സരമ തനിച്ച് കുഴിവെട്ടിക്കൊണ്ടിരുന്നു. കടുത്ത ചുണ്ണാമ്പുപാറയുടെ ചൂടുള്ള മണ്ണിൽ കൈക്കോട്ട് തട്ടിയപ്പോൾ ആഴങ്ങളിൽനിന്ന് കുഴിച്ചുമൂടപ്പെട്ട ആത്മാക്കളുടെ അനാദിയായ നിലവിളി പൊന്തിവന്നു. മണ്ണടരുകളിൽ അത്രയുംകാലം അമർത്തിവെക്കപ്പെട്ട ദുഃഖങ്ങൾ ക്ലാവുമണത്തോടൊപ്പം അപ്പോൾ സരമയെ പൊതിഞ്ഞുതുടങ്ങി.
മരിച്ച തന്റെ മകളുടെ ജഡം മറവുചെയ്യാൻ വിധിക്കപ്പെട്ട ഒരമ്മയാണ് സരമ. മരിച്ചതല്ല, ചെന്നായ്ക്കളുടെ രൂപമാർന്ന ചിലരാൽ കൊല്ലപ്പെട്ടതാണ്. സരമയുടെ ഭർത്താവായ ചുന്ദർ ദൂരെ മാറി, ഇലകളെല്ലാം കൊഴിഞ്ഞുപോയൊരു മരത്തിന്റെ ചുവട്ടിലെ കുഴമണ്ണിലമർന്നുകിടന്ന് പുഴുത്ത പട്ടിയെപ്പോലെ മോങ്ങിക്കൊണ്ടിരുന്നു.
മോളെ... മോളെ...
ആളുന്ന തീക്കാറ്റിൽ ചുന്ദറിന്റെ കരച്ചിൽ സരമ കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ കേട്ടത് മാറ് പിളർന്ന ഭൂമിക്കുള്ളിൽനിന്ന് മരിച്ചവരുടെ അവ്യക്തമായ നിലവിളി മാത്രമായിരുന്നു. തെല്ലിട, അതിന്റെ മുഴക്കത്തിൽപെട്ട് തന്റെ തലയോട്ടി പിളർന്ന് തലച്ചോറ് പുറത്തു ചാടിയേക്കും എന്നുവരെ സരമ ഭയപ്പെട്ടു. ഭയംകൊണ്ട് ശരീരമാസകലം ഉലഞ്ഞിട്ടും അവൾ തന്റെ കയ്യിലെ മൺവെട്ടി കൈവിട്ടില്ല. ഇടറാതെ തന്നെ അതുയർന്നു താണു. പാറപോലെ ഉറച്ചുകിടന്ന മണ്ണിലേക്കവൾ ആഞ്ഞുവെട്ടിക്കൊണ്ടേയിരുന്നു. ചിലനേരം മൺവെട്ടിയിൽനിന്നു തീപ്പൊരി ചിതറി.
തെല്ലു കഴിഞ്ഞ്, വിജനവും ഏറക്കുറെ ഭീതിദവുമായ പൊതുശ്മശാനം അവസാനിക്കുന്ന നിരത്തിന്റെ അറ്റത്ത് ഒരു പെൺകുട്ടിയുടെ ജഡവുമായി ജമീന്ദാറുടെ ജഡ്ക വന്നു നിന്നു. ജഡ്കയോടിച്ച വൃദ്ധൻ തന്നെയേൽപിച്ച ദൗത്യം തീർന്നതുപോലെ വണ്ടിയിൽനിന്നിറങ്ങി ശവം മറവുചെയ്യാനായി കുഴിവെട്ടുന്ന സ്ത്രീക്കടുത്തുവന്ന് അതീവ ഖിന്നതയോടെ അവരെ നോക്കി. അതിനുപിറകെയാണ് നിഴലുപോലെ കുറച്ച് മനുഷ്യരും പ്രത്യക്ഷപ്പെടുന്നത്. അവരാരും ശവക്കുഴിക്കടുത്തേക്കു വന്നില്ല. പകരം, അത്തരമൊരു കൃത്യം നിർവഹിക്കേണ്ടിവന്ന സരമയെക്കുറിച്ചോർത്ത് നെടുവീർപ്പിടുക മാത്രം ചെയ്തു.
ജഡ്ക്കയിൽ സരമയുടെയും ചുന്ദറിന്റെയും മകൾ സുകന്യ ഒരു കീറപ്പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ കിടന്നു. പട്ടണത്തിൽനിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞുള്ള വരവാണ്. അവളെ പൊതിഞ്ഞുകെട്ടിയ വിളറിയ പരുത്തിത്തുണിയുടെ നടുഭാഗത്ത് ചോരയുടെ ഭൂപടം തെളിഞ്ഞിരുന്നു. അവൾക്ക് പതിമൂന്ന് വയസ്സായിരുന്നു പ്രായം.
