പതമ്പ്

1893ൽ അയ്യൻ‌കാളി വില്ലുവണ്ടിസമരം നടത്തിയ അതേ വർഷം, കൊച്ചി രാജ്യത്ത്, ചേരാനെല്ലൂർ കർത്താവ് നാടുവാഴിയായ ചിറ്റൂർ ദേശത്ത്, ചിറ്റൂരപ്പന്‍റെ അമ്പലനടവഴിയിലൂടെ സഞ്ചരിച്ചതിന് കാളിക്കുട്ടി എന്നു പേരായ ഒരു പുലയൻ തല്ലിക്കൊല്ലപ്പെട്ടു. ആ പ്രദേശത്തെ നായർ ചട്ടമ്പികളാണ് തല്ലിക്കൊന്നതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അക്കാലത്ത് അതത്ര പുതുമയുള്ള കാര്യമല്ലാത്തതിനാലും, ആളുകളെല്ലാം ‘‘തെറ്റു ചെയ്തതിനുള്ള ശിക്ഷ” എന്നനിലയിൽ കണ്ടതിനാലും ആ സംഭവം വലിയ വാർത്തയൊന്നുമായില്ല.ഒരു പകൽ മുഴുവനും ആ വഴിയിൽ കിടന്ന ശവം, ഉച്ചയായപ്പോഴേക്കും വെയിലത്ത് പൊള്ളിവീർത്തു. ചത്തുകിടന്നത് പുലയനാണല്ലോ. അടികൊണ്ടു പൊട്ടിയ...

1893ൽ അയ്യൻ‌കാളി വില്ലുവണ്ടിസമരം നടത്തിയ അതേ വർഷം, കൊച്ചി രാജ്യത്ത്, ചേരാനെല്ലൂർ കർത്താവ് നാടുവാഴിയായ ചിറ്റൂർ ദേശത്ത്, ചിറ്റൂരപ്പന്‍റെ അമ്പലനടവഴിയിലൂടെ സഞ്ചരിച്ചതിന് കാളിക്കുട്ടി എന്നു പേരായ ഒരു പുലയൻ തല്ലിക്കൊല്ലപ്പെട്ടു. ആ പ്രദേശത്തെ നായർ ചട്ടമ്പികളാണ് തല്ലിക്കൊന്നതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അക്കാലത്ത് അതത്ര പുതുമയുള്ള കാര്യമല്ലാത്തതിനാലും, ആളുകളെല്ലാം ‘‘തെറ്റു ചെയ്തതിനുള്ള ശിക്ഷ” എന്നനിലയിൽ കണ്ടതിനാലും ആ സംഭവം വലിയ വാർത്തയൊന്നുമായില്ല.

ഒരു പകൽ മുഴുവനും ആ വഴിയിൽ കിടന്ന ശവം, ഉച്ചയായപ്പോഴേക്കും വെയിലത്ത് പൊള്ളിവീർത്തു. ചത്തുകിടന്നത് പുലയനാണല്ലോ. അടികൊണ്ടു പൊട്ടിയ മുറിവുകളിൽ നക്കാൻ വന്ന തെരുവുനായ്ക്കളെ ഓടിക്കാൻപോലും ആരും തയാറായില്ല. ശവമെടുത്തു മാറ്റാതായപ്പോൾ അമ്പലത്തിൽനിന്ന് നാടുവാഴിക്ക് വിവരം പറഞ്ഞ് ഓല പോയി. മാറ്റിക്കഴിഞ്ഞാൽ പുണ്യാഹം തളിച്ച് നടവഴി ശുദ്ധമാക്കാമെന്നുള്ള ഉറപ്പിൽ രണ്ടു പുലയരെ നടവഴിയിൽ പ്രവേശിപ്പിക്കാനും ശവം മാറ്റിക്കാനും അനുവദിച്ച് ഉത്തരവായി.

കാളിക്കുട്ടിയുടെ അനിയൻ ചാത്തനും മകൻ ചിന്നനും ചേർന്നാണ് ശവമെടുത്തു മാറ്റിയത്. ഗുരുവായൂരിൽനിന്ന് ചേന്നാസ് നമ്പൂതിരിപ്പാട് നേരിട്ടുവന്ന് പുണ്യാഹം ചെയ്തു നടവഴി ശുദ്ധമാക്കി.

ജ്യേഷ്ഠനെ ചുമന്നുപോകുമ്പോൾ ഒത്ത മനുഷ്യനായ ചാത്തൻ വലിയവായിൽ കരഞ്ഞുകൊണ്ടിരുന്നു. എന്നാൽ, പന്ത്രണ്ടു വയസ്സുമാത്രമുള്ള ചിന്നൻ ഒരു തരി കണ്ണീരൊഴുക്കാതെ അപ്പനെയും ഏറ്റിപ്പോകുന്നത്, ചിലരെല്ലാം ശ്രദ്ധിക്കുകയും അതിൽ ചിലർ ‘‘എന്തൊരു ധൈര്യം’’ എന്നു കുശുകുശുക്കുകയും ചെയ്തു.

കണ്ടുനിന്നവരിൽ തല്ലിക്കൊല്ലാൻ കൂടിയ നായർ ചട്ടമ്പികളും ഉണ്ടായിരുന്നു. ചിന്നന്‍റെ മുഖം കല്ലുപോലെയിരിക്കുന്നതു കണ്ടിട്ടാവണം അതിലൊരാൾ ‘‘ഈ പെലച്ചെക്കനും ചത്താ?’’ എന്നു ചോദിച്ച് ചിരിച്ചപ്പോൾ ചിന്നൻ ചിരിച്ചവന്‍റെ കണ്ണിലേക്ക് ഒന്നുറച്ചു നോക്കി.

‘‘ആ... കണ്ണുചിമ്മണുണ്ട്... ചത്തിട്ടില്ല’’ ആരോ പറഞ്ഞതു കേട്ട് എല്ലാവരും ഒന്നുകൂടി ചിരിച്ചു.

സ്ഥലത്തെ പ്രമുഖ ജന്മികളായ കല്ലുവേലിൽ തറവാട്ടുകാരുടെ ഇളമുറക്കാരായിരുന്നു അക്കൂട്ടത്തിൽ കൂടുതലും. അവരുടെ മുപ്പത്താറേക്കർ പറമ്പ് അമ്പലവഴി മുതൽ അങ്ങ് പൊക്കാളിപ്പാടംവരെ അതിരുള്ളതാണ്. ആ പറമ്പിലെ തൂമ്പാപ്പണിയുടെ അവകാശി കാളിക്കുട്ടിയാണ്. പുലയന്‍റെ അവകാശമെന്നതൊക്കെ വലിയ തമാശയാണ്. പത്തു തെങ്ങിന് തടമെടുത്താൽ ഒരു തേങ്ങ, പണിദിവസം ഉച്ചക്ക് ഒരു നേരം കഞ്ഞി, പണി കഴിയുമ്പോൾ തലയിൽ പൊത്താൻ ഒരു കൈ വെളിച്ചെണ്ണ, ഓണത്തിനും വിഷുവിനും ചിറ്റൂരപ്പന്‍റെ ഉത്സവത്തിനും ഓരോ മല്ലുമുണ്ടും തോർത്തും. ഇത്രയും കിട്ടുന്നതിനായി വർഷം മുഴുവൻ നടത്തേണ്ടുന്ന ഉഴവിന്‍റെ പേരാണ് അവകാശം.

