‘‘ഇനി നിങ്ങള്‍ സത്യം പറയാന്‍ ബാധ്യസ്ഥയാണ്.’’
പ്രതിക്കൂടിന്റെ മുന്നില്‍നിന്ന് നാടകീയമായ ഒരു അംഗവിക്ഷേപത്തോടെ വക്കീല്‍ പറഞ്ഞു. അവള് പക്ഷേ, അത് കേട്ടതായി തോന്നിയില്ല. അവള് സാകൂതം അയാളെ നിരീക്ഷിക്കുകയായിരുന്നു. അയാളുടെ ചെറിയ തലയും കനം കുറഞ്ഞ് ചെമ്പിച്ച മുടിയിഴകളും രണ്ട് ചെന്നികളില്നിന്നും വഴിതെളിച്ച് മുന്നേറുന്ന കഷണ്ടിയും കണ്ട് അവളുടെ കണ്ണുകളില്‍ ഒരു കുസൃതിവെളിച്ചം മിന്നി. ഇടുങ്ങിയ കണ്ണുകളും പക്ഷിച്ചുണ്ടുപോലെ കൂര്‍ത്ത് അറ്റം വളഞ്ഞ മൂക്കും ശുഷ്കിച്ച മുഖവും നോട്ടത്തിലുടക്കിയപ്പോഴാകട്ടെ അവളുടെ ചുണ്ടില്‍ ഒരു ചിരി വന്നെത്തി നോക്കി. കറുത്ത കോട്ടില്‍നിന്ന് പൊന്തിവന്ന അസാധാരണമായി നീണ്ട് മെലിഞ്ഞ കഴുത്തു കൂടി കണ്ടപ്പോള്‍ അവള് പൊട്ടിച്ചിരിക്കുകതന്നെ ചെയ്തു.
‘‘നിങ്ങള്‍ ഇപ്പോള്‍ പറന്നിറങ്ങിയ ഒരു കഴുകനെപ്പോലെയുണ്ട്!’’
ന്യായാധിപന് ശാസിച്ചു.
‘‘നിങ്ങള്‍ക്ക് കോടതിയുടെ ചിട്ടവട്ടങ്ങളൊന്നും അറിയില്ലെന്ന് തോന്നുന്നു. ഇത്തരം ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ പാടില്ലാത്തതാണ്.’’
അവള് ഭവ്യതയോടെ തലകുനിച്ച് ന്യായാധിപനെ വണങ്ങി.
‘‘ക്ഷമിക്കണം സര്! ഞാനൊരു ചിത്രകാരിയാണ്. എന്റെ ദൃഷ്ടിയില് തെളിഞ്ഞ ഒരു സത്യം പറഞ്ഞെന്നേയുള്ളൂ! സത്യം പറയാന്‍ ഞാന്‍ ബാധ്യസ്ഥയുമാണല്ലോ!’’
മുഖത്തെ ജാള്യം തൂവാലയില്‍ ഒപ്പിയെടുത്ത് വക്കീല്‍ ചോദിച്ചു.
‘‘അപ്പോള്‍ നിങ്ങള്‍ തൊഴില്‍കൊണ്ട് ഒരു ചിത്രകാരിയാണ്, അല്ലേ?’’
അദൃശ്യമായ ഒരു ബ്രഷ് അവളുടെ നെറ്റിയില്‍ ചില രേഖകള്‍ വരച്ചു. നെടുതായി ഒന്ന് നിശ്വസിച്ച് അവള് പറഞ്ഞു.
‘‘ചിത്രംവര തൊഴിലാണോയെന്ന് എനിക്കറിഞ്ഞു കൂടാ. എന്നെ സംബന്ധിച്ചിടത്തോളം അത് പ്രാണന് തുല്യമാണ്.’’
വക്കീലിന്റെ അടിച്ചുണ്ടില്‍ വക്രിച്ച ഒരു ചിരി പ്രത്യക്ഷപ്പെട്ടു.
