മനുഷ്യന് മെരുങ്ങാത്ത ക്രൗര്യത്തെ വിഴുങ്ങിയ കടൽ. കീവറീത് കടലാണെന്നു പറഞ്ഞാൽ അയാളുടെ ജീവിതത്തിന്റെ ആദ്യന്തം കടലിന്റെ ഇഴചേരലും ഇടപെടലുമുണ്ടെന്നു തിരിച്ചറിഞ്ഞാൽ മതി. ക്രൗര്യം അതിന്റെ സർവശേഷിയുമെടുത്ത് അലറിത്തുള്ളിക്കേറിവന്ന് തീരത്തെയും മനുഷ്യരെയും ചവിട്ടിയരച്ചു മണ്ണോടു മണ്ണാക്കിയ രാത്രിയാണ് കീവറീത് പിറന്നത്. അമ്മാതിരി കാറ്റും പെശറും നെറഞ്ഞ മറ്റൊരു പെശകു രാത്രിയാണ് അയാൾ എന്നേക്കുമായി മറഞ്ഞത്.പണ്ട്, എന്നുെവച്ചാൽ ഒരുപാടൊരുപാട് കാലം മുമ്പ്,...
മനുഷ്യന് മെരുങ്ങാത്ത ക്രൗര്യത്തെ വിഴുങ്ങിയ കടൽ. കീവറീത് കടലാണെന്നു പറഞ്ഞാൽ അയാളുടെ ജീവിതത്തിന്റെ ആദ്യന്തം കടലിന്റെ ഇഴചേരലും ഇടപെടലുമുണ്ടെന്നു തിരിച്ചറിഞ്ഞാൽ മതി. ക്രൗര്യം അതിന്റെ സർവശേഷിയുമെടുത്ത് അലറിത്തുള്ളിക്കേറിവന്ന് തീരത്തെയും മനുഷ്യരെയും ചവിട്ടിയരച്ചു മണ്ണോടു മണ്ണാക്കിയ രാത്രിയാണ് കീവറീത് പിറന്നത്. അമ്മാതിരി കാറ്റും പെശറും നെറഞ്ഞ മറ്റൊരു പെശകു രാത്രിയാണ് അയാൾ എന്നേക്കുമായി മറഞ്ഞത്.
പണ്ട്, എന്നുെവച്ചാൽ ഒരുപാടൊരുപാട് കാലം മുമ്പ്, കീവറീതിനും കുഞ്ഞൂഞ്ഞിനുമൊക്കെ മുമ്പ് ഈ കടലീന്ന് ഒരാൾ കേറിവന്നതായി ഒരു തുടക്കംപറച്ചിലുണ്ട്. കാലങ്ങളോളം കടലിൽ കഴിഞ്ഞതുപോലെ വഴുവഴുപ്പും ചെതുമ്പലുകളുമുള്ള തോലായിരുന്നു അയാളുടേത്. കണ്ണുകളും മൂക്കുമൊക്കെ കണ്ടാൽ ചിലതരം മീനുകളെ ഓർമവരും. കടലീന്നു വന്നവൻ കടലോരത്ത് അലഞ്ഞുനടന്നിരുന്ന പ്രാന്തിപ്പെണ്ണിനൊപ്പം കടപ്പുറത്തുതന്നെയങ്ങു പാർപ്പു തുടങ്ങി. പിൽക്കാലത്ത് ആ ദേശത്ത് പേരുകേട്ട കുടുംബക്കാരായി മാറിയ കാട്ടുനിലത്തുകാരുടെ തുടക്കം അവിടെനിന്നാണ്.