കുട്ടിത്തം വിട്ടുമാറുന്നതിനു മുന്നേ അമ്മ അവളെ ജമീന്ദാറുടെ കരിമ്പിൽനിന്നു പഞ്ചസാരയുണ്ടാക്കുന്ന ഫാക്ടറിയിലെ ഒരു പണിക്കാരിയാക്കി. കരിമ്പു ചവച്ചുതുപ്പി വലിച്ചറിയുകയും അലറുകയുംചെയ്യുന്ന ഒരു കൂറ്റൻ യന്ത്രത്തിനു കീഴെ കൗമാരക്കാരായ കുറേ കുട്ടികളോടൊപ്പം സുകന്യയും പണിയെടുത്തു. എല്ലാ ദിവസവും അവൾ മറ്റു കുട്ടികളോടൊപ്പം കരിമ്പിൻചണ്ടി യന്ത്രത്തിനു കീഴിൽനിന്നു മറ്റൊരിടത്തേക്കു വാരിക്കൂട്ടി നരകത്തിന്റെ പിളർന്ന ഹൃദയംപോലെ കാണപ്പെട്ട ചൂളയിലെത്തിക്കുകയും ചിലനേരം നടുവൊടിയുന്നതുവരെ കരിമ്പു ചുമക്കുകയുംചെയ്തു.
ഇളംപ്രായത്തിലേ ജീവിതത്തിന്റെ കയ്പറിഞ്ഞുതുടങ്ങിയ സുകന്യക്ക് ശന്തനു എന്ന ചെറുപ്പക്കാരൻ യന്ത്രത്തിന്റെ ലോഹനാവിൽനിന്നൂറുന്ന മധുരം കൈക്കുമ്പിളിലാക്കി അവളുടെ വരണ്ട ചുണ്ടിൽ ചിലനേരം ഇറ്റിച്ചുകൊടുത്തിരുന്നു. കയ്പുറ്റ ജീവിതത്തിലെ ഏക മധുരം അങ്ങനെയാണവളറിഞ്ഞത്. ആ ജീവരസത്തിലായിരുന്നു അവളുടെ പകലുകൾ വേദനയറിയാതെ കടന്നുപോയിരുന്നത്.
കുറച്ചു മാസങ്ങൾക്കു മുമ്പുവരെ ശന്തനുവും കുട്ടികളോടൊപ്പമായിരുന്നു പണിയെടുത്തിരുന്നത്. കഴിഞ്ഞ വർഷമാണ് അവന് മുതിർന്നവർക്കുള്ള കൂലിപ്പാസ് കിട്ടിയത്. ഒരുപാട് അംഗങ്ങളുള്ള ഒരു കൂട്ടുകുടുംബത്തിൽനിന്നാണ് ശന്തനുവിന്റെ വരവ്. ഏൽപിക്കുന്ന ഏതു ജോലിയിലും പ്രകടിപ്പിക്കുന്ന അവന്റെ സാമർഥ്യം കണ്ട് ജമീന്ദാർതന്നെയാണ് മുതിർന്നവരുടെ കൂട്ടത്തിലേക്ക് അവനെയും തെരഞ്ഞെടുത്തത്. അവനെ പെട്ടെന്നുതന്നെ മെഷീൻ ഓപറേറ്ററാക്കുകയായിരുന്നു. അതുവരെ കാസരോഗം പിടിച്ച ഒരാളായിരുന്നു ഓപറേറ്റർ. പണിയിൽ ശുഷ്കാന്തി തീരെ കാണിക്കാത്ത ഒരാൾ. പണിയെടുക്കുന്ന കുട്ടികളെ അകാരണമായി ശല്യപ്പെടുത്തിക്കൊണ്ട് ഒരധികാരിയെപ്പോലെ അയാൾ യന്ത്രത്തോടൊപ്പം വെറുതെ ഒച്ചവെക്കുമായിരുന്നു. ഒരുദിവസം, മെഷീന്റെ യന്ത്രക്കൈയിൽ കുടുങ്ങി അയാളുടെ വലത്തെ കൈക്ക് പരിക്കേറ്റു.
