അങ്ങനെയിരിക്കെ നാവക്കോട് ചന്ദ്രന് ഒരു തോന്നലുണ്ടായി. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ താൻ എന്തിന് ഇത്തിരിപ്പോന്ന നവാസിനെ അനുസരിക്കണം. തല്ലിത്തേങ്ങാ മരത്തിന്റെ കാലിൽ നാവക്കോടിനെ കെട്ടിയിട്ട് നവാസ് മുഴുങ്ങാൻ പോയിരിക്കുകയായിരുന്നു. ഏറെനേരം കാത്തിരുന്നു മുഷിഞ്ഞപ്പോഴാണ് നാവക്കോടിന് സുപ്രധാനമായ ഈ തോന്നലുണർന്നത്. വിളി, എന്നാണ് ഇതിനെ ചിലർ പറയാറ്. തെള്ളിച്ച എന്നും ചില ദേശങ്ങളിൽ ഇതിനെ പറയാറുണ്ട്. കഴപ്പ് എന്നാണ് പൊതുവെ ഇതറിയപ്പെടാറ്. കിളികൾ എന്ന വർഗത്തിലേക്ക് പ്രത്യേകമായി പ്രവേശനം കിട്ടുന്ന ഈ തോന്നലിനെ തുടർന്ന് ഒരൊറ്റ വലിക്ക് തല്ലിത്തേങ്ങാമരം ഠപ്പോയെന്ന് താഴോട്ടിട്ട് നാവക്കോട് കിഴക്കോട്ട് ഒരൊറ്റ നടപ്പങ്ങു കീച്ചി.
“അയ്യോ ആന വരുന്നേ” എന്ന് മനുഷ്യപ്പീക്കിരികൾ അലറുന്നതും ഓടുന്നതും ശ്രദ്ധിക്കുകയേ ചെയ്യാതെ നാവക്കോട് നടപ്പ് തുടർന്നു. നവാസ് ഒരു ബൈക്കിനു പിന്നിലിരുന്ന് പാഞ്ഞു വരുകയും ചാടിയിറങ്ങുകയും ഒപ്പം ഓടിവന്ന്, നിക്കാനേ ഇടത്താനേ പറയുകയും അനുസരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നാവക്കോട് തിരിഞ്ഞങ്ങു നിന്നു. നവാസ് പരിഭ്രമിക്കുകയും പിന്നോട്ടു മാറുകയും ചെയ്തു. പാപ്പാനെ ആന കുത്തിക്കൊല്ലുന്ന ആ വൈറൽ കാഴ്ചക്കായി മൊബൈൽ കാമറകൾ സാകൂതരായി തുള തുറന്നു. നാവക്കോട്, നടന്നു നടന്നു നടന്നടുത്ത്, തുമ്പിക്കൈക്ക് നവാസിനെ കോരിയെടുത്ത് അടുത്തു കണ്ട ഗാന്ധിപ്രതിമയുടെ തലയിലേക്ക് എടുത്തുവെച്ച് നടന്നങ്ങുപോയി.
തൊട്ടടുത്തിരുന്ന നാരായണ ഗുരുവിന്റെ പ്രതിമ ആത്മഗതം പൂണ്ടു –“രക്ഷപ്പെട്ടു, എന്റെ കഴുത്തേലല്ലല്ലോ.”
നാവക്കോട് അതുകേട്ട് പിന്തിരിഞ്ഞു പറഞ്ഞു – “കരിയും വേണ്ട, കരിമരുന്നും വേണ്ടെന്ന് ശ്രീകണ്ഠേശ്വരത്ത് താങ്കൾ പറഞ്ഞിട്ടുണ്ട്.”
ഓഹോ... ചരിത്രമൊക്കെ അറിയാവുന്ന ആനയാണ്, എന്നു മനസ്സിലാക്കി, അനുകമ്പാദശകം മനസ്സിലുരുവിട്ട് നാരായണ ഗുരു അവിടെ തന്നെ ഇരുന്നു. ഒരു സഹായമായിക്കോട്ടെ എന്നുകരുതി നാവക്കോട് തിരിഞ്ഞു നടന്ന് നാരായണ ഗുരുവിന് ചുറ്റുമുണ്ടായിരുന്ന കണ്ണാടി ചുമരുകൾ ചവിട്ടിപ്പൊട്ടിച്ചു. “ആശ്വാസമായി, നല്ല ശ്വാസം കിട്ടിയല്ലോ” –നാരായണ ഗുരു പറഞ്ഞു. “പക്ഷേ, എനിക്കു താങ്കളോട് ചില മേജറായ വിമർശനങ്ങളുണ്ട്. താങ്കൾ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞ ദൈവങ്ങളായിരുന്നു ഞങ്ങളുടെ ദൈവങ്ങൾ.”
“ചാത്തനും മറുതയുമോ” –എന്ന് ഗുരു ചോദിച്ചില്ല.