തലേന്നാണ് അമ്പലത്തിന്‍റെ നടവഴി കാളിക്കുട്ടി അശുദ്ധമാക്കിയതെന്നു പറയപ്പെടുന്ന സംഭവം നടന്നത്. മുപ്പത്താറേക്കറിലെ തെങ്ങിന് തടമൊരുക്കുകയായിരുന്നു കാളിക്കുട്ടി. തടമെടുത്ത് അമ്പലത്തിന്‍റെ നടവഴിയതിരിലെ വേലിക്കരികിൽ എത്തിയപ്പോഴാണ് ചിന്നൻ തോടു ചാടി വന്ന് ചിരുതക്ക് രണ്ടാമത്തേത് പേറ്റുനോവ് തുടങ്ങിയ കാര്യം പറഞ്ഞത്. ചെക്കനെ തൂമ്പ ഏൽപിച്ച് ഓടാൻ തുടങ്ങിയപ്പോഴാണ് അമ്പലവഴിക്കപ്പുറം രണ്ടു പറമ്പ് ചാടിയാൽ വയറ്റാട്ടിയുടെ വീടാണല്ലോ എന്ന കാര്യം കാളിക്കുട്ടിക്ക് ഓർമവന്നത്. എത്തിനോക്കിയപ്പോൾ നട്ടുച്ചസമയത്ത് പ്രദേശത്താരുമില്ല. ഒരു തെങ്ങിൽ പിടിച്ചുകയറി വേലി ചാടിമറിഞ്ഞ് ആരും കാണാതെ വഴി നടന്നുകയറിച്ചെന്നത് അമ്പലത്തിൽനിന്ന് പടച്ചോറും കൊണ്ടിറങ്ങിവന്ന നമ്പീശന്‍റെ മുന്നിലായിപ്പോയി. കാലുപിടിച്ചു കാര്യം പറഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. അകലെ വേലിപ്പുറത്ത് ചിന്നൻ എല്ലാം കണ്ടുനിന്നു.

പിറ്റേന്ന് അതിരാവിലെ കൂരക്കു പുറത്ത് ആരോ തട്ടിവിളിക്കുന്നതു കേട്ട് തലേന്നു പെറ്റെഴുന്നേറ്റ ചിരുതയാണ് വാതിൽ തുറന്നത്. കല്ലുവേലിയിലെ ഇളമുറക്കാരനായ മാധവൻ ചട്ടമ്പിയുടെ ആദ്യത്തെ അടി അവൾക്കുതന്നെ കിട്ടി. അടികൊണ്ട് കറങ്ങിവീണ അമ്മയെക്കണ്ട് തടുക്കാൻ ചെന്ന ചിന്നനും കിട്ടി രണ്ടെണ്ണം. അകത്തുകയറി കുഞ്ഞിനെയടക്കം കിട്ടിയതെല്ലാം എടുത്തെറിഞ്ഞ് മൂലയിൽ ഉറങ്ങിക്കിടന്ന കാളിക്കുട്ടിയെ ചൂരലിനടിച്ചാണ് അമ്പലനട വരെ കൊണ്ടുപോയത്.

 

പുറകേ കരഞ്ഞു വിളിച്ചോടിയ ചിന്നൻ അകലെ അടികൊണ്ടു വീണ് അവസാനത്തെ ഫർലോങ് ഇഴഞ്ഞുനീങ്ങുന്ന കാളിക്കുട്ടി അവനോടു തിരിച്ചുപോകാൻ ആംഗ്യം കാട്ടുന്നത് വ്യക്തമായി കണ്ടു. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്ന്, വീട്ടിൽ തളർന്നുകിടക്കുന്ന ചിരുതയോട് ‘‘അപ്പൻ തീർന്നമ്മേ...’’ എന്നും പറഞ്ഞ്, അകത്തു കയറി അനിയത്തിയെ എടുത്തു മുറ്റത്തിറങ്ങി പാടത്തേക്കു നോക്കിയിരുന്നു. ഒരില പോലുമനക്കാതെ കാലം കനപ്പെട്ടു നിന്നു.

വിവരമറിഞ്ഞ് ചേരാനെല്ലൂർ പടിഞ്ഞാറുനിന്നു കരഞ്ഞുവിളിച്ച് ചാത്തനെത്തുമ്പോഴേക്കും ശവമെടുക്കാനുള്ള ഉത്തരവും എത്തിയിരുന്നു. ശവം ചുമന്ന് വീട്ടിലെത്തിയിട്ടും സ്വന്തം ചേട്ടന്‍റെ വിധിയോർത്തുള്ള കരച്ചിൽ നിർത്താൻ ചാത്തനു കഴിഞ്ഞില്ല. ചിരുതയും ചിന്നനും ഒരു തുള്ളി കണ്ണീരൊഴുക്കാതെ ഇരിക്കുന്നതു കണ്ട് ഇവർക്ക് സങ്കടമില്ലാത്തതെന്തെന്ന് ചാത്തനു സംശയമായി.

ഒരു കൈയിൽ പിഞ്ചുകുഞ്ഞിനെയും മറുകൈയിൽ ചിന്നനെയും ചേർത്തുപിടിച്ച് കല്ലുപോലെയിരുന്ന ചിരുത അൽപം കഴിഞ്ഞപ്പോൾ കുഞ്ഞിനെ ചിന്നനെ ഏൽപിച്ച് എഴുന്നേറ്റു പോയി മാട്ടത്തിൽനിന്ന് വെള്ളമെടുത്ത് കുടിച്ചു. അൽപം ചിന്നനെയും കുടിപ്പിച്ചു. കരയുന്ന ചാത്തനെ നോക്കി, കരച്ചിൽ നിർത്തി പോയി കുഴിയെടുക്കാൻ പറഞ്ഞു. ഏറെ വൈകാതെ ശവമടക്കി എല്ലാവരും പിരിഞ്ഞുപോയി.

പിറ്റേന്നു രാവിലെ വള്ളക്കടവിൽ എത്തിയ കടത്തുകാരനാണ് അകലെ കാളിക്കുട്ടിയുടെ കൂര നിന്നയിടത്തു ചെറുതായി പുക ഉയരുന്നതു കണ്ടത്. അന്വേഷിച്ചു ചെന്നവർ എല്ലാം കത്തിത്തീർന്ന്, വെളുപ്പിനെ പെയ്ത മഴയിൽ നനഞ്ഞമർന്ന കൂരയാണ് കണ്ടത്. കരിയും ചാരവും മാറ്റി തിരഞ്ഞുചെന്നവർ അടിയിൽ കത്തിക്കരിഞ്ഞു കിടക്കുന്ന രണ്ടു ശവശരീരങ്ങൾ കണ്ട് തരിച്ചുനിന്നു. ആളുകൾ കേട്ടറിഞ്ഞ് കൂടിയപ്പോഴേക്കും നല്ലവണ്ണം നേരം വെളുത്ത്, വെയിൽ വീണുതുടങ്ങിയിരുന്നു.

* * *

ചിറ്റൂരു വള്ളക്കടവിൽനിന്നു വടക്കോട്ട് പാടവരമ്പു കയറി ഒന്നര ഫർലോങ് ചെന്നാൽ കായലിലേക്കു കയറി ഒരു തുരുത്തുപോലെ കിടക്കുന്ന ആറര സെന്‍റിലാണ് കാളിക്കുട്ടിയും കുടുംബവും കുടികിടക്കുന്നത്. മുന്നിൽ വേമ്പനാട്ടു കായലിന്‍റെ വടക്കേയറ്റം കയറിക്കിടക്കുന്നു. അതിലൂടെ രണ്ടു കിലോമീറ്റർ വീണ്ടും വടക്കോട്ട് പോയാൽ കൊച്ചിരാജ്യത്തിന്‍റെ അതിരായ ചേരാനല്ലൂർ കടവെത്തും. അതിനപ്പുറം തിരുവിതാംകൂറാണ്. വടക്കൻ പറവൂരിന്‍റെ തെക്കേയറ്റമായ ചാത്തനാട്‌ കായൽ അവിടെ തുടങ്ങുന്നു. തുരുത്തും അതിനു പുറകിലെ അറുപത്തിയാറു പറ പൊക്കാളിനിലവും കല്ലുവേലിക്കാരുടേതാണ്.

