‘‘അർഹതയില്ലാത്തവന്റെ സ്മാരകത്തിന് തീയിടുന്നതും വിപ്ലവമാണ്’’, കുളിമുറിയിൽനിന്നും നനവോടെ ഇറങ്ങിനിന്ന അമ്പിളി അജയന്റെ ഈ വാക്കുകൾ പലതവണ കേട്ടു. കട്ടിലിൽ കമഴ്ന്നുകിടക്കുന്ന അജയൻ അതുതന്നെ ആവർത്തിക്കുന്നു. ഉച്ചക്കിങ്ങനെ അവധിയെടുത്ത് വരുന്നത് എന്തിനാണെന്ന് അമ്പിളിക്ക് നല്ലതുപോലെ അറിയാം. അവന്റെ കഴുത്തിന് പിന്നിൽ നനഞ്ഞ മുടി ഇഴയിച്ചു. ചെവിയിൽ ഉമ്മവെച്ചു. ഞെട്ടലോടെ കട്ടിലിന്റെ ചാരിൽ നിവർന്നിരുന്ന അജയന്റെ കണ്ണുകളിൽ ഭ്രാന്തിന്റെ തിളക്കം.
ശോഭീന്ദ്രൻ സ്മാരക വായനശാലയുടെ വാർഷിക ആഘോഷം വിളിച്ചറിയിക്കുന്ന ജീപ്പിൽ ‘സ്വാഗതം, ശ്രീ അജയൻ, സീനിയർ ക്ലാർക്ക് വനം വകുപ്പ്’ എന്ന നോട്ടീസിലെ വരിയുടെ മുഴക്കം. കട്ടിലിന്റെ അരികിലുള്ള കുഞ്ഞു ടീപ്പോയിയിലിരുന്ന അതേ നോട്ടീസിന്റെ ഒരു കെട്ട് അമ്പിളിയുടെ നേർക്ക് അജയൻ വലിച്ചെറിഞ്ഞു.
‘‘ശോഭീന്ദ്രന്റെ പേരിലുള്ള ഈ വായനശാലക്ക് ഞാൻ തീവയ്ക്കും. മിത്രനെ പുറത്തിറക്കാൻ വക്കീലിനെ വച്ച് ഞാൻതന്നെ ജാമ്യം നിൽക്കും’’, ജനാലയുടെ അഴികളിൽ തൂങ്ങി, അടുത്ത റൗണ്ട്സിന് വായനശാലയുടെ മുറ്റത്ത് തിരിക്കുന്ന ജീപ്പിന്റെ നേർക്കാണ് അജയന്റെ നോട്ടവും പറച്ചിലും. കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയിട്ട് വായനശാലയിലേക്ക് നോട്ടീസിന്റെ കെട്ടുമായി ഓടുന്ന അമ്പിളിയെ വാർഷിക വേദിക്ക് പന്തലൊരുക്കുന്ന പണിക്കാരെല്ലാം ആകാംക്ഷയോടെ നോക്കി. വായനശാലയുടെ മുറ്റത്ത് മനുഷ്യപ്പൂക്കളം. നടുവിൽ കൂമ്പി നിൽക്കുന്ന അമ്പിളിപ്പൂവ്. ചിതറി വീഴാനായ നോട്ടീസിന്റെ ഇതളുകൾ. ജനാല വഴി അതെല്ലാം നോക്കി നിൽക്കുന്ന അജയൻ. കുഴഞ്ഞു വീഴുന്ന അമ്പിളിയെ മറ്റു പൂക്കൾ ഉള്ളിലേക്ക് എടുത്തുകൊണ്ടുപോകുന്നു.
ശോഭി സാറ് നാടിന്റെ വെളിച്ചമായിരുന്നു. കിടപ്പിലായ അദ്ദേഹത്തെ പട്ടിക്കൂട്ടിലാക്കി, ചുറ്റും തീയിട്ട്, മരണം ഉറപ്പിച്ച ഒറ്റമകൻ മിത്രൻ ഇപ്പോൾ ജയിലിലാണ്. പ്രതിയെ പിടികൂടി പൊലീസിന്റെ കൈയിൽ ഏൽപിക്കാനും പഴുതില്ലാതെ തടവറ ഉറപ്പിക്കാനും ആ പറമ്പിൽ ശോഭീന്ദ്രൻ സ്മാരക വായനശാല പണികഴിപ്പിക്കാനും അരുമ ശിഷ്യനായ അജയനായിരുന്നു ഏറ്റവും മുന്നിൽ.