കുറേ നാൾ മുമ്പുവരെ, ഓപറേറ്റർ വിശ്രമിക്കുന്ന സമയങ്ങളിൽ ശന്തനു മെഷീൻ കുറേശ്ശെ കുറേശ്ശെ പ്രവർത്തിപ്പിക്കാനും അതിന്റെ യന്ത്രഭാഗങ്ങൾ അനക്കാനും തിരിക്കാനും നോക്കുന്നതു കണ്ട് ആദ്യമാദ്യം അയാൾ അവനെ ഓടിച്ചുവിടുമായിരുന്നു. അവിചാരിതമായൊരു അപകടമുണ്ടായതിൽ പിന്നെ യന്ത്രക്കൈ അനക്കാൻ പാടുപെട്ട അയാളെ തന്റെ ഉറച്ചുതുടങ്ങിയ കൈക്കരുത്തുകൊണ്ട് സഹായിച്ചപ്പോഴാണ് ശ്വാസംമുട്ട് കലശലായ ഒരു പകൽ മുഴുവൻ ശന്തനുവിനെ അയാൾ മെഷീൻ തൊടാൻ അനുവദിച്ചത്. പിന്നീടെന്നും അയാളത് പതിവാക്കി. ശ്വാസംമുട്ടില്ലാത്തപ്പോഴും അയാൾ ശ്വാസംമുട്ടഭിനയിച്ചുകൊണ്ട് സകലരെയും പറ്റിച്ചു. ചാറ് ഊറ്റിയെടുക്കപ്പെട്ട കരിമ്പിൻചണ്ടി വേവിച്ചെടുക്കുന്ന തീയൊരിക്കലും അണയാത്ത ഒരു ചൂള എൻജിൻ റൂമിൽനിന്ന് കൈയെത്തും ദൂരത്തുണ്ട്. ഈ ലോകം മൊത്തം എരിച്ചുകളയാനുള്ള തീ അതിനകത്തുണ്ടെന്ന് ശന്തനുവിന് പലപ്പോഴും തോന്നിയിരുന്നു. അവിടെപ്പോയി ഓപറേറ്റർ ഹുക്കയിൽ തീ പകർന്നുകൊണ്ട് അപകടകരമാംവിധം പുകവലിച്ചു.
ജമീന്ദാറുടെ ബംഗ്ലാവിലെ പണികഴിഞ്ഞു സരമ വരുന്നതിനു മുന്നേ എന്നത്തേയുംപോലെ അന്നും അന്തിക്കു മുമ്പ് സുകന്യ വീട്ടിലേക്കു മടങ്ങിയതാണ്. രോഗിയായ ചുന്ദറിനെ പരിചരിക്കുന്നത് അവളാണ്. ശന്തനുവിന് നല്ല നിശ്ചയമുണ്ട്, അക്കാര്യത്തിൽ. അന്നുപക്ഷേ, വൈകുന്നേരം സുകന്യയുമൊത്ത് അവന് മടങ്ങാനായില്ല. ശന്തനുവിന് പിടിപ്പതു പണിയുണ്ടായിരുന്നു. പഞ്ചസാര കയറ്റിക്കൊണ്ടു പോകാൻ വന്ന കൂറ്റൻ ലോറികളിൽ ചരക്ക് അട്ടിവെക്കാൻ കൂടേണ്ടിവന്നു. അതുകൊണ്ടുതന്നെ വീട്ടിലേക്കു മടങ്ങാൻ അന്നു പതിവിലും വൈകി. അന്ന്, സുകന്യ അനേക കാതം ഒറ്റക്ക് നടന്നുപോയിരിക്കണം.
ശന്തനുവിനൊപ്പമാണ് മിക്കപ്പോഴും സുകന്യ കമ്പനിപ്പണികഴിഞ്ഞ് മടങ്ങിയിരുന്നത്, അവന്റെ എലുമ്പൻ സൈക്കിളിൽ. അടുത്തടുത്ത രണ്ട് ചേരികളിലാണവർ. ചമറുകളെന്നും ദേവരുകളെന്നും വിളിക്കപ്പെടുന്ന ജാതിയുടെ കാണാച്ചരടുകൾ ആ മനുഷ്യർക്കിടയിലുണ്ടായിരുന്നു.
ചരൽപാത വിട്ട് ടാറിട്ട റോഡുവരെ അവരൊരുമിച്ചുണ്ടാകും. സുകന്യയുടെ വീടും കഴിഞ്ഞ് ശന്തനുവിന്റെ ഗ്രാമത്തിലേക്ക് പിന്നെയും ദൂരമുണ്ട്. തലേന്ന്, ഓരോ തമാശകളും പറഞ്ഞ് അവർ പിരിഞ്ഞതാണ്. അവളെ ഇറക്കിയതിനുശേഷം ഏന്തിവലിഞ്ഞ് അവൻ സൈക്കിളോടിച്ചുപോയി. പോകുന്നതിനിടയിൽ ഒരു തവണ അവൾ തിരിഞ്ഞുനോക്കിയിട്ട് കൈയുയർത്തി അവനോട് എന്തോ പറയാൻ മുതിർന്നിരുന്നു. പക്ഷേ, അവളുടെ കാഴ്ചയിൽനിന്ന് അവനെ മറച്ചുകൊണ്ട് ജമീന്ദാറിന്റെ മകന്റെ ജീപ്പ് അപ്പോൾ അവളുടെ മുന്നിൽ ചീറിപ്പാഞ്ഞു നിന്നു.