അറുകൊലപോലെയുള്ള വാറപ്പനെന്ന പാതി മനുഷ്യനിൽനിന്നാണ് കാട്ടുനിലത്തിന്റെ ഇപ്പോഴത്തെ ചരിത്രം തുടങ്ങുന്നത്. വാറപ്പന് മുഴുപ്രാന്തായിരുന്നു എന്നാണ് പറയപ്പെടുന്നത്. അയാൾ കെട്ടിയ പെണ്ണാണെങ്കിൽ ഇടക്കിടെ മരിച്ചാത്മാക്കൾ ആവേശിക്കുന്ന ജലകന്യ കണക്ക് സുന്ദരിയും കുറുനാവില്ലാത്തവളുമായ കർലിയും. അവർക്കു നാലാൺ മക്കളുണ്ടായി. മൂത്തത് മർസലീഞ്ഞ്, രണ്ടാമൻ കുഞ്ഞൂഞ്ഞ്, മൂന്നാമൻ കീവറീത്, നാലാമൻ സേവിക്കുഞ്ഞ്. നാലു പേറിനും കർലിക്ക് ബാധയാവേശിച്ചിരുന്നുവെന്നാണ് കടപ്പുറത്തുകാർ പറയുന്നത്. പേറു കഴിഞ്ഞാലവൾ ഉറഞ്ഞുതുള്ളി കടപ്പുറത്തേക്കിറങ്ങുമായിരുന്നു. കാട്ടുനിലത്തെ ആണുങ്ങളെല്ലാം ബാധയേറ്റവരായിരുന്നുവെന്നാണ് മറ്റൊരു പറച്ചിൽ.
അതിൽ കുഞ്ഞൂഞ്ഞ് മാത്രം തുടക്കത്തിലേ കൂട്ടം വിട്ടുപോയി. മുതുമുത്തപ്പൻമാരുടെ സമ്പാദ്യത്തിൽ കൈയിട്ടുവാരാൻ താൽപര്യമില്ലാതിരുന്ന കുഞ്ഞൂഞ്ഞ് ചെറുപ്പത്തിലേ കച്ചവടങ്ങളൊക്കെ ചെയ്ത് പട്ടണത്തിലേക്ക് പോയി. പതുക്കെ പതുക്കെ കൈനിറയെ പണമുണ്ടാക്കുകയും പട്ടണത്തിൽ വേരുറപ്പിക്കാൻ അവിടെ സ്വത്തുണ്ടാക്കുകയും ചെയ്തു. കൂടപ്പിറപ്പുകളുടെ പേരിൽ ഏഴെട്ടു കടമുറികൾ വാങ്ങിക്കൂട്ടുകയും അവയെല്ലാം വാടകക്ക് കൊടുത്ത് പിന്നെയും കുറെക്കൂടി സമ്പാദിക്കുകയും അതിനു മേലെ പിന്നെയും പിന്നെയും വാങ്ങിക്കൂട്ടുകയുംചെയ്തു. കടപ്പുറത്തുനിന്ന് ഇടക്കിടക്ക് പട്ടണത്തിലേക്ക് വന്നുപോയത് കീവറീത് മാത്രമാണ്.
വരുമ്പോഴെല്ലാം വീട്ടിലുള്ളവരുടേയൊക്കെ വിശേഷങ്ങൾ എണ്ണിപ്പെറുക്കി ചോദിക്കുമെങ്കിലും അവറ്റകളക്ക അവിടെത്തന്നെയുണ്ട് ചേട്ടായി എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു പതിവ്. ഒരു നാൾ കടപ്പുറത്തുനിന്ന് ഫിഷറീസിന്റെ ആപ്പീസിൽ വന്ന രാമോരനോടു ചോദിച്ചപ്പോഴാണറിഞ്ഞത്, മൂത്ത ചേട്ടനായ മർസലീഞ്ഞിനെ കാണാനില്ലെന്ന്. അങ്ങനെയാണ് കാലങ്ങൾക്കുശേഷം കുഞ്ഞൂഞ്ഞ് കടപ്പുറത്തെ കുടുംബവീട്ടിലേക്കു വന്നത്. രാമോരൻ പറഞ്ഞതുപോലെ മർസലീഞ്ഞിനെ കാണാനില്ലെന്നു മാത്രമാണ് വീട്ടുകാരും പറഞ്ഞത്. അതിനപ്പുറം ഒരു വാചകംപോലും കൂട്ടിച്ചേർക്കാൻ ആർക്കും കഴിഞ്ഞില്ല. കൂന കൂട്ടിയ പണത്തിൽനിന്ന് കാശെടുത്ത് പത്രത്തിൽ പടവും പോലീസിൽ അറിയിപ്പും കൊടുത്തുവെങ്കിലും വലിയ പ്രയോജനമൊന്നുമുണ്ടായില്ല. ചുരുക്കിപ്പറഞ്ഞാൽ മർസലീഞ്ഞ് ഒരു കുമിളപോലുമില്ലാതെ കാണാണ്ടുപോയി.