മനസ്സിന്റെ താളം ഒരൽപം പിഴച്ച അജയന് ചികിത്സ ഉറപ്പാക്കിയതും മടങ്ങിവന്ന കാലത്ത് പ്രണയമുണ്ടായിരുന്ന അമ്പിളിയെയും അവളുടെ വീട്ടുകാരെയും പറഞ്ഞു മനസ്സിലാക്കി അവളെ കൈ പിടിച്ചേൽപിച്ചതും ശോഭി സാറായിരുന്നു. ജോലി, വീട്, ദാമ്പത്യം എന്തിനും അവർക്ക് ശോഭി സാറിന്റെ ഉത്തരം വേണം. ഒരു പ്രതിമയുണ്ടാക്കിക്കൊടുത്താൽ പൂജാമുറിയിൽ വെക്കാനും അവർ ഒരുക്കമായിരുന്നു. ആ നാടിനും അതങ്ങനെ ആയിരുന്നെന്ന് കൊല്ലപ്പെട്ട സാറിന്റെ ചിതയിൽ പുക പൊങ്ങിയപ്പോൾ കരളുനീറി നിന്ന വലിയ ജനക്കൂട്ടം സാക്ഷി പറയും.
വായനശാലയുടെ ഉള്ളിൽ അമ്പിളിയെ കേൾക്കാൻ വാർഷികാഘോഷ കമ്മിറ്റി അംഗങ്ങൾ ഒരുങ്ങിനിന്നു. ഫാനിന്റെ കാറ്റ് തികയാത്തത് തോന്നിയിട്ട് റാക്കിൽനിന്നും വലിച്ചെടുത്ത ഒരു നോവലിനെ വിശറിയാക്കിയ സെക്രട്ടറി അവളോട് ‘ഇനി, പറയാമെന്ന്’ നോക്കി. നോട്ടീസുകെട്ട് നീക്കിവെച്ച് വനിതാ എക്‌സിക്യൂട്ടിവ് അംഗം അവളെ തന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി.
‘‘അജയേട്ടൻ നമ്മുടെ വായനശാലക്ക് തീവയ്ക്കും. ആ മിത്രനെ ജാമ്യത്തിലിറക്കും’’, അമ്പിളി എക്‌സിക്യൂട്ടിവ് അംഗത്തിന്റെ നെഞ്ചിൽ മുഖംപൂഴ്ത്തി, കരയാൻ തുടങ്ങി. കഥയുടെ രണ്ട് വരിമാത്രം കിട്ടിയവർ പല ഭാഗങ്ങളിൽനിന്ന് ഭാവനയുടെ വലിപ്പത്തിനൊത്ത് പൂരിപ്പിച്ചു. പട്ടിക്കൂട്ടിൽനിന്നും ശോഭി സാറിന്റെ രക്തമൊലിക്കുന്ന ശരീരം ആംബുലൻസിലേക്ക് ചുമന്ന സെക്രട്ടറിക്കായിരുന്നു കൂടുതൽ ചുവന്ന കഥ കിട്ടിയത്.
പുസ്തകങ്ങൾക്ക് തീപിടിക്കുന്നതും ചിത്രത്തിലുള്ള ശോഭി സാർ നിലവിളിക്കുന്നതും സങ്കൽപിച്ചു നിൽക്കുന്ന അജയൻ തടവിലുള്ള മിത്രന്റെ അവസ്ഥ ഓർത്തു. അമ്പിളി പൂട്ടിയിട്ട കിടപ്പുമുറിയിൽ ഏതാനും മിനിറ്റുകൾ, മിത്രൻ ഏറെക്കാലമായി ഇരുമ്പഴിക്കുള്ളിൽ. അതിന്റെ ശരിക്കുള്ള കാരണക്കാരൻ താനാണ്.
മിത്രനെ അമ്മയുടെ മരണം അറിയിക്കാൻപോലും കഴിഞ്ഞില്ല. അവനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ശോഭി സാറിന്റെ തല കുനിയുന്നത് നാട് കണ്ടു. ‘‘അജയാ നീ മിത്രന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ ചെയ്യണം’’, ശോഭി സാർ വിതുമ്പിപ്പോയി. നാട്ടുകാരുടെ കൈയിൽ അന്നെങ്ങാനും മിത്രനെ കിട്ടിയിരുന്നെങ്കിൽ? പട്ടാളക്കാരന്റെ ലക്ഷണവുമുണ്ടായിരുന്നില്ല. സൈനിക യൂനിഫോമിലാണ് മിത്രൻ ഒരുദിവസം നാട്ടിൽ പ്രത്യക്ഷപ്പെട്ടത്. മിത്രൻ സൈന്യത്തിലായിരുന്നോ? നാട് തമ്മിൽ ചോദിച്ചു. ഉത്തരം തരാനുള്ള ശോഭി സാർ അവന്റെ വരവിനു ശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങാതായി.