തുരുത്തിൽ കുത്തിമറച്ച ചെറിയ ഓലക്കൂര കൂടാതെ ഒരു ചെറുവഞ്ചിക്കടവ്, കായലിലേക്ക് അൽപം ചാഞ്ഞുനിൽക്കുന്ന മൂന്നു തെങ്ങുകൾ, കായലിനോടു ചേർന്ന് മൂലയിൽ ഒരു കണ്ടൽക്കൂട്ടം, ശിഖരം പടർന്ന ഒരു പൂപ്പരുത്തി, അതിന്‍റെ ചാഞ്ഞ കൊമ്പിൽ ഇന്നലെ കാളിക്കുട്ടി കെട്ടിയ തുണിത്തൊട്ടിൽ ഇത്രയുമാണുള്ളത്. കായലിൽ നിന്നടിക്കുന്ന ചെറുകാറ്റിൽ കാലിയായ തൊട്ടിൽ വെറുതെ ആടിക്കൊണ്ടിരുന്നു.

രാത്രി ഏറെയായിട്ടും ആ വീട്ടിൽ ആരും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. അകലെ കായലിൽ വലക്കാരുടെ മിന്നുന്ന തിരിവെട്ടമൊഴിച്ചാൽ പിന്നെയുള്ളത് പരന്നുകിടക്കുന്ന ചെറുനിലാവും അതിന്‍റെ നിഴലുകളും മാത്രം. ചിന്നൻ മുറ്റത്തിരുന്ന് കൈയിൽ തടയുന്ന കല്ലുകൾ പെറുക്കി ഓരോന്നായി കായലിലേക്ക് എറിയുന്നു. കല്ലു വീഴുമ്പോൾ കായലിൽ ഓളമിളകി നിലാവിൽ ജലം വെള്ളിലപോലെ തിളങ്ങുന്നുണ്ട്. ചിന്നന്‍റെ കവിളിലും, നിറഞ്ഞ് ഒരു തുള്ളി തുളുമ്പാതെ നിൽക്കുന്ന കണ്ണിലും നിലാവ് തളർന്നുകിടക്കുന്നത് വാതിൽപടിയിലിരുന്ന ചിരുത നോക്കിയിരുന്നു. അവളുടെ മാറിൽ ഒന്നുമറിയാതെ കുഞ്ഞ് മുലകുടിച്ചുറങ്ങുന്നുണ്ട്. ഇടക്കുണർന്ന് ഞെരങ്ങിക്കരയുന്ന അതിന്‍റെ ശബ്ദം മാത്രമാണ് മനുഷ്യശ്വാസംപോലും മരണത്തെ സ്വീകരിച്ച മട്ടിൽ മൂകമായിപ്പോയ ആ വീട്ടിൽ കേൾക്കാനുണ്ടായിരുന്നത്.

തുരുത്തിന്‍റെ മൂലയിൽ കാളിക്കുട്ടിയെ അടക്കിയതിനരികിൽ ഒരു ചെറിയ മൺവിളക്ക് മുനിഞ്ഞു കത്തുന്നു. അതിനരികിൽ വെറും മണ്ണിൽ ഒരു തോർത്തു വിരിച്ച് ചാത്തൻ ആകാശം നോക്കി കിടന്നു. നക്ഷത്രങ്ങൾ അധികമില്ലാത്ത ഈ മാനത്ത് തന്‍റെ താട്ടന്‍റെ ആത്മാവ് അലഞ്ഞു നടക്കുന്നുണ്ടാവുമോ? വറുതിയുടെ പഴയ സമയങ്ങൾ അവനോർമ വന്നു. പന്ത്രണ്ട് മക്കളായിരുന്നു അവർ. ഏറ്റവും മൂത്ത കാളിക്കുട്ടിക്കു താഴെ ആറുപേർ കഴിഞ്ഞ് ചാത്തൻ. അവനു താഴെ നാലുപേർ. പിലാവിൽ ചക്ക കായ്ക്കുന്ന സമയം മാത്രം വിശപ്പില്ലാതിരുന്ന പട്ടിണിക്കാലമായിരുന്നു ജീവിതം. ഒറ്റ വസൂരിമാലയിൽ എല്ലാം തീർന്നപ്പോൾ ബാക്കിയായത് കാളിക്കുട്ടിയും ചാത്തനും. കഞ്ഞിവെള്ളം മാത്രം കുടിച്ച് വറ്റ് തനിക്കായി മാറ്റി​െവച്ചു വളർത്തിയ താട്ടനെ ഓർത്തപ്പോൾ വീണ്ടും ഉള്ളിൽനിന്നൊരു വിങ്ങൽ ചാത്തന്‍റെ തൊണ്ടയിലെത്തി. കണ്ണിറുക്കിയടച്ച് അവൻ ഓർമകളെ പറിച്ചെറിയാൻ ശ്രമിച്ചു.

ആരോ വിളിച്ചതായി തോന്നി ചാത്തൻ ഞെട്ടി കണ്ണുതുറന്നു. അവനെത്തന്നെ നോക്കിനിൽക്കുന്ന ഒരാളെയാണ് കണ്ടത്. തോളിനപ്പുറം അകലെ ആകാശത്ത് അമ്പിളിക്കല തിളങ്ങിനിൽക്കുന്നതിനാൽ മുഖം വ്യക്തമായില്ല. ഒറ്റഞെട്ടലിൽ ചാത്തൻ എഴുന്നേറ്റിരുന്നു. ചിന്നനാണ്. അരികിൽ കുഞ്ഞിനെയും എടുത്ത് ചിരുതയുമുണ്ട്.

‘‘എന്താണ് താച്ചീ? രണ്ടുപേരും കൂടി ഇങ്ങന വന്ന് നിക്കണത്...’’ തൊണ്ടയിൽനിന്ന് വാക്കുകൾ പതറിയാണ് പുറത്തുവന്നത്.

‘‘പുള്ള എണീറ്റേ... ഈ കൊച്ചിനേം കൊണ്ട് ഇപ്പത്തന്ന ചേരാല്ലൂർക്ക് പോയിക്കോ... വേഗം വഞ്ചിയെറക്കിക്കോ...’’ ചിരുത കുഞ്ഞിനെ ചാത്തനു നേരെ നീട്ടി.

 

‘‘താച്ചി എന്താണീ പറയണത്. കൊച്ചിന തന്നട്ട് താച്ചീം ചെക്കനും കൂടി എന്തുചെയ്യാൻ പോണേണ്..?’’ കുഞ്ഞിനെ വാങ്ങി ചാത്തൻ തോളത്തു കിടത്തി.

‘‘ഞങ്ങ രണ്ടും ഇവടന്ന് പോണേണ് പുള്ളേ... കൊച്ചിന നീ സൊന്തംപോലെ നോക്കിക്കോണം... ഞങ്ങയിനി ചെലപ്പ തിരിച്ചു വരലെണ്ടാവൂല്ല...’’ ചിരുതയുടെ തൊണ്ടയിടറി.

‘‘ചിന്നാ എന്താടാ നിന്‍റമ്മ പറയണത്... എനിക്കൊന്നും മനസ്സിലാവണില്ലല്ലാ...’’ ചാത്തൻ ചിന്നന്‍റെ കൈ എത്തിപ്പിടിച്ച് ചോദിച്ചു. ചിന്നൻ ഒന്നും മിണ്ടാതെ നിന്നു. അകലെ കായലിൽനിന്ന് മറുപടിപോലെ ഒരു എരണ്ട ചിറകടിച്ച് ഒച്ചയുണ്ടാക്കി.

‘‘ചിന്നാ... വഞ്ചിയെറക്കടാ... കൊച്ചപ്പൻ പൊറപ്പെടട്ടെ...’’ ചിരുത കൂരയിലേക്കു നടന്നു.

ഒന്നും മിണ്ടാതെ ചിന്നൻ വഞ്ചി തള്ളി കായലിലേക്കിറക്കി. ചിരുത കൂരയിൽനിന്നു കുഞ്ഞിന്‍റെ തുണികളെല്ലാം ഭാണ്ഡം കെട്ടി കൊണ്ടുവന്നു. കുഞ്ഞിനു വഴിയിൽ കൊടുക്കാൻ ഒരു മൊന്ത വെള്ളം കൊണ്ട് വഞ്ചിപ്പടിയിൽ ​െവച്ചു. എല്ലാം കണ്ട് കുഞ്ഞിനെയുമെടുത്ത് അന്തംവിട്ടുനിൽക്കുകയായിരുന്നു ചാത്തൻ. തനിക്കു ചുറ്റും എന്തെല്ലാമാണ് നടക്കുന്നതെന്ന് അവനു മനസ്സിലായില്ല. എല്ലാം മാറുകയാണ്.

‘‘തേവരേ... കാത്തോളണേ…’’ ചാത്തന്‍റെ ഉള്ളിൽനിന്നുയർന്ന നിസ്സഹായത കായലിലേക്കു നീണ്ടുപോയി. കാളിക്കുട്ടിക്കരികിൽ ആ മൺവിളക്ക് സംശയിച്ച് എല്ലാം കണ്ടു നിന്നു.

‘‘ഒന്നുമാലോചിക്കണ്ട പുള്ളേ... ഞങ്ങ ചാവൂല്ല. ഇവടെയല്ലേൽ എവിടേലും ജീവിക്കും... പുള്ള കൊച്ചിന്‍റ കാര്യം നോക്കിയാ മതി...’’ വ്യക്തമായി പറയുന്ന ചിരുതയുടെ വാക്കുകളിലെ കരുത്തു കണ്ടപ്പോൾ ചാത്തന് മറുപടി പറയാൻ തോന്നിയില്ല.

കുഞ്ഞിനെയുമെടുത്ത് അവൻ വഞ്ചിക്കടുത്തേക്കു നടന്നു. ചിന്നൻ അടുത്തുവന്ന് കുഞ്ഞനുജത്തിയെ വാങ്ങി രണ്ടു കവിളുകളിലും മാറിമാറി ഉമ്മ കൊടുത്തു. ചിരുത കുഞ്ഞിനെ വാങ്ങി തോർത്തു മാറ്റി മാറോടുചേർത്തു. സ്നേഹത്തിന്‍റെ അവസാന തുള്ളിയും ചുരത്തി അവൾ കണ്ണടച്ചുനിന്നു. മുലപ്പാലിനൊപ്പം നിറഞ്ഞൊഴുകുന്ന കണ്ണുനീരും ചേർത്ത് കുഞ്ഞ് ആർത്തിയോടെ വലിച്ചു കുടിച്ചു. ജനിച്ച് മൂന്നാംദിവസം കുഞ്ഞിനെ മാറിൽനിന്നടർത്തി മറുജീവിതത്തിന്‍റെ വഞ്ചിയിലേക്ക് തുണി വിരിച്ചു കിടത്തുമ്പോൾ ചിരുത കരയുന്നുണ്ടായിരുന്നില്ല. ഉള്ളിൽ കത്തുന്ന തീയിൽ കണ്ണുനീർ വറ്റിത്തുടങ്ങിയിരുന്നു.

ചാത്തൻ വഞ്ചി വടക്കോട്ടു തുഴഞ്ഞു. തുഴ വീഴുമ്പോൾ നിലാവിൽ കായലിൽ ഓളങ്ങൾ തിളങ്ങി. അകലെ ആരോ നീട്ടിക്കൂകി. കായൽതുരുത്തുകളിൽ പ്രതിധ്വനിച്ച് ശബ്ദം ചെറുതായി വന്ന് അവസാനിച്ചു. അകലെ ഇരുട്ടിൽ വഞ്ചിയുടെ കാഴ്ച ലയിച്ചുതീരുന്നത് തുരുത്തിൽ രണ്ടുപേർ പരസ്പരം ചേർത്തുപിടിച്ച് നോക്കിനിന്നു.

പിന്നെയുള്ള കാര്യങ്ങളെല്ലാം രണ്ടുപേരും മനസ്സു വായിച്ച് ഉറപ്പിച്ചപോലെയായിരുന്നു. ചിന്നൻ വരമ്പിലൂടെ നടന്ന് വള്ളക്കടവിൽ കെട്ടിയിരുന്ന ആരുടെയോ ഒരു ചെറുവഞ്ചി അഴിച്ചു, തുഴഞ്ഞ് തുരുത്തിലെ കടവിൽ കൊണ്ടുവന്നു കെട്ടി. വെള്ളം തേവി പങ്കായം ബലം നോക്കി യാത്രക്ക് തയാറാണെന്ന് ഉറപ്പുവരുത്തി. ചിരുതയാവട്ടെ വീട്ടിൽ ആകെയുള്ള തുണികളിൽ ഉപയോഗിക്കാവുന്നവ ഭാണ്ഡം കെട്ടി​െവച്ചു. അടുക്കളയിലെ പാത്രങ്ങളിൽനിന്ന് രണ്ടു കൽച്ചട്ടികൾ, മൺകുടം, കലം, ഓട്ടുമോന്ത എന്നിവ എടുത്ത് ചിന്നനോട് വഞ്ചിയിലേക്കു കയറ്റാൻ പറഞ്ഞു. കുഞ്ഞിന്‍റെ തുണികളിലൊന്ന് കൈയിൽ തടഞ്ഞപ്പോൾ അടക്കിയ കരച്ചിൽ, കാളിക്കുട്ടിയുടെ തോർത്തു കണ്ടപ്പോൾ പൊട്ടിപ്പോയി.

‘‘വേണ്ടമ്മേ, നുമ്മ ഇനി കരയാൻ പാടില്ലന്ന് അമ്മയല്ലേ പറഞ്ഞത്.’’ ഉറക്കെയുള്ള കരച്ചിൽ കേട്ട് ഓടിവന്ന ചിന്നൻ അവളെ ചേർത്തുപിടിച്ചു. കണ്ണു തുടച്ച് അവനെ അടർത്തിമാറ്റി ചിരുത ബാക്കിയുള്ള പണികളിലേക്ക് തിരിച്ചുപോയി.

എവിടെനിന്നോ കാളിക്കുട്ടിക്ക് കിട്ടിയ പഴയ ഒരു മരപ്പെട്ടിയിലാണ് വിലപിടിപ്പുള്ളതെല്ലാം ആ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. വിലപിടിപ്പുള്ളതെന്നാൽ ഒരു കല്ലുമാല, പണ്ടെങ്ങോ കിട്ടിയ ഒരു നേര്യത്, രണ്ടു മല്ലുമുണ്ടുകൾ, രണ്ടു പുതിയ ചുട്ടിത്തോർത്തുകൾ, ഒരു കെട്ട് രാമച്ചം, ഒരു കൈതപ്പൂവ് ഇത്രയുമാണ്. യാത്രക്കുള്ള ബാക്കിയെല്ലാം അടുക്കിക്കഴിഞ്ഞപ്പോൾ ചിരുത പെട്ടി തുറന്നു. പുത്തൻ മല്ലുമുണ്ടെടുത്ത് അവൾ മുഖത്തമർത്തി. പെട്ടിയിൽ അടച്ചു​െവച്ചിരുന്ന രാമച്ചം, മുണ്ടിനു നല്ല സുഗന്ധം നൽകിയിട്ടുണ്ട്. ചിരുതക്ക് അവളുടെയും കാളിക്കുട്ടിയുടെയും ആദ്യരാത്രി ഓർമവന്നു. കാളിക്കുട്ടിക്ക് മുപ്പത്തിനാലു വയസ്സും അവൾക്ക് പതിമൂന്നു വയസ്സുമായിരുന്നു പ്രായം. ചാത്തനാട്ടുനിന്ന് കെട്ടിക്കൊണ്ടു വന്ന സുന്ദരിപ്പെണ്ണിന് ആകെ നാണമായിരുന്നു. തലപൊക്കി നോക്കാതിരുന്നിട്ടും അരികിൽ നിറഞ്ഞ കാളിക്കുട്ടിയുടെ സാമീപ്യം അവൾ അറിഞ്ഞു. കത്തുന്ന എണ്ണവിളക്കിന്‍റെ നാളം ഇളകിയാടി അവളുടെ മുഖത്ത് നിഴലും വെളിച്ചവുമായി തിളങ്ങി. കാളിക്കുട്ടി അവളെ വാത്സല്യത്തോടെ നോക്കി. അവളുടെ കൈകളെടുത്ത് വലം കൈകൊണ്ട് സ്നേഹത്തോടെ തലോടി. ആകെ തളിർത്തുപോയി ചിരുത.