“എനിക്ക് എന്നെ കാണാൻ പറ്റുന്ന ഒരു കണ്ണാടി വേണം. ആകെ കണ്ടിട്ടുള്ളത് വെള്ളത്തിലാണ്. നിങ്ങൾ മനുഷ്യർ കാണുന്നതുപോലെ നിങ്ങളുടെ ഒറിജിനൽ വലുപ്പത്തെ പെരുപ്പിച്ചു കാണിക്കുന്നത്ര വലുത്. മനുഷ്യമ്മാർക്ക് നോക്കാനുള്ള വലിപ്പത്തിലല്ലാത്ത വലിപ്പത്തിൽ എവിടെയെങ്കിലും കണ്ണാടി പ്രതിഷ്ഠിച്ചിട്ടുണ്ടോ” –അനുകമ്പ ലവലേശമില്ലാതെ നാവക്കോട് ചോദിച്ചു.
ഫയർഫോഴ്സ് വന്നാണ് ഗാന്ധിത്തോളിൽനിന്ന് നവാസിനെ താഴോട്ടിറക്കിയത്. പ്രതിമ ഉരുണ്ടു താഴെവീഴാതെ സാഹസികമായി നവാസിനെ െക്രയിൻ താഴെ എത്തിച്ചു. സ്ഥിരമായി ഗാന്ധി പ്രതിമയിൽതന്നെ അപ്പിയിട്ടിരുന്ന നീലൻ കാക്ക, ഈ ബഹളങ്ങൾക്കിടയിൽ അപ്പിയിടാനാകാതെ പ്രതികാര രുദ്രനായി നാവക്കോടിന്റെ പുറത്തേക്ക് പറന്നുകയറി അപ്പിയിട്ടു. പുറത്തു സംഭവിച്ച നനവിന്റെ അർഥം തേടി നാവക്കോടിന്റെ മൂക്ക് നീണ്ടുവരുകയും അൽപനേരം ശ്രുതി മധുരമായ ആ ഗന്ധം അറിഞ്ഞാസ്വദിക്കുകയും ചെയ്തു.
ശേഷം, ദൗത്യത്തിലേക്കുയർന്ന് പ്രത്യേക ആക്ഷനോടെ നാവക്കോട് ആഹ്വാന ചിന്നം മുഴക്കി. എട്ടു ദിക്കിലൂടെയും വേറെ കുറേ ദിക്കിലൂടെയും കാഹളം പാഞ്ഞു. കുന്നും മലയും ചെരിവും വളവും കടന്ന് ആഹ്വാനം പരന്നു. കോഴി, പൂച്ച, പട്ടി, പല്ലി, പാറ്റ എന്നിവ തലയുയർത്തി കാഹളത്തെ അഭിവാദ്യം ചെയ്തു. കുഴിയാനകൾ തലയുയർത്തി. പല്ലി വാൽ മുറിച്ചിട്ട് സന്തോഷം പങ്കുവെച്ചു. “നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളത് വലിയൊരു ലോകം” –എന്ന കാഹളം കായലിലേക്ക് വിശ്വവിഖ്യാതമായ മൂക്കും നീട്ടി കിടക്കുകയായിരുന്ന വൈക്കം മുഹമ്മദ് ബഷീറാനയുടെ ചെവിയിലുമെത്തി.
മൂക്കിലൂടെ വെള്ളം വലിച്ചുകയറ്റി കുറച്ചു നേരം പിടിച്ചുനിർത്തുമ്പോൾ, പലതരം പൂളാനും പള്ളത്തിയും അതിലൂടെ മൂക്കിലേക്ക് ഇരച്ചുകയറുകയും തൊട്ടുരുമ്മുകയും ഇരതേടുകയും ചെയ്യുന്നതിന്റെ സുഖമറിഞ്ഞു കിടക്കുകയായിരുന്നു ബഷീർ. നാവക്കോടിന്റെ ആഹ്വാനം അതിലും ആകർഷണീയമായതേയില്ല. എന്നാലും വരാൻപോകുന്ന ഘോരമായ നൊസ്സുകളുടെ ഹരത്തോടെ സുൽത്താനയെന്നു വിളിക്കപ്പെടുന്ന ബഷീറാന പ്രതിവചിച്ചു – “എന്റെ കടാഹത്തെക്കാളെത്ര വല്യതായിരിക്കും, ഇപ്പറഞ്ഞ ലോകം.” പൂളാൻ വെള്ളത്തിൽ തല പൊന്തിച്ചു –ഇത്തിരപ്പോന്ന കരയിലെ വീമ്പല്ലേ... വലുത് വെള്ളത്തിലല്ലേ സുൽത്താനേ.”