അമ്പിളി പഴയതുപോലെ മൂന്ന് നേരവും ഭക്ഷണവും സാറിനുള്ള അലക്കിയ വസ്ത്രങ്ങളും മേശപ്പുറത്ത് വെച്ചിട്ട് ഇറങ്ങിപ്പോരും. മിത്രന്റെ മുറിയിൽനിന്ന് ഒരു മൗത്ത് ഓർഗണിന്റെ പാട്ടും. ശോഭി സാറിന്റെ മുറിയിൽനിന്ന് ഞരക്കങ്ങളും മാത്രമേ കേൾക്കാറുള്ളൂവെന്നും ഒറ്റക്ക് അവിടെപ്പോകാൻ ഭയം തോന്നുന്നുവെന്നും അവൾ പലതവണ അജയനോട് പരാതി പറഞ്ഞിരുന്നു.
ധൈര്യം സംഭരിച്ച് ഒരിക്കൽ അജയൻ ശോഭി സാറിനെ കാണാൻ കയറിച്ചെന്നു. അമ്പിളി കൊണ്ടുവെച്ച ഉച്ചഭക്ഷണം ഒറ്റക്കിരുന്ന് കഴിക്കുന്ന മിത്രൻ അജയനോട് ചിരിച്ചു. ശോഭി സാർ മുറി ഉള്ളിൽനിന്ന് പൂട്ടിയിരിക്കുന്നു. പലതവണ വിളിച്ചിട്ടും ഫാനിന്റെ കറക്കമല്ലാതെ മറ്റൊന്നും കേട്ടില്ല. അലക്കിയ വസ്ത്രങ്ങളിൽ ഭക്ഷണം കഴിച്ചിട്ട് തുടച്ച പാടുകൾ.
‘‘ഉറക്കമായിരിക്കും’’ പാത്രങ്ങൾ കഴുകിവെക്കുന്നതിനിടയിൽ മിത്രൻ വീണ്ടും ചിരിച്ചു. ശോഭി സാറിനെ വല്ലപ്പോഴും വീടിന്റെ മുന്നിൽ കണ്ടാലായി. ക്ലീൻ ഷേവായിരുന്ന സാറിന്റെ മുഖത്തും അമ്പിളി വൃത്തിയാക്കിയിട്ടിരുന്ന വീടിന്റെ മുറ്റത്തും കളകയറി ഇരുട്ട് വീണു.
ഗേറ്റിൽ വളർന്നു പടർന്ന കാട്ടുവള്ളിയിൽ കരിനീല നിറമുള്ള പൂവ് വിരിഞ്ഞു. പരാതിയും ഉപദേശങ്ങളും തേടി വന്നവരെ മിത്രന്റെ നോട്ടം തടഞ്ഞു. ‘കണ്ടേ തീരൂ’വെന്ന് തങ്ങിനിന്നവരെ പട്ടാള ഉടുപ്പിന്റെ മുഷിപ്പൻ ഗന്ധം അടുത്തേക്ക് നീങ്ങിവന്ന് വിരട്ടാനും ശ്രമിച്ചു. ഭക്ഷണത്തിന്റെ മഞ്ഞനിറം പറ്റിയ ഉടുപ്പും മുഷിഞ്ഞ മുണ്ടും ഉടുത്ത് മുറ്റത്ത് നിൽക്കുന്ന ശോഭി സാറിനെ തിരിച്ചറിയാൻ അജയനും അമ്പിളിക്കും കഴിഞ്ഞില്ല. ഉറച്ചുപോയ ഗേറ്റിന്റെ കൊളുത്ത് ഉയർത്തുന്ന ശബ്ദം കേട്ട ശോഭി സാർ, വീടിന്റെ ഉള്ളിലേക്ക് തിരക്കിട്ട് ഓടിക്കയറി.
കരച്ചിലിന്റെ വക്കിലെത്തിയ അമ്പിളിയെ അജയൻ ചേർത്തുപിടിച്ചു. കാട് മൂടിയ മുറ്റത്തിന്റെ പട്ടിക്കൂടിനോട് ചേർന്ന ഭാഗത്ത് കസേരയിട്ടിരുന്ന് വായിക്കുന്ന മിത്രനെ തുറിച്ചുനോക്കിയിട്ട് അമ്പിളി അജയനുമായി ഇറങ്ങിപ്പോയി. ഗേറ്റിന്റെ കൊളുത്ത് കല്ലുകൊണ്ട് ഇടിച്ചു ചേർത്തുവെക്കുന്ന മിത്രൻ. അമ്പിളി വെറുപ്പോടെ പിറുപിറുത്തു.
സ്വാതന്ത്ര്യ ദിനത്തിന്റെ രണ്ടുനാൾ മുമ്പ് ശോഭി സാറിനെ അതിഥിയായി ക്ഷണിക്കാൻ വന്നവർക്കൊപ്പം അജയൻ മനസ്സില്ലാ മനസ്സോടെ ആ ഗേറ്റിന്റെ സമീപം ചെന്നു. പട്ടിക്കൂട്ടിനുള്ളിൽ ആ വെളുത്ത ഉടുപ്പും മുഷിഞ്ഞ മുണ്ടും. ഉയർന്നിരിക്കുന്ന ശോഭി സാറിന്റെ വിരലിൽനിന്ന് രക്തമൊലിക്കുന്നു. കസേരയിൽ ആ രംഗങ്ങൾ നോക്കി സിഗരറ്റ് പുകക്കുന്ന മിത്രൻ.
അമ്പിളിയാണ് അജയന്റെ കരച്ചിൽ കേട്ട് ആദ്യം വന്നത്. ക്ഷണിക്കാൻ വന്നവരും നാട്ടുകാരും നോക്കിനിൽക്കേ അവളൊരു കല്ലെടുത്ത് ആ കൊളുത്ത് ഇടിച്ചുയർത്തി. അജയൻ ആ കല്ലുവാങ്ങി മിത്രന്റെ നേർക്ക് ആദ്യ ഏറ് പായിച്ചു. നെറ്റിയും പൊത്തിപ്പിടിച്ച് മറ്റു കല്ലുകളിൽ നിന്നൊഴിഞ്ഞ് വീട്ടിനുള്ളിലേക്ക് ഒളിക്കുന്ന മിത്രൻ. വീടിന്റെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുന്ന അമ്പിളിയുടെ അലർച്ചകൾ. വാർത്തിട്ട കൂടിന്റെ മുകൾഭാഗം പൊളിച്ചാണ് സാറിനെ പുറത്തെടുത്തത്. ചെറിയ വാതിലിലൂടെ ഉള്ളിലേക്ക് തിരുകി കയറ്റുന്നതിനിടയിലുണ്ടായ മുറിവുകളിൽനിന്ന് രക്തമൊഴുകി കൂട്ടിനുള്ളിൽ തളംകെട്ടി നിൽക്കുന്നു. വാതിലുകളെല്ലാം പൂട്ടി ഉള്ളിലിരിക്കുന്ന മിത്രന്റെ ഒരു ചിത്രത്തിന് ചാനലുകൾ മൈക്കും കാമറയുമായി തിരഞ്ഞു നടക്കുന്നു.
വാതിൽ ചവിട്ടിത്തുറന്ന പൊലീസുകാരൻ ശോഭി സാറിന്റെ ശിഷ്യനായിരിക്കും. ജീപ്പിനുള്ളിലേക്ക് കയറ്റുന്നതിനിടയിൽ നാട് മുഴുവൻ മിത്രനെ കൈെവച്ചു. പൊലീസുകാരന്റെ ഷൂസിന് കീഴിലുള്ള മിത്രന്റെ കവിളിൽ അമ്പിളി കൈവീശി അടിച്ചു. കഴുത്തിന് പിടിച്ച് പുറത്തേക്ക് വലിച്ചിടാൻ ശ്രമിച്ചു.
മൂന്നാം ദിവസം ശോഭി സാർ മരിച്ചു. ചുവരുകളിലെ ആദരാഞ്ജലികൾ ചിത്രങ്ങൾക്ക് ചുവട്ടിലും റീത്തുകളും പൂവും വെച്ചിട്ട് പോയവരുണ്ട്. ജീപ്പിലെത്തിച്ച മിത്രനെ ശരീരം കാണിക്കാൻ പൊലീസും, കാണിക്കാതിരിക്കാൻ വിതുമ്പിനിന്ന നാടും തമ്മിൽ തർക്കിച്ചു.