‘‘നിങ്ങള്‍ കൊള്ളാവുന്ന ഒരു കുടുംബത്തിലാണ് പിറന്നത് എന്ന് കേള്‍ക്കുന്നു. അങ്ങനെയുള്ളവര്‍ക്കല്ലേ ചിത്രമൊക്കെ വരച്ച് മെയ്യനങ്ങാതെ ജീവിക്കാന്‍ പറ്റുകയുള്ളൂ. നിങ്ങളിരുവരും എങ്ങനെയാണ് പരിചയപ്പെട്ടത്.’’
കഴിഞ്ഞ കാലത്തിലേക്ക് മുങ്ങാംകുഴിയിട്ട് മടങ്ങി വന്നപ്പോള്‍ അവളുടെ ശബ്ദം ഈറനായി.
‘‘അയാള്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. എന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഡര്‍ബാര്‍ഹാളില്‍ നടക്കുമ്പോള്‍ അയാള്‍ വന്ന് കണ്ടു. എന്നെ അഭിനന്ദിക്കുക മാത്രമല്ല, ചിത്രങ്ങളെക്കുറിച്ച് ഒരു ലേഖനമെഴുതുകയും ചെയ്തു. ഞാന്‍ അയാളോട് ഏറ്റവും നന്ദിയുള്ളവളായിത്തീര്ന്നു. അവിടെനിന്നാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. ഏത് പ്രണയത്തിന്റെയും തുടക്കം വ്യത്യസ്തമായിരിക്കും. പക്ഷേ, ഒടുക്കം എപ്പോഴും ഒരുപോലെയാവും!’’
വക്കീലിന്റെ കണ്ണുകളില്‍ കുടിലത തെളിഞ്ഞുവന്നു.
‘‘എന്തുകൊണ്ടാണ് നിങ്ങള്‍ അയാളെ കൊല്ലാന്‍ തീര്‍ച്ചപ്പെടുത്തിയത്?’’
അവളുടെ മുഖത്ത് വക്കീലിന് ഒരിക്കലും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു ഭാവം പ്രത്യക്ഷപ്പെട്ടു.
‘‘അയാളെ കൊല്ലണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, അയാളെങ്ങനെയാണ് മരിച്ചതെന്ന് സത്യമായും എനിക്കറിയില്ല.’’
വക്കീല്‍ ഒരൊളിയമ്പെയ്തു.
‘‘ഒരാളെ കൊല്ലണമെന്ന് വേറൊരാള്‍ക്ക് ചുമ്മാതങ്ങനെ തോന്നുമോ?’’
അവള് വക്കീലിന്റെ നേര്‍ക്ക് സഹതാപത്തോടെ നോക്കി.
‘‘അത് പെട്ടെന്നൊന്നും പറഞ്ഞുതീര്‍ക്കാന്‍ പറ്റുകയില്ല. പറഞ്ഞാല്‍ത്തന്നെയും നിങ്ങള്‍ക്കത് കൃത്യമായി മനസ്സിലാകണമെന്നുമില്ല.’’
വക്കീല്‍ ക്ഷുഭിതനായി.
‘‘ഞാനത്ര വിവരം കെട്ടവനാണെന്ന് നിങ്ങള്‍ മുന്കൂട്ടിയങ്ങ് തീര്‍ച്ചപ്പെടുത്തരുത്!’’
അയാളുടെ ക്ഷോഭം അവളെ സ്പര്‍ശിക്കാതെ ഒഴിഞ്ഞുപോയി.
‘‘നിങ്ങള്‍ക്കെന്നല്ല ആര്‍ക്കും അത് മനസ്സിലാവാനിടയില്ല. എനിക്കത് പറഞ്ഞ് ഫലിപ്പിക്കാനാവുമെന്നും തോന്നുന്നില്ല.’’
അവളുടെ മുഖം എരികനലായി. അതിന്റെ ചൂടേറ്റ് കോടതി മുറിയില്‍ പിറുപിറുപ്പുയര്‍ന്നു. അതടങ്ങിയപ്പോള്‍ ഉരുകുന്ന മെഴുകുതിരിപോലെ അവളില്‍നിന്ന് വാക്കുകള്‍ ഇറ്റിറ്റ് വീണു.
‘‘അയാള്‍ വലിയൊരു ഒച്ചയായിരുന്നു എന്ന സത്യം എനിക്കു മാത്രമേ അറിയൂ. ഉച്ച കഴിഞ്ഞാണ് അയാള്‍ ഓഫീസില്‍ പോവുക. മടക്കം പാതിരാവോടെയും. പോകുന്നതു വരേയും നിരന്തരം ഫോണിലേയ്ക്ക് വായ് തുറന്നുവച്ച ഒരു ഉച്ചഭാഷിണിയാവും. ഒന്നും വരയ്ക്കാനാവാതെ രണ്ട് വട്ടം ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ, മരണം എന്നെ പരിഹസിച്ച് കടന്നുപോയി. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാമെന്ന് വച്ചാല്‍ എനിക്കൊരു ജോലിയില്ല. മടങ്ങിപ്പോകാന്‍ വീടില്ല. പിന്തുണയ്ക്കാന്‍ വീട്ടുകാരുമില്ല. ഭ്രാന്തിന്റെ വക്കത്ത് നില്‍ക്കുമ്പോഴാണ് ഒരു ചിത്രപ്രദര്‍ശനം നടത്താന്‍ ചില ചിത്രകാരികൾ ചേര്‍ന്ന് തീര്‍ച്ചപ്പെടുത്തുന്നത്. ഓരോരുത്തരുടേയും പത്ത് ചിത്രങ്ങള്‍. എത്ര ശ്രമിച്ചിട്ടും എനിക്ക് ഒന്നും വരയ്ക്കാന്‍ കഴിഞ്ഞില്ല. ഒച്ചകളത്രയും വിടാതെ എന്റെ പിന്നാലെ പാഞ്ഞുവന്നു. ഞാന്‍ മുട്ടുകുത്തി യാചിച്ചു. ഈ ഒച്ചകളെ തിരിച്ച് വിളിക്കൂ! അയാള്‍ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ മുഴക്കം എന്നെ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ചു.’’
പൊടുന്നനെ അവളുടെ ശബ്ദം നിലച്ചു. തീവ്ര വേദനയില്‍ കണ്ണുകള്‍ തുറിച്ചുവന്ന് നിശ്ചലമായി. പിന്നെ ഒന്ന് ഞെട്ടിപ്പിടഞ്ഞ് അവള് ശബ്ദം വീണ്ടെടുത്തു.
‘‘പകലുകളേക്കാള്‍ ഭീകരങ്ങളായിരുന്നു എന്റെ രാത്രികള്‍. കിടന്നപാടേ അയാളുടെ വായ് കിണര്‍വട്ടത്തില്‍ തുറന്ന് വരും. ആഴങ്ങളില്‍നിന്ന് ഏതോ ഗൂഢഭാഷയിലെ വിചിത്ര ശബ്ദങ്ങള്‍ പുറത്ത് വരും. അപ്പോഴാണ് ഭയപ്പെടുത്തുന്ന എന്തോ ഒന്ന് അയാളെ പിന്തുടരുക. ആര്‍ത്ത് കരഞ്ഞ് അയാള്‍ കുതിച്ച് പായും. അയാള്‍ എന്തിനെയാണ് ഭയപ്പെടുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. ആ രഹസ്യം ഒരിക്കലും അയാള്‍ പങ്കുവച്ചിട്ടില്ല. ഒരുപക്ഷേ, അയാളുടെ പിന്നാലെ പായുന്നത് മൗനമായിരിക്കണം. ഒടുവില്‍ ഞങ്ങള്‍ രണ്ട് മുറിയിലായി ഉറക്കം.’’
വക്കീല്‍ അരസികനായി ഇടയ്ക്ക് കയറി.
‘‘അപ്പോള്‍ അതുകൊണ്ടാണ് നിങ്ങള്‍ക്ക് കുട്ടികളില്ലാത്തത്!’’
അവളുടെ കണ്ണുകളില്‍ ഭയം വട്ടംചുറ്റി.
‘‘അയാളുടെ കുട്ടികള്‍! അവരും വലിയ ഒച്ചകള്‍ മാത്രമായിരിക്കും!’’
വക്കീല്‍ ഒരുനിമിഷം എന്തോ ആലോചിച്ച് നിന്നു. അയാളുടെ ശബ്ദം തെല്ല് മയപ്പെട്ടു.
‘‘നിങ്ങള്‍ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തോ?’’
അവളുടെ നോട്ടം വക്കീലിന്റെ മുഖത്ത് നിന്ന് തെന്നിയകന്നു.
‘‘അന്ന് വൈകുന്നേരം ശൂന്യമായ ആകാശത്തേയ്ക്ക് നോക്കി ഞാന്‍ ഏറെനേരം ടെറസ്സില്‍ നിന്നു. ഒച്ചയുടെ വലിയൊരു കുമിളയില്‍ കുടുങ്ങിപ്പോയ ഒരു സ്ത്രീരൂപം തെളിഞ്ഞ് വന്നപ്പോള്‍ ഞാന്‍ ബ്രഷ് കൈയിലെടുത്തു. അപ്പോഴുണ്ട് അയാള്‍ ഭയങ്കരമായ ഒരൊച്ചയായി കോണി കയറി വരുന്നു! എനിക്കയാളെ കൊല്ലാന്‍ തോന്നി. ഞാന്‍ ചുറ്റും പരതി. ഒരു കമ്പിയോ മറന്നുെവച്ച ഒരു പിച്ചാത്തിയോ ഒന്നും കണ്ണില്‍പെട്ടില്ല. ചായങ്ങളും പാലറ്റും ബ്രഷുകളുമല്ലാതെ ഒന്നുമില്ല. നിസ്സഹായതയുടെ പാതാളക്കുഴിയില്‍ വീണ ഞാന്‍ കണ്ണുകളടച്ച് പല്ല് ഞെരിച്ച് മുടി പിച്ചിച്ചീന്തി ഒരൊറ്റ അലര്‍ച്ച! കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കാണുന്നത് അയാള്‍ കമിഴ്ന്നടിച്ച് വീണ് കിടക്കുന്നതാണ്!’’
വക്കീല്‍ വിജയിയുടെ ഭാവത്തില്‍ അവളെ അടിമുടി നോക്കി.
‘‘ആ അലര്‍ച്ച ഒരു വാള് പോലെ അയാളില്‍ ആഞ്ഞ് പതിച്ചു. അത് അയാളുടെ പ്രാണനെടുത്തു എന്നത് കേവലമായ ഒരു സത്യമാണ്!’’
അവള് വക്കീലിനെ പാടേ അവഗണിച്ച് ന്യായാധിപന്റെ നേര്‍ക്ക് തിരിഞ്ഞു.
‘‘സര്, അങ്ങ് ദുശ്ശാസനവധം കഥകളി കണ്ടിട്ടുണ്ടോ?’’
ഇങ്ങനെയൊരു സന്ദര്‍ഭത്തിലൂടെ മുമ്പൊരിക്കലും കടന്നുപോയിട്ടില്ലാത്ത ന്യായാധിപന് ഒരു നിമിഷം പകച്ചു. പക്ഷേ, അപ്പോഴേക്കും അച്ഛന്റെ ചൂണ്ടുവിരലില്‍ തൂങ്ങി കഥകളി കാണാന്‍ പോയിരുന്ന ഉത്സവകാലം മുന്നില്‍ വന്നു നിന്ന് ചിരിച്ചു. ആ ചിരി ഏറ്റുവാങ്ങി ന്യായാധിപന് പറഞ്ഞു.
‘‘ഉവ്വ്!’’
അന്നേരം അവളുടെ കണ്ണുകളിലെ നിഷ്കളങ്കമായ ജിജ്ഞാസക്ക് മൂര്‍ച്ചയേറി.
‘‘ഭീമന്റെ അലര്‍ച്ച കേട്ട് കാണികളാരെങ്കിലും മരിച്ചു വീണിട്ടുണ്ടോ സര്?’’
നില മറന്ന് ന്യായാധിപന് പൊട്ടിച്ചിരിച്ചു.
ഓർക്കാപ്പുറത്ത് നാടകത്തിന് തിരശ്ശീല വീഴുന്നത് കണ്ട് വക്കീൽ സ്വന്തം ഒച്ചയെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.