പണിത്തിരക്കിനിടയിൽ സുകന്യയെ കാണുമ്പോഴെല്ലാം ശന്തനു പലപ്പോഴും ആലോചിച്ച ഒരു കാര്യമുണ്ട്. വൈകുന്നേരം തിരിച്ചു പോകുമ്പോൾ അന്നെങ്കിലും തന്റെ മനസ്സിലുള്ളതെല്ലാം സുകന്യയോട് തുറന്നുപറയണമെന്ന്. അന്നത്തെ ദിവസവും അക്കാര്യം മനസ്സിൽ അവൻ ഉറപ്പിച്ചതുമായിരുന്നു. ആ നിമിഷംതന്നെ ശന്തനു തിരിച്ചും ചിന്തിച്ചു. തന്റെ ഉള്ളിലുള്ളതെന്തെന്നും താൻ പറഞ്ഞുവരുന്നതെന്തെന്നും അവൾക്ക് മനസ്സിലാക്കാനായില്ലെങ്കിലോ? അതൊക്കെ വെറും കളിവാക്കുകളാണെന്നു കരുതിയെങ്കിലോ? പക്ഷേ, അവനൊന്നറിയാം. ആരുടെയും കണ്ണിൽപെടാതെ ചിലനേരം ഒരു തുടം കരിമ്പുചാറ് അവളുടെ നാവിലിറ്റിച്ചുകൊടുക്കുമ്പോൾ ആ കണ്ണുകളിൽ തെളിയുന്ന വെളിച്ചം. സുകന്യക്ക് അപ്പോഴൊക്കെ ഒരു പുൽച്ചാടിയുടെ പ്രസരിപ്പുണ്ടായിരുന്നെന്ന് അവൻ കണ്ടെത്തിയിരുന്നു. അതെ, പുൽക്കൊടിത്തുമ്പിൽ പറ്റിക്കിടന്ന് പുലർച്ചെയുടെ മഞ്ഞുകണം നുണയാൻ വരുന്ന ഒരു പുൽച്ചാടിയെപ്പോലെയായിരുന്നു അവൾ.
അന്ന് രാവിലെ സുകന്യയുടെ മരണം അറിഞ്ഞതു മുതൽ തലക്കടിയേറ്റതുപോലെ ശന്തനു വീടിന്റെ മൺതിണ്ണയിൽ ഒരേയിരിപ്പിരുന്നുപോയി.
ഫാക്ടറി കോമ്പൗണ്ടിലെ ഒറ്റമരത്തിൽ കഴുത്തിന് കുരുക്കിടപ്പെട്ട് തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു സുകന്യ. അവളുടെ വസ്ത്രങ്ങൾ കീറിപ്പറിച്ചെറിയപ്പെട്ടിരുന്നു. അവളുടെ ശരീരം മുറിവേറ്റതും നഗ്നവുമായിരുന്നു.
സുകന്യയെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം അവന്റെ ശരീരമാസകലം ഒരു വിറയൽ ബാധിച്ചു. കൈകാലുകളിലെ ഉറച്ച മാംസപേശികൾ ആരോ പച്ചക്ക് മൂർച്ചയേറിയ ഒരായുധംകൊണ്ട് ചീന്തിയെടുക്കുന്നതുപോലെ വേദനിച്ചു. കാഴ്ചയിൽനിന്ന് പ്രഭാതസൂര്യന്റെ പൊൻകതിർ മാഞ്ഞ് എെന്നന്നേക്കുമായി താൻ ഇരുളിലാണ്ടുപോയി എന്നവനറിഞ്ഞു. ആരൊക്കെയോ ചേർന്ന് ആ ഒറ്റമരത്തിനു ചുറ്റുംനിന്ന് ആർത്തുവിളിക്കുന്നുണ്ടെന്നും തോന്നി. ഉച്ചക്ക് കഴിക്കാൻ കയ്യിൽ പൊതിഞ്ഞെടുത്തിരുന്ന ഉറോട്ടി താഴെവീണ് മണ്ണു പുരണ്ടു.
വീടിന്റെ ചുമരിൽ ചാരിവെച്ചിരുന്ന അവന്റെ എലുമ്പൻ സൈക്കിൾ ഒരു പോരുകാളയെപ്പോലെ കൊമ്പുകുലുക്കിക്കൊണ്ട് തന്നെ പേടിപ്പിക്കുകയാണെന്നു തോന്നിയപ്പോൾ പോ...പോ... എന്നലറിക്കൊണ്ട് തന്റെ സന്തതസഹചാരിയായ സൈക്കിളിന് ഒരു ചവിട്ടുകൊടുത്തു അവൻ. അത് മുറ്റത്തുനിന്നും തെറിച്ച് ഉരുണ്ടുരുണ്ട് ഒരു കപ്പണയിൽപോയി വീണു. അപ്പോഴേക്കും, ആരോടെന്നു വേർതിരിച്ചറിയാനാവാത്തവിധം ഒരരിശം അവനെ പിശാചു ബാധിച്ചതുപോലെയാക്കിത്തീർത്തിരുന്നു.