തിരുനല്ലൂർ കരുണാകരനാന, അഷ്ടമുടിക്കായൽ നീന്തിക്കയറി നാവക്കോടിനും സുൽത്താനക്കും അരികിലേക്കു വന്നു. “വിളിയൊക്കെ ഞങ്ങൾക്കും കിട്ടിയതാണ്. എന്നുകരുതി, അപ്പോതന്നെ മരവും പിഴുത് അങ്ങിറങ്ങരുത്” –തിരുനല്ലൂർ ശാസിച്ചു. ആ കമ്മറ്റിക്കുശേഷം, മൂന്നാനകളുംകൂടി സംഘടന രൂപവത്കരിച്ച് മൂന്നുവഴിക്ക് പിരിഞ്ഞുപോയി.
നാവക്കോട് തിരികെ കായൽ നീന്തി പാപ്പാന്റെ വീടിനു മുന്നിൽ ചെന്ന് തലയാട്ടി കുസൃതികാട്ടി. നവാസിന്റെ ഉമ്മ പറഞ്ഞു –“കൊച്ചിന് വെശക്കണുണ്ടാകും.” നവാസ് നാവക്കോടിനെ വഴക്കിടുകയോ തോട്ടിയിട്ട് വലിക്കുകയോ ചെയ്തില്ല. ചങ്ങലയുമിട്ടില്ല. പഴുക്കാൻ കെട്ടിയിട്ട പഴക്കുല അപ്പാടെ എടുത്തു നാവക്കോടിനു മുന്നിലേക്ക് വെച്ചുകൊടുത്തു.
ഉത്സവപ്പറമ്പുകളിൽ വെച്ചും പനമ്പട്ട തിന്നാൻ ഒത്തുകൂടുമ്പോഴും പുഴയിൽ കുളിക്കുമ്പോഴും കമ്മറ്റിയുടെ തീരുമാനം ആനകൾ പരസ്പരം ചെവിമാറി. തിരുനല്ലൂരാന തീരുമാനം ഒരു പാട്ടായി എഴുതിയത് പ്രസരണം എളുപ്പമാക്കി.
അങ്ങനെ ആ ദിവസം വന്നു. പെട്ടെന്ന് നഗരത്തിലെ പല ഭാഗങ്ങളിൽനിന്ന് യാതൊരു കൂസലുമില്ലാതെ ആനകൾ നടന്നടുത്തു. നഗരം തലപ്രാന്ത് പിടിച്ച് ഓടി. തള്ളിയും തുമ്പിക്കൈ ചുറ്റിയും ആനക്കൂട്ടം ഒരു ആംബുലൻസ് പുറത്തേക്കെടുത്തു. നിലപ്പൊക്കങ്ങളിലെ ജനാലകളിൽനിന്നും ടെറസ്സുകളിൽനിന്നും സി.സി.ടി.വി കാമറകൾ വഴിയും ആക്ഷൻ ചിത്രീകരിക്കപ്പെട്ടു. എടുത്തു പൊക്കിയ ആംബുലൻസ് ഒരു പൊലീസ് സ്റ്റേഷന്റെ മുന്നിൽ കൊണ്ടുപോയങ്ങ് വെച്ചശേഷം കുത്തിയും തുമ്പിക്കൈക്കടിച്ചും പൊളിക്കാൻ തുടങ്ങി. പ്രത്യേകമായുണ്ടാക്കിയ അറകളിൽനിന്നും പാക്കറ്റുകൾ ചിതറിവീണു. ആനകൾ പിരിഞ്ഞു എന്നുറപ്പായ ശേഷമാണ് പൊലീസും കാമറകളും പാക്കറ്റുകൾക്ക് ചുറ്റും കൂടിയത്. “നിരോധിതം സാറേ... നിരോധിതം” –എസ്.പി അതിനും മുകളിലേക്ക് വിളിച്ചുപറഞ്ഞു.
പരിഭ്രാന്തരായ മനുഷ്യർ ആഹ്ലാദിക്കുന്നവരും ഭയക്കുന്നവരുമായി മാറി രണ്ടായി പിരിഞ്ഞത് തുടർന്നു നടന്ന രണ്ടു സംഭവങ്ങളിലൂടെയാണ്. തരവത്ത് അമ്മാളു, മുതുകുളം പാർവതി, ഇളംകുട്ടിൽ നാരായണി എന്നീ ആനകളായിരുന്നു ഇത്തവണ ആക്ഷനെ നയിച്ചത്. രണ്ടു വലിയ പ്ലാസ്റ്റിക് ചാക്കുകളുമായി മൂന്നാനകളും നടന്നു. അവരുടെ നടത്തത്തിനു പിന്നാലെ തിരിഞ്ഞാൽ ഓടാനുള്ള അകലമിട്ട് മനുഷ്യരും വെച്ചുപിടിച്ചു. നേരെ കോർപറേഷൻ ഓഫീസിലേക്ക് കയറിച്ചെല്ലുകയും പ്ലാസ്റ്റിക് ചുഴറ്റി അകത്തേക്ക് എറിയുകയും ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി കൂടിക്കൊണ്ടിരുന്ന ഹാളിനുള്ളിൽ വീണ് പൊട്ടിയ നാറ്റം, മെമ്പറന്മാരെ പുറത്തേക്ക് തെറിപ്പിച്ചു. തരവത്തും മുതുകുളവും ഇളംകുട്ടിലും മസ്തകംകൊണ്ടൊന്ന് ഹാലിളക്കിയതും വന്നതിലും വേഗത്തിൽ മെമ്പറന്മാർ അകത്തേക്കു തന്നെ തിരിഞ്ഞു കയറി. വലിയ തടിക്കഷണങ്ങളും കല്ലുകളും ഉന്തിയും വലിച്ചും വാതിലും ജനലും തുറക്കാനാവാത്ത വിധം പൂട്ടി. കൂടിനിന്ന മനുഷ്യരിൽ ധൈര്യശാലിനി കൈനീട്ടി. മൂന്നാനകളും തിരിച്ചു തുമ്പിക്കൈയും നീട്ടി. ഊഷ്മളമായ ഹസ്തദാനം.