പിറ്റേക്കൊല്ലം കേടുപാടില്ലാത്ത തണ്ടും തടിയുമുണ്ടായിരുന്ന വാറപ്പൻ വെട്ടിയിട്ട വാഴത്തടിപോലെ കണ്ണും മിഴിച്ച് കിടപ്പിലായി. കുറുനാവില്ലാത്ത കർലിയുടെ നാവുകുഴച്ചിൽ പണ്ടത്തേതിന്റെ മൂന്നിരട്ടിയായതിനാൽ പൂച്ചയുടെ കാമവിലാപം പോലെയായിത്തീർന്നിരുന്നു. ആ ഒച്ചയൊഴുക്കിൽനിന്ന് ഒരു വാക്കോ വാചകമോ പെറുക്കിയെടുക്കാൻ കുഞ്ഞൂഞ്ഞിനു കഴിഞ്ഞതുമില്ല. പണ്ടും തള്ളയുടെ വാക്കുകൾക്ക് അവരുടെ ജീവിതത്തിൽ അത്രയൊക്കെ വിലയേ ഉണ്ടായിരുന്നുള്ളൂ. തള്ളേം തന്തേം എന്തെങ്കിലും കാണിക്കട്ടേന്നു വിചാരിച്ച് കുഞ്ഞൂഞ്ഞ് സന്ദർശനം കഴിഞ്ഞ് തന്റെ പണം കൂട്ടിെവച്ച മലയിൽ കെടക്കാനായി തെരക്കിട്ടുപോയി. ഒരാഴ്ച കഴിഞ്ഞില്ല അയലത്തുകാരനും പള്ളിയിലെ കൈക്കാരനുമായ പേദ്രു അതിരാവിലെ ഫോണിൽ വിളിച്ചു.
“കുഞ്ഞൂഞ്ഞേ…നിന്റപ്പൻ പോയട്ടാ…”
“അയ്യോ… എപ്പഴാണ് പേദറേട്ടാ…”
കഴിയുന്നത്ര ദുഃഖത്തോടെയാണ് ചോദിച്ചതെങ്കിലും ഫോണിൽ കേട്ടത് പുച്ഛത്തോടെയുള്ള ചിരിയായിരുന്നു.
“അതിപ്പ അറിഞ്ഞട്ടെന്തിനാടാ കുഞ്ഞൂഞ്ഞേ… തന്തയാട് നെനക്കും വെല്യ കൂറൊന്നുമില്ലാന്ന് എനിക്കറിയാല്ലാ… പിന്നെ ആ വീട്ടീക്കെടന്ന് ചീഞ്ഞു നാറിയാ അയലോത്തുള്ളര്ക്കും കൂടി പ്രശനമാക്വല്ലാന്നു കരുതി പറഞ്ഞതാണ്…”
മറുപടി പറയാനുള്ള വാക്കുകളൊന്നും കുഞ്ഞൂഞ്ഞിന്റെ നാവിൽ ഉരുവായില്ല.
“പള്ളീലടക്കാനൊള്ള പണം എത്തിച്ചാ മതി… വേണ്ടത് ചെയ്തോളാം… കാശില്ലങ്കി മരണഫണ്ടീന്ന് എടുക്കാം… എല്ലാം നീ പറേണപോലെ...”
“അയ്യോ അതൊന്നും വേണ്ട… ഞാൻ ദേ വരേണ്… നമ്മക്കിന്ന് തന്നെ സംസ്കാരം നടത്താം പേദറേട്ടാ...”
“നല്ലത്…”
പേദ്രു ഫോൺ െവച്ചപ്പോൾ ദേഷ്യംകൊണ്ടു കുഞ്ഞൂഞ്ഞ് പല്ലിറുമ്മി.