വിദൂരതയിലേക്കു നോക്കിയിരുന്ന് ശന്തനുവിന്റെ കണ്ണു കഴച്ചു. നോക്കെത്താ ദൂരത്ത് ജമീന്ദാറുടെ കരിമ്പുവയലുകളാണ്. അതിൽ ചൂടുകാറ്റടിച്ചപ്പോൾ തിരമാലപോലെ സ്വർണനിറമാർന്ന മൃഗതൃഷ്ണകൾ പൊന്തി.
ശന്തനു മനസ്സിൽ എന്തോ ഒന്ന് തീർച്ചപ്പെടുത്തിയതുപോലെ തിണ്ണയിൽനിന്നെണീറ്റ് മുഖംകഴുകി. മുഷിഞ്ഞ കുപ്പായമെടുത്തിട്ടു. കുപ്പായത്തുമ്പുകൊണ്ടുതന്നെ മുഖം തോർത്തി. പിന്നെ, എങ്ങോട്ടെന്നില്ലാതെ നടക്കാൻ തുടങ്ങി. ഉഷ്ണം ആളിത്തുടങ്ങുന്ന കരിമ്പുപാടത്തുനിന്ന് വീണ്ടും ആരുടെയോ കരച്ചിലുയർന്നു.
കരിമ്പുവയലുകളുടെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നടവരമ്പിലൂടെ ഒരുദിവസം സുകന്യയോടൊത്ത് സൈക്കിളോടിച്ചുപോയത് അപ്പോൾ ശന്തനുവിന് ഓർമവന്നു. എത്രയോ നാളത്തെ കെഞ്ചലിന് ശേഷമാണ് സുകന്യ അതിനു സമ്മതിച്ചതുതന്നെ. പണി കഴിഞ്ഞാൽ അവൾക്കുടനെ വീട്ടിലെത്തണം. അവൾ ചെന്നിട്ടുവേണം ചുന്ദറിനെ കിടക്കപ്പായയിൽനിന്നെണീപ്പിച്ച് വൃത്തിയാക്കാനും അത്താഴത്തിനുള്ള മാവ് കുഴയ്ക്കാനും ചപ്പാത്തി ചുട്ടെടുക്കാനും.
ജമീന്ദാറുടെ ബംഗ്ലാവിന്റെ മട്ടുപ്പാവിൽ അപ്പോൾ കാവിനിറത്തിലുള്ള തലപ്പാവും വർണാഭമായ നീളൻ കുർത്തയും ധരിച്ച് ഒരാൾ പ്രത്യക്ഷപ്പെട്ടത് ശന്തനു കണ്ടു. അത് ജമീന്ദാറുടെ മകനാണ്.
തലേന്നു വൈകീട്ട് സൂര്യനസ്തമിച്ചിട്ടും വീട്ടിലേക്കയക്കാതെ സുകന്യയടക്കമുള്ള കുറച്ചു പണിക്കാരെ മാത്രം ജമീന്ദാറുടെ മകൻ എങ്ങോട്ടോ നിർബന്ധിച്ച് ജീപ്പിൽ കൂട്ടിക്കൊണ്ടുപോയി എന്ന് ശന്തനുവിന് പിറ്റേന്ന് വിവരംകിട്ടി. ഇരട്ടി കൂലികൊടുക്കും എന്നു പറഞ്ഞിട്ടാണ് കൊണ്ടുപോയതെന്നും അറിഞ്ഞു. ആരൊെക്ക പോയെന്നോ, അവരൊക്കെ എപ്പോൾ തിരിച്ച് തങ്ങളുടെ കുടിയിലെത്തിയെന്നോ അറിയാൻ കഴിഞ്ഞില്ല. വെറും കേട്ടുകേൾവി മാത്രം. രാവിലെ മുതൽ പലരിൽനിന്നും അരിച്ചരിച്ചുവന്ന രഹസ്യം. ജമീന്ദാറുടെ മകനെ പേടിയുള്ളതുകൊണ്ടുതന്നെ ഒരാളും തലേന്നു നടന്ന കാര്യങ്ങളൊന്നുംതന്നെ ശന്തനുവിനോട് വെളിപ്പെടുത്തിയതേയില്ല.
ജമീന്ദാർ അറിയാതെ പട്ടണത്തിൽ പലതരം ബിസിനസുകളുള്ളയാളാണ് മകനെന്നറിയാം. അതിശയം അതല്ല, ജീപ്പിൽ സുകന്യയോടൊപ്പം പോയവരാരൊക്കെയായിരുന്നെന്ന് ശന്തനു പലരോടും തിരക്കി. എല്ലാവരും അങ്ങനെയൊരു കാര്യം നടന്നിട്ടില്ലാത്തതുപോലെ നടിച്ചു. ഇല്ല, പോയവരൊന്നും പിന്നീട് വാ തുറന്നില്ല. സാധാരണ എവിടെപ്പോകുമ്പോഴും ശന്തനുവിനോട് അവൾ വിവരം പറയുമായിരുന്നു. പക്ഷേ, ഇന്നലെ...
കാലുകൾക്ക് തീപിടിച്ചതുപോലെ ശന്തനു ഗ്രാമപാതയിലൂടെ നടക്കാൻ തുടങ്ങി. സൈക്കിളിലല്ലാതെ ആരും അവൻ അതുവഴി നടന്നുപോകുന്നത് ഇതുവരെ കണ്ടിരുന്നില്ല. രാവിലെ അതിവേഗത്തിൽ ഫാക്ടറിയിലേക്കും വൈകീട്ട് തിരിച്ച് വീട്ടിലേക്കും ഒരു വെള്ളിത്തിളക്കംപോലെ അവൻ സൈക്കിളിൽ കടന്നുപോകും. ഒരുതരത്തിൽ, സൈക്കിളുമായി ബന്ധിക്കപ്പെട്ട ഒരു ജീവിതമായിരുന്നു അവന്റേത്. ശന്തനുവിനെ അവന്റെ അമ്മ പെറ്റിട്ടതുപോലും ചേരിയിലെ ഒരു സൈക്കിൾഷാപ്പിലാണ്.
അവിടത്തെ സൈക്കിൾ റിപ്പേറുകാരനായിരുന്നു അവന്റെ അച്ഛൻ. അവരെക്കൂടാതെ വേറെയും പാർപ്പുകാരുണ്ട് ആ വീട്ടിൽ. ശന്തനു അടക്കം നിരവധി കുട്ടികളും. തമ്മിലടിച്ചും കൊച്ചുകൊച്ചു മോഷണങ്ങൾ നടത്തിയും അവരുടെ കൂട്ടം നാൾക്കുനാൾ വർധിച്ചുവന്നപ്പോൾ അതിൽനിന്ന് മകനെയെങ്കിലും മോചിപ്പിക്കണമെന്ന് അവന്റെ അച്ഛൻ കരുതിയിരിക്കണം. അങ്ങനെ, റിപ്പേറിങ്ങിനായി കൊണ്ടുവരുന്ന സൈക്കിളുകളുടെ പഴയ പാർട്ട്സുപയോഗിച്ച് ശന്തനുവിന് അവന്റെ അച്ഛൻ ആദ്യമായി ഒരു കൊച്ചു സൈക്കിളുണ്ടാക്കിക്കൊടുത്തു.
സരമ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും വെറും തിണ്ണയിൽ വീണുകിടന്നു. ഇരുട്ടിൽ, ചുന്ദറിന്റെ കൂർക്കംവലി അവിരാമം കേട്ടുകൊണ്ടിരുന്നു. മുഖത്തിന്റെ ഒരുവശം കോടുകയും ശരീരത്തിന്റെ ഒരുവശം മുഴുവൻ തളർന്നുപോകുകയും ചെയ്തതോടെ അയാളുടെ ലോകം ഇരുണ്ടുപോയിരുന്നു. ഹതാശമായിരുന്നു പിന്നീടുള്ള അയാളുടെ രാപ്പകലുകൾ.
സുകന്യയായിരുന്നു അവരുടെ വെളിച്ചം. വളരെ വൈകിക്കിട്ടിയ കനിയാണവൾ. അവൾ പിറന്നതിനുശേഷം അതിനേക്കാളുപരി വലിയൊരു ദുഃഖം അയാൾക്കുണ്ടായി. തന്റെ ശവത്തിന് കൊള്ളിവെക്കാൻ ഒരാൺതരിയില്ലെന്നത്. ചമറുകളിൽ ആൺമക്കളുള്ളവർക്കേ മരിച്ചുകഴിഞ്ഞാൽ ശ്മശാനത്തിൽ ശവദാഹത്തിനർഹതയുണ്ടാകൂ. അല്ലാത്തവരെ നദിയിൽ കൊണ്ടുപോയി നിർദയം ഒഴുക്കിക്കളയും.
ആ രാത്രിയിലും തന്റെ നെറുകയിൽ അസ്തമിക്കാതെ അപ്പോഴും സൂര്യൻ കത്തിനിൽക്കുകയാണെന്ന് സരമക്കു തോന്നി. ചൂടുതട്ടി താൻ വെറുമൊരു കരിക്കട്ടയായിത്തീർന്നെന്നും. കണ്ണടയ്ക്കുമ്പോഴെല്ലാം കരിമ്പുവയലിനു നടുവിലെ ഒറ്റമരം തെളിഞ്ഞു. ഇലകളെല്ലാം കൊഴിഞ്ഞ് നഗ്നമായ ശിഖരങ്ങളുമായി അത് ഒരു പ്രേതത്തെപ്പോലെ ഭൂമിയിലവശേഷിച്ചു. താഴെ, കരിയിലകളിൽ മഞ്ചാടിമണികൾപോലെ ചോരത്തുള്ളികൾ. ഒരു മരക്കൊമ്പിൽ അണയാതെ തൂങ്ങിയാടിക്കൊണ്ടിരിക്കുന്ന ഒരു കുഞ്ഞുതീനാമ്പ്.