‘‘കൊച്ച് ഒറങ്ങിക്കോ മൊകത്ത് നല്ല ഷീണം കാണണണ്ട്.’’ കാളിക്കുട്ടി അവളെ പായയിൽ കിടത്തി, ഉറങ്ങുന്നതുവരെ കൈത്തലം മെല്ലെ തലോടി അവളെത്തന്നെ നോക്കിയിരുന്നു. ഇക്കഴിഞ്ഞ പതിനാലുകൊല്ലവും ആ വാത്സല്യം ഒരിറ്റുപോലും കുറഞ്ഞിരുന്നില്ലല്ലോ എന്നോർത്തപ്പോൾ ചിരുതയുടെ കണ്ണുനിറഞ്ഞു. ഇത്തവണ പക്ഷേ അവൾ കരഞ്ഞില്ല.

ചിരുത എഴുന്നേറ്റ് മുറിയുടെ മൂലയിൽ പായ കൊട്ടിവിരിച്ചു. രാമച്ചമണമുള്ള കാളിക്കുട്ടിയുടെ മല്ലുമുണ്ടെടുത്ത് അതിൽ വിരിച്ചു. ബാക്കികിടന്ന തുണികൾ മടക്കി ഒരു തോർത്തിൽ പൊതിഞ്ഞ് തലയിണയാക്കി. വിളക്കിൽ എണ്ണയൊഴിച്ചു കത്തിച്ചു തിരി താഴ്ത്തി​െവച്ചു. ഇറയിൽനിന്ന് അൽപം ഇഞ്ചയും കുറച്ചു രാമച്ചവും തോർത്തും എടുത്ത് ‘‘അമ്മ കുളിച്ചേച്ച് വരാ...’’ എന്നും പറഞ്ഞ് കടവിലേക്ക് പോയി. ആരോ നിർദേശം കൊടുത്തപോലെ ചിന്നൻ ഇറയിൽനിന്ന് മടവാളെടുത്ത് മുറ്റത്തെ കല്ലിൽ തേച്ചുമിനുക്കാൻ തുടങ്ങി.

കുളികഴിഞ്ഞ് ചിരുത കടവിൽത്തന്നെ അൽപസമയം ഇരുന്നു. ഏഴര വെളുക്കാൻ ഇനിയും നാഴിക ഏറെയുണ്ട്. ഉണങ്ങാത്ത മുടി അവൾ വിടർത്തിയിട്ടു. ഇരുൾ മിനുത്ത അവളുടെ നഗ്നമായ തോളുകളിൽ നിലാവ് വീണലിഞ്ഞു. നിറഞ്ഞുനിന്ന കണ്ണുകളിൽ കായൽ ആഴത്തിൽ പതിഞ്ഞുകിടന്നു. തോർത്തെടുത്ത് മാറത്തിട്ട് അവൾ മുറിയിലേക്ക് തിരിച്ചുകയറി. പെട്ടി തുറന്ന് കാളിക്കുട്ടിയുടെ മല്ലുമുണ്ടെടുത്തു വാസനിച്ച്, മാറോടു ചേർത്തുപിടിച്ച് അൽപസമയം നിന്നശേഷം മാടിയുടുത്തു. കൈതപ്പൂവിന്‍റെ ഒരിതൾ കീറി തലയിൽ കുത്തി. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പുറത്തേക്കിറങ്ങി.

പുറത്ത്, ചിന്നൻ എല്ലാം തയാറാക്കിയിരിക്കുന്നു. ഓലച്ചൂട്ട് കത്തിത്തുടങ്ങിയിരുന്നു. ഒന്നും പറയേണ്ടി വന്നില്ല. അവൻ വരമ്പിലൂടെ മുന്നിൽ നടന്നു. അൽപം മാറി ചിരുത പിന്നിലും. തലേന്നു പെയ്ത മഴയിൽ, വരമ്പിൽ ചെളി നിറഞ്ഞുകിടന്നു. കാലടികളുടെ ദൃഢത കണ്ടിട്ടാവണം അവരുടെ ഓരോ കാൽവെപ്പിലും വഴുക്കാതിരിക്കാൻ ചെളി മാറ്റി വരമ്പ് ഉറപ്പുകൊടുത്തു.

അമ്പലവയൽ തുടങ്ങുന്നതിനു തൊട്ടുമുന്നേ അവർ ഇടത്തോട്ട് തിണ്ടിറങ്ങി ഒരു പറമ്പിലേക്കു കയറി. ആ പറമ്പിലൂടെ നൂറു വാര നടന്നാൽ കാണുന്ന ആദ്യ കെട്ടിടം കല്ലുവേലിക്കാരുടെ നെൽപ്പുരയാണ്. അതിനപ്പുറം വിറകുപുര. അതും കഴിഞ്ഞാൽ കളിത്തട്ട്. കുടുംബത്തിലെ പുരുഷന്മാർക്ക് പകൽ മുഴുവൻ ചതുരംഗവും ശീട്ടും കളിക്കാനും വെടിവട്ടം പറഞ്ഞ് വെറ്റില മുറുക്കാനുമുള്ള സ്ഥലമാണത്; ചിലർക്ക് നാടുനീളെ സംബന്ധം കഴിഞ്ഞ് രാത്രി വൈകി തിരിച്ചുവരുമ്പോൾ കാരണവർ അറിയാതെ വന്നു കിടക്കാനുള്ള ഇടവും.

കളിത്തട്ടിന് അൽപമകലെ തോട്ടുവക്കിൽ ചിരുത പതുങ്ങിയിരുന്നു. ചൂട്ട് നിലത്തു കുത്തി തീയൊതുക്കി അവളുടെ കൈയിൽ കൊടുത്ത് ചിന്നൻ ഒറ്റക്ക് ഇരുട്ടിലൂടെ കളിത്തട്ടിനടുത്തേക്കു നീങ്ങി. അടുത്തെത്തിയപ്പോൾ അവിടെ കിടന്നിരുന്ന രണ്ടു പേരിലൊരാൾ ഒന്നു ഞരങ്ങി. ചിന്നൻ നിലത്തു പതിഞ്ഞ് ഒച്ചയുണ്ടാക്കാതെ അടുത്തു ചെന്ന് രണ്ടുപേരുടെയും മുഖത്ത് സൂക്ഷിച്ചു നോക്കി. തിളച്ചുകയറുന്ന വെറുപ്പ്, അവന്‍റെ മുഖത്തു പാളി വീഴുന്ന നിലാവിൽ വ്യക്തമായി കാണാം.

‘‘മാധവൻ തമ്പ്രാനും വേറ ഒരു കെളവനും കെടപ്പുണ്ട്... കള്ളുകുടിച്ച് നല്ല ഉറക്കാണ് രണ്ടും...’’ ചിന്നൻ തിരിച്ചുവന്ന് ചിരുതയോട് പറഞ്ഞു.