“@#*…”
ആ വാക്ക് പേദ്രുവിനുള്ളതാണോ മരിച്ചുപോയ അപ്പനുള്ളതാണോ എന്ന കാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളൂ. ശവമടക്കിന്റെ നേരത്ത് കടപ്പുറത്തുനിന്ന് ആരോ കൂട്ടിക്കൊണ്ടു വന്ന കർലി വിചിത്രമായ ഏതോ പാട്ടും പാടി തുള്ളാൻ തുടങ്ങി. പേദ്രു തന്നെയാണ് അവളെ പിടിച്ചുമാറ്റിയത്. ഈ ചടങ്ങ് ഭംഗിയായി നടത്തേണ്ട കടമ അയാൾക്കാണെന്നതുപോലെയാണ് പെരുമാറ്റമെല്ലാം. നാട്ടുകാരെല്ലാവരും ഓരോ നുള്ളു മണ്ണിട്ട് ഒടുവിൽ കുഴി മൂടി പിരിഞ്ഞുതുടങ്ങിയ നേരത്ത് ഓടിക്കിതച്ചു വന്ന സേവിക്കുഞ്ഞ് കുഴിക്കൽ പോയി ഇത്തിരി മുട്ടുകുത്തി നിന്നു. അവസാനമായി അപ്പനെ കാണണോ എന്നാരോ ചോദിച്ചപ്പോൾ പിന്നിൽനിന്ന് ഒരാളുടെ സ്വരം കേട്ടു.
“അതിന്റ ആവശ്യോന്നുമില്ല…”
എല്ലാവരും തിരിഞ്ഞ് പിന്നിൽ നിന്നിരുന്ന കീവറീതിനെ നോക്കി. കൂടുതലായി ഒരു വാക്കുപോലും ആ മുഖത്തുനിന്നും ഉണ്ടായില്ല. അപ്പനെ കാണണമെന്ന തീവ്രമായ ആഗ്രഹം സേവിക്കുഞ്ഞിനും ഉണ്ടായിട്ടുണ്ടാകില്ല, അതുകൊണ്ടായിരിക്കണമല്ലോ അയാളും നിശ്ശബ്ദമായത്. ചടങ്ങു കഴിഞ്ഞെല്ലാവരും പിരിഞ്ഞപ്പോൾ സേവിക്കുഞ്ഞ് നേരെ കടലിലേക്കാണ് പോയത്. പണത്തിന് മുട്ടൊന്നുമില്ലെങ്കിലും കടലീന്നു കേറാൻ കൂട്ടാക്കാത്ത സേവിക്കുഞ്ഞ് സാധാരണ ഗതിയിൽ ചേട്ടമ്മാരോടു പോലും സംസാരിക്കാറില്ല.
കാരണം കടലിനേക്കുറിച്ചല്ലാതൊന്നും അയാൾക്കു പറയാനുമില്ലായിരുന്നു. കുഞ്ഞൂഞ്ഞ് കാട്ടുനിലത്തു വന്നുപോയതിന്റെ നാലാം നാൾ തള്ളയായ കർലിയേയും കാണാതായി. കരയിൽ ജീവിക്കാനാകാതെ വന്ന ജലകന്യകയെ കടലു തന്നെ ഏറ്റെടുത്തുവെന്ന് വലക്കാർ കളിയാക്കി പറയുമായിരുന്നു. കടപ്പുറത്ത് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ബാധയോട് സ്വന്തം മക്കൾക്ക് ഒരുകാലത്തും മമതയുണ്ടായിരുന്നില്ല. മക്കളെ പെറ്റിട്ട് കടപ്പുറത്തേക്കിറങ്ങിപ്പോയ തള്ളയോട് എങ്ങനെ അടുപ്പമുണ്ടാകാനാണ്. തള്ള മാഞ്ഞുപോയതിന്റെ പേരിൽ പത്രത്തിൽ പടമച്ചടിപ്പിക്കാനും പോലീസുകാർക്ക് കാശുകൊടുക്കാനുമൊന്നും കുഞ്ഞൂഞ്ഞിനും താൽപര്യമുണ്ടായില്ല. പാഴ്വസ്തുക്കളിൽ പണം കളയാൻ ജന്മനാ കച്ചോടക്കാരനായ അയാൾ അന്നും ഇന്നും തയാറല്ല.
