അമ്മേ, ഞാനിപ്പോള്‍ കഴുത്തോളം താണുപോയല്ലോ. ഇത്ര നേരവും നെഞ്ചിനൊപ്പം മുങ്ങിക്കിടപ്പായിരുന്നു ഈ ചളിക്കുഴമ്പില്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ക്ക് മുകളിലെ ദുര്‍ഗന്ധത്തിലൂടെ രക്ഷയുടെ ഒരു കയര്‍ നീണ്ട് നീണ്ട് വരുമെന്ന് ഇതുവരെ കരുതി. ഇപ്പോഴെനിക്ക് ആ പ്രതീക്ഷയുമില്ലാതായി അമ്മേ. അഴുക്കുകൂമ്പാരത്തിന്റെ തള്ളലില്‍ ഒരടിപോലും പിന്തിരിയാനാവുന്നില്ല. തടുക്കാനാവാത്തവിധം ഇഞ്ചിഞ്ചായി ഞാനെങ്ങോ നീങ്ങിപ്പോകുന്നു. ഏതോ തുരങ്കത്തിലകപ്പെട്ടതുപോലെ ചുറ്റും ഇരുട്ട് വ്യാപിച്ചിരിക്കുന്നു. പുറത്തുനിന്നും അൽപാൽപമായി കേള്‍ക്കാമായിരുന്ന മനുഷ്യബഹളങ്ങളും അവസാനിച്ചിരിക്കുന്നു. ഇനി ഒരു കയറും നീണ്ടുവരാനില്ല.
ഏതാനും നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്ന് മനസ്സ് വിളറുന്നു. തുള്ളിതുള്ളിയായി ഞാന്‍ താണുപോകുന്നുണ്ട്. അന്ത്യശ്വാസത്തിന് മുമ്പ് എനിക്കമ്മയോട് കുറച്ചുകാര്യങ്ങള്‍ പറയാനുണ്ട്. ആദ്യം അമ്മ എനിക്ക് മാപ്പ് തരണം. രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ കളവ് പറഞ്ഞതിന്. ഈ അഴുക്കുചാല്‍ ശുചിയാക്കാനാണെന്ന് പറഞ്ഞാല്‍ അമ്മ വിടില്ലല്ലോ. സാദാപണിയുടെ മൂന്നിരട്ടി കൂലി എന്ന പ്രലോഭനത്തിന് വഴങ്ങിയാണ് ഈ ദുര്‍ഗന്ധ കൂമ്പാരത്തിലിറങ്ങിയത്.
ദുര്ഗന്ധമെന്നൊക്കെ പറഞ്ഞാല്‍ എന്തൊരു ദുര്‍ഗന്ധമാണ്! പണ്ടൊരിക്കല്‍ മുന്നാമ്പുറത്തെ വീടിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടി എല്ലാംകൂടി നമ്മുടെ കുഞ്ഞു മുറ്റത്തേക്ക് ഒഴുകിവന്നപ്പോള്‍ നമ്മള് മൂക്ക് പൊത്തി വീട്ടില്‍നിന്നും ഇറങ്ങിയോടിയില്ലേ?.. അതൊന്നും ഒരു നാറ്റമല്ല അമ്മേ. അതിന്റെ ഒരു ആയിരം ഇരട്ടി സങ്കൽപിക്കാനാവുമോ? ഹോ! അത്രക്കുണ്ട് ഈ നാറ്റം.
അമ്മക്ക് വിശ്വാസം വരുന്നുണ്ടാവില്ല. വലിയ വൃത്തിക്കാരനായ ഞാനെങ്ങനെ ഇതിലകപ്പെട്ടുവെന്ന്! കുട്ടിക്കാലത്ത് കഞ്ഞി വിളമ്പിയ പിഞ്ഞാണത്തിന്റെ വക്കിലെങ്ങാനും ഒരു പൊടി അഴുക്ക് കണ്ടാല്‍ മതി. വൃത്തിയായി കഴുകാത്തതിന് ഞാനമ്മയോട് ദേഷ്യപ്പെട്ടു. എങ്ങാനുമൊരു പുഴുവിനെ കണ്ടാല്‍ കുളിര് കോരിയപോലെ ഉടല് വിറയ്ക്കുമായിരുന്നു. കാലിലോ ഉടുപ്പിലോ ഒരു തുള്ളി ചളി തെറിച്ചാല്‍ കഴുകിക്കളയുന്നതുവരെ ഉള്ളം പുകഞ്ഞുകൊണ്ടിരിക്കും. ആ ഞാനാണ്... നിവൃത്തിയില്ലാഞ്ഞിട്ടാണ്.
അമ്മക്കറിയാമല്ലോ, ഒരു മാസമേയുള്ളൂ സുമിത്ര ഈ വീട്ടിലേക്ക് കയറിവരാന്‍. വീടൊന്ന് വൈറ്റ് വാഷ് ചെയ്യണ്ടേ? അമ്മാനമാടുന്ന ചൂടിക്കട്ടില്‍ മാറ്റി നല്ലൊരു കട്ടിലും കിടക്കയും വേണ്ടേ? ഒരു കുളിമുറി കെട്ടണ്ടേ? നാലു കസേരകള്‍ വാങ്ങിയിടണ്ടേ? തേങ്ങ വീണ് പൊട്ടിത്തെറിച്ച ഓടുകളൊക്കെ മാറ്റിയിടണ്ടേ? താലിമാലക്ക് ഒരു നുള്ള് പൊന്നു വേണ്ടേ? അതാ അമ്മേ കണ്ണുംപൂട്ടി ഈ പണിക്കിറങ്ങിയത്. ഞങ്ങള്‍ അഞ്ചെട്ടുപേരുണ്ടായിരുന്നു. പെട്ടെന്നുണ്ടായ ഒഴുക്കില്‍ ഞാനാ പെട്ടുപോയത്. മറ്റുള്ളവര്‍ എന്തിലൊക്കെയോ പിടിച്ചുകയറി. എനിക്ക് എങ്ങും പിടി കിട്ടിയില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ അവരെല്ലാം കാണാമറയത്തായി.
നിലവിളികളും ബഹളങ്ങളും മാത്രം കേള്‍ക്കാമായിരുന്നു. സുമിത്രയെ അമ്മ ഒരുദിവസം കാണണം. അവളോടും ഞാനൊരു കളവ് പറഞ്ഞിട്ടുണ്ട്. അതിന് മാപ്പ് ചോദിച്ചൂന്ന് പറയണം. ഇപ്പണിക്കിറങ്ങുകയാണെന്ന് കല്യാണപ്പെണ്ണിനോട് പറയാന്‍ കൊള്ളുമോ? പറഞ്ഞാല്‍ അവള് സമ്മതിക്കുമോ? ഇന്ന് പണിക്കൊന്നും പോകുന്നില്ല, വിഴിഞ്ഞത്തേക്ക് മദര്‍ഷിപ്പ് കാണാന്‍ പോവുകയാണെന്നാ പറഞ്ഞത്. രണ്ട് നാള് മുമ്പ് നങ്കൂരമിട്ട ‘സാന്‍ ഫെര്‍ണാണ്ടോ’ എന്ന കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്കി ബഹുമാനത്തോടെ നമ്മുടെ രാജ്യം സ്വീകരിച്ചതല്ലേ? ഓർമയില്ലേ അമ്മക്ക്, മിനിഞ്ഞാന്ന് ഒരു കൂറ്റന്‍ ചുവന്ന കപ്പലിനെ മൊബൈലില്‍ കാട്ടിത്തന്നത്? അദാനിയുടെ തുറമുഖം വന്നതോടെ നമ്മുടെ രാജ്യം പുരോഗതിയില്‍ റോക്കറ്റ് പോലെ കുതിച്ചുയര്ന്നില്ലേ. എന്താ, ല്ലേ?
ഞാനവളോട് വെറുതേ ചോദിച്ചമ്മേ, വിഴിഞ്ഞത്തേക്ക് വരുന്നോന്ന്. ഇന്നോ നാളെയോ അമ്മക്കപ്പല്‍ കൊളംബോവിലേക്ക് വിട്ടാല്‍ പിന്നെ കാണാനൊക്കില്ലല്ലോ. അന്നേരം സുമിത്ര പറയുകയാണ്, അവളും കൂട്ടുകാരികളും ഉച്ചക്കു ശേഷം ‘സില്‍ക്ക് വേള്‍ഡി’ല്‍നിന്നും ലീവെടുത്ത് അംബാനിയുടെ മകന്റെ കല്യാണം കാണുമത്രെ. ഏതോ ചാനലില്‍ ലൈവ് ഉണ്ടത്രെ. എനിക്ക് സംശയം തോന്നി. ഞാന്‍ അദാനിയെ പൊക്കിപ്പറഞ്ഞപ്പോള്‍ അവള് അംബാനിച്ചുരികയെടുത്തതാണോ? അയ്യായിരം കോടി രൂപയൊക്കെ മുടക്കി ഒരു കല്യാണം നടത്തുന്നത് മഹാധൂര്ത്തും അഹങ്കാരവുമല്ലേയെന്ന് ചോദിച്ചപ്പോള്‍ അവള് പറയുകയാണ്, എന്ത് ധൂര്‍ത്ത്? ശരാശരി ഇന്ത്യന്‍ കുടുംബം ആസ്തിയുടെ പത്തു ശതമാനം വരെ ഒരു കല്യാണത്തിന് മുടക്കുന്നുണ്ട്.