‘‘നീ വീട്ടിപ്പോയി കടവി ഇരുന്നോ... ഞാൻ വന്നേക്കാം...’’ ചിന്നനോടു പറഞ്ഞ് ചിരുത കൈയിലിരുന്ന ചൂട്ട് വീശി. അവളുടെ ഉള്ളിലെ കനലിൽനിന്നെന്നപോലെ, തീത്തരികൾ വായുവിൽ ആളിപ്പടർന്നു. അമ്മയെ വിട്ട് ചിന്നൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. അൽപം ചെന്നു തിരിച്ചുവന്ന് അവളെ കെട്ടിപ്പിടിച്ചു.

‘‘നമ്മടെ അപ്പൻ.’’ അവൻ ചിരുതയുടെ തോളത്ത് മുഖമമർത്തി.

‘‘അപ്പന് വേണ്ടിയാണ് നമ്മ ഇത് ചെയ്യണത്...’’ ഉറപ്പോടെ, അവനെ അടർത്തിമാറ്റി ചിരുത ചൂട്ടുമായി മുന്നോട്ടുനടന്നു. ചിന്നൻ തിരിച്ചുനടന്നു. കൂരയെത്തുന്നതുവരെ അവൻ തിരിഞ്ഞു നോക്കിയതേയില്ല.

ചിരുത കളിത്തട്ടിന്‍റെ അരികിലെത്തുമ്പോൾ അവിടെ കിടന്നിരുന്ന രണ്ടുപേരും നല്ല ഉറക്കമായിരുന്നു. ചൂട്ടിന്‍റെ വെളിച്ചവും ചെറുശബ്ദങ്ങളും അവരെ ഉണർത്തിയതേയില്ല. ചൂട്ട് മുറ്റത്ത് കുത്തിയടുക്കി​െവച്ച് ചിരുത മെല്ലെ മാധവന്‍റെ അരികിലെത്തി. കണ്ണടച്ചു നീണ്ടുനിവർന്നു കിടന്നുറങ്ങുന്ന അയാളുടെ മുഖം ഒരു കുട്ടിയുടെപോലെ ശാന്തമാണ്. അടഞ്ഞുകിടക്കുന്ന ആ കണ്ണുകളിലാണ് ക്രൂരത മുഴുവൻ അടിഞ്ഞിരിക്കുന്നതെന്ന കാര്യം ചിരുതക്ക് ഓർമ വന്നു. മാറിലെ തോർത്ത് അവൾ അല്പം മാറ്റിയിട്ടു. പാളി വീഴുന്ന നിലാവെളിച്ചത്തിൽ അവൾ തെളിഞ്ഞു.

“തമ്പ്രാ… മാധവൻ തമ്പ്രാ…” അവന്‍റെ ചെവിയിലേക്ക് ചുണ്ടു ചേർത്ത് അവൾ മെല്ലെ വിളിച്ചു.

അയാൾ ഒന്നു ഞെരങ്ങി. അവൾ വീണ്ടും ഒരിക്കൽ കൂടി വിളിച്ചു. കണ്ണുതുറന്ന മാധവൻ ഞെട്ടലിൽ എന്തോ പറയാൻ തുടങ്ങിയതും അവൾ കൈനീട്ടി അയാളുടെ വായ മൃദുവായി പൊത്തി.

‘‘ഒച്ചേണ്ടാക്കല്ലേ... തമ്പ്രാ... ഞാനാ ചിരുത…’’ അവൾ മെല്ലെ പറഞ്ഞു.

ചുറ്റും പടരുന്ന കൈതപ്പൂവിന്‍റെയും രാമച്ചത്തിന്‍റെയും സുഗന്ധം. വിശ്വാസം വരാതെ മാധവൻ എഴുന്നേറ്റിരുന്നു. ബോധം തെളിഞ്ഞുവരാൻ ഒരു നിമിഷമെടുത്തു. അവളെ നോക്കി എന്തോ ചോദിക്കാനാഞ്ഞ അയാൾ ഒരു നിമിഷം ചുറ്റും നോക്കി. ചിരുത അപ്പോഴേക്കും മുറ്റത്തേക്ക് ഇറങ്ങിയിരുന്നു. അടുത്തു കിടന്നുറങ്ങുന്ന കാര്യസ്ഥൻ കുറുപ്പിനെ ഉണർത്താതെ മാധവൻ മെല്ലെ ഇറങ്ങി മുറ്റത്ത് ചിരുതയുടെ അടുത്തേക്കു വന്നു. അവൾ മെല്ലെ പുറകോട്ടു നീങ്ങി. കത്തുന്ന ചൂട്ടിനടുത്തേക്ക് എത്തുന്തോറും ഏറിവരുന്ന വെളിച്ചത്തിൽ മാറിലെ തോർത്ത് മാറിക്കിടക്കുന്നതിലായിരുന്നു മാധവന്‍റെ കണ്ണെത്തിയത്.

‘‘നീ എന്താടി ഇവിടെ... എന്നെ കൊല്ലാൻ വന്നതാ..?’’ മാറിൽനിന്ന് കണ്ണെടുക്കാതെ മാധവൻ ശബ്ദമമർത്തി ചോദിച്ചു. കണ്ണിലെ മയക്കം ക്രൂരതയിലേക്ക് വഴിമാറുന്നത് ചിരുത ചൂട്ടിന്‍റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടു.

‘‘അല്ല തമ്പ്രാ... എനിക്ക് ഒറ്റക്കു കിടന്നിട്ട് ഒറക്കം വരണില്ല... കാളിക്കുട്ടിത്താട്ടൻ എന്നെ കൊല്ലാൻ വരണത് സൊപ്നം കണ്ട് എണീറ്റതാ...’’ അയാൾ നിൽക്കുന്നതിന് അൽപം മുന്നിലായി അവൾ മുട്ടുകുത്തിയിരുന്നു.

‘‘അതിന് ഇവിടെ എന്താ നിനക്ക് പണി..?’’ ചോദിക്കുന്നതിനിടയിൽ മാധവൻ ചുറ്റും നോക്കി.

‘‘ആരൂല്ല തമ്പ്രാ ഞാൻ ഒറ്റക്കാ വന്നത്... ദുഷ്ടനായിരുന്ന് തമ്പ്രാ അയാൾ. എന്നെ തല്ലി ഈ കോലത്തിലാക്കിയത് ആ ദുഷ്ടനാണ്... തമ്പ്രാൻ കൊന്നത് നന്നായി... അല്ലേ ഞാൻ കൊല്ലണ്ടി വന്നേനെ... അത് പറയാനാ ഞാനീ പാതിരാത്രി തമ്പ്രാനെ അന്വേഷിച്ചു വന്നത്…. നാളെ ഞങ്ങ ഈ നാട്ടീന്ന് പോണേണ്...’’ ചിരുത കണ്ണുകളുയർത്തി മാധവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

‘‘പെലക്കള്ളി ആള് കൊള്ളാലോ... ഇവിടെ ഒന്നും പറ്റില്ല... ആരേലും കണ്ടാ പിന്നെ അതുമതി...’’ മാധവൻ ഒരു വിടലച്ചിരി ചിരിച്ച് ചുറ്റും നോക്കി.

‘‘എന്ന തമ്പ്രാൻ തമ്പ്രാന്‍റ പാട് നോക്ക്... ഞാൻ പോണ്... കൂരേല് ആരുല്ല... പിള്ളേരെ ചാത്തൻ കൊണ്ടോയ കാരണം ഒറ്റയ്ക്ക് കിടക്കാൻ പേടിയായപ്പ പറഞ്ഞതാണ്...’’ അവനെ നോക്കി ചുണ്ടുകോട്ടി പുഞ്ചിരിച്ച് ചൂട്ടും വീശി അവൾ തിരിച്ചുനടന്നു. കാറ്റിൽ അലിഞ്ഞെത്തിയ രാമച്ചഗന്ധത്തിൽ മാധവൻ അപ്പോഴേക്കും ഉലഞ്ഞുതുടങ്ങിയിരുന്നു.

