പുകളെ ഉണര്‍ത്തി മജ്ജമാംസത്തെ വേദനിപ്പിച്ച്, അസ്ഥികളെ പിടിച്ച് കുലുക്കി ആ അനുഭവം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടര്‍ന്നു. വലത്തേ മുട്ടുകാലില്‍ അതിത്തിരി നേരം തങ്ങിനിന്നു. തൊണ്ണൂറ്റിരണ്ടിലെ കലാപത്തില്‍ പങ്കെടുത്തതിന്റെ അഭിമാനമായി അയാള്‍ കൊണ്ടു നടന്ന ഏച്ചുകെട്ടിയ എല്ലിന്റെ മുറിപ്പാട് വര്‍ഷങ്ങള്‍ക്കു ശേഷം നീറി.

വേട്ടയുടെ ക്രൗര്യമെന്തെന്ന് രഘുരാമന്‍ ആദ്യമായറിഞ്ഞു. അയാള്‍ സ്വന്തം ശരീരത്തെയറിഞ്ഞു. ഒരു തൃക്കണ്ണ് അയാളെ ആന്തരാവയവങ്ങളുടെ അരികിലേക്ക് കൊണ്ടുപോയി. അയാള്‍ കണ്ടറിഞ്ഞു. തൊട്ടറിഞ്ഞു. ശ്വസിച്ചറിഞ്ഞു. അയാളുടെ അറിവുകള്‍ അതിന്റെ അങ്ങേയറ്റമായി. അയാള്‍ തലച്ചോറിലേക്ക് പ്രവഹിച്ചു. തകര്‍ക്കപ്പെട്ട മന്ദിരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് എന്നോ ദഹിച്ച് തീര്‍ന്ന ഒരു ധൃതരാഷ്ട്രം ചിറകടിച്ച നിമിഷം തിരിച്ചറിവുകള്‍ ഒരു കോഴിമുട്ട പോലെ അയാളുടെ തലച്ചോറില്‍ വീണു ചിതറി.

രഘുരാമന്‍ കണ്ണുകള്‍ തുറന്നു. ചിറകടിച്ച പക്ഷി വിദൂരത്തിലേക്ക് മറയുന്ന ദൃശ്യത്തോടെ അയാളുടെ കണ്ണുകളിലേക്ക് നിറങ്ങള്‍ ഓരോന്നോരോന്നായി തിരിച്ചുവന്നു. അടുത്ത ഡോസ് മരുന്ന് കഴിക്കുന്ന ചുരുങ്ങിയ സമയം വരെയെങ്കിലും അതങ്ങനെ നിലനില്‍ക്കും എന്നോര്‍ത്ത് രഘുരാമന്‍ സമാധാനിച്ചു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT