നാലര വെളുപ്പിനെഴുന്നേറ്റ് ഭൗതികശാസ്ത്രത്തിലേക്ക് കുമ്പിട്ടിറങ്ങിയ പെണ്‍കുട്ടി എവിടെ നിന്നെന്നറിയാതെ വന്ന നേര്‍ത്ത് പതിഞ്ഞൊരു വെളിച്ചത്തില്‍ ആകൃഷ്ടയായി അവളുടെ മുകള്‍നില മുറിയിലെ ജനല്‍പ്പാളിയിലൂടെ പുറത്തേക്ക് നോക്കി. ഒരു പറമ്പപ്പുറം പൊട്ടക്കിണറിനോടടുത്ത് കിടക്കുന്ന പറമ്പിലെ പച്ചിലകള്‍ക്കിടയില്‍ രണ്ടു പേര് പുളയുന്നു. ആ കിണറിലേക്കിറങ്ങിപ്പോയാല് അവിടെയൊരു ആലീസിന്റെ അത്ഭുതലോകമുണ്ടെന്ന് കിനാവ് കണ്ടവള്‍ക്ക് അതിന് പുറത്തും തേനീച്ചപ്പുളയലുണ്ടെന്ന് തിരിയാന്‍ അധികം വൈകിയില്ല.
തെളിഞ്ഞ് വരുന്ന വെളിച്ചത്തിനു നേര്‍ക്ക് രഹസ്യമായി നടന്ന് ഒരു പ്ലാവിന് ചോട്ടില് ഒളിച്ചിരുന്നപ്പോഴാണ് അവിടെ വെളിച്ചത്തെ തിന്നുന്ന രണ്ടു പേരെ കണ്ടത്. തെളിഞ്ഞ് തുടങ്ങിയ സൂര്യന് നേര്‍ക്ക് കണ്ണടച്ച് വായ തുറന്നുപിടിച്ച് ഇലപ്പടര്‍പ്പുകളെ അള്ളിപ്പിടിച്ച് അരയ്ക്കടിയിലുള്ള പുരുഷനെ ആ സ്ത്രീ ആഞ്ഞാഞ്ഞ് ആഴ്ത്തി. അയാളാവട്ടെ അവളുടെ പിന്‍ഭാഗത്ത് മുറുക്കിപ്പിടിച്ചു, അടിച്ചു. പെണ്‍കുട്ടി വിറങ്ങലിച്ചുനിന്നു. ആദ്യമായി കണ്ട ആ കരിംപച്ച വെളിച്ചം അവള്ക്കുള്ളിലേക്കും പനിച്ചിറങ്ങി.
അവര്‍ മൂന്നു പേരും കുഞ്ഞുമായാണ് ആ യാത്ര തുടങ്ങിയത്. ഇടുക്കി ടൗണിലെത്തിയപ്പോള്‍ സത്താറും കൂട്ടുകാരും കയറി. അവളും കുഞ്ഞും കുറച്ച് ദിവസത്തേക്ക് വന്നതുകൊണ്ടാണ് ആ യാത്ര പോകാം എന്നുപോലും അവര്‍ക്ക് തോന്നിയത്. വന്നതില്‍പ്പിന്നെ ശോഭ കുഞ്ഞിനെ കയ്യില്‍നിന്ന് നിലത്ത് വെച്ചിട്ടില്ല.
സത്താറിന്റെ കൂടെ കയറിവന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും കാറിനുള്ളിലിരിക്കാന് തുടങ്ങിയിട്ട് ഏറെ നേരമായെങ്കിലും അവര്‍ അവരുടെ സ്വകാര്യ ലോകത്ത് തന്നെ ഇരിക്കുന്നത് പോലെ തോന്നി. ശോഭ പലവട്ടം വിവാഹം കഴിഞ്ഞിട്ടില്ലേ എന്ന സംശയത്തില്‍ ‘‘കല്യാണം കഴിഞ്ഞിട്ടെത്ര നാളായി’’ എന്ന് ചോദിക്കാന്‍ തുനിഞ്ഞെങ്കിലും പിന്നെ വേണ്ടെന്ന് വെക്കുകയും എന്തായാലും തന്റെ ഭര്‍ത്താവിന്റെ സന്തതസഹചാരിയായ കൂട്ടുകാരന്റെ സുഹൃത്തുക്കളല്ലേ എന്ന മട്ടില്‍ സമാധാനപ്പെടുകയും ചെയ്തു. ബര്‍മുഡയിട്ട പെണ്‍കുട്ടിയുടെ മഞ്ഞകലര്ന്ന ചർമത്തിലെ നേര്‍ത്ത രോമത്തിലേക്ക് ശോഭ ഇടയ്ക്കിടെ അസ്വസ്ഥതയോടെ നോക്കി. ഒടുവില്‍ സഹിക്ക വയ്യാതെ ചോദിച്ചു:
‘‘എന്താ കുട്ടീടെ പേര്?’’
പെണ്‍കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘ഞാന്‍ അമ്മു, ഇത് കൃഷ്ണ.’’
ഇന്നോവയപ്പോള് ഇടതു തിരിഞ്ഞ് ഹൈറേഞ്ചിലേക്ക് കടന്നു. കുറച്ചു നേരമായി മുന്നില്‍ തൊട്ടുതൊട്ടില്ല എന്ന കണക്ക് നീങ്ങുന്ന കെ.എസ്.ആര്.ടി.സി ബസ് നോക്കി സേതു അലറി
‘‘എന്തുവാടേ ഇത്. തിന്നേം ല്ല. തീറ്റിക്കേം ല്ലേ. എത്ര നേരായി ഇവന്മാരിതും വലിച്ച് ഒച്ചിനെപ്പോലെ പോണൂ. പണ്ടാരം.’’
സത്താര്‍ അത് കേട്ടതായിപ്പോലും പരിഗണിക്കാതെ യൂട്യൂബെടുത്ത് ‘ഓള്‍ഡ് ടൗണ്‍ റോഡ്’ പ്ലേ ചെയ്തു. സേതു അപ്പോള്‍ അൽപം പരുക്കനായിത്തന്നെ പിറകിലിരിക്കുന്ന ശോഭയുടെ കയ്യിലേക്ക് ഫോണ്‍ കൊടുത്തിട്ട് റൂട്ട് മാപ്പ് നോക്കിയിരിക്കാന്‍ പറഞ്ഞു. ഫോണ്‍ നോക്കുന്നതിനൊപ്പം കൊണ്ടുവന്ന ഇടിയപ്പം തേങ്ങാപ്പാലില്‍ കുതിര്‍ത്തത് കുറേശ്ശയായി കുഞ്ഞിന്റെ വായിലേക്ക് വെച്ചുകൊടുത്തു ശോഭ. കുഞ്ഞിന്റെ ചിരി തുളുമ്പുമ്പോ അവരും തുളുമ്പി. ഇടയ്ക്കവരവളോട് ചോദിച്ചു, ‘‘ന്താ നെന്റെ മൊഖം വല്ലാണ്ടിരിക്ക്ന്നേ. അവന്റെടുത്ത് അടികൂടി വന്നിട്ടാണോ. അത് വിട്. ഇതിപ്പം നമ്മള് അടിച്ചുപൊളിക്കാന്‍ പോന്നതല്ലേ. അവന് നീ തിരിച്ചെത്തുമ്പോഴേക്ക് നിന്നേം കാത്ത് ഇരിപ്പുണ്ടാവും. നിനക്ക് തിരിച്ച് പോകാന്‍ ബുദ്ധിമുട്ടുണ്ടോ ടീ.’’
‘‘ഏയ്, അങ്ങനൊന്നും ല്ല ചേച്ചീ. സ്നേഹം ള്ളോരെ കാല് നക്കുന്നേലും എനിക്കൊന്നും തോന്നില്ല. അതില്‍ നാണിക്കാനൊന്നും ല്ല ന്നാ ന്റെ അഭിപ്രായം. സത്യത്തില്‍ നമ്മള് അവരേം നമ്മേം ഒരുമിച്ച് ജയിപ്പിയ്ക്കല്ലേ ചെയ്യുന്നേ. അവന് പക്ഷേ എന്തിലും വലുത് ഈഗോയാണ്.’’ അവരൊന്ന് മൂളി.
മലയും കുന്നും കാടും എസ്റ്റേറ്റുകളുമായി വണ്ടി വേഗത്തില്‍ മുന്നോട്ട് പാഞ്ഞു. ചെറിയ വീതിയില്ലാത്ത റോഡാണ് ഇനിയങ്ങോട്ട്. ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ ‘ട്വന്റി ത്രീ മിനുട്സ് മോര്’ എന്ന് കണ്ടു. സായ, തന്റെ മകനെ അരുമയോടെ കൊഞ്ചിക്കുന്ന ശോഭയെ നോക്കിയിരുന്നു. കല്യാണം കഴിഞ്ഞ് വരുന്നതിനുമുമ്പേ അവള്ക്കവരുടെ ഭര്ത്താവിനെയറിയാം. ആ കാലത്ത് സേതു അവിടെ ഒറ്റയ്ക്കായിരുന്നു. സേതുവിന്റെ അമ്പത്തിമൂന്നാം വയസ്സില്‍ അയാളുടെ സമ്പല്‍സമൃദ്ധിയിലേക്ക് വന്ന ശോഭയെ അവള് സൂക്ഷിച്ച് നോക്കി.
കാര്‍ മെല്ലെ വലത്തോട്ട് തിരിഞ്ഞ് ഇരുപുറവും കാപ്പിത്തോട്ടങ്ങളുള്ള വഴിയിലൂടെ മുന്നോട്ടു കയറി. മുന്നോട്ടു പോകുന്തോറും ആകാശവും മലകളും അടുത്തടുത്ത് വരുന്നു. വഴിയില്‍ വളരെ അപൂർവമായി മാത്രം ഒന്നോ രണ്ടോ വീട്. എന്തൊക്കെയോ ഓര്‍ത്തുനില്‍ക്കുന്ന സായയുടെ കണ്ണിലേക്ക് നോക്കി ഇടിയപ്പം നുണഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞ് ഒരു പാല്‍പ്പുഞ്ചിരി ചിരിച്ചു. അവളതിന്റെ കുമ്പപ്പള്ളയില് മെല്ലെ ഇക്കിളിയാക്കി.
കാര്‍ പൊടി പറത്തിക്കൊണ്ട് മുകളിലേക്ക് കയറുകയായിരുന്നു. കുണ്ടുകളും കുഴികളും ധാരാളം നിറഞ്ഞ വഴി. ഒരു കിലോമീറ്ററില്‍ കൂടുതലുണ്ട്. പക്ഷേ കയറ്റം കയറും തോറും ഭൂമിയേതെന്നോ വാനമേതെന്നോ മേഘമേതെന്നോ തിരിയാത്ത തരത്തിലൊരു മാസ്മരിക ലോകം കണ്ടു ചുറ്റും. ഒടുക്കം മനോഹരമായൊരു ലാൻഡ്സ്കേപ് പെയിന്റിങ്ങിലേക്ക് സ്വയം ഇറങ്ങിനില്ക്കുന്നതുപോലെയാണവര് ഇറങ്ങിനിന്നത്. നന്നായി കാറ്റ് വീശുന്നുണ്ട്, തണുപ്പും. അപ്പോഴേക്കും സ്വപ്നത്തില്‍നിന്ന് ഉണര്‍ത്താനെന്ന പോലെ എവിടെനിന്നോ കുറേയധികം പൂച്ചക്കുട്ടികളും നാലില്‍ കൂടുതല്‍ പട്ടികളും അവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
പട്ടികള്‍ കുരച്ചുകൊണ്ട് കുതിച്ചു ചാടി. പൂച്ചകള്‍ കാലിന്നടിയിലൂടെ നൂണ്ടുരുമ്മി. അമ്മു പട്ടികളെ കണ്ട് സേതുവിന്ന് പിറകിലേക്കൊളിച്ചു. അപ്പോഴാണ് അയാള്‍, അങ്ങേയറ്റത്തെ ആഹ്ലാദത്തോടെ ഓടിയണഞ്ഞത്. പട്ടികളെ ഓരോരുത്തരെയായി പേരെടുത്ത് വിളിച്ചപ്പോഴേക്കും അവരയാളുടെ അരികിലേക്കായി ചേര്‍ന്ന് നിന്ന് മുഖത്തേക്കുറ്റുനോക്കി. അതില്‍ ഏറ്റവും ചെറുതിനെയെടുത്ത് അയാള്‍ ടീ ഷര്ട്ടിനുള്ളിലേക്കെടുത്തിട്ടു. പൂച്ചകളെയാവട്ടെ കൂക്കുവിളി പോലെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ഒരു മരച്ചുവട്ടിലേക്ക് കൊണ്ടുപോയി എന്തോ കഴിക്കാനായി ഇട്ടുകൊടുത്തു. എന്നിട്ട് അതേ ആഹ്ലാദത്തോടെ അവരുടെ മുമ്പില്‍ വന്നുനിന്ന് കൈവിടര്ത്തിപ്പിടിച്ച് ഉറക്കെ പറഞ്ഞു, ‘‘ഹോയ് ചേട്ടോയ്. നീ ആളങ്ങ് ചുള്ളനായിപ്പോയല്ലോടാ. വാടാ, വാ. നെന്റെ മനൈവിയെ ഞാനൊന്ന് കണ്ടോട്ടേ. കല്യാണമേ വേണ്ടാന്നും പറഞ്ഞ് നടന്നിട്ട് അമ്പത്തിരണ്ടാം വയസ്സില്‍ എന്ത് പറ്റിയെടാ ഊവ്വേ നിനക്ക്. പിരി ഇളകിയോ.’’
ഊക്കോടെ വന്ന് സേതുവിന്റെ വയറിലിടിച്ച് പട്ടിക്കുട്ടിയെയുള്പ്പെടെ മുറുക്കി കെട്ടിപ്പിടിച്ച് തോളില്‍ ആഞ്ഞുകടിച്ചു അയാള്‍. അതു കഴിഞ്ഞ് ശോഭയ്ക്ക് നേരെ ആദരവോടെ കൈ കൂപ്പി.
‘‘സ്വാഗതം ശോഭാ.’’
അത്യാഹ്ലാദത്തില്‍ തുള്ളിത്തെറിച്ചവനെപ്പോലെ സേതു ഓരോരുത്തരെയായി പരിചയപ്പെടുത്തി.
‘‘ഇവളെനിക്ക് മനൈവിയെങ്കില് ഇയാളെനിക്ക് കടവുള്‍ താനേ.’’ സത്താര്‍ ഒന്നു കൂമ്പി. പിന്നെ മറ്റുള്ളവര്‍ക്ക് നേരെത്തിരിഞ്ഞ്, ‘‘ഇത് സായ. എന്റെ ഏറ്റവും അടുത്തൊരു ചങ്കിന്റെ ഭാര്യയും എന്റെ തന്നെ ചങ്കുമാണ്. ഇതവരുടെ കുഞ്ഞ്. പിന്നെ, ഇവര്‍ രണ്ടുപേരും അങ്ങ് ഡല്‍ഹീ ന്നാ. അവിടെ എം.ഫില്‍ ചെയ്യുന്നു. നമ്മുടെ സത്താറിന്റെ കൂട്ടുകാരാണ്. നീ ഇവിടെ ഇത്രേം ഏക്കറ് കണക്കിന് സ്വര്‍ഗം വാങ്ങിച്ച് ഒറ്റയ്ക്കങ്ങ് നുണയുമ്പം ഞങ്ങള്‍ രണ്ട് പേര് മാത്രം വന്നത്കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെന്ന് തോന്നി.
അതാണ് എല്ലാരുംകൂടി അങ്ങട്ട് കെട്ടിയെടുത്തത്. ആ, പിന്നെ ഈ സത്താറുണ്ടല്ലോ ഗംഭീര ഗായകനാണ് മോനേ. ഗായകന് മാത്രമല്ല ഇവന് തറോയല്ലാത്ത ഒരാറ്റ ഇന്‍സ്ട്രമെന്റ് പോലും ല്ല ഈ ലോകത്ത്. എല്ലാം കൊണ്ടു വന്നിട്ടുമുണ്ട്. മ്മക്കങ്ങ് മദിക്കാടാ ഇന്ന്. വല്ലപ്പോഴുമൊക്കെ മന്ഷ്യമ്മാരെ കാണ് നീ.’’ ഇത്രയും പറഞ്ഞുകഴിഞ്ഞ് തിരിഞ്ഞ് ഒരു പ്രത്യേക രീതിയില്‍ ചിരിച്ചുകൊണ്ട് തന്റെ കൂട്ടത്തോടായി പറഞ്ഞു,
‘‘ഇനി ഇവന്റെ കാരിയം. ഞങ്ങള്‍ തമ്മില്‍ പത്ത് പന്ത്രണ്ട് വയസ്സ് വ്യത്യാസമുണ്ടെങ്കിലും അതൊരു നിമിഷത്തേക്ക് പോലും തോന്നിയിട്ടേ ല്ല ഈ പഹയന്റെ കൂടെയിരിക്കുമ്പം. പിന്നെ നോര്‍മലല്ലെന്ന് ഈ സെറ്റപ്പെല്ലാംകൂടി കണ്ടപ്പം നിങ്ങക്ക് മനസ്സിലായിക്കാണുമല്ലോ. ഞാനറിയുന്ന കാലം മുതലേ ഇവനിങ്ങനാ, ആരും സ്വപ്നത്തില്‍പോലും ചിന്തിക്കാത്ത കാര്യങ്ങളങ്ങ് ചെയ്ത് കളയും. വലിയ പഠിപ്പൊക്കെ കഴിഞ്ഞയുടനെ ലോകം ചുറ്റാന്‍ പോയി വലിയ നഗരങ്ങളിലൂടെ പട്ടിണിയുമായി അലഞ്ഞ് നടന്നു. പിന്നെ കൊറേ വലിയ കമ്പനികളിലൂടെ പൈസയുണ്ടാക്കാനായി നടന്നു. അവസാനം കേട്ടത് ഇതാണ്.’’
എല്ലാവരും അയാളിലേക്കും ചുറ്റുപാടും നോക്കി. നോക്കെത്താ ദൂരത്തോളം പച്ചച്ച മലകളുടെ കൂര്മ്പുകള്, ഇടയ്ക്കിടക്ക് മഴവില്ലുതിര്ത്ത് ഭൂമിയോ ആകാശമോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത തീരങ്ങള്‍. അവിടവിടെയായുള്ള നാലഞ്ച് ടെന്റുകള്‍. അയാള്‍ക്ക് താമസിക്കാന്‍ പണിതിട്ട മണ്‍വീട്, അതിന് മുറ്റത്തായിട്ടിരിക്കുന്ന മരക്കുറ്റിയുടെ പല ശൈലിയിലുള്ള ഇരിപ്പിടങ്ങള്‍. എല്ലാത്തിനുമപ്പുറം നിറഞ്ഞ് നില്ക്കുന്ന അയാള്‍. നീണ്ട് മെലിഞ്ഞ് താടിയും മുടിയും നീട്ടിവളര്‍ത്തി കാലിലും കയ്യിലുമെല്ലാം മണ്ണ് പുരണ്ട് ചെരിപ്പിടാതെ വന്ന് നിന്ന അയാള്‍. അയാളുടെ തീക്ഷ്ണമായ കണ്ണുകള്‍. സായയുടെ നോട്ടം അവള് പോലുമറിയാതെ അയാളുടെ കാലുകളിലായി. നീണ്ടു മെലിഞ്ഞ് രോമാവൃതമായ കാലുകള്‍. അതിലെ മണ്ണിന്റെ നനവ്, നിറം എന്തോ ഓര്‍ത്തുകൊണ്ട് പൂച്ചക്കൂട്ടത്തിലേക്ക് നടന്നു സായ.
‘‘സായ, ദാ. ഹിബിസ്കസ് ചായ. മധുരമില്ല ട്ടോ. ഇവിടത്തെ ഏതോ ഒരു പ്രത്യേക ചെമ്പരത്തി വെച്ച് അശോകുണ്ടാക്കിയതാണ് പോലും. നല്ല ടേസ്റ്റ്.’’ പിറകില്‍നിന്ന് വിളി വന്നപ്പോഴാണ് സായ കുന്നിന്മുകളില്നിന്നിറങ്ങിയത്. ധൃതിയില്‍ ചായ കുടിച്ച് തീര്‍ത്തിട്ട് ശോഭയുടെ കയ്യിലായിരുന്ന കുഞ്ഞിനെയുമെടുത്ത് പാല് കൊടുക്കാനായി ഒരു ടെന്റിലേക്ക് കയറി അവള്. ശോഭയ്ക്ക് പെട്ടെന്നൊരു വിങ്ങലനുഭവപ്പെട്ടു. അവള് ഏകയായി ആരുമില്ലെന്ന് തോന്നിയൊരു വഴിയിലേക്ക് തിരിഞ്ഞ് നടന്നു.
ടെന്റിനുള്ളിലേക്ക് കയറിയതും കൂടെത്തന്നെ കറങ്ങിത്തിരിഞ്ഞ് നടന്ന പൂച്ചക്കുട്ടികളും ഓടി കൂടെ കയറി. മുല കൊടുക്കാനായി കിടന്നപ്പോള്‍ അവരും അവളുടെ ചൂട് പറ്റി തൊട്ടിരുന്നു. കുഞ്ഞാണെങ്കില്‍ പാല് കുടിക്കുന്നതിനിടെ പലവട്ടം തലയുയര്‍ത്തി അതുങ്ങളെ നോക്കി സന്തോഷത്തോടെ കൈകാലിട്ടടിച്ചെങ്കിലും എപ്പോഴോ തൂക്കം സഹിക്കാതെ അവനുറങ്ങി വീണു. അല്പം പരിശ്രമിച്ചാണ് പൂച്ചകളെ പുറത്താക്കി കുഞ്ഞിനുറങ്ങാനായി കയ്യിലുണ്ടായിരുന്ന പുതപ്പ് വിരിച്ച് കിടത്തി ടെന്റടച്ച് സായ പുറത്തിറങ്ങിയത്. അപ്പോ ദൂരെ, അമ്മുവും കൃഷ്ണയും ഫോണിലും കാമറയിലുമെല്ലാം പലതരത്തില്‍ ഫോട്ടോസെടുക്കുന്നത് കണ്ടു. പൊടുന്നനെയാണ് മഴ പെയ്യാന്‍ തുടങ്ങിയത്. മഴ ദൂരേ നിന്ന് തുടങ്ങി മഴവില്ലുകള്‍ക്കിടയിലൂടെ അടുത്തടുത്ത് വരുന്നത് കാമറയില്‍ പിടിച്ചതിനുശേഷം അതില്‍ അഭിമാനിച്ച് തുള്ളിച്ചാടി അമ്മു.
സായയെ കുറച്ചുനേരം നോക്കിയിട്ടും കാണാതായപ്പോള്‍ ശോഭ നേരെ ടെന്റിലേക്ക് പോയി നോക്കിയതാണ്. നോക്കുമ്പോള്‍ അവളവിടെയില്ല. അവര്‍ കുഞ്ഞുണരുന്നതിനായി കുറച്ച്നേരം കാത്തിരുന്നു. കുഞ്ഞൊന്ന് ഞെളിപിരി കൊണ്ടപ്പോള്‍ അവരവനെ ഉമ്മവെച്ചുണര്‍ത്തി. എന്നിട്ട് തിടുക്കത്തില്‍ ടെന്റടച്ച് വെപ്രാളത്തോടെ ചുരിദാറഴിച്ച് ബ്രാ തുറന്ന് കുഞ്ഞിനെ തന്റെ മുലക്കണ്ണിലേക്ക് ചേര്‍ത്തു. കുഞ്ഞ് ഒരു നിമിഷം ദിക്കറിയാതെ നോക്കിനിന്നെങ്കിലും മെല്ലെ അവരെയൊന്ന് വലിച്ചൂമ്പി. അവര്‍ ആദ്യമൊന്ന് ഞെട്ടി, പിന്നെ ഒരായുസ്സിന്റെ വാത്സല്യത്തോടെ, കണ്ണടച്ച് വീണ്ടുംവീണ്ടും മുള പൊട്ടി. ഒന്നോ രണ്ടോ നിമിഷം.
മഴ പെയ്ത സമയമത്രയും സായ ഒരു മരപ്പൊത്തിനുള്ളിലായിരുന്നു. ഒരു ഭീമാകാരന്‍ മരത്തിന്റെ വേരിനോട് ചേര്‍ന്ന് സ്വയമുണ്ടായിത്തീര്ന്നതെന്നോ മനുഷ്യനിർമിതമെന്നോ തിരിയാത്ത ഒന്ന്, ഗുഹയെന്നും പറയാം. മരത്തെ, മണത്തെ അള്ളിപ്പിടിച്ചിരുന്ന് പറിച്ചുകൊണ്ടു വന്ന പനിനീര്ച്ചാമ്പക്ക തിന്നു സായ. അവളുടെ തുടയ്ക്ക് താഴെ ഒളിച്ചിരിക്കയായിരുന്ന രണ്ട് പൂച്ചക്കുട്ടികളെ ആ ഇരിപ്പില്‍ കാണുന്നുണ്ടായിരുന്നില്ല.
അമ്മുവും കൃഷ്ണയും കുറച്ചുനേരം മഴയത്തേക്ക് നോക്കിയിരിക്കയായിരുന്നു. മഴ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ എവിടെ നിന്നോ ഒരു കാക്ക അവരുടെ മുന്നിലേക്ക് ചത്തുവീണു. അവര്‍ ചുറ്റിലും നോക്കിയിട്ടും മറ്റൊന്നും കണ്ടില്ല, അനക്കമോ ഒച്ചയോ ഒന്നും.
അവന് പറഞ്ഞു
‘‘എവിടെയോ ഇലക്ട്രിക് ലൈനില്‍ തട്ടിയിട്ടുണ്ടാവും.’’
‘‘ഇവിടെയതിന് കറന്റൊക്കെയുണ്ടോ.’’
അപ്പോഴും നല്ല ചൂടുണ്ടായിരുന്ന കാക്കയെ എടുത്തു പിടിച്ച് അവള് വീണ്ടും ആകാശത്തേക്ക് നോക്കി. അവിടെ ഒന്നുമില്ല, ആകാശം തെളിഞ്ഞു വരുന്നു.
‘‘സാരമില്ല, നമുക്കിതിനെ വേഗം കുഴിച്ചിടാം. കുഞ്ഞാവ കാണണ്ട.’’
അവള് സങ്കടത്തോടെ കാക്കയെ കുഴിയിലേക്ക് വെച്ചിട്ട് പ്രാർഥിക്കുന്നതുപോലെ കുന്തിച്ചിരുന്നു. കുഴി മൂടി എഴുന്നേറ്റപ്പോള്‍ പക്ഷേ, ആകാശത്ത് നേരത്തേയുണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായി നിറയെ കാക്കകളെ കണ്ടു. പെണ്കുട്ടിക്കപ്പോള് ആധി തോന്നി, കാക്ക ചത്ത് വീണപ്പോള്‍ ഇവയെ കണ്ടിട്ടില്ലല്ലോ. കുഴിച്ചിട്ടത് കാണേംചെയ്തു. ഇനിയിപ്പോ തങ്ങളാണ് ഇത് ചെയ്തതെന്നെങ്ങാനും തോന്നുമോ ഇവര്‍ക്ക്..?
കുഞ്ഞിനെ കാണാതെ വെപ്രാളത്തോടെ ഓടിവന്ന സായ, അടുപ്പുണ്ടാക്കി തീ കൂട്ടിയതിന്റെ അടുത്തിരുന്ന് ഉരുളക്കിഴങ്ങ് ചുട്ടത് ഉടച്ചുകൊടുക്കുന്ന അവരെ കണ്ടു.
‘‘ചേച്ചീ, ഭക്ഷണമുണ്ടാക്കാന്‍ എന്താ സഹായിക്കേണ്ടതെന്ന് പറഞ്ഞാ മതീ ട്ടോ. ഞാനെല്ലാം അരിഞ്ഞ് വെക്കാം.’’ അത് കേട്ടുകൊണ്ട് കയറിവന്ന സേതു പറഞ്ഞു,
‘‘അത് വേണ്ട സായ, അതൊക്കെ ഞങ്ങള്‍ നോക്കിക്കോളാം. നിയ്യ് അരിയുന്നേല് പ്രശ്നമൊന്നും ണ്ടായിട്ടല്ല. പക്ഷേ ഞങ്ങള്‍ രണ്ടാളുംകൂടി പതിവിനങ്ങ് ചെയ്താല്‍ അരമണിക്കൂര്‍ തെകച്ച് വേണ്ട. നീ കുഞ്ഞിനെ നോക്ക്.’’ കുഞ്ഞപ്പോള്‍ വന്നു കയറിയപ്പോഴുണ്ടായിരുന്ന അകല്‍ച്ചയൊക്കെ മറന്ന് ശോഭയുടെ മുഖത്തൂടെ കയ്യടിച്ച് കളിക്കാന്‍ തുടങ്ങി. ആ സ്ത്രീ അതിലലിഞ്ഞ് ഭര്‍ത്താവിന് നേരെ കൊതിയോടെ നോക്കി. അയാള്‍ പണി തുടങ്ങിക്കഴിഞ്ഞിരുന്നു, കുഞ്ഞ് എപ്പോഴത്തെയുംപോലെ അയാളിലേക്ക് ചാടാനൊരുങ്ങിയെങ്കിലും അയാള്‍ പരിഗണിച്ചില്ല.
കുഞ്ഞിന്റെ കരച്ചില് മാറ്റാനായി സായ വെറുതെ നടന്നു തുടങ്ങിയപ്പോഴാണ് അശോകവിടെ എന്തോ ജോലിയിലേര്‍പ്പെട്ട് നില്‍ക്കുന്നത് കണ്ടത്. അവള് അടുത്ത് ചെന്ന് മടിയോടെ ചോദിച്ചു:
‘‘ഇത് എന്തിന്റെയൊക്കെ തൈകളാ.’’
‘‘മൊത്തം ഫലവൃക്ഷങ്ങളാ. ഒരു പത്തുകൊല്ലം കൂടി കഴിഞ്ഞാ ഇവിടെ ജീവിക്കുന്നോര്‍ക്ക് ആവശ്യമുള്ളത് ഇവിടെ നിന്ന് കിട്ടും.’’
സായ അതുകേട്ട് ചിരിച്ചുകൊണ്ട് സന്തോഷത്തോടെ പറഞ്ഞു:
‘‘എന്ത് രസാ ല്ലേ ഇവിടെ ള്ള ജീവിതം. ശരിക്കും ഒരേദന്തോട്ടത്തിന്റെ മിനിപ്പതിപ്പ്.’’'
‘‘ഏയ്, കാര്യങ്ങള്‍ അങ്ങനെയേ അല്ല. ഞാനീ പ്രോപര്‍ട്ടി വാങ്ങിയ കാലത്ത് ഇവിടെ വന്നോരൊക്കെ നരകം ന്നാ പറഞ്ഞോണ്ടിരുേന്ന. ഇപ്പഴും പലതും തീര്‍ന്നിട്ടില്ല. നീ വാ. ഞാനൊരു കാര്യം കാട്ടിത്തരാം.’’ അവര്‍ കുറേ ദൂരം മുകളിലോട്ട് കയറി. കൂടെ പട്ടികളും. അപ്പോള്‍ കണ്ടു, ദൂരെയായി കരിഞ്ഞ കാടിന്റെ ഇപ്പോഴും തീരാത്ത വേവ്. അയാളുടെ മുഖം മുറുകിവന്നു. അവളുടെ ഉള്ളിലപ്പോള്‍ എത്ര നിയന്ത്രിച്ചിട്ടും ഫ്ലാറ്റിലെ വെള്ളം നിറച്ച കുപ്പികളില്‍ ഇട്ടുവെച്ച ചെടികളും അത് കാണുമ്പോഴുള്ള അവന്റെ അറപ്പുള്ള മുഖവും പെരുകി. തിരിച്ചിറങ്ങുമ്പോള്‍ തുരുതുരാ കാക്കകള്‍ പറന്നുപോകുന്നത് കണ്ടു. അശോകപ്പോള് പറഞ്ഞു:
‘‘എനിക്കിവിടെയുള്ള ജീവിതത്തില്‍നിന്ന് മനസ്സിലായ പ്രധാനപ്പെട്ട കാര്യം ഏത് ജീവിയിലും അഡാപ്റ്റബിലിറ്റി റേഞ്ച് മാറിക്കഴിഞ്ഞാല്‍ ഫാസ്റ്റ് ഇവലൂഷന്‍ സംഭവിക്കും. നിലനില്‍പ്പാണ് എന്തിലും വലുത്.’’
ഏതാണ്ട് ഇരുട്ടും കോടയും പരന്ന് കഴിഞ്ഞതിന് ശേഷമാണ് അമ്മുവിന് വെളിക്കിരിക്കാനുള്ള വെപ്രാളം കലശലായത്. കുറച്ച്നേരം തിരിഞ്ഞ് കളിച്ചെങ്കിലും ഒടുക്കം സഹിക്കവയ്യാതെ കൃഷ്ണയോട് കാര്യം പറഞ്ഞ് അവര്‍ മുകളിലെ ഇരുട്ടിലേക്ക് നടന്നു കയറി. ‘‘അതെല്ലാം മണ്ണിലേക്ക് തന്നെ പോണം.’’ അയാള്‍ പറഞ്ഞ തോര്‍ത്ത് അമ്മുവിന് ദേഷ്യംവന്നു. ഒരു മതിലിനോടടുപ്പിച്ച് പുല്ലിന്നിടയിലേക്ക് കൂനിക്കൂടിയിരുന്നെങ്കിലും പലതരം അരക്ഷിതാവസ്ഥകള്‍ അവളെ പൊതിഞ്ഞു. ഫോണ്‍ കയ്യിലുണ്ടെങ്കിലും ആരെങ്കിലും കണ്ടാലോ എന്ന ഭയത്തില്‍ വെളിച്ചം തെളിക്കാതെ ഓരോ പുല്ലിനെയും പലതരം വിഷജീവികളായി ഭയപ്പെട്ടുകൊണ്ടിരുന്ന് ഒടുക്കം പരാജയം സമ്മതിച്ച് ‘‘വാ, പോകാം എനിക്കൊന്നും പറ്റില്ല’’ എന്നും പറഞ്ഞ് ദേഷ്യത്തോടെ കോടയിലേക്ക് കയറി അമ്മു. രാത്രിയുടെ പൂച്ചനടത്തങ്ങള് കൂടിക്കൂടി വന്നു.
ഭക്ഷണമൊക്കെയുണ്ടാക്കി കഴിച്ച് ഏറെനേരം ചുറ്റി നടന്നതിനു ശേഷമാണ് അയാളുടെ മുറിയിലേക്കവര്ക്ക് പ്രവേശനം കിട്ടിയത്. ഉള്ളില്‍ കടന്ന സായ അത്ഭുതത്തോടെ ചുറ്റും നോക്കി. അവിടെയുള്ള എന്തും, ഒരു തുണ്ട് കടലാസ് വരെ ഒരു പ്രത്യേക ക്രമത്തില്‍ അങ്ങേയറ്റത്തെ സൗന്ദര്യബോധത്തോടെ അടുക്കിവെച്ചിരിക്കുന്നു. മനോഹരമായ പെയിന്റിങ്ങുകള്‍, അലങ്കാരപ്പണികള്‍ ചെയ്ത തുന്നല്തുണികളാല് നിറഞ്ഞിരിക്കുന്ന ഹാള്‍, മണ്ണു തേച്ച ഭിത്തിയാകെ വിവിധയിനം നൃത്തരൂപങ്ങളുടെ വര. പല രൂപത്തിലും ആകൃതിയിലുമുള്ള ഞാത്തുകള്‍, മണ്‍പ്രതിമകള്‍. ബുദ്ധന്റെ പ്രതിമകള്‍, ചെറിയ കുട്ടികളുണ്ടെന്ന് തോന്നിക്കും വിധത്തില്‍ ഒരുക്കിവെച്ചിരിക്കുന്ന പല വലിപ്പത്തിലും നിറത്തിലുമുള്ള പാവകള്‍. അയാളുടെ പ്രിയപ്പെട്ട നായയപ്പോള് അവളെ നക്കിത്തുടച്ചുകൊണ്ട് അരികില്‍ വന്നുനിന്നു. സായ ആദരപൂര്‍വം അയാളെ നോക്കി. പ്രകാശവേഗത്തില്‍ ഒറ്റ നോട്ടം, പെട്ടെന്ന് അയാളവളെത്തന്നെ സൂക്ഷ്മമായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നവള്ക്ക് മനസ്സിലായി. ഒറ്റ ചുറ്റിപ്പിണയല്. അവര്‍ പരസ്പരം ചിരിച്ചെന്ന് വരുത്തി തിരിഞ്ഞുനിന്നു.
വല്ലാത്തൊരു നിറവ്. അവളൊരിക്കല്‍ക്കൂടി തിരിഞ്ഞ് അയാളെ നോക്കി, അതേ ചുഴി. സായ, പെട്ടെന്നുപോയി കുഞ്ഞിനെയെടുത്ത് പാല് കൊടുക്കാനുള്ള തയാറെടുപ്പ് നടത്തി. അയാളപ്പോള്‍ നേരത്തേയുണ്ടായിരുന്നതില്‍ തെല്ലും കുറവ് വന്നിട്ടില്ലെന്നതുപോലെ പോയി കൂട്ടത്തില്‍ ഏറ്റവും നല്ലൊരു പാവയെ എടുത്ത് കുഞ്ഞിന്റെ കയ്യില്‍ വെച്ചുകൊടുത്തു. അവളതിനെ ഉറക്കാനായി അയാളുടെ മുറിയിലേക്ക് പോയി.
സേതു അപ്പോഴേക്കും തന്റെ ഇരിപ്പിടമുറപ്പിച്ച് കവിതകള്‍ മൂളിത്തുടങ്ങിയിരുന്നു. ഡ്രംസും ഗിറ്റാറും വയലിനും എല്ലാമെടുത്ത് സത്താര്‍ വരുമ്പോഴേക്കും എല്ലാവരും ആ അന്തരീക്ഷത്തിലോട്ടൊട്ടി. തുടങ്ങുന്നതിന് മുമ്പായി സേതു ഓരോ പെഗ്ഗെടുത്ത് ഗ്ലാസിലേക്കൊഴിക്കുമ്പോഴാണ് സായ കുഞ്ഞിനെയുമുറക്കി മുറിയില്‍നിന്ന് വന്നത്.
പാടിത്തുടങ്ങിയത് സേതുവാണ്, തമിഴിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാമുള്ള പല പാട്ടുകള്‍ കുറേശ്ശയായി. ശേഷം സായയോടായി പറഞ്ഞു,
‘‘ഇനി മറ്റേ പാട്ടെടുത്ത് കാച്ചെടീ സായപ്പെണ്ണേ.’’
സായ എഴുന്നേറ്റുനിന്ന് ഒരു നാടന്‍പാട്ട് പാടിക്കൊണ്ട് നൃത്തം ചെയ്തു. നൃത്തവും പാട്ടുമായി അര മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. സേതുവും സായയും കൂടി, ജഗത് സിങ്ങിന്റെ ഒരു പാട്ട് പാടിക്കൊണ്ടിരിക്കുമ്പോഴാണ് അമ്മുവും കൃഷ്ണയും വന്നുകയറിയത്.
ആ പാട്ട് തീര്‍ന്നയുടന്‍ സത്താറ് മൃദംഗം കയ്യിലെടുത്ത് താളം പിടിച്ചുതുടങ്ങി. അശോകും സേതുവും സത്താറും കൂടി ചേര്‍ന്നപ്പോള്‍ ഒരു സ്വർഗലോകത്തെത്തിയ പ്രതീതി തോന്നി സായക്ക്. രണ്ടാമത്തെ പെഗ്ഗൊഴിക്കുകയായിരുന്നു സേതുവപ്പോള്‍. അതെല്ലാവരുടേയും അടുത്ത് കൊണ്ടുവെച്ചിട്ട് അവന് ഓരോരുത്തരെയായി നൃത്തംചെയ്യാന്‍ ക്ഷണിച്ചു. ആദ്യം ആരും അനങ്ങിയില്ല, അയാള്‍ മാത്രം മെല്ലെ ചുവടുവെച്ചു. കുറച്ച് കഴിഞ്ഞപ്പോ ശോഭയും അമ്മുവും എഴുന്നേറ്റു. അവരുടെ നിര്‍ബന്ധത്തില്‍ സായ വീണ്ടുമെഴുന്നേറ്റ് ഗംഭീരമായി നൃത്തംചെയ്തു തുടങ്ങി, അത് കണ്ട് തങ്ങളെക്കൊണ്ടാവുംവിധം അമ്മുവും കൃഷ്ണയും അവരും. ശോഭയപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വീഡിയോയും ഫോട്ടോയും പിടിക്കുകയായിരുന്നു. കുറച്ച്നേരം എന്തോ ചുവടുവെച്ച് മതിയായപോലെ സേതു വീണ്ടും പാടാനിരുന്നു, മെലഡിയാണ്.
അതിനിടക്ക് സത്താര്‍ ആരെയും ശല്യപ്പെടുത്താതിരിക്കാനെന്നപോലെ ഇഴഞ്ഞിഴഞ്ഞ് പുറത്തുപോയി ലൈറ്റര്‍ എടുത്തിട്ടു വന്നു. അപ്പോഴേക്കും സേതുവിന്റെ സ്ലോ ബേസ് പാട്ടുകള്‍ എല്ലാര്ക്കും മടുത്ത് തുടങ്ങിയിരുന്നു. പതിയെ രംഗം സത്താറേറ്റെടുത്ത് ഇംഗ്ലീഷ് റോപ്പുകളിലേക്ക് കൊണ്ടുപോയി. അപ്പോള്‍ അശോക് പോയി ട്യൂബണച്ച് പലനിറത്തിലുള്ള ഫ്ലൂറസെന്റ് ലൈറ്റുകളും കൂടി ഇട്ടതോടെ വീട് ശരിക്കും ഒരു പബ്ബായി.
മെല്ലെ അവരെല്ലാവരും പരസ്പരം കൈകോര്‍ത്തു. ഉടലുകളില്‍, ആട്ടം. വേഗം കൂടിക്കൂടി വരുന്നത്. വൃത്താകാരം പൂണ്ടത്. ചലനം വട്ടത്തില്‍ ചുറ്റി.
സത്താര്‍ നാലാമത്തെ പെഗ്ഗിലേക്ക് കയറി. ചുറ്റുമുള്ള പ്രണയപ്പൊത്തുകളില് തട്ടി അവന് ദുഃഖിതനായിത്തുടങ്ങിയിരുന്നു. എല്ലാവരെയും ശ്രദ്ധയോടെ നോക്കി ആരുംതന്നെ ശ്രദ്ധിക്കുന്നില്ലെന്ന ഉറപ്പ് തോന്നിയപ്പോള്‍ ശോഭയും കഴുത്ത് തുടരെത്തുടരെ വെട്ടിച്ച് കൈകള്‍ അരയിലൂന്നി പ്രത്യേകതാളത്തില്‍ പല വേഗത്തില്‍ ചുറ്റും നടന്നു. അശോകപ്പോള് നൃത്തത്തിനിടയില് പൊടുന്നനെ കൈ സായയുടെ അരയില്‍ ചുറ്റി, ചുമലുരുമ്മി ശ്വാസത്തെ പിടിച്ചുനിന്നു. അവളുടെ കണ്ണുകള്‍ മിന്നി.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സേതു ക്ഷീണിച്ചപോലെ ശോഭയേയും പിടിച്ചുകൊണ്ടുപോയി നിലത്തിരുന്ന് അവളുടെ മടിയിലേക്കുവീണു. അവര്‍ അരുമയോടെ അയാളെ തലോടി. സേതു നിലത്തിരുന്നെങ്കിലും തളരാന്‍ മടിക്കുന്നവനെപ്പോലെ ഓരിയിട്ട് ഉറക്കെ താളംപിടിച്ച് രസം തുടര്‍ന്നു. സായയാണെങ്കില് സ്വയം മറന്നതുപോലെയായിക്കഴിഞ്ഞിരുന്നു. അവളുടെ ഊർജവും ശരീരതാളവും കണ്ട അമ്മു വല്ലാതെ അസ്വസ്ഥയായി. എന്തൊരു തെളിച്ചമാണ് ഈ സ്ത്രീക്ക്, എന്തൊരു ശബ്ദമാണ് ഈ സ്ത്രീക്ക്. അവള്‍ക്ക് നേരെ നീണ്ടുവരുന്ന അശോകിന്റെ കണ്ണുകളിലെ സൂര്യന് അമ്മുവും നന്നായി കണ്ടു.
കുറച്ചുനേരം കൂടി കഴിഞ്ഞിട്ടുണ്ടാകും. വേഗം കൂടുംതോറും അശോക് അടുത്തേക്കടുത്തേക്ക് വരുന്നതുപോലെ തോന്നി സായക്ക്. പെട്ടെന്ന് എന്തോ ഓര്‍ത്ത് ഭയന്നപോലെ കുഞ്ഞിനെ നോക്കാനെന്നും പറഞ്ഞ് മുറിയിലേക്കോടി അവള്. കുഞ്ഞ് ഉണര്‍ന്നു കിടക്കുകയായിരുന്നു. അവള് വേഗം പോയി അതിനെയെടുത്ത് വെള്ളം വേണോ എന്ന് ചോദിച്ചു. കുഞ്ഞ് വെറുതെ വിതുമ്പി.
അപ്പോഴാണ് സായ ആ മുറിയിലെ ചിത്രങ്ങളിലേക്ക് നോക്കിയത്. അതയാള്‍ വരച്ചതാണെന്ന് തോന്നി. മനുഷ്യമുഖങ്ങളുടെ പല സ്കെച്ചുകള്‍. ആ ചിത്രങ്ങളെല്ലാം നല്ലതായിരുന്നു. പക്ഷേ, ആ മനുഷ്യമുഖങ്ങള്ക്കെല്ലാം വല്ലാത്തൊരു പ്രത്യേകതയുണ്ട്. ഒരു ചിത്രത്തിന്റെ കണ്ണും മൂക്കുമെല്ലാം സാധാരണ നിലയിലാണെങ്കിലും മൂക്കിനും വായയ്ക്കുമിടയിലുള്ള വിടവ് മൂന്നോ നാലോ ഇരട്ടിയുണ്ട്.
മുഖത്തെ ഏതെങ്കിലും ഒരവയവത്തിന് മറ്റുള്ളവയുമായി പാകമാകാത്തത്ര വലിപ്പം. അവള് എന്തോ കണ്ണുകള്‍ ഇറുക്കിയടച്ചു തുറന്നു. ഇത് തോന്നലാണോ... രണ്ട് പെഗ്ഗായിട്ടേയുള്ളൂ. മൂന്നെണ്ണം നാലെണ്ണം നോർമലാണെന്നുമോര്ത്തുകൊണ്ട് സായ കുഞ്ഞിനെയുമെടുത്ത് തിടുക്കത്തില്‍ അടുത്ത പെഗ്ഗിനായി ഹാളിലേക്കെത്തി. സേതുവും ശോഭയുമപ്പോള് സ്വയം മറന്നിരിക്കുന്നത് കണ്ടു. സായക്ക് ഓടിച്ചെന്ന് അശോകിനെ ഗാഢമായി പുണരാന്‍ തോന്നി. അവള് വിറച്ചുകൊണ്ട് അടുത്ത് ചെന്ന് അയാള്‍ക്ക് നേരെ ഗ്ലാസ് നീട്ടി.
കുഞ്ഞ് ഇതിനിടയില്‍ മുട്ടിലിഴഞ്ഞ് സത്താറിന്റെയടുത്ത് പോയി മൃദംഗത്തില്‍ പിടിച്ചുനിന്നു. സത്താര്‍ എടുക്കാന്‍ പോയപ്പോഴേക്കും അശോക് വന്ന് അവനെ എടുത്തുയര്‍ത്തി, എടുത്തയുടന്‍ കുഞ്ഞവന്റെ താടിയില്‍ പിടിച്ചുവലിക്കാന്‍ തുടങ്ങി. സായയെ നോക്കിക്കൊണ്ട് അവനതിനെ തുരുതുരെ ചുംബിച്ചു. അവള്‍ക്ക് ചിരി പൊട്ടി. മൂത്രമൊഴിക്കാനായി പുറത്തേക്കു പോയ സേതു അപ്പോഴാണ് തിരിച്ചുവന്നത്. തിരിച്ചുവന്ന അയാള്‍ക്ക് ആ മുറിയും താളവുമൊക്കെയായി പെട്ടെന്ന് ഒരപരിചിതത്വം തോന്നാന്‍ തുടങ്ങി. അയാള്‍ കുറച്ചുനേരം സൂക്ഷിച്ച് നോക്കിക്കൊണ്ട് പ്രതിമയെപ്പോലെ നിന്നു. ആ താളം, വേഗം, മുറുക്കം.
‘‘വാ, നമുക്കുറങ്ങാന്‍ പോകാം. അല്ലെങ്കില്‍ ചെലപ്പോ മഴയാവും. വേഗം പോകാം. വാ സായാ. അമ്മൂ. എറങ്ങ്. കാടാണ്. ഇഴജന്തുക്കളുണ്ടാവും. വേഗം ടെന്റില്‍ കയറാം. ഇനി രാവിലെ.’’
അശോക് ഞെട്ടിയപോലെ ചോദിച്ചു:
‘‘ടാ, എന്താ ഇത്ര പെട്ടെന്ന്? മെല്ലെ പോയാ പോരേ. ദാ, പതിനൊന്നാവുന്നേയുള്ളൂ സമയം. അല്ലെങ്കില്‍ വേണ്ട ഇന്നിതിനുള്ളില് തന്നെ കെടക്കാം എല്ലാര്ക്കും.’’
‘‘ഏയ്. ഏയ്. അത് വേണ്ട. ഇതിനുള്ളില്‍ നീ ആരേം താമസിപ്പിക്കില്ല എന്ന് നീ വരുമ്പഴേ പറഞ്ഞതല്ലേ. ഞങ്ങള്‍ക്കും ടെന്റാണ് ഇഷ്ടം. വാ ശോഭേ എറങ്ങ്.’’ അയാള്‍ തീരുമാനിച്ചുറപ്പിച്ചപോലെ വേഗം പുറത്തേക്ക് നടന്നു. നടക്കുന്നതിനിടയില്‍ അയാള്‍ അശോകിന്റെ യൗവനത്തിലേക്ക് സാകൂതം നോക്കി.
കുറച്ചു നേരമായി സായയുടെ ഫോണ്‍ നിര്‍ത്താതെ റിങ് ചെയ്യാന്‍ തുടങ്ങിയത് അശോക് അപ്പോഴാണ് ശ്രദ്ധിച്ചത്. മനോഹരമായൊരു റൊമാന്റിക് റിങ് ടോണ്‍. ഫോണെടുത്ത് കയ്യിലേക്ക് കൊടുക്കുമ്പോള്‍ അശോകിന് ഭ്രാന്ത് പിടിച്ചു. മറ്റെല്ലാവരെയുംപോലെത്തന്നെ മറ്റൊരാളായിരുന്നെങ്കിലെന്ന് തീവ്രമായ ആഗ്രഹം തോന്നി അയാള്‍ക്കും. നക്ഷത്രങ്ങളുടെ രാത്രിയായിരുന്നു അത്. മിന്നാമിന്നികളെപ്പോലെ മിന്നിക്കളിക്കുന്ന നക്ഷത്രങ്ങളുടെ രാത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.