അത്യന്തം വിചിത്രമായി ആനകൾ ഇങ്ങനെ പെരുമാറുന്നത്, ‘ആപ്പിൾ നക്സലുകൾ’ ചിപ്പു ഘടിപ്പിച്ചിട്ടാകും എന്ന ലഘുബുദ്ധിയിലാണ് സർക്കാർ ആദ്യം ഇതിനെ എടുത്തത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് വേണം എന്നൊരു കത്തുകൂടി, തക്കത്തിൽ കേന്ദ്രത്തിലേക്ക് കാച്ചിയ അന്നുച്ചക്ക് ശാന്തൻകോട് ഹരിയാന, തന്റെ പേരിൽ മാത്രമുള്ള ശാന്തിയുമായി കൊമ്പും കുലുക്കി ഇറങ്ങി. പുതിയ തുണിക്കടയുടെ ഉദ്ഘാടനത്തിന് വെറുതെ വെയിലത്ത് നിന്നശേഷമാണ് ഹരിയാന നേരെ ഗവർണർ ബംഗ്ലാവിനു നേരെ നീങ്ങിയത്. “വെടിവെച്ചിടാനയെ” –ഗവർണർ ഹിന്ദിയിൽ മുറുക്കിത്തുപ്പി. ഹരിയാനക്ക് ഹിന്ദിയറിയാം. താഴെ വീണ തൊപ്പിയെടുക്കാനാവാതെ മുട്ടിടിച്ച പാറാവുകാരനെവിടെ തോക്കെടുക്കാൻ കെൽപ്. ഹരിയാന നേരെ അകത്തേക്ക് കയറി. ആനക്ക് കയറാനാവുന്ന വലിപ്പമുള്ള വാതിൽ. ഒരു പെട്ടിയുമായി പുറത്തേക്കിറങ്ങിയ ഹരിയാന എല്ലാവരുടെയും കാമറകൾ കാണുന്നുണ്ടല്ലോ എന്നു നോക്കിയ ശേഷം ബോക്സ് കുടഞ്ഞിട്ടു. ഇന്ത്യാ മഹാരാജ്യത്ത് നിരോധിച്ച സകല പുകയിലയുമുണ്ടതിൽ. “നിരോധിതം സാറേ... നിരോധിതം” –ഡി.ജി.പി അതിനും മുകളിലേക്ക് വിളിച്ചു.
“ആനകളുടെ ഭാഷ വശമുണ്ടെന്നു പറഞ്ഞു നടക്കുന്ന ആ സുരേഷിനെ വിളി” –ആനക്കളി ഗുലുമാലായപ്പോൾ പത്രസമ്മേളനത്തിനിടക്ക് അടുത്തിരുന്ന ചീഫ് സെക്രട്ടറിയോട് മുഖ്യൻ കൽപിച്ചു.
മധ്യസ്ഥന്റെ കുപ്പായം സർക്കാർ വേഗത്തിൽ തുന്നി. അതൊരു കോട്ടായിരുന്നു. തലയോലപ്പറമ്പിൽ തുന്നി ചങ്ങനാശ്ശേരി വഴി അത് തിരുവനന്തപുരത്ത് എത്തിച്ചു. കാട്ടിൽ വിടാൻ ചാക്കിൽ കെട്ടിവെച്ച രണ്ടിനം പാമ്പുകളുമായി സന്ധിസംഭാഷണത്തിന് സുരേഷ് കോട്ടിട്ട് ബൈക്കോടിച്ചു. പാമ്പുകൾ ചാക്കിനകത്തിരുന്ന് പറയുന്നത് സുരേഷിന് വ്യക്തമായി കേൾക്കാം–“അതിക്രമിച്ചു കയറിയെന്നും പറഞ്ഞ് ആരു ഭരിച്ചാലും നമ്മളെ ചാക്കില് കയറ്റും.” മറ്റേപ്പാമ്പിന് മറ്റൊന്നായിരുന്നു പൂതി –“ഞാനിതേ വരെ ഒരു ആനപ്പുറത്ത് കേറിയിട്ടില്ല.”