കോടതി മുറിയിൽ സാക്ഷി പറഞ്ഞവർ തൂക്കുകയർ കിട്ടാനുള്ള കഥകൾ വാശിയോടെ പറഞ്ഞു. ജീവപര്യന്ത വിധിയിലും ദുഃഖിച്ചു. അമ്പിളി തലചുറ്റി വീണു. അജയൻ വക്കീലിനോട് മേൽക്കോടതിയിൽ ഹരജികൊടുക്കാനുള്ള വഴി തിരഞ്ഞു. ശോഭി സാറിന്റെ ചിത്രം പൂർത്തിയാക്കിയ അമ്പിളിയാണ് കണ്ണുതുടച്ച് ശോഭീന്ദ്രൻ സ്മാരക വായനശാല എന്ന ആശയം മുന്നോട്ട് വെച്ചത്. അജയന്റെ ദുഃഖം അതിന്റെ നിർമാണ ചുമതലയിൽ മാഞ്ഞുപോവാൻ തുടങ്ങി. ശോഭി സാറിന്റെ ചിതയിൽനിന്ന് പത്ത് ചുവട് നടന്നാൽ റോഡിലേക്ക് തുറന്നു ചിരിച്ചുനിൽക്കുന്ന സ്മാരകമായി.
പുസ്തകങ്ങൾ വാങ്ങിക്കാനുള്ള വലിയ തുകയും കെട്ടിട്ടം നിർമിക്കാനുള്ള സഹായവുമായി വന്ന ശിഷ്യനായ പൊലീസുകാരനെ ആദരിക്കാൻ ഉദ്ഘാടന ദിവസം സംഘാടകർ ഏറ്റവും ആഗ്രഹിച്ചു. വായനശാലയുടെ ഏതാവശ്യത്തിനും പുഴപോലെ നിറയാൻ നാട്ടുകാരുണ്ടായിട്ടും ആ പൊലീസുകാരൻ അതെല്ലാം ഏറ്റെടുത്തു മാറിനിന്നു. എന്നെങ്കിലും മനംമാറി തലയൊന്ന് കുനിച്ചാൽ പുതപ്പിക്കാനുള്ള ഒരു പൊന്നാട വായനശാലയുടെ ഉള്ളിൽ, അമ്പിളി വരച്ച ചിത്രത്തിന്റെ ചുവട്ടിൽ ആ പൊലീസുകാരനെ കാത്തിരുന്നു.
വാർഷിക ആഘോഷത്തിന്റെ കാര്യം പറഞ്ഞതേയുള്ളൂ, ആ ചെലവും പൊലീസുകാരനേറ്റു. അജയന്റെ ബാങ്കിലേക്ക് നല്ലൊരു തുകയും വന്നു. നാട് നൽകിയ സംഭാവനകൾ വായനശാലയുടെ പാസ്ബുക്കിൽ പെരുക്കാൻ തുടങ്ങി. ഈ വാർഷികത്തിന് പൊലീസുകാരനെ പൊന്നാട പുതപ്പിക്കാനുള്ള വഴികൾ ഉറപ്പിച്ചു. ആദ്യപടി വാർഷിക ആഘോഷത്തിന്റെ നോട്ടീസ് തപാലിൽ അയക്കും. അടുത്ത പടിയായി അജയൻ നേരിട്ടുപോയി ക്ഷണിക്കും.
ജയിൽവളപ്പിലെ സിമന്റ് ബെഞ്ചിൽ, അജയന്റെ ക്ഷണങ്ങളെ പൊലീസുകാരൻ ചിരിയോടെ നേരിട്ടു. ശോഭി സാറിനെ അറിയാമെന്നല്ലാതെ ശിഷ്യനാണെന്ന് പറയാൻ കഴിയില്ലെന്ന് ചിരി കലർത്തി അയാൾ പറഞ്ഞത് അജയന് ദഹിച്ചില്ല. പിന്നെ എന്തിനെന്ന ഒരു ചോദ്യം കൂറ്റൻ മതിലിൽ നോക്കി, അജയൻ രഹസ്യമായി ചോദിച്ചു. സെല്ലുകളുടെ മുന്നിലൂടെ നടത്തി ഇരുട്ട് കട്ടപിടിക്കാൻ തുടങ്ങിയ ഒന്നിന്റെ മുന്നിൽ അജയനെ അയാൾ നിർത്തി. മെഴുകുതിരി വെട്ടത്തിൽ പുസ്തകം വായിക്കുന്ന ശോഭി സാറ്. അല്ല അത് മിത്രനാണ്! തപാലിൽ അയച്ച വാർഷികത്തിന്റെ നോട്ടീസും ക്ഷണക്കത്തും അവൻ ചാരിയിരിക്കുന്ന ചുവരിൽ ഒട്ടിച്ചുവെച്ചിട്ടുണ്ട്.