വരമ്പിലൂടെ കൂരയിലേക്ക് നടക്കുമ്പോൾ പുറകിൽ മാധവൻ നടക്കുന്നത് ചിരുതയറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കിയതേയില്ല. ഒന്നും ശ്രദ്ധിക്കാത്ത ഭാവത്തിൽ ഉടലിളക്കി അവൾ അലസമായി നടന്നു. അരികിലെ പൊന്തയിൽ നിലാവിൽ തെളിഞ്ഞ ഒരു പൂവിറുക്കാനെന്ന മട്ടിൽ ഒന്നു നിന്നു. തന്‍റെ ഉടലഴകിൽ വീഴുന്ന നിലാവ് മാധവനിൽ തീപടർത്തുന്നതു മനസ്സിൽ കണ്ട് നടത്തം വീണ്ടും തുടർന്നു.

അവർ നടന്ന് തുരുത്തിലെത്തുമ്പോഴും ചിന്നൻ വഞ്ചിയിൽ തന്നെ ഇരിക്കുകയായിരുന്നു. എന്തു കേട്ടാലും കണ്ടാലും വഞ്ചിയിൽനിന്ന് അനങ്ങരുത് എന്ന നിർദേശം ചിരുത കൊടുത്തിരുന്നു. പാത്രങ്ങളും തുണിഭാണ്ഡവും വഞ്ചിയിൽ കയറ്റി അവൻ അവിടെത്തന്നെ പതുങ്ങിയിരുന്നു.

കൂരയിൽ എത്തിയ ചിരുത വിളക്കിലെ തിരി മെല്ലെ ഉയർത്തി, വാതിൽ കടന്നുവരുന്ന ആളെ കാത്തിരിക്കുന്നതുപോലെ പായയിൽ ഇരുന്നു. കൂരയ്ക്കു പുറത്ത് മാധവൻ ഒരു നിമിഷം അറച്ചുനിന്ന് ചുറ്റും നോക്കി. അധികാരത്തിന്‍റെ ധൈര്യം കൂടപ്പിറപ്പാണെങ്കിലും ഇന്ന് അകാരണമായ ഭയം ഉള്ളിൽ നിറയുന്നതുപോലെ അയാൾക്ക് തോന്നി. കൂരയുടെ വിടവിലൂടെ അയാൾ അകത്തേക്കു നോക്കി. മുടി വിടർത്തിയിട്ട്, മാറിലെ തോർത്തു മാറ്റി, കാലുകൾ നീർത്തി അലസയായി ചിരുത. അവളുടെ രാമച്ചഗന്ധം ചുറ്റും തങ്ങിനിൽക്കുന്നു. അടക്കാനാവാത്ത തള്ളലിൽ ജാതിഭ്രഷ്ട് തൽക്കാലം മാറ്റി​െവച്ച് മാധവൻ അകത്തേക്കു കയറി. കാത്തിരുന്നതുപോലെ ചിരുത അവനെ നോക്കി പുഞ്ചിരിച്ചു. പായിന്‍റെ അരികിലേക്ക് നീങ്ങിയിരുന്ന് വീണ്ടുമൊരു നോട്ടമയച്ചു.

മാധവന്‍റെ അധികാരബോധമുണർന്നു. ദയാരഹിതനായി തന്നിലേക്കു ചാടിവീണ അവനിൽനിന്നവൾ തെന്നിമാറി. കിലുകിലെ ചിരിച്ച് വെട്ടിയൊഴിയുന്ന അവളെ പിടിക്കാൻ ശ്രമിക്കുമ്പോൾ അവനും കളിയിൽ രസം പിടിക്കുന്നുണ്ട്. പിടുത്തം കൊടുക്കാതെ കളിപ്പിക്കുന്ന ഇരയെ കിട്ടുമെന്നുറപ്പുള്ള വേട്ടക്കാരന്‍റെ കളിയിലെ ആനന്ദം.

‘‘വയ്യ തമ്പ്രാ... ഞാൻ തോറ്റ്...’’ അവൾ പിടികൊടുത്തു. മാധവൻ അവളെ അടക്കം പിടിച്ചുയർത്തി.

‘‘എന്തിനാണപ്പാ ഇത്ര തെരക്ക്...’’ തന്നെ ബലമായി പായയിലേക്കു വലിക്കുന്ന അവനെ തടഞ്ഞ് അവൾ പറഞ്ഞു.

‘‘തമ്പ്രാൻ കെടന്നേ... ഞാക് ഉഴിച്ചിലറിയാ... ആദ്യം നെഞ്ചുഴിയണാ... അതാ പൊറമുഴിയണാ..?’’ അവനെപ്പിടിച്ച് ബലമായി കിടത്തി അവൾ ചോദിച്ചു.

‘‘നിന്‍റെ ഇഷ്ടംപോലെ ചെയ്യ് പെണ്ണേ...’’ അവളുടെ വാക്കുകൾ ആസ്വദിച്ചു തുടങ്ങിയതോടെ അനുസരണയുള്ള കുട്ടിയെപ്പോലെയായി മാധവൻ.

 

‘‘എന്നാ കമന്നു കിടക്ക്... തമ്പ്രാ...’’ അവനെ ഉന്തി കമഴ്ത്തി കിടത്തി ചിരുത മുകളിൽ കയറിയിരുന്നു.

പെറ്റെണീറ്റ് മൂന്നാം നാളിൽ എടുക്കുന്ന ആയാസത്തിൽ അരക്കെട്ടിലും തുടകളിലും നിറയുന്ന വേദനയെ അവൾ പല്ലുകൾ കടിച്ചിറുക്കിയടക്കി. അടുത്ത നിമിഷത്തിൽ സംഭവിക്കാനുള്ള നിയോഗമോർത്തപ്പോൾ അവളുടെ വലതുകൈ മെല്ലെ തലയിണയുടെ അടിയിലേക്ക് നീങ്ങി.

ഉഴിച്ചിലിന്‍റെ സുഖത്തിലും, നടക്കാൻ പോകുന്ന സുരതത്തിന്‍റെ ചിന്തയിലും അവനവനിലേക്കു ലയിച്ച നിമിഷത്തിൽ തേച്ചുമിനുക്കി തലയിണക്കടിയിൽ ​െവച്ചിരുന്ന മടവാളെടുത്ത് കഴുത്തിലെ കുറുഞരമ്പ് നോക്കി സർവശക്തിയുമെടുത്ത് അവൾ ഉറപ്പോടെ വെട്ടി. അലറിവീണ മാധവന്‍റെ കഴുത്തിൽനിന്നു ചോര ചീറ്റി. രണ്ടാമത്തെ വെട്ട് ഇടതു തോളിലാണ് പിളർന്നുകയറിയത്. ചിരുത വെട്ടിയ മൂന്നാമത്തെ വെട്ട് അലറിയെഴുന്നേറ്റ മാധവൻ തടഞ്ഞു. ബലിഷ്ഠമായ വലതുകൈ അവളുടെ കഴുത്തിൽ അമർന്നു. ചീറ്റുന്ന ചോര വാർന്ന് കൈയിലെ ശക്തി ക്ഷയിക്കാനെടുത്ത സമയം മുഴുവനും കഴുത്തിനെ ഞെരിക്കുന്ന പിടിയിൽ ശ്വാസം കിട്ടാതെ കണ്ണുകൾ തുറിച്ച് ചിരുത പിടഞ്ഞുകൊണ്ടിരുന്നു. അതിനിടയിൽ അവളുടെ കൈ തട്ടിത്തെറിച്ച വിളക്ക് കൂരയുടെ ഓലയിലേക്കു വീണ് തീ ചുറ്റും പടർന്നുകയറാൻ തുടങ്ങി. അപ്പോഴേക്കും രണ്ടുപേരും രണ്ടിടത്തായി അടിഞ്ഞു വീണിരുന്നു.