അംബാനിയാകട്ടെ സമ്പത്തിന്റെ അരശതമാനമേ ചെലവിടുന്നുള്ളൂ. അതിലെന്താ തെറ്റ്? സുമിത്രയുടെ ആ കണ്ടുപിടിത്തത്തിന് ഞാന്‍ തലകുലുക്കി. അരശതമാനം അയ്യായിരം കോടിയെങ്കില്‍ അംബാനിയുടെ ആകെ സ്വത്ത് എത്രയുണ്ടാകും? ആലോചിച്ചപ്പോള്‍ എനിക്ക് തലചുറ്റി. തൊണ്ട വരണ്ടു. തുടര്‍ന്ന് അവള് കല്യാണച്ചെക്കനും പെണ്ണും ബന്ധുക്കളും അണിയുന്ന വസ്ത്രങ്ങളുടെ ബ്രാന്‍ഡുകളും വിലകളും പറഞ്ഞുകൊണ്ടിരുന്നു. ഓരോന്നിനും കോടികള്‍ വിലമതിക്കും. സെയില്‍സ് ഗേളായതുകൊണ്ടായിരിക്കാം സുമിത്രക്ക് എല്ലാം അറിയാമായിരുന്നു. എനിക്ക് ശുചീകരണത്തിനിറങ്ങാന്‍ സമയമായിരുന്നു. വിഴിഞ്ഞത്തേക്കുള്ള ബസ് വരുന്നുണ്ട് എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടാക്കി ചളിത്തോട്ടിലേക്കിറങ്ങി.
അമ്മേ, ഇങ്ങനെ ഓരോ ചിന്തയിലേക്ക് മുങ്ങുമ്പോള്‍ എനിക്കെന്റെ വേവലാതികള്‍ കുറേശ്ശ മറക്കാനാവുന്നുണ്ട്. എന്തായാലും അദാനി, അംബാനിമാരെക്കൊണ്ട് നമ്മുടെ രാജ്യം അനുദിനം ശ്രേയസ്സിലേക്ക് കുതിക്കുകയല്ലേ? ഇത്ര സൗകര്യമുള്ള പോര്‍ട്ട് ഏത് രാജ്യത്താണുള്ളത്? അംബാനിക്കല്യാണംപോലെ ഒരു മാമാങ്കം ലോകത്തില്‍ മറ്റാര്‍ക്കെങ്കിലും സാധിക്കുമോ?
അയ്യോ, അമ്മേ, എന്റെ പിന്കഴുത്തിലെന്തോ നക്കി. കൈ ഉയര്‍ത്തി തട്ടിക്കളയാനും പറ്റുന്നില്ല. അനക്കാനാവാത്ത വിധം കൈകള്‍ ചളിയില്‍ ഉറച്ചുപോയിട്ടുണ്ട്. അതാ വീണ്ടും ആ ജീവി നക്കുന്നു! പാമ്പായിരിക്കുമോ? എനിക്ക് പേടിവിറ വന്നു. തല ശക്തിയായി കുടഞ്ഞപ്പോള്‍ നക്കല്‍ നിന്നു. ഏതായിരിക്കും ആ ജീവി? അത് കഴുത്തില്‍ ചുറഞ്ഞ് ശ്വാസംമുട്ടിച്ച് കൊല്ലുമോ? ഏയ്, തോന്നലായിരിക്കും, ഈ മാലിന്യക്കൂമ്പാരത്തില്‍ ജീവനുള്ള എന്തെങ്കിലും ബാക്കിയുണ്ടാകുമോ? ഒരിക്കലും ഉണ്ടാവില്ല. ഞാന്‍ സമാധാനിച്ചു.
അമ്മേ, ഇതാ ഒന്നുകൂടി ആഴത്തിലേക്ക് ഞാന്‍ നീങ്ങിപ്പോകുന്നു. അരക്ക് താഴെ എനിക്ക് അനക്കാന്‍ പറ്റുന്നില്ല. നെഞ്ചിന് താഴോട്ട് ജീവനുണ്ടോ എന്നുതന്നെ സംശയമുണ്ട്. കഴുത്ത് കഴിഞ്ഞ് കീഴ്ത്താടിവരെയെത്തി ചളി. കുറച്ചു നിമിഷങ്ങള്‍കൂടി കഴിഞ്ഞാല്‍... ഞാനില്ലെങ്കില്‍ അമ്മ എങ്ങനെ സഹിക്കും? അമ്മക്ക് വേറെ ആരുണ്ട്. കിടപ്പിലായ അമ്മയെ എടുത്ത് ആര് കുളിപ്പിക്കും? ആര് വായില്‍ ഭക്ഷണം വെച്ചു തരും? പത്രങ്ങളും ചാനലുകളും രണ്ടുദിവസം ബഹളമുണ്ടാക്കും. പിന്നെ ആരുമുണ്ടാവില്ല. എല്ലാവരും മറക്കും. പക്ഷേ അമ്മക്ക് എന്നെ മറക്കാനാവുമോ? മരണംവരെ എന്നെയോര്‍ത്ത് അമ്മ ഉരുകിക്കൊണ്ടിരിക്കില്ലേ?
ആരാണമ്മേ എനിക്കീ ദുര്‍ഗതി ഉണ്ടാക്കിയത്? എന്റെ ജീവനെ ഇങ്ങനെ കുടുക്കിയത്? പണ്ട് ഇത് നല്ല തെളിഞ്ഞ വെള്ളം ഒഴുകിയിരുന്ന തോടായിരുന്നില്ലേ? ചുറ്റും നഗരം വളര്‍ന്നപ്പോള്‍ കഷ്ടകാലം തുടങ്ങി. എനിക്ക് നല്ല ഓർമയുണ്ട്. അമ്മ കുട്ടിക്കാലത്ത് ഈ തോട്ടില്‍ കുളിക്കുകയും നനക്കുകയുംചെയ്ത കഥകള്‍ പറഞ്ഞത്. കണ്ണാടിപോലെ അടിത്തട്ട് കാണാവുന്ന ചാല്. പലതരം മീനുകള്‍ യഥേഷ്ടം പാഞ്ഞുനടന്നു. തവളകളും നീര്‍ക്കോലികളും തക്കം പാര്‍ത്തിരുന്നു. കരയിലും വെള്ളത്തിലും ധാരാളം ആമകള്‍. മെല്ലെ മെല്ലെ ഇഴയുന്ന, കാരിരുമ്പിന്റെ പുറന്തോടുള്ള പാവം ജീവികള്‍. അതുകൊണ്ടായിരിക്കും അല്ലേ ഈ ചാലിന് ആമയിഴഞ്ചാന്‍ തോട് എന്ന പേരുണ്ടായതും. നല്ല പേര്. പക്ഷേ ഇന്നത്തെ കാലത്ത് ആമയെപ്പോലെ ഇഴഞ്ഞാല്‍ എവിടെയെങ്കിലും ആരെങ്കിലും എത്തുമോ? റോക്കറ്റ് പോലെ കുതിക്കണ്ടേ?
എന്റെ ചെറുപ്പകാലമായപ്പോഴേക്കും ആളുകള്‍ തോട്ടിലിറങ്ങാതായി. അത് വേസ്റ്റ് വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി. കക്കൂസ് മാലിന്യം തുറന്ന് വിടാനുള്ള ചാലായി. വീടുകളിലൊക്കെ പൈപ്പ് വെള്ളം വന്നതിനാല്‍ ആര്‍ക്കും തോട് വേണ്ടാതായിരുന്നു. ഏഴാം ക്ലാസില്‍ പത്മനാഭന് പിള്ള സാര്‍ കവിത പഠിപ്പിക്കുമ്പോള്‍ പറഞ്ഞതിപ്പഴും എനിക്കോർമയുണ്ട്. ഭൂമിയുടെ ചോരഞരമ്പുകളാണത്രേ നദികളും ചാലുകളുമെല്ലാം. മനുഷ്യന്റെ ചോരക്കുഴലുകള്പോലെ പവിത്രമായി സൂക്ഷിക്കേണ്ടവയാണ്. മാഷ് നന്നായി കവിത ചൊല്ലുമായിരുന്നു. ‘‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’’ എന്ന പാട്ട് മുഴക്കമുള്ള ശബ്ദത്തില്‍ മനസ്സില്‍ തട്ടി മാഷ് പാടുമ്പോള്‍ എനിക്ക് സങ്കടവും പേടിയും ഒന്നിച്ചുണ്ടാകുമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു സന്ധ്യക്ക് പിള്ളസാര്‍ ഒരു വലിയ പ്ലാസ്റ്റിക് പൊതി തോട്ടിലേക്ക് വലിച്ചെറിയുന്നത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു.