കണ്ണാടി ഊരിമാറ്റിയ മിത്രൻ അജയനെ നോക്കി. പുരികത്തിനെ രണ്ടായി മുറിച്ച് അജയന്റെ ഏറ് ഇപ്പോഴും പച്ചയായി നിൽക്കുന്നു. താക്കോൽക്കൂട്ടവുമായി വരുന്ന മറ്റൊരു പൊലീസുകാരൻ സെല്ലുകൾ തുറക്കുന്നു. അയാൾ അജയന്റെ കൂടെ നിൽക്കുന്ന മേലുദ്യോഗസ്ഥനെ സല്യൂട്ട് ചെയ്തു. മിത്രന്റെ സെല്ലും തുറന്നിട്ട് അ പൊലീസുകാർ മടങ്ങിപ്പോയി. സെല്ലിന്റെ മുന്നിലെ കൈവരിയിൽ ശോഭി സാറിന്റെ ശിഷ്യനും മകനും ഇരുന്നു.
അലക്കുകല്ലിലും പൈപ്പിന്റെ മുന്നിലും ചുറ്റിത്തിരിയുന്ന തടവുകാർ. അജയൻ മിത്രന്റെ അഞ്ചക്ക നമ്പർ വായിച്ചു. സെല്ലിന്റെ മുന്നിലെ എഴുത്തും ശ്രദ്ധിച്ചു. ആ പൊലീസുകാരൻ മടങ്ങിവന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചു.
ഉയരം കുറഞ്ഞ മുടന്തുള്ള ഒരു തടവുകാരൻ തല ചൊറിഞ്ഞ് അജയന്റെ മുന്നിൽവന്നു. ചുണ്ടിൽ വിരൽ ചേർത്ത് ‘വലിക്കാനുള്ളത്’ ചോദിച്ചു. മിത്രനോട് ‘തരാൻ പറയൂ’ എന്ന വിധം തല കുനിച്ചു. അകലെ പൊലീസുകാരന്റെ വേഷം കണ്ട് അലക്കുകല്ലിന്റെ അരികിലേക്ക് ഓടാൻ തുടങ്ങി. ഒരൽപം കഴിഞ്ഞ് അലക്കുകല്ലിന്റെ അരികെ നിന്ന് ‘‘വലിക്കാനെന്തെങ്കിലും’’ എന്ന ദയനീയ ചോദ്യം ആവർത്തിച്ചു.
അജയൻ പോക്കറ്റിൽ കൈയിട്ടത് കണ്ട് അയാൾ വേഗത്തിൽ അരികിലേക്ക് വന്നു. പോക്കറ്റിലിരിക്കുന്ന ബൈക്കിന്റെ താക്കോൽ ശരിയാക്കാൻ തോന്നിയ നിമിഷത്തെ അജയൻ ശപിച്ചു. കൈ നീട്ടി നിൽക്കുന്ന അയാളുടെ നോട്ടം പോക്കറ്റിൽനിന്നും ഇറങ്ങിവരുന്ന വലിക്കാനുള്ളതിലാകും. ആ തടവുകാരന്റെ ചുണ്ടിൽ ബീഡിപ്പുകയുടെ കൊതി. അജയന്റെ മുഖം വിയർത്തു. തടവുകാരൻ ചുറ്റും നോക്കി ‘വേഗം തരൂന്ന്’ തിരക്ക് കൂട്ടി. മുണ്ടിനടിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന നൂറിന്റെ ഒരു നോട്ട് അജയന്റെ മുന്നിലേക്ക് അയാളിട്ടു.
‘വേഗം താടാ...’ എന്നായി അയാളുടെ ഭാവം. മിത്രൻ ചാടിയെഴുന്നേറ്റ് നൂറിന്റെ നോട്ട് തടവുകാരന്റെ ഉടുപ്പിനുള്ളിൽ തിരികിയിട്ട് നെഞ്ചിൽ പിടിച്ചുതള്ളി. പോക്കറ്റിനുള്ളിൽ ഉറഞ്ഞുപോയ കൈ വലിച്ചൂരാൻ അജയന് ധൈര്യം വന്നു.