കുഞ്ഞൂഞ്ഞ് പട്ടണത്തിൽ വലിയൊരു വീടൊക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിന്റെ പാതിയും ജൂതത്തെരുവിലുള്ള കടകളിലെ പ്ലാസ്റ്റിക്ക് സാധനങ്ങളുടെ സംഭരണിയായിരുന്നു. അന്തിക്ക് തലചായ്ക്കാൻ ഒരു തഴപ്പായയിടാനുള്ള സ്ഥലം മാത്രം മതി കുഞ്ഞൂഞ്ഞിന്. പട്ടണത്തിൽ വന്നുപോയിരുന്ന കീവറീതിനെ ഒരിക്കൽപോലും ഈ വീട്ടിലേക്കു കുഞ്ഞൂഞ്ഞ് അടുപ്പിച്ചിട്ടില്ല, അയാളൊട്ടു വന്നിട്ടുമില്ല. വാടക പിരിക്കാനും മറ്റുമായി വരുമ്പോൾ കടമുറിയിലാണ് കീവറീതിന്റെ ഊണും ഉറക്കവും. ആ നേരങ്ങളിൽ അയാളെ കാണാനായി കുഞ്ഞൂഞ്ഞ് ശ്രമിച്ചിരുന്നുവെങ്കിലും ഒരിക്കൽപോലും ആ വാതിൽ തുറന്നുകിട്ടിയില്ല. പിന്നെ വഴിക്കു കാണുമ്പോൾ എന്തേ തുറക്കാത്തതെന്നു ചോദിച്ചാൽ ഒറക്കമായിരുന്നു ചേട്ടായി എന്നു മാത്രമായിരുന്നു മറുപടി.
ഈ ചെറുക്കനെന്തോ കുഴപ്പമുണ്ടെന്നും അതു കണ്ടുപിടിച്ചിട്ടുള്ള കാര്യമെന്നും തീരുമാനിച്ച് കുഞ്ഞൂഞ്ഞ് കടപ്പുറത്തെ വീടാകമാനം കുഴച്ചുമറിച്ചു പരിശോധിച്ചപ്പോഴാണ് ഒരു കാഴ്ച കണ്ടത്. അലമാരയുടെ അടിത്തട്ടിലായി ഒരു നീല ചില്ലുഭരണിയിലെ ലായനിയിൽ കുതിർന്നു വീർത്ത ഒരു കൈപ്പത്തി. അതു മനുഷ്യന്റെ കൈപ്പത്തി തന്നെയാണെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. സൂക്ഷ്മമായി നോക്കിയപ്പോൾ എന്തോ മുറിവുകളുള്ള കൈപ്പത്തിയാെണന്ന തോന്നലുമുണ്ടായി. ആ നീലക്കുപ്പി ഇരുന്നയിടത്തുതന്നെ ഭദ്രമായിെവച്ച് കുഞ്ഞൂഞ്ഞ് പിന്മാറി. അസഹനീയമായ ദുർഗന്ധം അവിടെയാകെ പരന്നു. ദൂരെ കടലോരത്തുനിന്ന് കീവറീത് വീട്ടിലേക്കു നടന്നുവരുന്നത് കണ്ടു. കുഞ്ഞൂഞ്ഞ് തിരക്കിട്ട് വീടിനു പുറത്തേക്കിറങ്ങി ഒന്നും സംഭവിക്കാത്ത മട്ടിൽ അവനോട് കുശലം പറഞ്ഞു.
“നീയെവട പോയിക്കെടക്കേണ്…”
ചോദ്യം വളരെ സ്വാഭാവികമായിത്തന്നെയാണ് സ്വരപ്പെടുത്തിയത്.
“എന്നിട്ടുപോലും കീവറീത് അയാളെ സംശയം നിറഞ്ഞ കണ്ണുകളോടെ അടിമുടി നോക്കിയിട്ടാണ് മറുപടി പറഞ്ഞത്.”
“നമ്മട സേവിക്കുഞ്ഞിന കാണാണ്ടായെന്ന് തങ്കപ്പനാശാൻ പറഞ്ഞ്...”
“എന്നട്ടാ…”
“കടലല്ലേ അവന്റ തറവാട്… അവടന്ന് എറങ്ങിപ്പോരണത് അവനിഷ്ടോല്ലല്ലാ…”
“എത്ര ദെവസോയി കാണാണ്ടായട്ട്…”
“ആ… ആരിക്കറിയാം… വാ തൊറന്ന് വല്ലതും പറഞ്ഞാലല്ലേ അറിയൂ.”
ഇതുതന്നെ തക്കസമയം എന്നു മനസ്സിൽ കണക്കുകൂട്ടി കുഞ്ഞൂഞ്ഞ് കടലിനു നേരെ നടന്നു.
“വാ… വീട്ടീക്കേറ്യട്ട് പോകാം…”
ഉപചാരങ്ങളും സ്നേഹപ്രകടനങ്ങളുമൊന്നും ഇല്ലാത്തയാളാണ്. കീവറീതിന്റെ മനസ്സിനുള്ളിൽ എന്തൊക്കെയോ കൂട്ടലും കിഴിക്കലും നടക്കുന്നുണ്ടെന്നു തീർച്ച.