“ഞാൻ മനുഷ്യനാണെന്നേയുള്ളൂ... എന്നെ അതായിട്ടു കൂട്ടണ്ട” –സുരേഷ് സന്ധി സംസാരിച്ചു തുടങ്ങി.
“സുരേഷിന് ഞങ്ങളുടെ ഭാഷ അറിയാമെന്നല്ലേ പറഞ്ഞത്” – സുൽത്താന ചോദിച്ചു.
“അൽപമൊക്കെ” –സുരേഷ് വിനയത്തോടെ.
“ഗാലോ ജാജിലോ” –സുൽത്താന വ്യാകരണ സംബന്ധിയായി ചോദിച്ചു.
“ജഞ്ചോ സുന്നാഗി” –സുരേഷ് ആനകൾക്കിടയിൽ പ്രബലമായ കോമഡി മറുപടിയായി പറഞ്ഞു.
ആനകൾ എല്ലാം സുരേഷിന്റെ ആ തമാശയിൽ ഉറക്കെ ചിരിച്ച ശേഷം, എന്നാലിനി സംഭാഷണമാകാം, ഇരിക്കൂ എന്ന ക്ഷണമായി കുന്തിച്ചിരുന്നു. ആനകളുടെ മാത്രം ഇടയിലുള്ള തമാശ പറയാനായതിലും അവരുടെ വിശ്വാസം നേടാനായതിലും സുരേഷും സന്തോഷിച്ചു.
“മനുഷ്യരിനി ഭരിക്കണ്ട അതാണ് കമ്മറ്റി തീരുമാനം” –ഐകകണ്ഠ്യേനയുള്ള തീരുമാനം പട്ടം താണുവാന അങ്ങറിയിച്ചു.
“ദിനോസറുകളുടെ കാര്യം അറിയാമല്ലോ എന്നു ചോദിക്കാൻ ഏൽപിച്ചിരുന്നു” –സുരേഷ് സന്ദേശം അറിയിച്ചു. ഇത്തരത്തിൽ ഒരു യോഗം കൂടിയതിനുശേഷമാണ് അവർ ഇല്ലാതായതെന്നാണ് ഭീഷണി.
ശാന്തങ്കോടിന് അതുകേട്ട് മത്തിളകി. സുരേഷിനെ തുമ്പിക്കൈയിൽ എടുത്തുയർത്തി. രണ്ടാട്ടാട്ടി നിലത്തേക്കിറക്കി. അതിക്രമത്തെ തിരുനല്ലൂർ ശാസിച്ചു. തിരുവനന്തപുരത്ത് തിരുനല്ലൂരിന്റെ ശിഷ്യനായിരുന്നു ശാന്തങ്കോട്. എപ്പോഴും കുത്തും കൊലപാതകവുമുള്ളതിനാൽ ശാന്തങ്കോട് എന്ന ചെല്ലപ്പേരുള്ള സ്ഥലത്തുനിന്നും യൂനിവേഴ്സിറ്റി കോളേജിൽ എത്തിയപ്പോഴാണ് തിരുനല്ലൂരുമായി കണ്ടുമുട്ടിയത്. ശാന്തങ്കോട് എന്നു പേരിട്ട ഭാവന ആരുടേതാകാമെന്ന് തിരുനല്ലൂർ അന്നേ ചിരിച്ചു.
“എന്താണ് വേണ്ടത്?” -സർക്കാറിന്റെ ചോദ്യങ്ങൾ സുരേഷ് ചോദിച്ചുതുടങ്ങി. കമ്മറ്റി തീരുമാനം പട്ടവും –“അധികാരം”.
“സ്വതന്ത്രരാക്കാൻ സർക്കാർ തയാറാണ്. കാട്ടിൽ വിടാം. നാട്ടാനകൾ എന്ന നിലയിലുള്ള എല്ലാം റദ്ദാക്കാം” –സർക്കാർ.
“എല്ലാം കാടാണ്. കടലും കാടാണ്. ആകാശവും. നാട്, അതെങ്ങനെ കാടാകാതിരിക്കും” –വക്കമാന ചോദിച്ചു.
“ഏറെനാളത്തെ ആലോചനകൾ, അധ്വാനം... ഈ സ്വത്ത് ഞങ്ങളുടേതാണ്. അല്ലാതെ വെറുതെ മേഞ്ഞും മേളിച്ചും കാമിച്ചും നടക്കുകയായിരുന്നില്ല മനുഷ്യർ” –സർക്കാർ പരിഹസിച്ചു.
“ഞങ്ങൾ പിടിച്ച തടിയാണ് ഇക്കാണുന്നതെല്ലാം... ഞങ്ങൾ ഉരുട്ടിയ കല്ലാണ്...” –വയലാറാന പാട്ടുയർത്തി.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സുരേഷ് പ്രത്യേകം പറഞ്ഞു –“സകല ജീവികളെയും അവർ സംഘടിപ്പിക്കും. ചിലപ്പോൾ പുഴകളെയും കടലിനെയും വരെ. മനുഷ്യരാകും ആദ്യം പോവുക.”