അമ്മേ, ഇപ്പോഴെനിക്ക് പുതിയൊരാശയം തോന്നുന്നുണ്ട്. ജീവപര്യന്തത്തിനും തൂക്കുകയറിനുമൊക്കെ വിധിക്കുന്നവരെ ഒരുദിവസം മുഴുവന്‍ ഈ മാലിന്യച്ചളിയില് കഴുത്തോളം മുക്കി നിര്‍ത്തണം. അതില്‍ കൂടിയ ശിക്ഷ വേറെ എന്ത്? ശിക്ഷ കഴിഞ്ഞാല്‍ അവര്‍ നല്ല മനുഷ്യരായിക്കോളും. എനിക്കുറപ്പുണ്ട്. അതുപോലെ അഴിമതിക്കാരായ നേതാക്കളെയും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെയും കള്ളന്മാരെയും കൊള്ളക്കാരെയും നിലപാടില്ലാത്ത കലാകാരന്മാരെയുമൊക്കെ ഇങ്ങനെ നരകം കാണിച്ചുകൊടുക്കണം.
അയ്യോ, അമ്മേ, ഞാനിതാ വീണ്ടും താണുപോകുന്നു. ഭാഗ്യത്തിന് വായ പൂട്ടിയതുകൊണ്ട് ചളി ഉള്ളില്‍ കേറിയില്ല. ഈ നിമിഷം അമ്മയെ ഒന്ന് കെട്ടിപ്പുണരണമെന്ന് സത്യമായിട്ടും എനിക്ക് തോന്നുന്നുണ്ട്. സുമിത്രയെ സമാധാനിപ്പിക്കാന്‍ അമ്മ മറക്കല്ലേ. അവള്‍ക്ക് നല്ലത് വരുമെന്ന് അനുഗ്രഹിക്കണേ. ചളിയില്‍ മൂക്ക് മുട്ടലായി അമ്മേ. ഹാ, പഴുതാരപോലെ എന്തോ ഒന്ന് വിറച്ചിലോടെ എന്റെ മൂക്കിനുള്ളിലേക്ക് കയറുന്നു! തൊണ്ടയിലൂടെ പതുക്കെ അത് താഴോട്ടിറങ്ങുന്നു. ചളി കയറാതിരിക്കാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ദൈവമേ, എനിക്ക് ശ്വാസംമുട്ടുകയാണല്ലോ... ഹാവൂ! ആരോ എന്നെ ഇരുളില്‍ മൃദുവായി സ്പര്‍ശിക്കുന്നുണ്ട്. ‘‘ദിനകരാ, ദിനകരാ, പേടിക്കേണ്ട’’ എന്ന് സ്നേഹത്തോടെ ആശ്വസിപ്പിക്കുന്നുണ്ട്. കരുത്തുള്ള രണ്ട് കൈകള്‍ ചളിയില്‍നിന്നും പൊക്കിയുയര്ത്തുന്നുണ്ട്.
ദൈവമാണമ്മേ. ദൈവമല്ലാതെ മറ്റാരാണ് ഇവിടെ രക്ഷക്കെത്തുക? കണ്ണില്‍ ചളി പുതഞ്ഞതിനാല്‍ എനിക്ക് കാഴ്ചകള്‍ ഒന്നും തെളിയുന്നില്ല. ദൈവത്തിന്റെ കൈകളില്‍ ചുറ്റി ഞാന്‍ ആകാശത്തിലൂടെ പറക്കുകയാണ്. ചുറ്റും വീശിയടിക്കുന്ന കാറ്റിന്റെ ഇരമ്പലും കരയിലേക്ക് തള്ളിക്കയറുന്ന തിരമാലകളുടെ ഊറ്റവും കേള്‍ക്കാം. ദൈവത്തിന്റെ കൈകള്‍ എന്നെ ഏതോ പ്രതലത്തില്‍ നിര്‍ത്തി. ‘‘ദിനകരാ, ഇനി കണ്ണ് തുറന്നോളൂ’’ എന്ന് മൊഴിഞ്ഞു.