‘‘അജയേട്ടൻ വലിക്കില്ലെന്ന് എനിക്കറിയാമല്ലോ’’, മിത്രന്റെ മുഖത്ത് നോക്കാൻ അജയനപ്പോൾ മടി തോന്നിയില്ല. പോക്കറ്റിലെ തൂവാലയെടുത്ത് വിയർത്ത മുഖം തുടക്കാൻ ആഗ്രഹമുണ്ടായപ്പോഴും അവൻ അലക്കുകല്ലിലേക്ക് നോക്കി.
‘‘തടവറകൾ ഒന്നും തിരുത്താറില്ല, ചിലതിനെ കുറച്ചുകാലം തടഞ്ഞുവയ്ക്കുമെന്നല്ലാതെ. എനിക്ക് തിരുത്താനും ഒന്നുമില്ല...’’ മിത്രന്റെ വാക്കുകളെ ഏതോ വലിയ തത്ത്വം കേൾക്കുന്നതുപോലെ അജയൻ നോക്കി.
‘‘നിങ്ങൾക്ക് ശോഭീന്ദ്രൻ സാറിനെ മാത്രമേ അറിയൂ. അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ തടയാൻ ശ്രമിച്ച് പല രാത്രികളിലും ആ പട്ടിക്കൂട്ടിൽ കിടക്കേണ്ടി വന്ന മകനെ അറിയില്ല. സഹികെട്ട് കിണറ്റിൽ ചാടിച്ചത്ത ഭാര്യയെ അറിയില്ല. തീവണ്ടികയറി നാടുവിട്ടുപോയ അയാളുടെ മകനെപ്പറ്റിയും നിങ്ങൾക്ക് എന്തറിയാം...’’ മിത്രൻ നെറ്റിയിലെ മുറിവിൽ തൊട്ടു. അജയന് ദാഹം തോന്നി.
കിണർ വൃത്തിയാക്കുന്നത് സംസാരിച്ച് നിൽക്കുമ്പോൾ ഉള്ളിലേക്ക് തലചുറ്റി വീണുമരിച്ച ശോഭി സാറിന്റെ ഭാര്യ? സാറിന്റെ അന്നത്തെ കരച്ചിൽ. മകനെ നോക്കാൻ ബോംബെയിലെ അകന്ന ബന്ധുവിന്റെ വീട്ടിലാക്കി മടങ്ങിവന്ന ശോഭി സാറിന്റെ വിരഹദുഃഖം. അജയന്റെ മുന്നിലൂടെ കറുപ്പും വെള്ളയും കലർന്ന ഭൂതകാലവും ചില ചോദ്യങ്ങളും പാഞ്ഞുപോയി.
‘‘കൊല്ലാനൊന്നും ആഗ്രഹമുണ്ടായില്ല. എനിക്കയാളെ ആ പട്ടിക്കൂട്ടിലൊന്ന് ഒരേ ഒരു രാത്രി കിടത്തണമെന്നേയുണ്ടായിരുന്നുള്ളൂ. എന്റെ അമ്മയെ അയാൾ കൊന്നതാണെന്ന് ഞാൻ വിളിച്ചുപറഞ്ഞിട്ടും കാര്യമില്ലായിരുന്നു.
അമ്മയുടെ കാലിലെ വിരലുകൾ രാത്രികളിൽ അടിച്ചുചതയ്ക്കാറുള്ള ഒരു ചുറ്റിക ചുമ്മാ എടുത്ത് നോക്കിയതു മുതൽ അയാളുടെ നിലതെറ്റി. ഞാൻ അതുകാണിച്ച് വെറുതേ പേടിപ്പിച്ചതാ ഊണും ഉറക്കവുമില്ലാതെ നിങ്ങളുടെ ശോഭി സാർ പട്ടിക്കൂട്ടിൽ തിരുകിക്കയറ്റാൻ പാകത്തിന് ആയിത്തന്നു.’’