“ആരെങ്കിലും അങ്ങനെ പറഞ്ഞോ?” –മുഖ്യമന്ത്രിയുടെ വേരൊന്നിളകിയതിന്റെ ശബ്ദം “ഫർ...” എന്നു കേട്ടു.
“ഞാൻ കേട്ടു” -സുരേഷ് കേട്ടത് വേറെ കാര്യങ്ങളായിരുന്നു.
ഇതിനിടയിൽ, ആനകളോട് ജനങ്ങൾക്ക് ഭയമില്ലാതാകുന്ന പല സംഭവങ്ങളുമുണ്ടായി. ആറാട്ടുപുഴ വേലായുധനാന സ്വന്തം നിലക്കുണ്ടാക്കിയ അമ്പലം കാണാൻ ജനം ഇരച്ചെത്തി. ഒരു ആനക്ക് ഇത്തരത്തിൽ ഒന്നുണ്ടാക്കാനാകുമെന്ന് ആരും കരുതിയില്ല. മനുഷ്യർക്ക് ഏറ്റവും വേഗത്തിൽ ഭക്തരാകാൻ മടിയില്ലാത്തതുകൊണ്ട് വീപ്പകളിൽ പാൽ നിറഞ്ഞു. ആറാട്ടുപുഴയാന തുമ്പിക്കൈയിൽ കോരിയെടുത്ത് കല്ലിൽ പാലഭിഷേകം നടത്തി. കല്ലിന്റെ കണ്ണ് തെളിഞ്ഞു വന്നതോടെ മനുഷ്യർ അവിടേക്ക് പ്രവഹിച്ചു. തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ അതേ തുടർന്ന് വലിയ ഗതാഗത സ്തംഭനമാണുണ്ടായത്. ആറാട്ടുപുഴ അമ്പലത്തിലേക്ക് പോകുന്ന ജനത്തള്ള് കാണാൻ പല്ലനയിലെ കെ.എ.എം യു.പി സ്കൂളിനു മുന്നിൽ ഇരിക്കുകയായിരുന്ന കുമാരനാശാന്റെ പ്രതിമ എഴുന്നേറ്റ് നിന്നു.
ചങ്ങലകൾ പൊട്ടിച്ച് തോന്നുംപടി മേഞ്ഞുനടക്കുന്ന ആനകൾ അപ്പോഴേക്കും ഒരു സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞിരുന്നു. കുട്ടികൾക്കൊപ്പം പന്തുതട്ടി കളിക്കുക, മാവിളക്കി മാങ്ങ വീഴ്ത്തിക്കൊടുക്കുക തുടങ്ങി വിനോദത്തിലും വിശ്രമത്തിലും കൂടുതൽ ശ്രദ്ധാലുക്കളായി ആനകൾ. കുട്ടികൾക്കാർക്കും ആനകളോട് യാതൊരു പേടിയും ഇല്ലാതായി. പക്ഷേ, കട്ടും മോട്ടിച്ചും കഴിയുന്ന മുതിർന്നവരുടെ കാര്യം പരിതാപകരമായിരുന്നു. ആനകൾ എങ്ങനെ അറിയുന്നു എന്നറിയില്ല, പക്ഷേ, കൈക്കൂലി പൊക്കാൻ വരുന്ന വിജിലൻസുകാരെ വരെ കൈക്കൂലി കേസിൽ ആനകൾ കൂട്ടത്തോടെ പൊക്കി. അനേകം ആവലാതികൾ ആനകൾക്കു മുന്നിൽ വന്ന് കൈകുമ്പിട്ടു നിൽക്കുകയും ചെയ്യുന്നുണ്ടായിരുന്നു. “പഴക്കുലകളോ പാരിതോഷികങ്ങളോ മനുഷ്യരിൽനിന്ന് സ്വീകരിക്കേണ്ടതില്ല. കയ്യുണ്ടല്ലോ പറിച്ചുതിന്നുക” –എന്ന ആഹ്വാനം മരിജുവാന പോലെയുള്ള ചിലർക്ക് അത്ര ഇഷ്ടമായില്ല. വെറുതെ അനുസരിക്കുന്നു എന്നു നടിച്ചാൽ മതിയല്ലോ... തിന്നാനുള്ളത് മനുഷ്യർ തന്നോളുമല്ലോ എന്നൊരു മടി മരിജുവാനക്കുണ്ട്. പക്ഷേ, ഇഷ്ട സസ്യത്തെ മനുഷ്യർ നിരോധിച്ചതിനോടുള്ള അമർഷം മരിജുവാനയെ പ്രസ്ഥാനത്തിന്റെ മുൻനിരയിൽതന്നെ നിലനിർത്തി. “ഒരു പാവം ചെടി” –മരിജുവാന കഞ്ചാവിനെ വിശേഷിപ്പിച്ചു. കമ്യൂണിസ്റ്റു പച്ചക്കാടുകൾ മുഴുവൻ കഞ്ചാവു തോട്ടമാകുന്ന ആ നാളെകൾ മരിജുവാനയെ കൂടുതലുണർത്തി. “നമുക്ക് ഒരു സംസ്ഥാന സമ്മേളനം പൂശണം” –എന്ന ആശയം മരിജുവാനയാണ് പെട്ടെന്നുണർന്ന് ചിന്നം വിളിച്ചത്.