ജനക് മഹാപത്ര വിളിച്ചു.
‘‘വരൂ.’’
ശന്തനു ആദ്യമായിട്ടായിരുന്നു ഒരു പാർട്ടിയാപ്പീസിൽ ചെന്നുകേറുന്നത്. മാവോയിസ്റ്റ് എന്നൊക്ക മുദ്രാവാക്യങ്ങളിൽ കേട്ടിട്ടുണ്ടെന്നല്ലാതെ അങ്ങനെയൊരാളെ നേരിട്ടു കാണാനായി അങ്ങനെയൊരു കുടുസ്സുമുറിയിൽ താനെത്തിച്ചേരുമെന്ന് സ്വപ്നത്തിൽപോലും അവൻ കരുതിയിരുന്നില്ല. ഗ്രാമം അതിരിടുന്ന കാടുകളിൽ ഇടക്കിടെ വിപ്ലവകാരികളുടെ വെടിയൊച്ച മുഴങ്ങാറുള്ളത് അവനറിയാം. അന്നത്തെ അവന്റെ തീപിടിച്ച നടത്തം ചെന്നവസാനിച്ചത് അവിടെയാണ്.
പൊട്ടിപ്പൊളിഞ്ഞ ഗോവണിപ്പടി താണ്ടി ആ മുറിക്കകത്തെത്തുമ്പോൾ പാർട്ടി സെക്രട്ടറിയായ ജനക് മഹാപത്ര മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. വിഷാദഛായ പകരുന്ന കട്ടിക്കണ്ണടയും മേദസ്സുറ്റ കൈത്തണ്ടകളുമാണ് പാർട്ടി സെക്രട്ടറിയുടെ അടയാളമെന്ന് ആരോ പറഞ്ഞുകൊടുത്തിരുന്നത് ശന്തനു നോക്കി ഉറപ്പുവരുത്തി.
അവൻ നോക്കുമ്പോൾ അയാളാകട്ടെ മേശപ്പുറത്തിരുന്ന ഒരു ദിനപത്രത്തിൽ എന്തോ കാര്യമായി പരതിക്കൊണ്ടിരിക്കുകയായിരുന്നു. അയാളാണോ, അയാളുടെ തലക്ക് പിന്നിൽ വിള്ളൽവീണ ഭിത്തിയിൽ തൂക്കിയിട്ട ചിത്രത്തിനുള്ളിലെ നേതാവാണോ തന്നെ വിളിച്ചതെന്ന് തെല്ലിട ശന്തനുവിന് സംശയമുണ്ടായി. ചിത്രത്തിലെ നേതാവ് അവനെ നോക്കി ചിരിക്കുന്നുണ്ട്.
ഗൗരവക്കാരനാണ് പാർട്ടി സെക്രട്ടറി എന്ന് നേരത്തേ കേട്ടിരുന്നതുകൊണ്ട് ശന്തനു അയാൾക്കു മുന്നിൽ ചെന്നുനിന്ന് അച്ചടക്കമുള്ള ഒരനുയായിയെപ്പോലെ നിശ്ശബ്ദം ഉറ്റുനോക്കി.
‘‘ആ പട്ടിക്കഴുവേറിയെ വെടിവെച്ച് കൊല്ലണം.’’
പത്രത്തിൽനിന്ന് കണ്ണെടുത്തുകൊണ്ട് ജനക് മഹാപത്ര രോഷത്തോടെ പറഞ്ഞു. അതാരെക്കുറിച്ചാണെന്നോ എന്തിനെക്കുറിച്ചാണെന്നോ അയാൾ പറഞ്ഞില്ല. കയ്യിലിരുന്ന പെൻസിൽകൊണ്ട് ദിനപത്രത്തിലൊരിടത്ത് ഒരു വൃത്തം വരച്ചു.
അതു കേട്ടപ്പോൾ ശന്തനുവിന് ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും അവനെ അമ്പരപ്പിച്ചുകൊണ്ട് പാർട്ടി സെക്രട്ടറി അവനെ ചേർത്തുനിർത്തി തന്റെ കനത്ത കൈപ്പത്തിക്കുള്ളിൽ അവന്റെ ചെറിയ കൈമുഷ്ടികൾ കൂട്ടിപ്പിടിച്ച് അതേ വാക്യങ്ങളാവർത്തിച്ചപ്പോൾ അവനും മെല്ലെ പറഞ്ഞു.
“കൊല്ലണം...”