അനായാസം എനിക്ക് കണ്ണ് തുറക്കാനായി. ഞാന്‍ ചുറ്റും കണ്ണോടിച്ചു. അമ്പരന്നുപോയി. കൂറ്റന്‍ മദര്‍ഷിപ്പിന്റെ മുകളിലെ വിശാലമായ ഡക്കിലാണ്. ചുറ്റിലും സുന്ദരികളും സുന്ദരന്മാരും. അക്കൂട്ടത്തില്‍ അമിതാബച്ചനെയും ഷാരൂഖാനെയുമൊക്കെ ഒറ്റനോട്ടത്തില്‍തന്നെ തിരിച്ചറിയാനായി. പലരുടെയും കൈകളില്‍ നുര ചീറ്റുന്ന ഷാംപെയ്ന്‍ കുപ്പികള്‍, വൈന്‍ ഗ്ലാസുകള്‍. ഒരുവശത്ത് കൊതിപ്പിക്കുംവിധം നിരത്തിവെച്ച നൂറുകണക്കിന് വിഭവങ്ങള്‍. പലതരം പൊരിച്ച മീനിന്റെയും ഇറച്ചിയുടെയും മണം മൂക്കിലടിച്ചു കയറുന്നു. ജാള്യതയോടെ ഞാനെന്റെ ഉടലിലേക്ക് നോക്കി. അത്ഭുതം! ചളിയൊന്നുമില്ല. അലക്കിത്തേച്ച വസ്ത്രം ധരിച്ച് മീതെ ടൈയും കെട്ടി നിൽപാണ് ഞാന്‍. അന്നേരം, എന്റെ കൈകള്‍ കവര്‍ന്നു നില്ക്കുന്ന ദൈവങ്ങളെ നോക്കി. ഞാന്‍ അന്തിച്ചുപോയി. ഇടത് വശത്ത് അദാനിയും വലത് വശത്ത് അംബാനിയും! സ്നേഹപാരവശ്യത്തോടെ എന്റെ കവിളുകളില്‍ ഒരുമിച്ച് ചുംബിച്ചുകൊണ്ട് അവര്‍ ഒരേ ഈണത്തില്‍ ഉരുവിട്ടു.
‘‘ഭയം വേണ്ട ദിനകരാ, ഞങ്ങള്‍ കൂടെയില്ലേ? തിന്നാനും കുടിക്കാനും ആനന്ദിക്കാനും കണ്ടില്ലേ, വേണ്ടുവോളം ഇവിടെയുണ്ട്.’’
ആനന്ദാതിരേകത്താല്‍ മൂട്ടില് തീ കൊടുത്ത റോക്കറ്റ് പോലെ ഞാന്‍ ആകാശത്തിലേക്ക് കുതിച്ചു പൊങ്ങിയേനെ, ദൈവങ്ങളിരുവരും എന്റെ കൈകള്‍ മുറുക്കിപ്പിടിച്ചില്ലായിരുന്നെങ്കില്! അമ്മേ, നിര്‍വൃതിദായകമായ ഈ ദൃശ്യം കാണാന്‍ അമ്മകൂടി ഉണ്ടായിരുന്നെങ്കില്‍! ചോരനിറമുള്ള വൈന്‍ നിറച്ച ചില്ല് ഗ്ലാസ് ആരോ എന്റെ കയ്യില്‍ വെച്ചുതന്നു. ആര്‍ത്തിയോടെ ഞാനത് ഒറ്റയടിക്ക് വലിച്ചുകേറ്റി. അപ്പോള്‍ ഒരുകൂട്ടം അൽപവസ്ത്രധാരിണികളായ സുന്ദരികള്‍ മുന്നിലേക്ക് വന്ന് നൃത്തച്ചുവടുകള്‍ തുടങ്ങി. മറ്റുള്ളവരും താളം ചവിട്ടാന്‍ തുടങ്ങി. പടപടാ രണ്ട് ഗ്ലാസുകള്കൂടി കാലിയാക്കിയശേഷം വെളുര്‍ക്കെ ചിരിച്ചുകൊണ്ട് ഞാനും അവര്‍ക്കൊപ്പം ആട്ടം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.