“എവിടെ കൂടും” –ചർച്ച തുടങ്ങി.
“തിരുവനന്തപുരം” –ആദ്യം തന്നെ വന്നു.
“വാലാണോ തല” –സുകുമാർ അഴീക്കോടാന ചാടി എഴുന്നേറ്റു.
“എൻമകജെയിൽനിന്ന് ഞങ്ങളെത്തണം” –മങ്ങാട് രത്നാകരനാന, തങ്ങളുടെ നടപ്പ് ദൂരം പരിഗണിക്കാത്ത തിരുവനന്തപുരത്തിന്റെ പേര് കേട്ടതിലുള്ള ദേഷ്യം പുറത്തുകാണിച്ചു.
“എന്നാൽ, തൃശൂരായാലോ” –അഴീക്കോടൻ രാഘവനാന നിർദേശം വെച്ചു.
“ഞാൻ പിന്തുണക്കുന്നു” –കാരൂരാനക്ക് ഏറ്റുമാനൂരിൽനിന്നും തൃശൂരേക്കാണ് ദൂരക്കുറവ്.
സിനിമാറ്റിക്കായി തോപ്പിൽ ഭാസിയാന ഭയം പറഞ്ഞു – “നമ്മൾ ഒന്നിച്ചുകൂടിയാൽ ചുറ്റും നിന്ന് അവർക്ക് വെടിവെച്ചു കൊല്ലാൻ എളുപ്പമാകും.”
അത്തരം കാര്യങ്ങൾ തീരുമാനിക്കാൻ വെള്ളത്തൂവൽ സ്റ്റീഫനാനയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക കമ്മറ്റി ഉണ്ടാക്കി.
ആനകൾ സംസ്ഥാന സമ്മേളനം നടത്താൻ പോകുന്നു എന്നതിന് അപ്പോഴേക്കും മനുഷ്യർക്കിടയിൽ വലിയ പ്രചാരണമാണ് ലഭിച്ചത്. സർക്കാർ തന്ത്രപരമായ ഒരു നിലപാട് സ്വീകരിച്ചു. സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ തൃശൂർ ജില്ലയിൽ അവധി നൽകാമെന്ന് സുരേഷ് വഴി അറിയിച്ചു. മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിലെ പൊലീസ് സേനയെ മൊത്തമായും കേന്ദ്ര സേനയെ പ്രത്യേകമായും സൗകര്യങ്ങൾക്കായി വിട്ടുനൽകുകയാണെന്ന് പ്രഖ്യാപിച്ചു. “ഒരിക്കലും സഹായിക്കാനായിരിക്കില്ല” –വെള്ളിക്കര ചോതിയാന അപകടം മണത്തു.
സമ്മേളനത്തിനായി തൃശൂർ ഒരുങ്ങി. നാരങ്ങക്കാണ് വില കൂടിയത്. സമ്മേളനം കാണാനെത്തുന്ന ലക്ഷക്കണക്കിന് മനുഷ്യർക്കായി അത്രയേറെ നാരങ്ങാവെള്ളം വേണ്ടിവരുമെന്ന് കച്ചവടക്കാർ മുൻകൂട്ടി കണ്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നായി ആനകൾ പുറപ്പെട്ടു തുടങ്ങി. സമ്മേളനം കാണാൻ പുറപ്പെട്ട മനുഷ്യർ ഓരോ ആനക്കൊപ്പവും നടന്നു. നടന്നുതളർന്ന പല കുട്ടികളെയും ആനകൾ ചുമലേറ്റി. വിശന്നു കയറി വരുന്ന ആനകൾ എന്തു പറിച്ചു തിന്നാലും അതെല്ലാം തൊഴുകൈയോടെ വീട്ടുകാർ നോക്കിനിന്നു.
സമ്മേളന ദിവസം വന്നെത്തി. മനുഷ്യരെ അത്ഭുതപ്പെടുത്തിയ ഒരു സമ്മേളന രീതിയാണ് പിന്നീട് കണ്ടത്. ആനകൾ പരസ്പരം “ഒന്നേ രണ്ടേ” പറഞ്ഞു. ഒന്നു പറഞ്ഞവർ വടക്കും രണ്ടു പറഞ്ഞവർ തെക്കും മുഖാമുഖം അണിനിരന്നു. സുൽത്താനക്ക് ഒന്നാണ് കിട്ടിയത്. കാണാനെത്തിയ മുഴുവൻ മനുഷ്യരെയും സർക്കാറിനെയും സമ്മേളനം നടുക്കാക്കി നിർത്തി. “എന്നാലങ്ങ് വെടിവെക്ക്” –വെള്ളത്തൂവലാന മയമില്ലാതെ നിന്നു.