കടവിൽ വഞ്ചിയിലിരുന്നിരുന്ന ചിന്നൻ, അലർച്ച കേട്ട് ഒരിക്കൽ എഴുന്നേറ്റതാണ്. എന്തു കേട്ടാലും വഞ്ചിയിൽനിന്നിറങ്ങി വരരുതെന്ന അമ്മയുടെ നിർദേശം അവനോർമ വന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ, ആശങ്കയോടെ തലകുനിച്ച് അവനിരുന്നു. കൂരയുടെ തെക്കുഭാഗത്തു തീ പടരുന്നത് പിന്നീടാണു കണ്ടത്. എന്തുവന്നാലും പോയി നോക്കാമെന്നുറപ്പിച്ച്‌ അവൻ അവിടേക്ക് ഓടിയെത്തി. നിമിഷവേഗത്തിൽ മുന്നിൽ അഗ്നിനാളങ്ങൾ വളരുകയാണ്. അലറി വിളിച്ച് അവൻ അകത്തു കയറാൻ ശ്രമിച്ചു. ഒന്നിനും അനുവദിക്കാതെ ചുറ്റും പടർന്നു കയറുന്ന തീയുടെ താണ്ഡവമാണ് മുന്നിൽ. അതിനിടയിലൂടെ, ഇതുവരെ കണ്ടിട്ടില്ലാത്തവിധം ഒരു തീനാളമായി ജ്വലിച്ചു കിടക്കുന്ന, അമ്മയുടെ മുഖം അവൻ മിന്നൽപോലെ കണ്ടു. അതിനപ്പുറം രക്തം വാർന്ന് കമിഴ്ന്നു കിടക്കുന്ന മറ്റൊരു ശരീരം. അവൻ നോക്കിനിൽക്കെ മേൽക്കൂര കത്തിയമർന്ന് അവരുടെ മുകളിലേക്കു വീണു. എല്ലാം കഴിഞ്ഞു എന്നവനുറപ്പായി. ഒന്നും മിണ്ടാതെ ചിന്നൻ വഞ്ചിയിലേക്കു നടന്നു.

എന്തുചെയ്യണമെന്നറിയാതെ വഞ്ചിയിൽ ഒരു നിമിഷം ഇരുന്ന അവൻ അമ്മയുടെ വാക്കുകളോർത്തു. പങ്കായമെടുത്ത് മെല്ലെ അവൻ വടക്കോട്ടു തുഴയാൻ തുടങ്ങി. രാത്രി വെളുക്കുന്നതിനു മുന്നേ കൊച്ചിരാജ്യം കടക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതിനപ്പുറം എങ്ങോട്ടു പോകണമെന്നവനറിയില്ല. ചിന്നന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. കായലിൽനിന്നു തണുത്ത കാറ്റ് വീശി. അവന്‍റെ കണ്ണീരിന്‍റെ ഉപ്പ് രുചിച്ചപ്പോൾ അതും മൂകമായി അനക്കമറ്റു നിന്നു.

ചേരാനല്ലൂർ കടവെത്തുന്നതിനു മുന്നേ ചിന്നൻ തിരിഞ്ഞു നോക്കി. അങ്ങകലെ ഒരു പൊട്ടുപോലെ അവസാനത്തെ ആഴിയും അണയുന്നു. അമ്മയും അപ്പനും ദഹിച്ചമർന്ന ദേശം എന്നെന്നേക്കുമായി ഉപേക്ഷിച്ച് ചിന്നൻ മുന്നോട്ടു തുഴഞ്ഞു. അകലെ തിരുവിതാംകൂർ ഉറക്കം വിട്ടുണർന്നു തുടങ്ങുന്ന സമയമായിരുന്നു.

ചേരാനല്ലൂർ കടവു കഴിഞ്ഞപ്പോഴാണ് ആദ്യ മഴത്തുള്ളി വീണത്. എത്രയും പെട്ടെന്ന് കൊച്ചി കടക്കണം എന്ന തോന്നലിൽ അവൻ ആഞ്ഞു തുഴഞ്ഞു. അവന്‍റെ ഉള്ളിലെ തീയണക്കാൻ തുടങ്ങിയ മഴ പലതുള്ളിയായി പെരുകാൻ തുടങ്ങി. ചെറുതായി തുടങ്ങിയ കാറ്റും കനത്തതോടെ കണ്ണുതുറക്കാൻ കഴിയാത്തവിധം മഴത്തുള്ളികൾ തറഞ്ഞു വീഴാൻ തുടങ്ങി. വഞ്ചി കൈയിൽ നിൽക്കുന്നില്ല. എന്തുചെയ്യണമെന്നറിയാതെ ചിന്നൻ ബലത്തിൽ തുഴപിടിച്ചു തലകുനിച്ചിരുന്നു. കാറ്റിലും മഴയിലും ആടിയുലഞ്ഞ് വഞ്ചി എങ്ങോട്ടെന്നില്ലാതെ ഒഴുകാൻ തുടങ്ങി. ഏതു നിമിഷവും താനും മരിക്കാമെന്നവനു തോന്നി.

വഞ്ചി ഏതോ ഒരു വരമ്പിൽ അടുത്തപ്പോഴാണ് അവൻ തലപൊക്കിയത്. ചുറ്റും പടർന്നു നിൽക്കുന്ന കണ്ടൽക്കാട്. ചാഞ്ഞു കിടന്ന വേരിൽ പിടിച്ച് കണ്ടൽ പടർപ്പിനുള്ളിലൂടെ അവൻ നൂണ്ടുകടന്നു. ഇരുട്ടിൽ, മുന്നിലൊരു തെങ്ങിൻതോപ്പ് മങ്ങിത്തെളിയുന്നു. വെളിച്ചത്തിൽ സ്വാതന്ത്ര്യമില്ലാത്ത അവന്‍റെ കൂട്ടർക്കും അവനും ഇരുളിനെ ഭയമില്ലായിരുന്നു. ഒരു വെളിമ്പ്രദേശമോ വെളിച്ചമോ എവിടെയെങ്കിലും കാണാതിരിക്കില്ല. മുന്നിലെ കുറ്റിച്ചെടികൾ വകഞ്ഞുമാറ്റി അവൻ മുന്നോട്ടുതന്നെ നടന്നു. ചേരാനല്ലൂർ കടവു വിട്ടിട്ട് വഞ്ചി കുറെയധികം പോന്നിട്ടുണ്ട്. ഈ പ്രദേശം തിരുവിതാംകൂർ തന്നെയാവണം എന്നവനു തോന്നി.

അകലെ വെളിച്ചം കണ്ടതോടെ പ്രതീക്ഷ തെളിഞ്ഞു. മഴ വീണ് തണുത്തു വിറങ്ങലിച്ച ഇളംശരീരം ചെറുതായി വിറക്കുന്നുണ്ട്. അകലെ ഒരു കൂരയുടെ ഇറയത്ത് മുനിഞ്ഞു കത്തുന്ന വിളക്ക് കാഴ്ചയിൽ തെളിഞ്ഞുവന്നു. ചിന്നന്‍റെ നടപ്പിനു വേഗമേറി. ആ നിമിഷമാണ് എന്തോ ചവിട്ടിയതും പുളഞ്ഞ വഴുവഴുപ്പ് കാലിൽ ചുറ്റിയതും. ഇടതുകാൽ മടമ്പിലാണ് കടി കിട്ടിയത്. നട്ടെല്ലിൽനിന്നു ഭയത്തിന്‍റെ ഒരു തരിപ്പ് തലയിലേക്കടിച്ചു കയറി. കാലിൽ ചുറ്റിയതിനെ കുടഞ്ഞെറിഞ്ഞ് അവനോടി.

=========

‘പതമ്പ്​’ എന്ന പേരിൽതന്നെ, ശ്രീനാഥ്​ ശങ്കരൻകുട്ടി എഴുതിയ നോവലിന്റെ ആദ്യ രണ്ട്​ അധ്യായങ്ങൾ കൂടിയതാണ്​ ഇൗ കഥ.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.