മുടന്തുള്ള തടവുകാരൻ ശുചിമുറിയിൽനിന്ന് ഒരു ബീഡിയുടെ അവസാന പുകയുമായി ഇറങ്ങിനിന്നു. അജയന്റെ നേർക്ക് വായിലേക്ക് വിരൽ കടത്തി ലൈംഗിക ചുവയുള്ള ഒരു ആംഗ്യം കാണിച്ചു. മിത്രൻ ദേഷ്യപ്പെട്ട് എഴുന്നേറ്റപ്പോൾ അയാൾ എങ്ങോട്ടോ മറഞ്ഞു.
‘‘അമ്മയുടെ ഭൂമി വിറ്റ പണമാണ് വായനശാലക്ക് ആ പൊലീസുകാരൻ വഴി തന്നോണ്ടിരുന്നത്. അതിൽ അയാൾക്ക് കമീഷനുണ്ട്. ആ വീടും വായനശാലക്ക് എടുത്തോളൂ.
എനിക്ക് എതിർപ്പൊന്നുമില്ല...’’
വളരെ വേഗത്തിൽ വന്ന പൊലീസുകാരൻ മിത്രന്റെ ചെവിയിലെന്തോ പറഞ്ഞു. പൊലീസുകാർ ലാത്തികളുമായി സെല്ലുകളുടെ വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കുന്നു. തടവുകാർ വളരെ വേഗം ഉള്ളിലേക്ക് കയറുന്നു. പൂട്ടിയെന്ന് ഉറപ്പിക്കാൻ താക്കോൽക്കൂട്ടങ്ങളുടെ തിടുക്കം. അജയനുമായി വേറൊരു വഴിയിലൂടെ ആ പൊലീസുകാരൻ ജയിലിന്റെ പുറത്തെത്തി.
‘‘എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി നമ്മക്ക് ശരിയാക്കാം...’’ പൊലീസുകാരന്റെ കണ്ണിൽ കമീഷന്റെ തിളക്കം. ശോഭി സാറിന്റെ ഫോട്ടോയുടെ മുന്നിലുള്ള പൊന്നാട അജയന് ഓർമ വന്നു.
ജീപ്പിലെ അനൗൺസ്‌മെന്റിൽ വിതരണംചെയ്യാനുള്ള ഈ നോട്ടീസിന്റെ കെട്ട് മേശയിലേക്ക് ഞാനാണ് കൊണ്ടുവെച്ചത്. അജയൻ അതുമായി ഒന്നും മിണ്ടാതെ വീട്ടിലേക്ക് പോവുകയായിരുന്നു. അമ്പിളിയുടെ കഥ കേട്ട സഹപ്രവർത്തകൻ തെളിവു നൽകി.
വായനശാലയുടെ മുറ്റത്ത് ജീപ്പിന്റെ ഇരമ്പൽ. സ്പീക്കറുകളിൽനിന്ന് സിനിമാപ്പാട്ടിന്റെ കുതിച്ചുചാട്ടം. വിളിച്ചു പറയാനിരുന്ന ചെറുപ്പക്കാരൻ ഉള്ളിലേക്കു കയറി ആ സംഘത്തിന്റെ നടുവിലിരിക്കുന്ന നോട്ടീസുകെട്ടിന് കൈ നീട്ടി. അമ്പിളിയുടെ ശരീരം താങ്ങിയ സ്ത്രീ അതെടുത്ത് ചെറുപ്പക്കാരന് നൽകി. മൈക്ക് കൈയിൽ പിടിച്ചിരിക്കുന്ന രംഗം അഭിനയിച്ച് ചെറുപ്പക്കാരന്റെ ഇറങ്ങിപ്പോക്കിന്റെ ആവേശത്തിൽ അമ്പിളി കരഞ്ഞുപോയി.
വായനശാലയുടെ മുൻഭാഗത്ത് നോട്ടമുറപ്പിച്ചു നിൽക്കുന്ന അജയൻ. കൂട്ടമായി ഇറങ്ങിവരുന്ന അവരുടെ ഏറ്റവും മുന്നിൽ അമ്പിളിയുണ്ട്. കൈകളിൽ കല്ലുകളാണോ? അജയൻ ജനാലകൾ അടച്ചു. വാതിലിന്റെ ഭാഗത്ത് അലമാര നീക്കിവെച്ചു. കട്ടിലിന്റെ അടിയിൽ ഒരാൾക്ക് സുരക്ഷിതമായി കിടക്കാൻ കഴിയും. കാലുകൾ ഉള്ളിലേക്ക് വലിച്ചുവെച്ച അജയൻ, കരച്ചിലിനെ പൊത്തിപ്പിടിച്ചു. ആ സംഘം വാതിൽ തള്ളിത്തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.