മാതംഗലീല, മാനസോല്ലാസ, പാലകാപ്യം തുടങ്ങി ആനകളെ എങ്ങനെ മെരുക്കാം എന്നതു സംബന്ധിച്ച് മനുഷ്യർ രചിച്ച എല്ലാ പുസ്തകങ്ങളും നിരോധിക്കുന്നതായി സമ്മേളനം പ്രഖ്യാപിച്ചു. പാമ്പാടിയാനയും പൊയ്കയിലാനയും രണ്ട് ഉണക്കമരങ്ങൾ കൂട്ടിയുരച്ച് തീയുണ്ടാക്കി. ആദ്യത്തെ പുസ്തകം പൊയ്കയിൽതന്നെ കത്തിച്ചു.
പെട്ടെന്നാണ്, ആദ്യത്തെ വെടിപൊട്ടിയതാണ് എന്നേ എല്ലാവരും കരുതിയുള്ളൂ. മേളം തുടങ്ങിയതാണ്. സമവായത്തിലെത്താൻ സർക്കാറിന്റെ ഓരോ അടവുകൾ എന്ന നിലയിലേ ആദ്യം കരുതിയുള്ളൂ. പക്ഷേ അടിച്ചുകലാശവും കഴിഞ്ഞ് തകൃതയിലേക്ക് കയറിയതും തുഞ്ചത്തു രാമനുജനാന, താളത്തിൽ തലയാട്ടി. കോട്ടയത്താനയുടെ തുമ്പിക്കൈ വായുവിലുയർന്ന് കഥകാട്ടാൻ തുടങ്ങി. ത്രിപുടയും മുട്ടിൽ ചെണ്ടയും കഴിഞ്ഞ് കുഴഞ്ഞുമറിഞ്ഞുള്ള കൊട്ടു തുടങ്ങിയതോ നെറ്റിപ്പട്ടം തലയിൽ കയറിയതോ കുടയും വെഞ്ചാമരവും പുറത്ത് എഴുന്നേറ്റതോ ആനകൾക്ക് മനസ്സിലായതേയില്ല.
സർക്കാറിന്റെ താളത്തിലായി ആനകൾ. സമ്മേളനം അവർ മറന്നു. കാത്തുനിന്ന പാപ്പാന്മാർ ചങ്ങലകൾ ബന്ധിച്ചു. പനയോലകൾ വെട്ടിയിട്ടു കൊടുത്തു. ശർക്കരയും പഴവും വായിലേക്ക് തള്ളി. തോട്ടി കാലുകളിൽ ചാരിവെച്ചു. പെട്ടെന്ന് മേളം, ഒരൊറ്റ നിൽപങ്ങു നിന്നു. ആളുകളും ആനകളും പിരിഞ്ഞുപോയി. പാപ്പാന്മാർ കൊണ്ടുവന്ന ലോറികളിലേക്ക് ആനകൾ ഓരോന്നായി കയറി. ചില ആനകൾ കുറേക്കാലത്തിനു ശേഷം പാപ്പാന്മാരെ വീണ്ടും കണ്ടതിലുള്ള സന്തോഷത്തോടെ കരഞ്ഞു. ചില ആനകൾ അവർക്കു നേരെ കൈനീട്ടി.
പമ്പയാറ്റിൽ ഇറങ്ങി പൊയ്കയിലാന നിറയെ വെള്ളം കോരിയെടുത്ത് വരാനിരിക്കുന്ന കാലത്തിനു മുകളിലേക്ക് എന്നു ധ്യാനിച്ച് ചീറ്റി. ചങ്ങനാശ്ശേരിയിലേക്ക് മടങ്ങും വഴി മ്യൂസിയം ഇറക്കത്തിൽവെച്ച് പാമ്പാടിയാനയെ ഒരുകൂട്ടം കുതിരപ്പൊലീസുകാർ വളഞ്ഞു. പൊതിരെ തല്ലി. പുളിമരത്തിൽനിന്ന് പുളി ഒടിച്ചുകൊണ്ടിരുന്ന ഒരാൾ ഇതു കണ്ട് എന്താണ് സംഭവം എന്നു ചോദിച്ചു. ഒന്നുമില്ലെന്നും ആരോടും പറയരുതെന്നും പാമ്പാടിയാന അയാളോട് പറഞ്ഞു.
തിരിച്ചെത്തിയ സുൽത്താന വൈക്കം കായലിലേക്ക് തുമ്പിക്കൈ നീട്ടി വെള്ളം നിറച്ചു. പൂളാനും പള്ളത്തിയും അതിലേക്ക് നീന്തിക്കയറി ഉള്ളിലുരുമ്മി തീറ്റ തപ്പി. സുൽത്താനയുടെ അണ്ഡകടാഹമാകെ കിളികൾ ലക്കും ലഗാനുമില്ലാതെ പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.