“ഞാൻ കേറിയട്ട് എറങ്ങ്യതാണ്… ഇനി പിന്ന വരാം...”
“വാന്ന്… ഓരോ ളാസ് കട്ടനടിച്ചട്ടു പോകാം…”
കീവറീത് കുഞ്ഞൂഞ്ഞിന്റെ കൈയിൽ മുറുകെ പിടിച്ചു. ആ കൈ വളരെ മയത്തിൽ കുഞ്ഞൂഞ്ഞ് അഴിച്ചു.
“പോയട്ട് കാര്യണ്ട്റാ… ഞാൻ പിന്ന വരാം…”
കീവറീതിന്റെ മുഖത്ത് അനിഷ്ടമുണ്ടായിരുന്നു. പക്ഷേ അയാളൊന്നും മിണ്ടിയില്ല.
കടപ്പുറത്ത് തങ്കപ്പനാശാനും സംഘവും ചീട്ടു കളിക്കുന്നുണ്ടായിരുന്നു.
“അതിന് സേവിക്കുഞ്ഞിന കാണാണ്ടായിട്ട് മാസമൊന്നായല്ലാ… അപ്പത്തന്നെ കീവറീതിനാട് ഞാമ്പറഞ്ഞതാണ്… ആ മൊശടന്റ ചെവീക്കേറണ്ടേ…”
ഒരു മാസം മുമ്പുള്ള കാര്യം കീവറീത് ഇപ്പോൾ പറഞ്ഞത് എന്തിനായിരിക്കും. അവനെന്തോ ചിലതു കണക്കുകൂട്ടീട്ടുണ്ടെന്ന് കുഞ്ഞൂഞ്ഞിനു തീർച്ചയായി. ആ നിമിഷംതന്നെ മറ്റൊരു കാഴ്ച മനസ്സിൽ തെളിഞ്ഞു. നീലക്കുപ്പിയിൽ കണ്ട കൈപ്പത്തി. ആ കൈപ്പടത്തിന്റെ ചൂണ്ടാണിവിരലിന് ആകൃതിയിൽ വ്യത്യാസമുണ്ടായിരുന്നുവെന്ന് അയാൾക്കു തോന്നി. വള്ളത്തിന്റെ വടം ബോട്ടു കടവിലെ തടിയിൽ കെട്ടിയപ്പോൾ വിരലു കുടുങ്ങി ചതഞ്ഞ ആ കൈപ്പടം സേവിക്കുഞ്ഞിന്റേതാണ്.
കീവറീത് അതൊരു സ്മാരകമായി സൂക്ഷിച്ചതായിരിക്കുമോ...
അങ്ങനെയെങ്കിൽ വാറപ്പൻ, കർലി, മർസലീഞ്ഞ് എന്നിവരുടെയും സ്മാരകങ്ങൾ വീട്ടിലുണ്ടായിരിക്കണം. ടൗണിലേക്കു മടങ്ങുമ്പോൾ അയാളാലോചിച്ചു. ആ വീട്ടിലെ ഓരോരുത്തരെയായി അവൻ സ്മാരകങ്ങളാക്കി മാറ്റുകയായിരുന്നു. അവശേഷിക്കുന്നത് കുഞ്ഞൂഞ്ഞാണ്. ഒരുപക്ഷേ അതിനുവേണ്ടിയായിരിക്കാം ഒരിക്കലും ഉണ്ടാകാത്തതുപോലെ ഇന്ന് വീട്ടിലേക്കു കയറിയിട്ടു പോകാമെന്ന് നിർബന്ധിച്ചത്. അതെ… അതിനുവേണ്ടിത്തന്നെയാണ്. കടപ്പുറത്തെ ചീട്ടുകളി സംഘത്തിനിടയിൽനിന്നു നോക്കിയപ്പോൾ വീടിനു മുന്നിലായി ചടച്ചുയർന്ന കീവറീത് നിൽക്കുന്നുണ്ടായിരുന്നു. അവസാനത്തെ മീൻ, വല പൊട്ടിച്ച് കടന്നുകളഞ്ഞാൽ ആർക്കാണ് സഹിക്കാനാകുക…
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.