പകൽ മുഴുവൻ അലഞ്ഞുതിരിഞ്ഞ് അവശനായ ശന്തനു ഇരുളുംമുന്പ് കരിമ്പു ഫാക്ടറിയുടെ മുമ്പിലെത്തിയപ്പോഴാണ് നിന്നത്. ഫാക്ടറിയുടെ കവാടം അടഞ്ഞുകിടപ്പാണെങ്കിലും അകത്ത് പക്ഷേ, ആളനക്കങ്ങളുണ്ടെന്നു തോന്നി. സമയംതെറ്റിവന്ന പണിക്കാരനെ രൂക്ഷമായി നോക്കിക്കൊണ്ട് ഒടുക്കം പാറാവുകാരൻ ആയാസപ്പെട്ട് ഗേറ്റ് തുറന്നു.
ഫാക്ടറിക്കുള്ളിലെ യന്ത്രങ്ങളുടെ ചെവിടടപ്പിക്കുന്ന മുരൾച്ചയും ചൂളയിൽനിന്നുയരുന്ന കരിമ്പുകയും ഇപ്പോൾ നിലച്ചിട്ടുണ്ട്.
തീർത്തും അപരിചിതമായ ഏതോ ഒരു സ്ഥലത്തെത്തിപ്പെട്ടതുപോലെയുള്ള അമ്പരപ്പായിരുന്നു ശന്തനുവിന് അപ്പോൾ. താൻ ഇന്നലെവരെ പണിയെടുത്തിരുന്ന ഓരോ ഇടങ്ങളെയും അവൻ സംശയാസ്പദമായി നോക്കിക്കണ്ടു. ഇത്രയും നാൾ അവൻ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന കൂറ്റൻ യന്ത്രം പെട്ടെന്ന് ആരോ നിയന്ത്രിക്കുന്നതുപോലെ അവനു നേരെ വാ പിളർത്തിക്കൊണ്ട് മുരളാൻ തുടങ്ങി. കൊടുംവിശപ്പിന്റെ ആഴത്തിൽനിന്നു നീണ്ടുവരുന്ന അതിന്റെ ഉരുക്കുപല്ലുകളിൽ കരിമ്പിൻചാറിനു പകരം ആരുടെയൊക്കെയോ ചോരയാണുറ്റിവീഴുന്നതെന്ന് അവന് തോന്നി.
ചേരിയിലെ ആർത്തിരമ്പുന്ന ഈച്ചകളെപ്പോലെ അവനുചുറ്റും നുരച്ചുപൊന്തിയ കുട്ടികളുടെ കൂട്ടത്തിൽ പതിവുപോലെ സുകന്യയും ഓടിച്ചാടി പണിയെടുക്കുന്നത് അവൻ കണ്ടു. അവൾ പക്ഷേ, അവനു നേരെ നോക്കിയതേയില്ല. അങ്ങനെയൊരാളെ പരിചയമുണ്ടെന്നുപോലും അവൾ നടിച്ചില്ല. ഫാക്ടറിക്കുള്ളിൽ അവൾ കടന്നുപോയ ദിശകളിലെല്ലാം അവൻ ഓടിച്ചെന്നു നോക്കി. സുകന്യയില്ല. കുറേക്കഴിഞ്ഞ് അവളുടെ കീറിയ ദുപ്പട്ടയുടെ ഒരറ്റം അവനു മുന്നിൽ ചുവന്ന ജലധാരപോലെ ഒഴുകിവന്നു.
തന്റെ കയ്യിലപ്പോൾ അവശേഷിച്ചിരുന്നത് ചോരയുടെ ഭൂപടം തെളിഞ്ഞ ഒരു പരുത്തിത്തുണിയാണെന്ന് അവന് തിരിച്ചറിഞ്ഞു. സുകന്യയുടെ നിശ്ചലശരീരം പൊതിഞ്ഞുകെട്ടിക്കൊണ്ടുവന്നതാണത്. ഒരു നിമിഷം തന്റെ നിലവിളിയെ അമർത്തിക്കൊന്ന് ആ ഫാക്ടറിയെ അപ്പാടെ വിഴുങ്ങാനെന്നോണം തിളച്ചുയർന്ന ചൂളയിലെ തീനാളത്തിനു നേരെ ശന്തനു അതു നീട്ടി.
======
*സമീപകാലത്ത് ഒഡിഷയിലെ ഒരു ഗ്രാമത്തില് ബലാത്സംഗം ചെയ്യപ്പെട്ടതിനുശേഷം മരത്തില് കെട്ടിത്തൂക്കിയ നിലയില് കാണപ്പെട്ട ഒരു ദലിത് പെണ്കുട്ടിയെക്കുറിച്ചും ശവശരീരം ഒറ്റക്ക് കുഴിയെടുത്തു മറവുചെയ്യേണ്ടിവന്ന അവളുടെ അമ്മയെക്കുറിച്ചും വന്ന പത്രവാര്ത്ത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.